Constructions of national history in the Global Novel: A study based on E.P. Sreekumar’s novel “Dravyam”

Dr. Liji  N

The new novels of Malayalam can be described as cultural metaphors of globalisation.  Many novels of contemporary Malayalam are noted for the themes, content and culture that transcend the spatial boundaries of the regional novels,  assuming global dimensions. Novels that grow into interpretations of global history is a notable trend in Malayalam. The political geography of wars, genocides and invasions build the strands of narration in these novels. They historicize the existential dilemmas of masses rendered powerless by wars and exoduses. The issues of new nationlisms that come into existence   through occupation and colonisation are discussed from a political viewpoint in these novels. Taking off from this background, the present paper approaches the newly emerged global novels of Malayalam. The present analysis focuses on the novel “Dravyam” by E.P Sreekumar. The study concludes that in a world where humans, regions and societies have turned into victims of global markets,  regional novels have evolved to become interpretations of histories of globalization.

Keywords: Global novel ,  globalization, global market, dystopia, nation, nation state, victim, body.

Reference:

Junaid, Aboobaker. (2020) Pognon Gombe. Kottayam: DC books.
Mahesh, M R. (2010). Malayala Novelum Deseeyathaum, Thiruvanthapuram: Keralasarvakalasala.
Ramakrishnan T D. (2019). Mama Africa, Kottayam: DC books.
Shaji, Jacob. (2018). Adhunikananthara Malayala Novel, Thiruvananthapuram: Kerala Bhasha Institute.
Sreekumar, E P. (2021) Dravyam. Kottayam: DC books.
Steven Grosby, Nationalism a very short introduction, Oxford: Oxford University Press.
Anthony, D Smith. (2003). Nationalism and Modernism, London: Routlege.
Ganguly, Debjany. (2016). This Thing called the World:  The contemporary Novel as Global Form. Durham: Duke University Press.
Dr. Liji. N
Associate Professor Malayalam
Govt. College Kasaragod
Vidya Nagar 
Pin: 671121
India
Ph: +91 9446312793
Email:  niranjanaliji@gmail.com
ORCID: 0009-0008-2326-1891 

ആഗോളനോവലിലെ ദേശചരിത്രനിര്‍മ്മിതി: ഇ.പി. ശ്രീകുമാറിന്‍റെ ദ്രവ്യം എന്ന നോവലിനെ മുന്‍നിര്‍ത്തിയുള്ള അന്വേഷണം

ഡോ. ലിജി എന്‍

ആഗോളീകരണത്തിന്‍റെ സാംസ്കാരികരൂപങ്ങള്‍ എന്ന വിശേഷണം അനുയോജ്യമായ സാഹിത്യഗണമാണ് മലയാളത്തിലെ പുതുനോവലുകള്‍. പ്രാദേശികനോവലുകളുടെ സ്ഥലപരമായ വ്യാപ്തിയെ മറികടന്ന് ദേശങ്ങളുടെയും രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് വളര്‍ന്ന് ആഗോളതലത്തിലെ പ്രമേയങ്ങള്‍, ഉള്ളടക്കം, സംസ്കാരം എന്നിവയെ അടയാളപ്പെടുത്തുന്ന നിരവധി നോവലുകള്‍ സമകാലിക മലയാളനോവല്‍ സാഹിത്യത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ആഗോള ചരിത്രത്തിന്‍റെ വ്യാഖ്യാനങ്ങളായിത്തീരുന്നു നോവലുകള്‍ എന്നത് സവിശേഷമായ ഒരു പരിണാമമാണ്. യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും വംശീയഹത്യകളുടെയും ഭൂമിശാസ്ത്രപരമായ രാഷ്ട്രീയം നോവലുകളില്‍ സവിശേഷ ആഖ്യാനമായി ആവിഷ്കരിക്കപ്പെടുന്നു. യുദ്ധങ്ങളും പലായനങ്ങളും കൊണ്ട് നിസ്സഹായരായിത്തീരുന്ന മനുഷ്യരുടെ സ്വത്വ പ്രശ്നങ്ങളെ ചരിത്രവത്ക്കരിക്കുന്നു നോവലുകള്‍. അധിനിവേശവും സാമ്രാജ്യത്വവും സൃഷ്ടിച്ച ദേശരാഷ്ട്ര നിര്‍മ്മിതികളിലെ പ്രശ്നങ്ങളെ രാഷ്ട്രീയമായി ചര്‍ച്ചചെയ്യുകയും ചെയ്യുന്നു. മലയാളനോവലില്‍ ഉടലെടുത്ത ആഗോളനോവല്‍ സംസ്കാരമാണ് ഈ പ്രബന്ധത്തിന്‍റെ വിഷയം. ആഗോള നോവല്‍ എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ സമകാലിക നോവലുകളിലെ ദേശചരിത്രാഖ്യാനത്തെ പഠനവിധേയമാക്കുകയാണ് പ്രബന്ധത്തിന്‍റെ ലക്ഷ്യം. ഇ.പി. ശ്രീകുമാറിന്‍റെ 'ദ്രവ്യം' എന്ന നോവലിനെ മുഖ്യ പ്രഭവമായി സ്വീകരിച്ചുകൊണ്ടാണ് ഈ വിശകലനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആഗോളവിപണിയുടെ ഇരകളായി മനുഷ്യരും ദേശവും പ്രദേശവും സമൂഹവും പരിണമിച്ച ആഗോളീകരണ ചരിത്രത്തിന്‍റെ വ്യാഖ്യാനങ്ങളായി പ്രാദേശിക നോവലുകള്‍ മാറുന്നുണ്ട് എന്ന നിരീക്ഷണമാണ് ഈ പഠനം മുന്നോട്ടു വയ്ക്കുന്നത്. 

താക്കോല്‍ വാക്കുകള്‍: ആഗോളനോവല്‍, ആഗോളീകരണം, ആഗോളവിപണി, ഡിസ്റ്റോപിയ, ദേശം, ദേശരാഷ്ട്രം, ഇര, ശരീരം.

