Vishukkavithakal: The Harvest poems in Malayalam

Dr. Sr.Minimol Mathew

A Study based on the harvest poems of  Vailoppilly Sreedharamenon, P Kunjiraman Nair, Pala Narayanan Nair, Sughathakumari who composed magnificent verses about the prosperity of the past, the superficiality of urban life ,the picturesque beauty of villages and the poignant memories of times gone by. These poets of evergreen Kerala have a deep reverence for noble farming and their works emphasize the essential relationship between nature and humankind.Their poems showcase the customs and celebrations specific to farming and agriculture. These poets have witnessed with desperation,the decline of farming culture in modern times. The customs and rituals related to Vishu evoke powerful emotions of a bygone era.Vishukkani, and kaaineettam could be seen as an attempt to recapture the lost beauty.

Keywords:  Vishu, Epic, Farming, Customs, Memory, Nostalgia

Bibliography

Kunjiraman Nair, P. (1966). Thamarathoni. (Pathirappattu) Kottayam: Sahithya Pravarthaka Co-Operative Society Ltd. 
Kunjiraman Nair, P. (1966). Thamarathoni. (Poomottintae Kani) Kottayam: Sahithya Pravarthaka Co-Operative Society Ltd.
Narayanan Nair,  Pala. (1996). Keralam valarunnu- (five volumes) Kottayam: D C Books.
Sreedharamenon, Vailoppilly. (1963). Kaippavallary.Thrissur: Current Books.
Sreedharamenon, Vailoppilly. (1980). Makarakoythu Kottayam: Sahithya Pravarthaka Co-Operative Society Ltd.
Sreedharamenon, Vailoppilly. (1970). Vida. Kottayam:  Sahithya Pravarthaka Co-Operative Society Ltd.
Sreedharamenon Vailoppilly. (1984). Vailoppilly Kavithakal. Kottayam:  Sahithya Pravarthaka Co-Operative Society Ltd.
Dr. Sr. Minimol Mathew
Associate Professor
Dept.of Malayalam
Alphonsa College Pala
Kottayam,Kerala,India
Pin: 686574
Phone: +91 8281688794
Email: minijees2010@gmail.com
ORCID: 0000-0003-2297-9996


മലയാളത്തിലെ വിഷുക്കവിതകള്‍

ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു

നഷ്ടബോധത്തിന്‍റെ തീവ്രതയും ഭൂതകാല സമൃദ്ധിയും  നാഗരികതയുടെ കാപട്യവും ഗ്രാമീണ സൗന്ദര്യദര്‍ശനവും കൂടിക്കലര്‍ന്ന വിഷുക്കവിതകളെഴുതിയ വൈലോപ്പിള്ളി ശ്രീധരമേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, പാലാ നാരായണന്‍ നായര്‍, സുഗതകുമാരി എന്നിവരുടെ കവിതകളെ ആസ്പദമാക്കിയുള്ള പഠനം. ഇവരൊക്കെയും കാര്‍ഷിക കേരളത്തിന്‍റെ കവികള്‍ കൂടിയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ അടയാളപ്പെടുത്തുന്നവയാണ് ഇവരുടെ കാര്‍ഷിക കവിതകള്‍. കൃഷിയുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇവര്‍ കവിതയില്‍ ഇടം നല്കുന്നു. വര്‍ത്തമാനകാലത്തില്‍ നഷ്ടമാകുന്ന കാര്‍ഷിക സംസ്കാരത്തിന്‍റെ സഹവര്‍ത്തിത്വത്തെയും സൗന്ദര്യത്തെയും ആകുലതയോടെ നോക്കി കണ്ട കവികളാണിവര്‍. നഷ്ടപ്പെട്ട കാലത്തിന്‍റെ ഭാവങ്ങളാണ് വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പ്രകടമാകുന്നത്. വിഷുക്കണിയും കൈനീട്ടവും ഈ അര്‍ത്ഥത്തില്‍ നഷ്ടസൗന്ദര്യങ്ങളെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളായി കാണാം .

താക്കോല്‍ വാക്കുകള്‍: വിഷു, ഐതിഹ്യം, കൃഷി, ആചാരം, സ്മൃതി, ലാവണ്യം, ഗൃഹാതുരത്വം

മേടം ഒന്നിന് കേരളീയര്‍ കൊണ്ടാടുന്ന കാര്‍ഷികതയുടെ സ്വപ്നവും സമൃദ്ധിയുടെ ആഘോഷവുമാണ് വിഷു. പ്രകൃതിയുടെ ഉത്സവവും കാര്‍ഷികവിളകളുടെ വിളവെടുപ്പുകാലവുമാണത്. പ്രകൃതിയോടിണങ്ങി കൃഷി ചെയ്തിരുന്ന കാലഘട്ടത്തിന്‍റെ മധുരസ്മരണയാണത്. കൊടും ചൂടിന്‍റെ വറുതിയില്‍നിന്ന് വര്‍ഷത്തിന്‍റെ ആര്‍ദ്രതയിലേയ്ക്ക് സഞ്ചരിക്കുന്ന പ്രകൃതിയുടെ ജീവിതവും അത് നല്‍കുന്ന പ്രത്യാശയുടെ ഉത്സവവുമാണ് വിഷു.

ജ്യോതിശാസ്ത്രപ്രകാരം തുല്യദൈര്‍ഘ്യമുള്ള രാവും പകലും ഉണ്ടാകുന്ന ദിവസമാണ് വിഷു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ വിഷുക്കണി ഒരുക്കുന്നു. കണി കണ്ടതിനുശേഷം വിഷുക്കൈനീട്ടം നല്‍കുന്നു. കണി കാണുകയും കൈനീട്ടം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സത്ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിഷുവിഭവങ്ങളില്‍ ചക്കയും മാങ്ങയും നിര്‍ബന്ധമാണ്. വിഷുക്കട്ട, വിഷുവട, വിഷുക്കണി, വിഷുപ്പുഴുക്ക് എന്നിവയൊക്കെ വിഷുദിനത്തില്‍ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നു. പ്രാദേശികമായ വ്യത്യാസങ്ങളും കണ്ടുവരുന്നു. വിഷുവിന്‍റെ തലേന്നാള്‍ പുതിയ വര്‍ഷത്തെ വരവേല്ക്കുന്നതിന്‍റെ ഭാഗമായി ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുകയും വീട് ശുദ്ധിയാക്കുകയും ചെയ്യുന്നതിന് സംക്രാന്തി എന്നു പറയുന്നു. സൂര്യന്‍ മീനം രാശിയില്‍നിന്ന് മേടം രാശിയിലേയ്ക്ക് സംക്രമിക്കുന്നതാണ് വിഷുസംക്രാന്തി. അതിനു പിറ്റേന്നാണ് വിഷു. സംക്രാന്തി നാളിലെ പ്രധാന തിരുനാളാണ് മഹാവിഷു. വിഷുഫലം സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരതത്തിലെ കാര്‍ഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തില്‍ വിഷു ആയി ആഘോഷിക്കുന്നത്.

