Power and Revenge in the Poems of Akkitham:Study based on Akkitham Achuthan Namboothiri’s Poem Omanamakan

Dr. Deepesh Karimpunkara

Disturbances in the family environment due to the compulsions of tradition have become themes in many literatures. This situation leads to various conflicts not only in the family structure but also in the society. Akitham's poems have a traditional family structure. It is communal and conflictual. The Namboodiri community also had a strong sense of patriarchy that wanted to keep the tradition the same as it was in the past. In the family structure, the father was in the position of authority and the women and children were in the position of obedience. Therefore, women and children become so miserable and helpless under the compulsions of tradition. This is the background of Akhitham's poem 'Omanamakan'.  A father is someone who is governed by family structure and community structure. The son, on the other hand, often becomes the victim or sacrifice of the father's reprimands. This poem evokes a sense of tragedy in the reader amid the generation gap and internal conflict. In this context, this paper studies the conflict between father and son in the poem 'Omanamakan'.

Key words: Tradition, Community, Family Structure, Community Structure, Patriarchy, Sociality, Father and son conflict 

References: 

IA Richards, 1924., Principals of Literary Critisism, London: Taylor & Francis
T.S Eliot,  1919., Tradition and the Individual Talent". London: The Egoist.
Sreedharamenon Vailoppilly., Vailoppilly Kavithakal, sampoornam, Thrissur: Current Books,.
Achuthan Namboothiri Akitham., (2002), Akitham  Kavithakal, sampoornam, Kottayam: DC Books.
Kumaranashan., (1998), The Poems of Ashan, Kottayam: DC Books.
Achuthan Namboothiri Akitham., (2010), Irupatham Noottandinte Ithihasam. Kozhikode: Purna Publications.
Dr. Deepesh Karimpunkara
Associate Professor
Sree Narayana Guru College
Chelannur
India
Pin:  673616
Email: deepeshkarimpunkara@gmail.com
Ph: +91 9633269652
ORCID: 0009-0000-3455-2012

അധികാരവും പ്രതികാരവും അക്കിത്തം കവിതയില്‍
(അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഓമനമകന്‍ കവിതയെ ആധാരമാക്കിയുള്ള പഠനം)

ഡോ. ദീപേഷ് കരിമ്പുങ്കര

താക്കോല്‍ വാക്കുകള്‍: പാരമ്പര്യം, സമുദായം, കുടുംബഘന, അയിത്തം, സാമുഹികത, സമുദായഘടന, പിത്രധികാരം, പിതൃപുത്രസംഘട്ടനം 

ഓര്‍മ്മകളിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍. അനുഭവങ്ങള്‍ ഊറിക്കൂടിയ ഉര്‍വ്വരമായ മണ്ണാണത്. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളും ഓര്‍മ്മകളുമാണ് അവരുടെ സര്‍ഗലോകത്തെ വ്യത്യസ്തവും തികവുറ്റതുമാക്കിത്തീര്‍ക്കുന്നത്. ഒരു വ്യക്തിയുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നതില്‍ ഓര്‍മ്മകള്‍ക്ക് സാരമായ പങ്കുണ്ടെന്നും അത് ഭൂതകാലാനുഭവത്തിന്‍റെ പ്രത്യക്ഷമായ പുതുക്കലാണെന്നും ഐ.എ.റിച്ചാര്‍ഡ്സ് പ്രിന്‍സിപ്പല്‍സ് ഓഫ് ലിറ്റററി ക്രിറ്റിസിസം എന്ന കൃതിയില്‍ പറഞ്ഞുവെച്ചത് അതുകൊണ്ടാണ്. വെറുമൊരു കരിങ്കല്ലിനെ ശില്പി മനോഹരശില്പമാക്കി മാറ്റുന്നതുപോലെ എഴുത്തുകാര്‍ ഓര്‍മ്മകളെ ശില്പഭദ്രതയുള്ള ആവിഷ്കാരമാക്കിത്തീര്‍ക്കുന്നു. അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കവിതകളിലൊക്കെയും ഓര്‍മ്മയുമായി ബന്ധപ്പെട്ട അനേകം സ്ഥലകാലങ്ങളുണ്ട്. അനുഭവങ്ങളുടെ ഈ ഭൂപടവഴികളിലൂടെയാണ് കവിതയുടെ ആന്തരസത്യം തേടി കവി നിരന്തരം കാവ്യയാത്ര ചെയ്തത്.  

