Political Manifestations of Modernity: A Critical evaluation based on the Early Poetry of K.G. Sankara Pillai
Dr. Ajith M.S.
“It was in the 1960s that the modernist movement picked up its prominence in Malayalam literature. The movement brought about consequential transformations in aesthetic sensibilities of Malayalam literature, both in form and content. “Western Society of the post enlightenment period accomplished substantial technological and social advancements, propelled by the Industrial Revolution and colonial expansion . Modernity delineates this Socio- ideological paradigm that sculpted the influential philosophy of the modern world . The Prototypical modernist writings in Malayalam often imported and comprehended the principal elements of western modernity, like existentialism, nihilism, melancholia, narcissism, and experimentalism .“Almost all the early modernist works were composed predominantly of subjective, romantic framework. The early modernity was characterized by nihilistic and self-centered perspectives and a transition from this was witnessed in the 1970s. Perceptible characteristics of this subsequent evolutionary phase was evident in Malayalam poetry during the late 1960s and 1970s, addressed properly as "political modernity" by critics , afterwards . Poems by K.G. Sankara Pillai, Sachidanandan, Kadammannitta Ramakrishnan, Aattoor Ravi Varma, and Balachandran Chullikkad express attributes diverging from the general contours of modernist precinct. “The peasant uprisings in West Bengal in late 1960s had its reverberations felt far and wide across India. This movement, later termed singularly as the Naxalite movement, mobilized both political and cultural repercussions across the country. Political modernity in Kerala was consolidated in this socio-political contexture as a second-phase manifestation of the modernist movement. Even though it is identified as "political modernity," the glimpses of romantic elements and the literary preservation of essential modernist attributes within its content call for critical perusal and evaluation . This paper attempts to undertake such an analysis.
Keywords: “Modernity, Political Modernity, Romanticism, Naxalite Movement, Left wing Extremist Movement.
References
Raveendran P. P., 2002, Nammude Sahithyam Nammude Samooham, M. N.Vijayan (Ed.), K erala Sahithya Accademy, Thrissur.
Rajeevan B., 1984, Kavithayude Sathyam ( Avatharika ), Kavitha - K. G. Sankarapillai, Paricha publications, Thiruvalla.
Sankarapilla K.G., 1984, Kavitha, Paricha publications, Thiruvalla.
Sankarapilla K.G., 1997, K.G.Sankarapillayude Kavithakal, D.C. Books, Kottayam.
Sasidharan N., 1994, Desathe Ezhuthunnathanu Ezhuth -K G.Sankarapillayumayi Abhimukham, Sukrutham Masika, June - September.
Sachidanandhan, 1991, Anweshanankal, Bodhi Publishing House, Kozhikode.
Civic chandran, 2009, Ezhupathu kal vilichappol , Fabian Books, Mavelikkara
ആധുനികതയുടെ രാഷ്ട്രീയപ്രകാശനങ്ങള്‍: കെ. ജി. ശങ്കരപ്പിള്ളയുടെ ആദ്യകാലകവിതകളെ ആധാരമാക്കിയുള്ള വിമര്‍ശനാത്മക പഠനം
ഡോ. അജിത്ത് എം.എസ്
അറുപതുകളിലാണ് മലയാളസാഹിത്യത്തില്‍ ആധുനികത പ്രസ്ഥാനം പ്രബലമാകുന്നത്. മലയാളസാഹിത്യത്തില്‍ രൂപപരമായും ഉള്ളടക്കപരമായും ഭാവുകത്വപരിണാമത്തിന് കാരണമായ പ്രധാന ഘടകങ്ങളിലൊന്ന് ആധുനികത എന്ന പ്രസ്ഥാനമായിരുന്നു. ജ്ഞാനോദയ (Enlightenment) ത്തിനുശേഷം പാശ്ചാത്യ സമൂഹം വ്യാവസായിക വിപ്ലവത്തിന്‍റെയും കൊളോണിയല്‍ അധിനിവേശത്തിന്‍റേയും സഹായത്തോടെ വിപുലമായ സാങ്കേതികപുരോഗതിയും, സാമൂഹികവികസനവും കൈവരിക്കുകയുണ്ടായി; ഈ ഭൗതിക പ്രത്യയശാസ്ത്രപരിസരത്തെയാണ് ആധുനികത പ്രതിനിധാനം ചെയ്യുന്നത്. പാശ്ചാത്യ ആധുനികതയുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന അസ്തിത്വവാദം, ജീവിതനിഷേധം, വിഷാദാത്മകത, ആത്മരതി, പരീക്ഷണതപരത എന്നിങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ട ചേരുവകളായിരുന്നു ആധുനികതയുടെ പ്രത്യക്ഷ സാക്ഷ്യങ്ങളായിരുന്ന മലയാളത്തിലെ രചനകളുടെ മുഖ്യ അംശം. ആദ്യകാല ആധുനിക രചനകള്‍ എല്ലാം തന്നെ ആത്മനിഷ്ഠ കാല്‍പനിക പരിസരങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു. ജീവിത നിഷേധിയും വ്യക്തികേന്ദ്രീകൃതവുമായ ആധുനികതയുടെ ആരംഭഘട്ടത്തില്‍ നിന്നുള്ള വിടുതലിനായുള്ള ശ്രമങ്ങള്‍ എഴുപതുകളിലാണ് ആരംഭിക്കുന്നത്. ആധുനികതയുടെ അടുത്തഘട്ടത്തെ രാഷ്ട്രീയ ആധുനികത എന്ന് നിരൂപകര്‍ അടയാളപ്പെടുത്തുന്നുണ്ട്. ഇതിനെ വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ് ഈ പ്രബന്ധത്തില്‍. കെ.ജി.ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ആറ്റൂര്‍ രവിവര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കവിതകളില്‍ ആധുനികതയുടെ പൊതുമണ്ഡലത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ചില സ്വഭാവങ്ങള്‍ കാണാം. അറുപതുകളുടെ ഒടുവില്‍ പശ്ചിമബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തിലുണ്ടായ കര്‍ഷകകലാപത്തിന്‍റെ അനുരണനങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ടായി. 'നക്സലൈറ്റ് പ്രസ്ഥാനം ' എന്നും 'ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനം' എന്നും വിളിക്കപ്പെട്ട പ്രസ്തുത പ്രസ്ഥാനം രാഷ്ടീയ ചലനങ്ങളോടൊപ്പം ഒട്ടനവധി സാംസ്ക്കാരിക ചലനങ്ങളും സൃഷ്ടിച്ചു.ഈ ചലനത്തിന്‍റെ ഭാഗമായാണ് കേരളത്തില്‍ ആധുനികത എന്ന പ്രസ്ഥാനത്തിന്‍റെ രണ്ടാം ഘട്ടം എന്ന നിലയില്‍ രാഷ്ടീയ ആധുനികത പ്രബലമാവുന്നത്. രാഷ്ട്രീയ ആധുനികത എന്ന് വിളിക്കപ്പെടുമ്പോഴും അതിന്‍റെ ഉള്ളടക്കത്തിലെ കാല്പനികാംശങ്ങളും ആധുനികതയുടെ തനത് അംശങ്ങളുടെ സാഹിതീയമായ സംരക്ഷണവും പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഈ പ്രബന്ധത്തില്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നത്.
