The role of Umar Qazi's poems in popularizing Arabic poetry in Kerala

Dr. Jafar Sadik P.P

Since the inception of Islamic education in Kerala, Arabic poetry has played a crucial role in propagating and expanding Islamic teachings. Notable poets like Umar Qazi, Abubakar Shaliyathi, and Sheikh Zainuddin Makhdum have made significant contributions to Arabic literature in Kerala. Their works have been extensively studied and integrated into Islamic institutions and educational curricula across the region. Arabic poetry holds a prominent position in the literary landscape of Kerala and has been instrumental in disseminating Islamic jurisprudence among the Muslim community. Umar Qazi’s poetry, in particular, addresses theological complexities, elucidating divine beliefs, unity, and mystical insights. His poems offer spiritual responses to various inquiries and doubts. During his time, his Arabic poetry was popularly composed and written in mosques, gaining widespread circulation and appreciation. Umar Qazi was recognized as a momentary poet in Veliyangode. His style was simple yet captivating, appealing to everyone. He wrote some poems in Malayalam mixed with Arabic, which greatly appealed to Malayalis, making them widely popular among the community. These poems played a significant role in disseminating religious practices and cultural customs. Umar Qazi's poems helped in making these practices and customs widely known among the people. The Kerala Muslim community, which had attached great importance to religious education long before, found Umar Qazi's poetry very useful. His poems supported social criticism and ethical teachings, contributing significantly to the expansion of Arabic poetry's influence among scholars and the general public.

Key words: Arabic Poetry, Kerala Poetry, Ethics, Morals, Social Criticism. 

References: 

Jama-ath Committee. Veliyankode mahallu, (1993), Veliyankode Hazrath Umar Qasi (Ra) yude Jeeva Charithravum Krithikalum, (Second ed.), Veliyankode: Udaya art Printers,Choondal, Kunnamkulam. 
Al Qasimi. Abdul Gafoor Abdulla, (2000), Al Muslimoona Fi Kerala, Malappuram: Makthabath Amal.
Farooqi. Dr. Jamaludheen., Adarssery. Abdurahman Mohammed., Al mangadi. Abdurahman, (2008), Ailam al Adab al Arabi fil Hind, Calicut: Al Huda Books.
Farooqi. Dr. Jamaludheen., Mohammed. Abdurahman., Hassan. Abdurahman., (1986), Ailam al Muallifeen Bil Arabiyya fil Biladil Hindiyya, (First Ed.), Dubai:  Markaz Jamiyyath Al Majid Lissaqafa va Thuras.
Faizee. Alavikkutty Edakkara, Umar Qazi (R) Calicut, Kerala: S.Y.S. Books.
Latheef. N.K.A., (2010), Mappilasaili, Calicut: Vachanam Books.
Gangadharan. M., (2012), Mappila Padanangal, Kottayam: DC Books.
Prof. Koduvalli Abdul Khadir., (1998), Kerala Muslimkalude Ulpathi (History – Malayalam), Chemmad: Majlisuddawathil Islamiyyah, Hidaya Nagar.
Prof. K.M. Mohamed., (2012), Arabi Sahithiyathinu Keralathinte Sambhavana, Thirurangadi: Ashrafi Book Centre.
Dr. Jafar Sadik PP
Associate professor
Research Department of Arabic
Thunchan Memorial Government College
Tirur
India
Pin: 676502
Ph: +91 9846569251
Email: ppjsadik@gmail.com
ORCID: 0009-0002-6665-3701

കേരളത്തില്‍ അറബിക്കവിതകള്‍ക്ക് പ്രചാരം ലഭിക്കുന്നതില്‍ ഉമര്‍ ഖാസിക്കവിതകളുടെ പങ്ക്.