സമകാലത്ത് നിന്ന് കഴിഞ്ഞകാലത്തിലേക്കുള്ള ഏകാന്തമായ തിരിഞ്ഞുനോട്ടങ്ങളായി അത് വായനക്കാരുടെ മുന്നിലെത്തുന്നു. കാലത്തിലാകെ തളംകെട്ടിനിന്ന പലവിധങ്ങളായ വെളിച്ചത്തെയും അതിനേക്കാളേറെ ഇരുട്ടിനെയും അത് കാട്ടിത്തരാന്‍ തയ്യാറാവുന്നു. വി.ടി.ഭട്ടത്തിരിപ്പാട്, എം.ആര്‍.ബി എന്നിവരൊക്കെയും പറഞ്ഞുവെച്ച സാമുദായിക ദുരവസ്ഥയിലൂടെയാണ് അക്കിത്തത്തിന്‍റെ ജീവിതവും കടന്നുപോയത്. പാരമ്പര്യത്തിന്‍റെ ഉടയാടകള്‍ ഉപേക്ഷിച്ച് മനുഷ്യനാവാനുള്ള നവാഭിലാഷത്താല്‍ സ്വതന്ത്രരായവരായിരുന്നു അവരൊക്കെയും. വേദമന്ത്രത്തിന്‍റെ യാന്ത്രികമായ ആവര്‍ത്തനങ്ങള്‍ക്കപ്പുറം പലവിധം വേദനാവേദികളായ ജീവിതാവര്‍ത്തനങ്ങളോടായിരുന്നു ഇവര്‍ക്ക് അനുഭാവം. പാരമ്പര്യത്തില്‍നിന്നുള്ള വിടുതലും പുരോഗമനത്തിലേക്കുള്ള തുടരലും അവര്‍ സ്വപ്നം കണ്ടു. പാരമ്പര്യത്തിന്‍റെ ഫലത്തെക്കുറിച്ച് ടി.എസ് എലിയട്ട് ചിന്തിച്ചിട്ടുണ്ട്. പഴമയും പുതുമയും തമ്മില്‍ സമന്വയിക്കുമ്പോഴാണ് പരിവര്‍ത്തനം ഉണ്ടാകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. അക്കിത്തത്തിന്‍റെ പണ്ടത്തെ മേശാന്തി, ആര്യന്‍, സ്പര്‍ശമണികള്‍, വെണ്ണക്കല്ലിന്‍റെ കഥ, അമൃതഘടിക തുടങ്ങിയ കവിതകളിലൊക്കെയും സമകാലത്തിന്‍റെയും അതിനോടൊപ്പം ഇഴചേരുന്ന പാരമ്പര്യത്തിന്‍റെയും വഴികള്‍ കാണാം. 

അക്കിത്തത്തിന്‍റെ ഓമനമകന്‍ എന്ന കവിത ഫ്യൂഡല്‍ പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഒരു ദുരന്തകഥയാണ്. പാരമ്പര്യത്തെ പിന്തുടരുന്ന ഭൂസുരനായ ഒരച്ഛനാണ് കവിതയിലെ കേന്ദ്രപാത്രം. അച്ഛനു പ്രായം നാല്‍പത്തിയെട്ടാണ്. മകനാകട്ടെ മൂന്നരവയസ്സ് മാത്രം. ഇവര്‍ക്കു രണ്ടുപേര്‍ക്കുമിടയില്‍ മകനെ സ്നേഹിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്യുന്ന ഒരു കുടുംബിനി. ഇത്തരമൊരു കുടുംബഘടനയ്ക്കകത്ത് നിലകൊള്ളുന്ന പിതാവ് രക്ഷകസ്വരൂപമാണെങ്കിലും അനുഭവപരമായി അതൊരു ശിക്ഷകസ്വത്വമാണ്. അതുകൊണ്ടുതന്നെ അച്ഛന്‍റെ ഭാഷ അധികാരത്തിന്‍റെ ഭാഷയായിത്തീരുന്നു. അച്ഛന്‍റെ ശബ്ദം  ഉച്ചവും ഉഗ്രവുമായിത്തീരുന്നു.څജപിച്ചില്ലെങ്കില്‍ പുറമടിച്ചുപൊളിക്കും ഞാന്‍ എന്ന ശാസനയുടെ പരുഷമായ ശബ്ദത്തിന്‍റെ ഇടിമുഴക്കത്തോടെയാണ് കവിത തുടങ്ങുന്നതുതന്നെ. അതുകേട്ട് വെറും മൂന്നരവയസ്സുകാരന്‍ മകന്‍റെ മനസ്സ് കലങ്ങുന്നു. ചുണ്ടുകള്‍ വിറകൊള്ളുന്നു. ഉളളില്‍ ഭയം വളര്‍ന്നുവരുന്നു. 

അച്ഛന്‍റെ മനസ്സ് മാമൂലുകളാല്‍ ബന്ധിതമാണ്. അതുകൊണ്ടാവണം എന്നും സന്ധ്യാനേരത്ത് മകന്‍റെ ചുണ്ടില്‍നിന്ന് ജപമന്ത്രങ്ങള്‍ ഉയരണം എന്ന് നാല്‍പത്തെട്ടുകാരനായ അച്ഛന്‍ ആഗ്രഹിക്കുന്നത്. പക്ഷേ മൂന്നരവയസ്സുകാരന്‍റെ മനസ്സും ഇഷ്ടങ്ങളും മറ്റൊരുതരത്തിലായിരുന്നു. കളിചിരികളുടെ കൗതുകങ്ങളത്രയും അവനുചുറ്റും വട്ടമിട്ടുപറന്നു. ഇത് സ്വാഭാവികമായ യാഥാര്‍ത്ഥ്യമാണെങ്കിലും മകന്‍റെ മനസ്സും ആഗ്രഹവും  അച്ഛനറിയാതെ പോകുന്നു. അതറിയാനാകട്ടെ അയാളൊട്ട് ശ്രമിക്കുന്നുമില്ല. മകനാകട്ടെ അച്ഛന്‍റെ ഇച്ഛകളുടെ അകപ്പൊരുളുകള്‍ മനസ്സിലാക്കാനുള്ള പ്രായമാകാത്തതുകൊണ്ടുതന്നെ നിര്‍ബന്ധങ്ങളുടെ അകത്തളങ്ങളില്‍ ശാസനാബന്ധിതനായി നിലകൊള്ളുന്നു. അഞ്ചു ഭാഗങ്ങളാണ് കവിതയിലുള്ളത്. അതിലെ ആദ്യഭാഗം അച്ഛന്‍റെ വാക്കുകള്‍ കേട്ട് അമ്മയുടെ ഹൃദയം തകരുന്നതോടെ അവസാനിക്കുന്നു. കനലില്‍ പഴുപ്പിച്ചെടുത്ത ഒരു കോടാലിയില്‍നിന്നെന്നപോലെ പിതൃശാസന മകനെയും അമ്മയേയും അങ്ങേയറ്റം നിസ്വരും നിസ്സഹായരുമാക്കി മാറ്റുന്നു.  

