Trade Culture of Malabar

Dr. Hussain Randathani

The paper, 'Trade Culture of Malabar' deals with the trade and cultural exchanges between the foreigners and Malabar and preservation of trade culture in the area. Arab trade relation with Malabar had started from time immemorial and there existed continuous cultural exchange between the two from those times onwards. Even the Greek texts like Periplus of Erythrian Sea had reference of Nabati Arabs who frequented Malabar coast for trade in 50-60AD. Omani Arab merchants maintained close contact with the coast from first century on wards that the Omanis imported coconuts from Malabar Coast to Arab and North African lands. During the time of Prophet Muhammad Persians were predominant in the field of oceanic trade. Even after the prophet the Persians continued their supremacy as Muslims and they performed their religious duty as missionaries. The first missionary who entered India, Malik Dinar and his comrades, were originally Persians who spread far and wide in Arab lands from ancient times onwards. 

The Persian Sassanid Empire and the trade activities were responsible for this rapid spread of Persians in Arab lands. The Persian influence continued during the period of Abbasid Caliphate who took their seat at Baghdad , a Persian city. The paper analyses various ways through which the trade and the commodities affected the life and culture of the people and how the trade was secured through the cultural life of the people. The spread of Islam along with trade and the missionary zeal of traders who as the agents of trade and religion, maintained the honesty and truthfulness which brought them admiration from the natives and the rajas. The paper discusses these aspects with the help of official and local records.

Dr. Hussain Randathani
Chairman
Mahakavi Mohinkutty Vaidyar Mappila kala Academy
Kondotty
Pin: 673638
India
Ph: +91 9995946382
Email: drhussaink@gmail.com

മലബാറിന്‍റെ വ്യാപാര സംസ്കൃതി

ഹുസൈന്‍ രണ്ടത്താണി

ഇന്നത്തെ അറേബ്യന്‍ ഉപ-ഭൂഖണ്ഡവും ഇറാനും ഇറാഖും ഇന്ത്യയും അറബിക്കടലിനേയും ഇന്ത്യന്‍ മഹാ സമുദ്രത്തേയും തൊട്ടുരുമ്മിയാണ് കിടക്കുന്നത്. ഗ്രീക്കുകാരേയും റോമക്കാരേയും പേര്‍ഷ്യക്കാരേയും ഇന്ത്യക്കാരേയും അറബികളേയും ഒരുമിപ്പിച്ച് സാംസ്കാരിക വ്യാപാര വിനിമയങ്ങളുടെ കലവറ തീര്‍ത്തത് ഇന്ത്യന്‍ മഹാ സമുദ്രമാണ്. ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ ഗവേഷകന്‍മാര്‍ ആഘോഷിച്ച് കൊണ്ടിരിക്കുന്നത് ഇക്കാരണത്താലാണ്. സൈന്ധവ സംസ്കാര കാലം തൊട്ടേ ഇന്ത്യക്കാര്‍ യമനുമായും ബഹ്റൈനുമായും കച്ചവടം നടത്തിയെന്ന് കേള്‍ക്കുമ്പോള്‍ അത് ബി.സി 3000-മാണ്ടിനപ്പുറമായിരിക്കണം. അതിനപ്പുറം ഒരു കാലം പിന്നെ കുറിക്കാനില്ല. ഇന്ത്യയിലെ കാംബെ ഉള്‍ക്കടലിനടുത്ത് ലോത്തല്‍ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ നിന്നാണ് ബഹ്റൈന്‍ സീല്‍ കണ്ടെത്തിയത്. സൈന്ധവ വ്യാപാരികള്‍ മെസൊപൊട്ടേമിയന്‍ ദേശത്ത് താമസിച്ചിരുന്നതായും സാംസ്കാരികമായ കൊള്ളക്കൊടുക്കലുകള്‍ വ്യാപാരത്തോടൊപ്പം നടത്തിയിരുതായും പറയപ്പെടുന്നു. ഇറാഖിലെ ഉര്‍ ദേശത്ത് ശക്തമായ ഇന്ത്യന്‍ സംസ്കാരം കണ്ടെത്തിയിരുന്നു.  സുമേറിയന്‍-അക്കദിയന്‍-ബാബിലോണിയന്‍ സംസ്കാരങ്ങള്‍ക്ക് ശക്തമായ ഇന്ത്യന്‍ സ്വാധീനമുണ്ടെന്ന് ഇന്തോളജിസ്റ്റുകള്‍ വാദിക്കുന്നുമുണ്ട്. എന്തിന്, പ്രവാചകന്‍ ഇബ്രാഹിം നബിയുടെ കുടുംബം തന്നെ ഇന്ത്യയില്‍ നിന്ന് കുടിയേറിയ ബ്രാഹ്മണരാണെന്നും അവര്‍ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടവരും പൂജാരികളുമാണെന്നും  അവര്‍ ഉര്‍ ദേശത്തും, പിന്നീട് ബാബിലോണിയയിലും അങ്ങനെ മധ്യ പൂര്‍വ ദേശത്തും എത്തിയതാണെന്നും പല ഗവേഷകരും പറയാന്‍ തുടങ്ങിയിരിക്കുന്നു. മക്കയിലെ കഅ്ബാ ദേവാലയത്തിന്‍റെ പ്രദക്ഷിണത്തിലും ഇഹ്റാം (ഹജ്ജ് വേളയില്‍ വസ്ത്രം പ്രത്യേക രീതിയില്‍ ചുറ്റുന്നത്) സമ്പ്രദായത്തിലുമെല്ലാം ഇന്ത്യന്‍ സ്വാധീനം പ്രകടമാണെന്ന് ചിലര്‍. അതേ സമയം ഈ ആചാരങ്ങളൊക്കെ അറേബ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയതാണെന്നും വാദമുണ്ട്. എങ്ങനെ വാദിച്ചാലും സാമ്യങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല. വ്യാപാര ബന്ധങ്ങളെ കേവലം സാമ്പത്തികമായ വിനിമയങ്ങളായി മാത്രം കണ്ടാല്‍ പേരെന്നും അവയുടെ സാംസ്കാരിക പ്രാധാന്യം ഒട്ടും അപ്രധാനമല്ലെന്നും അംഗീകരിക്കാതെ വയ്യ. അറേബ്യയിലെ മനാഥ വിഗ്രഹമാണ് ഗുജറാത്തില്‍ സോമനാഥനായി വന്നെതന്നും,1 ക്ഷേത്ര നാമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പൗരാണിക അറബികളുടെ ആചാരങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്താന്‍ പ്രയാസമില്ല. അറബ് ദേശങ്ങളില്‍ ഇന്ത്യക്കാരുടെ കുടിയേറ്റ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്ന് പുരാവസ്തു പഠനങ്ങളില്‍ തെളിയുന്നുണ്ട്.ഏതാദ്യം എന്ന് സ്ഥാപിക്കുമ്പോഴേ തര്‍ക്കമുള്ളു. കാറ്റ് ഒരു ഭാഗത്തേക്കു മാത്രമല്ല വീശിയത്; പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും ഇവിടന്നങ്ങോട്ടും വീശിയിരുന്നുവെന്ന് സമ്മതിക്കുന്നതാവും നല്ലത്. 

സമുദ്ര വ്യാപാരവും കര വ്യാപാരവും ഒന്നിച്ചു തന്നെയാണ് നീങ്ങിയത്. ഇന്ത്യയില്‍ നിന്ന് പേര്‍ഷ്യന്‍ തീരങ്ങളിലേക്കും ചൈനയിലേക്കും അവിടെ നിന്ന് കര വഴി മധേഷ്യയിലേക്കും ഇന്ത്യന്‍ ചരക്കുകള്‍ പോയിരുന്നു. മറ്റൊരു വഴി അറബിക്കടലിലൂടെ കിഴക്കോട്ട് ഇന്നത്തെ ഇന്തോനേഷ്യ, മലേഷ്യാ ഭാഗങ്ങളിലേക്ക്. മറ്റെന്ന് മെസൊപെട്ടേമിയ, പേര്‍ഷ്യന്‍ ഭാഗങ്ങളിലേക്ക്. എറ്റവും പ്രധാനപ്പെട്ടത് ഇന്ത്യാ സമുദ്രം വഴി ഒമാന്‍- യമന്‍ നാടുകളിലേക്കും അവിടന്ന്  കര മാര്‍ഗം മക്കയിലൂടെ ഗസ്സയിലേക്കും ഈജിപ്തിലേക്കും റോമിലേക്കുമുള്ള വ്യാപാര സഞ്ചാരമാണ്. ബി.സി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച പ്രവാചകന്‍ യൂസുഫിന്‍റെ കാലം തൊട്ട് അറബികള്‍ സിറിയയും ഈജി്തുമായി കച്ചവട ബന്ധം പുലര്‍ത്തിയിരുന്നത് യമന്‍ വഴി വന്ന ഇന്ത്യന്‍ ചരക്കുകളുപയോഗിച്ചാണ്.  ഫിനീഷ്യക്കാരുമായി ബി.സി ഇരുപതാം നൂറ്റാണ്ട് തൊട്ടേ ദക്ഷിണേന്ത്യക്ക് ബന്ധമുണ്ടായിരുന്നത്രേ.  പത്താം നൂറ്റാണ്ടില്‍ പ്രവാചകന്‍ സുലൈമാന്‍റെ (സോളമന്‍) സമകാലികനായ ഇറമിലെ രാജാവ് ദക്ഷിണേന്ത്യയുമായി നിരന്തര കച്ചവടം നടത്തിയിരുന്നു.2 കുരുമുളക്, ഇഞ്ചി, രത്നങ്ങള്‍, ആനക്കൊമ്പ്, സ്വര്‍ണം, മയില്‍, ആള്‍ക്കുരങ്ങ്, തേക്ക്, ചന്ദനം, അരി, തുടങ്ങിയവയെല്ലാം ദക്ഷിണേന്ത്യയില്‍ നിന്ന് നാനാ ദിക്കിലേക്കും കയറ്റുമതി ചെയ്തു വന്നു. എന്നാല്‍ ഏറ്റവും പ്രധാനമായി ലോകത്തെ ആകര്‍ഷിച്ചത് കറുത്ത മുത്തായ കുരുമുളക് തന്നെ. കൂടാതെ യമനില്‍ നിന്നുള്ള കുന്തിരിക്കവും. യമന്‍ പ്രദേശത്തുള്ള ഒരു മരക്കറയാണ് കുന്തിരിക്കം. 

കോദറുടെ അഭിപ്രായത്തില്‍ ആദ്യത്തെ യഹൂദ കോളണി മലബാറില്‍ സ്ഥാപിക്കുത് ബി.സി പത്താം നൂറ്റാണ്ടില്‍ സോളമന്‍ എന്ന പ്രവാചകന്‍റെ കാലത്താണ്.3 മെസൊപൊട്ടേമിയയിലെ ഉറിലെ രാജാവായ നബുക്കദ് നസ്സാറിന്‍റെ (ബി.സി 604-542) കൊട്ടാരം ദക്ഷിണേന്ത്യയില്‍ നിന്നുള്ള തേക്ക് കൊണ്ടാണത്രേ അലങ്കരിച്ചിരുന്നത്. ബി.സി 539 ല്‍ ബാബിലോണിയയില്‍ സൈറസ് രാജാവ് നടത്തിയ പീഡനങ്ങളുടെ ഫലമായി കുറേ യഹൂദന്‍മാര്‍ മലബാറിലെത്തി. പില്‍ക്കാലത്ത് പുരാതന ഈജിപ്തുകാരും ഗ്രീക്കുകാരും പിന്നീട് റോമക്കാരും വന്ന് വ്യാപാരം സ്വന്തമാക്കി. ബി.സി മുപ്പതില്‍ റോമക്കാര്‍ ഈജിപ്ത് പിടിച്ചപ്പോഴാണ് അവരും കൂടി അറബി കച്ചവടത്തില്‍ പങ്കു ചേരുന്നത്. ഓരോ വര്‍ഷവും ശരാശരി 120 കച്ചവടക്കപ്പലുകള്‍ ഈജിപ്തില്‍ നിന്ന് മലബാറിലെത്തിയിരുന്നു. മലബാറില്‍ നിന്ന് കണ്ടെടുത്ത നൂറുകണക്കിന് റോമന്‍ നാണയങ്ങള്‍ ഇത് ശരി വക്കുന്നു. അഗസ്റ്റസ് (ബി.സി 27-14), ടിബേരിയസ് (എ.ഡി 14-37) എന്നിവരുടെ കാലത്താണ് മലബാര്‍-റോമന്‍ വ്യാപാരം ഉച്ചിയിലെത്തിയത്. പിന്നേയും കഴിഞ്ഞാണ് അറബികള്‍ തങ്ങളുടെ അപ്രമാദിത്വം തിരിച്ചു പിടിക്കുന്നത്. പക്ഷേ, ഗ്രീക്കുകാര്‍ക്ക് മുമ്പുള്ള അറബി കച്ചവടത്തെക്കുറിച്ച് ചരിത്രകാരന്‍മാര്‍ പൊതുവേ അജ്ഞരാണ്. അതാണ് വ്യാപാരത്തിന്‍റെ ആരംഭം പലരും ഗ്രീസില്‍ നിന്ന് തുടങ്ങുന്നത്.  അക്കാലം തൊട്ടുള്ള സഞ്ചാരക്കുറിപ്പുകളെ അവലംബമാക്കിയാണ് ഈ വിശകലനമെല്ലാം. എന്നാല്‍ പുരാവസ്തു പഠനങ്ങള്‍  ചരിത്ര പഠനത്തിലെ പാരമ്പര്യമായ അനുമാനങ്ങളെ വഴി തിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചു നൈല്‍ നദീ തീരത്തും ഇന്ത്യന്‍ സമുദ്രനദീ തീരത്തും പുതിയ ഉത്ഖനനങ്ങള്‍ നടത്തിയ പശ്ചാതലത്തില്‍. ഇന്നത്തെ അറേബ്യാ ഉപ ഭൂഖണ്ഡത്തിലെ വ്യാപാരികള്‍ എങ്ങനേയാണ് ഭൂഖണ്ഡങ്ങളെ ഒന്നിപ്പിച്ചതെന്നും സാംസ്കാരിക വിനിമയങ്ങളില്‍ അവരുടെ സാന്നിധ്യം എന്താണെന്നും അങ്ങനെ തെളിയിക്കപ്പെടാനാവും. അത് വരെ സഞ്ചാര കൃതികളെ അപ്പടി അംഗീകരിക്കേണ്ട ഗതികേട് തുടര്‍ന്നുകൊണ്ടിരിക്കും. 