വിഷുവിന് ഒരു പൂവും പക്ഷിയുമുണ്ട്. ചൂട് 33 ഡിഗ്രി സെല്‍ഷ്യസിലെത്തി ചെടികളും മരങ്ങളും വെള്ളമില്ലാതെ തളരുമ്പോഴും കൊടുംചൂടില്‍ പൂത്തുലയുന്ന കൊന്ന മലയാളിയുടെ ഉള്‍ക്കരുത്തിന്‍റെ പ്രതീകമാണ്. 'കര്‍ണ്ണികാരം' എന്നു വിളിക്കുന്ന കണിക്കൊന്ന വിഷുക്കാലത്ത് പുഷ്പിക്കുന്നതിനാല്‍ വിഷുച്ചടങ്ങുകളില്‍ സ്ഥാനം പിടിച്ചു. വിഷുപ്പക്ഷി വിഷുവിന്‍റെ വരവറിയിക്കുന്നു. വിഷു ഐതിഹ്യങ്ങളില്‍ ഒരെണ്ണം ശ്രീകൃഷ്ണനുമായും മറ്റേത് ശ്രീരാമനുമായും ബന്ധപ്പെട്ടതാണ്. വിഷുമാറ്റം, വിഷു ഉത്സവം, കുട ഉത്സവം, മാറ്റച്ചന്ത, കണികെട്ട്, കണിവിളി, ചാലിടീല്‍, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം തുടങ്ങിയവ വിഷുവിനോടനുബന്ധമായ ഇതര ചടങ്ങുകളാണ്.

ഗ്രാമവിശുദ്ധിയും കേരളീയ ആഘോഷങ്ങളും വൈലോപ്പിള്ളി ശ്രീധരമേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, സുഗതകുമാരി, പാലാ നാരായണന്‍ നായര്‍ തുടങ്ങിയവരുടെ ഇഷ്ടവിഷയങ്ങളാണ്. കാര്‍ഷികസംസ്കാരവും കേരളസംസ്കാരവും ചോര നീരാക്കുന്ന തൊഴിലാളിയുടെ അദ്ധ്വാനശക്തിയും ഇവര്‍ ഏറെ ഇഷ്ടപ്പെട്ടു. സമൂഹത്തിന്‍റെ അടിത്തട്ടിലുള്ളവരുടെ വേദന ഇവര്‍ തുറന്നു കാണിക്കുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ പ്രശ്നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുവാനും മറക്കുന്നില്ല. പ്രകൃതി സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ശക്തിയാണെന്ന് ഇവര്‍ മനസ്സിലാക്കുന്നു. മനുഷ്യനെ മനുഷ്യത്വത്തിലേയ്ക്കും ദൈവത്വത്തിലേയ്ക്കും നയിക്കാന്‍ മനുഷ്യനുതന്നെ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കനവും കാതലുമുള്ള കവിതകള്‍ എഴുതിയ ഈ കവികള്‍ വിഷുവും ഇഷ്ടവിഷയമായി തെരഞ്ഞെടുത്തു. അവരില്‍ത്തന്നെ വൈലോപ്പിള്ളിയുടെ കവിതകളില്‍ വിഷുവിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ നിരവധി സന്ദര്‍ഭങ്ങളില്‍ കടന്നുവരുന്നുണ്ട്. 'വിഷുക്കണി' എന്ന പേരില്‍ത്തന്നെ മൂന്നു സമാഹാരങ്ങളിലായി (വിട, കയ്പവല്ലരി, മകരക്കൊയ്ത്ത്) മൂന്നു കവിതകളുണ്ട്. കൂടാതെ 'വിഷുപ്പുലരിയില്‍', 'മേടരാവില്‍', 'കണിക്കൊന്ന', 'കൊന്നപ്പൂക്കള്‍', 'വിത്തും കൈക്കോട്ടും' എന്നിങ്ങനെ വിഷുവുമായി ബന്ധപ്പെട്ട് ധാരാളം കവിതകള്‍ വൈലോപ്പിള്ളി എഴുതിയിട്ടുമുണ്ട്. വ്യത്യസ്തമായ ഒരു ലോകദര്‍ശനവും ലാവണ്യദര്‍ശനവും ഈ കവിതകളിലൂണ്ട്. വിഷുക്കണിയില്‍ ഏറ്റവും ആദ്യത്തേത് 'കയ്പവല്ലരി' എന്ന സമാഹാരത്തിലേതാണ്. "മാവിന്‍ ചുന മണക്കും മേടത്തിന്‍റെ മടിയില്‍ പിറന്നതില്‍" (കയ്പവല്ലരി - വിഷുക്കണി) അഭിമാനിക്കുന്ന കവി മേടവെയിലിന്‍റെ ഊര്‍ജ്ജവും പ്രകാശമാനതയും എപ്പോഴും ഉള്‍ക്കൊള്ളുകയും അതിലേയ്ക്ക് നാടിനെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഗൃഹാതുരതയ്ക്കുള്ളിലും കവിതകളിലെല്ലാം നിറയുന്ന വെയിലും അന്തരീക്ഷമാകെയുള്‍ക്കൊള്ളുന്ന പ്രകാശവും കാണുവാന്‍ സാധിക്കും. ഈ പ്രകാശമാകട്ടെ ഊഷരതയെ പ്രതിരോധിച്ചുനില്ക്കുന്നു. ഇളം വെയിലില്‍ കുളിച്ചു നില്‍ക്കുന്ന തന്‍റെ നാട്ടിന്‍പുറത്തുവച്ചാണ് മിക്ക കവിതകളും എഴുതിയത്. ഓണത്തെക്കുറിച്ച് ധാരാളം കവിതകളെഴുതിയ കവിയുടെ ലോകദര്‍ശനം വിഷുവിലും കാണുവാന്‍ സാധിക്കും. 

മേടമാസ വെയിലിന്‍റെ അപദാനങ്ങള്‍ക്കിടയിലും കണിക്കൊന്നയും മാവും പൂക്കുന്ന മലനാടിന്‍റെ വാഴ്ത്തലുമായി കവിതയാരംഭിക്കുന്നു.