താക്കോല്‍ വാക്കുകള്‍: ആധുനികത, രാഷ്ട്രീയ ആധുനികത, കാല്പനികത, നക്സലൈറ്റ് പ്രസ്ഥാനം, ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനം
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ദേശീയത വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയും തദ്ദേശീയമായ ഭരണകൂടങ്ങള്‍ ഈ പ്രതിസന്ധികളുടെ പ്രതിരൂപമായി പരിണമിക്കുകയും ചെയ്യുന്ന കാലത്താണ് സാഹിത്യത്തിലെ ആധുനികതാവാദം രൂപമെടുക്കുന്നത്. ലോകയുദ്ധാനന്തരം പാശ്ചാത്യലോകത്ത് കലയിലും സാഹിത്യത്തിലും രൂപപ്പെട്ടുവന്ന ചലനങ്ങളുടെ പ്രതിഫലനം മലയാള സാഹിത്യത്തിലെ ഈ ആധുനികതാവാദ പ്രവണതകള്‍ക്കുണ്ടായിരുന്നു. യൂറോപ്യന്‍ സാഹിത്യത്തില്‍ നിരാശയുടേയും മനുഷ്യനിലുള്ള അവിശ്വാസത്തിന്‍റേയും പ്രതിസംസ്ക്കാര ചിന്തകളുടേയും കാലമായിരുന്നു അത്. ഈ യൂറോപ്യന്‍ ആധുനികതാവാദത്തിന്‍റെ സവിശേഷതകളെ ഏറിയോ കുറഞ്ഞോ ഉള്ളിലേറ്റിക്കൊണ്ടാണ് മലയാളത്തിലെ ആധുനികതാവാദകാവ്യപ്രസ്ഥാനം രൂപമെടുക്കുന്നത്. ഈ ആധുനികതാവാദത്തിനകത്ത് സവിശേഷമായ ഒരു വരേണ്യവാദ(Elitism)വുമുണ്ടായിരുന്നു. ബഹുജനപാരമ്പര്യങ്ങളെയും ജനപ്രിയ കലാരൂപങ്ങളെയും അപര (Other) മാക്കിക്കൊണ്ടാണ് ആധുനികതാവാദകാവ്യ പ്രസ്ഥാനം രൂപമെടുത്തത്. ജീര്‍ണിച്ച കാല്പനികപാരമ്പര്യത്തെ എതിര്‍ക്കുക എന്നതായിരുന്നു ആധുനികകവിതയുടെ ധര്‍മ്മമെന്ന് പ്രസന്ന രാജനെപ്പോലെയുള്ള നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (പ്രസന്നരാജന്‍, 1992: 9) കാല്പനികത മാത്രമല്ല, ബഹുജനകലാപാരമ്പര്യങ്ങള്‍ മുഴുവന്‍ ആധുനികതാവാദകവിതയുടെ അന്തര്‍മുഖപാരമ്പര്യത്തിന് പുറത്തായിരുന്നു. ആധുനികതാവാദകവിതയുടെ മനുഷ്യ വിരുദ്ധമെന്നു തന്നെ പറയാവുന്ന ഈ മുഖത്തെ ചോദ്യം ചെയ്യുന്നത് തീവ്രവാദ മുഖമുള്ള ഒരു നവകവിത പിറവി കൊള്ളുന്നതോടെയാണ്. ഇതിന് സാര്‍വദേശീയമായ കാരണങ്ങള്‍ കൂടിയുണ്ട് എന്ന് പി.പി.രവീന്ദ്രന്‍ വിലയിരുത്തുന്നുണ്ട്: "പൊടുന്നനെയുള്ള ഈ മാറ്റത്തിന് സാമൂഹികവും രാഷ്ട്രീയവുമായ പല കാരണങ്ങളുമുണ്ടായിരുന്നു. അറുപതുകളുടെ അവസാനത്തോടെ മൂന്നാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിമോചന പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത പുത്തനുണര്‍വ്വ് ഒന്നാം ലോക രാജ്യങ്ങളില്‍പ്പോലും ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും അവയുമായി സാഹോദര്യമുള്ള പുതിയ ഇടതുപക്ഷ വിഭാഗങ്ങള്‍ക്കും ലഭിച്ചു കൊണ്ടിരുന്ന മാന്യതയും ന്യൂനപക്ഷങ്ങളും വനിതകളും മറ്റും ആ രാജ്യങ്ങളില്‍ സംഘടിക്കാനാരംഭിച്ചതും വിയറ്റ്നാം യുദ്ധത്തിനെതിരായി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വളര്‍ന്നുവന്ന ബഹുജനാഭിപ്രായവും ഈ കാരണങ്ങളില്‍ പെടും. സാര്‍ത്രിന്‍റേയും ഫൂക്കോവിന്‍റേയും മറ്റും ആശീര്‍വാദത്തോടെ കോഹന്‍ ബന്‍ഡിറ്റിന്‍റെ നേതൃത്വത്തില്‍ പാരീസിലാരംഭിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി കലാപവും മാവോവിന്‍റെ നേതൃത്വത്തില്‍ ചൈനയിലാരംഭിച്ച സാംസ്ക്കാരിക വിപ്ലവവും ചെഗുവേരയുടേയും ഹോചിമിന്‍റേയും മറ്റും വീരഗാഥകളും യൂറോപ്പിലെ പുത്തന്‍ ഇടതുപക്ഷത്തിന്‍റെ ബൗദ്ധികസന്നാഹങ്ങളും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച പുതിയ അന്തര്‍ദേശീയകാലാവസ്ഥയാണ് മാറ്റത്തെ ഉത്തേജിപ്പിച്ചത്. ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അതിനു മുമ്പേ ആരംഭിച്ച ചേരിതിരിവിന് ആക്കം കൂടിയതും അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതയുദ്ധം നിര്‍ണായകമായ ഒരു തലത്തിലേയ്ക്ക് പ്രവേശിച്ചതും ഈ കാലത്താണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് ഒരു തീവ്ര ഇടതുപക്ഷം രൂപമെടുക്കുന്നതിന് നിമിത്തമായ ഭൗതിക സാഹചര്യത്തെക്കുറിച്ച് തര്‍ക്കങ്ങളുണ്ടാവാം. എങ്കിലും ഒരു കാര്യം വ്യക്തമാണ്; നക്സലൈറ്റുകളായി പിന്നീട് അറിയപ്പെട്ട വിഭാഗങ്ങളായി സ്വയം പുനര്‍നിര്‍വചിക്കാന്‍ തീവ്ര ഇടതുപക്ഷത്തിലെ പലര്‍ക്കും പ്രചോദകമായത് മേല്‍പ്പറഞ്ഞ സാര്‍വ്വദേശീയ കാലാവസ്ഥയായിരുന്നു എന്നതാണത്." (രവീന്ദ്രന്‍.പി.പി, 2002:444)
ആഗോളതലത്തില്‍ നടന്ന ഈ രാഷ്ട്രീയസംഭവഗതികളുടെ പ്രതിഫലനമാണ് മലയാളത്തിലെ ആധുനികതയിലെ ഭാവുകത്വപരിണാമത്തിന്‍റെ ഒരു പ്രത്യക്ഷകാരണം. ആധുനികതാവാദത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ ഈ സംഭവങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. കവിതയില്‍ ലോലകാല്പനികതയും അന്തര്‍മുഖത്വവും അസ്തിത്വവാദ വീക്ഷണങ്ങളും പിന്തുടര്‍ന്നിരുന്ന അക്കാലത്തെ യുവകവിത വളരെപ്പെട്ടെന്നു തന്നെ തീവ്രരാഷ്ട്രീയ സ്വഭാവത്തോടെ പുനരവതരിച്ചു. നേരിട്ട് തീവ്രവാദരാഷ്ട്രീയത്തോട് ബന്ധം പുലര്‍ത്തിയിരുന്നവരെ മാത്രമല്ല, അവരുമായി ആത്മൈക്യം പുലര്‍ത്തിയിരുന്നവരെയെല്ലാം ഈ മാറ്റം സ്വാധീനിച്ചു. ആധുനികതാവാദത്തിന്‍റെ ലാവണ്യ ചിന്തകള്‍ക്ക് പുറത്തേക്ക് സഞ്ചരിച്ച അന്നത്തെ യുവകവിതയാണ് രാഷ്ടീയ ആധുനികതയുടെ കാവ്യഭാവുകത്വത്തെ നിര്‍ണയിച്ചത്.
ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനത്തിന്‍റെ ആശയപരിസരങ്ങളില്‍ നിന്ന് സ്വീകരിച്ച രാഷ്ട്രീയമായ വിധ്വംസകത അക്കാലത്തെ രാഷ്ട്രീയ ആധുനികതയുടെ കാവ്യരൂപങ്ങള്‍ക്കുണ്ടായിരുന്നു. തീവ്രവാദപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകരില്‍ ഒരാളായ സിവിക് ചന്ദ്രന്‍ തന്നെ താന്‍ പ്രസ്ഥാനത്തിലേക്ക് എത്തിയത് ബംഗാള്‍ എന്ന കവിത വായിച്ചിട്ടാണെന്ന് എഴുതുന്നുണ്ട്. (സിവിക് ചന്ദ്രന്‍, 2009 :18-19) രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദിതമായി ഉണ്ടായ സാഹിത്യം ഒരു രാഷ്ടീയ പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയെ സ്വാധീനിക്കുമ്പോള്‍ സാഹിത്യം എന്ന സ്ഥാപനത്തിന്‍റെ കാല്പനികാംശങ്ങള്‍ എങ്ങനെ രാഷ്ടീയപ്രസ്ഥാനത്തെ നിര്‍ണയിച്ചു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.രാഷ്ട്രീയ ആധുനികതയുണ്ടാക്കിയ വിധ്വംസകതയും വിഛേദവും പൗരസമൂഹ സാഹിത്യസ്ഥാപനത്തിന്‍റെ വ്യാഖ്യാന യുക്തിക്ക് വഴങ്ങി വ്യവസ്ഥാപരമായിത്തീരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.രാഷ്ട്രീയാധുനിക കവിതയുടെ ഈ സവിശേഷതകള്‍ കെ ജി ശങ്കരപ്പിള്ളയുടെ ആദ്യകാല കവിതകളില്‍ വളരെ പ്രകടമായിത്തന്നെ കാണാം.
ആധുനിക മലയാളകവിതയുടെ ഏറ്റവും ശക്തമായ പ്രാതിനിധ്യം കെ.ജി.ശങ്കരപ്പിള്ളയുടേതാണ്. ഈ കാലയളവിലെ രാഷ്ട്രീയോര്‍ജ്ജം മുഴുവന്‍ ശങ്കരപ്പിള്ളയുടെ കവിതകളിലുണ്ട്. 'ബംഗാള്‍' എന്ന കവിത എഴുപതുകളുടെ മുഖ്യപ്രതീകമായാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. ആധുനികതയുടെ സാമൂഹ്യ വിരുദ്ധതയേയും സ്വകാര്യാഭിമുഖ്യങ്ങളേയും ചെറുത്തുകൊണ്ട് കവിതയെ വിസ്തൃതമായ ചരിത്രസ്ഥലത്തേക്ക് വിമോചിപ്പിക്കുകയാണ് 'ബംഗാള്‍' നിര്‍വഹിച്ച ധര്‍മ്മമെന്ന് കവി പറയുന്നുണ്ട് (ശശിധരന്‍, എന്‍,1994). ഈ കാലത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും അതിലൂടെ രൂപപ്പെട്ട പുതിയ കാവ്യാവബോധത്തെക്കുറിച്ചും ശങ്കരപ്പിള്ള എന്‍. ശശിധരന് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട് (1994: 8).
അഭിമുഖത്തിലെ ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
2 നെഹൃയിസത്തിന്‍റെ ലിബറല്‍ സാദ്ധ്യതകള്‍ വഞ്ചകമാണെന്ന തിരിച്ചറിവ്.
3 മാര്‍ക്സിസം അതിന്‍റെ വിമോചന സ്വപ്നങ്ങള്‍ അടിയറവെച്ചുകൊണ്ട് ഒരു മദ്ധ്യവര്‍ഗ്ഗമതമായി നിര്‍വീര്യമാക്കപ്പെട്ടു.
4 അധികാര കേന്ദ്രീകരണവും, ശക്തിപ്പെട്ട ജനാധിപത്യവിരുദ്ധതയും
5 ജാതീയവും, വര്‍ഗ്ഗീയവുമായ ഛിദ്രശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
6 വിധേയത്വത്തെ ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന അധിനിവേശസംസ്കാരം ആധുനികതയിലൂടെ സ്ഥാപിതമായി.
7 ആധുനികത പ്രചരിപ്പിച്ച അസ്തിത്വവാദ ചിന്തയ്ക്കും നിറമുള്ള പുറംമോടിയായി അധഃപതിച്ച പുരോഗമന സാഹിത്യത്തിനുമിടയില്‍ പരിവര്‍ത്തനോന്‍മുഖമായ രാഷ്ട്രീയ കലാചിന്തയ്ക്ക് സാദ്ധ്യതകള്‍ ഏറെയായിരുന്നു.
8 ഈ പശ്ചാത്തലം മാവോയിസത്തിന് വഴിയൊരുക്കി.
9 എഴുപതുകളെ വിമോചനത്തിന്‍റെ ദശകമായി കാണാന്‍ ഈ പശ്ചാത്തലം കാരണമായി.
ശങ്കരപ്പിള്ള വിശദമാക്കുന്ന ഈ രാഷ്ട്രീയ സാംസ്ക്കാരിക പശ്ചാത്തലമാണ് എഴുപതുകളിലെ സാഹിത്യത്തെ പൊതുവില്‍ നിര്‍ണയിച്ചത്. ശങ്കരപ്പിള്ളയുടെ കവിതയില്‍ ഈ രാഷ്ട്രീയ പശ്ചാത്തലം ധ്വനനശേഷിയോടെ മുഴങ്ങുന്നതു കേള്‍ക്കാം. ഭാഷണം തന്നെ പ്രവൃത്തിയായി തോന്നിപ്പിക്കും വിധം ശക്തമായ കാവ്യ ഘടകങ്ങളാണ് ഇക്കാലത്ത് അദ്ദേഹം സൃഷ്ടിച്ചത്. ഇത് ഒരു പ്രതികവിതയുടെ സ്വഭാവത്തിലുള്ളതാണെന്ന് പി.പി.രവീന്ദ്രന്‍ നിരീക്ഷിക്കുന്നുണ്ട് (2002: 452).
ശങ്കരപ്പിള്ളയുടെ കാവ്യരീതിയിലുള്ള പ്രതികാവ്യ പദ്ധതി തന്നെയാണ് ശങ്കരപ്പിള്ളയുടെ കവിതയിലെ രാഷ്ട്രീയത്തെ വ്യതിരിക്തമാക്കുന്നത്. മാര്‍ക്സിസ്റ്റ് - മാവോയിസ്റ്റ് ലോകവീക്ഷണത്തെ കവിതയിലൂടെ പ്രയോഗവത്കരിക്കുമ്പോഴും അടിസ്ഥാനപരമായി അതു 'വിമര്‍ശ' (ഇൃശശേൂൗല) ത്തിന്‍റെ സ്വരൂപം കയ്യാളുന്നത് അതിനാലാണ്.