അറബ് സാന്നിധ്യം

ഗ്രീക്കുകാര്‍ ചെങ്കടല്‍ തീരത്ത് സൊകോത്ര (സുഖതാര-സംസ്കൃതം) എന്ന ഒരു കോളണി സ്ഥാപിച്ചിരുതായി അബൂ ഉബയ്ദ് അല്‍ സിറാഫി (877)പറയുന്നുണ്ട്.  യമനിലും സൊകോത്രയിലും സിന്ധ് നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ സമൃദ്ധി നേടുകയും ചെയ്തരിരുന്നു. പേര്‍ഷ്യക്കാരും ആഫ്രിക്കക്കാരും, അറബികളും ചൈനക്കാരും, റോമക്കാരുമെല്ലാം ഇവിടെ വിലസിയിരുന്നത്രേ. ഇന്ത്യയും ഈജിപ്തുമായുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് പഴയ നിയമത്തില്‍ നിന്ന് തന്നെ വായിച്ചെടുക്കാമൊണ് സയ്യിദ് സുലൈമാന്‍ നദ്വി പറയുത്.4 അലക്സാറുടെ (ബി.സി 323) കാലത്ത് തന്നെ അറബികള്‍ വ്യാപാരത്തില്‍ വ്യാപൃതരായിരുന്നുവെന്ന് നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൗറാനിയും കുറിക്കുന്നുണ്ട്.5 എ.ഡി 50-60 കാലത്ത് നബാതികളും അറബികളുമൊക്കെ കച്ചവടത്തില്‍ നിറഞ്ഞുനിന്ന കാര്യം അക്കാലത്തെ കൃതിയായ പെരിപ്ളസ് ഓഫ് എരിത്രിയന്‍ സീ 6 യിലും പറയുന്നുണ്ട്. ഇതേ കാലത്ത് തന്നെ മുസിരിസിന്‍റെ പ്രാധാന്യം ടോളമിയും പ്ളിനിയും വിവരിക്കുന്നുണ്ട്. അവിടെയൊക്കെ മുഖ്യ വ്യാപാരികള്‍ അറബികള്‍ തന്നെ. ബംഗാളിലും, ശ്രീലങ്കയിലും, തെക്കുകിഴക്കനേഷ്യയിലും  ഒന്നാം നൂറ്റാണ്ടില്‍ തന്നെ അറബികപ്പലുകള്‍ അവരുടെ മേധാവിത്തം ഉറപ്പിച്ചിരുന്നു. അബൂസെയ്ദ് സിറാഫി ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ശ്രീലങ്കന്‍ തീരത്ത് വന്നിരുന്ന ഒമാനി വ്യാപാരികള്‍ തേങ്ങ അറേബ്യയിലേക്ക് കയറ്റിക്കൊണ്ടിരുതായി പറയുന്നു.7 എ.ഡി പത്തൊമ്പതില്‍ ഹദര്‍മൗതിലെ രാജാവ് ഒരു ഇന്ത്യന്‍ രാജാവിനെ യമനിലേക്ക് ക്ഷണിച്ചതായ ശിലാ രേഖയും ഈ ബന്ധത്തെ സുദൃഡമാക്കുന്നു.8 

അറബികള്‍ വ്യാപാരികളാവുന്നത് മുഖ്യമായും ഇന്ത്യയെ ആശ്രയിച്ച് കൊണ്ട് തന്നെയാണ്. ഇന്ത്യയെ മാറ്റി നിറുത്തിയാല്‍ സമുദ്ര വ്യാപാരം വട്ടപ്പൂജ്യമാണ്. ഇന്ത്യയായിരുന്നു ഉല്പങ്ങളുടെ ഉദ്ഭവ സ്ഥാനം. അറബ് ദേശത്തെ ജനങ്ങളുടെ വംശീയ ചരിത്രം പഠിക്കുമ്പോള്‍ അവരില്‍ ഇന്ത്യന്‍ രക്തം വ്യക്തമായും അലിഞ്ഞു ചേര്‍ത് കാണാനാവും. കറുത്തവരായ വ്യാപാരികളെ പൊതുവേ ഹിന്ദികളെന്നാണ് വിളിച്ചിരുത്. അബിസീനിയക്കാരും സോമാലിയക്കാരുമൊക്കെ പലപ്പോഴും ഇന്ത്യന്‍ വംശജരായാണ് അറിയപ്പെട്ടത്. അറബി കച്ചവടക്കാര്‍ക്കൊപ്പം വ്യാപാര രംഗത്ത് ചൈനക്കാരും പേര്‍ഷ്യക്കാരും സജീവമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിക്ക് തൊട്ടുമുമ്പുള്ളകാലത്ത് വ്യാപാര രംഗത്തെ അറബി സാന്നിധ്യം പിന്നോട്ടായിരുന്നു. ദക്ഷിണ അറേബ്യന്‍ രാജവംശങ്ങളുടെ പതനം കൊണ്ടു കൂടിയായിരുന്നു ഈ ഉള്‍വലിയല്‍. അറബികളുടെ അസാന്നിധ്യം നികത്താന്‍ ഇക്കാലത്ത് അബിസിനിയക്കാര്‍ ശ്രമിച്ചെങ്കിലും പേര്‍ഷ്യക്കാരുടെ അപ്രമാദിത്യം മൂലം എല്ലാവര്‍ക്കും പിന്തിരിയേണ്ടി വന്നു. പ്രവാചകന്‍റെ കാലത്ത് പേര്‍ഷ്യന്‍ വംശജരായിരുന്നു വ്യാപാരത്തില്‍ മുന്‍പന്തിയില്‍. ഇക്കാലത്ത് ഇസ്ലാമിന്‍റെ പ്രചാരണം നിര്‍വഹിച്ചവര്‍ അറബികളായാണ് അറിയപ്പെടുതെങ്കിലും അവരൊക്കെ  പേര്‍ഷ്യന്‍ വംശജര്‍ തന്നെയാണ്. കേരളത്തിലെത്തിയ മാലിക് ദീനാറും കൂട്ടരും പേര്‍ഷ്യക്കാരായ മുസ്ലിംകളാണ്. മക്ക ഉള്‍ക്കൊള്ളുന്ന വടക്കന്‍ അറേബ്യയിലെ അറബികള്‍ സമുദ്ര വ്യാപരാരംഗത്ത് തീരെ പിന്നിലായിരുന്നു. ദക്ഷിണ അറേബ്യയിലെ സനാ, മുഖല്ല തുറമുഖങ്ങളിലിറക്കുന്ന ചരക്കുകള്‍ കര മാര്‍ഗം റോമിലേക്കും മറ്റും എത്തിക്കുന്ന കര വ്യാപരികളായിരുന്നു അവര്‍. ചെങ്കടല്‍ തീരവുമായി ബന്ധമുണ്ടായിരുന്നെങ്കിലും സമുദ്രവ്യാപാരത്തില്‍ മക്കന്‍ അറബികള്‍ താല്പര്യം കാണിച്ചില്ല. ഈജിപ്തിലേക്കുള്ള കപ്പലുകള്‍ പലപ്പോഴും ചെങ്കടല്‍ തീരത്ത് വച്ച് അപകടത്തില്‍ പെടുമായിരുന്നു. അങ്ങനെ കരക്കടിഞ്ഞ കപ്പലുകള്‍ മക്കന്‍ അറബികള്‍ സ്വന്തമാക്കി അവശിഷ്ടങ്ങള്‍ കൊണ്ടു പോവും. അവ വീടുണ്ടാക്കാനും മറ്റും ഉപയോഗിക്കും. അപ്രകാരം കരക്കണിഞ്ഞ ഒരു ഗ്രീക്ക് കപ്പലിന്‍റെ അവശിഷ്ടമാണ് അവര്‍ കഅ്ബാ ദേവാലയത്തിന്‍റെ  മേല്‍ക്കൂര പണിയാനുപയോഗിച്ചത്.9 അബ്ബാസികള്‍ ബാഗ്ദാദില്‍ ഖിലാഫത്ത് ഏറ്റെടുത്തത് മുതലാണ് അറബി-പേര്‍ഷ്യന്‍ കച്ചവടം വീണ്ടും വികസിച്ചുവന്നത്. പേര്‍ഷ്യക്കാരും അറബികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇസ്ലാം തല്ക്കാലം ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. അറബി ഭാഷ ഇരു കൂട്ടരുടേയും വാമൊഴിയായും വര മൊഴിയായും മാറിക്കഴിഞ്ഞു. ഇവരൊത്ത് ചേര്‍ന്ന് വ്യാപാര രംഗത്തും സംസ്കാരിക രംഗത്തും മറ്റു രാജ്യക്കാരെ പിന്നിലാക്കി. എല്ലാവര്‍ക്കും അറബികളെ ആശ്രയക്കേണ്ടതായും വന്നു. 

പ്രവാചകന് മുമ്പുള്ള അറബി കവിതകളില്‍ കപ്പലിനെകുറിച്ചും കടലിനെ കുറിച്ചും വര്‍ണനകള്‍ കാണാം.10 ഖുര്‍ആന്‍ വേദത്തിലും കപ്പലിനെ കുറിച്ചും കപ്പല്‍ നിര്‍മാണത്തെകുറിച്ചും കടല്‍ യാത്രയെ കുറിച്ചും വിവരണങ്ങളുണ്ട്.11 ഖലീഫാ ഉമറിന്‍റെ കാലത്ത് പേര്‍ഷ്യയും റോമും അറബികള്‍ക്കധീനമായതോടെ പ്രധാന തുറമുഖങ്ങളെല്ലാം മുസ്ലിം ഭരണത്തിന്‍റെ കീഴിലായി. ഇറാഖിലെ അല്‍ ഉബുല്ല തുറമുഖം ക്രിസ്തു വര്‍ഷം 636 ല്‍ ഖലീഫയുടെ കീഴിലായി. ഉബുല്ലഅ് ഇന്തോ ചീനാ വ്യാപാരത്തിന്‍റെ കേന്ദ്രമായിരുന്നു. ഇബ്നു റുസ്ത (903) പറയുന്നത് അല്‍ ഉബുല്ലയില്‍ നിന്ന് ഇന്ത്യയിലേക്കും ടൈഗ്രീസിലേക്കും മദ്യനിലേക്കും കച്ചവടം പൊടിപൊടിച്ചിരുന്നു എന്നാണ്.12 ഈ തുറമുഖത്തിന് ഫര്‍ജുല്‍ ഹിന്ദ് (ഇന്ത്യയിലേക്കുള്ള സഞ്ചാരം) എന്നൊരു പേരുണ്ടായിരുന്നെന്ന് തബരി രേഖപ്പെടുത്തുന്നു. അറബ് യാത്രക്കാരനോട് ഖലീഫാ ഉമര്‍ ഇന്ത്യയെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞുവത്രേ: 'അതിന്‍റെ നദികളില്‍ നിറയെ മുത്തുകളാണ്. മലകളില്‍ നിറയെ മരതകമാണ്. മരങ്ങളിലോ സുഗന്ധവുംچ.13  636ല്‍ ബഹ്റൈന്‍ ഗവര്‍ണര്‍ ഉസ്മാന്‍ അല്‍ സഖഫി തന്‍റെ രണ്ടു സഹോദരന്‍മാരെ ഇന്ത്യന്‍ തീരങ്ങളിലേക്കയച്ചു. അവരില്‍ ഹകം ബ്രോച്ചിലും മുഗീറ ദേബലിലുമെത്തി. 

