Locating the spaces of travelling in the spread of Kerala Sufism

Dr. Muneer GP

The influence of travelling is visible in the spread and growth of various social collectives, isms, ideologies, etc. History is clear proof of the fact that matchless alacrity and resourceless readiness shown by various people either individually or collectively sacrificing dear and near ones is what galvanized the development and the evolution of anything that mattered. While turning over the pages of the history of the genesis and growth of Kerala Sufism also, the spaces of travelling from in to out and vice versa could easily be traced. It can be understood that the advent of Sufi thoughts and Sufi movements happened in this land thanks to the efforts of various Sufi masters or followers of various Sufi orders who travelled all the way from their distant or adjacent homelands to the soil of Kerala in different periods. Moreover, the travelling of Kerala Muslims from their localities to foreign lands in search of knowledge or livelihood, etc. in various periods also contributed to this. This article is a serious attempt to historically unfold the spaces of travelling in the genesis and growth of Kerala Sufism and the imprints it left in its formative and evolutional phases. 

Key Words: Sufism, Travelling, translations, Sufi orders, Arabic Malayalam

References:

Abu, O. (1920). Arabi Malayala Sahitya Charithram. S P C S Kottayam.
Ahmad Moulavi, C. N, Muhammad Abdul Kareem, K. K. (1978). Mahathaya Mappila Sahitya Parambarym. Azad Book Stall Kozhikode.
Koyakkutti, Muttanisheri. (2011) Malayalam translation of Muqaddima of ibn Khaldun. Mathrubumi Books KOzhikode.
Miller, Rolland E. (1992). Mappila Muslims of Kerala: A study in Islamic Trends. Orient Black Swan Hydrabad.
Abdul Majeed, A.K. (2011). Kashful Mahjub of Ali Hujwiri (Malayalam Translation). Vijaram Books Thrichur.
Randathani, Dr. Husain. (2010). Makhdoomum Ponnaniyum (Mal). Juma Masjid Committee Ponnani.
Adrisheri Abdu Rahiman, (2005). Thasavvuf Shakthiyum Saundryavum (Malayalam Translation of Arabic work Rabbaniyya-la- Rahbaaniyya of Abu Hasan Ali Nadwi). M.I.F Publication, Kozhikode
Dr. Muneer G
Assistant Professo
Department of Arabi
University of Calicu
Pin: 67363
Ph. +91984776649
Email: muneermavoor@gmail.com
ORCID: 0009-0006-3809-3742


കേരള സൂഫിസത്തിന്‍റെ വളര്‍ച്ചയില്‍ സഞ്ചാരത്തിന്‍റെ ഇടം

ഡോ. മുനീര്‍ ജി.പി

ജനപദങ്ങളുടെയും ആശയധാരകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വികാസ പരിണാമങ്ങളുടെ ചരിത്ര വഴികളില്‍, സഞ്ചാരങ്ങള്‍ ചെലുത്തിയ വിപുലമായ സ്വാധീനങ്ങള്‍ കാണാനാവും. പ്രയാസങ്ങള്‍ നിറഞ്ഞ മലനിരകളും കടല്‍പാതകളും വരെ താണ്ടി യാത്ര പോവാന്‍ അപാരമായ മനസ്സൊരുക്കം പ്രകടമാക്കിയവരാണ് പലപ്പോഴും വ്യത്യസ്ത ആദര്‍ശങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വികാസപരിണാമങ്ങളുടെ ചരിത്രവഴികളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയതായി കാണുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ലോകത്തെ ആഗോള ഗ്രാമമാക്കി പരിവര്‍ത്തിപ്പിച്ച പുതുകാലത്തും, യാത്രകള്‍ക്ക് വലിയ ഇടം അവശേഷിക്കുമ്പോള്‍, ഇതൊന്നുമില്ലാതിരുന്ന പഴയ കാലത്ത് മനുഷ്യര്‍ നടത്തിയ സഞ്ചാരങ്ങള്‍ പലയര്‍ത്ഥത്തിലും അതീവ പ്രധാന്യമുള്ളവയാണ്. കേരളത്തിലെ ജനപദങ്ങളില്‍, വിശേഷിച്ചും മുസ്ലിംകള്‍ക്കടിയില്‍ വേര് പിടിച്ചു വളര്‍ന്നു വികസിച്ച സൂഫിചിന്തകളുടെയും, സൂഫികൂട്ടായ്മകളുടെയും വളര്‍ച്ചയിലും വ്യാപനത്തിലും സഞ്ചാരം അടയാളപ്പെടുത്തിയ ഇടം ഹൃസ്വമായി പഠനവിധേയമാക്കുകയാണീ പ്രബന്ധം.

കേരളക്കരയിലെ ഇസ്ലാമികാവിര്‍ഭാവത്തിന്‍റെ അടിവേരുകള്‍ തേടിയുള്ള അന്വേഷണം ഇവിടത്തെ മുസ്ലിംകളുടെ ആധ്യാത്മിക സ്വത്വത്തിന്‍റെ വേരുകള്‍ തേടിയുള്ള അന്വേഷണം തന്നെയാണ്. കാരണം, തസ്വവ്വുഫ് അല്ലെങ്കില്‍ ഇസ്ലാമിക അധ്യാത്മികതയെന്നത് ഒരു നൂതന സൃഷ്ടിയോ പില്‍ക്കാല ഉല്‍പ്പന്നമോ അല്ല. മറിച്ച് ഇസ്ലാമിക ദര്‍ശനത്തിന്‍റെ അകക്കാമ്പും അന്തസ്സാരവുമാണ്. തസ്വവ്വുഫ് എന്ന ആധ്യാത്മിക സംവിധാനത്തിന്‍റെ ഉള്ളടക്കം പ്രവാചകന്‍ മുഹമ്മദിന്‍റെ വചനത്തിലൂടെ സുവിദിതമായി പ്രഖ്യാപനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇസ്ലാം എന്ന പേരില്‍ ഫിഖ്ഹും (കര്‍മ്മശാസ്ത്രം) ഈമാന്‍ എന്ന പേരില്‍ അഖീദയും (വിശ്വാസസംഹിത) ഇഹ്സാന്‍ (നന്മ ചെയ്യല്‍, മനോഹരമാക്കല്‍ എന്നൊക്കെയാണ് ഇഹ്സാന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം. എന്നാല്‍ സാങ്കേതികമായി സമ്പൂര്‍ണ്ണ ആത്മാര്‍ത്ഥത വിശ്വാസത്തിന്‍റേയും കര്‍മ്മങ്ങളുടെയും അകക്കാമ്പാക്കി, ഹൃദയ ശുദ്ധീകരണ പ്രക്രിയ കൂടി ഉള്‍ക്കൊള്ളുന്ന വ്യവഹാരത്തെയാണ് ഇഹ്സാന്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്.) എന്ന പേരില്‍ തസവ്വുഫും സമജ്ഞസമായി സമ്മേളിക്കുമ്പോള്‍ മാത്രമാണ് ഇസ്ലാമിക ദര്‍ശനം സമ്പൂര്‍ണ്ണമാകുന്നത്. ഇസ്ലാമിക ദര്‍ശനത്തിന്‍റെ തനത് മാതൃകകളായ പ്രവാചകാനുചരന്മാര്‍ ഹൃസ്വവും ദീര്‍ഘവുമായ യാത്രകള്‍ ചെയ്ത്, ചെന്നെത്തിയ നാടുകളിലെല്ലാം ജനപദങ്ങള്‍ക്ക് പരിചയപ്പെടുത്തിയതും ഈ ത്രിമാന ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന സമ്പൂര്‍ണ ഇസ്ലാം തന്നെയായിരുന്നു. ഇസ്ലാമിലെ ആധ്യാത്മികതയെ പ്രതിനിധീകരിക്കുന്ന സൂഫിസം എന്ന സംജ്ഞ പില്‍ക്കാല ഉല്‍പ്പന്നമാണെങ്കിലും അതിന്‍റെ ആശയപരവും പ്രായോഗികവുമായ സാരാംശം ഇസ്ലാമിനോളം തന്നെ പഴക്കമുള്ളതാണെന്ന് കൂടുതല്‍ തര്‍ക്കങ്ങളില്ലാതെ ഇസ്ലാമിക പണ്ഡിത ലോകം സാക്ഷ്യപ്പെടുത്തിയതാണ്. ആധികാരിക തസ്വവ്വുഫ് ഗ്രന്ഥമായ കശ്ഫുല്‍ മഹ്ജൂബില്‍ സൂഫീസത്തെ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം കാണാം. څڅപ്രവാചകന്മാരുടെയും പൂര്‍വസൂരികളുടെയും കാലത്ത് ഇങ്ങനെയൊരു പേരുണ്ടായിരുന്നില്ല. പക്ഷെ, അത് താല്‍പര്യപ്പെട്ട ഉല്‍കൃഷ്ട ഗുണങ്ങള്‍ എല്ലാവ രിലുമുണ്ടായിരുന്നുچ'. (അബ്ദുല്‍ മജീദ് എ.കെ, 2011). സത്ത നേരത്തെയുള്ളതും പേര് പില്‍ക്കാലത്തേതുമാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഇബ്നുഖല്‍ദൂനും തന്‍റെ മുഖദ്ദിമയില്‍ ഇങ്ങനെ പറയുന്നുണ്ട്. څڅഇസ്ലാമില്‍ വഴിയെയുണ്ടായ ജ്ഞാനശാഖകളില്‍പ്പെട്ടതാണിത്. സൂഫികളായ ആളുകളുടെ ത്വരീഖത്ത് മുസ്ലിം ഉമ്മത്തിന്‍റെ മുന്‍ഗാമികളും സമുന്നതരുമായ സ്വഹാബത്തിന്‍റെയും താബിഉകളുടെയും പിന്നീടുള്ളവരുടെയും നേര്‍മാര്‍ഗത്തിന്‍റെയും ത്വരീഖത്ത് തന്നെയാണ്." (ഖല്‍ദൂന്‍, ഇബ്നു,2011)

