Disability and Islamic Ideology: A study based on the Quran

Anjali Mohan M R

Islam is not merely a personal philosophy; it has numerous dimensions. It has multiple facets, and Islam does not consider one Muslim superior to another. When analyzing Islamic history, one can observe perspectives that see all humans as imperfect and interdependent. Islam asserts that cultural aspects linked with personal identity, such as values like curse, burden, grace, power, compassion, and thoughtfulness, can be seen through the lens of disability. Reading the Quran, the primary scripture of Islam, allows for examination and understanding of the readings related to acceptance and perspectives on inclusivity and integration. This study aims to analyze the foundational principles and attitudes of Islamic teachings, rooted in the Quran, regarding disability and the Islamic perspective on a person with disability. This exploration aligns with the core of Islamic teachings, connecting the foundational principles of Islamic education with disability. 

Key words: Islam, Disability, Quran, Muslim, Completeness - Incompleteness Concepts.

Reference 

Assan,K. (2019). Islamika Charithram,  Thiruvananthapuram: Kerala Basha institute.
Cheriyamundam Abdul hameed, kunju Muhammad parappur(Translation). (2013). Vishudha Quran sampoorna Malayala paribhasha, Al medina: Malik Fahd Quran printing press.
Syed Mohiuddin Shah, Muhammad.V&  Kuttiyamu T P(Edi.). (2006). Islamika darshanam, Thiruvananthapuram:Kerala Bhasha institute.
Aslam hudavi kunnathil. (2021). Vardhakyam, Avashatha, Binnasheshi:  Islam idam kodukkunna vidham, Malappuram: Thelicham Magazine.
Raees hidaya. (2021). Nammude samudayam ethra Mathram Binnasheshi souhrudhamaanu, Malappuram: Thelicham Magazine.
Anjali Mohan M R
Research scholar
K K T M Govt. College Pullut, Kodungallur
Thrissur
Pin: 680663
India
Mail: anjalimohanmr@gmail.com
Ph.No: +91 9446204970
ORCID: 0009-0002-4743-8774


ഡിസെബിലിറ്റിയും ഇസ്ലാമിക സങ്കല്പനവും: ഖുര്‍ആന്‍ മുന്‍നിര്‍ത്തിയുള്ള പഠനം

അഞ്ജലി മോഹന്‍ എം.ആര്‍

ഇസ്ലാം എന്നത് ഏകശിലാത്മകമായ പ്രത്യയശാസ്ത്രമല്ല. അതിന് നിരവധി അടരുകളുണ്ട്.  ഒരു മുസ്ലിം  മറ്റൊരു മുസ്ലിമിനേക്കാള്‍ ഉന്നതനാണെന്ന് ഇസ്ലാം വിശ്വസിക്കുന്നില്ല. എല്ലാ മനുഷ്യരില്‍ നിന്നും നിര്‍ഭയത്വം  ഉണ്ടാകുമ്പോള്‍ മാത്രമേ മനസ്സ് സ്വസ്ഥമാകുകയുള്ളു എന്നാണ് ഇസ്ലാമിക മനോഭാവം. സഹജീവികള്‍, ജന്തുജാലങ്ങള്‍, സസ്യങ്ങള്‍, വിശാലമായ ഭൂഗോളം, ബഹിരാകാശം ഇവയുടെയൊക്കെ സുന്ദരമായ നിലനില്‍പ്പും സുഖവുമാണ് സമാധാനം കൊണ്ട് ഇസ്ലാം ലക്ഷ്യമാക്കുന്നത്. പ്രപഞ്ചത്തിലെ ഓരോ ഘടകത്തെയും ഓരോ ചലനത്തെയും സ്പര്‍ശിക്കുന്ന സ്വയംപരിപൂര്‍ണമായ സത്യ-ധര്‍മകര്‍മസിദ്ധാന്തങ്ങളുടെ ആകത്തുകയാണ് ഇസ്ലാം. ഇസ്ലാമികചരിത്രം വിശകലനം ചെയ്യുമ്പോള്‍ മനുഷ്യരെല്ലാം അപൂര്‍ണ്ണരും പരസ്പരാശ്രിതരുമാണെന്ന കാഴ്ചപ്പാടുകള്‍ പലയിടങ്ങളിലും പ്രതിഫലിക്കുന്നതായി കാണാം. അടിസ്ഥാനപരമായി മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന  ദൗര്‍ബല്യങ്ങളോടുള്ള വിദ്വേഷ മനോഭാവത്തെ മറികടന്ന് അതിനെ ഒരു അനിവാര്യസത്യമായിക്കണ്ട് അല്ലാഹുവിന് മുന്നില്‍ സ്വത്വത്തെ സമര്‍പ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ആത്മീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന  സംസ്കാരങ്ങള്‍ ശാപം, ഭാരം, അനുഗ്രഹം, ശക്തി, ദയ, കരുതല്‍ തുടങ്ങിയ നിലകളിലാണ്   സിസബിലിറ്റിയെ സമീപിക്കുന്നതെന്ന് മനസ്സിലാക്കാം. സംസ്കാരവും ആത്മീയതയും ഡിസെബിലിറ്റിയെ സംബന്ധിച്ച വ്യക്തിയുടെ കാഴ്ചപ്പാടില്‍ പലപ്പോഴും സ്വാധീനം ചെലുത്താറുണ്ട്.   ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖുര്‍- ആന്‍ വായന സാധ്യമാക്കുന്നത് അംഗീകരണത്തിന്‍റെയും ഉള്‍ച്ചേര്‍ക്കലുകളുടെയും  വീക്ഷണങ്ങളാണ്. മനുഷ്യ ജീവിതം, വിശ്വാസം, വിജ്ഞാനം, വിനയം, വിപ്ലവം, വിമോചനം, സ്നേഹം, കരുണ, മാനവികമൂല്യങ്ങള്‍ തുടങ്ങി മനുഷ്യനെ ബാധിക്കുന്ന സകല കാര്യങ്ങളെ  സംബന്ധിച്ചും ഇസ്ലാമിന്‍റെ പ്രഥമ പ്രമാണമായ വിശുദ്ധ ഖുര്‍- ആനില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. സത്യം, നീതി, സ്വാതന്ത്ര്യം, സഹിഷ്ണുത ഇവ പൂര്‍ണ്ണമായും ഖുര്‍ആന്‍  അംഗീകരിക്കുന്നതായി കാണാം. ഇസ്ലാമിക അധ്യാപനത്തിന്‍റെ പ്രാഥമിക സ്രോതസ്സായ ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട ഇസ്ലാമിക നിലപാടും മനോഭാവവും  വിശകലനം ചെയ്യുകയാണ് ഈ പഠനം.  

