The Eternity and Stylistic Magnificence of Umar Qazi's ‘Swallal Ilahu’ Poem

Dr. Jafar Sadik PP

Poets from diverse linguistic backgrounds have crafted poems to extol the virtues of the Prophet Muhammad (peace be upon him). The tradition of composing poetry, known as 'Madhu Nabi' or the praise of the Prophet, serves as a great expression of people's love and deep admiration for him. Hassan ibn Thabit (may Allah be pleased with him) and Ka'b ibn Zuhair (may Allah be pleased with him) were indeed among the early poets who gained recognition for their Madhun-Nabi poems during the time of the Prophet Muhammad (peace be upon him). As time passed, poets in various languages continued this tradition, composing beautiful verses in praise of the Prophet. 

The rich tradition of Arabic poetry holds a venerable place in expressing admiration for the Prophet Muhammad (peace be upon him). Arabic, historically significant in Islamic literature, becomes a vehicle for the profound sentiments conveyed in praise poems, known as Madhu-Nabi. These verses play a crucial role in articulating deep devotion and reverence for the Prophet. Noteworthy among these poetic expressions is Umar Qazi's poem, a distinctive contribution from the culturally rich region of Kerala. This article explores the captivating narratives and the graceful stylistic elements within the mentioned poem

Key words: Praise poems, Arabic poetry, Kerala poetry, Captivating narratives, expression of love.

References

Jama-ath Committee. Veliyankode mahallu, (1993), Veliyankode Hazrath Umar Qasi (Ra) yude Jeeva Charithravum Krithikalum, (Second ed.), Veliyankode: Udaya art Printers,Choondal, Kunnamkulam. 
Al Qasimi. Abdul Gafoor Abdulla, (2000), Al Muslimoona Fi Kerala, Malappuram: Makthabath Amal.
Farooqi. Dr. Jamaludheen., Adarssery. Abdurahman Mohammed., Al mangadi. Abdurahman, (2008), Ailam al Adab al Arabi fil Hind, Calicut: Al Huda Books.
Farooqi. Dr. Jamaludheen., Mohammed. Abdurahman., Hassan. Abdurahman., (1986), Ailam al Muallifeen Bil Arabiyya fil Biladil Hindiyya, (First Ed.), Dubai:  Markaz Jamiyyath Al Majid Lissaqafa va Thuras.
Faizee. Alavikkutty Edakkara, Umar Qazi (R) Calicut, Kerala: S.Y.S. Books.
Latheef. N.K.A., (2010), Mappilasaili, Calicut: Vachanam Books.
Gangadharan. M., (2012), Mappila Padanangal, Kottayam: DC Books.
Dr. Jafar Sadik PP
Assistant professor
Research Department of Arabic
Thunchan Memorial Government College
Tirur
India
Pin: 676502
Ph: +91 9846569251
Email: ppjsadik@gmail.com
ORCID: 0009-0002-6665-3701


ഉമര്‍ ഖാസിയുടെ സ്വല്ലല്‍ ഇലാഹു കാവ്യത്തിന്‍റെ ശാശ്വതികതയും 
ശൈലീ മഹത്വവും

ഡോ. ജാഫര്‍ സാദിഖ്. പി.പി

അറബി ഭാഷയില്‍ രചിക്കപ്പെട്ട പ്രശസ്തമായ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ നിരവധിയുണ്ട്. പ്രവാചകരുടെ കാലഘട്ടത്തില്‍ തന്നെ മദ്ഹുന്നബി കവിതകളിലൂടെ ഹസ്സാനു ബ്നു സാബിത്ത്, കഅബു ബ്നു സുഹൈര്‍ തുടങ്ങിയവര്‍ പ്രശസ്തി നേടി. തുടര്‍ന്നിങ്ങോട്ടുള്ള കാലയളവില്‍ നിരവധി കവികള്‍ വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിക്കുകയും പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട്. അറബി ഭാഷയില്‍ രചിക്കപ്പെട്ട അതി മനോഹരമായ പ്രവാചക പ്രകീര്‍ത്തന കവിതകള്‍ക്ക് അറബി ഭാഷാ ജ്ഞാനികള്‍ വലിയ പ്രാധാന്യവും പ്രസക്തിയും കല്‍പിക്കുകയും തദ്വാര പ്രസ്തുത കവിതകള്‍ വലിയ പ്രശസ്തി തന്നെ നേടുകയും ചെയ്തു. 