ആമുഖം 

ആഗോളീകരണത്തിന്‍റെ അനന്തരഫലങ്ങള്‍ സാമൂഹ്യജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ കഴിഞ്ഞ കാല്‍നൂറ്റാണ്ട് സാഹിത്യത്തിന്‍റെ മേഖലയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.  സാഹിത്യചിന്തകളുടെ രൂപഭാവങ്ങളില്‍ ഈ ചലനങ്ങള്‍ പ്രകടമാകുന്നുണ്ട്.  ചെറുകഥയിലും കവിതയിലുമെല്ലാം ഇതിന്‍റെ അനുരണനങ്ങള്‍ കേള്‍ക്കാന്‍ കഴിയുമെങ്കിലും, കാലത്തിന്‍റെ ഈ മാറ്റത്തെ ഏറ്റവും ആഴത്തിലും വിപുലമായും അടയാളപ്പെടുത്തിയത് നോവലുകളാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളത്തിലുണ്ടായ പല നോവലുകളും ആഖ്യാനത്തിലും പ്രമേയത്തിലും  ഭാഷയിലുമെല്ലാം സൃഷ്ടിച്ച പുതിയ മാതൃകകളുടെ പിന്നിലേക്കു ചെന്നാല്‍ ആഗോളതലത്തിലെ സാമൂഹികസാമ്പത്തിക, രാഷ്ട്രീയ ചലനങ്ങളുടെ പ്രേരണ വായിച്ചെടുക്കാന്‍ കഴിയും. ദേശകാലങ്ങളുടെ അതിരുകള്‍ മായ്ച്ചുകൊണ്ട് ആഗോളമായ ലോകബന്ധങ്ങളെയും കാഴ്ചകളെയും സാധ്യമാക്കിയ വിവരവിനിമയ പ്രക്രിയ സാഹിത്യത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഗവേഷണത്തിന്‍റെയും അറിവുല്പാദനത്തിന്‍റെയും സാങ്കേതികതകളുടെയും സങ്കരമായി മാറിയ നോവലുകള്‍ ആ പശ്ചാത്തലത്തിലാണ് പിറവിയെടുത്തത്. അങ്ങനെയാണ് മലയാള നോവല്‍ ആഗോളമായ ഒരു സ്വഭാവം ഈ ഘട്ടത്തില്‍ കൈവരിച്ചത്. ആഗോളരാഷ്ട്രീയം, ആഗോളഭീകരത, ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധങ്ങള്‍ പ്രവാസങ്ങള്‍, രാജ്യാന്തരകുടിയേറ്റങ്ങള്‍, പലായനങ്ങള്‍ എന്നിവയാണ് പ്രാദേശിക രചനകളില്‍ പുതുഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന പുതിയ നോവല്‍ധാര സൃഷ്ടിച്ചത്. ടി.ഡി രാമകൃഷ്ണന്‍റെ മാമ ആഫ്രിക്ക, അന്ധര്‍ ബധിരര്‍ മൂകര്‍, ബെന്യാമിന്‍റെ അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി, ജുനൈദ് അബൂബക്കറിന്‍റെ പൊനോന്‍ ഗോംബെ, ഇ.പി. ശ്രീകുമാറിന്‍റെ മാംസപ്പോര്, ദ്രവ്യം തുടങ്ങിയവ ആഗോളനോവല്‍ എന്ന സങ്കല്പനത്തെ ഉദാഹരിക്കുന്ന സമീപകാല മലയാള നോവലുകളാണ്. ആഗോള സാമ്രാജ്യത്വത്തിന്‍റെ അധീശത്വങ്ങളാല്‍ ഛിന്നഭിന്നമാക്കപ്പെടുന്ന  മൂന്നാം ലോകരാജ്യങ്ങളുടെ ചരിത്രപുനര്‍സൃഷ്ടി ഈ നോവലുകള്‍ക്കെല്ലാം പശ്ചാത്തലമാണ്. ആഗോള ഭീകരതകളുടെയും, വംശീയ കലാപങ്ങളുടെയും ഇരകളായിത്തീരുന്ന പ്രാന്തവത്കൃത മനുഷ്യരുടെ ചരിത്രവും പ്രതിരോധവുമാകുന്നു ഈ നോവലുകള്‍. റെയില്‍വേ ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ജീവിതത്തെയും ആഫ്രിക്കന്‍ ഗോത്രവംശജനതയുടെ ജീവിതത്തെയും പ്രമേയമാക്കുന്ന നോവലാണ് മാമആഫ്രിക്ക. ഇന്തോ ആഫ്രിക്കന്‍ എഴുത്തുകാരിയായ താരാവിശ്വനാഥിന്‍റെ നോവല്‍ രചനയിലൂടെ ഉരുത്തിരിയുന്ന ചരിത്രം കേരളം മുതല്‍ ആഗോളരാഷ്ട്രങ്ങള്‍വരെ വ്യാപിച്ചുനില്‍ക്കുന്നു മാമാആഫ്രിക്കയില്‍. ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മറ്റൊരുനോവലാണ് ജുനൈദ് അബൂബക്കറിന്‍റെ പൊനോന്‍ ഗോംബെ. ആഗോളതലത്തില്‍ ഇസ്ലാമോഫോബിയുടെ ഇരയായിത്തീരുന്ന മുസ്ലീങ്ങള്‍ നേരിടേണ്ടിവരുന്ന സ്വത്വപ്രതിസന്ധിയെ, സുലൈമാന്‍ എന്ന മത്സ്യബന്ധന തൊഴിലാളിയുടെ പീഡാനുഭവമായി ആവിഷ്കരിക്കുന്നു ഈ നോവല്‍. ആഗോള ഭീകരതയുടെ വര്‍ത്തമാന ചരിത്രത്തെ ഇതില്‍ സൂക്ഷ്മമായി അടയാളപ്പെടുത്തിയിരിക്കുന്നു. ആഗോള ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്‍റെ ഇരുണ്ട ചരിത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരുനോവലാണ്. ഇ.പി. ശ്രീകുമാറിന്‍റെ ദ്രവ്യം. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെയും ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ നാവികരുടെയും ജീവിതത്തെ അനാവരണം ചെയ്യുന്ന ഈ നോവല്‍, മലയാളിക്ക് അപരിചിതമായ സമുദ്രാധിനിവേശത്തിന്‍റെ ഡിസ്റ്റോപ്പിയന്‍ ഭാവനയിലൂടെ ദേശചരിത്ര നിര്‍മ്മിതി സാധ്യമാക്കുന്നു. ഈ സവിശേഷതയില്‍ ഊന്നിക്കൊണ്ടാണ് ഈ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. 

ആഗോളനോവല്‍ എന്ന സങ്കല്പം

ആഗോള നോവല്‍ എന്ന ആശയത്തെ സിദ്ധാന്തീകരിച്ചുകൊണ്ട് ദേബ്ജാനിഗാംഗുലി കി വേശെ വേശിഴ രമഹഹലറ വേല ംീൃഹറ.: ഠവല രീിലോുീൃമൃ്യ ചീ്ലഹെ എന്ന പുസ്തകത്തില്‍  ഇങ്ങനെ പറയുന്നു: "വിവരവിനിമയം എന്ന പ്രക്രിയയ്ക്ക് ഇന്ന് ആഗോളമാനങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഗോള നോവല്‍ എന്ന സങ്കല്പം രൂപപ്പെട്ടത്. നോവലിന്‍റെ സ്ഥലപരമായ വ്യാപ്തി ദേശങ്ങളുടെയും മേഖലകളുടെയും പരിധിക്കുപുറത്തേക്ക് വളര്‍ന്നിരിക്കുന്നു എന്നാണ് ഇതിന്‍റെ പ്രാഥമികമായ അര്‍ഥം. സാഹിത്യഭാവനയ്ക്ക് മുന്നിലുള്ളത് പ്രദേശങ്ങളുടെയും സംസ്കാരങ്ങളുടെയും പുറത്തേയ്ക്ക് വ്യാപിക്കുന്ന ഒരു സ്ഥലകാല സംയുക്തമാണ്. ആഗോള യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും ഭൂമിശാസ്ത്ര രാഷ്ട്രീയം, വിവരസാങ്കേതിക വിദ്യയിലൂടെ ഉണ്ടായ ഹൈപ്പര്‍ കണക്ടിവിറ്റി, ഡിജിറ്റല്‍ ഇമേജുകളിലൂടെ നിത്യജീവിതത്തിന്‍റെ ഭാഗമായിത്തീരുന്ന യാതനകള്‍ എന്നിവയാണ് ആഗോളനോവല്‍ എന്ന നോവല്‍ രൂപത്തിന് വഴിയൊരുക്കിയത് എന്ന് പറയാം." (Debjani Ganguly 2016).