ഡോ. ജാഫര്‍ സാദിഖ് പി.പി

കേരളവും അറബികളും തമ്മിലുള്ള ബന്ധം വളരെ പഴക്കമുള്ളതാണ്. നൂറ്റാണ്ടുകള്‍ക്ക് എത്രയോ മുമ്പ് തന്നെ കേരളത്തിന് അറബികളുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. ജാഹിലിയ്യാ കാലത്തെ പ്രശസ്ത കവി ഇംറുല്‍ ഖൈസ്, മാന്‍പേടകളുടെ വിസര്‍ജ്ജനത്തെ കുരുമുളക് മണികളോട് ഉപമിച്ചിട്ടുണ്ട്. മുഹമ്മദ് നബിയുടെ കാലഘട്ടത്തിന് മുമ്പ് തന്നെ അറേബ്യയില്‍ കുരുമുളക് ലഭ്യമായിരുന്നുവെന്നതിന് മതിയായ തെളിവാണിത്. ഡച്ചുകാര്‍ ജാവയില്‍ കുരുമുളക് കൃഷി ചെയ്ത് തുടങ്ങുന്നതിന് മുമ്പ് കേരളത്തില്‍ മാത്രമെ അതുണ്ടായിരുന്നുള്ളൂവെന്നും അന്ന് അറബികള്‍ക്ക് കേരളവുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവാണിതെന്നും പ്രൊഫ. കെ.എം. മുഹമ്മദ്ڇഅറബി സാഹിത്യത്തിന് കേരളത്തിന്‍റെ സംഭാവന എന്ന പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.1 കേരളത്തില്‍ ഇസ്ലാം മത പ്രബോധനം ആരംഭിച്ചത് മുതല്‍ ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രചരണത്തിനും വ്യാപനത്തിനുമായി കവിതാ ശകലങ്ങള്‍ ഉപയോഗിച്ചിരുന്നു. അറബി ഭാഷക്ക് വലിയ സംഭാവനകള്‍ നല്‍കിയ നിരവധി കവികള്‍ കേരളത്തില്‍നിന്നുണ്ട്. ഉമര്‍ ഖാസി, അബൂബക്കര്‍ ശാലിയാത്തി, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങി പ്രമുഖരുടെ കവിതകള്‍ ഇതില്‍ ചിലതുമാത്രമാണ്. കേരളത്തിലെ ഇസ്ലാമിക സമൂഹത്തില്‍ പ്രസിദ്ധി നേടിയ ഉമര്‍ ഖാസിയുടെ അറബി കവിതകള്‍ എങ്ങിനെയാണ് അറബി കവിതകളുടെ തന്നെ വളര്‍ച്ചക്കും വ്യാപനത്തിനും വഴി വെച്ചതെന്ന് വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം.

താക്കോല്‍ വാക്കുകള്‍: അറബി കവിത, കേരള കവിത, നൈതികത, ധാര്‍മ്മികത, സാമൂഹ്യ വിമര്‍ശനം.

ഉത്തരാധുനിക യുഗത്തില്‍ സമൂഹ നിര്‍മ്മിതിയില്‍ കവിതയുടെ പങ്ക് അനിര്‍വചനീയമാണ്. എന്നാല്‍ കവിതയുടെ സ്വത്വം ഇന്നത്തെ അര്‍ത്ഥത്തില്‍ നിര്‍വ്വചിക്കപ്പെടുന്നതിന് മുമ്പ് പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും സാമൂഹ്യ വിമര്‍ശനത്തിനും നൈതികതയും ധാര്‍മ്മികതയും കരുപ്പിടിപ്പിക്കുന്നതിനും അറബി കവിതകള്‍ കേരളത്തില്‍ ഉപയോഗപ്പെടുത്തിയതായി കാണാം. കേരളത്തിലെ മുസ്ലിംകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായി വീറോടെ പട പൊരുതുകയും കടുത്ത സാമ്പത്തിക-മനുഷ്യവിഭവശേഷി നഷ്ടങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത അക്കാലത്ത്, പ്രതിരോധ രംഗത്തും ഇസ്ലാമിക പ്രബോധന രംഗത്തും ആശയാദര്‍ശ കൈമാറ്റത്തിനായുള്ള പ്രധാന ഉപാധിയായി കവിത മാറി. കൂടാതെ വ്യാപകമായി രചിക്കപ്പെട്ട മൗലൂദ് ബൈത്തുകളില്‍ അറബിക്കവിതക്ക് വലിയ സ്ഥാനം ലഭിച്ചു. ജ്ഞാന കൈമാറ്റത്തിന്‍റെ പ്രധാന വഴിയായും കവിത നിലകൊണ്ടു. സ്വദേശത്തും വിദേശത്തും രചിക്കപ്പെട്ട കവിതാ ഗ്രന്ഥങ്ങള്‍ ഇസ്ലാമിക സ്ഥാപനങ്ങളിലും പള്ളിദര്‍സുകളിലും പാഠ്യപദ്ധതിയില്‍ ഇടംപിടിച്ചു. വ്യാകരണ ശാസ്ത്രത്തില്‍ രചിക്കപ്പെട്ട ഇബ്നു മാലിക്കിന്‍റെڇഅല്‍ഫിയ്യ, സൂഫിശ്രേണിയായ തസ്വവ്വുഫില്‍ രചിക്കപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ അദ്കിയ, തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഉദാഹരണമായി കാണാം. കേരള മുസ്ലിംകളുടെ ഉല്‍പത്തി എന്ന പുസ്തകത്തില്‍ പ്രൊഫ. കൊടുവള്ളി അബ്ദുല്‍ ഖാദിര്‍ ഇപ്രകാരം വിശദീകരിക്കുന്നു: څڅശൈഖുമാര്‍, ഔലിയാക്കള്‍, ശുഹദാക്കള്‍ എന്നിവരെ വാഴ്ത്തിക്കൊണ്ട് രചിക്കപ്പെട്ട പദ്യങ്ങളും ഗദ്യങ്ങളും മുസ്ലിംകള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അവയില്‍ നിന്നാണ് മുസ്ലിം സമൂഹം ആവേശം നുകര്‍ന്നിരുന്നത്. മാപ്പിളമാരുടെ ആത്മാഭിമാനത്തിന്‍റെയും ധീരതയുടെയും അത്യുജ്ജ്വലമായ ത്യാഗ ബോധത്തിന്‍റെയും വറ്റാത്ത ഉറവിടമായി മാപ്പിള സാഹിത്യം നിരവധി നൂറ്റാണ്ടുകളോളം നിലനിന്നുچچ. മുസ്ലിംകള്‍ക്കിടയില്‍ അറബിക്കവിതകള്‍ക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നുവെന്നും മൗലിദുകളിലേതടക്കമുള്ള പല പദ്യങ്ങളും പരക്കെ പ്രചാരത്തിലുണ്ടായിരുന്നുവെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.

