Locality and Resistance in Translation: The Genealogy of Bible Translations in Malayalam (Observations based on Udayamperoor sunahadosinte kanonakal, Varthamanapustakam and Yakkovayekkarerude thudamanam )
Toms Joseph
Every piece of literature may possess varied objectives contingent upon its intended audience. Similarly, the presence of numerous translations of a single text within a singular language may signify disparate aims. In the context of translating works of literary and religious significance, the ideological and political context assumes paramount importance. Through the interpretive frameworks of experience, locality, and resistance, this study endeavors to elucidate the cultural values inherent in the early Malayalam translations of the Bible. This article examines the cultural values and translational dynamics inherent in early Malayalam translations of the Bible. But it does not rely on renowned biblical translation movements in Malayalam. Instead, it focuses on three Malayalam texts that emerged within the Kerala Christian context: The Acts and Decrees of the Synod of Diamper, the Varthamanapustakam, and the Yakkovayekkarerude thudamanam. Despite their differences in time and purpose, these texts exhibit a significant assimilation of biblical context. Notably, numerous biblical citations are evident in these works, which predate the first Malayalam Bible translation. This article aims to provide a critical examination of these biblical citations and the pervasive biblical worldviews present in these texts.
Through an experiential and cultural lens, this research investigates the intersection of biblical tradition and indigenous cultures, highlighting the complex dynamics of persuasion and resistance. By exploring the translational models employed in these texts, this study sheds light on the ways in which cultural values and power dynamics shape the translation process.
Keywords: Translation, Formal equivalence, Locality, Inculturation, Experience, Resistance.
Bibliography:
Jayasukumaran. (2011). Bangali Novelukal Malayalatthil: Vivarthanapatanathinte Siddhanthavum Prayogavum. Tharathamya Patana Sangham.
Krishnankutty, K. P. (2019). Vivarthanathinte Rashtriyavum Rashtriyathinte Vivarthanavum. Kerala Bhasha Institute.
Mekkattukunnel, A. & Puthukulangara, J. (2011). Vedapusthakam Varthamanapusthakathil. OIRSI.
Mekkattukunnel, A. (Ed.). (2012). Mar Thoma Margam: The Ecclesial Heritage of St. Thomas Christians. OIRSI.
Pallath, P. (2010). The Catholic Church in India. OIRSI.
Paremmakkal, G. (1989). Varthamanapusthakam. OIRSI.
Zacharia, S. (Ed.). (1998). Udayamperoor Soonahadosinte Canonakal. Indian Institute of Christian Studies.
Zacharia, S. (2019). Malayala Vazhikal - 1 & 2: Scaria Zachariayude Theranjedutha Prabandhagalu. SPCS.
Thambi, R. (2009). Bibilum Malayalavum. Christian Literature Society.
Thomas, B. (1992). Marthoma Kristhyanikal. Pellisseri Publications.
Thomas, P. J. (1961). Malayalasahithyavum Kristhyanikalum. SPCS.
തദ്ദേശീയതയും പ്രതിരോധവും തര്‍ജ്ജമയില്‍: ബൈബിള്‍ തര്‍ജ്ജമയുടെ മലയാളവഴികള്‍ (ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകള്‍, വര്‍ത്തമാനപ്പുസ്തകം, യാക്കോവായേക്കാരേരുടെ തുടമാനം എന്നിവ മുന്‍നിര്‍ത്തി ചില നിരീക്ഷണങ്ങള്‍)
റ്റോംസ് ജോസഫ്
ഓരോ കൃതിക്കും ലക്ഷ്യസമൂഹത്തെ മുന്‍നിര്‍ത്തി ഭിന്നലക്ഷ്യങ്ങളുണ്ടാകാം. ഒരേ കൃതിക്ക് ഒരു ഭാഷയില്‍ ഭിന്നതര്‍ജ്ജമകളുണ്ടാകുന്നതും ഭിന്നലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാകാം. ബൈബിള്‍പോലെ സാഹിതീയവും മതപരവുമൊക്കെയായ പ്രാധാന്യങ്ങളുള്ള കൃതിയുടെ തര്‍ജ്ജമകളില്‍ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമടക്കം സുപ്രധാനമാകുന്നു. ബൈബിള്‍ തര്‍ജ്ജമയുടെ ചില പൂര്‍വ്വമാതൃകകളെ അനുഭവാത്മകത, തദ്ദേശീയത, പ്രതിരോധം തുടങ്ങിയ സങ്കല്പനങ്ങളിലൂന്നി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധം. തര്‍ജ്ജമയുടെ സാംസ്ക്കാരികമൂല്യത്തെ തിരിച്ചറിഞ്ഞടയാളപ്പെടുത്തലായി തീരുന്നുമുണ്ട് ഈ അന്വേഷണം.
ബൈബിള്‍ വിവര്‍ത്തനങ്ങളെന്ന നിലയില്‍ പ്രഖ്യാതമായ ഉദ്യമങ്ങളെ ആധാരമാക്കിയല്ല ഈ ലേഖനം ക്രമപ്പെടുത്തിയിരിക്കുന്നത്. കേരള ക്രൈസ്തവാന്തരീക്ഷത്തില്‍ രൂപപ്പെട്ടതും മലയാളഭാഷയിലുള്ളതുമായ മൂന്നു ഗ്രന്ഥങ്ങള്‍ - ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകള്‍, വര്‍ത്തമാനപ്പുസ്തകം, യാക്കോവായേക്കാരേരുടെ തുടമാനം - കാലത്തിലും ലക്ഷ്യത്തിലും ഭിന്നമായിരിക്കുമ്പോഴും ബൈബിള്‍ പശ്ചാത്തലത്തെ വലിയ തോതില്‍ സ്വാംശീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരു ബൈബിള്‍ തര്‍ജ്ജമ രൂപപ്പെടുംമുമ്പു വിരചിതമായ ഈ ഗ്രന്ഥങ്ങളില്‍ ധാരാളം ബൈബിള്‍ ഉദ്ധരണികള്‍ ദൃശ്യമാണ്. ഈ ഉദ്ധരണികളുടെയും ഈ കൃതികളിലാകെ പടര്‍ന്നിരിക്കുന്ന ബൈബിള്‍ ലോകത്തിന്‍റെയും വിമര്‍ശനാത്മക വിശകലനമാണ് ഈ പ്രബന്ധം ലക്ഷ്യമിടുന്നത്.
ഈ കൃതികളിലെ ബൈബിള്‍ ഉദ്ധരണികളെ മുന്‍നിര്‍ത്തി അനുഭവാത്മകതയിലൂന്നി തര്‍ജ്ജമയെ വിലയിരുത്തുവാനുള്ള ശ്രമം പ്രബന്ധത്തിന്‍റെ ആദ്യഭാഗത്തുണ്ട്. അനുഭവതീവ്രത വിവരണങ്ങളില്‍ ഉറപ്പാക്കാനുള്ള ഉപാധിയെന്ന നിലയില്‍ തര്‍ജ്ജമയെ ഉപയോഗിച്ചിരിക്കുന്നതിന്‍റെ മാതൃകകള്‍ ഇവിടെ കണ്ടെടുക്കപ്പെടുന്നു. ദൈവനിവേശിതമായ വിശുദ്ധ ഗ്രന്ഥം തദ്ദേശീയ ഭാഷകളിലേക്കും സംസ്ക്കാരങ്ങളിലേക്കും സംക്രമിച്ചപ്പോള്‍ സംഭവിച്ച സാംസ്ക്കാരികാനുരൂപണത്തെ വിശകലനവിധേയമാക്കുന്നു പ്രബന്ധത്തിന്‍റെ രണ്ടാം ഭാഗത്ത്. തര്‍ജ്ജമമാതൃകകളില്‍ പ്രകടമാകുന്ന തദ്ദേശീയത അനുനയത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ഭാവങ്ങളുള്‍പ്പേറുന്നതെങ്ങനെയെന്ന അന്വേഷണങ്ങളാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍.
താക്കോല്‍വാക്കുകള്‍: വിവര്‍ത്തനപ്രക്രിയ, പദാനുപദയുക്തി, തദ്ദേശീയത, സാംസ്ക്കാരികാനുരൂപണം, അനുഭവാത്മകത, പ്രതിരോധം.
ആമുഖം
ബൈബിള്‍ മലയാളവിവര്‍ത്തനചരിത്രങ്ങള്‍ പൊതുവില്‍ ആരംഭിക്കുന്നത് 1811-ല്‍ ബോംബെയിലെ കൂറിയര്‍ പ്രസില്‍നിന്നു പ്രസിദ്ധീകരിച്ച റമ്പാന്‍ ബൈബിളിനെ പരാമര്‍ശിച്ചുകൊണ്ടാണ്. ഇതിന്‍റെ തുടര്‍ച്ചയില്‍ ബെയിലി ബൈബിള്‍, ഗുണ്ടര്‍ട്ടു ബൈബിള്‍, ഐക്യവിവര്‍ത്തനം, സത്യവേദപുസ്തകം, മഞ്ഞുമ്മേല്‍ ബൈബിള്‍, മാന്നാനം ബൈബിള്‍, മൂത്തേടന്‍ പരിഭാഷ, പി.ഒ.സി. ബൈബിള്‍ തുടങ്ങി ഒട്ടനേകം പരിഭാഷാശ്രമങ്ങളും അടയാളപ്പെടുത്തപ്പെടുന്നു. ബൈബിളിനെയോ അതിലെ ഏതെങ്കിലും പുസ്തകത്തെയോ പൂര്‍ണമായി ഭാഷാന്തരപ്പെടുത്തുന്നു എന്നതിലൂന്നിയാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് സാധിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. എന്നാല്‍ ബൈബിള്‍ മലയാളതര്‍ജ്ജമയുടെ ഭാഷാപരവും സാംസ്ക്കാരികവുമായ വിശകലനങ്ങള്‍ക്ക് ഉദ്യമിക്കുമ്പോള്‍ കുറച്ചുകൂടി വിശാലമായ നോട്ടങ്ങളാവശ്യമാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യതിരിക്ത ലക്ഷ്യങ്ങളോടെ ബൈബിള്‍ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്തുപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ സുലഭമായിരിക്കേ ബൈബിള്‍ മലയാളതര്‍ജ്ജമയുടെ പൂര്‍വ്വമാതൃകകളായി ഇവയെ പരിഗണിച്ച് അപഗ്രഥിക്കാവുന്നതാണ്. മലയാള ക്രൈസ്തവരേഖകളില്‍ പഴമയും പ്രാധാന്യവും മുന്‍നിര്‍ത്തി ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകള്‍ (1599), യാക്കോവായേക്കാരേരുടെ തുടമാനം, വര്‍ത്തമാനപ്പുസ്തകം (1785) എന്നിവയിലെ ബൈബിള്‍ ഉദ്ധരണികളെ ഇവിടെ വിശകലനവിധേയമാക്കുന്നു.