ആഗോള നോവല്‍ എന്ന സങ്കല്പത്തോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു കൃതിയാണ് ഇ.പി. ശ്രീകുമാറിന്‍റെ ദ്രവ്യം (2021). ഈ നോവലിന്‍റെ സ്ഥലവിന്യാസം ആഗോളമായ ഒരു ദേശസങ്കല്പത്തെ അനുവര്‍ത്തിക്കുന്നുണ്ട്. കേരളം- ഇന്ത്യ-ഏഷ്യ ആഫ്രിക്ക യൂറോപ്പ് എന്നിങ്ങനെ പടര്‍ന്നു കിടക്കുന്ന ലോകരാജ്യങ്ങളുടെ അധിനിവേശ ചരിത്രത്തില്‍ നിന്നു സൃഷ്ടിച്ച 'ഡിസ്റ്റോപിയന്‍ സമുദ്രഭാവന' നോവലിന് ആഗോളമായ സ്വഭാവം നല്‍കുന്നു. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലെ കടല്‍ക്കൊള്ളക്കാരുടെ (പൈറേറ്റ്സ്) ജീവിതവും പൈറസി വ്യാപാരമേഖലയും സാമ്രാജ്യത്വവുമാണ് നോവല്‍ വിഷയമാക്കുന്നത്. ആഫ്രിക്കന്‍ ദേശങ്ങളെയാണ് നോവല്‍ ചരിത്രവത്ക്കരിക്കുന്നത്. സൊമാലിയയുടെ ദേശചരിത്രവും, തുറമുഖ നഗരമായ ജിബൂട്ടിയയുടെ സൃഷ്ടിയും സമുദ്രാന്തര വാണിജ്യബന്ധങ്ങളും വ്യാപാരങ്ങളും ഈ ചരിത്രത്തിന്‍റെ ഭാഗമാവുന്നു. സമുദ്രവിഭവങ്ങള്‍ കൊള്ളയടിക്കപ്പെട്ട് സുസ്ഥിരമായ വരുമാനമോ, സമ്പദ് വ്യവസ്ഥയോ ഇല്ലാത്ത രാജ്യത്ത് മനുഷ്യര്‍ അതിജീവിക്കുന്നതിന് കണ്ടെത്തിയ മാര്‍ഗ്ഗം കാലാന്തരത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണമായ സാമ്രാജ്യത്വശക്തിയായി പരിണമിച്ചു എന്ന ചരിത്രപാഠത്തിന്‍റെ ആഖ്യാനം നോവല്‍ ഉള്‍ക്കൊള്ളുന്നു. ആഭ്യന്തര കലഹങ്ങളും വംശീയ കലാപങ്ങളും യുദ്ധങ്ങളും കൊണ്ടുണ്ടാവുന്ന അഭയാര്‍ത്ഥി പ്രവാഹങ്ങളും പലായനങ്ങളും കുടിയേറ്റങ്ങളും മനുഷ്യാസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു എന്നതും ദേശചരിത്രത്തിന്‍റെ നിര്‍മ്മിതിയിലൂടെ നോവല്‍ മുന്നോട്ട്വെയ്ക്കുന്നു. ദേശം, ദേശീയത, പൗരത്വം തുടങ്ങിയ സങ്കല്പനങ്ങള്‍ മാനവികതയെ ദൂരീകരിക്കുന്ന രാഷ്ട്രീയ പരികല്പനകളാകുന്നതിന്‍റെ പ്രശ്നങ്ങള്‍ നോവല്‍ ആഖ്യാനം ചെയ്തിരിക്കുന്നു. പൈറസിവ്യാപാരമേഖല അധികാരകേന്ദ്രമാവുന്ന ആഗോളവിപണി ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ശക്തിയായി വളര്‍ന്ന രാഷ്ട്രീയ ചരിത്രത്തെ നോവല്‍ അടയാളപ്പെടുത്തുന്നുണ്ട്.  വിവര സാങ്കേതിക കാലം സാധ്യമാക്കുന്ന അറിവുകളുടെ ശേഖരണത്തെ ആഖ്യാനതന്ത്രങ്ങളിലൂടെ ചരിത്രാത്മകമായി നോവല്‍വത്ക്കരിക്കുക എന്ന ദൗത്യമാണ് ഈ നോവല്‍ നിര്‍വ്വഹിക്കുന്നത്.

2010 സെപ്തംബര്‍ 28 ന് ബോംബെയില്‍ നിന്ന് പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ എം.വി. അസഫാര്‍ട്ട് വെഞ്ച്വര്‍ എന്ന കപ്പലിലെ മലയാളി എഞ്ചിനീയര്‍ ജോര്‍ജ്ജ് ജോസഫിനെയും നാവികരെയും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിയ പത്രവാര്‍ത്തയില്‍ നിന്നാണ് ഈ നോവലിന്‍റെ ആശയലോകം ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നത് ആമുഖത്തില്‍ എഴുത്തുകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കടല്‍ക്കൊള്ളയുടെ വിചിത്രമായ ലോകത്തിലേക്ക് എത്തിച്ചേരാന്‍ നിമിത്തമായത് നാവികന്‍ ജോര്‍ജ്ജ് ജോസഫിന്‍റെ തടവു ജീവിതത്തിന്‍റെ അനുഭവാഖ്യാനത്തില്‍ കൂടിയാണെന്നും നോവലിസ്റ്റ് പറയുന്നു. സമുദ്രങ്ങളും സമുദ്രതീരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യവ്യാപര ബന്ധങ്ങളും ദേശ(ചമശേീി)ത്തിന്‍റെ സംസ്കാരത്തെ നിര്‍ണയിക്കുന്ന ഘടകമായിത്തീരാറുണ്ട്. ലോകരാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ സൊമാലിയയുടെ രാഷ്ട്രീയ ചരിത്രത്തെ നോവലിസ്റ്റ് രൂപപ്പെടുത്തുന്നത് സമുദ്രാധിനിവേശത്തിന്‍റെ ഈ പശ്ചാത്തലത്തിലാണ്.

