Color Code in Ritual out of Theyyam

Dr. Manjula.K.V

Theyyam is an ancient ritual performance of Kerala which embedded both physical and spiritual cultural traces of ancient communities. Many of the theyyam are deeply associated with fertility cult or the cult of hero worship. It also carries the elements which denote the coherence and conflicts of the society with nature. The dance, rhythm and costume constitute the artistic performance of theyyam. This paper is an attempt to explore the colors code of theyyam. Black, white, red and green are the basic coolers used in theyyam. All these colors are synthesized from natural ingredients. This colors have symbolic value in theyyam performance. The black and red are mostly associated with resistance, fear and fury. The colour symbolism of theyyam works mainly through its facial writing and costumes. An understanding about the working of colour code in theyyam will help to realise the social psyche of ancient theyyam communities.

Keywords: Nadodi varnangal (folk colors), Regional aisthetic sence, Aniyalangal, Mukath ezhuth, meyyezhuth (costumes), Color

Reference: 

Chandran Muttath (2008) Thattum Dalam, Thiruvananthapuram: The Kerala language institute.
Dileep Kumar K P.  Nirathinte Basha , Rajagopalan C R  (2008)   Nirathinte Varnalokam, Kottayam: D C books.
Rajagopalan C R. (2011). Nadodi varnalokam, Kottayam: D C books.
Rajagopalan C R (2019) Kaalamillakolangal, Thiruvananthapuram: The Kerala language institute.
Vijayakumar Menon (2011). Adhunika Kalayude Lavanya Thalangal. Thiruvananthapuram: The Kerala language institute.
Vishnu Narayana Namboothiri M V, Varna Sankalpam Nadan Parambaryangalil  Thiruvananthapuram: The Kerala language institute.
Rajagopalan C R (2008) Nadodi Varnalokam Kottayam: D C books.
Dr. Manjula.K.V
Asst.professor
Department of Malayalam
Govt. Brennen College
Dharmadam
India
Pin: 670106
Ph: +91 9496239494
Email: drmanjulakv@gmail.com
ORCID: 0009-0006-7838-179X

തെയ്യാനുഷ്ഠാനകലയുടെ വര്‍ണ്ണപ്രപഞ്ചം

ഡോ. മജ്ഞുള കെ.വി

ഒരു ജനതയെപ്പറ്റി മനസ്സിലാക്കാന്‍ പ്രസ്തുതസമൂഹവുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളെ വിശകലന വിധേയമാക്കുന്നതിലൂടെ സാധിക്കും. ഒരു ജനതയുടെ ലോക ബോധവും സൗന്ദര്യ സങ്കല്പങ്ങളും പ്രതിഫലിക്കുന്ന അനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും പഠിക്കുന്നതിലൂടെ ആ സവിശേഷ കൂട്ടായ്മയുടെ മാനസിക തലത്തെ വായിച്ചെടുക്കാന്‍ കഴിയും. ഭൗതികമായി മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തോട് അനുഷ്ഠാനാത്മകമായി പ്രതികരിച്ചുകൊണ്ട് ഭൗതികാവസ്ഥയെ പ്രതിഫലനപരമായ മറ്റൊരു അവസ്ഥയിലേക്ക് രൂപാന്തപ്പെടുത്തുന്നു തെയ്യം കലകള്‍. തെയ്യം എന്ന അനുഷ്ഠാനകലയില്‍ ജൈവികമായ വര്‍ണ്ണബോധവും അണിയലാലങ്കാരങ്ങളും അണിയലങ്ങളും ഉടയാടകളും ചേരുന്ന പ്രത്യേക വര്‍ണ്ണലോകം ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ അവാച്യമായ അനുഭൂതി പകര്‍ന്നു നല്‍കുന്നു. പ്രകൃതി ഉര്‍വ്വരതയും മനുഷ്യ ഉര്‍വ്വരതയും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയും ഒന്നിന് മറ്റൊന്നില്‍ സ്വാധീനം ചെലുത്താന്‍  കഴിയുകയും ചെയ്യുമെന്ന വിശ്വാസമാണ് ഈ പാരമ്പര്യത്തിന്‍റെ പുറകിലുള്ളത്. നിറങ്ങള്‍കൊണ്ടു സമ്പന്നമായ പ്രപഞ്ചത്തിന്‍റെ പ്രതിഫലനം ഒരു സമൂഹത്തിന്‍റെ സംസ്കാര ചിഹ്നമായി മാറുന്നതെങ്ങനെയെന്ന അന്വേഷണം വര്‍ണ്ണവുമായി ബന്ധപ്പെട്ട ലോകവീക്ഷണത്തിലേക്കും വിശ്വാസപ്രമാണത്തിലേക്കും ചെന്നെത്തുന്നതാണെന്നു കാണാം. അതോടൊപ്പം പ്രകൃതി സംസ്കൃതി പാരസ്പര്യത്തിന്‍റെ മായാത്ത നിറക്കൂട്ടുകളായും ഈ വര്‍ണ്ണ സങ്കല്പം മാറുന്നുണ്ട്. വന്യതയും ലാളിത്യവും മേളിക്കുന്ന തെയ്യങ്ങളില്‍ ഒരു തരം മാന്ത്രികമായ അനുഭൂതി അന്തരീക്ഷം സൃഷ്ടിക്കാനും വാദ്യലയങ്ങള്‍ക്കൊപ്പം വര്‍ണ്ണ സമ്മേളനത്തിലൂടെ പുനസൃഷ്ടിക്കപ്പെടുന്ന പ്രതീകാത്മക ഭാഷയ്ക്ക് ജനമനസ്സുകളെ സ്വാധീനിക്കാനുള്ള കഴിവും വളരെ മികച്ചതാണ്. കറുപ്പ് രൗദ്രതയുടെയും ഭയത്തിന്‍റേയും പ്രതീകമാണ്.  അതിമാനുഷികതയും പ്രലോഭനപരമായ ഭ്രമാത്മകതയും ഉണ്ടാക്കുന്ന വര്‍ണ്ണങ്ങള്‍ മനശ്ശാസ്ത്രപരമായാണ് തെയ്യങ്ങളില്‍ സന്നിവേശിപ്പിക്കുന്നത്. സൗന്ദര്യസങ്കല്പങ്ങളുടെ സങ്കീര്‍ണ്ണമായ ചിഹ്നഭാഷയായി വായിച്ചെടുക്കാന്‍ തെയ്യം കലയുടെയും മുഖത്തെഴുത്തിന്‍റെയും വസ്ത്രാലങ്കാരങ്ങളുടെയും മനഃശാസ്ത്രത്തെ പറ്റിയുള്ള പഠനത്തിലൂടെ സാധിക്കും. വര്‍ണ്ണങ്ങളെ പറ്റിയുള്ള ആഴത്തിലുള്ള പഠനം തെയ്യം അനുഷ്ഠാനകലയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പര്യാപ്തമാകും.

താക്കോല്‍ വാക്കുകള്‍: നാടോടി വര്‍ണ്ണങ്ങള്‍, പ്രാദേശിക സംസ്കൃതിയുടെ ലാവണ്യബോധം, അണിയലങ്ങള്‍, മുഖത്തെഴുത്ത്, മെയ്യെഴുത്ത്, നിറം.