കൊള്ളക്കാരില്‍ നിന്ന് മാറി സുരക്ഷിതയാത്രക്ക് അറബികള്‍ തിരഞ്ഞെടുത്തത് മലബാര്‍ തീരം വഴിയുള്ള യാത്രയായിരുന്നു. ചൈനയിലേക്ക് പോകും വഴി കൊല്ലത്ത് വിശ്രമിക്കും. സിറാഫിലെ പേര്‍ഷ്യന്‍ കച്ചവടക്കാര്‍ ദേബല്‍, മലബാര്‍, ശ്രലങ്ക എന്നീ പ്രദേശങ്ങളിലൂടെയാണ് സഞ്ചരിച്ചത്. 851ല്‍ സുലൈമാന്‍ താജിര്‍ എഴുതിയ അഖ്ബാറുല്‍ സീന്‍ വല്‍ ഹിന്ദ് എന്ന കൃതിയിലും മലബാറിന്‍റെ പ്രാധാന്യം പരാമര്‍ശിക്കുന്നു. തെക്കന്‍ തീരത്തെ മസ്കത്, ഷഹര്‍, ഹൊര്‍മൂസ്, മൈബല്‍, മന്‍സൂറ (ളഫാര്‍) എന്നീ തുറമുഖങ്ങളിലൂടെ ചൈനയിലേക്കുള്ള കപ്പലുകള്‍ കൊല്ലത്ത് (കൂലം മാലി)യില്‍ എത്തുമായിരുന്നു. യു.എ.ഇയില്‍ പെടുന്ന ദിബ്ബ, കോര്‍ഫഖാന്‍, ഫുജൈറ, കല്‍ബാഅ് എന്നീ പ്രദേശങ്ങളും വ്യാപാര കേന്ദ്രങ്ങളായിരുന്നു. കൊല്ലത്ത് നിന്ന് ചൈനീസ് കച്ചവടക്കാരധികം ചരക്കുകളുമായി ശ്രീലങ്കയിലെത്തും. അവിടെ നിന്നാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്.14 

സാമൂതിരി നാട്

ഇബ്നു ബത്തൂത്തയാണ് കോഴിക്കോടിന്‍റെയും മലബാറിന്‍റേയും വ്യാപാര പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തരുത്.15 അറേബ്യ, സിലോ, ജാവ, മഹല്‍ ദ്വീപ്, യമന്‍, പേര്‍ഷ്യ എിവിടങ്ങളിലുള്ള ജനങ്ങളെ അദ്ദേഹം കോഴിക്കോട് കണ്ടുമുട്ടി. കോഴിക്കോട്ടെ തുറമുഖം ലോകത്തെ ഏറ്റവും വലിപ്പമുള്ളതാണ്. കോഴിക്കോട്ടെ തുറമുഖാധിപന്‍ ബഹ്റൈന്‍കാരന്‍ ഇബ്രാഹിമാണ്. ഷാ ബന്ദര്‍ (തുറമുഖാധിപന്‍) എതാണ് ഇദ്ദേഹത്തിന്‍റെ സ്ഥാനപ്പേര്. ഖാസിയുടെ പേര് ഫഖ്റുദ്ദീന്‍ ഉസ്മാന്‍. ശിഹാബുദ്ദീന്‍ ഗാസറൂനി എന്ന പുണ്യവാളനും ഇവിടെ താമസിക്കുന്നു.  ഇദ്ദേഹം  അബൂ ഇസ്ഹാഖ് ഗാസറൂനിയുടെ പ്രതിനിധിയാണ്. ഗാസറൂനി എന്ന പേരിലുള്ള സൂഫീ മാര്‍ഗമാണ് ഇവരുടേത്. കപ്പലുടമ (നാഖൂദാ) മിസ്ഖാല്‍ മഹാപ്രഭുവാണ്. അദ്ദേഹത്തിന് പേര്‍ഷ്യ, ചൈന, യമന്‍ തുടങ്ങി മിക്ക രാജ്യങ്ങളുമായും വ്യാപാര ബന്ധമുണ്ട്. പതിമൂന്ന് ചൈനീസ് കപ്പലുകള്‍ കോഴിക്കോട് തുറമുഖത്ത് നങ്കൂരമിട്ടത് ഇബ്നു ബത്തൂത്ത നേരില്‍ കണ്ടു. ചൈനാ കപ്പലുകള്‍ വളരേ വലുതാണ്. അതാണ് ജങ്ക് (ഖൗിസ). അതില്‍ ആയിരം പേര്‍ക്കെങ്കിലും യാത്ര ചെയ്യാം. കോഴിക്കോട്ടെ സാമൂതിരി ലോകത്തെ ഏറ്റവും സത്യ സന്ധനായ രാജാവൊണെന്നും കോഴിക്കോടിനെപ്പോലെ നിര്‍ഭയം ജീവിക്കാന്‍ കഴിയുന്ന മറ്റൊരു നാട് ലോകത്തെവിടെയുമില്ലെന്നും ഇബ്നു ബത്തൂത്ത നിരീക്ഷിക്കുന്നു. കോഴിക്കോട് തീരത്ത് ഏത് കപ്പലടിഞ്ഞാലും അതിലെ ചരക്കുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കും. മറ്റ് രാജ്യങ്ങളിലാവട്ടെ അവ ആ രാജ്യത്തിന്‍റെ പൊതുഖജനാവിലേക്കുള്ളതാണ്. കോഴിക്കോടിനെപ്പോലെ കൊല്ലത്തെ (കൂലം)ക്കുറിച്ചും ബത്തൂത്ത പറയുന്നുണ്ട്. സ്വന്നൂലീ എാണത്രേ കൊല്ലത്തെ കച്ചവടക്കാരെ വിളിക്കുത്. കൊല്ലത്ത് ഒരു മുസ്ലിം കോളണിയുണ്ട്. അവിടത്തെ മേധാവി വന്‍ വര്‍ത്തകനായ അലാവുദ്ദീന്‍ അവാജിയാണ്. അദ്ദേഹം ഇറാഖില്‍ നിന്നുള്ള ശിയാ വിശ്വാസിയാണ്. അദ്ദേഹത്തിന് കുറേയേറെ ശിയാ കൂട്ടുകാരുമുണ്ട്. എല്ലാവരും വലിയ വ്യാപാരികള്‍. കൊല്ലത്തെ തുറമുഖാധിപന്‍റെ പേര് മുഹമ്മദ്. ഇവിടത്തെ പള്ളി നിര്‍മിച്ചത് ഖാജാ മുഹദ്ദബാണ്. കോഴിക്കോടിനെ പോലെ കൊല്ലത്തും ജനങ്ങള്‍ രാജാക്കന്‍മാരുടെ കീഴില്‍ സുരക്ഷിതരാണ്. എല്ലാ രാജ്യക്കാരെയും അവര്‍ സ്നേഹിക്കുകയും ചെയ്യുന്നു. ഇബ്നുബത്തൂത്തയടക്കമുള്ള സഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്ന് നാടിന്‍റെ  പുരോഗതിക്ക് മതപരമോ ജാതിപരമോ ആയ വൈജാത്യങ്ങള്‍ പ്രതിബന്ധമായില്ല എന്ന് വ്യക്തമാവുന്നു. തികച്ചും മത നിരപേക്ഷമായ നിലപാടാണ് സ്വദേശികളും വിദേശികളും തമ്മിലും വിവിധ മതങ്ങള്‍ തമ്മിലും ഇവിടെ അനുവര്‍ത്തിച്ചത്. ശത്രുതയുടെ വഴികള്‍ തേടുതിലപ്പുറം കൂട്ടായ്മയാണ് രാജാവും പ്രജകളും സൃഷ്ടിച്ചെടുത്തത്. സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മലബാറിലെ നാട്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ നടക്കുമെങ്കിലും അതാത് രാജ്യങ്ങളില്‍ മതപരമായ കൂട്ടായ്മകള്‍ ദൃശ്യമായിരുന്നു. സാമൂതിരിയുടെ കീഴില്‍ നായരും മുസല്‍മാനും ഒന്നിച്ചു നീങ്ങിയപ്പോള്‍ വള്ളുവ നാട്ടിലെ ഹിന്ദു മുസ്ലിം കൂട്ടായ്മ വള്ളുവക്കോനാതിരിക്കൊപ്പമായിരുന്നു. 1442 ല്‍ കോഴിക്കോട്ടെത്തിയ പേര്‍ഷ്യന്‍ രാജാവിന്‍റെ പ്രതിനിധി അബ്ദുറസാഖിനും പറയാനുള്ളത് മലബാറില്‍ നിലനിന്ന മത നിരപേക്ഷ സാഹചര്യത്തെക്കുറിച്ചാണ്. മതപരമായ വൈജാത്യങ്ങള്‍ നില നിറുത്തിക്കൊണ്ടു തന്നെ മത നിരപേക്ഷമായ സംസ്കാരം നിലനിറുത്തിയതിന് വ്യാപാര സംസ്കാരം ഏറെ സഹായകമായി എന്ന് വ്യക്തം. സാമൂതിരിയുടെ നാടിനെ ഒരു ഇസ്ലാമിക രാജ്യമായി കരുതാന്‍ മഖ്ദൂമിനെ പ്രേരിപ്പിച്ചതും ഇവിടത്തെ സാമൂദായികമായ സഹിഷ്ണുതാ പരാമ്പര്യമാണ്. 

കോഴിക്കോട്ടേക്ക് എത്തും മുമ്പ് ചാലിയവും ബേപ്പൂരും ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ചാലിയം വലിയ തുണി നെയ്ത്തു കേന്ദ്രമായിരുന്നു. പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ യഹൂദരാണ് ഈ നാടിനെ വ്യവസായ കേന്ദ്രമാക്കിയത്. കോഴിക്കോടിന്‍റെ ആദ്യ വികസനവും ഇവിടാണ് തുടങ്ങുത്. ചേരമാന്‍ പെരുമാളോടൊപ്പം മക്കത്തേക്ക് പുറപ്പെട്ടവരില്‍ ചാലിയത്തുകാരുമുായിരുന്നു. മുസ്താ മുദുക്കാദ്, നീലി നിഷാദ്, നീലി ഷിനാദ്, ശാരീപാദ് എിവരാണിവര്‍. ഇവര്‍ പെരുമാളുടെ മന്ത്രി കൃഷ്ണ മുന്‍ജാദിന്‍റെ ബന്ധുക്കളാണ്െ പറയപ്പെടുന്നു. കൃഷ്ണമുന്‍ജാദ് മതം മാറി ഹുസൈെന്‍ ഖാജ എ പേര് സ്വീകരിച്ചിരുന്നു.16 മാലിക് ദീനാറും സംഘവും ചാലിയത്ത് വന്ന് ചാലിയത്തെഎട്ട് വീട്ടുകാരേയും ഇല്ലക്കാരേയും കണ്ടുവെന്നും ചാലിയത്ത് പള്ളി നിര്‍മിച്ചുവെന്നും അവിടെ ഖാസിയായി ജഅ്ഫര്‍ ബിന്‍ സുലൈമാനെ നിശ്ചയിച്ചുവെന്നും പതിനാറാം നൂറ്റാണ്ടില്‍ ഉമര്‍ സുഹ്റവര്‍ദി കുറിക്കുന്നു.17 കോഴിക്കോട് ഖാസിമാരുടെ പരമ്പര തുടങ്ങുത് ചാലിയത്ത് നിന്നാണ്. ചാലിയത്ത് നിന്ന് പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഖാസി പരമ്പരയിലെ ആദ്യത്തെയാള്‍ സൈനുദ്ദീന്‍ ബ്നു മുഹമ്മദ് ആണ്. ചാലിയത്തിന്‍റെ തുറമുഖ പ്രാധാന്യം മനസ്സിലാക്കിയാണ് പറങ്കികള്‍ അവിടെ കോട്ട കെട്ടിയത്. അറബികള്‍ കുരുമുളക് കപ്പലില്‍ കയറ്റിയിരുന്നതും ഇവിടെയാണ്. കോഴിക്കോട്ട കോട്ട സാമൂതിരി നശിപ്പിച്ചപ്പോഴാണ് പറങ്കികള്‍ ചാലിയം രാജാവിനെ സമീപിച്ചത്. അതിന് മാധ്യസ്ഥം വഹിച്ചത് താനൂരിലെ രാജാവായിരുന്നു. څസാമൂതിരിയുടെ കഴുത്തിന് നേരെ പിടിച്ച കത്തി' എന്നാണ് ചാലിയം കോട്ട വിശേഷിപ്പിക്കപ്പെട്ടത്. 1571ല്‍ മുസ്ലിംകളും നായര്‍പടയാളികളും സാമൂതിരിയുടെ കീഴില്‍ ഒന്നിച്ച് കൊണ്ട് കോട്ട തകര്‍ത്തു.18 വേദങ്ങളും സഞ്ചാരികളും ഓഫിര്‍ എന്ന് രേഖപ്പെടുത്തിയ തുറമുഖം ബേപ്പൂരാണെന്ന് നമ്മള്‍ മലയാളികള്‍ പറഞ്ഞു വരുന്നുണ്ട്. എന്നാല്‍ ഓഫിര്‍ ചെങ്കടല്‍ തീരത്താണൊണ്  യൂറോപ്യന്‍മാര്‍ പറയുന്നത്. ദക്ഷിണ അറേബ്യയിലെ ഷീബാ രാജ്ഞിക്ക് ഓഫിര്‍ എന്നപേരില്‍ ഒരു മകന്‍ തന്നെ ഉണ്ടായിരുന്നത്രേ. സ്വര്‍ണം ധാരാളമുണ്ടായിരുന്ന സ്ഥലമാണത്രേ ഓഫിര്‍. നമ്മുടെ ബേപ്പൂരില്‍ സ്വര്‍ണ അയിരു നല്ലോണം ഉണ്ടായിരുന്നുവെന്ന നിഗമനത്തില്‍ ഓഫിര്‍ ബേപ്പൂരാണെന്ന് കണ്ടെത്തിയതാവാം. പക്ഷേ അത് ബേപ്പൂരാണെതിന് ചരിത്രത്തിന്‍റെ പിന്‍ ബലമൊന്നുമില്ല. ഇന്നത്തെ പാകിസ്ഥാനിലെ സിന്ധുവിന്‍റെ തീരത്തുള്ള അഭിരയാണ് ഓഫിര്‍ എന്ന് മാക്സ് മുള്ളര്‍ ഊഹിക്കുന്നു.19 ചിലര്‍ തമിഴകത്തെ പൂവാറാണ് ഓഫിര്‍ എന്ന് സ്ഥാപിക്കുന്നുണ്ട്. മലയാളികള്‍ക്ക് ഓഫിര്‍ ബേപ്പൂര്‍ തന്നെ ആവട്ടെ. ബേപ്പൂരില്‍ നിന്നാണ് ലോകത്തിന്‍റെ നാനാ ഭാഗത്തേക്കും തടി കയറ്റി അയച്ചിരുന്നത്. മെസൊപൊട്ടേമിയയില്‍ ക്രിസ്തുവിന് മുമ്പ് തന്നെയുള്ള പല ദേവാലയങ്ങളും തടി കൊണ്ട് നിര്‍മിച്ചവയാണെന്നും ആ തടി ബേപ്പൂരില്‍ നിന്ന് കൊണ്ടു പോയതാവാമെന്നും കോഴിക്കോടിന്‍റെ ചരിത്രകാരന്‍ പരപ്പില്‍ മുഹമ്മദ് കോയ നിരീക്ഷിക്കുന്നു.20 മലബാറിലെ ആദ്യത്തെ കപ്പല്‍ നിര്‍മാണ ശാലയാണ് ബേപ്പൂര്‍ എന്ന് പറയാം. ഇവിടത്തെ കപ്പല്‍ നിര്‍മാണത്തിന്‍റെ ഖ്യാതി കേട്ട് പല സഞ്ചാരികളും ഇന്നും ബേപ്പൂരിലെത്തുന്നു. ബേപ്പൂരിന്‍റെ കപ്പല്‍ നിര്‍മാണ പാടവം അറിഞ്ഞ് ബ്രിട്ടീഷുകാര്‍ ഈ തുറമുഖം കൂടുതല്‍ വികസിപ്പിച്ചു.

