Folk beliefs and customs in the lives of Kerala Muslims: An analysis based on Folkloristics 

Dr. Indusree SR

Apart from the various beliefs and customs prescribed by Quran, several common beliefs and customs found in Kerala society can also be perceived in the lives of Kerala Muslims. These beliefs and customs survive not only in the form of judgements and prohibitions, but also in the forms of customs related to the contexts of birth, marriage and death and in the manifestations of  celestial beliefs. Islamic practices of Kerala customs can be seen in Muslim artforms too. ‘Aandunercha’ and spiritual heritages celebrating Kerala saints of Sufi tradition are the reflections of folk elements of kerala Muslim life. The topography of kerala and it's socio-political situations encouraged the believers of Islam to accept the method of coexistence. They also accepted folk beliefs and local customs along with Quranic beliefs. This paper is an attempt to explain how the diversities in traditional beliefs manifest in the lives of Kerala Muslims. In this study, the Islamic people of Southern Kerala have been focused on for the description of contemporary folklore.

Keywords: Folkloristics, Muslim Community, Customs, Worship, Beliefs

References

Jayarajan, P. (Ed.). (2017). Utharakeralam Aaradhanalayangalum Samakaleena Pravanathakalum. Thiruvananthapuram : Chintha.
Kartha, P.C. (2003). Aacharanushtanakosam. Kottayam : D.C. Books.
Muhammed Kunji, P.K. (2008). Muslingalum Kerala Samskaravum. Thrissur: Kerala Sahithya Academy.
Muhammed, K.T. (1989). Ethu Bhoomiyanu. Thrissur : Current Books. 
Muhammed Basheer, Vaikom. (1992). Basheer Sampoorna Krithikal. Kottayam : D.C. Books.
Muhyudeen Nadvi, M.M. (1997). Aagrahasabhaleekaranam (Preface). Kozhikode: Kerala Nadvathul Mujahideen Publication Department.
Muhammed Hafiz, N.P. (2021). Keralathile Muslingal Oru Vimarsanavayana. Kozhikode: Olive.
Raghavan Payyanad, (2019). Folklore. Thiruvananthapuram: Kerala Bhasha Institute.
Ramachandran, Sasthamcotta. (2012). Kunnathurdesam Charithravum Vikasanavum. Kaithakkode: Kaladeepam Publishers.
Salim, P.B., Hafiz Muhammed, N.P., Vasishta, M.C. (Ed.). (2011). Malabar Paithrikavum Prathapavum. Kozhikode : Mathrubhumi Books.
Uroob. (1954). Ummachu. Kottayam : D.C. Books.
Vidyasagar, K. (Gen. Editor). (2011). Nammude Nattarivukalum Pazhanchollukalum Kadankadhakalum, Nammude Samskaram. Kottayam : D.C. Books.
Vishnu Namboothiri, M.V. (2010). Folklore Nikhandu. Thiruvananthapuram: Kerala Bhasha Institute.

Magazines

Nadeera, N.K. (2019 January-June), Kuthuratheeb : Charithravum Varthamanavum. Chengazhi Gaveshana Journal. Kalady : Sri Sankaracharya University. p. 188-194.
Navaf V. Munniyur. (2020 February 22), Kuthu Rathib : Vedana Unmadhamakunna Idam. Thelicham Online Magazine. Chemmad : Darul Huda Islamic University. 

Website

1. http://www.ifshaussunna.in
2. http://www.thelicham.com

Informants

Aayisha (55) Manappally, Akbar (70) Kundara, Khadija (65) Pandalam, Pathumma (80) Ayikunnam, Muhammed (65) Nilamel, Fousiya (60) Thiruvananthapuram, Nafeesa (62) Attingal
Dr. Indusree S.R
Associate Professor
Department of Malayalam
Govt.Arts & Science College
Karunagappally
India
Pin-690523
Ph : +91 9447140647
E-mail: drindusreesr@gmail.com
ORCID : 0009-0009-0913-6725


നാടോടിവിശ്വാസങ്ങളും ആചാരങ്ങളും കേരളീയ മുസ്ലീംജീവിതത്തില്‍: ഫോക്ലോര്‍പഠനത്തെ ആസ്പദമാക്കിയുള്ള അപഗ്രഥനം

ഡോ. ഇന്ദുശ്രീ എസ്.ആര്‍

ഖുര്‍-ആന്‍ അനുശാസിക്കുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുറമേ കേരളീയസമൂഹത്തില്‍ പൊതുവിലുള്ള നിരവധി വിശ്വാസങ്ങളും ആചാരങ്ങളും കേരളീയമുസ്ലീം ജീവിതത്തില്‍ കാണപ്പെടുന്നു. വിധികളുടെയും വിലക്കുകളുടെയും രൂപത്തിലും ജനനം, വിവാഹം, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളിലെ ആചരണങ്ങളുടെ രൂപത്തിലും അഭൗമവിശ്വാസങ്ങളുടെ പ്രകടനഭാവങ്ങളിലും ഇവ നിലനില്‍ക്കുന്നു. മുസ്ലീംകലകളിലും കേരളീയമായ ആചാരങ്ങളുടെ ഇസ്ലാമികരീതികള്‍ കാണാം. സൂഫിപാരമ്പര്യമുള്ള കേരളീയവിശുദ്ധന്മാരെ പൂജിക്കുന്ന ആണ്ടുനേര്‍ച്ചകളും ആത്മീയപൈതൃകവും കേരളീയമുസ്ലീം ജീവിതത്തിന്‍റെ നാടോടിയായ അംശങ്ങളുടെ പ്രതിഫലനങ്ങളാണ്. കേരളീയഭൂപ്രകൃതിയും സാമൂഹ്യരാഷ്ട്രീയസാഹചര്യങ്ങളും സഹവര്‍ത്തിത്വത്തിന്‍റെയും സാമഞ്ജസ്യത്തിന്‍റെയും രീതികള്‍ ഉള്‍ക്കൊള്ളുവാന്‍ ഇസ്ലാംമതവിശ്വാസികളെ പ്രേരിപ്പിക്കുകയും ഇസ്ലാംവൈദികവിശ്വാസങ്ങളോടൊപ്പം നാടോടിവിശ്വാസങ്ങളും പ്രാദേശികമായ ആചാരങ്ങളും അവര്‍ സ്വീകരിക്കുകയും ചെയ്തു. ആചാരവിശ്വാസങ്ങളിലെ വൈവിധ്യങ്ങള്‍ കേരളീയ മുസ്ലീംജീവിതത്തില്‍ പ്രകടമാകുന്നതെങ്ങനെ എന്നതിന്‍റെ വിപുലീകരണമാണ് ഈ ലേഖനം. പഠനത്തില്‍ പ്രചലിതഫോക്ലോര്‍ വിവരണത്തിന് തെക്കന്‍കേരളത്തിലെ ഇസ്ലാമിക സമൂഹത്തിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. 

താക്കോല്‍ വാക്കുകള്‍: നാടോടിവിജ്ഞാനീയം, മുസ്ലീംസമൂഹം, ആരാധന, ആചാരങ്ങള്‍, വിശ്വാസങ്ങള്‍

കേരളത്തില്‍ എത്തിച്ചേര്‍ന്ന ഇസ്ലാംമതം ഈ പ്രദേശത്തിന്‍റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ രംഗങ്ങളില്‍ വളരെ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മതപരമായ കാര്യങ്ങളില്‍ കഠിനമായ നിഷ്ഠകളനുഷ്ഠിക്കുന്ന സമൂഹമാണ് മുസ്ലീംസമൂഹം. അല്ലാഹുവിലുള്ള വിശ്വാസം, അന്ത്യപ്രവാചകനായി മുഹമ്മദ് നബിയെ അംഗീകരിക്കല്‍, അഞ്ച് നേരത്തെ നിസ്കാരം, സ്വന്തം വരുമാനത്തിലെ നിശ്ചിതമായ ഒരു ഭാഗം ദാനം നല്‍കല്‍ (സക്കാത്ത്) സാധ്യമാകുമെങ്കില്‍ ഹജ്ജ് നിര്‍വ്വഹിക്കല്‍ എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ നിഷ്ഠകളില്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ കൃത്യത പാലിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ മുസ്ലീങ്ങള്‍ ഇതോടൊപ്പം കേരളീയമായ (കേരളത്തിന്‍റെ പൊതുസമൂഹത്തിന്‍റെ) ചില വിശ്വാസങ്ങളും ആചാരങ്ങളും കൈക്കൊള്ളുന്നുണ്ട്. അവയെ  നാടോടിവിജ്ഞാനീയത്തിന്‍റെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ ലേഖനത്തിലുള്ളത്. പരമ്പരാഗതമായ അറിവുകള്‍, രീതികള്‍, കലകള്‍, വിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ ഇവയെക്കുറിച്ചുള്ള പഠനമേഖലയാണ് നാടോടിവിജ്ഞാനീയം (എീഹസഹീൃശശെേരെ). ദത്തങ്ങളുടെ ശേഖരണവും മണ്ഡലവൃത്തിയും ഇതിന്‍റെ രീതിശാസ്ത്രത്തില്‍ ഉപയോഗപ്പെടുത്തുന്നു. മണ്ഡലവൃത്തിയില്‍ തെക്കന്‍കേരളത്തിലെ ആവേദകരില്‍നിന്നാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്. പന്തളം, മണപ്പള്ളി, തിരുവനന്തപുരം, കുണ്ടറ, നിലമേല്‍, ആയൂര്‍, ആയിക്കുന്നം എന്നീ സ്ഥലങ്ങളില്‍ സ്ഥിരതാമസക്കാരായ, അന്‍പത്തിയഞ്ചു വയസ്സിനു മീതെയുള്ള ഏഴ് ആവേദകരെയാണ് ഈ പഠനത്തില്‍ പ്രധാനമായും വിവരശേഖരണത്തിനായി അവലംബിച്ചിട്ടുള്ളത്.

