Modernity and Communal Reform in Sultan Veed 

Fathima Shifanath K.T
Dr. HaskerAli E.C

The novel is a literary form that presents social life in all its complexities. When a real society or a particular community within it is chosen as the focal point in literature, aspects such as the history, culture, geography, social environment, and language of that people and region become highly significant. Sultan Veedu by P. A. Mohammed Koya is a novel that incorporates these characteristics. The novel is set against the backdrop of Kuttichira, a historically significant area in Kozhikode, and the Koyas of that region. This study attempts to explore how modernity influenced the Koya community and the socio-cultural transformations that resulted from it. Various literary forms have emerged in all languages as part of socio-cultural reform. The isolated reform movements in Kerala were all part of a broader renaissance process. Most caste and religious groups, including the Namboothiris, Nairs, Muslims, Christians, and Dalits, had their own reform movements, which were also associated with political awakening. This novel also embodies such an objective. Sultan Veedu follows the conventional narrative pattern of modern Malayalam novels, in which the protagonist’s emotional turmoil is unveiled. Since the novel tells the story of a particular community in a specific region, the impact of modernity is evident throughout. Progressive ideas and events manifest differently across regions, societies, and communities. The emergence of new perspectives in political and religious spheres played a crucial role in the transformation of this community. Alongside this, capitalism also found its foothold. The growth of capitalism in the first half of the 20th century transformed Kozhikode into a modern urban space, and the novel reflects these changes.

A key characteristic of the period in which the story is set—starting from the 1920s—is that it was the era of the Malabar Rebellion. Broadly speaking, this was also a time when Mappila Muslims began to organize themselves. In other words, it marked the beginning of an awareness of transformation, even among the minority within the community. The novelist employs the rejection of tradition, a hallmark of modernity, as the primary means of making the protagonist, Ummar Koya, modern. By openly opposing the rigidities of tradition, customs, and rituals, he embraces modernity. As a result of this modernization, Ummar Koya undergoes a transformation. However, the novel does not portray the possibility of community-wide reform for everyone in the ‘tharavad’. Instead, through Ummar Koya, the novelist attempts to showcase the comprehensive nature of socio-cultural reform in line with the times. His journey serves as an attempt to create a model for others to follow. The narrative of Sultan Veedu unfolds simultaneously at the levels of the land, the community, and the individual. Through its multilayered readings, the novel also holds potential as a valuable resource for regional historical studies.

Keywords: Community, tradition, modernity, communal reform, local history.  

Reference  

Jameel Ahammed. (2017 November -2018 January). Sulthan Veed' Kuttichirayude Ithihasam. Kavana koumudhi thrai masika, ISSN 2456-2513  
Mammad Koya, P.P. Parappil. (2012). Kozhikotte muslingalude charithram. Kozhikode: Vachanam books. 
Muhammed Koya, P. A. (2021). Sulthan Veed. Kozhikode: Olive Publications.  
Paul, M. P. (1998). Novel Sahithyam. Kottayam: Sahithya Pravarthaka Sahakarana Sangham, 12th Edition.  
Raveendran, P. P. (2017). Aadhunikatha. Aju K. Narayanan (Edi.) Thakkol Vakkukal Vijara mathrukakal Keraleeya Nottangal. Aluva: Vidwan P. G. Nayar Smaraka Gaveshana Kendram. 
Fathima Shifanath K.T
Research Scholar
Department of Malayalam & Kerala Studies
University of Calicut
Email: shifanakt23@gmail.com
Ph: +91 9495675638
ORCID: 0009-0001-5182-761X
&
Dr. HaskerAli E.C
Professor
Department of Malayalam
Sullamussalam Science College, Areekode
Email: drhaskerali@gmail.com
Ph: +91 9895092330
ORCID: 0009-0009-4143-9726


ആധുനികതയും സാമുദായികപരിഷ്കരണവും സുല്‍ത്താന്‍ വീട്ടില്‍ 

ഫാത്തിമ ഷിഫാനത്ത് കെ. ടി
ഡോ. ഹസ്കറലി ഇ. സി

സാമൂഹികജീവിതം അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന സാഹിത്യരൂപമാണ് നോവല്‍. യഥാര്‍ത്ഥമായ ഒരു സമൂഹത്തെയോ അല്ലെങ്കില്‍ അതിനകത്ത് നിലകൊള്ളുന്ന ഒരു പ്രത്യേക സമുദായത്തെയോ കേന്ദ്രബിന്ദുവാക്കി സാഹിത്യത്തില്‍ ആവിഷ്കരിക്കേണ്ടി വരുമ്പോള്‍ ആ ജനതയുടെയും ദേശത്തിന്‍റെയും ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, സാമൂഹികപരിസരം, ഭാഷ എന്നിവക്ക് വലിയ പ്രാധാന്യമുണ്ട്. ഈ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പി. എ. മുഹമ്മദ് കോയയുടെ നോവലാണ് څസുല്‍ത്താന്‍വീട്'. കോഴിക്കോട് ജില്ലയിലെ ചരിത്രപ്രസിദ്ധ പ്രദേശമായ കുറ്റിച്ചിറയും അവിടത്തെ കോയമാരുമാണ് നോവലിന്‍റെ പശ്ചാത്തലം. ഈ നോവലിനെ മുന്‍നിര്‍ത്തി ആധുനികത എങ്ങനെയെല്ലാമാണ് കോയസമുദായത്തെ സ്വാധീനിച്ചതെന്നും അതിലൂടെ സംഭവിച്ച സാമുദായികവും സാമൂഹികവുമായ പരിഷ്കരണം എത്തരത്തിലുള്ളതായിരുന്നുവെന്നതുമാണ് ഈ പ്രബന്ധത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. 

താക്കോല്‍ വാക്കുകള്‍: സമുദായം, പാരമ്പര്യം, ആധുനികത, സാമുദായികപരിഷ്കരണം, പ്രാദേശികചരിത്രം. 

ആമുഖം 

സര്‍ഗാത്മകവ്യവഹാരങ്ങളില്‍ ദേശം അല്ലെങ്കില്‍ സ്ഥലം എന്നതിനെ വിപുലമായി ആവിഷ്കരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നത് നോവലുകളിലാണ്. കോഴിക്കോട് ദേശത്തിന്‍റെ  ചരിത്രവും സംസ്കാരവും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരുപിടി നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥ, ഒരു തെരുവിന്‍റെ കഥ, എന്‍. പി. മുഹമ്മദും എം. ടി. വാസുദേവന്‍ നായരും ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, പി.എ. മുഹമ്മദ് കോയയുടെ തന്നെ സുറുമയിട്ട കണ്ണുകള്‍, എന്‍.പി. മുഹമ്മദിന്‍റെ എണ്ണപ്പാടം, മരം, എന്‍.പി. ഹാഫിസ് മുഹമ്മദിന്‍റെ  ഹാര്‍മ്മോണിയം, എസ്പതിനായിരം, തിക്കോടിയന്‍റെ ചുവന്ന കടല്‍, സാബി തെക്കേപ്പുറത്തിന്‍റെ  കൈച്ചുമ്മ, അഷ്റഫ് കാനാമ്പുള്ളിയുടെ അറബിക്കടലും അറ്റ്ലാന്‍റിക്കും, മനു റഹ്മാന്‍റെ യൂസുഫ് സെക്കറിന്‍റെ കടല്‍ എന്നീ നോവലുകള്‍ ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്. ഇവയെല്ലാം ഏറിയും കുറഞ്ഞും കോഴിക്കോടിന്‍റെ സാമൂഹിക-സാംസ്കാരികപരിണാമങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. ഇവയില്‍ സാമുദായിക പരിഷ്കരണസ്വഭാവമുള്ള നോവലാണ് സുല്‍ത്താന്‍ വീട്. څഇതൊരു പുസ്തകം അല്ല. ഇത് ഞാനാണ് (This is no book- it is I)' എന്ന മിഖായേല്‍ ലൂകോനിന്‍റെ കവിതയോടെയാണ് സുല്‍ത്താന്‍ വീട് പി.എ. മുഹമ്മദ് കോയ അവതരിപ്പിക്കുന്നത്. നോവലിസ്റ്റിന്‍റെ ആത്മാശം കലര്‍ന്ന കൃതിയാണിത്. താന്‍ ജനിച്ചു വളരുന്ന, ഇടപഴകുന്ന ദേശം ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നുണ്ട്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന അഭിപ്രായം എം.പി. പോള്‍ څനോവല്‍ സാഹിത്യ'ത്തില്‍ പങ്കുവെക്കുന്നുണ്ട്. څഇരുപതാം നൂറ്റാണ്ടില്‍ നോവല്‍സാഹിത്യത്തിനുണ്ടായിട്ടുള്ള മറ്റൊരു നേട്ടം ആത്മോപാഖ്യാനപ്രധാനമായ കഥയാണ്. അതീതയൗവനനായ ഏതൊരുത്തന്‍റേയും കയ്യില്‍ ഒരു നോവലിന് വേണ്ട കോപ്പുണ്ട്. സ്വന്തം ജീവിതം പകര്‍ത്തിയെഴുതിയാല്‍ മതി. രണ്ടാമതൊരു നോവല്‍ എഴുതണമെങ്കില്‍ കല്‍പനാവൈഭവം വേണം'(പോള്‍.എം.പി., 1998:165). 