ഡിസ്റ്റോപ്പിയന്‍ സമുദ്രഭാവനയും ദേശരാഷ്ട്രനിര്‍മ്മിതിയും

യുദ്ധം, അധിനിവേശം, ഭീകരത, പ്രകൃതിദുരന്തം തുടങ്ങി പലകാരണങ്ങളാല്‍ ജീവിതം ദുസ്സഹമായിരിക്കുന്ന സമൂഹങ്ങളെയോ ദേശങ്ങളെയോ ആണ് ഡിസ്റ്റോപ്പിയ എന്ന് സങ്കല്പിക്കുന്നത്. ദുരിതങ്ങളാല്‍ വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യസമൂഹമാണത്. ദ്രവ്യം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് അത്തരമൊരു സമൂഹത്തിലാണ്. പട്ടിണി രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ട സൊമാലിയന്‍ സമൂഹമാണ് ഈ നോവലിന്‍റെ വിഷയം. ലോകമന:സാക്ഷിക്ക് ഞെട്ടലുണ്ടാക്കി കൊണ്ട് 2013 ല്‍ പുറത്തിറക്കിയ 'സൊമാലിക്കുവിശക്കുന്നു' എന്ന ചിത്രം സൊമാലിയുടെ ദാരിദ്ര്യത്തിന്‍റെ ഭീകരാവസ്ഥയെ രേഖപ്പെടുത്തി. സൊമാലിയന്‍ ജനതയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമായിത്തീര്‍ന്നത് കോളനി രാജ്യങ്ങളുടെ നിരന്തര ആക്രമണവും ആധിപത്യവുമാണ്. ഈ അധിനിവേശങ്ങള്‍ സൊമാലിയയിലെ സമുദ്രതീരദേശങ്ങളിലൂടെയായിരുന്നു. സമുദ്ര വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ട് രാജ്യത്തെ കീഴ്പ്പെടുത്തി ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ ശക്തികളോട് നിരന്തരം ഏറ്റുമുട്ടി അരാജകത്വം സൃഷ്ടിച്ച ഒരു സമൂഹത്തിന്‍റെ ശോച്യാവസ്ഥയിലൂടെ രൂപപ്പെടുത്തിയ ഒരു ഡിസ്റ്റോപ്പിയന്‍ സമുദ്രഭാവനയിലാണ് നോവല്‍ ആവിഷ്കരിച്ചിട്ടുള്ളത്.

സമുദ്രവും സമുദ്രതീരവും തുറമുഖ നഗരവും ചേരുന്ന ഒരു ഭൂമിശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ രൂപപ്പെട്ടിട്ടുള്ളത്. കോളനികള്‍ സമുദ്രാധിനിവേശത്തിലൂടെ മൂന്നാം ലോകരാജ്യങ്ങളെ കീഴടക്കി ആധിപത്യം സ്ഥാപിച്ച രാഷ്ട്രീയ ചരിത്രത്തെ സൊമാലിയ കേന്ദ്രമാക്കി പുനര്‍വ്യാഖ്യാനിക്കുകയാണ് നോവല്‍. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യമായി അറിയപ്പെടുന്ന സൊമാലിയയിലെ കടല്‍ക്കൊള്ളക്കാര്‍ ആഗോളരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായ സാമ്രാജ്യത്വ ശക്തിയായി മാറിയിരിക്കുന്നു. ഈ പരിണാമത്തിന് അടിസ്ഥാനമായ രാഷ്ട്രീയ സംഭവങ്ങളെ സൊമാലിയയുടെ ചരിത്രമാക്കി മാറ്റുന്നു നോവല്‍. സമ്പന്ന രാജ്യങ്ങള്‍ സമുദ്രവിഭവങ്ങള്‍ കൊള്ളയടിക്കുകയും ആണവ മാലിന്യങ്ങളടക്കം നിക്ഷേപിച്ചുകൊണ്ടും സൊമാലിയന്‍ കടലിനെയും കടലോരത്തെയും അധീശത്വകേന്ദ്രമാക്കി മാറ്റിയ കഥയാണ് ഓരോ സൊമാലിയക്കാരനും പറയാനുള്ളത്. അത്തരം കഥകളുടെ ആഖ്യാനത്തിലൂടെയാണ് ദേശചരിത്ര നിര്‍മ്മിതി നോവല്‍ സൃഷ്ടിക്കുന്നത്.

ഒരു ദേശത്തിന്‍റെ പൊതുചരിത്രവും ഭൂതകാലവും അടിസ്ഥാനപ്പെടുത്തി സ്വതന്ത്രവും സ്വയം പര്യാപ്തവുമായ ഒരു രാഷ്ട്രീയ സമൂഹം കെട്ടിപ്പടുക്കാന്‍ അവകാശമുണ്ടെന്ന തത്വശാസ്ത്രത്തിലധിഷ്ഠിതമായാണ് ദേശം, ദേശീയത തുടങ്ങിയവ രൂപം കൊള്ളുന്നത്. ദേശീയതയുടെ അടിസ്ഥാന ഘടകമായ രാഷ്ട്രം (ടമേലേ), ദേശീയത (ചമശേീിമഹശാെ), ദേശതാല്പര്യം (ിമശേീിമഹ ശിലേൃലെേ), പൗരത്വം (ചമശേീിമഹശ്യേ)  എന്നിവ മിക്ക മൂന്നാംലോക സമൂഹങ്ങളിലും കോളനീകരണത്തെ തുടര്‍ന്ന് വികസിതമാവുന്ന സങ്കല്പനങ്ങളാണ് (എം.ആര്‍. മഹേഷ് 2012:25) നോവലിലെ ചരിത്രം പ്രതിനിധാനം ചെയ്യുന്നത് ഇവയെയാണ്. ദേശരാഷ്ട്രനിര്‍മ്മിതകള്‍ പുറമ്പോക്കുകള്‍ സൃഷ്ടിക്കുന്നു എന്ന ചരിത്രപാഠത്തെ അത് സാധൂകരിക്കുന്നു. ദേശം, ദേശീയത, പൗരത്വം എന്നിവ പ്രശ്നവത്ക്കൃതമാണെന്നും, രാജ്യാന്തര കുടിയേറ്റങ്ങളും പലായനങ്ങളും പ്രവാസങ്ങളും നിത്യമായിത്തീരുന്ന ആഗോളവല്‍ക്കരണകാലം ഇവയെ ഉള്‍ക്കൊള്ളുന്നതെങ്ങനെയെന്നും നോവല്‍ ചരിത്രാപഗഥനം നടത്തുന്നു. വംശീയ കലാപങ്ങളും നരഹത്യകളും രാജ്യാന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും ആഗോള മൂലധനത്തിന്‍റെയും വാണിജ്യത്തിന്‍റെയും രാഷ്ട്രീയ അടിത്തറയില്‍ നിന്ന് രൂപപ്പെടുന്നതാണെന്ന വര്‍ത്തമാനയാഥാര്‍ത്ഥ്യത്തെ നോവല്‍ രൂപപ്പെടുത്തുന്നു. ആഗോള സമ്പദ് വ്യവസ്ഥയുടെ രാഷ്ട്രീയത്തില്‍ ചരക്കുല്‍പ്പന്നങ്ങളാവുകയും ക്രയവിക്രയങ്ങളിലെ ദ്രവ്യങ്ങളായി പരിണമിക്കുകയും ചെയ്യുന്ന മനുഷ്യന്‍, മനുഷ്യസ്വത്വത്തിന്‍റെ അന്യവത്ക്കരണത്തെ നേരിടുന്നു. മനുഷ്യസ്വത്വത്തിന്‍റെ അപഭ്രംശം ആഗോള സമ്പദ് വ്യവസ്ഥയുടെ രാഷ്ട്രീയ യുക്തിയാണെന്ന ആശയത്തെയും 'ദ്രവ്യം' സാധൂകരിക്കുന്നുണ്ട്.