ജനങ്ങള്‍ അനുവര്‍ത്തിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം അടിക്കല്ലായി വര്‍ത്തിക്കുന്നത് അവരുടെ വിശ്വാസങ്ങളാണ്. കേരളത്തിലെ ഇസ്ലാംവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഖുര്‍-ആനിലെ സൂക്തങ്ങളും പ്രാദേശികമായ കാര്യങ്ങളും വിശ്വാസങ്ങളെയും അതുവഴി ആചാരങ്ങളെയും സ്വാധീനിക്കുന്നുണ്ട്. പഴയ ജനതയില്‍ വിശ്വാസം അറിവിന്‍റെ രൂപത്തില്‍ പെരുമാറ്റങ്ങളായി രൂപം പ്രാപിച്ചിരുന്നു. എന്നാല്‍ സമകാലത്ത് അവയില്‍ പലതും അന്ധവിശ്വാസങ്ങളും അയുക്തികമായ ചടങ്ങുകളുമായി വിലയിരുത്തപ്പെട്ടു. ജനസംസ്കാരപഠനത്തില്‍ ഓരോ ഫോക്കിന്‍റെയും വിശ്വാസങ്ങള്‍ക്കും ആചരണങ്ങള്‍ക്കും സ്ഥാനമുണ്ട്. ഒരു വിശ്വാസം കേരളീയമുസ്ലീങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്ന് കാണുന്നെങ്കില്‍ ധര്‍മ്മപരമായി അതിന് ആ സമൂഹത്തില്‍ പ്രാധാന്യമുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. പാരമ്പര്യമായി ഒരു ജനസമൂഹം തുടര്‍ന്നുകൊണ്ടുപോകുന്ന അനുഷ്ഠാനപരവും അനുഷ്ഠാനേതരവുമായ ക്രിയാംശങ്ങളെയാണ് ആചാരം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ആചാരത്തിനും പിന്നില്‍ വിശ്വാസങ്ങളുണ്ട്. മന്ത്രവാദം, ചടങ്ങുകള്‍, നാടോടിവൈദ്യം ഇവയൊക്കെ ഇതില്‍ പെടുന്നുണ്ട്. ഇതരമതസമൂഹങ്ങളില്‍നിന്നും സ്വാംശീകരിച്ച വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ മുസ്ലീങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്നുണ്ട്. ഏതൊരു വൈദേശിക മതസമൂഹവും ഇതരപ്രദേശങ്ങളിലുള്ള അതിന്‍റെ വ്യാപനത്തിനിടയില്‍ ആതിഥേയസമൂഹത്തിന്‍റെ സംസ്കാരത്തെ തങ്ങളിലേക്ക് സ്വാംശീകരിക്കുന്നുണ്ട്. അതിന്‍റെ അളവില്‍ അതിഥിമതത്തിന്‍റെ സ്വഭാവവും നിഷ്ഠകളുമനുസരിച്ചുള്ള ഏറ്റക്കുറവുകള്‍ കാണുമെന്നു മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. ഇന്ത്യന്‍ മുസ്ലീം, അറേബ്യന്‍ ഹിന്ദു, ജാപ്പനീസ് ക്രിസ്ത്യന്‍ എന്നിങ്ങനെയുള്ള സമന്വയങ്ങളിലെ സാംസ്കാരികമായ കലര്‍പ്പുകള്‍ ആ സമൂഹങ്ങളുടെ അതാതിടങ്ങളിലെ അസ്തിത്വത്തെ കൂടുതല്‍ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നതെന്നു കാണാം. എന്‍.പി. ഹാഫിസ് മുഹമ്മദ് ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. "പ്രാദേശിക വ്യത്യാസങ്ങളോടെ പല ആചരണങ്ങളും നടക്കുന്നു. ഒന്നും മാറ്റാനാവില്ലെന്ന് കരുതുമ്പോഴും പല മാറ്റങ്ങളെയും തടയുമ്പോഴും മുസ്ലീങ്ങള്‍ക്കിടയിലും പലതും മാറിക്കൊണ്ടിരിക്കുന്നു" (ഹാഫിസ് മുഹമ്മദ്, 2021:11). 

കേരളീയമുസ്ലീംജീവിതത്തിന്‍റെ സമസ്തമേഖലകളിലും ഇത്തരം പ്രാദേശികവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മുദ്രകള്‍ ചിതറിക്കിടക്കുന്നത് കാണാം. കേരളീയസമൂഹത്തില്‍ മതാധിഷ്ഠിതമായ ജനവാസം ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് കുറവാണെന്നതിനാല്‍ വിവിധ മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്നത് ഇതിന് കൂടുതല്‍ പ്രാബല്യം നല്‍കുന്നു. പള്ളികളും മസ്ജിദുകളും ക്ഷേത്രങ്ങളും നേര്‍ക്കുനേരായും വശങ്ങളിലായും (ഉദാ. എരുമേലി, പാളയം) സ്ഥിതി ചെയ്യുന്നതും സൗഹാര്‍ദ്ദപരമായ സാമൂഹ്യാന്തരീക്ഷം നിലനില്‍ക്കുന്നതും ആഘോഷങ്ങളിലെ കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്നതും ഇത്തരം കൂട്ടായ്മകളുടെ ഭൗതികമായും ആത്മീയമായുമുള്ള ബന്ധങ്ങള്‍ക്ക് നിദാനമാകുന്നു. ഗാര്‍ഹികമായ വിശ്വാസങ്ങളും പ്രാദേശികമായ കലാരൂപങ്ങളും വിവാഹം പോലെയുള്ള ചടങ്ങുകളുടെ വ്യതിരിക്തതകളും ജനനമരണാദികളിലുള്ള ആചാരവ്യത്യാസങ്ങളും അങ്ങനെ രൂപംകൊള്ളുന്നു.

നിമിത്തങ്ങള്‍/ശകുനങ്ങള്‍/കണ്ണേറ്

ഭാവികാര്യങ്ങളെ മുന്‍കൂട്ടി പ്രവചിക്കുന്ന നിമിത്തങ്ങളും ശകുനങ്ങളും ലോകമെമ്പാടുമുള്ള എല്ലാ ജനസമൂഹങ്ങളിലും നിലനില്‍ക്കുന്നുണ്ട്. അമ്മായിശാസ്ത്രമെന്ന പേരില്‍ വ്യവഹരിക്കപ്പെടുന്ന കണ്ണേറ്,  നിമിത്തം, ശകുനം ഇവയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ കേരളീയമുസ്ലീം സമൂഹത്തിലും പ്രായോഗികമായുണ്ട്. പഴയ കാലങ്ങളിലേതുപോലെ തീവ്രമായ രീതിയിലല്ലെങ്കിലും നാട്ടിന്‍പുറങ്ങളിലെ മുസ്ലീങ്ങള്‍ക്കിടയില്‍ (പ്രത്യേകിച്ചും പ്രായമേറിയവരില്‍) ഇവ സജീവമാണ്. ഭയം വന്നാല്‍ തകിടും കൂടും (ഏലസ്) പ്രാര്‍ത്ഥിച്ച് കെട്ടുക എന്നത് കേരളീയമുസ്ലീങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള രീതിയാണ്. ഖുര്‍-ആന്‍ ഓതി ഭയം മാറ്റുക എന്നതാണ് ഇസ്ലാമികമായ രീതി. ഇതില്‍നിന്നുള്ള വ്യതിചലനമായാണ് ഈ ആചാരം വരുന്നത്. കട്ടിലിലോ കസേരയിലോ ഇരിക്കുമ്പോള്‍ കാലാട്ടാന്‍ പാടില്ല, രാത്രിയില്‍ സൂചിയുപയോഗിച്ച് തയ്ക്കരുത്, വാതിലിനപ്പുറമിപ്പുറംനിന്ന് കുഞ്ഞുങ്ങളെ കൈമാറരുത്, തലയുടെ മുകളിലേക്ക് കുഞ്ഞിനെ പൊക്കിയെടുത്ത് താലോലിക്കരുത് എന്നിങ്ങനെയുള്ള വിലക്കുകള്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ സുന്നിമുസ്ലീങ്ങള്‍ക്കിടയില്‍ പ്രബലമായുണ്ട്. ഇത് പഴമക്കാര്‍ ചില കാര്യങ്ങള്‍ക്കായി വെറുതേ ഉണ്ടാക്കിയ ചൊല്ലാണെന്ന് (തുപ്പല്‍ക്കോളാമ്പിയില്‍ തട്ടാതിരിക്കാനാണ് കാലാട്ടരുത് എന്ന വിലക്ക് ഉണ്ടാക്കിയത് എന്ന്) ചെറുപ്പക്കാര്‍ ഇതിനെ വിമര്‍ശിക്കുന്നതും ഇന്ന് സാധാരണമാണ്. ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കരുത്, രാത്രിയില്‍ സ്ത്രീകള്‍ തനിയേ പുറത്തിറങ്ങരുത് തുടങ്ങിയ വിലക്കുകളും നിലവിലുണ്ട്. ഹിന്ദു സമൂഹത്തില്‍ ഇത്തരം വിശ്വാസങ്ങളുടെ തീവ്രത യാഥാസ്ഥിതികര്‍ക്കിടയില്‍ ഇപ്പോഴും സജീവമാണെന്നു കാണാം. രാത്രിയില്‍ തനിച്ചിറങ്ങരുതെന്ന് സ്ത്രീകളോട് പറയുന്നതിനു പിന്നില്‍ ജിന്നുകളുടെ ആക്രമണമാണ് മുസ്ലീം സമൂഹത്തില്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വാതില്‍പ്പടിയില്‍ നില്‍ക്കാന്‍ പാടില്ല, വാതിലിനിരുപുറം നിന്ന് കുഞ്ഞിനെ കൈമാറാന്‍ പാടില്ല എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ക്ക് പിന്നില്‍ ഹിരണ്യകശിപുവിനെ നരസിംഹം വധിച്ച മിത്തിന്‍റെ പ്രവര്‍ത്തനമാണ് കാരണമെന്ന് ചിന്തിക്കാവുന്നതാണ്. 

കുഞ്ഞുങ്ങളെ ഒരുക്കുമ്പോള്‍ നെറ്റിയ്ക്ക് ഇടതോ/വലതോ വശത്തായി കണ്‍മഷികൊണ്ട് പൊട്ടിടുക എന്നത് ചില മുസ്ലീങ്ങള്‍ക്കിടയില്‍ (കരുനാഗപ്പള്ളി) തുടര്‍ന്നുപോരുന്നത് കണ്ണേറു ദോഷത്തെ തടയുന്നതിനാണ്. ആരോഗ്യം, സൗന്ദര്യം ഇവയൊക്കെമൂലം കുഞ്ഞിനെ ആരെങ്കിലും ഒരു പ്രത്യേക രീതിയില്‍ നോക്കുമ്പോള്‍ അതിന് ദൃഷ്ടിദോഷമേല്‍ക്കുന്നു എന്ന വിശ്വാസമാണ് കണ്ണേറ്. ഹിന്ദുക്കള്‍ക്കിടയില്‍ ഇതിന് മുളക് ഉഴിഞ്ഞിടുക എന്ന ചടങ്ങ് പരിഹാരമായി ചെയ്യാറുണ്ട്. മുസ്ലീം സമുദായത്തില്‍നിന്ന് പരിഹാരത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ആരെങ്കിലും വീട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്തേക്ക് പോകരുത്, ഭക്ഷണത്തിനിടെ തുമ്മിയാല്‍ വായ് കുപ്ലിച്ചിട്ടേ പിന്നെ കഴിക്കാവൂ, ബാങ്ക് വിളി കേട്ടു തുടങ്ങിയാല്‍ അത് തീര്‍ന്നിട്ടേ പുറത്തേക്ക് (ഏതെങ്കിലും കെട്ടിടത്തിലാണെങ്കില്‍) ഇറങ്ങാവൂ എന്നും വിശ്വാസങ്ങളുണ്ട്. ആഹാരം കഴിക്കുന്ന പാത്രത്തില്‍ തവികൊണ്ടടിച്ചാല്‍ ഭക്ഷണം കുറഞ്ഞുപോകും, സന്ധ്യയ്ക്ക് അമ്മിയിലരയ്ക്കരുത്, അമ്മിക്കല്ലിന്‍റെ പുറത്തിരിക്കരുത്, തലയണയുടെ മുകളിലിരിക്കരുത്, കടുക് തറയില്‍ വീണാല്‍ കലഹമുണ്ടാകും, ഉണ്ടിട്ട് ഉടനേ കുളിയ്ക്കരുത്, തലയ്ക്ക് നടുക്ക് കൂടി മുടിയുടെ വകുപ്പ് എടുക്കരുത് എന്നീ വിശ്വാസങ്ങളും ആവേദകരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മന്ത്രവാദം എന്ന ആഭിചാരകര്‍മ്മം മുസ്ലീങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ചില സിദ്ധന്മാര്‍ അവരുടെ അത്ഭുതപ്രക്രിയകളിലൂടെ ജനങ്ങളെ വശീകരിച്ച് കൂടോത്രം, നരബലി മുതലായ കര്‍മ്മങ്ങളിലേക്ക് നയിക്കുന്നു. വെള്ളം, നൂല്‍ ഇവ ഊതി നല്‍കുകയും വശീകരണമന്ത്രങ്ങളിലൂടെ വിശ്വാസികളുടെ ബോധത്തെ മറച്ച് പൂര്‍ണ്ണമായും അടിമപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഇതിലുള്ളത്. 2022-ലെ ഇലന്തൂര്‍ നരബലി ചൂണ്ടിക്കാട്ടുന്നത് സമകാലിക പരിസരങ്ങളിലും ദുര്‍മന്ത്രവാദങ്ങള്‍ കേരളത്തില്‍ സജീവമാണെന്നാണ്. മന്ത്രവാദം, ദുര്‍മന്ത്രവാദം, അന്ധവിശ്വാസങ്ങള്‍ ഇവ തമ്മിലുള്ള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്.  

വിവാഹവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും

വിവാഹച്ചടങ്ങിന് മറ്റു മതങ്ങളേക്കാള്‍ അധികമായി പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്ലാംമതം. പഴയകാലത്ത് വളരെ പ്രതാപത്തോടെയും ആഡംബരത്തോടെയും വിവാഹച്ചടങ്ങുകള്‍ നടത്തിയിരുന്നതായി ശ്രീ. പി.കെ. മുഹമ്മദ് കുഞ്ഞി രേഖപ്പെടുത്തിയിട്ടുണ്ട്. "വധുവിന് താലികെട്ടല്‍, വരന് അമ്മായിയമ്മ പാലു കൊടുക്കല്‍, മോതിരം മാറ്റല്‍, വരനെയും വധുവിനെയും ഒന്നിച്ചിരുത്തിയുള്ള ആശംസായോഗങ്ങള്‍ തുടങ്ങിയ എല്ലാ പരിപാടികളും അമുസ്ലീങ്ങള്‍ക്കിടയിലെന്നപോലെ മുസ്ലീങ്ങള്‍ക്കിടയിലും നടപ്പായിരുന്നു. വിവാഹാഘോഷങ്ങള്‍ക്ക് ആര്‍ഭാടവും അമിതമായ ചെലവും വരുത്തിവയ്ക്കുന്ന പല ചടങ്ങുകളും പൊന്നാനി തുടങ്ങിയ മുസ്ലീം കേന്ദ്രങ്ങളില്‍ നടപ്പുണ്ടായിരുന്നു" (മുഹമ്മദ് കുഞ്ഞി, 2008:237).  പഴയകാലത്ത് രാത്രിയിലും വിവാഹം നടത്തിയിരുന്നു. സമകാലത്ത് ആ പതിവ് മാറിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ പള്ളിയിലും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലും വച്ച് വിവാഹം നടത്തുന്നുണ്ടെങ്കിലും കേരളീയമുസ്ലീങ്ങള്‍ മോസ്കുകളില്‍വച്ച് വിവാഹം നടത്തുന്നില്ല. നിക്കാഹ് പള്ളിയില്‍ നടത്താറുണ്ട്. പെണ്ണിന് ചെറുക്കന്‍ നല്‍കുന്ന മെഹര്‍ കൊടുക്കുന്നുണ്ടെങ്കിലും സ്ത്രീധന സമ്പ്രദായം നിലവിലിരിക്കുന്നു. സ്ത്രീധനം നല്‍കല്‍ കേരളീയമായി വന്നു ചേര്‍ന്ന ആചാരമാണ്. വിവാഹത്തിന്‍റെ മതപരമായ ചടങ്ങായ നിക്കാഹ് നേരത്തെ പലപ്പോഴും നടത്തിവയ്ക്കാറുണ്ട്. വിവാഹനിശ്ചയം നടത്തുക എന്ന അര്‍ത്ഥത്തില്‍ പുരുഷന്മാരൊത്തുകൂടി പള്ളികളില്‍വച്ച് നടത്തുന്നതോ വധുവിന്‍റെ വീട്ടില്‍ സമുദായാംഗങ്ങളെ വിളിച്ച് ഒത്തുകൂടുന്നതോ ആയ നിക്കാഹുകളുണ്ട്. പുതിയ സാഹചര്യത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നതിനാല്‍ പരീക്ഷയ്ക്കുശേഷം വിവാഹം വരത്തക്കരീതിയില്‍ ക്രമീകരിക്കുവാന്‍ നിക്കാഹ് മൂലം കഴിയുന്നുണ്ട്. നിക്കാഹും വിവാഹവും വധുവിന്‍റെ വീട്ടില്‍നിന്നുള്ള ചെലവാല്‍ നടത്തുന്നതാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സുന്നിസമൂഹത്തില്‍ വരന്‍റെ മാതാവ് വിവാഹസ്ഥലത്ത് പോവുകയില്ലായിരുന്നു. മണവാട്ടിയെ സ്വീകരിക്കാനായുള്ള ഒരുക്കങ്ങളുമായി അവര്‍ സ്വന്തം ഗൃഹത്തിലായിരിക്കും. എന്നാല്‍ പുതിയ കാലത്ത് വരന്‍റെ മാതാവ് വിവാഹം കഴിഞ്ഞ് ആദ്യം തിരികെ വരുന്ന കല്യാണവാഹനത്തില്‍ വീട്ടിലെത്തി ആചാരങ്ങളൊരുക്കുകയാണ് ചെയ്യുക. വധൂവരന്മാരെ വരന്‍റെ വീട്ടില്‍ സ്വീകരിച്ചിരുത്തി പാലും പഴവും നല്‍കുക എന്ന ചടങ്ങും കേരളീയമാണ്. ഇവ രണ്ടും വരന്‍ പകുതി കഴിച്ചശേഷം വധുവിന് നല്‍കേണ്ടതാണ്. ഈ സമയം വധു അമ്മായിയമ്മയ്ക്ക് സ്വര്‍ണ്ണം സമ്മാനിക്കുന്നു. വിവാഹദിവസം വധൂവരന്മാര്‍ വധൂഗൃഹത്തിലാണ് ഉറങ്ങുന്നതെന്ന പ്രത്യേകതയും ഇവിടുത്തെ മുസ്ലീം സമൂഹത്തിനുണ്ട്. വധുവിന്‍റെ വീട്ടില്‍ പഴയകാലത്ത് മണിയറയൊരുക്കല്‍ ചടങ്ങ് ഗംഭീരമായി ചെയ്തിരുന്നു.

വിവാഹത്തിന് മുമ്പ് വധൂഗൃഹത്തില്‍ മൈലാഞ്ചിക്കല്യാണം നടത്തിയിരുന്നു. കൈകൊട്ടിക്കളിയായ വട്ടക്കളിയും ഒപ്പനയും വടക്കന്‍ കേരളത്തില്‍ പഴയകാലങ്ങളില്‍ വിവാഹത്തോടനുബന്ധിച്ച് സാധാരണമായിരുന്നു. തെക്കന്‍കേരളത്തിലെ മൈലാഞ്ചിചടങ്ങ് ലളിതമായിരുന്നു. വധുവിനെ കസേരയിലിരുത്തി  മാതളനാരങ്ങയുടെ ഇതളുകള്‍ പൊഴിച്ചത്, മിഠായി എന്നിവയും അരച്ച മൈലാഞ്ചിയും അടുത്ത് കൊണ്ടുവയ്ക്കും. വെറ്റിലയിലാണ് മൈലാഞ്ചി വയ്ക്കുക. പെണ്‍വീട്ടുകാരും ചെറുക്കന്‍കൂട്ടരും വധുവിന് മാതളത്തില്‍നിന്ന് ഓരോ സ്പൂണ്‍ വായില്‍വച്ച് കൊടുക്കുകയും മൈലാഞ്ചി തൊടുവിക്കുകയും ചെയ്യും. വിവാഹത്തലേന്നോ അതിനു മുമ്പുള്ള ദിവസങ്ങളിലോ ആണ് ഈ ചടങ്ങ് നടത്തുക. പെണ്ണിന് ചെറുക്കന്‍ വീട്ടുകാര്‍ സ്വര്‍ണ്ണമിടുന്ന ചടങ്ങ് തിരുവനന്തപുരം ഭാഗങ്ങളിലെ സാമ്പത്തികശേഷിയുള്ള മുസ്ലീങ്ങള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. വിവാഹശേഷം വരന്‍റെ വീട്ടിലേക്ക് നിരവധി പലഹാരങ്ങള്‍ കൊണ്ടുപോകുന്ന ചടങ്ങ് കേരളീയരായ മുസ്ലീങ്ങളിലുണ്ട്. മധുരപലഹാരങ്ങളുമായി ഇത്തരത്തില്‍ ചെറുക്കന്‍വീട്ടിലേക്കുള്ള പ്രയാണം കേരളത്തില്‍ മറ്റു മതസ്ഥരിലുമുണ്ട്. വടക്കന്‍കേരളത്തില്‍ 'തണ്ണീര്‍കുടി' എന്നും തെക്കന്‍കേരളത്തില്‍ 'മറുവീട്' എന്നും ഇതറിയപ്പെടുന്നു. വിവാഹദിവസം വരനും സുഹൃത്തുക്കളും വധുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ രാത്രിയില്‍ പോകുന്നതിന് കോഴിക്കോട് 'മുടീം പണവും' ചടങ്ങെന്നാണ് പറയുക.