കേരളത്തിലും നിരവധി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ അറബി ഭാഷയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധവും മനോഹരവുമായ കവിതയാണ് ഉമര്‍ ഖാസിയുടെ സ്വല്ലല്‍ ഇലാഹു എന്ന് തുടങ്ങുന്ന കവിത. പ്രസ്തുത കവിതയിലെ അതി മനോഹരാഖ്യാനങ്ങളെയും ശൈലീ മാധുര്യത്തെയും വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം.

താക്കോല്‍ വാക്കുകള്‍: സ്തുതി കവിതകള്‍, അറബി കവിതകള്‍, കേരള കവിതകള്‍, ആകര്‍ഷകമായ ആഖ്യാനങ്ങള്‍, സ്നേഹത്തിന്‍റെ ആവിഷ്കാരം.

ഉമര്‍ ഖാസി: ജീവിതവും കവിതയും

1177-ല്‍ വെളിയങ്കോട്ടുള്ള പുരാതന തറവാടുകളിലൊന്നായ ഖാസിയാരകത്ത് കാക്കത്തറ വീട്ടില്‍ ജനിച്ച ഉമര്‍ ഖാസി ചെറുപ്പം മുതല്‍ക്ക് തന്നെ കവിതയില്‍ ആകൃഷ്ടനാവുകയും രചനകള്‍ ആരംഭിക്കുകയും ചെയ്തു. ഉമറിന്ന് ഏഴോ എട്ടോ വയസ്സുള്ള കാലത്ത് തന്നെ മാതാവ് മരണപ്പെട്ടു. പത്താം വയസ്സില്‍ പിതാവും മരണപ്പെട്ടു. യത്തീമായ ഉമര്‍ പതിനൊന്നാം വയസ്സില്‍ താനൂര്‍ ദര്‍സിലും പിന്നീട് പതിമൂന്നാം വയസ്സില്‍ പൊന്നാനി ദര്‍സിലും ഉപരിപഠനത്തിനായി ചേര്‍ന്നു. അക്കാലത്ത് തന്നെ അദ്ദേഹം കവിതാ രചനകളില്‍ വ്യാപ്രതനായി. അക്കാലത്ത് പ്രശസ്തി നേടിയ പ്രമുഖ പണ്ഡിതന്‍ മമ്മിക്കുട്ടി ഖാസിയുടെ ശിക്ഷണം അദ്ദേഹം കരസ്ഥമാക്കി. ഇബ്നുമാലിക്കിന്‍റെ 'അല്‍ഫിയ്യچ എന്ന വ്യാകരണ കാവ്യ ഗ്രന്ഥ പഠനം താനൂരില്‍ നിന്ന് തന്നെ ആരംഭിച്ചു. താനൂരില്‍ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്‍റെ സംഭാഷണം പോലും കവിതാമയമായിരുന്നു. താന്‍ സന്ദര്‍ശിക്കുന്ന പള്ളി ഭിത്തികളിലും ഭവനങ്ങളിലും അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ പല അറബിക് കവിതാ ഈരടികളും എഴുതാറുണ്ടായിരുന്നു.