ദേശസ്വത്വവും മനുഷ്യാസ്തിത്വവും

ദേശം, രാഷ്ട്രം എന്നീ സങ്കല്പങ്ങളെ നോവല്‍ പാഠവത്ക്കരിക്കുന്നത് എങ്ങനെയെന്ന് നോക്കാം. മനുഷ്യന്‍റെയും ദേശത്തിന്‍റെയും തന്‍മ (identity) ഉത്പ്പത്തി (Origin) എന്നിവ എന്താണെന്ന് സൂചിപ്പിക്കുന്ന ആഖ്യാനം നോവലില്‍ പലയിടത്തും കാണാം. സൊമാലിയദേശം വടക്ക് ബ്രീട്ടീഷ് സൊമാലിയയും, തെക്ക് ഇറ്റാലിയന്‍ സൊമാലിയയുമായി വിഭജിക്കപ്പെട്ടു. വടക്കന്‍ പ്രവിശ്യയില്‍ നിന്ന് തെക്കന്‍ പ്രവിശ്യയിലേക്കും തിരിച്ചും പലായനം ചെയ്യേണ്ടിവരുന്ന സൊമാലിയന്‍ ജനതയ്ക്ക് സ്വന്തം ദേശം എന്നത് വിദൂരമായ സങ്കല്പം മാത്രമാണ്. സൊമാലിയന്‍ പൈറേറ്റുകളുടെയും, ബന്ദികളായ നാവികരുടെയും അനുഭവത്തില്‍നിന്നു രൂപപ്പെട്ടു വരുന്ന ദേശം, മാതൃരാജ്യം, എന്നീ സങ്കല്പങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അവയിലെ പ്രശ്നങ്ങള്‍ നോവല്‍ അടയാളപ്പെടുത്തുന്നത്.

ദേശസ്വത്വത്തെക്കുറിച്ച് നോവലിലെ ചില ആഖ്യാനങ്ങള്‍ ഇങ്ങനെയാണ്. "ഇന്നും ഞങ്ങള്‍ സൊമാലികള്‍ നോമാന്‍സ് ലാന്‍ഡിലാണ്. സ്ഥിരമായി ആരുടേതുമല്ലാത്ത ലോകത്തിന്‍റെ പുറമ്പോക്ക്." "എന്‍റെ മനസ്സില്‍നിന്നു മാതൃഭൂമി എന്ന സങ്കല്പം ഒഴിഞ്ഞു പോവുകയായിരുന്നു. എന്‍റെ മനസ്സില്‍ നിന്നു രാജ്യം പൂര്‍ണ്ണമായും മാഞ്ഞുപോയിരിക്കുന്നു." (ഇ.പി. ശ്രീകുമാര്‍ 2021:32)

ഇത്തരം ആഖ്യാനങ്ങളാണ് നോവലില്‍ ദേശരാഷ്ട്ര സങ്കല്പങ്ങളെ അഭിസംബോധന ചെയ്യുന്നത്. യാസ്മിന്‍ അഹമ്മദ് എന്ന പൈറേറ്റ് വ്യവസായിയുടെ ജീവിതാനുഭവങ്ങളുടെ സ്മരണയിലാണ് ആദ്യത്തെ രണ്ട് ആഖ്യാനങ്ങള്‍ ഉണ്ടാവുന്നത്. ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിനിവേശത്തിലാണ് സൊമാലിയ വടക്ക് ബ്രിട്ടീഷ് സൊമാലിയയും, പിന്നീട് ഇറ്റാലിയന്‍ സൊമാലിയയായും മാറുന്നത്. ഇറ്റലി രാജ്യം പിടിച്ചെടുക്കുന്നതോടെ സൊമാലിയര്‍ തെക്കന്‍ പ്രവിശ്യയിലെ അഭയാര്‍ത്ഥികളായി തീരുന്നു. രണ്ട് പ്രവിശ്യകള്‍ക്കുമിടയിലുള്ള നോമാന്‍സ് ലാന്‍ഡില്‍ നിസ്സഹായനായി അഹമ്മദ് എന്ന ചെറുപ്പക്കാരന് സ്വന്തം രാജ്യമെന്ന സങ്കല്പം തന്നെ ഇല്ലാതാവുന്നു.  ഉടമസ്ഥാവകാശമില്ലാത്ത ഭൂമിയില്‍ അസ്തിത്വമില്ലാത്തവരായി മാറുന്ന ഇത്തരം മനുഷ്യരുടെ ജീവിത പലായനങ്ങള്‍ മാതൃഭൂമി എന്ന വികാരത്തെ ഇല്ലായ്മ ചെയ്യുന്നു. സ്ഥിരമായ പൗരസമൂഹവും കൃത്യമായി നിര്‍വചിക്കപ്പെട്ട അതിര്‍ത്തികളും ഭരണകൂടവും മറ്റ് രാജ്യങ്ങളുമായി ബന്ധത്തിലേര്‍പ്പെടാനുള്ള ശേഷിയുമാണ് അന്താരാഷ്ട്ര നിയമത്തിനു മുന്നില്‍ രാജ്യം എന്ന പദവി നേടിക്കൊടുക്കുന്നത്. എന്നാല്‍ അധിനിവേശ ശക്തികളുടെ നിരന്തര ആക്രമണംകൊണ്ട് സാമ്പത്തിക മൂലധനത്തിന്‍റെ വിഭവസ്രോതസ്സുകളെല്ലാം കൊള്ളയടിക്കപ്പെട്ടു ദരിദ്രമായിത്തീര്‍ന്ന ഒരു ദേശത്തില്‍ അഭയാര്‍ത്ഥിയാകേണ്ടി വരുന്ന ജനസമൂഹത്തിന്‍റെ പ്രതിനിധിയായ മനുഷ്യര്‍ക്ക് സ്വന്തം ദേശം എന്നത് അപ്രസക്തമായി തീരുന്നു. മനുഷ്യാസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരം ആഖ്യാനത്തെ രൂപപ്പെടുത്തുന്നത്. 