കല്യാണങ്ങളോടനുബന്ധിച്ച് ചുറ്റുവട്ടത്തുള്ള ബന്ധുസ്ത്രീകളുടെ ഒപ്പന വടക്കന്‍കേരളത്തില്‍ സാധാരണയായിരുന്നു. കാലക്രമേണ ഈ ആചാരം മാറി. ഇപ്പോള്‍ ഒപ്പന ഗ്രൂപ്പുകള്‍ തന്നെ സജീവമായുണ്ട്. പക്ഷേ നാട്ടുകൂട്ടത്തിലുള്ള അംഗങ്ങളുടെ പങ്കാളിത്തമില്ലാത്തതിനാല്‍ ഇതിനെ ഫോക് ഇനമായി പരിഗണിക്കാനാവില്ല. സമകാലികമായ ഹല്‍ദി (മഞ്ഞക്കല്യാണം) ആഘോഷങ്ങളും കേരളത്തിലെ മുസ്ലീം വിവാഹവേളയില്‍ സജീവമായി നടക്കുന്നു. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മോത്തളം എന്ന ഒരാചാരം വിവാഹവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. വിവാഹദിവസം പകല്‍ കൂട്ടുകാര്‍ മണവാളനെ ഒസ്സാനെക്കൊണ്ട് ക്ഷൗരം ചെയ്യിക്കുന്നതും മണവാളനു ചുറ്റും കൈകൊട്ടിക്കളിക്കുന്നതുമായിരുന്നു ആ ചടങ്ങിലുള്ളത്.

താലി എന്ന സങ്കല്പം ഇസ്ലാമിലില്ല. പക്ഷേ വിവാഹത്തിന് മുസ്ലീങ്ങള്‍ താലികെട്ടുന്നുണ്ട്. ചന്ദ്രക്കലയും നക്ഷത്രവും 'അള്ളാ' എന്ന ലിഖിതവുമായിരുന്നു ആദ്യകാല താലികളിലുണ്ടായിരുന്നത്. ഇപ്പോള്‍ വധു, വരന്‍ ഇവരുടെ പേരുകളും കല്യാണത്തീയതിയും രേഖപ്പെടുത്തിയ, പല രീതികളിലുള്ള താലികള്‍ ഉപയോഗിക്കുന്നു. താലി കെട്ടുമ്പോള്‍ മറിഞ്ഞുപോകരുത് (വശങ്ങള്‍) എന്ന വിശ്വാസമുള്ളതിനാല്‍ കെട്ടുന്ന സമയം അത് ഓര്‍ത്തുവയ്ക്കാന്‍ ഒരാള്‍ താലി ശ്രദ്ധിച്ചു പിടിച്ചിരിക്കും. (നിലമേല്‍ ഭാഗത്ത് ഈ വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു). താലി അഴിച്ചുവയ്ക്കുകയോ കടിയ്ക്കുകയോ ചെയ്യുന്നത് ഭര്‍ത്താവിന് ദോഷം വരുത്തുമെന്നും കരുതുന്നു.

സ്ത്രീകള്‍, കുട്ടികള്‍ ഇവരുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍, ആചാരങ്ങള്‍

സ്ത്രീകള്‍ തലയില്‍ തട്ടമിടണമെന്ന് കേരളീയമുസ്ലീങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. വിവാഹം കഴിഞ്ഞ് വരന്‍റെ ഗൃഹത്തില്‍ ജോലികള്‍ ചെയ്തു തുടങ്ങും മുമ്പ് കുടം നിറയെ വെള്ളവുമായോ (പട്ടാമ്പി) മൊന്ത നിറയെ വെള്ളവുമായോ (പന്തളം ഭാഗം) വീട്ടിലേക്ക് കയറുക എന്ന ചടങ്ങ് നിലവിലുണ്ട്. ഉര്‍വ്വരതാനുഷ്ഠാനമായ ഇത് സന്താനലാഭമുദ്ദേശിച്ചുള്ളതാണ്. ആര്‍ത്തവകാലത്ത് പല കാര്യങ്ങള്‍ ചെയ്യുന്നതിലും മുസ്ലീം സ്ത്രീകള്‍ക്ക് വിലക്കുകളുണ്ട്. സുന്നിവിഭാഗങ്ങളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. നിസ്കരിക്കുന്ന മുറിയില്‍ പോകാനോ ഖുര്‍-ആന്‍ തൊടാനോ ഈ സമയത്ത് അനുവാദമില്ല. (കേരളത്തില്‍ ചില മുസ്ലീം വിഭാഗങ്ങളില്‍ ഇത് ബാധകമല്ല). ഏഴാം ദിവസം കുളിച്ച്, കിടന്ന പായും വിരികളും കഴുകിയുണക്കുകയും മുറി തുടയ്ക്കുകയും ചെയ്തിരുന്നു. ഇത് ഹിന്ദുമതത്തില്‍ തുടര്‍ന്നു പോന്ന ആചാരമാണ്. (കേരളീയമായ ഇത്തരം ആചാരങ്ങളെ അനിസ്ലാമികം എന്നു വ്യവഹരിക്കുന്ന മുസ്ലീം പണ്ഡിതന്മാര്‍ വളരെപ്പേരുണ്ട്). തുളസിയില, കറിവേപ്പില എന്നിവ പറിയ്ക്കാന്‍ ഈ സമയത്ത് മുസ്ലീം സ്ത്രീകള്‍ക്ക് വിലക്കുണ്ട്. മജീദിന്‍റെ സഹോദരികളുടെ നാലു കാതുകളിലുമായി നാല്പത്തിരണ്ട് തുളകളുണ്ട് (ബഷീര്‍,158). 'ബാല്യകാലസഖി'യിലുള്ള ഈ സൂചന ഇസ്ലാം സമൂഹത്തിലെ കാതുകുത്ത് ആചാരവുമായി ബന്ധപ്പെട്ടുള്ളതാണ്.  

ഗര്‍ഭിണിയായിരിക്കുമ്പോള്‍ രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ആണിയോ ലോഹത്തുണ്ടോ കൈയില്‍ കരുതണമെന്ന വിശ്വാസവും ഹിന്ദുമതത്തില്‍നിന്നും കടംകൊണ്ടതാണ്. അഭൗമശക്തികളുടെ ഉപദ്രവമാണ് ഇതിന് പിന്നിലുള്ളതെന്ന് (ജിന്ന്) കരുതുന്നു. ഗര്‍ഭകാലത്തും ചടങ്ങുകളുണ്ട്. ഗര്‍ഭത്തിന്‍റെ ഏഴാം മാസത്തില്‍ ഏഴുകൂട്ടം പലഹാരങ്ങളുമായി പെണ്ണുവീട്ടുകാര്‍ ചെറുക്കന്‍വീട്ടിലെത്തുന്നു. ഈ പലഹാരങ്ങള്‍ അന്ന് എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. നാരങ്ങാനീര് അല്ലെങ്കില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്തത് ഗര്‍ഭിണിയായ സ്ത്രീയ്ക്ക് കുടുംബത്തിലെ പ്രായമുള്ള സ്ത്രീകള്‍ (ഇരുവീടുകളിലെയും) തൊട്ടുകൊടുക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ചടങ്ങിനുശേഷം ഗര്‍ഭവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു. ഈ സമയത്ത് കുരുമുളകും നല്ലെണ്ണയും ഗര്‍ഭിണിയുടെ കൈയില്‍ കൊടുക്കുകയും അവര്‍ ഭര്‍തൃവീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ സ്വന്തം വീട്ടിലേക്ക് യാത്ര പുറപ്പെടുകയും ചെയ്യുന്നു. ഒന്‍പതാം മാസത്തില്‍ ഗര്‍ഭിണിയുടെ സ്വന്തം ഗൃഹത്തിലേക്ക് വരന്‍റെ വീട്ടുകാര്‍ ഒന്‍പതുകൂട്ടം പലഹാരങ്ങളുമായി എത്തുന്നു. ഇതില്‍ ഏഴാം മാസത്തിലെ ചടങ്ങ് കേരളത്തില്‍ എല്ലാ മതസ്ഥരും നടത്തുന്നുണ്ട്. ചടങ്ങുകളിലെ വ്യത്യാസങ്ങള്‍ മതപരമായ വ്യത്യാസമനുസരിച്ച് നേരിയ തോതിലേ കാണപ്പെടുന്നുള്ളൂ. കുഞ്ഞു ജനിച്ചാലുടന്‍ തന്നെ ഏതെങ്കിലും മൃഗത്തിനെ (ആട്/പോത്ത്) ബലി കൊടുക്കുന്ന ഇസ്ലാമിക ആചാരം ഇവിടെയുമുണ്ട്. ഇതിന്‍റെ ഇറച്ചി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ളതാണ്. ജനിച്ചയുടനേ കുഞ്ഞിന് സംസം വെള്ളത്തില്‍ വിരലോ തുണിയോ മുക്കി വായിലിറ്റിച്ചു കൊടുക്കുന്നു. പഴമക്കാര്‍ ഈന്തപ്പഴം (കാരയ്ക്ക) ചവച്ച് ചാറെടുത്ത് കുഞ്ഞുവായിലിറ്റിക്കുകയോ വെറും വെള്ളം നല്‍കുകയോ ചെയ്തിരുന്നു. ജനിച്ചിട്ട് കാതില്‍ ബാങ്ക് ഓതാറുണ്ട്. പെണ്‍കുഞ്ഞാണെങ്കില്‍ ഫാത്തിമ എന്നോ ആണാണെങ്കില്‍ മുഹമ്മദെന്നോ പേര് വിളിച്ചിരുന്നു. ശരിയായ പേര് പിന്നീടാണിടുക. പ്രസവശേഷം ആര്‍ത്തവമവസാനിക്കുമ്പോള്‍ നാല്‍പ്പതു കുളി നടത്തുന്നു. ഇതില്‍ അമ്മയേയും കുഞ്ഞിനേയും കുളിപ്പിച്ച് കുഞ്ഞിന് ആഭരണങ്ങളിടുന്നു. സദ്യയും ഉണ്ടായിരിക്കും. കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി വെള്ളം വീഴുന്ന സ്ഥലത്ത് കുഴിച്ചിടണമെന്നും വിശ്വാസമുണ്ട്. ഇത് നനഞ്ഞു കിടന്നാല്‍ കുഞ്ഞിന് വളര്‍ച്ചയില്‍ പുഷ്ടിയുണ്ടാകുമെന്നാണ് ധാരണ. 'പെറ്റമേനിയോടെ വിടാതെ' കുഞ്ഞിന് പിന്നീട് ചരടോ അരഞ്ഞാണമോ കെട്ടാറുണ്ട്. പ്രസവിച്ച് ഏഴാം ദിവസമോ നാല്‍പ്പതാം ദിവസമോ കുഞ്ഞിന്‍റെ മുടി മുഴുവന്‍ കളഞ്ഞ് ആ മുടിയുടെ തൂക്കത്തിന് പാവങ്ങള്‍ക്ക് എന്തെങ്കിലും ദാനം ചെയ്യുന്ന ചടങ്ങുണ്ട്. ഇതാണ് മുടികളയല്‍. (ധനികരാണെങ്കില്‍ സ്വര്‍ണ്ണം/വെള്ളിയാണ് സാധുക്കള്‍ക്ക് കൊടുക്കാറുള്ളത്).

