A study based on the second life in exile ‘Marubhoomiyile Marujeevithangal’

Dr. Bindu MK

Expatriation is a state of human condition in which an individual is forced to live either temporarily or permanently away from their place of birth and upbringing. Diaspora is theorized by Everett S. Lee’s Push & Pull Theory and RJ Ravenstein’s Law of Migration. This is a study of the distinctive living conditions of the international Malayalee diaspora inside the Arab world. Dr. Deepesh Karimbukara’s book “Marubhoomiyile Marujeevithangal” features an account of the experiences of the philanthropist Amanulla, who concluded his life in exile and returned to his native country. Amanulla says that, this is not only his life story, but also the story of many Malayalees who arrived as Arab expatriates and who came through his acquaintance testifying. The study is purely based on the expatriate’s pathetic living conditions who couldn’t achieve a successful life as they expected.

Keywords: Expatriation, Expatriate, Identity crisis, Existential crisis, Survival.  

Reference:

Abdullakoya,B.V. (2014). Arabian naadukaliloode. Kottayam:Manorama Books
Ummer Tharamel (Edi.) (2012). Dispora. Trivandrum: Haritham Books.
Usman Erupazi. (2001). Pravasathinte Pusthakam. Kozhikode: Pappion.
Deepesh Karimpukara, (2021) Marubhoomiyile Marujeevidangal Amanullayude Ormakal. Kozhikode: Olive Publications.
Dineshan, E.K. Edi.(2013). Pravasajeevidam. Kozhikode: Olive Publications.
Everett. Lee, S.(1966) A theory of Migration, Demography, Population Association of America, Vol.3, No. 1.
Ravenstein, E. G. (1885) The Laws of migration, Journal of the statistical sociology of London: Volume 48. No2, Blackwell Publishing for the Royal Statistical Society.
Dr. Bindu M K
Assistant Professor
Department of Malayalam
Sree Narayana Guru College, Chelannur
Pin: 673616
Kozhikode
India
Ph: 91 9847965368
Email: mbinduk@gmail.com
ORCID: 0009-0008-6216-0989


പ്രവാസത്തിലെ മറുജീവിതം 'മരുഭൂമിയിലെ മറുജീവിതങ്ങള്‍' ആസ്പദമാക്കി ഒരു പഠനം

ഡോ. ബിന്ദു എം.കെ

ദീര്‍ഘചരിത്രമുള്ള സര്‍ഗ്ഗാത്മക സാംസ്കാരിക പ്രവര്‍ത്തനമാണ് ജീവിതമെഴുത്ത്. ആത്മകഥാരൂപങ്ങളിലെ പുതിയൊരു വിഭാഗമായ കേട്ടെഴുത്തു രചനകളിലെ കര്‍തൃത്വം, ഭാഷ, നിലപാടുകള്‍, താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അഭിപ്രായഭേദങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും ഇവ ആത്മകഥ ജീവചരിത്രം എന്നീ സാഹിത്യരൂപങ്ങളെ മറികടക്കുകയോ സമന്വയിക്കുകയോ ചെയ്യുന്നു. സാംസ്കാരിക ജീവിതത്തിലെ വിടവുകളെയും പിളര്‍പ്പുകളെയും പൂരിപ്പിക്കുന്നവയാണ് പ്രവാസി ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തികള്‍ അതിജീവിച്ചതിന്‍റെ രേഖകള്‍ മാത്രമല്ല; സാമൂഹികജീവിതത്തിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാണവ. ഡിജിറ്റല്‍ യുഗത്തോടെ ഓര്‍മ്മക്കുറിപ്പുകള്‍ ആത്മകഥയില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം നേടിയെടുക്കുന്നതായി കാണാം.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ അമാനുള്ള എന്ന മനുഷ്യസ്നേഹി തന്‍റെ പ്രവാസകാല ജീവിതാനുഭവങ്ങളെ ഓര്‍മ്മിക്കുന്ന പുസ്തകമാണ് ഡോ. ദീപേഷ് കരിമ്പുങ്കര രചിച്ച 'മരുഭൂമിയിലെ മറുജീവിതങ്ങള്‍' എന്ന പുസ്തകം. സ്വന്തം ജീവിതകഥ എന്നതിലുപരി അറബ് പ്രവാസികളായി എത്തപ്പെട്ട മലയാളികളുടെ; തന്‍റെ പരിചയത്തിലൂടെ കടന്നുപോയ കുറച്ച് മനുഷ്യരുടെ കഥയാണിതെന്ന് അമാനുള്ള സാക്ഷ്യപ്പെടുത്തുന്നു. ഈ പുസ്തകത്തെ പ്രവാസത്തിന്‍റെ സൈദ്ധാന്തികതലങ്ങളിലൂടെ; പ്രവാസജീവിത പരിസരങ്ങളിലൂടെ പരിശോധിക്കുകയാണീ പ്രബന്ധം.

മടങ്ങിവന്ന പ്രവാസിക്ക് പ്രവാസകാലത്ത് താന്‍ കണ്ടതും അനുഭവിച്ചതും എന്തൊക്കെയായിരുന്നു, തന്നിലേക്ക് വന്നടുത്തതും താന്‍ ചെന്നെടുത്തുമായ പ്രകൃതിയുടെയും മനുഷ്യരുടെയും സ്വഭാവം എന്തായിരുന്നു, പ്രവാസജീവിതം തനിക്കെന്തു നല്‍കി തുടങ്ങിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനുള്ള ഉപാധിയാണ് ഓര്‍മ്മക്കുറിപ്പുകള്‍. ചെറുകഥകള്‍, പരസ്പരബന്ധിതമായ അധ്യായങ്ങള്‍, കാവ്യാത്മകം, ഗ്രാഫിക് എന്നിങ്ങനെ രൂപപരമായി പ്രവാസി ഓര്‍മ്മക്കുറിപ്പുകള്‍ വ്യത്യസ്തമാകുന്നു. കേട്ടെഴുത്തുകൃതികളില്‍ ലോഞ്ചില്‍ ഗള്‍ഫില്‍പോയ മലയാളികളുടെ ഓര്‍മ്മകളുടെ സമാഹാരമായ 'കടല്‍ കടന്നവര്‍' (2014), പി.എം ജാബിറിന്‍റെ മസ്കറ്റ് ഓര്‍മ്മകളുടെ സമാഹാരമായ 'ആമുഖമില്ലാത്ത അനുഭവങ്ങള്‍' (2017) എന്നിവ 'മരുഭൂമിയിലെ മറുജീവിതങ്ങള്‍'ക്ക് മുന്‍പ് ഉണ്ടായ കൃതികളാണ്. പ്രവാസസാഹിത്യത്തില്‍ തുല്യപ്രാധാന്യമുള്ള രണ്ടംശങ്ങള്‍ ഒത്തു ചേരുന്നു. സാമൂഹിക - സാമ്പത്തിക തലങ്ങളും വൈയക്തിക അനുഭവങ്ങളും. ഒന്ന് മറ്റൊന്നിന്‍റെ പൂരകമെന്നോണം രണ്ടും കൂടി ചേരുമ്പോഴാണ് പ്രവാസസാഹിത്യം അനുഭവഭേദ്യമാകുന്നത്.

പ്രവാസം

സ്വദേശം വിട്ട് അന്യദേശത്തേക്ക് പോകുന്നതിന്‍റെ ഫലമായുണ്ടാവുന്ന മനുഷ്യാവസ്ഥയാണ് പ്രവാസം. നിരന്തരമായ സഞ്ചാരങ്ങള്‍ ആദിമകാലം മുതല്‍ മനുഷ്യചരിത്രത്തിന്‍റെ ഭാഗമാണ്. വേട്ടയാടി ആഹാരസമ്പാദനം നടത്തിപ്പോന്നിരുന്ന അക്കാലങ്ങളില്‍ മനുഷ്യന്‍ സ്ഥിരവാസം തുടങ്ങിയിരുന്നില്ല. അതിനാല്‍ ആ യാത്രകളെ പ്രവാസമായി പരിഗണിക്കാനാവില്ല. നവീന ശിലായുഗത്തിലെ കാര്‍ഷികവൃത്തിയുടെ ഭാഗമായാണ് മനുഷ്യന്‍ സ്ഥിരവാസം ആരംഭിക്കുന്നത്. തുടര്‍ന്നും മേല്‍പ്പറഞ്ഞ സഞ്ചാരം മനുഷ്യജീവിതത്തിന്‍റെ ഭാഗമായിരിക്കാം എന്നാല്‍ ആദിമസഞ്ചാരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രവാസം മനുഷ്യന് ഒരനുഭവ തലമായി മാറിയത് സ്ഥിരവാസാരംഭത്തിന് ശേഷമാണ്. തൊഴില്‍ തേടിയും യുദ്ധങ്ങളില്‍ നിന്നും കലാപങ്ങളില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷനേടിയും സാമൂഹികമായ ഉയര്‍ച്ചയും വിദ്യാഭ്യാസം  ലക്ഷ്യമാക്കിയും ശിക്ഷയുടെ ഭാഗമായുമെല്ലാം മനുഷ്യര്‍ പ്രവാസം അനുഭവിക്കുന്നു. പ്രവാസത്തിന് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുള്ളത്. അഭയം, അന്നം, മെച്ചപ്പെട്ട മേച്ചില്‍പ്പുറം. അഭയം തേടുന്നവര്‍ക്ക് പ്രവാസം അത്യാവശ്യവും അന്നം തേടുന്നവര്‍ക്ക് അതൊരാവശ്യവും മെച്ചപ്പെട്ട മേച്ചില്‍പ്പുറം തേടുന്നവര്‍ക്ക് അതൊരലങ്കാരവുമാണ്.