അറബി സ്വാധീനം 

അറബി സ്വാധീനം മലബാറിനെ നാനാ വിധേനയും മാറ്റി മറിച്ചു. പ്രധാനമായും ഇസ്ലാം മതം തന്നെ. ജാതീയത നിറഞ്ഞ സാമൂഹിക വ്യവസ്ഥിതിയില്‍ ഇസ്ലാമിന്‍റെ സമഭാവനക്ക് വലിയ സ്വാധീനമുണ്ടായി. നിരവധി പേര്‍ ഇസ്ലാം വിശ്വസിച്ചു. ലിപികളില്ലാതെ നാട്ടു ഭാഷയായി നിലനിന്നിരുന്ന മലയാളത്തിന് ആദ്യം ലിപി നല്കിയതും അറബികള്‍. ഈ രീതി പിന്നീട് അറബി മലയാളം എറിയപ്പെട്ടു. മലയാള ലിപി രൂപപ്പെടുതിന് മുമ്പാണിത് എന്നു കൂടി ഓര്‍ക്കണം. അറബി ഭക്ഷണ രീതികളും, വേഷങ്ങളും, ആചാരങ്ങളും മലബാറിനെ മനോഹരിയാക്കി. അറബിയില്ലാതെ മലയാളമില്ല. അത്രക്കും പദ സമ്പത്ത് അറബികള്‍ മലയാളത്തിന് സംഭാവന ചെയ്തു. പേര്‍ഷ്യന്‍ അറബി രീതികള്‍ മലബാറിലെ പ്രാദേശികതയുമായി സംബന്ധമായപ്പോള്‍ കേരളീയ മുസ്ലിം സമൂഹം മാപ്പിളമാരായി മാറി. അറബികള്‍ തദ്ദേശ സ്ത്രീകളെ വിവാഹം ചെയ്യുന്നതിലൂടെ വന്ന സന്തതികളും മതം മാറി വന്ന കേരളീയരുമാണ് മാപ്പിള സംസ്കാരത്തെ സമ്പമാക്കിയത്. കേരളത്തില്‍ താമസമാക്കിയ അറബികള്‍ പോലും മാപ്പിള രീതികളും ശൈലികളും സ്വീകരിച്ചു പോന്നു. മാപ്പിള കലാരൂപങ്ങള്‍ പലതും അറബി ഉല്പങ്ങളാണ്. ഒപ്പന എന്ന രീതി ഇസ്ലാമിന് മുമ്പേതന്നെ മലബാറിലെത്തിയിരിക്കണം. ക്ഷേത്രങ്ങളിലെ ഒപ്പന വില്‍ തന്നെ ഇതിന് ഉദാഹരണം. അറബി നാമങ്ങള്‍ പലതും കാല ക്രമേണ മലയാളീകരിച്ചു. തുറമുഖത്തിനുപയോഗിക്കു ഖല്‍ആഅ് എന്ന അറബി പദം കല്ലായിയായി. മലബാറിലെ താംബൂലം അതേ പടി അറബികളും സ്വീകരിച്ചു. സുപ്ര, ശിര്‍വ, കഹ്വ, ഉറുമാല്‍ തുടങ്ങി ബലാലും, മുസീബത്തും, പഹയനും, ഹംക്കും, ഹുക്മും വരെ നൂറുകണക്കിന് അറബി പദങ്ങളാണ് മലയാളപ്പട്ടുടുത്തത്. വറകതും വകീലുമില്ലാത്ത മലയാളമില്ല. താലൂക്കും, ജില്ലയുമില്ലാത്ത കേരളമുണ്ടോ? ഹാജറും, ബാക്കിയും, ഹര്‍ജിയും, കാപ്പിയും ചപ്പാത്തിയും എല്ലാം അറബിയും പേര്‍ഷ്യനും കൂടി മലയാളത്തിന് തന്നതാണ്. 

പതിനഞ്ചാം നൂറ്റാണ്ടില്‍ സയ്യിദ് കുടുംബങ്ങള്‍ ഹദര്‍മൗതില്‍ നിന്നും ബുഖാറയില്‍ നിന്നും മലബാറിലെത്തിയതോടെ മലബാറിലെ മുസ്ലിം മതജീവിതത്തിലും മാറ്റങ്ങള്‍ വന്നു. സൂഫീ മാര്‍ഗങ്ങള്‍ കേരളത്തില്‍ വ്യാപകമായി. ദര്‍ഗകളും, മാലകളും മൗലിദുകളും മുസ്ലിം ജീവിതത്തിന്‍റെ ഭാഗമായി. അധ്യാത്മിക ജീവിതം കൂടുതല്‍ കരുപ്പിടിച്ചു വന്നു. സയ്യിദന്‍മാര്‍ (നബി കുടുംബം) മലബാറിലെ മുസ്ലിം ജീവിതത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തി. മലബാറില്‍ നടന്ന അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്കും നവോഥാന പ്രസ്ഥാനങ്ങള്‍ക്കും ഈ അറബ് വംശജരാണ് നേതൃത്വം നല്കിയത്. അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും അവര്‍ തന്നെ മുന്നോട്ടു വന്നു.    

ചീനച്ചട്ടി തൊട്ട് ചീന മുളക് വരെ

മലബാറും ചൈനയും തമ്മില്‍ മധ്യ കാലത്ത് നില നിന്ന വ്യാപാര ബന്ധത്തെപ്പറ്റി സഞ്ചാരികളൊക്കെ പറയുന്നുണ്ട്. ചൈനീസ് സഞ്ചരികളായ ചോജുകോ (ഇവീൗ ഖൗ ഗൗമ ഹ225), വാങ് താ യുവാന്‍ (ണമിഴ ഠമ ഥൗ്മി ഹ349), മാഹുവാന്‍  (ങമ ഔ്മി1409), ഫെസിന്‍ (എലശ തശി ഹ436) തുടങ്ങിയ ചൈനീസ് സഞ്ചാരികള്‍ മലബാറിനെ കുറിച്ചും സാമൂതിരിയെ കുറിച്ചും വാചാലരാവുന്നു. മലയാള കൃതികളായ ഉണ്ണു നീലി സന്ദേശത്തിലും ഉണ്ണായി ചരിതത്തിലും ചൈനീസ് വ്യാപാരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ കാണുന്നു. സുലൈമാന്‍ താജിര്‍ തന്‍റെ സഞ്ചാരക്കുറിപ്പുകളില്‍ ചൈനീസ്മലബാര്‍ ബന്ധങ്ങളെകുറിച്ച് പ്രത്യേകം തന്നെ പരാമര്‍ശിക്കുന്നു. ചൈനീസ് കച്ചവടക്കാരെ ക്ഷണിക്കാന്‍ സാമൂതിരി ചൈനയിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു. അങ്ങനേയാണ് ചെങ്ങ് ഹോ എന്ന ചൈനീസ് സഞ്ചാരി ഔദ്യോഗികമായി തന്നെ മലബാറിലെത്തുത്.  ഇപ്രകാരം പേര്‍ഷ്യയിലേക്കും പ്രതിനിധിയെ അയച്ചതിന് ശേഷമാണ് ഷാറൂഖിന്‍റെ പ്രതിനിധിയായി അബ്ദുറസാഖ് സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയത്. ചൈനീസ് മുസല്‍മാനായ മാഹ്വാന്‍റെ യിങ്ങ്യായ് ഷെങ്ങ് ലാന്‍ (ഥശിഴ ഥമശ ടവലിഴ ഘമി 1433) എന്ന സഞ്ചാര കൃതിയില്‍ കേരളത്തെ പറ്റി വാ തോരാതെ പയുന്നുണ്ട്. അതേ സമയം വിശ്വാസ യോഗ്യമല്ലാത്ത കഥകളും അദ്ദേഹം എഴുതിക്കൂട്ടിയിട്ടുണ്ട്. മിങ്ങ് രാജാവായ യാങ്ങ് ലോ (ഥമിഴ ഘീ140325) യാണ് ചെങ്ങ് ഹോ (ഇവലിഴ ഒീ)യെ മലബാറിലേക്കയച്ചത്. ഇന്ത്യന്‍ സമുദ്രത്തിന്‍റെ തീരത്ത് ചൈനീസ് സംസ്കാരം പ്രചരിപ്പിക്കുതില്‍ വലിയ പങ്ക് ചെങ്ങ് ഹോയുടേതാണ്. ചൈനീസ് ഉല്പങ്ങള്‍ മലബാറിലും കിഴക്കനാഫ്രിക്കയിലും മലേഷ്യയിലും ഇന്തോനേഷ്യയിലും എത്തിച്ച് അതേ കപ്പലുകളില്‍  ഇന്ത്യയില്‍ നിന്ന് സുഗന്ധ ദ്രവ്യങ്ങളും, ആഫ്രിക്കയില്‍നിന്ന് ജിറാഫ് അടക്കമുള്ള മൃഗങ്ങളേയും കുത്തി നിറച്ചാണ് ചെങ്ങ് ഹോ മടങ്ങിയിരുത്. അദ്ദേഹത്തിന്‍റെ കപ്പല്‍ വ്യൂഹം വരുന്നത് കാല്‍ നീങ്ങിക്കൊണ്ടിരുന്ന ഒരു പട്ടണം പോലെയായിരുന്നത്രേ. അത്രക്കും ജനങ്ങളും സാമഗ്രികളും ഉണ്ടായിരിക്കും. ആയിരത്തോളം പേരെങ്കിലും ഈ കപ്പല്‍ വ്യൂഹങ്ങളിലുണ്ടായിരിക്കും. ഏഴ് പ്രാവശ്യം ചെങ്ങ് ഹോയും കൂട്ടരും മലബാറിലെത്തിയിട്ടുണ്ട്.   വളപട്ടണം, ധര്‍മടം, കോഴിക്കോട്, പന്തലായനി, കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങള്‍ ചൈനീസ് വ്യാപാര കേന്ദ്രങ്ങളായിരുന്നു. അറേബ്യയിലും, ഇന്ത്യയിലും, കിഴക്കനേഷ്യയിലം, ആഫ്രിക്കയിലുമുള്ള മിക്ക വസ്തുക്കളും ചൈനയിലെത്തിയിരുന്നു. ചൈനീസ് ജനതയുടെ ജീവിത രീതിയില്‍ ഈ ഉല്പങ്ങളൊക്കെ നല്ല സ്വാധീനം ചെലുത്തി. മാഹ്വാന്‍ ഓരോ രാജ്യത്തേയും പഴങ്ങളേയും, പച്ചക്കറികളേയും, മൃഗങ്ങളേയും, ആഹാര പദാര്‍ഥങ്ങളേയും, ധാന്യങ്ങളേയും കുറിച്ച് വിശദമായ വിരങ്ങള്‍ നല്കുന്നു. നൂറ് കപ്പലുകളും 27500 ആളുകളുമായാണ് അറേബ്യയിലേക്കും ഇന്ത്യയിലേക്കുമുള്ള ചെങ്ങ് ഹോയുടെ അവസാനത്തെ യാത്ര (1431-1433). ചൈനക്കാരാണ് മലബാറുകാര്‍ക്ക് പട്ടും വളയും ഉണ്ടാക്കി കൊടുത്തത്.  ചീനപ്പട്ടും, ചീന ഭരണിയും, ചീനച്ച'ിയും, ചീന മുളകുമില്ലാതെ മലബാറുകാര്‍ക്ക് ജീവിത സുഖം ഉണ്ടായിരുന്നില്ല. കളിമണ്‍ പാത്രങ്ങളിലെ കരവിരുതും ചൈനക്കാര്‍ക്ക് സ്വന്തമായിരുന്നു. 