സമാനമായ വീക്ഷണം കൂടുതല്‍ വ്യക്തവും ശക്തവുമായി ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത അതുല്യ പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്വി څറബ്ബാനിയ്യ-ലാ-റഹ്ബാനിയ്യ' എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അതിലെ ഒരു ചെറിയ ഭാഗം ഇങ്ങനെ വായിക്കാം; "രണ്ടാം നൂറ്റാണ്ടില്‍ ആവിര്‍ഭവിക്കുകയും പ്രചാരം സിദ്ധിക്കുകയും ചെയ്ത തസ്വവ്വുഫ് എന്ന സാങ്കേതിക പദത്തെ മാറ്റിനിര്‍ത്തി ഖുര്‍ആനും സുന്നത്തും, സ്വഹാബികളുടെയും താബിഉകളുടെയും അവസ്ഥയും നിരീക്ഷിക്കുകയാണെങ്കില്‍ തസ്കിയത്(ആത്മസംസ്കരണം) എന്ന പ്രയോഗത്തെ ഖുര്‍ആന്‍ ഊന്നിപ്പറയുന്നതായി കാണാം." (അബ്ദുറഹ്മാന്‍ ആദൃശ്ശേരി, 2005) ചുരുക്കത്തില്‍ കേരളത്തില്‍ ഇസ്ലാമികാവിര്‍ഭാവത്തിന്‍റെ ചരിത്രം തന്നെയാണ് ഇസ്ലാമികാധ്യാത്മികതയുടെയും ആവിര്‍ഭാവത്തിന്‍റെയും ചരിത്രം. അതായത്, സമുദ്രസഞ്ചാരത്തിന്‍റെ നവസാധ്യതകളും സൗകര്യങ്ങളുമൊന്നും തുറന്ന് കിട്ടിയിട്ടില്ലാത്ത കാലഘട്ടത്തില്‍ രൂപപകര്‍ച്ചകള്‍ സംഭവിക്കുന്ന കാലാവസ്ഥകളോട് മല്ലിട്ട് അതിസാഹസികമായി ഏകദൈവ സന്ദേശത്തിന്‍റെ പ്രചാരണം ലക്ഷ്യമിട്ട് കേരളത്തിലെത്തിച്ചേര്‍ന്ന പ്രവാചകന്‍ മുഹമ്മദിന്‍റെ അനുചരന്മാര്‍ തന്നെയാണ് ഇസ്ലാമികാദ്ധ്യാത്മികതക്ക് ഈ മണ്ണില്‍ അടിത്തറ പാകിയത്. 

ഒരുപക്ഷെ, ഇസ്ലാമിന്‍റെ ആധ്യാത്മിക സങ്കല്‍പ്പം സ്വൂഫിസമെന്ന സവിശേഷ ചട്ടക്കൂടിനകത്തേക്ക് കയറ്റിയിരുത്തി സംഘടിതരൂപവും ഭാവവും നല്‍കി ആഗോളതലത്തില്‍ പരിചയപ്പെടുത്തിത്തുടങ്ങിയപ്പോള്‍, കൂടുതല്‍ വൈകാതെ കേരളത്തിലും അതിന്‍റെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയെന്ന് അനുമാനിക്കാവുന്നതാണ്. മുസ്ലിം ലോകത്തിന്‍റെ വിവിധ കോണുകളില്‍ രൂപം കൊള്ളുകയും വ്യാപനം നേടുകയും ചെയ്ത സൂഫി ധാരകളില്‍ ഏതാണ്ട് പതിനാലില്‍ പരം സരണികള്‍ വിവിധ സമയങ്ങളിലായി വ്യത്യസ്ത സൂഫികള്‍ വഴിയായി കേരളത്തില്‍ എത്തിയിട്ടുണ്ട്.

വന്‍തോതില്‍ സംഘടിത ഭാവം കൈവരിക്കുകയും ലോകവ്യാപകമായി പ്രചരിക്കുകയും ചെയ്ത മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന ഖാദിരി ത്വരീഖത്ത് തന്നെയാണ് കേരളത്തിലും ആദ്യകാലത്തെത്തിയ സൂഫി ത്വരീഖത്തായി നിരീക്ഷിക്കപ്പെടുന്നത്. ശൈഖ് ജീലാനിയുടെ ചില പ്രമുഖ ശിഷ്യന്മാരും തൊട്ടടുത്ത അനന്തരഗാമികളില്‍ ചിലരും കേരളത്തിലേക്ക് നേരിട്ടെത്തിയതിനും ഖാദിരി ആധ്യാത്മിക ധാര ഇവിടെ പ്രചരിപ്പിച്ചതിനും തെളിവുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പ്രമുഖ ശിഷ്യനും സൂഫി ലോകത്തെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായ ഇന്‍സാനുല്‍ കാമിലിന്‍റെ രചയിതാവുമായ ശൈഖ് അബ്ദുല്‍ കരീം ജീലി തന്നെ കേരളത്തില്‍ വന്ന് കൊച്ചി കേന്ദ്രമാക്കി ആദ്ധ്യാത്മിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ചില ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മുഹിയുദ്ദീന്‍ ശൈഖിന്‍റെ മറ്റൊരു പ്രധാന ശിഷ്യനായ ശൈഖ് ഫരീദുദ്ദിന്‍ അബ്ദുല്‍ ഖാദര്‍ ഖുറാസാനി പതിമൂന്നാം നൂറ്റാണ്ടില്‍ കേളത്തിലെ പൊന്നാനിയില്‍ എത്തിയതായും അവിടെയൊരു പള്ളി നിര്‍മിച്ച് ആത്മീയ പ്രബോധനത്തിന് നേതൃത്വം നല്‍കിയതായും ചരിത്ര രേഖകളുടെ പിന്‍ബലത്തോടെ മഖ്ദൂമും പൊന്നാനിയും എന്ന ഗ്രന്ഥത്തില്‍ ഹുസൈന്‍ രണ്ടത്താണി സമര്‍ത്ഥിക്കുന്നു.(രണ്ടത്താണി,  2010)