ആദ്യ കാലം മുതല്‍ക്ക് തന്നെ ഇംഗ്ലീഷുകാരുടെ ജന്മവൈരികളായിരുന്ന മമ്പുറം തങ്ങന്‍മാരില്‍ പെട്ട സയ്യിദ് അലവി തങ്ങളുടെ ശിഷ്യത്വവും ഖാദിരിയ്യാ ത്വരീഖത്തിന്‍റെ ഇജാസത്തും സ്വീകരിച്ചിരുന്ന അദ്ദേഹം അക്ഷമനായ സ്വാതന്ത്ര പ്രേമിയും ധീരനുമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് നികുതി നല്‍കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് ജയില്‍ ശിക്ഷ വിധിക്കപ്പെട്ട അദ്ദേഹത്തിന് ഏതാനും ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് കൊണ്ട് മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്ക് അദ്ദേഹം സന്ദേശമയച്ചത് അറബി കാവ്യ രൂപത്തിലാണെന്നതും ശ്രദ്ധേയമാണ്.

ഉമര്‍ ഖാസിയുടെ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍

പ്രവാചകന്‍ മുഹമ്മദിന്‍റെ ജനനത്തിന് മുമ്പുള്ള അവസ്ഥകള്‍ വിവരിക്കുന്ന കവിതകള്‍, തിരുനബിയുടെ ജനനം അടുത്ത സന്ദര്‍ഭത്തിലുണ്ടായ സംഭവങ്ങള്‍, പ്രവാചക സ്തുതി ഗീതങ്ങള്‍, പ്രവാചകരുടെ ജനന രാത്രി സംഭവിച്ച ദൃഷ്ടാന്തങ്ങള്‍, ഭൂജാതരായ അവസ്ഥാവിശേഷങ്ങള്‍, പ്രവാചക ദൗത്യം, നബിയുടെ നിശാ പ്രയാണങ്ങള്‍, തിരു നബിയുടെ ചില സവിശേഷതകള്‍, മുഹമ്മദ് നബിയുടെ ശുപാര്‍ശകള്‍, പ്രവാചകരോടുള്ള വിനീതമായ അപേക്ഷകള്‍, സ്വല്ലല്‍ ഇലാഹു എന്ന് തുടങ്ങുന്ന ബൈത്ത്, എന്നിവ പ്രവാചക പ്രകീര്‍ത്തനവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാസിയുടെ രചനകളാണ്.

സ്വല്ലല്‍ ഇലാഹു ബൈത്തിലെ അതി മനോഹരാഖ്യാനങ്ങള്‍

വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകരെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികള്‍ ആലങ്കാരികോദ്ധരണികളാക്കിയാണ് ബൈത്ത് ആരംഭിക്കുന്നത്. അവിടുന്ന് ഉന്നതനായിരുന്നു. ക്രൂരനും കഠിന ഹൃദയനും ആയിരുന്നില്ല. കാരുണ്യ വ്യാപിയും കൃപയും വാത്സല്യവുമുള്ളവനും സദ് വൃത്തനുമായിരുന്നു എന്ന പരാമര്‍ശം കഴിഞ്ഞ് അവിടുത്തേക്ക് അനുഗ്രഹത്തിനും സമാധാനത്തിനും പ്രാര്‍ത്ഥിക്കാനായി വിനയാന്വിതനായി ആവശ്യപ്പെട്ട് കൊണ്ടാണ് കവിതയുടെ തുടക്കം. പ്രവാചകരുടെ പേരില്‍ സ്വലാത്തും സലാമും ഇടക്കിടെ ചൊല്ലാന്‍ ആവശ്യപ്പെടുന്നതിന് വേണ്ടി കവിതയുടെ തഖ്മീസ്1 രൂപമാണ് ഈ കവിതയില്‍ ഉപയോഗിച്ചിട്ടുള്ളത്.