പറങ്കികള്‍

പറങ്കികളുടെ ആഗമം ശരിക്കും അധിനിവേശം തന്നെയായിരുന്നു. അത് വരെ ഇന്ത്യയിലേക്ക് വന്ന വ്യാപാരികളോ സഞ്ചാരികളോ ഇവിടെ രാഷ്ട്രീയാധിപത്യത്തിന് ശ്രമിച്ചിട്ടില്ല. എല്ലാവരും നിലവിലുള്ള ഭരണ വ്യവസ്ഥ തന്നെ അംഗീകരിച്ചു. രാജ്യവികസനത്തിന് വേണ്ടി തങ്ങളാലാവുന്നതൊക്കെ ചെയ്തു. വ്യാപാരത്തിനപ്പുറം അധിനിവേശ മോഹങ്ങളൊന്നും ആരെയും ബാധിച്ചിരുന്നില്ല. പറങ്കികളുടെ സ്ഥിതി മറിച്ചായിരുന്നു. മലബാറിനെ അധീനപ്പെടുത്തി ഇവിടെ നിന്ന് അറബി വ്യാപാരികളെ തുരത്തുകയായിരുന്നു ലക്ഷ്യം. അതിന് പോര്‍ച്ചുഗല്‍ ഭരണകൂടം സര്‍വ സഹായവും നല്കി. വാസ്കോഡ ഗാമക്ക് ആഫ്രിക്കന്‍ തീരത്ത് നിന്ന് ഇന്ത്യയിലേക്ക് വഴി കാണിച്ച ഇബ്നു മാജിദ് എന്ന അറബി പോലും പറങ്കികള്‍ തങ്ങളുടെ ശത്രുവാണെറിഞ്ഞില്ല. എല്ലാ മതക്കാരേയും പറങ്കികള്‍ ദ്രോഹിച്ചു; മുസ്ലിംകളെ പ്രത്യേകിച്ചും. തങ്ങളുടെ വിഭാഗക്കാരല്ലാത്ത ക്രിസ്ത്യാനികളെ പല വിധേന പീഡിപ്പിച്ചു. പറങ്കികളുടെ കീഴില്‍ ജെസ്യൂട്ട് മിഷിനറി മെനസിസിന്‍റെ നേതൃത്വത്തില്‍ കാത്തോലിക്കരുടേതല്ലാത്ത പല പള്ളികളും തകര്‍ത്തു. പലരേയും നിര്‍ബന്ധിച്ച് കാത്തോലിക്കാ മതത്തില്‍ ചേര്‍ത്തു. സെന്‍റ് തോമസ് ക്രിസ്ത്യാനികളാണ് വാസ്കോഡഗാമക്ക് കൊച്ചിയില്‍ സര്‍വ സഹായങ്ങളും നല്കിയത്. എന്നാല്‍ ജെസ്യൂട്ട് മെഷിനറിമാര്‍ അവര്‍ക്കെതിരേയും തിരിഞ്ഞു. അവരുടെ പള്ളികളും ലൈബ്രറികളും തകര്‍ത്തു. ചിലത് കത്തിച്ചു കളഞ്ഞു. നെസ്റ്റാറിയന്‍ ക്രിസ്ത്യാനികളുടെ സ്ഥിതിയും തഥൈവ. പലരേയും കുളങ്ങളിലും പുഴയിലും മുക്കിക്കൊന്നുവത്രേ. 

ഏറ്റവും കൂടുതല്‍ പീഡനമനുഭവിച്ചത് മുസ്ലിംകളായിരുന്നു. അവരുടെ പള്ളികള്‍ തകര്‍ത്തും, മുസ്ലിം സ്ത്രീകളെ പീഡിപ്പിച്ചും, അറബിക്കപ്പലുകള്‍ അഗ്നിക്കിരയാക്കിയും, വിശുദ്ധ ഗ്രന്ഥത്തെ അവമതിച്ചും, കാരണമില്ലാതെ വധിച്ചും പറങ്കികള്‍ മുസ്ലിം ധ്വംസനം തുടര്‍ന്നു. യഹൂദന്‍മാരെയും വിട്ടില്ല. ഗവര്‍ണര്‍ അല്‍ബുക്കര്‍ക്ക് യഹൂദന്‍മാര്‍ ക്രിസ്തീയരുമായി ചേര്‍ന്ന് വ്യാപാരം നടത്തുത് ഒരു പള്ളി തിട്ടൂരത്തിലൂടെ നിരോധിച്ചു. ക്രിസ്തീയ പ്രദേശങ്ങളില്‍ നിന്ന് യഹൂദരെ മാറ്റണമെന്ന് സഭകള്‍ക്ക് നിര്‍ദേശം നല്കി. യഹൂദന്‍മാരെ പിടിച്ച് കത്തോലിക്കരാക്കി. പരൂരിലെ യഹൂദ പള്ളിയിലെ ചടങ്ങു വേളയില്‍ ക്രിസ്ത്യാനികളെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് പറങ്കികള്‍ പള്ളിക്ക് തീ വക്കുകയും യഹൂദരെ കശാപ്പു ചെയ്യുകയും ചെയ്തുവത്രേ.21 ഹിന്ദുക്കളോട് ഒരു മമതയും പറങ്കികള്‍ക്കുണ്ടായില്ല. സാമൂതിരി മുസ്ലിംകളോട് കാണിച്ച അനുഭാവം തന്നെ പ്രധാന കാരണം. ക്ഷേത്രം കണ്ടപ്പോള്‍ അതൊരു ചര്‍ച്ചാണെന്ന് നിരൂപിച്ചത് ഹിന്ദുവിനോട് ആദ്യമൊക്കെ അനുകമ്പ കാണിക്കാന്‍ കാരണമായി. പിന്നെ ബ്രാഹ്മണരെ ചോദ്യം ചെയ്തപ്പോഴാണ് ഹിന്ദുക്കള്‍ അപരിഷ്കൃതരാണ്െ പറങ്കികള്‍ വിധിയെഴുതിയത്. നായന്‍മാരെ പലരേയും നിര്‍ബന്ധിച്ച് മതം മാറ്റി. ബ്രാഹ്മണരെ പിടിച്ച് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലേക്ക് കൊണ്ടു പോയി. അവര്‍ പലരും മതം മാറി. കാരണം കടല്‍ കടതോടെ അവര്‍ അശുദ്ധരായി കഴിഞ്ഞിരുന്നു.

നാട്ടിലെ പരമ്പരാഗത രീതികളേയും നിയമങ്ങളേയും പറങ്കികള്‍ തെല്ലും ഗൗനിച്ചില്ല. ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചു കൊണ്ടു പോവുന്നു. ഏത് വീട്ടിലും കയറിച്ചെല്ലുന്നു. കത്തോലിക്കാ ആചാരങ്ങളൊന്നും അവര്‍ അനുഷ്ഠിച്ചില്ല. കാത്തോലിക്കാ വര്‍ഗീയതയാണ് അവര്‍ നാട്ടില്‍ നടപ്പാക്കിയത്. അതിനാല്‍ മറ്റ് ക്രിസ്തീയ വിഭാഗങ്ങള്‍ക്കും മതക്കാര്‍ക്കും ഒരു സ്വാതന്ത്ര്യവും നല്കിയില്ല. ക്ഷേത്രങ്ങളും പള്ളികളും അശുദ്ധമാക്കാനും പുണ്യഗ്രന്ഥങ്ങളെ അവമതിക്കാനും മടിച്ചില്ല. പറങ്കിപ്പട്ടാളം വീടുകളില്‍ കയറി പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടു പോവുത് പതിവാക്കിയപ്പോള്‍ അവരുടെ വൈസ്രായിക്ക് തന്നെ അത് നിയന്ത്രിക്കേണ്ടി വന്നു.22 ഈ അതിക്രമത്തിന് പരിഹാരമായി 1545ന് ശേഷം പോര്‍ച്ചുഗല്‍ രാജാവ് അനാഥ പറങ്കി പെണ്‍ കുട്ടികളെ മലബാറിലേക്കയച്ചു കൊടുത്തു. പറങ്കി പുരോഹിതന്‍മാരിലും സദാചാരികള്‍ കുറവായിരുന്നു. 

മുസ്ലിംകളുമായി ശത്രുത നിലനില്ക്കുമ്പോള്‍ തന്നെ ചില മുസ്ലിംവര്‍ത്തകരുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ പറങ്കികള്‍ മടിച്ചില്ല. അവരുടെ പ്രധാന ഏജന്‍റുമാരില്‍ മുസ്ലിംകളുമുണ്ടായിരുന്നു. കോയ പക്കി (ഖോജാ ഫഖീഹ്) പറങ്കി സേവകനായിരുന്നു. കോഴിക്കോട് നിന്ന് രക്ഷപ്പെട്ടു വന്ന കോയ പക്കിക്ക് പറങ്കികളാണ് അഭയം കൊടുത്തത്. സാമൂതിരിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പറങ്കികള്‍ക്ക് നല്കുന്ന ചതിയും കോയപക്കി നടത്തിയിരുന്നു. താനൂരിലെ ഒരു കുട്ട്യാലി വലിയ മുസ്ലിംവര്‍ത്തക പ്രമുഖനായിരുന്നു. അദ്ദേഹമാണത്രേ പറങ്കികള്‍ക്ക് മദ്യവും മറ്റ് സുഖസൗകര്യങ്ങളും ഒരുക്കിയിരുന്നത്.23 മുസ്ലിം സ്ത്രീകളെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം ചെയ്യുന്ന പതിവും പറങ്കികള്‍ പുലര്‍ത്തി. സാമൂതിരിക്ക് പറങ്കികളോടുള്ള വൈരം മുതലെടുത്ത് അറക്കല്‍ ബീബിയും കൊച്ചിരാജാവും കൊല്ലം രാജ്ഞിയും  പറങ്കികളുമായി നല്ല ബന്ധം പുലര്‍ത്തി. ഇതിന്‍റെ ഫലമായി കൊച്ചി രാജാവിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പറങ്കികള്‍ക്ക് പ്രത്യേക സ്ഥാനങ്ങള്‍ നല്കി വന്നു. പറങ്കി ആചാരങ്ങള്‍ കൊട്ടാരത്തില്‍ നടപ്പാക്കുകയും ചെയ്തു. കൊച്ചി രാജാവാകട്ടെ, പോര്‍ച്ചുഗല്‍ രാജാവിന്‍റെ അധീശത്വം അംഗീകരിച്ച് കൊണ്ട് സാമൂതിരിയുടെ മേല്‍ അപ്രമാദിത്തം നേടി. പറങ്കികള്‍ കൊച്ചിയില്‍ നടത്തിയ ഹീനതകള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ രാജാവിന് കഴിഞ്ഞില്ല. അവര്‍ പശുക്കളെ നിരന്തരമായി കൊല്ലാന്‍ തുടങ്ങിയപ്പോള്‍ ബ്രാഹ്മണര്‍ രാജാവിനോട് പരാതി പറഞ്ഞു. ഗത്യന്തരമില്ലാതെ രാജാവ് പോര്‍ച്ചുഗല്‍ രാജാവിനെ വിഷമങ്ങളറിയിച്ചു. പോര്‍ച്ചുഗലില്‍ നിന്ന് ഉടനെ വന്നു മറുപടി; ആരും പശുവിനെ കൊല്ലരുത് എന്ന്.24 ഒമാനിലെ സൂറില്‍ മലബാറിലെ മരവും ആലാത്തും ആണിയും ഉപയോഗിച്ച് അറബികളെപ്പോലെ പറങ്കികളും തകൃതിയായി കപ്പല്‍ നിര്‍മാണം തുടങ്ങി. കോഴിക്കോട്ടെ ബേപ്പൂരും കപ്പല്‍ നിര്‍മാണത്തിന് ശ്രുതിപ്പെട്ടു. കപ്പലുണ്ടാക്കാന്‍ മലബാറിലെ തേക്കും ആഞ്ഞലിയും (അിറശൃമ ്ലൃാശളൗഴമ) തന്നെ വേണം. ഈ മരങ്ങളുപയോഗിച്ച് പറങ്കികള്‍ കോഴിക്കോടും കൊച്ചിയിലും കപ്പല്‍ നിര്‍മാണം തുടങ്ങി.  

ഈ വൈരങ്ങള്‍ക്കിടയിലും പറങ്കികള്‍ മലബാര്‍ തീരത്ത് അവരുടേതായ സംഭാവനകള്‍ നല്കി. അവര്‍ നാണ്യ വിളകളുടെ കൃഷി വികസിപ്പിച്ചു. തെങ്ങു കൃഷി വ്യാപിപ്പിച്ചു. പല വിത്തുകളും കേരളത്തിലെത്തച്ചു. പറങ്കിമാങ്ങ, പപ്പായ, പേരക്ക, പറങ്കി മുളക്, ചാമ്പക്ക, തക്കാളി, മല്ലി, ചുവന്നുള്ളി, വെള്ളുള്ളി എന്നിവ ഉദാഹരണം. പറങ്കിപ്പുണ്ണെ ലൈംഗിക രോഗം പറങ്കികളാണ് യൂറോപ്പില്‍ നിന്ന് ഇന്ത്യയില്‍ പടര്‍ത്തിയത്. ആഫ്രിക്കയില്‍ നിന്ന് നല്ലയിനം തേങ്ങ വിത്തുകള്‍ കൊണ്ടു വന്നു. കോട്ടകള്‍ നിര്‍മിച്ച് കൊണ്ട് നിര്‍മാണ വൈദഗ്ധ്യവും പറങ്കികള്‍ കേരളത്തിന് നല്കി. പല തരം മരുന്നുകളും അവര്‍ കൊണ്ടു വന്നു. മുറിവുണക്കാന്‍ ചൂടുള്ള വെളിച്ചെണ്ണയില്‍ നാരങ്ങ നീരുചേര്‍ത്ത് മുറിവില്‍ പുരട്ടുന്ന രീതി പറങ്കികള്‍ വ്യാപകമാക്കി. കണ്ണൂര്‍, കൊല്ലം, കൊടുങ്ങല്ലൂര്‍, കൊച്ചി എിവിടങ്ങളില്‍ പറങ്കി മാതൃകയില്‍ കോട്ടകളും കെട്ടിടങ്ങളും വന്നു. കേരളീയ രീതിയില്‍ നിന്ന് ഭിന്നമായിരുന്നു കെട്ടിടങ്ങളുടെ രൂപകല്പന. ബിസ്കറ്റ്, ചേക്കലേറ്റ്, ബ്രെഡ് തുടങ്ങിയ ബേക്കറി പലഹാരങ്ങള്‍ കൊണ്ടുവന്നതും പറങ്കികള്‍കളാണ്. മലയാള ഭാഷയുടെ വികസനത്തിന് പറങ്കികള്‍ വിലപ്പെട്ട സംഭാവന നല്കി. മലയാളം ഹീബ്രുവില്‍ എഴുതുന്ന രീതി ആദ്യം ഇവര്‍ സ്വീകരിച്ചു. ഫ്രാന്‍സിസ് സേവിയര്‍ ക്രിസ്തീയ ആരാധനാ രീതികളൊക്കെ മലയാളത്തിലാക്കി. പല പറങ്കി നാമങ്ങളും മലയാളത്തില്‍ ഇടം പിടിച്ചു. അറബി മലയാളത്തില്‍ പോലും ഈ പദങ്ങള്‍ കടന്ന്കൂടി, ആയ, അലമാര, അല്‍ത്താറ, കപ്പിത്താന്‍, ചായ, ചാവി, ചാക്ക്, ഇസ്തിരി, സ്കൂള്‍, ജനല്‍, മേശ, കപേള, കറുപ്പ്, കസേര, കടലാസ്, കോപ്പ, കൊന്ത, താസ്, കുശിനി, പേന, പിക്കാസ്, റാന്തല്‍, വരാന്ത, വീപ്പ, വികാരി, വിനാഗിരി തുടങ്ങിയവ ഉദാഹരണം.