താക്കോല്‍ വാക്കുകള്‍: ഇസ്ലാം, ഡിസെബിലിറ്റി, ഖുര്‍ആന്‍, മുസ്ലിം, പൂര്‍ണ്ണത  - അപൂര്‍ണ്ണത  സങ്കല്പങ്ങള്‍. 

ആമുഖം:

മനുഷ്യനെ വ്യത്യസ്തമായി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നിറത്തിലും മാനസികാവസ്ഥയിലും കഴിവുകളിലും  നമ്മള്‍ ഒരുപോലെയല്ലെന്നും, അതിനാല്‍  പരസ്പരം സഹകരിക്കുകയും പഠിക്കുകയും വേണമെന്ന് ഇസ്ലാം പറയുന്നു. ഡിസെബിലിറ്റി  എന്ന  വിഷയത്തെ വളരെ പ്രാധാന്യത്തോടെ സമീപിക്കുകയും അതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ക്കും  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഇടം നല്കുന്നതുമായ സമീപനമാണ് ഇസ്ലാമിന്‍റേത്. ചലന പരിമിതി (ഘീരീാീീൃേ റശമെയശഹശ്യേ), കുഷ്ഠരോഗ വിമുക്തര്‍ (ഘലുൃീ്യെ രൗൃലറ), മസ്തിഷ്ക തളര്‍ വാതം (ഇലൃലയൃമഹ ജമഹ്യെ), ഉയരമില്ലായ്മ (ഉംമൃളശാെ), പേശീ ക്ഷയം (ങൗരൌഹമൃ റ്യൃീുവ്യെേ), ആസിഡ് അക്രമ ഇരകള്‍ (അരശറ മമേേരസ ്ശരശോെ), കാഴ്ച പരിമിതി (ആഹശിറിലൈ), കാഴ്ച കുറവ് (ഘീിഴ ്ശശെീി), കേള്‍വി കുറവ് (ഒലമൃശിഴ ശാുമശൃാലിേ), സംസാര ശേഷി കുറവ് (അുവമഃശമ), പഠന വെല്ലുവിളി നേരിടുന്നവര്‍ (ടുലരശളശര ഹലമൃിശിഴ റശമെയശഹശ്യേ), സംസാര ഭാഷ ന്യൂനത (ടുലലരവ മിറ ഘമിഴൗമഴല റശമെയശഹശ്യേ), ഓട്ടിസം (അൗശോെ ുലെരൃൗാേ റശമെൃറലൃ). മാനസീകരോഗം (ങലിമേഹ ശഹഹിലൈ), മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, പാര്‍ക്കിന്‍സണ്‍സ്, ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍സ് അനീമിയ, ബഹുമുഖ വെല്ലുവിളികള്‍ (ങൗഹശേുഹല റശമെയശഹശ്യേ) തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ് ഡിസെബിള്‍ഡ് സമൂഹത്തില്‍ ഉള്‍പ്പെടുന്നത്. സംസ്കാരവും ആത്മീയതയും ഡിസെബിലിറ്റിയെ സംബന്ധിച്ച വ്യക്തിയുടെ കാഴ്ചപ്പാടില്‍ പലപ്പോഴും സ്വാധീനം ചെലുത്താറുണ്ട്.  ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖുര്‍-ആന്‍  വായന സാധ്യമാക്കുന്നത് അംഗീകരണത്തിന്‍റെയും ഉള്‍ച്ചേര്‍ക്കലുകളുടെയും  വീക്ഷണങ്ങളാണ്. വ്യക്തിയുടെ  ആത്മീയവിഷ്ക്കാരമെന്ന നിലയില്‍ څഇസ്ലാം' എപ്രകാരമാണ് ഡിസെബിലിറ്റി  സമൂഹത്തില്‍ ഇടപെട്ടിരിക്കുന്നതെന്ന് ഖുര്‍-ആന്‍  പരിശോധിച്ചുകൊണ്ട് വിശദമാക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്.

ഡിസെബിലിറ്റിയും  ഇസ്ലാമും  

മനുഷ്യന്‍റെ നിലനില്‍പിന് ആവശ്യമായ ശക്തിയും ഊര്‍ജ്ജവും പ്രദാനം ചെയ്യാന്‍ കഴിവുള്ള മതം എന്നാണ്  ലോക പ്രശസ്ത ചിന്തകനും സാഹിത്യകാരനുമായ ഡോ.ജോര്‍ജ് ബര്‍ണാഡ് ഷാ ഇസ്ലാമിനെ നിര്‍വചിച്ചത്. څഇസ്ലാംچ എന്നത് ഒരു വ്യക്തി സ്ഥാപിച്ചതോ ഒരു പ്രത്യേക ജനവിഭാഗത്തെ ഉദ്ദേശിച്ചുണ്ടായതോ ആയ ഒരു മതമല്ല. 'മതംچ എന്ന പദംകൊണ്ടു സാധാരണ അര്‍ഥമാക്കുന്നതില്‍ നിന്നു വ്യത്യസ്തമായി ആ പദത്തിലൊതുങ്ങാത്ത അത്യഗാധവും അതിവിപുലവുമായ ഒരാശയമത്രേ ഇസ്ലാം ഉള്‍ക്കൊള്ളുന്നത്. പ്രപഞ്ചത്തിലെ ഓരോ ഘടകത്തെയും ഓരോ ചലനത്തെയും സ്പര്‍ശിക്കുന്ന സ്വയംപരിപൂര്‍ണമായ സത്യ-ധര്‍മകര്‍മസിദ്ധാന്തങ്ങളുടെ ആകത്തുക യാണ് ഇസ്ലാം. ദൈവമാണ് അതിന്‍റെ ശക്തികേന്ദ്രം. ദൈവത്തോടുള്ള പരിപൂര്‍ണമായ വിധേയത്വമാണ് ഇസ്ലാം. അതിന്‍റെ പ്രകാശം ദൃശ്യാദൃശ്യ ലോകങ്ങള്‍ക്ക് അതീതമായി വ്യാപിക്കുന്നു. അതിന്‍റെ ചരിത്രം പ്രപഞ്ചോല്‍പ്പത്തിക്ക് മുമ്പ് മുതല്‍ പ്രപഞ്ചവിനാശ കാലത്തിനപ്പുറമുള്ള അനന്തതയിലേക്കു കൂടി വ്യാപിച്ചു കിടക്കുന്നു. അതിന്‍റെ തത്വ ശാസ്ത്രം പരമസത്യം തന്നെ. മനുഷ്യാര്‍ജിതങ്ങളായ വിജ്ഞാനസമ്പത്തുകളെല്ലാം ആ വിജ്ഞാനപാരാവാരത്തിലെ ചെറുകണങ്ങള്‍ മാത്രമാകുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള മേല്‍ പ്രസ്താവങ്ങള്‍ ഒരു വ്യക്തിയുടെ ഭാവനാജന്യങ്ങളായ സിദ്ധാന്തങ്ങളല്ല; വ്യക്തവും ലളിതവുമായ ഭാഷയില്‍ സാമാന്യബുദ്ധിക്ക് ഗ്രഹിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ അതിന്‍റെ മൂലഗ്രന്ഥമായ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളവ യാണ്" (ഇസ്ലാമിക ദര്‍ശനം, 2006: 3).