ഒരു ദേശത്തില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടതോ അതിനോട് സാമ്യമുള്ളതൊ അല്ല; ഒരു യഥാര്‍ത്ഥദേശവും അതിലുള്ള സമുദായവുമാണ് ഈ കൃതിയുടെ കഥാപശ്ചാത്തലം. കോഴിക്കോടിനെ സമ്പൂര്‍ണമായി ആവിഷ്കരിക്കുന്നതില്‍ പരിമിതിയുണ്ടെങ്കിലും ആ കാലഘട്ടത്തില്‍ അരങ്ങേറിയ പല സംഭവങ്ങളെയും സ്പര്‍ശിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിന്‍റെ ജീവിതം പ്രമേയമാക്കിയുള്ള നോവലുകളില്‍ ഐതിഹാസികമാനമുള്ള ആദ്യ കൃതിയും ഏക കൃതിയുമാണ് څസുല്‍ത്താന്‍ വീട്' എന്ന് കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പതിപ്പിന്‍റെ അവതാരികയില്‍ പ്രൊഫസര്‍ എം.അച്യുതന്‍ നിരീക്ഷിക്കുന്നുണ്ട്. ഈ നോവലില്‍ കോഴിക്കോട്ടെ മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയജീവിതത്തിന്‍റെയും കോഴിക്കോട് ദേശത്തിന്‍റെ തന്നെയും കാല്‍ നൂറ്റാണ്ടിനടുത്തുള്ള ഒരു കാലഘട്ടത്തെ ആലേഖനം ചെയ്തിരിക്കുന്നു. നോവല്‍ ആരംഭിക്കുന്നത് 1928ല്‍ സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തുന്ന കാലഘട്ടത്തിലാണ്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ തൊഴിലാളിസംഘടനകളുടെ തുടക്കക്കാലത്ത് അവസാനിക്കുകയും ചെയ്യുന്നു. കോഴിക്കോട് നഗരത്തിന്‍റെ തെക്കേ അറ്റത്തുള്ള കുറ്റിച്ചിറ എന്ന നഗരപ്രദേശം കേരളത്തിലെ ഏറ്റവും പ്രാചീനമായ മുസ്ലിം അധിവാസകേന്ദ്രങ്ങളിലൊന്നാണ്. കടല്‍ത്തീരത്തിന്‍റെ തെക്കേ അറ്റത്തുള്ള സ്ഥലം എന്ന അര്‍ത്ഥത്തില്‍ 'തെക്കേപ്പുറം' എന്ന പേരില്‍ കൂടി ഈ പ്രദേശം അറിയപ്പെടുന്നു. സുല്‍ത്താന്‍ വീടിന്‍റെ കഥ നടക്കുന്നത് ഇവിടെയാണ്. ഇതിവൃത്തം ഒരു തലത്തില്‍ കുടുംബകഥയും മറ്റൊരു തലത്തില്‍ ആ കുടുംബമുള്‍ക്കൊള്ളുന്ന സമുദായത്തിന്‍റെ സാമൂഹിക ജീവിതത്തിലേക്ക് ആധുനികത കടന്നുവരുന്നതിന്‍റെ കഥയുമാണ്. 

നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. څഇത് സുല്‍ത്താന്‍ വീടിന്‍റെ കഥയാണ്. അതിലെ നൂറില്‍പ്പരം അംഗങ്ങളുടെ കഥ. ആ തറവാട്ടിന്‍റെ ഓരോ ചലനവും കുളത്തില്‍ മാത്രമല്ല, കുളത്തിന് ചുറ്റുമുള്ള ലോകത്തിലും അലകള്‍ ഇളക്കി വിടുന്നു' (പുറം 17). ഈ പറയപ്പെട്ട കുളം കുറ്റിച്ചിറയെയും കുളത്തിന് ചുറ്റുമുള്ള ലോകം കോഴിക്കോട് നഗരത്തെയും സൂചിപ്പിക്കുന്നു. പടിപ്പുര എന്ന് നാമകരണം ചെയ്ത ഒന്നാമദ്ധ്യായത്തില്‍ പശ്ചാത്തലപരിചയമെന്ന പോലെ ദേശത്തെയും ദേശചരിത്രത്തെയും കോയമാരെയും അവതരിപ്പിക്കുന്നു. ഈ ദേശത്തിന്‍റെ വൈദേശികബന്ധങ്ങളുടെ ചെറുചരിത്രം സാമാന്യമായി നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. സമകാലത്തും നിലവിലുള്ള ഒരു സ്ഥലമെന്ന നിലയില്‍ കോഴിക്കോടിലൂടെയുള്ള ഒരു څഹെറിറ്റേജ് വാക്' പ്രതീതിയാണ് പടിപ്പുര എന്ന ആമുഖഅദ്ധ്യായം നല്‍കുന്നത്. കോട്ടയില്ലാത്ത കോട്ടപ്പറമ്പ്, പട്ടാളമില്ലാത്ത പാളയം, പുഴയില്ലാത്ത പുഴവക്ക്, കുതിരകളില്ലാത്ത കുതിരവട്ടം, പട്ടിന്‍റെ പൊടിയില്ലാത്ത പട്ടുതെരുവ്, കാലിച്ചാക്കല്ലാതെ മറ്റൊന്നും കാണാത്ത പുകയിലത്തെരുവ്, സാമൂതിരിയുടെ കാലത്ത് ബ്രാഹ്മണര്‍ വേദം പഠിപ്പിച്ചിരുന്ന ശാലയുടെ പുറം അതായത് ചാലപ്പുറം തുടങ്ങിയ വിവരണങ്ങളിലൂടെ സ്ഥലനാമചരിത്രത്തിന്‍റെ സൂചനകള്‍ കൂടി ലഭിക്കുന്നുണ്ട്. സാമൂതിരിയുടെ സത്യസന്ധതയെ വാഴ്ത്തുന്ന സ്വര്‍ണം തിരികെ ഏല്പിക്കുന്ന കഥ, മിശ്കാല്‍ പള്ളി പോര്‍ച്ചുഗീസുകാര്‍ കത്തിക്കുകയും സാമൂതിരി പുതുക്കിപ്പണിയുകയും ചെയ്ത കഥ, ഇടിയങ്ങര ശേഖിന്‍റെയും അപ്പവാണിഭത്തിന്‍റെയും കഥ എന്നിങ്ങനെ ദേശത്തിന്‍റെ ചിത്രീകരണം വികസിക്കുന്നുണ്ട്. ഇങ്ങനെ ദേശത്തിന്‍റെ ചരിത്രം, ഐതിഹ്യം, മിത്ത് എന്നിവയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ആഖ്യാനതന്ത്രമാണ് നോവലിസ്റ്റ് സ്വീകരിക്കുന്നത്. 

സമുദായനിര്‍മ്മിതി 

ആചാരങ്ങള്‍, മതം, മൂല്യങ്ങള്‍, സ്വത്വം ആദിയായ ഒന്നോ അതിലധികമോ ഘടകങ്ങളില്‍ സമാനതയുള്ള വ്യക്തികളുടെ കൂട്ടത്തെയാണ് സമുദായം എന്ന് വിളിക്കുന്നത്. പൊതുവായ ചില മൂല്യങ്ങള്‍ പങ്കുവെക്കുകയും, വളരെ അടുത്ത് താമസിച്ച് പരസ്പരം ബന്ധപ്പെടുകയും ചെയ്യുന്ന ഒരു സംഘത്തെയും സമുദായം(Community) എന്ന പദം കൊണ്ട് അര്‍ത്ഥമാക്കാറുണ്ട്. ഒരു കുടുംബത്തേക്കാള്‍ വലിയ സാമൂഹ്യഘടകമാണ് സമുദായം. അതിനൊരു നിശ്ചിത ഭൂമിശാസ്ത്രയിടം ഉണ്ടായിരിക്കുകയും, അംഗങ്ങള്‍ പരസ്പരാശ്രയത്വം പുലര്‍ത്തുന്നവരുമായിരിക്കും. ആ നിലക്ക് കോഴിക്കോട് നഗരത്തിന്‍റെ തീരപ്രദേശത്തിന്‍റെ തെക്കേപ്പുറമായ കുറ്റിച്ചിറയില്‍ അധിവസിക്കുന്ന കോയമാര്‍ ഒരു സമുദായമാണ്. കോയമാരെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നത് നോക്കുക. څകോഴിക്കോടിനെ സംബന്ധിച്ചാവുമ്പോള്‍, ഇവിടെ അറബിയും ഇറാനിയും തുര്‍ക്കിയുമെല്ലാം കച്ചവടത്തിന്ന് വന്നിരുന്നതാണ്. മസ്കത്ത്, ബഹ്റൈന്‍, ഹദറമൗത്ത് ഇവിടങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഇവിടെ സ്ഥിരതാമസമാക്കിയവരില്‍ പെടുന്നു. ഇവിടെ സ്ഥിരതാമസമാക്കിയ അറബികള്‍ ഉയര്‍ന്ന ജാതിയില്‍ നിന്നു മതം മാറിയ പെണ്ണുങ്ങളെ വിവാഹം ചെയ്തിരിക്കണം. അവരുടെ സന്തതികളാവാം ആദ്യത്തെ കോയമാര്‍. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളുടെയും തങ്ങളുടെ വിദേശാധിപതികളുടേയും സന്താനങ്ങളും അവരുടെ വ്യാപാരത്തിന്‍റെ നടത്തിപ്പുകാരുമായ കോഴിക്കോട്ടെ മാപ്പിളമാരെ സാമൂതിരിമാര്‍ څഖോജ' (ശ്രേഷ്ഠന്‍) എന്ന പേര്‍ഷ്യന്‍ പേരില്‍ ബഹുമാനിച്ച് വിളിച്ചെങ്കില്‍ അത്ഭുതപ്പെടേണ്ട. കാലത്തിന്‍റെ പ്രവാഹത്തില്‍ ആ څഖോജമാര്‍' പതുക്കെ څകോയമാര്‍' ആയി മാറുന്നു. സാമൂതിരിയുടെ കയറ്റിറക്കുമതികളുടെ മുഴുവന്‍ ചുമതല വഹിച്ച ആളെ څഷാഹ്ബന്ദര്‍ കോയ' - തുറമുഖാധിപനായ കോയ എന്ന സ്ഥാനപ്പേരിലാണ് സാമൂതിരി വിളിച്ചിരുന്നത്. മാപ്പിളമാര്‍ എന്ന പൊതുനാമത്തില്‍ കോയമാര്‍ ഒരു പ്രത്യേക വിഭാഗമാണ്. ആചാരങ്ങളിലും സമ്പ്രദായങ്ങളിലും സവിശേഷതകളുള്ള വിഭാഗം. നായര്‍ സമുദായത്തിന്‍റെ ആചാരങ്ങളോടാണ് കൂടുതല്‍ അടുപ്പം. കോയമാരുടെ സാമൂഹ്യാചാരങ്ങളും കുടുംബത്തിന്‍റെ ചട്ടക്കൂടും ഒരതിര്‍വരെ വീടുകളുടെ ശില്പരൂപം പോലും നായര്‍ സമുദായത്തിന്‍റേതു പോലെയായത് ഉമ്മയുമായുള്ള ബന്ധത്തിന്‍റെ ശക്തി കൊണ്ടാവാം' (പുറം 30-31). കോയമാരിലെ പുരുഷന്‍മാരുടെ പേരിനോടൊപ്പം പൊതുവായി 'കോയ' എന്ന പേര്കൂടി ചേര്‍ത്ത് പ്രയോഗിക്കുന്നു. സ്ത്രീകളുടെ പേരിനോടൊപ്പം ഔദ്യോഗികമായി ഇത്തരമൊരു സ്ഥാനപ്പേര് ചേര്‍ക്കുന്നില്ലെങ്കിലും 'ബീവി' എന്ന് ബഹുമാനസൂചകത്തോടെ സംബോധന ചെയ്യുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നതായി കാണാം. കോയമാര്‍ക്ക് നായര്‍-നമ്പൂതിരി സമുദായങ്ങളോടുള്ള മുന്‍ബന്ധത്തിന്‍റെ സ്വാധീനം ഇത്തരമൊരു സമ്പ്രദായം ഉടലെടുത്തതിന് പിന്നിലുണ്ടാകാം. ഇതില്‍ നിന്നെല്ലാം ഉപരിവര്‍ഗമാപ്പിളമാര്‍ അല്ലെങ്കില്‍ വരേണ്യമുസ്ലിം എന്ന വിശേഷണം കോയമാര്‍ക്ക് നല്‍കാവുന്നതാണ്. 