"മഴയെപ്പുകഴ്ത്തട്ടേ മണ്ഡൂകം, മാവിന്‍ ചുന
മണക്കും മേടത്തിന്‍റെ മടിയില്‍ പിറന്ന ഞാന്‍
സ്വര്‍ഗ്ഗവാതില്‍പ്പക്ഷിയോടൊപ്പമേ വാഴ്ത്തിപ്പാടു
മുദ്ഗളം, മലനാടു വേനലിന്നപദാനം!"

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം ഇവിടെ കാണുവാന്‍ സാധിക്കും. കനത്തു വരുന്ന ചൂടില്‍ മറുവശം തേടാന്‍ ആഗ്രഹിക്കുമ്പോഴും "ഈ വെയ്ലില്‍പുതു വേട്ടാളന്‍ കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം വിഹരിക്കുന്ന"തില്‍ കവി ആനന്ദിക്കുന്നു. നാടന്‍ ജീവിതവും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ ചില ചിത്രങ്ങളും ഗന്ധങ്ങളും കൊണ്ട് നിബിഡമാണ് കവിതകള്‍.

നാട്ടുമാമ്പഴങ്ങളുടെ സ്വാദും വയലിന്‍ കച്ചിപ്പുകമണവും കശുവണ്ടിയുടെ കോമാളിച്ചിരിയും, കാറ്റില്‍ തെങ്ങിന്‍ മടലിന്‍റെ ഓലകള്‍ ഇളക്കുന്നതും കുളങ്ങളുടെ പഞ്ചാരമണല്‍ത്തിട്ടും തേക്കുകാരുടെ പാട്ടും നാടന്‍ ചക്കിന്‍ ഞരക്കവും കണിക്കൊന്നപ്പൂവും നല്ലനദ്ധ്യായവും എല്ലാം കൂടിച്ചേര്‍ന്ന് പ്രകൃതി-മനുഷ്യന്‍ പാരസ്പര്യം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കവിതയുടെ ആദ്യഭാഗത്ത് വേനലിനെ വാഴ്ത്തിപ്പാടുന്നു. വേനല്‍ മാത്രമല്ല കാലവും ദേശവും നാട്ടുജീവിതവുമെല്ലാം തിരക്കിട്ടാര്‍ത്തിരമ്പിവന്ന് മുഖദര്‍ശനം നടത്താന്‍, കണികാണാന്‍ വെമ്പുന്ന ഗ്രാമീണ നാട്ടുവഴക്കങ്ങളുടെ ആലേഖനമായിക്കൂടി കവിത മാറുന്നു. വിഷുക്കണി വെറുമൊരു കണിവയ്ക്കലും  കാഴ്ചയുമല്ല. അത് സൂക്ഷ്മമായ ഗ്രാമദര്‍ശനവും ജീവിതദര്‍ശനവും വെളിപ്പെടുത്തുന്നു. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ ഐശ്വര്യദായകമായ പുതിയൊരു ജീവിതത്തിലേയ്ക്കുള്ള മാറ്റം സംഭവിക്കുന്നു. തൊടിയിലും തൊഴുത്തിലും തുളസിത്തറയിലും നിറഞ്ഞുനില്‍ക്കുന്ന പ്രേയസിയുടെ സ്നേഹത്തിന്‍റെ പ്രകാശനാളം പുഞ്ചനെല്പ്പാടത്തെ തന്‍റെ അദ്ധ്വാനത്തെ ഫലവത്താക്കുന്നു.

"എന്തൊരത്ഭുതം,കൊന്നപ്പൂങ്കുലവാരിച്ചാര്‍ത്തി
സുന്ദരസ്മിതം തൂകി നില്ക്കുന്നു നീയെന്‍ മുന്നില്‍" 
"പിരിയാതെന്നേയ്ക്കുമായ് കൈപിടിക്കവേ,നിന്‍റെ
ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍"

(കയ്പവല്ലരി - വിഷുക്കണി)

വിഷുവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഏറ്റവും പ്രധാനം വിഷുക്കണിയും കൈനീട്ടവുമാണ്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറയ്ക്കുന്നു. ഒപ്പം അലക്കിയ മുണ്ട്, പൊന്ന്, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടയ്ക്ക, വെറ്റില, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവ വയ്ക്കുന്നു. കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്ക്, നാളികേരപകുതി എന്നിവയും ശ്രീകൃഷ്ണന്‍റെ വിഗ്രഹവും വയ്ക്കുന്നു. കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ ഒഴിച്ചുകുടാന്‍ പറ്റാത്ത ഘടകമാണ്. പടക്കം, പൂത്തിരി, മത്താപ്പ് എന്നിവ കത്തിച്ച് സന്തോഷം പങ്കിടുന്നു.

"വെള്ളിപോല്‍ വിളങ്ങുന്നൊരോട്ടുരുളിയും
കണിവെള്ളരിക്കയും തേങ്ങാമുറികള്‍, തിരികളും
കൊന്നയും പൊന്നും ചാര്‍ത്തിച്ചിരിക്കും മഹാലക്ഷ്മി
തന്നുടെ കണ്ണാടിയും ഞെറിഞ്ഞ കരമുണ്ടും
അരി കുങ്കുമച്ചെപ്പും ഐശ്വര്യമഹാറാണി
യ്ക്കരങ്ങു ചമയ്ക്കുവാനമ്മയ്ക്കു വശം പണ്ടേ
കണികണ്ടു ഞാന്‍, പിന്നെ കൈനീട്ടം മേടിച്ചു ഞാന്‍
അനുജത്തിമാര്‍ കാണ്‍കെ പ്പൂത്തിരി കത്തിച്ചു ഞാന്‍
അടുത്തുമകലത്തും നാടിനെയുണര്‍ത്തുന്ന
പടക്കം പൊട്ടിക്കലുമാര്‍ക്കലും തിമിര്‍ക്കലും" 

(വിട: വിഷുക്കണി)

"വീടു തോറുമേ കണി നിരന്നിട്ടതില്‍ വിളയാടുമോ 
നീയെല്ലാര്‍ക്കുമന്നപൂര്‍ണ്ണയാം ദേവീ" (വിട: വിഷുക്കണി) 
എന്ന ദര്‍ശനം കവിയെ പിന്തുടരുന്നു.
"കണികാണുവാന്‍ വരൂ കണ്‍ തുറക്കാതെ കുട്ടാ" 

(വിട: വിഷുക്കണി)

എന്ന അമ്മയുടെ നിര്‍ദ്ദേശം പാലിക്കാന്‍ തനിക്ക് സാധിക്കാതെപോയി. ഇടയ്ക്ക് കണ്ണുകള്‍ അറിയാതെ തുറന്നുപോയി. മറുപുറം കാണുമ്പോഴും മുന്‍പോട്ടു പോകുമ്പോഴും പിന്നിട്ടവ മറക്കാതിരിക്കുന്ന വ്യക്തിപരവും ദാര്‍ശനികവുമായ സവിശേഷത വിഷുവിന്‍റെ നിറകണി കാണുവാന്‍ ക്ഷണിക്കുന്നതിലും അത് കാണുന്നതിനു മുന്‍പേ നിറഞ്ഞ ഇരുട്ടിയേയ്ക്ക് കണ്‍തുറക്കാന്‍ കവിയെ നിര്‍ബന്ധിക്കുന്നതിലും കാണുന്നുണ്ട്.

