Desire and Tragedy: An Enquiry on Basheer’s Balyakalasakhi

Dr. Deepa S S

Vaikom Muhammed Basheer was one among the pioneers of the spirit of Renaissance and Romanticism in Malayalam literature. The novels of Basheer have recorded accurately the life stages like love,separation, desire and tragedy. They succeeded in creating positive changes in the life of Malayalee readers. It is the writer’s skill in observing human behaviour and insight that makes his works creatively supreme.Since there is the organic presence of human mind in his works it is possible to analyse and explain them in the light of psychological theories. This treatise is a psychological  analysis of the presentation of desire and tragedy in Balyakalasakhi which deals with the complexities of human mind and existence.

Keywords: Desire, Tragedy, Psychoanalysis Id, Ego, Super Ego.

Reference:

Vaikom Muhammed Basheer, (2001) Balyakalasakhi, Basheer sampoorna krithikal, Kottayam: DC Books.
Muraleedharan Nellickal, (1997), Vishwa Sahitya Darsanangal, Kottayam: DC Books.
Bharatha Muni, (1997), Natya Shastram, (K P Narayana Pisharody, Trans). Trissur: Kerala Sahitya Academy.
Nair M K, (1996), Sahitya Sanga Kosam, Kottayam: DC Books.
Rakesh Nath, (2012). Sigmund  Frued: Jeevitham, Darsanam Sambhashanam. (Trans) Kozhikode: Olive Books.
Mohammed Ali.N M, (2011), Freudinte Jeevitha Katha, Kottayam: Current Books.
Peter Gay, (1995), The Freuds Reader, Vintage London: books.
Henk de berg, (2003), Freud’s Theory and its use in Literary and Cultural Studies an introduction, New York: Camben house.
Dylan Evans, (1996), An introductory Dictionary of Lacanian psychoanalysis, NewYork: Routeldge.
Dr Deepa S S
Assistant professor
Dept.of Malayalam
Govt.college Nedumangad
Thiruvananthapuram
India
Pin: 695541
Ph: +91 9495300344
Email: deepasouparnika@gmail.com
ORCID: 0009-0008-8719-8529 

കാമനയും ദുരന്തവും: ബാല്യകാലസഖിയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണം

ഡോ. ദീപ. എസ്.എസ്

മലയാളസാഹിത്യത്തില്‍ നവോത്ഥാനത്തിന്‍റെയും കാല്പനികതയുടെയും പുതുബോധം പകര്‍ന്ന എഴുത്തുകാരനായി രുന്നു വൈക്കം മുഹമ്മദ് ബഷീര്‍. പ്രണയം, വിരഹം, കാമന, ദുരന്തം എന്നീ ജീവഘട്ടങ്ങള്‍ കൃത്യതയോടെ അടയാളപ്പെടുത്തിയവയാണ് ബഷീര്‍ കൃതികള്‍. അവ മലയാളികളുടെ ഭാവുകത്വത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി. എഴുത്തുകാരന്‍റെ മനോനിരീക്ഷണപാടവവും ഉള്‍ക്കാഴ്ചയുമാണ് കൃതികളെ സര്‍ഗ്ഗാത്മകമായി അഗാധമാക്കുന്നത്. മനസ്സ് എന്ന പ്രഹേളികയുടെ ജൈവ സാന്നിധ്യമുള്ളതുകൊണ്ട് കൃതികളെ അപഗ്രഥിക്കാനും വ്യാഖ്യാനിക്കാനും മനോവിജ്ഞാനീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സാധിക്കും. മനുഷ്യാവസ്ഥകളുടെയും മനുഷ്യമനസ്സുകളുടെയും സങ്കീര്‍ണതകള്‍ വിശകലനം ചെയ്യുന്ന ബാല്യകാലസഖിയിലെ കാമന, ദുരന്തം എന്നിവയുടെ ആവിഷ്കാരത്തെക്കുറിച്ചുള്ള മന:ശാസ്ത്ര വിശകലനമാണ് ഈ പ്രബന്ധം.

താക്കോല്‍ വാക്കുകള്‍: കാമന, ദുരന്തം, മനോവിശകലനം, ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ, 

നാടുവാഴിത്തവ്യവസ്ഥയ്ക്കെതിരെയും കൊളോണിയല്‍ വാഴ്ചയ്ക്കെതിരെയുമുള്ള അധ:സ്ഥിത വര്‍ഗ്ഗമുന്നേറ്റങ്ങളുടെ ചരിത്രമാണ് കേരളീയ നവോത്ഥാനം അടയാളപ്പെടുത്തിയത്. കേരളസംസ്കാര ത്തിലും മലയാളസാഹിത്യത്തിലും വമ്പിച്ച മാറ്റങ്ങള്‍ക്കിടയാക്കിയ കാലമായിരുന്നു അത്. സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും നിറഞ്ഞ നവോത്ഥാനകാല ജീവിതം അക്കാലത്തെ എല്ലാ മികച്ച എഴുത്തുകാരുടെയും കൃതികളിലെ പ്രമേയമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തുകാരന്‍ കേരളത്തിന്‍റെ നവോത്ഥാനകാലകാഥികനും അദ്ദേഹത്തിന്‍റെ രചനകള്‍ നവോത്ഥാനകാലരചനകളുമാകുന്നത് ഈ അര്‍ത്ഥത്തിലാണ്. വരേണ്യസമുദായം പുറത്തുനിര്‍ത്തിയ കള്ളനും വേശ്യയും കറുമ്പനും കറുമ്പിയും ബീഡിതൊഴിലാളിയുമൊക്കെ ബഷീര്‍കൃതികളുടെ കര്‍ത്തൃസ്ഥാനത്ത് നിര്‍ദ്ദേശിക്കപ്പെട്ടു. അവരുടെ അധ:സ്ഥിതത്വത്തെയായിരുന്നു അവ അഭിസംബോധന ചെയ്തത്. മനുഷ്യജീവിതത്തിന്‍റെ പിന്നാക്ക അവസ്ഥയെയും ബഷീര്‍ പ്രശ്നവല്‍ക്കരിച്ചു. ആ മനുഷ്യബോധം ഏകപക്ഷീയമായ മൗലികവാദമായി മാറുന്നില്ലെന്നതും ശ്രദ്ധേയമാണ്. സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും ആഭ്യന്തരവൈരുദ്ധ്യങ്ങളില്‍ നിന്ന് ജനജീവിതത്തിന്‍റെ കീഴാളഅവസ്ഥയെ കണ്ടെത്തുന്നതോടൊപ്പം തന്നെ ദേശീയപൊതുധാര യോടൊപ്പം സമൂഹങ്ങള്‍ കണ്ണിചേര്‍ക്കപ്പെടണം എന്ന ആശയം പങ്കുവയ്ക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. നിത്യപരിചിതലോകവും മനുഷ്യരുമാണ് ബഷീര്‍രചനയുടെ ഉപാദാനസാമഗ്രികള്‍. പരിചിതലോക ത്തെയും മനുഷ്യരെയും സൂക്ഷ്മദര്‍ശനം ചെയ്ത് അവര്‍ പ്രതിനിധാനം ചെയ്ത ജീവിതത്തിന്‍റെ ആന്തരികവൈരുദ്ധ്യങ്ങളെ യഥാതഥതമായി ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം തന്നെയായിരുന്നു ബഷീറിന്‍റെ കഥപറച്ചിലിന്‍റെ ഭൂമിക. സമൂഹത്തിലേക്ക് തുറന്നുവച്ച കണ്ണുകളാണ് അദ്ദേഹത്തിനെ വേറിട്ട എഴുത്തുകാരനാക്കുന്നത്. ആത്മവിഷ്കാരത്തിന്‍റെ സന്തതിയാണ് സാഹിത്യം. ആത്മസംഘര്‍ഷത്തിന്‍റെ വേദനയില്ലാതെ ഒരു സാഹിത്യസൃഷ്ടിയും മനുഷ്യഗന്ധിയാവില്ല. അബോധ മനസ്സിന്‍റെ സ്പര്‍ശം സാഹിത്യത്തെ ശ്രേഷ്ഠമാക്കുന്നു. എഴുത്തുകാരന്‍റെ ജീവിതവും അനുഭവങ്ങളും ഭാവനയും ഓര്‍മ്മകളുമാണ് അസംസ്കൃത വസ്തു. ജീവിതത്തോടുള്ള അഭിനിവേശവും നായകന്മാരെ സാധാരണക്കാരായി അവതരിപ്പിക്കാനുള്ള ശ്രമവും ബഷീര്‍കൃതികളുടെ പ്രത്യേകതയായിരുന്നു. സ്വാഭാവികജീവിതസന്ദര്‍ഭങ്ങളെ സാഹിത്യത്തിലേക്ക് ആവാഹിച്ചു കൊണ്ടുവരുന്നതിനുള്ള അദ്ദേഹത്തിന്‍റെ മികവ് ആ കൃതികളെ ജനപ്രിയങ്ങളാക്കി. ഗ്രാമീണരും നിഷ്കളങ്കരും സ്നേഹസമ്പന്നരും തുടങ്ങി സമൂഹത്തിന്‍റെ  അടിത്തട്ടില്‍ ജീവിക്കുന്ന സാധാരണജീവിതങ്ങള്‍ ബഷീര്‍ തന്‍റെ കൃതികളിലൂടെ ആവിഷ്കരിച്ചു.