തെയ്യാട്ടരൂപങ്ങളുടെ പ്രാചീനത

കേരളത്തിന്‍റെ പ്രാചീനകാലം മുതലുള്ള അനുഷ്ഠാനകലകള്‍ പരിശോധിച്ചാല്‍ മണ്ണിന്‍റെ മണവും മനുഷ്യന്‍റെ കര്‍മ്മധീരതയും ഇടകലര്‍ന്നതായി കാണാം. ഒരു ജനത കാലാകാലമായി തുടര്‍ന്നുപോരുന്ന വര്‍ണ്ണബോധവും താളബോധവും തെയ്യാനുഷ്ഠാനത്തില്‍ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിരിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തെയ്യത്തിന്‍റെ വസ്ത്രസങ്കല്പത്തിലും അണിയലത്തിലും മുടിയുടെ രൂപീകരണത്തിലും എല്ലാം പ്രാദേശിക സംസ്കൃതിയുടെ ലാവണ്യബോധം നിഴലിക്കുന്നുണ്ട്.  പ്രകൃതിജന്യമായ അസംസ്കൃത വസ്തുക്കളും ചായക്കൂട്ടുകളും ഉപയോഗിച്ചുകൊണ്ട് ഒരു ദേശസംസ്കൃതിയുടെ ലാവണ്യസങ്കല്പങ്ങളില്‍ വേറിട്ട അസ്തിത്വം രൂപപ്പടുത്തുന്നതില്‍ ഇത്തരം അനുഷ്ഠാനകലകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. ഒരു ജനതയെപ്പറ്റി മനസ്സിലാക്കാന്‍ പ്രസ്തുതസമൂഹവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലകളെ വിശകലനവിധേയമാക്കുന്നതിലൂടെ സാധിക്കും. ഭൗതികജീവിതത്തിലെ സംഘര്‍ഷങ്ങളെയും സമര്‍ദ്ദങ്ങളെയും മറികടക്കാന്‍ ഒരു ജനത പലപ്പോഴും ഭൗതികജീവിതത്തിനു സമാന്തരമായി ഭൗതികേതരമായ ഒരു ലോകം സൃഷ്ടിക്കുന്നു അനുഷ്ഠാനകലകള്‍ പലപ്പോഴും അത്തരം ഒരു ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ജനതയുടെ ലോകബോധവും സൗന്ദര്യസങ്കല്പങ്ങളും പ്രതിഫലിക്കുന്ന അനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും പഠിക്കുന്നതിലൂടെ ആ സവിശേഷ കൂട്ടായ്മയുടെ മാനസികതലത്തെ വായിച്ചെടുക്കാന്‍ കഴിയും. പ്രാചീനമനുഷ്യരുടെ നരരൂപാരാധനാസങ്കല്പത്തില്‍ പ്രധാനമായിട്ടുള്ളതാണ് ഭൂതാവിഷ്ക്കാരകോലമാക്കി മനുഷ്യനെത്തന്നെ പുനഃസൃഷ്ടിക്കുന്നത്. മുഖത്തെഴുത്ത്, മുഖാവരണം, മെയ്യെഴുത്ത്, അണിയലങ്ങള്‍ തുടങ്ങിയവയിലൂടെ മായികമായ ബോധത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ട് മനുഷ്യശരീരത്തെത്തന്നെ ദൈവപ്രതീകമാക്കി മാറ്റുന്നു. ഭൗതികമായി മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തോട് അനുഷ്ഠാനാത്മകമായി പ്രതികരിച്ചുകൊണ്ട് ഭൗതികാവസ്ഥയെ പ്രതിഫലനപരമായ മറ്റൊരു അവസ്ഥയിലേക്ക് രൂപാന്തരപ്പെടുത്തുന്നു.  ഇതില്‍ ജൈവികമായ വര്‍ണ്ണബോധവും അണിയലാലങ്കാരങ്ങളും ഏതു രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത് എന്ന അന്വേഷണമാണ് ഈ പ്രബന്ധം. വടക്കന്‍കേരളത്തില്‍ തുലാംപാതി മുതല്‍ ഇടവപ്പാതി വരെയുള്ള മാസക്കാലം തെയ്യാട്ട കാലമായാണ് അറിയപ്പെടുന്നത്. പഴയ കാര്‍ഷികകലണ്ടര്‍ പ്രകാരം ഇത് വിളവെടുപ്പിന്‍റെയും കാര്‍ഷികസമൃദ്ധിയുടെയും കാലമാണ്. വടക്കേമലബാറിന്‍റെ സാമൂഹികോദ്ഗ്രഥനത്തില്‍ തെയ്യങ്ങള്‍ക്കുള്ള പങ്ക് സമകാലിക സമൂഹത്തിന്‍റെയും ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയായി നിലനില്‍ക്കുന്നുണ്ട്. ഇത്തരം രൂപാന്തരണങ്ങളുടെ ചരിത്രം തേടിപ്പോകുമ്പോള്‍ ഗോത്രവര്‍ഗ്ഗദ്രാവിഡ പാരമ്പര്യത്തോളം പഴമ അതിന് അവകാശപ്പെടാന്‍ കഴിയും. തെയ്യത്തിന് സമാനമായ വേഷങ്ങളും വലിയ മുടികളോടു സാമ്യമുള്ള രൂപങ്ങളും നവീനശിലായുഗത്തിലെ അവശേഷിപ്പുകളായ ഇടയ്ക്കല്‍ ഗുഹാചിത്രങ്ങളില്‍ കാണാം.  അതിലെ ചില ചിഹ്നങ്ങള്‍ പ്രാചീന ഭൂതനൃത്തങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഇ.എം.ഫോസറ്റ് അഭിപ്രായപ്പെടുന്നു. (സി.ആര്‍.രാജഗോപാലന്‍, 2011: 80) പ്രകൃതിപരിതോവസ്ഥകള്‍ക്കനുസൃതമായി സൗന്ദര്യസങ്കല്പങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ച് തൊല്‍കാപ്പിയവും പറയുന്നു. ഓരോ തിണയ്ക്കും ഉള്ള അധിദേവതമാര്‍ ഓരോ നിറങ്ങളില്‍ പ്രിയമുള്ളവരാണ്. ഒരു ജനതയെപറ്റി മനസ്സിലാക്കാന്‍ പ്രസ്തുത സമൂഹവുമായി ബന്ധപ്പെട്ട വസ്തുതകളും ജീവിതക്രമങ്ങളും വിശകലനവിധേയമാക്കുന്നതിലൂടെ സാധിക്കും. നിറങ്ങള്‍കൊണ്ടു സമ്പന്നമായ പ്രപഞ്ചത്തിന്‍റെ പ്രതിഫലനം ഒരു സമൂഹത്തിന്‍റെ സംസ്കാരചിഹ്നങ്ങളായി മാറുന്നതെങ്ങനെയെന്ന അന്വേഷണം വര്‍ണ്ണവുമായി ബന്ധപ്പെട്ട ലോകവീക്ഷണത്തിലേക്കും വിശ്വാസപ്രമാണങ്ങളിലേക്കും ചെന്നെത്തുന്നതാണെന്നു കാണാം.  അതോടൊപ്പം പ്രകൃതി-സംസ്കൃതി പാരമ്പര്യത്തിന്‍റെ മായാത്ത നിറക്കൂട്ടുകളായും ഈ വര്‍ണ്ണസങ്കല്പം മാറുന്നുണ്ട്.