"തന്‍റെ ദേശീയത എവിടെയാണ്? സ്വദേശം എന്ന സങ്കല്പം തന്നെ മായയാണ്?" "നിങ്ങളെന്‍റെ കാര്യമൊന്ന് ആലോചിച്ചു നോക്കൂ. എന്‍റെ രാജ്യമേത്? ദേശമേത്? പേരെന്ത്? ഭാഷയേത്? മതം? തൊഴില്‍? എന്‍റെ സ്വത്വമെവിടെ? കാസിം ഹസ്സന് ഉള്ളിലുള്ള പോള്‍ ജോര്‍ജ്ജിനെ എങ്ങനെ ബഹിഷ്കൃതനാക്കാന്‍ കഴിയും?" (195)

ദേശം, ദേശീയത, പൗരത്വം എന്നിവ പ്രശ്നവത്കൃതമാവുന്ന സന്ദര്‍ഭത്തെയാണ് ഈ നോവലിന്‍റെ ആഖ്യാനം പല സന്ദര്‍ഭങ്ങളിലും ഓര്‍മ്മപ്പെടുത്തുന്നത്. രാജ്യാതിര്‍ത്തിക്കുള്ളില്‍ പൗരന് ലഭിക്കുന്ന ഐഡന്‍റിറ്റിയാണ് പൗരത്വം എന്ന സംജ്ഞ ഉള്‍ക്കൊള്ളുന്നത്. നൊമാന്‍സ് ലാന്‍ഡ് എന്നറിയപ്പെടുന്ന പുറമ്പോക്കില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ ആ ഐഡന്‍റിറ്റിയില്‍ നിന്നു അന്യമായവരാണ്. അഭയാര്‍ത്ഥികളാവേണ്ടിവരുന്ന മനുഷ്യസമൂഹം അനുഭവിക്കുന്ന ഇത്തരം ദേശസ്വത്വപ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ 'Origin' ' എന്നതിന്‍റെ അര്‍ഥരാഹിത്യത്തിലേക്ക് എത്തിച്ചേരുന്ന സന്ദര്‍ഭങ്ങളെയാണ് മേല്‍പ്പറഞ്ഞ രണ്ട് ആഖ്യാനങ്ങള്‍ വ്യക്തമാക്കുന്നത്. പോള്‍ ജോര്‍ജ്ജ് എന്ന മലയാളി ഇന്ത്യക്കാരന്‍ കാസിം ഹസ്സന്‍ എന്ന സൊമാലി പൈറേറ്റ് എന്ന ഐഡന്‍റിറ്റിയില്‍ പൈറസി വ്യവസായ മേഖലയിലെ ഉന്നതശൃംഖലയില്‍ കഴിയുന്ന ആളാണ്. അയാളെ സംബന്ധിച്ചിടത്തോളം സ്വന്തം ദേശമെന്നത് മായയാണ്. ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ നാവികരില്‍ ഒരാളായിരുന്നു അയാള്‍. പത്തുപേരെ സൊമാലിയക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലുള്‍പ്പെട്ട അംഗമാണ് പോള്‍ ജോര്‍ജ്ജ്. എന്നാല്‍ സ്വന്തം ദേശത്തിലെ രേഖകളില്‍ അയാള്‍ മരണപ്പെട്ട വ്യക്തിയാണ്. 

"അപ്രത്യക്ഷനായ ഒരാളെക്കുറിച്ച് ഏഴുവര്‍ഷം ഒരറിയിപ്പുമില്ലാതെ വന്നാല്‍ മരണപ്പെട്ടതായി കണക്കാക്കുമെന്നാണ് രാജ്യത്തെ നിയമം അതുപ്രകാരം പോള്‍ ജോര്‍ജ്ജ് മരിച്ചുപോയി. അയാളുടെ ജോലി പിന്‍തുടര്‍ച്ചാവകാശിയായ ഭാര്യക്ക് ലഭിച്ചതോടെ പോള്‍ ജോര്‍ജ്ജ് എന്ന വ്യക്തിയുടെ സ്ഥാനം ശൂന്യമായി.

"ജീവിച്ചിരിക്കെത്തന്നെ നിയമം കൊണ്ട് സ്വന്തം ദേശവും മണ്ണും അന്യമാവുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യവും പൗരത്വവും അപ്രസക്തമായ സംജ്ഞകള്‍ മാത്രമാണ്" (42)  

"എനിക്കിപ്പോള്‍ സ്വന്തമായി രാജ്യമില്ല. ഒരു രാഷ്ട്രത്തിന്‍റേയും പൗരത്വമില്ല. ഞാന്‍ സൊമാലിയയിലെ പൗരത്വമെടുക്കാം. സൊമാലി ഭാഷ പഠിക്കാം." സൊമാലിയ ഒരു സുന്നി മുസ്ലീം രാഷ്ട്രമാണ്. നീയിവിടെ ചേരില്ല. അതുകൊണ്ട് മടങ്ങിപ്പോയേ തീരൂ." (45)

ഇത്തരം ആഖ്യാനങ്ങള്‍ ദേശ രാഷ്ട്രങ്ങളുടെ വ്യവസ്ഥകള്‍ക്കുള്ളില്‍ അപരനായിത്തീരുന്ന മനുഷ്യന്‍റെ നിലനില്പിനെ അഭിസംബോധന ചെയ്യാന്‍ അപര്യാപ്തമാണെന്ന പ്രശ്നത്തിലേക്ക് വിരല്‍ചൂണ്ടുന്നു. മുസ്ലിം ദേശീയത നിലനില്‍ക്കുന്ന ഒരു രാജ്യത്തിലെ പൗരത്വം പോള്‍ ജോര്‍ജ്ജ് എന്ന മനുഷ്യനെ ഉള്‍ക്കൊള്ളാന്‍ ഒരുക്കമല്ല. ദേശം, ദേശീയത തുടങ്ങിയ നിര്‍മ്മിതികള്‍ രൂപപ്പെടുന്നതിനു മുമ്പ് മനുഷ്യവംശത്തിന് അതിര്‍ത്തികള്‍ ഇല്ലായിരുന്നു. രാഷ്ട്രം എന്ന സങ്കല്പവും, ദേശീയതാബോധവും മനുഷ്യനില്‍ വംശീയവും വര്‍ഗീയവുമായ വേര്‍തിരിവുകള്‍ സൃഷ്ടിച്ചു. രാജ്യം, ദേശം, ഭാഷ, മതം, തൊഴില്‍ എന്നിവയിലൂടെ സ്വത്വത്തില്‍ നിന്ന് അപരനായി തീരുന്ന മനുഷ്യന്‍റെ പ്രതിരൂപമാണ് കടല്‍ക്കൊള്ളക്കാരനായ കാസിം ഹസ്സന്‍ എന്ന കഥാപാത്രം. ദേശസ്വത്വത്തില്‍ നിന്നും ദേശീയതയില്‍ നിന്നും ബഹിഷ്കൃതരാവുന്ന ജനസമൂഹങ്ങളുടെ പലായനം ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നു. പല വംശീയതകളും ദേശീയതകളും പുറംതള്ളുന്ന മനുഷ്യരുടെ അദ്ധ്വാനത്തെയും നിലനില്പിനെയും ആഗോള മുതലാളിത്തം ഉപകരണമാക്കുന്നതെങ്ങനെയെന്ന് കാസ്സിംഹസ്സന്‍ എന്ന പൈറേറ്റിന്‍റെ രൂപാന്തരത്തിലൂടെ മനസ്സിലാക്കുന്നു. കള്ളക്കടത്തും കൊള്ളയും കള്ളപ്പണവും ഒഴുകുന്ന പൈറസി വ്യവസായ മേഖല ആഗോള വാണിജ്യത്തിന്‍റെ കേന്ദ്രമായിത്തീരുന്നതും ആ കണ്ണിയില്‍ അനേകം മനുഷ്യര്‍ പങ്കാളികളാകുന്നതും ചരിത്രമായി രൂപപ്പെടുത്തുന്നു നോവല്‍.