സാഹിത്യവും മനോവിജ്ഞാനീയവും     

മനസ്സിന്‍റെ അപഗ്രഥനത്തിലൂടെ, വ്യാഖ്യാനത്തിലൂടെ മനസ്സിന്‍റെ നിഗൂഢതകളും രഹസ്യങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന ശാസ്ത്രീയ വിശകലനമാണ് മന:ശാസ്ത്രം (ു്യെരവീഹീഴ്യ). നവീന മന:ശാസ്ത്രത്തിന്‍റെ പിതാവായറിയപ്പെടുന്ന വില്‍ഹെം വുണ്ട് (ണശഹവലഹാ ണൗിേ, 18321920) ശരീരശാസ്ത്രപരമായ മന:ശാസ്ത്രതത്ത്വങ്ങള്‍ (ജൃശിരശുഹലെ ീള ജവ്യശെീഹീഴശരമഹ ജ്യെരവീഹീഴ്യ) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ്, സൈക്കോളജി ഒരുശാസ്ത്രശാഖയെന്നനിലയില്‍ അംഗീകരിക്കപ്പെട്ടത്. മനസ്സിന്‍റെ ബോധതലത്തെയും, അതിന്‍റെ നിയന്ത്രണത്തിന് വിധേയമാകാത്തതും സങ്കീര്‍ണ്ണഘടനയോടു കൂടിയതുമായ ഉപബോധതലത്തെയും കുറിച്ചുള്ള ഫ്രോയ്ഡിന്‍റെ കണ്ടെത്തലുകള്‍ ഈ ശാസ്ത്ര ശാഖയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഉദയം കൊണ്ടതും സാഹിത്യനിരൂപണത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുമുള്ള മേഖലയാണ് മന:ശാസ്ത്രാപഗ്രഥന വിമര്‍ശനം അഥവാ മനോവിജ്ഞാനീയ വിമര്‍ശനം. ആധുനികബോധത്തിലേക്ക് മനുഷ്യരെ നയിച്ച ഫ്രോയിഡിന്‍റെ മനോവിശ്ലേഷണ സിദ്ധാന്ത പദ്ധതിക്ക് സാഹിത്യത്തില്‍ ആഴത്തിലുള്ള വേരോട്ടം ഉണ്ടായി. തുടര്‍ന്ന് യുങ്, ലക്കാന്‍, ആഡ്ലര്‍ തുടങ്ങിയവരുടെ സങ്കല്‍പ്പനങ്ങള്‍ സാഹിത്യം പ്രയോഗികതലത്തില്‍ ഉപയോഗിച്ച് തുടങ്ങി. മനോവിജ്ഞാനീയ രംഗത്ത് ഫ്രോയിഡ് ആവിഷ്കരിച്ച ചിന്താധാരകള്‍ സര്‍ഗ്ഗാത്മക രചനയേയും സാഹിത്യ സിദ്ധാന്തത്തേയും വലിയ അളവില്‍ സ്വാധീനിച്ചു. സ്വപ്നങ്ങളുടെ വ്യാഖ്യാനം (ഠവല കിലേൃുൃലമേശേീി ീള റൃലമാെ) എന്ന പുസ്തകത്തില്‍ മനസ്സിന്‍റെ വിവിധതലങ്ങളെ ഫ്രോയ്ഡ് വിശദമാക്കുന്നുണ്ട്. അബോധം (ഡിരീിരെശീൗെ) പൂര്‍വ്വബോധം (ുൃലരീിരെശീൗെ) ഉപരിബോധം (ൗയെരീിരെശീൗെ) എന്നിങ്ങനെ മൂന്ന് അറകള്‍ മനസ്സിലുണ്ടെന്നും, അവ യഥാക്രമം ഇദ്ദ്(കറ), ഈഗോ (ഋഴീ), സൂപ്പര്‍ഈഗോ (ൗുലെൃ ഋഴീ) എന്നീ മാനസികശക്തികള്‍ക്ക് അധീനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനസ്സിന്‍റെ മൂന്ന് ശക്തികളില്‍ സൂപ്പര്‍ഈഗോയുടെ സാക്ഷാത്കാരത്തിനായുള്ള യത്നത്തില്‍ ബോധമണ്ഡലത്തിന് അബോധമണ്ഡലത്തിലെ പ്രേരണകള്‍ വിഘ്നമായിത്തീരുന്നു. അബോധമനസ്സിന്‍റെ പ്രേരണകളില്‍നിന്ന് മുക്തി നേടാന്‍ അതിനെ അമര്‍ത്തി കളയുകയോ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പ്രകാശിപ്പിക്കുകയോ ചെയ്യുന്നു. പാശ്ചാത്യചിന്തയ്ക്ക് ഫ്രോയിഡ് നല്‍കിയ മികച്ച സംഭാവനങ്ങളില്‍ ഒന്നാണ് അബോധം എന്ന കാഴ്ചപ്പാട്. മനസ്സിന്‍റെ ഏറ്റവും വലിയ ഭാഗമാണിത് ആഗ്രഹങ്ങളുടെയും സ്മരണകളുടെയും ഉറവിടമാണിത്. വ്യക്തി അനുഭവിച്ച ദുരന്തങ്ങള്‍, മാനസിക മുറിവുകള്‍ അബോധ ത്തിലാണ് സൂക്ഷിക്കുക. അബോധം എല്ലാവിധ പ്രചോദനങ്ങളുടെയും കേന്ദ്രമാണ്. ഈയൊരു പ്രചോദനത്തെ ബോധംകൊണ്ട് നിഷേധിക്കുകയും തടയുകയോ ചെയ്താലും മറ്റൊരു രൂപത്തില്‍ മനസ്സി ലേക്ക് തന്നെ തിരിച്ചു വരും. ഇത്തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട പ്രേരണകളാണ് കലാവ്യാപാരമായും കലാസൃഷ്ടികളായും പ്രത്യക്ഷപ്പെട്ട് മനസ്സിനെ, ജീവിതത്തെ സംതൃപ്തമാക്കുന്നത് എന്നാണ്  ഫ്രോയ്ഡിന്‍റെ അഭിപ്രായം. ഫ്രോയ്ഡിന്‍റെ ശിഷ്യനായ യുങിന്‍റെ വീക്ഷണത്തില്‍ മനസ്സിന്‍റെ അബോധതലം മൃഗീയവും അസാമൂഹികവുമായ വാസനകളുടെ കലവറയല്ല. മറിച്ച്, ബോധതലത്തിന്‍റെ ഉല്പത്തിയും നിലനില്‍പ്പും അബോധതലത്തിന്‍റെ അടിസ്ഥാനത്തിലാണ്. ബോധാബോധതലങ്ങളെ മൊത്തത്തില്‍ 'സൈക്ക്'എന്ന് അദ്ദേഹം പറയുന്നു. സൈക്കിന്‍റെ ചൈതന്യത്തിന് 'ലിബിഡോ' എന്ന നാമകരണം ചെയ്യുന്നു. ലിബിഡോയുടെ അഭിലാഷങ്ങള്‍ നിര്‍വഹിക്കപ്പെടാതെ വരുമ്പോള്‍ മനസ്സ് രോഗഗ്രസ്തമാകുന്നു. ഒരു വ്യക്തിയില്‍ ബോധാബോധമനസ്സുകള്‍ക്ക് പുറമേ ശക്തമായ സ്വാധീനം ചെലുത്തുന്ന സമൂഹാവബോധമനസ്സ് കൂടിയുണ്ടെന്ന് വ്യക്തമാക്കുന്നു. ഓരോരുത്തരുടെയും സഹജവാസന അനുസരിച്ചുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് അതിന്‍റെ സാന്നിധ്യം മനസ്സിലാക്കാം. യുങിന്‍റെ സ്വപ്നവ്യാഖ്യാനവും ആഡ്ലറുടെ അപകര്‍ഷതാബോധത്തെക്കുറിച്ചുള്ള വ്യാഖ്യാനവും മനശ്ശാസ്ത്രത്തിന്‍റെ മുഖ്യ നേട്ടങ്ങളാണ്. ആഡ്ലറുടെ സിദ്ധാന്തം അഹന്തക്കും (ലഴീ) സാമൂഹികമായ കാര്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. എഴുത്തുകാരുടെയും കഥാപാത്രങ്ങളുടെയും മനസ്സഞ്ചാരത്തെയും സാഹിത്യാസ്വാ ദനത്തെയും പഠിക്കുവാന്‍ ഈ തത്ത്വങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ബാല്യകാലസഖി എന്ന നോവലിലെ അന്ത:സംഘര്‍ഷങ്ങള്‍ മനോവിജ്ഞാനീയവിമര്‍ശനത്തിന്‍റെ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് ഇവിടെ വിശകലനവിധേയമാക്കുന്നു.