ജന്മരാത്രിയെക്കുറിച്ചും ആത്മാവില്‍ കുടിയിരിപ്പുള്ള വൃക്ഷത്തെക്കുറിച്ചും വിഷാദനിര്‍ഭരമായ ശബ്ദത്തില്‍ സംസാരിച്ചിരുന്ന കവിതയായിരുന്ന കെ.ജി.ശങ്കരപ്പിള്ള അറുപതുകളുടെ അവസാനം എഴുതിയിരുന്നത്.
ഗഹനച്ഛായയിലെത്രയലഞ്ഞേന്‍.
പാടിപ്പാടി പ്രാണനെയെത്ര മറന്നേന്‍!
ജീവനെ വീണക്കമ്പികളാക്കിപ്പാടി
പാതാളത്തിലൊരിക്കല്‍ ചെന്നേന്‍
എന്‍ പ്രിയയുടെ പ്രാണന്നായി
എന്‍ പ്രാണന്‍റെയുഷസ്സിന്നായി.
അറിവീലെന്തിനുണര്‍ന്നിന്നോര്‍മ്മയി
ലേറെപ്പഴകിയതാമീശോകകഥ!
പാരിതുപാതാളം, ഞാന്‍ പാടിപ്പാടിത്തളരുന്നു
എങ്ങോ വീണു പൊലിഞ്ഞോരെന്‍
പ്രിയസ്വപ്നത്തിന്‍റെ യുഷസ്സിനായി' (ശങ്കരപ്പിള്ള കെ.ജി., 1984: 51)
'ജന്മരാത്രി' (1970) 'കറുത്തവാവ്' (1970) 'കാക്ക' (1971) തുടങ്ങിയ ആദ്യകാല കവിതകളിലും ആധുനികതയുടെയും വിഷാദാത്മകതയുടെയും ദുര്‍ഗ്രഹമായ ആഖ്യാന ശൈലിയുടെയും അനുരണനങ്ങള്‍ കാണാവുന്നതാണ്. 1972ല്‍ എഴുതുന്ന 'ചരിത്രം' എന്ന കവിത മുതല്‍ കവിതയില്‍ രാഷ്ട്രീയാഭിമുഖ്യത്തിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങുന്നു :
താടിക്ക് തീ കേറി മുനിമാര് വെന്തു
നാട്ടില്‍ വന്നിന്ന് ഞാന്‍ പെടുത്തപ്പോള്‍
നാല്പതുജന്മി തന്‍ നാനൂറ് തലയറ്റു
ഇനി ?' (ശങ്കരപ്പിള്ള കെ.ജി., 1984: 63)
'ഊര്‍മ്മിളേ അയോദ്ധ്യ അവര്‍ കീഴടക്കും രാജാവിന്‍റെ തലവെട്ടി വെളിയില്‍ തൂക്കും കൊടിമരത്തില്‍ ചെങ്കൊടി കുത്തും' (ശങ്കരപ്പിള്ള കെ.ജി., 1984: 67).
1972ല്‍ എഴുതപ്പെട്ട 'അയോദ്ധ്യ'എന്ന കവിതയില്‍ സമസ്ത ഭാരതത്തിന്‍റെ പശ്ചാത്തലത്തിലുള്ള ആഖ്യാനസ്ഥലം ആവിഷ്ക്കരിക്കപ്പെടുന്നു. അധികാരത്തിന്‍റെ ഇടനാഴികളില്‍ ആളിത്തുടങ്ങിയ തീയെക്കുറിച്ച് കവിത ഉറക്കെ സംസാരിക്കുന്നു.
ആനകളുടെ മസ്തകങ്ങളില്‍
ചോരപൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഗ്രാമങ്ങളില്‍ നിന്നു കരിമ്പൂച്ചകള്‍
നഗരങ്ങളെ വളഞ്ഞു തുടങ്ങിയിരിക്കുന്നു
വിഡ്ഢിയായ ആ ചൈനാക്കാരന്‍ വൃദ്ധന്‍റെ
പിന്‍മുറക്കാരുണ്ടാക്കുന്ന ഭൂകമ്പങ്ങളില്‍
കുലപര്‍വതങ്ങള്‍ കുലുങ്ങിത്താണു തുടങ്ങിയിരിക്കുന്നു
കോട്ട ഗോപുരങ്ങള്‍ തകര്‍ന്നിടിഞ്ഞു തുടങ്ങിയിരിക്കുന്നു
കൊട്ടാരങ്ങളെരിഞ്ഞു തുടങ്ങിയിരിക്കുന്നു
അരമനകളിലെ അമ്മറാണിമാര്‍
ദു:സ്വപ്നം കണ്ടമറിത്തുടങ്ങിയിരിക്കുന്നു
പരിഭ്രാന്തനായ രാജാവ്
നിഷ്കളങ്കരായ പ്രജകളെ അരക്കില്ലത്തില്‍ അടിച്ചുകൂട്ടി
കൂട്ടത്തോടെ ചുട്ടെരിച്ചു തുടങ്ങിയിരിക്കുന്നു
ഇന്നലെ സന്ധ്യയ്ക്കും നാനൂറ് പേരെ കൊന്നിരിക്കുന്നു
തന്‍റെ നാമം ജപിക്കാത്തവരെ
തന്‍റേടമുള്ളവരെ
ശരിയായ പുസ്തകം വായിക്കുന്നവരെ' (ശങ്കരപ്പിള്ള കെ.ജി., 1984: 66)
ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്ന മാവോയുടെ പ്രഖ്യാപനം, പര്‍വ്വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍ എന്ന മാവോസെതുങ്ങ് ഉദ്ധരിക്കാറുള്ള കഥ തുടങ്ങിയവയൊക്കെ കാവ്യശരീരത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. കവിതയുടെ അന്ത്യഘട്ടത്തിലെത്തുമ്പോള്‍ വിപ്ലവ വ്യാമോഹത്തിന്‍റെ ഉച്ചസ്ഥായിയില്‍ കവിതയെത്തിച്ചേരുന്നു. വിപ്ലവത്തെക്കുറിച്ചുള്ള കാല്പനിക പ്രത്യാശയാണ് കവിതയില്‍ കാണാനാവുന്നത്