മരുമക്കത്തായ സമ്പ്രദായമാണ് കോയമാര്‍ക്കിടയിലുണ്ടായിരുന്നത്. പ്രത്യേകം ആചാരങ്ങളും ചടങ്ങുകളും മാമൂലുകളും അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഭക്ഷണം, വസ്ത്രം, ആഭരണം, വാസസ്ഥലം, ആഘോഷങ്ങള്‍ എന്നിവയിലെ വൈവിധ്യവും വിപുലതയും ഈ സമുദായത്തിന്‍റെ സംസ്കാരത്തെക്കുറിച്ചുള്ള സൂചനകള്‍ കൂടി നല്‍കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരങ്ങള്‍ സംസ്കാരത്തിന്‍റെ ഈ ചിഹ്നങ്ങള്‍ കാണിക്കുന്നുണ്ട്. ചരിത്രത്തിലെ ബഹുഭൂരിപക്ഷവും ഭരിച്ചവരെക്കുറിച്ചുള്ളതാണ്. ഭരിക്കപ്പെട്ടവരുടേത് പലപ്പോഴും കാണുന്നില്ല. ഭരിക്കപ്പെട്ടവര്‍ എന്ന ഭൂരിപക്ഷത്തെ ന്യൂനപക്ഷം കവച്ചു വെക്കുന്നത് ധനം, മതം, ജാതി, ഉന്നതകുലം, പാരമ്പര്യം, അധികാരം എന്നിവ കൊണ്ടാണ്. ഈ നോവലിലും കോയമാര്‍ എന്ന ഉന്നതകുലജാതരെ കവിഞ്ഞു സാധാരണമുസ്ലിങ്ങളുടെ ജീവിതത്തെ ചെറിയ രീതിയില്‍ പോലും പരാമര്‍ശിക്കുവാന്‍ നോവലിസ്റ്റ് തുനിയുന്നില്ല. അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടങ്ങളാണ് ചരിത്രത്തില്‍ കൂടുതലായുള്ളത് എന്നതിനെ ഇത് സാധൂകരിക്കുന്നുണ്ട്. അധികാരത്തിന്‍റെ മേലങ്കിയില്ലാത്ത ഒട്ടേറെ പ്രദേശങ്ങളും സമൂഹവും ചരിത്രത്തില്‍ ഇടം നേടാതെ പോയിട്ടുണ്ടാവുക അവര്‍ക്ക് യാതൊരു ചരിത്രവുമില്ലാതെ ആയിരിക്കില്ലല്ലോ. 

ആധുനികതയും സാമുദായികപരിഷ്കരണവും 

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ യൂറോപ്യന്‍ സാഹിത്യത്തില്‍ ഉടലെടുത്ത ഒരു പ്രവണതയാണ് ആധുനികത (Modernism). ഇത് ജീവിതത്തിന്‍റെ സമസ്തമണ്ഡലങ്ങളിലും സ്വാധീനം ചെലുത്തി. വ്യവസായവിപ്ലവവും അതിന്‍റെ ഫലമായി രൂപപ്പെട്ടുവന്ന പുതിയ ജീവിതരീതികളും നവീനആശയങ്ങളും ആധുനികതാസിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കി. രവീന്ദ്രന്‍ പി. പി. ആധുനികതയെ ഇങ്ങനെ നിരീക്ഷിക്കുന്നു. څപാരമ്പര്യത്തില്‍നിന്നു വേറിട്ടു നില്‍ക്കുന്ന പുതിയ ചില മൂല്യങ്ങളും ബന്ധങ്ങളുമാണ് ആധുനികതയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. നാഗരികചിന്ത, മതേതരബോധം, വ്യവസായസംസ്കാരം, ശാസ്ത്രീയാവബോധം, സാര്‍വദേശീയ വീക്ഷണം എന്നിവ ഇതില്‍പ്പെടും. ബന്ധങ്ങളുടെ പുനര്‍ക്രമീകരണത്തിലൂടെ വളര്‍ന്നുവന്ന പുതിയ മൂല്യവ്യവസ്ഥയും സാമൂഹികകാലാവസ്ഥയും ലോകബോധവും ചേര്‍ന്നാണ് ആധുനികതയെ സ്യഷ്ടിച്ചത് എന്നത് അതിനു കൊടുക്കാവുന്ന ഏറ്റവും ലളിതമായ നിര്‍വചനമായിരിക്കും'(രവീന്ദ്രന്‍ പി.പി, 2017:25). മലയാളത്തില്‍ നവോത്ഥാനാനന്തര രചനകളെയാണ് കാലഗണനാപരമായി പൊതുവെ ആധുനികസാഹിത്യം എന്ന് വിവക്ഷിക്കുന്നത്. 

സാമുദായിക-സാമൂഹികപരിഷ്കരണത്തിന്‍റെ ഭാഗമായി ധാരാളം സാഹിത്യരൂപങ്ങള്‍ എല്ലാ ഭാഷയിലുമുണ്ടായിട്ടുണ്ട്. മലയാളത്തില്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ഈ ഗണത്തില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ ഒറ്റയൊറ്റയായി നടന്ന സാമുദായിക പരിഷ്കരണശ്രമങ്ങളെല്ലാം തന്നെ പൊതുവായ നവോത്ഥാനപ്രക്രിയയുടെ ഭാഗമാണ്. നമ്പൂതിരി, നായര്‍, മുസ്ലിം, ക്രിസ്ത്യന്‍, ദളിത് അങ്ങനെ ഒട്ടുമിക്ക ജാതിമത വിഭാഗങ്ങളുടെ പരിഷ്കരണത്തിനും അതുപോലെ രാഷ്ട്രീയ ഉദ്ബോധനലക്ഷ്യത്തിനും സാഹിത്യസര്‍ഗാത്മകരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കൃതിയും അത്തരമൊരു ലക്ഷ്യം ഉള്‍ക്കൊള്ളുന്നുണ്ട്. 

ആധുനികപ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്കാവശ്യമായ ഘടകങ്ങള്‍ ആദ്യം രൂപപ്പെട്ടത് നഗരങ്ങളിലാണ്. ഈ ഘടകങ്ങളില്‍ ഉള്‍പ്പെടുന്ന തിയേറ്റര്‍, തൊഴില്‍ശാലകള്‍, ഫാക്ടറികള്‍, കോടതി, കലാസാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവ څസുല്‍ത്താന്‍ വീട്ടി'ലും കാണുന്നുണ്ട്. നായകന്‍റെ വികാരക്ഷോഭങ്ങളിലൂടെ അനാവൃതമാകുന്ന ആധുനികമലയാളനോവലുകളുടെ പതിവ് ആഖ്യാനമാതൃക തന്നെയാണ് പി.എ. സുല്‍ത്താന്‍ വീട്ടിലും അനുവര്‍ത്തിക്കുന്നത്. ഒരു ദേശത്തെ ഒരു പ്രത്യേക സമുദായത്തിന്‍റെ കഥയായതിനാല്‍ ആ തരത്തിലുള്ള ആധുനികതയുടെ സ്വാധീനങ്ങളാണ് കൂടുതല്‍ കാണാനാവുക. പുരോഗമനവുമായി ബന്ധപ്പെട്ട ആശയങ്ങളും സംഭവങ്ങളും ഒരേ കാലത്ത് തന്നെ ദേശങ്ങള്‍ക്കും സമൂഹത്തിനും സമുദായങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടല്ലോ. രാഷ്ട്രീയ-മതരംഗങ്ങളിലുണ്ടായ പുതിയ കാഴ്ച്ചപ്പാടുകളാണ് ഈ സമുദായത്തിന്‍റെ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നത്. ഇതിനോടൊപ്പം തന്നെയാണ് മുതലാളിത്തത്തിന്‍റെ വളര്‍ച്ചക്കുള്ള സ്ഥാനവും. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ മുതലാളിത്തത്തിനുണ്ടായ വളര്‍ച്ച കോഴിക്കോട് ദേശത്തെ ആധുനികസ്വഭാവമുള്ള നഗരമായി പരിവര്‍ത്തിപ്പിച്ചതിന്‍റെ അടയാളങ്ങള്‍ നോവലിലുണ്ട്. വൈദേശിക ഉത്പന്നങ്ങള്‍, മാനകഭാഷയുടെ പ്രയോഗം എന്നിവ ഇതിന് ഉദാഹരണമാണ്. മുതലാളിത്തം സമൂഹത്തിന്‍റെ സാമ്പത്തികഘടനയില്‍ വലിയ മാറ്റമുണ്ടാക്കി. ജീവിതനിലവാരമുയര്‍ന്നപ്പോള്‍ അതിനനുസൃതമായ പരിഷ്കരണങ്ങളും സ്വാതന്ത്ര്യവും സ്വാഭാവികമായും അവരിലുണ്ടായി. 