അനാഥത്വം പേറി വളര്‍ന്ന ബാല്യ കാലത്ത് തന്നെ അഭ്യസ്ഥ വിദ്യരെയെല്ലാം കവച്ച് വെക്കുന്ന ജ്ഞാനം കരസ്ഥമാക്കിയ നിരക്ഷരനെ ഞാന്‍ ഇഷ്ടപ്പെട്ടു എന്ന വരിയിലൂടെ കവിത വളരുന്നു. ഇവിടെ അഭ്യസ്ഥ വിദ്യരെക്കാള്‍ സംസ്കാരവും ഹൃദയവിശാലതയും ഔന്നിത്യവും സത്യസന്ധതയും കവി പ്രവാചകരില്‍ കാണുന്നുണ്ട്. അത് കൊണ്ടായിരിക്കാം അഭ്യസ്ഥവിദ്യരെക്കാള്‍ ജ്ഞാനവും അറിവും യത്തീമായ പ്രവാചകരില്‍ കല്‍പിക്കപ്പെട്ടത്. തിരിച്ചറിവുള്ള ജ്ഞാനം ഫലവത്തായതിന്‍റെ നേര്‍ക്കാഴ്ചയാണ് പ്രവാചകരുടെ ബാല്യം.

ദിവ്യബോധനവുമായി വരുന്ന ജിബ്രീല്‍ പ്രവാചകരില്‍ നീതിബോധം ഉറപ്പിക്കുകയും ധര്‍മ്മം ഒഴുക്കുന്ന കരങ്ങളുമായി ജനങ്ങളിലേക്കിറങ്ങാന്‍ പ്രാപ്തനാക്കുകയും ചെയ്തു. പ്രവാചകത്വ ലബ്ധിക്ക് ശേഷമുള്ള പ്രബോധന പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതാണ് അടുത്ത ശ്ലോകം. രക്ഷിതാവില്‍ നിന്നുള്ള ഉന്നതവും ഉദാത്തവുമായ പദവിയായ പ്രവാചകത്വം ലഭിച്ച ശേഷം ഈ പ്രപഞ്ചത്തെ മുഴുവന്‍ സന്മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയും അവര്‍ക്കാകമാനം മതകീയ വിജ്ഞാനത്തെ എത്തിക്കുകയും ചെയ്തു. പ്രപഞ്ചത്തെ എന്ന സൂക്ഷ്മമായ ചെറിയ പ്രയോഗത്തിലൂടെ പ്രവാചക ദൗത്യത്തെ പൂര്‍ണ്ണമായി വരച്ച് കാട്ടാന്‍ കവിക്ക് സാധിച്ചു. 

ബൈത്തിലെ ആദ്യത്തെ അഞ്ച് വരികള്‍ പ്രവാചകരുടെ ഉല്‍കൃഷ്ട വിശേഷണങ്ങളായ സല്‍സ്വഭാവം, കാരുണ്യം, ജ്ഞാനം, ഔദാര്യം, സന്മാര്‍ഗ്ഗദര്‍ശനം എന്നിവയെ ഉള്‍ക്കൊള്ളുന്നതാണ്. തുടര്‍ന്നുള്ള ഒന്‍പത് വരികള്‍ കൂടി പ്രവാചക വിശേഷണങ്ങളുടെ മഹത്വം വിശകലനം ചെയ്യുന്നു. തുടര്‍ന്ന് പ്രവാചക സ്നേഹത്തിന്‍റെ മഹത്വത്തെ വിശ്വാസാടിസ്ഥാനത്തിലുള്ള ആത്മീയ ചൈതന്യത്തെ മുന്‍ നിര്‍ത്തി ഇപ്രകാരം സമര്‍ത്ഥിക്കുന്നു. 

