The Ghazal King Saigal
Dr. Thomas Scaria
K L Saigal was a singer and actor in the early days of the Indian cinema. He was born in Jammu . His songs are recorded and released through Indian gramophone company. He continued to sing and act in a number of films. ‘Devdas’ was the film which earned him a place in the Indian film industry. This article is an enquiry about the life of Saigal and the history of Ghazal. Elegance, mystical feeling and density of thought are the specialties of Ghazal. Brevity is the soul of the structure of the Ghazal. The word Ghazal literally means speaking to women. It is a short genre consisting of a string of couplets. Musicality is the soul of the Ghazal. The Ghazal has been the favorite of master singers such as Begum Akthar, K L Saigal, Mehdi Hazan, Jagjit Singh and others. Many singers such as Mukesh, Mohammed Rafi and many others have started there career by imitating the voice of K l Saigal. The 120th Birth anniversary of K L Saigal is in the upcoming year.
Keywords: Art, Music, Ghazal, Form, Metaphor, Symbol, Film, Film Song, Signifier, Signified, Meaning.
Reference:
Gopi Chand Narang, 2020, The Urdu Ghazal: A Gift Of Indias Composite Culture, Oxford, Oxford University Press.
Kanda, K. C, 1995, Urdu Ghazals An Anthology From 16th To 20th Century, New Delhi, Sterling Paperbacks.
ഗസല്‍ ചക്രവര്‍ത്തി സൈഗല്‍
ഡോ.തോമസ് സ്കറിയ
ആയിരത്തിത്തൊള്ളായിരത്തിനാല് ഏപ്രില്‍ 4 (11 ആണെന്നും പറയപ്പെടുന്നു)ന് ജനിച്ച ഗസല്‍ ഗായകനായ കെ എല്‍. സൈഗലിന്‍റെ നൂറ്റിയിരുപതാം ജന്മവാര്‍ഷികമാണ് 2024-ല്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്കും ഗസലിന്‍റെ ചരിത്രത്തിലേക്കുമുള്ള അന്വേഷണമാണ് ഈ പ്രബന്ധം. സംഗീത പ്രേമികളുടെ മനസ്സില്‍ മരണത്തെ വെല്ലുവിളിച്ച് സൈഗല്‍ അനശ്വര സ്ഥാനം നേടിയതെങ്ങനെ എന്നു പരിശോധിക്കുന്നു. അദ്ദേഹം ഒരു ഗായകതാരമായിരുന്നു.
താക്കോല്‍ വാക്കുകള്‍: കല, സംഗീതം, ഗസല്‍, സ്വരം, രൂപം, രൂപകം, ബിംബം, പ്രതീകം, ചലച്ചിത്രം, ചലച്ചിത്രഗാനം, സൂചകം, സൂചിതം, അര്‍ത്ഥം
ആമുഖം