ബൈബിളിനെ പ്രാപ്യമോ1 പരിചിതമോ ആക്കുകയല്ല ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളിലെ ബൈബിള്‍ വിവര്‍ത്തനസംരംഭത്തിന്‍റെ ലക്ഷ്യം2. മാര്‍ത്തോമ്മാനസ്രാണികളെ വിശ്വാസപരമായി തിരുത്തുകയും തങ്ങളുടെ പ്രബോധനങ്ങളെ ഉറപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വിശ്വാസേതരമായ കാര്യങ്ങളിലും തങ്ങളുടെ താത്പര്യങ്ങള്‍ക്കു മറപിടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ബൈബിള്‍ വചനങ്ങള്‍ ഇവിടെ തര്‍ജ്ജമ ചെയ്തുപയോഗിക്കുന്നത്. മതകോളനീകരണത്തെത്തുടര്‍ന്ന് തദ്ദേശീയസഭയില്‍ ഉടലെടുത്ത 'വന്തിയും പവുതിയും അയര്‍ച്ചയും' നീക്കിക്കളയുവാനുള്ള യത്നങ്ങളുടെ ഭാഗമായി കരിയാറ്റി യൗസേപ്പ് മല്പാനും പാറേമാക്കല്‍ തോമ്മാക്കത്തനാരും നടത്തിയ എട്ടുവര്‍ഷം നീണ്ട റോമായാത്രയുടെ വിവരണമായ വര്‍ത്തമാനപ്പുസ്തകം അധിനിവേശത്തോടുള്ള പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും അലകള്‍ പേറുന്നുണ്ട്. ഈ പ്രതിരോധാഖ്യാനത്തിന് ഉപോത്ബലകമായി ബൈബിള്‍ഭാഗങ്ങള്‍ ഉപയുക്തമാക്കുന്നു. 1653-ലെ കൂനന്‍കുരിശുസത്യത്തോടെ പുത്തന്‍കൂറെന്നും പഴയകൂറെന്നും രണ്ടായി പിരിയുന്ന കേരളക്രെസ്തവര്‍ തങ്ങളുടെ വിശ്വാസപക്ഷത്തെ ന്യായീകരിക്കുന്നതിലും ശ്രദ്ധാലുക്കളായി. ഈ പശ്ചാത്തലത്തില്‍ രൂപമെടുത്ത യാക്കോവായേക്കാരേരുടെ തുടമാനമെന്ന കൃതി3 ദൈവശാസ്ത്രസംബന്ധിയായ പ്രതിരോധത്തിന്‍റെയും ന്യായീകരണത്തിന്‍റെയും യുക്തികളിലൂന്നുന്നു.
1. തര്‍ജ്ജമയും അനുഭവവും
അറിവിനെയോ അനുഭവത്തെയോ ആശയത്തെയോ ഒക്കെ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതിനെത്തന്നെ വിവര്‍ത്തനങ്ങളായി കരുതാവുന്നതാണ്. സംവേദനശൃംഖലയിലെ ഇണക്കുകണ്ണിയായി അനുഭവം ഉപയുക്തമാക്കപ്പെടുന്നു. ജീവിതാനുഭവങ്ങളെ സംവേദനം ചെയ്യുന്ന സാഹിത്യതന്ത്രങ്ങളുടെ ഭാഗമായി വിവര്‍ത്തനങ്ങള്‍ മാറുന്നു. "ഓരോരോ വ്യവസ്ഥകള്‍ രൂപപ്പെടുത്തി അതിനുള്ളിലാണ് സംവേദനപ്പൊരുള്‍ പ്രകടമാകുന്നത്. വക്താവും ശ്രോതാവും പരിസ്ഥിതിയും പങ്കെടുക്കുന്ന പ്രക്രിയയിലൂടെയാണ് സംവേദനമൂല്യം ഉണ്ടാകുന്നത്."4 അനുഭവാവിഷ്ക്കരണ മാധ്യമമെന്ന ഉപകരണനില വിവര്‍ത്തനത്തിനു കൈവരുകയും വിനിമയമൂല്യം ഉറപ്പാക്കുന്ന വ്യവസ്ഥയായി അതു പരിണമിക്കുകയും ചെയ്യുന്നു.
1. 1. തര്‍ജ്ജമയെന്ന അനുഭവം
"വിജ്ഞാനങ്ങളെ വേര്‍തിരിക്കാന്‍ അതിരുകളില്ലാതിരുന്ന കാലത്ത്, ഗ്രീക്കുദാര്‍ശനികാചാര്യനാല്‍ വിരചിതമായ ഇത്തരമൊരു കൃതിയില്‍നിന്നും ഒരുവന്‍റെ രുചിഭേദങ്ങള്‍ക്കനുസൃതമായി അറിവു നുകരുകയും നുണയുകയും ചെയ്യുന്ന പ്രവൃത്തിയെ വിവര്‍ത്തനം, വ്യാഖ്യാനം, പഠനം ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ നിര്‍വ്വചനത്തില്‍ ഉള്‍ക്കൊള്ളിക്കാനാകില്ല. മറിച്ച്, ഈ സംരംഭത്തെ അനുഭവം എന്നു വിളിക്കുന്നതാകും ഉത്തമം."5
പ്ലേറ്റോയുടെ തെയിറ്റീറ്റസ് എന്ന രചനയ്ക്കു മലയാളതര്‍ജ്ജമയൊരുക്കിയ ഡി. രാജേന്ദ്രന്‍ തര്‍ജ്ജമപ്രക്രിയയെ അടയാളപ്പെടുന്നത് ഇപ്രകാരമാണ്. തര്‍ജ്ജമയെന്നതു യാന്ത്രികവൃത്തിയായി ചുരുങ്ങാതെ പരിഭാഷകകര്‍ത്തൃത്വം സക്രിയമായി ഇടപെടുന്നതിന്‍റെ സൂചനകള്‍ ഇവിടെ തെളിയുന്നു. തര്‍ജ്ജമ കേവലഭാഷാന്തരമെന്ന നിലവിട്ടുയരുന്നു; അനുഭവാത്മകവൃത്തിയായി പരിണമിക്കുന്നു. മൂലപാഠത്തില്‍നിന്നും ലക്ഷ്യപാഠത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഈ വേര്‍തിരിവിനെ അപ്രസക്തമാക്കുംവിധം പരിഭാഷകകര്‍ത്തൃത്വം ഇടപെടലുകള്‍ സാധ്യമാക്കുന്നു. ഇത്തരത്തില്‍ മൂലപാഠത്തിനുള്ളിലേക്കു ലക്ഷ്യസമൂഹത്തെയും പരിഭാഷകസ്വത്വത്തെയും പ്രതിഷ്ഠിച്ചുകൊണ്ട് ലക്ഷ്യപാഠത്തിന് ഉരുവമേകുന്ന ശൈലി വര്‍ത്തമാനപ്പുസ്തകത്തിലെ ബൈബിള്‍ ഉദ്ധരണികളുടെ സ്വഭാവമാകുന്നുണ്ട്. ബൈബിള്‍ലോകത്തേക്ക് -വിശ്വാസിയെ സംബന്ധിച്ചിടത്തോളം രക്ഷാകരചരിത്രത്തിലേക്ക്- സ്വയം ചേര്‍ത്തുനിര്‍ത്തപ്പെടുന്ന അനുഭവം. മാര്‍ത്തോമ്മാനസ്രാണികളെ കബളിപ്പിച്ചവര്‍ക്ക് ഇസ്രായേല്‍ രാജകുടുംബത്തെ കൊന്ന 'അത്താല്യ' എന്ന ദുഷ്ടസ്ത്രീയുടെ ദൈന്യാവസ്ഥയാണുണ്ടാവുക എന്ന വിധിപ്രസ്താവന നടത്തുന്ന വര്‍ത്തമാനപ്പുസ്തകകാരന്‍, ഇതേ സമുദായത്തിനെതിരെ പ്രവര്‍ത്തിച്ച മനുഷ്യര്‍ ദുഷ്ടനായ ആഹാബും കുടുംബവും സംഹരിക്കപ്പെട്ടത് ഓര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവുമേകുന്നു. ഗ്രന്ഥകാരനായ പാറേമ്മാക്കലിനും സഹയാത്രികന്‍ കരിയാറ്റിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഇസ്രയേലിനെതിരെ സംസാരിച്ചതുകൊണ്ട് അന്ധരാക്കപ്പെട്ട സിറിയാക്കാരുടെ ഗതി വരുമെന്നോര്‍പ്പിക്കുകയും ഇവര്‍ക്കെതിരെ പോര്‍ട്ടുഗലിലേക്കും റോമായിലേക്കും എഴുതിയവര്‍ക്ക് എസ്തേറിന്‍റെ പുസ്തകത്തില്‍ പറയുന്ന ഹാമാന്‍റെ അനുഭവമാണ് ഉണ്ടാവുകയെന്ന മുന്നറിയിപ്പേകുകയും ചെയ്യുന്നു.7