ഒരു മുസ്ലിം  മറ്റൊരു മുസ്ലിമിനേക്കാള്‍ ഉന്നതനാണെന്ന് ഇസ്ലാം വിശ്വസിക്കുന്നില്ല. എല്ലാ മനുഷ്യരില്‍ നിന്നും നിര്‍ഭയത്വം  ഉണ്ടാകുമ്പോള്‍ മാത്രമേ മനസ്സ് സ്വസ്ഥമാകുകയുള്ളു എന്നാണ് ഇസ്ലാമിക മനോഭാവം. സഹജീവികള്‍, ജന്തുജാലങ്ങള്‍, സസ്യങ്ങള്‍, വിശാലമായ ഭൂഗോളം, ബഹിരാകാശം ഇവയുടെയൊക്കെ സുന്ദരമായ നിലനില്‍പ്പും സുഖവുമാണ് സമാധാനം കൊണ്ട് ഇസ്ലാം ലക്ഷ്യമാക്കുന്നത്. څഅസ്സലാമു അലൈക്കും' അഥവാ څനിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ' എന്ന് അഭിവാദാനം ചെയ്യുന്നത് കേവലമൊരു ചടങ്ങെന്നതിനപ്പുറം വിശ്വാസ പ്രമാണത്തിന്‍റെ പ്രകടനമെന്ന നിലയിലാണ്. ഏക വിശ്വാസം, ഏക ആചാരക്രമം, ഏക ഗ്രന്ഥം, ഏക സമൂഹം എന്നിങ്ങനെ ഏകരൂപ ഭാവങ്ങളുടേതായ സമത്വസമൂഹമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. സമന്മാരുടെ ലോകമെന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട ഇസ്ലാമിക സങ്കല്പനങ്ങള്‍ എന്നു മനസ്സിലാക്കാവുന്നതാണ്.        

സ്വഹാബികളില്‍ പ്രമുഖനായ കാഴ്ചപരിമിതിയുള്ള 'അബ്ദുല്ലാഹി ബിനു ഉമ്മുമക്തൂം' ഖുര്‍-ആന്‍ പഠിക്കണമെന്ന ആഗ്രഹവുമായി മുഹമ്മദ്നബിയുടെ പക്കലെത്തിയപ്പോള്‍ അദ്ദേഹത്തിനു നേരെ മുഖം തിരിഞ്ഞു നിന്ന നബിയുടെ നടപടിയെ വിമര്‍ശിക്കുന്ന ഖുര്‍-ആന്‍  വചനങ്ങള്‍ എട്ടാം അദ്ധ്യായത്തില്‍ 42ാം സൂക്തങ്ങളില്‍ കാണാം. ഖുര്‍-ആനില്‍ നബിയെ വിമര്‍ശിക്കുന്ന ഒരേയൊരു ഭാഗമാണത്. 

"പ്രവാചകര്‍ ഖുറൈശി നേതാക്കന്മാരോട് സംസാരിക്കുകയായിരുന്നു, ആ സമയം പ്രവാചകന്‍ ഉമ്മു മക്തൂമിനെ ഗൗനിച്ചില്ല, അത് അദ്ദേഹത്തില്‍ ചെറിയ വിഷമം ഉളവാക്കി, ഉടനെ നബിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടു ഖുര്‍-ആന്‍ വചനം ഇറങ്ങി (താങ്കളുടെ അടുക്കല്‍ കാഴ്ച പരിമിതിയുള്ള ഒരാള്‍ വന്നിട്ട് നിങ്ങള്‍ മുഖം തിരിച്ചു കളഞ്ഞിരി ക്കുകയാണോ) (സൂറത്ത് അബസ 1, 2) അപ്പോള്‍ തന്നെ പ്രവാചകന്‍ ഉമ്മു മക്തൂമിന്‍റെ  ആവശ്യം നിറവേറ്റുകയും ചെയ്തു. ഉമ്മു മക്തൂമിന്‍റെ പാണ്ഡിത്യവും, ശബ്ദമാധുര്യവും കാരണം ബിലാല്‍ (റ) ന്‍റെ കൂടെ ബാങ്ക് വിളിക്കാന്‍ അദ്ദേഹത്തെ കൂടി ഏല്‍പിക്കുമായിരുന്നു. മാത്രവുമല്ല അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയും നേതൃപാടവും കാരണം പ്രവാചകന് യുദ്ധത്തിനും മറ്റും പോകുമ്പോള്‍ 13 തവണ മദീനയുടെ ഭരണനിയന്ത്രണം ഏല്‍പിച്ചിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. അവസാനം ഖാദിസിയ്യ യുദ്ധത്തില്‍ കൊടിപിടിച്ചു കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്." 

