Cast Identity and Resistance in Pulayathara

Dr. Sinumol Thomas

The caste system in Kerala marks a history of marginalization and exclusion. The issue of caste identity and identity crisis mostly affect the people who are converted from the Avarna communities. Time has proven the notion wrong that conversion is enough to get rid of the evils of caste. Pulayathara (1962) by Paul Chirakarode is a novel that marks the caste consciousness and identity of a converted Dalit Christian who was denied even the freedom of expression just because he was born in a caste-ingrained society. The expression of the underclass resistance in this novel is studied in this article.

Key words: Dalits, Subaltern, Caste System, Conversion, Resistance

Reference

Anilkumar, T.K. (2004). Malayala Sahithyathile Keezhalaparipreshyam. Thrissur: Kerala Sahithya Accademi.
Das, K.K.S.(2011). Dalit Prathyasasthram, Charithram sahithyam Soundhryasasthram. Thiruvananthapuram: Kerala Bhasha Institute
Paul, Chirakkarode.(2014(1962)). Pulayathara. Thiruvananthapuram: Rayban publications.
Bhaskaranunni, P. (1998). Pathonpatham noottandile Keralam. Thrissur: Kerala Sahithya Accademi.
Dr. Sinumol Thomas
Associate Professor 
Department of Malayalam
NMSM Govt. College, Kalpetta
India
Pin: 673122
Ph: +91 9447089587
Email: sinumolthomas@gmail.com
ORCID-0000-0002-0290-2185

ജാതിസ്വത്വവും പ്രതിരോധവും പുലയത്തറയില്‍

ഡോ. സിനുമോള്‍ തോമസ്

കേരളത്തിലെ ജാതിവ്യവസ്ഥ അരികുവല്‍ക്കരണത്തിന്‍റെയും മാറ്റി നിര്‍ത്തലിന്‍റെയും ചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. ജാതിയുടെ സ്വത്വവും സ്വത്വപ്രതിസന്ധിയും ഏറ്റവുമധികം ബാധിച്ചത് അവര്‍ണ്ണ വിഭാഗത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്ത ജനവിഭാഗങ്ങളെയാണ്. ജാതിയുടെ ദോഷത്തില്‍ നിന്ന് മുക്തരാകാന്‍ മതം മാറിയാല്‍ മതിയെന്ന ധാരണ തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു. ജാതി ജന്മസിദ്ധമായി ഊട്ടിയുറപ്പിച്ച ഒരു സമൂഹത്തില്‍ അടിയാളജാതിയില്‍ ജനിച്ചതിനാല്‍ മാത്രം അഭിപ്രായസ്വാതന്ത്ര്യം പോലും നിഷേധിച്ചിരുന്ന പരിവര്‍ത്തിതരായ ദലിത് ക്രിസ്ത്യാനിയുടെ ജാതിബോധത്തെയും സ്വത്വത്തെയും അടയാളപ്പെടുത്തുന്ന നോവലാണ് പോള്‍ ചിറക്കരോടിന്‍റെ പുലയത്തറ (1962). ഈ നോവലിലെ കീഴാളപ്രതിരോധത്തിന്‍റെ ആവിഷ്കരണത്തെയാണ് ഈ പ്രബന്ധത്തില്‍ പഠനവിധേയമാക്കുന്നത്.

താക്കോല്‍ വാക്കുകള്‍: ദലിത്, കീഴാള ജനത, ജാതിവ്യവസ്ഥ, മതപരിവര്‍ത്തനം, പ്രതിരോധം 

ആമുഖം 

ഒരു ജനതയുടെ വംശീയതയും സ്വത്വവും സാമൂഹികബോധവും ഒരു കൂട്ടായ്മയുടെ പിന്‍ബലത്തില്‍ പാരമ്പര്യത്തെ മുന്‍നിര്‍ത്തി സ്വരൂപിച്ചെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ വംശീയതയ്ക്ക് കൂട്ടായ്മയുടെ സ്വഭാവമാണുള്ളത്. കേരളത്തിലെ ജനതയെ അനേകം അടരുകളാക്കി മാറ്റുന്നതില്‍ ജാതിയുടെ നിര്‍മ്മിതിയും പുനര്‍നിര്‍മ്മിതിയും കാരണമായി. സംഘകാലത്തെ തിണകള്‍ക്കനുസരിച്ചും തൊഴിലിനനുസരിച്ചും മാറുന്ന ജാതി സങ്കല്പം ബ്രാഹ്മണമേധാവിത്വകാലത്ത് ജന്മസിദ്ധമായിത്തീര്‍ന്നു. ഇതോടെ കീഴാള ജനത സമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടവരും നിഷ്കാസിതരുമായി മാറി.