പ്രവാസം: പ്രയോഗവും നിര്‍വചനവും

'എക്സ്പാട്രിയേഷന്‍' (Exptariation) എന്ന ഇംഗ്ലീഷ് പദത്തിന് 'രാജ്യഭ്രംശം', 'നിഷ്കാസനം', 'ദേശത്തുനിന്നുള്ള ബഹിഷ്കരണം', 'സ്വമേധയാ ഉള്ള ദേശാന്തരഗമനം', 'മറ്റൊരു ദേശത്തു നിന്നുള്ള കുടിയേറ്റം', 'പ്രവാസം' എന്നെല്ലാം അര്‍ത്ഥമുണ്ട്.1 ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തന്‍റെ  നിഘണ്ടുവില്‍ പ്രവാസത്തിന് 'വിദൂരവാസം' എന്ന് അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നു.2 'ശബ്ദതാരാവലി'യില്‍ 'യാത്ര', 'വീട് വിട്ടുള്ള പാര്‍പ്പ്', 'താല്‍ക്കാലിക വിരഹം' എന്നീ അര്‍ത്ഥതലങ്ങളാണ് കൊടുത്തിരിക്കുന്നത്.3 പ്രവാസം എന്ന സംസ്കൃതപദത്തിന്‍റെ വിഗ്രഹരൂപം 'പ്രകര്‍ഷേണവാസം' എന്നാണ്. അതായത് പ്രത്യേക തരം വാസം. പ്രത്യേകമായ ഈ വാസം ഉത്കര്‍ഷാത്മകമാവാം അപകര്‍ഷാത്മകമാവാം. ഏതായാലും സാധാരണവാസമല്ല പ്രവാസം. വസതിയില്‍ നിന്ന് ഭിന്നമായൊരിടത്തുള്ള പ്രത്യേകമായവാസമത്രേ അത്. 'പ' എന്ന ഉപസര്‍ഗ്ഗത്തോട് 'വസ്' ധാതു ചേര്‍ന്ന് രൂപപ്പെടുന്ന പദമാണ് പ്രവാസം. 'വിദേശം' എന്നും 'വിദേശത്തുള്ള സ്ഥിതിയെന്നും' ആ പദത്തിന്  പ്രാഥമികമായ അര്‍ത്ഥങ്ങളുണ്ട്. പ്രവാസം അന്യദേശത്തോടുള്ള ആകര്‍ഷണഫലമായി അക്കരപ്പച്ച തേടി പുറപ്പെട്ടുപോയവന്‍റെ അനുഭവമെന്ന നിലയ്ക്ക് വ്യാപകമായ അര്‍ത്ഥസാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന പദമായി പില്‍ക്കാലത്ത് വികസിക്കുന്നു. ഈ ആകര്‍ഷണത്തിന്‍റെയും പുറപ്പാടിന്‍റെയും ഫലമാണ് പ്രത്യേകവാസം.

ഇങ്ങനെ നോക്കുമ്പോള്‍ ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് താല്‍ക്കാലികമായോ സ്ഥിരമായോ  മറ്റൊരു സ്ഥലത്ത് ജീവിക്കേണ്ടിവരുന്ന മനുഷാവസ്ഥയാണ് പ്രവാസം. അത് ചിലപ്പോള്‍ ഉപജീവനത്തിന്  വേണ്ടിയാവാം. ഒരു രാജ്യത്തിനകത്തുതന്നെ മറ്റൊരു സ്ഥലത്തേക്കുള്ള മാറിത്താമസിക്കലാകാം. വ്യക്തിയുടെ സാമൂഹ്യബോധത്തെയും സ്വകാര്യതയെയും സര്‍ഗ്ഗാത്മക മനസ്സിനെയും പ്രവാസം ആഴത്തില്‍ സ്വാധീനിക്കുന്നു.

പ്രവാസി (Expatriate)

ലാറ്റിന്‍പദമായ 'എക്സ്' (Ex-out of) 'പാട്രിയ'(Patria-country, Father Land) എന്നിവയില്‍ നിന്നാണ് 'എക്സ്പാട്രിയ' എന്ന പദമുണ്ടായത്.4 'പ്രവാസം അനുഭവിക്കുന്നവന്‍' എന്ന അര്‍ത്ഥത്തിലാണ് പ്രവാസി എന്ന പദം 'ശബ്ദസാഗര'ത്തിലും ഉപയോഗിക്കുന്നത്.5 പ്രവാസിയുടെ സ്ത്രീലിംഗപദം എന്ന നിലയില്‍  'പ്രവാസിനി' എന്നും ഉപയോഗിക്കുന്നുണ്ട്.6 പ്രവാസം 'അനുഭവിക്കുന്ന വ്യക്തി' 'അന്യദിക്കില്‍ ചെന്ന് പാര്‍ക്കുന്നവന്‍' എന്ന് 'ശബ്ദതാരാവലി'യിലും7 'അന്യദിക്കില്‍ ചെന്ന് താമസിക്കുന്നവന്‍', 'വീട് വിട്ട് പാര്‍ക്കുന്നവന്‍' എന്ന് 'മലയാളം തിസോറസ്സി'ലും പറയുന്നുണ്ട്.8 സ്വന്തം ദേശമോ രാജ്യമോ വിട്ട് താല്‍ക്കാലികമായോ സ്ഥിരമായോ മറ്റൊരു രാജ്യത്ത് താമസിക്കുന്ന വ്യക്തിയെയാണ് പ്രവാസി എന്ന് പറയുന്നത്.9 അന്യദേശങ്ങളില്‍ താമസമാക്കുമ്പോള്‍ സ്വദേശത്തിന്‍റെ ഓര്‍മ്മകള്‍ ഓരോ പ്രവാസിയെയും നിരന്തരം  പിന്തുടരുന്നുണ്ട്. ഇത്തരത്തില്‍ ഗൃഹാതുരത്വത്തില്‍ കഴിയുന്നവനാണ് പ്രവാസി.

ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രദേശങ്ങളില്‍ താമസമാക്കിയവരാണ് മലയാളികള്‍. ജോലി തേടിയും മറ്റുമുള്ള മലയാളികളുടെ ഇത്തരം ഇടംമാറലിനെ പ്രവാസം എന്ന് വിശേഷിപ്പിക്കാമോ എന്നതിനെക്കുറിച്ച് വിവിധ സംവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ക്ലാസിക്കല്‍ ഡയസ്പോറയുടെ പ്രധാനസവിശേഷതയായി കണക്കാക്കപ്പെടുന്ന മാനസികാഘാതമുണ്ടാക്കുന്ന നിര്‍ബന്ധിതപുറത്താക്കല്‍ എന്ന അനുഭവം ഇത്തരം മലയാളി കുടിയേറ്റങ്ങളുടെ പിന്നിലില്ല. എന്നിരുന്നാലും സ്വമേധയാലുള്ള കുടിയേറ്റങ്ങളെ പ്രവാസമായി അംഗീകരിക്കാമെന്നതിന് അനുകൂലമായി സാമൂഹ്യശാസ്ത്രജ്ഞനായ റോബില്‍ കോഹന്‍ പറയുന്നത് പ്രവാസങ്ങളുണ്ടാകുന്നത് മാനസികാഘാതമുണ്ടാക്കുന്ന അനുഭവങ്ങളിലൂടെ മാത്രമല്ല; മറിച്ച് അനേകം വ്യത്യസ്തങ്ങളായ കാരണങ്ങളിലൂടെയാണ്.10 ഇത്തരം കാരണങ്ങളില്‍ പലതും കുടിയേറ്റക്കാരായ മലയാളികളില്‍ കാണാം.

മലയാളികളുടെ പ്രവാസത്തെ അന്താരാഷ്ടതലത്തിലുള്ള പ്രവാസത്തില്‍ നിന്നും വ്യത്യസ്തമായ തലത്തിലേ നോക്കിക്കാണാനാവൂ എന്ന് വി. രാജകൃഷണനും പറയുന്നുണ്ട്.11 മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി ഒരല്‍പവികസിത രാജ്യത്തില്‍ നിന്ന് ഏതെങ്കിലും സമ്പന്നരാഷ്ട്രത്തിലേക്ക് ചേക്കേറുന്ന വ്യക്തികളെ സാമ്പത്തികാഭയാര്‍ത്ഥികള്‍ (ഋരീിീാശര ൃലളൗഴലലെ) എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. മലയാളികളുടെ പുറം നാടുകളിലേക്കുള്ള ഒഴുക്ക് ഭൂരിപക്ഷവും സാമ്പത്തികലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു.