"കണി കാണ്മതിന്‍ മുന്നേ കണ്‍തുറന്നിട്ടാവാം
ഞാനിനിയാപ്പുലര്‍ക്കാലം വരെയുമസംതൃപ്തന്‍"

എന്ന രാഷ്ട്രീയവും ദാര്‍ശനികവുമായ തന്‍റെ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ കവിത അവസാനിക്കുന്നത്.

കണികാണല്‍ എന്ന സങ്കല്പത്തിനും പ്രക്രിയയ്ക്കും അര്‍ത്ഥവത്താകാന്‍ കഴിയുന്നത് സമത്വചിന്തയുടെ ഫലത്തിലാണ്. മകരക്കൊയ്ത്തിലെ 'വിഷുക്കണി' രൂപത്തിലും ഭാവത്തിലും മറ്റു രണ്ട് 'വിഷുക്കണി' കവിതകളില്‍നിന്നും വ്യത്യസ്തമാണ്. 1977-ല്‍ നിലവില്‍ വന്ന ദേശീയ അടിയന്തിരാവസ്ഥയെ പ്രത്യക്ഷമായി വിമര്‍ശിച്ചും പ്രതിഷേധിച്ചുമെഴുതിയ രചന വിഷുവും അതിന്‍റെ ഗ്രാമീണമായ ആഘോഷങ്ങളുമെല്ലാം പിന്തള്ളി സമകാലിക രാഷ്ട്രീയം പ്രതിപാദിക്കുന്ന കവിത.

"കനകകിങ്ങിണി വള കൈമോതിരമണിഞ്ഞു
വായുണ്ണീ കണി കാണ്മാന്‍" 

എന്നു ക്ഷണിക്കുന്നു.

ആടയാഭരണങ്ങളോടും കൂടി വന്ന് സമ്പന്നതയേയും സമൃദ്ധിയേയും ആഘോഷിക്കാനുള്ള ക്ഷണം,  കാണേണ്ടിവരുന്ന കണിയുടെ ഭയാനകത നിമിത്തം അതിന്‍റെ ആന്തരവൈരുദ്ധ്യത്തെ പൂര്‍ത്തീകരിക്കുന്നു. പൊന്നൊളി വഴിയുന്ന ഐശ്വര്യപരിപാടിയായി ഉരുളിയില്‍ കേരമുറികളും കത്തിയെരിയുന്ന തിരിയും കണിമലച്ചാര്‍ത്തും തെളിനീര്‍ക്കിണ്ടിയും വാല്‍ക്കണ്ണാടിയും പുടവയും നറുക്കൂട്ടിന്‍ ചമയവും ഒത്തിണങ്ങിയ ഐശ്വര്യക്കൂട്ട്. അതിനിടയില്‍

"അരിയ വെള്ളരിക്കണിവേണ്ടും സ്ഥാന
ത്തൊരു കിശോരന്‍റെ മൃതദേഹം
മുഖത്തു മാവിധ മുടലിലും നീല
ച്ചുകപ്പു മുറ്റിയ ചതവുകള്‍"

തനിക്ക് ഹിതകരമല്ലാത്തതെല്ലാം വധിച്ച് അതിനെ ആഘോഷമാക്കി മാറ്റുന്ന അധികാരശക്തിവിനോദത്തിന്‍റെ ജനജീവിതത്തിലേയ്ക്കുള്ള കടന്നുകയറ്റമാണ് പുതിയൊരു കണിയുടെ ആനന്ദമായി മുന്നില്‍ വരുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ അധികാരശക്തിയുടെ സ്വാര്‍ത്ഥഭരിതമായ അടിച്ചമര്‍ത്തലുകളും പീഢനങ്ങളും അഭിപ്രായസ്വാതന്ത്ര്യനിഷേധവും മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടലുമെല്ലാം ഉത്തുംഗാവസ്ഥയില്‍ എത്തിയിരുന്ന സന്ദര്‍ഭത്തില്‍ സമൂഹത്തിന് ഇത്തരമൊരു കണി കാണേണ്ടിവരുന്നു.

ആധുനികയൗവനപ്രസരിപ്പിന്‍റെയും കര്‍മ്മോത്സുകതയുടെയും പ്രതീകമായിരുന്ന എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജനെ പോലീസ് ക്രൂരമായും അതിനിഗൂഢമായും കൊന്നുതള്ളിയ ചരിത്രസംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് 'വിഷുക്കണി' നിരത്തി കവി പ്രതിഷേധിക്കുന്നത്. ഇതിനെല്ലാം കാരണക്കാരനായ വലിയമ്മാവന്‍ 'പൊറുക്കില്ലക്രമമൊരുതരവു'മെന്ന് പിറുപിറുത്തും വിഷുക്കൈനീട്ടം നല്കാനായി പണപ്പൊതി തിരഞ്ഞും തനിക്കൊന്നുമറിയില്ലെന്ന് കൈമലര്‍ത്തിയും കൈയിലെ ഭാഗ്യരേഖ തിരഞ്ഞും കഴിയുന്നു. വിഷുസങ്കല്പത്തിലെന്നല്ല ജനഹിതത്തിനുപോലും എതിരായി നില്ക്കുന്ന അധികാരശക്തിയോട് കവി രൂക്ഷമായി പ്രതികരിക്കുന്നു.

"ചെറുതുമക്രമമമര്‍ത്തുവാന്‍ നിങ്ങ
ളറുപിശാചരെ വളര്‍ത്തുന്നു
അവര്‍ നടത്തിടും മനുജമേധത്തിന്‍
ശവങ്ങളെ നിങ്ങള്‍ ചുമക്കുന്നു."

