Arabi-Malayalam Literature: A prelude

K. Satchidanandan

A nation like India exists  culturally one on multi lingual system. Different dialects of language  live on in distinctive forms such as spoken, print, vernacular, knowledge, literature and tribal etc. Arabi-Malayalam is one such distinctive form of Malayalam. Written in Arabic script, Arabi-Malayalam  uses Malayalam words. The language is an integral part of Malayalam literature and a byproduct of commercial transactions. Songs, poems, short stories,  novels travelogues and biographies are  part this language. Though researches and studies  have  conducted, no serious effort has undertaken so far to protect and preserve the language. That is the reason why Kerala sahitya Akademi thought it relevant to organise a seminar as an initiative in the time consuming process of preserving the language. The article intends to introduce the language and to give  a prelude to the  efforts towards the preservation and protection of Arabi Malayalam.

Keywords: Arabi-Malayalam, Malabar culture, Mappila tradition, culturalization, Mappila text

K. Satchidanandan
President
Kerala Sahitya Academi
Thrissur
Pin: 680020
India

അറബിമലയാളസാഹിത്യം: ഒരു ആമുഖം 

സച്ചിദാനന്ദന്‍

(മഹാ കവി മോയീന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ദശവാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം ഗവണ്‍മെന്‍റ് കോളോജ് മലയാളം വിഭാഗത്തിന്‍റെ  സഹകരണത്തോടൊ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തിന്‍റെ ഗദ്യ രൂപം)