മുഖത്തെഴുത്തും അണിയലങ്ങളും ഉടയാടകളും ചേരുന്ന പ്രത്യേക വര്‍ണ്ണലോകം ചുട്ടുകറ്റയുടെ വെളിച്ചത്തില്‍ അവാച്യമായ അനുഭൂതി പകര്‍ന്നു നല്‍കുന്നു. പ്രകൃതി ഉര്‍വ്വരതയും മനുഷ്യ ഉര്‍വ്വരതയും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയും ഒന്ന് മറ്റൊന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയുകയും ചെയ്യുമെന്ന വിശ്വാസമാണ് ഈ പാരസ്പര്യത്തിന്‍റെ പുറകിലുള്ളത്. പ്രകൃതിയെ ഉപാസിക്കുകയും ജീവിതോപാധിയായി കാര്‍ഷികവൃത്തി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയുടെ അനുഷ്ഠാനകലകളില്‍ പ്രകൃതിയുടെ വര്‍ണ്ണബോധം സ്വാധീനിച്ചതിനു തെളിവാണ് ഇത്. പ്രകൃതിയുടെയും കാര്‍ഷിക ജീവിതത്തിന്‍റെയും ഘടകങ്ങള്‍ അന്തര്‍ലീനമായ സൗന്ദര്യസങ്കല്പങ്ങളാണ് തെയ്യച്ചമയങ്ങളിലും ആടയാഭരണങ്ങളിലും വര്‍ണ്ണബോധത്തിലും പ്രതിഫലിക്കുന്നത്. തോറ്റംപാട്ടിലൂടെയും വാദ്യങ്ങളിലൂടെയും ദൈവികതയെ ശബ്ദശക്തി കൊണ്ടുണര്‍ത്തുമ്പോള്‍ മെയ്യെഴുത്ത്, മുഖത്തെഴുത്ത് പൊയ്മുഖം എന്നിവയിലൂടെ ദൃശ്യശക്തികൊണ്ട് ഉണര്‍ത്താനാണ് ശ്രമിക്കുന്നത്. മുഖത്തെഴുത്ത് മെയ്യെഴുത്ത് പാരമ്പര്യങ്ങള്‍ കേരളീയചിത്രകലയുടെ ആദ്യകാലരൂപങ്ങള്‍ തന്നെയാണ് നിലനിര്‍ത്തുന്നത്. പ്രകൃതിയില്‍നിന്ന് ലഭ്യമായ ചായങ്ങളും കുറിക്കൂട്ടുകളും ബ്രഷും ഇന്നും തെയ്യംകലയില്‍ നിലനിര്‍ത്തപ്പെടുന്നു. കേരളീയചിത്രകലയുടെ പ്രാചീനമായ ആദ്യപ്രതലം മണ്ണും പാറക്കഷണങ്ങളുമൊക്കെയാണ്. തറ, ചുമര്, തടി, പാള, മനുഷ്യമുഖം എന്നിങ്ങനെ പ്രതലങ്ങളില്‍ രൂപാന്തരണം വരുന്നത് കാണാന്‍ കഴിയും. ഈ ചിത്രകലയെ ഒരു അനുഷ്ഠാനപാരമ്പര്യമായി നിലനിര്‍ത്താന്‍ തെയ്യംകലയിലെ മുഖത്തെഴുത്തിനും മെയ്യെഴുത്തിനും സാധിച്ചു. കേരളീയചിത്രരചനയിലെ നിറങ്ങള്‍ പ്രകൃതിജന്യമാണെന്നു മാത്രമല്ല, അതിന്‍റെ പ്രത്യേകത അവയ്ക്ക് സവിശേഷമായ അര്‍ത്ഥകല്പനയും നല്‍കിയിരുന്നു. പൃഥ്വി, വട്ടം മഞ്ഞള്‍, അപ് മുക്കോണ്‍ നിര്‍മ്മലം, തേയു ഷള്‍കോണ്‍ കൃഷ്ണം, കാമം ശാന്ദ്ര നിറം പുമാന്‍, ആകാശം, ചതുരം കണ്ടാല്‍ നിറം ശ്യാമളമായ് വരും എന്നാണ്. (എം.വി.വിഷ്ണുനമ്പൂതിരി, 2008: 48) ഭൂമിക്ക് മഞ്ഞയും ജലത്തിന് വെളുപ്പും ആകാശത്തിന് പച്ചയും വര്‍ണ്ണമായി കല്‍പ്പിച്ചിരിക്കുന്നു. ശാന്ദ്രനിറം എന്നതുകൊണ്ട് വായുവിന് ചെമന്ന നിറം എന്ന അര്‍ത്ഥം ലഭിക്കുന്നു. കറുപ്പില്‍ നിന്ന് വെളുപ്പിലേക്കുള്ള പകര്‍ച്ച താമസത്തില്‍ നിന്ന് രാജസത്തിലൂടെ സാത്വികതയിലേക്കുള്ള പുരോഗതിയെ വ്യക്തമാക്കുന്നു. പച്ച ശൃംഗാരവും വെളുപ്പ് ഹാസ്യവും മഞ്ഞ അത്ഭുതവും ചെമപ്പ് രൗദ്രവും കറുപ്പ് ഭയാനകവും ആണ് എന്ന് നാട്യശാസ്ത്രം. എന്നാല്‍ തെയ്യങ്ങളുടെ വര്‍ണ്ണ പ്രപഞ്ചം മറ്റൊരു രീതിയിലാണ് ആശയസംവേദനം സാധ്യമാക്കുന്നത്. അതിമാനുഷികതയും പ്രലോഭനപരമായ ഭ്രമാത്മകതയും ഉണ്ടാക്കുന്ന വര്‍ണ്ണങ്ങള്‍ മനശാസ്തപരമായാണ് തെയ്യങ്ങളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ഭൗതികപരിസരങ്ങളില്‍നിന്നും തെയ്യം കലാകാരനെ അതിഭൗതികതയിലേക്കുയര്‍ത്തുന്നതില്‍ മുഖത്തെഴുത്തിന്‍റെ വര്‍ണ്ണലോകം ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.  മഞ്ഞ, ചുകപ്പ്, പച്ച, കറുപ്പ്, വെളുപ്പ് എന്നീ വര്‍ണ്ണങ്ങള്‍ തെയ്യം മുഖത്തെഴുത്തിന് അവശ്യവര്‍ണ്ണങ്ങളാണ്. പ്രകൃതിവര്‍ണ്ണങ്ങളായ മഞ്ഞള്‍പ്പൊടി, അരിപ്പൊടി, മഞ്ഞളും നൂറും ചേര്‍ന്ന മിശ്രിതം, വാകയിലപൊടി, കരിപ്പൊടി, ചായില്യം (ചുകപ്പ്) മനയോല എന്നിവ കൊണ്ടാണ് നിറക്കൂട്ട് തയ്യാറാക്കുന്നത്. പഴയകാലത്ത് വര്‍ണ്ണക്കല്ലുകലും ഇലച്ചാറുകളും കൊണ്ടാണ് തെയ്യം മുഖത്ത് വര്‍ണ്ണവിസ്മയം തീര്‍ത്തിരുന്നത്. വര്‍ണ്ണങ്ങളോടുള്ള പ്രതികരണവും അവയുടെ പ്രതീകാത്മകതയും സാംസ്കാരിക വ്യവസ്ഥയുടെ ഫലമായി രൂപപ്പെടുന്നതാണ്. സംസ്ക്കാരത്തിനുള്ളിലെ  പ്രതീകാത്മകമായ പ്രതിഫലനം എന്ന നിലയില്‍ നിറം സാമൂഹിക പഠനപ്രക്രിയയുടെ ഭാഗമാകാറുണ്ട്. ജൈവപരമായ ഘടനയ്ക്കകത്ത് മനസ്സിന്‍റെ സ്വയംപ്രേരിത പ്രവൃത്തിയില്‍ അടങ്ങിയ സ്വാഭാവികരൂപപരിണാമത്തില്‍നിന്ന് ഇത് ഉത്ഭവിക്കുന്നു. പ്രകൃതിയുടെയും മനുഷ്യപ്രകൃതത്തിന്‍റെയും അപ്പുറം കടന്ന് ഒരു അതിഭൗതികഭാവം നല്‍കാന്‍ ഈ വര്‍ണ്ണങ്ങള്‍ക്ക് സാധിക്കുന്നു.