കേരളത്തില്‍ ആദ്യകാലങ്ങളില്‍ തന്നെ പ്രചരിച്ച സ്വൂഫിധാരകളിലൊന്നാണ് കാസറൂനി സൂഫി സരണി. വാണിജ്യ മേഖലകളെ കേന്ദ്രീകരിച്ച് പ്രചാരം നേടിയ ഈ ആധ്യാത്മിക വഴി പ്രധാനമായും വടക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളിലാണ് കാണപ്പെട്ടത്. പതിനാലാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിശ്വപ്രസിദ്ധ സഞ്ചാരി ഇബ്നു ബത്വൂത്ത തന്‍റെ മലബാര്‍ യാത്രയില്‍ വടക്കന്‍ കേരളത്തിലെ ചില തീരദേശങ്ങളില്‍ വെച്ച് കാസറൂനി സൂഫികളില്‍ ചിലരെ കണ്ടതായി തന്‍റെ യാത്രാവിവരണ ഗ്രന്ഥമായ രിഹ്ലയില്‍ എഴുതിയിട്ടുണ്ട്. കോഴിക്കോട് തീരപ്രദേശത്ത് വെച്ച് കണ്ടുമുട്ടിയ ശൈഖ് ശിഹാബുദ്ദീന്‍ കാസറൂനി പ്രസ്തുത പ്രദേശത്ത് സൂഫീപര്‍ണശാല കെട്ടി കാസറൂനി ആധ്യാത്മിക ധാര പ്രചരിപ്പിച്ച പ്രമുഖനായൊരു സൂഫിയായിരുന്നുവെന്ന് ഇബ്നു ബത്വൂത്ത പറയുന്നു. രിഫാഈ സൂഫി ധാരയും ആദ്യകാലത്ത് കേരളത്തിലെത്തിയതും വേരൂന്നിയതും പ്രചരിച്ചതും തീരപ്രദേശങ്ങളില്‍ തന്നെയായിരുന്നു. വിവിധ നാടുകളില്‍ നിന്ന് കപ്പല്‍ വഴി കേരളത്തിന്‍റെ കടല്‍ തീരങ്ങളില്‍ വന്നിറങ്ങിയ രിഫാഈ സൂഫികളാണ് കേരളത്തിന്‍റെ മണ്ണില്‍ ഈ ധാരയുടെ വേരുപിടിപ്പിച്ചത്. തുടര്‍ന്ന് കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് വിവിധ സൂഫികളുടെ പ്രബോധന ശ്രമഫലമായി വ്യാപിക്കുകയാണുണ്ടായത്. ഇന്നും കേരളത്തിലെ മുസ്ലിംകള്‍ തിങ്ങിപാര്‍ക്കുന്ന തീരപ്രദേശങ്ങളില്‍ ചെന്നാല്‍ രിഫാഈ സൂഫി ധാരയുമായി ബന്ധപ്പെട്ട റാത്തീബുകളും (ഇസ്ലാമിലെ ആധ്യാത്മിക ധാരകളുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന ഒരുതരം ആത്മീയ ആചാരമാണിത്. ദൈവത്തെ വാഴ്ത്തുക, ദൈവനാമങ്ങളും സ്തോത്രങ്ങളും പ്രാര്‍ത്ഥനാ ശകലങ്ങളും ഉരുവിടുക, ഖുര്‍ആനിലെ വചനങ്ങള്‍ ഉരുവിടുക, പ്രവാചകന്മാരുടേയും സൂഫികളുടേയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുക തുടങ്ങി ഒരേകീകൃത ഘടനയിലാണ് മുഴുവന്‍ റാത്തീബുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.) മൗലിദുകളും (ജനനസമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ് ഈ പദത്തിന്‍റെ ഭാഷാര്‍ത്ഥം. പ്രവാചകന്മാരുടെയോ പുണ്യാത്മാക്കളായി ഗണിക്കപ്പെടുന്നവരുടേയോ പ്രകീര്‍ത്തനങ്ങള്‍ ഗദ്യപദ്യ സമ്മിശ്ര രൂപത്തില്‍ പള്ളികളിലോ വീടുകളിലോ മറ്റു സദസ്സുകളിലോ കൂട്ടം ചേര്‍ന്ന് അവതരിപ്പിക്കപ്പെടുന്ന ആചാരമാണ് സാങ്കേതികമായി ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്). തുടങ്ങി വിവിധ തരത്തിലുള്ള ആധ്യാത്മിക ആചാരങ്ങള്‍ സജീവമായി നടന്നുവരുന്നത് കാണാം. 

ലക്ഷദ്വീപില്‍ നിന്നും മറ്റും പലകാലങ്ങളിലായി കേരളത്തിലേക്ക് കുടിയേറിയ സൂഫികളുടെ പിന്‍മുറക്കാരാണ് പലയിടത്തും ഇത്തരം ആത്മീയ ആചാരങ്ങള്‍ക്ക് ഇന്നും നേതൃത്വം നല്‍കുന്നതെന്നാണ് ഏറെ ശ്രദ്ധേയം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ശൈഖ് ഖാജാ അഹ്മദ് രൂപം നല്‍കുകയും മുഹമ്മദ്ബിനു മുഹമ്മദ്ബ്നു ബഹാഉദ്ദീന്‍ എന്ന സൂഫി മുഖേന ആഗോള പ്രചാരം സിദ്ധിക്കുകയും ചെയ്ത നഖ്ശബന്ദിയ്യ സൂഫി സരണിയും ആദ്യകാലങ്ങളില്‍ തന്നെ കേരളത്തിലെത്തിയതായി പറയപ്പെടുന്നു. ബുഖാരി സയ്യിദ് താവഴിയെ കേരളത്തിലെത്തിച്ച സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തന്നെയാണ് നഖ്ശബന്ദിയ്യ സ്വൂഫി ധാരയും കേരളത്തിലെത്തിച്ച ആദ്യകാല പ്രമുഖരില്‍ ഒരാള്‍. വളപട്ടണം വഴി കേരളത്തില്‍ കാലുകുത്തിയ ഇവരുടെ ശ്രമഫലമായി നഖ്ശബന്ദി, ഖാദിരി സ്വൂഫി ധാരകള്‍ പതിനഞ്ചാം നൂറ്റാണ്ടിലും തുടര്‍ന്നും കേരളക്കരയില്‍ വമ്പിച്ച പ്രചാരവും ജനകീയ സ്വീകാര്യതയും ലഭിച്ചതായി അദ്ദേഹത്തിന്‍റെ ജീവചരിത്ര ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശാദുലിയ്യ, സുഹ്റവര്‍ദിയ്യ, ചിശ്തിയ്യ തുടങ്ങിയ ആധ്യാത്മിക ധാരകളൊക്കെ ആദ്യകാലങ്ങളില്‍ തന്നെ കേരളത്തിലെത്തിയതായി പറയപ്പെടുന്നുണ്ട്. വിവിധ ദേശങ്ങളില്‍ നിന്ന് മൈലുകള്‍ താണ്ടി കേരളത്തിലെത്തിയ സൂഫി സഞ്ചാരികളാവാം ഇത് സാധ്യമാക്കിയത്.