ഇന്ത്യയെപ്പോലെ ഒരു രാഷ്ട്രം സാംസ്കാരികമായി നിലനില്‍ക്കുന്നത് മുഖ്യമായും അതിന്‍റെ ഭാഷാബഹുലതയിലൂടെയാണ്. ഒപ്പം, ഓരോ ഭാഷയും നില നില്‍ക്കുന്നത് അതിന്‍റെ അനേകം രൂപങ്ങള്‍ നില നില്‍ക്കുമ്പോഴാണ്. വാമൊഴികള്‍, മാനകڅഭാഷ, വീട്ടുڅഭാഷ, നാട്ടുഭാഷ, പത്രഭാഷ, വിജ്ഞാനڅഭാഷ, സാഹിത്യഭാഷ, ഗോത്രڅഭാഷ ഇവയുടെയൊക്കെ വകഭേദങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് മലയാളം ഉള്‍പ്പെടെയുള്ളڅഭാഷകളും അതിജീവിക്കുന്നത്. മലയാളത്തിന്‍റെ പല രൂപങ്ങളില്‍ പ്രധാനവും വ്യത്യസ്തതവുമായ ഒന്നാണ് അറബിമലയാളം, അറബി ലിപിയില്‍, അറബ് വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി എഴുതുന്ന ഈ ഭാഷ കേരളത്തിന്‍റെ വാണിജ്യപരവും സാംസ്ക്കാരികവുമായ കൈമാറ്റങ്ങളുടെ ഒരു ഉത്തമമായ ഉത്പന്നം ആണ്, ഒപ്പം മലയാള സാഹിത്യത്തിന്‍റെ ഒരു അവിഭാജ്യഭാഗവും. ഗാനങ്ങളും കവിതകളും കഥകളും നോവലുകളും വിചാരസാഹിത്യവും യാത്രാവിവരണങ്ങളും ജീവിതരചനകളും എല്ലാം ഉള്‍പ്പെട്ട ഒന്നാണ് അറബിമലയാള സാഹിത്യം. ഈ രംഗത്ത് പഠനങ്ങളും ഗവേഷണവും നടന്നിട്ടുണ്ടെങ്കിലും ഈ ഭാഷാരൂപത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കാര്യമായി നടന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേരള സാഹിത്യ അക്കാദമി ഒരു സെമിനാര്‍ കൊണ്ട് അത്തരം പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാം എന്ന് കരുതിയത്. അതില്‍ സഹകരിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിക്ക് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ; ഒപ്പം അറബിമലയാളത്തിന്‍റെ ഒരു കേന്ദ്രീകൃത ആര്‍ക്കൈവ് അപ്പന്‍ തമ്പുരാന്‍ സ്മാരകത്തില്‍ നിര്‍മ്മിക്കാനുള്ള സഹായവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ജാതിപീഡനത്തില്‍ നിന്ന് രക്ഷപ്പെടുവാനാണ് കേരളത്തിലെ കീഴാള വിഭാഗങ്ങളില്‍പെട്ടവര്‍, മറ്റിടങ്ങളില്‍ എന്ന പോലെ തന്നെ, ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത് എന്ന് പല സാമൂഹ്യശാസ്ത്രപഠനങ്ങളും കാണിക്കുന്നു. ഹിന്ദുമതത്തിലെ അയിത്തവും ഭ്രഷ്ടും പല രംഗങ്ങളിലുമുള്ള ജാതിവിവേചനവും കണ്ടും അനുഭവിച്ചും മടുത്ത ആളുകളാണ് അധികവും ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേയ്ക്കും മതം മാറിയത്. കീഴാള വിഭാഗങ്ങളില്‍പെട്ടിരുന്നവര്‍ പോലും ഇസ്ലാം മതം സ്വീകരിച്ചാല്‍ അവരെ ഹിന്ദു സമൂഹം കൂടുതല്‍ ആദരിച്ചിരുന്നു എന്ന് വില്ല്യം ലോഗന്‍ മലബാര്‍ മാനുവലില്‍ പറയുന്നുണ്ട്; ഷയ്ഖ് സൈനുദ്ദീനും തുഹ്ഫത്തുല്‍ മുജാഹിദ്ദീനില്‍ ഇതു തന്നെ വേറെ ഭാഷയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്ലാമിക തത്വങ്ങളില്‍ ആകൃഷ്ടരായി മതം മാറിയവരും ഉണ്ട്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ ഇങ്ങിനെ മാറി താജുദ്ദീന്‍ എന്ന പേര്‍ സ്വീകരിച്ചതായി ഒരു ഐതിഹ്യം ഉണ്ട്. എന്‍റെ നാടായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദും, സലാലയില്‍ ഞാന്‍ കണ്ട താജുദ്ദീന്‍ എന്ന ചേരമാന്‍ പെരുമാളിന്‍റെതായി രേഖപ്പെടുത്തിയിട്ടുള്ള ഖബ്രും ഈ കഥ സത്യമായിരിക്കാം എന്ന് സൂചിപ്പിക്കുന്നു. ഏതായാലും ഏഴാം നൂറ്റാണ്ടോടു കൂടിയെങ്കിലും ഇസ്ലാം കേരളത്തില്‍ എത്തി എന്നാണു പൊതുവായ നിഗമനം സാമൂതിരിമാരെപ്പോലുള്ള വടക്കന്‍ ഭരണാധികാരികളും ഇസ്ലാമിനെ ആദരിച്ചിരുന്നു. നാവിക സൈന്യത്തിന്‍റെയും വാണിജ്യനഗരങ്ങളുടെയും വളര്‍ച്ചയ്ക്ക് അറബികള്‍ നല്‍കിയ സംഭാവനകൂടി ഇതിനു കാരണമായിരിക്കാം. വിദേശികളുമായി രക്തബന്ധമുണ്ടായിരുന്ന മുസ്ലിം, ക്രിസ്ത്യന്‍, യഹൂദ സമുദായങ്ങളില്‍പെട്ടവരെ മുഴുവന്‍ ആദ്യകാലത്ത് മാപ്പിളമാര്‍ എന്ന് വിളിച്ചു പോന്നു, അങ്ങിനെയാണ് ജോനകമാപ്പിള, നസ്രാണി മാപ്പിള, ജൂതമാപ്പിള എന്നീ പദങ്ങള്‍ ഉരുത്തിരിഞ്ഞത്. മാപിള്ള (മാതാവിന്‍റെ പിള്ള), മാ ഹല്ലാഹ് (കൃഷി ചെയ്യാത്തവര്‍), മഹാപിള്ള (വിദേശ വ്യാപാരികള്‍) ഇവയില്‍ ഏതില്‍ നിന്നാണ് മാപ്പിള എന്ന പദം ഉണ്ടായതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും മഹാപിള്ള ലോപിച്ചതാണ് മാപ്പിള എന്ന ലോഗന്‍റെയും കെ പി പത്മനാഭമേനോന്‍റെയും മതത്തിന്നാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. മാപ്പിളയ്ക്കു (തമിഴിലെڇമാപ്പിളൈ) ജാമാതാവ് എന്ന അര്‍ത്ഥമുള്ളതും ഓര്‍ക്കാവുന്നതാണ്, വിദേശികള്‍ ഇവിടെ നിന്ന് വിവാഹം കഴിച്ചപ്പോള്‍ നമ്മുടെ ജാമാതാക്കളായി എന്നാണു സൂചന. പ്രവാചകന്‍റെ പ്രബോധനങ്ങള്‍ കേട്ടു ഇസ്ലാം മതം സ്വീകരിച്ചവര്‍ ആണ് പിന്നീട് കേരളത്തില്‍ ഇസ്ലാമിന്‍റെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഡോക്ടര്‍ ജമീല്‍ അഹമ്മദിന്‍റെ അഭിപ്രായത്തില്‍, കേരളത്തിലെ പ്രധാന ചരിത്ര സംഭവങ്ങളെ മുന്‍ നിര്‍ത്തി ഇവിടത്തെ മുസ്ലിം സംവാദങ്ങളെ നാലു ഘട്ടങ്ങളായി തിരിക്കാം:

1. കേരളത്തില്‍ ഇസ്ലാമിന്‍റെ പ്രവേശം മുതല്‍ പോര്‍ത്തുഗീസുകാര്‍ കേരളം വിടും വരെ.
2. കുഞ്ഞാലി മരയ്ക്കാര്‍മാരുടെ തകര്‍ച്ചയ്ക്ക് ശേഷം മൈസൂര്‍ സുല്‍ത്താന്മാരുടെ പിന്മാറ്റം വരെ. 
3. ബ്രിട്ടീഷ് څഭരണം മുതല്‍ ഖിലാഫത്ത് പ്രക്ഷോഭം വരെ.
4. ഖിലാഫത്തിന് ശേഷം.