പറങ്കികള്‍ക്ക് ശേഷം

പറങ്കി ആധിനിവേശത്തോടെ മുസ്ലിം വ്യാപാരത്തിന്‍റെ സ്വാധീനം കുറഞ്ഞുവെങ്കിലും താമസിയാതെ തന്നെ പറങ്കികളുമായും ഡച്ചുകാരുമായും രാജിയാവാന്‍ തീരദേശ മുസ്ലിംകള്‍ മുന്നോട്ട് വന്നു. രുണ്ടുവിഭാഗങ്ങളുടേയും പുരോഗതിക്ക് ഈ സൗഹൃദം അനിവാര്യമായിരുന്നു. പോര്‍ച്ചുഗീസ് കാലത്ത് ഒമാനും മസ്കത്തും മുഖ്യ വ്യാപാര കേന്ദ്രങ്ങളായി. പുതിയ ഉല്പങ്ങളുടെ കച്ചവടവുമായി അറബികള്‍ വീണ്ടും രംഗത്തെത്തി. പറങ്കികളാവട്ടെ അപ്പോഴേക്കും ഏറെ ക്ഷയിച്ചിരുന്നു. വേണ്ടത്ര കപ്പലുകളുണ്ടായില്ല. പകര്‍ച്ച വ്യാധികളും മറ്റും അവരെ നിരന്തരം നശിച്ചുകൊണ്ടിരുന്നു. തുര്‍ക്കികളോടും മുസ്ലിം ശക്തികളോടും തുടര്‍ച്ചയായുള്ള യുദ്ധങ്ങളിലൂടെ തളര്‍ന്നിരിക്കുമ്പോഴാണ് ഡച്ചുകാരുടെ വരവ്. പിന്‍മാറ്റം തുടങ്ങിയപ്പോള്‍ ബാക്കി വന്ന പത്തേമാരികളും നാവികക്കോപ്പുകളും അറബികളും തുര്‍ക്കികളും പങ്ക് വച്ചു. ഒമാനികളുടെ വ്യാപാര സാമര്‍ഥ്യത്തില്‍ ആകൃഷ്ടരായി യൂറോപ്യന്‍ ശക്തികള്‍ അവരുമായി സൗഹൃദം സ്ഥാപിക്കാന്‍ മത്സരിച്ചു. ഡച്ചുകാരും, ഫ്രഞ്ചുകാരും ഈസ്റ്റിന്ത്യാ കമ്പനിക്കാരും ഈ സൗഹൃദത്തില്‍ പങ്ക് ചേര്‍ന്നു. ഇന്ത്യയിലരങ്ങേറിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളൊന്നും അറബികള്‍ക്ക് ഏശിയില്ല. അവര്‍ യൂറ്യോപ്യന്‍ സൗഹൃദം നില നിറുത്തി കച്ചവടം വികസിപ്പിച്ചു. കപ്പല്‍ നിര്‍മാണസാമഗ്രികളും, കാപ്പിയും അടിമകളുമായിരുന്നു വ്യാപാരത്തില്‍ മുഖ്യം. മരത്തടിക്കും, അരിക്കും, ഇംഗ്ലീഷുകാര്‍ മുഖ്യമായും ആശ്രയിച്ചത് മലബാറിലെ മുസ്ലിം കച്ചവടക്കാരെയാണ്. യൂറോപ്യരുടെ പ്ലാന്‍റേഷനുകളില്‍ ജോലി ചെയ്യാന്‍ അടിമകളെ മൊത്തമായി നല്കിയതും അറബികളാണ്. ബോബെ പ്രസിഡന്‍സി വഴി നിരവധി അടിമകളെ മസ്കത്തിലെ അറബി വ്യാപാരികള്‍ ഇംഗ്ലീഷുകാര്‍ക്ക് വില്പന നടത്തിയിരുന്നു.25 കൊറമാല്‍ തീരത്ത് നിന്ന് മുത്തും രത്നക്കല്ലുകളും വസ്ത്രവും അറബി വ്യാപാരികള്‍ ഈസ്റ്റിന്ത്യാ കമ്പനി വഴി വാങ്ങിയിരുന്നു. കായല്‍പട്ടണത്തെ മരക്കാര്‍മാരാണ് ഈ കച്ചവടങ്ങളില്‍ മുന്നിട്ട്നിന്നത്. ഓമാന്‍ തീരത്തെ ഹൊര്‍മൂസ് അറേബി-പേര്‍ഷ്യന്‍-ഇന്ത്യന്‍-ഇംഗ്ലീഷ് വ്യാപാരത്തിന്‍റെ സംഗമ സ്ഥാനമായി. ഒമാന്‍ തീരത്തെ സൊഹാര്‍, ഖല്‍ഹത്, മസ്കത്ത് എന്നിവ കൂടുതല്‍ തിരക്കു പിടിച്ച തുറമുഖങ്ങളായി മാറി. ഈ തുറമുഖങ്ങളിലൂടെ ഹദ്റമികളായ (ഹദര്‍മൗതില്‍ നിന്നുള്ളവര്‍) കച്ചവടക്കാരും മുസ്ലിം മിഷണറിമാരും പതിനേഴാം നൂറ്റാണ്ട് തൊട്ട് ഇരുപതാം നൂറ്റാണ്ടു വരെ സജീവമായ വ്യാപാരങ്ങളില്‍ വ്യാപൃതരായി. ബ്രിട്ടുീഷുകാരും ഫ്രഞ്ചുകാരും നാട്ടിലും ഇന്ത്യയിലും ശത്രുതയിലായിരുങ്കെിലും ഒമാന്‍ തീരത്തെ കച്ചവട കാര്യത്തില്‍ സൗഹൃദത്തില്‍ തന്നെ കഴിഞ്ഞു.

ഏറ്റവും രസകരം ഒമാനികള്‍ ബ്രിട്ടീഷുകാരുടെ ശത്രുവായ ടിപ്പു സുല്‍ത്താനുമായും വ്യാപാര സൗഹൃദം നില നിറുത്തിതാണ്. ചുരുക്കത്തില്‍ ഒമാന്‍ തീരത്ത് പരസ്പര ശത്രുക്കള്‍ വൈരം മറന്ന് തങ്ങളുടെ ലാഭം സുരക്ഷിതമാക്കുകയായിരുന്നു. ടിപ്പു സുല്‍ത്താന്‍ തന്‍റെ നാട്ടില്‍ ഫ്രഞ്ചുകാരുടെ സഹായത്തോടെ വ്യാപാര രംഗത്ത് നിന്ന് ബ്രിട്ടീഷുകാരെ ഒഴിവാക്കിയെങ്കില്‍ വൈദേശിക വ്യാപാരത്തില്‍ അതിന് സാധിച്ചില്ല. എങ്കിലും പരമാവധി ബ്രിട്ടീഷ് കമ്പനികളെ മാറ്റി നിറുത്താന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. ടിപ്പു ഒരു ഏജന്‍റിനെ (ദറോഗ) മസ്കത്തില്‍ നിയമിച്ചിരുന്നു. ഒമാന്‍ ഭരണാധികാരി ഇമാമിന്‍റെ വകയിലും ഒരു ഏജന്‍റ് ടിപ്പുവിന്‍റെ തുറമുഖമായ മാംഗലൂരിലുായിരുന്നു. മാവോജി സേട്ട് എന്നയാളായിരുന്നു ഏറെക്കാലം ടിപ്പുവിന്‍റെ ഏജന്‍റ്. മസ്കത്തിലെ സര്‍ക്കാര്‍ വക കപ്പലുകളുടെ കസ്റ്റംസ് തീരുവ ടിപ്പു പകുതിയായി നിശ്ചയിച്ചു കൊടുത്തിരുന്നു. ചന്ദനം, വസ്ത്രം, തടി, ഏലം, അരി എന്നിവയാണ് ടിപ്പുവിന്‍റെ കയറ്റുമതി വിഭവങ്ങള്‍. കുതിര, കോവര്‍ കഴുത, കാരക്ക, പട്ടു നൂല്‍ പുഴു എന്നിവ അറബികളും എത്തിച്ചു കൊടുത്തു. വ്യാപാരം വഴിയാണ് ടിപ്പു ഉസ്മാനീ സുല്‍ത്താനുമായി (ഖലീഫ) അടുത്തതും. ഉസ്മാനികള്‍ക്ക് വ്യാപാരത്തിന് സൗകര്യം ചെയ്തു കൊടുക്കാമെന്ന വ്യവസ്ഥയില്‍ അദ്ദേഹം മറാത്തികള്‍ക്കെതിരെ ഉസ്മാനീ സുല്‍ത്താന്‍റെ സഹായം തേടി. തുര്‍ക്കി ഖലീഫയുടെ അംഗീകരാം നേടുക എന്നത് കൂടിയായിരുന്നു ലക്ഷ്യം. മുഗളന്‍മാര്‍ സുല്‍ത്താനെ അംഗീകരിക്കാത്തത് കൊണ്ടാണ് ടിപ്പു ഉസ്മാനികളുടെ സഹായം തേടിയത്. മസ്കത്ത് തുറമുഖത്ത് ടിപ്പുവിന് യൂറോപ്യന്‍മാരേക്കാളും മറ്റ് ഇന്ത്യന്‍ ഭരണാധികാരികളേക്കാളും സ്വാധീനമുണ്ടായിരുന്നു. ഇത് എറെക്കാലം നീണ്ടു നിന്നില്ല. ടിപ്പുവിനോടുള്ള ഒമാന്‍ ഭരണാധികാരിയുടെ (ഇമാം) അനുഭാവം ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചില്ല.26 ടിപ്പുവിന്‍റെ പതന ശേഷം മസ്കത്തിലെ അദ്ദേഹത്തിന്‍റെ ഫാക്ടറി ബ്രിട്ടീഷുകാര്‍ സ്വന്തമാക്കുകയായിരുന്നു. 