പ്രവാസത്തിന്‍റെ സൈദ്ധാന്തികതലം

പ്രവാസത്തിന് പിന്നില്‍ വ്യത്യസ്തമായ കാരണങ്ങള്‍ കാണാം. ഇ.ജെ റവെന്‍സ്റ്റീന്‍റെ 'കുടിയേറ്റനിയമ'വും (ഠവല ഘമംെ ീള ങശഴൃമശേീി) എവററ്റ് എസ് ലീയുടെ 'പുഷ് ആന്‍റ് പുള്‍' (ജൗവെ മിറ ജൗഹഹ ഠവലീൃ്യ)തിയറിയും പ്രവാസപഠനത്തെ സിദ്ധാന്തവല്‍ക്കരിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അകലത്തെയാണ് റവെന്‍സ്റ്റീന്‍ കുടിയേറ്റനിയമത്തില്‍ അടിസ്ഥാനമാക്കിയത്. കുടിയേറ്റത്തിന്‍റെ അകലം താരതമ്യം ചെയ്യുമ്പോള്‍ ജന്മനാട്ടില്‍ നിന്ന് കുറഞ്ഞ ദൂരത്തിലേക്കുമാവാം. ജനസംഖ്യവര്‍ദ്ധനവിന്‍റെ ഫലമായി എല്ലാ രാജ്യങ്ങളിലും കൂടുതല്‍ ആവശ്യങ്ങള്‍ക്കും വേണ്ടി എല്ലായിടത്തും എല്ലാ കാലത്തും കുടിയേറ്റം നടക്കാറുണ്ട്. ചില പ്രത്യേക തീരുമാനങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഫലമായി കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് നഗരങ്ങളെയാണ്. അത് നമ്മുടെ വലിയ പട്ടണങ്ങളിലും നഗരകേന്ദ്രങ്ങളിലുമുള്ള വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റങ്ങളാണ്. 

എവററ്റ് എസ് ലീയുടെ സൈദ്ധാന്തികസമീപനം പ്രവാസത്തിന്‍റെ കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. അദ്ദേഹത്തിന്‍റെ സിദ്ധാന്തം പുഷ് ആന്‍റ് പുള്‍ തിയറി എന്നറിയപ്പെടുന്നു. അതില്‍ വികര്‍ഷക ഘടകങ്ങള്‍, ആകര്‍ഷകഘടകങ്ങള്‍ എന്നിങ്ങനെ രണ്ട് കാരണങ്ങളാണുള്ളത്.12

ഒരു വ്യക്തി സ്വദേശം വിട്ടുപോകുന്നതിന് അടിസ്ഥാനമാക്കുന്ന കാരണങ്ങളാണ് വികര്‍ഷകഘടകങ്ങള്‍ (ജൗവെ എമരീൃേെ). തൊഴിലില്ലായ്മ, അവസരരാഹിത്യം, മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന്‍റെ അഭാവം, പ്രകൃതിക്ഷോഭം, യുദ്ധം, കലാപം തുടങ്ങിയവ സ്വദേശം വിട്ടുപോകാന്‍ ജനതയെ പ്രേരിപ്പിക്കുന്നു. ഒരു പ്രദേശത്തെ ആകര്‍ഷകഘടങ്ങള്‍ (ജൗഹഹ എമരീൃേെ); ഉയര്‍ന്ന ജീവിതസാഹചര്യം, ജോലിസാധ്യത, മെച്ചെട്ട വിദ്യാഭ്യാസ സൗകര്യം, വ്യാവസായിക പുരോഗതി എന്നിവ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്താന്‍ ജനതയെ  നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരിടത്തുനിന്നും അന്യദേശത്തേക്ക് യാത്രയാകുന്ന പ്രവാസികളെക്കുറിച്ച് പഠിക്കുമ്പോള്‍ അവരുടെ പ്രവാസത്തിനു പിന്നില്‍ മേല്‍പ്പറഞ്ഞ കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് കണ്ടെത്താന്‍ സാധിക്കും.

സ്വദേശത്ത് നിന്നുള്ള മനുഷ്യരുടെ അപസ്ഥലീകൃതാവസ്ഥ സൂചിപ്പിക്കുന്ന പദമാണ് 'ഡയസ്പെറ'. ഡയ (പുറത്ത്) സ്പെറിയന്‍ (ചിതറല്‍) എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നാണീ പദമുണ്ടായത്. സ്വമേധയാ നടത്തുന്നതോ നിര്‍ബന്ധിതമായതോ ആയ പലായനം എന്നാണ് പൊതുവില്‍ ഈ പദം കൊണ്ടുദ്ദേശിക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിന്നും അന്യസ്ഥലത്തേക്കുള്ള ജനങ്ങളുടെ ചിതറല്‍ - അതായത് യഥാര്‍ത്ഥ പ്രദേശത്ത് നിന്നും പുതിയ പ്രദേശത്തേക്കുള്ള യാത്ര എന്ന ആശയം പകരുന്ന പദമാണ് പ്രവാസമെന്ന് കിംനോട്ട് (ഗശാസിീേേ, 2011:79) സൂചിപ്പിക്കുന്നുണ്ട്.13 ജറുസലേമില്‍ നിന്നുള്ള ജൂതജനതയുടെ പലായനത്തെയാണ് ആദ്യകാലത്ത് ഡയസ്പെറ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരുന്നതെങ്കിലും ഇന്നത് പ്രവാസമെന്ന അര്‍ത്ഥത്തില്‍ വ്യാപകമായി പ്രയോഗിച്ചുവരുന്നു. പ്രവാസമെന്ന പദം ഇന്ന് പരമ്പരാഗത പ്രവാസ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്താണ്. കുടിയേറ്റക്കാരെയും രാഷ്ട്രീയ അഭയാര്‍ത്ഥികളെയും മറ്റ് സ്ഥലങ്ങളില്‍ നിന്ന് വന്ന് താമസിക്കുന്നവരെയും അന്യദേശ തൊഴിലാളികളെയും സ്വന്തം ദേശത്ത് നിന്ന് അടിച്ചിറക്കപ്പെട്ടവരെയും എല്ലാം കൂട്ടിചേര്‍ത്ത വിശാലമായ അര്‍ത്ഥമാണ് പ്രവാസത്തിനുള്ളത്. 

ഘടനാപരമായ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ പ്രവാസത്തെ ആഭ്യന്തരം, ദേശാന്തരം എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ഇന്ത്യയ്ക്കുള്ളില്‍ നടന്ന പ്രവാസത്തെ ആഭ്യന്തരപ്രവാസമെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് നടന്ന പ്രവാസത്തെ ദേശാന്തരപ്രവാസം എന്നും പറയുന്നു. 1991ലെ കുവൈത്ത് യുദ്ധത്തെതുടര്‍ന്ന് ആയിരക്കണക്കിന് മലയാളികള്‍ തൊഴില്‍ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തിയ സന്ദര്‍ഭത്തിലാണ് ഗള്‍ഫ് മലയാളികളെ പരാമര്‍ശിക്കാന്‍ പ്രവാസികള്‍ എന്ന പദം മലയാളത്തില്‍ ഗൗരവമായി  ഉപയോഗിക്കപ്പെട്ടത്. അതുവരെ ഗള്‍ഫ്മലയാളി, അമേരിക്കന്‍മലയാളി, ബോംബെമലയാളി, ദല്‍ഹി മലയാളി എന്നിങ്ങനെ കുടിയേറിയ ദേശങ്ങളുടെ പേരിലാണ് അന്യദേശവാസം നടത്തിയ ഓരോ മലയാളിയും അറിയപ്പെട്ടത്. പ്രവാസി മലയാളി എന്ന പ്രയോഗം ശ്രദ്ധനേടുന്നത് വരെയും ദേശരാഷ്ട്രങ്ങളുടെ വ്യത്യാസമില്ലാതെ കേരളത്തിനു പുറമേ വസിക്കുന്ന ഏതൊരു മലയാളിയെയും പരാമര്‍ശിക്കാന്‍ മറുനാടന്‍ മലയാളി എന്ന പ്രയോഗമായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത് ആഭ്യന്തരപ്രവാസം നടത്തുന്ന മലയാളിയെ പരാമര്‍ശിക്കുന്ന പ്രയോഗമായി മാറി.

ഗള്‍ഫ്പ്രവാസം

അറബ് നാടുകളിലേക്കുള്ള പ്രവാസമാണ് ഗള്‍ഫ്പ്രവാസം. ആധുനികതയുടെ അടയാളമായി പ്രവാസം കടന്നുവരുന്നതിന് ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യപശ്ചാത്തലം കാരണമായിട്ടുണ്ട്. 1929ല്‍ സംജാതമായ ആഗോളസാമ്പത്തിക മാന്ദ്യം കേരളത്തിലും അലയടിച്ചു. ജനസംഖ്യാനിരക്കും സാക്ഷരതയും ഉയര്‍ന്നതും മരണനിരക്ക് കുറഞ്ഞതും സൃഷ്ടിച്ച ജനസംഖ്യാവിടവ് ഇതിന്‍റെ കാരണങ്ങളിലൊന്നാണ്. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ 1960കളിലെ കേരളീയ സമൂഹത്തില്‍ ഒരു രക്ഷാമാര്‍ഗ്ഗമായാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസം ആരംഭിക്കുന്നത്. കൃഷിയും വ്യവസായവും ആശ്വാസകരമല്ലാതിരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴിലും സമ്പത്തും കൈവരിക്കുന്നതിന് ഗള്‍ഫിലേക്കുള്ള യാത്ര കാരണമായി.  അതിനുമുമ്പ് ബര്‍മ, മലയ, സിംഗപ്പൂര്‍, സിലോണ്‍ എന്നീ നാടുകളിലേക്കായിരുന്നു മലയാളികളുടെ ഭാഗ്യാന്വേഷണസഞ്ചാരങ്ങള്‍.