അറബിമലയാളത്തിലുള്ള പാഠപുസ്തകങ്ങള്‍ വന്നത് മദ്രസാ വിദ്യാഭ്യാസം സ്ഥാപനവത്കരിക്കപ്പെട്ടതിനു ശേഷം മാത്രമാണ്. അതിനു മുന്‍പ്, ഇസ്ലാം മതം സ്വീകരിച്ചവര്‍ അധികവും കീഴാള വര്‍ഗ്ഗത്തില്‍പെട്ടവര്‍ ആയിരുന്നതിനാല്‍ ഓത്തു പഠിപ്പിക്കാന്‍ മാത്രമാണ് അറബി ഉപയോഗിക്കപ്പെട്ടത്. മറ്റു ദീനീകാര്യങ്ങള്‍ എല്ലാം വാചികമായി ചൊല്ലി പഠിക്കയായിരുന്നു. അറബിമലയാളത്തിന്‍റെ സമ്യദ്ധമായ സാഹിത്യ പാരമ്പര്യം മുസ്ലിങ്ങളില്‍ തന്നെڅഭൂരിപക്ഷത്തിനു പ്രാപ്യമായിരുന്നില്ലാ എന്നര്‍ത്ഥം. ദാര്‍ശനികവും വൈജ്ഞാനികവുമായ മേഖലകളിലെ മുന്നേറ്റങ്ങള്‍ അങ്ങിനെڅഭൂരിപക്ഷം അറിയാതെ പോയി. ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ പോലുള്ള മലയാള ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുസ്ലിങ്ങള്‍ക്ക് അധികം നടത്താനായില്ല എന്ന് ജമീല്‍ അഹമ്മദ് പറയുന്നുണ്ട്. ഖുറാന്‍റെ മലയാള പരിഭാഷകള്‍ പോലും വൈകിയാണ് ഉണ്ടായത്. അങ്ങിനെ ദര്‍ശനം, സാഹിത്യം ഇവയില്‍ നിന്ന് څഭൂരിഭാഗം മുസ്ലിങ്ങളും അകലെയായിരുന്നു. കപ്പപ്പാട്ട്, ഫത് ഹുല്‍ മുബീന്‍, തഹ്രീള്‍ തുടങ്ങിയ രചനകള്‍ക്ക് പകരം മുഖ്യമായും ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ അപഗ്രഥനമാണ് നടന്നത്. 

ഏതായാലും അറബി മലയാളി ബന്ധത്തിന്‍റെ ഏറ്റവും നല്ല ഉത്പന്നങ്ങളില്‍ ഒന്ന് അറബി മലയാളവും അതിലെ സാഹിത്യവും ആയിരുന്നു. ദൈനംദിന വ്യവഹാരങ്ങള്‍ക്കായി മാപ്പിളമാര്‍ വിശേഷിച്ചും മലബാര്‍ ഭാഗത്തുള്ളവര്‍- ഉപയോഗിച്ചിരുന്ന മലയാളത്തിന്‍റെ ഒരു ഭാഷാഭേദമായി മാപ്പിളമലയാളത്തെ കാണാം. മലയാളത്തിനു പുറമേ അറബി, പേഴ്സ്യന്‍, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദുസ്ഥാനി എന്നീڅഭാഷകളില്‍ നിന്നുള്ള വാക്കുകളും പ്രാദേശികപ്രയോഗങ്ങളും ചേര്‍ന്ന, കൃത്യമായ വ്യാകരണനിഷ്ഠകള്‍ പുലര്‍ത്താത്ത, ഒരു സമ്മിശ്രڅഭാഷയാണ് മാപ്പിളമലയാളം. മാപ്പിള ഫോക്ലോര്‍چ എന്ന പുസ്തകത്തില്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അന്നത്തെ മലയാളപദങ്ങള്‍ക്ക് സമാനമായിരുന്ന മുസ്ലിം വാക്കുകളുടെ അനേകം ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. നീജ്ജ്. ഉണ്ണുക- ബെയ്ക്ക, എന്താ ചങ്ങാതീ- എത്താണി, നിനക്ക്- അനക്ക്, വിഴുങ്ങുക- മുണുങ്ങ്വ, വിശക്കുക- പയ്ക്കുക, പണം- കായി, വിരുന്നു (സത്കാരം)- തക്കാരം, പേടി- ബേജാറ്, കേടു വന്നത്- ബെടക്ക്, നവവധു- മണവാട്ടി, ഭാഗ്യയോഗം- നസീബ്, ബുദ്ധിമുട്ട് എടങ്ങേറ് ഇങ്ങിനെ പോകുന്നു ആ പദാവലി. ഇവ മിക്കവയും ഇന്നു പൊതുമലയാളത്തിന്‍റെ തന്നെ څഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. മാപ്പിളപ്പാട്ടുകളില്‍ മാത്രമല്ല, പി. ഭാസകരന്‍റെയും മറ്റുംڅകായലരികത്ത് പോലുള്ള സിനിമാപ്പാട്ടുകളിലും ബഷീറിന്‍റെയും ഉറൂബിന്‍റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും ഹാഫീസ് മുഹമ്മദിന്‍റെയും ഖദീജാ മുംതാസിന്‍റെയും മറ്റും കഥകളിലും നോവലുകളിലും മുസ്ലിം കഥാപാത്രങ്ങള്‍ വരുന്ന നാടകങ്ങളിലും അന്‍വര്‍ അലിയുടെയും ചില ഗള്‍ഫ് കവികളുടെയും മറ്റും പല കവിതകളിലും ഇത്തരം പദങ്ങള്‍ കടന്നു വരുന്നു. മലയാളത്തിലെ പഴംചൊല്ലുകള്‍ക്ക് സമാനമായ മാപ്പിളച്ചൊല്ലുകളും ഉണ്ട്. ഉദാഹരണത്തിന്, ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം- ഒരുമയ്ക്ക് ഒന്‍പതു ബര്‍ക്കത്ത് കാട്ടുകോഴിക്കു എന്ത് സംക്രാന്തി- അന്ത്രമാന് എന്ത് അമാവാസി; ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും- പയ്ക്കുമ്പോള്‍ പന്നിയിറച്ചിയും ഹലാല്‍ ഉണ്ടോനറിയില്ല; ഉണ്ണാത്തോന്‍റെ വിശപ്പ്- ബയ്ചോനറിയില്ല പയ്ചോന്‍റെ വിശപ്പ്; പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല- കുന്നു കുലുങ്ങിയാലും കുഞ്ഞാലി കുലുങ്ങൂല (കടപ്പാട്: ടി. മന്‍സൂര്‍ അലി)