'സൃഷ്ടികളില്‍ നിന്നും ഒരാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നബിയെ ആയിരുന്നാല്‍ അത് കൊണ്ട് മഹത്തായ സൗഭാഗ്യവും നാളത്തെ വിജയവും നരക ശിക്ഷയില്‍ നിന്നും സുരക്ഷിതമായ നിര്‍ഭയത്വവും അവന്ന് ലഭിക്കുന്നതാണ്. പ്രവാചകരോട് പരാതി പറഞ്ഞ മാനിന്‍റെ കാര്യത്തില്‍ നബി ജാമ്യം നിന്നതും പ്രസ്തുത മാനിന്‍റെ വേട്ടക്കാരന്‍ ഇത് കണ്ട് സന്മാര്‍ഗ്ഗം തെരഞ്ഞെടുത്തതും പ്രവാചക സ്നേഹത്തിന്‍റെ വ്യാപ്തി മനുഷ്യ കുലത്തിനപ്പുറത്തേക്ക് വ്യാപിച്ച് കിടക്കുന്നതാണെന്ന് സ്ഥാപിക്കുന്നു. പ്രവാചകന്‍ മുഹമ്മദിനെ സേനഹിക്കലും പ്രശംസിക്കലും ഉത്കൃഷ്ടമായ സല്‍ കര്‍മ്മമാണ്. അത് മുഖേന അള്ളാഹു ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിച്ച് തന്നേക്കാം. തിരുനബിയെ സ്നേഹിക്കുന്നവന്ന്  അള്ളാഹുവിന്‍റെ തിരു സന്നിധിയില്‍ വെച്ച് അനുഗ്രഹീതനായ നിലക്ക് അവിടുത്തെ ശഫാഅത്ത്2 ലഭിക്കുമെന്ന് നബി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നിങ്ങനെ കവിത കടന്ന് പോകുന്നു.

പ്രവാചകരുടെ ഇസ്റാഅ്3, മിഅ്റാജ്4, എന്നിവയെ വര്‍ണ്ണിക്കുന്ന വരികളില്‍ പ്രസ്തുത രാത്രിയെയും സഞ്ചരിച്ച ബുറാഖിനെയും5 ജിബ്രീല്‍നെയും സര്‍വോപരി യാത്രികനായ പ്രവാചകന്‍ മുഹമ്മദിനേയും മറ്റ് പ്രവാചകന്‍മാര്‍ക്കിടയില്‍ മുഹമ്മദിനുള്ള സ്ഥാനത്തെയും മനോഹരമായി വരച്ച് കാട്ടുന്നു.

ഓരോ ആകാശത്ത് എത്തിച്ചേരുമ്പോഴും മലക്കുകളും പൂര്‍വ്വ പ്രവാചകന്മാരും മുഹമ്മദ് നബിയുടെ പിറകില്‍ അണിയണിയായി നിന്നു. അവര്‍ക്ക് ഇമാമായി നിസ്കരിച്ചു. അവര്‍ നബിക്ക് നല്‍കപ്പെട്ട ഉന്നത സ്ഥാനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയും അനുമോദിച്ചും സ്വാഗതമരുളി. അദൃശ്യ ലോകത്തെ അത്ഭുതങ്ങളും രഹസ്യങ്ങളും ദര്‍ശിച്ചതടക്കമുള്ള സംഭവങ്ങളെ വളരെ മനോഹരമായി രേഖപ്പെടുത്തിയ ശേഷം മാലാഖ ജിബ്രീരിന് പോലും പ്രവേശനമില്ലാത്ത പരിശുദ്ധ സ്ഥാനങ്ങളിലേക്കുള്ള പ്രവാചക സഞ്ചാരത്തെ അതി മനോഹരമായി കവി വര്‍ണ്ണിക്കുന്നത് മാലാഖ ജിബ്രീലിന്‍റെ വാക്കുകളിലൂടെയാണ്.

എന്‍റെ സ്നേഹഭാജനമേ .
എന്നെ ഒഴിവാക്കിയാലും.
ഭയപ്പെടാതെ മുന്നോട്ട്  ഗമിച്ചാലും.
സര്‍വ്വലോക രക്ഷിതാവിനോട് 
മുനാജാത്ത്6 നടത്തി അങ്ങ് സന്തോഷിച്ചാലും.

ഈ കവിതയുടെ ഏറ്റവും മനോഹരമായ ഭാഗം പ്രവാചകരോടുള്ള ഉമര്‍ ഖാസിയുടെ സംഭാഷണങ്ങളാണ്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രവാചക സന്നിധിയിലെത്തിയ ഉമര്‍ ഖാസി പറയുന്നുണ്ട്. അങ്ങയുടെ അനുഗ്രഹാശിസ്സുകള്‍ തേടി ഉമറിതാ അങ്ങയുടെ ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു. അങ്ങയുടെ ഔദാര്യം പ്രതീക്ഷിച്ച് കൊണ്ട്, തോരാത്ത കണ്ണുനീര്‍ പൊഴിച്ച് കരഞ്ഞ് കൊണ്ട്.