ഉമ്മര്‍കോയ എന്ന കേന്ദ്രകഥാപാത്രത്തില്‍ ആധുനികതയുടെ സ്വാധീനം വന്നുതുടങ്ങുന്നത് വായനയിലൂടെയാണ്. വിറയലോടെ അയാള്‍ ആദ്യമായി പത്രം വായിക്കുന്ന രംഗം നോവലിലുണ്ട്. അച്ചടിയും പത്രമാധ്യമങ്ങളും വ്യവസായ വിപ്ലവവും ആധുനികതയുടെ വേഗത വര്‍ധിപ്പിച്ച ഘടകങ്ങളാണ്. 'മുതലാളിത്തം നശിക്കട്ടെ'. 'ജന്മിത്വം നശിക്കട്ടെ' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന കമ്പനി ജോലിക്കാരും ആ കാലഘട്ടം ആധുനികമാകുന്നതിനെ ആവിഷ്കരിക്കുന്നുണ്ട്. സോഷ്യലിസത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സംഘടിതബോധമാണ് അവരുടെ ശക്തി. 'ജന്മിത്വം നശിക്കട്ടെ' എന്ന് കേള്‍ക്കുമ്പോള്‍ 'അപ്പം ജന്മിത്വം നശിക്കട്ടേന്ന് ബെച്ചാ ഞമ്മളൊക്കെ ഇല്ലാതാവട്ടേന്നാ?' (പുറം 495) എന്ന് തറവാട്ടിലെ ചെറിയ കാരണവര്‍ അസ്സന്‍കോയ വേവലാതിപ്പെടുന്നുണ്ട്. ജന്മിത്വവിരുദ്ധനയങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ പ്രതികരിക്കുന്ന സവര്‍ണകഥാപാത്രങ്ങള്‍ മലയാളനോവലിന് പരിചിതമാണ്. എന്നാല്‍ ഈ പ്രക്രിയയില്‍ ജന്മിത്വം അവസാനിക്കുകയും മുതലാളിത്തം തുടരുകയുമാണ് ചെയ്തത്. കാരണം. ആധുനികതയും നവോത്ഥാനവും മുതലാളിത്തത്തിനൊപ്പം വ്യാപിച്ച സാമൂഹ്യപ്രക്രിയയാണ്. ഇവിടെ മുതലാളിയായി മാറുന്നുവെങ്കിലും ഉമ്മര്‍കോയയില്‍ സോഷ്യലിസ്റ്റ് മനോഭാവം ശക്തിപ്പെടുന്നുണ്ട്. നോവല്‍ അവസാനിക്കുന്നത് അത് വ്യക്തമായും കൃത്യമായും പ്രകടിപ്പിച്ചു കൊണ്ടാണ്. തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്നത് നല്‍കണമെന്ന് അയാള്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കാനൊരുങ്ങുകയും ചെയ്യുന്നിടത്ത് കൂടിയാണ് നോവല്‍ അവസാനിക്കുന്നത്. സമരം ചെയ്തും പ്രതിഷേധിച്ചും അവര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനെ അയാള്‍ അനുകൂലിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. ഈ നോവലിലെ ആധുനികമനുഷ്യന്‍ ഉമ്മര്‍കോയയാകുന്നത് ഇത് കൊണ്ടൊക്കെത്തന്നെയാണ്. ഒരു മുതലാളിയായില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ ഒരു തൊഴിലാളിനേതാവാകുമായിരുന്നു. മുതലാളിവര്‍ഗത്തില്‍ ഇത്തരക്കാര്‍ ന്യൂനപക്ഷമാണ്. ഈ വഴിയിലേക്ക് മുതലാളിവര്‍ഗത്തെ നോവലിസ്റ്റ് ബോധപൂര്‍വ്വം ക്ഷണിക്കുകയാണ്. 

എത്ര തുടച്ചാലും ഇരുള്‍ മാറ്റാത്ത പാനൂസ് വിളക്കുകള്‍ക്ക് പകരം വൈദ്യുതി വിളക്കുകള്‍, വിരളമായിരുന്ന ടെലിഫോണ്‍, കാറുകള്‍ എന്നിവയുടെ വ്യാപനം ഇവ ആധുനികതയുടെ സാമൂഹികാടയാളങ്ങളാണ്. സാരി, വിമാനം, റേഡിയോ, ഇലക്ട്രിക് വിളക്ക്, വീട്, ഡ്രോയിംഗ് റൂം, ബെഡ്റൂം, കിച്ചന്‍, ബാത്റൂം, ബുള്‍ഡോസര്‍ എന്നിവയും ഇവിടെ ആധുനികതയുടെ സൂചകപദങ്ങളാണ്. ജണ്ട് (ഞണ്ട്). കയ്യൂല (കഴിയില്ല), ഹെന്‍റെ (എന്‍റെ) എന്നിങ്ങനെയെല്ലാം ഭാഷ പ്രയോഗിച്ചിരുന്ന ഉമ്മര്‍കോയയുടെ മാപ്പിളവാമൊഴിയും മാനകീകരിക്കപ്പെടുന്നുണ്ട്. ഇതും ആധുനികതയുടെ ഫലമായാണ്. ഇന്ദുലേഖയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇവിടെ കോയമുസ്ലിങ്ങളുടെ ആധുനികത ഭാഷയെ മാനകീകരിച്ചു തുടങ്ങുകയാണ്. ജനതയുടെ തനത് ഭാഷാഭേദങ്ങളെ ചെറുതായിക്കാണുകയല്ല. മറിച്ച്, വിദ്യാഭ്യാസത്തില്‍ നിന്ന് എത്ര ദൂരെയായിരുന്നു മുസ്ലിം സമുദായം എന്നതിലേക്കുള്ള നോട്ടമാണിത്. 

കോയമാരുടെയും കോഴിക്കോട് ദേശത്തിന്‍റെയും പ്രധാന സര്‍ഗാത്മകവ്യവഹാരമാണ് പാട്ട്. നോവലിനകത്ത് സുല്‍ത്താന്‍ വീട്ടിലെ ജോലിക്കാരിയായ ആയിസുമ്മയോട് സബീനപ്പാട്ട് പാടാന്‍ കുട്ടികള്‍ നിര്‍ബന്ധിക്കുന്ന രംഗമുണ്ട്. കാത്കുത്ത് കല്യാണം, മാര്‍ക്കകല്യാണം, മൈലാഞ്ചികല്യാണം, ആദ്യരാത്രി എന്നിങ്ങനെ ഏത് ആഘോഷച്ചടങ്ങിലും അവര്‍ക്കിടയില്‍ പാട്ടുണ്ടായിരുന്നു. പാട്ടു പാടാനായി പ്രത്യേകം കളിക്കാരത്തി സംഘങ്ങള്‍ തന്നെയുണ്ടായിരുന്നു. ഒപ്പനയുടെ ആദ്യരൂപമുണ്ടാകുന്നത് കുറ്റിച്ചിറയിലാണെന്നത് അതിന്‍റെ ഉത്ഭവചരിത്രം പറയുന്നു. മുഹയുദ്ധീന്‍ മാല പോലുള്ളവയുടെ ആരാധനാപരമായ ആലാപനവും അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. നോവലിന്‍റെ ഒരു ഘട്ടത്തില്‍ നവീനവിശ്വാസപ്രമാണങ്ങള്‍ ഇതിനെ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. കളിക്കാനും കളിയാക്കാനും പാട്ടുള്ള ദേശമായി നോവലില്‍ ഈ നാട് അടയാളപ്പെടുന്നുണ്ട്. രാഷ്ട്രീയവും മതപരവുമായ ആശയങ്ങളെ ഇകഴ്ത്താനും പുകഴ്ത്താനും പാട്ടുണ്ടായിരുന്നു. ഗ്രാമഫോണുകളുടെ വരവോടെ അതിലും പാട്ട് വെക്കാന്‍ തുടങ്ങുന്നുണ്ട്. ഗ്രാമഫോണിന്‍റെ പ്രചാരവും ആധുനികതയുടെ ഭാഗമായി എണ്ണാവുന്നതാണ്. 

നായകകഥാപാത്രവും പരിവര്‍ത്തനമാതൃകയും 

നായകനായ ഉമ്മര്‍കോയയുടെ എട്ട് വയസ്സ് മുതല്‍ക്കുള്ള ജീവിതകഥയാണ് നോവലില്‍ അവതരിപ്പിക്കുന്നത്. ഉമ്മര്‍കോയ എന്ന വ്യക്തിയുടെ ജീവിതത്തില്‍ കുടുംബം (തറവാട്), സമൂഹം (സമുദായം), ദേശം എന്നിവ നടത്തുന്ന ഇടപെടലുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ഉപ്പയും ഉമ്മയും മരിച്ചുപോയ യത്തീം കുട്ടികളാണ് (അനാഥര്‍) ഉമ്മര്‍കോയയും സഹോദരി തിത്തീബിയും. ഉമ്മയുടെ സഹോദരി പാത്തുമ്മേയിയാണ് പിന്നീട് അവരുടെ രക്ഷാധികാരിയാകുന്നത്. തറവാട്ടിലെ ഒരു പാഹ(ഭാഗം,കുടുംബം)ത്തില്‍ നിന്നും കാണാതായ ആഭരണം മോഷ്ടിച്ചത് താനാണെന്ന ആരോപണത്തിന്‍റെ ഭാരം പേറിയാണ് ഉമ്മര്‍ കോയ ജീവിക്കുന്നത്. ഈ ആരോപണത്തിന്‍റെ പേരില്‍ അനുഭവിക്കുന്ന മനോവ്യഥ അതിശക്തമായാണ് അയാളെ നോവലിലുടനീളം പിന്തുടരുന്നത്. അയാള്‍ അനുഭവിച്ച അപമാനവും അവഗണനകളുമാണ് അയാള്‍ക്ക് സിസ്റ്റത്തെയും അധികാരഘടനയെയും എതിര്‍ക്കാനുള്ള ഊര്‍ജം നല്‍കുന്നത്. 