ഇവിടെ കാഴ്ചയില്ലാത്ത സ്വഹാബിയുടെ ഡിസെബിള്‍ഡ് ശരീരത്തെയും അതുവഴി അദ്ദേഹത്തിന്‍റെ  അസ്തിത്വത്തെയും അംഗീകരിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അനുഗ്രഹം, ശിക്ഷ എന്നീ ദ്വന്ദങ്ങള്‍ക്കപ്പുറത്തു നിന്നുകൊണ്ട് മനുഷ്യനായിരിക്കുന്നതിന്‍റെ സ്വാഭാവികതയായി ഡിസെബിലിറ്റിയെ  കാണാനാണ് ഇസ്ലാം ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. അതിന്‍റെ ആദ്യപടി ഡിസെബിലിറ്റിയെ അംഗീകരിക്കുക എന്നതാണ്. ഡിസബിള്‍ഡ് ശരീരത്തോടുള്ള സഹതാപവും അതില്‍ നിന്നുരുത്തിരിയുന്ന ചികിത്സാഉപദേശങ്ങളും സ്വാഭാവികമായും ചെന്നെത്തുന്നത് 'പൂര്‍ണ്ണത' സങ്കല്പങ്ങളോടുള്ള പൊതു താല്പര്യങ്ങളിലേക്കാണ്. 2021 ലെ മാര്‍ച്ച് ലക്കത്തില്‍ തെളിച്ചം മാസികയില്‍ പ്രസിദ്ധീകൃതമായ څനമ്മുടെ സമുദായം എത്രമാത്രം ഭിന്നശേഷി സൗഹൃദമാണ്' എന്ന ലേഖനം ശാരീരികവും മാനസികവുമായ  പൂര്‍ണ്ണ -അപൂര്‍ണ്ണ സങ്കല്പങ്ങളെ സംബന്ധിച്ച ഇസ്ലാമിക നിലപാടുകളെ അവതരിപ്പിക്കുന്നതായി കാണാം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് നടന്ന ഒരു വാഹനാപകടത്തില്‍ കഴുത്തിനുതാഴെ ചലനശേഷി നഷ്ടപ്പെട്ട 'റഈസ് ഹിദായ'യുടേതാണ് ഈ ലേഖനം. 'പടച്ചവന്‍റെ സൃഷ്ടിപ്പില്‍ ഓരോ മനുഷ്യനും തീര്‍ത്തും വിഭിന്നമായ ശേഷികള്‍ ഉള്ളവരാണ്. ചിന്തയും കാഴ്ച്ചപ്പാടും കഴിവും ഒക്കെ ഓരോരുത്തരിലും വ്യത്യസ്തമാണ്. അതിനെയൊക്കെ അതേരീതിയില്‍ അംഗീകരിക്കുക എന്നതാണ് വിശ്വാസിയുടെ ദൗത്യം. മനുഷ്യന്‍റെ ദൗത്യമായി അല്ലാഹു പറഞ്ഞത് അവനെ നാം പ്രതിനിധിയായി (ഖലീഫ) നിയോഗിച്ചു എന്നാണ്. ഓരോരുത്തരുടെയും ഖിലാഫത്ത് വ്യത്യസ്തമാവും. അതിനനുസരിച്ച ശരീരവും കഴിവും പ്രാപ്തിയുമൊക്കെയാണ് അല്ലാഹു അവര്‍ക്ക് നല്‍കുന്നതും. വ്യത്യസ്തമായ ജീവിതനിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് നമ്മെ സൃഷ്ടിപ്പില്‍ വ്യത്യസ്തരാക്കിയതും. ഈ വൈവിധ്യങ്ങളെ ഇസ്ലാം അംഗീകരി ക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍റേതായ പൂര്‍ണതയിലാണ് എന്ന അടിസ്ഥാനവിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. അതേസമയം, ഇത്തരത്തില്‍ ശാരീരിക ബലഹീനതകള്‍ അനുഭവിക്കുന്നവരെക്കുറിച്ച് വിധിക്കെതിരെ പോരാടിയവന്‍, വിധിയെ തോല്‍പിച്ചവന്‍ എന്നൊക്കെയുള്ള ഓമനപ്പേരിട്ടു നമ്മള്‍ നടത്തുന്ന പ്രയോഗം സത്യത്തില്‍ ഒരുതരം കുഫ്റി (ദൈവനിഷേധം)ന്‍റെ പ്രയോഗമാണ്. നമ്മുടെ വിധിയെ നാം തോല്പിക്കുകയോ അതിനെതിരെ പോരാടുകയോ അല്ല, മറിച്ച് സമ്പൂര്‍ണമായി അതിനെ അംഗീകരിക്കുകയും വിധേയപ്പെടുകയുമാണ്. കാരണം ഇതാണ് എന്‍റെ/നമ്മുടെ വിധി എന്നതുതന്നെ. ഇസ്ലാം ഒരിക്കലും ശേഷി (മയശഹശ്യേ)യെ ശരീരവുമായി ബന്ധപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറിച്ച് അതു മുഴുവന്‍ ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ കൈപോലും സ്വന്തം ചലിപ്പിക്കാനാകാത്ത എന്നെ സംബന്ധിച്ചിടത്തോളം അല്ലാഹു ഏല്പിച്ച നിയോഗദൗത്യം(ഖിലാഫത്ത്) പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ ആ ദൗത്യം ഒരിക്കലും ശരീരവുമായി ബന്ധപ്പെട്ടതല്ലെന്നു നമുക്കു പറയാം. ആത്മാവിനു വൈകല്യങ്ങള്‍ (റശമൈയശഹശശേലെ) എന്ന ഒന്നില്ലല്ലോ (നമ്മുടെ സമുദായം എത്രമാത്രം ഭിന്നശേഷി സൗഹൃദമാണ്, തെളിച്ചം:2021).

അടിസ്ഥാനപരമായി മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന  ദൗര്‍ബല്യങ്ങളോടുള്ള വിദ്വേഷ മനോഭാവത്തെ മറികടന്ന് അതിനെ ഒരു അനിവാര്യസത്യമായിക്കണ്ട് അല്ലാഹുവിന് മുന്നില്‍ സ്വത്വത്തെ സമര്‍പ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഡിസെബിള്‍ഡ് വ്യക്തിളെ പ്രചോദനത്തിന്‍റെയോ സഹതാപത്തിന്‍റെയോ വസ്തുക്കളായി കാണുന്ന ഏബിലിസ്റ്റ് പൊതുബോധത്തെ സ്റ്റെല്ല യംഗ് څഇന്‍സ്പിരേഷന്‍ പോണ്‍' എന്നാണ് വിളിച്ചത്. څഞാന്‍ നിങ്ങളുടെ പ്രചോദനമല്ല വളരെ നന്ദി' എന്ന തലക്കെട്ടില്‍ സ്റ്റെല്ല യംഗ് നടത്തിയ പ്രശസ്തമായ അവതരണത്തിലാണ് څഇന്‍പിരേഷന്‍ പോണ്‍' എന്ന ആശയം വാചാലമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഡിസെബിലിറ്റിയെ കുറിച്ചുള്ള സാമൂഹിക വാര്‍പ്പ്മാതൃകകളെയും തെറ്റിദ്ധാരണകളെയും വെല്ലുവിളിച്ച സ്റ്റെല യംഗ്, ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും  പങ്കെടുക്കുന്നതില്‍ നിന്ന് ഡിസെബിള്‍ഡ് വ്യക്തി കളെ തടയുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളെയും മുന്‍വിധികളെയും അഭിസംബോധന ചെയ്തു. ഉദാരപ്രശംസകളില്‍ നിന്ന് വിഭിന്നമായി സകലമനുഷ്യരിലും അന്തര്‍ലീന മായിരിക്കുന്ന ഡിസെബിലിറ്റിയെ അംഗീകരിക്കാനുള്ള മനോഭാവം വളര്‍ത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന സ്റ്റെല്ല യംഗിന്‍റെ ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഒരു പരിധിവരെ ഡിസെബിലിറ്റിയുമായി ബന്ധപെട്ട ഇസ്ലാമിക സങ്കല്പനങ്ങള്‍ എന്ന് പറയാം. 