അരികുവല്‍ക്കരിക്കപ്പെട്ട കീഴാളജനത, കോളനിവാഴ്ചക്കാലത്ത് എത്തിച്ചേര്‍ന്ന ക്രിസ്ത്യന്‍ മിഷനറിമാരുടെ ആശയങ്ങളിലും പ്രവൃത്തികളിലും ആകൃഷ്ടരായി മതപരിവര്‍ത്തനത്തിന് വിധേയരായി. "ദലിത് ജനതയില്‍ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ജനവിഭാഗമാണ് ദലിത് ക്രൈസ്തവര്‍. അവര്‍ ദലിത് ജനതയുടെ ഭാഗമാണ്. ദേശീയ പൗരാണിക ജനതയുടെ ഭാഗമായ ദലിത് ക്രൈസ്തവര്‍ മതപരമായി ദലിത് ജനതയില്‍ നിന്ന് വ്യതിരിക്തവും ജാതീയമായി ക്രൈസ്തവ സമൂഹത്തില്‍ നിന്ന് അന്യവുമായി നില്‍ക്കുന്നു.' (കെ.കെ.എസ്. ദാസ്, 2011 :322) എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അടിമജാതി സമൂഹത്തില്‍ നിന്ന് തങ്ങളെ മനുഷ്യരായി പരിഗണിക്കുന്നവരുടെ ഇടയിലേയ്ക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞു എന്ന കീഴാള ജനതയുടെ വിശ്വാസത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് തിരിച്ചറിവു നല്‍കുന്ന നോവലാണ് 1962 ല്‍ പ്രസിദ്ധീകൃതമായ പോള്‍ ചിറക്കരോടി1 ന്‍റെ 'പുലയത്തറ'. കീഴാള ജാതി സമുദായങ്ങളെ സമുദ്ധരിക്കുന്നതിനുവേണ്ടി മിഷനറിമാര്‍ മുന്നോട്ടുവെച്ച മതപരിവര്‍ത്തനം, ആ ജനതയുടെ വംശീയതയേയും സ്വത്വബോധത്തെയും ആത്മാഭിമാനത്തെയും വളര്‍ത്തുകയല്ല മറിച്ച് തളര്‍ത്തുകയാണ് ചെയ്തതെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിലെ വിശേഷിച്ച് കേരളത്തിലെ ദളിത് ജനത ഏറ്റവും ഭീകരമായ രീതിയില്‍ അയിത്തവും ഉച്ചനീചത്വവും അനുഭവിച്ചവരാണ്. ജാതിയുടെ ഭീകരത ഏറ്റവും ദയനീയമായ വിധത്തില്‍  അനുഭവിച്ച കീഴാള ജനവിഭാഗമാണ് കേരളത്തിലുള്ളത്.

മിഷനറിമാരുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കീഴാളജനതയുടെ ഇടയില്‍ വ്യാപിച്ചതിനുശേഷം കീഴാളജനവിഭാഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.  മതപരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ സാമൂഹിക മുന്നേറ്റം നല്‍കുമെന്ന വിശ്വാസം സ്വാഭാവികമായും ഈ പ്രവര്‍ത്തിയില്‍ ഉള്ളടങ്ങിയിരുന്നു. ജാതി ജന്മസിദ്ധമാണെന്നും അതാണ് മേലു-കീഴു നിലകളെ നിര്‍ണ്ണയിക്കുന്നതെന്നും തിരിച്ചറിയാന്‍ കേരളത്തിലെ ദളിത് ജനതയ്ക്ക് അധിമൊന്നും കാത്തിരിക്കേണ്ടി വന്നില്ല.  സ്വാതന്ത്ര്യാനന്തരകാലത്തുതന്നെ ഈ തിരിച്ചറിവുണ്ടായ കീഴാള സമുദായത്തിന്‍റെ പ്രതിനിധിയാണ് പോള്‍ ചിറക്കരോട്. അക്കാലത്തെ നോവലുകളില്‍ കീഴാള പ്രതിനിധാനം കടന്നുവരുന്നുണ്ടെങ്കിലും മതപരിവര്‍ത്തിതരായ കീഴാള ജനതയുടെ യഥാര്‍ത്ഥ ചിത്രത്തെ അടയാളപ്പെടുത്തുന്ന നോവല്‍ എന്ന നിലയില്‍ കീഴാളാനുഭവ പരിസരത്തുനിന്നു തന്നെ വായിച്ചെടുക്കേണ്ട നോവലാണ് പുലയത്തറ. ഏതു മതത്തിലായും കീഴാളന്‍റെ നിലയ്ക്ക് മാറ്റമില്ലെന്ന സത്യം അടിവരയിട്ട് ഊന്നിപ്പറയുന്ന ഈ നോവലിലെ കീഴാളപ്രതിരോധത്തിന്‍റെ ആവിഷ്കരണത്തെയാണ് ഇവിടെ പഠനവിധേയമാക്കുന്നത്.

നോവലിലെ കീഴാളജനത

ഈ നോവലില്‍ രണ്ടു തരത്തില്‍പ്പെട്ട കീഴാളരെ ചിത്രീകരിക്കുന്നുണ്ട്. ഒന്നാമത്തേത് കുട്ടനാടന്‍ പാടങ്ങളില്‍ അധ്വാനിച്ചു കഴിയുന്ന പുലയക്കര്‍ഷകരാണ്. രണ്ടാമത്തേതാകട്ടെ ഈ പുലയര്‍ക്കിടയില്‍ നിന്ന് മതപരിവര്‍ത്തിതരായി മാറിയ ആളുകളും.  പൂര്‍വ്വികര്‍ പകര്‍ന്നുതന്ന ആശയങ്ങളെ ഒന്നാം വിഭാഗം അതേപടി പിന്തുടരുമ്പോള്‍ രണ്ടാംവിഭാഗമാകട്ടെ അതിനെ പാടേ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ജീവിതം നയിക്കുന്നു. പക്ഷേ ഈ രണ്ടുകൂട്ടരും അനുഭവിക്കുന്ന അവഗണനയും അയിത്തവും ആത്മാഭിമാനക്ഷതവും ഒരു പോലെയുള്ളതാണെന്ന് പുലയത്തറ അടിവരയിടുന്നു. ഈ അവഗണനയ്ക്കെതിരെ അടിമത്തത്തിനെതിരെ ചില ചിന്തകള്‍ ഇവരുടെ മനസ്സില്‍ കടന്നുവരുന്നുണ്ടെന്നതാണ് ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന ഒരു ആശയതലം. കീഴാള ജനതയുടെ അന്നത്തെ സാമൂഹികസ്ഥിതിയെ വെളിപ്പെടുത്തുന്നതോടൊപ്പം അവരുടെ ജീവിതത്തെ സമൂഹം എങ്ങനെ ഞെരിച്ചമര്‍ത്തുന്നുവെന്നും 'പുലയത്തറ' കാണിച്ചുതരുന്നുണ്ട്.