1.2. അനുഭവാഖ്യാനത്തില്‍ തര്‍ജ്ജമ
വസ്തുതകളെ നിര്‍വൈയക്തികവും അലങ്കാരശൂന്യവുമായി അവതരിപ്പിക്കുന്ന ഗദ്യശൈലിയുടെ വക്താക്കളാണ് മിഷണറിമാരെന്നും ഇവരുടെ ഇടപെടല്‍ വികാരസംവേദനത്തിനും വിജ്ഞാനസംക്രമണത്തിനും ഉതകുന്ന ഭാഷാവൈവിധ്യത്തെ മലയാളത്തില്‍നിന്നു നീക്കിക്കളഞ്ഞുവെന്നുമുള്ള വിമര്‍ശനങ്ങളുണ്ട്.8 എന്നാല്‍ വൈയക്തികാനുഭവങ്ങളുടെ ആഖ്യാനമെന്നനിലയില്‍ വര്‍ത്തമാനപ്പുസ്തകം ഇത്തരം വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നു. അനുഭവാത്മകതയിലുള്ള ഊന്നല്‍ എഴുത്തില്‍ വര്‍ത്തമാനപ്പുസ്തകകാരന്‍റെ സവിശേഷ നിഷ്ഠയാണ്. "...ആയതിന്‍റെ അവസ്ഥ അറിയുന്നതിനാല്‍ നമ്മുടെ ജനങ്ങള്‍ക്കും പാരം പ്രസാദമായിരിക്കുന്നതിനെക്കൊണ്ടു ആയതിന്‍റെ പ്രകാരം കണ്ടപൊലെ ഇവിടെ എഴുതുകയും ചെയ്യുന്നു"9, "...കണ്ടതുപൊലെ നമ്മുടെ ജനങ്ങളുടെ അറിവിനായിട്ടു ഇവിടെ എഴുതുകയും ചെയ്യുന്നു"10 എന്നിങ്ങനെ തന്‍റെ കാഴ്ചാനുഭവത്തെ ജനത്തിനു പകരുകയെന്ന എഴുത്തുദ്ദേശ്യം ഇടയ്ക്കിടെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.11
അനുഭവതീവ്രത അടയാളപ്പെടുത്താന്‍ ജീവിതാവസ്ഥകളെ ബൈബിള്‍ സന്ദര്‍ഭങ്ങളിലേക്കു പറിച്ചുനടുന്ന, പകര്‍ത്തിവെക്കുന്ന ശൈലി വര്‍ത്തമാനപ്പുസ്തകകാരന്‍ നിരന്തരം പിന്‍പറ്റുന്നു. "സ്വാനുഭവങ്ങളുടെ സംവേദനം തീക്ഷ്ണതരമാക്കാന്‍ ഗ്രന്ഥകാരന്‍ ബൈബിള്‍ശൈലി കടമെടുക്കുന്ന പതിവുണ്ട്. യാത്രയ്ക്കിടയില്‍ ദൗത്യസംഘം നേരിടുന്ന ആപത്ഘട്ടങ്ങള്‍ വിവരിക്കേണ്ടിവരുമ്പോളാണ് ശൈലീപരമായ ഈ ആധമര്‍ണ്യം. ലിസ്ബണില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഉണ്ടായ കൊടുങ്കാറ്റും അനുബന്ധ പ്രശ്നങ്ങളും12 പൗലോസിന്‍റെ സാഹസികമായ കപ്പല്‍യാത്രയും പ്രതിസന്ധികളും വിവരിക്കുന്ന നടപടിപുസ്തകത്തിലെ13 അതേ ശൈലിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്."14 മാര്‍ത്തോമ്മാനസ്രാണികള്‍ വിദേശമിഷണറിമാരുടെ ഭരണത്തിന്‍കീഴില്‍ അനുഭവിച്ച യാതനകളെ അദ്ദേഹം ഇസ്രായേല്‍ക്കാര്‍ മെസ്രേനില്‍ (ഈജിപ്ത്) അനുഭവിച്ച അടിമത്തവുമായി് താരതമ്യപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ ബൈബിള്‍ലോകം പരിചിതമായ വിദേശീയര്‍ക്കുപോലും തദ്ദേശീയരനുഭവിച്ച കഷ്ടതകളുടെ കാഠിന്യം വെളിവാകും.
2. തദ്ദേശീയ ദൈവശാസ്ത്രം
ദൈവശാസ്ത്രത്തെ ഒരു സൈദ്ധാന്തികവ്യവഹാരമായി തിരിച്ചറിയാനോ വികസിപ്പിക്കാനോ മാര്‍ത്തോമ്മാനസ്രാണികള്‍ക്കു കഴിഞ്ഞില്ലെന്ന വാദങ്ങള്‍ പ്രബലമാണ്. എന്നാല്‍ ബൈബിളറിവിനെ ജീവിതത്തിലേക്കു സന്നിവേശിപ്പിക്കുന്ന ദൈവശാസ്ത്രത്തിന്‍റെ കര്‍മ്മപദ്ധതി വര്‍ത്തമാനപ്പുസ്തകത്തിലും യാക്കോവായേക്കാരേരുടെ തുടമാനത്തിലുമുണ്ട്. "ദൈവശാസ്ത്രമെന്നതു വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും വ്യക്തി-സമൂഹജീവിതങ്ങളുടെയും ഒന്നിച്ചൊഴുകലും വളര്‍ച്ചയുമാണെന്ന കാഴ്ചപ്പാടാണ് പിതാക്കന്മാരുടെ സവിശേഷത. പാറേമ്മാക്കലിന്‍റെ കാഴ്ചപ്പാടും മറ്റൊന്നല്ല എന്നതിനു മികച്ച തെളിവാണ് വര്‍ത്തമാനപ്പുസ്തകം."15
ദൈവശാസ്ത്രതത്ത്വങ്ങളുടെ വിചാരവും വിശകലനവുമെന്ന നിലയില്‍ യാക്കോവായേക്കാരേരുടെ തുടമാനം പ്രസക്തമാണ്. എന്നാല്‍ തദ്ദേശീയ ദൈവശാസ്ത്രനിര്‍മ്മിതി ഇവിടെ ഗ്രന്ഥകാരന്‍റെ ലക്ഷ്യമല്ല. ക്രൈസ്തവ വിശ്വാസത്തിലെ വ്യത്യസ്ത ധാരകളില്‍ കത്തോലിക്കാമാര്‍ഗത്തിന്‍റെ 'ശ്രേഷ്ഠത'യിലുള്ള ഊന്നലോടെ അവതരിപ്പിക്കപ്പെടുന്ന സഭാവിജ്ഞാനീയം (ഋരരഹലശെീഹീഴ്യ) യാക്കോവായേക്കാരേരുടെ തുടമാനത്തിലാകെയുണ്ട്. "മ്ശിഹായിക്ക ഒരു സത്തിയാവേദമേ ഒള്ളു"16 എന്നതാണു ഒന്നാം കാണ്ഡത്തിന്‍റെ വിഷയമെങ്കില്‍ ഈ സത്യമാര്‍ഗ്ഗമായ കത്തോലിക്കാപള്ളി റോമാപള്ളിയാണെന്നു ("റോമാപള്ളി മ്ശിഹാടേ ശുത്തമാനാ കാതോലിക്കാപള്ളി ആകുന്നത"17) മൂന്നാം കാണ്ഡത്തില്‍ താര്‍ക്കികയുക്തിയില്‍ സ്പഷ്ടമാക്കുന്നു.
യാക്കോവായേക്കാരേരുടെ തുടമാനത്തിന്‍റെ രചയിതാവ് കത്തോലിക്കാസഭയുടെ ഔദ്യോഗിക ദൈവശാസ്ത്രത്തിന്‍റെ വക്താവാണ്. "വേദഗ്രന്ഥവിജ്ഞാനീയത്തിലും ദൈവശാസ്ത്രത്തിലും നിഷ്ണാതനായ പ്രതിഭാശാലിയാണ് ഗ്രന്ഥകാരനെന്നു തര്‍ക്കമില്ലാതെ ഉറപ്പിക്കാവുന്ന"18 രചനാശൈലി യാക്കോവായേക്കാരേരുടെ തുടമാനത്തിനുണ്ട്. ഈ ഔദ്യോഗിക പ്രബോധനം യൂറോപ്പിന്‍റേതും റോമാപ്പള്ളിയുടേതുമായി ഭവിച്ചതിന്‍റെ രാഷ്ട്രീയത്തെയും തിരിച്ചറിയാനാകണം. ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളിലാകട്ടെ നിയമഗ്രന്ഥത്തിന്‍റെ മുറുക്കം ബൈബിള്‍ ഉദ്ധരണികളിലും നിറയുന്നു. പ്രവൃത്തികളിന്മേലുള്ള നിയന്ത്രണശബ്ദമായാണ് ഉദയമ്പേരൂര്‍ സൂനഹദോസില്‍ ബൈബിള്‍ ഉദ്ധരണികള്‍ പ്രത്യക്ഷപ്പെടുന്നത്. വൈദേശിക ദൈവശാസ്ത്രപാഠത്തെ തദ്ദേശീയ ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും യുക്തികളില്‍ പകര്‍ത്തിയ ശൈലികള്‍ വിശകലനവിധേയമാക്കാവുന്നതാണ്.