ശാശ്വതമായ പ്രവാചക സ്നേഹത്താല്‍ വറ്റാത്ത കണ്ണു നീര്‍ പ്രവാഹത്തെ വര്‍ണ്ണിക്കുന്ന വരികള്‍ പ്രസിദ്ധമാണ്. റൗള സന്ദര്‍ശന വേളയില്‍ പ്രവാചകരെ കവി ഉള്‍ക്കൊള്ളുന്നത് പരിശുദ്ധ പരിമളമായാണ്. ഞാന്‍ പാപിയാണെങ്കിലും അങ്ങയുടെ മഹനീയ സ്ഥാനത്തിന്‍റെ പവിത്രതയെക്കുറിച്ചോര്‍ത്ത് ഞാന്‍ പരിഭ്രമിച്ച് ബോധരഹിതനായിപ്പോയി എന്ന ഭാഗം ശ്രദ്ധേയമാണ്.

പ്രവാചകരുടെ പേരില്‍ സ്വലാത്ത്, സലാം, പ്രവാചക സ്നേഹം എന്നിവ കവിതയിലുടനീളം നിറഞ്ഞ് നില്‍ക്കുന്നതായി കാണാം. ഈ തഖ്മീസ് കവിതയിലെ അഞ്ചാം ഭാഗം സ്വലാത്തിനും സലാമിനും വേണ്ടി മാത്രം നീക്കി വെച്ചതായി കാണാം. മദീനയും പ്രവാചകന്‍ മുഹമ്മദുമാണ് ഈ കവിതയുടെ ഉറവിടം, പ്രവാചക സ്നേഹം ഇതിവൃത്തവും. മക്കയില്‍ നിന്നും ഇവിടത്തേക്ക് പ്രയാണം നടത്തി എന്ന് പറയുന്നത് മദീനയെക്കുറിച്ചാണ്. ഓര്‍മ്മകളിലൂടെ പ്രവാചകരുടെ ഏതാനും മുഅ്ജിസത്തുകള്‍  കൊണ്ടുവന്ന ശേഷം ഹിജ്റയിലൂടെ വായനക്കാരെ കൂടെ നടത്തി കവി റൗള ഷരീഫിന്‍റെ ചാരത്ത് നിന്ന് ആത്മീയവും വൈകാരികവുമായ നിമിഷങ്ങള്‍ പങ്ക് വെക്കുന്നു. വിനയാന്വിതനായ കവി ഇവിടെ അതിവൈകാരികമായാണ് നില്‍ക്കുന്നത്. പ്രവാചകരെ നേരില്‍ കാണാനുള്ള അദമ്യമായ ആഗ്രഹം, അതിനായുള്ള ഹൃദയ നൊമ്പരം എന്നിവ കവിതയുടെ അവസാന ഭാഗങ്ങളില്‍ വ്യക്തമാണ്.

ഉമര്‍ ഖാസിയുടെ പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന് അതിന്‍റെ ശൈലീ ഭംഗി കൊണ്ടും വിഷയ സമ്പന്നത കൊണ്ടും കേരളത്തിലെ അറബി ഭാഷാ കവിതകളിലെ പഠിതാക്കള്‍ക്കിടയില്‍ വലിയ സ്ഥാനമുണ്ട്. മുസ്ലിം വിശ്വാസ പ്രകാരം പ്രവാചക സ്നേഹത്തിന്ന് ആത്മീയമായി വലിയ പ്രാധാന്യവുമുണ്ട്. അത് കൊണ്ട് തന്നെ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഈ കവിതയുടെ പഠനവും വായനയും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