ആദ്യകാല ഗള്‍ഫ്പ്രവാസികളെ പേര്‍ഷ്യക്കാര്‍ എന്നാണ് വിളിച്ചിരുന്നത്. 1970കളില്‍ തുടങ്ങുന്ന  പ്രവാസത്തെയാണ്  ഇന്ന് നമ്മള്‍ ഗള്‍ഫ്പ്രവാസം എന്ന അര്‍ത്ഥത്തില്‍ പറയുന്നത്. അതു പ്രധാനമായും എണ്ണപ്പാടങ്ങളുടെ വ്യാപനത്തോടെ ഉണ്ടായതാണ്. ആധുനികകാലത്ത് മൂലധനത്തിന്‍റെ സഞ്ചാരത്തിനനുസൃതമായി തൊഴില്‍തേടി ലോകത്തെല്ലായിടത്തുമുള്ള ജനത വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങിയതിന്‍റെ തുടര്‍ച്ചയായിട്ടാണ് മലയാളിയും ഗള്‍ഫിലേക്ക് യാത്രയായത്. ഇതിനുമുമ്പും കുവൈത്ത്, ബഹ്റൈന്‍ എന്നീ ഗള്‍ഫ് നാടുകളിലേക്ക് അറബി-ഇറാനിയന്‍ പത്തേമാരിയില്‍ മലയാളികള്‍ ചെന്നുപറ്റിയിട്ടുണ്ടെങ്കിലും കൂട്ടമായി ഉണ്ടായ കുടിയേറ്റത്തെയാണ് ഗള്‍ഫ്കുടിയേറ്റമായി ഇവിടെ പരിഗണിക്കുന്നത്. പത്തേമാരി, കപ്പല്‍ തുടങ്ങിയവയില്‍ ആരംഭിക്കുന്ന ഗള്‍ഫ് കുടിയേറ്റം മുതല്‍ വിമാനമാര്‍ഗ്ഗം വ്യാപകമാകുന്ന കൂട്ടപ്രവാസത്തിലത് എത്തിനില്‍ക്കുന്നു. പ്രവാസികളില്‍ വിദഗ്ധതൊഴിലാളികള്‍, അവിദഗ്ധതൊഴിലാളികള്‍ (ടസശഹഹലറ മിറ ൗിസെശഹഹലറ  ഹമയീൗൃലൃെ) വീട്ടുജോലിക്കായി പോകുന്ന ഗദ്ദാമകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. വ്യാപകമായ അര്‍ത്ഥത്തില്‍ പ്രവാസം ചര്‍ച്ചചെയ്യപ്പെടുന്നതും സാഹിത്യം, സിനിമ തുടങ്ങിയ കലാരൂപങ്ങള്‍ ഇതിവൃത്തമാക്കുന്നതും ഈ പ്രവാസകാല ജീവിതാനുഭവങ്ങളാണ്. പ്രത്യേകിച്ചും പ്രവാസിയുടെ അനുഭവങ്ങള്‍. പ്രവാസത്തിന്‍റെ പ്രശ്നങ്ങളും പ്രവാസിയുടെ പ്രശ്നങ്ങളും തികച്ചും വ്യത്യസ്തമാണ്. അറബ്ലോകത്തെ മലയാളി പ്രവാസികളുടെ ദൈന്യതയാര്‍ന്ന ജീവിതപരിസരത്തിലൂടെയുള്ള പഠനമാണീ പ്രബന്ധം.

മരുഭൂമിയിലെ വെള്ളിനക്ഷത്രം

പ്രവാസത്തിന്‍റെ ഗണനീയമായ സവിശേഷതയാണ് ഭൂതദയ. സഹജീവി സ്നേഹത്തിന്‍റെ നിരവധി ഉദ്ദാഹരണങ്ങള്‍ ഈ ഭൂമികയില്‍ നമുക്ക് കാണാന്‍ സാധിക്കും. അത്തരമൊരു കഥാപാത്രമാണ് 'മരുഭൂമിയിലെ മറുജീവിത'ത്തിലെ അമാനുള്ള. മരുഭൂമിയിലെ പല ദേശക്കാരും ഭാഷക്കാരുമായ മനുഷ്യരുടെ ഇടയില്‍ അവരെ കേള്‍ക്കാനും നിരാലംബരായ മനുഷ്യര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്‍റെ തണല്‍മരമായി നിലകൊള്ളുകയും ചെയ്ത വെള്ളിനക്ഷത്രമായി അമാനുള്ള എന്ന മനുഷ്യസ്നേഹിയെ നമുക്ക് വിലയിരുത്താം. പ്രവാസലോകത്ത് കാണാതാവുന്നവരെ അന്വേഷിക്കുന്ന; നാട്ടിലുള്ള ബന്ധുക്കളുടെ ദുഃഖം അവതരിപ്പിക്കുന്ന പ്രവാസലോകം പരിപാടിയുടെ ഷാര്‍ജ പ്രതിനിധിയായിരുന്നു അമാനുള്ള. അറബ്ദേശത്തു ചെന്നു തിരിച്ചുവരാതെ പോയ തന്‍റെ ജേഷ്ഠനെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ നിന്നാണ് അമാനുള്ളയുടെ പ്രവാസ ജീവിതം ആരംഭിക്കുന്നത്. അത് ഇങ്ങനെ അദ്ദേഹം കോറിയിടുന്നു: 'ഇവിടെ വന്നിറങ്ങിയ ശേഷം കണ്ടുമുട്ടിയ ഓരോ മനുഷ്യനിലും ഞാനദ്ദേഹത്തെ തിരഞ്ഞുകൊണ്ടിരുന്നു. മണല്‍തീരങ്ങളിലും ഗല്ലികളിലും നഗരത്തിരക്കുകളിലും മുഖാമുഖം കണ്ടുമുട്ടുന്ന എത്രയോ മനുഷ്യര്‍ കടന്നുപോവുന്നു; പലതരം മനുഷ്യര്‍; അവര്‍ക്കിടയില്‍ ഞാന്‍ കാണാനാഗ്രഹിച്ച ജ്യേഷ്ഠനെ  വെറുതെയെങ്കിലും അറിയാതെ പരതിനോക്കാറുണ്ടായിരുന്നു.'14 (പേജ്:28). പ്രവാസം ജീവിതം കൊണ്ട് പലതും നേടുന്നതിനോടൊപ്പം പലതും നഷ്ടപ്പെടുത്തേണ്ടി വരികയും ചെയ്യും.

നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ജീവിതത്തിന് ഊടും പാവും നെയ്തെടുക്കാന്‍ പ്രയാസം നേരിട്ട ഒരു കാലഘട്ടത്തിലായിരുന്നു ഗള്‍ഫിലേക്ക് ലോഞ്ചില്‍ കയറിയുള്ള മലയാളിയുടെ പ്രയാണമാരംഭിക്കുന്നത്. ആദ്യകാല ഗള്‍ഫ് കുടിയേറ്റത്തിന്‍റെ യാതനപര്‍വ്വമായ പത്തേമാരി യാത്രകളെക്കുറിച്ച് അമാനുള്ള ഇങ്ങനെ വിവരിക്കുന്നു: ആദ്യകാല ഗള്‍ഫ് കുടിയേറ്റം അധികവും നടന്നിരുന്നത് പത്തേമാരികളിലൂടെയായിരുന്നു. കോഴിക്കോട്, കൊയിലാണ്ടി, മംഗലാപുരം, ബോംബെ, ഗുജറാത്ത് കടല്‍ത്തീരങ്ങളിലൂടെ ഉണ്ടായ അറബ് ലോഞ്ചുകളിലൂടെയുള്ള ഈ മനുഷ്യക്കടത്ത് തവളകയറ്റം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഔണ്‍സ്ഗ്ലാസില്‍ അളന്ന് നല്‍കുന്ന വെള്ളവും അരമുറി റൊട്ടിയും കഴിച്ചുകൊണ്ട് കടലിനോട് മല്ലടിച്ചും കടല്‍ ചൊരുക്കില്‍ അസുഖം ബാധിച്ചുമുള്ള രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന മടുപ്പിക്കുന്ന കടല്‍യാത്ര. അസുഖം ബാധിച്ചാല്‍ മരുന്നില്ല ജീവന്‍ പൊലിഞ്ഞാല്‍ കുരുക്കിട്ട കയറില്‍ നേരെ സമുദ്രമത്സ്യങ്ങളുടെ  വായിലേക്ക്. ദുബായ് എന്ന സ്വപ്നനഗരിയിലെ പോലീസുകാരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഖോര്‍ഫുക്കാന്‍ തീരം കാണുന്നവിധം കടലില്‍ ആയിരുന്നു മനുഷ്യരെന്ന ഈ തവളകളെ ഇറക്കിയിരുന്നത്. കടലും മരുഭൂമിയും താണ്ടി ഒരു മനുഷ്യജീവനെയെങ്കിലും കണ്ടുമുട്ടാനും കുടിക്കാനിത്തിരി ദാഹജലം തേടിയുമുള്ള അലച്ചിലില്‍ പലരും മരുഭൂമിയില്‍ തളര്‍ന്നുവീണു. പലരും പോലീസുകാരുടെ പിടിയില്‍പ്പെട്ടു. ശേഷിക്കുന്നവര്‍ ദുബായ് എന്ന ലക്ഷ്യസ്ഥാനത്തെത്തി.