3. ഒരേ ലക്ഷ്യം ഭിന്നമാര്‍ഗ്ഗം
മാര്‍ഗ്ഗത്തിലെ വ്യതിരിക്തത വര്‍ത്തമാനപ്പുസ്തകത്തിന്‍റെയും യാക്കോവായേക്കാരേരുടെ തുടമാനത്തിന്‍റെയും സമീപനങ്ങളെ നിര്‍ണയിക്കുന്നുണ്ട്. പുത്തന്‍കൂറും പഴയകൂറും തമ്മിലുള്ള രഞ്ജിപ്പിനുദ്യമിക്കുമ്പോഴും രണ്ടു മാര്‍ഗ്ഗങ്ങളില്‍ രണ്ടു ദിശകളിലൂടെയാണീ ഗ്രന്ഥങ്ങള്‍ സഞ്ചരിക്കുന്നത്. ഈ രഞ്ജിപ്പിലേക്കു പുത്തന്‍കൂറുകാറെ നിര്‍ബന്ധിക്കുകയാണ് യാക്കോവായേക്കാരേരുടെ തുടമാന രചയിതാവ്. "സംവാദബോധനരീതിയിലൂടെ ("പുത്തെന്‍പക്ഷക്കാരന്‍റെയും പഴെനെലക്കാരന്‍റെയും എടെയിലുള്ള വേദാചോത്തിയങ്ങെള..."19) പഴയകൂറുകാരന്‍റെ ഉറച്ച നിലപാടുതറയിലേക്ക് പുത്തന്‍കൂറുകാരനെ അടുപ്പിക്കാനുള്ള യത്നമാണ് ഗ്രന്ഥത്തില്‍ കാണുന്നത്."20 വര്‍ത്തമാനപ്പുസ്തകമാകട്ടെ ഈ ഒന്നിപ്പിനു മതാധികാരവഴികളെ ആശ്രയിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിലങ്ങുതടിയാകുന്ന വിദേശമിഷണറിമാരുടെ ഇടപെടലുകളെ നിയന്ത്രിക്കുകയും മറികടക്കുകയുമെന്നതു തങ്ങളുടെ യാത്രാലക്ഷ്യങ്ങളിലൊന്നായി വര്‍ത്തമാനപ്പുസ്തകകാരനും സഹയാത്രികനും കരുതുന്നു. യാക്കോവായേക്കാരേരുടെ തുടമാനകര്‍ത്താവ് പുത്തന്‍കൂറുകാരനെ കുറ്റപ്പെടുത്തി മിഷണറിവേദത്തിനു പക്ഷംപിടിക്കുമ്പോള്‍ വൈദേശികരുടെ ഭരണത്തിലെ ദുര്‍ന്നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നു വര്‍ത്തമാനപ്പുസ്തകാരന്‍. "പുത്തന്‍കൂറ്റുകാര്‍ പുനരൈക്യത്തിനായി ശ്രമിച്ചപ്പോള്‍ മിഷണറിമാര്‍ അതിനെ എതിര്‍ത്തു. ഗോലിയാത്തിനെ നിഗ്രഹിച്ച ദാവീദിനെ അസൂയമൂത്തു കൊല്ലാന്‍ ശ്രമിച്ച ശ്ഓലിനോടാണ് ഇത്തരക്കാരെ പാറേമ്മാക്കല്‍ ഉപമിക്കുന്നത്."21 ഉദയമ്പേരൂര്‍ സൂനഹദോസിന്‍റെയും ലക്ഷ്യങ്ങളിലൊന്ന് ഐക്യമായിരുന്നു. എന്നാല്‍ ശരിയായ അറിവിന്‍റെയും ദര്‍ശനങ്ങളുടെയും അഭാവവും 'ആക്രമണോത്സുകമായ' തീക്ഷ്ണതയുംമൂലം മാര്‍ത്തോമ്മാനസ്രാണികളുടെ തദ്ദേശീയ സ്വത്വത്തെ വിഴുങ്ങുംമട്ടിലാണ് ഈ ഐക്യബോധം പ്രകടമായതും പ്രവര്‍ത്തിച്ചതും.
മാര്‍ഗ്ഗങ്ങളുടെ ഈ വ്യതിരിക്തത ബൈബിള്‍ ഉദ്ധരണികളുടെ തിരഞ്ഞെടുപ്പിലും പ്രയോഗത്തിലും പ്രകടമാണ്. പത്രോസിന്‍റെ അധികാരത്തെ സംബന്ധിച്ചു സംശയങ്ങളുള്ളവരാണ് ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളിലെ മാര്‍ത്തോമ്മാനസ്രാണികള്‍. ഈ സംശയങ്ങളെ ദൂരീകരിക്കാനും പത്രോസിന്‍റെയും റോമാ മാര്‍പ്പാപ്പായുടെയും അധികാരം ഉറപ്പിക്കാനുമാണ് കാനോനകളില്‍ "ആകാശരാജിതത്തിന്‍െററ താക്കൊലുകള്‍ നെനക്കു തരുവന്‍"22 എന്ന വേദഗ്രന്ഥ ഉദ്ധരണി ചേര്‍ത്തിരിക്കുന്നത്. ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മായുടെ ശ്ലൈഹികപാരമ്പര്യത്തിലൂന്നിയിരുന്ന ജനതയെന്ന നിലയില്‍ തദ്ദേശീയമായ ഭരണക്രമമടക്കം നിലനിര്‍ത്തിയിരുന്ന ഭാരതക്രൈസ്തവരെ 'പത്രോസിന്‍റെ നിയമ'ത്തിനു വിധേയരാക്കിത്തീര്‍ക്കുന്ന, ചരിത്രപരവും സാംസ്ക്കാരികവുമായ വലിയ പ്രസക്തിയുള്ള, പ്രക്രിയയുടെ ഭാഗമായി ബൈബിള്‍ മാറുകയാണിവിടെ.
മിഷണറിമാരുടെ ഈ വിശദീകരണദൗത്യത്തിന്‍റെ തുടര്‍ച്ച യാക്കോവായേക്കാരേരുടെ തുടമാനത്തില്‍ ദൃശ്യമാണ്. "മാര്‍ മത്തായിയുടേ അറീപ്പില്‍ 12-ാം സഹായില്‍ ശ്ലിഹമ്മാരുടേ മുന്‍മ്പാകേ മാര്‍ പതറോസിനോട മ്ശിഹാ അരുളിചെയ്തു ഈവണ്ണം കല്ല നീ ആകുന്നു ഇക്കല്ലുമേല്‍ എന്‍േററ പള്ളി ഞാന്‍ പണിചെയും നരകത്തിന്‍േററ വാതിലുകെള അതിന്ന വെലാപ്പെടുകാ ഇല്ലാ മോക്ഷത്തിന്‍േററ താക്കോല്‍ നെനക്ക ഞാന്‍ തരും പൂമിയില്‍ നീ കെട്ടും എന്‍റാ വസ്ത്തു ഒക്കേ മോക്ഷത്തില്‍ കെട്ടപ്പെട്ടതും പൂമിയില്‍ നീ അഴിക്കുന്നത ആകാശത്തില്‍ അഴിക്കപെട്ടതും അത ആകും"23 എന്ന വചനഭാഗത്തെ24 യാക്കോവായേക്കാരേരുടെ തുടമാനകാരന്‍ ഉദ്ധരിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. പത്രോസിന്‍റെ സവിശേഷാധികാരപദവിക്കു ദൃഷ്ടാന്തമായി "എന്‍േററ ആടുകെളേ നീ മേയിക്കാ"25 എന്ന ക്രിസ്തുവചനവും26 ഉദ്ധരിക്കുന്നു ഇദ്ദേഹം.
4. പ്രതിരോധം
പ്രതിരോധകവചമായി ബൈബിളിനെ ഉദ്ധരിക്കുന്ന ശൈലി ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളിലും വര്‍ത്തമാനപ്പുസ്തകത്തിലും യാക്കോവായേക്കാരേരുടെ തുടമാനത്തിലുമുണ്ട്. വിശ്വാസവിഷയങ്ങളിലെ പ്രതിരോധമാണ് ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളിലും യാക്കോവായേക്കാരേരുടെ തുടമാനത്തിലും ബൈബിള്‍ ഉദ്ധരണികളുടെ പ്രധാനലക്ഷ്യം. വിശ്വാസവിരുദ്ധരെ സൂക്ഷിക്കുകയും അകറ്റുകയും ചെയ്യണമെന്ന ഉദ്ബോധനത്തിന്‍റെ ഭാഗമായി യാക്കോവായേക്കാരേരുടെ തുടമാന കര്‍ത്താവ് ഉദ്ധരിക്കുന്ന ബൈബിള്‍ഭാഗങ്ങളുടെ സാമാന്യസ്വഭാവം ചുവടെയുള്ള ഉദാഹരണങ്ങളില്‍ വ്യക്തമാണ്:
"പഴേ: മാര്‍ മതായിയേടേ അറിയിപ്പില്‍ 5-ാം സഹായില്‍ മ്ശിഹാ അരുളിചെയ്തു അത ആയത ഇവണ്ണം കുഞ്ഞാട്ടിന്‍റേറ വേഷത്താലേ നിങ്ങടേ പക്കെല്‍ വരുന്നു എന്‍റാല്‍ ഉള്ളില്‍ നിന്‍റ പറിക്കുന്ന ചെന്നാകെള ആകുന്നു എന്‍റ കള്ളന്വ്യെന്‍മ്മാരില്‍ നിന്‍റ നിങ്ങള്‍ സൂക്ഷിപ്പിന്‍27 എന്‍റ ശുത്തമാനാപള്ളിയേ കേള്‍ക്കാത്തവെന്‍ കാവിയെനേപോലേ ചുന്‍കാക്കാരനേപോലേയും നെനക്ക അവെന്‍ ആകേട്ടേ28 എന്‍റും... വീണ്ടും 24-ാം സഹായില്‍ ഈവണ്ണം കള്ളന് വ്യേമാര... പുര്‍പ്പെടും കഴെലാപ്പെട്ടോരേകൂടേയും തട്ടിപ്പാന്‍ വശമാകുന്നാ പെരുമാപെട്ട അടെയാളങ്ങെള അവെര ചെയും29 എന്‍റും... പിന്നേ മാര്‍ പത്തറോസിന്‍റേറ രണ്ടാമത്തെ എങ്കര്‍ത്തായില്‍ 2-ാം സഹായില്‍ ഈവണ്ണം നശിപ്പാനുള്ള അനര്‍ത്തങ്ങള വശമാക്കുന്നാ കള്ളമല്‍പ്പാന്‍മ്മാര നിങ്ങടേ എടെയില്‍ ഉണ്ടായിരിക്കും30 എന്‍റും വീണ്ട മാര്‍ പാവലോസ തെതോസിന്ന എഴുതിയാ എങ്കര്‍ത്തായില്‍ 3-ാം സഹായില്‍ ഈവണ്ണം... ഒന്‍റ രണ്ടൂഴം അവെനേ നീ പോതിപ്പിക്കുന്നാ ശേഷത്തില്‍നിന്‍റ എടത്തൂട്ടുകാരന്‍ പുരുഷനില്‍നിന്‍റ നീ ഒഴികാ: ഈവണ്ണം ആകുന്നാ അവെന്‍ അരുണിക്കാപെട്ടോന്‍ ആകുന്നു അവന്‍ പെഴക്കുന്നു ഇവന്‍ അവെനേതന്നേ അവെന്‍ കടത്തെലാക്കി എന്‍റ അറിയുന്നോന്‍ നീ ആകാ31 എന്‍റും"32.