തെയ്യചമയങ്ങളിലെ വര്‍ണപ്രപഞ്ചം

ഒരു ജനതയുടെ ലോകവീക്ഷണവും ഭാവനയും കലയുടെ തലത്തിലേക്ക് രൂപന്തരപ്പെടുമ്പോള്‍ അത് ശക്തമായ വീക്ഷണസവിശേഷതയെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. വന്യതയും ലാളിത്യവും ഒരേ പ്രതലത്തില്‍ സംയോജിപ്പിക്കുന്ന ദൃശ്യഭാഷയാണ് മുഖത്തെഴുത്തിന്‍റേത്. വര്‍ണ്ണവും രൂപവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഘടനാപരമായ അസ്തിത്വം കൂടി ആവിഷ്കാരശക്തിക്കൊപ്പമുണ്ട്. ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ വര്‍ണങ്ങള്‍ ഭാവാവിഷ്ക്കരണത്തിന് ശക്തി പകരുമെന്നതിനാല്‍ അവ അവശ്യവര്‍ണ്ണമായി കണക്കാക്കുന്നു. കറുപ്പ്, വെളുപ്പ്, ചുവപ്പ്, ഇടകലര്‍ന്ന അലങ്കാരങ്ങള്‍ ഉടുപ്പുകളിലും കാണിയിലുമൊക്കെ ഇടകലര്‍ന്നുവരുന്നുണ്ടെന്ന് കാണാം.  ഈ വര്‍ണ്ണബന്ധങ്ങള്‍ വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിലുള്ള ബന്ധത്തിന്‍റെ പിരിമുറുക്കം സൃഷ്ടിക്കുന്നു. ഓരോ കലയ്ക്കും അതിന്‍റെ രൂപവും ധര്‍മ്മവുമുള്ളതുപോലെ അത് നിലനില്‍ക്കുന്ന സ്ഥലകാലങ്ങളില്‍ അത് സൃഷ്ടിക്കുന്ന ദൃശ്യതയ്ക്കും അര്‍ത്ഥകല്പനകളുണ്ട്. ഭൗതികതയില്‍നിന്നും ആത്മത്തിന്‍റെ അതിഭൗതികതയിലേക്ക് ഇവ കടന്നു ചെല്ലുന്നു. വര്‍ണ്ണത്തിനും നാദത്തിനും ആത്മാവിനെ സ്പര്‍ശിക്കാനാവുമെന്ന് കാന്‍റിന്‍സ്കി അഭിപ്രായപ്പെടുന്നു. ഗോത്രപാരമ്പര്യകാലത്ത് തന്നെ തങ്ങളുടെ തത്വചിന്തയുടെയും പാരമ്പര്യത്തിന്‍റെയും അടയാളങ്ങള്‍ വര്‍ണ്ണബോധത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് ലെവിസ്ട്രോസ് പറയുന്നു. (സി.ആര്‍.രാജഗോപാലന്‍, 2011: 150) ചുവപ്പുനിറത്തെ പ്രാചീനകാലത്ത്തന്നെ ശക്തി, വിജയം, ആനന്ദം എന്നിവയുടെ പ്രതിരൂപമായി പ്രതീകവല്‍ക്കരിച്ചിരുന്നു. ആത്മീയ സന്ദേശങ്ങളും ധാര്‍മ്മിക സ്വഭാവവും പ്രദാനം ചെയ്യുന്നതിന് ഇവയ്ക്കു സാധിക്കുമെന്ന് അനുഷ്ഠാനകലയില്‍ പഠനം നടത്തിയ ലെവിസ്ട്രോസ് സൂചിപ്പിക്കുന്നു. (സി.ആര്‍.രാജഗോപാലന്‍, 2011:150). ലെവിസ്ട്രോസ് ദേശചിഹ്നമായും നിറസൂചനകളെ അടയാളപ്പെടുത്തുന്നു. മഞ്ഞ-വടക്ക്, നീല-പടിഞ്ഞാറ്, ചുവപ്പ്-തെക്ക്, വെളുപ്പ്-കിഴക്ക് എന്നിങ്ങനെയും ചുവപ്പ് നീതിനിഷ്ഠതയുടെയും ധൈര്യത്തിന്‍റെയും വികാരത്തള്ളിച്ചയുടെയും പ്രതീകമാവുമ്പോള്‍ പച്ച-രൗദ്രം, ചുവപ്പ്-ക്രൂരത എന്നിങ്ങനെയും വെള്ള-കപടത, കറുപ്പ്-ഉറച്ച പ്രകൃതി എന്നിവയുടെയും പ്രതീകമാവുന്നു. വടക്കന്‍ കേരളത്തിലെ തെയ്യാനുഷ്ഠാനകലയുടെ ലാവണ്യചിന്തയെപ്പറ്റി അന്വേഷിക്കുമ്പോള്‍ മനുഷ്യോച്ഛ്വാസത്തിന്‍റെ ചൂടും ചൂരും അതില്‍ അടങ്ങിയിരിക്കും. നാട്യത്തിനും നൃത്തത്തിനും വാസ്തുശില്പത്തിനും ചിത്രകലയ്ക്കുമൊക്കെ ക്രോഡീകരിക്കപ്പെട്ട സിദ്ധാന്തവും ലാവണ്യബോധവും ഉണ്ടെന്നിരിക്കെ നാടോടിപാരമ്പര്യത്തിന് പൈതൃകമായി പകര്‍ന്നുകിട്ടിയ ലാവണ്യബോധമാണ് ഉള്ളത്. സാധാരണക്കാരുടെ അഭിരുചികളില്‍നിന്ന് ഉറവയെടുത്തവയാണവ. ആധ്യാത്മികാനുഭൂതി പകര്‍ന്നുനല്‍കുന്ന കലകളില്‍ സമന്വയിക്കപ്പെടുന്ന വര്‍ണ്ണബോധം രൂപഭൂവവൈവിധ്യങ്ങളെയും അവയുടെ സത്താപരമായ ഘടനയേയും അടയാളപ്പെടുത്തുന്നു. തെയ്യം പോലുള്ള നാടന്‍കലാനിര്‍വ്വഹണത്തില്‍ കോലക്കാരന്‍ പലപ്പോഴും വര്‍ണ്ണസങ്കല്പത്തിനു പുറത്തുള്ളവര്‍ അഥവാ അവര്‍ണ്ണവിഭാഗത്തില്‍പെടുന്നവരാണ്. കറുപ്പ് വര്‍ണ്ണം ദ്രാവിഡമായ നിറം ആണ്. പ്രാചീനര്‍ നിറഞ്ഞ അടിസ്ഥാനയാഥാര്‍ത്ഥ്യമായി അത് തിരിച്ചറിയുമ്പോഴും അതിനെ ദൈവീകരിക്കുന്നത് ശരീരത്തില്‍ അരിച്ചാന്ത് തേച്ചുപിടിപ്പിച്ചാണ്. ഭൗതികതയില്‍നിന്നും അതിഭൗതികതയിലേക്കുള്ള ചുവടുമാറ്റത്തിന്‍റെ ആദ്യപടിയാണ് ഇത്. വെളുപ്പ് ഉര്‍വ്വരതയുടെ പ്രതീകമായി വിലയിരുത്തപ്പെടുമ്പോഴും വര്‍ണ്ണങ്ങളോടുള്ള പ്രതികരണങ്ങളും അവയുടെ പ്രതികാത്മകതയും സാംസ്ക്കാരിക വ്യവസ്ഥയുടെ ഫലമായി രൂപാന്തരപ്പെടുന്നതാണ്. സംസ്കാരത്തിനുള്ളിലെ പ്രധാന പ്രതീകാത്മത കാരണം നിറം സാമൂഹിക പഠന പ്രക്രിയയുടെ ഭാഗമാക്കാവുന്നതാണ്. വെളുത്ത ഭൂതം, കതിവന്നൂര്‍ വീരന്‍, കന്നിക്കൊരു മകന്‍, ഭൈരവന്‍ നഗരാജാവ്, പൊട്ടന്‍തെയ്യം, ഗുളികന്‍, പാലന്തായി കണ്ണന്‍ തുടങ്ങിയവ അരിച്ചാന്ത് ശരീരത്തില്‍ തേച്ചിപിടിപ്പിക്കുമ്പോള്‍ മുത്തപ്പന്‍, തിരുവപ്പന്‍, അന്തിത്തറ എന്നിവയ്ക്ക് അരിച്ചാന്തും മഞ്ഞളും ചേര്‍ത്താണ് ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നത്. മനുഷ്യവംശത്തിന്‍റെ തന്നെ ആഴത്തിലുള്ള വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ നിറങ്ങള്‍ക്കാവുന്നുണ്ട്. തങ്ങളുടെ സ്വത്വത്തെ മറച്ചുകൊണ്ട് ഒരു ആത്മീയതലം കൈവരിക്കാന്‍ അരിച്ചാന്തു തേക്കുന്നു. പ്രാചീനചൈനയില്‍ കപടസ്വഭാവത്തെ സൂചിപ്പിക്കാന്‍ മുഖത്ത് മുഴുവന്‍ വെള്ള തേക്കാറുണ്ട്. ആധുനിക യൂറോപ്യരെ സംബന്ധിച്ചിടത്തോളം നിറങ്ങള്‍ ഗുണങ്ങളുമായാണ് ബന്ധപ്പെടുന്നത്. അവര്‍ക്ക് വെള്ള വിശുദ്ധിയുടെയും ചുവപ്പ് അഭിവാഞ്ചനയുടെയും പച്ച ജീവന്‍റെയും നിറമാണ്. (കെ.വി.ദിലീപ്കുമാര്‍; നിറത്തിന്‍റെഭാഷ: നാടോടി വര്‍ണ്ണലോകം) തെയ്യത്തിന്‍റെ മെയ്യെഴുത്തിന് മുന്നോടിയായി തേക്കുന്ന വെളുപ്പ് വിശുദ്ധിയുടെ, പവിത്രതയുടെ ഒക്കെ നിറമായി എണ്ണുമ്പോഴും സാസ്ക്കാരികസ്വത്വമായി ലഭിച്ച കറുപ്പ് വര്‍ണ്ണത്തിനുമേലുള്ള മറച്ചുവയ്ക്കല്‍ വെളുപ്പിനോടുള്ള വിധേയത്വവുമാവാം. ശരീരോഷ്മാവ് കുറച്ചു ദേഹത്തിന് തണുപ്പ് പ്രദാനം ചെയ്യാന്‍ അരിച്ചാന്തിന് കഴിയും. പച്ചരി കുതിര്‍ത്ത് അരച്ച് പച്ചക്കര്‍പ്പൂരവും ചില പച്ചിലച്ചാറുകളും ചേര്‍ത്ത് തേക്കുമ്പോള്‍ ചൂടുകുറയ്ക്കാന്‍ അവയ്ക്കാവും. എന്നാല്‍ മേലേരി ചാടുന്ന തെയ്യങ്ങള്‍ വൃശ്ചികമാസത്തിലെ കൊടുംതണുപ്പില്‍പോലും അരിച്ചാന്ത് തേക്കുന്നത് പ്രകൃതിയുമായി സമരസപ്പെടുന്നതിന്‍റെ തെളിവാണ്.  ഇങ്ങനെ മെയ്യില്‍ വെള്ളപൂശുമ്പോഴും ചില തെയ്യങ്ങള്‍ കറുപ്പ് വര്‍ണ്ണത്തിന്‍റെ പ്രതിനിധാനങ്ങളായി മാറുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. കറുപ്പ് ഒരു നിറസൂചകപദം എന്നതിനപ്പുറം മൂര്‍ത്തീലക്ഷണം കൂടിയായി മാറുന്ന തെയ്യങ്ങളും ഉണ്ട്. അങ്കക്കാരന്‍ കറുപ്പും ചുവപ്പും നിറംകൊണ്ട് ശരീരമെഴുതുമ്പോള്‍ ആര്യാധിനിവേശത്തിന് കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയും സ്വത്വവുമാണ് നിലനിര്‍ത്തുന്നത്. ഇരുട്ടിന്‍റെ തിരുമുറ്റത്ത് ചൂട്ടുകറ്റയുടെ ദീപ്തിയില്‍ ഉറഞ്ഞാടുന്ന രൗദ്രമൂര്‍ത്തിയായ തെയ്യങ്ങളുടെ വികാരതീവ്രത പ്രകടമാക്കാന്‍ അവരുടെ മുഖത്തെ കരിമഷികൊണ്ടുള്ള കണ്ണെഴുത്തിന്‍റെ കട്ടിയും ആകൃതിയുംകൊണ്ട് സാധിക്കും.  വട്ടക്കണ്ണും ചൊട്ടക്കുറിയും രൗദ്രമൂര്‍ത്തികളായ തെയ്യങ്ങള്‍ക്ക് മുഖത്ത് ബീഭത്സത വരുത്താന്‍ ഉപയോഗിക്കുന്നു. കണ്ണിനുചുറ്റും കോഴിമുട്ട വലിപ്പത്തില്‍ കരിമഷിതേച്ചാണ് ഇത് സാധിക്കുന്നത്. വയനാട്ടുകുലവന്‍ തുടങ്ങിയ തെയ്യങ്ങള്‍ക്ക് നെറ്റിയില്‍ കരിമഷികൊണ്ടുള്ള കിരീടരൂപവും കണ്ണിനുചുറ്റും മനയോലയ്ക്കു മീതെ ചായില്യംകൊണ്ടുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള നേര്‍രേഖകളും രേഖകള്‍ക്ക് സമാനമായി നെറ്റി മുതല്‍ മുക്കുവരെ കറുപ്പും ചുവപ്പും നിറംകൊണ്ടുള്ള ചുള്ളിപൂവുകളും വരയ്ക്കുന്നു. വിഷ്ണുമൂര്‍ത്തി (പരദേവത)യുടെ മുഖമെഴുത്തില്‍ കോഴിപ്പുവും കൊടുപുരികവും ഉണ്ട്. കണ്ണിനു മുകളില്‍ 'റ' ആകൃതിയില്‍ കരി എഴുതിയിട്ടാണ് കൊടുംപുരികം വരയ്ക്കുന്നത്. തിരുമുഖത്ത് രൗദ്രഭാവത്തിനൊപ്പം കാഴ്ചക്കാരില്‍ ഭയഭക്തിയും കൂടി ജ്വലിപ്പിക്കാന്‍ ഇതിന് കഴിയും. വര്‍ണ്ണത്തിന്‍റെ ആവിഷ്ക്കാരശക്തിയോടൊപ്പം വര്‍ണ്ണവും രൂപവുമായി ചേരുമ്പോള്‍ അത് സൃഷ്ടിക്കുന്ന ഘടനാപരമായ അസ്തിത്വവും സവിശേഷ പ്രാധാന്യമുള്ളതാണ്. വന്യതയും ലാളിത്യവും മേളിക്കുന്ന തെയ്യങ്ങളില്‍ ഒരുതരം മാന്ത്രികമായ അനുഭൂതിയുടെ അന്തരിക്ഷം കൂടി നിലനില്‍ക്കുന്നുണ്ട്.  ഇതുണ്ടാക്കുന്നതിലും ജനമനസ്സുകളെ സ്വാധീനിക്കുന്നതിലും വാദ്യലയങ്ങള്‍ക്കെന്നപോലെ വര്‍ണ്ണസമ്മേളനത്തിലൂടെ പുനഃസൃഷ്ടിക്കപ്പെടുന്ന പ്രതീകാത്മകഭാഷയ്ക്കും വലിയ പങ്കുണ്ട്. കറുപ്പ് രൗദ്രതയുടെയും ഭയത്തിന്‍റെയും പ്രതീകമാണ്. അതിമാനുഷികതയും പ്രലോഭനപരമായ ഭ്രമാത്മകതയും ഉണ്ടാക്കുന്ന വര്‍ണ്ണങ്ങള്‍ മനഃശാസ്ത്രപരമായാണ് തെയ്യങ്ങളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. 