അതൊന്നും വലിയമ്മാവന്‍ കേള്‍ക്കുന്നില്ല. പുതിയ നാളിനെ പുകഴ്ത്തുവാന്‍ കോഴികള്‍ ഉദയകാഹളം മുഴക്കുമ്പോള്‍ ഇവിടെ മരണമെന്ന കാലന്‍കോഴി ഇടയ്ക്കിടെ കൂവി സ്തുതിക്കുന്നു. നാടിനെ നടുക്കിയ കൊലപാതകത്തിന്‍റെയും പീഢനത്തിന്‍റെയും ആഘാതങ്ങളാണ് ഐശ്വര്യദായകമായ കണിയുരുളിയുടെ നടുക്ക് കിശോരജഡമായെത്തി നമ്മെ ഭീതിപ്പെടുത്തുന്നത്. അമ്മയുടെ നിലവിളിയാല്‍ സമൂഹമനസ്സില്‍ അത് ചെന്നെത്തുന്നു.

അമ്മയോട് അടങ്ങുവാന്‍ പറയുമ്പോഴും ഈ 'മൂര്‍ഖരൊഴിവോളം മലനാടിന്‍റെ മക്കള്‍ അടങ്ങില്ല' എന്ന അമ്മയുടെ നിലവിളിയും കേള്‍ക്കുന്നു. മരിച്ചവര്‍ വന്ന് ലോകത്തെ നയിക്കുന്നു എന്നു പറഞ്ഞുകൊണ്ട് കവിത അവസാനിപ്പിക്കുന്നു. അടിയന്തിരാവസ്ഥയുടെയും അതിനു കാരണമായ ഏകാധിപത്യഭരണത്തിന്‍റെയും പൂര്‍വ്വദര്‍ശനം കൂടിയായി കവിത മാറുന്നു.

'മേടരാവില്‍' എന്ന കവിതയില്‍ വാകപ്പൂവിനാല്‍ കുങ്കുമമണിഞ്ഞുനില്ക്കുന്ന പ്രകൃതിയേയും കണിക്കൊന്ന ചാര്‍ത്തിനില്ക്കുന്ന മണ്ണിനേയും വിവരിക്കുന്നു.

"മേടത്തിന്‍ കൊടും ചൂടുമിരട്ടിപ്പിക്കും മട്ടില്‍
കോടക്കാര്‍നിരവന്നു മാനത്തു വിലസുമ്പോള്‍
ഇതിനോ വാകപ്പൂവാല്‍ കുങ്കുമമണിഞ്ഞു നീ
യിതിനോ, കണിക്കൊന്നചാര്‍ത്തിനിന്നു നീ മണ്ണേ"

മേടത്തിന്‍റെ കൊടും ചൂടും കോടക്കാര്‍നിരയും മാനത്തു വിലസുമ്പോള്‍ പാവം ഊഴിപ്പെണ്ണിനുണ്ടാകുന്ന പാരവശ്യം കവിതയില്‍ വിവരിക്കുന്നു. ഈ കവിത അവസാനിക്കുന്നത് പുതുയുഗപ്രത്യാശയിലാണ്.

"ഹാ വരും വസുന്ധരേ സുചിരപ്രതീക്ഷിത
ശ്യാമസുന്ദരന്‍, പുല്കി നിന്മനം കുളുര്‍പ്പിക്കാന്‍
ഉന്മിഷല്‍പ്പുളകത്താല്‍ പൊന്‍പീലിക്കതിര്‍നീട്ടി
നന്മയില്‍ നൃത്തം ചെയ്യുമെന്നു ഞങ്ങടെ ചിത്തം"

നിരൂപിക്കാതെ എഴുന്നള്ളിയിരുന്ന മംഗളദേവത, ഉണങ്ങി ഉതിര്‍ന്ന കിങ്ങിണി പോലുള്ള സുവര്‍ണ്ണ സുമങ്ങളാല്‍ പൊന്‍കണി വയ്ക്കുന്ന കൊന്നമരം, ആളനക്കമില്ലാത്ത ഇല്ലങ്ങളിലേയ്ക്കും കാവുകളിലേയ്ക്കും നടന്നടുക്കുന്ന ദേവി, അതോടൊപ്പം മനകളിലെ കോവിലകത്തിലും തറവാടുകളിലും സേവനമെന്തെന്തരുളി ചെന്നെത്തുന്ന ദേവി, ഉരുളിയിലെ കണി, കൈനീട്ടത്തിലെ വെള്ളിപ്പണം, സദ്യയിലുള്ള ആവിപറക്കുന്ന ചക്ക പ്രഥമന്‍, ഇവയെല്ലാം 'കൊന്നപ്പൂക്കളില്‍' കവി ദ്യോതിപ്പിക്കുന്നു.

കാലം മാറിയതോടെ അമ്മാവന്‍ ഭരണത്തിന്‍റെ ക്ഷയവും വൈലോപ്പിള്ളിക്കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിഷുക്കൈനീട്ടം വാങ്ങാന്‍ തൊഴിലാളികളും കുടിയാന്മാരും വരാതായ സാഹചര്യത്തില്‍ അപഹാസ്യനാകുന്ന അമ്മാവനെ 'വിഷുപ്പുലരിയില്‍' എന്ന കവിതയില്‍ കാണാം.

"മുറ്റത്തു വരുമിനി
ച്ചില്ലറക്കാരാം ചിലര്‍
വീടിനെച്ചുറ്റിപ്പറ്റി
ക്കഴിയും തൊഴിലാളരെയും
കാത്തിരിപ്പാണ്
പണ്ടാണെങ്കില്‍
കാലണ, യരയണയല്ലെങ്കിലരയ്ക്കാലും"

തംബൂലവും ചിന്തയും തുപ്പിക്കൊണ്ട് സ്വയം മേലാളാകാന്‍ ചില്ലറയുമായി കാത്തിരിക്കുന്ന അമ്മാവന്‍. മണി ഒമ്പതായിട്ടും തന്‍റെ ചെറുതുട്ടിനെ പരിഹസിക്കുന്നതുപോലെ. ചെറുതുട്ട് വാങ്ങാന്‍ ആരും എത്തുന്നില്ല. ആരെയും കാണുന്നില്ല. കുടിയാന്മാരും തൊഴിലാളികളും സ്വന്തം സ്ഥിതി മെച്ചപ്പെടുത്തുകയും അഭിമാനബോധം കൈവരിക്കുകയും ചെയ്തു. കുടികളില്‍ നിന്ന് പടക്കങ്ങള്‍ പൊട്ടുന്നതും പിന്നീട് സ്ത്രീപുരുഷന്മാര്‍ അണിഞ്ഞൊരുങ്ങി മാറ്റിനിക്ക് പോകുന്നതും അമ്മാവന്‍ കാണുന്നു.