കാമനയും ദുരന്തവും മനോവിശകലനവും

മനുഷ്യന്‍റെ എല്ലാത്തരത്തിലുമുള്ള ആഗ്രഹങ്ങളെയുമാണ് കാമന (ഉലശെൃല/ംശവെ) എന്ന് വിവക്ഷിക്കുന്നത്. സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ അഭിപ്രായത്തില്‍ മനുഷ്യനെ നയിക്കുന്നത് കാമന (ംശവെ)കളാണ്. ജീവചോദന തന്നെയാണ് ഫ്രോയ്ഡിന് കാമന. ബോധപൂര്‍വ്വം എന്ന് കരുതപ്പെടുന്ന മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ അബോധപരമായ പ്രേരണകള്‍ ഉണ്ട് എന്ന ഫ്രോയിഡിന്‍റെ നിഗമനം ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ ആത്മബോധപരമായ അന്വേഷണങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു1. അബോധമനസ്സില്‍ അമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ (കാമന) അഥവാ അനുഭവങ്ങളുടെ വിശകലനമാണ് മനോവിശകലനം (ജ്യെരവീ മിമഹ്യശെെ). ഇദ് ജൈവികവും ഈഗോ വൈയക്തികവും സൂപ്പര്‍ ഈഗോ സാമൂഹികവുമായ ഘടകങ്ങളെയാണ് നിയന്ത്രിക്കുന്നത്. അബോധത്തിന്‍റെ അടിത്തട്ടില്‍ കിടക്കുന്ന ഇദ് പ്രതീകവല്ക്കരിക്കാന്‍ ആവാത്തതും എന്നാല്‍ നിരന്തരം ആവിഷ്കാരത്തിനായി കൊതിക്കുന്നതും ആണ്. സഹജ വാസനകളുടെ ഇരിപ്പിടവും ലൈംഗികവും ആക്രമികവുമായ ചിന്തകളുടെ കൂമ്പാരവുമായ ഇദിനെ കാമന (ംശവെ)യെന്ന് ഫ്രോയ്ഡ് വിളിക്കുന്നു. കാമന എങ്ങനെയും സാക്ഷാത്കരിക്കാനുള്ള വ്യഗ്രത ഇദിലുണ്ട്. കാമനാ പൂര്‍ത്തിയിലൂടെ ഇദിലുണ്ടാകുന്ന സംതൃപ്തി വ്യക്തിക്ക് അനുഭവപ്പെടണമെന്നില്ല. ഇദ് ആനന്ദത്തെ മാത്രം മുന്നില്‍ കാണുമ്പോള്‍ ഈഗോ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുന്നു.വ്യക്തി പക്വത നേടും തോറും ഇദിന്‍റെ കുറച്ചുഭാഗം ഈഗോയായി മാറുന്നു. ബോധത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിന്‍റെ ഫലമാണിത്. വ്യക്തി യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടാന്‍ ശ്രമിക്കും. വ്യക്തിയുടെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഇദ് സൃഷ്ടിക്കുന്ന ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ ഈഗോ സാധ്യമായ വഴികള്‍ തേടുന്നു. ഇദിനെയും വ്യക്തിയെയും സന്തോഷിപ്പിക്കാന്‍ ഈഗോ പരിശ്രമിക്കുന്നു. മൂല്യങ്ങളും ആദര്‍ശങ്ങളും കുറ്റബോധവും എല്ലാം സൂപ്പര്‍ഈഗോയുടെ ഭാഗമാണ്. ഇദ് സൃഷ്ടിക്കുന്ന കാമനകളെ ഈഗോ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ബോധത്തിന്‍റെ ഭാഗമായ സൂപ്പര്‍ഈഗോ അതിനെ മൂല്യങ്ങളുടെ പേരില്‍ നിയന്ത്രിക്കുന്നു. ലക്കാന് കാമന അപരത്തിന്‍റെ കാമനയാണ്. (ഉലശെൃല ശെ വേല ഉലശെൃല ീള വേല ീവേലൃ)2. അപരത്തിന്‍റെ വ്യവസ്ഥയ്ക്കനുസരിച്ചാണ് കാമന നയിക്കപ്പെടുന്നത്. അപരത്താല്‍ മാധ്യസ്ഥീകരിക്കുന്ന ഒന്നായി കാമന മാറുന്നു. ആവശ്യവും (ിലലറ) ആവശ്യപ്പെടലും (ഉലാമിറ) ഒഴിഞ്ഞുള്ള മണ്ഡലമാണ് കാമന(ഉലശെൃല). ഒരു വസ്തുവിനാലും ഒരു അംഗീകാരത്തിനാലും തൃപ്തി വരാനാവാത്ത ആഗ്രഹങ്ങളുടെ വലിയ മണ്ഡലമാണത്. കാമനയിലാണ് മനുഷ്യാവസ്ഥയുടെ എല്ലാ സങ്കീര്‍ണ്ണതകളും കിടക്കുന്നത്. ആവശ്യത്തില്‍നിന്ന് ആവശ്യപ്പെടലിലേക്കും കാമനയിലേക്കുമുള്ള വളര്‍ച്ച യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ബിംബപരത യിലേക്കും പ്രതീകത്തിലേക്കുമുള്ള വളര്‍ച്ചയാണ്.

മനുഷ്യജീവിതലക്ഷ്യം തന്നെ കാമനയെ സഫലീകരിക്കുക എന്നതാണ്. വിധി, വ്യക്തിയുടെ ദൗര്‍ബല്യങ്ങള്‍ തുടങ്ങി പലവിധ സാഹചര്യങ്ങളാല്‍ കാമനകള്‍ സഫലമാകാതെ പോകുന്നു. ഇത് വ്യക്തിയെ സംഘര്‍ഷത്തിലേക്ക് നയിക്കുകയും, പതനത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍റെ ഇത്തരത്തിലുള്ള വീഴ്ചയെയാണ് ദുരന്തം എന്ന് പറയുന്നത്. മനുഷ്യന് ഉത്തരം നല്‍കാ നാവാത്ത വ്യഥ നിറഞ്ഞ ചോദ്യങ്ങളടങ്ങുന്ന ഒരു ലോകമായി ദുരന്തത്തെ നിര്‍വചിക്കാനാവും. എല്ലാത്തരം ദുരന്തദര്‍ശനങ്ങള്‍ക്കും പൊതുവായി ഒരു ലക്ഷണമുണ്ട്3. അവയെല്ലാം മനുഷ്യനും അവന്‍റെ സാമൂഹ്യവും ആത്മീയവുമായ ലോകവും തമ്മിലുള്ള ബന്ധത്തിന്‍റെ അഗാധമായൊരു പ്രതിസന്ധിയെ പ്രകാശിപ്പിക്കുന്നു. ദുരന്തത്തെകുറിച്ചുള്ള അവബോധത്തെയാണ് ദുരന്താവബോധം എന്ന് വിവക്ഷിക്കുന്നത്. മനുഷ്യന്‍റെ ജീവിതത്തില്‍ വിധിയുടെ സ്ഥാനം ഫ്രോയിഡിയര്‍ ദര്‍ശനം മുന്നോട്ടുവച്ചു. മനുഷ്യന്‍റെ ഉപബോധമനസ്സില്‍ പതിയിരിക്കുന്ന ഇരുണ്ട വാസനകളില്‍ ശ്രദ്ധപതിപ്പിച്ച വഴി ഫ്രോയ്ഡിയന്‍ മനോവിജ്ഞാനം ദുരന്തത്തെ കുറിച്ചുള്ള സങ്കല്പത്തിന് പുതിയൊരുമാനം നല്‍കുകയുണ്ടായി. മനുഷ്യന്‍റെ അടിമനസ്സിലെ കോംപ്ലക്സുകളാണ് അവന്‍റെ ഭാഗധേയും നിര്‍ണയിക്കുന്നത് എന്ന ഫ്രോയിഡിയന്‍ ചിന്ത സാഹിത്യത്തെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി4. സംസ്കാരം അടിച്ചേല്‍പ്പിക്കുന്ന കൃത്രിമമായ വിലക്കുകള്‍ തകര്‍ത്തുകൊണ്ട് യുക്തിവിരുദ്ധവും ആദിമവും ആയ അനുഭവമേഖലകളിലേക്ക് കൂപ്പുകുത്താന്‍ ഉള്ള അഭിലാഷം അവന്‍റെ ആത്മനാശത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും. മനുഷ്യന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന ഇരുണ്ട വാസനകളുടെ ഭൂഖണ്ഡം അതായത് അബോധത്തെ തുറന്നുവയ്ക്കുകയാണ് ഫ്രോയിഡ് ചെയ്തത്. ദുരന്തനോവലായ ബാല്യകാലസഖിയിലെ നായികയും നായകനുമായ സുഹറയും മജീദും മലയാളസാഹിത്യത്തിലെ ദുരന്തംപേറും കഥാപാത്രങ്ങളായി കടന്നുപോകുന്ന പീഡാനുഭവത്തിന്‍റെ കാരണങ്ങളെക്കുറിച്ചും ദുരന്തദര്‍ശനത്തെക്കുറിച്ചും വിലയിരുത്തുകയാണ് ഈ പ്രബന്ധത്തില്‍.