ഇസ്ലാമികചരിത്രം വിശകലനം ചെയ്യുമ്പോഴും മനുഷ്യരെല്ലാം അപൂര്‍ണ്ണരും പരസ്പരാശ്രിതരുമാണെന്ന കാഴ്ചപ്പാടുകള്‍ പലയിടങ്ങളിലും പ്രതിഫലിക്കുന്നതായി കാണാം.  പ്രവാചകന്‍റെ തൊട്ടടുത്ത നാലു ഖലീഫമാരില്‍ ആദ്യത്തെ ഭരണാധികാരിയായിരുന്ന അബൂബക്കര്‍ അധികാരമേറ്റെടുത്തതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. 'ഞാന്‍ നിങ്ങളില്‍ വെച്ച്  മികച്ചവനല്ല. എനിക്ക് നിങ്ങളുടെ മുഴുവന്‍ ഉപദേശവും സഹായവും ആവശ്യമാണ്' (ഇസ്ലാമിക ചരിത്രം, 2019: 49). അത്യു ന്നത പദവിയോ മറ്റലങ്കാരങ്ങളോ ഒന്നും തന്നെ മനുഷ്യനെ പൂര്‍ണ്ണനാക്കുന്നില്ലെന്നും എല്ലാവരും ആത്യന്തികമായി ദുര്‍ബലരാണെന്നും   ഈ പ്രസ്താവന  സൂചിപ്പിക്കുന്നു.

ഇസ്ലാമികചരിത്രത്തില്‍ ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ സമീപനങ്ങളുണ്ട്.  സാംസ്കാരികവും സാമൂഹികവും ചരിത്രപരവുമായ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക സമൂഹങ്ങള്‍ക്കുള്ളില്‍ ഡിസെബിള്‍ഡ്  വ്യക്തികളുടെ വീക്ഷണങ്ങളും പെരുമാറ്റവും വ്യത്യസ്തമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.  വിവേചനത്തിന്‍റെയും മോശമായ പെരുമാറ്റത്തിന്‍റെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇസ്ലാമികപഠനങ്ങള്‍ ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍ക്കൊള്ളല്‍, ബഹുമാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതായി കാണാം. ആദ്യകാല ഇസ്ലാമിക ചരിത്രത്തില്‍, മുഹമ്മദ്നബിയുടെ പ്രവര്‍ ത്തനങ്ങളും വാക്കുകളും (ഹദീസുകള്‍) ഡിസബിള്‍ഡ് വ്യക്തികളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ചില ഹദീസുകള്‍ ഡിസബിള്‍ഡ് വ്യക്തികളെ പിന്തുണയ്ക്കേണ്ടതിന്‍റെ  പ്രാധാന്യം എടുത്തുകാണിക്കുന്നു. ഇസ്ലാമിക വാസ്തുവിദ്യയും നഗരാസൂത്രണവും ഡിസബിള്‍ഡ് വ്യക്തികളെ  ഉള്‍ക്കൊള്ളാനുള്ള പ്രവണത ഒരു പരിധിവരെ പ്രകടമാക്കുന്നതായി മനസ്സിലാക്കാം. മസ്ജിദുകള്‍ പലപ്പോഴും റാമ്പുകളോ സൗകര്യങ്ങളോ ഉപയോഗിച്ച് രൂപകല്പന ചെയ്യുന്നത് ചലനാത്മക വെല്ലുവിളികളുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ്.  ഇത്  എല്ലാ മുസ്ലീങ്ങള്‍ക്കും മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പ് നല്‍കുന്നു.

ഇസ്ലാമിക പണ്ഡിതനും വൈദ്യനുമായ അവിസെന്ന എന്നറിയപ്പെടുന്ന ഇബ്ന്‍ സീന   ഡിസെബിലിറ്റിയെയും അവയുടെ ചികിത്സയെയും കുറിച്ചുള്ള കൃതികള്‍ രചിക്കുകയും ഡിസെബിള്‍ഡ് വ്യക്തികളെ മനസ്സിലാക്കുന്നതിനും പരിപാലിക്കുന്നതിനുമായി വാദിക്കുകയും ചെയ്തു. ഇസ്ലാമിക സമൂഹങ്ങളിലെ ഡിസെബിലിറ്റിയുടെ  ചരിത്രം ബഹു മുഖമാണെന്നും കാലക്രമേണ അത് വികസിച്ചുവെന്നും തിരിച്ചറിഞ്ഞുകൊണ്ട് ഈ വിഷയ ത്തെ സംവേദനക്ഷമതയോടെയും സൂക്ഷ്മതയോടെയും സമീപിക്കേണ്ടത് നിര്‍ണായ കമാണ്.  മാത്രമല്ല, മുസ്ലീം ലോകത്തിനുള്ളിലെ വ്യത്യസ്ത സംസ്കാരങ്ങളിലും പ്രദേശങ്ങളിലും മനോഭാവങ്ങളും സമ്പ്രദായങ്ങളും വ്യാപകമായി വ്യത്യാസപ്പെടുന്നു എന്നും മനസിലാക്കേണ്ടതുണ്ട്.