ഇതിന്‍റെ സാംസ്കാരികമായ ഒരു തുടര്‍ച്ചയായി അറബി മലയാളത്തെ കാണാം. വ്യാപാരത്തിനും മതപ്രചാരണത്തിനുമായി അറബികള്‍ രൂപപ്പെടുത്തിയതാണ് അറബി മലയാളം എന്ന് കരുതുന്നവരുണ്ട്. അറബി ലിപിയില്‍ മലയാളം എഴുതുക വഴി ഇസ്ലാമിക ആശയങ്ങളും അനുഷ്ഠാനങ്ങളും ഒപ്പം ഭാഷയും മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ നല്ല ഒരു വഴിയായിരുന്നു അത്. (അറബിത്തമിഴ്, അറബിക്കന്നട, അറബി സിന്ധി, അറബി ബംഗാളി, അറബി ഇംഗ്ലീഷ് തുടങ്ങിയ ലിപിവ്യവസ്ഥകളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നോര്‍ക്കുക). മറിച്ച് അറബി ലിപികള്‍ പഠിച്ച കേരളീയരാണ് അറബിമലയാളത്തിനു ജന്മം നല്‍കിയതെന്ന ഒരു കാഴ്ചപ്പാടും ഉണ്ട്. പഴയ കാലത്ത് ഖുറാനിലെ വിശുദ്ധസൂക്തങ്ങളും മറ്റും ദൈവദത്തമായ അറബിയിലേ എഴുതാവൂ എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. അതും ഈ മലയാളസ്വരൂപത്തിന്‍റെ ഒരു ജന്മകാരണം ആയിരിക്കാം. മലയാളം അറബിയില്‍ എഴുതാന്‍ ആവശ്യമായ രീതിയില്‍ അവര്‍ അറബി ലിപികളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അറബി അക്ഷരമാലയിലെ അ, ബ, ത, ജ, ഒ, റ, സ, ശ, ക, ല, മ, ണ, വ, ഹ, യ എന്നീ അക്ഷരങ്ങള്‍ക്ക് മാത്രമേ മലയാളത്തില്‍ സമാനമായ ലിപികള്‍ ഉള്ളൂ. പതിമൂന്നു വര്‍ണ്ണങ്ങള്‍ക്ക് സമാനമായ അക്ഷരങ്ങള്‍ ഇല്ല. അതുപോലെ, മലയാളത്തിലെ 29 അക്ഷരങ്ങള്‍ക്ക് സമാനമായ അറബി ലിപികളും ഇല്ല. മലയാളി മുസ്ലിങ്ങളുടെ വാമൊഴിയിലെ സ്വനഘടനയെ (അതായത്, സംസാരത്തിലെ ഏറ്റവും സൂക്ഷ്മമായ ഘടകം) നിര്‍ണ്ണയിക്കുന്നതില്‍ അറബി മലയാളവും അറബി ഭാഷ തന്നെയും നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. അത് ഇന്നും കുറെയൊക്കെ നില നില്‍ക്കുകയും ചെയ്യുന്നു. മലയാളത്തിന്‍റെ ഒരു പകര്‍ന്നാട്ടം ആണ് അറബി മലയാളം എന്ന് പറയാം.