മാമ്പഴവും ഓമനമകനും 

അക്കിത്തത്തിന്‍റെ ഓമനമകന്‍ എന്ന കവിത പലഘട്ടത്തിലും വൈലോപ്പിള്ളിയുടെڅമാമ്പഴം എന്ന കവിതയിലെ അമ്മയെയും കുഞ്ഞിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മാമ്പഴത്തില്‍ അമ്മ മകനോട് പറയുന്നത്.

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല നുള്ളുന്നത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ

എന്നാണ്. മകനോടുള്ള മാതാവിന്‍റെയും പിതാവിന്‍റെയും അധികാരാധിഷ്ഠിതമായ ശാസനഭാഷയാണ് ഈ രണ്ടു കവിതകളിലും മുഴച്ചുനില്‍ക്കുന്നത്. കുട്ടികളുടെയും  മുതിര്‍ന്നവരുടെയും ശരികള്‍ തമ്മിലുള്ള അകലമെത്രയെന്ന് കാണിച്ചുതരാന്‍ ഈ കവിതകള്‍ക്ക് കഴിയുന്നു. ജീവിതത്തിന്‍റെ ഫലസിദ്ധിയേയും അതിന്‍റെ പൂര്‍ണ്ണലബ്ധിയേയും കുറിച്ചുള്ള പരമ്പരാഗതമായ കണക്കുകൂട്ടലിലും സങ്കല്പങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ പ്രതീകമാണ് ഈ അച്ഛനും അമ്മയും. മാമ്പഴത്തിലെ മാതാവ് പൂങ്കുലയില്‍നിന്ന് മാമ്പഴത്തിലേക്കുള്ള വളര്‍ച്ചയേയും അതിന്‍റെ ഫലപൂര്‍ത്തിയേയുമാണ് സ്വപ്നംകാണുന്നത്. സ്വന്തം വീട്ടുമുറ്റത്ത് അമ്മ സ്വന്തം മകനുവേണ്ടി മനസ്സില്‍ വളര്‍ത്തിയെടുത്ത കാത്തിരിപ്പിന്‍റെയും സ്വപ്നത്തിന്‍റെയും പൂങ്കുലകളാണത്. അതുകൊണ്ടുതന്നെ പൂവില്‍നിന്ന് മാങ്കനിയിലേക്ക് വളരുന്നതിന്‍റെ കരുതലിലാണ് അമ്മയുടെ കണ്ണ്. അതിനു ക്ഷതം സംഭവിക്കുമ്പോള്‍ സ്നേഹം അമ്മയുടെ ഉള്ളില്‍ ക്രോധമായി പരിണമിക്കുന്നു. അതോടെ ഓമനയുടെ മുഖാംബുജം വാടുന്നു. കണ്ണുനീര്‍ത്തുള്ളികള്‍ ധാരധാരയാകുന്നു. അമ്മ മകനെ ശാസനകൊണ്ട് തിരുത്താന്‍ ശ്രമിക്കുമ്പോള്‍ വിധി സ്വന്തം മകനെ ഇല്ലാതാക്കിക്കൊണ്ട് അവരുടെ സ്വപ്നങ്ങളത്രയും തല്ലിക്കെടുത്തുന്നു. വേദനയുടെ/കുറ്റബോധത്തിന്‍റെ നിരന്തരമായ നരകപതനത്തിലേക്കാണ് മാമ്പഴം എന്ന കവിതയിലെ അമ്മ എത്തിച്ചേരുന്നത്.  

അക്കിത്തത്തിന്‍റെ ഓമന മകനില്‍ മകന്‍റെ രൂപഭാവലാവണ്യത്തിന്‍റെ മനോഹരമായ ഒരു ഛായാചിത്രം കവി വരച്ചുവെയ്ക്കുന്നുണ്ട്. പാവനത്വത്തിന്‍റെ കുരുന്നോമനപ്പൂമൊട്ടായും പാരിന്‍റെയഴുക്കുകള്‍ പറ്റാത്ത വിളക്കായും വിണ്ണിന്‍റെ മടിത്തട്ടില്‍ത്തപ്പാണി കൊട്ടിക്കളിച്ച് ഇന്നലെവരെ കിടന്ന ശിശുവായും ആ സൂന്ദരരൂപം വായനക്കാരുടെ മനസ്സില്‍ ഇടംപിടിക്കുന്നു. മൂന്നരവയസ്സുമാത്രമുള്ള ഈ ഉണ്ണിയുടെ നേര്‍ക്കാണ് പാട്ടുപെട്ടിക്ക് താക്കോല്‍ കൊടുക്കുന്നതുപോലെ നാല്‍പ്പത്തെട്ടുകൊല്ലം ചോറുണ്ടതിന്‍റെ വീര്യം തെറിപ്പാട്ടായി അച്ഛന്‍ തൊടുത്തുവിടുന്നത്. മാമ്പഴം എന്ന കവിത അമ്മയും മകനും മാത്രമിടകലര്‍ന്ന ഒരു ഗാര്‍ഹികജീവിതത്തിന്‍റെ ഏകാഗ്രവും നാടകീയവുമായ ആവിഷ്കാരമാണ്. അതേസമയം ഓമനമകന്‍ എന്ന കവിതയില്‍ അധികാരിയായ അച്ഛന്‍റെ ചെയ്തികള്‍ക്ക് മുന്നില്‍ നിശബ്ദമായി നിലകൊള്ളുന്ന ഒരമ്മയാണുള്ളത്. അച്ഛനും അമ്മയും മകനും എന്നപോലെ ഒരു സാമൂഹികവ്യവസ്ഥയാകെത്തന്നെ കവിതയിലെ അന്തരീക്ഷമായിത്തീരുന്നു. മാമ്പഴത്തില്‍ അമ്മയാണ് കുറ്റബോധം പീഡാനുഭവമായി ഏറ്റുവാങ്ങുന്നതെങ്കില്‍ ഈ കവിതയില്‍ അച്ഛനാണ് അതിനിരയായിത്തീരുന്നത്. മകനെ മരണംകൊണ്ടുപോകുമ്പോള്‍ മാത്രം തിരിച്ചറിയാന്‍ കഴിഞ്ഞ ജീവിതസത്യവുമായി അച്ഛന്‍ ഈ കവിതയില്‍ നിലകൊള്ളുന്നു.  