ഇപ്രകാരം കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ അറബിക്കവിതകള്‍ക്ക് വലിയ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ കേരളത്തിലെ അറബിക്കവികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാലിക് ബ്നു ദീനാറിന്‍റെ കുടുംബ പരമ്പരയില്‍ 1429 -ല്‍ ജനിച്ച അബൂബക്കര്‍ ശാലിയാത്തി, മഖ്ദൂം ഒന്നാമന്‍, ഖാദി മുഹമ്മദ്, ശൈഖ് ജിഫ്രി, ഉമര്‍ ഖാസി തുടങ്ങിയ പ്രതിഭകള്‍ കേരളത്തില്‍ അറബിക്കവിതക്ക് മാറ്റ് കൂട്ടിയവരില്‍ പ്രമുഖരാണ്.

വെളിയങ്കോട് കാക്കത്തറയില്‍ ആലി മുസ്ലിയാരുടെയും ആമിനയുടെയും മകനായാണ് ഉമര്‍ ഖാസി ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ കവിതാ രചനയില്‍ പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പില്‍ക്കാലത്ത് അറിയപ്പെട്ട നിമിഷകവിയായി മാറി. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍, വിലാപകാവ്യങ്ങള്‍, ഗുണപാഠ കവിതകള്‍, കര്‍മ്മശാസ്ത്ര വിധികള്‍ വിവരിക്കുന്ന കവിതകള്‍, നര്‍മ്മ കവിതകള്‍ എന്നിങ്ങനെ വിവിധ കവിതാ ശാഖകളില്‍ അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. 

ഇസ്ലാമിക കര്‍മ്മശാസ്ത്ര രംഗത്തെ സുപ്രധാനമായ ഏതാനും വിധിവിലക്കുകള്‍ ഉമര്‍ ഖാസി കവിതാ രൂപത്തിലാക്കി. പഠിച്ചെടുക്കാന്‍ ചൊല്ലിപടിക്കുന്നതില്‍ ശ്രദ്ധകേന്ദീകരിച്ചിരുന്ന മദ്രസാ ദറസുകളില്‍ ഇത്തരം മസ്അലകള്‍ മനപ്പാടമാക്കുക പ്രയാസമായിരുന്നു. എന്നാല്‍ കവിതാ രൂപത്തിലായ ഇത്തരം മസഅലകള്‍ മനപ്പാഠമാക്കാന്‍ ഇതിലൂടെ പഠിതാക്കള്‍ക്ക് എളുപ്പാമായി.څഭക്ഷിക്കാന്‍ അനുവദനീയമായ ജീവജാലങ്ങളുടെ പട്ടികڇതറാജിമുല്‍ മുഹല്ലലാത്ത് എന്നപേരിലുംڅഭക്ഷിക്കല്‍ നിഷിദ്ധമായ ജീവജാലങ്ങളുടെ പട്ടിക തറാജിമുല്‍ മുഹറമാത്ത് എന്നപേരിലും അദ്ദേഹം രചിച്ചു. അറബിയും മലയാളവും ചേര്‍ത്താണ് ഈ രചനകള്‍ നടത്തിയത്.ڇതറാജിമുല്‍ മുഹല്ലലാത്ത് ആരംഭിക്കുന്നത് ഇപ്രകാരമാണ്.