ഉര്‍ദു കവിതയുടെ ഏറ്റവും ജനപ്രിയമായ രൂപമാണ് ഗസല്‍. എ.ഡി. പത്താം നൂറ്റാണ്ടില്‍ ഇറാനിലാണ് ഗസല്‍ രൂപംകൊണ്ടത്. പേര്‍ഷ്യന്‍ ഖസീദയില്‍ നിന്നാണ് ഗസല്‍ വികസിതമായത്. ചക്രവര്‍ത്തിയെയോ പ്രഭുക്കന്മാരെയോ സ്തുതിച്ചുകൊണ്ട് എഴുതുന്ന ഒരു ഭാഗമായ തഷ്ബീബ് അതില്‍ നിന്നു വേര്‍പെട്ട് വികസിതമായതാണ് ഗസല്‍. താമസിയാതെ തന്നെ ഇറാനിലെ ഏറ്റവും ജനപ്രിയ കാവ്യരൂപമായി ഗസല്‍ മാറുകയും ചെയ്തു. ഒരേ വൃത്തത്തില്‍ ഒരു ഡസനിലധികം ഈരടികളുള്ള ഹ്രസ്വകവിതയാണ് ഗസല്‍. ഹ്രസ്വതയും ഏകാഗ്രതയുമാണ് ഗസലിന്‍റെ ഗുണങ്ങള്‍. സംഗീത പ്രഭാവം ഉളവാക്കുന്ന വരികളാണ് ഗസലിന്‍റേത്. സംഗീതാത്മകതയാണ് ഗസലിന്‍റെ ആത്മാവ്. ഉര്‍ദുവില്‍ ഇത്രയും സംഗീതാത്മകതയുള്ള മറ്റൊരു കാവ്യവിഭാഗവും വേറെയില്ല. രമണീയത, ശ്രദ്ധ, ഗൂഢമായ അതീന്ദ്രിയാനുഭവം, ചിന്താസാന്ദ്രത, തീക്ഷ്ണ ബിംബങ്ങള്‍, നിസര്‍ഗ്ഗജസംഗീതം എന്നിവയാണ് ഗസലിന്‍റെ നാമം ഓര്‍മ്മയിലേക്കു കൊണ്ടുവരുന്ന സവിശേഷതകള്‍ (Gopi chand Narang, Page:1). ഗസലിന്‍റെ ലോകം ഭാവനാത്മകവും രൂപകാത്മകവുമാണ്. സംക്ഷിപ്തതയാണ് ഗസലിന്‍റെ ഘടനയുടെ ആത്മാവ്. പ്രണയമോ നിഗൂഢ വികാരമോ എന്തുമാകട്ടെ പറയാനുള്ളത് ചുരുക്കിപ്പറയുകയാണ് അതിന്‍റെ രീതി. അത്യധികം ഭരമേല്പിച്ച രൂപകാത്മക ഭാഷാശൈലിയില്‍ കാന്തിക ചലനാത്മകതയോടെ ഗസല്‍ പിറക്കുന്നു. ശുദ്ധമായ ആനന്ദത്തിന്‍റെയും അടങ്ങാത്ത അഭിലാഷത്തിന്‍റെയും ഒപ്പം ദു:ഖവും ദുരിതവും സഹിക്കാനുള്ള ശേഷിയുടെ ആഘോഷമാണ് ഗസല്‍. അത് സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആഘോഷം കൂടിയാണ്.കാവ്യദേവതയായ മ്യൂസിനോട് വായിക്കാനൊരു ഉപകരണം തന്നാല്‍ നഷ്ട യൗവനത്തിന്‍റെ അഭിനിവേശത്തെയും സന്തോഷത്തെയും തിരികെ നല്‍കാമെന്ന് ഗസല്‍ ഗായകന്മാര്‍ അവകാശപ്പെട്ടു. ഗസലുകളുടെ രാജ്ഞി എന്നറിയപ്പെട്ട ബീഗം അക്തര്‍, കമല ജാരിയ, കെ.എല്‍. സൈഗല്‍, മെഹ്ദി ഹസന്‍, ഉസ്താദ് അമാനത് അലിഖാന്‍, ജഗജിത് സിങ് തുടങ്ങിയവര്‍ ഗസലിനെ ജനപ്രിയമാക്കി. ബോളിവുഡ് പിന്നണി ഗായകരായിരുന്ന മന്നാഡേ, മുകേഷ്, തലത് മഹമൂദ് തുടങ്ങിയവര്‍ ഗസല്‍ ഗായകരായിരുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളാണ് ഉറുദു ഗസലിന്‍റെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കുന്നത് (Kanda, K.C. Page: 3). ദല്‍ഹിയും ലഖ്നൗവും കേന്ദ്രീകരിച്ച് ഗസലിന്‍റെ രണ്ടു കളരികള്‍ രൂപം കൊണ്ടു. ലഖ്നൗ കളരി വൈകാരികതയ്ക്കും ഡല്‍ഹി കളരി സാമൂഹികതയ്ക്കും പ്രാധാന്യം നല്‍കി (Kanda, K. C. Page: 4).