ആഗോള വിപണിയിലെ ഇരകള്‍

മനുഷ്യനെ ദ്രവ്യമാക്കി പരിണമിപ്പിക്കുന്ന ആഗോള വാണിജ്യതന്ത്രത്തിന്‍റെ ഏറ്റവും വലിയ ഇരകളാണ് സൊമാലിയന്‍ ജനത എന്ന ആഖ്യാനമാണ് നോവല്‍ സൃഷ്ടിക്കുന്നത്. ആഗോള ശ്രേണികളായി വ്യാപിച്ചുനില്‍ക്കുന്ന പൈറസി വ്യവസായ മേഖല ലോകസമ്പദ് വ്യവസ്ഥയ്ക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയതിന്‍റെ ചരിത്രം കൂടിയാണ് ആ ആഖ്യാനം. സൊമാലിയന്‍ കടലുകളിലെ വിഭവസ്രോതസ്സുകള്‍ ലക്ഷ്യമാക്കിക്കൊണ്ടു വ്യാപാരത്തിനു വന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ സൊമാലിയന്‍ ദേശത്തെ കൈയ്യടക്കി അവരുടെ സമുദ്രനിക്ഷേപങ്ങളെ കൊള്ളയടിക്കുന്നു. വിദേശികളുടെ ഈ കൈയ്യേറ്റത്തെ തടയാന്‍ കോസ്റ്റ്ഗാര്‍ഡുകളായി തോക്കെടുത്ത മത്സ്യത്തൊഴിലാളികളാണ് പൈറേറ്റുകളായി മാറിയത്.  കടലില്‍ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനായി മീന്‍പിടുത്തക്കാര്‍ നടത്തിയ പോരാട്ടം.

"വിദേശികള്‍ കടലില്‍ വിഷമാലിന്യം ചൊരിഞ്ഞു. മാലിന്യ കപ്പലുകള്‍ എത്തിയതോടെ കടല്‍ജീവികള്‍ ചത്തുപൊങ്ങാന്‍തുടങ്ങി. ആണവാവശിഷ്ടങ്ങള്‍ വഹിച്ച കപ്പലുകള്‍ എത്തി. കാഡ്മിയം, മെര്‍ക്കുറി ഇതരലോഹങ്ങളും കടല്‍ജലത്തില്‍ ലയിച്ചു. വെള്ളം മാത്രം ആശ്രയിച്ചു വന്ന സൊമാലികള്‍ക്കൊക്കെയും രോഗികളായി മറ്റ് നിവൃത്തികളൊന്നും ഇല്ലാതെ വന്നപ്പോഴാണ് ഞങ്ങള്‍ പൈറേറ്റുകളാവുന്നത്. പൈറസി വ്യവസായ മേഖലയിലെ പാര്‍ട്ട്ണര്‍ മാത്രമാണ്" (29-30) 

"മോചന ദ്രവ്യം റാന്‍സം അത് പൈറസി വ്യവസായത്തിന്‍റെ മൂലധനമാകുന്നു. രാഷ്ട്രസമ്പദ് വ്യവസ്ഥയുടെ മുഖ്യഭാഗം. നികുതി വരുമാനത്തിന്‍റെ പ്രധാന പങ്ക്. വിദേശനാണയശേഖരത്തിന്‍റെ ശ്രോതസ്സ്, നിരവധി പ്രസ്ഥാനങ്ങളുടെ കുടുംബങ്ങളുടെ ആശയം, അന്താരാഷ്ട്ര സര്‍ക്കാരേതര ധര്‍മ്മസ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്സ്ചേഞ്ച്, എം.പി.എച്ച്. ആര്‍.പി. ഇന്‍ഷൂറന്‍സ് കമ്പനികള്‍, ആയുധക്കച്ചവടക്കാര്‍, റിയല്‍ എസ്റ്റേറ്റുകള്‍, വക്കീല്‍മാര്‍, താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാര്‍ ചെറുതും വലുതുമായ നിരവധി പൈറേറ്റുകള്‍ അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍- പൈറസി വ്യാവസായ ശൃംഖല പരന്നുകിടക്കുന്ന രണ്ട്ദശലക്ഷം ചതുരശ്ര മൈല്‍ കടല്‍പ്പരപ്പില്‍".(26)

"പുട്ലാന്‍റ് സൊമാലിയന്‍ ചെറുപ്പക്കാരുടെ സ്വപ്നഭൂമിയാണ്. മണ്ണും പെണ്ണും പണവും മോഹിച്ച് നൂറുകണക്കിന് യുവാക്കളാണ് കൊള്ളക്കാരാല്‍ ഇവിടെത്തുന്നത്. ഒരു നേരത്തെ ആഹാരം രാജ്യത്തിന് നല്‍കാന്‍ പറ്റാത്തതാണ് യുവാക്കളെ കൊള്ളക്കാരാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കള്ളക്കടത്തും, കൊള്ളയും നിത്യതൊഴില്‍ എന്നതിനപ്പുറം വിനോദമായി മാറിയിരിക്കുകയാണ്. (72)

പൈറേറ്റുകളിലൂടെ ഉരുത്തിരിയുന്ന ഈ ചരിത്രാഖ്യാനം സൊമാലിയ രാജ്യത്തിന്‍റെ വര്‍ത്തമാന അവസ്ഥയ്ക്ക് നിദാനമായ രാഷ്ട്രീയമായി നോവല്‍ വിഭാവനം ചെയ്യുന്നു. ഭരണകൂടത്തിന് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയാത്തിടത്ത് അരാജകത്വവും കൊള്ളയും കൊലയും പെരുകുന്നു. സൊമാലിയയിലെ സാധാരണ മനുഷ്യരുടെ അതിജീവനത്തിന്‍റെ പാതയിലാണ് പൈറേറ്റുകള്‍ എന്ന ഒരു വര്‍ഗം സൃഷ്ടിക്കപ്പെട്ടതെന്ന ആഖ്യാനം നിര്‍മ്മിക്കുന്നതിലൂടെ നോവല്‍ ചരിത്രവത്ക്കരണത്തിന്‍റെ ദൗത്യം നിര്‍വ്വഹിക്കുന്നു.