ഇത്തരം ഒരു പത്തേമാരിയിലാണ് അമാനുള്ളയുടെ ജ്യേഷ്ഠന്‍ ഹഖും ദുബായിലേക്ക് യാത്രയായത്. ആരുടെയും കയ്യില്‍ പാസ്പോര്‍ട്ടോ വിസയോ ഉണ്ടായിരുന്നില്ല. എല്ലാവരും പോലീസിന്‍റെ കയ്യിലകപ്പെടാതെ ദുബായില്‍ എത്തിച്ചേര്‍ന്നു. രണ്ടു വര്‍ഷത്തെ ദുബായ് ജീവിതത്തിനിടയില്‍ എട്ടു പേരടങ്ങുന്ന മലയാളി സംഘം അബുദാബിയിലേക്ക് യാത്രതിരിച്ചു. മരുഭൂമിയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയില്‍ അവര്‍ക്ക് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഒരാളൊഴികെ ബാക്കിയെല്ലാവരും മരുഭൂമിയുടെ മാറിലെരിഞ്ഞമര്‍ന്നു. അങ്ങനെയാണ് അമാനുള്ളയുടെ മൂത്ത സഹോദരന്‍റെ തിരോധാനം സംഭവിക്കുന്നത്. ഹഖിന്‍റെ തിരോധാനകഥയിലൂടെ ഗള്‍ഫെന്ന ഭാഗ്യഭൂമികയില്‍ ഭാഗ്യാന്വേഷണത്തിനിറങ്ങി പരാജയപ്പെട്ട ഒട്ടനവധി ചെറുപ്പക്കാരുടെ തിരോധാനത്തിന്‍റെ; പരാജയത്തിന്‍റെ കഥയാണ് അമുനുള്ള പറഞ്ഞുവെക്കുന്നത്. അമാനുള്ളയെ തേടിവരുന്ന ഫോണ്‍കോളുകളെ പിന്‍പറ്റിച്ചെന്ന ജീവിതവഴികളില്‍ നിന്നാണ് ഈ ഓര്‍മ്മ പുസ്തകത്തിലെ കഥാപാത്രങ്ങള്‍ രൂപപ്പെട്ടുവരുന്നത്. ഇവര്‍ക്കൊക്കെ ഒരു വഴിവിളക്കായും അഭയമായും തണലായും അമാനുള്ള എന്ന വെള്ളിനക്ഷത്രം ഈ ഓര്‍മപുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഗള്‍ഫ് പ്രവാസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ് ആദ്യമായി ഗള്‍ഫില്‍ എത്തുന്നവര്‍ക്ക് അത്താണിയായി മാറുന്ന സ്വദേശി മലയാളികള്‍. ഏതു പ്രതിസന്ധിയിലും ഒന്നിക്കാനും അതിനെ ഒറ്റക്കെട്ടായി നേരിടാനും എന്നും മുന്നിട്ടിറങ്ങുന്നത് മലയാളികളായ പ്രവാസികള്‍ തന്നെയാണ്. ഇതവരുടെ മാനുഷികത ഉയര്‍ത്തികാട്ടുന്നു. 

പ്രവാസി നേരിടുന്ന പ്രശ്നങ്ങള്‍

പ്രവാസജീവിതം അതിന് വിധേയരായവരെ എപ്രകാരം ബാധിക്കുന്നുവെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. പ്രവാസം അനുഭവിക്കുന്ന വ്യക്തി, അയാളുടെ കാഴ്ചപ്പാടുകള്‍, പുതിയ ദേശത്തെ കാണുന്ന കാഴ്ചപ്പാട് തുടങ്ങി നിരവധി ഘടകങ്ങളെ ആ ജീവിതം ആശ്രയിച്ചിരിക്കുന്നു.  സ്വദേശം വിട്ട് യാത്രയാകുന്ന ഏതൊരു വ്യക്തിയും സാമൂഹികമായും വ്യക്തിപരമായും വ്യത്യസ്തങ്ങളായ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. എത്തിപ്പെടുന്ന നാട്ടിലെ ഭാഷ അറിയാത്തതിനാല്‍ പ്രവാസത്തിന്‍റെ ആദ്യനാളുകളില്‍ തൊഴിലിടത്തും പുറത്തും ഭൂരിപക്ഷം പേരും ഏറെ പ്രതിസന്ധികള്‍ നേരിടുന്നു. വിദേശത്തേക്ക് തൊഴിലിനായി പോകുന്നവര്‍ക്ക് കൃത്യമായ രേഖകള്‍ നിര്‍ബന്ധമാണ്.  പാസ്പോര്‍ട്ട്, വിസ, സ്പോണ്‍സര്‍ഷിപ്പ്, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ഇക്കാമ എന്നിങ്ങനെ വിവിധ രേഖകളെക്കുറിച്ച് അവബോധം ഇല്ലാത്തവരാണ് നിരവധി പ്രശ്നങ്ങളില്‍ ചെന്മ്പെടുന്നത്. സാമ്പത്തികമായി താഴെത്തട്ടിലുള്ള പ്രവാസികള്‍ തൊഴില്‍പരമായ ധാരാളം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. സ്പോണ്‍സര്‍ഷിപ്പ്  മാറ്റത്തിനുള്ള ഉയര്‍ന്ന ഫീസ് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഇങ്ങനെ ഒളിച്ചു താമസിക്കുന്ന ഒട്ടേറെ പേരെ അമാനുള്ള രക്ഷിച്ച് നാട്ടില്‍ എത്തിക്കുന്നതായി കാണാം.

വൈകാരികസംഘര്‍ഷങ്ങള്‍

അടുത്ത ബന്ധുക്കളെയെല്ലാം പിരിഞ്ഞ് അന്യദേശത്ത് വാസമുറപ്പിക്കുന്ന പ്രവാസികള്‍ അനുഭവിക്കുന്ന വൈകാരികപ്രശ്നങ്ങള്‍ നിരവധിയാണ് ഗള്‍ഫ് ജീവിതം സമ്പത്തിന്‍റെ കഥ മാത്രമല്ല പറയുന്നത്.  അവരുടെ കുടുംബാംഗങ്ങളുടെ വിരഹവും സമൂഹത്തില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിന്‍റെ പരിണിതഫലങ്ങള്‍ 1970-80 കളില്‍ തന്നെ പ്രകടമാണ്. പുരുഷന്മാര്‍ വിദേശത്തു പോയപ്പോള്‍ നാട്ടിലൊറ്റപ്പെട്ട സ്ത്രീകളുടെ, ഭാര്യയുടെ, അമ്മയുടെ, കുട്ടികളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ വളരെ വലുതായിരുന്നു.  മനഃശാസ്ത്രജ്ഞന്മാര്‍ ഈ മാനസിക പരിണാമങ്ങളെ 'ഗള്‍ഫ് സിന്‍ഡ്രോം' (ഏൗഹള ്യെിറൃീാല) എന്ന് പറയുന്നു. ഗള്‍ഫില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന പുരുഷന്മാരിലും ഗള്‍ഫ് സിന്‍ഡ്രോം കണ്ടുവരുന്നു. അത് മദ്യത്തോടുള്ള ആസക്തി, ലൈംഗികപ്രശ്നങ്ങള്‍, ആത്മവിശ്വാസക്കുറവ്, കുട്ടികളുടെ വിദ്യാഭ്യാസത്തിലുള്ള അമിത ഉത്കണ്ഠ, തങ്ങള്‍ക്ക് കിട്ടാതെപോയത് കുട്ടികള്‍ക്ക് സാധിക്കണമെന്ന അതിമോഹം എന്നിങ്ങനെ പോകുന്നു. ഇത്തരത്തിലുള്ള ഗള്‍ഫ് സിന്‍ഡ്രോം അനുഭവിക്കുന്ന ഒട്ടനവധി ആളുകളെ ഈ പുസ്തകത്തില്‍ കാണാം.