കേരളത്തിലെ ആധ്യാത്മിക വഴികളെ രൂപപ്പെടുത്തിയതിലും അഭിവൃദ്ധിപ്പെടുത്തിയതിലും സഞ്ചാരങ്ങള്‍ക്കുള്ള ബഹുലമായ പങ്ക് അടയാളപ്പെടുത്തുന്ന മറ്റൊരു പ്രധാന ഘടകമാണ്, കേരള മുസ്ലിംകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ ജ്ഞാനാന്വേഷണ യാത്രകള്‍. വിജ്ഞാനാന്വേഷണങ്ങള്‍ക്കൊപ്പം പലര്‍ക്കുമിത് ആത്മീയ ഗുരുവിനേയും ആത്മിക വഴികളേയും കണ്ടെത്താനുള്ള അവസരങ്ങള്‍ കൂടിയായിരുന്നു. പഠനത്തോടൊപ്പം ആത്മശുദ്ധീകരണം കൈവരിക്കാനും ആധ്യാത്മിക ഉന്നതി പ്രാപിക്കാനും ചിലര്‍ക്കെങ്കിലും ഈ യാത്രകള്‍ വഴിയൊരുക്കി. കേരളത്തിലെ ഇസ്ലാമിക പൈതൃകത്തിന്‍റെ പ്രധാന ഇടമായി ഗണിക്കപ്പെടുന്ന മഖ്ദൂം കുടുംബത്തിന്‍റെ അമരക്കാരനായ സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ തന്നെ തന്‍റെ ആധ്യത്മിക ഗുരുവിനെ കണ്ടെത്തിയത് കേരളം വിട്ട് യാത്ര ചെയ്താണ്. പണ്ഡിതനായ പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിന് ശേഷം മക്കയിലേക്കും തുടര്‍ന്ന് വിശ്രുതമായ ഈജിപതിലെ അല്‍ അസ്ഹറിലേക്കും ജ്ഞാനാന്വേഷണാര്‍ഥം യാത്രയായ അദ്ദേഹം തന്‍റെ ആധ്യാത്മിക നിര്‍ദേശങ്ങള്‍ക്കും പരിപാലനത്തിനും അന്വേഷിച്ച് കണ്ടെത്തിയ ആത്മീയ ഗുരു ശൈഖ് ഖുത്ബുദ്ദീന്‍ ആയിരുന്നു. മുരീദുമാര്‍ക്ക് (സൂഫി മാര്‍ഗത്തില്‍ ഗുരുവിനെ പിന്തുടരുന്ന ശിഷ്യനാണ് മുരീദ്) ആത്മീയ ചികിത്സ നടത്താനും പരിശീലന മുറകള്‍ പഠിപ്പിക്കാനും മഖ്ദൂം കബീറിന് ഇജാസത്ത് (ശിഷ്യപ്പെടാന്‍ ഗുരുവില്‍ നിന്ന് ലഭിക്കുന്ന ഔദ്യോഗിക അംഗീകാരമാണ് ഇജാസത്ത് എന്ന അറബി പദം കൊണ്ട് സൂഫിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അര്‍ത്ഥമാക്കുന്നത്) നല്‍കി തന്‍റെ ഖലീഫയായി (പ്രാതിനിധ്യം നിര്‍വഹിക്കാനുള്ള ഔദ്യോഗിക അംഗീകാരം. വ്യത്യസ്ത സൂഫി ധാരകളുടെ ഗുരുക്കന്മാര്‍ തങ്ങളുടെ വഴി വിവിധ ഇടങ്ങളില്‍ പ്രചരിപ്പിക്കാനാണ് ചില ശിഷ്യന്മാരെ പ്രത്യേക അനുവാദവും അധികാരവും നല്‍കി ഖലീഫമാരായി ഉയര്‍ത്തുന്നത്) നിയമിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഇന്ത്യയിലെ പ്രമുഖ ചിശ്ത്തി സ്വൂഫി ശൈഖ് ഫരീദുദ്ദീന്‍ അജോദാനിയുടെ പുത്രന്‍ ശൈഖ് ഇസ്സുദ്ദീന്‍റെ പുത്രന്‍ ശൈഖ് ഫരീദുദ്ദീന്‍റെ പുത്രനാണ് മഖ്ദൂമിന്‍റെ ആത്മിക ഗുരുവായ ശൈഖ് ഖുത്ബുദ്ദീന്‍. (രണ്ടത്താണി, 2010) ശൈഖ് സാബിത്ത് ബിന്‍ ഐന്‍ ബിന്‍ മഹ്മൂദുസ്സാഹിദില്‍ നിന്നാണ് മഖ്ദൂം കബീര്‍ ശതാരിയ്യ ത്വരീഖത്തില്‍ പ്രവേശനം കരസ്ഥമാക്കിയത്. (രണ്ടത്താണി,2010)

പതിനാറാം നൂറ്റാണ്ടിലെ കേരളത്തിന്‍റെ മതസാംസ്കാരിക സാമൂഹിക ആത്മിക മണ്ഡലങ്ങളിലൊക്കെ നിറസാന്നിധ്യമായിരുന്ന സൂഫി പണ്ഡിതന്‍ ശൈഖ് അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ് അലാഉദ്ദീന്‍ അല്‍ ഹിംസിയുടെ (കോഴിക്കോട് കുറ്റിച്ചിറ ശൈഖ് പള്ളിയോട് ചേര്‍ന്നാണ് അദ്ദേഹത്തിന്‍റെ ഖബറുള്ളത്) ജീവിതത്തില്‍ നിന്നും തന്‍റെ ആത്മിക വ്യക്തിത്വത്തിന്‍റെ രൂപീകരണ വഴികളില്‍ യാത്രകള്‍ ചെലുത്തിയ സ്വാധീനത്തിന്‍റെ അനേകം ഏടുകള്‍ അയവിറക്കാനുണ്ട്.

ചെറുപ്പത്തിലേ വിജ്ഞാന അന്വേഷണങ്ങളിലും ആത്മീയ വഴികളിലും ആത്മാര്‍ഥമായ താല്‍പര്യം പ്രകടിപ്പിച്ച ശൈഖ് അബുല്‍ വഫാ തന്‍റെ ആത്മീയ കേടുപാടുകള്‍ തീര്‍ക്കാന്‍ കരുത്തുള്ള ആത്മീയ ഗുരുവിനെ തേടി ഇരുപതാം വയസ്സില്‍ തന്നെ നാടുവിട്ടുള്ള സഞ്ചാരത്തിനൊരുങ്ങി. ഇന്തോനേഷ്യയിലെ സുമാത്രക്കടുത്തുള്ള അച്ചി എന്ന സ്ഥലത്താണ് ഈ യാത്ര അദ്ദേഹത്തെ ആദ്യമെത്തിച്ചത്. അച്ചിയിലൂടെ കറങ്ങി നടന്ന അദ്ദേഹം അവിടങ്ങളിലെ സ്വൂഫി ഗുരുക്കന്മാരുമായി സമ്പര്‍ക്കം നടത്തുകയും, മണ്‍മറഞ്ഞുപോയ മുന്‍കാല സൂഫികളുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുകയും വിവിധ സൂഫി ധാരകളില്‍ പ്രവേശനം നേടുകയും ചെയ്തു. ആത്മീയ ഗൃഹപാഠങ്ങളും ഗുരുമുഖങ്ങളും തേടിയുള്ള അച്ചിയിലെ ഈ അലച്ചിലിലാണ് അദ്ദേഹം തന്‍റെ യഥാര്‍ഥ ആത്മീയ ഗുരുവിനെ കണ്ടെത്തുന്നത്. ശൈഖ് മുഅള്ളം എന്നായിരുന്നു ആ സ്വൂഫി ഗുരുവിന്‍റെ നാമം. പിന്നീട് കാലങ്ങളോളം ആ ഗുരുവിന്‍റെ ശിക്ഷണത്തില്‍ കഴിഞ്ഞു കൂടിയ ശൈഖ് അബുല്‍ വഫാ എന്നവര്‍ക്ക് ശൈഖ് മുഅള്ളം തന്‍റെ സ്വൂഫിധാരയുടെ ഖിലാഫത്ത് ഔദ്യോഗികമായി നല്‍കി ആദരിക്കുകയും പ്രസ്തുത പ്രദേശത്തെ ജനങ്ങളെ പ്രബോധനം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. (അബുല്‍ വഫാ മൗലിദ്. ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍)