ഖുര്‍ആനിലൂടെ 

മനുഷ്യ ജീവിതം, വിശ്വാസം, വിജ്ഞാനം, വിനയം, വിപ്ലവം, വിമോചനം, സ്നേഹം, കരുണ, മാനവികമൂല്യങ്ങള്‍ തുടങ്ങി മനുഷ്യനെ ബാധിക്കുന്ന സകല കാര്യങ്ങളെ  സംബന്ധിച്ചും ഇസ്ലാമിന്‍റെ പ്രഥമ പ്രമാണമായ വിശുദ്ധ ഖുര്‍-ആനില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. സത്യം, നീതി, സ്വാതന്ത്ര്യം, സഹിഷ്ണുത ഇവ പൂര്‍ണ്ണമായും ഖുര്‍-ആന്‍ അംഗീകരി ക്കുന്നതായി കാണാം. വര്‍ഗ്ഗ- വര്‍ണ്ണ- രൂപ വൈജാത്യങ്ങള്‍ക്കതീതമായി ഖുര്‍-ആന്‍  ഏകത്വത്തില്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കാം. പരസ്പരാശ്രയമെന്ന ആശയത്തോട് കൂടുതല്‍ പൊരുത്തപ്പെടുന്ന കാഴ്ചപ്പാടാണ് ഖുര്‍-ആന്‍ അവതരിപ്പിക്കുന്നത്.  മനുഷ്യന്‍റെ സ്വയാധികാരത്തെ സ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പരസ്പരാശ്രയത്വമെന്ന ആശയെത്ത ഖണ്ഡിക്കുന്നതിനു പകരം സ്വാശ്രയത്വത്തെയും സ്വയാധികാരത്തെയും ശക്തിപ്പെടുന്ന ഒന്നായി  ബന്ധങ്ങളെ നോക്കിക്കാണാനാണ്  ഖുര്‍-ആന്‍  ശ്രമിക്കുന്നത്. സ്വാശ്രയത്വം എന്ന ആശയത്തെ മനസ്സിലാക്കേണ്ടത് മനുഷ്യന്‍ പരാശ്രയനാണെന്ന സത്യത്തെ ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം എന്നതാണ് ഇസ്ലാമികപക്ഷം. ഡിസെബിലിറ്റിയെ വ്യക്തിഗത ദുരന്തമായി കണക്കാക്കുന്ന മെഡിക്കല്‍  മാതൃക സിദ്ധാന്ത ത്തിന്‍റെ  പ്രതികരണമായി വികസിപ്പിച്ചെടുത്ത  സാമൂഹികമാതൃക സിദ്ധാന്തം ഡിസെ ബിലിറ്റി  എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല, സാമൂഹികവും സാംസ്കാരികവും ശാരീരി കവുമായ തടസ്സങ്ങളുടെ ഫലമാണെന്ന് എടുത്തുകാണിക്കുന്നു. വൈവിധ്യമാര്‍ന്ന ആവശ്യ ങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ സമൂഹത്തിന്‍റെ പരാജയമാണ് ഡിസെബിലിറ്റിയേക്കാള്‍ വ്യക്തികളെ അപ്രാപ്തമാക്കുന്നതെന്ന് ഇത് വാദിക്കുന്നു. പൂര്‍ണ്ണതയെ സംബന്ധിച്ച പൊതുബോധ കാഴ്ചകളെ ഖുര്‍ആന്‍ സൂക്തങ്ങള്‍ അപനിര്‍മ്മിക്കുന്നതായി കാണാം.  മനുഷ്യരെല്ലാം അശക്തരും ബലഹീനരുമാണെന്നും അതിനാല്‍ തന്നെ ലോകരെല്ലാം അപൂര്‍ണ്ണരാണെന്നും ഖുര്‍-ആന്‍് പ്രസ്താവിക്കുന്നു. 'നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്കു ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനുംچ (30:54, പുറം -782). 'നിങ്ങള്‍ക്ക് ഭാരം കുറച്ചു തരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്چ (4:28, പുറം - 147). 

എല്ലാ മനുഷ്യരെയും ദുര്‍ബലനായാണ് സൃഷ്ടിച്ചിരക്കുന്നതെന്ന് ആവര്‍ത്തിച്ചു കൊണ്ട് ശാരീരികവും മാനസികവുമായ അധികാരഗര്‍വ്വുകളില്‍ ആരും തന്നെ അഭിരമിക്കുകയോ അഹങ്കരിക്കുകയോ ചെയ്യേണ്ടതില്ല എന്ന് ഖുര്‍-ആന്‍  വ്യക്തമാക്കുന്നു. ശേഷി (മയശഹശ്യേ) ചിന്തകളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് മാനവികതയുടെ വൈവിധ്യത്തിന് ഖുര്‍-ആന്‍  പ്രാധാന്യം നല്‍കുന്നതായി കാണാം. ശാരീരികമോ മാനസികമോ ആയ കഴിവുകളുടെ അടിസ്ഥാനത്തില്‍ ആരും മറ്റൊരാളേക്കാള്‍ ശ്രേഷ്ഠരല്ല എന്ന തത്വത്തെ  മുറുകെപ്പിടിക്കാനാണ് ഇസ്ലാം ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാം. മനുഷ്യ ശരീരത്തിന്‍റെ ദൗര്‍ബല്യവുമായി ബന്ധപ്പെട്ട നിരവധി സൂക്തങ്ങള്‍ ഖുര്‍-ആനില്‍ കാണാന്‍ സാധിക്കും. 'ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു ഭാരം കുറച്ചു തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ട് എന്നവര്‍ അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറു പേരുണ്ടായിരുന്നാല്‍ അവര്‍ക്ക് ഇരുനൂറ് പേരെ ജയിക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആയിരംപേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നുچ (8:66 പുറം 331), 'ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും എന്നിട്ടവനെ വ്യവസ്ഥപ്പെടുത്തുകയും ചെയ്തുچ (80:19, പുറം 1175), 'നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?چ (77:29 പുറം 1164).