മരുമക്കത്തായ തറവാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് പിതാവിന്‍റെ സാന്നിധ്യം ഏറെക്കുറെ അന്യമാണ്. ഇവിടെ നായകന്‍ അനാഥന്‍ കൂടിയാണ്. ഉമ്മര്‍കോയയുടെ രക്ഷകര്‍തൃസ്ഥാനം സാമൂഹ്യപ്രവര്‍ത്തകനായ മൊയ്തീന്‍ മാസ്റ്ററും അലക്കുതൊഴിലാളിയായ വേലുവും ഏറ്റെടുക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്‍റെ വായന- എഴുത്ത് വ്യവഹാരങ്ങളിലേക്ക് അവനെ നയിക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്. അനാഥനും തറവാട്ടില്‍ വിലയില്ലാത്തവനുമായ കുട്ടിയില്‍ നിന്ന് പടിപടിയായി അയാള്‍ ഉയരുന്നത് നോവലിസ്റ്റ് കാണിക്കുന്നു. അലക്കുകമ്പനിയില്‍ നിന്ന് തുടങ്ങുന്ന തൊഴില്‍ ജീവിതം മരക്കച്ചവടത്തിലെ മുതലാളിസ്ഥാനത്തെത്തി നില്‍ക്കുന്നു. കള്ളനെന്ന് വിളിച്ച ഒരുത്തന്‍ അവര്‍ക്കിടയിലേക്ക് അന്തസോടെ കാറില്‍ വന്നിറങ്ങുന്നു. അയാള്‍ പ്രമാണിയാകുന്നു. സമ്പത്താണ് തറവാട്ടില്‍ അയാളെ ബഹുമാന്യനാക്കുന്നത്. അയാളുടെ പരിഷ്കരണശ്രമങ്ങളോട് സമരസപ്പെടാന്‍ ഇതരകുടുംബാംഗങ്ങളെ പ്രേരിപ്പിക്കുന്നതിനും ഈ സാമ്പത്തികാഭിവൃദ്ധി കാരണമായിട്ടുണ്ട്. 

ഈ കഥ നടക്കുന്ന 1920 മുതലുള്ള കാലഘട്ടത്തിന്‍റെ പ്രധാനസവിശേഷത മലബാര്‍ സമരത്തിന്‍റെ കാലമാണെന്നതാണ്. വിശാലമായി പറഞ്ഞാല്‍ മാപ്പിളമുസ്ലിങ്ങള്‍ സംഘടിച്ചു തുടങ്ങുന്ന കാലഘട്ടം കൂടിയാണിത്. അതായത്, പരിവര്‍ത്തനബോധ്യങ്ങള്‍ അവരിലെ ന്യൂനപക്ഷത്തിനെങ്കിലും വന്നുതുടങ്ങിയ കാലം. ആധുനികതയുടെ മുഖമുദ്രയായ പാരമ്പര്യനിഷേധത്തിന്‍റെ വഴിയാണ് നോവലിസ്റ്റ് ഉമ്മര്‍കോയയെ ആധുനികനാക്കുന്നതില്‍ സ്വീകരിക്കുന്ന പ്രധാനമാര്‍ഗം. പാരമ്പര്യത്തിന്‍റെ കെട്ടുപാടുകളെയും മാമൂലുകളെയും ആചാരങ്ങളെയും പരസ്യമായി എതിര്‍ത്തുകൊണ്ടാണ് അയാള്‍ ആധുനികതയെ പുല്‍കുന്നത്. ഒരുപാട് ആളുകള്‍ക്കിടയില്‍ നിന്ന് അനുഭവിച്ച ഏകാന്തതയില്‍ നിന്ന് അയാള്‍ സ്വാതന്ത്ര്യം തേടിപ്പോവുന്നത് സ്വന്തമായ ഒരു വീട് എന്നതിലേക്കാണ്. തനിക്ക് 'പാഹ'ങ്ങള്‍ തിരിക്കാത്ത കാറ്റും വെളിച്ചവുമുള്ള, ഒരേ കൂരക്ക് കീഴില്‍ ഒരു കൂട്ടര്‍ നെയ്ച്ചോറും ബിരിയാണിയും തിന്നുമ്പോള്‍ മറ്റൊരു കൂട്ടര്‍ കഞ്ഞിയും പുഴുക്കും തിന്നേണ്ടി വരാത്ത വീട് മതിയെന്ന് അയാള്‍ പ്രഖ്യാപിക്കുന്നു. പണമുള്ളവര്‍ വീട് മാറിപ്പോയാല്‍ തറവാടിന്‍റെ അന്തസ്സ് നശിക്കുമെന്ന് വലിയ കാരണവര്‍ വ്യാകുലപ്പെടുന്നുണ്ട്. പാരമ്പര്യം എന്നതിനേക്കാള്‍ ശക്തി ധനത്തിനാണെന്ന തെളിഞ്ഞ സൂചനയാണിത്. അപ്പോള്‍ മാറ്റിനിര്‍ത്തിയവനെ കൂടെ നിര്‍ത്താതെ തരമില്ലല്ലോ. 

വിദ്യാഭ്യാസവും സാക്ഷരതയും, മതസൗഹാര്‍ദ്ദം, സാംസ്കാരികസമന്വയം, സാമൂഹികസമത്വം, ലിംഗനീതി, ശുചിത്വം തുടങ്ങിയവ കേരളത്തിലെ നവോത്ഥാന അജണ്ടകളില്‍ പ്രധാനപ്പെട്ടതായിരുന്നു. ഇവയെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ഉമ്മര്‍കോയ ബോധപൂര്‍വ്വം തയ്യാറാകുന്നുണ്ട്. എന്നും കുളിക്കുന്നതിന്‍റെ പേരില്‍ ഉമ്മര്‍കോയ പരിഹസിക്കപ്പെടുന്നുണ്ട്. മറ്റുള്ളവര്‍ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ കുളിക്കുന്നതിനെ അയാള്‍ വിമര്‍ശിക്കുന്നുമുണ്ട്. കാഫിറെന്നും പാരമ്പര്യമില്ലാത്തവരെന്നും പറഞ്ഞു മാറ്റിനിര്‍ത്തിയവരെ ചേര്‍ത്ത് നിര്‍ത്താനും ഉമ്മര്‍കോയക്കാകുന്നുണ്ട്. 

നായകകഥാപാത്രമായ ഉമ്മര്‍കോയയില്‍ കാണുന്ന ആധുനികതയുടെ സവിശേഷതകളിലൊന്നാണ് അസ്തിത്വാന്വേഷണം. ഇതില്‍ ഓരോരുത്തരും അവരവരിലേക്ക് തിരിഞ്ഞുകൊണ്ട് അവനവനെ കുറിച്ച് (സ്വത്വത്തെക്കുറിച്ച്) കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. മനുഷ്യന് ദൈവത്തോടും സഹജീവികളോടുമുള്ള കടപ്പാട്, ജീവിതകാലത്ത് അവന് അനുഭവിക്കേണ്ടി വന്ന സുകൃതങ്ങള്‍, ദുരിതങ്ങള്‍, വേദനകള്‍, സുഖദുഃഖങ്ങള്‍ എന്നിവയെല്ലാം ഈ സിദ്ധാന്തത്തിന്‍റെ പരിധിയില്‍ വരുന്നു. തന്നെക്കുറിച്ച് തന്നെ ചിന്തിച്ചു താന്‍ എന്താണെന്ന് സ്വയം തിരിച്ചറിയുന്ന ഉമ്മര്‍കോയയെ പിന്നീടങ്ങോട്ട് നയിക്കുന്നതും ജയിപ്പിക്കുന്നതും അസ്തിത്വാന്വേഷണത്തില്‍ വിജയിച്ചത് കൊണ്ടാണ്. കള്ളന്‍ എന്ന നുണപ്രചരണം അവന്‍റെ ദുരിതവും ദാരിദ്ര്യവും, അനാഥത്വം അവന്‍റെ ദുഃഖവുമായിരുന്നു. വളര്‍ത്തമ്മ പാത്തുമ്മേയി അവന്‍റെ സുകൃതവും, അധ്വാനവും അറിവും അവന്‍റെ സുഖങ്ങളുമായിരുന്നു. കൂടെ നിന്ന മൊയ്തീന്‍ മാസ്റ്റര്‍, വേലു, ഉസ്സന്‍കോയ എന്നിവരോടുള്ള കടപ്പാട് അവനെപ്പോഴും സ്മരിക്കുന്നുണ്ട്. 