നിസ്സഹായത ഇല്ലാതാക്കുന്ന എതിര്‍പ്പ്

നാരായണന്‍ നായരുടെ പാടത്ത് പൊന്നുവിളയിക്കുന്ന തേവന്‍ പുലയന്‍റെയും മകന്‍ കണ്ടന്‍കോരന്‍റെയും ജീവിത ചിത്രണത്തിലൂടെ ഒരു സമുദായം സാമൂഹികമായി നേരിട്ട അടിമത്തവും ഓരങ്ങളിലേയ്ക്കുള്ള മാറ്റിനിര്‍ത്തലും പോള്‍ ചിറക്കരോട് എഴുതിച്ചേര്‍ക്കുന്നുണ്ട്. തേവന്‍ പുലയന്‍ ഒരു ജന്മം മുഴുവനും നാരായണന്‍ നായര്‍ക്ക് വേണ്ടി അധ്വാനിച്ചവനാണ്. എന്നാല്‍ അയാളെക്കൊണ്ടിനി പ്രയോജനമില്ല എന്നു തോന്നുമ്പോള്‍ തേവന്‍റെ തറയില്‍ പുതിയ അടിയാളന് താമസിക്കാന്‍ അനുവാദം നല്‍കുന്നു. ഒരു തരത്തിലും പ്രതിരോധിക്കാന്‍ തേവന്‍ പുലയനിലെ അടിയാളന് കഴിയുന്നില്ല. അയാള്‍ അത്രയധികം നിസ്സഹായനാണ്. തേവന്‍ പുലയന്‍ കുത്തിപ്പൊക്കിയ തറയില്‍ അയാളുടെ ചങ്ങാതിയായ കുഞ്ഞോല്‍ താമസമാക്കുന്ന കാഴ്ച നടുക്കുന്ന അനുഭവമായി തേവനനുഭവപ്പെടുന്നു. കീഴാളനെ കീഴ്പ്പെടുത്താനും ഒതുക്കിക്കളയാനും മറ്റൊരു കീഴാളനെ കരുവാക്കാന്‍ ജന്മിയുടെ കുടില ബുദ്ധിക്ക് കഴിയുന്നുണ്ട്. നെഞ്ചിനകത്തെ നിരാശയും നിസ്സഹായതയും പകയും എല്ലാം കൂടി പുകയുമ്പോള്‍ പകരം ചോദിക്കാമെന്ന് ആ കീഴാളനുതോന്നി. പക്ഷേ ആരോടും ചോദിക്കാനില്ല എന്ന് അയാള്‍ക്കുതന്നെ അറിയാം. ഈ രൂപത്തിലേക്കു തങ്ങളെ മാറ്റിത്തീര്‍ത്ത സമുദായത്തോടു പോലും ഒന്നും പറയാനില്ലാതെ നിസ്സഹായതയോടെ വിങ്ങിക്കരയാന്‍ മാത്രമേ അയാള്‍ക്കു കഴിഞ്ഞുള്ളൂ എന്ന് നോവലില്‍ പറഞ്ഞുവെക്കുമ്പോള്‍ പകയെ വേദനയാക്കി മാത്രമേ അയാള്‍ക്കു മാറ്റാനാകൂ എന്ന് വ്യക്തമാക്കുന്നു. ഇവിടെ തേവന്‍ പുലയന് ജന്മി തന്നോടു ചെയ്തതില്‍ എതിര്‍പ്പ് ഇല്ലാത്തതു കൊണ്ടല്ല അയാള്‍ അതിനെ പ്രതിരോധിക്കാത്തത് മറിച്ച് നിസ്സഹായതകൊണ്ടുമാത്രമാണ്(പുറം. 9-26).

തിരിച്ചറിവില്ലായ്മ കൊണ്ട് ഉപേക്ഷിക്കുന്ന പ്രതിരോധം

തേവന്‍ പുലയന്‍ തന്‍റെ മകനോടൊത്ത് അന്തിയുറങ്ങാന്‍ എത്തിച്ചേരുന്നത് അയാളുടെ അകന്ന ബന്ധുകൂടിയായ പള്ളിത്തറ പത്രോസിന്‍റെ തറയിലാണ്. കിളിയന്‍ എന്ന പേരുണ്ടായിരുന്ന അയാള്‍ ക്രിസ്തുമതത്തിലേയ്ക്ക് മാറിയതോടുകൂടിയാണ് പത്രോസ് എന്നു വിളിക്കപ്പെട്ടത്. മിഷന്‍ വക പറമ്പി(പള്ളിവക സ്ഥലം)ല്‍ അന്ന് പുതുക്രിസ്ത്യാനികള്‍ക്ക് താമസം അനുവദിച്ചിരുന്നു. കുന്നുമ്മോളിലെ പള്ളിയില്‍ മാസാന്ത്യത്തില്‍ നടത്തുന്ന യോഗത്തിലേയ്ക്ക് ഇടവക വികാരി നിര്‍ദ്ദേശിക്കുന്ന പത്രോസുപദേശിയെ അവസാനനിമിഷം ഒഴിവാക്കുന്നത് അയാള്‍ പുതുക്രിസ്ത്യാനിയായതുകൊണ്ടാണ്. സവര്‍ണ്ണ ക്രിസ്ത്യാനിയായ സ്റ്റീഫന്‍ ഉപദേശിയെ കൊണ്ടുവരുന്നതില്‍ വികാരിയച്ചന്‍ അനുകൂലവുമാണ്. "സ്റ്റീഫന്‍ ഉപദേശി നല്ലവനാണ്. സവര്‍ണ സമുദായത്തില്‍പ്പെട്ടവനാണ്. അയാളുടെ സുവിശേഷാഖ്യാനം ഇനി കുറച്ചു മോശമായാലും കുഴപ്പമില്ല. പെലേനോദേശിയുടെ പ്രസംഗം കേള്‍ക്കുവാന്‍ വരേണ്ടതില്ല" (പുറം 40) എന്ന കൈക്കാരന്‍ തോമ്മയുടേയും കൂട്ടുകാരുടെയും ആശ്വാസം മതം മാറിയാലും തീണ്ടലും തൊടീലും മാറില്ല എന്നതിന്‍റെ വ്യക്തമായ അടയാളം തന്നെയാണ്. ഇങ്ങനെ തീരുമാനം മാറിയതില്‍ പുതുക്രിസ്ത്യാനികള്‍ക്ക് ഖേദമുണ്ട്. പക്ഷേ "അവര്‍ക്ക് ഈ വക കാര്യങ്ങളില്‍ അഭിപ്രായമില്ല. അഥവാ ഉണ്ടെങ്കില്‍ പറയുകയുമില്ല. അവര്‍ വെറും കേള്‍വിക്കാരല്ലാതെ മറ്റാരാണ് (പുറം:40). അഭിപ്രായങ്ങളില്ലാത്ത അടിമകള്‍ എന്ന ധാരണ മേലാളര്‍ പുലര്‍ത്തുമ്പോള്‍ തങ്ങള്‍ അങ്ങനെ തന്നെ എന്നു കരുതുന്നവരാണ് കീഴാളര്‍ എന്ന് 'പുലയത്തറ' ചൂണ്ടിക്കാട്ടുന്നുണ്ട്.