വ അന്‍ആമു ആടും മാടു ഫയ്യുന്‍ വ വൊട്ടകം
വ ഖയ്ലുന്‍ ബി കുതിര ബഖറു വഹ്ഷിന്‍ തളാഹറാ

ഇതില്‍ ആട്, മാട്, പശു, ഒട്ടകം എന്നീ മലയാള പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ആകെയുള്ള പതിനാല് വരി കവിതയില്‍ നിരവധി മലയാള പദങ്ങള്‍ ഉപയോഗിച്ചു. തറാജിമുല്‍ മുഹറമാത്ത് എന്ന കവിതയും ഇപ്രകാരം തന്നെയാണ് രചിച്ചിരിക്കുന്നത്. ആദ്യ വരി ഇപ്രകാരമാണ്.

വഖിന്‍സീറു പന്നി കല്‍ബു നായിന്‍ സുറാഫത്തുന്‍
ലി കയ്തപ്പുലി അസദുന്‍ പുലിന്നംലു ദാകിറാ

ഇതില്‍ പന്നി, നായ, കഴുത, പുലി എന്നീ മലയാള പദങ്ങളുണ്ട്. തുടര്‍ന്നുള്ള വരികളിലും ഇപ്രകാരം മലയാളവും അറബിയും ഇടകലര്‍ത്തിയാണ് കവിത രചിച്ചിട്ടുള്ളത്. പെട്ടെന്ന് ഗ്രഹിക്കാനും മനസ്സിലാക്കാനും പഠിക്കാനും കഴിയുന്ന വരികളായതുകൊണ്ടുതന്നെ ഇത്തരം കവിതകള്‍ അറബിക്കവിതയുടെ വളര്‍ച്ചയിലും വ്യാപനത്തിലും അതിന്‍റേതായ പങ്ക് വഹിച്ചിട്ടുണ്ട്.

ദൈവിക വിശ്വാസത്തിന്‍റെ അടിത്തറയും ഏകത്വവും രഹസ്യങ്ങളും വിശദീകരിക്കുന്ന നഫാഇസുദുറര്‍ എന്ന ഗ്രന്ഥം വിവിധ സംശയങ്ങള്‍ക്കുള്ള  ആത്മീയമായ മറുപടിയാണ്. പ്രസ്തുത ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗം പ്രവാചക പ്രകീര്‍ത്തനവും പ്രവാചക ദൃഷ്ടാന്തങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. പ്രവാചക പ്രകീര്‍ത്തനത്തില്‍ അദ്ദേഹം രചിച്ച കാവ്യങ്ങള്‍ മനോഹരവും അനശ്വരവുമായി നില കൊള്ളുന്നു. പ്രസ്തുത കവിതകള്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ വലിയ പ്രചാരം നേടുകയുണ്ടായി.

ശാഫിഈ മദ്ഹബിലെ പണ്ഡിതനും ഗ്രന്ധകാരനുമായ ഇമാം ഇബ്നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ യെന്ന ഗ്രന്ധത്തെ അവലംബിച്ച് ഉമര്‍ ഖാസി വിവാഹത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളും കടമകളും കടപ്പാടുകളും വിവരിക്കുന്ന മഖാസിദുന്നികാഹ് എന്ന ഗ്രന്ധം രചിച്ചു. വിവാഹത്തിന്‍റെ വിവിധ മസ്അലകളെക്കുറിച്ചുള്ള ആധികാരികമായ പഠനമാണ് ഈ ഗ്രന്ഥം. ഇതില്‍ വിവാഹത്തിന്‍റെ മാഹാത്മ്യം, വൈവാഹിക നിയമങ്ങള്‍, ദാമ്പത്യം അനുവദനീയമാക്കുന്ന കാര്യങ്ങള്‍, വിവാഹത്തിന്‍റെ സുന്നത്തുകള്‍ എന്നിങ്ങിനെ  വിവാഹവുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങള്‍ പ്രതിപാതിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട കര്‍മ്മ ശാസ്ത്ര വ്യവസ്ഥകളെ ലളിതമാക്കി അവതരിപ്പിക്കാന്‍ ഉമര്‍ ഖാസിക്ക് കഴിഞ്ഞു. അതിനാല്‍ ഈ കാവ്യ ഗ്രന്ഥം ഇസ്ലാമിക പണ്ഡിതന്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം നേടി. ഉമര്‍ ഖാസിയുടെ ഈ വിശിഷ്ട കാവ്യം ഈജിപ്തില്‍ നിന്നും മലബാറില്‍ നിന്നും മലേഷ്യയില്‍ നിന്നും പല തവണ മുദ്രണം ചെയ്തിട്ടുണ്ട്. അറബികളും അനറബികളുമായ മുസ്ലിം പ്രതിഭാശാലികളുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രീ ഭൂതമായ മഹല്‍ അറബി പദ്യമാണ് മഖാസിദുന്നികാഹ്.2