ഗള്‍ഫ്മലയാളി പ്രവാസികളുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും തേടിയുള്ള 'നേര്' എന്ന പ്രോഗ്രാം കണ്ടിട്ടാണ് കണ്ണൂര്‍ സ്വദേശിയായ ദാസന്‍ അമാനുള്ളയെ തേടി എത്തുന്നത്. ഒട്ടനവധി പ്രവാസികള്‍ അനുഭവിക്കുന്ന ദാമ്പത്യ ജീവിതദുരന്തമായിരുന്നു അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. ഒന്നിച്ച് ജീവിക്കാനുള്ള കൊതി മാറ്റിവെച്ച് ജീവിതത്തിനുള്ള വക തേടി പ്രവാസലോകത്ത് കഷ്ടപ്പെട്ട് ജീവിക്കുന്ന അനവധിപേര്‍ പങ്കുവെച്ച ധര്‍മ്മസങ്കടത്തിന്‍റെ കഥയായിരുന്നു അത്. ദാമ്പത്യജീവിതത്തില്‍ മാനസികമായ അടുപ്പം കൈവരിക്കുന്നതിനിടയില്‍തന്നെ നീണ്ട കാലത്തേക്ക് പിരിഞ്ഞിരിക്കേണ്ടിവരുന്നതിനാല്‍ പലപ്പോഴും പങ്കാളികള്‍ ഗൂഢമായെങ്കിലും പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന സാഹചര്യങ്ങള്‍ സംജാതമാകാറുണ്ട്. ഇത്തരമൊരു അനുഭവം ആയിരുന്നു ദാസനും പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്. കടം വാങ്ങി ഉണ്ടാക്കിയ വീട്ടില്‍ നിന്നും ഭാര്യ മക്കളോടൊപ്പം കാമുകന്‍റെ കൂടെ ഒളിച്ചോടിപ്പോയി. എവിടെയാണെന്ന് അറിയാത്ത മക്കളെ ഒന്ന് കാണണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഒടുവില്‍ കാമുകന്‍ ഉപേക്ഷിച്ചുപോയ ദാസന്‍റെ ഭാര്യയെയും മക്കളെയും രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ അമാനുള്ളയ്ക്ക് സാധിക്കുന്നു. തനിക്ക് ഇന്‍ഡോനേഷ്യക്കാരിയിലുണ്ടായ കുഞ്ഞ് ജാസ്മിനെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായാണ് അബ്ദുള്ള അമാനുള്ളയെ സമീപിക്കുന്നത്.  ജനിച്ച് ഒരു മാസത്തിനകം അമ്മ ഉപേക്ഷിച്ച് പോയ ആ കുഞ്ഞിനെ പതിനാലു വയസ്സുവരെ ആരുമറിയാതെ വളര്‍ത്തിയ അബ്ദുള്ളയുടെ ദുഃഖം നമ്മെ കണ്ണീരണിയിക്കുന്നു. നിസ്സഹായനായ ഒരച്ഛന്‍റെ ദൈന്യതയാണ് അമാനുള്ളയെ ബാബുവിനരികില്‍ എത്തിക്കുന്നത്. അവിഹിതബന്ധത്തില്‍ പിറന്ന തന്‍റെ കുഞ്ഞുങ്ങളെ ആരുമറിയാതെ പോറ്റുന്നതിന്‍റെ ദൈന്യം എത്രയും പെട്ടെന്ന് അവരെ നാട്ടിലെത്തിക്കാനുള്ള ത്വരയായി മാറുകയായിരുന്നു. പ്രവാസലോകം പരിപാടിയിലൂടെ അദ്ദേഹം തന്‍റെ നിസ്സഹായത ലോകരോട് വിളിച്ചുപറയുന്നു. അമാനുള്ളയുടെ ഇടപെടല്‍ മൂലം കുട്ടികള്‍ക്ക് യാത്രാനുമതി കിട്ടുകയും നാട്ടിലുള്ള ബാബുവിന്‍റെ കുഞ്ഞുങ്ങളോടൊപ്പം അവര്‍ക്ക് ജീവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

മകനെ കാത്തിരിക്കുന്ന അമ്മയുടെയും സഹോദരിമാരുടെയും ദുഃഖങ്ങള്‍ പ്രവാസലോകം പരിപാടിയിലൂടെയാണ് അമാനുള്ള അറിയുന്നത്. അല്‍ഐനിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളിയും  അവിവാഹിതനും മുഴുക്കുടിയനുമായ രാജേഷിനെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. ഏറെക്കാലത്തെ തിരച്ചിലിനൊടുവില്‍ അല്‍ഐനിലെ വിജനമായ ട്രാന്‍സ്ഫോമര്‍യാര്‍ഡില്‍ മരിച്ചനിലയില്‍ അസ്ഥിക്കൂടമായ രാജേഷിനെ കണ്ടെത്താന്‍ അമാനുള്ളക്ക് കഴിയുന്നു. മലപ്പുറം സ്വദേശിയായ  അബ്ദുള്‍നാസറിന്‍റെ കഥയറിഞ്ഞ അമാനുള്ള അയാളെ അന്വേഷിച്ച് ഈജിപ്തില്‍ എത്തുന്നു. സ്വന്തം മാതാപിതാക്കളുടെ കണ്ണീര് കാണാതെ ഒരിക്കലും തിരിച്ചുവരാത്ത കാമുകിക്ക് പിറകെപോയ അയാളെ തിരിച്ചെത്തിക്കാന്‍ അമാനുള്ളയ്ക്ക് കഴിയുന്നില്ല. പ്രവാസലോകത്തിലൂടെ ഒരമ്മയുടെ നൊമ്പരമായി മാറിയ പുത്രനായിരുന്നു പത്തനംതിട്ട സ്വദേശിയായ പ്രസാദ്. കൂട്ടുകൂടി മദ്യപിക്കാനായി ഷാര്‍ജയിലെത്തി പിന്നീട് മുഴുക്കുടിയനായി മാറി ജോലിക്ക് പോകാതെ ദ്രവിച്ച് നിലംപരിശായ വില്ലയില്‍ ബോധമറ്റുകിടന്ന് ഒടുവില്‍ അയാള്‍ മരണപ്പെടുന്നു. പാസ്പോര്‍ട്ടോ, ബത്താക്കയോ ഇല്ലാത്ത അയാളെ അജ്ഞാത ശവമായി പ്രവാസലോകത്ത് അടക്കം ചെയ്യുന്നു. നിരാലംബയായ ഒരമ്മയുടെ നിലവിളി അനുവാചകനെ സങ്കടക്കയത്തിലാക്കുന്നു. 

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം പ്രവാസലോകത്തേക്ക് തിരിച്ചുപോയ ഭാസ്കരന്‍റെ ഭാര്യ ശ്രീദേവി തന്‍റെ ഭര്‍ത്താവിനെ അഞ്ചുവര്‍ഷമായി കാത്തിരിക്കുന്ന വിവരം അറിഞ്ഞ അമാനുള്ള ഭാസ്കരനെ നാട്ടിലെത്താന്‍ സഹായിക്കുന്നു. മതിയായ യാത്രാരേഖകളില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാനാവാതെ പോലീസിനെ ഒളിച്ചുകഴിയുന്ന ഭാസ്കരനെ പൊതുമാപ്പിന്‍റെ ആനുകൂല്യത്തില്‍ നാട്ടിലെത്തിക്കാന്‍ അമാനുള്ളയ്ക്ക് കഴിയുന്നു. അപകടമരണത്തില്‍പെട്ട ആളുകളുടെ നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്ന ചില നരാധമന്മാരെയും അമാനുള്ള ഓര്‍ത്തെടുക്കുന്നു. മരണപ്പെട്ട ആളുടെ കുടുംബത്തിന്‍റെ അജ്ഞത മുതലെടുക്കുന്ന  ഇവര്‍ പ്രവാസലോകത്തിന് തന്നെ അപമാനമായി മാറുന്നു. വാഹനാപകടത്തില്‍ മരിച്ച ചെറുപ്പക്കാരന്‍ വിനോദിന്‍റെ പവര്‍ഓഫ് അറ്റോണിയായി; രക്ഷകനായി വന്ന ജോസഫ് ഇന്‍ഷുറന്‍സ് പണം മുഴുവന്‍ കൊടുക്കാതെ വീട്ടുകാരെ പറ്റിക്കുന്നു. ഈയൊരു സംഭവത്തോടെയാണ് നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ പവര്‍ഓഫ് അറ്റോണിയെ ചുമതലപ്പെടുത്തുന്നത് കോണ്‍സലേറ്റിന്‍റെ കൂടി അറിവോടുകൂടിയായിരിക്കണം എന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടിയും താന്‍ കേട്ടറിഞ്ഞ ജീവിതദൈന്യങ്ങളുടെ പരിഹാരത്തിന് വേണ്ടിയും ജീവിതം ഹോമിക്കുന്ന അമാനുള്ളയുടെ മഹാമനസ്കത വായനക്കാരന്‍റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. 