മനുഷ്യന്‍റെ മാനസിക ദൗര്‍ബല്യത്തെ  കുറിച്ച് ഖുര്‍-ആനില്‍ പറയുന്നതിങ്ങ നെയാണ്: 'തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്چ (70: 19, പുറം 1132). സ്വന്തം മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ പോലും അശക്തനായ മനുഷ്യനെയാണ് ഈ സൂക്തം വെളിപ്പെടുത്തുന്നത്. പൂര്‍ണ്ണമായ അറിവോടു കൂടിയ ഒരു മനുഷ്യനും ഈ ലോകത്തിലില്ലെന്നും മനുഷ്യജ്ഞാനം വളരെ പരിമിതമാണെന്നും അതിനാല്‍ തന്നെ സമ്പൂര്‍ണ്ണ ജ്ഞാനിയെന്ന നിലയില്‍ ആരും അഹങ്കരിക്കേണ്ടതില്ലെന്നും ഖുര്‍-ആനിലെ 17-ാം അദ്ധ്യായത്തിലെ  85ാം സൂക്തത്തില്‍ പറയുന്നതായി കാണാം. 'അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ലچ       (17:85 പുറം 537). ജ്ഞാനമെന്നത് ഓരോ വ്യക്തിയിലും അപൂര്‍ണ്ണമാണെന്നതു കൊണ്ട് തന്നെ എന്താണ് അടുത്ത നിമിഷം പ്രവര്‍ത്തിക്കുക എന്നത് നിര്‍വ്വചനാതീതമാണെന്ന സൂചനയും ഇതോടൊപ്പം നല്‍കുന്നു. 'നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും ഒരാളും അറിയുകയില്ല'(31:34, പുറം 791). തന്‍റെ അശക്തിയെ കുറിച്ച് ധാരണയുള്ള ഓരോ മനുഷ്യനും അല്ലാഹുവിനു മുന്‍പിന്‍ അത്യുന്നതനാണെന്നും ഖുര്‍-ആന്‍  വിശദമാക്കുന്നു. 'തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നുچ (68:4 പുറം 1119). ഇവിടെ  ഉദ്ദരിക്കപ്പെട്ട സൂക്തങ്ങള്‍  മനുഷ്യന്‍റെ അടിസ്ഥാന ബലഹീനതയെ അംഗീകരിക്കുന്നതോടൊപ്പം അതിനെ സ്ഥാപിക്കുകയും ചെയ്യുന്നു. ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കലാണ് അല്ലാഹു വിന്‍റെ മുമ്പില്‍ ഓരോ മനുഷ്യനും കാണിക്കേണ്ട ഏറ്റവും മഹത്തായ അര്‍പ്പണമായി ഇസ്ലാം കണക്കാക്കുന്നത്.   സ്വയം ബലഹീനനാണെന്ന ബോധത്തെ അപകര്‍ഷകതയോടെ നോക്കിക്കാണാതെ ആ സത്യസന്ധതയെ പ്രോത്സാഹിപ്പിക്കുകയാണ് വാസ്തവത്തില്‍ ഖുര്‍-ആന്‍  ചെയ്യുന്നത്. സാമൂഹികനിര്‍മ്മിത സിദ്ധാന്തമനുസരിച്ച് ഡിസെബിലിറ്റി  എന്ന ആശയം സമൂഹത്തിന്‍റെ മനോഭാവങ്ങളും വിശ്വാസങ്ങളും രൂപപ്പെടുത്തുകയും നിര്‍വചി ക്കുകയും ചെയ്യുന്നുണ്ട്.    എല്ലാ വ്യക്തികളുടെയും ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി സമൂഹം മാറണമെന്ന് ഇത് നിര്‍ദ്ദേശിക്കുന്നു. ഇസ്ലാമിക വീക്ഷണത്തില്‍ ഡിസെബിലിറ്റി -എബിലിറ്റി എന്നീ ദ്വന്ദങ്ങളെ ശാരീരിക പ്രാപ്തിയുടെ അഭാവമോ പ്രഭാവമോ ആയല്ല മനസ്സിലാക്കുന്നത്; മറിച്ച് ആത്യന്തികമായ മനുഷ്യന്‍റെ ബലഹീനതയെ ഉള്‍ക്കൊള്ളലാണ് ഏറ്റവും വലിയ എബിലിറ്റിയായി ഇസ്ലാം പരിചയപ്പെടുത്തുന്നതെന്ന് കാണാം. ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക സൈദ്ധാന്തികമാതൃക ഒരു വ്യക്തിയും അവരുടെ പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധത്തെ തിരിച്ചറിയുന്നു.  ഒരു വ്യക്തി ജീവിക്കുന്ന ശാരീരികവും സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം ഡിസെബിലിറ്റിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഇത് പരിശോധിക്കുന്നു. ഒപ്പം ഉള്‍ക്കൊള്ളേണ്ടതും പ്രാപ്യമാക്കേണ്ടതുമായ ചുറ്റുപാടുകളുടെ ആവശ്യകത ഊന്നിപ്പറ യുന്നു. ഈയൊരു വസ്തുതയെ ഉള്‍കൊള്ളാതെ തങ്ങള്‍ പരിപൂര്‍ണരാണെന്ന് അജ്ഞത നടിക്കുന്നവരെ കുറിക്കുന്നതിനാണ് ഖുര്‍-ആന്‍ അന്ധര്‍, ബധിരര്‍ എന്നീ വാക്കുകള്‍  പ്രയോഗിക്കുന്നത്.  'സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ല (2:171, പുറം 45). 

അനുകമ്പ, സഹാനുഭൂതി എന്നിവയ്ക്കപ്പുറത്ത് ഉള്‍പ്പെടുത്തല്‍ എന്ന പ്രക്രിയയുമായി ഡിസെബിലിറ്റിയെ കൂട്ടിച്ചേര്‍ത്ത് വായിക്കുന്ന ആശയ സംഹിതകളാണ് ഖുര്‍-ആന്‍  സൂക്തങ്ങളില്‍ ആവിഷ്കൃതമായിട്ടുള്ളത്. ഡിസെബിള്‍ഡ് വ്യക്തികളോട് ആദരവോടും മാന്യതയോടും പെരുമാറാനും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അവരെ പിന്തുണയ്ക്കാനും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ഡിസെബിലിറ്റിയുടെ ന്യൂനപക്ഷ സൈദ്ധാന്തിക മാതൃക ഡിസബിലിറ്റിയെ  മാനുഷിക വൈവിധ്യത്തിന്‍റെ ഭാഗമായി കാണുകയും ഡിസബിള്‍ഡ് വ്യക്തികളെ സാമൂഹികവും രാഷ്ട്രീയവുമായ ന്യൂനപക്ഷ വിഭാഗമായി അംഗീകരിക്കുന്നതിന് വേണ്ടി വാദിക്കുകയും ചെയ്യുന്നു.  ഡിസേബിള്‍ഡ് വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ മാതൃക ലക്ഷ്യമിടുന്നു. അതുപോലെ  ഡിസെബിലിറ്റിയുടെ ഇന്‍റര്‍സെക്ഷണാലിറ്റി സിദ്ധാന്തം  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍പെടുന്ന ഡിസബിള്‍ഡ് വ്യക്തികളുടെ സങ്കീര്‍ണ്ണമായ അനുഭവങ്ങള്‍ എടുത്തുകാണിക്കുന്നു. ഈ സമീപനങ്ങള്‍ സാമൂഹിക നീതി, അവകാശ പ്രഖ്യാപനം  എന്നിവയുടെ ഇസ്ലാമിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു, മാത്രമല്ല സമൂഹത്തില്‍ വിവിധതരത്തില്‍ പരിരക്ഷ ആവശ്യമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ  ആവശ്യങ്ങള്‍ നിറവേറ്റേണ്ടതിന്‍റെ പ്രാധാന്യം ഇത് അടിവരയിടുന്നു.  മനുഷ്യര്‍ എന്ന നിലയിലുള്ള അവരുടെ അന്തര്‍ലീനമായ മൂല്യവും അന്തസ്സും ഊന്നിപ്പറയുന്നു.