നരന് നരനശുദ്ധവസ്തുപോലും

അയിത്തവും അസമത്വവും നിലനിന്ന കാലത്തെക്കുറിച്ചുള്ള പലവിധ ഉത്കണ്ഠകള്‍ കുമാരനാശാന്‍څദുരവസ്ഥ,څചണ്ഡാലഭിക്ഷുകി തുടങ്ങിയ ഖണ്ഡകാവ്യങ്ങളിലൂടെ പറഞ്ഞുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അനാചാരത്തിന്‍റെ പ്രത്യക്ഷസാക്ഷ്യമായിത്തീര്‍ന്ന അനുഭവകഥനങ്ങള്‍ മലയാളത്തില്‍ ഇതുപോലെ പഴയകാലകവികള്‍ അയാളപ്പെടുത്തിട്ടുണ്ട്. മനുഷ്യന് അവന്‍റെ ജന്മംകൊണ്ടുതന്നെ ഉച്ചനീചത്വം കല്‍പിച്ചു നല്‍കിയ ചാതുര്‍വര്‍ണ്യവ്യവസ്ഥയോടുള്ള എതിര്‍പ്പാണ് പൊതുവെ ഇതിലൊക്കെയും നിറഞ്ഞുനിന്നത്. അക്കിത്തത്തിന്‍റെ ഓമനമകന്‍ എന്ന കവിതയിലെ രണ്ടാംഭാഗത്തില്‍ മനുഷ്യവിരുദ്ധമായ ഒരു സാമുഹികവ്യവസ്ഥയുടെ ചിത്രം കാണിച്ചുതരുന്നു.څകോന്തു എന്ന കുടിയാനിലൂടെയാണ് കവി അത് വെളിപ്പെടുത്തുന്നത്. ജന്മിയായ പിതാവിന്‍റെ മുന്നില്‍ ഓച്ഛാനിച്ച് വിനീതവിധേയനായി നില്‍ക്കുന്ന ഒരാളാണ് കോന്തു. അന്നത്തെ ഏതൊരു കുടിയാന്‍റെയും പ്രതീകമാണയാള്‍. ഏഴണച്ചെമ്പിന്‍ കാശ് സാധനങ്ങള്‍ക്കും വാഴയ്ക്ക് ഊന്നിടാനായി ചെലവഴിച്ച എട്ടണയുടെ ചെമ്പിന്‍ കാശും കഴിച്ച് ബാക്കി വന്ന ഒരണ നാണയം ജന്മിയുടെ കോലയില്‍വെച്ച് അയാള്‍ അടുത്ത ഉത്തരവിനായി കാത്തുനില്‍ക്കുന്നു. അതിനിടയില്‍ മകന്‍ അതുവഴിയേ ഓടിവരികയും കോന്തുവിനെ ഒന്നു തൊടാന്‍ ഇടയാവുകയും ചെയ്തു. അതോടെ ഗൃഹാന്തരീക്ഷമാകെയും പ്രക്ഷുബ്ധമാവുന്നു. പിതാവിന്‍റെ ഭാവമപ്പടി മാറി. താഴ്ന്നജാതിക്കാരില്‍നിന്ന് തീണ്ടാപ്പാട് അകലെ നിന്നാണ് ഇതുവരെ ശീലം. പക്ഷെ ഇതൊന്നുമറിയാത്ത ഉണ്ണി അയിത്തജാതിക്കാരന്‍റെ അടുത്തുചെന്നു. അതുമാത്രമല്ല അശുദ്ധദേഹത്തെ തൊടുകകൂടി ചെയ്തിരിക്കുന്നു. മനുഷ്യരെ ജാതിഭേദമനുസരിച്ച് ഇത്രദൂരം അകറ്റിനിര്‍ത്തണമെന്ന അറിവ് ഇല്ലാത്ത നിഷ്ക്കളങ്കനായ കുട്ടിയോട് പാരമ്പര്യവാദിയായ അച്ഛന് ക്ഷമിക്കാനാവുന്നില്ല. അതുകൊണ്ടാവാം തലയില്‍ ഒന്ന് കിഴുക്കിക്കൊണ്ട് അച്ഛന്‍ തന്‍റെ ദ്വേഷ്യമത്രയും കുട്ടിയോട് പ്രകടിപ്പിക്കുന്നത്. തെറ്റുചെയ്തയാള്‍ ശിക്ഷ അനുഭവിക്കണം എന്ന പ്രമാണം നിലവിലുണ്ട്. അതിന് പ്രായഭേദമൊന്നുമില്ല. പക്ഷേ, പാപപരിഹാരത്തിന് പാരമ്പര്യത്തില്‍ കൃത്യമായ ചിട്ടയും വിധികളുമുണ്ട്. അയിത്തം മാറാന്‍ മുങ്ങിക്കുളിയാണ് പ്രതിവിധി. അതുകൊണ്ടുതന്നെ അച്ഛന്‍ മകനോട് അശുദ്ധം മാറാന്‍ കുളത്തില്‍ മുങ്ങിവരാന്‍ ആവശ്യപ്പെടുന്നു. അകത്തളവാതിലിലൂടെ ഇതെല്ലാം കാണുന്നവളാണ് കവിതയിലെ നിസ്സഹായയായ അമ്മ. ഒന്നും പറയാനാവാത്ത അവര്‍ ഇതെല്ലാം നോക്കിക്കാണുക മാത്രം ചെയ്യുന്നു. അതോടൊപ്പം അങ്ങേയറ്റം അസ്വസ്ഥതയോടെ നിലകൊള്ളുകയും ചെയ്യുന്നു. 