അദ്ദേഹത്തിന്‍റെ കാലത്ത് പള്ളിഭിത്തികളില്‍ അറബി കവിതകള്‍ എഴുതി വെക്കാറുണ്ടായിരുന്നു. അറബിക്കവിതകള്‍ക്ക് പ്രചാരം ലഭിക്കുന്നതില്‍ ഇത്തരത്തില്‍ എഴുതിവെക്കപ്പെട്ട കവിതകള്‍ക്കും പങ്കുണ്ട്. ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ സൂചിപ്പിച്ചുകൊണ്ട് ഉമര്‍ ഖാസി, കൊടുങ്ങല്ലൂര്‍ ജുമുഅത്ത് പള്ളിയുടെ ഭിത്തിയിലും അഴിക്കോട് പുതിയ ജുമുഅത്ത് പള്ളി ചുമരിലും കവിതകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രസ്തുത കവിതയുടെ ആദ്യവരി ചുവടെ ചേര്‍ക്കുന്നു.

വബഅ്ദു ഫ കൊടുങ്ങല്ലൂരു മന്‍ഷാ മുവസ്മിന്‍
ബി ചക്രവര്‍ത്തി പെരുമാളിന്‍ മലീകിന്‍ മുഅള്ളമി.

പൊന്നാനിയിലെ അതിപ്രാചീന പള്ളികളിലൊന്നാണ് തോട്ടുങ്ങല്‍ പള്ളി. ആ പള്ളിയുടെ ഭിത്തിയില്‍ ഉമര്‍ ഖാസി എഴുതിയ അറബിക്കവിതയുടെ ആദ്യ വരി ഇപ്രകാരമാണ്.

യാ മസ്ജിദല്‍ ഖൈറാത്തി ഫള്ലുക ളാഹിറുന്‍
കം മന്‍ യുസ്വല്ലി ഫീക കാന വ ദാകിറു.

അനുഗ്രഹീത പള്ളിയേ. നിന്‍റെ ശ്രേഷ്ഠത വ്യക്തമായിരിക്കുന്നു. എത്ര പേരാണ് നിന്നില്‍ നിസ്കരിക്കുന്നതും ദൈവ കീര്‍ത്തനങ്ങള്‍ ഉരുവിടുന്നതും.3

ഉമര്‍ ഖാസി ഖാസിസ്ഥാനം അലങ്കരിച്ചിരുന്ന പള്ളികള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ തഹിയ്യത്ത് നിസ്കാരശേഷം ഏതാനും അറബി കവിതകള്‍ പള്ളി ഭിത്തിയില്‍ എഴുതല്‍ പതിവായിരുന്നുവെന്ന് വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ച വെളിയങ്കോട് ഹസ്രത്ത് ഉമര്‍ഖാസി (റ) യുടെ ജീവചരിത്രവും കൃതികളും ധ17651857പ എന്ന പുസ്തകത്തില്‍ പ്രതിപാതിക്കുന്നുണ്ട്. ഒരിക്കല്‍ ഉമര്‍ ഖാസി കോഴിക്കോട് മിസ്ഖാല്‍ പള്ളി സന്ദര്‍ശിക്കുകയും സുഹൃത്തായ ഖാസി മുഹ്യിദ്ദീനെ അനുമോദിച്ച് കവിത എഴുതുകയും ചെയ്തു. പ്രസ്തുത കവിത കോഴിക്കോട് ഖാസി നാലകത്ത് മുഹമ്മദ്കോയ സാഹിബിന്‍റെ കയ്യിലുഉള്ളതായി കവിത സഹിതം മേല്‍ സൂചിപ്പിച്ച പുസ്തകത്തില്‍ കാണാം. ഇത്തരത്തില്‍ പള്ളി ഭിത്തികളില്‍ എഴുതപ്പെട്ട കവിതകള്‍ പലതും നഷ്ടപ്പെട്ടുവെന്ന് പ്രസ്തുത ഗ്രന്ധത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അറബിക്കവിതയില്‍ നടന്ന കത്തിടപാടുകളും പ്രശസ്തമാണ്. സ്വാതന്ത്ര പോരാളി കൂടിയായിരുന്ന ഉമര്‍ ഖാസി കോഴിക്കോട് ജയിലില്‍ കഴിയേണ്ടി വന്ന സമയത്ത് തന്‍റെ ആത്മീയാചാര്യനായ ഹസ്രത്ത് സയ്യിദ് അലവി തങ്ങള്‍ക്ക് അയച്ച ജയില്‍ ജീവിത കഥകള്‍ അടങ്ങിയ അറബിക്കവിതാ സന്ദേശവും പ്രസിദ്ധമാണ്. ജയിലിലെ തിക്താനുഭവങ്ങള്‍ കണ്ണുനീരോടെയാണ് മമ്പുറം തങ്ങള്‍ വായിച്ചത്. പൗര പ്രധാനികളടക്കമുള്ള ജനങ്ങളുടെ മുമ്പില്‍ മമ്പുറം തങ്ങള്‍ പ്രസ്തുത കവിത വായിച്ചു. എത്രയും വേഗം ഉമര്‍ ഖാസിയെ വിട്ടയക്കണമെന്ന് കാണിച്ച് മലബാര്‍ കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. മാപ്പിളമാര്‍ വീണ്ടും സായുധ സമരത്തിന് മുതിരുമെന്ന ആശങ്കയില്‍ ഉമര്‍ ഖാസിയെ നിരുപാധികം വിട്ടയച്ചു. പ്രസ്തുത കവിതാ സന്ദേശത്തിന്‍റെ പങ്ക് നിസ്തുലവും ജനമനസ്സുകളില്‍ ഇടം പിടിച്ചതുമാണെന്ന് വ്യക്തമാണല്ലോ. 