അറബിമലയാളസാഹിത്യം മുസ്ലിം സര്‍ഗ്ഗാത്മകതയുടെ ഒരു വിസ്ഫോടനം തന്നെയാണ്. അത് പുതിയ സൌന്ദര്യ മൂല്യങ്ങളും, കാവ്യരൂപങ്ങളും വൃത്താലങ്കാരങ്ങളുമെല്ലാം സൃഷ്ടിച്ചു. ഈ പാരമ്പര്യത്തിലെ മഹാകവി മോയിന്‍ കുട്ടി വൈദ്യരെപ്പോലെ, അഥാവാ പുലിക്കോട്ടില്‍ ഹൈദരെപ്പോലെ, ചിലര്‍ മാത്രമാണ് മുഖ്യധാരാസാഹിത്യ ചരിത്രങ്ങളില്‍ വല്ലപ്പോഴുമെങ്കിലും പ്രതിപാദ്യ വിഷയമാകുന്നത്, അവര്‍ അത് അര്‍ഹിക്കുന്നുമുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍ ഒപ്പനപ്പാട്ടുകളും മാലപ്പാട്ടുകളും പ്രണയ കാവ്യങ്ങളുമെല്ലാം രചിച്ചിട്ടുണ്ട്. ബെത്തിലപ്പാട്ടും, കറാമത് മാലയും ശൈഖ് മുഹിയുദ്ദീന്‍ കീര്‍ത്തനവും, ബദരൂള്‍ മുനീര്‍ ഹുസനുല്‍ ജമാലും മറ്റും അറബിമലയാള സാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ തന്നെയാണ്. പൂമകളാണേ ഹുസ്ڋനുല്‍ ജമാല്‍/ പുന്നാരത്താരം മികന്തെ ബീവി തുടങ്ങിയڅഹുസ്നുല്‍ ജമാലിലെ സ്ത്രീവര്‍ണ്ണനകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു, അതു പോലെ തന്നെയാണ് യുദ്ധ വര്‍ണ്ണനകളും. എഴുത്തച്ഛന്‍റെ പാടവം ഇവിടെയും കാണാം. സംസ്കൃതം നന്നായി അറിഞ്ഞിരുന്നിട്ടും മറ്റൊരു ഭാഷ തേടിപ്പോയി എന്നത് വൈദ്യരുടെ വേറിട്ട വ്യക്തിത്വം വിളിച്ചോതുന്നു. സംസ്കൃതത്തിനു പകരം അറബി ഉപയോഗിച്ച് പുതിയ ഒരു മണിപ്രവാളം സൃഷ്ടിക്കയാണ് വൈദ്യര്‍ ചെയ്തത്. മുത്ത് നൂല്‍ അഥവാ നന്നൂല്‍, ചിറ്റെളുത്ത് അഥവാ വട്ടെഴുത്ത്, കമ്പി അഥവാ ശബ്ദാലങ്കാരങ്ങള്‍ ഇവ ചേര്‍ത്താണ് തന്‍റെ ഭാഷയും കാവ്യസങ്കല്‍പ്പവും അദ്ദേഹം രൂപീകരിച്ചത്. ബദര്‍ പാട്ടും ഉഹ്ദ് പടയും പോലുള്ള അദ്ദേഹത്തിന്‍റെ പടപ്പാട്ടുകള്‍ ഒരു സാമൂഹ്യ സംഘര്‍ഷത്തിന്‍റെ ഉത്പന്നം കൂടിയാണ്. അവയിലൂടെ അന്ന് കത്തിയാളാന്‍ തുടങ്ങിയിരുന്ന ബ്രിട്ടീഷ് വിരുദ്ധ വികാരത്തിനു ഇന്ധനം പകരുകയാണ് അദ്ദേഹം ചെയ്തത്.

ഒപ്പം നല്ലളം ബീരാന്‍, ഖാസി മുഹമ്മദ്, മാപ്പിള ആലിം ഉമര്‍ ലബ്ബ, നാലകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടി, കെ. എന്‍. മമ്മുഞ്ഞി, സി. ഏ. ഹസ്സന്‍ കുട്ടി, ചേറ്റുവായ് പരീക്കുട്ടി, പി. ടി. ബീരാന്‍ കുട്ടി, ഇച്ച മസ്താന്‍, മാട്ടുങ്ങല്‍ കുഞ്ഞിക്കോയ, കുഞ്ഞി സീതിക്കോയ തങ്ങള്‍, സുജായി മൊയ്തു മുസല്യാര്‍, ചാക്കീരി മൊയ്തീന്‍ കുട്ടി, കുഞ്ഞായിന്‍ മുസല്യാര്‍, മുണ്ടംബ്ര ഉണ്ണി മമ്മദ്, ബീരാന്‍ കുട്ടി മുസല്യാര്‍, മാനാന്‍റെകത്ത് കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങി എത്രയോ പേര്‍ ഈ സാഹിത്യശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്. ഇവരുടെ മിക്ക കൃതികളും മതപരമാണ്, എന്നാല്‍ യാത്രാവിവരണങ്ങളും ചരിത്രകൃതികളും വൈദ്യം ഉള്‍പ്പെടെയുള്ള മേഖലകളിലെ വൈജ്ഞാനിക കൃതികളും അറബിയില്‍ നിന്നുള്ള പരിഭാഷകളും, അംഗീകാരത്തിനായി പരിഭാഷയായി അവതരിപ്പിക്കപ്പെട്ട സ്വന്തം കൃതികളും മാലപ്പാട്ടുകളും (നേര്‍ച്ചപ്പാട്ടുകള്‍ എന്നും ഇവയെ വിളിക്കാറുണ്ട്) കിസ്സപ്പാട്ടുകളും പടപ്പാട്ടുകളും ഒപ്പന ഉള്‍പ്പെടെ ആചാരങ്ങളും ജീവിത മുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ട പാട്ടുകളും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് അറബിമലയാള സാഹിത്യം, ഖാസി മുഹമ്മദിന്‍റെ മുഹിയുദ്ദീന്‍ മാല ആണ് കണ്ടു  കിട്ടിയവയില്‍ ഏറ്റവും പഴയ അറബിമലയാള കൃതി. പുണ്യ പുരുഷനായ മുഹിയുദ്ദീന്‍ ശൈഖിന്‍റെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഈ കൃതി കേരളത്തിലെ മുസ്ലിം ഗൃഹങ്ങളില്‍, ഹിന്ദുڅഭവനങ്ങളില്‍ രാമായണം എന്ന പോലെ,څഭക്തിപൂര്‍വ്വം പാരായണം ചെയ്യപ്പെട്ടിരുന്നു. മാലപ്പാട്ടുകള്‍ പൊതുവേ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കുകയും നബിയുടെയും ശിഷ്യരുടെയും പേരില്‍ സലാത്തും സലാമും പറയുകയും ചെയ്ത ശേഷം പുണ്യപുരുഷന്മാരെ പ്രകീര്‍ത്തിക്കുന്നവയാണ്. കഷ്ടകാലങ്ങളില്‍ നേര്‍ച്ചയായും, പെണ്ണുകാണലില്‍ സ്ത്രീയുടെ പരീക്ഷയായുമെല്ലാം മുഹിയുദ്ദീന്‍ മാല ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.