ഗുരു വിശ്വസിച്ചേല്‍പിച്ച ഖിലാഫത്ത് വര്‍ഷങ്ങളോളം പ്രസ്തുത പ്രദേശങ്ങളില്‍ തന്നെ വിജയകരമായി നിര്‍വഹിച്ച ശേഷം, ഗുരുവിന്‍റെ സമ്മതം വാങ്ങി ശൈഖ് അബുല്‍ വഫാ വീണ്ടും ലോകസഞ്ചാരത്തിനൊരുങ്ങി. ഈ യാത്രയില്‍ മുഹമ്മദ് നബിയുടെ മദീനയിലെ പള്ളിയും ഖബറിടം അടങ്ങുന്ന റൗളയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അനവധി സൂഫികളുടെ മഖ്ബറകളും അദ്ദേഹം സന്ദര്‍ശിച്ചു. ഈ ആത്മീയ സഞ്ചാരങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ശൈഖിന്‍റെ സമ്മതം വാങ്ങി അദ്ദേഹം സ്വന്തം നാടായ കോഴിക്കോട്ടേക്ക് മടക്കയാത്ര പുറപ്പെട്ടത്. യമനില്‍ നിന്നായിരുന്നു അദ്ദേഹം കപ്പല്‍ കയറിയത്. നാടുകള്‍ തോറും കറങ്ങി ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ അനവധി സൂഫിഗുരുക്കന്മാരില്‍ നിന്നും വിശേഷിച്ച് ശൈഖ് മുഅള്ളമില്‍ നിന്നും ആവാഹിച്ച ആത്മീയ സിദ്ധിവിശേഷങ്ങളും ജ്ഞാനങ്ങളുമാണ് പതിനാറാം നൂറ്റാണ്ടിലെ മലബാറിലെ വിപ്ലവ നായകനായി അദ്ദേഹത്തെ മാറ്റിയെടുത്തത് എന്ന് പറയാം. ഹദ്റമി സയ്യിദുമാരും മഖ്ദൂം കുടംബവും കോഴിക്കോട്ടെയും വളപട്ടണത്തെയും ഖാദിമാരും ലക്ഷദ്വീപില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ചേക്കേറിയ സൂഫികളും മറ്റനേകം സ്വൂഫി ഗുരുക്കന്മാരും കേരളക്കരക്ക് പല അര്‍ത്ഥത്തില്‍ സംഭാവന ചെയ്തവരാണ്. ഇവരുടെയൊക്കെ ആത്മീയ വൈജ്ഞാനിക വ്യക്തിത്വ രൂപീകരണത്തിന് സഹായിച്ചത് കേരളത്തിനകത്തേക്കും പുറത്തേക്കും അവര്‍ കാലങ്ങളിലൂടെ നടത്തിയ സാഹസിക യാത്രകളാണ് എന്നത് ഏറെ സുവിദിതമാണ്.

ആത്മീയതയുടെ അകസാരങ്ങള്‍ ലോകസമൂഹത്തിന് വായനായോഗ്യമാക്കിയ അധ്യാത്മിക ലോക ക്ലാസിക് കൃതികളൊക്കെ പഠനമായോ പരാവര്‍ത്തനമായോ വ്യാഖ്യാനങ്ങളായോ വിവര്‍ത്തനങ്ങളായോ കേരളക്കരയിലും എത്തിയിട്ടുണ്ട്. വിവിധ കാലങ്ങളില്‍ ആത്മീയസന്ദേശങ്ങളുമായി കേരളത്തിലേക്ക് കടന്നുവന്ന സ്വൂഫികളോ ആത്മീയ വൈജ്ഞാനിക അന്വേഷണങ്ങളുമായി കേരളത്തിനുപുറത്തേക്ക് യാത്ര പോയവരോ ആവാം ഈ ആത്മീയ ജ്ഞാനങ്ങളുടെ ലിഖിത രേഖകളെ കേരളമുസ്ലീംകള്‍ക്ക് ചിരപരിചിതമാക്കുന്നതില്‍ ഉത്സാഹിച്ചത്.

മലയാളിഎഴുത്തുകാരുടെ ഭാഗത്തുനിന്നുണ്ടായ വിവര്‍ത്തന പരാവര്‍ത്തന ഉദ്യമങ്ങളാണ് ആഗോളപ്രശസ്തമായ സൂഫീ ഗ്രന്ഥങ്ങളില്‍ പലതും കേരളക്കരക്ക് ചിരപരിചിതമാക്കുന്നതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏറെ ശ്രദ്ധേയമായ ഒരു മാധ്യമം. അറബിയിലും പേര്‍ഷ്യനിലും ഇംഗ്ലീഷിലും ഉറുദുവിലും തുടങ്ങി ബഹുവിധ ഭാഷകളിലായി കിടക്കുന്ന അധ്യാത്മിക മണ്ഡലത്തിലെ കിടയറ്റ കൃതികളില്‍ പലതും കേരളത്തിലെ എഴുത്തുകാരുടെ വിജയകരമായ വിവര്‍ത്തന പരാവര്‍ത്തന ശ്രമങ്ങള്‍ക്ക് പാത്രീഭവിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം കേരളമുസ്ലിംകളുടെ വ്യവഹാര ഭാഷയായിരുന്ന അറബിമലയാളത്തിലും ശുദ്ധമലയാളത്തിലും ഇത്തരം ശ്രമങ്ങളുടെ വിജയകരമായ ഫലങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമുദ്ദീന്‍ എന്ന ലോകപ്രസിദ്ധ സൂഫി ഗ്രന്ഥത്തിന്  ഒന്നിലധികം വിവര്‍ത്തനങ്ങള്‍ അറബിമലയാളത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഇഹ്യാ എന്ന ഗ്രന്ഥത്തില്‍ നിന്ന് നോമ്പിന്‍റെ അധ്യായം അറബിമലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കുഞ്ഞാമു എന്ന പണ്ഡിതനെ കുറിച്ച് അറബിമലയാള സാഹിത്യചരിത്രത്തില്‍ ഒ.അബു സംസാരിക്കുന്നുണ്ട്. ഗസ്സാലി ഇമാമിന്‍റെ മറ്റൊരു പ്രസിദ്ധ തസ്വവ്വുഫ് ഗ്രന്ഥമായ കീമിയാഉ സആദഃ അറബിമലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്. ചാലിലകത്ത് അബ്ദുല്ല മൗലവി നിര്‍വ്വഹിച്ച ഈദാഹുല്‍ ഹിമം ഫീ ശറഹില്‍ ഹികം എന്ന പേരിലുള്ള ഹികമിന്‍റെ അറബി മലയാള പരിഭാഷയും, ഉമര്‍ വൈദ്യര്‍ നിര്‍വഹിച്ച മിന്‍ഹാജുല്‍ ആബിദീന്‍റെ പരിഭാഷയും നൂഹ്കണ്ണ് മുസ്ലിയാരുടെ ഫത്ഹുസ്സമദ് തര്‍ജ്ജമയും ഫത്ഹുന്നൂര്‍ തര്‍ജ്ജമയും കെ അഹ്മദ് നിര്‍വഹിച്ച ഖുത്ബിയ്യത്ത് തര്‍ജ്ജമയും (സമസ്ത പതിനഞ്ചാം വാര്‍ഷിക ഉപഹാരം, 2012) ഈ ഗണത്തില്‍ ശ്രദ്ധേയമായ സേവനങ്ങളാണ്.