അറബിക്കവിതകളെ കേരളീയ മുസ്ലിം സമൂഹത്തില്‍ കൂടുതല്‍ പരിചിതമാക്കിയ കവിതകളില്‍ പ്രസിദ്ധമാണ് തീവണ്ടി ബൈത്ത്, വെറ്റില മുറുക്ക് ബൈത്ത്, കാപ്പി ബൈത്ത് തുടങ്ങിയവ. മലബാറില്‍ ആദ്യത്തെ തീവണ്ടി ഓടാന്‍ ആരംഭിച്ച ഘട്ടത്തില്‍ ഉമര്‍ ഖാസി തീവണ്ടിയെക്കുറിച്ച് അറബിയില്‍ കവിതയെഴുതി. 

റഅയ്ത്തു ബിബരിന്‍ അംസി യാ സ്വാഹി മര്‍കബന്‍
യസീറു ബിലാ രിജ്ലിന്‍ അല റയ്ലി ഹാരിബാ.
ബി സൗത്തിന്‍ ബി കൂ കൂ  വ ഷീ ഷീ മഅ ദുഖാന്‍.
വഫീഹില്‍ ഉനാസു വല്‍ മതാഉ അജാഇബാ.ڈ

അതിന്‍റെ വിവര്‍ത്തനം ഇപ്രകാരമാണ്. څڅസ്നേഹിതാ... ഇന്നലെ കരയിലൂടെ കാലില്ലാതെ റെയിലില്‍ കൂടി ഒരു വാഹനം ഓടുന്നത് ഞാന്‍ ദര്‍ശിച്ചു. അത് കൂ കൂ ശീ ശീ എന്നീ ശബ്ദത്തോടും പുകയോടും കൂടി ഓടുന്നു. അതില്‍ അത്ഭുതകരമായ രൂപത്തില്‍ ആളുകളും ചരക്കുകളും ഉണ്ട്چچ. അപ്രകാരം എഴുതിയ മറ്റു ബൈത്തുകളാണ് വെറ്റിലമുറുക്കു ബൈത്തും കാപ്പി ബൈത്തും. വെറ്റില മുറുക്ക് ബൈത്തിലൊന്ന് ഇപ്രകാരമാണ്.

സലാസതുന്‍ ബഅ്ദ ത്വആമി തുഅകലു.
ഫ നൂറത്തുന്‍ വ ഫൂഫുലുന്‍ വ തന്‍ബുലു.

څڅവെറ്റില, അടക്ക, ചുണ്ണാമ്പ് എന്നീ മൂന്ന് വസ്തുക്കള്‍ ആഹാരത്തിന് ശേഷം ഉപയോഗിക്കുന്നുچچ.

മറ്റൊരു ബൈത്ത് ഇപ്രകാരമാണ്.

അര്‍ക്കാനു മുര്‍ക്കാനിനാ അര്‍ബഅത്തുന്‍ നൂറുന്‍.
വ ഫൂഫുലു തന്‍ബുലു തന്‍ബാക്കു മഷ്ഹൂറു. 

സാധാരണ ഉപയോഗിച്ച് വരുന്ന മുര്‍ക്കാനിന്‍റെ ഘടകങ്ങള്‍ ചുണ്ണാമ്പ്, അടക്ക, വെറ്റില, പ്രസിദ്ധമായ പുകയില എന്നീ നാലെണ്ണമാണ് എന്നര്‍ത്ഥംچچ.

കാപ്പി ബൈത്ത് ഇപ്രകാരമാണ്.

ഷറാബുന്‍ ജറാ ഫീ കുല്ലി ഖുഥ്രിന്‍ വ ബല്‍ദത്തിന്‍ .
ബി ത്വബ്ഖിന്‍ ഖുഷൂരില്‍ ബുന്നി യുദ്ആ ബി ഖഹ് വ ത്തി. 