നവരാത്രിക്കാലത്ത് ചുരുക്കം ചിലരെങ്കിലും മുസ്ലീം സമുദായത്തിലെ കുട്ടികളെ വിദ്യാരംഭ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് 1990 കാലഘട്ടങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ സെന്‍ററുകളിലും മറ്റും നടക്കുന്ന വിദ്യാരംഭച്ചടങ്ങുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളും പഠനത്തിന്‍റെ ഭാഗമായി പങ്കുചേരുന്നു. ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം കെങ്കേമമായി ആഘോഷിച്ചിരുന്നു. 'ഏഴുകുളി' എന്ന ആചാരം ചേലാകര്‍മ്മത്തിനു മുമ്പും വ്രണം ഉണങ്ങിയ ശേഷവും നടത്തിയിരുന്നു. സുന്നത്ത് നടത്തിയ ഒസ്സാനെ (ക്ഷുരകന്‍) പിരിയുന്ന ചടങ്ങായിരുന്നു 'ഒസ്സാനെ പിരിയല്‍' അഥവാ 'സ്ഥാനം വയ്ക്കല്‍'. ക്ഷുരകന് ഇതില്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. പുതിയകാലത്ത് സുന്നത്ത് ആശുപത്രികളിലാണ് നടത്തുന്നത്. സുന്നത്ത് നടത്തി ഏഴാം ദിവസം മുറിവുണങ്ങുമ്പോള്‍ കുട്ടിയെ പള്ളിയില്‍ കൊണ്ടുപോകുന്നത് മാത്രമായി ഇപ്പോള്‍ ചടങ്ങുകള്‍ ചുരുങ്ങിയിട്ടുണ്ട്. തെക്കന്‍കേരളത്തില്‍ മാര്‍ക്കക്കല്യാണം എന്നറിയപ്പെടുന്ന ചടങ്ങിന് അടുത്ത ബന്ധുക്കള്‍ എത്താറുണ്ട്. കുഞ്ഞുങ്ങളുടെ കാതുകുത്ത് മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരുന്നു. മുസ്ലീങ്ങള്‍ക്ക് പ്രസവസമയത്തോ ആര്‍ത്തവസമയത്തോ തൊട്ടുകൂടായ്മയില്ലാത്തതിനാല്‍ നാല്‍പ്പതുകുളി, തിരണ്ടുകുളി തുടങ്ങിയ മുസ്ലീംചടങ്ങുകള്‍ കേരളീയാചാരങ്ങളാണെന്ന് 'മുസ്ലീങ്ങളും കേരളസംസ്കാരവും' എന്ന കൃതിയില്‍ പ്രസ്താവിക്കുന്നുണ്ട് (മുഹമ്മദ് കുഞ്ഞി, 2008:238). 

മരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍

മരിച്ചയാളിന്‍റെ സമീപത്തിരുന്ന് കരയരുത് എന്ന് കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളില്‍ പറയാറുണ്ട്. മരിച്ചവര്‍ക്ക് കര്‍മ്മപരമായ പങ്കാളിത്തമില്ലാത്തതിനാല്‍ മരണസമയത്ത് പല വീടുകളിലും നടക്കുന്ന ഓതല്‍ (ഖുര്‍-ആന്‍) അനിസ്ലാമികമാണെന്ന ധാരണയുണ്ട്. അതായത് ഈ പാരായണം കേരളീയമുസ്ലീങ്ങള്‍ പ്രാദേശികമായി അനുവര്‍ത്തിക്കുന്നതാണ്. ആള്‍ മരിക്കുമെന്നുറപ്പായാല്‍ ദിഖറുകള്‍ ചൊല്ലുകയും സംസം വെള്ളം തൊട്ടുകൊടുക്കുകയും ചെയ്യാറുണ്ട്. കലിമ ചൊല്ലലും ഇതോടൊപ്പം നടത്തുന്നു. മരിക്കാറാകുമ്പോള്‍ നാവെടുത്ത് ചൊല്ലാന്‍ കഴിയില്ലെങ്കില്‍ മനസ്സിലെങ്കിലും അത് കേള്‍ക്കുമെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നു. മരണസമയത്ത് ഒരാള്‍ എന്താണോ ഓര്‍ക്കുന്നത് അതാണ് അടുത്ത ജന്മത്തില്‍ വരുന്ന അനുഭവം എന്നാണ് വിശ്വാസം. ഏതെങ്കിലും മൃഗം/പക്ഷിയെ ഓര്‍ത്താല്‍ അടുത്ത ജന്മം ആ ജീവിയായിത്തീരുമെന്ന സങ്കല്പമാണിത്. മയ്യത്ത് ഒരുപാടുനേരം വയ്ക്കരുത് എന്ന നിബന്ധനയുമുണ്ട്. മയ്യത്ത് കുളിപ്പിച്ച് പള്ളിയില്‍ കബറടക്കുകയും തിരികെ ബന്ധുക്കള്‍ മരണവീട്ടിലെത്തി ലഘുവായി ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്യുന്നു. മൃതദേഹ സംസ്കാരസമയത്ത് ഖബര്‍ വിസ്തൃതമാകാനുള്ള പ്രാര്‍ത്ഥനകളും തല്‍ക്കീനും (മലക്കുകളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം) സുന്നി വിഭാഗക്കാരുടെ പ്രത്യേകതയാണ്. 

മരിച്ച് മൂന്നാം ദിനം സുന്നികള്‍ മൂന്നാം ഫാത്തിഹ എന്ന പേരില്‍ ചടങ്ങുവയ്ക്കാറുണ്ട്. ചിലര്‍ പതിനൊന്നിനും നാല്‍പ്പത്തിയൊന്നിനും ചടങ്ങുകൂടാറുണ്ട്. വര്‍ഷംതോറും ഓര്‍മ്മനാളിലൊത്തുകൂടി വിരുന്നു നല്‍കുന്നതാണ് ആണ്ടുഖത്തം. മൗലിദ് എന്നും ഇതിന് വടക്കന്‍കേരളത്തില്‍ പേരുണ്ട്. ജമാഅത്ത ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ ഖബറിനടുത്ത് പ്രാര്‍ത്ഥിക്കുക മാത്രമേ പതിവുള്ളൂ. മറ്റു ചടങ്ങുകളൊന്നും ഇവര്‍ക്കില്ല. മരിച്ചുപോയവര്‍ക്ക് പുനരുത്ഥാനനാളില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ സ്വര്‍ഗ്ഗമോ നരകമോ ലഭ്യമാകുമെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. മരിച്ചവരുടെ പ്രേതങ്ങള്‍ ജീവിച്ചിരിക്കുന്നവരെ ബാധിക്കുമെന്ന് കരുതുന്നുണ്ട്. ഇതിനെ റൂഹാനി കൂടുക എന്ന് പറയുന്നു. റൂഹ് എന്നാല്‍ ആത്മാവ് എന്നാണര്‍ത്ഥം. ഇതിന് പരിഹാരമായി മന്ത്രവാദം, മന്ത്രമെഴുതിയ കല്ലുകള്‍ ദേഹത്ത് ധരിക്കുക മുതലായവ ചെയ്യാറുണ്ട്. റൂഹാനിക്കിളി എന്നറിയപ്പെടുന്നത് ഓലേഞ്ഞാലി എന്ന പക്ഷിയാണ്. ഈ പക്ഷി ഒരു പ്രത്യേകരീതിയില്‍ ശബ്ദിക്കുന്നത് മരണമടുക്കുന്നതിന്‍റെ സൂചനയായി തെക്കന്‍ കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ട്. ഈ വിശ്വാസം ഹൈന്ദവര്‍ക്കിടയില്‍ ഇല്ലാത്തതാണെന്നത് ശ്രദ്ധേയമാണ്.

അലൗകികവിശ്വാസങ്ങള്‍

ദൈവസൃഷ്ടിയായ മലക്കുകളില്‍ കേരളീയമുസ്ലീങ്ങളും വിശ്വസിക്കുന്നു. പുരുഷന്‍/സ്ത്രീ എന്ന ഭേദമില്ലാത്തവരാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു. ദൈവകല്പന മാത്രമനുഷ്ഠിക്കുന്നവരായ ഇവരെ ആരാധിക്കുന്നില്ല. മനുഷ്യശരീരം മണ്ണില്‍ല്‍നിന്ന് രൂപപ്പെട്ടതും ജിന്നുകളുടെ ശരീരം അഗ്നിനാളങ്ങളില്‍നിന്നു രൂപപ്പെട്ടതുമാണെന്നാണ് വിശ്വാസം. അതിനാല്‍ ജിന്നുകള്‍ക്ക് സഞ്ചാരമികവുണ്ട്. മറഞ്ഞു നില്‍ക്കാനുള്ള കഴിവുണ്ട്. സാത്താന്മാര്‍ ജിന്നുകളുടെ കൂട്ടത്തിലുള്ളവരാണ്. ഉമ്മാച്ചു എന്ന കൃതിയില്‍ മുസ്ലീം സമുദായത്തിലെ ഇത്തരം വിശ്വാസങ്ങളെ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. "ദൃശ്യപ്രപഞ്ചത്തെപ്പറ്റി ഉമ്മാച്ചുവിന് വലിയ വിവരമൊന്നുമില്ലായിരുന്നുവെങ്കിലും മലക്ക്, ഇഫരീത്ത്, ജിന്ന് തുടങ്ങിയ അദൃശ്യജീവികളെപ്പറ്റി അവളോര്‍ത്തു പോകാറുണ്ട്...ആടിക്കളിക്കുന്ന പനമ്പട്ടകളെ നോക്കിക്കൊണ്ട് അവള്‍ ചെവിയോര്‍ക്കാറുണ്ട്, മാലാഖമാരുടെ ചിറകടിശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന്..." (ഉറൂബ്, 1954:21). തലയില്‍ തട്ടമിടാത്ത സ്ത്രീകള്‍ക്ക് നരകത്തില്‍ ചെല്ലുമ്പോള്‍ തീ കൊണ്ടുള്ള മക്കനയിട്ടു നടക്കേണ്ടിവരുമെന്ന വിശ്വാസം 'ഇത് ഭൂമിയാണ്' എന്ന നാടകത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട് (കെ.ടി. മുഹമ്മദ്, 1989: 45). വിശുദ്ധന്മാരുടെ ഖബറുകള്‍ വളരുമെന്ന വിശ്വാസവും കേരളീയമുസ്ലീങ്ങള്‍ക്കിടയിലുണ്ട്. ഖുര്‍-ആന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയിലേക്ക് വന്ന രാത്രിയായ ലൈലത്തൂല്‍ഖദര്‍ റംസാന്‍ മാസത്തിലാണ്. ഈ ദിവസം മലക്കുകളും ആത്മാക്കളും ഇറങ്ങിവരുമെന്ന് വിശ്വസിക്കുന്നു. ജിന്നുകളും മലക്കുകളും ഖുര്‍-ആനില്‍ സൂചിതമാകുന്നതാണെങ്കിലും കേരളീയ പരിസരങ്ങളില്‍ അവയുടെ ഭാവനയ്ക്ക് നാടോടിഛായകളുണ്ട്. 