വര്‍ണബോധത്തിന്‍റെ ഭൗതിക-ഭൗതികേതരതലങ്ങള്‍

കറുപ്പും ചുവപ്പും പ്രധാനവര്‍ണ്ണങ്ങളായുപയോഗിക്കുന്ന തെയ്യം കലയില്‍ പ്രാദേശിക സംസ്കൃതിയുടെ സാംസ്കാരികസ്വത്വത്തിന്‍റെ വീണ്ടെടുപ്പ് കാണാം. ഹിംസയും രൗദ്രതയും ഒരുതരത്തിലുള്ള ചെറുത്തുനില്പ് തന്നെയാണ് ഇത് സാധ്യമാക്കുന്നത്.  കറുപ്പിനെ വെളുപ്പിക്കാനല്ല കറുപ്പിന്‍റെ ശക്തിയെ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ കറുപ്പിന്‍റെ അസ്തിത്വം വീണ്ടെടുക്കുന്നതില്‍ ഉള്ളതെന്ന് ഫ്രാന്‍സ് ഫാനന്‍ അഭിപ്രായപ്പെടുന്നു (സി.ആര്‍.രാജഗോപാലന്‍, 2011: 80-81). സ്വാതന്ത്ര്യത്തിന്‍റെ ഭാവം എന്ന് ഹിംസാത്മക ഭാവത്തെ വിലയിരുത്താം. വര്‍ണ്ണവെറിയിലൂടെയും ചൂഷണത്തിലൂടെയും തദ്ദേശീയജനതയ്ക്കുമേല്‍ സാംസ്കാരികപൊതുബോധം ആധിപത്യം സ്ഥാപിക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പുനര്‍ജ്ജനിയായ് തെയ്യത്തില്‍ കറുത്തവന്‍ സ്വന്തം അസ്തിത്വം വീണ്ടെടുക്കുന്നു. ചുവപ്പ് വര്‍ണ്ണത്തോടുള്ള ആഭിമുഖ്യം ആദിമവര്‍ണ്ണബോധത്തിന്‍റെ കാലത്തിലൂടെയുള്ള അതിജീവനംകൂടിയാണ്, ഗോത്രവര്‍ഗ്ഗകാലഘട്ടത്തില്‍തന്നെ ചുവപ്പ്വര്‍ണ്ണത്തോടുള്ള ആഭിമുഖ്യം വിലയിരുത്തപ്പെട്ടിട്ടുണ്ട്. (സി.ആര്‍.രാജഗോപാലന്‍, 2011:20) മനുഷ്യരെ അത്ഭുതപ്പെടുത്തിയ ആദ്യ നിറം എന്ന നിലയില്‍ രക്തവര്‍ണ്ണം പ്രാചീനജനസമൂഹങ്ങളില്‍തന്നെ പ്രാധാന്യമുള്ളതായി തീര്‍ന്നിട്ടുണ്ട്. പ്രാചീനദുര്‍മന്ത്രവാദത്തില്‍ ചുവപ്പിന് മാസ്മരവിദ്യയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ജന്തുബലി അനുഷ്ഠാനങ്ങളില്‍ മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തു കുരുതി (ഗുരുസി) മാനസികവിഭ്രാന്തിയുണ്ടാക്കാന്‍ ശേഷിയുള്ളതാണ്. തെയ്യത്തിന്‍റെ മുഖത്തു മാത്രമല്ല അണിയലങ്ങള്‍ക്കും ചുവപ്പു വര്‍ണ്ണമാണ് കൂടുതലുള്ളത്. രക്തവുമായി ബന്ധപ്പെട്ട നിറത്തിന് ഊറ്റവും ഊര്‍ജ്ജവും നല്‍കയിരുന്നു. ജീവന്‍റെ അംശത്തെ പ്രതിനിധീകരിക്കുന്ന ചുവപ്പ് വര്‍ണ്ണം അനുഷ്ഠാന പൂജയ്ക്കെടുക്കുന്ന തെച്ചിപ്പൂവിലുമുണ്ട്. അഗ്നിയുടെ അനിര്‍വ്വചനീയ വര്‍ണ്ണത്തില്‍ രൗദ്ര-സൗമ്യഭാവങ്ങള്‍ക്കനുസരിച്ച് മുഖഭാവം ഉജ്വലമാക്കാന്‍ മനയിലയ്ക്കും ചായില്യത്തിനും കഴിയും. തെയ്യപ്പറമ്പിലെ അലങ്കാരങ്ങളില്‍ ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നിവ ഇടകലര്‍ന്ന കാണി എന്ന അലങ്കാരത്തുണിയും രൂപവും നിറവും തമ്മിലുള്ള പാരസ്പര്യത്തില്‍ നിറത്തില്‍ രൂപം ചെലുത്തുന്ന പ്രഭാവവും നിരീക്ഷിക്കാന്‍ കഴിയും. ചൂട്ടുകറ്റയുടെ ദീപ്തിയില്‍ ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ ഭാവം ദീപ്തമാക്കാന്‍ ഈ വര്‍ണ്ണസംലയത്തിന് സാധ്യമാകും. കറുപ്പ് എന്ന ദ്രാവിഡനിറം ദൈവസങ്കല്പങ്ങള്‍ക്കുപോലും അടിസ്ഥാനയാഥാര്‍ത്ഥ്യമായി കാണുന്ന മാനസികഭാവവും അധികമാനവും ഈ നിറമനശ്ശാസ്ത്രത്തിനു പുറകിലുണ്ട്. കറുപ്പ് ഇവിടെ ഒരു നിറസൂചകമെന്നതിലുപരി മൂര്‍ത്തീലക്ഷണം കൂടിയാവുന്നു. സൃഷ്ടിയുടെ പിറവിച്ചോരയും സംഹാരത്തിന്‍റെ നിറവും ചുവപ്പാണ്. ഘോരവും സൗമ്യവുമായ വാത്സല്യവും ക്രോധവുമിണങ്ങുന്ന സംഹാരമൂര്‍ത്തിയും ഉര്‍വ്വരപ്രതീകവുമായ തെയ്യത്തില്‍ മണ്ണിന്‍റെയും പെണ്ണിന്‍റെയും രൗദ്രതയും കൂടി കുടികൊള്ളുന്നു. ആദിമദ്രാവിഡബോധത്തിലെ കാളിയുടെ വര്‍ണ്ണം കാളിമയും രൗദ്രതയും നിഴലിക്കുന്ന ചുവപ്പിന്‍റെയും കറുപ്പിന്‍റെയും വര്‍ണ്ണസംലയനം തന്നെയാണ്. സൗമ്യ രൗദ്രഭാവങ്ങള്‍ക്കനുസരിച്ച് എഴുത്ത് വര്‍ഗ്ഗീകരിച്ചിരിക്കുന്നു. കണ്‍മഷിവര, ചായില്യമീശ, നെറ്റിയിലെ ചന്ദ്രക്കല, ചക്രം, പൂവ്, വൃത്താകൃതിയിലും ചതുരത്തിലുമുള്ള നേര്‍വരകള്‍ എന്നിവയിലൂടെയാണ് തെയ്യങ്ങളുടെ വൈവിധ്യം തിരിച്ചറിയുന്നത്. ചിത്രകലയില്‍ ഇംപ്രഷനിസ്റ്റുകള്‍ ചുവപ്പ്, രക്തം, അഗ്നി, ഗാഢബന്ധം, സംഹാരം, സൃഷ്ടി എന്നിവയുടെ പ്രതീകമായി ചുവപ്പിനെ പരികല്പന ചെയ്യുന്നു. ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ വര്‍ണ്ണങ്ങള്‍ ഭാവാവിഷ്ക്കാരത്തിന് ശക്തി പകരുന്നതിനാലാണ് 'കാണി'യില്‍ ഇവ ഇടകലര്‍ന്നുവരുന്നത്. ഉടപ്പിലും ഈ വര്‍ണ്ണബന്ധങ്ങള്‍ വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിലുള്ള ബന്ധത്തിന്‍റെ പിരിമുറുക്കം സൃഷ്ടിക്കുന്നു. അത് നിലകൊള്ളുന്ന സ്ഥലകാലങ്ങളില്‍ അത് സൃഷ്ടിക്കുന്ന ദൃശ്യത ഭൗതികതയുടെയും അതിഭൗതികതയുടെയും സമന്വയം സാധ്യമാക്കുന്നു. 