കാനോനകളില്‍ മിഷണറിമാരാല്‍ തങ്ങളുടെ അധികാരാധീശത്വത്തിനുള്ള മറയായും വര്‍ത്തമാനപ്പുസ്തകകാരനാല്‍ ഇതേ അധീശത്വത്തിനെതിരായ പ്രതിഷേധമായും ബൈബിള്‍ ഉദ്ധരിക്കപ്പെടുന്നു.
"ബൈബിള്‍ കഥാപാത്രങ്ങളും സംഭവങ്ങളും ഉദ്ധരണികളും വര്‍ത്തമാനപ്പുസ്തകം ഉപയോഗിക്കുന്നത് വ്യക്തമായ രാഷ്ട്രീയബോധത്തോടെയാണ്. മതകൊളോണിയലിസത്തിലെ അധിനിവേശകരും ഇരകളാക്കപ്പെടുന്ന അധീനരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ നാനാമുഖങ്ങളും തീവ്രതയും അനുഭവിപ്പിക്കാന്‍ സംബോധിതസമൂഹത്തിനു പരിചിതമായ മണ്ഡലത്തെ താരതമ്യലക്ഷ്യത്തോടെ കൃതിയില്‍ സന്നിവേശിപ്പിക്കുന്നു. വിദേശമതാധികാരികളും മിഷണറിമാരുമടക്കമുള്ള പൂര്‍വപക്ഷത്തെ അവതരിപ്പിക്കുന്നത് ബൈബിളിലെ ദുഷ്ടകഥാപാത്രങ്ങളുടെ മാതൃകയിലാണ്. തദ്ദേശീയരാകട്ടെ, സഹനപര്‍വങ്ങളിലൂടെ കടന്നുപോയ പൂര്‍വപിതാക്കള്‍ക്കു സമശീര്‍ഷരുമാകുന്നു. ബൈബിള്‍ സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുത്തെഴുതി അന്തിമവിജയം നന്മയുടെ പക്ഷത്തുള്ള സമുദായത്തിനായിരിക്കുമെന്നു ഗ്രന്ഥകാരന്‍ ആവര്‍ത്തിക്കുന്നുണ്ട്."33
ഒരു ഖണ്ഡമാകെ നീളുന്ന വിപുലചര്‍ച്ചയാണ് രൂപങ്ങളുടെ നിര്‍മ്മാണം, വണക്കം എന്നിവ സംബന്ധിച്ചു യാക്കോവായേക്കാരേരുടെ തുടമാനത്തിലുള്ളത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ നിഖ്യാ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, ത്രെന്തോസ് സൂനഹദോസുകളെയൊക്കെ ഉദ്ധരിക്കുമ്പോഴും34 ഉദയമ്പേരൂര്‍ സൂനഹദോസിനെപ്പറ്റി യാക്കോവായേക്കാരേരുടെ തുടമാനത്തിന്‍റെ രചയിതാവു പുലര്‍ത്തുന്ന രാഷ്ട്രീയജാഗ്രതയുള്ള മൗനവും ശ്രദ്ധേയമാണ്.
5. തദ്ദേശീയത
വിവര്‍ത്തനത്തിന്‍റെ തദ്ദേശീയശൈലികളെ കൈയൊഴിയാന്‍ നിര്‍ബന്ധിക്കുകയും കര്‍ശന നിര്‍ദ്ദേശങ്ങളേകുകയും ചെയ്യുന്ന ഉദയമ്പേരൂര്‍ സൂനഹദോസ്35 ബൈബിള്‍ പാരമ്പര്യത്തിന്‍റെയും പരിചിതവഴികളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഭിന്നബൈബിള്‍പാരമ്പര്യങ്ങളില്‍36 മാര്‍ത്തോമ്മാനസ്രാണികളും കിഴക്കന്‍സഭകളും പിന്തുടര്‍ന്നിരുന്ന ക്രമത്തെ (പ്ശീത്താ) ലത്തീന്‍ സഭയുടെ ബൈബിള്‍ പാരമ്പര്യത്തിന് (വുള്‍ഗാത്ത) അനുരൂപമാക്കാനുള്ള ശ്രമം ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളിലുണ്ട്. മാര്‍ത്തോമ്മാനസ്രാണികളുടെമേല്‍ നെസ്തോറിയനിസം ആരോപിച്ച് അവരുടെ മതഗ്രന്ഥങ്ങളിലെല്ലാം തിരുത്തുകള്‍ നിര്‍ദ്ദേശിക്കുന്ന സൂനഹദോസ് ബൈബിളില്‍ വരുത്തേണ്ട തിരുത്തലുകള്‍ക്കു മാനദണ്ഡമാക്കുന്നതു ലത്തീന്‍ പാരമ്പര്യത്തിലുള്ള ബൈബിളിനെയാണ്. പാഠഭേദങ്ങളെ അവഗണിക്കുന്നത് ഇന്നിന്‍റെ യുക്തിയല്ല. എന്നാല്‍ സൂനഹദോസിന്‍റെ രണ്ടാം മൗത്വാ രണ്ടാം യോഗവിചാരത്തിലെ രണ്ടാം കല്പന ആരംഭിക്കുന്നതുതന്നെ "തമ്പുരാന്‍െററ പുത്തെന്‍ ശാസ്ത്രത്തിലെ സുറിയാനി പുസ്തത്തില്‍ സാക്ഷാല്‍ എഴുത്തുപെട്ടവുത്താല്‍ ചെല വസ്തുക്കള്‍ ഇല്ല"37 എന്ന പ്രസ്താവനയോടെയാണ്. ഇതിന്‍റെ തുടര്‍ച്ചയിലാണ് "എഴുപത്തു രണ്ടണ്ടശിഷ്യെരെ തംപുരാന്‍ കഴലപ്പെടുത്തി എന്ന എല്ലാ പാഷയിലും എഴുത്തുപ്പട്ടവണ്ണം ഇല്ല; എഴുപത എന്നെ ഒള്ളു"38 എന്ന പരാമര്‍ശമുള്ളത്. ഇതേ കല്പനയില്‍ പരാമര്‍ശിക്കുന്ന ഈ വചനമടക്കമുള്ള തിരുത്തലുകള്‍ ബൈബിളിന്‍റെ പ്രാദേശികമായി അംഗീകരിക്കപ്പെട്ട പാഠത്തിന്മേലും പാരമ്പര്യത്തിന്മേലുമുള്ള കടന്നുകയറ്റമാണ്.
ദേവാലയങ്ങളില്‍ രൂപങ്ങള്‍ നിര്‍മ്മിക്കേണ്ടതു സംബന്ധിച്ച ചര്‍ച്ച ഉദയമ്പേരൂര്‍ സൂനഹദോസിലും യാക്കോവായേക്കാരേരുടെ തുടമാനത്തിലുമുണ്ട്. മാര്‍ത്തോമ്മാനസ്രാണികളുടെ പാരമ്പര്യങ്ങളെയും വിശ്വാസാചാരങ്ങളെയും പാശ്ചാത്യവത്ക്കരിക്കാന്‍ വേദഗ്രന്ഥഭാഗങ്ങളെ കൂട്ടുപിടിക്കുന്ന സൂനഹദോസിന്‍റെ തന്ത്രം മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അധ്യായം മുപ്പതാം വാക്യത്തിന്‍റെ ഉദ്ധൃതസാഹചര്യം പരിഗണിച്ചാല്‍ വ്യക്തമാകും. രൂപങ്ങള്‍ വച്ചാരാധിക്കുന്ന പതിവ് ഇവിടെ ക്രൈസ്തവര്‍ക്കില്ലായിരുന്നു; മാത്രമല്ല ആ ആരാധനസമ്പ്രദായത്തെ മറ്റു മതപാരമ്പര്യങ്ങളുടെ ഭാഗമായിക്കരുതി അകലം പാലിക്കാനും അവര്‍ ശ്രമിച്ചിരുന്നു. രൂപങ്ങള്‍ നിര്‍മിച്ചാരാധിക്കുന്ന ശൈലിക്ക് ഇവിടെ തുടക്കമാകുന്നത് ഉദയമ്പേരുര്‍ സൂനഹദോസോടെയാണ്. ഇതു സംബന്ധിച്ചു മാര്‍ത്തോമ്മാനസ്രാണികള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്ക തിരിച്ചറിയുന്ന സൂനഹദോസ് വേദവാക്യമുദ്ധരിച്ച് തങ്ങളുടെ നയത്തിന് ഉറപ്പേകുന്നു. രണ്ടാം മൌത്വാ രണ്ടാം കൂടിവിചാരം രണ്ടാം കല്പനയില്‍, "കാവ്യര തങ്ങടെ ഭഗവതികളെയും ദെവന്‍മ്മാരെയും വച്ച അതുംമെല്‍ ശരണപ്പെട്ട വിശ്വസിച്ച ആശരിക്കുന്നു എന്നപൊലെ അല്ല നാം പുണ്യവാളരുടെ രൂപങ്ങള്‍ ആശരിക്കുന്നു"39 എന്നു വ്യക്തമായി പറഞ്ഞ് ആശങ്കയകറ്റിയശേഷം "മിശിഹാടെ രൂപം മിശിഹാനെ നമുക്കു കാട്ടുന്നു എന്നതിനെക്കൊണ്ടും മാര്‍ സ്ലീവാ കുരിശുംമെല്‍ തൂങ്ങപ്പെട്ട കര്‍ത്താവിനെ നമുക്കു കാട്ടുന്നതിനെക്കൊണ്ടും മിശിഹാകര്‍ത്താവിനെ വന്ദിക്കെണ്ടുംവണ്ണം താന്‍െററ രൂപത്തെയും മാര്‍ സ്ലീവായയും വന്ദിക്കണം. മര്‍ത്തമറിയത്തുംമായയും പുണ്യവാളരെയും വന്ദിക്കുംവണ്ണം അവരുടെ രൂപങ്ങളയും വന്ദിക്കണം" എന്നു പഠിപ്പിക്കുന്നു. ഇതിന് ഉപോദ്ബലകമായി "മിശിഹാകര്‍ത്താവ മത്തായിയുടെ അറിയിപ്പില്‍ അരുളി ചൈതു" എന്ന മുഖവുരയോടെ "മാര്‍ സ്ലീവായെ ചൊദ്യത്തിനുടെ ദിവസത്തില്‍ എല്ലാവര്‍ക്കും എടവിദാനത്തുംകല്‍ കാണ്മാറാകും"40 എന്ന ബൈബിള്‍ തര്‍ജ്ജമയും ചേര്‍ക്കുന്നു.