"അമ്മാവന്‍റെ ജാള്യത്തില്‍, ചക്ക
ക്കാട്ടിനില്‍ക്കയാണയല്‍ വീട്ടിലെക്കൂരപ്ലാവ്"

അടിമ ഉടമ വ്യവസ്ഥിതിയുടെ തുടര്‍ച്ചയെന്നവണ്ണമുള്ള ആചാരങ്ങളെയും കവി ഇവിടെ വിചാരണ ചെയ്യുന്നു.

പുത്തന്‍ വര്‍ഷത്തില്‍ 'വിത്തും കൈക്കോട്ടും' പാടി നാടിനെ ഉണര്‍ത്തുന്ന വിഷുപ്പക്ഷിയേയും നാടായ നാടെല്ലാം നന്മകള്‍ വിളയിക്കുന്ന വിത്തും വിഘ്നം നീക്കുന്ന കൈക്കോട്ടുമെല്ലാം 'വിത്തും കൈക്കോട്ടും' എന്ന കവിതയില്‍ അവതരിപ്പിക്കുന്നു.

"നാടാം നാടെല്ലാം നന്മകള്‍ വിളയിക്കും
വിത്തും, വിഘ്നത്തിന്‍ കൊത്തും കൈക്കോട്ടും
യത്നം ചെയ്യട്ടേ വിത്തും കൈക്കോട്ടും"

തേങ്ങാമുറികളില്‍, അരിയില്‍, കിഴിയില്‍, മങ്ങിയ വാല്‍ക്കണ്ണാടിയില്‍ ഇവയിലെല്ലാം അരുളുന്ന മംഗളദേവത, കണികണ്ട് പൂത്തിരി കത്തിക്കുന്ന ഉണ്ണികള്‍, അരികത്തിരുന്നു ചിരിക്കുന്ന വില്ലന്മാരിക്കുട്ടികള്‍ എന്നിവയ്ക്കൊപ്പം

"കൈനീട്ടത്തുക കാലോചിതമായ് കൂട്ടണമല്ലെ-
ന്നാലോ വിജയം വരെയും സമരം"

എന്നും മറ്റുമുള്ള ദാര്‍ശനികതയും 'കണിക്കൊന്ന' എന്ന കവിതയില്‍ വര്‍ണ്ണിക്കുന്നു.

പാലാ നാരായണന്‍ നായര്‍ എഴുതിയ 'വിഷു' (കേരളം വളരുന്നു മൂന്നാം ഭാഗം) എന്ന പേരിലുള്ള കവിതയില്‍ വിഷുവിന്‍റെ ചരിത്രവും സംസ്കാരവും വിശദമാക്കുന്നു.കണിക്കൊന്നകള്‍ പൂക്കുമ്പോഴും വിഷുപ്പക്ഷി കരയുമ്പോഴും വിഷുക്കാലമായി എന്ന് മാലോകര്‍ അറിയുന്നു. മീനത്തിലെ കൊടും ചൂടിലെത്തി വിഷുവിന്‍റെ വരവറിയിക്കുന്ന നീണ്ട വാലുള്ള വിഷുപ്പക്ഷിയുടെ പാട്ടിനെക്കുറിച്ച് പല സൂചനകളുമുണ്ട്. ഉത്തരായനക്കിളി, കതിരുകാണാക്കിളി എന്നിങ്ങനെ പാട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന പക്ഷി വിഷുപ്പക്ഷിയാണ്.

"ഭക്ഷണാര്‍ത്ഥികളാകും കൂട്ടരെ കതിരുകാണാ
പ്പക്ഷി വന്ന, ച്ചന്‍ കൊമ്പത്തെന്നഹോ പേടിപ്പിതേ" 
"വിഷുവും ചിരിച്ചുകൊണ്ടെത്തിടും നവീനമാം 
കൃഷിതന്നുപോദ്ഘാതം നമ്മളോടറിയിക്കാന്‍"
"മധ്യരേഖയിലര്‍ക്കന്‍ വന്നുനില്‍ക്കുമീനാളീ
ലുത്തരായണപ്പക്ഷി പാടുന്നു മലനാട്ടില്‍"

പ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ മനുഷ്യരിലേയ്ക്ക് സംക്രമിക്കുന്നു. പ്രകൃതിയുടെ ഭംഗി മനുഷ്യമനസ്സുകളെ പുളകിതമാക്കുന്നു. പ്രകൃതി അണിഞ്ഞൊരുങ്ങി ആദ്യം കണിവച്ചതിനു ശേഷമാണ് മനുഷ്യര്‍ കണി ഒരുക്കുന്നത്. പാടത്ത് വെള്ളരി പൊന്നും കുട്ടനെ പ്രസവിച്ച്, വഴുതന കൈത്തിരി കത്തിച്ച്, പാവലും പടവലും പാവിയ വെള്ളിത്തുട്ടും പച്ചരത്നമായ് മാറവേ, വിഷു വന്നെത്തുന്നു. മഞ്ഞ വള്ളികള്‍ മത്തങ്ങ നാടിനു കണിവയ്ക്കുമ്പോള്‍ പുതുകൃഷിയുടെ ആമുഖമായി വിഷു എത്തുന്നു. പ്രകൃതി അണിഞ്ഞൊരുങ്ങുന്നത് കവി മനോഹരമായി വര്‍ണ്ണിക്കുന്നു. മഴയും വെയിലും നോക്കി കാലാവസ്ഥയ്ക്കനുസൃതമായി കൃഷിയിറക്കുന്നു. വിഷുനാളില്‍ മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ആത്മബന്ധം പുലര്‍ത്തുന്നു. 

ഒരു വ്യക്തിയുടെ വരാന്‍ പോകുന്ന വര്‍ഷമെങ്ങനെയായിരിക്കുമെന്ന സൂചനകള്‍, ഒരു വര്‍ഷത്തെ കാര്‍ഷികവൃത്തിയുടെ ഗുണഫലങ്ങള്‍ ഇവയെല്ലാം വിഷുഫലത്തില്‍ തെളിയുന്നു. അടുത്ത ഒരു കൊല്ലക്കാലം അത് നിലനില്ക്കുമെന്ന വിശ്വാസവുമുണ്ട്. പണിക്കര്‍ അഥവാ കണിയാന്‍ വീടുകളില്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്നു.