ദൈന്യതയാര്‍ന്ന പ്രവാസിനിജീവിതം

ജീവിതത്തിന്‍റെ അനാഥത്വവും നിവൃത്തികേടും പ്രാരാബ്ദവുമാണ് അന്യദേശത്ത് പോയി തൊഴിലെടുക്കുന്നതിന് സാധാരണക്കാരായ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. പലപ്പോഴും ഇവര്‍ പലവിധത്തിലുള്ള ചൂഷണത്തിന് വിധേയരാവുന്നു. ശാരീരികപീഡനവും കൂലിനിഷേധവും സാധാരണമാണെങ്കിലും ലൈംഗിക ചൂഷണവും കൈമാറ്റത്തിലുടെയുള്ള ലൈംഗിക പീഡനവും അന്യദേശത്തെത്തുന്ന സ്ത്രീകളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. ദേശങ്ങളുടെ അകലവും മറ്റു നിയമപരമായ പ്രശ്നങ്ങളും കാരണം മടക്കയാത്ര അവര്‍ക്ക് സാധിക്കുന്നില്ല. ഇന്ന് വീട്ടുജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന വിധത്തില്‍ സര്‍ക്കാര്‍ നിയമപരമായ പരിരക്ഷ നല്‍കുന്നുണ്ട്. അത്തരം നിയമങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തതും അവബോധമില്ലായ്മയും പ്രവാസികളുടെ പ്രശ്നം വര്‍ദ്ധിപ്പിക്കുന്നു. മാന്യമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് ഗള്‍ഫിലെത്തിച്ച ശേഷം അനാശ്യാകേന്ദ്രത്തിലേക്ക് തള്ളിവിട്ട ആയിരക്കണക്കിന് മലയാളി സഹോദരിമാരുടെ കൂട്ടത്തില്‍ ജെസ്സിയുടെയും സുനന്ദയുടെയും കഥ വളരെ വേദനയോടെ അമാനുള്ള പങ്കുവെക്കുന്നു. ഇരുപതിനായിരം രൂപ ശമ്പളത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തരപ്പെടുത്തി തരാമെന്ന വാഗ്ദാനം ആണ് ഇവര്‍ കടല്‍കടക്കുന്നതിന് കാരണമായത്. നിത്യദാരിദ്ര്യവും പ്രാരാബ്ദവും ആയിരുന്നു അതിനു പിന്നിലുള്ള ചേതോവികാരം. തന്‍റെ കുഞ്ഞിനെ ചികിത്സിക്കാന്‍ പണം ഉണ്ടാക്കാന്‍ വന്ന സുനൈനയെ ഒരു അനാശാസ്യകേന്ദ്രത്തില്‍ നിന്ന് അമാനുള്ള അതിസാഹസികമായി രക്ഷപ്പെടുത്തുന്നു. ഇടനിലക്കാരിയായ സ്ത്രീയുടെ വാക്കിനാല്‍ പറ്റിക്കപ്പെട്ട് ഷര്‍ജയിലെത്തിയ ജെസ്സി അനാശാസ്യക്കേസ് ചുമത്തി ജയിലിലടയ്ക്കപ്പെടുന്നു. ഫ്രീവിസയില്‍ വന്ന് പറ്റിക്കപ്പെട്ട മറ്റൊരു ഇരയായിരുന്നു അവള്‍. അറബിക്കല്യാണത്തിന് ഇരയായ ഹൈദരാബാദുകാരി മുംതാസ് ഭര്‍ത്താവിന്‍റെ വീട്ടിലെ അടിമജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഗദ്ദാമജീവിതമാരംഭിച്ചത്. ഒടുവില്‍ ജോലിചെയ്ത അറബിയുടെ മകനും കൂട്ടുകാരും അവളെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുന്നു. മരണാസന്നയായ അവളെ ആശുപത്രിയില്‍ വച്ചാണ് അമാനുള്ള കാണുന്നത്. അവളെയും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. സുനൈനയുടെയും ജെസ്സിയുടെയും മുംതാസിന്‍റെയും നിലവിളികള്‍ വായനക്കാരെ സങ്കടത്തിന്‍റെ ആഴക്കടലിലേക്ക് കൊണ്ടുപോകുന്നതാണ്. വിസയെക്കുറിച്ച് ശരിയായ അവബോധമില്ലായ്മയും അജ്ഞതയുമാണ് ഇത്തരക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നത്.

ഭാഷാപ്രശ്നവും പ്രവാസജീവിതവും

ഏതൊരു പ്രവാസിയും പ്രവാസലോകത്ത് എത്തുമ്പോള്‍ ആദ്യം നേരിടേണ്ടിവരുന്നത് ഒരു അപരിചിതത്വമാണ്. ചെന്നെത്തിയിടത്തെ ഭാഷയറിയാത്ത ലോകം അവനെ വീര്‍പ്പുമുട്ടിക്കുന്നു. ഭാഷ അറിയില്ല എന്നതിനാല്‍ പ്രവാസത്തിന്‍റെ ആദ്യനാളുകളില്‍ തൊഴിലിടങ്ങളിലും പുറത്തും ഭൂരിപക്ഷം പേരും ഏറെ പ്രതിസന്ധികള്‍ നേരിടുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ആദ്യം പൊരുത്തപ്പെടേണ്ടിവരുന്നത് ചെന്നെത്തുന്നിടത്തെ ഭാഷയോടാണ്. 'ഭാഷയും സ്വത്വവും തമ്മിലുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കുവാനോ തകര്‍ക്കുവാനോ മറച്ചുവെക്കുവാനോ സാധ്യമല്ല. മറ്റൊന്നായി കൂടിക്കലരുമ്പോള്‍ കോട്ടംതട്ടാതെ ഐക്യരൂപേണ വ്യക്തിയില്‍ അത് കുടികൊള്ളുക തന്നെ ചെയ്യും'.15

ആദ്യമായി ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി പുറത്ത് തനിച്ച് നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ വന്നു 'നീ ആരെയാണ് കാത്തു നില്‍ക്കുന്നത്? എന്ന് ചോദിച്ചപ്പോള്‍ 'മലയാളം കേട്ട് ഞാന്‍ കോരിത്തരിച്ചു നിന്നു'16 എന്ന് അമാനുള്ള പറയുന്നുണ്ട്. അപരിചിതമായ നാട്ടില്‍ തന്‍റെ മാതൃഭാഷ കേട്ടപ്പോള്‍ അനിര്‍വചനീയമായ ആനന്ദം അനുഭവിക്കുകയായിരുന്നു അമാനുള്ള. ജോസഫ് എന്ന നാട്ടുകാരന്‍റെ വാക്കുകള്‍ കാതുകൊണ്ടല്ല ഹൃദയം കൊണ്ടാണ് അയാള്‍ കേള്‍ക്കുന്നത്. മാതൃഭാഷയാണ് ആ പ്രവാസികളെ ഹൃദയം കൊണ്ട് അടുപ്പിക്കുന്നത്. ആശയവിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം ഭാഷ ഒരു സംസ്കാരമാണ് എന്ന തിരിച്ചറിവ് വായനക്കാരനിലും നിറയുന്ന സന്ദര്‍ഭമാണിത്.

ഗള്‍ഫ്മലയാള കൂട്ടായ്മ

മലയാളികള്‍ എവിടെപോയാലും തങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. (കാമഴശിമൃ്യ വീാല ഘമിറ) പ്രവാസത്തിന്‍റെ ചരിത്രത്തില്‍ എന്നും കുടിയേറിപ്പാര്‍പ്പുകാര്‍ അവരെത്തിപ്പെടുന്ന രാജ്യത്തിനുള്ളില്‍ ചെറിയ സംഘംങ്ങള്‍ രൂപീകരിച്ച് തങ്ങളുടെ സ്വത്വം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അതിന് പ്രധാന കാരണം നാടുവിട്ടപ്പോള്‍ തങ്ങള്‍ക്ക് വേരുകളും ഭാഷയും നഷ്ടമാകുന്നുവെന്ന ചകിതചിന്തയാണ്. പ്രവാസം ഉള്‍ക്കൊള്ളുന്നത് ദേശനഷ്ടത്തെയാണല്ലോ. നടുവൊടിയുന്ന കഷ്ടപ്പാടിലും നിശ്വസിക്കാന്‍ മറുന്നുപോകുന്ന തിരക്കിനിടയിലും അവര്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. മാതൃഭാഷ, കേരളീയരുചികള്‍ എന്നിവയെല്ലാം അവരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാകുന്നു. 

ഷാര്‍ജ ഇന്ത്യന്‍അസോസിയേഷനുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ അമാനുള്ള പങ്കുവയ്ക്കുന്ന ഒരു അനുഭവമാണ് 1992ല്‍ അരങ്ങേറിയ നാടകക്കേസ്. നല്ല കൂട്ടായ്മയില്‍ അരങ്ങേറിയിരുന്ന അസോസിയേഷന്‍, ഒരു നാടകത്തിന്‍റെ പേരില്‍ അലങ്കോലമാകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിയുന്നത്. 'ശവംതീനി ഉറുമ്പുകള്‍' എന്ന നാടകത്തിലെ പ്രമേയം ഒരു ശവത്തിന്‍റെ അവകാശത്തെച്ചൊല്ലി മൂന്ന് മതസ്ഥര്‍ നടത്തുന്ന തര്‍ക്കം ആയിരുന്നു. ചില ദുഷ്ടലാക്കുകള്‍ നാടകത്തില്‍ മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയതോടെ അത് ദൈവനിന്ദയുടേതായിത്തീരുന്നു. അറബ് ലോകത്ത് ജീവിക്കുന്ന മലയാളികള്‍ക്ക് മതവും രാഷ്ട്രീയവും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും മലയാളിയാണെന്ന ദേശസ്നേഹം അവനെ ചേര്‍ത്തുപിടിച്ചിരുന്നു. ഈയൊരു  പാരമ്പര്യത്തിന് ഏറ്റ ആദ്യ പ്രഹരമായിരുന്നു ഈ നാടകക്കേസ്.