സാംസ്കാരിക സൗഹൃദം

ഇന്ത്യന്‍ സമുദത്ത്രിന്‍റെ തീരങ്ങളില്‍ താമസിക്കുവര്‍ ഏത് സമുദായക്കാരായാലും അവരുടേതായ പൊതു സംസ്കാരം വളര്‍ത്തിയെടുത്തത് കാണാം. ഇത് മുഖ്യമായും വ്യാപാരവുമായി ബന്ധപ്പെട്ട്തന്നെയാണ്. സഞ്ചാരികളെല്ലാം മലബാറില്‍ നിലനിന്ന സംസ്കാരിക മൈത്രിയെ കുറിച്ച് വേണ്ടുവോളം പരാമര്‍ശിക്കുന്നു. ഹിന്ദുക്കള്‍ പന്നി മാംസവും മുസ്ലിംകള്‍ ഗോമാംസവും ഉപേക്ഷിച്ചും പരസ്പരം ബഹുമാനിച്ചിരുന്നുവെന്ന്  ചൈനീസ് സഞ്ചാരിയായ മാഹ്വാന്‍ കുറിക്കുന്നു. ഹിന്ദുക്കളുടെ ജാത്യാചാരങ്ങളില്‍ ആരും ഇടപെട്ടിരുന്നില്ല. ജാതി ഭ്രഷ്ടായവരോ, തൊട്ടു കൂടാത്തവരോ മതം മാറുന്നതില്‍ ബ്രാഹ്മണര്‍ക്ക് ഒരു വിരോധവും ഉണ്ടായില്ല. യഹൂദനും ക്രിസ്ത്യാനിയും ലോകത്തിന്‍റെ മിക്ക ഭാഗത്തും സംഘട്ടനത്തിലായിരുങ്കെിലും വ്യാപാര രംഗത്ത് അതുണ്ടായില്ല. ഫലസ്തീനിലും മധ്യപൂര്‍വ പ്രദേശത്തും കുരിശുയുദ്ധങ്ങള്‍ നടക്കുമ്പോഴും അത് വ്യാപാര രംഗത്തെ മുസ്ലിം ക്രിസ്തീയ ബന്ധത്തെ ബാധിച്ചില്ല. വിശ്വാസങ്ങളെ വ്യാപാരം പല വിധേന സ്വാധീനിച്ചു. സ്വര്‍ണവും വെള്ളിയും മൂല്യമുള്ള ലോഹങ്ങളായതും അത് സമ്പന്നന്‍റെ മാനദണ്ഡമായതും അതിന്‍റെ ലഭ്യതയെ ഉദ്ദേശിച്ച് കൊണ്ട് മാത്രമല്ല. ക്ഷാമമുള്ളതൊക്കെ മൂല്യമുള്ളതാവണമെന്നില്ല. ലോഹങ്ങള്‍ ജീവിത പ്രശ്നങ്ങളേയും ബാധിക്കുന്നില്ല. എന്നിട്ടും സ്വര്‍ണവും വെള്ളിയും മുഖ്യ ലോഹങ്ങളായത് ജനങ്ങളുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്‍മേലാണ്.27 ക്ഷേത്രങ്ങളില്‍ സ്വര്‍ണം മുഖ്യ ലോഹമാണ്. അറബികള്‍ക്ക് സ്വര്‍ണ നാണയം ഏറ്റവും ശ്രേഷ്ഠമായ (അശ്റഫി) ലോഹമാണ്. ഇത് പോലെ ഭക്ഷണത്തിന്‍റെ രുചി, അലങ്കാരം ഫാഷന്‍ എന്നിവയൊക്കെ ഓരോ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കുരുമുളകിന്‍റെ രുചി ആസ്വാദ്യമാവുന്നത് ഒരു വിശ്വാസത്തിന്‍റെ പേരിലാണ്. ചിലര്‍ക്ക് രുചിയുള്ളത് മറ്റുള്ളവര്‍ക്ക് രുചിയുള്ളതാവണമെന്നില്ല. പക്ഷേ, പൊതുവായ രുചി ഭേദങ്ങളും വര്‍ണങ്ങളും ആചാരങ്ങളുമൊക്കെ പ്രചരിപ്പിക്കുന്നതിലും നിര്‍ണയിക്കുന്നതിലും വ്യാപാരം വലിയ പങ്കു വഹിച്ചു. ആദ്യം ചായയോ പുകയിലയോ പ്രചാരത്തിലില്ല. എന്നാല്‍ സമുദ്ര യാത്രക്കിടയിലെ സാഹസങ്ങള്‍ക്കിടയില്‍ കുടപിടിച്ച കാപ്പിയും പുകയിലയും, തേയിലയും, ചോളവും, കുരുമുളകുമൊക്കെ സാര്‍വംഗീകൃതമാക്കുത് വ്യാപാരികളാണ്. പതിനഞ്ചാം നൂറ്റാണ്ടു വരെ മധ്യ പൗരസ്ത്യ ദേശത്ത് കാപ്പി (ഖഹ്വ)പ്രചാരത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ഉപയോഗം വ്യാപിച്ചതോടെ ഇത് മുഖ്യ കച്ചവട വസ്തുവായി. ഉല്പങ്ങളെ പരസ്യപ്പെടുത്തുന്നതിലും വ്യാപാരികള്‍ക്ക് വലിയ പങ്കുാണ്ടയിരുന്നു. യമനില്‍ നിന്നുള്ള പ്രധാന കയറ്റുമതിയായ കുന്തിരിക്കം മത സംബന്ധമായി എല്ലാവരും ഉപയോഗിക്കുതാണ്. ആവശ്യം കൂടിയപ്പോള്‍ വില കുറഞ്ഞ കുന്തിരിക്കം ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും സമ്പാദിച്ചു തുടങ്ങി. വ്യാപാരം വികസിപ്പിക്കാന്‍ വേണ്ടി ഇത്തരം ഉല്പങ്ങള്‍ സമ്പാദിക്കുതിനുള്ള സംഘങ്ങള്‍ തന്നെ ഉണ്ടായിരിക്കണം. അവര്‍ എന്ത് സാഹസം ചെയ്തും ഉല്പങ്ങള്‍ വ്യാപാരികള്‍ക്കെത്തിച്ചു കൊടുത്ത് കൊണ്ടിരുന്നു. കുന്തിരിക്കമില്ലാത്ത ഒരു മതാചാരത്തെക്കുറിച്ച് മലബാറുകാര്‍ക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. കടലിലെ മുത്തുകളും ശംഖും, കവടിയും രത്നങ്ങളുമൊക്കെ വില കൂട്ടിയത് വിശ്വാസങ്ങളാണ്. ഇവ കൈമാറിയാണ് മാലി ദ്വീപുകാര്‍ അരിയും അവശ്യ വസ്തുക്കളും സമ്പാദിച്ചത്. മലബാറില്‍ നിന്ന് ഉപ്പും, കുരുമുളകും, ദ്രവ്യങ്ങളും ബംഗാളില്‍ നിന്ന് പഞ്ചസാരയും എത്തിയപ്പോഴാണ് യൂറോപ്യരുടെ അന്നപാനാദികള്‍ക്ക് സ്വാദുണ്ടായത്. ഇന്ത്യക്കാരുടെ അലങ്കാരങ്ങളും ഡിസൈനുകളും വസ്ത്രങ്ങളുമൊക്കെ ഇന്നാട്ടിന്‍റെ കേളികൂട്ടിയ ഉല്പങ്ങളാണ്. വ്യാപാരികള്‍ തന്നെയാണ് ഭക്ഷണ രീതികളും ഉടുപ്പും നടപ്പുമൊക്കെ നിര്‍ണയിച്ചു തന്നത്. ഓരോ രാജ്യക്കാരനും അവരവരുടെ പ്രകൃതിയനുസരിച്ച് എങ്ങനെ കഴിക്കണമെന്നും എന്ത് കഴിക്കണമെന്നും തീരുമാനിച്ചത് അന്നാട്ടുകാരായിരുന്നുവെങ്കിലും അവ ഐക്യപ്പെടുത്തിയതും എത്തിച്ചു തന്നതും വ്യാപാരികള്‍ തന്നെ. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് യൂറോപ്പില്‍ ആദ്യം വലിയ മാര്‍ക്കറ്റുണ്ടായിരുന്നില്ല. പക്ഷേ, അവ ഫാഷനായി മാറിയതോടെ വലിയ പ്രിയമായി. തീരുമാനിച്ചുണ്ടാക്കുവയല്ല ഫാഷനുകള്‍. അവ സ്വയമേവ പ്രചാരപ്പെടുകയാണ്. പലപ്പോഴും വ്യാപാരികള്‍ സൂത്രങ്ങളിലൂടെ ഫാഷനുകള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രിയമില്ലാത്ത വസ്തു ഫാഷനാക്കി വില കൂട്ടാന്‍ വ്യാപാരികള്‍ക്ക് കഴിയും.  

മാനവ സൗഹൃദത്തിനും മത നിരപേക്ഷതക്കും ഇന്ത്യന്‍ സമുദ്ര തീരത്തെ വ്യാപാരം വളരേ സഹായകമായി. പറങ്കികളുടെ അധിനിവേശം വരുന്നതു വരെ അറബിക്കടല്‍ സൗഹൃദത്തിന്‍റെ കേന്ദ്രമായിരുന്നു. കാരണം വ്യാപാരികള്‍ സൗഹൃദത്തിലൂടെ പരസ്പര ക്ഷേമവും അഭിവൃദ്ധിയും ലാക്കാക്കി. വിശ്വാസപരമോ, രാജ്യ പരമോ, ഭാഷാ പരമോ  ആയ വ്യത്യാസങ്ങളൊന്നും ആ വ്യാപാര കൂട്ടായ്മകള്‍ക്ക് ഭംഗം വരുത്തിയില്ല. ഭരണാധികാരികള്‍ക്കാവട്ടെ രാജ്യ താല്പര്യങ്ങള്‍ക്കപ്പുറം മറ്റൊരു ലക്ഷ്യവുമുണ്ടായില്ല. അതിന് വേണ്ടിയാണ് അവര്‍ പരസ്പരം മത്സരിച്ചതും. പരസ്പര വിശ്വാസവും സഹവര്‍ത്തിത്വവും വിവിധ മതവിശ്വാസികള്‍ പരമാവധി നില നിറുത്തി. ഇതിന് ഏറ്റവും മാതൃക കോഴിക്കോട് തന്നെ. കോഴിക്കോട് സമുദ്ര വ്യാപാരം സംഭാവന ചെയ്ത സൗഹൃദം ഇന്നും പൂത്തുലഞ്ഞു തന്നെ നില്ക്കുന്നു. തീരപ്രദേശത്ത് ഇന്നും നില നില്ക്കുന്ന വിവിധ ദേശത്തുകാരുടെ കൂട്ടുവാസവും സ്ഥാപനങ്ങളും ഒരു ഭീഷണിയും കൂടാതെ സൗഹൃദം പങ്കിടുന്നു. പലരും കൂടൊഴിഞ്ഞു പോയെങ്കിലും സ്ഥല നാമങ്ങളിലൂടെയും മറ്റും അവരുടെ സാന്നിധ്യം ഇപ്പോഴും ഈ നാട് വിളിച്ചറിയിക്കുന്നു. കോഴിക്കോട്ടെ പട്ടുതെരുവിന് ഇപ്പോഴും ചൈനീസ് ഗന്ധമുണ്ട്. ജൈനന്‍മാരുടേയും ബുദ്ധന്‍മാരുടേയുമൊക്കെ ആവാസ കേന്ദ്രങ്ങളുടെ മുദ്രണങ്ങളും കോഴിക്കോട് കാണാം.  വലിയങ്ങാടിക്കടുത്ത പാര്‍ശ്വ നാഥ ക്ഷേത്രം ജൈനവാസത്തെ ഓര്‍മിപ്പിക്കുന്നു. ആദ്യ കാല ആരാധനാലയങ്ങള്‍ പലതും ബുദ്ധ-ജൈന വിഹാരങ്ങളായിരുന്നു. പലതും പിന്നീട് ബ്രാഹ്മണാധിപത്യത്തില്‍ വന്നു ക്ഷേത്രങ്ങളായി.  എട്ടാം നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ ബ്രാഹ്മണ ക്ഷേത്രങ്ങള്‍ വരാന്‍ തുടങ്ങിയതെന്ന് ലോഗന്‍ അനുമാനിക്കുന്നു. എന്നാല്‍ നാടോടി വിശ്വാസങ്ങള്‍ക്കും അവരുടെ തറകള്‍ക്കും നാടിനോളം തന്നെ പഴക്കമുണ്ട്. വൃക്ഷങ്ങളേയും, നാഗങ്ങളേയും, ദേവതകളേയും തറ കെട്ടി, തിരി വച്ചു ആരാധിക്കുകയായിരുന്നു നാടോടി പതിവ്. ഈ ദേവതകളെല്ലാം പിന്നീട് ബ്രാഹ്മണര്‍ അവരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു. അങ്ങനെ കരിയാത്തന്‍  (ഗിരി നാഥന്‍), വന ദൈവമായ വേട്ടക്കൊരു മകന്‍,  കരുവോന്‍ കാട്ടാള വേഷം ധരിച്ച ശിവന്‍, കാ കര്‍ണനെ ഘാ കര്‍ണന്‍, അതിരാളന്‍ എന്ന അന്തി മഹാകാലന്‍, തുടങ്ങിയ മല ദൈവങ്ങളെല്ലാം ക്ഷേത്രങ്ങളിലെത്തി.28 കുട്ടിച്ചാത്തന്‍(ബുദ്ധമതക്കാരുടെ പ്രേതം) ആദ്യം കുട്ടി സത്വനായും പിന്നീട് വിഷ്ണുമായയായും പ്രകീര്‍ത്തിക്കപ്പെട്ടു. പുതിയ ഐതിഹ്യങ്ങള്‍ രചിക്കപ്പെട്ടു.  നാടോടിത്തറകളും ജൈനബബുദ്ധ മതങ്ങളും പയ്യെ പയ്യെ ക്ഷയിച്ചു വന്നു. ഒമ്പതാം നൂറ്റാണ്ടിന് ശേഷമാണ് മിക്ക ക്ഷേത്രങ്ങളും പണിതത്. പലതും നാടു വാഴികളുടെ വകയാണ്. പോര്‍ളാതിരിയുടേയും സാമൂതിരിമാരുടേയും വക നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിതമായി. ഇന്ത്യന്‍ സമുദ്രത്തിലൂടെ പലവിശ്വാസങ്ങളും ആചാരങ്ങളും കടല്‍ കടന്നു വിരുന്നു പോയി. അവിട് പലതും നമ്മുടെ നാട്ടിലെത്തി. ആരും ആര്‍ക്കും വിലങ്ങായില്ല. ഇഷ്ടമുള്ളത് സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നത് കൊണ്ട് പുതിയ വിശ്വാസങ്ങളെ കൈ നീട്ടി സ്വീകരിക്കാന്‍ മലബാറുകാര്‍ക്ക് സാധിച്ചു. പല വിശ്വാസക്കാരും ഇവിടെ വാസമുറപ്പിച്ചത് വ്യാപാരത്തിന്‍റെ പേരിലാണ്. എല്ലാവരേയും സാമൂതിരി നാട് സസന്തോഷം സ്വീകരിച്ചു.  