തീവ്രവാദ ആക്ഷനുകളിലെ ഉന്മൂലന പ്രക്രിയയെയും സംഹാരാത്മകതയെയും ഈ വരികളില്‍ സൂചിപ്പിക്കുന്നുണ്ട്. രാജാവിന്‍റെ ആസന്നമായ പരാജയം ഭാവന ചെയ്യുന്ന പ്രവാചകത്വമായിരുന്നു ഈ കവിതകളുടെ ആഖ്യാനരീതിയെന്നു തോന്നാമെങ്കിലും പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ഭാഷണമായി കൂടി കവിത സ്വയം മാറിത്തീരുന്നതു കാണാം. ഊര്‍മ്മിളയില്‍ നിന്ന് (നീണ്ട മുടിയും കൈകളും / ചുണ്ടും ചെറിയ മുലകളും വലിയ കണ്ണുകളും /വസന്തത്തെക്കുറിച്ചുള്ള തേങ്ങലുകളും) സ്വയം രാഷ്ട്രമായി സങ്കല്പിക്കുന്ന പുരുഷന്‍റെ ആഖ്യാനപ്രതലത്തിലേക്കാണ് ഇരുണ്ട വ്യക്തിപരതയില്‍ നിന്ന് കവിത ഇവിടെ പരിണമിക്കുന്നത്. ഈ കവിതയിലെ ഊര്‍മ്മിള ആധുനിക കവിതയില്‍ നിന്ന് പൊതുവെ മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീയുടെ പ്രതിനിധി തന്നെയാകുന്നു. സമൂഹത്തിലും വിപ്ലവത്തിലും ആധുനികതയിലും പ്രാതിനിധ്യമില്ലാത്ത സ്ത്രീ രാഷ്ട്രീയ ആധുനികതയിലും അതെ സ്ഥാനത്തു തന്നെയാണ്. കല്പറ്റ നാരായണന്‍ ഇതിനെ ആലങ്കാരികമായി സൂചിപ്പിക്കുന്നുണ്ട്: ' ഒരു വാടകമുറിയില്‍ ഒരുമിച്ചു കൂടിയ , ഇടതുപക്ഷാശയക്കാരും പ്രബുദ്ധരും ലിംഗത്തില്‍ പുരുഷന്മാരും വിവേകത്തില്‍ ലക്ഷ്മണന്മാരുമായ മതിമറന്ന ഒരു സംഘത്തിന്‍റെ പദാവലി കൊണ്ട് അക്കാലത്തെ ഏറ്റവും പുതിയ കാവ്യാനുഭവങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു.(നാരായണന്‍, കല്‍പ്പറ്റ 2014 : 46)
ചരിത്രത്തിന്‍റെയും സാമൂഹികതയുടെയും മണ്ഡലത്തിലേക്കുള്ള പരിണാമം എന്ന് കരുതുമ്പോഴും വിപ്ലവത്തെക്കുറിച്ചുള്ള കാല്പനിക പ്രത്യാശകള്‍ കൂടി കവിതകളില്‍ കാണാം. 'ബംഗാള്‍' (1973) എന്ന കവിതയില്‍ ഇതു മൂര്‍ത്തരൂപം പ്രാപിക്കുന്നതു കാണാം. 'വിപ്ലവപൂര്‍വ്വകാലം ഉപരിവര്‍ഗ്ഗത്തിന്‍റെ സിരകളില്‍ ആത്മശൈഥില്യത്തിന്‍റെ വിഷം നിറയ്ക്കുന്നു. അവരെ വേഗം വേഗം അന്ധരാക്കുന്നു' എന്ന ചൈനീസ് കവി 'ലൂ ഷൂണി'ന്‍റെ വരികളാണ് 'ബംഗാള്‍' എന്ന കവിത ആമുഖ വാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹാഭാരതത്തിലെ അന്ധരാജാവായ ധൃതരാഷ്ട്രരേയും അയാളുടെ കേള്‍വിയെയും രൂപകമാക്കിയെടുത്താണ് 'ബംഗാളി'ല്‍ വിമര്‍ശനം രൂപപ്പെടുത്തുന്നത്. 'ബംഗാള്‍' ഇന്ത്യയുടെ തന്നെ ഒരു മഹാരൂപകമായി മാറുകയും അതിലൂടെ നക്സല്‍ബാരിയിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട രാഷ്ട്രീയം മധ്യവര്‍ഗ്ഗ ഭീതിയെ എങ്ങനെ ഉത്പാദിപ്പിച്ചു എന്നതിന്‍റെ വിവരണമായിത്തീരുകയും ചെയ്യുന്നു നക്സല്‍ബാരിയിലുണ്ടായ കലാപം കവിതയില്‍ ചുഴലിയായി ചിഹ്നവത്കരിക്കപ്പെടുന്നു:
കാളീഘട്ടിലൂടെ കഥകള്‍ പറഞ്ഞ്
ആര്‍ത്തട്ടഹസിച്ചു വരികയായിരുന്നു
പെട്ടെന്ന് തെരുവില്‍ ചുഴലിപൊങ്ങി
ഓടയില്‍ നിന്നാരംഭിച്ച ചുഴലി
തെരുവുകള്‍ ആശുപത്രികള്‍ ജലസംഭരണികള്‍
റേഡിയോ നിലയം - നഗരം മുഴുവന്‍ തല്ലിത്തകര്‍ത്ത്
അന്നത്തെ വീരലാല്‍ ചക്രവര്‍ത്തിയെ
സിംഹാസനത്തോടെ തട്ടിക്കൊണ്ടുപോയി
ചുഴലി കഴിഞ്ഞപ്പോള്‍ രാജ്യം
വേരോടെ മാറിപ്പോയിരുന്നു
ഭരണം നിയമം മര്യാദകള്‍ രാപകലുകള്‍-ആകെപ്പുത്തന്‍
ഏറ്റവുമൊടുവിലാണ് പഴയ ആളുകള്‍ക്ക് മനസ്സിലായത്
വിദൂരഗ്രാമങ്ങളിലെ ദരിദ്ര കര്‍ഷകരുടെ
ഉഗ്രശാപത്തില്‍ നിന്നാണ്
ചുഴലി പൊട്ടിപ്പുറപ്പെട്ടതെന്ന്' (ശങ്കരപ്പിള്ള കെ.ജി., 1984: 74)
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണകൂടജീര്‍ണതയും അധികാര കേന്ദ്രീകരണവും സാമൂഹ്യനീതിയുടെ നഗ്നമായ ലംഘനങ്ങളുമാണ് തീവ്രവാദ രാഷ്ട്രീയത്തിലേക്കും തുടര്‍ന്നുള്ള ഭരണകൂടഭീകരതയിലേക്കും നയിച്ചത്. കവിത ഒരു സമൂഹോത്പന്നമാണ് എന്നു വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ മുന്നേറ്റങ്ങളും പീഡാകരമായ പൗരത്വവുമെല്ലാം കവിതയ്ക്കു പുറത്തായിരുന്നില്ല. കവിത രാഷ്ട്രീയപ്രതിരോധത്തിനുള്ള ഉപകരണമായി മാറുന്നതങ്ങനെയാണ്. ഇക്കാര്യത്തെ പി പി രവീന്ദ്രന്‍ ഇങ്ങനെ വിശകലനം ചെയ്യുന്നു :'ചരിത്രത്തെ കവിതയുടെ ഉള്ളടക്കമായി മാറ്റാന്‍ ശ്രമിക്കുന്നേടത്താണ് 'ബംഗാള്‍' എഴുപതുകളിലെ രാഷ്ട്രീയ കവിതയുടെ ഉയര്‍ന്ന മാതൃകയായിത്തീരുന്നത്. സമകാലിക ഇന്ത്യനവസ്ഥ 'ബംഗാളി' ലെ ധൃതരാഷ്ട്രരില്‍ കുത്തിവെക്കുന്നത് ആത്മശൈഥില്യത്തിന്‍റെ വിഷമത്രേ. ചരിത്രത്തിന്‍റെ മങ്ങിയ യാഥാര്‍ഥ്യത്തെ സ്വന്തം ഇരുണ്ട കാഴ്ച്ചയിലൂടെ പിടിച്ചെടുക്കാന്‍ ഈ ധൃതരാഷ്ട്രര്‍ ശ്രമിക്കുന്നത് നോക്കുക'.