ഇതില്‍ സ്ത്രീകളായ എഴുത്തുകാരുടെ കാര്യം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. പി. കെ. ഹലീമയുടെ ചന്ദിരസുന്ദരിമാല, ബദരുള്‍ മുനീര്‍ ഒപ്പനപ്പാട്ട്, രാജമംഗലം, പൊരുത്തം, ബി ആയിശ, വി ആയിശക്കുട്ടി രചിച്ച ഫാത്തിമാ ബീവിയുടെ വഫാത്. കുണ്ടില്‍ കുഞ്ഞാമിനയുടെ ബദര്‍ കിസ്സ തുടങ്ങിയ കൃതികള്‍ ഉയര്‍ന്ന څഭാവനയും ചാരുതയും ഉള്ളവയാണ്.

പൊന്നിലും പുന്നാരമില്‍ തെളിവായ മുത്ത് മുഹമ്മദാരെ 
പൂരണര്‍ സകലോര്‍ക്ക് മുന്‍പ്രഭുവരായെ മുസ്സമ്മിലാരെ 
മന്നവര്‍ നബിദീനില്‍ മുന്നേ വന്നവര്‍ മകളാണ് നൂറെ 
മങ്കുകള്‍ സകലത്തിലും മാണിക്കമോ മറ്റേ ജോറെ 
കുന്നിയാള്‍ കണ്ണന്ജനം കടഞ്ഞതോ കൊള്ളുള്ള പോലെ
കൌതുകനോതും ചിരി ചെന്താമര വിടര്‍ന്ന പോലെچ 

തുടങ്ങിയ ചന്ദിര സുന്ദരിമാലയിലെ വരികള്‍ ജനപ്രിയമായിരുന്നു. തിരുനബിയും ഖദീജാ ബീവിയും തമ്മിലുള്ളڅസുരര്‍ മേഘക്കുടയ് ചൂടും എന്ന് തുടങ്ങുന്ന വിവാഹത്തിന്‍റെ വര്‍ണ്ണനയും പ്രസിദ്ധമാണ്. ടി. ഏ. റാബിയാ ഭാരത ചന്ദ്രിക, മുസ്ലിം വനിതാ, ചന്ദ്രിക, പ്രഭാതം, തുടങ്ങിയ ആനുകാലികങ്ങളില്‍ ധാരാളമായി എഴുതിയിരുന്നു. അവയില്‍ എന്നോമ്മല്‍ കുഞ്ഞേچഎന്ന് തുടങ്ങുന്ന താരാട്ട് വളരെ ജനപ്രിയമായിരുന്നു. ബി. ആയിഷക്കുട്ടിയുടെ കല്യാണപ്പാട്ടുകളും കത്തുപാട്ടുകളും നസീഹത് മാല എന്ന ഖണ്ഡകാവ്യവും പുത്തൂര്‍ ആമിനയുടെ ഖിസ്സപ്പാട്ടുകളും മംഗലപ്പാട്ടുകളും കത്തുപാട്ടുകളും ശ്രദ്ധേയമാണ്. ഉപ്പയോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന അഹമ്മദ് എന്ന യുവാവ് ആമിനയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതും, സമ്മതം കിട്ടാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയതും അപ്പോള്‍ കോപിച്ചു ആമിന എഴുതിയ മറുപടിയും പലരും ഓര്‍ക്കുന്നുണ്ടാവും. ഉമൈതിലും നല്ല മാരരെ കിട്ടുവാന്‍ എനിക്കില്ലൊരു മുട്ട്/ മട്ടില്‍ കിട്ടും വരേയ്ക്കും മാനേ, തേനേ വിളിക്കും/ മറ്റു ലോഗിയം ഉറ്റിടും പല ചക്കരവാക്കും ഒരു പിടി/ മക്കളുണ്ട് കണക്കിലായാല്‍ അടുക്കളേലാക്കുംڈഎന്ന വരികള്‍ നല്ല ചൊടിയുള്ള ഒരു സ്ത്രീ സ്വാതന്ത്ര്യ വാദിയുടെ വാക്കുകളാണ്. സുഖപ്രസവത്തിനായി ചൊല്ലുന്ന നഫീസത്ത് മാല, ഗ്രാമഫോണ്‍ ഗായിക എന്ന ഖ്യാതി നേടിയ സാറാ ഗുല്‍ മുഹമ്മദിന്‍റെ ആബിദാ വിജയം, ലക്കി ആമിന തുടങ്ങി ഏറെ കൃതികള്‍ ഈ അവസരത്തില്‍ ഓര്‍ക്കാം. ചില പുരുഷകവികളും സ്ത്രീധന സംമ്പ്രദായം, ശൈശവ വിവാഹം തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ പാട്ടുകള്‍ എഴുതിയിരുന്നു. കെ. ജി സത്താര്‍ എഴുതിയڅഎന്ത് മുസീബത് സ്ത്രീധനമെന്നൊരു ഹീലത്ത്, കാതുകളനവധി തുള തുളയ്ക്കാന്‍ പടച്ചവന്‍ പറഞ്ഞിട്ടുണ്ടോ തുടങ്ങിയ പാട്ടുകള്‍ ഉദാഹരണം. എസ്. ഏ ജമീലിന്‍റെ ദുബായ് കത്തുപാട്ടും പുലിക്കോട്ടില്‍ ഹൈദരുടെ മറിയക്കുട്ടിയുടെ കത്തുപാട്ടും എല്ലാ വീട്ടിലും പാടിയിരുന്നു.  