ഇല്ലത്തിന്‍റെ അകത്തളങ്ങളില്‍ ഒരു മേല്‍ജാതിക്കാരനായി കഴിഞ്ഞ ബാല്യകാലത്തിന്‍റെ അനേകം ഓര്‍മ്മകള്‍ അക്കിത്തത്തിന്‍റെ പല കവിതകളിലും കടന്നുവരുന്നുണ്ട്. പാരമ്പര്യത്തെ യാന്ത്രികമായി പിന്തുടരുന്ന പിതൃപക്ഷത്തെ അവിടെയൊക്കെയും കാണാം. അതേസമയം ദയനീയമാംവിധം പാരമ്പര്യത്തിന്‍റെ പ്രഹരങ്ങളത്രയും ഏറ്റവാങ്ങേണ്ടിവരുന്ന മാതൃ-പുത്രപക്ഷത്തെയും  അക്കിത്തം കവിതകള്‍ കാണിച്ചുതരുന്നു.

രുചിഭേദങ്ങളുടെ അന്തോളനങ്ങള്‍

ഓരോ ജനസമൂഹവും അതത് സമുദായം അനുശാസിക്കുന്ന അനേകം ആചരണങ്ങളാല്‍ നിയന്ത്രിതരോ വിധേയരോ ആണ്. പരമ്പരാഗതമായി കൈമാറിക്കിട്ടിയ വിശ്വാസങ്ങളെ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമാണ് ഇത്തരം ആചരണങ്ങളോരോന്നും. ഓമനമകന്‍ എന്ന കവിതയിലെ മൂന്നാംഭാഗം ഏകാദശി നോല്‍ക്കലുമായി ബന്ധപ്പെട്ട മാതൃ-പുത്രസംഘര്‍ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരേകാദശി നാളില്‍ വ്രതം നോറ്റ് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് ഒട്ടിയ വയറും വാടിയമുഖവുമായി മകന്‍ എത്തിച്ചേരുന്നു. ഇല്ലത്തെ ദാരിദ്ര്യം എത്രത്തോളമെന്ന് അവന്‍റെ ഉന്തിനില്‍ക്കുന്ന വാരിയെല്ലുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു നീറുന്ന സത്യത്തിന്‍റെ ചരിത്രമാണ് അവന്‍റെ വയറിനുള്ളില്‍ നിന്ന് മന്ത്രമായുതിരുന്നത്. അതുകൊണ്ടുതന്നെ അവന്‍ വേദനയോടെ അമ്മയോട് പറഞ്ഞുപോകുന്നു.

മുടക്കുമേകാദശിയിന്നു ഞാന്‍; ചാമച്ചോറു
പിടിക്കില്ലമ്മേ, ഞാനപ്പുഴുങ്ങല്‍ച്ചോറുണ്ണട്ടെ