"കുടയും താഴ്ത്തിപ്പിടിച്ചെത്തിടും ഗണകന്മാര്‍
കുതുകാല്‍ വിഷുഫലം ചാര്‍ത്തുമോലയുമായി
കൂട്ടുകാരിയുമൊത്തു സുന്ദരമാവാരതം
പാട്ടുമായ് പടിതോറുമെത്തുന്ന പാണന്മാരും" 

(പാലാ - വിഷു)

കുടിയാന്മാരും തൊഴിലാളിമാരും വിഷുക്കൈനീട്ടം വാങ്ങാന്‍ വരുന്ന പതിവുമുണ്ട്. 

"ദക്ഷിണമലബാറില്‍ ജന്മികള്‍ കൃഷിക്കാര്‍ക്കു
ദക്ഷിണവിഷുവെടുപ്പെന്നൊരു പതിവാക്കി"

സുഗതകുമാരിയുടെ 'വിഷുപ്പുലരിയില്‍' എന്ന കവിതയിലും വിഷുക്കാഴ്ചകളും കണിയും കാണുവാന്‍ കവയിത്രി ഉണ്ണിയെ വിളിക്കുകയാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ കണി നല്ലതുപോലെ കാണുവാന്‍ ക്ഷണിക്കുന്നു. കണി കണ്ട ഉണ്ണിയുടെ കയ്യില്‍ അമ്മ ഉമ്മ വയ്ക്കുകയും വെള്ളിത്തുട്ട് നല്കുകയും ചെയ്യുന്നതിലൂടെ വിഷുവിന്‍റെ ആനന്ദവും അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മളതയുമെല്ലാം കാണുവാന്‍ സാധിക്കും.

"നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതുതന്നെ വരുമല്ലോ
കണ്‍മിഴിച്ചിങ്ങോട്ടു കാണട്ടെ
അമ്മക്കയ്യിലൊരുമ്മ വയ്ക്കും
പിന്നൊരു തൂവെള്ളിത്തുട്ടു വയ്ക്കും"

പി. കുഞ്ഞിരാമന്‍ നായരുടെ ഭാവനയില്‍ കര്‍ഷകസമൃദ്ധിയാണ് വിഷു. കര്‍ഷകന്‍റെ ഉള്ളില്‍ നിറയുന്ന ആഘോഷം കവിയുടെ ഉള്ളിലും നിറയുന്നു. ഓണക്കാഴ്ച പോലെയാണ് കവിയ്ക്ക് വിഷുവും വിഷുവേലനാളും വിഷുപ്പക്ഷിയുടെ പാട്ടും പാടത്തെ പാട്ടും. വിഷുക്കണി സമൃദ്ധിയുടെ സ്വപ്നവും മേടക്കാറ്റ് പൂര്‍വ്വകാലത്തിന്‍റെ തലോടലുമാണ്. വിഷുവേലനാള്‍, വിഷുപ്പക്ഷിയുടെ പാട്ട്, അന്നത്തെ വിഷുക്കണി, പാടത്തെ പാട്ട്, മഞ്ഞക്കിളി, മേടക്കാറ്റ് തുടങ്ങിയ വിഷുക്കവിതകളില്‍ ഇവയെല്ലാം നഷ്ടബോധമായി മാറുന്നു.

"കരകാണാതെയുള്ളേതോ
സ്മരണയുണര്‍ത്തും ഗാനം പോല്‍
വീടിന്‍ പടികളിലാരെക്കാണാന്‍
മേടക്കാറ്റേ നീ വന്നു"

എന്ന കര്‍ഷകന്‍റെ ഗാനം ഒരു സ്വപ്നത്തിന്‍റെ ബാക്കിയാണ്. അദ്ധ്വാനഫലത്തിന്‍റെ തീവ്രാനുഭവം തന്നെയാണ് കര്‍ഷകന് വിഷുക്കാലം. വയല്‍ക്കരയില്‍ വീണ്ടും കണിക്കൊന്ന പൂത്തതും മഞ്ഞക്കിളിയെന്തോ ഓര്‍ത്തിരുന്നതും കൊച്ചുനക്ഷത്രത്തെ മടിയിലിരുത്തി സന്ധ്യ ആരെയോ കാത്തിരുന്നതും കവി ഓര്‍ക്കുന്നു. സംക്രമസന്ധ്യയില്‍ കണികാണാനൊരുങ്ങിയ പൂമൊട്ടിനും നിരാശയായിരുന്നു ഫലം.

"എന്നാലും പൊന്‍വെളിച്ചമെ
ഏഴയാം പൂവിനോടൊന്നും
മിണ്ടാതെങ്ങോട്ടു പോയി നീ?"

തുളസിത്തറ ചോരും തോപ്പും പാമ്പ് വളയൂരിയിട്ട കാവും മേടത്തിന്‍റെ കുങ്കുമവര്‍ഷച്ചാര്‍ത്തും സ്മൃതിയില്‍ നിറഞ്ഞുനില്ക്കുന്നു. കണികാണലും വിഷുക്കൈനീട്ടവും സമൃദ്ധിയുടെ പ്രതിഫലനങ്ങളാണ്. മകനെ വിളിക്കുന്ന അമ്മയും വിഷുക്കാലത്തിന്‍റെ ഓര്‍മ്മതന്നെ. കൊന്ന പൂത്തത് കണ്ടും നിലമുഴുതും പുത്തരിയുണ്ടും പുതിയ വര്‍ഷത്തേയും കാലത്തെയും വരവേല്ക്കുന്ന കര്‍ഷകര്‍ വിസ്മയത്തിന്‍റെ ദുഃഖം നല്കുന്നു.