'മാസാന്ത്യ സുവിശേഷ യോഗത്തിനെത്തിയ ഉപദേശിയെ കണ്ടപ്പോള്‍ മാത്രമാണ് അംഗങ്ങള്‍ കൂടിയായ പള്ളിത്തറ പത്രോസും ഔതപ്പുലയനും പത്രോസുപദേശിയല്ല എന്ന് അറിയുന്നത്. ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി പത്രോസിന്. കമ്മറ്റിക്കാരന്‍ എന്ന നിലയില്‍ അവന്‍ ജീവിതത്തിലാദ്യമായി അപമാനിതനായിരിക്കുന്നു. അവന് ലജ്ജതോന്നി. അരിശം തോന്നി. അച്ഛനെ വിളിച്ചൊന്ന് ചോദിക്കണമെന്ന് തോന്നി. പക്ഷേ ആ നിസ്സാരനായ മനുഷ്യനു ഭാഷയില്ല എന്ന് നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുമ്പോള്‍ കീഴാളരെ മതംമാറ്റി ഒപ്പത്തിനൊപ്പമാക്കുന്നുവെന്ന തോന്നല്‍ മാത്രമാണുണ്ടാകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. പുതുക്രിസ്ത്യാനികളുടെ കൂട്ടത്തിലെ ചെറുപ്പക്കാരനായ പൗലോസിന്‍റെ 'നിങ്ങാ രണ്ടായും കമ്മിറ്റില് ഇല്യോ? നിങ്ങാ പറഞ്ഞു പത്രോസോദേശി വരുന്നെന്ന്.......... ഒടുക്കം പ്രെസംഗം പറഞ്ഞതാരാ? എന്ന ചോദ്യത്തിന് തലകുമ്പിട്ടു നടന്നതല്ലാതെ അവര്‍ രണ്ടാളും മറുപടി പറയുന്നില്ല (പുറം 52).പുതുക്രിസ്ത്യാനികളില്‍ ചിലര്‍ക്കെങ്കിലും ആദ്യം അമര്‍ഷം ഉണ്ടായിരുന്നെങ്കിലും അത് തണുത്തുറഞ്ഞു പോകുകയാണ്.

ഉറക്കെ ചോദിക്കാനോ ഉത്തരം തേടാനോ അവകാശമില്ലാത്തവരാണ് തങ്ങളെന്ന് സ്വയം ബോധ്യപ്പെട്ടവരാണ് കീഴാളര്‍ എന്ന് കണ്ടെത്താം. അതുകൊണ്ടു തന്നെ ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടെന്ന തിരിച്ചറിവുപോലും ഇല്ലാത്തതുകൊണ്ടാണ് അപമാനിതനായിട്ടും പത്രോസിന് ഒന്നും ചെയ്യാന്‍ കഴിയാത്തത്. 'സംഘടിത മതത്തിനുള്ളില്‍ പഴയ വ്യവസ്ഥാക്രമങ്ങളും ഫ്യൂഡല്‍ ഘടനയിലെ ജാതിയും ജാതിവിവേചനവും മുതലാളിത്ത ആധിപത്യവും വിധേയത്തഘടകങ്ങളും സാമ്പത്തിക സാമൂഹികഘടനയില്‍ നിലനിര്‍ത്തപ്പെടുന്നുണ്ട്' (കെ.കെ.എസ്. ദാസ്, 2011: 323) എന്ന വാദഗതിയെ ഉറപ്പിക്കുകതന്നെയാണ് ഈ നോവലും.

ഒരേ വിശ്വാസത്തിനു കീഴില്‍ വരുന്നവരാണെങ്കിലും സത്യക്രിസ്ത്യാനിയും പുതുക്രിസ്ത്യാനിയും എന്ന വേര്‍തിരിവ് കത്തോലിക്കാസഭ എക്കാലത്തും കൊണ്ടുനടന്നുവെന്നതിന്‍റെ അടയാളങ്ങള്‍ നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. പള്ളിയില്‍ പുതുക്രിസ്ത്യാനികള്‍ മുന്നില്‍ നിവര്‍ത്തിയിട്ട പായയില്‍ ഇരിക്കുമ്പോള്‍ പുറകിലിട്ടിരിക്കുന്ന ചാരുബഞ്ചാണ് പാരമ്പര്യ ക്രിസ്ത്യാനിയുടെ ഇരിപ്പിടം. പക്ഷേ ഈ തറയിലിരുപ്പിനെപ്പറ്റി അവശക്രിസ്ത്യാനിക്ക് പരാതിയേയില്ല. പരാതിപ്പെടേണ്ട ഒന്നാണെന്നു പോലും അവര്‍ക്കു തോന്നുന്നില്ല. 'മേലാളരുടെ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്നതുപോലും ഒരു പദവിയാണവര്‍ക്ക്چ (പുറം: 51) എന്ന വാക്കുകള്‍ ദളിത് ക്രിസ്ത്യാനിക്ക് തന്‍റെ സ്വത്വത്തെക്കുറിച്ചോ അവകാശത്തെക്കുറിച്ചോ തനിക്ക് നീതി നിഷേധിച്ചു എന്നതിനെക്കുറിച്ചോ തിരിച്ചറിവില്ല എന്ന വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്.