കുറിപ്പുകള്‍

1 തഖ്മീസ് എന്നാല്‍ ശ്ലോകങ്ങളെ അഞ്ച് അഷ്ടങ്ങളാക്കി അവതരിപ്പിക്കുന്ന രീതിയാണ്. 
2 പരലോകത്ത് വെച്ച് നബി ശിപാര്‍ശ ചെയ്യുമെന്ന വിശ്വാസത്തെയാണ് ശഫാഅത്ത് കൊണ്ട് വിവക്ഷിക്കുന്നത്.
3 പ്രവാചകന്‍ മുഹമ്മദ് മസ്ജിദുല്‍ ഹറാമില്‍ നിന്നും മസ്ജിദുല്‍ അഖ്സയിലേക്ക് (മക്കയില്‍ നിന്നും ഫലസ്തീനിലേക്ക്) രാത്രി സഞ്ചാരം നടത്തിയതിനെ ഇസ്റാഅ് എന്ന് വിളിക്കുന്നു.
4 പ്രവാചകരുടെ ആകാശാരോഹണത്തെ മിഅ്റാജ് എന്ന് വിളിക്കുന്നു.
5 ഇസ്റാഇലും മിഅ്റാജിലും നബി സഞ്ചരിച്ച വാഹനം ബുറാഖ് എന്ന പേരില്‍ അറിയപ്പെടുന്നു.

ഗ്രന്ഥ സൂചി:

ജമാഅത്ത് കമ്മറ്റി. വെളിയങ്കോട് മഹല്ല്, (1993), വെളിയങ്കോട് ഹസ്രത്ത് ഉമര്‍ ഖാസി (റ) യുടെ ജീവചരിത്രവും കൃതികളും, വെളിയങ്കോട്: ഉദയ ആര്‍ട് പ്രിന്‍റേഴ്സ്, ചൂണ്ടല്‍, കുന്ദംകുളം.
അല്‍ ഖാസിമി. അബ്ദുല്‍ ഗഫൂര്‍ അബ്ദുള്ള, (2000), അല്‍ മുസ്ലിമൂന ഫീ കേരള, മലപ്പുറം: മക്തബത് അമല്‍.
ഫാറൂഖി. ഡോ. ജമാലുദ്ദീന്‍., ആദര്‍ശ്ശേരി. അബ്ദുറഹ്മാന്‍ മുഹമ്മദ്., അല്‍ മങ്ങാടി. അബ്ദുറഹ്മാന്‍, (2008), അഅലാമുല്‍ അദബ് അല്‍ അറബി ഫില്‍ ഹിന്ദ്, കാലിക്കറ്റ്: അല്‍ ഹുദാ ബുക്ക്സ്.
ഫാറൂഖി. ഡോ. ജമാലുദ്ദീന്‍., മുഹമ്മദ്. അബ്ദുറഹ്മാന്‍., ഹസ്സന്‍. അബ്ദുറഹ്മാന്‍, (1986), അഅലാമുല്‍ മുഅല്ലിഫീന്‍ ബില്‍ അറബിയ്യ ഫില്‍ ബിലാദില്‍ ഹിന്ദിയ്യ, ദുബായ്: മര്‍കസ് ജംഇയ്യ അല്‍ മാജിദ് ലി സഖാഫ വ തുറാസ്.
ഫൈസി. അലവിക്കുട്ടി എടക്കര, ഉമര്‍ ഖാസി (റ), കാലിക്കറ്റ്: എസ്. വൈ. എസ് ബുക്ക്സ്.
ലത്തീഫ്. എന്‍. കെ. എ., (2010), മാപ്പിള ശൈലി, കാലിക്കറ്റ്: വചനം ബുക്ക്സ്.
ഗംഗാധരന്‍. എം., (2012), മാപ്പിള പഠനങ്ങള്‍, കോട്ടയം: ഡി.സി. ബുക്സ്.
Dr. Jafar Sadik PP
Assistant professor
Research Department of Arabic
Thunchan Memorial Government College
Tirur
India
Pin: 676502
Ph: +91 9846569251
Email: ppjsadik@gmail.com
ORCID: 0009-0002-6665-3701