കാര്‍ഷിക സംസ്കാരത്തിന്‍റെ തെളിനീരാണ് വൈലോപ്പിള്ളി, പി. കുഞ്ഞിരാമന്‍ നായര്‍, പാലാ നാരായണന്‍ നായര്‍, സുഗതകുമാരി എന്നിവരുടെ കവിതകള്‍. ഇവരുടെ അനുഭൂതി കേരളത്തിലെ ഉത്സവങ്ങളോടും ആഘോഷങ്ങളോടും ആചാരങ്ങളോടും ബന്ധപ്പെട്ടു നില്ക്കുന്നു. പൂക്കളും പക്ഷികളും കൃഷിയും മലനാടിന്‍റെ കാര്‍ഷിക സൗന്ദര്യമാണ്. നഗരബോധത്തിന്‍റെ ഭീകരത മറക്കാന്‍ കാര്‍ഷികതയുടെ സൗന്ദര്യത്തില്‍ ഇവര്‍ അഭിരമിക്കുന്നു. കാലവര്‍ഷത്തിന്‍റെയും വിത്തിന്‍റെയും വിതയുടെയും ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കവിതകള്‍ എഴുതിയ ഇവര്‍ക്ക് കേരളമെന്നാല്‍ കാര്‍ഷികതയാണ്.പ്രകൃതി, കാര്‍ഷികത,  ഉത്സവങ്ങള്‍, ആചാരങ്ങള്‍ ഇവയെല്ലാം ഇവര്‍ പരസ്പരം ബന്ധപ്പെടുത്തുന്നു. വര്‍ത്തമാനകാലത്തില്‍ ഈ സഹവര്‍ത്തിത്വം നഷ്ടമാവുകയും പ്രകൃതിയും മനുഷ്യനും ഒറ്റപ്പെടുകയും ചെയ്യുന്നു. നഷ്ടപ്പെട്ട കാലത്തിന്‍റെ ഭാവങ്ങളാണ് വിഷുക്കണിയും കൈ നീട്ടവുമെല്ലാം.  നമുക്ക് നഷ്ടമായത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. ഗ്രാമസൗന്ദര്യത്തിന്‍റെ പൊയ്പ്പോയ  കാലം ആവിഷ്കരിക്കുന്നു. അതില്‍ സത്യം, സ്വാതന്ത്ര്യം, സാഹോദര്യം, കൂട്ടായ്മ ഇവയെല്ലാം ഒത്തുചേരുന്ന സങ്കല്പങ്ങളുണ്ട്. മലയാളിക്ക് ഓണം, വിഷു ഇവയെല്ലാം കാത്തിരിപ്പിന്‍റെ ദിനങ്ങളായിരുന്നു. ഗൃഹാതുരത, ദേശാഭിമാനം എന്നിവയും ഈ കവികളുടെ കവിതകളിലെ അന്തര്‍ധാരയാണ്.

പ്രകൃതിയുടെയും സംസ്കാരത്തിന്‍റെയും വേദനകള്‍ ,മനുഷ്യന്‍ പ്രകൃതിയെ കൈയൊഴിയുന്നതിന്‍റെ നെടുവീര്‍പ്പുകള്‍, കഴിഞ്ഞകാലത്തിന്‍റെ സ്മൃതി മാധുര്യം തുടങ്ങിയവ കവിതകളില്‍ ഉത്സവമായും കാര്‍ഷികതയായും നിഴലിച്ചു. കഴിഞ്ഞകാലം ഭൂതകാല സ്മരണയിലും സമ്പന്നതയിലും ആവാഹിച്ച് അവയെ കവിതകളിലൂടെ വര്‍ണ്ണിക്കുന്നു .മാറുന്ന കേരളത്തിന്‍റെ മുഖം വരച്ചു കാട്ടുവാന്‍ ശ്രമിക്കുന്നു. വിഷു പ്രകൃത്യുത്സവമാണ്. പ്രകൃതിയോടു ചേര്‍ന്നു നിന്നാണ് വിഷു ആഘോഷിക്കുന്നത് .വിഷു വരുന്നതോടെ കൊന്നപ്പൂക്കള്‍, കാര്‍ഷിക വിളകള്‍, വിഷുപ്പക്ഷിയുടെ പാട്ട് എന്നിവയാല്‍ പ്രകൃതി മനോഹരിയായിത്തീരുന്നു. മനുഷ്യ-പ്രകൃതി സമന്വയം വിഷുക്കവിതകളില്‍ കാണുന്നു. വിഷുക്കാലത്ത് പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിഷുവിന്‍റെ ആഘോഷമായി മാറുന്നു. വിഷു വിളവെടുപ്പുത്സവം കൂടിയാണ്. പ്രകൃതിയോട് ഇണങ്ങി കൃഷി ചെയ്തിരുന്ന ജനങ്ങളുടെ ആഹ്ലാദം വിഷുവിഭവങ്ങള്‍, വിഷുക്കണി, വിഷുക്കളികള്‍ ഇവയിലൂടെയെല്ലാം  പ്രതിഫലിക്കുന്നു. കാര്‍ഷിക ജീവിതത്തിന്‍റെ സമ്പന്നത കവിതകളില്‍ തെളിമയോടെ നിറഞ്ഞു നില്ക്കുന്നു.

കേരളത്തിലെ നഷ്ടപ്പെടുന്ന ഗ്രാമനന്മകള്‍, ഇല്ലാതാകുന്ന സംസ്കാരം ഇവ വീണ്ടെടുക്കുവാന്‍ ഇവരുടെ കവിതകളിലൂടെ സഞ്ചരിച്ചാല്‍ മതിയാവും. പ്രപഞ്ചരഹസ്യങ്ങള്‍ തങ്ങളുടെ കവിതകളിലൂടെ ഇവര്‍ തുറന്നു കാട്ടുന്നു. ഭൂത-ഭാവി-വര്‍ത്തമാനകാലത്തിന്‍റെ ഭാസുരചിത്രങ്ങളായി വൈലോപ്പിള്ളി ശ്രീധരമേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, പാലാ നാരായണന്‍ നായര്‍, സുഗതകുമാരി എന്നിവരുടെ വിഷുക്കവിതകള്‍ മാറുന്നു.

ഗ്രന്ഥസൂചി

കുഞ്ഞിരാമന്‍ നായര്‍, പി. (1966). താമരത്തോണി, (പാതിരാപ്പാട്ട്) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
കുഞ്ഞിരാമന്‍ നായര്‍, പി, (1966). താമരത്തോണി, (പൂമൊട്ടിന്‍റെ കണി) കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
നാരായണന്‍ നായര്‍, പാലാ. (1996). കേരളം വളരുന്നു (അഞ്ചു ഭാഗങ്ങള്‍), കോട്ടയം: ഡി. സി ബുക്സ്.
ശ്രീധരമേനോന്‍, വൈലോപ്പിള്ളി. (1963), കയ്പവല്ലരി, തൃശ്ശൂര്‍: കറന്‍റ് ബുക്സ്.
ശ്രീധരമേനോന്‍, വൈലോപ്പിള്ളി. (1980). മകരക്കൊയ്ത്ത,് കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
ശ്രീധരമേനോന്‍, വൈലോപ്പിള്ളി. (1970). വിട, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
ശ്രീധരമേനോന്‍, വൈലോപ്പിള്ളി. (1984). വൈലോപ്പിള്ളിക്കവിതകള്‍,   കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
Dr. Sr. Minimol Mathew
Associate Professor
Dept.of Malayalam
Alphonsa College Pala
Kottayam,Kerala,India
Pin: 686574
Phone: +91 9074151439
Email: minijees2010@gmail.com
ORCID: 0000-0003-2297-9996