തറയില്‍ വിരുന്നു പാര്‍ക്കുന്നവര്‍ക്ക് കറിവെക്കുന്നതിനായി ഒരു തേങ്ങ ഇട്ടു തരണമെന്ന ഭാര്യ മറിയയുടെ ആവശ്യത്തെ പത്രോസ് നിഷേധിക്കുന്നിടത്തും കീഴാള പ്രതിരോധത്തിന്‍റെ അന്നത്തെ നിലയെക്കുറിച്ച് വ്യക്തമായി തിരിച്ചറിയാം. 'ഏന്‍ ചെയ്യൂലാ' എന്ന പത്രോസിന്‍റെ എതിര്‍പ്പിനുകാരണം മിഷന്‍വക തെങ്ങാണത്, അതില്‍ നിന്നും തേങ്ങാ അടര്‍ത്താനുള്ള അവകാശം പള്ളിക്കാര്‍ക്കാണ്; കുടികിടപ്പുകാരന്‍ മാത്രമായ തനിക്ക് അതിനുള്ള അവകാശമില്ല എന്ന വിശ്വാസം തന്നെയാണ്. അതിനോടൊപ്പം തിരിച്ചറിയേണ്ട ഒരു വസ്തുത കൂടിയുണ്ട്. മിഷന്‍ വക മണ്ണില്‍ പത്രോസ് കുഴിച്ചുവെച്ച തെങ്ങുകളില്‍ കുലകളുണ്ടായപ്പോള്‍ പള്ളിക്കാര്‍ അടര്‍ത്തിക്കൊണ്ടുപോയി. 'പത്രോസ് നോക്കി നില്‍ക്കുമ്പോള്‍ തന്നെ തേങ്ങ അവര്‍  അടര്‍ത്തുമ്പോള്‍ അവന് അതില്‍ പരാതിയില്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന തോന്നല്‍ പോലുമില്ല. ആ തോന്നല്‍ ഉണ്ടായാലല്ലേ പരാതിപ്പെടാന്‍ കഴിയൂ'. ഇനി എത്രമുട്ടുണ്ടായാലും അവന്‍ പള്ളിത്തെങ്ങില്‍ നിന്ന് തേങ്ങാ ഇടുകയില്ല. അതുമൂലം ദൈവകോപമുണ്ടാകുമെന്നാണ് ആ പാവപ്പെട്ടവന്‍റെ വിശ്വാസം' (പുറം 47). വിശ്വാസത്തിന്‍റെ പേരും പറഞ്ഞ് അടിയാളന്‍റെ അധ്വാനത്തെ ചൂഷണം ചെയ്യുമ്പോള്‍ പോലും അവര്‍ക്കത് നീതി നിഷേധമാണെന്ന് തിരിച്ചറിയാന്‍  കഴിയുന്നില്ല.

മാറ്റിവയ്ക്കുന്ന പ്രതിഷേധങ്ങള്‍

പള്ളിത്തറ പത്രോസിന്‍റെ തറയില്‍ മതം മാറാത്ത തേവന്‍ പുലയനെയും മകനെയും താമസിപ്പിച്ചതിനെക്കുറിച്ച് കൈക്കാരന്‍ തോമ്മ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ സംസാരിക്കുന്നുണ്ട്. 'പത്രോസ് പെലേന്‍ പുതു ക്രിസ്ത്യാനിയായതുകൊണ്ട് ദൈവസഭയുടെ കീഴ്വഴക്കങ്ങളൊന്നും അറിയില്ല' എന്ന അയാളുടെ വാക്കുകള്‍ പത്രോസില്‍ അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. ഇതിനെതിരെ പല ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ രൂപം കൊള്ളുന്നുണ്ട്. 'തിരുസഭയുടെ നിയമസംഹിത പുതുക്രിസ്ത്യാനിക്ക് മാത്രമേ ബാധകമാകൂ?' എന്നയാള്‍ക്ക് ചോദിക്കണമെന്നുണ്ട്. പക്ഷേ ചോദിക്കില്ല. തങ്ങളുടെ വരും തലമുറയെങ്കിലും ആ ചോദ്യം ചോദിക്കട്ടെ(പുറം 68) എന്നയാള്‍ ആഗ്രഹിക്കുമ്പോള്‍ മാറ്റിവയ്ക്കപ്പെടുന്ന പ്രതിഷേധത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നതെന്നു കാണാം.

'പാവപ്പെട്ടപറേനേം പെലേനേം പള്ളീല്‍ ചേര്‍ക്കും അവരെ ദ്രോഹിക്കാന്‍; അവരെ മാറ്റിനിര്‍ത്താന്'(43) എന്ന ചായക്കടക്കാരന്‍ പിള്ളേച്ചന്‍റെ വാക്കുകള്‍ വാസ്തവം തന്നെയെന്ന് നോവല്‍ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. കാളിപ്പറയന്‍റെ വാക്കുകള്‍ വെളിപ്പെടുത്തുന്നതും ഇതുതന്നെയാണ്. "അതൊള്ളതാ കൊച്ചമ്രാ. എന്തോത്തിനാ ഇവര് ഞങ്ങായെ പള്ളീല് ചേര്‍ക്കുന്നെ? ഞങ്ങായെ അടിമയാക്കാന്.' മറ്റുള്ളവര് അതേതു ജാതിയിലും മതത്തിലും പെട്ടവരായാലും അടിയാളരെ അടിമകളായി മാത്രം കാണുന്നു. ദൈവവും തേവരും ഉള്ളവരായാലും ഇതര മതങ്ങളിലേയ്ക്കവരെ മാറ്റുമ്പോള്‍ തങ്ങളില്‍ ചേര്‍ക്കാതെ പുതിയ ഒരു വിഭാഗമായി മാറ്റിനിര്‍ത്തുന്ന സാമൂഹിക വ്യവസ്ഥ അവരെ കൂടുതല്‍ ഓരങ്ങളിലേയ്ക്ക് നീക്കിനിര്‍ത്തുന്നു.