മതപരമായ വിശ്വാസങ്ങളും ചടങ്ങുകളും

ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ (സെമിറ്റിക്) മതമാണ് ഇസ്ലാം. പക്ഷേ കേരളത്തില്‍ ശൈഖുമാരെയും (സൂഫി പാരമ്പര്യം) പൂജിക്കുന്നുണ്ട്. ഉറൂസുകള്‍ നിരവധി പള്ളികളില്‍ നടത്തുന്നുണ്ട്. ദിവ്യപുരുഷന്മാരുടെ ജന്മവാര്‍ഷികങ്ങളാണ് ഇവ. ബപ്പിരിയന്‍, ആലിത്തെയ്യം എന്നീ തെയ്യങ്ങള്‍ മുസ്ലീം തെയ്യങ്ങളാണ്. ഇവയ്ക്ക് വടക്കന്‍കേരളത്തില്‍ വ്യവഹാരത്തിലുള്ള പുരാവൃത്തങ്ങള്‍ ജനഹൃദയങ്ങളില്‍ ആഴത്തിലുള്ളതാണ്. മദ്രസകളിലെ മതപഠനം എല്ലാ മുസ്ലീങ്ങള്‍ക്കും ബാധകമാണ്. ഓത്തുപള്ളി എന്നും തയ്ക്കാവുകള്‍ (തെക്കന്‍കേരളം) എന്നും  ഇവ അറിയപ്പെടുന്നു. വിളക്കുകള്‍, കൊടിമരങ്ങള്‍, ചന്ദനത്തിരികള്‍ എന്നിവ മുസ്ലീം പള്ളികളില്‍ ആരാധനയുടെ ഭാഗമായി ഉപയോഗിക്കുന്നു. ഹിന്ദുക്ഷേത്രങ്ങളില്‍ കാണിയ്ക്കയിടുന്നതും വെറ്റില, അടയ്ക്ക ഇവ സമര്‍പ്പിക്കുന്നതും മുസ്ലീങ്ങള്‍ക്കിടയില്‍ പതിവുണ്ട്. ഓച്ചിറ ക്ഷേത്രത്തിലെ പരബ്രഹ്മനടയില്‍ ചുറ്റുമുള്ള മുസ്ലീം കച്ചവടക്കാര്‍ എല്ലാ ദിവസവും കാണിയ്ക്ക വയ്ക്കാറുണ്ട്.

റംസാന്‍ വ്രതത്തോടനുബന്ധിച്ച് രാത്രിസമയത്ത് അത്താഴകാലമറിയിക്കാന്‍ ദഫ്സംഘങ്ങള്‍ ദഫ് മുട്ടുമായി വന്നിരുന്നു. അത്തായമുട്ടുകള്‍ എന്നറിയപ്പെട്ടിരുന്ന ഈ സംഘങ്ങള്‍ ഇന്ന് കാണാനില്ല. മതേതരമായ ഹൈന്ദവാരാധനാകേന്ദ്രങ്ങളിലും മുസ്ലീങ്ങള്‍ പോകാറുണ്ട്. ശബരിമല ക്ഷേത്രത്തില്‍ വാവരുസ്വാമിനട എന്ന വാവര്‍സ്മാരകമുണ്ട്. വിഗ്രഹമില്ലാത്ത ഇവിടെ മുസ്ലീം പുരോഹിതനുമുണ്ട്. കുരുമുളകാണ് ഇവിടുത്തെ വഴിപാട്. ഭസ്മവും ചരടും ഭക്തര്‍ക്ക് നല്‍കാറുണ്ട്. എരുമേലിയിലെ വാവരുപള്ളിയില്‍ ചന്ദനക്കുടമഹോത്സവം എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. എരുമേലി പേട്ടതുള്ളുന്നവര്‍ വാവരുപള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ചടങ്ങുണ്ട്. 

ചന്ദനക്കുടങ്ങളും നേര്‍ച്ചകളും

മണ്‍മറഞ്ഞ വിശുദ്ധന്മാരുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനാണ് ആണ്ടുനേര്‍ച്ചകള്‍ (ഉറൂസ്) സംഘടിപ്പിക്കുന്നത്. ഔലിയാക്കള്‍, ശുഹദാക്കള്‍ എന്ന പേരിലാണിവരറിയപ്പെടുന്നത്. ഇസ്ലാമിലെ ഏറ്റവും വഴക്കസ്വഭാവമുള്ള പ്രസ്ഥാനമായ സൂഫിപാരമ്പര്യം പിന്തുടരുന്നവരാണ് ഇത്തരം മഹാത്മാക്കള്‍. ഇവരുടെ കബറിടങ്ങളെ ജാറം, ദര്‍ഗ്ഗ എന്നീ പേരുകളിലും വ്യവഹരിക്കാറുണ്ട്. ഉറൂസ് എന്നാല്‍ വിരുന്ന് എന്ന അര്‍ത്ഥമാണുള്ളത്. മണവാളന്‍ എന്നും ഇതിനര്‍ത്ഥമുണ്ട്. മരണത്തോടുകൂടി ഈശ്വരന്‍റെ പ്രേമത്തില്‍ ലയിച്ചുചേരുക എന്ന സൂഫി ചിന്തയാണ് ഇതില്‍ സൂചിതമാകുന്നത്. ഉറൂസ്, ചന്ദനക്കുടം എന്ന പേരിലാണ് ചില പള്ളികളില്‍ അറിയപ്പെടുന്നത്. ചന്ദനം കുടത്തില്‍ നിറച്ച് ആനപ്പുറത്തോ മറ്റോ ഘോഷയാത്രയായി കൊണ്ടുവന്ന് ഖബറില്‍ (മീസാന്‍കല്ലില്‍) പൂശുന്നതിനാലാണ് ചന്ദനക്കുടം എന്ന പേര് ലഭിച്ചത്. ദര്‍ഗ്ഗകളിലെ നേര്‍ച്ചകളില്‍ പട്ട്, മുല്ലപ്പൂ, നിലവിളക്ക്, ആട്, കോഴി തുടങ്ങിയവ വഴിപാടായി സമര്‍പ്പിക്കുന്നു.

രോഗങ്ങള്‍ മാറാനും കൃഷി നന്നാകാനും (മമ്പുറം കൊടിയെടുക്കല്‍) സൗഖ്യം നേടാനുമായാണ് ഇവ ആഘോഷിക്കുന്നത്. ചേറൂര്‍ നേര്‍ച്ച, ബീമാപ്പള്ളി ഉറൂസ്, മയ്യത്തുംകര ചന്ദനക്കുടം, ആറ്റിങ്ങല്‍ കടുവാപ്പള്ളി ചന്ദനക്കുടം, മാത്തൂര്‍ കരുനാഗപ്പള്ളി ഷെയ്ക്ക് മസ്ജിദ് ഉറൂസ്, തെരുവത്ത് പള്ളിനേര്‍ച്ച, പട്ടാമ്പി നേര്‍ച്ച, മണത്തല ചന്ദനക്കുടം നേര്‍ച്ച (ചാവക്കാട്), ബാവിക്കര പള്ളിനേര്‍ച്ച (കാസര്‍കോട്) എന്നിങ്ങനെ കേരളത്തിലെല്ലാ സ്ഥലങ്ങളിലും നേര്‍ച്ചകളുണ്ട്. ഇത് കേരളീയമായ ഒരു ആരാധനാരീതിയാണ്. കേരളത്തിലെ സാമൂഹികരൂപീകരണത്തില്‍ നേര്‍ച്ചകളുടെ സ്ഥാനം പരിഗണനാര്‍ഹമാണ്. "ഹൈന്ദവമുസ്ലീംമതമൈത്രിയുടെയും പരസ്പരവിശ്വാസത്തിന്‍റെയും അനുഷ്ഠാനങ്ങളുടെയും ഒരു ഭാഗമായി സാമൂഹികസമത്വത്തിന്‍റെ ഏകീകരണത്തിന് നേര്‍ച്ചകള്‍ അതിന്‍റേതായ പങ്ക് വഹിച്ചിരുന്നു" (ജയരാജന്‍, 2017:134) എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കൊടി ആനപ്പുത്തെഴുന്നള്ളിക്കുകയും റാത്തീബ്, കളരിപ്പയറ്റ്, കോലടി, കബഡി, ദഫ്മുട്ട് മുതലായവ നടത്തുകയും ചെയ്യുക എന്നത് നേര്‍ച്ചകളുടെ ഭാഗമായിരുന്നു. പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറത്തില്‍ പേപ്പട്ടിവിഷത്തിനും മാറാവ്യാധികള്‍ക്കും ഔഷധം നല്‍കിയിരുന്നു. ഇവിടെ പലയിടങ്ങളിലും മഹത്തുക്കളെ പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകളുമുണ്ടായിരുന്നു. (ശൈഖ് അവര്‍കളെ സ്തുതിക്കുന്ന തെരുവത്തുമാല-തെരുവത്തു പള്ളി ഉദാഹരണം).

ഉറൂസുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ ചിലത് ഇപ്രകാരമാണ്. കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളിയില്‍ ശൈഖ് മുഹമ്മദ് ബില്‍ അലാഉദീനുല്‍ ഹിമ്മസിയാണ് വിശുദ്ധന്‍. ഈ തങ്ങളെ കബറടക്കി ഒരു നൂറ്റാണ്ടിനു ശേഷം പ്രദേശവാസികള്‍ ഒരു കൂട്ടസ്വപ്നം കണ്ടു. ഖബര്‍ മാറ്റി കുഴിച്ചിടാനായിരുന്നു അത്. പലരും കബറു പൊക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. പക്ഷേ ഇടിയങ്ങരക്കാര്‍ പൊക്കിയപ്പോള്‍ അത് നടന്നു. അവര്‍ ഇപ്പോഴത്തെ പള്ളി നില്‍ക്കുന്ന സ്ഥലത്ത് ഖബറടക്കി. മഹതിയായ ഒരു സ്ത്രീയുടെ പേരിലുള്ള പള്ളി എന്ന സ്ഥാനം തിരുവനന്തപുരം ബീമാപ്പള്ളിയ്ക്കുണ്ട്. അറേബ്യക്കാരിയായ സയ്യിദുന്നിസ ബീമാബീവിയും മകന്‍ മാഹിന്‍ അബൂബക്കറും തിരുവനന്തപുരത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് താമസമാക്കിയെന്നും മാറാവ്യാധികള്‍ പിടിപെട്ടവരെ ചികിത്സിച്ചു ഭേദമാക്കിയെന്നും ഐതിഹ്യമുണ്ട്. പുത്രനും ബീമാബീവിയും അടക്കം ചെയ്യപ്പെട്ട കബര്‍ നിന്നിടത്താണ് ബീമാപ്പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചന്ദനക്കുടം ഉത്സവത്തിന് നാണയങ്ങള്‍ നിറച്ച മണ്‍കുടങ്ങള്‍ പൂക്കളാലലംകൃതമാക്കി പള്ളിയില്‍ സമര്‍പ്പിക്കുന്നു. ഖബറിലിട്ടിരിക്കുന്ന പച്ചപ്പട്ട് ഭക്തരുടെ കൈകളില്‍ ചുറ്റിക്കെട്ടുക പതിവുണ്ട്. മറ്റു ദര്‍ഗ്ഗകളിലെ ഉറൂസ് പോലെ ബീമാപ്പള്ളിയിലും മതഭേദമെന്യേ ഭക്തര്‍ പങ്കെടുക്കുന്നു. കബറടക്കിയ സ്ഥലത്തേക്ക് ഇവിടെ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍ ആലംകോട് കടുവാപ്പള്ളിയില്‍ കബറിനു പുറത്തുവരെ മാത്രമേ സ്ത്രീകളെ പ്രവേശിപ്പിക്കുകയുള്ളൂ. പള്ളി നില്‍ക്കുന്നത് ദേശീയപാതയുടെ വശത്തായതിനാല്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലുള്ളവര്‍ കടുവാപള്ളിമുറ്റത്തേക്ക് നാണയങ്ങളെറിയാറുണ്ട്. 