മാപ്പിള മുസ്ലിംകളുടെ വ്യവഹാര ഭാഷ അറബി മലയാളത്തില്‍ നിന്നും മലയാളത്തിലേക്ക് മാറിയതിന് ശേഷം പ്രധാനപ്പെട്ട പല തസ്വവ്വുഫ് ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ഗസാലിയുടെ പല അധ്യാത്മിക രചനകളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ചിലതിന് ഒന്നിലധികം തര്‍ജ്ജമകളുമുണ്ട്. ഇഹ്യക്ക് മലയാളത്തില്‍ പൂര്‍ണവും അപൂര്‍ണവുമായ അനേകം പരിഭാഷകള്‍ നിലവിലുണ്ട്. 1976ല്‍ പി.കെ കുഞ്ഞുബാവ മൗലവി ഇഹ്യ പൂര്‍ണമായും വിവര്‍ത്തനം ചെയ്ത് സ്വയം പ്രസിദ്ധീകരിച്ചു. മര്‍ഹൂം എം.വി കുഞ്ഞഹമ്മദ് മൗലവി വിവര്‍ത്തനം ചെയ്ത് ആമിന ബുക് സ്റ്റാള്‍ പ്രസിദ്ധീകരിച്ചതാണ് മറ്റൊരു പരിഭാഷ. നാല് ഭാഗങ്ങളിലുള്ള  ഒന്നാം ഭാഗം കെ.എ ഖാദര്‍ ഫൈസി വിവര്‍ത്തനം ചെയ്ത് അഷ്റഫി ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് ശമീം ഉമരിയും വി.എസ്.എ തങ്ങളും ഇഹ്യയുടെ വെവ്വേറെ സംഗ്രഹിത വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട് (അബ്ദുറഹിമാന്‍ മാങ്ങാട്ട്, ഇമാം അബൂഹാമിദുല്‍ ഗസാലി, പ്രബോധന വിശേഷാല്‍ പതിപ്പ്). ഗസാലി ഇമാമിന്‍റെ മറ്റു ഗ്രന്ഥങ്ങളായ അല്‍ മുന്‍ഖിദു മിനദ്ദലാലും അയ്യുഹല്‍ വലദും കീമിയാഉസ്സആദയും ബിദായതുല്‍ ഹിദായയും ഒന്നിലധികം തവണ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പേര്‍ഷ്യന്‍ സ്വൂഫി കവിയായ ഉമര്‍ ഖയ്യാമിന്‍റെ കവിതകള്‍ ആദ്യമായി മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് യൂറോപ്പിലൂടെ സഞ്ചരിച്ചെത്തിയാണെന്ന് പറയാം. കാരണം, അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ റുബാഇയ്യാത്തിന് പതിനാറോളം വിവര്‍ത്തനങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും അവയിലൊന്നു പോലും മൂലകൃതിയില്‍ നിന്ന് നേരിട്ട് വിവര്‍ത്തനം ചെയ്യപ്പെട്ടതല്ല. ഫിറ്റ്സ് ജെറാഡിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനത്തെയാണ് ഇവരില്‍ മഹാഭൂരിപക്ഷവും അവലംബിച്ചത്. ജി. ശങ്കരക്കുറുപ്പും സര്‍ദാര്‍ കെ.എം പണിക്കരും കെ.പി അപ്പനും ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും വി. മാധവനും ഡോ. ഉമര്‍ തറമേലും കെ. ജയകുമാറുമൊക്കെ റുബാഇയ്യാത്തിനെ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയവരില്‍ ചിലരാണ്. ഭുവന പ്രശസ്തനായ മറ്റൊരു പേര്‍ഷ്യന്‍ മിസ്റ്റിക് കവിയായ ജലാലുദ്ദീന്‍ റൂമിയുടെ കാവ്യം മലയാളിക്ക് പരിചയപ്പെടാന്‍ അവസരം ഉണ്ടായിട്ടുണ്ട്. നിത്യ ചൈതന്യയതിയുടെ റൂമി പറഞ്ഞ കഥകള്‍ ഇതില്‍ പ്രധാനപ്പെട്ടതാണെങ്കിലും അദ്ദേഹം ഇതിന് അവലംബിച്ചത് ഇംഗ്ലീഷ് പരിഭാഷയാണ്. എന്നാല്‍ റൂമിയുടെ മസ്നവിക്ക് പേര്‍ഷ്യന്‍ മൂലത്തില്‍ നിന്ന് നേരിട്ടുള്ള മലയാള വിവര്‍ത്തനം ഈയടുത്ത കാലത്ത് ഇറങ്ങുകയുണ്ടായി. ആറുവാള്യങ്ങളായി ഇരുപത്തിഏഴായിരത്തോളം വരികള്‍ ഉള്ളതും ക്രിസ്താബ്ദം പതിമൂന്നാം ശതകത്തില്‍ പാഴ്സി ഭാഷയില്‍ രചിക്കപ്പെട്ടതുമായ റൂമിയുടെ മസ്നവി യെ മഅനവി എന്ന ബൃഹത് ഗ്രന്ഥത്തില്‍ നിന്നുള്ള ആദ്യത്തെ നാനൂറില്‍ പരം വരികളുടെ മലയാള പദ്യ പരിഭാഷയും വിശദമായ ആസ്വാദനവും നിര്‍വഹിച്ചിരിക്കുന്നത് വിവര്‍ത്തകനും പണ്ഡിതനും ചിന്തകനുമായ സി. ഹംസ സാഹിബും പ്രസിദ്ധീകരിച്ചത് സഖലൈന്‍ ഫൗണ്ടേഷന്‍ കൊച്ചിനുമാണ്. പേര്‍ഷ്യയിലും മറ്റും അനവധി തവണ യാത്ര ചെയ്ത ഹംസ സാഹിബിന്‍റെ പേര്‍ഷ്യന്‍ ഭാഷയിലും സൂഫി സംജ്ഞകളിലുമുള്ള അഗാധ ജ്ഞാനം ഈ വിവര്‍ത്തനോദ്യമനത്തിലൂടെ മസ്നവിയുടെ ആഴമുള്ള വരികള്‍ മൂലഭാഷയില്‍ നിന്ന് നേരിട്ട് ആസ്വദിക്കാന്‍ മലയാളിക്ക് അവസരം തുറന്നു തന്നിരിക്കുന്നു.

സൂഫി ലോകത്ത് ആധികാരിക ലിഖിത രേഖകളായി പരിഗണിക്കപ്പെടുന്ന കശ്ഫുല്‍ മഹ്ജൂബും രിസാലത്തുല്‍ ഖുശൈരിയ്യയും മലയാളിയുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് നല്‍കിയത് എഴുത്തുകാരനും വിവര്‍ത്തകനുമായ എ.കെ. അബ്ദുല്‍ മജീദ് ആണ്. ഖുര്‍ആനിന്‍റെ ആധ്യത്മിക വ്യാഖ്യാനമായ അല്ലാമ ഇബ്നു അറബിയുടെ ഖുര്‍ആന്‍ വ്യാഖ്യാനവും മലയാളത്തില്‍ വായിക്കാന്‍ മലയാളി അനുവാചകര്‍ക്ക് അവസരമുണ്ടായിട്ടുണ്ട്. ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, ഇമാം അല്‍ ജീലിയുടെ ഇന്‍സാനുല്‍ കാമില്‍ തുടങ്ങി സൂഫി ലോകത്തെ കനപ്പെട്ട സൃഷ്ടികള്‍ മലയാളിക്ക് ഭാഷാന്തരം ചെയ്ത് നല്‍കിയ സൂഫി എഴുത്തുകാരന്‍ കെ.വി.എം പന്താവൂരാണ്, ഇബ്നു അറബിയുടെ ഖുര്‍ആന്‍ വ്യഖ്യനത്തിന്‍റെ മലയാളീകരണവും നിര്‍വ്വഹിച്ചത്. ഇതിന്‍റെ അഞ്ചു വാള്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആധ്യാത്മിക ഗ്രന്ഥവിവര്‍ത്തനങ്ങളുടെ ഭൂമിക സ്വതന്ത്രമായൊരു പഠനത്തിന് ഇടം നല്‍കാന്‍ മാത്രം വിശാലമാണെന്ന് ചുരുക്കം. വ്യക്തികളുടെയും സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും അതിരുകള്‍  ഭേദിച്ചുകൊണ്ടുള്ള പരസ്പര സഞ്ചാരത്തിന്‍റെ ഫലമായാണ് ഈ ആശയ കൈമാറ്റങ്ങളും അക്ഷരങ്ങളുടെ കൊള്ള കൊടുക്കലുകളും സാധ്യമായതെന്ന് ലളിതമായി സംഗ്രഹിക്കാം.