ഉപസംഹാരം

ഗള്‍ഫ് പ്രവാസി എന്നും നാട്ടുകാരുടെ മുന്നില്‍ പത്രാസും പകിട്ടും ഉള്ളവനാണ്. എന്നാല്‍ അവര്‍ പ്രവാസകാലത്ത് അനുഭവിക്കുന്ന ദുരിതങ്ങള്‍ അറുതിയില്ലാത്തതാണ്.  അനന്തമായ വേദനകള്‍ നിശ്ശബ്ദമായ നിലവിളി പോലെ ഉള്ളിലൊതുക്കി ആരെയും നിരാശപ്പെടുത്താതെ ചിരിച്ചും സന്തോഷിച്ചും പെരുമാറുന്ന ഗള്‍ഫ്മലയാളികളുടെ വറുതിയുടെയും ദുരിതത്തിന്‍റെയും യഥാര്‍ത്ഥ ചിത്രങ്ങള്‍ ഈ ജീവിതമെഴുത്തില്‍ ധാരാളം കണ്ടെത്താന്‍ സാധിക്കുന്നു. പ്രവാസികളെന്ന് പറയുമ്പോള്‍ രണ്ടുതരത്തിലുള്ള പ്രവാസികള്‍ പ്രവാസലോകത്ത് രൂപപ്പെടുന്നുണ്ട്. സമ്പല്‍സമൃദ്ധിയുടെയും ആഡംബരത്തിന്‍റെയും ലോകത്ത് കഴിയുന്നവരും നിരവധി കഷ്ടനഷ്ടങ്ങളിലൂടെ കടന്നുപോകുന്നവരും. 'മരുഭൂമിയിലെ മറുജീവിതങ്ങള്‍' എന്ന പുസ്തകത്തിലൂടെ അമാനുള്ള പറയുന്നത്  അറബ്ലോകത്ത് എത്തപ്പെട്ട് തോറ്റുപോയവരുടെ കഥയാണ്. വായനകളിലൂടെയും ജീവിതനിരീക്ഷണങ്ങളിലൂടെയും ആര്‍ജ്ജിച്ച വിവേകം, മണല്‍കാട്ടില്‍ നഷ്ടപ്പെട്ട സ്വന്തം സഹോദരന്‍റെ ഓര്‍മ്മ എന്നിവ സഹജീവി സ്നേഹമായി വികസിച്ചതിന്‍റെ തെളിവുകളാണ് ഇതിലെ അദ്ധ്യാങ്ങള്‍. കുടുംബം, മതം, ജാതി, ഭാഷ എന്നിങ്ങനെ പ്രവാസിയുടെ സ്വത്വത്തെ രൂപപ്പെടുത്തുന്ന പലതിനെയും മറികടന്ന് പലര്‍ക്കും രക്ഷയായ ഒരു പ്രവാസിയുടെ സംഘര്‍ഷങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഒരേ സമയം ആത്മകഥയും സമൂഹത്തിന്‍റെ കഥയുമാണിത്. പ്രവാസത്തിന്‍റെ സൈദ്ധാന്തികതലങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണീ പുസ്തകം. കേട്ടെഴുത്തിന്‍റെ ഭാഷയുടെ മനോഹാരിതയാണ് ഈ പുസ്തകത്തില്‍ എടുത്തുകാണിക്കാവുന്ന  മറ്റൊരു പ്രത്യേകത. ഒരു ചരിത്രകാരന്‍റെ ദൗത്യമാണ് ഡോ. ദീപേഷ് കരിമ്പുങ്കര അമാനുളളുടെ ജീവിതമെഴുത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. മറ്റ് സാഹിത്യങ്ങളില്‍ നിന്നും പ്രവാസസാഹിത്യത്തില്‍ രണ്ട് വിഭിന്നഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു; സാമൂഹികസാമ്പത്തികതലവും വൈകാരികതയുടേതായ സര്‍ഗ്ഗാത്മകഘടകവും. ഒന്ന് മറ്റേതിന്‍റെ പൂരകമെന്നോണം സ്വാഭാവിക പരിണതിയില്‍ ലീനമാകുന്നിടത്താണ് പ്രവാസരചനയുടെ മേന്മ കുടികൊള്ളുന്നത്.

കുറിപ്പുകള്‍:

1. മാധവന്‍പ്പിള്ള, സി. ഇംഗ്ലീഷ്-മലയാളം നിഘണ്ടു, കോട്ടയം; സാഹിത്യപ്രവര്‍ത്തക സഹകരണസംഘം,1971,പു.581.
2. 'Living away from home', ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഗുണ്ടര്‍ട്ട് മലയാളം നിഘണ്ടു മലയാളം-ഇംഗ്ലീഷ്-മലയാളം, കോട്ടയം: വിദ്യാര്‍ത്ഥിമിത്രം പ്രസ്,1 972, പു.581.
3. ശ്രീകണ്ഠേശ്വരം, ജി.പത്മനാഭപ്പിള്ള, ശബ്ദതാരാവലി, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 1971, പു.1299.
4. Ex-out of, Patria-father land to banish, as a person, from his native country, to withdraw as oneself, from residence in one's native country, to withdraw from citizenship in one country to become a citizens of another. Merio Pei, New webster's Dictionary of the English language, Delair, publishing company INC, 1971, P.345.
5. പ്രൊഫ. നാരായണപിള്ള, കെ. എസ്, ബാലകൃഷ്ണന്‍, ബി. സി. (എഡി) (1992) ശബ്ദസാഗരം (ഢീഹ.) കോട്ടയം: ഡി.സി ബുക്സ്, പു. 2694.
6. ശ്രീകണ്ഠേശ്വരം, ജി. പത്മനാഭപിള്ള, (2002) ശബ്ദതാരാവലി, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, പു. 1299.
7. ശ്രീകണ്ഠേശ്വരം, ജി. പത്മനാഭപിള്ള, (2002) ശബ്ദതാരാവലി, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, പു. 1299.
8. കേണല്‍, കെ.നായര്‍, എന്‍.ബി. അയ്യപ്പപ്പണിക്കര്‍, (2003) (എഡി), മലയാളം തിസോറസ്, കോട്ടയം: ഡി.സി ബുക്സ്, പു. 747.
9. An exptariate is person temporarily or permanently residing in a coutnry other than that of the person upbringing, Merio Pei, New Websters dictionary of the English language, Delair: publishing company INC, 1971,  P:345.
10. ഷിജോമോന്‍ കെ. വര്‍ഗീസ്, 'ഏതാണ് പ്രവാസിമലയാളി' പച്ചക്കുതിര, 11, 12,(ജൂണ്‍ 2926), പു.53.
11. രാജകൃഷ്ണന്‍ വി. (2014) അവസാനത്തെ ആകാശവും കടന്ന്, (എഡി. ശോഭ,വി. വീട് മാറുന്നവര്‍ അറേബ്യന്‍ പ്രവാസ സാഹിത്യം), തൃശ്ശൂര്‍: ഗ്രീന്‍ ബുക്സ്, പു.15.
12. Lee's laws divides factors causing migrations in to two groups of factors: Push and Pull factors. Push factors are things that are unfavourable about the area that one lives in and pull factors are things that attract one to another area, Everett. Lee, S. A Theory of Migration, Demography, Population Association of America, Vol. 3, No. 1, 1966, P. 47-57.
13. It conveys a sense of the movement of people from a centre outwards, of their dispersal from the place of origin in to new  territories (Kimknott, 2011:79).
14. മരുഭൂമിയിലെ മറുജീവിതങ്ങള്‍: പുറം.28.
15. "The elements and reations of our language and identies can neither be put back together again in new, more critically attuned whole, nor be abandoned and denaied", Iaain  chamber, Migrancy, Culture, Identtiy, London & New York: Routledge, London & New York. 2011, p:24.ll.
16. മരുഭൂമിയിലെ മറുജീവിതങ്ങള്‍: പുറം.29.

റഫറന്‍സ്

അബ്ദുല്ലക്കോയ, ബി.വി. (2014). അറേബ്യന്‍ നാടുകളിലൂടെ. കോട്ടയം: മനോരമ ബുക്സ്.
ഉമര്‍ തറമേല്‍ (എഡി.) (2012). ഡയസ്പോറ. തിരുവനന്തപുരം: ഹരിതം ബുക്സ്.
ഉസ്മാന്‍, ഇരുമ്പഴി. (2001). പ്രവാസത്തിന്‍റെ പുസ്തകം. കോഴിക്കോട്: പാപ്പിയോണ്‍.
ദീപേഷ്, കരിമ്പുങ്കര, (2021) മരുഭൂമിയിലെ മറുജീവിതങ്ങള്‍ അമാനുള്ളയുടെ ഓര്‍മ്മകള്‍. കോഴിക്കോട്: മാതൃഭൂമി ബുക്സ്.
ദിനേശന്‍, ഇ.കെ. എഡി. (2013). പ്രവാസജീവിതം. കോഴിക്കോട്: ഒലീവ് പബ്ലിക്കേഷന്‍സ്.
ദിനേശന്‍, ഇ.കെ. ഗള്‍ഫ് കുടിയേറ്റത്തിന്‍റെ സാമൂഹ്യപാഠങ്ങള്‍. (2013) കോഴിക്കോട്: ഒലീവ് പബ്ലിക്കേഷന്‍സ്.
പ്രകാശ് ബാബു, പി.വി. (2008) പ്രവാസവും നോവലും. കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സ്.
റഫീഖ്, മേമുണ്ട. (2014) പെണ്‍പ്രവാസം. കോഴിക്കോട്: ഒലീവ് പബ്ലിക്കേഷന്‍സ്.
Everett. Lee, S.  (1966) A theory of  Migration, Demography, Population Association of America, Vol. 3, No.1.
Ravenstein, E.G.  (1885) The laws of migration, Journal of the statistical sociology of London: Volume 48. No2, Blackwell Publishing for the Royal Statistical Society.
ഡോ. ബിന്ദു എം.കെ
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാളം ഡിപ്പാര്‍ട്ട്മെന്‍റ്
ശ്രീനാരായണഗുരു കോളേജ്
ചേളന്നൂര്‍
ഫോണ്‍: +91 9847965368
Email: mbinduk@gmail.com
ORCID: 0009-0008-6216-0989