ബാല്യകാലസഖിയിലെ ദുരന്തദര്‍ശനം

നവോത്ഥാന കാലഘട്ടത്തില്‍ ദുരന്തസങ്കല്പം പൂര്‍ണ്ണത തേടുന്ന നായികാനായകന്മാരെ സൃഷ്ടിച്ചത് ബഷീറാണ്. അദ്ദേഹത്തിന്‍റെ നോവലായ ബാല്യകാലസഖി ആസ്വാദകരില്‍ അനുകമ്പയും കരുണയും സൃഷ്ടിക്കുകയും അനശ്വരമെന്ന് പരാമര്‍ശിക്കപ്പെടുകയും ചെയ്തു. പ്രാപഞ്ചികപശ്ചാത്തല ത്തില്‍ മനുഷ്യന്‍ എല്ലാ നന്മ തിന്മകളോടും കൂടി ഈ നോവലില്‍ അവതരിപ്പിക്കപ്പെട്ടു. അവസാനം നായിക (സുഹറാ)യുടെ മരണം അനിവാര്യമായിരുന്നു. അതിനുമുമ്പ് അവള്‍ പുതിയ ജീവിതാബോധവും മഹത്വവും കൈവരിച്ചു കഴിഞ്ഞിരുന്നു. നോവലിലെ കഥാപാത്രങ്ങള്‍ ഒറ്റപ്പെട്ടവരല്ല. മനുഷ്യബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ ദുരന്തം താനേ ഉരുത്തിരിയുകയാണ്. അവരുടെ പ്രവൃത്തികള്‍ ആസ്വാദകരില്‍ സഹതാപം ഉണര്‍ത്താന്‍ തികച്ചും പര്യാപ്തമാണ്. ഇങ്ങനെ ബാല്യകാലസഖിയില്‍ വിധിവൈപ രീത്യത്തിന്  സ്ഥാനമുണ്ടെങ്കിലും വ്യക്തിയുടെ സ്വഭാവമാണ് നിര്‍ണ്ണായകഘടകമായിട്ടുള്ളത്. കുലീനനും ഉന്നത സ്ഥാനീയനും വിശേഷഗുണസമ്പന്നനുമായ നായകന്‍ മര്‍മ്മസ്പര്‍ശിയായ സാമൂഹിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ തന്‍റെ ജീവിതത്തില്‍ വിധി ഏല്‍പ്പിച്ച വൈകല്യവും ദൗര്‍ബല്യവും ഹേതുവായി പരാജയപ്പെടുന്നതും ആ ദുരവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. അവസാനം നായികയുടെ മരണത്തില്‍ അതായത് സുഹറായുടെ മരണത്തില്‍ സ്വസ്ഥത നഷ്ടപ്പെടുന്നതുമാണ് ബാല്യകാലസഖിയുടെ ഇതിവൃത്തത്തിന്‍റെ രേഖാരൂപം.

ബഷീര്‍ നോവലില്‍ പരമ പ്രാധാന്യം നല്‍കിയത് ഇതിവൃത്തത്തിനാണ്. കാരണം മനുഷ്യ ജീവിതത്തിന്‍റെയും പ്രവര്‍ത്തിയുടെയും സുഖദുഃഖങ്ങളുടെയും അനുകരണമാണ് നോവലിലെ ഇതിവൃത്തം എന്നത് തന്നെയാണ്. കഥാപാത്രത്തിന് ഇതിവൃത്തകല്പനയില്‍ പ്രധാന കണ്ണി എന്ന സ്ഥാനമുണ്ട്. കഥാപാത്രങ്ങള്‍ സദ്ഗുണസമ്പൂര്‍ണ്ണരോ ദുര്‍ഗുണങ്ങളുടെ മൂര്‍ത്തിമത് ഭാവമോ ആയിരിക്കാന്‍ പാടില്ല. ബാല്യകാലസഖിയിലെ പ്രധാനകഥാപാത്രങ്ങളായ മജീദും സുഹറായും ശ്രേഷ്ഠസ്വഭാവമുള്ളവരും ദുര്‍ബലതകളുള്ളവരുമായിരുന്നു. ആസ്വാദകമനസ്സില്‍ താദാത്മ്യം പ്രാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. മനുഷ്യന്‍ നല്ലവനായി ജനിക്കുന്നു. വളരുംതോറും തിന്മയിലേക്ക് ചരിക്കുന്നു എന്ന തത്ത്വം കലാത്മകമായി ബഷീര്‍ ബാല്യകാലസഖിയില്‍ അവതരിപ്പിക്കുന്നു. അടയ്ക്കാക്കച്ചവടക്കാരനായ ബാപ്പ മരിച്ചത് കാരണം കുട്ടിക്കാലത്ത് പട്ടണത്തിലെ സ്കൂളില്‍ പോയി പഠിക്കാന്‍ സാധിക്കാത്ത സുഹറായുടെ സങ്കടം കണ്ട് അവളെ കൂടി പഠിപ്പിക്കാന്‍ ബാപ്പയോടും ഉമ്മയോടും മജീദ് ആവശ്യപ്പെടുന്നു. പണക്കാരായ നമുക്ക് സുഹറായെ പഠിപ്പിച്ചു കൂടേ എന്ന് ചോദിക്കാനുള്ള തന്‍റേടം  കാണിക്കുന്നുണ്ട്. എന്നാല്‍ വളരെ താമസിക്കാതെ തന്നെ ബാപ്പ തല്ലുകയും വഴക്കു പറയുകയും ചെയ്തതിന്‍റെ പേരില്‍ മജീദ് നാടും വീടും ഉപേക്ഷിച്ച് ദേശാടനത്തിന് ഇറങ്ങിപ്പുറപ്പെടുകയാണ്. ബഷീര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ നന്മയുടെ പ്രതിരൂപങ്ങളോ അതിമാനുഷ്യരോ അല്ല വെറും സാധാരണ മനുഷ്യരാണ്. തെറ്റുകള്‍ ചെയ്യുന്നവര്‍, എന്നിട്ടും വായനക്കാര്‍ അവരെ വെറുക്കുന്നില്ല. പാത്രസൃഷ്ടിയില്‍ പ്രകടമാകുന്ന സൂക്ഷ്മതയാണ് അതിനു നിദാനമായിട്ടുള്ളത്. നോവലിലെ നായികാ നായക സങ്കല്പത്തില്‍ മഹത്തായ ഒരു ഘട്ടമാണ് ബഷീര്‍ കൃതികള്‍ പ്രതിനിധാനം ചെയ്യുന്നത്.ബാല്യകാലസഖി എന്ന ദുരന്ത നോവലിന്‍റെ ആസ്വാദനത്തില്‍ നിന്നുണ്ടാകുന്ന രസം (വിരേചനം, വിമലീകരണം) വേദന കലര്‍ന്നതല്ല. വിരേചന ത്തിലൂടെ വേദന പുറന്തള്ളപ്പെടുകയും തുടര്‍ന്ന് ഭൗതികമായ ഒരു സുഖാനുഭൂതിയായി പരിണമിക്കുകയും ചെയ്യുന്നു. മനുഷ്യന്‍റെ ഉള്ളില്‍ അടിച്ചമര്‍ത്തിയ വികാരങ്ങളെയും വേദനകളെയും നിയന്ത്രിതമായ തോതില്‍ തുറന്നു വിടേണ്ടത് മാനസികവും ശാരീരികവുമായ ഒരാവശ്യമാണ്. ഇത്തരം ഒരു നിര്‍ഗമനമാര്‍ഗ്ഗമാണ് ദുരന്തദര്‍ശനത്തിലൂടെ സാധ്യമാകുന്നത്. നാട്യശാസ്ത്രത്തിലെ വിഭാവ അനുഭാവസഞ്ചാരിഭാവങ്ങളിലൂടെ ഉളവാകുന്ന കരുണം എന്ന രസത്തെക്കുറിച്ച് ഭരതന്‍ പറയുന്നുണ്ട്. കരുണത്തിന്‍റെ വകഭേദങ്ങളില്‍ ഒന്നായി ദുരന്തത്തെ കാണുന്നുമുണ്ട്. നാടകവുമായി ബന്ധിപ്പിച്ചാണ് ഭരതനും അരിസ്റ്റോട്ടിലും വികാരസൃഷ്ടിയെ പ്പറ്റിയും രസോല്പാദനത്തെപറ്റിയും വിലയിരുത്തിയത്. എന്നാലിന്ന് നാടകത്തേക്കാള്‍ തീവ്രമായ വികാരങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്ന കലാരൂപമായി നോവല്‍ മാറിയിട്ടുണ്ട്. നാടകത്തിലെ അഭിനേതാ ക്കളില്‍നിന്നും സഞ്ചരിച്ച് പ്രേക്ഷകനിലേക്ക് എത്തുന്ന വികാരത്തിന്‍റെ സ്ഥാനമാണ് നോവലിലെ കഥാപാത്രങ്ങളില്‍നിന്ന് ആസ്വാദനത്തിലേക്ക് സംക്രമിച്ചെത്തുന്ന വികാരത്തിനുള്ളത്. ഓരോ നോവലും ആസ്വാദകരില്‍ സൃഷ്ടിക്കുന്ന രസത്തിന്‍റെ തോത് ഓരോന്നായിരിക്കും. വിപുലമായ പശ്ചാത്തലങ്ങളെയും കഥാപാത്രങ്ങളെയും തീക്ഷ്ണതയോടെ അവതരിപ്പിക്കാന്‍ നോവലിന്‍റെ ആഖ്യാനത്തിന് അനായാസം കഴിയുന്നു. അതുകൊണ്ടു തന്നെ നോവലിന് വിവിധ രസങ്ങളെ കൂടുതല്‍ തീക്ഷ്ണവും ശക്തവുമായി ആസ്വാദകരിലെത്തിക്കാന്‍ സാധിക്കുന്നു.