താരതമ്യാപഗ്രഥനത്തില്‍ ഈ വാക്യത്തിന്‍റെ വിവര്‍ത്തനസ്വരൂപം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. മറ്റു ബൈബിള്‍ തര്‍ജ്ജമകളെല്ലാം 'മനുഷ്യപുത്രന്‍റെ അടയാളം' എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്ന സ്ഥാനത്ത് ഉദയമ്പേരൂര്‍ സൂനഹദോസ് മാത്രം 'മാര്‍ സ്ലീവാ' എന്നാണു ചേര്‍ക്കുന്നത്. 'കുരിശ്' എന്നതിനു സമാന്തരമായി സുറിയാനിയില്‍ ഉപയോഗിക്കുന്ന പദമാണു 'സ്ലീവാ'. കുരിശില്‍ തറയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥമുള്ള ഈ പദം 'സ്ല്വ്' എന്ന ക്രിയാപദത്തില്‍ നിന്നുത്ഭവിക്കുന്നതാണ്. ഉത്ഥിതനായ മിശിഹായുടെ പ്രതീകമെന്ന നിലയില്‍ സ്ലീവാ പൗരസ്ത്യ സഭകളില്‍ വണങ്ങപ്പെടുന്നു.41 പാശ്ചാത്യ സഭകളില്‍നിന്നു വിഭിന്നമായി ക്രൂശിതനു പകരം ഉത്ഥിതനില്‍ ആരാധന കേന്ദ്രീകരിക്കുന്നതാണു പൗരസ്ത്യ ദൈവശാസ്ത്രം. ദൈവശാസ്ത്രപരമായ ഈ വീക്ഷണവ്യതിയാനത്തെ സൂക്ഷ്മമായി തുടച്ചുനീക്കാന്‍ വഴിയൊരുക്കുന്നുണ്ട് മുകളില്‍ സൂചിപ്പിച്ച കാനോന. സ്ലീവാ എന്ന പദമുള്‍ച്ചേര്‍ത്ത വേദവാക്യത്തെ കൂട്ടുപിടിച്ച് പാശ്ചാത്യ മാതൃകയിലുള്ള രൂപങ്ങള്‍ക്കു ദേവാലയങ്ങളില്‍ പ്രവേശനവും ഇടവും ഉറപ്പിക്കുകയാണു സൂനഹദോസ്. പാശ്ചാത്യ ശില്പകലയുടെയും വാസ്തുവിദ്യയുടെയും ആകര്‍ഷകത്വം ദേവാലയങ്ങള്‍ക്കു കൈവരാന്‍ ഇതിടയാക്കിക്കിയെങ്കിലും സ്ലീവായുടെ സ്ഥാനങ്ങളില്‍ പാശ്ചാത്യ ശൈലിയിലെ ക്രൂശിതരൂപങ്ങളും മറ്റു രൂപങ്ങളും നിറയ്ക്കാനും ദൈവശാസ്ത്രപരമായ ഒരു വ്യതിരിക്തതയെ നീക്കിക്കളയാനും ഇതുവഴി സൂനഹദോസിനു കഴിഞ്ഞു.
'എടവിദാനം' (ഇടവിതാനം) മറ്റു തര്‍ജ്ജമകളിലെല്ലാം ആകാശമായി മാറുന്നതിനെ സ്വാധീനിച്ച ഭാഷാ, സാംസ്ക്കാരിക ഘടകങ്ങളും പരിശോധിക്കാവുന്നതാണ്. വിശ്വാസവിഷയങ്ങളിലെ സൂക്ഷ്മത സൂനഹദോസിനു സുപ്രധാനമാണ്. സൂനഹദോസ് കാനോനകളില്‍ ആകാശം എന്ന പദം ഉപയോഗിച്ചിരുക്കുന്നത് സ്വര്‍ഗ്ഗത്തെക്കുറിക്കാനാണ്. ഒലമ്ലിഹ്യ ടമഹ്മശേീി (മെഹൗെ രമലഹലശെേെ) 'ആകാശമൊക്ഷ'മാകുമ്പോള്‍ പത്രോസിനു മിശിഹാ നല്കുന്ന വാഗ്ദാനം "ആകാശരാജിതത്തിന്‍െററ താക്കൊലുകള്‍ നെനക്കു തരുവന്‍" എന്നതാണ്. 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളില്‍ സൂചിതമാകുന്നത് 'ആകാശങ്ങളില്‍ ഇരിക്കുന്ന...' എന്നാണുതാനും. സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കുമിടയില്‍ മനുഷ്യനു ദൃഷ്ടിഗോചരമായ ഇടത്തെക്കുറിക്കാനാണ് എടവിതാനം എന്ന സൂക്ഷ്മമായ പദതിരഞ്ഞെടുപ്പ് ഇവിടെ സാധിച്ചിരിക്കുന്നത്. ദൈവശാസ്ത്രപ്രതിപാദനങ്ങളില്‍ മിഷണറിമാര്‍ പുലര്‍ത്തിയ ഭാഷാസൂക്ഷ്മതയുടെ തെളിവായി ഇതിനെ മനസ്സിലാക്കണം.
എത്രയൊക്കെ ശാഠ്യങ്ങള്‍ പുലര്‍ത്തിയാലും സൂക്ഷ്മ വിടവുകളിലൂടെ ലക്ഷ്യസമൂഹത്തിന്‍റെ സാംസ്ക്കാരിക മുദ്രകളും ഭാഷാശൈലികളും തര്‍ജ്ജമകളില്‍ നുഴഞ്ഞുകയറുകതന്നെ ചെയ്യുമെന്നതിനും കാനോനകളില്‍ത്തന്നെ ഉദാഹരണങ്ങളുണ്ട്. യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം പതിനാലാം വാക്യത്തെ മുന്‍നിര്‍ത്തി ഇതു വ്യക്തമാക്കാം. ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകളില്‍ ഈ വാക്യം "വചനം മാംസമായി നമ്മില്‍ കുടിഇരുന്നു"42 എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. റമ്പാന്‍ ബൈബിളില്‍ ഇതേ വാചകം "വചനം മാംസം അതായി നമ്മില്‍ അത ആവാസിച്ചൂ" എന്നും ബെയ്ലി ബൈബിളില്‍ "വചനം ജഡമായി ഭവിച്ചു നമ്മുടെ ഇടയില്‍ കൃപകൊണ്ടും സത്യംകൊണ്ടും പരിപൂര്‍ണ്ണമായി വസിക്കയും ചെയ്തു" എന്നുമാണു പ്രത്യക്ഷപ്പെടുന്നത്. ഗുണ്ടര്‍ട്ടു ബൈബിളിലെത്തുമ്പോള്‍ "വചനം ജഡമായി ചമഞ്ഞു കൃപയും സത്യവുംകൊണ്ടു പൂര്‍ണ്ണനായി നമ്മില്‍ കുടിപാര്‍ത്തു" എന്നാകുന്ന ഈ വചനം സത്യവേദപുസ്തകത്തില്‍ "വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു" എന്നും പി.ഒ.സി. ബൈബിളില്‍ "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു"എന്നുമുള്ള രൂപങ്ങളാര്‍ജ്ജിക്കുന്നു. മൂലഭാഷകളോടുള്ള ഐക്യം സുപ്രധാനമെന്ന കാഴ്ചപ്പാടില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട പഠനബൈബിളിലാകട്ടെ "വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു" എന്നതാണു വിവര്‍ത്തിതരൂപം. കൂടാരമെന്നര്‍ത്ഥമുള്ള 'എസ്കെനോസെന്‍' എന്ന ഗ്രീക്കുപദമാണു മൂലരൂപം. മൂലത്തോടുള്ള വിശ്വസ്തത അളക്കുകയല്ല, മൂലകൃതിയിലെ പദത്തിന് ആ സംസ്ക്കാരത്തിലുള്ള പ്രാധാന്യത്തെ പരിഗണിക്കുകയാണിവിടെ. ബൈബിളെഴുതപ്പെട്ട യഹൂദസംസ്ക്കാരത്തില്‍ കൂടാരമടിക്കല്‍ സാംസ്ക്കാരികവും ചരിത്രപരവുമായ വലിയ വിവക്ഷകളുള്ള പദമാണ്. നാല്പതാണ്ടുകള്‍ നീണ്ട പുറപ്പാടിന്‍റെ സ്മൃതികള്‍ പേറുന്ന യഹൂദര്‍ക്കു കൂടാരം ദൈവസാന്നിധ്യത്തിന്‍റെ പ്രതീകം തന്നെയാണ്.43 ക്രിസ്തുവിനെ മനുഷ്യര്‍ക്കിടയില്‍ അവതരിച്ച ദൈവസാന്നിധ്യമെന്നു വിശേഷിപ്പിക്കാന്‍ യോഹന്നാന്‍ ഉപയോഗിക്കുന്ന സൂചകമാണ് "കൂടാരമടിച്ചു" എന്ന പ്രയോഗം. കൂടാരമടിക്കല്‍ കുടിയിരിക്കലായും ആവാസമായും കുടിപാര്‍ക്കലായുമൊക്കെ പരിഭാഷപ്പെടുമ്പോള്‍ സാംസ്ക്കാരികമായ ഊന്നലുകളിലും മാറ്റങ്ങളുണ്ടാകുന്നു. കുടിയിരിക്കല്‍ മലയാളിയുടെ ഭാഷാശൈലിയാണെങ്കില്‍ കൂടാരമടിക്കലെന്ന ഭാഷാവ്യവഹാരത്തില്‍ യഹൂദന്‍റെ സാംസ്ക്കാരിക ജീവിതത്തിന്‍റെ മുദ്രകളുണ്ട്.