'ഞങ്ങളു മേല്‍ജാതിക്കാരെ ബഹുമാനമൊക്കെ വേണം' എന്ന കൈക്കാരന്‍റെ വാക്കുകള്‍ക്ക് കണ്ടന്‍കോരന്‍ എന്ന തോമ്മ മറുപടിയൊന്നും പറയുന്നില്ല. മാനസികമായി തളര്‍ന്നു പോയെങ്കിലും എന്നെങ്കിലുമൊരിക്കല്‍ കൈക്കാരന്‍ തോമ്മയെ ധിക്കരിക്കേണ്ടി വരും (പുറം 135) എന്നതും മാറ്റിവെയ്ക്കുന്ന പ്രതിഷേധത്തെ തന്നെയാണ് കാണിക്കുന്നത്.

നിസ്സഹായത തന്നെയാണ് തോമായുടെ പ്രതിഷേധത്തെ തടയുന്നതെന്നു കാണാം. അതിനര്‍ത്ഥം അമര്‍ഷമില്ലെന്നല്ല എന്നെങ്കിലുമൊരിക്കല്‍ ഇതിനു പ്രതികാരം ചെയ്യാന്‍ തങ്ങള്‍ക്കു കഴിയുമെന്ന ഒരു ചിന്ത കീഴാളര്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെന്നും കൂടിയാണ്.

അമര്‍ഷം പങ്കുവെയ്ക്കുന്നതു വഴി രൂപപ്പെടുന്ന പ്രതിരോധം

കീഴാളരായ ക്രിസ്ത്യാനികളെ സഭ എല്ലായ്പ്പോഴും ഒതുക്കി മാറ്റിനിര്‍ത്തുന്ന പ്രവണത പുലയത്തറയില്‍ വായിച്ചെടുക്കാവുന്നതാണ്. എന്നാല്‍ തങ്ങളെ അവഗണിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നു കൊണ്ട് തങ്ങളില്‍ അമര്‍ഷം പങ്കുവെയ്ക്കുന്ന കീഴാളരുടെ നിലയും ഈ നോവല്‍ അടയാളപ്പെടുത്തുന്നുണ്ട്. 'മതപരിവര്‍ത്തനം അടിമ സമൂഹത്തിന് മതപരമായ കൂട്ടായ്മ നല്‍കി. ആചാര വിശ്വാസവും ജീവിതവും നല്‍കി. അത് സ്വാതന്ത്ര്യത്തെ വികസിപ്പിച്ചില്ല' (2011:324) എന്ന സത്യം തന്നെയാണ്, തങ്ങള്‍ മൂന്നുപേരും കമ്മറ്റിക്കാരായിരിക്കെ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ല എന്ന വസ്തുത പൗലോസ് ഔതമൂപ്പനോട് പറയുന്നതിനും കാരണം. പള്ളിവാര്‍ഷികം സംബന്ധിച്ച കാര്യങ്ങള്‍ നടക്കുന്നതും പുതുക്രിസ്ത്യാനികളായ കമ്മിറ്റിക്കാരെ അറിയിക്കാതെ തന്നെയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ഔതമൂപ്പന് കമ്മിറ്റിക്കാരനായിരിക്കുന്നതില്‍ അപമാനം തോന്നുണ്ട്. 'ഏനെന്നാലേക്കൊണ്ട് പള്ളീലോട്ടു ചെന്ന് അച്ചനോട് ഒന്നു ചോദിചേച്ചും വരട്ടെ' എന്ന ഔതമൂപ്പന്‍റെ വാക്കുകള്‍ക്ക് പൗലോസ് തടയിടുന്നുണ്ട്. ഇങ്ങനൊന്നുമല്ല ചോദിക്കേണ്ടത് (പുറം 138)എന്ന തിരിച്ചറിവ് പൗലോസിനുണ്ട്.

യോഗം തുടങ്ങുമ്പോള്‍ പത്രോസിനടുത്തിരുന്ന ഒരാള്‍ ഇന്നാരാ പ്രസംഗിക്കാന്‍ വരുന്നതെന്ന് ചോദിക്കുമ്പോള്‍ 'ഏനറിയുമോ ക്ടാത്താ?' എന്ന പത്രോസിന്‍റെ മറുചോദ്യം യുവാവില്‍ കോപമുണ്ടാക്കി 'അതറിയാന്‍ വയ്യായേല്‍ അച്ചാനെന്തിനാ കമ്മിറ്റിക്കാരനായിരിക്കുന്നെ?' ഇതു കേട്ടപ്പോള്‍ പത്രോസിന്‍റെ തലകുനിഞ്ഞുപോയി. തന്‍റേത് നിരുത്തരവാദപരമായ തെറ്റായ നിലയാണ്. ഇനി അത് ആവര്‍ത്തിക്കരുതെന്ന(പുറം 140) ചിന്ത പത്രോസിനുണ്ടായി എന്നത് തിരിച്ചറിവിന്‍റെ വെളിപ്പെടല്‍ കൂടിയായി.