ഹൈദ്രോസുകുട്ടിമൂപ്പരുടെ സ്മരണയ്ക്കായി നടത്തുന്ന മണത്തലനേര്‍ച്ചയില്‍ (തൃശ്ശൂര്‍) പൂക്കളാലും തൊങ്ങലുകളാലുമലംകൃതമായ ഖബര്‍ ചുമലിലേറ്റി വാദ്യമേളങ്ങളും ആനയകമ്പടികളുമായാണ് 'താബൂത്ത് കാഴ്ച' നടക്കുന്നത്. ചെണ്ടമേളം ഇതില്‍ പ്രധാനമാണ്. മലപ്പുറം വലിയങ്ങാടി പള്ളിയില്‍ നടക്കുന്ന നേര്‍ച്ചയ്ക്കു പിന്നില്‍ മതവിദ്വേഷത്തിന്‍റെയും മതമൈത്രിയുടെയും കഥകള്‍ പറയുന്ന ചരിത്രമുണ്ട്. ക്ഷേത്രമാതൃകയിലുള്ള പഴയ പളളികളിലൊന്നാണിത്. ഇവിടുത്തെ തട്ടാന്‍പെട്ടി വരവ് പ്രസിദ്ധമാണ്. (മുസ്ലീം നേര്‍ച്ചകളില്‍ അരി, പലഹാരം, നാളികേരം തുടങ്ങിയവ വാദ്യമേളങ്ങളോടെ പെട്ടികളില്‍ എഴുന്നള്ളിച്ച് കൊണ്ടുവരുന്നതാണ് പെട്ടിവരവ്). പഴയ പള്ളി നശിപ്പിക്കപ്പെട്ടപ്പോള്‍ പള്ളിസംരക്ഷകരായിരുന്ന നാല്‍പ്പത്തിനാലുപേരോടൊപ്പം രക്തസാക്ഷിയായ തട്ടാന്‍ കുഞ്ഞേലുവിന്‍റെ ഓര്‍മ്മയ്ക്കായി നടത്തുന്നതാണിത്. ഇവിടെ പെട്ടിയില്‍ നെയ്യപ്പങ്ങള്‍ നിറയ്ക്കുക തട്ടാന്‍റെ കുടുംബവീട്ടുകാരാണ്. നേര്‍ച്ചകള്‍ പുതിയ രീതിയിലേക്ക് വികസിക്കുന്ന കാഴ്ച കൊണ്ടോട്ടി നേര്‍ച്ചയുടെ വീണ്ടെടുക്കല്‍ പോലെയുള്ളതില്‍ ദൃശ്യമാകുന്നു. നിലച്ചുപോയ നേര്‍ച്ച (സൂഫി-മുജാഹിദ് സംഘര്‍ഷം) സൂഫിഫെസ്റ്റ് എന്ന നിലയില്‍ നവീന ഭാവങ്ങളിലൂടെ പ്രകടമാകുമ്പോള്‍ ഉത്സവങ്ങള്‍ക്ക് പുതിയ ഫോക്ലോര്‍ കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടുന്നു. ഗ്ലോക്കല്‍ എന്ന പേരിലേക്ക് വികസിക്കുംവിധം ആണ്ടുനേര്‍ച്ചയില്‍ മാറ്റങ്ങളുണ്ടാകുന്നു.

ഇവയെ കൂടാതെ ചെറിയപെരുന്നാള്‍, അറഫാദിനം, വലിയപെരുന്നാള്‍, നബിദിനം എന്നിവയും കേരളീയര്‍ കൊണ്ടാടുന്നു. മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പല രാജ്യങ്ങളിലും കൊണ്ടാടുന്നുണ്ട്. കേരളത്തില്‍ ഇസ്ലാമികകലാസദസ്സുകള്‍, മതപ്രസംഗം, അന്നദാനം, ഘോഷയാത്രകള്‍ എന്നിവ നബിദിനത്തോടനുബന്ധിച്ച് നടത്തുന്നു. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും സ്റ്റോപ്പുകളില്‍ വച്ച് വാഹന ജനാലയിലൂടെ ഗ്ലാസ്സുകളില്‍ പായസവിതരണം നടത്തുന്നത് നബിദിനത്തിലെ മതേതരമായ ചടങ്ങാണ്. 

കലാരൂപങ്ങളുമായി ബന്ധപ്പെട്ട ആചാരവിശ്വാസങ്ങള്‍

കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട്, കുത്ത് റാത്തീബ്, മാപ്പിളപ്പാട്ട് തുടങ്ങിയവയുമായി മതാരാധന ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ശൈഖ് അഹമ്മദുല്‍ കബീറിന്‍റെ കറാമത്തുകളാലപിച്ചുകൊണ്ട് നടത്തുന്ന കുത്തുറാത്തീബ,് വസൂരിപോലുള്ള മാരകരോഗങ്ങളില്‍നിന്ന് മുക്തിനേടാനും സാമ്പത്തികാഭിവൃദ്ധിക്കും വേണ്ടി കൊണ്ടാടുന്നതാണ്. അഭ്യാസികളായ റാത്തീബുകാര്‍ പല അത്ഭുതപ്രവര്‍ത്തനങ്ങളും ചെയ്യാറുണ്ട്. തീയിലിറങ്ങുക, വിഷം കഴിക്കുക, വിഷപ്പാമ്പുകളെയെടുക്കുക തുടങ്ങിയവ അതില്‍ ചിലതാണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഇത് കാണുന്നതില്‍ ചില സ്ഥലങ്ങളില്‍ വിലക്കുണ്ട്. ശരീരത്തില്‍ മുറിവുകള്‍ സ്വയമുണ്ടാക്കി ചോര ചിന്തുന്ന ഈ പ്രക്രിയയില്‍ നാവു മുറിച്ച് സദസ്യര്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നു (നവാഫ് വി. മുന്നിയൂര്‍, 2020, ഫെബ്രുവരി 22). ശൈഖ് മുറിവില്‍ തടവുന്നതോടെ മുറിവ് കൂടുന്നു. ചടങ്ങിന് കത്തിച്ചു വയ്ക്കുന്ന നിലവിളക്കിലെ എണ്ണ ചടങ്ങിനുശേഷം എല്ലാവര്‍ക്കും വിതരണം ചെയ്യുന്നത് രോഗശമനത്തിനുതകും എന്ന വിശ്വാസം പ്രബലമായിരുന്നു. റാത്തീബിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന അറബനമുട്ടിന് പിന്നിലും വിശ്വാസങ്ങളുണ്ട്. അറബനമുട്ടുമ്പോള്‍ രോഗകാരണമായ വസ്തുക്കള്‍ ശൈഖിന്‍റെ ശക്തിമൂലം വീട്ടിലേക്ക് വരില്ല എന്നതാണത്. റാത്തീബുകാരന്‍ കുഞ്ഞുങ്ങളുടെ കാത് കുത്തിയാല്‍ കാത് പഴുക്കില്ല എന്ന വിശ്വാസം നിലനിന്നിരുന്നതിനാല്‍ റാത്തീബുകാരെ കൊണ്ട് കാത് കുത്തിക്കുക പതിവായിരുന്നു. ദഫ്മുട്ട്, അറബനമുട്ട്, കുത്ത്റാത്തീബ് ഇവ അനുഷ്ഠാനപരമായ കലാരൂപങ്ങളാണ്. നേര്‍ച്ചകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും ദഫ് ഉപയോഗിച്ചിരുന്നു. നബി മദീനയിലെത്തിയപ്പോള്‍ അവിടുത്തുകാര്‍ ദഫ്മുട്ടിയാണ് നബിയെ വരവേറ്റതെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രാദേശികജ്ഞാനത്തിന്‍റേതായ കലവറകളാണ് ഫോക്ലോര്‍. കേരളീയമുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഓരോ പ്രദേശത്തിന്‍റെയും വാമൊഴി ചരിത്രം, അവിടുത്തെ ജനസമൂഹത്തിന്‍റെ പൊതുഭാവങ്ങള്‍ ഇവ വ്യക്തമാക്കുന്നു. അനുഷ്ഠാനപരമായ നേര്‍ച്ചകളില്‍ ചടങ്ങുകള്‍ കൂടുതലായും വടക്കന്‍കേരളത്തിലാണ് കാണുന്നത്. പടപ്പാട്ടുകളും മാലപ്പാട്ടുകളും ധാരാളം രചിക്കപ്പെട്ടതും വടക്കന്‍കേരളത്തില്‍ തന്നെയാണ്. യോഗാത്മകധാരയുള്ള ജാറം ആരാധനകള്‍ കഠിനനിഷ്ഠകളുള്ള ഇസ്ലാംമതത്തിന് ലിബറല്‍ സ്വഭാവം നല്‍കുന്നുണ്ട്. മുസ്ലീം സ്ത്രീയുടെ ആത്മീയനേതൃത്വത്തിന് ബീമാപ്പള്ളി ഉത്തമമാതൃകയാണ്. വടക്കേ ഇന്ത്യന്‍ സൂഫി പാരമ്പര്യത്തിലുള്ള ദര്‍വീഷ് നൃത്തങ്ങളോ മിസ്റ്റിക് സംഗീതമോ കേരളത്തിലില്ല. ശൈഖ്മാരുടെ ചരിത്രവും അത്ഭുതങ്ങളും നിറഞ്ഞ മാലപ്പാട്ടുകളാണ് ഇവിടുത്തെ സൂഫിധാരയിലുള്ളത്. പെട്ടിവരവുകള്‍ തികച്ചും കേരളീയമായ ഒരു മുസ്ലീം ആചാരമാണ്. കുത്ത് റാത്തീബ്, ദഫ്മുട്ട്, അറബനമുട്ട് ഇവയില്‍ മെയ്വഴക്കത്തിന്‍റേതായ ആദ്ധ്യാത്മിക തലങ്ങള്‍ കേരളീയശൈലിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. 