കിസ്സകളില്‍ (കിസ്സ എന്നാല്‍ കഥ) പ്രവാചകരുടെയും മഹാപുരുഷന്മാരുടെയും കഥകളാണ് ആലപിക്കപ്പെടുന്നത്. യൂസഫ് കിസ്സ ആണ് അവയില്‍ ഏറ്റവും പ്രചാരം നേടിയിട്ടുള്ളതെങ്കിലും ഇബ്രാഹിം കിസ്സ, ആദം നബി കിസ്സ, മറിയം ബീവി കിസ്സ. മാലിക്കുബിനു ദിനാര്‍ കിസ്സ ഇങ്ങിനെ വേറെയും കവിതകള്‍ ഈ ഇനത്തില്‍ ഉണ്ട്. പടപ്പാട്ടുകള്‍, പേര് സൂചിപ്പിക്കും പോലെ, ഇസ്ലാമികയുദ്ധകാവ്യങ്ങള്‍ ആണ്. ബദര്‍, ഉഹ്ദ്, സഖും, ചേരൂര്‍, മലപ്പുറം - ഇങ്ങിനെ പല പടപ്പാട്ടുകളും ഉണ്ട്. ഇസ്ലാമിന്‍റെ ചരിത്രത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങളെ വീരരസപ്രധാനമായി അവതരിപ്പിക്കുന്ന ഈ അന്‍പതോളം പാട്ടുകളില്‍ ഏറ്റവും പ്രസിദ്ധം മോയിന്‍ കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍ തന്നെ. അവ അദ്ദേഹത്തിന് അറബി മലയാള സാഹിത്യത്തില്‍ ചിര പ്രതിഷ്ഠ നേടിക്കൊടുത്തു.

ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആഹ്ളാദത്തിന്‍റെ നിമിഷങ്ങളെ സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും അകമ്പടിയോടെ ആവിഷകരിക്കയാണ് ഒപ്പന പോലുള്ള കാവ്യ-സംഗീത രൂപങ്ങള്‍ ചെയ്യുന്നത്. കോല്‍ക്കളി പോലുള്ള ആയോധന സൂചകമായ കളികളിലും പാട്ട് ഒരു പ്രധാന ഘടകമാണ്. മലയാളി മുസ്ലീങ്ങളുടെ സ്വത്വത്തെ നിര്‍വചിക്കുന്നതില്‍ ഈ സാഹിത്യ-കല രൂപങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒപ്പം തന്നെ അധിനിവേശ വിരുദ്ധമായ, പണ്ഡിതനും ചരിത്രകാരനുമായ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ തവില്‍ എന്ന അറബി വൃത്തത്തില്‍ രചിച്ച തഹ്രീദ് (മുഴുവന്‍ പേര തഹ്രീദുല്‍ അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബാദത്തി സ്വുല്‍ബാന്‍), മരാതുപരംപില്‍ കുഞ്ഞിമാരക്കാര്‍ മാല, രാമന്തളി മാല, അല്‍ ഖുദുബാത്ത് ജിഹാദിയ, അല്‍ ഖസീദത്തുല്‍ ജിഹാദിയ, ഉദ്ദത്തുല്‍ ഉമറാ, അസൈഫുല്‍ ബത്താര്‍ തുടങ്ങിയ പോര്‍ത്തുഗീസ് അധിനിവേശത്തിനു എതിരായി രചിക്കപ്പെട്ട കാവ്യങ്ങളും പരിഗണന അര്‍ഹിക്കുന്നുണ്ട്. ഇശലുകള്‍ക്കു കൃത്യമായ വൃത്ത വ്യവസ്ഥകള്‍ ഉണ്ടായിരുന്നു എന്നും അത് നമ്മുടെ മലയാളം ക്ലാസ്സുകള്‍ക്കു ഇന്നും അന്യമാണെന്നും കൂടി നിരീക്ഷിക്കാതെ തരമില്ല.