എന്ന അപേക്ഷാസ്വരമായാണ് അത് അമ്മയിലേക്കെത്തുന്നത്. മകനെ സംന്ധിച്ചിടത്തോളം ഏകാദശി വ്രതം അസഹ്യമാണ്. മനസ്സുകൊണ്ടു വ്രതനിഷ്ഠനാവാനുള്ള ആഗ്രഹവും അവനില്ല. നിര്‍ബന്ധത്തിന്‍റെ മഹാഭാരം മാത്രമാണത്. അതുകൊണ്ടുതന്നെ അതേല്‍ക്കാനാവാത്ത ശരീരവും മനസ്സുമായാണ് അവന്‍ അമ്മയുടെ മുന്നില്‍ നില്‍ക്കുന്നത്. മാതൃ-പിതൃസംബന്ധിയായ പാരമ്പര്യരുചിയും അവന്‍റെ സഹജമായ അഭിരുചിയും തമ്മിലുള്ള പ്രത്യക്ഷസംഘട്ടനമായി അത് മാറുന്നു. തന്‍റെ ഇഷ്ടം അച്ഛനോട് നേരിട്ട് പ്രകടിപ്പിക്കാന്‍ കുട്ടിക്ക് കഴിയുന്നില്ലെങ്കിലും വത്സലയായ തന്‍റെ മാതാവിനോട് അത് പറയാന്‍ കുട്ടിക്ക് കഴിയുന്നുണ്ട്. പക്ഷെ അമ്മയ്ക്ക് പുത്രന്‍റെ അഭീഷ്ടത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നില്ല. പാരമ്പര്യമെന്നത് സ്വാര്‍ത്ഥത്യാഗമാണെന്ന് പറഞ്ഞ എലിയട്ടിന്‍റെ ഇവിടെ ഓര്‍ക്കാം. ആത്മത്യാഗത്തിലൂടെ മാത്രമേ പാരമ്പര്യത്തിലെത്താനാവൂ എന്നുള്ള അദ്ദേഹത്തിന്‍റെ നിഗമനവും ഇവിടെ സംഗതമാവുന്നു. മകനോട് അനുതാപമുണ്ട്. പക്ഷേ, അധികാരിയായ മകന്‍റെ പിതാവിനെയും പിതൃമേധാവിത്ത വ്യവസ്ഥയും അനുസരിക്കാനുള്ള ത്യാഗസന്നദ്ധയാണ് അമ്മ പ്രധാനമായി കരുതുന്നത്.  അതുകൊണ്ടുതന്നെ ഏകാദശി മുടക്കുമെന്ന മകന്‍റെ വാക്ക് പുറത്താരെങ്കിലും കേട്ടാലെന്താകും എന്ന ഭീതി അമ്മയെ പിന്തുടരുന്നു. നെഞ്ചകം കുത്തിക്കാളുന്ന വേദനയോടെ അമ്മ മകനോട് പറയുന്നത് ഇങ്ങനെയാണ്څസമ്മതിക്കില്ലെന്നുണ്ണിڅകേള്‍ക്കേണ്ടാ പുറത്താരും. പക്ഷെ അമ്മ ഭയന്നതെന്താണോ അതുതന്നെ സംഭവിച്ചു. അച്ഛന്‍ അതു കേട്ടു.څഉണ്ണുമോ പുഴുങ്ങല്‍ച്ചോറുണ്ണുമോ പറ വേഗം!/കണ്ണുഞാനൊറ്റക്കുത്തിനെന്ന്چഅയാള്‍ ആക്രോശിച്ചുകൊണ്ട് കടന്നുവരുന്നു. അച്ഛന്‍റെ മുന്നില്‍ പേടിച്ചു വിറച്ചുനില്‍ക്കുന്ന മകന്‍റെ അനുതാപാര്‍ദ്രമായ ചിത്രം ഏതൊരു വായനക്കാരനെയും കണ്ണീരണയിക്കുന്നു.  

തുറിച്ചു മിഴി,യൊന്നു വിറച്ചു ചൊടി, ചെന്നു 
തറച്ചു ചുമരിന്മേല്‍ത്തന്മേനി താനേ ബാലന്‍

എന്ന അവസ്ഥയിലാണ് മകന്‍ നില്‍ക്കുന്നത്. പാരമ്പര്യത്താല്‍ ബന്ധിതമായ ഒരാദര്‍ശലോകമാണ് അച്ഛന്‍റെ ഇച്ഛകളെയത്രയും നിയന്ത്രിക്കുന്നത്. അതിനെ യാന്ത്രികമായി പിന്തുടരുന്നതിലൂടെ ലഭിക്കുന്ന കര്‍മ്മസൗഖ്യമാണ് അയാളുടെ ലക്ഷ്യം. തനിക്കു കിട്ടിയ അറിവും ആചരണങ്ങളും അതേപോലെ മകനും പിന്തുടരണം എന്നാണ് അച്ഛന്‍ ആഗ്രഹിക്കുന്നത്. അതിന് ഭംഗം നേരിടുന്ന സമയത്ത് അച്ഛന്‍ ആദര്‍ശവ്യഥിതനാവുന്നു. അതാകട്ടെ അനിയന്ത്രിതമായ കോപമായിത്തീരുകയും പിതൃ-പുത്രസംഘട്ടനമായി പരിണമിക്കുകയും ചെയ്യുന്നു.  

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസത്തില്‍څകൂടുകൂട്ടി കാടുകാട്ടാന്‍ തുള്ളിച്ചാടുന്ന കുട്ടികچളെപ്പറ്റിയും ബാല്യകാലത്തിന്‍റെ അനുഭവലോകങ്ങളെപ്പറ്റിയും അക്കിത്തംڅസ്വര്‍ഗം എന്ന ഖണ്ഡത്തില്‍ പറയുന്നുണ്ട്. ഓമനമകന്‍ എന്ന കവിതയുടെ നാലാംഭാഗം ഇതിനു നേരെ വിപരീതമാണ്. ജീര്‍ണ്ണവ്യവസ്ഥയുടെ ഇരയായിത്തീര്‍ന്ന കുഞ്ഞിന്‍റെ അനുഭവലോകത്തിലേക്കുള്ള കവിയുടെ ഏകാന്തമായ എത്തിനോട്ടമായി അത് പരിണമിക്കുന്നു. ബാല്യത്തില്‍ ഒരു കുഞ്ഞിന് ലഭിക്കേണ്ട കളിചിരികളുടെ ആഹ്ലാദ മുഹൂര്‍ത്തങ്ങളൊ ന്നും കുട്ടിക്ക് ലഭിച്ചിട്ടില്ല. വേദന നിഴല്‍വീശിനില്‍ക്കുന്ന ഒരു പാവം മുഖമാണ് കവി കുഞ്ഞില്‍ കണ്ടെത്തുന്നത്. കാണുന്നവരുടെയെല്ലാം മനസ്സ് അതുകണ്ട് അങ്ങേയറ്റം വേദനിക്കുന്നു. ഇപ്രകാരം ഒരു കുഞ്ഞ് മനസ്സ് കാഞ്ഞ് വളരുന്നതുകണ്ട് അവരുടെ കണ്ണുകള്‍ കലങ്ങി. അപ്രകാരം അവന്‍റെ നാളുകളോരോന്നും കടന്നുപോയി. അപ്പോഴും ദൈവത്തെ ഭജിച്ചും പൂജിച്ചും ആ ദ്വിജശ്രേഷ്ഠന്‍ കഴിഞ്ഞുപോന്നു. ശാശ്വതമായ സത്യംതേടിയുള്ള അന്വേഷണത്തിലായിരുന്നു അയാള്‍. അതുകൊണ്ടാവാം കണ്‍മുന്നിലുള്ള തന്‍റെ കുഞ്ഞിന്‍റെ മുഖത്ത് ബിംബിക്കുന്ന യഥാര്‍ത്ഥമായ ഈശ്വരചൈതന്യത്തെ മാത്രം അയാള്‍ക്ക് ഒരിക്കലും കണ്ടറിയാന്‍ സാധിക്കാതെപോയത്.  