പെണ്ണും പ്രകൃതിയും: ആഗോളവിപണിയിലെ ഇരകള്‍

ദ്രവ്യത്തിലെ പെണ്‍ജീവിതങ്ങളുടെ ആഖ്യാനം ഇരകളുടെ ആഖ്യാനമായാണ് നില്‍ക്കുന്നത്.  അധിനിവേശത്തിന്‍റെ ഭൂമിയായി തീര്‍ന്നതുപോലെ സൊമാലിയന്‍ പെണ്‍ ശരീരങ്ങളും പട്ടാളത്തിന്‍റെയും പോലീസിന്‍റെയും ഇരകളായിരുന്നു. സൊമാലിയന്‍ പെണ്ണിന്‍റെ വിധിയായിട്ടാണ് ഈ കീഴടക്കലുകളെ സ്വന്തം സമൂഹം കണ്ടിരുന്നത്.  രാജ്യത്തിനകത്തെ വംശീയ യുദ്ധങ്ങളിലും കലാപങ്ങളിലും ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍, ശരീരം വില്‍ക്കുന്ന വേശ്യകള്‍, വാടകഗര്‍ഭപാത്രത്തിലൂടെ ലക്ഷങ്ങള്‍ നേടുന്ന സറോഗേറ്റ് അമ്മമാര്‍ എന്നിവരെല്ലാം പൈറസി വ്യവസായത്തിന്‍റെ കണ്ണികളാണ്. നോവലില്‍ നാദിയ എന്ന പെണ്‍കുട്ടിയുടെ ജീവിതം അനാവരണം ചെയ്യുന്നത് പെണ്‍ ചരക്കുല്‍പ്പാദനത്തിന്‍റെ സന്ദര്‍ഭത്തെയാണ്. ഇരകളാക്കപ്പെടുന്ന സ്ത്രീശരീരത്തിന്‍റെ ഏറ്റവും വലിയ വിപണിമൂല്യമായാണ് വാടകഗര്‍ഭധാരണം ചിത്രീകരിക്കപ്പെടുന്നത്. ക്രൂരമായ ലൈംഗിക പീഡനമായും ഹിംസയായും മാറുന്ന പെണ്‍ലിംഗഛേദം സൊമാലിയന്‍ പെണ്ണിനുമേല്‍ രാജ്യവും വംശവും പൗരുഷവും നടത്തുന്ന അധിനിവേശ ആക്രമണങ്ങളാണ്. ഈ ആചാരത്തെ എതിര്‍ക്കുന്ന ഫിലാന്‍ എന്ന പെണ്‍കുട്ടിയുടെ പ്രതിരോധ ചരിത്രവും നോവല്‍ ആഖ്യാനം ചെയ്യുന്നുണ്ട്. ആഗോളവിപണിയെ സമ്പന്നമാക്കുന്ന പൈറസി വ്യാപാരമേഖലയില്‍ മണ്ണും മനുഷ്യരും ഏറ്റവും വിലയുള്ള ഉപഭോഗവസ്തുക്കളാണെന്ന ചരിത്രമാണ് നോവല്‍ നിര്‍മ്മിക്കുന്നത്. സാങ്കേതിക വ്യവസായത്തിന്‍റെ വളര്‍ച്ചയില്‍ കൊള്ളയടിക്കപ്പെടുന്ന മനുഷ്യവിഭവങ്ങളും ഭൂഭാഗങ്ങളും ആഗോളവിപണിയില്‍ മൂലധനങ്ങളായിത്തീരുന്നു. മനുഷ്യനും ദ്രവ്യവും സമീകരിക്കപ്പെടുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്കകത്ത് വംശത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും ഹീനവെറികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുമെന്ന തത്വത്തെക്കൂടി നോവലിലെ ആഖ്യാനം ഉള്‍ക്കൊളളുന്നു.

ഉപസംഹാരം

ആഗോളീകരണകാലത്ത് ആഗോള വിപണിയും ധനവിനിമയവും ഏത് പ്രദേശത്തിന്‍റെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സര്‍ഗ്ഗാത്മക ഭാവനകളുടെ ഇടങ്ങള്‍ ഈ സന്ദര്‍ഭത്തെ ആവോളം പ്രതിനിധാനം ചെയ്യുന്നതിന്‍റെ മാതൃകകളാണ് ഇത്തരം നോവലുകള്‍. മനുഷ്യജീവിതത്തെ നിര്‍ണയിക്കുന്നത് വിപണിയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന ആഗോള സമൂഹത്തെയാണ് 'ദ്രവ്യം' വിഭാവനം ചെയ്തത്. ചരിത്രവും നോവലും തമ്മിലുള്ള അതിര്‍വരമ്പുകളെ ലഘൂകരിച്ചുകൊണ്ട് ചരിത്രാഖ്യാനത്തെ നോവലാഖ്യാനമായി മാറ്റാനുള്ള ശ്രമമമാണ് ഈ നോവല്‍. പ്രാന്തവത്കൃതവും തിരസ്കൃതവുമായ ചരിത്രപുനര്‍സൃഷ്ടിയുടെ ആഖ്യാനരൂപങ്ങളായി നോവലുകള്‍ നിലനില്‍ക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍ ഭീകരതയ്ക്കിടയില്‍ മറഞ്ഞുനില്‍ക്കുന്ന മനുഷ്യചരിത്രത്തെ അപനിര്‍മ്മിക്കുകയാണ് നോവല്‍. മനുഷ്യത്വവത്ക്കരണം ഒരു ഭാഗത്തും, വസ്തുവത്ക്കരണം മറുഭാഗത്തുമായി നില്‍ക്കുന്ന മനുഷ്യസമൂഹത്തിന്‍റെ പരിണാമചരിത്രമായിട്ടാണ് ഈ നോവലിലെ ആഖ്യാനം നില്‍ക്കുന്നത്. 

സഹായക ഗ്രന്ഥങ്ങള്‍

ജുനൈദ്, അബൂബക്കര്‍. (2020) പൊനോന്‍ഗോംബെ, കോട്ടയം: ഡി സി ബുക്സ്.
മഹേഷ്,എം.ആര്‍. (2010). മലയാളനോവലും ദേശീയതയും. തിരുവനന്തപുരം: കേരള സര്‍വ്വകലാശാല.
രാമകൃഷ്ണന്‍ ടി ഡി. (2019). മാമആഫ്രിക്ക. കോട്ടയം: ഡി സി ബുക്സ്.
ഷാജി, ജേക്കബ്. (2018). ആധുനികാനന്തരമലയാളനോവല്‍. തിരുവനന്തപുരം: കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്.
ശ്രീകുമാര്‍, ഇ.പി. (2021). ദ്രവ്യം. കോട്ടയം: ഡിസിബുക്സ്.
Steven Grosby. (2005). Nationalism a very short introduction. Oxford: Oxford University Press.
Anthony, D Smith. (2003). Nationalism and Modernism. London: Routlege.
Ganguly, Debjany. (2016). This Thing called the World:  The contemporary Novel as Global Form. Durham: Duke University Press.
Dr. Liji.N
Associate Professor Malayalam
Govt. College Kasaragod
Pin: 671121
India
Ph: +91 9446312793
Email:  niranjanaliji@gmail.com
ORCID: 0009-0008-2326-1891