സവര്‍ണപാരമ്പര്യം അവകാശപ്പെടുന്ന കോയമാര്‍ മീന്‍വില്‍പ്പനയും അലക്കുജോലിയുമെല്ലാം തറവാടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ സാമ്പത്തികസ്വാതന്ത്യ്രത്തിനായി ദാഹിക്കുന്ന ഉമ്മര്‍കോയ തറവാടിത്തത്തെ സാരമാക്കാതെ അമുസ്ലിമായ ഒരാളുടെ അലക്കുകമ്പനിയില്‍ ജോലിക്ക് ചേരുന്നു. പത്രം വില്‍ക്കാനും മീന്‍ പെറുക്കാന്‍ പോകാനുമെല്ലാം അവന്‍ ചെറുപ്രായത്തിലേ ആഗ്രഹിച്ചിരുന്നു. സാമ്പത്തികാധികാരം നേടുന്നതോടെ മത-സമുദായ പരിഷ്കരണവും അതിനൊപ്പം വന്നുകൊള്ളുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ഉമ്മര്‍കോയ ആധുനികനാവുമ്പോള്‍ അവന്‍റെ അകവും പുറവും നവീകരിക്കപ്പെടുന്നുണ്ട്. അവന്‍ മുടി വളര്‍ത്തുന്നു; തുര്‍ക്കിത്തൊപ്പി വെക്കുന്നു; രാഷ്ട്രീയ തൊഴിലാളി യോഗങ്ങളില്‍ പങ്കെടുക്കുന്നു; കാരണവരെയും കുടുംബത്തിന്‍റെ അധികാരവ്യവസ്ഥയെയും എതിര്‍ക്കുന്നു; ആചാരങ്ങളും മാമൂലുകളും നിരസിച്ചു പെങ്ങള്‍ തിത്തീബിയുടെയും തന്‍റെയും വിവാഹവും അനുബന്ധചടങ്ങുകളും നടത്തുന്നു; ഭാര്യ ഹലീമയെ സാരി ഉടുപ്പിക്കുകയും കാത് നിറയെയുള്ള ചിറ്റുകള്‍ക്ക് പകരം ഒറ്റക്കമ്മലിടിക്കുകയും ചെയ്യുന്നു; പാരമ്പര്യം വിളംബരം ചെയ്യുന്ന സുല്‍ത്താന്‍ വീട്ടില്‍ നിന്ന് സഹോദരിയെ മാറ്റിപ്പാര്‍പ്പിക്കുന്നു; കാറ്റും വെളിച്ചവുമുള്ള ആധുനികരീതിയിലുള്ള വീട് നിര്‍മ്മിക്കുന്നു. അവന്‍റെ പുറം നവീകരിക്കപ്പെട്ടത് ഇപ്രകാരമെല്ലാമായിരുന്നു. എന്നാല്‍, അവന്‍റെ അകത്ത് ആധുനികത വരുന്നത് മതപരിഷ്കരണത്തോടൊപ്പമാണ്. പാരമ്പര്യവിശ്വാസ സംഹിതകളെ അയാള്‍ നിരാകരിക്കുന്നു. മുഹയുദ്ധീന്‍ മാല വിശ്വാസത്തിന്‍റെ ഭാഗമായി ആലാപനം ചെയ്യുന്നതിനെയും മൗലൂദുകള്‍ നടത്തുന്നതിനെയും അയാള്‍ എതിര്‍ക്കുന്നു. മരണാനന്തരം നടത്തി വന്നിരുന്ന ചടങ്ങുകള്‍ നിരസിക്കുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട എളാമ്മ മരണപ്പെടുമ്പോള്‍ അയാള്‍ യാതൊരു ചടങ്ങുകളും നടത്താന്‍ മുതിരുന്നില്ല. വിഷമമുണ്ടെങ്കിലും പിറ്റേന്ന് തന്നെ ജോലിക്ക് പോവാനാണ് അയാള്‍ കരുതിയിരുന്നത്. സഹോദരിയെ ഓര്‍ത്താണ് അയാള്‍ അവധിയെടുക്കുന്നത്. ഉമ്മര്‍കോയയിലെ പൂര്‍ണനായ ആധുനികമനുഷ്യനെയാണ് ഈ സന്ദര്‍ഭത്തില്‍ കാണാനാവുന്നത്. ദേശീയപ്രസ്ഥാനത്തിന്‍റെയും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും വ്യവസായവല്കരണത്തിന്‍റെ വളര്‍ച്ചയെയും അതിന്‍റെ സൈദ്ധാന്തികയുക്തികളെയും അത്ഭുതത്തോടെ വീക്ഷിക്കുന്ന ഒരു കൊളോണിയല്‍ ആരാധകന്‍റെ ഭാവം കൂടി നോവലിസ്റ്റ് ഉമ്മര്‍കോയക്ക് നല്‍കുന്നുണ്ട്. അയാളുടെ ഉള്ളില്‍ എവിടെയൊക്കെയോ ബാക്കിയാകുന്ന വരേണ്യബോധമാണ് ഇതിലൂടെ ദ്യശ്യമാകുന്നത്.  

കോയമാര്‍ക്കിടയിലെ സവര്‍ണപാരമ്പര്യത്തിന്‍റെ വഴികളിലൂടെയല്ല ഉമ്മര്‍കോയയുടെ സഞ്ചാരം. ഈ കഥാപാത്രം അനാഥനാണ്, അപമാനിക്കപ്പെട്ടവനാണ് എന്നതുകൂടി പരിഗണിച്ചാല്‍ അയാളിലൊരു സാധാരണത്വം കൂടിയുണ്ട്. തന്നെ അപഹസിച്ചവരോട് പൊരുതി ജയിച്ച് മറുപടി നല്‍കുന്ന സാധാരണ മനുഷ്യന്‍റെ പ്രതിനിധിയായും ഉമ്മര്‍കോയയെ കരുതാവുന്നതാണ്. 

ആധുനികതയുടെ ഫലമായി ഉമ്മര്‍കോയ എന്ന വ്യക്തി നവീകരിക്കപ്പെടുന്നുണ്ട്. തറവാട്ടിലെ എല്ലാവര്‍ക്കും സമുദായികപരിഷ്കരണം സാധ്യമായതായി അവതരിപ്പിക്കുന്നില്ല. എന്നാല്‍ ഉമ്മര്‍കോയയിലൂടെ കാലഘട്ടത്തിനനുസൃതമായ സാമുദായികപരിഷ്കരണത്തിന്‍റെ സമഗ്രതലം കാണിക്കുവാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു. സാമൂഹിക സമുദായികപരിവര്‍ത്തനത്തിന് ഉമ്മര്‍കോയയിലൂടെ മറ്റുള്ളവര്‍ക്ക് ഒരു മാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ് നോവലിസ്റ്റില്‍ നിന്നുണ്ടാകുന്നത്. 

കൂട്ടുകുടുംബം-കുടുംബം 

തറവാടുകളും അതിലെ ജീവിതക്രമമായിരുന്ന കൂട്ടുകുടുംബവ്യവസ്ഥയും ആധുനികമലയാള നോവലുകളില്‍ പ്രധാനസാന്നിധ്യമായിരുന്നു. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബവ്യവസ്ഥയിലേക്കുള്ള പരിണാമമെന്നത് കോയമാരുടെ സാമുദായികപരിഷ്കരണത്തെ ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് പ്രയോഗിക്കുന്ന പ്രധാനപ്പെട്ട ടൂളാണ്. അസ്വാതന്ത്യത്തിന്‍റെയും അടിസ്ഥാനമില്ലാത്ത മാമൂലുകളുടെയും ഇടമായാണ് കൂട്ടുകുടുംബവ്യവസ്ഥയെ ആധുനികസമൂഹം കണ്ടിരുന്നത്. വലിയ തറവാടുകളും ഭവനങ്ങളും തകര്‍ന്നുടയുന്ന കഥകള്‍ക്ക് അക്കാലത്ത് പ്രിയമേറിയിരുന്നു. അത്കൊണ്ട്തന്നെയാണ് സിസ്റ്റത്തെ തകര്‍ക്കുന്ന ഉമ്മര്‍കോയയുടെ ഒരോ ചെയ്തികളും വായനക്കാരില്‍ ആനന്ദമുണ്ടാക്കുന്നത്. കേരളത്തിലെ കുടുംബവ്യവസ്ഥയില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ സാമ്പത്തികസ്വാതന്ത്ര്യവും പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെ വ്യാപനവും സാമൂഹികസാംസ്കാരിക പരിവര്‍ത്തനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. മാമൂല്‍പ്രിയത്വവും യാഥാസ്ഥിതിക പിടിവാശികളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ നടമാടിയിരുന്ന നാട്ടില്‍ അറിവിന്‍റെയും മനുഷ്യത്വത്തിന്‍റെയും പുതിയ പാഠങ്ങള്‍ മിഷനറിപ്രവര്‍ത്തകര്‍ പകര്‍ന്നു. മരുമക്കത്തായത്തിന്‍റെയും കൂട്ടുകൂടുംബവ്യവസ്ഥയുടെയും തകര്‍ച്ച നായര്‍ കുടുംബഘടനയെ അടിസ്ഥാനമാക്കിയാണ് പഠനങ്ങളില്‍ പൊതുവെ വിലയിരുത്താറുള്ളത്. എന്നാല്‍ മുസ്ലീങ്ങള്‍ക്കിടയിലും ഇങ്ങനെയൊരു പരിവര്‍ത്തനം നടന്നിട്ടുണ്ടെന്ന് څസുല്‍ത്താന്‍വീട്' എന്ന നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. 

څസുല്‍ത്താന്‍വീട് കുറ്റിച്ചിറയുടെ ഇതിഹാസം' എന്ന ലേഖനത്തില്‍ ജമീല്‍ അഹമ്മദിന്‍റെ ഒരു നിരീക്ഷണം ഇപ്രകാരമാണ്. څകോഴിക്കോടിന്‍റെ ചരിത്രത്തെയും ജനകീയ സംസ്കൃതിയെയും പശ്ചാത്തലമാക്കി എഴുതപ്പെട്ട നോവലുകളുമായല്ല സുല്‍ത്താന്‍വീടിന് നേരിട്ടുള്ള ചായ് വ്. മറിച്ച്, അത് ചന്തുമേനോന്‍റെ څഇന്ദുലേഖ', എംടി വാസുദേവന്‍ നായരുടെ څനാലുകെട്ട്', വൈക്കം മുഹമ്മദ്ബഷീറിന്‍റെ څന്‍റുപ്പൂപ്പാക്കൊരാനണ്ടേര്‍ന്ന്' എന്നീ നോവലുകളോടാണ്. നാലുകെട്ടിന്‍റെ മുസ്ലിം പകര്‍പ്പും ന്‍റുപ്പൂപ്പാക്കൊരാനണ്ടേര്‍ന്ന് കഥയുടെ വിപുലമായ പതിപ്പുമാണ് സുല്‍ത്താന്‍ വീട് എന്ന നിരീക്ഷണവും സാധ്യമാണ്' (ജമീല്‍ അഹമ്മദ്, 2017:39). തറവാടുകളില്‍ നിന്ന് തിരസ്കരിക്കപ്പെട്ടവരാണ് സുല്‍ത്താന്‍വീട്ടിലെയും നാലുകെട്ടിലെയും നായകന്മാര്‍. രണ്ട് പേരുടെയും ജീവിതക്രമം ഏറെക്കുറെ സമമായാണ് സഞ്ചരിക്കുന്നത്. രണ്ടാളും തങ്ങള്‍ക്ക് ഉപകരിക്കാത്ത (ഉപകരിച്ചിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നത് ചോദ്യമാണ്) പാരമ്പര്യത്തിന്‍റെ വരള്‍ച്ചയും ആധുനികതയുടെ സാധ്യതകളും അന്വേഷിച്ചു കണ്ടെത്തിയവരാണ്. കൂട്ടുകുടുംബവ്യവസ്ഥയുടെ പരിണാമം കാണിച്ചുകൊണ്ടാണ് څനാലുകെട്ടും' څസുല്‍ത്താന്‍ വീടും' അവസാനിക്കുന്നത്. 