സാമൂഹ്യപ്രക്രിയകള്‍ കഥാനായകനറിയാതെ അയാളുടെ പ്രവൃത്തിയെയും മനോവത്തെയും സ്വാധീനിക്കുകയും അയാളെ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരു എഴുത്തുകാരന്‍ തന്‍റെ നോവലിലെ കഥാപാത്രങ്ങളിലൂടെ ലോകത്തെ നോക്കിക്കാണുന്ന രീതിയെ ആസ്പദമാക്കി നടത്തുന്ന വ്യാഖ്യാനത്തിലോ വിലയിരുത്തലിലോ കവിഞ്ഞ മറ്റൊന്നുമല്ല ദുരന്തദര്‍ശനം.

മജീദിന് നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ പലതാണ്. കടബാധ്യതയിലും പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിപ്പോയ കുടുംബത്തെ സംരക്ഷിക്കുക, കെട്ടുപ്രായം കഴിഞ്ഞ സഹോദരിമാരെ കല്യാണം കഴിപ്പിച്ചു കൊടുക്കുക, ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടില്‍ വന്ന് നില്‍ക്കുന്ന തന്‍റെ പ്രണയിനിയെ വിവാഹം കഴിക്കുക. ഇത്തരം പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടി സ്വന്തം കാമനകള്‍ നിറവേറ്റാന്‍ ആത്മാഭി മാനമുള്ള ഏതു വ്യക്തിക്ക് സാധിക്കും. ഇതിവൃത്തം കൊണ്ടും കഥാപാത്രത്തില്‍ സംഭവിക്കുന്ന സ്ഥിതിവിപര്യയം കൊണ്ടും, അതായത് ജീവിതത്തിന്‍റെ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള ക്രിയാപരിവര്‍ത്തനമാണ് അയാള്‍ക്ക് സംഭവിക്കുന്നത്. മജീദ് എന്ന കഥാപാത്രം നിഷ്കളങ്കവും സൗമ്യവു മായ വ്യക്തിത്വത്തില്‍നിന്ന് ആകസ്മികമായി ചായക്കടയില്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്ന ഒരു കാലില്ലാത്തവനായി തീരുന്നു. എന്നാല്‍ തനിക്കൊരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാനാ കാത്ത വിധം വലിയൊരു കുരുക്കില്‍ അകപ്പെട്ടു പോകുന്നു. അങ്ങനെ മജീദ് തികഞ്ഞ ഒരു ദുരന്ത കഥാപാത്രമായി ത്തീരുകയാണ്.                

സുഹറായെ, അവളുടെ പ്രണയത്തെ ഉപേക്ഷിച്ച് കുട്ടിക്കാലത്ത് നാടുവിട്ടുപോയ മജീദ് തിരിച്ചു വന്നപ്പോള്‍ ഇറച്ചി വെട്ടുകാരന്‍റെ രണ്ടാം ഭാര്യയായി വേദനിച്ചു ജീവിക്കേണ്ടി വന്ന സുഹറായെയും അവളുടെ പ്രണയത്തെയും സ്വീകരിക്കാന്‍ തയ്യാറാവുന്നു. താന്‍ നാടുവിട്ടത് മൂലം മറ്റൊരാളുടെ ഭാര്യയായി ചവിട്ടും തൊഴിയും സഹിക്കേണ്ടി വന്ന അവളുടെ ഹൃദയം കാണാനുള്ള മനസ്സും അവളെ ദുഃഖത്തില്‍നിന്നും കരകയറ്റാനുള്ള ശ്രമവും അബോധമനസ്സില്‍ രൂഢമൂലയിട്ടുണ്ട്. പക്ഷേ, അയാള്‍ക്ക് അതിനൊന്നും കഴിയുന്നില്ല. എത്ര നന്നായാലും താന്‍ സ്നേഹിക്കുന്നവരോട് ആത്മാര്‍ത്ഥ പുലര്‍ ത്തിയാലും കുടുംബവും സമൂഹവും കല്‍പ്പിച്ചു തന്ന ബാധ്യതകള്‍നിന്നും അയാള്‍ക്ക് പുറത്തുകടക്കാന്‍ കഴിയുന്നില്ല. വീണ്ടും ജോലി അന്വേഷിച്ച് പട്ടണത്തിലേക്ക് തിരിച്ചു പോകുന്ന കഥാപാത്രമായി മജീദ് മാറുമ്പോള്‍ ദുരന്തത്തിന്‍റെ ആക്കം കൂടുക മാത്രമാണ് ചെയ്യുന്നത്.