സാരം ഇപ്രകാരമാണ്. څڅകാപ്പിക്കുരുവിന്‍റെ തൊലി ചേര്‍ത്ത് വേവിച്ചുണ്ടാക്കുന്നതും എല്ലാ പ്രദേശത്തും പ്രചാരത്തിലുള്ളതുമായ ഒരു തരം പാനീയത്തിന് കാപ്പി എന്ന് പേര് പറയപ്പെടുന്നുچچ.ڈകേവലം വിശദീകരണത്തിനപ്പുറം കവിതയിലൂടെ ആകര്‍ഷകമാക്കി അവതരിപ്പിക്കാനും കവിതയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടാനും ഇത്തരം കവിതകള്‍  ഉപകരിച്ചു എന്നത് ശ്രദ്ധേയമാണ്.

അറബിയും മലയാളവും ചേര്‍ത്തെഴുതിയ കവിതകളും ഉമര്‍ ഖാസിക്കുണ്ട്. പ്രസ്തുത കവിതകളിലൂടെ നിരവധി അറബി പദങ്ങള്‍ കേരളത്തില്‍ പ്രചുരപ്രചാരം നേടിയിട്ടുണ്ട്. മുകളില്‍ പ്രതിപാദിച്ച പല കവിതകളിലും വന്ന അറബി പദങ്ങള്‍ ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. തറാജിമുല്‍ മുഹല്ലലാത്ത് ല്‍ പറയപ്പെട്ട അഖ് അഥവാ സഹോദരന്‍,ڇതറാജിമുല്‍ മുഹറമാത്ത്ല്‍ പരാമര്‍ശിക്കപ്പെട്ട കല്‍ബ് അഥവാ നായ, ഖിന്‍സീര്‍ അഥവാ പന്നി ഹിമാര്‍ അഥവാ കഴുത എന്നീ പദങ്ങളും മലയാളികള്‍ക്ക് പരിചിതമാണ്. ഇത്തരത്തില്‍ നിരവധി അറബി പദങ്ങള്‍  ഉമര്‍ ഖാസിയുടെ കവിതയില്‍ നമുക്ക് കാണാന്‍ സാധിക്കും.

വെളിയങ്കോട് ഉമര്‍ ഖാസി നിമിഷകവിയായി അറിയപ്പെട്ടു. അദ്ദേഹത്തിന്‍റെ ശൈലി ഏവരെയും ആകര്‍ഷിക്കുന്നതും ലളിതവുമായിരുന്നു. പൂര്‍ണ്ണമായും അറബി ഭാഷയിലും മലയാള വും അറബിയും ഇട കലര്‍ത്തിയും  അദ്ദേഹം കവിത രചിച്ചു. മലയാളം ഇട കലര്‍ത്തി ലളിതമാക്കി എഴുതിയ കവിതകളൊണ്  മറ്റു കവികളില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. അത് വഴി മലയാളികള്‍ക്ക് വളരെ പെട്ടെന്ന് ഗ്രഹിക്കാവുന്ന കവിതകളായി അത് മാറി. കേരളീയ മുസ്ലിം സമൂഹം മതപരമായ പഠനത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നതിനാലും മതാചാര കര്‍മ്മങ്ങള്‍ക്കായി ആചാര അനുഷ്ഠാന ചര്യകള്‍ പാലിക്കേണ്ടത് അനിവാര്യമായതിനാലും പ്രസ്തുത പഠനം നടത്തുവാന്‍ ഉമര്‍ ഖാസിയുടെ കവിതകള്‍ ഉപകരിച്ചു. സാമൂഹിക വിമര്‍ശനം, ഗുണപാഠങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന കവിതകള്‍ പണ്ഡിതന്മാര്‍ പൊതുജനങ്ങള്‍ക്കായി പകര്‍ന്നുനല്‍കിയത് വഴി അറബിക്കവിതയുടെ വ്യാപനത്തില്‍ ഉമര്‍ ഖാസിയുടെ കവിതകള്‍ മഹത്തായ പങ്ക് വഹിച്ചു. അറബിയും മലയാളവും ഇട കലര്‍ത്തി എഴുതിയ കവിതകള്‍ അറബി പരിജ്ഞാനമില്ലാത്തവര്‍ക്ക് പോലും ഗ്രഹിക്കാന്‍ സാധിക്കുന്നതാണ്. മത വിജ്ഞാന സദസ്സുകളിലും പള്ളി ദര്‍സുകളിലും  ഉമര്‍ ഖാസിയുടെ പ്രവാചക പ്രകീര്‍ത്തന കവിതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നര്‍മ്മ കവിതകളായി എഴുതപ്പെട്ടവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതായും  കത്തിടപാടുകള്‍ വരെ അറബി കവിതയില്‍ നടന്നതായും പള്ളികളുടെ ചുമരുകളില്‍ കവിതകള്‍ എഴുതി വെക്കപ്പെട്ടതായും ചരിത്ര രേഖകളിലുണ്ട്. ഇക്കാര്യങ്ങളെല്ലാം അറബിക്കവിതയുടെ വളര്‍ച്ചയില്‍ ഉമര്‍ഖാസിക്കവിതയുടെ പങ്കിനെ സാധൂകരിക്കുന്നതാണ്.