നാലുകെട്ടിനെയും സുല്‍ത്താന്‍ വീടിനെയും താരതമ്യം ചെയ്ത്കൊണ്ടുള്ള ജമീല്‍ അഹമ്മദിന്‍റെ നിരീക്ഷണം നോക്കാം. څസുല്‍ത്താന്‍ വീടിന്‍റെ കെട്ടുറപ്പിനെ ശിഥിലീകരിച്ച ഘടകങ്ങളില്‍ പലതും കേരളത്തിലെ നായര്‍ സമുദായത്തിന്‍റെ നാലുകെട്ടുകളെ ശിഥിലീകരിച്ച ഘടകങ്ങള്‍ തന്നെയായിരുന്നു. തറവാട്ടിലെ (സമുദായത്തിലെ) അംഗങ്ങള്‍ പുറത്തുപോയി തൊഴിലെടുക്കുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, പുറത്തെ ലോകത്തുനിന്ന് ചങ്ങാതിമാരെ കണ്ടെത്തുക, പുറത്ത് സമാന്തരമായ څകാരണവന്മാ'രെ അനുസരിക്കുക എന്നിവയാണ് അതിലെ പ്രധാനപ്പെട്ട നാലു കാര്യങ്ങള്‍. തറവാടിന്‍റെ പുറത്തുള്ള ഭക്ഷണ-ഭാഷണ-വേഷ-സാമ്പത്തിക വ്യവഹാരങ്ങളാണ് അതിന്‍റെ പാരമ്പര്യ കെട്ടുറപ്പുകളെ തകര്‍ക്കുക എന്ന ഒച്ചപ്പാടുകള്‍ ഇന്ദുലേഖയിലും നാലുകെട്ടിലും നാം കേട്ടിട്ടുണ്ടല്ലോ. ഇന്ദുലേഖ ഇങ്കിരിയസ്സു പഠിക്കുന്നതാണല്ലോ കാരണവരെ ഏറെ വിഷമിപ്പിച്ചത്. നമ്പൂതിരി മേല്‍ക്കോയ്മക്കെതിരെ നടന്ന പ്രധാനപ്പെട്ട ഒരു പ്രസ്ഥാനം തന്നെ څതൊഴില്‍ കേന്ദ്രത്തിലേക്ക്' എന്നായിരുന്നു' (ജമീല്‍ അഹമ്മദ്, 2017:44). പാരമ്പര്യ ചിന്തകളില്‍ നിന്ന് വ്യത്യസ്തമായ പുതിയ മൂല്യങ്ങളും ജീവിതവ്യവഹാരങ്ങളുമാണ് ആധുനികതയ്ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിച്ചത്. കേരളത്തിലെ രണ്ട് സമുദായങ്ങള്‍ ആധുനിക നവോത്ഥാനവുമായുള്ള തങ്ങളുടെ കൂടിച്ചേരല്‍ എങ്ങനെയെല്ലാം സാധ്യമാക്കുന്നു എന്നതിന്‍റെ മാതൃകകള്‍ ഈ രണ്ട് നോവലുകളില്‍ നിന്നും കണ്ടെടുക്കാനാവുമെന്ന് ചുരുക്കം. 

വീട്ടിലെ പെണ്ണുങ്ങള്‍ 

څസുല്‍ത്താന്‍ വീടി'ന്‍റെ അകത്തെ ലോകവും പുറത്തെ ലോകവും നോവലിലുണ്ട്. അകത്തെ ലോകത്താണ് പെണ്ണുങ്ങളുള്ളത്. നോവലിസ്റ്റിന്‍റെ തന്നെ ഭാഷയില്‍ څവിരിക്ക് അപ്പുറത്താണ് പെണ്ണുങ്ങളുടെ ലോകം'. ഈ പെണ്ണുങ്ങളുടെ ലോകം നോവലില്‍ സജീവമായിത്തന്നെ നിലകൊള്ളുന്നതാണ്. വിശാലമായ വീടിനുള്ളില്‍ സ്വൈര്യവിഹാരം നടത്തുന്ന സ്ത്രീകള്‍ നോവലിലൊരിടത്തും പുറംലോകത്തെ സ്വാതന്ത്ര്യമറിയാന്‍ ശ്രമിക്കുന്നില്ല. പുറംലോകത്തെ കാര്യങ്ങളില്‍ ഇടപെടുന്നില്ലെങ്കിലും അവര്‍ സ്വാതന്ത്ര്യവും അധികാരവുമുള്ളവരാണ്. മരുമക്കത്തായമായത് കൊണ്ട് തന്നെ സ്വഗൃഹങ്ങളില്‍ ഭര്‍ത്താക്കന്മാരേക്കാള്‍ സവിശേഷ അധികാരമുള്ളവരാണിവര്‍. നമ്പൂതിരി-നായര്‍ തറവാടുകളിലെ സ്ത്രീകളേക്കാള്‍ അവര്‍ക്ക് കുടുംബവ്യവസ്ഥയില്‍ പ്രാധാന്യം ലഭിച്ചിരുന്നു. നോവലില്‍ ഈ തറവാടിനോ സമുദായത്തിനോ പുറത്തുള്ള സ്ത്രീകളുടെ ജീവിതം ആവിഷ്കരിക്കപ്പെടുന്നില്ല. 

സ്ത്രീകഥാപാത്രങ്ങളില്‍ കരുത്ത് കാണിക്കുന്നത് കൗജേയിയും പാത്തുമ്മേയിയുമാണ്. ഒരാള്‍ അധികാരവും ധനവുമുള്ള കാരണവത്തി. മറ്റെയാള്‍ അരികുവല്‍ക്കരിക്കപ്പെട്ട ദരിദ്രയായ വിധവ. സുല്‍ത്താന്‍ വീട്ടിലെ മൂന്ന് തലമുറ മുമ്പേയും നാല് തലമുറ പിമ്പേയും കണ്ട കഥാപാത്രമാണ് കൗജേയി. മുസ്ലിം മരുമക്കത്തായ കുടുംബങ്ങളിലെ പെണ്ണധികാരത്തിന്‍റെ ശക്തി തകര്‍ന്നു വീഴുന്ന കാലത്തിന്‍റെ സാക്ഷ്യമാണ് ഈ കഥാപാത്രം. തറവാടുകളുടെ തകര്‍ച്ച ആണ്‍വ്യവഹാരത്തില്‍ നിന്ന് ദര്‍ശിക്കുന്നതിന് പകരം പെണ്‍വ്യവഹാരത്തില്‍ നിന്നുമുള്ള നോട്ടമാണ് ഈ കൃതിയില്‍ അവലംബിച്ചിട്ടുള്ളത്. തറവാട്ടിലെ കാരണവത്തിയായ കൗജേയി വൈക്കം മുഹമ്മദ്ബഷീറിന്‍റെ څന്‍റുപ്പൂപ്പാക്കൊരാനണ്ടര്‍ന്ന്' നോവലിലെ കുഞ്ഞുതാച്ചുമ്മയെ അനുസ്മരിപ്പിക്കുന്നുണ്ട്. പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. നാല്പത് വെള്ളാട്ടിമാരെ വെച്ചുവാണ ഹജ്ജിബിത്താത്തയുടെ പേരക്കുട്ടിയാണെന്നും പ്രമാണിയായ മാമുക്കോയയുടെ ഭാര്യയാണെന്നും അവര്‍ ഇടക്കിടെ ഓര്‍ക്കുന്നുണ്ട്. കുഞ്ഞുതാച്ചുമ്മക്ക് ധനമാണ് പ്രശ്നമെങ്കില്‍ കൗജേയിക്ക് അധികാരമാണ് പ്രശ്നം. ആധുനികതയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലുകളാല്‍ തറവാട്ടിലെ കീഴ്വഴക്കങ്ങളില്‍ നിന്ന് മാറിനടക്കുന്നവര്‍ തന്‍റെ അധികാരത്തില്‍ വിള്ളലുണ്ടാക്കുന്നത് അവര്‍ക്ക് സഹിക്കാനാകുന്നില്ല. 

പാത്തുമ്മേയി ധീരയായ സ്ത്രീകഥാപാത്രമാണ്. തനിക്കും രണ്ട് അനാഥക്കുട്ടികള്‍ക്കും വേണ്ടി ഒറ്റക്ക് പൊരുതുന്ന അവര്‍ ആത്മാഭിമാനം എവിടെയും വിട്ടുകൊടുക്കുന്നില്ല. ഒരു സംരഭകയുടെ വേഷം കൂടി നോവലിസ്റ്റ് അവര്‍ക്ക് നല്‍കുന്നുണ്ട്. ആധുനികതയുമായി നേരിട്ടുള്ള സ്വാധീനമോ സമ്പര്‍ക്കമോ പാത്തുമ്മേയിക്കുണ്ടാകുന്നില്ലെങ്കിലും കുത്തിമറച്ചതാണെങ്കിലും സ്വന്തമായി ഒരു കൂര വേണമെന്ന അവരുടെ ആഗ്രഹം അധികാരഘടനക്കെതിരെ ഉമ്മര്‍കോയയോട് ചേര്‍ന്ന് നിന്നുള്ള അവരുടെയും പ്രതിഷേധമായിരുന്നു. ഉമ്മര്‍കോയയുടെ പുതിയ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം അനുവാദവും സ്വാതന്ത്ര്യവും വളര്‍ത്തുമ്മ പാത്തുമ്മേയി നല്‍കുന്നുണ്ട്. എന്നാല്‍, മതനിയമങ്ങള്‍, തറവാടിന്‍റെ പാരമ്പര്യം എന്നിവക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തികള്‍ക്ക് മുതിരുമ്പോള്‍ അവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. 