ഉപസംഹാരം
മതസാഹിത്യഗ്രന്ഥങ്ങളില്‍ ബൈബിളിനു കൈവന്ന പ്രചാരം അതുല്യമാണ്. തദ്ദേശീയഭാഷകളിലേക്കു ബൈബിള്‍ സംക്രമിച്ചപ്പോള്‍ ആ ഭാഷകളുടെ യുക്തികളെപ്പോലും നിയന്ത്രിക്കുവാന്‍ തക്ക മേല്ക്കൈ ഈ ഗ്രന്ഥം നേടിയെടുത്തതിനു ചരിത്രത്തില്‍ തെളിവുകള്‍ ഒട്ടനവധിയുണ്ട്. മലയാളത്തിലും സ്ഥിതി ഭിന്നമല്ല. ഭാഷയിലും സാഹിത്യത്തിലും ബൈബിള്‍ ചെലുത്തിയ സ്വാധീനം ഏറെ പഠിക്കപ്പെട്ടിട്ടുണ്ടന്നു മാത്രമല്ല ഇന്നും തുടര്‍ച്ചകളതിന് ഉണ്ടാകുന്നുമുണ്ട്. ബൈബിള്‍ തര്‍ജ്ജമയുടെ മലയാളവഴികളില്‍ സാംസ്ക്കാരികമായ ഒരു വിശകലനത്തിനുള്ള ഉദ്യമമാണ് ഈ പ്രബന്ധം. മലയാളത്തില്‍ ലഭ്യമായ പുരാതന ക്രൈസ്തവരേഖകളില്‍ ശ്രദ്ധേയങ്ങളായ ഉദയമ്പേരൂര്‍ സൂനഹദോസ് കാനോനകള്‍, വര്‍ത്തമാനപ്പുസ്തകം, യാക്കോവായേക്കാരേരുടെ തുടമാനം എന്നിവയിലെ ബൈബിള്‍ ഉദ്ധരണികളെ സാംസ്ക്കാരികാപഗ്രഥനത്തിനു വിഷയമാക്കി ചില പുതുനോട്ടങ്ങള്‍ സാധ്യമാക്കുകയാണിവിടെ. ഉദ്ധരിക്കപ്പെടുന്നത് ഒരേ കൃതിയില്‍ നിന്നെങ്കിലും ഉദ്ധൃതസാഹചര്യങ്ങളും അവയുടെ ലക്ഷ്യങ്ങളും ഭിന്നമാണ്. മതഗ്രന്ഥം രാഷ്ട്രീയസ്വഭാവമാര്‍ജ്ജിക്കുന്നതിന്‍റെ സൂചനകളിവിടെ സുലഭമാണ്. അധികാരാര്‍ജ്ജനത്തിനുള്ള ഉപാധിയായും പ്രതിരോധത്തിനുള്ള ഉപകരണമായും ഒരേ കൃതി ഉപയുക്തമാക്കപ്പെടുന്നു. ആധിപത്യത്തിനായുധമാകുന്ന കൃതിതന്നെ സമാശ്വാസകേന്ദ്രമായും ഭവിക്കുന്നു. വൈദേശികമായ കൃതി അധികാരത്തിന്‍റെ കര്‍ക്കശനിയന്ത്രണങ്ങള്‍ക്കിടയിലും തദ്ദേശീയതയെ പുണരുന്നതിന്‍റെ ദൃശ്യങ്ങളും ഈ പഠനവഴികളില്‍ തെളിയുന്നു.
കുറിപ്പുകള്‍
2. രള. ഠീാെ ഖീലെുവ, ഠൃമിഹെമശേീി, കാമഴശിമശേീി മിറ ജീഹശശേരെ: ഠവല ആശയഹല ഠൃമിഹെമശേീിെ ശി വേല അരേെ മിറ ഉലരൃലലെ ീള ട്യിീറ ീള ഉശമാുലൃ, ങമഹമ്യമഹമാ ഘശലേൃമൃ്യ ടൗൃ്ല്യ, ഢീഹ. 43, കൗലൈ 2, അുൃശഹ ഖൗില 2023, ു 19 20.
3. മാന്നാനം സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആര്‍ക്കൈവ്സിലെ ങട ങമിിമിമാ ട്യൃശമര 74 എന്ന കൈയെഴുത്താണ് വേദതര്‍ക്കമെന്ന കൃതിയുടേതായി കരുതപ്പെടുന്ന കണ്ടുകിട്ടിയിട്ടുള്ള സുപ്രധാന മൂലപാഠം. സുറിയാനിമലയാളത്തിലുള്ള ഈ രേഖയുടെ ഒരു ഭാഗം മലയാളലിപിയിലേക്കു പകര്‍ത്തി, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക എന്ന പേരില്‍, പ്രസാധനം സാധ്യമാക്കിയ എമ്മാനുവല്‍ ആട്ടേല്‍ കരിയാറ്റി യൗസേപ്പുമല്പാനെ വേദതര്‍ക്കത്തിന്‍റെ രചയിതാവായി കരുതി. മാന്നാനം രേഖയോടൊപ്പം ചേര്‍ത്തിരിക്കുന്ന ഇമലേരവശാെ ീള ഉൃ. ഖീലെുവ ഇമൃശമശേേ ംശവേ വേല മുുൃീ്മഹ ഹലലേേൃ ീള ആശവെീു എഹീൃലിരല ശി ഗമൃീിെ ശല: ശി ങമഹമ്യമഹമാ ംൃശലേേി ശി ഇവമഹറലമി രവമൃമരലേൃെ എന്നു മുദ്രണം ചെയ്തിട്ടുള്ള കടലാസിനെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ നിഗമനം. ജൂതനും മുസ്ലീമും കാവ്യനും ക്രിസ്ത്യാനിയും തമ്മില്‍ നടത്തുന്ന വേദാധിഷ്ഠിതവാദം, യാക്കോവായേക്കാരേരുടെ തുടമാനം, പുത്തന്‍കൂറ്റുകാരോടു പറയുവാനുള്ള ചോദ്യോത്തരങ്ങള്‍ എന്നിങ്ങനെ മൂന്നു പ്രബന്ധങ്ങളുള്ള ഈ രേഖയുടെ ആദ്യ രണ്ടു ഭാഗങ്ങളുടെ കര്‍ത്താവായാണ് കരിയാറ്റിയെ എമ്മാനുവല്‍ ആട്ടേല്‍ പരിഗണിക്കുന്നത്. ഈ രേഖയുടെ അന്ത്യഭാഗത്തുള്ള പ്രബന്ധത്തിന്‍റെ കര്‍ത്താവ് അന്നത്തെ വികാരി അപ്പസ്തോലിക്കാ ആയിരുന്ന ഫ്ളോറന്‍സ് മെത്രാപ്പോലീത്തായാണെന്നു പാഠാരംഭത്തിലുള്ള പെന്‍സില്‍ കുറിപ്പിനെ ആധാരമാക്കി അദ്ദേഹം പ്രസ്താവിക്കുന്നു.
എന്നാല്‍ ങട ങമിിമിമാ ട്യൃശമര 74 നാലു വ്യത്യസ്ത രചയിതാക്കളാല്‍ വിരചിതമായ നാലു വ്യത്യസ്ത കൃതികളുടെ സമാഹാരമാണെന്നാണ് ചില പില്ക്കാല പഠിതാക്കളുടെ മതം. ഇതില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് യാക്കോവായേക്കാരേരുടെ തുടമാനം ആകുന്നത് ഇത്, വേദതര്‍ക്കം - സകല ഞായ നന്‍മ്മ മുന്‍പിലത്തെ തര്‍ക്കം ഇത് എന്നീ തലക്കെട്ടുകളിലുള്ള പ്രബന്ധങ്ങള്‍ കാണുന്നത്. വേദതര്‍ക്കം - സകല ഞായ നന്‍മ്മ മുന്‍പിലത്തെ തര്‍ക്കം ഇത് എന്ന പ്രബന്ധത്തിന്‍റെ രചയിതാവായി കരിയാറ്റി മല്പാനെ കരുതാമെങ്കിലും എമ്മാനുവല്‍ ആട്ടേലിന്‍റെ ഗ്രന്ഥത്തിനു വിഷയീഭവിച്ചിരിക്കുന്ന യാക്കോവായേക്കാരേരുടെ തുടമാനം ആകുന്നത് ഇത് എന്ന പ്രബന്ധത്തിന്‍റെ കര്‍ത്താവിനെ സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്ക്കുന്നു.
4. സ്കറിയാ സക്കറിയ, സംവേദനവും മലയാളവും, മലയാള വഴികള്‍ - 1 സ്കറിയാ സക്കറിയയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, എസ്.പി.സി.എസ്.: കോട്ടയം, 2019, പു. 68.
5. പ്ലേറ്റോ, തെയിറ്റീറ്റസ്, രാജേന്ദ്രന്‍, ഡി. (വിവ.), കേരള സാഹിത്യ അക്കാദമി: തൃശൂര്‍, 2011, പു. 9.
6. "ഉടയതമ്പുരാന്‍ മനഗുണം ചെയ്ത ഞങ്ങളുടെ ജാതിയുടെ കണ്ണുതുറക്കുമ്പൊള്‍ പണ്ടൊരിക്കല്‍ അത്തല്യാ എന്ന ദുഷ്ടസ്ത്രീക്കു അനുഭവിച്ചപൊലെ നിനക്കും വന്നു സംഭവിപ്പാന്‍ പൊരും"ڈ - പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍, വര്‍ത്തമാനപ്പുസ്തകം, ഛകഞടക: കോട്ടയം, 1989, പു. 405.
7. രള. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, ജോസഫ് പുതുക്കുളങ്ങര, വേദപുസ്തകം വര്‍ത്തമാനപ്പുസ്തകത്തില്‍, ഛകഞടക: കോട്ടയം, 2011, പു. 94 - 95.