ഉപസംഹാരം

ഉര്‍വ്വരാരാധനയുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ആചാരങ്ങള്‍/വിശ്വാസങ്ങള്‍ മാത്രമേ കേരളീയരുടെ ഇസ്ലാമിക ചിന്തകളിലുള്ളൂ. കണ്ണേറ്, ശകുനം പോലെയുള്ള വിശ്വാസങ്ങള്‍ കേരളീയപൊതുസമൂഹത്തില്‍നിന്നും ഇസ്ലാമിലേക്ക് പകര്‍ന്നിട്ടുള്ളതാണ്. ജാറം ആരാധന, നേര്‍ച്ചകള്‍, ജനനമരണവിവാഹാദികളുമായി ബന്ധപ്പെട്ട ആചാരവിശ്വാസങ്ങള്‍ ഇവയില്‍ ഹിന്ദുമതവുമായുള്ള ചാര്‍ച്ച എടുത്തുപറയേണ്ടതാണ്. ശുദ്ധി/വൃത്തി ഇവ സംബന്ധിച്ചുണ്ടായിരുന്ന വിലക്കുകള്‍/വിശ്വാസങ്ങള്‍ പഴയ ജനതയെ സംബന്ധിച്ചിടത്തോളം അറിവുകളായിരുന്നു (ഹീൃല). ഇവയെല്ലാം കേരളീയമായ ഇസ്ലാമികസംസ്കാരത്തിന്‍റെ സാധൂകരണങ്ങളായിരുന്നു. കൂട്ടായ്മകളെ നിലനിര്‍ത്തുവാനും പെരുമാറ്റങ്ങള്‍ പഠിപ്പിക്കുവാനും ഇവ മുസ്ലീം സമൂഹത്തില്‍ പ്രധാന പങ്കുവഹിച്ചു. സജീവവും നാശോന്മുഖവുമായ മാപ്പിള ഫോക്ലോറുകളുണ്ട്. ശകുനവുമായി ബന്ധപ്പെട്ടവ സജീവ ഫോക്ലോറിനും റാത്തീബുമായി ബന്ധപ്പെട്ട ഫോക്ലോറുകള്‍ നാശോന്മുഖ ഫോക്ലോറിനും ഉദാഹരണമായി പറയാവുന്നതാണ്. 

അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ സഫലീകരണമെന്ന നിലയില്‍ വിശ്വാസങ്ങളും ചടങ്ങുകളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇസ്ലാമിന് മുമ്പ് അറേബ്യയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ വിഗ്രഹാരാധനക്കാരായിരുന്നു. മനുഷ്യമനസ്സില്‍ രൂപാരാധനയ്ക്കും സങ്കല്പരൂപീകരണങ്ങള്‍ക്കും പ്രധാന പങ്ക് വഹിക്കാനുള്ളതായി മനഃശാസ്ത്രചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏകദൈവവിശ്വാസത്തിലേക്ക് ചുരുക്കപ്പെട്ട ആരാധനയുടെ അനുകൂലാവസ്ഥയിലുള്ള (കേരളത്തിലെ ബഹുസംസ്കാരം) ബഹിര്‍ഗമനമായി അനിസ്ലാമികമെന്ന് വ്യവഹരിക്കാറുള്ള കേരളീയാചാരങ്ങളെ വിലയിരുത്താവുന്നതാണ്. ഇസ്ലാം മതം പ്രചരിച്ചിട്ടുള്ള വിവിധ ഭൂവിഭാഗങ്ങളില്‍ പ്രാദേശികമായി രൂപീകരിക്കപ്പെട്ട കൂട്ടായ്മകളില്‍ സ്വതന്ത്രവും വ്യത്യസ്തവുമായ അസ്തിത്വത്തിന്‍റെ തലങ്ങള്‍ കേരളീയമുസ്ലീങ്ങളില്‍ ഏറി നില്‍ക്കുന്നു എന്നതിനു തെളിവാണ് ഈ ഫോക്ലോറുകള്‍. പുതിയ ആചാരങ്ങളെ (ഹല്‍ദി, സൂഫി ഫെസ്റ്റ്) സ്വാംശീകരിക്കുന്നതിലൂടെ ഇസ്ലാമിക ഫോക് ഇനങ്ങളുടെ പരിണാമസ്വഭാവമാണ് വെളിവാകുന്നത്. മതത്തിന്‍റെ ആദിമവിശുദ്ധി തേടി ചില വിഭാഗം മലയാളി മുസ്ലീങ്ങള്‍ ഇത്തരം നാടോടിയായ ആചാരവിശ്വാസങ്ങളില്‍നിന്നും പിന്തിരിഞ്ഞു നില്‍ക്കാന്‍ നിരന്തരമായി പ്രേരണകള്‍ നടത്തുന്നുണ്ട് എന്നുള്ളത് കേരളീയമായ മുസ്ലീം മനസ്സില്‍ സമകാലത്ത് സന്ദിഗ്ധാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

വസ്ത്രവിധാനം, ആഭരണവിന്യാസം, ആചാരസവിശേഷതകള്‍ ഇവയില്‍ കേരളീയമുസ്ലീങ്ങള്‍ ഇന്ത്യയിലെ തന്നെ മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായ സ്വത്വമുള്‍ക്കൊള്ളുന്നതായി മേല്‍പ്പറഞ്ഞ ആചാരവിശ്വാസങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ തെളിയിക്കപ്പെടുന്നു. ഖുര്‍-ആനിനു പുറമേ നാടോടിവിശ്വാസങ്ങളും ആചാരങ്ങളും ഇവിടുത്തെ മുസ്ലീം ജീവിതത്തെ ഗണ്യമായി സ്വാധീനിക്കുന്നു. ജ്യോതിഷം, മന്ത്രവാദം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍, ജനനം, വിവാഹം, മരണം ഇവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ മുതലായവ കേരളീയ മുസ്ലീങ്ങള്‍ക്കിടയില്‍ വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നു എന്ന് ഈ പഠനത്തിലൂടെ അറിയാന്‍ കഴിയുന്നു. മുതിര്‍ന്ന സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ പരമ്പരാഗതമായി കൈമാറുന്ന അമ്മായിശാസ്ത്രം (നിമിത്തങ്ങള്‍, കണ്ണേറ്, നാവേറ് മുതലായവ) പലപ്പോഴും സ്ത്രീവിരുദ്ധവും പുരോഗമനചിന്തകളെ തടുക്കുന്നതുമാണ്. കേരളീയ മുസ്ലീം സമൂഹത്തിന്‍റെ സ്വത്വരൂപീകരണത്തിനും സാമൂഹികബന്ധങ്ങളുടെ പരിപാലനത്തിനും ഇത്തരം ആചാരവിശ്വാസങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന വസ്തുത ഈ അപഗ്രഥനത്തിലൂടെ മനസ്സിലാക്കാം. 

സഹായകഗ്രന്ഥങ്ങള്‍

ഉറൂബ് (1954). ഉമ്മാച്ചു. കോട്ടയം: ഡി.സി. ബുക്സ്. 
കര്‍ത്താ, പി.സി. (2003). ആചാരാനുഷ്ഠാനകോശം. കോട്ടയം: ഡി.സി. ബുക്സ്.
ജയരാജന്‍, പി. (എഡി.). (2017). ഉത്തരകേരളം ആരാധനാലയങ്ങളും സമകാലീനപ്രവണതകളും. തിരുവനന്തപുരം: ചിന്ത. 
മുഹമ്മദ് കുഞ്ഞി, പി.കെ. (2008). മുസ്ലീങ്ങളും കേരളസംസ്കാരവും. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി.
മുഹമ്മദ്, കെ.ടി. (1989). ഇതു ഭൂമിയാണ്. തൃശ്ശൂര്‍: കറന്‍റ് ബുക്സ്. 
മുഹമ്മദ് ബഷീര്‍, വൈക്കം (1992). ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍. കോട്ടയം: ഡി.സി. ബുക്സ്. 
മുഹമ്മദ് ഹാഫിസ്, എന്‍.പി. (2021). കേരളത്തിലെ മുസ്ലീങ്ങള്‍ ഒരു വിമര്‍ശനവായന. കോഴിക്കോട്: ഒലിവ്.
മുഹ്യിദ്ദീന്‍ നദ്വി, എം.എം. (1997). ആഗ്രഹസഫലീകരണം (ആമുഖരചന). കോഴിക്കോട്: കേരള നദ്വത്തുല്‍ മുജാഹിതിന്‍ പ്രസിദ്ധീകരണ വിഭാഗം.
രാമചന്ദ്രന്‍, ശാസ്താംകോട്ട. (2012). കുന്നത്തൂര്‍ദേശം ചരിത്രവും വികസനവും. കൈതക്കോട്: കലാദീപം പബ്ലിഷേഴ്സ്.
രാഘവന്‍, പയ്യനാട്. (2019). ഫോക്ലോര്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
വിദ്യാസാഗര്‍, കെ. (ജന. എഡിറ്റര്‍). (2011). നമ്മുടെ നാട്ടറിവുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും നമ്മുടെ സംസ്കാരം, കോട്ടയം: ഡി.സി.ബുക്സ്.
വിഷ്ണുനമ്പൂതിരി, എം.വി. (2010). ഫോക്ലോര്‍ നിഘണ്ടു. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
സലിം, പി.ബി., ഹാഫിസ് മുഹമ്മദ്, എന്‍.പി., വസിഷ്ഠ്, എം.സി. (എഡിറ്റേഴ്സ്). (2011). മലബാര്‍ പൈതൃകവും പ്രതാപവും. കോഴിക്കോട്: മാതൃഭൂമി ബുക്സ്.
 

ആനുകാലികങ്ങള്‍

നദീറ, എന്‍.കെ. (2019 ജനുവരി-ജൂണ്‍). കുത്തുറാത്തീബ്-ചരിത്രവും വര്‍ത്തമാനവും, ചെങ്ങഴി ഗവേഷണ ജേര്‍ണല്‍. ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല. കാലടി. പുറം 188-194. 
നവാസ് വി. മുന്നിയൂര്‍. (2020 ഫെബ്രുവരി 22). കുത്ത് റാത്തീബ്: വേദന ഉന്മാദമാകുന്ന ഇടം, തെളിച്ചം ഓണ്‍ലൈന്‍ മാഗസിന്‍. ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി.

വെബ്സൈറ്റ്

http://www.ifshaussunna.in
http://thelicham.com

ആവേദകര്‍

ആയിഷ (55) മണപ്പള്ളി, അക്ബര്‍ (70) കുണ്ടറ, ഖദീജ (65) പന്തളം, പാത്തുമ്മ (80) ആയിക്കുന്നം,
മുഹമ്മദ് (65) നിലമേല്‍, ഫൗസിയ (60) തിരുവനന്തപുരം, നഫീസ (62) ആറ്റിങ്ങല്‍
Dr. Indusree S.R
Associate Professor
Department of Malayalam
Govt.Arts & Science College
Karunagappally
India
Pin-690523
Ph : +91 9447140647
E-mail: drindusreesr@gmail.com
ORCID : 0009-0009-0913-6725