പ്രകൃതിവര്‍ണ്ണങ്ങളായ മഞ്ഞള്‍പ്പൊടി, അരിപ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം, വാകയിലപ്പൊടി, കരിപ്പൊടി ചായില്യം (ചുവപ്പ്), മനയോല (മഞ്ഞ) എന്നിവ വെളിച്ചെണ്ണയില്‍ ചാലിച്ചെടുത്താണ് നിറക്കൂട്ട് തയ്യാറാക്കുന്നത്. മനയോല സത്യത്തിന്‍റെയും  ഐശ്വര്യത്തിന്‍റെയും പ്രതീകമായി വിലയിരുത്തപ്പെടുന്നു. പച്ചമനയോല, വെള്ളമനയോല എന്നിവ കൊണ്ടുണ്ടാക്കുന്ന ചായക്കൂട്ട് മുഖത്തും ദേഹത്തും തേപ്പിനായി ഉപയോഗിക്കുന്നു. മനയോലയുടെ വര്‍ണ്ണം വശീകരണശക്തിയും സൗന്ദര്യവുമുള്ളതാണ്. ഹരിതവര്‍ണ്ണം ജീവിതരതിയുടെ അധികാംശം നിലനിര്‍ത്തുന്നു. ഒരു ജനതയുടെ ലോകവീക്ഷണവും ഭാവനയും കലയുടെ തലത്തിലേക്ക് രൂപാന്തരപ്പെടുന്നത് ശക്തമായ വീക്ഷണ സവിശേഷതയാണ്.  അനുഷ്ഠാനകലയായ തെയ്യത്തിന് മഞ്ഞവര്‍ണ്ണത്തോടുള്ള ആഭിമുഖ്യം ഈ രീതിയില്‍ വിലയിരുത്തപ്പെടേണ്ടതാണ്. വണ്ണാന്‍, മലയന്‍ തുടങ്ങിയവര്‍ പച്ചമഞ്ഞള്‍ പാകത്തിനിടിച്ച് ഉരലില്‍ നിന്ന് വടിച്ചെടുക്കുന്ന ചാറ് മഞ്ചണ എന്നാണറിയപ്പെടുന്നത്. ഇതാണ് കതിവനൂര്‍ വീരന്‍, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ തേപ്പിന് ഉപയോഗിക്കുന്നത് പ്രകൃതി ഉര്‍വ്വരതയും മനുഷ്യഉര്‍വ്വരതയും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയും ഒന്നിന് മറ്റൊന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിശ്വാസവും അതിന് സഹായകരമായ അനുഷ്ഠാനക്രിയകളും പ്രാചീനജനത ശീലിച്ചിരുന്നു. പ്രകൃതിയെ ഉപാസിക്കുകയും ജീവിതോപാധിയായി കാര്‍ഷികവൃത്തി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയുടെ അനുഷ്ഠാനകലയെ പ്രകൃതിയെക്കുറിച്ചുള്ള വര്‍ണ്ണബോധം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.  അഗ്നിവര്‍ണ്ണവും പ്രകൃതിയുടെ പച്ചപ്പും അനുഷ്ഠാനകലയെ തെയ്യത്തെ എന്നും സ്വാധീനിച്ചിരുന്നു.  തെയ്യക്കോലങ്ങള്‍ മെയ്യെഴുത്തിലും മുഖത്തെഴുത്തിലും എന്തിനേറെ പറയുന്നു പ്രസാദമായി നല്‍കുന്ന കുറിയില്‍പോലും മഞ്ഞനിറം അവശ്യവര്‍ണ്ണമായി ഉപയോഗിക്കുന്നവയാണ്. ഗോത്രവര്‍ഗ്ഗകാലഘട്ടം മുതല്‍തന്നെ മഞ്ഞനിറം പൊതുവെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നു. മഞ്ഞ ശക്തിയുടെ ചിഹ്നമാണെന്നും നായിഡു സമുദായക്കാരുടെ ഇടയില്‍ മഞ്ഞളില്‍ മുക്കിയ വസ്ത്രമാണ് ധരിക്കുന്നതെന്നും (കെ.പി. ദിലീപ് കുമാര്‍, 2008: 43) അഭിപ്രായപ്പെടുന്നു. സൂര്യന്‍റെ പ്രജ്ഞയുടെ ചിഹ്നമായി മഞ്ഞ ചിത്രകാരന്മാര്‍ വിലയിരുത്തുന്നു. ഭൂമിയെ ഉര്‍വ്വരയാക്കുന്ന സൂര്യന്‍റെ സാന്നിധ്യം ഈ മഞ്ഞനിറ സ്വീകാര്യതയില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.  ബുദ്ധിയും സന്തോഷവും വര്‍ദ്ധിക്കുന്നുവെന്ന് മാത്രമല്ല പരിപൂര്‍ണ്ണവിശ്വാസ്യത, സമാധാനം എന്നിവ ഈ നിറത്തിലൂടെ സ്വായത്തമാക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. (മുട്ടത്ത് ചന്ദ്രന്‍, 2008: 52) പ്രാഥമികമായി മനയോലയുടെ ഇളം വര്‍ണ്ണം മുഖത്ത് ചാലിച്ചെഴുതിയാണ് മുഖത്തെഴുത്ത് ആരംഭിക്കുന്നത്. വയലേലകളില്‍ പൊരിവെയില്‍ കൊണ്ട് പണിയെടുക്കുന്നവരുടെ സൗന്ദര്യ സങ്കല്പത്തില്‍ ഉത്തേജനത്തിന്‍റെ നിറമായി മഞ്ഞ ഇടം പിടിക്കുന്നു. സംഘകാലത്ത് തന്നെ ദ്രാവിഡ സംസ്കാരത്തിന്‍റെ നരവംശവുമായി ബന്ധപ്പെട്ട നിറമായി മഞ്ഞയെ വിലയിരുത്താം. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും പ്രസാദമായും മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നു. അനുഷ്ഠാനാംശം എന്ന നിലയില്‍  മഞ്ഞള്‍ പൂശുമ്പോള്‍ രുചിയും നിറവും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കപ്പെടുകയാണ്. ചുവപ്പും മഞ്ഞയും അടുത്തടുത്തു വരുമ്പോഴുണ്ടാകുന്ന തിളക്കവും ശ്രദ്ധേയമാണ്. താളവും വര്‍ണ്ണവും അനുഷ്ഠാനപരവും മാന്ത്രികവുമായ തലത്തിലേക്ക് നയിക്കപ്പെടുന്നത് തദ്ദേശീയരുടെ വ്യതിരിക്ത ഭാഷയെയാണ് കാണിക്കുന്നത്. മുഖചിഹ്നഭാഷ മാന്ത്രികരസത്തെ പ്രദാനം ചെയ്യുന്നതായി ലെവി സട്രോസ് വിലയിരുത്തുന്നു. ആദിമസംസ്കൃതിയിലെ ഷാമനിസത്തിന്‍റെ തുടര്‍ച്ചയായി വരുന്ന മുഖത്തെഴുത്തിന്‍റെ വര്‍ണ്ണലോകം ഗ്രാമീണജനതയ്ക്ക് മാനസിക സംതൃപ്തി നല്‍കുന്നതിനായി കലാകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മഞ്ഞയുടെയും ചുമപ്പിന്‍റെയും സംലയനത്തില്‍ വരുന്ന ഓറഞ്ച് നിറവും ശക്തിയുടെ പ്രതീകമായും രോഗപ്രതിരോധത്തിനുള്ള ഔഷധമായും സങ്കല്‍പ്പിക്കപ്പെടുന്നു.  തെയ്യം കലകളെ സ്വാധീനിച്ച മറ്റൊരു നിറം പച്ചയാണ്. പ്രകൃതിയുടെ, ഉര്‍വരതയുടെ പ്രതീകമായ ഹരിതനിറമാണ് മഞ്ചുനാഥന്‍, വേട്ടയ്ക്കൊരുമകന്‍ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്തിന് പച്ചനിറം ഉപയോഗിക്കുന്നത്. കാര്‍ഷിക പ്രതിനിധാനങ്ങളായ കുരുത്തോല അരച്ചമയങ്ങളായും ഉടുത്തുകെട്ടായും വരുന്ന തെയ്യങ്ങള്‍, അഗ്നിയുടെ ചൂടില്‍നിന്നും രക്ഷനേടാന്‍ ഇത് സഹായിക്കുന്നുണ്ടെങ്കിലും പ്രകൃതിയിലെ വിവിധ കാര്‍ഷികസംസ്കൃതിയുടെ പ്രചോദനംതന്നെയാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. പ്രകൃതിജന്യമല്ലാത്തതൊന്നും താരതമ്യേന അനുഷ്ഠാനകര്‍മ്മത്തിന് ഉപയോഗിക്കാറില്ല. തീവര്‍ണ്ണമുള്ള മിക്ക തെയ്യങ്ങളും കുരുത്തോലച്ചമയങ്ങളും കുരുത്തോലയില്‍നിന്ന് രൂപപ്പെടുന്ന ഹരിതവര്‍ണ്ണവുമുള്ളവയുമാണ്.  