പിതൃഹിതഹതിയും ദൈവവിധിയും 

ഓമനമകന്‍ എന്ന കവിത പിതൃഹിതം ദയനീയമായി പരാജയപ്പെടുന്നതിന്‍റെ കഥയാണ്. അതേസമയം നേരത്തെ സൂചിപ്പിച്ച ശാശ്വതസത്യവും ജീവിതസത്യവും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ കഥയായി കൂടി ഇത് മാറുന്നു. പ്രതീകാത്മകമാണ് കവിതയുടെ ഭാഷ. കവിതയുടെ അഞ്ചാംഭാഗത്തില്‍ പ്രകൃതിയെയും മനുഷ്യചേതനയുടെ ഭാവാംശങ്ങളെയും കവി ഇഴചേര്‍ത്തവതരിപ്പിക്കുന്നു. ആകാശത്തുനിന്ന് ചുടുകണ്ണീര്‍ക്കണംപോലെ മഴത്തുള്ളികള്‍ താഴേക്ക് നിപതിച്ചു. സൂര്യനാകട്ടെ എന്തോ കാരണംകൊണ്ട് കടലില്‍ ചെന്ന് അസ്തമിച്ചു. ആയൊരു നേരത്താണ് ഗായത്രിമന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്ന അച്ഛനോട് തറവാട്ടിലെ ഭൃത്യന്‍ ഒരു കാര്യം ചെന്നറിയിക്കുന്നത്. അത് അദ്ദേഹത്തിന്‍റെ ഓമനമകന്‍ കുളത്തില്‍ ചെന്ന് ചാടിയെന്ന വെളിപ്പെടുത്തലായിരുന്നു. തൊണ്ടയിടറിയതുകൊണ്ട് പറയാന്‍ വന്ന കാര്യം പൂര്‍ത്തിയാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പറയാതെതന്നെ പിതാവ് എല്ലാ മനസ്സിലാക്കി. നിമിഷനേരംകൊണ്ട് അയാള്‍ ഇടിവെട്ടേറ്റതുപോലെ നിശ്ചലനായി. 

ദൈവഹിതത്തിനായി പിതാവ് ത്യാഗപൂര്‍വ്വം ആചരിച്ചതിനൊന്നും ഗുണപരമായ ഫലമുണ്ടായില്ല. യഥാര്‍ത്ഥ പ്രപഞ്ചപിതാവിന്‍റെ ഹിതമെന്തെന്ന് മനസ്സിലാക്കാനുള്ള കഴിവും അയാള്‍ക്കുണ്ടായില്ല. വേദമന്ത്രങ്ങള്‍ ജപിച്ചതും ദൈവത്തെ ഭജിച്ചതും വ്രതമെടുത്തു വയറൊഴിച്ചതും ചാമയരിച്ചോറു ഭുജിച്ചതും എല്ലാ വ്യര്‍ത്ഥമായിരുന്നു എന്ന തിരിച്ചറിവിലേക്കാണ് പിതാവ് എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ കുറ്റബോധത്തിന്‍റെ അങ്ങേയറ്റത്തു നിന്ന് ആത്മഗതം പോലെ അച്ഛന്‍ ഇപ്രകാരം പറഞ്ഞുപോകുന്നു.

ഇതിനോ ജപിച്ചു നീ,യിതിനോ ഭജിച്ചുനീ 
യിതിനോ ഭൂജിച്ചു നീ ചാമയെന്നുണ്ണി, കഷ്ടം.