(രവീന്ദ്രന്‍, പി.പി, 2002:453) പ്രതിരോധ പ്രഭാഷണങ്ങളായാണ് കവിത രൂപപ്പെടാന്‍ പരിശ്രമിക്കുന്നത്. ഇതു കാവ്യ പാരമ്പര്യത്തോടുള്ള ഒരു വെല്ലുവിളി കൂടിയായിരുന്നു. കവിതയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതാനും വൈരുദ്ധ്യാത്മകമായ ഒരു കാവ്യസങ്കല്പത്തെ ആവിഷ്കരിക്കാനും അതു പരിശ്രമിച്ചു.കാല്പനികതയുടെ ചരിത്ര നിരപേക്ഷതയെ ചരിത്രബദ്ധത കൊണ്ട് നിഷേധിച്ചു കൊണ്ടാണ് ഈ വൈരുദ്ധ്യാത്മകതയെ കവിതയിലേക്കാവാഹിക്കാനുള്ള പരിശ്രമം ശങ്കരപ്പിള്ള നടത്തിയത്. വിപ്ലവം ആസന്നമാണെന്ന കാല്പനിക പ്രത്യാശ കവിതയുടെ അന്തര്‍ധാരയായി നിലനില്‍ക്കുകയും ചെയ്യുന്നു
'കവിതയിലൂടെ കടന്നുപൊയ്ക്കഴിയുമ്പോഴേക്കും നാം നമ്മുടെ സ്ഥാനം മാറിയിരിക്കുന്നതായി കാണുന്നു. നമ്മുടെ ആഴത്തില്‍ നാം കരിഞ്ഞുപോയതായിക്കണ്ട പ്രതീക്ഷകളെ ഇപ്പോള്‍ മറ്റൊരിടത്തുനിന്നു കാണാന്‍ കഴിയുന്നു. കുഴപ്പം നമ്മുടെ പ്രതീക്ഷകളുടേതുതന്നെ ആയിരുന്നല്ലോ. നാം എന്നും പ്രതീക്ഷിച്ചത് നമ്മളില്‍ നിന്നന്യമായ ഏതെങ്കിലുമൊരു ശക്തിയുടെ കാരുണ്യത്തെയാണ്. ആ ശക്തികളൊന്നും നമ്മെ രക്ഷിച്ചില്ല. നാം കാത്തിരിപ്പുതന്നെ വെടിയാന്‍ തുടങ്ങി. എങ്കിലും ഇനി ആരെങ്കിലും വരാനുണ്ടോ എന്ന അന്വേഷണത്തിന്‍റെ അന്ത്യത്തില്‍ ഇനി വരാനുള്ളതു നാമല്ലാതെ മറ്റാരുമല്ലെന്ന്, നാം കാത്തിരിക്കുന്നതു നമ്മുടെ ശക്തിയെത്തന്നെ ആണെന്നറിയാന്‍ തുടങ്ങുന്നു. നാം നമ്മുടെ ഭൂതഭാവികളെ പുനഃപ്രതിഷ്ഠിക്കുന്നു (രാജീവന്‍ ബി., 1984). ഈ കലാപം കാല്പനികതയേയും പ്രച്ഛന്ന കാല്പനികതയേയും നിരാകരിക്കുന്നതും വൈരുദ്ധ്യാത്മക ലോകബോധമുള്ള ഒരു പുതുകവിതയെ സങ്കല്പിക്കുന്നതുമാണെന്ന് രാജീവന്‍ അഭിപ്രായപ്പെടുന്നുണ്ട്.
കവിതയും കവിയും വായനക്കാരനും സ്വയം മാറിത്തീരുന്ന വിപ്ലവകരമായ ഒരു കര്‍മ്മമായിട്ടാണ് കവിത സങ്കല്പിക്കപ്പെടുന്നത്. ഈ സാങ്കല്പിക കാവ്യാദര്‍ശം സാക്ഷാല്‍ക്കരിക്കാനുള്ള പരിശ്രമത്തിലാണ് ഈ കാലത്തെ എഴുത്തുകാര്‍ കൂട്ടമായി ഭാഗഭാക്കാകുന്നത്. ശങ്കരപ്പിള്ളയുടെ കാവ്യഭാഷണങ്ങളെ രൂപപ്പെടുത്തുന്നതും ഈ ആദര്‍ശ കാവ്യസങ്കല്പമാണ്. പ്രതിഷേധസ്വരൂപമായ മാനസികവൃത്തികളുടെ പ്രകാശനമായി കാവ്യഭാഷണം മാറിയത് അതിനാലാണ്.
പടനായകന്‍മാരുണ്ട്
നിന്‍റെ പരമവീര ചക്രങ്ങള്‍ക്കു കൊരുക്കാനാവാത്തവര്‍
തിരുനെറ്റിയില്‍ ചോപ്പന്‍ നക്ഷത്രമുള്ളവര്‍
അവര്‍ വരും' (ശങ്കരപ്പിള്ള കെ.ജി., 1984: 86)
രാഷ്ട്രഭരണകൂടത്തിന്‍റെ അന്ധതയെ അതിതീവ്രമായി അടയാളപ്പെടുത്തുന്ന കവിതയാണ് 'ആനന്ദന്‍'. 'ബംഗാളി'നെ പിന്തുടര്‍ന്ന് ഇവിടെയും അഹിംസയും ഹിംസയും തമ്മിലുള്ള അവിശുദ്ധമായ ചേര്‍ച്ചയെക്കുറിച്ചും, മൂല്യ വ്യവസ്ഥകളെ മറി കടക്കുന്ന അനീതികളെക്കുറിച്ചും ഇന്ത്യന്‍ കരമസോവുകളുടെ സുഖലോലുപതയെക്കുറിച്ചുമാണ് ഈ കവിത സംസാരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടവ്യവസ്ഥയുടെ അവിശുദ്ധമായ രൂപഘടനകളെ പരസ്യമാക്കുന്ന ഒരു 'ഭാഷണമാതൃക' യായിട്ടാണ് ആനന്ദന്‍ സങ്കല്പിക്കപ്പെടുന്നത്.
ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല.
ഇതാ കാലന്‍ ഇതാ കള്ളന്‍
ഇതാ ജാരന്‍ ഇതാ പോസ്റ്റ്മാന്‍
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുന്നെന്ന്
പട്ടി എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചു പറയുന്നു.