ജീവിതാനുഭവങ്ങളാണ് ബാല്യകാലസഖിയുടെ സത്ത. സമൂഹത്തിന്‍റെ രണ്ടു തട്ടുകളില്‍ (പണ ക്കാരന്‍, പാവപ്പെട്ടവന്‍) ജീവിതമാരംഭിച്ച മജീദിന്‍റെയും സുഹറായുടെയും പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും തകര്‍ച്ചയാണ് ബാല്യകാലസഖി കൈകാര്യം ചെയ്യുന്നത്. മജീദ് കുട്ടിക്കാലത്ത് കാണുന്ന സ്വപ്നം അവന്‍റെ മാത്രം സ്വപ്നമായിരുന്നില്ല അവളുടേതും ആയിരുന്നു. 'മജീദിന്‍റെ സ്വപ്നങ്ങള്‍ അതുല്യങ്ങളാണ്; തങ്ക വെളിച്ചത്തില്‍ മുങ്ങിയ ഒരു സുന്ദരലോകം. അതിന്‍റെ ഏകച്ഛത്രാധിപതിയായ സുല്‍ത്താന്‍ മജീദാണെങ്കിലും, അതിലെ പട്ടമഹിഷിയായ രാജകുമാരി സുഹറയാണ്'.... 'ഭാവനയുടെ അടിമയാണ് മജീദ്. ഭാവിയില്‍ ബാപ്പ പറഞ്ഞു കേട്ടിട്ടുള്ള അറബിക്കഥയിലെ മാതിരി അത്യുന്നതമായ ഒരു മണിമാളിക അവന്‍ പണിയിക്കും. അതിന്‍റെ ഭിത്തികളെല്ലാം സ്വര്‍ണ്ണമാണ്. തനി മാണിക്കക്കല്ലുകളാണ് അതിന്‍റെ തിണ്ണ"5..... 'പൊന്‍മാളിയ കുന്നിന്‍റെ മൊകളിലാ' അങ്ങനെ ആയാല്‍ ഗ്രാമം മുഴുവനും കാണാം തന്നെയുമല്ല രണ്ടു നദികള്‍ ഒന്നായിച്ചേര്‍ന്ന് വലിയൊരു നദിയായി ഒഴുകിപ്പോകുന്നതും വളരെ ദൂരം വരെ കാണാം. ... അവിടെ മജീദ് ഉണ്ടാക്കാന്‍ പോകുന്ന തങ്കമാളിക അത്ഭുതകരമായിരിക്കും.'6 സുഹറാ ആ മാളികയില്‍ മജീദിനൊപ്പം രാജകുമാരിയായി ജീവിക്കാനായിരുന്നു സ്വപ്നം കണ്ടത്. സ്വന്തം സ്വപ്നങ്ങളും വികാരങ്ങളും അടക്കിവെച്ച് കുടുംബത്തിനുവേണ്ടി ജീവിച്ച സുഹറാ ഒടുവില്‍ ഒറ്റപ്പെട്ടു പോകുന്നു. രണ്ടാമതും മജീദ് അവളെ ഉപേക്ഷിച്ചു പോകുന്നുവെന്നറിയുമ്പോള്‍ മജീദിന്‍റെ ചെയ്തിയില്‍ മനം നൊന്ത അവള്‍ മജീദിനോട് പറയാന്‍ ബാക്കി വച്ചത് എന്തായിരുന്നു '.... മജീദ് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹറാ എന്തോ പറയുവാന്‍ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ് ബസ്സിന്‍റെ ഹോണ്‍ തുരുതുരാ ശബ്ദിച്ചു..... ഉമ്മാ കയറി വന്നു ....മജീദ് മുറ്റത്തേക്കിറങ്ങി, പൂന്തോട്ടത്തിലൂടെ പടിയിറങ്ങി ... ഒന്നു തിരിഞ്ഞുനോക്കി... നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട് പൂന്തോട്ടത്തില്‍ - 'സുഹറാ.  പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. എന്തായിരുന്നു അന്ന് ഒടുവിലായി സുഹറാ പറയാന്‍ തുടങ്ങിയത്?'7. കുടുംബത്തിനും സഹോദരിമാര്‍ക്കും വേണ്ടിയാണ് മജീദ് ജോലി അന്വേഷിച്ചു പോയത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതില്‍ ആശ്വാസം കൊള്ളാനുള്ള നന്മ അവളിലുണ്ട്. പോകുമ്പോള്‍ മജീദ് അവളെ ഏല്‍പ്പിച്ച അവന്‍റെ കുടുംബത്തെ സഹായിക്കാനും വൃദ്ധരായ സുഖമില്ലാത്ത മാതാപിതാക്കളെ സംരക്ഷിക്കാനും അവള്‍ ഒരു മടിയുമില്ലാതെ തയ്യാറാവുന്നു. തുടര്‍ന്ന് വളരെ വൈകാതെ തന്നെ ക്ഷയരോഗ ബാധിതയായി അവള്‍ ആകസ്മികമായി മരണത്തിന് കീഴടങ്ങി ദുരന്തനായികയായി മാറുന്നു. വ്യക്തികള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹം അവര്‍ക്കു കല്പിക്കുന്ന വിലക്കുകള്‍ അതിനു പുറത്തു കടക്കാനാവാതെ മരണവരയില്‍ കുരുങ്ങിയില്ലാതാവുന്ന മനുഷ്യരുടെ ഒടുങ്ങാത്ത നിലവിളിയാണ് (സുഹറായുടെ നിലവിളി) ബാല്യകാലസഖിയില്‍നിന്നും കേള്‍ക്കുന്നത്. കാമനകളെ പുല്കുകയും സഫലമാക്കുവാന്‍ കഴിയാതെ കാലിടറി വീഴുകയും ചെയ്യുന്ന മജീദിന്‍റെയും സുഹറായുടെയും ദുഃഖസങ്കീര്‍ത്തനങ്ങളായി ദുരന്തായനമായി മാറുന്നു ബാല്യകാലസഖി.