8. രള. എം. സന്തോഷ്, ആധുനികഗദ്യരൂപീകരണത്തില്‍ മിഷണറിമാരുടെ സംഭാവനകള്‍, മിഷണറിഭാഷാശാസ്ത്രം, എം. ശ്രീനാഥന്‍ (ചീഫ് എഡി.), തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: തിരൂര്‍, 2017, പു. 227 - 236.
9. പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍, വര്‍ത്തമാനപ്പുസ്തകം, ഛകഞടക: കോട്ടയം, 1989, പു. 202.
10. പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍, വര്‍ത്തമാനപ്പുസ്തകം, ഛകഞടക: കോട്ടയം, 1989, പു. 356.
11. രള. ജോസ് ജോര്‍ജ്, യാത്രാസാഹിത്യവും എഴുത്തുപ്രമാണങ്ങളും, ചെങ്ങഴി, വാല്യം 1, ലക്കം 10, ജൂലൈ - ഡിസംബര്‍ 2023, പു. 70 - 72.
12 പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍, വര്‍ത്തമാനപ്പുസ്തകം, ഛകഞടക: കോട്ടയം, 1989, പു. 454 - 455.
13. നട. 27, 1 - 44.
14. ജോസ് ജോര്‍ജ്, വര്‍ത്തമാനപ്പുസ്തകം: കര്‍ത്തൃത്വരൂപീകരണത്തിന്‍റെ പ്രശ്നങ്ങള്‍ (ജവഉ ഠവലശെെ), മഹാത്മാഗാന്ധി സര്‍വകലാശാല: കോട്ടയം, പു. 89.
15 ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, ജോസഫ് പുതുക്കുളങ്ങര, വേദപുസ്തകം വര്‍ത്തമാനപ്പുസ്തകത്തില്‍, ഛകഞടക: കോട്ടയം, 2011, പു. 87 - 88.
16. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 55.
17. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 71.
18. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 16.
19. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 52.
20. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 47.
21. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, ജോസഫ് പുതുക്കുളങ്ങര, വേദപുസ്തകം വര്‍ത്തമാനപ്പുസ്തകത്തില്‍, ഛകഞടക: കോട്ടയം, 2011, പു. 94.
22. സ്കറിയാ സക്കറിയ (എഡി.), ഉദയമ്പേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്: ഇടമറ്റം, 1998, പു. 138.
23. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 77.
24. മത്താ. 16, 18 - 20.
25. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 78.
26. യോഹ. 21, 15 - 18.
27. മത്താ. 7, 15 - 16.
28. മത്താ. 18, 17.
29. മത്താ. 24, 24.
30. 2 പത്രോ. 2, 1.
31. തീത്തോ. 3, 10 - 11.
32. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 56 - 57.
33. ജോസ് ജോര്‍ജ്, വര്‍ത്തമാനപ്പുസ്തകം: കര്‍ത്തൃത്വരൂപീകരണത്തിന്‍റെ പ്രശ്നങ്ങള്‍ (ജവഉ ഠവലശെെ), മഹാത്മഗാന്ധി സര്‍വകലാശാല: കോട്ടയം, പു. 89.
34. എമ്മാനുവല്‍ ആട്ടേല്‍, വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം, 2010, പു. 127.
35. സ്വതന്ത്രവിവര്‍ത്തനത്തില്‍നിന്നു മൂല-ലക്ഷ്യ പാഠങ്ങളുടെ സമമൂല്യതയിലേക്കുള്ള നയമാറ്റം ഇവിടെ നിര്‍ദ്ദേശിക്കുന്നു. ബൈബിള്‍ വിവര്‍ത്തനങ്ങളിലൂടെയാണു പദാനുപദ വിവര്‍ത്തനശൈലി മലയാളത്തില്‍ പ്രചരിച്ചുറയ്ക്കുന്നത്. സവിശേഷ സാംസ്ക്കാരികപരിസരങ്ങളിലും ഭാഷാസന്ദര്‍ഭങ്ങളിലും രൂപമെടുത്ത മൂലകൃതിയെ തത്തുല്യമായ പദങ്ങളില്‍ മറ്റു ഭാഷകളിലേക്കു പകര്‍ത്തണമെന്ന ശാഠ്യം ബൈബിള്‍ തര്‍ജ്ജമകളെ ഏറെ സ്വാധീനിച്ചിരുന്നു. വിവര്‍ത്തനത്തിലെ സാംസ്ക്കാരികാനുരൂപണത്തിന്‍റെ സാധ്യതകളും വാതിലുകളും കൊട്ടിയടയ്ക്കപ്പെടുകയാണിവിടെ.
36. "ഠവല ളശൃെേ ൃമേിഹെമശേീി ീള വേല ആശയഹല ല്ലൃ ാമറല ംമെ വേല ീില ളൃീാ ഒലയൃലം ീേ ഏൃലലസ (ടലുൗമേഴശിേ, ര.3ൃറ രലിൗൃ്യേ ആഇ). ഠംീ ീവേലൃ ലമൃഹ്യ ൃമേിഹെമശേീിെ ംലൃല വേല ജലവെശമേേ (ാലമിശിഴ څശൊുഹലچ) ശി ട്യൃശമര മിറ വേല ഢൗഹഴമലേ ശി ഘമശേി. ഠവലലെ വേൃലല ൃമേിഹെമശേീിെ, വേല ടലുൗമേഴശിേ, ജലവെശമേേ മിറ ഢൗഹഴമലേ യലരമാല വേല ീളളശരശമഹ ൃമേിഹെമശേീിെ ീള വേല ആശയഹല ളീൃ വേല ഏൃലലസ, ട്യൃശമര മിറ ഘമശേി ുലെമസശിഴ രവൗൃരവലെ ൃലുലെരശ്ലേഹ്യ.ڈ അിറൃലംെ ങലസസമൗസേേൗിിലഹ (ലറ.), ങമൃ ഠവീാമ ങമൃഴമാ: ഠവല ഋരരഹലശെമഹ ഒലൃശമേഴല ീള ടേ ഠവീാമെ ഇവൃശശെേമിെ, ഛകഞടക: ഗീമ്യേേമാ, 2012, ു. 23.
37. സ്കറിയാ സക്കറിയ (എഡി.), ഉദയമ്പേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്: ഇടമറ്റം, 1998, പു. 129.
38. ലൂക്കാ 10, 1.
39. സ്കറിയാ സക്കറിയ (എഡി.), ഉദയമ്പേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്: ഇടമറ്റം, 1998, പു. 127.
40. മത്തായി 24, 30.
41. രള. ജോസഫ് കല്ലറങ്ങാട്ട്, ദൈവശാസ്ത്ര നിഘണ്ടു, ഛകഞടക: കോട്ടയം,1996, പു.648-649.
42. സ്കറിയാ സക്കറിയ (എഡി.), ഉദയമ്പേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്: ഇടമറ്റം, 1998, പു. 123.
43. പാളയത്തിനു പുറത്ത്ڋഅകലെയായി മോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു. അവന്‍ അതിനെ സമാഗമകൂടാരമെന്നു വിളിച്ചു. കര്‍ത്താവിന്‍റെ ഹിതം അറിയാന്‍ ആഗ്രഹിച്ചവരൊക്കെ പാളയത്തിനു വെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു.چ- പുറപ്പാട്ڋ33, 7. അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണം ചെയ്തു. കര്‍ത്താവിന്‍റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്‍െറ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.چ- പുറപ്പാട്ڋ40, 34-35.
ഗ്രന്ഥസൂചി:
എമ്മാനുവല്‍ ആട്ടേല്‍ 2010 വേദതര്‍ക്കത്തിന്‍റെ ഭാഷാശാസ്ത്രഭൂമിക, കാര്‍മല്‍ പബ്ലിഷിങ് ഹൗസ്: തിരുവനന്തപുരം.
കൃഷ്ണന്‍കുട്ടി, കെ.പി. 2019 വിവര്‍ത്തനത്തിന്‍റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്‍റെ വിവര്‍ത്തനവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: തിരുവനന്തപുരം.
ജയാസുകുമാരന്‍ 2011 ബംഗാളി നോവലുകള്‍ മലയാളത്തില്‍: വിവര്‍ത്തനപഠനത്തിന്‍റെ സിദ്ധാന്തവും പ്രയോഗവും, താരതമ്യ പഠനസംഘം: ചങ്ങനാശ്ശേരി.
തമ്പി, റോസി 2009 ബൈബിളും മലയാളവും, ക്രൈസ്തവ സാഹിത്യസമിതി: തിരുവല്ല.
തോമ്മാ, ബര്‍ണാര്‍ദ് 1992 മാര്‍തോമ്മാക്രിസ്ത്യാനികള്‍, പെല്ലിശ്ശേരി പബ്ലിക്കേഷന്‍സ്: കോട്ടയം.
തോമസ്, പി.ജെ. 1961 മലയാളസാഹിത്യവും ക്രിസ്ത്യാനികളും, എസ്.പി.സി.എസ്.: കോട്ടയം.
പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ 1989 വര്‍ത്തമാനപ്പുസ്തകം, ഛകഞടക: കോട്ടയം.
പോള്‍ പള്ളത്ത് 2016 ഭാരതകത്തോലിക്കാസഭ ഇന്നലെയും ഇന്നും, ജോസഫ് കൊല്ലാറ (ൃമേിെ.), ഒകഞട പബ്ലിക്കേഷന്‍സ്: ചങ്ങനാശ്ശേരി.
സക്കറിയ, സ്കറിയ 2019 മലയാള വഴികള്‍ - 1 & 2 സ്കറിയ സക്കറിയയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, എസ്.പി.സി.എസ്.: കോട്ടയം.
സക്കറിയ, സ്കറിയ (എഡി.) 1998 ഉദയമ്പേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്: ഇടമറ്റം.
Mekkattukunnel, Andrews (ed.). 2012 Mar Thoma Margam: The Ecclesial Heritage of St Thomas Christians, OIRSI: Kottayam.
Pallath, Paul. 2010 The Catholic Church in India. OIRSI: Kottayam.