അറബി മലയാള നോവലുകളും പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. മദ്ധ്യകാല പേഴ്സ്യന്‍ സാഹിത്യത്തിലെ, അമീര്‍ ഖുസ്രു രചിച്ച നാലു സന്യാസിമാരെക്കുരിച്ചുള്ള ചാര്‍ ദര്‍വേശ്, നിസാമുദ്ദീന്‍ ഔലിയക്ക് അസുഖം പിടിച്ചപ്പോള്‍ ഖുസ്രു പറഞ്ഞു കൊടുത്ത കഥയാണെന്നും, അത് കേട്ട അദ്ദേഹത്തിന്‍റെ അസുഖം മാറി എന്നുമാണ് ഐതിഹ്യം. ഇത് അറബി മലയാളത്തില്‍ അവതരിപ്പിച്ചത് ബഹുഭാഷാപണ്ഡിതനായ നാലകത്ത് കുഞ്ഞി മൊയ്തീന്‍ കുട്ടി സാഹിബ് ആണ്. അപൂര്‍ണ്ണമായിരുന്ന അത് മുഴുവനാക്കിയത് മുഹ്യിദ്ദീന്‍ സാഹിബ്ബും. പിന്നീട് വന്ന പല നോവലുകള്‍ക്കും അത് മാതൃകയായി. അലാവുദീന്‍, ഖമര്സ്മാന്‍, തുത്താ കി കഹാനി, ഗുല്‍ സനോസര്‍, ശംസുസ്സമാന്‍, അമീര്‍ ഹംസ, വര്‍ജീന തുടങ്ങിയ കൃതികള്‍ ഉദാഹരണം. നവോത്ഥാനപ്രസ്ഥാനം, മതനവീകരണം ഇവയെല്ലാം അറബിമലയാള നോവലുകളെ ഗണ്യമായി സ്വാധീനിനിച്ചു. ചന്തുമേനോന്‍റെ ഇന്ദുലേഖയ്ക്കും സി വി യുടെ സുഭദ്രയ്ക്കും തുല്യരായ മുസ്ലിം സ്ത്രീകഥാപാത്രങ്ങള്‍ സൈനബ, സുബൈദ, ഖിളര്‍  നബിയെക്കണ്ട് നബീസ്സ തുടങ്ങിയ നായികമാര്‍ നവോത്ഥാനത്തിന്‍റെ സൃഷ്ടികളാണ്.

പാട്ടുവൈദ്യകൃതികള്‍ ഉള്‍പ്പടെയുള്ള വിജ്ഞാനഗ്രന്ഥങ്ങളെ ഇവിടെ വിശദമായി പരാമര്‍ശിക്കുന്നില്ല. മര്‍മ്മ ചികിത്സ, വിഷൂചികാ ചികിത്സ, വിഷചികിത്സ വസൂരി ചികിത്സ, ബാലചികിത്സ തുടങ്ങിയവയെപ്പറ്റിയുള്ള പ്രത്യേകം ഗ്രന്ഥങ്ങളും വൈദ്യസാരം, ഉപകാരം, അഷ്ടാംഗ ഹൃദയം മുതലായ തര്‍ജുമകളും അറബി മലയാള ശാസ്ത്രസാഹിത്യത്തിന്‍റെ ഭാഗമാണ്. കൊങ്ങണം വീട്ടില്‍ ബാവ മുസലിയാര്‍, പട്ടാലത് കുഞ്ഞിമാഹീന്‍ കുട്ടി വൈദ്യര്‍, സി എഛ്. ഇബ്രാഹിം കുട്ടി, എം. കെ കുഞ്ഞിപ്പോക്കര്‍ തുടങ്ങി ഒട്ടേറെ പേരുകള്‍ ഇവിടെ സ്മരണീയമാണ്.

ഇതോടൊപ്പം നമ്മുടെ സമൂഹത്തിന്‍റെ ഉണര്‍ച്ചയില്‍ വലിയ പങ്കു വഹിച്ച സുലൈമാന്‍ മൌലവി അച്ചടിച്ചിരുന്ന മണിവിളക്ക്, മക്തി തങ്ങളുടെ തുഹ്ഫത്തുല്‍ അഖ് യാര്‍ വഹിദായത്തുല്‍ അഗ്രാര്‍, സെയ്ڋതാലിക്കുട്ടി മാസ്റ്ററുടെ രഫിഖുല്‍ ഇസ്ലാം, വക്കം മൌലവിയുടെ അല്‍ ഇസ്ലാം, കേരള മുസ്ലിം സംഘത്തിന്‍റെ അല്‍ ഇര്‍ശാദ്, ഹൈദര്‍ മൌലവി നേതൃത്വം നല്‍കിയ വനിതാമാസികയായ നിസാ ഉല്‍ ഇസ്ലാം, ഇവ കൂടാതെ മുസ്ലിം വനിത, അല്‍ ഹിദായ, അലബയാന്‍, അല്‍ മുര്‍ശീദ്, അല്‍ഹിത്തിഹാദ്, അല്‍ ബുര്‍ഹാന്‍ അല്‍ മുഅല്ലിം ഇങ്ങിനെ ഒട്ടേറെ അറബിമലയാള മാസികകള്‍ കേരള നവോത്ഥാനത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, ഇനിയും ധാരാളമായി പഠിക്കപ്പടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണ്ട ഒരു സാഹിത്യ-വിജ്ഞാന ശാഖയാണ് അറബി മലയാളത്തിന്‍റേത്. നമ്മുടെ സാഹിത്യചരിത്രങ്ങളോ, നവോത്ഥാന പഠനങ്ങളോ, ഭാഷാ പഠനങ്ങളോ, വൃത്ത-ശൈലീ പഠനങ്ങളോ ഈ സമ്പന്നമായ സംസ്കാരത്തെ വേണ്ടപോലെ കണക്കിലെടുത്തിട്ടില്ല. ഇന്നും അവ പലതും സംസ്കൃതത്തിന്‍റെ അധീശത്വത്തില്‍ നിന്നും മാനവഭാഷയുടെ പ്രാമണ്യത്തില്‍ നിന്നും മുക്തമായിട്ടില്ല.

K. Satchidanandan
President
Kerala Sahitya Academi
Thrissur
Pin: 680020
India