പള്ളിവാര്‍ഷികത്തിന് സുവിശേഷ യോഗത്തില്‍ പങ്കെടുക്കേണ്ട ആളാരാണെന്ന് കമ്മിറ്റിക്കാര്‍ തീരുമാനിക്കണമെന്നിരിക്കെ അതില്‍ വീഴ്ചയുണ്ടായി എന്നു തിരിച്ചറിയുമ്പോള്‍ 'ആരാ ഈ പ്രസംഗക്കാരനെ വിളിച്ചെ? (പുറം 141) എന്ന് ഔതമൂപ്പന്‍ എഴുന്നേറ്റു നിന്നു ചോദിക്കുമ്പോള്‍ സവര്‍ണ്ണര്‍ക്ക് കൊടിയ അപമാനം തോന്നുന്നുണ്ട്. 'അയാളു പ്രസംഗം പറയട്ടെ ഞങ്ങാ അതു കേള്‍ക്കാം പക്ഷേല്, അതുചെയ്യുമ്പം ഞങ്ങായോടും ഒന്നു ശോതിച്ചോണ്ടുവേണം'. എന്ന വാക്കുകള്‍ സ്വന്തം അവകാശം തിരിച്ചറിയുന്നു എന്നതിന്‍റെ പ്രഖ്യാപനം കൂടിയായി മാറുന്നുണ്ട്."കമ്മിറ്റിക്കാരറിയാതെ ഇവരു കള്ളത്തരം നടത്തരുത്. ഇത് ദൈവദോഷമാ"(പുറം 142). അധഃസ്ഥിതവര്‍ഗ്ഗത്തിന്‍റെ ആത്മരോഷം കിളിര്‍ത്ത ആ വാക്കുകള്‍ പുലയര്‍ക്ക് ഇറങ്ങിപ്പോകാന്‍ പ്രേരണ നല്‍കുന്നതായി.

തന്‍റെ കൂട്ടര്‍ വെറും അടിമകളായിരുന്നുവെന്ന തിരിച്ചറിവിലേയ്ക്ക് പള്ളിത്തറ പത്രോസും എത്തിച്ചേരുന്നുണ്ട്. ക്രിസ്ത്യാനികളായ ഹരിജനങ്ങള്‍ ഒന്നുചേര്‍ന്ന് സംഘടിക്കാന്‍ തീരുമാനിക്കുമ്പോള്‍ അച്ചന്‍ സമ്മതിക്കാണ്ടിരുന്നാല്‍ എന്തോ ചെയ്യും എന്ന ഔതപ്പുലയന്‍റെ ചോദ്യം പൗലോസിനെ ആവേശഭരിതനാക്കുകയാണ് ചെയ്യുന്നതെന്ന് അയാളുടെ "അച്ചന്‍ സമ്മതിക്കേണ്ടാ. എന്നാലും നമ്മായോഗം നടത്തും അല്ലേങ്കി കണ്ടോ!" എന്ന മറുപടി വ്യക്തമാക്കുന്നുണ്ട്. 

പുലയത്തറയിലെ  പ്രതിരോധത്തിന്‍റെ സ്വഭാവം

നിസ്സഹായത ചവിട്ടിമെതിക്കുന്ന നിലയില്‍ നിന്നും പ്രതിഷേധാഗ്നി ജ്വലിക്കുന്ന നിലയിലേയ്ക്ക് കീഴാള പ്രതിരോധം മാറുന്നതിന്‍റെ സൂചനകള്‍ പുലയത്തറയില്‍ കണ്ടെത്താം. പക്ഷേ ഈ പ്രതിരോധത്തിന്‍റെ ജ്വലനാഗ്നിയെ അണയ്ക്കേണ്ടതെങ്ങനെയെന്നും മേലാളര്‍ക്ക് നന്നായിട്ടറിയാം. തേവന്‍ പുലയനെ പുറത്താക്കുന്ന ജന്മിക്ക് അത് ചോദിച്ചുകൊണ്ട് ആരും വരില്ല എന്ന് നിശ്ചയമുണ്ട്. നിസ്സഹായത പകയെ വേദനയാക്കി മാറ്റുന്ന കാഴ്ച അതുകൊണ്ടുണ്ടാവുന്നതാണ്. വിശ്വാസത്തിന്‍റെ പേരും പറഞ്ഞുള്ള ചൂഷണത്തെയും തിരിച്ചറിയാന്‍ കീഴാളന് കഴിയാതെ പോകുന്നതും അവന്‍റെ നിഷ്കളങ്കത കൊണ്ടുതന്നെയാണ്. മേലാളനോടു ചോദിക്കേണ്ട ചോദ്യങ്ങള്‍ അടുത്ത തലമുറയ്ക്കെങ്കിലും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നത് നിസ്സഹായതകൊണ്ടുമാത്രമാണ്.

'നീ ആരുടെ സ്ഥലത്താണെടാ കിടക്കുന്നത്'? എന്ന കൈക്കാരന്‍ തോമ്മയുടെ ചോദ്യത്തിന് ആരുടെയാ? നിങ്ങടെ സലത്താണോ ഞങ്ങാ കിടക്കുന്നത്? (പുറം 69) എന്ന, മറുചോദ്യം കൊണ്ട് പത്രോസ് നേരിട്ടത് 'അളമുട്ടിയാല്‍ ചേരയും കടിക്കും' എന്ന ചൊല്ലിനെ സാര്‍ത്ഥകമാക്കുക മാത്രമാണ്.