ഇസ്ലാമില്‍ വ്യക്തിഗതമായും സാമൂഹികമായും നിര്‍ബന്ധമായ ആചാരാനുഷ്ഠാനമുറകളും പരിചയപ്പെടുത്തുയിട്ടുണ്ട്. പ്രാധാന്യത്തിനനുസരിച്ച് അവയെ അടിസ്ഥാനപരമായതെന്നും അനുബന്ധങ്ങളെന്നും വര്‍ഗീകരിക്കാന്‍ സാധിക്കും. സൂഫിസത്തിന്‍റെ ചട്ടക്കൂടിനകത്തും ആചാരാനുഷ്ഠാനപരമായി ഇങ്ങനെ ചില വര്‍ഗീകരണങ്ങള്‍ കണ്ടെടുക്കാനാകും. സ്വൂഫി ധാരയിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തിനായി ഗുരുവുമായുള്ള ബൈഅത് (സൂഫിസത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തിന്‍റെ ആചാരരീതിയായി ഇതിനെ കാണാം. സൂഫി ഗുരുവിന് പൂര്‍ണ്ണമായും വഴിപ്പെടാനുള്ള കരാര്‍ ചെയ്യലാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്) എന്ന പേരിലറിയപ്പെടുന്ന ഉടമ്പടിയും വിവിധ സൂഫി ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാര്‍ക്ക് സവിശേഷമായി നിഷ്കര്‍ശിക്കുന്ന ഔറാദുകളും(സ്ഥിരമായി ഉരുവിടാന്‍ ഗുരു ശിഷ്യന്മാര്‍ക്ക് നിര്‍ദേശം നല്‍കുന്ന നിയതമായ പ്രാര്‍ത്ഥനാ മന്ത്രങ്ങളാണിത്. സൂഫി ധാരകള്‍ വ്യത്യാസപ്പെടുന്നതിനനുസരിച്ച് ചിലപ്പോഴൊക്കെ ഇതിലെ വാക്ക് രൂപങ്ങള്‍ വ്യത്യാസപ്പെടാം.) പ്രാഥമിക സൂഫി അനുഷ്ഠാനങ്ങളായി പരിഗണിക്കുമ്പോള്‍, റാത്തീബുകളും മൗലിദുകളും സൂഫി ഗുരുക്കന്മാരുടെ മഖാമുകളുമായി (സൂഫി ഗുരുക്കന്മാരുടേയും ആധ്യാത്മിക പ്രാധാന്യമുള്ള മുസ്ലിം വ്യക്തികളുടെയും അന്ത്യവിശ്രമ കുടീരം) ബന്ധപ്പെട്ട് നടക്കുന്ന ആചാരങ്ങളും ആത്മീയ സംഗീത പരിപാടികളും അനുബന്ധ ഗണങ്ങളിലും എണ്ണാവുന്നതാണ്.

ആത്മീയ ലോകത്തെ ഇത്തരം ആചാര മുറകളൊക്കെ കേരളത്തിലും ഏറിയോ കുറഞ്ഞോ കാണാന്‍ കഴിയുന്നുണ്ട്. തദ്ദേശീയമായ സ്വാധീനങ്ങള്‍ കാണാമെങ്കിലും ഇതിന്‍റെയൊന്നും ആവിര്‍ഭാവം കേരളത്തിലല്ലാത്തത് കൊണ്ട് തന്നെ അവകളുടെ ഉദ്ഭവം തേടിയുള്ള ചരിത്രം അന്വേഷകനെ കൊണ്ടെത്തിക്കുക സൂഫിസത്തിലെ ആഗോള തലത്തില്‍ പരന്ന് കിടക്കുന്ന ഹൃദയ ഭൂമികളിലേക്കും പല സൂഫി ഗുരുമാരിലേക്കുമാണ്.

ബാഅലവി സൂഫി ധാരയിലെ വിഖ്യാത ആത്മീയ ഗുരു അബ്ദുല്ലാഹില്‍ ഹദ്ദാദ് രൂപവും ഭാവവും നല്‍കിയ കേരള മുസ്ലിംകള്‍ക്കിടയില്‍ ഏറെ പ്രചാരം ലഭിച്ച ഹദ്ദാദ് റാത്തീബ് (ഹിജ്റ വര്‍ഷം 1044 ല്‍ യമനില്‍ ജീവിച്ച സൂഫിഗുരു അബ്ധുല്ലാഹിബ്നു അലവി അല്‍ഹദ്ദാദ് ഹിജ്റ 1071 ക്രോഡീകരിക്കുകയും കോര്‍ത്തിണക്കുകയും ചെയ്ത ദൈവിക പ്രകീര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സമാഹാരമാണ് ഹദ്ദാദ് റാത്തീബ്. ഹളറമീ സൂഫികള്‍ ചെന്നിടത്തെല്ലാം ഈ റാത്തീബ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായി കാണാം. ബാഅലവിയ്യാ സൂഫികള്‍ മുഖേന കേരളത്തിലും ഈ റാത്തീബ് പ്രചാരം നേടിയിട്ടുണ്ട്.) ഇതിനൊരുദാഹരണം മാത്രം. സൂഫിസവുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല കാലങ്ങളായി ഉയര്‍ന്നുവന്ന ആശയഗതികളും സിദ്ധാന്തങ്ങളും സംവാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും ഏറിയോ കുറഞ്ഞോ കേരളക്കരയുടെ ആത്മീയ സദസ്സിലും അലയൊലികള്‍ തീര്‍ത്തിട്ടുണ്ട്. തസ്വവ്വുഫിന്‍റെ അടിസ്ഥാനാശയതലമായ വഹ്ദതുല്‍ വുജൂദും (ഏകാസ്തിത്വം എന്നര്‍ത്ഥം വരുന്ന ഇത് ഇബ്നു അറബിയുമായി ബന്ധപ്പെടുത്തി സൂഫിസത്തില്‍ വികസിച്ചുവന്ന ഒരു താത്വിക പ്രയോഗമാണ്. ആ ചിന്താപദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം പഠനങ്ങളും ചര്‍ച്ചകളും സൂഫിസത്തില്‍ തന്നെ നടന്നിട്ടുണ്ട്) അതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന് വന്ന സൂഫി മന്ത്രമായ ലാ മൗജൂദ ഇല്ലല്ലായും (സ്രഷ്ടാവിന് മാത്രമാണ് ഉണ്മ എന്ന് നിരന്തരം ആവര്‍ത്തിച്ചുറപ്പിച്ച് പറയാന്‍ സൂഫികളില്‍ ചിലര്‍ കണ്ടെത്തിയ മന്ത്രമാണിത്. തങ്ങളുടെ ശിഷ്യന്മാരോടും ഈ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കാന്‍ അവര്‍ നിര്‍ദേശിക്കാറുണ്ട്) കേരളത്തില്‍ ഒരു ഘട്ടത്തില്‍ തീക്ഷണമായ വാദപ്രതിവാദങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഇത്തരം ചൂടുപിടിച്ച വാദപ്രതിവാദങ്ങളുടെ പ്രതിഫലനമെന്നോണം അനേകം സാഹിത്യങ്ങളും കേരളീയ സ്വൂഫികളാല്‍ വിരചിതമാവുകയുണ്ടായി. കൊണ്ടോട്ടി പൊന്നാനി കൈതര്‍ക്കമെന്ന പേരില്‍ നൂറ്റാണ്ടുകളോളം കേരളീയ ആത്മീയ മേഖലയില്‍ അരങ്ങേറിയ സംവാദം തന്നെ ഉയര്‍ന്നത് ബോംബെയിലെ പനവേലിനടുത്തുള്ള കല്‍ദാന്‍ എന്ന പ്രദേശത്ത് നിന്നും കേരളത്തിലേക്ക് തന്‍റെ ആത്മീയ സരണിയുടെ പ്രചരണാര്‍ഥം കടന്ന് വന്ന മുഹമ്മദ് ശാഹ് തങ്ങളെയും അവരുടെ പിന്മുറക്കാരെയും അവര്‍ പരിചയപ്പെടുത്തിയ ആത്മീയ ആചാരാനുഷ്ഠാനമുറകളെയും ചുറ്റിപറ്റിയായിരുന്നു. കേരളത്തിലെ പ്രബല സൂഫി പണ്ഡിതന്മാര്‍ക്കിയില്‍ അരങ്ങേറിയ ഈ മതകീയ സംവാദവും നിരവധി കനപ്പെട്ട സാഹിത്യസൃഷ്ടികളുടെ ജന്മത്തിന് ഇടയാക്കിയിട്ടുണ്ട്.