ആധ്യാത്മികഅനുഭൂതി പകരുന്നതോടൊപ്പം വര്‍ണ്ണസങ്കല്പത്തില്‍ ഹരിതാഭമായ പ്രകൃതിയെ എത്രത്തോളം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗ്രാമീണജനതയില്‍ കലാവബോധം നിലനില്‍ക്കുന്നതെന്നു മനസ്സിലാക്കാം. ഭൂമിയെ ഉര്‍വ്വരയാക്കുന്ന സൂര്യനെ ചൂട്ടുകറ്റയിലാവാഹിക്കുന്ന ഒരു വിഭാഗം ജനത അധീശത്വ താല്പര്യങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് തങ്ങളുടെ മനഃശാസ്ത്ര അവബോധത്തിലധിഷ്ഠിതമായ സൗന്ദര്യസങ്കല്പങ്ങളും അതിജീവനവും സാധ്യമാക്കുന്നതെങ്ങനെയെന്ന് തെയ്യംകലകളുടെ വര്‍ണ്ണപ്രപഞ്ചത്ത പഠിക്കുന്നതിലൂടെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ഗൂഢസങ്കല്പങ്ങളുടെ സങ്കീര്‍ണ്ണമായ ചിഹ്നഭാഷയായും ഇതിനെ വായിച്ചെടുക്കാന്‍ സാധിക്കും. തെയ്യം കലയുടെയും മുഖത്തെഴുത്തിന്‍റേയും വസ്ത്രലങ്കാരങ്ങളുടെയും നിറത്തെയും നിറമനശാസ്ത്രത്തെയും പറ്റിയുള്ള പഠനത്തിന് കേരളത്തിലെ കലകളെയും കലാസംസ്കാരത്തെയും അതിന്‍റെ പരിണാമത്തെയും സംബന്ധിക്കുന്ന അറിവുകളെ കൂടുതല്‍ സൂക്ഷ്മവും വിപുലവുമാക്കാന്‍ സാധിക്കും. വര്‍ണ്ണങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനം തെയ്യം അനുഷ്ഠാനകലയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പര്യാപ്തമാകും.

ഗ്രന്ഥസൂചി:

ചന്ദ്രന്‍ മുട്ടത്ത്, (2008), തട്ടും ദളം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ദിലീപ് കുമാര്‍.കെ.പി, നിറത്തിന്‍റെ ഭാഷ, രാജഗോപാലന്‍.സി.ആര്‍(എ.ഡി) 2008, നാടോടി വര്‍ണ്ണ ലോകം, കോട്ടയം: ഡി.സി.ബൂക്സ്.
രാജഗോപാലന്‍.സി.ആര്‍, (2008), നാടോടി വര്‍ണ്ണലോകം, കോട്ടയം: ഡി.സി.ബൂക്സ്.
രാജഗോപാലന്‍.സി.ആര്‍, (2011), ഗോത്രകലാവടിവുകള്‍, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി.
രാജഗോപാലന്‍ .സി.ആര്‍, (2019), കാലമില്ലാകോലങ്ങള്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
വിജയകുമാര്‍ മേനോന്‍, (2011), ആധുനിക കലയുടെ ലാവണ്യ തലങ്ങള്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
വിഷ്ണുനാരായണന്‍ നമ്പൂതിരി.എം.വി, വര്‍ണസങ്കല്പം നാടന്‍ പാരമ്പര്യങ്ങളില്‍, രാജഗോപാലന്‍.സി.ആര്‍(എ.ഡി) (2008), നാടോടി വര്‍ണ്ണലോകം, കോട്ടയം: ഡി.സി.ബൂക്സ്.
Dr. Manjula.K.V
Asst.professor
Department of Malayalam
Govt. Brennen College
Dharmadam
India
Pin: 670106
Ph: +91 9496239494
Email: drmanjulakv@gmail.com
ORCID: 0009-0006-7838-179X