കുറിപ്പുകള്‍

1 പ്രൊഫ. കെ.എം. മുഹമ്മദ് എഴുതിയڇഅറബി സാഹിത്യത്തിന് കേരളത്തിന്‍റെ സംഭാവന എന്ന ഗ്രന്ധത്തില്‍ ചരിത്ര പശ്ചാത്തലം എന്ന ശീര്‍ഷകത്തില്‍ ഇക്കാര്യം പഠന വിധേയമാക്കിയിട്ടുണ്ട്.
2 നിക്കാഹിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്നര്‍ത്ഥം
3 ഉമര്‍ഖാസി(റ)യുടെ ജീവ ചരിത്രവും കൃതികളും എന്ന ഗ്രന്ഥത്തില്‍ അപ്രകാരം (ജമഴല 147148) രേഖപ്പെടുത്തിയിട്ടുണ്ട്. 

ഗ്രന്ഥസൂചി:

ജമാഅത്ത് കമ്മറ്റി. വെളിയങ്കോട് മഹല്ല്, (1993), വെളിയങ്കോട് ഹസ്രത്ത് ഉമര്‍ ഖാസി(റ)യുടെ ജീവചരിത്രവും കൃതികളും, വെളിയങ്കോട്: ഉദയ ആര്‍ട് പ്രിന്‍റേഴ്സ്.
അല്‍ ഖാസിമി. അബ്ദുല്‍ ഗഫൂര്‍ അബ്ദുള്ള, (2000), അല്‍ മുസ്ലിമൂന ഫീ കേരള, മലപ്പുറം: മക്തബത് അമല്‍.
ഫാറൂഖി. ഡോ. ജമാലുദ്ദീന്‍., ആദര്‍ശ്ശേരി. അബ്ദുറഹ്മാന്‍ മുഹമ്മദ്., അല്‍ മങ്ങാടി. അബ്ദുറഹ്മാന്‍, (2008), അഅലാമുല്‍ അദബ് അല്‍ അറബി ഫില്‍ ഹിന്ദ്, കാലിക്കറ്റ്: അല്‍ ഹുദാ ബുക്ക്സ്.
ഫാറൂഖി. ഡോ. ജമാലുദ്ദീന്‍., മുഹമ്മദ്. അബ്ദുറഹ്മാന്‍., ഹസ്സന്‍. അബ്ദുറഹ്മാന്‍, (1986), അഅലാമുല്‍ മുഅല്ലിഫീന്‍ ബില്‍ അറബിയ്യ ഫില്‍ ബിലാദില്‍ ഹിന്ദിയ്യ, ദുബായ്: മര്‍കസ് ജംഇയ്യ അല്‍ മാജിദ് ലി സഖാഫ വ തുറാസ് .
ഫൈസി. അലവിക്കുട്ടി എടക്കര, ഉമര്‍ ഖാസി (റ). കാലിക്കറ്റ്: എസ്. വൈ. എസ് ബുക്ക്സ് .
ലത്തീഫ്. എന്‍. കെ. എ., (2010), മാപ്പിള ശൈലി, കാലിക്കറ്റ്: വചനം ബുക്ക്സ് .
ഗംഗാധരന്‍. എം., (2012),  മാപ്പിള പഠനങ്ങള്‍, കോട്ടയം: ഡി.സി. ബുക്സ്.
പ്രൊഫ. കൊടുവള്ളി അബ്ദുല്‍ ഖാദിര്‍., (1998), കേരള മുസ്ലിംകളുടെ ഉല്‍പത്തി, ചെമ്മാട്: മജ്ലിസുദ്ദഅവത്തില്‍  ഇസ്ലാമിയ്യ.
പ്രൊഫ. കെ.എം. മുഹമ്മദ്., (2012), അറബി സാഹിത്യത്തിന് കേരളത്തിന്‍റെ സംഭാവന, തിരൂരങ്ങാടി: അഷ്റഫി ബുക്ക് സെന്‍റര്‍
Dr. Jafar Sadik PP
Associate professor
Research Department of Arabic
Thunchan Memorial Government College
Tirur
India
Pin: 676502
Ph: +91 9846569251
Email: ppjsadik@gmail.com
ORCID: 0009-0002-6665-3701