പിതൃമേധാവിത്ത സമൂഹത്തിന്‍റെ ബലിഷ്ഠവേദിയായ ഗൃഹനാഥന്‍ ചോദ്യംചെയ്യപ്പെടാത്ത അധികാരരൂപമായി കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടാണ് അയാള്‍ ധര്‍മവ്യഥിതനായി സ്വന്തം കുഞ്ഞിനോട് ഉഗ്രശാസകന്‍റെ ഭാഷ പ്രയോഗിക്കുന്നത്. ജീവിതത്തില്‍ മകനേറ്റുവാങ്ങുന്ന ആശാഭംഗത്തിന്‍റെ ദയനീയസമാപ്തിയാണ് ഈ കവിതയിലെ മകന്‍റെ മരണം. മകന്‍റെ ആഗ്രഹങ്ങളെ ഓരോഘട്ടത്തിലും നിഹനിക്കുന്ന പിതാവ് പുത്രനിഗ്രഹം നിരന്തരം നിര്‍വ്വഹിക്കുകയാണ് ചെയ്തത്. അച്ഛനെ അതിജീവിക്കാനോ പ്രതിരോധിക്കാനോ ആവാത്ത നിസ്സഹായതയുടെ പ്രതീകമായി കവിതയിലെ മകന്‍ മാറുന്നു. ഓമനമകന്‍ എന്ന കവിത അവസാനിക്കുമ്പോള്‍ വായനക്കാരുടെ കണ്ണു നനയുന്നു. ജീവിതത്തിന്‍റെ ഉപ്പും മരണത്തിന്‍റെ കയ്പും മനസ്സില്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു. 

അധികാരവും പ്രതികാരവും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഹൃദയഹാരിയായ ഒരു കവിതയാണ് ഓമനമകന്‍. വെളിച്ചം കടക്കാത്ത പാരമ്പര്യത്തിന്‍റെ ഇരുട്ടറയായി ഇല്ലം കവിതയില്‍ നിലകൊള്ളുന്നു. മുങ്ങികുളിക്കുന്ന കുളമാകട്ടെ ജീര്‍ണത തളംകെട്ടിയ ജഡസത്തയായിത്തീരുന്നു. അച്ഛന്‍റെ അധികാരദണ്ഡനത്തിന് വിധേയമാകുന്ന മകന് അതുകൊണ്ടുതന്നെ ഇതിനെയൊന്നും അതിജീവിക്കാനോ പ്രതിരോധിക്കാനോ ആവുന്നില്ല. അധികാരം ഹിംസാത്മകാവുമ്പോള്‍ മരണംകൊണ്ട് പ്രതികാരം ചെയ്യുന്ന ഒരു മറുവഴി മനുഷ്യചരിത്രത്തില്‍ സംഭവിക്കാറുണ്ട്. അത് പലപ്പോഴും വ്യക്തിയുടെയോ കാലത്തിന്‍റെയോ പ്രതികാരമോ പ്രതിരോധമോ ആയിത്തീരുന്നു. മുങ്ങിക്കുളിക്കാന്‍ പോയ കുഞ്ഞ് കുളത്തില്‍ മുങ്ങുകയല്ല ചെയ്തത്. എടുത്തുചാടുകയായിരുന്നു എന്ന് കവി പറയുന്നു. അച്ഛന്‍റെ കോപത്തിന്‍റെയും എടുത്തുചാട്ടത്തിന്‍റെയും ഇരയായ മകന്‍, കുളത്തില്‍ എടുത്തുചാടുന്നതിലൂടെ സ്വന്തം ജീവിതവേദനയെ മറികടക്കാനും മരണംകൊണ്ട് സ്വതന്ത്രമാവാനുമാണ് ശ്രമിച്ചത്. നിയന്ത്രിതവും നിരന്തരവുമായ ജീവിതവ്യഥയില്‍ നിന്നുള്ള പരമസ്വാതന്ത്ര്യം മരണത്തിലൂടെ മകന്‍ സ്വന്തമാക്കുന്നു. ജീവിതത്തിന്‍റെ ശാശ്വതസത്യം അന്വേഷിക്കുന്ന അച്ഛന് ജീവിതത്തിന്‍റെ അനിവാര്യസത്യമായ മരണത്തെ കാണിച്ചുകൊടുക്കുകയാണ് മകന്‍ ചെയ്യുന്നത്. അച്ഛന്‍റെ സ്നേഹരഹിതമായ ജീവിതത്തിന്‍റെ അര്‍ത്ഥരാഹിത്യം അതോടെ കാവ്യാന്ത്യത്തില്‍ വലിയ ചോദ്യചിഹ്നമായിത്തീരുന്നു. പാരമ്പര്യബന്ധിതനായ പിതാവിന്‍റെ മനസ്സില്‍ അവശേഷിപ്പിക്കുന്ന ഈയൊരു ചിന്തയാണ് ഓമനമകന്‍ കവിതയുടെ വെളിച്ചവും തെളിച്ചവുമായിത്തീരുന്നത്. 

ഗ്രന്ഥസൂചി:

I.A Richards, (1924), Principals of Literary Critisism, LondonO Taylor & Francis.
T.S Eliot  (1919), Tradition and the Individual Talent, London: The Egoist.
ശ്രീധരമേനോന്‍ വൈലോപ്പിള്ളി, വൈലോപ്പിള്ളിയുടെ കവിതകള്‍ സമ്പൂര്‍ണം, തൃശൂര്‍: കറന്‍റ് ബുക്സ്.
അച്യുതന്‍ നമ്പൂതിരി അക്കിത്തം, (2002), അക്കിത്തത്തിന്‍റെ കവിതകള്‍ സമ്പൂര്‍ണം, കോട്ടയം: ഡി.സി ബുക്സ്.
കുമാരനാശാന്‍, (1998), ആശാന്‍റെ പദ്യകൃതികള്‍, ഡി.സി ബുക്സ്, കോട്ടയം
അച്യുതന്‍ നമ്പൂതിരി അക്കിത്തം, (2010), ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസം, കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍സ്.
Dr. Deepesh Karimpunkara
Assistant  Professor
Sree Narayana Guru College
Chelannur
India
Pin: 673616
Email: deepeshkarimpunkara@gmail.com
Ph: +91 9633269652
ORCID: 0009-0000-3455-2012