മനഃശാസ്ത്രാപഗ്രഥനം ബാല്യകാലസഖിയില്‍

ബഷീറിന്‍റെ ബാല്യകാലസഖിയെ മനോവിശകലനത്തിന് വിധേയമാക്കുമ്പോള്‍ ദര്‍ശിക്കാന്‍ കഴിയുന്നത് അതിലെ ജീവിത വൈരുദ്ധ്യവും സാമൂഹിക അനീതികളും ദുരന്താവബോധവുമാണ്. അബോധത്തിന്‍റെ ആനന്ദാന്വേഷണ പ്രേരണയ്ക്കുമേല്‍ മാരകമായ നിയന്ത്രണങ്ങളേര്‍പ്പെടുന്ന ബാഹ്യലോകത്തിന്‍റെ നിയമങ്ങളാണ് ഫ്രോയ്ഡിന് യാഥാര്‍ത്ഥ്യതത്വം (ഞലമഹശ്യേ ജൃശിരശുഹല). ബാല്യകാല സഖിയില്‍ നാടുവിട്ടുപോയ മജീദ് തിരിച്ചെത്തി എന്നറിഞ്ഞ സുഹ്റാ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മജീദിന്‍റെ അടുത്ത് വന്നു. സുഹറായുടെ മനസ്സറിഞ്ഞ് മജീദ് 'സുഹ്റാ! ഇനി ഭര്‍ത്താവിന്‍റെ വീട്ടില്‍ പോകേണ്ട..' മജീദ് ഉമ്മയോടു വിവരം പറഞ്ഞു. വളരെ സമയത്തേക്ക് അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. എങ്കിലും ഒടുവില്‍ ഉമ്മാ അറിയിച്ചു : മജീദ് സുഹ്റായെ വിവാഹം ചെയ്യുന്നതു നല്ലതാണ്. പക്ഷേ, മജീദിന്‍റെ രണ്ടു സഹോദരികള്‍ പ്രായമായിരിക്കുന്നില്ലേ?"8 മജീദിന്‍റെയും സുഹ്റായുടെയും താല്പര്യങ്ങള്‍ക്കും മേല്‍ സമൂഹവും കുടുംബവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ബാഹ്യലോകത്തിലെ യാഥാര്‍ത്ഥ്യത്തിന്‍റെ നിയന്ത്രണങ്ങളും സുഹ്റായെ വിവാഹം കഴിക്കുക എന്ന ആവശ്യങ്ങളും തമ്മിലുള്ള സംഘട്ടനം ഇവിടെ പ്രകടമാകുന്നുണ്ട്. "മജീദിന് രാത്രി ഉറക്കമില്ലെന്നായി. ചിന്തയാണ് എപ്പോഴും. സഹോദരികളെ ആര്‍ക്കെ ങ്കിലും വിവാഹം ചെയ്തു കൊടുക്കണം... യൗവനത്തിന്‍റെ തീക്ഷണതയിലാണ് അവര്‍. ആശയും ആഗ്രഹങ്ങളും ഉണ്ട്.. ഉടുക്കാന്‍ വസ്ത്രങ്ങളില്ല; ആഹാരത്തിനും... ബലഹീനങ്ങളായ ചില നിമിഷങ്ങ ളുണ്ടല്ലോ! അപഥത്തിലേക്കെങ്ങാന്‍ ഒരടി വെച്ചു പോയാല്‍! മജീദ് അസ്വസ്ഥനായിത്തീര്‍ന്നു. എന്തൊക്കെ യോ ചെയ്താല്‍ കൊള്ളാമെന്നുണ്ട് : വീടിന്‍റെ കടം തീര്‍ക്കണം. സഹോദരികളെ വിവാഹം ചെയ്തു കൊടുക്കണം. മാതാപിതാക്കള്‍ക്കു സന്തോഷമുള വാക്കുന്ന സംഗതികള്‍ ചെയ്യണം . അവര്‍ വൃദ്ധരാണ്. മരണം ഏത് നിമിഷത്തില്‍ എന്നറിഞ്ഞില്ല . അവരുടെ ജീവിതം സുഖകരമാക്കിത്തീര്‍ക്കണം. സുഹ്റായെ വിവാഹം ചെയ്യണം. പിന്നെ അവളുടെ സഹോദരിമാരുണ്ട്. മാതാവുണ്ട്. അവര്‍ക്കും എന്തെങ്കിലും ചെയ്യണം. പക്ഷേ, എന്താണ് ചെയ്യുക? എല്ലാറ്റിനും പണം വേണം."9 ബാഹ്യ യാഥാര്‍ത്ഥ്യ ത്തിന്‍റെ സാംസ്കാരികനിയന്ത്രണങ്ങളും ആനന്ദത്തിന്‍റെ ആവശ്യങ്ങളും തമ്മില്‍ ഒരു സമനില സൃഷ്ടിക്കുക എന്നത് ഈഗോയുടെയും സമസ്യയാണ്. ബാഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കായി അബോധത്തിന്‍റെ ആഹ്ലാദങ്ങളെ ആഗ്രഹങ്ങളെ മജീദിന് കീഴടക്കേണ്ടിവരുന്നു. കാമനകളെ കയറൂരി വിടാതെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഈഗോയ്ക്ക് വലിയ പങ്കുണ്ട്.കൗമാരകാലഘട്ടത്തില്‍ മജീദിന്‍റെ വലതുകാലില്‍ വിഷക്കല്ല് കാച്ചി ദേഹമാകെ വേദനയുമായി കിടക്കുന്ന സമയത്ത് മജീദിന്‍റെയും സുഹ്റയുടെയും മനസിന്‍റെ അബോധ തലത്തിലെ വികാരത്തെ വെളിവാക്കുന്നണ്ട് ബഷീര്‍ - 'ജീവിതാരംഭത്തോടെ ഉള്ളതെങ്കിലും അന്ന് ആദ്യമായി ഉണര്‍ന്ന വികാരങ്ങളോടെ അവര്‍ അന്യോന്യം ഒട്ടിച്ചേര്‍ന്നു....ആയിരമായിരം ചുംബനങ്ങള്‍ അര്‍പ്പിച്ചു. കണ്ണുകള്‍, നെറ്റി, കവിള്‍ത്തടങ്ങള്‍, കഴുത്ത്, നെഞ്ച്....ആകെ വിറച്ചു. സുഖകരമായ ഒരു ആലസ്യവും, പുതുതായ ഒരു ആശ്വാസവും. എന്തോ സംഭവിച്ചു!എന്താണത്? 'കുരു പൊട്ടി!' മന്ദഹാസത്തോടെ, ദിവ്യമായ സംഗീതം പോലെ സുഹറ മന്ത്രിച്ചു.'10 മനുഷ്യ മനസ്സിന്‍റെ സമനിലയെന്ന് പറയുന്നത് കാമനാനിയന്ത്രണം തന്നെയെന്ന് പറയാം. യഥാര്‍ത്ഥജീവിതത്തില്‍ ചിഹ്നങ്ങളോ പ്രതീകങ്ങളോ ആയിട്ടാണ് ജീവിതകാമനയെ നിലനിര്‍ത്തുന്നത്. കാമനയെ പൂര്‍ണ്ണമായി അടിച്ചമര്‍ത്തിയാല്‍ ജീവിതത്തില്‍നിന്നും അന്യവല്ക്കരിക്കപ്പെടും. ഫ്രോയ്ഡിയന്‍ വീക്ഷണം അനുസരിച്ച് നാം അപ്രധാനമെന്നു തള്ളിക്കളയുന്ന പ്രതീകങ്ങള്‍, വസ്തുക്കള്‍, സംഭവങ്ങള്‍ എന്നിവ വിലക്ക്  ലംഘിച്ച് കടന്നുവരുന്നു. സാന്ദ്രീകരണം, ആദേശം എന്നീ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സംഭവിക്കുന്നത്. ബാല്യകാലസഖിയിലെ കഥാപാത്രങ്ങളായ മജീദിന്‍റെയും സുഹറയുടെയും കാമന (ഉലശെൃല) എന്നത് ജീവിതത്തിന്‍റെ ഗതികളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നായിട്ടാണ് കണ്ടെത്തുന്നത്. ഇത് വ്യക്തിയും സമൂഹവും തമ്മിലുള്ള അന്ത:സംഘര്‍ഷത്തില്‍ നിന്നുമുടലെടുക്കുന്നതാണ്. വ്യക്തിയുടെ സ്വാഭാവികമായ വളര്‍ച്ചകളെ വാസനകളെ സമൂഹം എതിരിടുകയും, സമൂഹം ഉദ്ദേശിച്ചതു പോലെയാക്കുകയും ചെയ്യുന്നു. മജീദിന്‍റെയും സുഹറയുടെയും കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നം ഭാവിയിലെ രാജകുമാരനും രാജകുമാരിയുമാകുക എന്നതായിരുന്നു. അവര്‍ അവരുടെ വലിയ മോഹം സാക്ഷാത്കരിക്കാന്‍ പ്രയത്നിച്ചുകൊണ്ടിരുന്നു. എന്നാല്‍ മജീദിന്‍റെ അപ്രതീക്ഷിതമായ നാടുവിടല്‍ അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയുണ്ടായി. നോവലിന്‍റെ ആരംഭത്തിലുള്ള സ്വപ്നം ഏറ്റവും നിര്‍ണായകമായിരുന്നു. എന്നാലതു നടക്കാതെ പോകുന്ന ഒന്നായി മാറുന്നു എന്നതാണ്, ദുരന്തം. മജീദിന്‍റെയും സുഹറയുടെയും ആ സ്വപ്നം, അവരുടെ തന്നെ സഫലീകരിക്കാത്ത അടിച്ചമര്‍ത്തപ്പെട്ട വികാരവും ആഗ്രഹവും പ്രണയവുമായി മാറുന്നു.കാമനകള്‍ സഫലമാകാതെ വരുമ്പോള്‍ മനുഷ്യര്‍ ദുരന്തജീവിയായി മാറുന്നു. സമൂഹം രൂപപ്പെടുത്തുന്ന കള്ളികളില്‍ വീണു പോകുന്ന വ്യക്തികള്‍ തിരിച്ചുകയറാനാവാതെ ദുരന്തം വരിക്കുന്നു. നോവലിന്‍റെ അവസാനഭാഗത്ത് മജീദിന് ഉമ്മയില്‍നിന്നും ലഭിക്കുന്ന കത്ത് ഇതിന് മികച്ച ദൃഷ്ടാന്തമാണ്. "അതു വായിച്ചപ്പോള്‍ നഗരത്തിന്‍റെ ഇരമ്പല്‍ പെട്ടെന്ന് നിലച്ചു പോയതുപോലെ. നിശബ്ദത. 

'പ്രിയപ്പെട്ട മകന്‍ മജിദ് വായിച്ചറിയാന്‍ സ്വന്തം ഉമ്മാ എഴുതുന്നത്: 'മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹറാ മരിച്ചു. അവളുടെ വീട്ടില്‍ ക്കിടന്ന്; എന്‍റെ മടിയില്‍ തലവെച്ച് .പള്ളിപ്പറമ്പില്‍ അവളുടെ ബാപ്പായുടെ ഖബറിനരികിലാണ് സുഹ്റായെ മറവ് ചെയ്തിരിയ്ക്കുന്നത്.

'മകനെ, കഴിഞ്ഞമാസം മുപ്പതാം തീയതി നമ്മുടെ വീടും പുരയിടവും കടക്കാര്‍ നടത്തിച്ചെടുത്തു. ഉടനെ ഇറങ്ങി മാറി കൊടുക്കണമെന്നാണ് ഇവര്‍ പറയുന്നത് .ഈ പെണ്‍പിള്ളേരെ രണ്ടിനെയും സുഖക്കേടായിക്കിടക്കുന്ന ബാപ്പായേയും കൊണ്ടു ഞാന്‍ എവിടെപ്പോകും?'