അന്നക്കിടാത്തിയെ കല്ല്യാണം കഴിക്കുന്നതിനുവേണ്ടി മാത്രം മതംമാറിയ കണ്ടന്‍കോരന് മതം മാറ്റത്തിന്‍റെ നിരര്‍ത്ഥകത ബോധ്യമാവുന്നുണ്ട്. യാതൊരു ആദര്‍ശവുമില്ലാത്ത വഞ്ചനമാത്രമാണിതെന്ന് അയാള്‍ക്ക് തിരിച്ചറിവുകിട്ടുന്നു. കേവലം ഒരടിമയെ കൂടി ലഭിച്ചു എന്നല്ലാതെ മറ്റൊന്നും അവിടെ സംഭവിക്കുന്നില്ല. തന്‍റെ സ്വത്വവും പേരുമെല്ലാം നഷ്ടപ്പെടുക മാത്രമാണുണ്ടായത്. മറിച്ച് ഒന്നും കിട്ടിയില്ല. മനുഷ്യരായി തങ്ങളെ കാണാന്‍ കഴിയാത്തവരാണ് സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് കൊണ്ടുപോകുന്നത്. നേരിട്ടുള്ള ചോദ്യം ചെയ്യലുകള്‍ക്ക് തയ്യാറാകുന്നില്ലെങ്കിലും അയാളുടെ ഉള്ളില്‍ പ്രതിഷേധാഗ്നി ഉണരുന്നുണ്ടെന്ന് നോവല്‍ അടയാളപ്പെടുത്തുന്നുണ്ട്. തന്‍റെ മകന് തന്‍റെ അച്ഛന്‍റെ പേരിടുമെന്ന് ഉറച്ച തീരുമാനമെടുക്കുന്ന കണ്ടന്‍കോരന്‍ അവനെ പുതുക്രിസ്ത്യാനിയാക്കുന്നില്ല എന്നും നിശ്ചയിക്കുന്നുണ്ട് (പുറം 170-171).

ഉപസംഹാരം

ഭയപ്പെടുത്തിയും അധികാരം കാണിച്ചും ഖേദപ്രകടനം നടത്തിയും കീഴാളരുടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ എല്ലാക്കാലത്തും മേലാളര്‍ ശ്രമിക്കുന്നതിനെ നോവല്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ പ്രതിഷേധസ്വരം പ്രതിരോധ സ്വഭാവം പൂര്‍ണ്ണമായും ആര്‍ജ്ജിക്കുന്നില്ല എന്നതാണ് ഈ നോവലിലെ പ്രതിരോധത്തിന്‍റെ പരിമിതി. എങ്കിലും ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന സ്വത്വപരവും, മതപരവും ജാതിപരവുമായ അനുഭവങ്ങളെയും അവരുടെ നഷ്ടങ്ങളെയും ആവിഷ്കരിച്ച ആദ്യ നോവല്‍ എന്ന നിലയില്‍ പോള്‍ ചിറക്കരോടിന്‍റെ 'പുലയത്തറ' സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ജാതി വിമര്‍ശനം എന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ അവര്‍ണ കവികള്‍ പൊതുവായി ഏറ്റെടുത്ത ഒരു രാഷ്ട്രീയ പദ്ധതിയാണെന്ന (സജീവ്.പി.വി, 2019:11)  നിരീക്ഷണത്തോട് പില്‍ക്കാലത്തുണ്ടായവയെങ്കിലും പോള്‍ ചിറക്കരോടിന്‍റെ സാഹിത്യ സംഭാവനകളെയും ചേര്‍ത്തുനിര്‍ത്താം. സ്വാതന്ത്ര്യാനന്തരകാലത്തും ദളിത് എഴുത്തുകാര്‍ക്ക് വിവേചനം അനുഭവപ്പെട്ടിരുന്നു. കീഴാളജനതയുടെ അനുഭവപരിസരത്തെ ഇത്രയും വൈകാരികമായും വിശാലമായും അടയാളപ്പെടുത്തിയ നോവലുകള്‍ മലയാളത്തില്‍ ഏറെയൊന്നും ഉണ്ടായിട്ടില്ല.

കുറിപ്പുകള്‍

1. പോള്‍ ചിറക്കരോട്: 1936 ല്‍ തിരുവല്ലയ്ക്കടുത്ത മാരാമണ്‍ എന്ന ഗ്രാമത്തിലാണ് പോള്‍ ചിറക്കരോട് ജനിച്ചത്. സുവിശേഷ പ്രചാരകനും അധ്യാപകനുമായിരുന്ന റവ. സി.ടി. ദാനിയേലിന്‍റെ മകനായിരുന്നു അദ്ദേഹം. ഇന്‍റര്‍മീഡിയേറ്റ് വിദ്യാര്‍ത്ഥിയായിരിക്കെ പോള്‍ ചിറക്കരോട് തന്‍റെ ആദ്യനോവല്‍ എഴുതി സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ചു. 'അലിഞ്ഞുതീര്‍ന്ന ആത്മാവ്' ആണ് ആദ്യ നോവല്‍. ദളിത് സംഘടനകളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചുവന്ന പോള്‍ ചിറക്കരോട് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു. പടവുകള്‍ എന്ന മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പുലയത്തറ, മതില്‍, നിഴല്‍, വെളിച്ചം, ന്യായാസനം, ഏകാന്തതയുടെ ദ്വീപ്, ആവരണം, ചിലന്തിവല എന്നിവയാണ് പ്രധാന കൃതികള്‍.

സഹായകഗ്രന്ഥങ്ങള്‍

അനില്‍കുമാര്‍, ടി.കെ. (2004). മലയാളസാഹിത്യത്തിലെ കീഴാളപരിപ്രേക്ഷ്യം, തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി.
ദാസ്, കെ.കെ.എസ്. (2011). ദലിത് പ്രത്യയശാസ്ത്രം, ചരിത്രം സാഹിത്യം സൗന്ദര്യശാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്.
പോള്‍ ചിറക്കരോട്. (2014) പുലയത്തറ, തിരുവനന്തപുരം: റെയ്ബാന്‍ പബ്ലിക്കേഷന്‍സ്. 
സജീവ്, പി.വി (2019) ജാതിരൂപകങ്ങള്‍ മലയാളാധുനികതയെ വായിക്കുമ്പോള്‍. കോഴിക്കോട്: പ്രോഗ്രസ്സ് ബുക്സ്.
ഡോ. സിനുമോള്‍ തോമസ്
അസോ. പ്രൊഫസര്‍
മലയാളവിഭാഗം
NMSM ഗവ. കോളേജ് കല്പറ്റ
Ph: +91 9447089587
Email: sinumolthomas@gmail.com
ORCID-0000-0002-0290-2185