ഭക്ഷണം, ആഭരണം, വസ്ത്രം, മതം, ആചാരം, മാമൂലുകള്‍ എന്നിവയില്‍ മാത്രം ശ്രദ്ധയുള്ള മറ്റുള്ളവ തങ്ങളെ ബാധിക്കുന്നില്ലെന്ന് കരുതുന്ന സ്ത്രീകളെയാണ് നോവലിസ്റ്റ് ചിത്രീകരിച്ചിക്കുന്നത്. ചുരുക്കത്തില്‍ കുശുമ്പും കുഞ്ഞായ്മയും ഇണക്കവും പിണക്കവുമുള്ള څസോകാള്‍ഡ്' നിഷ്കളങ്ക സമൂഹമായാണ് ഈ നോവലിലെ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല, നവോത്ഥാനപ്രക്രിയ ഒരു പുരുഷപദ്ധതിയായിട്ടാണ് നോവലിസ്റ്റ് കരുതുന്നത്. ഒരു പെണ്‍കുട്ടി പോലും സ്വയം ഉയര്‍ന്നു വരുന്നതായുള്ള രംഗം കാണാനാകില്ല. ആധുനികത പെണ്ണുങ്ങളിലേക്കെത്തുമ്പോള്‍ ഹലീമക്ക് മാത്രമാണ് അതിന് നേരിട്ടുള്ള അവസരം ലഭിക്കുന്നത്. പക്ഷെ, നോവലിസ്റ്റ് ആ മാറ്റത്തിന്‍റെ ക്രെഡിറ്റ് നല്‍കുന്നത് ഭര്‍ത്താവായ ഉമ്മര്‍കോയക്കാണ്. 

ഉപസംഹാരം 

ഒരേസമയം ദേശം, സമുദായം, വ്യക്തി എന്നീ തലങ്ങളില്‍ കൂടിയാണ് സുല്‍ത്താന്‍വീട്ടിലെ കഥ വികസിക്കുന്നുണ്ട്. പ്രാദേശിക ചരിത്രപഠനത്തിന്‍റെ ഉപാദാനസാമഗ്രിയായി ഇത്തരം നോവലുകളെ പരിഗണിക്കാനുള്ള സാധ്യതകള്‍ ഈ കൃതിയുടെ ബഹുതലവായനകളിലൂടെ കണ്ടെടുക്കാവുന്നതാണ്. വി.ടി.ഭട്ടതിരിപ്പാടിന്‍റെ څഅടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്', കെ. ദാമോദരന്‍റെ څപാട്ടബാക്കി' എന്നീ നാടകങ്ങളെ പോലെ സാമൂഹിക-സമുദായിക പരിവര്‍ത്തനത്തിനുള്ള ആഹ്വാനം ഈ നോവല്‍ വായനക്കാരിലേക്ക് കൈമാറുന്നുണ്ട്. ഈ കാര്യത്തില്‍ നാടകത്തിന്‍റെയത്ര ജനകീയത നോവലുകള്‍ക്ക് അവകാശപ്പെടാനാവില്ലെങ്കിലും പുരോഗമനവും പരിവര്‍ത്തനവും ഈ നോവലിന്‍റെയും ധര്‍മ്മമാകുന്നുണ്ട്. ഈ ദേശത്ത് രൂപം കൊണ്ട് സാമുദായിക പരിഷ്കരണത്തിന്‍റെ സ്വാധീനം കേരളത്തിലെ ഇതരദേശങ്ങളിലെ മുസ്ലിങ്ങളെക്കൂടി പില്‍ക്കാലങ്ങളില്‍ സ്വാധീനിക്കുന്നുണ്ട്. അക്കാലത്തെ പ്രധാന ഗതാഗത-വാണിജ്യ മാര്‍ഗം തീരപ്രദേശങ്ങളിലൂടെയായതിനാല്‍ അവിടെ സാംസ്കാരികവിനിമയങ്ങള്‍ക്ക് താരതമ്യേന വേഗതയുണ്ടായിരുന്നതായി കാണാം. 

ഒരു കാലത്തെ പ്രതാപികളായ കോയമാരുടെ സാമ്പത്തികവായന നടത്തുകയാണെങ്കില്‍ കോയമാരുടെ പ്രതാപം നഷ്ടപ്പെടാന്‍ അവര്‍ക്കിടയിലുണ്ടായിരുന്ന അനാവശ്യമായ മാമൂലുകള്‍ കാരണമായിട്ടുണ്ടെന്നത് മനസ്സിലാക്കാം. ഒരോ ചടങ്ങുകളിലും പ്രാമാണിത്യം കാണിക്കുന്നതിനായി സമ്പത്ത് ധൂര്‍ത്തടിച്ചു പിന്നീട് കച്ചവടം ചെയ്യാന്‍ കാശില്ലാതാകുന്ന അവസ്ഥകള്‍ നോവലില്‍ തന്നെ അവതരിപ്പിക്കുന്നുണ്ട്. കോഴിക്കോട്ടെ മുസ്ലിം വാമൊഴിവഴക്കത്തിന്‍റെയും അതിലുപയോഗിക്കുന്ന ധാരാളം സവിശേഷപദങ്ങളുടെയും ശേഖരം ഈ നോവലിലുണ്ട്. ആ ഭാഷാഭേദത്തോട് ഇത്തിരിയെങ്കിലും ബന്ധമില്ലാത്തവര്‍ക്ക് നോവലിലെ പല ഭാഗങ്ങളും മനസ്സിലാക്കി മുന്നോട്ട് പോകാന്‍ ചെറിയ പ്രയാസമുണ്ടാകും. ഒരേ ദേശം പശ്ചാത്തലമാകുന്ന മികച്ച നോവലുകള്‍ എന്ന നിലയില്‍ څഒരു ദേശത്തിന്‍റെ കഥ' ആഘോഷിക്കപ്പെടുന്നതിന്‍റെ നൂറിലൊന്ന് പോലും ഈ കൃതിക്ക് ലഭിക്കുന്നില്ലെന്നത് വാസ്തവമാണ്. മേല്‍ പറഞ്ഞത് അതിന്‍റെ വളരെ ചെറിയൊരു കാരണമായി മാത്രമേ എണ്ണാനാവൂ. മറ്റൊരു വസ്തുത, കാലഘട്ടങ്ങള്‍ മാറിവരുമ്പോള്‍ സാമൂഹികവീക്ഷണങ്ങളിലും വലിയ വ്യതിയാനങ്ങളുണ്ടാകുന്നതിന്‍റെ ദൃഷ്ടാന്തമാണ് അന്ന് കൂട്ടുകുടുംബവ്യവസ്ഥയില്‍ നിന്ന് പുറത്ത് കടന്നതും ഇന്ന് അണുകുടുംബ വ്യവസ്ഥയില്‍ അപലപിക്കുന്നതും. 

കുറിപ്പുകള്‍ 

1. പി.എ. മുഹമ്മദ്കോയ നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, സ്പോര്‍ട്സ് ലേഖകന്‍, സാമൂഹിക- സാംസസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു. മിനിക്കിന്‍റകത്ത് അഹമ്മദ് കോയമുല്ല, പൊന്മാണിച്ചിന്‍റകത്ത് കദീശാബി ദമ്പതികളുടെ മകനായി 1922 ആഗസ്റ്റ് 15ന് കോഴിക്കോടാണ് മുഹമ്മദ്കോയ ജനിക്കുന്നത്. സുല്‍ത്താന്‍ വീട്, സുറുമായിട്ട കണ്ണുകള്‍, ടാക്സി, അഭിലാഷം, സ്പോര്‍ട്സ്മാന്‍, ദ്വീപുകാരന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍. അദ്ദേഹത്തിന്‍റെ കഥകളിലും നോവലുകളിലും കൂടുതലായും കാണപ്പെടുന്ന പ്രമേയം ലക്ഷദ്വീപിലെയും മലബാറിലെയും സാമൂഹികജീവിതമാണ്. സുറുമയിട്ട കണ്ണുകള്‍ 1983-ല്‍ സിനിമയായപ്പോള്‍ അതിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് മുഹമ്മദ്കോയയാണ്. ഹാരിസ്, മുഷ്താക് എന്നിവ അദ്ദേഹത്തിന്‍റെ തൂലികാനാമങ്ങളാണ്. കോഴിക്കോട് വലിയങ്ങാടിയിലുള്ള മുഷ്താക് റോഡ് അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമാണ്. 1990 ഒക്ടോബര്‍ 27ന് മുഹമ്മദ്കോയ അന്തരിച്ചു. 

സഹായകഗ്രന്ഥങ്ങള്‍ 

ജമീല്‍ അഹമ്മദ്. (2017 നവംബര്‍ - 2018 ജനുവരി). സുല്‍ത്താന്‍വീട് കുറ്റിച്ചിറയുടെ ഇതിഹാസം. കവനകൗമുദി ത്രൈമാസിക, ISSN 2456-2513. 
പോള്‍, എം.പി. (1998). നോവല്‍ സാഹിത്യം. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, പതിപ്പ് 12. 
മമ്മത് കോയ, പി.പി. പരപ്പില്‍. (2012). കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്രം. കോഴിക്കോട്: വചനം ബുക്സ്. 
മുഹമ്മദ് കോയ, പി. എ. (2021). സുല്‍ത്താന്‍ വീട്, കോഴിക്കോട്: ഒലീവ് പബ്ലിക്കേഷന്‍സ്. 
രവീന്ദ്രന്‍, പി. പി. (2017). ആധുനികത. അജു കെ. നാരായണന്‍ (എഡി.) താക്കോല്‍ വാക്കുകള്‍ വിചാരമാതൃകകള്‍ കേരളീയ നോട്ടങ്ങള്‍. ആലുവ: വിദ്വാന്‍ പി.ജി നായര്‍ സ്മാരക ഗവേഷണ കേന്ദ്രം. 
ഫാത്തിമ ഷിഫാനത്ത് കെ. ടി  
ഗവേഷക  
മലയാള-കേരളപഠന വിഭാഗം 
കാലിക്കറ്റ് യൂണിവേഴ്സിറ്റി 
Email: shifanakt23@gmail.com  
Ph: +91 9495675638 
ORCID: 0009-0001-5182-761X  
ഡോ. ഹസ്കറലി ഇ. സി  
പ്രൊഫസര്‍ 
മലയാള വിഭാഗം 
സുല്ലമുസ്സലാം സയന്‍സ് കോളേജ്, അരീക്കോട് 
Email: drhaskerali@gmail.com 
Ph: +91 9895092330 
ORCID: 0009-0009-4143-9726