പാര്‍സികളുടെ ഒരു അഗ്നി ക്ഷേത്രവും സെമിത്തേിരിയും മിഠായിത്തെരുവിലെ ഹനുമാന്‍ കോവിലിന് സമീപത്തുണ്ട്. സാമൂതിരി ദാനമായി നല്കിയ സ്ഥലത്താണല്ലോ ക്രിസ്ത്യാനികള്‍ കോഴിക്കോട്ടെ ആദ്യ ചര്‍ച്ച് പണിതത്. ബീച്ചാസ്പത്രിയുടെ പടിഞ്ഞാറുള്ള ഈ പള്ളി 1591ല്‍ പണിതതാണത്രേ (ഈ ചര്‍ച്ച് കടലെടുത്ത് പോയതാവണം). പതിനെട്ടാം നൂറ്റാണ്ടിലാണ് സെന്‍റ് ജോസഫ് സ്കൂളിന് സമീപമുള്ള മദര്‍ ഓഫ് കത്തീഡ്രന്‍ സ്ഥാപിച്ചത്.  1856ല്‍ കാനോലി സായ്പിന്‍റെ ശ്രമത്തില്‍ സി.എസ്.ഐ പള്ളി സ്ഥാപിച്ചു. 1834ല്‍ കോഴിക്കോട് കപ്പലിറങ്ങിയ ബാസല്‍ മിഷനും അവരുടെ സാന്നിധ്യമറിയിച്ചു. മലയാള ഭാഷയെ സമൃദ്ധമാക്കിയ ഗുണ്ടര്‍ട്ടിനെ സ്മരിക്കാതെ പോവാന്‍  മലയാളിക്കാവില്ല. ബാസല്‍ മിഷന്‍ സ്ഥാപിച്ച ആസ്പത്രികള്‍ വേറെ. കോഴിക്കോട്ടെ ധര്‍മാശുപത്രിയും കുഷ്ഠ രോഗാശുപത്രിയും ഈ മിഷന്‍കാരുടെ തന്നെ വകയാണ്. 1842ല്‍ സ്ഥാപിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളജ്, പിന്നെ ബി.ഇ.എം ഹൈസ്കൂള്‍, ഓട്ടു കമ്പനികള്‍, കോമ വെല്‍ത്ത് നെയ്ത്തു കമ്പനി എന്നിവയും ബാസല്‍ മിഷന്‍റെ മുദ്രകളാണ്.29

കോഴിക്കോടിന് പ്രസിദ്ധി ചാര്‍ത്തുതില്‍ മുസ്ലിംകളുടെ പങ്ക് ഒളിമങ്ങാതെ നില്ക്കുന്നു. ചാലിയത്തും, കോഴിക്കോട്ടും ബേപ്പൂരുമെല്ലാം ഇസ്ലാം മതം വ്യാപിച്ചത് സാമൂതിരിക്കും മുമ്പേയാണ്. ചാലിയത്തെ കണ്ണങ്കുളങ്ങര പള്ളിയുടെ കാലം പതിനൊാം നൂറ്റാണ്ടാണ്. കുറ്റിച്ചിറ ഭാഗത്ത് നിന്ന് പോര്‍ളാതിരിയെ സാമൂതിരി പുറത്താക്കിയത് മുസ്ലിംകളുടെ സഹായത്തോടെയാണ്. അവരുടെ കൊട്ടാരം സാമൂതിരി മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ നല്കി. അതാണത്രേ കുറ്റിച്ചിറ പള്ളി. മസ്കത്തില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമൊക്കെ കോയ (ഖോജ)മാര്‍ വന്ന് സാമൂതിരിയെ സഹായിച്ചു. രാജ്യ വിസ്തൃതി കൂട്ടാനും ശത്രുക്കളെ തോല്പിക്കാനും കോയമാരാണ് സാമൂതിരിയെ സഹായിച്ചത്. കോയമാര്‍ സാമൂതിരിയുടെ രക്ഷാ പുരുഷനും തുറമുഖാധിപനുമായി. വലിയങ്ങാടിയിലെ മുതാക്കര പള്ളിയും പുഴവക്കത്തെ നിസ്കാരപ്പള്ളിയും സാമൂതിരി ഭരണത്തില്‍ വരും മുമ്പേയുണ്ട്. സാമൂതിരിയുടെ മുച്ചന്തകത്ത് (മുച്ചുന്തി) കൊട്ടാരം പറങ്കികള്‍ തീവച്ചപ്പോള്‍ അത് കേടുപാട് തീര്‍ത്ത് പള്ളിയാക്കി സൗകര്യമേര്‍പ്പെടുത്തിയത് സാമൂതിരി തന്നെ. ആ പള്ളിയുടെ ചെലവും സാമൂതിരിയുടെ വക. ചാലിയത്തെ പറങ്കിക്കോട്ട തകര്‍ത്ത് അതിന്‍റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് നാഖൂദാ മിസ്ഖാല്‍ എന്ന വര്‍ത്തക പ്രമുഖന്‍ മിസ്ഖാല്‍ പള്ളി പണിതത്. ഗുജറാത്തി മുസ്ലിംകളുടേതാണ് മുതാക്കര പള്ളി. ശൈഖിന്‍റെ പള്ളി പതിനാറാം നൂറ്റാണ്ടില്‍ അബുല്‍ വഫാ മാമുക്കോയ എന്ന സൂഫി ഗുരുവിന് വേണ്ടി നിര്‍മിച്ചതാണ്. ചിറക്കല്‍ രാജ കുടുംബത്തില്‍ നിന്ന് മതം മാറിയ തോപ്പിലകത്ത് തറവാട്ടുകാരുടെ സഹായത്തോടെ ശൈഖ് മുഹ്യദ്ദീന്‍ എന്ന സൂഫി ഗുരുവിന്‍റെ നാമധേയത്തില്‍ നിര്‍മിച്ചതാണ് മുഹ്യദ്ദീന്‍ പള്ളി. 1782 മുസ്ലിം പട്ടാളക്കാരുടെ സൗകര്യാര്‍ഥം ടിപ്പു സുല്‍താന്‍റെ പട്ടാളം നിര്‍മിച്ചതാണ് പട്ടാളപ്പള്ളി. 

മുസ്ലിം വിഭാഗങ്ങള്‍ പലരും കച്ചവടാവശ്യാര്‍ഥം കോഴിക്കോട്ട് കുടിയേറി. ഇവരില്‍ പ്രമുഖരാണ് പതിനേഴാം നൂറ്റാണ്ട് തൊട്ട് മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയ ഹദ്റമീ സയ്യിദ് കുടുംബങ്ങള്‍. യമനിലെ ഹദര്‍ മൗതില്‍ നിന്ന് വ്യാപാരികളായും മത പ്രബോധകരായും നിരവധി സയ്യിദ് കുടുംബങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തിന്‍റെ തീരങ്ങളില്‍ അണഞ്ഞിരുന്നു. കോഴിക്കോട്ടെ സയ്യിദ് ജിഫ്രി കുടുംബം, പിന്നീട് വന്ന മമ്പുറത്തെ സയ്യിദ് കുടുംബം, പൊന്നാനിയിലും വളപട്ടണത്തും വന്ന സയ്യിദുമാര്‍ എന്നിങ്ങനെ മുപ്പതിലധികം സയ്യിദ് കുടുംബങ്ങള്‍ മലബാറിലുണ്ട്. കോഴിക്കോട്ടിനടുത്ത കൊയിലാണ്ടി സയ്യിദ് കുടുംബങ്ങളുടെ കോളണിയായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതുകളുടെ ആദ്യത്തിലും ബാഫഖീ കുടുംബം അരി വ്യാപാരത്തില്‍ മുന്നിട്ടുനിന്നു. ബറാമി കുടുംബവും ഹദര്‍ മൗതില്‍ നിന്നാണ് കോഴിക്കോട്ടെത്തുന്നത്. ഈ കുടുംബങ്ങളെല്ലാം മലബാറിന്‍റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നു.30 നാവായത്ത് (ഭട്കന്‍) മുസ്ലികളാണ് കോഴിക്കോട്ടുകാര്‍ക്ക്  ഹോട്ടല്‍ വ്യാപാരവും ടെക്സ്റ്റൈല്‍ വ്യാപരാവും പഠിപ്പിച്ച് കൊടുത്തത്. ഭട്ക്കല്‍ ലൈനും ഭട്ക്കല്‍ ഹനഫി പള്ളിയും കോഴിക്കോടിന്‍റെ ഭട്ക്കല്‍ പാരമ്പര്യം ഓര്‍മപ്പെടുത്തുന്നു. പല ഭട്കല്‍ വിഭവങ്ങളും പിന്നീട് കോഴിക്കോട്ടുകാര്‍ സ്വന്തമാക്കി. ബീജാപ്പൂര്‍, മൈസൂര്‍ എിവടങ്ങളില്‍ നിന്ന് കുടിയേറിയ പത്താനികളും കോഴിക്കോട് കേന്ദമാക്കി. ഇവര്‍ ദഖ്നി മുസ്ലിംകളെറിയപ്പെട്ടു. 1956 മുതല്‍ ദഖ്നി മുസ്ലിം ജമാഅത്ത് പ്രവര്‍ത്തിച്ച് പോരുന്നു. കച്ചവടാവശ്യാര്‍ഥം വന്ന മറ്റൊരു മുസ്ലിം വിഭാഗമാണ് ദാവൂദി ബോറമാര്‍. ഇവര്‍ ശിയാ വിഭാഗത്തില്‍ പെട്ടവരാണ്. സുന്നി ശിയാ പ്രശ്നങ്ങളൊന്നെും കോഴിക്കോട്ടുണ്ടാവാത്തത് വ്യാപാര സൗഹൃദം മൂലമാവാം. ഉപ്പിട്ട മത്സ്യം, പവിഴപ്പുറ്റ്, ചുക്ക്, ചകിരി നാര് എന്നിവയുടെ കയറ്റുമതിക്ക് ഇവരായിരുന്നു മുന്നിട്ടു നിന്നത്. ഇവര്‍ ആലാത്ത് ഓഫീസ് എന്ന പേരില്‍ ഒരു കയര്‍ വ്യാപാര ശാല സ്ഥാപിച്ചിരുന്നു. മറ്റൊരു വ്യാപാരി മുസ്ലിംസമുഹമാണ് മേമന്‍ എന്ന അലായി മുസ്ലിംകള്‍. ഇവര്‍ മുഖ്യമായും അരി വ്യാപാരികളായിരുന്നു.31 ഈ വിഭാഗങ്ങളെല്ലാം കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സൗഹൃദത്തോടെ തന്നെ ഇപ്പോഴും പ്രവര്‍ത്തിച്ച് കൊിരിക്കുന്നു.

കുറിപ്പുകള്‍: 

1 Romila Thaper, Somanatha The Many Voices of a History, London, 2005, p.45 ഇബ്നുല്‍ കല്‍ബിയുടെ കിതാബുല്‍ അസ്നാം എ കൃതിയെ ഉദ്ധരിച്ചാണ് ഇത് രേഖപ്പെടുത്തിയിരിക്കുത്. ഇസ്ലാമിന് മുമ്പുള്ള ഹജ്ജ് വേളകളില്‍ അറബികള്‍ മനാഥയുടെ ക്ഷേത്രം സന്ദര്‍ശിക്കു പതിവുായിരുത്രേ. 
2 Thomas Koonammakkal, Elements of Syrio Malabar History,Beth Aprem Nazrani Deira, Muttichira, 2012, p.3
3 S. S. Koder, Kerala and her Jews, Ernakulam,1965, p.2; Thomas, p.3
4 Saiyid Sulyman Nadwi, Arab ki Jahaz Rani, Bombay Islamic Research Association, 1958, pp.72-73
5 George Fadlo Hourani, Arab Sea Faring In the Indian Ocean,in Antiquity, Indian Rede,London and New Yoork, 1996, p.11
6 W. H Schoff, ed., Periplus of Erythrian Sea,Travel and Trade in the Indian Oceanby a merchant of the first    Century,London, 1912,Chapters 21-22 
7 Sulyman al Tajir and Abu Zaid Hasan Al Sirafi, Silsilat al Tawarikh, ed., M Reinaud,Frankfurt, 1994,pp.130-131
8 Jawwad Ali, Al Mufassal fi Tarikhil Arab Qabl al Islami, Beiruth, 1980, Vol. 4, p.245
9 George Foadilo Haurani, Arab Sea Faring in the Indian Ocean in Ancient and Early Medieval Times, p.45
10 Saiyid Sulyman Nadwi, pp.19-24
11 Ibid., pp.24-40
12 Ibid, pp.46-48
13 Abu Hanifa Ahmad bin Al Dawud al Dinawari, Kitab AKhbar al Tiwaal, Alexandria, 1959, p.321
14 Sulyman Nadwi, pp.63-64
15 Ibn Battutta, Rihla, translated by HAR Gibb, Vol.4, London, 1994, pp.812-817
16 Umar Suhrawardi, Rihlatul Muluk, Mal.tran., Abdu Rhman, Cheraman Perumal, Thrissur, 1958, p.15
17 Ibid., p.24
18 K.M. Mathew, History of the Portuguese Navigation in India, Delhi, 1988, p.168
19 Benjamin Walker, The Hindu World, An Encyclopaediac Survey of Hinduism, 1968, Wikipaedia.
20 Parappil Muhammad Koya, Kozhikkotte Muslimkalude Charithram, Kozhikod, 1994, p. 19
21 www.jewishencyclopedia.com/articles/4435-cochin
22 Gaspar Correa. op, cit, Livro Prlmeyro, Tolno I, Part 11, p. 625.
23 Gasper Correa, Part, 2, p.498
24 Ibid
25 Patricia Risso, Oman and Muscat, An Early Modern History,Croom Helm, Australia, 1985, p.82
26   See Muhibbul Hasan, History of Tipu Sulthan, Second edition, Calcutta,1871, pp.128-130
27 K.N. Chaudhari,Trade and Civilization in the Indian Ocean,An Economic History from the rise of Islam to 1750Cambridge, 1985,p.17
28 K. Balakrishnakkurup, Kozhikodinte Charithram, Calicut, 2000, p. 201.
29 Ibid., pp. 203-206
30 hussainrandathani.in/admin/bookpdf/7517.pdf
31 For Details Parappil Mammad Koya, op.cit, p. 202-07
Dr. Hussain Randathani
Chairman
Mahakavi Mohinkutty Vaidyar Mappila kala Academy
Kondotty
Pin: 673638
India
Email: drhussaink@gmail.com
Ph: +91 9995946382