-ഒരു ദൈവത്തിന്‍റെയും വാഹനമല്ലാത്തവന്‍
കൂട്ടുകാരാ, പറയേണ്ടതു പറയാതെ
ഒരു പട്ടിപോലുമല്ലാതെ
വാലുപോലുമില്ലാതെ
നരകങ്ങളില്‍ പോലും പോകാതെ
ഈ സൗധങ്ങളില്‍ നാം ചീഞ്ഞു നാറുന്നു' (ശങ്കരപ്പിള്ള കെ.ജി., 1984: 89)
എന്നിങ്ങനെ 'കഷണ്ടി'യില്‍ ഇത് ആത്മപ്രതിഫലന (ടലഹള ൃലളഹലഃശ്ശ്യേ) മായി രൂപമാറ്റത്തോടെ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രഭരണകൂടത്തിന്‍റെ അന്ധയുക്തി പ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന പുറം ലോകവും അതിന്‍റെ തന്നെ സ്വരൂപമായും പ്രതിഷ്ഠാസ്ഥലവുമായും വര്‍ത്തിക്കുന്ന അന്തര്‍മണ്ഡലവുമാണ് കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകളിലെ പ്രമേയസ്ഥലങ്ങള്‍. 'അയോദ്ധ്യയും' 'ബംഗാളും' 'ആനന്ദനും' ഈ പുറം ലോകത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ 'കഷണ്ടി'യും 'ഗൗളിവാലും' 'വരും വരും എന്ന പ്രതീക്ഷ' യും അകം ലോകങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
പില്‍ക്കാലത്ത് അടിയന്തരാവസ്ഥയുടെ ഭീഷണമായ സമയത്ത് ഹനിക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രവാചകത്വം 'നിശ്ശബ്ദത' എന്ന കവിതയിലുണ്ട്. പൗരസ്വാതന്ത്യത്തിന്‍റെ കൂച്ചുവിലങ്ങുകള്‍ ആത്യന്തികമായ മരവിപ്പിലേക്ക് ജനതയെ കൊണ്ടെത്തിക്കും എന്ന തിരിച്ചറിവ് 'നിശ്ശബ്ദത'യിലുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ചവന്‍ന്‍റെ കസേര
അടുത്ത ദിവസം ശൂന്യമാകുന്ന നിശ്ശബ്ദത
മൂന്നാം ദിവസം അവന്‍റെ വീട്ടില്‍
മകന്‍ മരിച്ച അമ്മയുടെ നിശ്ശബ്ദത
ഭര്‍ത്താവ് മരിച്ച ഭാര്യയുടെ നിശ്ശബ്ദത
മേശപ്പുറത്ത് കാത്തിരിക്കുന്ന
കട്ടന്‍കാപ്പിയുടെ നിശ്ശബ്ദത
മുറ്റത്തു തുള്ളുന്ന ചുവന്ന പൂക്കളുടെ നിശ്ശബ്ദത' (ശങ്കരപ്പിള്ള കെ.ജി., 1984: 95)
ഭാരതത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ഭൗതികവും ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ ദര്‍ശനങ്ങളെയും കവിതയില്‍ പരിശോധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. നമ്മളില്‍ തന്നെയുള്ള വംശത്തിന്‍റെ പരമശക്തികള്‍ ഉപയോഗിച്ച് വരാനിരിക്കുന്ന വന്‍ വിജയങ്ങളിലേക്ക് നടക്കാനാണ് കവിത ആഹ്വാനം ചെയ്യുന്നത്.
പ്രജ്ഞയറ്റ്
നിന്നുപോയ നിങ്ങളുടെ
വാച്ചുകള്‍ക്ക് കീ കൊടുക്കുവിന്‍
ഈ നിശ്ശബ്ദ മണിക്കൂറിന്‍റെ ആഴത്തില്‍
വസന്തത്തിന്‍റെ ഇടിമുഴക്കമുണ്ട്' (ശങ്കരപ്പിള്ള കെ.ജി., 1984: 96)
ഈ കാലഘട്ടത്തില്‍ തന്നെ എഴുതപ്പെട്ട 'മുണ്ട്' എന്ന കവിത അന്യാപദേശരീതിയില്‍ വിപ്ലവപ്രവര്‍ത്തനത്തേയും ഭരണകൂട മര്‍ദ്ദനോപകരണങ്ങളെയും സൂചിപ്പിക്കുന്ന കവിതയാണ്. ഓരോ തവണയും ഇളകി വരുന്ന മുണ്ടിന്‍റെ കരയുടെ ചുവപ്പ് ഇല്ലാതാക്കാന്‍ ഡോബി ശ്രമിക്കുന്നു. കരിമ്പാറയുടെ അടിയേറ്റ് കരയിലെ ചുവപ്പ് വിളറി വെളുത്തു പോകുമ്പോഴേക്കും, കൂട്ടത്തിലുള്ളവയും പുഴയും തടാകങ്ങളും ചുവക്കുന്ന പ്രതിഭാസമുണ്ടാകുന്നു. വിപ്ലവ പ്രവര്‍ത്തനത്തെ അടിച്ച മര്‍ത്താന്‍ ഭരണകൂട ഉപകരണങ്ങള്‍ക്ക് കഴിയില്ല എന്ന കാല്പനികമായ പ്രത്യാശ കൂടി വച്ചു പുലര്‍ത്തുന്ന കവിതയാണിത്. പില്കാലത്ത് ജനകീയസാംസ്കാരിക വേദി ഈ കവിത നോട്ടീസായി അച്ചടിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.
'വരും വരും എന്ന പ്രതീക്ഷ'യിലും ജനാധിപത്യ ഭരണകൂടത്തില്‍ അവിശ്വസിക്കുന്ന ആഖ്യാതാവിനെ കാണാം. രാജാക്കന്‍മാരും ചക്രവര്‍ത്തിമാരും അധിനിവേശകരും ഗാന്ധിസവും സോഷ്യലിസവും കമ്മ്യൂണിസവും പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ കടന്നുപോവുമ്പോള്‍ അതിന് ദൃക് സാക്ഷിയായി നില്‍ക്കുന്ന ഇന്ത്യന്‍ പൗരനാണ് ഈ കവിതയിലെ ആഖ്യാതാവ്. മുടന്തുന്ന ഒറ്റ ആട്ടിന്‍ കുട്ടിയെ രക്ഷിച്ച ബുദ്ധന്‍ ഇവിടെ വരാതിരിക്കട്ടേ എന്ന് കവി ആശിക്കുന്നു. വെറും പത്തു വിരലിന്‍റെ കാരുണ്യത്തില്‍ എല്ലാവരും മുടന്തുന്ന ഈ ലോകത്തില്‍ ആരെയും രക്ഷിക്കാന്‍ സാധിക്കില്ല എന്ന് കവി തിരിച്ചറിയുന്നു.
വന്നുപോയാല്‍ എന്തുചെയ്യും വെറും പത്തു വിരലിന്‍റെ കാരുണ്യത്തില്‍
ഇതില്‍ ഏതു മുടന്തനെ അവന്‍ രക്ഷിക്കും' (ശങ്കരപ്പിള്ള കെ.ജി., 1984: 103)
എഴുപതുകളിലെ തീവ്രവാദ പ്രസ്ഥാനം ചൈനയുമായും മാവോയുടെ ആദര്‍ശങ്ങളുമായും തീവ്രമായി വിധേയപ്പെട്ടിരുന്നതുകൊണ്ടുതന്നെ സോവിയറ്റ് റഷ്യയിലുണ്ടായിരുന്ന ഭരണകൂടത്തോടും അതിന്‍റെ പ്രത്യയശാസ്ത്രത്തോടും മനപൂര്‍വ്വമായി അകലം പാലിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലൂടെ ഇവിടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റഷ്യന്‍ വിധേയത്വത്തെയും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത കമ്മ്യൂണിസത്തിന്‍റെ ദൗര്‍ബല്യത്തേയും 1975ല്‍ എഴുതപ്പെട്ട 'മടക്കം' എന്ന കവിതയില്‍ പരിഹസിക്കുന്നുണ്ട്. സമത്വപുരിയില്‍ നിന്നു കൊണ്ടുവന്ന പൂമരത്തിന്‍റെ പരിവര്‍ത്തനം കവിതയില്‍ ചിത്രീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. കാല്പനികതയുടെ ഭാഗമായ നിരാശ വിപ്ലവ പ്രസ്ഥാനത്തിന്‍റെ പരിവര്‍ത്തനത്തിലുള്ള നിരാശയായി ഇവിടെ മാറുന്നു.
അവ ക്രമേണ അയഞ്ഞു.