നൂറ്റാണ്ടുകളോളം കേരളമുസ്ലിംകളുടെ മതകീയ ജീവിതത്തിന്‍റെ വ്യവഹാരമാധ്യമവും, ഒട്ടേറെ ആധ്യാത്മിക ജ്ഞാനങ്ങളുടെയും ആശയസാരാംശങ്ങളുടെയും കലവറയുമായ അറബിമലയാളമെന്ന മാപ്പിള മലയാളത്തിന്‍റെ ആവിര്‍ഭാവം പോലും ഒരര്‍ഥത്തില്‍ അറബുനാടുകളില്‍ നിന്നും ഇസ്ലാമിക പ്രചരണാര്‍ഥം കടന്നുവന്ന സൂഫികളുടെ ശ്രമഫലമായിട്ടാണെന്ന് കാണാം. അറബി മലയാള സാഹിത്യ ചരിത്രത്തില്‍ ഒ.അബുസാഹിബ് ഈ വസ്തുതകളിലേക്ക് വെളിച്ചം വീശികൊണ്ട് എഴുതുന്നുണ്ട്. ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിന്‍റെ ആരംഭത്തിലോ തന്നെ അറബിമലയാള ഭാഷ ഉടലെടുത്തിട്ടുണ്ടെന്ന് പറയാന്‍ കാരണങ്ങള്‍ കാണുന്നുണ്ട്. ഹിജ്റാബ്ദം ഒന്നാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തില്‍ തന്നെ, തങ്ങള്‍ കുടിയേറിപ്പാര്‍ക്കുകയും മതപ്രചാരണാര്‍ഥം ചെന്നെത്തുകയും ചെയ്ത നാടുകളിലെ പ്രാദേശിക ഭാഷകള്‍ അറബി ലിപികളില്‍ എഴുതിത്തുടങ്ങിയ മുസ്ലിംകള്‍, ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടില്‍ മതപ്രചാരണാര്‍ത്ഥം മലബാറില്‍ വന്നപ്പോള്‍ ഈ നാട്ടിലെ ഭാഷയും അറബി ലിപികളില്‍ എഴുതിത്തുടങ്ങി എന്ന് വിചാരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല (ഒ.അബു,1920) മാപ്പിള മലയാളത്തെ പഠന വിധേയമാക്കി മറ്റു പല ചരിത്രാന്വേഷികളും സമാനമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

പുതിയ കാലഘട്ടത്തിലെ കേരള മുസ്ലിം ആത്മീയതയെയും നവ സാധ്യതകളുടെ സ്വാധീന ഫലങ്ങള്‍ സ്പര്‍ശിച്ചു തുടങ്ങിയിട്ടുണ്ട്. അതായത് അന്ന് സാധ്യമായ അവികസിതമായ യാത്രാ രീതികളൊക്കെ ഉപയോഗപ്പെടുത്തി മനുഷ്യന്‍ നേരിട്ട് പോയി ആശയസന്ദേശപ്രചരണം നടത്തിയിരുന്ന മധ്യകാലത്ത് നിന്നും മുന്നോട്ട് പോന്ന് അതിവികസിത സൗകര്യങ്ങളുടെ ആധുനിക കാലത്തെത്തി നില്‍ക്കുമ്പോള്‍ ആത്മീയ മണ്ഡലവും അതിന്‍റെ ഗുണഫലങ്ങളുടെ പങ്ക് പറ്റുന്നുണ്ടെന്ന് ചുരുക്കം. അതുകൊണ്ട്, പുതിയ കാലത്ത് പുതിയ സഞ്ചാര രീതികള്‍ കേരള മുസ്ലിം ആത്മീയതയില്‍ എന്തൊക്കെ സ്വാധീന ഫലങ്ങള്‍ ഉളവാക്കുമെന്ന് കൂടി നമുക്ക് പഠനവിധേയമാക്കേണ്ടതുണ്ട്.

ഗ്രന്ഥസൂചി

അബു,ഒ. (1920) അറബി മലയാള സാഹിത്യ ചരിത്രം. എസ് പി സി എസ് കോട്ടയം.
അഹ്മദ് മൗലവി, സി.എന്‍, മുഹമ്മദ് അബ്ദുല്‍ കരീം, കെ.കെ (1978) മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, ആസാദ് ബുക്ക് സ്റ്റാള്‍ കോഴിക്കോട്.
ഖല്‍ദൂന്‍, ഇബ്നു (2011) മുഖദ്ദിമ (മുട്ടാണിശ്ശേരി കോയക്കുട്ടി, മലയാള പരിഭാഷ) മാതൃഭൂമി ബുക്ക്സ്, (മൗലിക കൃതി പ്രസാധനം 1858)
മില്ലര്‍, റോളണ്ട് ഇ. (1992). മാപ്പിള മുസ്ലിംസ് ഓഫ് കേരള: എ സ്റ്റഡി ഇന്‍ ഇസ്ലാമിക് ട്രെന്‍റ്സ്. ഓറിയന്‍റ് ബ്ലാക്ക് സ്വാന്‍, ഹൈദരാബാദ്
ഹുജ്വീരി, അലി(2011) കശ്ഫുല്‍ മഹ്ജൂബ് (എ.കെ അബ്ദുല്‍ മജീദ്, മലയാള പരിഭാഷ) വിചാരം ബുക്ക്സ്, തൃശ്ശൂര്‍ (മൗലിക കൃതി പ്രസാധനം 11ാം നൂറ്റാണ്ട്)
രണ്ടത്താണി, ഡോ. ഹുസൈന്‍.(2010) മഖ്ദൂമും പൊന്നാനിയും. ജുമാ മസ്ജിദ് കമ്മിറ്റി, പൊന്നാനി.
അന്നദ്വി, അബുല്‍ ഹസന്‍(2005) റബ്ബാനിയ്യ-ലാ-റഹ്ബാനിയ്യ (അബ്ദുറഹ്മാന്‍ ആദൃശ്ശേരി, മലയാള പരിഭാഷ) എം.ഐ.എഫ് പബ്ലിക്കേഷന്‍, കോഴിക്കോട് (മൗലിക കൃതി പ്രസാധനം 1966)
Dr. Muneer G. 
Assistant Professo
Department of Arabi
University of Calicu
Pin: 67363
Ph. +91984776649
Email: muneermavoor@gmail.com
ORCID: 0009-0006-3809-3742