നിഗമനം

ഇസ്ലാമനുസരിച്ച്, ഡിസെബിള്‍ഡ് വ്യക്തികളെ  സമൂഹത്തില്‍ സമന്വയിപ്പിക്കുക  എന്നത് അവരുടെ വൈകാരികവും മാനസികവുമായ ക്ഷേമത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമായ കാര്യമാണ്. മുസ്ലിംകള്‍ ഒരേ വിശ്വാസങ്ങളും തത്വങ്ങളുമാണ് പങ്കിടുന്നതെങ്കിലും ഒരു  വ്യക്തിയുടെ വിശ്വാസത്തിന്‍റെ തീവ്രത, വിദ്യാഭ്യാസം, അവബോധം, അതിലും പ്രധാനമായി അവരുടെ സാംസ്കാരിക പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയുടെയും ഡിസെബിലിറ്റിയെ സംബന്ധിച്ച  മനോഭാവത്തില്‍ വ്യത്യാസം വരാം. ആത്മീയ വ്യക്തിത്വം ഡിസെബിള്‍ഡ് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതില്‍ സാംസ്കാരിക ഘടകങ്ങള്‍ക്കും വലിയ പങ്കുള്ളതായി മനസ്സിലാക്കാവുന്നതാണ്. ആത്മീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന  സംസ്കാരങ്ങള്‍ ശാപം, ഭാരം, അനുഗ്രഹം, ശക്തി, ദയ, കരുതല്‍ തുടങ്ങിയ നിലകളിലാണ്   ഡിസബിലിറ്റിയെ സമീപിക്കുന്നതെന്ന് മനസ്സിലാക്കാം. സംസ്കാരവും ആത്മീയതയും ഡിസെബിലിറ്റിയെ സംബന്ധിച്ച വ്യക്തിയുടെ കാഴ്ചപ്പാടില്‍ പലപ്പോഴും സ്വാധീനം ചെലുത്താറുണ്ട്.   ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖുര്‍-ആന്‍ വായന സാധ്യമാക്കുന്നത്   അംഗീകരണത്തിന്‍റെയും ഉള്‍ച്ചേര്‍ക്കലുകളുടെയും  വീക്ഷണങ്ങളാണ്. അനുകമ്പ-സഹാനുഭൂതി എന്നീ സങ്കല്പനങ്ങള്‍ക്കപ്പുറത്താണ് ഈ വീക്ഷണം നിലകൊള്ളുന്നത്. താന്‍ സ്വയം ബലഹീനനാണെന്ന  ബോധ്യപ്പെടലിനെയും അംഗീകരിക്കലിനെയും ബൗദ്ധികമായ പിന്നോക്കമായോ അപകര്‍ഷകതയായോ ഖുര്‍-ആന്‍ അവതരിപ്പിക്കുന്നില്ല എന്ന് പറയാം. ഡിസെബിലിറ്റി  എന്ന വിഷയത്തെ  ക്രിയാത്മകമായി സമീപിക്കുകയും, എല്ലാ മനുഷ്യരും അടിസ്ഥാനപരമായി അപൂര്‍ണ്ണരാണെന്ന് വാദിക്കുക്കുകയും ചെയ്യുന്നതിലൂടെ ഇസ്ലാം  പരസ്പരാശ്രിതത്വത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. മാത്രമല്ല, സാമൂഹിക ഉത്തരവാദിത്വമായി ഈ വിഷയത്തെ മനസ്സിലാക്കുന്നതിലേക്കുള്ള വിശാലമായ ഒരു ആത്മീയ തലം അതിലേക്ക് ഉള്‍ച്ചേര്‍ക്കുക കൂടി  ചെയ്യുന്ന   മാനവിക ദര്‍ശനമാണ്   ഇസ്ലാം മുന്നോട്ട് വെക്കുന്നത് എന്ന് മനസ്സിലാക്കാം. 

ഗ്രന്ഥസൂചി:

അസ്സന്‍, കെ. (2019). ഇസ്ലാമികചരിത്രം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് & കുഞ്ഞിമുഹമ്മദ് പറപ്പൂര്‍. (2013). വിശുദ്ധ ഖുര്‍ആന്‍  സമ്പൂര്‍ണ്ണ മലയാള പരിഭാഷ, അല്‍ മദീന: മലിക് ഫഹ്ദ് ഖുര്‍ആന്‍ പ്രിന്‍റിംഗ്പ്രസ്സ്. 
സയ്യിദ് മൊഹിദീന്‍ ഷാ, മുഹമ്മദ്, വി & കുട്ടിയാമു, ടി.പി. (2006). ഇസ്ലാമികദര്‍ശനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
അസ്ലം ഹുദവി കുന്നത്തില്‍. (2021).   വാര്‍ധക്യം, അവശത, ഭിന്നശേഷി: ഇസ്ലാം ഇടം കൊടുക്കുന്ന വിധം, മലപ്പുറം: തെളിച്ചം മാസിക,.
റഈസ് ഹിദായ. (2021). നമ്മുടെ സമുദായം എത്രമാത്രം ഭിന്നശേഷി സൗഹൃദമാണ്, മലപ്പുറം: തെളിച്ചം മാസിക. 
അഞ്ജലി മോഹന്‍ എം.ആര്‍
ഗവേഷക, മലയാള വിഭാഗം
കെ.കെ.ടി.എം ഗവ.കോളേജ്
പുല്ലൂറ്റ്,കൊടുങ്ങല്ലൂര്‍
Pin: 680663
Email: anjalimohanmr@gmail.com
Ph: +91 9446204970
ORCID: 0009-0002-4743-8774