കാവിയുടെയും കുങ്കുമത്തിന്‍റെയും മണ്ണില്‍
ഇപ്പോഴിതുമൊരു തീര്‍ത്ഥാംബരം
ഒരു കാഷായം!' (ശങ്കരപ്പിള്ള കെ.ജി., 1984: 104)
തീവ്രഇടതുപക്ഷം സമൂഹത്തിലെ മൂല്യവ്യവസ്ഥയുടെ വ്യാകരണത്തെയാണ് ചോദ്യം ചെയ്തതെങ്കില്‍ ആധുനികതാവാദികള്‍ ഭാവനയുടേയും ഭാവുകത്വത്തിന്‍റെയും വ്യാകരണത്തെയാണ് കടന്നാക്രമിച്ചതെന്നു പറയാം.( രവീന്ദ്രന്‍, 2002:440) സമീപനത്തിലുള്ള ഈ വ്യത്യാസമാണ് രാഷ്ട്രീയാധുനികതയും ആധുനികതാവാദവും തമ്മില്‍ യഥാര്‍ത്ഥത്തിലുള്ളത്. അറുപതുകളിലെ യാഥാസ്ഥിതികതയ്ക്കെതിരെയുള്ള പുരോഗമനോന്മുഖമായ മുന്നേറ്റമെന്ന മട്ടിലുള്ള അവകാശവാദങ്ങളെ ഇതു പൂര്‍ണമായും സാധൂകരിക്കുന്നില്ല. ആധുനികതാവാദ കവിതയുടെ ലോകബോധത്തെ തിരിച്ചിടാന്‍ പിന്നീടുവന്ന രാഷ്ട്രീയചലനങ്ങള്‍ക്കു കഴിഞ്ഞുവെന്നതും ഈ കാലത്തെ കവിതക്ക് പൗരസമൂഹത്തിന്‍റെ രാഷ്ട്രീയ യുക്തിയെ തിരിച്ചിടാന്‍ കഴിഞ്ഞു എന്നതും ഒരതിവാദമായി അവശേഷിക്കാനാണ് ഇടയുള്ളത്. 'എഴുപതുകള്‍ ശിഥിലമായ്ക്കൊണ്ടിരിക്കുന്ന ആധു നികഭാവുകത്വത്തിന് പുതിയൊരു ലക്ഷ്യബോധം നല്‍കുകയും അതിനെ രാഷ്ട്രീയ വത്കരിക്കുകയും ഒരളവോളം ജനകീയവത്ക്കരിക്കുകയും ചെയ്തു' എന്നു വിശ്വസിക്കുന്ന സച്ചിദാനന്ദന്‍ തന്നെ ചില പ്രവണതകളുടെ അനിവാര്യമായ വിമര്‍ശം എന്ന പേരില്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ നോക്കുക:
2) കേരളത്തിന്‍റെ സവിശേഷ സാമൂഹ്യയാഥാര്‍ത്ഥ്യത്തെയും കേരളത്തിന്‍റെ കലാസാഹിത്യപാരമ്പര്യങ്ങളെയും അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ചില്ല.
3) പ്രതിജ്ഞാബദ്ധതയെക്കുറിച്ച് എഴുപതുകളില്‍ ഉയര്‍ന്നുവന്ന സങ്കല്പം ഏറെ സങ്കുചിതവും വിഭാഗീയവുമായിരുന്നു'. (സച്ചിദാനന്ദന്‍, 1991:60-65)
എഴുപതുകളില്‍ സജീവമായ സാഹിത്യസൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ഏറെക്കുറെ സമഗ്രമായ വിലയിരുത്തലാണിത്. ഈ വിലയിരുത്തലിനോടൊപ്പം 'ആധുനികഭാവുകത്വത്തിന്‍റെ രാഷ്ട്രീയവത്കരണവും ജനകീയവത്കരണവു'മെന്ന ആശയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആധുനികതയെ രാഷ്ട്രീയാധുനികതയില്‍നിന്നു സത്താപരമായി വ്യത്യാസപ്പെടുത്താനാവില്ലെന്ന നിഗമനമാണ് യാഥര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുക. 'ആധുനികതയുടെ രാഷ്ട്രീയവത്കരണ'മെന്നു പുകള്‍ കൊണ്ടതെല്ലാം ആധുനികതാവാദത്തിന്‍റെ പൊതുരാഷ്ട്രീയയുക്തിക്കകത്തുള്ളതായിരുന്നു. മാര്‍ക്സിസത്തിന്‍റെ വിമോചനാത്മക മൂല്യങ്ങളും വൈരുദ്ധ്യാത്മകദര്‍ശനവുമായിരുന്നു, എഴുപതുകളിലെ കവിതയുടെ ആദര്‍ശസങ്കല്പമെങ്കിലും അതു വെറും ആഗ്രഹചിന്ത മാത്രമായിരുന്നു. സാമാന്യ മനുഷ്യനെ ആദര്‍ശമാക്കുകയും ആത്മനിഷ്ഠവും കാല്പനികവുമായ ഒരു രാഷ്ട്രീയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രഭാഷണസദൃശമായ ഒരു കാവ്യഭാഷ സൃഷ്ടിക്കുകയും ചെയ്തുവെന്നതിലപ്പുറം ഈ കാലത്തെ കവിത ആധുനിക ഭാവുകത്വത്തെ രാഷ്ട്രീയവത്ക്കരിച്ചുവെന്നു പറയാനാവില്ല.
നിലവിലുണ്ടായിരുന്ന ആധുനികതാവാദപ്രസ്ഥാനത്തില്‍ നിന്ന് ചില കുതറലുകള്‍ നടത്താന്‍ ശ്രമിച്ചിരുന്നു എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയ ആധുനികത എന്ന സംബോധനയ്ക്കപ്പുറം മധ്യവര്‍ഗാഭിമുഖ്യം കാല്പനികാംശങ്ങള്‍ എന്നിവ കൂടി കലര്‍ന്ന് ആധുനികതയ്ക്കകത്ത് തന്നെയുള്ള മറ്റൊരു പ്രകാശനമാണ് കെ ജി ശങ്കരപ്പിള്ള കവിതയില്‍ നിര്‍വഹിച്ചത് എന്ന നിഗമനത്തില്‍ എത്തുന്നതാണ് യുക്തിസഹം.
സഹായകഗ്രന്ഥങ്ങള്‍
നാരായണന്‍ കല്പറ്റ, 2014, സാംസ്കാരിക വേദിയുടെ അന്തരംഗങ്ങള്‍, പ്രേരണ.
രവീന്ദ്രന്‍.പി പി, 2002, നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം, എം.എന്‍.വിജയന്‍ (എഡി.) കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
രാജീവന്‍ ബി, 1984, കവിതയുടെ സത്യം (അവതാരിക) കവിത - കെ.ജി.ശങ്കരപ്പിള്ള, പരിച പബ്ലിക്കേഷന്‍സ്, തിരുവല്ല.
ശങ്കരപ്പിള്ള, കെ.ജി., 1984, കവിത, പരിച പബ്ലിക്കേഷന്‍സ്, തിരുവല്ല,.
ശങ്കരപ്പിള്ള.കെ.ജി, 1997, കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകള്‍, ഡി.സി. ബുക്സ്, കോട്ടയം.
ശശിധരന്‍ എന്‍., 1994, ദേശത്തെ എഴുതുന്നതാണ് എഴുത്ത് - കെ.ജി. ശങ്കരപ്പിള്ളയുമായി അഭിമുഖം, സുകൃതം മാസിക, ജൂണ്‍-സപ്തംബര്‍.
സച്ചിദാനന്ദന്‍, 1991, അന്വേഷണങ്ങള്‍, ബോധിപബ്ലിഷിങ്ങ് ഹൗസ്, കോഴിക്കോട്.
സിവിക് ചന്ദ്രന്‍, 2009, എഴുപതുകള്‍ വിളിച്ചപ്പോള്‍, ഫേബിയന്‍ ബുക്സ്, മാവേലിക്കര.