'മകനേ, ഞാന്‍ ഉറങ്ങീട്ട് വളരെ നാളായി .നിന്‍റെ പെങ്ങന്മാരുടെ പ്രായക്കാരൊക്കെ മൂന്നും നാലും പെറ്റു. എന്തെങ്കിലും പോക്കണങ്കേടു വന്നുപോയാല്‍- മകനേ, ഇവിടെയുള്ള മുസ്ലീങ്ങള്‍ കണ്ണില്‍ച്ചോരയില്ലാത്തവരാണ് . ഞാനും ബാപ്പായും സാദ്ധ്യപ്പെട്ടു പറഞ്ഞിട്ടും ഉടനെ ഇറങ്ങി മാറാനാണ് പറയുന്നത്"11. വ്യക്തിയുടെ സ്വപ്നങ്ങള്‍, സമൂഹം അതിനുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അവരെ ദുരന്ത ബോധത്തിലേക്ക് കൊണ്ടുപോകുന്നു. ഇങ്ങനെ കാമനയുടെ സഫലമാകാത്ത അവസ്ഥയാണ് ദുരന്തബോധത്തിന് കാരണമാകുന്നത് എന്ന നേര്‍ചിത്രമാണ് ബാല്യകാലസഖിയെ വേറിട്ട് നിര്‍ത്തുന്നത്. വ്യക്തിമനസ്സിലെ ബോധതലത്തിന്‍റെയും അബോധതലത്തിന്‍റെയും സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുന്ന നോവല്‍ കൂടിയാണ് ബാല്യകാലസഖി .

സാധാരണമെന്നു തോന്നുന്ന പ്രമേയങ്ങളെ അസാധാരണമായി അവതരിപ്പിക്കുകയും മനസ്സിന്‍റെ ബോധത്തെയും അബോധത്തെയും ജീവിതത്തിന്‍റെ വൈരുദ്ധ്യത്തെയും അത് രൂപപ്പെടുത്തുന്ന ദുരന്തത്തെയും മിഴിവോടെ അവതരിപ്പിച്ചിരിക്കുന്ന നോവലാണ് ബാല്യകാലസഖി. സാധാരണക്കാരായ മനുഷ്യരുടെ കഥ പറയുകയും അവരുടെ പരിമിതമായ ലോകം കൊണ്ട് അസാധാരണമായ ജീവിതസന്ദര്‍ഭങ്ങളെ ബഷീര്‍ തുറന്നാവിഷ്കരിക്കുന്നത് മലയാള നവോത്ഥാനകാലചരിത്രത്തില്‍ അനന്യമാണ്. നവോത്ഥാന കേരളീയ ജീവിതത്തെയും മുസ്ലിം ജീവിതത്തെയും മനോവിശകലനത്തിന് വിധേയമാക്കി രചിച്ച നോവലാണിത്.ദുരന്തത്തിന്‍റെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ബാല്യകാലസഖിയില്‍ മജീദും സുഹറയും പടിപടിയായി ദുരന്തത്തിലേക്ക് നീങ്ങുന്ന നിസ്സഹായവസ്ഥ നോവലിനെ മികവുറ്റതാക്കി മാറ്റുന്നു. നന്മയുടെയും സ്നേഹത്തിന്‍റെയും തിരിച്ചറിവിന്‍റെയും വഴികളിലേക്കുള്ള യാത്രയാണ് ഇതിന്‍റെ അവസാനം. സ്ഥിരമായി ജീവിതത്തില്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സംഭവങ്ങളും വികാരങ്ങളും എല്ലാവരും വിട്ടുകളയുന്നു. എന്നാല്‍ ബാല്യകാലസഖിയില്‍ ഹൃദയത്തെ ആഴത്തില്‍ ഉലയ്ക്കുന്ന അതിലോലമായ നൊമ്പരങ്ങളും മനസ്സിന്‍റെ  കൊച്ചുകൊച്ചു സന്തോഷങ്ങളും അങ്ങനെ വിട്ടുകളയേണ്ടതല്ലെന്ന് ബഷീര്‍ കാട്ടിത്തരുന്നു. ഏറെ പ്രസക്തവും, ചെറിയ വാക്കുകളും നോട്ടങ്ങളും കൊണ്ട് മുറിവേല്‍പ്പിക്കാനും മുറിവുണക്കാനും കഴിയുമെന്ന് കാട്ടിത്തരുന്ന മുഹൂര്‍ത്തങ്ങള്‍ ഈ നോവലില്‍ ഒരുപാടുണ്ട്.  

സഫലമാകാത്ത കാമനകളാല്‍ പരാജയമേറ്റുവാങ്ങുന്ന കഥാപാത്രങ്ങളാണ് ബാല്യകാലസഖി യിലെ കഥാപാത്രങ്ങള്‍ എന്ന് വിലയിരുത്തുമ്പോഴും ആത്യന്തികമായി നന്മയുടെയും മഹത്വത്തിന്‍റെയും മാനുഷികതയുടെയും വൈവിധ്യങ്ങളാല്‍ ആസ്വാദകഹൃദയ ത്തിലുറച്ചു പോയവരാണ് മജീദും സുഹറയും. അവരുടെ പരാജയം, യഥാര്‍ത്ഥത്തില്‍ വിജയം തന്നെയാണ്.

കുറിപ്പുകള്‍:

1. Peter Gay, The Freuds Reader, London,Vintage books,1995, P 13
2. Dylan Evans, An introductory Dictionary of Lacanian psychoanalysis, NewYork,  Routeldge 1996, p. 39.
3. cmPIrjvW³ hn, Bsfmgnª Ac§v, XriqÀ ,{Ko³ _pI-vkv, 2004, ]p.9
4. Henk de berg, Freud's Theory and its use in Literary and Cultural Studies an introduction, New York, Camben house,2003,P.73
5. വൈക്കം മുഹമ്മദ്  ബഷീര്‍, ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സിബുക്സ്, കോട്ടയം,2001 പു.128
6. വൈക്കം മുഹമ്മദ്  ബഷീര്‍, ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സിബുക്സ്, കോട്ടയം,2001 പു.130
7. വൈക്കം മുഹമ്മദ്  ബഷീര്‍, ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സിബുക്സ്, കോട്ടയം,2001 പു.177
8. വൈക്കം മുഹമ്മദ്  ബഷീര്‍, ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സിബുക്സ്, കോട്ടയം, 2001 പു.165
9. വൈക്കം മുഹമ്മദ്  ബഷീര്‍, ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സിബുക്സ്, കോട്ടയം, 2001 പു.166
10. വൈക്കം മുഹമ്മദ്  ബഷീര്‍, ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സിബുക്സ്, കോട്ടയം, 2001 പു.149-150
11. വൈക്കം മുഹമ്മദ്  ബഷീര്‍, ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സിബുക്സ്, കോട്ടയം, 2001 പു.176

ഗ്രന്ഥസൂചി

വൈക്കം മുഹമ്മദ് ബഷീര്‍, (2001), ബാല്യകാലസഖി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, കോട്ടയം: ഡി.സിബുക്സ്.
മുരളീധരന്‍ നെല്ലിക്കല്‍, (1997), വിശ്വസാഹിത്യദര്‍ശനങ്ങള്‍, കോട്ടയം: ഡി.സി ബുക്സ്.
ഭരതമുനി, (1997), നാട്യശാസ്ത്രം. (കെ പി നാരായണ പിഷാരടി, വിവ), തൃശൂര്‍: കേരള സാഹിത്യ അക്കാഡമി.
നായര്‍. എം.കെ, (1996), സാഹിത്യ സംജ്ഞ കോശം, കോട്ടയം: ഡി സി ബുക്സ്.
രാകേഷ് നാഥ്, (2012), സിഗ്മണ്ട് ഫ്രോയിഡ്: ജീവിതം, ദര്‍ശനം, സംഭാഷണം (പരിഭാഷ) കോഴിക്കോട്: ഒലിവ് ബുക്സ്.
മുഹമ്മദാലി എന്‍.എം, (2011) ഫ്രോയിഡിന്‍റെ ജീവിതകഥ, കോട്ടയം: കറണ്ട് ബുക്സ്.
Peter Gay, (1995), The Freuds Reader, London: Vintage Books.
Henk de berg, (2003), Freud's Theory and its use in Literary and Cultural Studies an introduction, New York: Camben House.
Dylan Evans, (1996) An introductory Dictionary of Lacanian psychoanalysis, Routeldge: NewYork.
ഡോ. ദീപ എസ്.എസ്
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാള വിഭാഗം
ഗവണ്‍മെന്‍റ് കോളേജ് നെടുമങ്ങാട്
തിരുവനന്തപുരം, കേരള
Pin: 695541
Ph: +91 9495300344
Email: deepasouparnika@gmail.com
ORCID: 0009-0008-8719-8529