ഗസല്‍ ചരിത്രം
ഉര്‍ദു പാരമ്പര്യത്തില്‍ കവിതയും സംഗീതവും തമ്മിലുള്ള ആഴമേറിയതും പ്രതീകാത്മകവുമായ ബന്ധത്തെ ഗസലില്‍ സൗന്ദര്യാത്മകരൂപത്തില്‍ ലയിപ്പിക്കുന്നു, തുടര്‍ന്ന് ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നതിനുള്ള ഒരു വാഹകമായി ഗസലിനെ ഉപയോഗിക്കുന്നു. കാല്‍പനികമായ ഭാവനകളും സംഗീത സാന്ദ്രമായ വരികളും കൊണ്ട്, ഗസല്‍ ഭാവചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായിരുന്നു. അതിന്‍റെ ഉത്ഭവം ക്ലാസിക്കല്‍ അറബിക് കവിതകളോട് കടപ്പെട്ടിരിക്കുന്നു, എന്നാല്‍ അത് പേര്‍ഷ്യന്‍ സാഹിത്യത്തിലാണ് പൂവണിഞ്ഞത്. ഇന്ത്യയിലെത്തിയപ്പോള്‍ അത് ഏറ്റവും സ്വീകാര്യവും പ്രധാനപ്പെട്ടതുമായ കവിതാരൂപമായി മാറി. മുഗള്‍ കാലഘട്ടം ഇന്ത്യന്‍, പേര്‍ഷ്യന്‍ കലകളുടെയും സംസ്കാരത്തിന്‍റെയും മഹത്തായ സംയോജനത്തിന് കാരണമായി. അത് തുംരി, ദാദ്ര, ഗസല്‍ തുടങ്ങിയ പുതിയ സംഗീത രൂപങ്ങളുടെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു. അവയെല്ലാം കാമുകിമാരുടെ സ്വാധീനങ്ങളാല്‍ നിറഞ്ഞിരുന്നു. ആദ്യം അതിമനോഹരമായ രൂപത്തില്‍, ഗസല്‍ പരമോന്നത സ്രഷ്ടാവിനോടുള്ള ഉദാത്തമായ സ്നേഹത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു. എന്നാല്‍ പിന്നീട്, ഉള്ളടക്കം പുരുഷനും സ്ത്രീയും തമ്മിലുള്ള വികാരാധീനവും അതി വൈകാരികവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള ലൗകികവും കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളതുമായ പാഠത്തിന് വഴിമാറി. കവികള്‍ ദൈവിക പ്രണയത്തെ ഇഷ്കെ ഹഖിഖി അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രണയം എന്നും വികാരാധീനമായ പ്രണയത്തെ ഇഷ്കെ മെജാസി അല്ലെങ്കില്‍ പ്രതീകാത്മക പ്രണയം എന്നും വിളിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ പേര്‍ഷ്യന്‍ ഗസല്‍ ഇന്ത്യന്‍ സംഗീതരംഗത്ത് ആധിപത്യം പുലര്‍ത്തി. പിന്നെ ഉറുദു ഗസലിന് വഴിമാറി. അതേസമയം അത് അതിന്‍റെ മുന്‍ഗാമിയുടെ രൂപവും ചിത്രീകരണവും പ്രമേയവും പിന്തുടര്‍ന്നു. വെളിപ്പെടുത്താത്ത സ്നേഹം, നിഗൂഢമായ ഭക്തി, യാഥാസ്ഥിതിക ആചാരങ്ങളുടെയും മൂല്യങ്ങളുടെയും നേര്‍ക്കുള്ള പരിഹാസം, ചിന്തയിലും പ്രവൃത്തിയിലും ഉള്ള കാപട്യം, വേര്‍പിരിയല്‍ വാഞ്ഛ, നിരാശ എന്നിവയുടെ വേദനയെ മറികടക്കാന്‍ വീഞ്ഞിന്‍റെ ലഹരിയുടെ പ്രതീകാത്മക ആഘോഷത്തിനാണ് പ്രധാന ഊന്നല്‍. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ ഗസലിനൊപ്പം നൃത്തവും സംഗീതവും അരങ്ങേറിയിരുന്നു. ഗാനം ആത്മാവാണെങ്കില്‍ നൃത്തം ശരീരത്തെ പ്രതിനിധീകരിക്കുന്നു. പ്രണയം, അസൂയ, പ്രതീക്ഷ, നിരാശ, പ്രണയിതാക്കള്‍ക്ക് പരിചിതമായ വികാരങ്ങള്‍ എന്നിവ പ്രകടിപ്പിക്കുന്നതിനായി ഉത്തരേന്ത്യയിലെ വേശ്യകളോ തവായിഫുകളോ അവരുടെ ഗസല്‍ ആലാപനം നൃത്ത ചലനങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകാല ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍ നാടന്‍പെണ്‍കുട്ടികളുടെ നൃത്തപ്രകടനവും അവരുടെ സ്ത്രീ സൗന്ദര്യവും ഭംഗിയുള്ള പെരുമാറ്റവും കണ്ട് ആകൃഷ്ടരായി.
ഗസല്‍ ചക്രവര്‍ത്തി
കെ. എല്‍. സൈഗല്‍ സമാനതകളില്ലാത്ത 'ഗസല്‍ ചക്രവര്‍ത്തി'യായി അറിയപ്പെടുന്നു. ജനപ്രീതിയില്‍ ഇതിഹാസഗായകന്‍ താന്‍സനെപ്പോലും സൈഗല്‍ മറികടന്നുവെന്ന് നൗഷാദ് അഭിപ്രായപ്പെടുന്നു (നൗഷാദ്, സിനിമ സംഗീതം ജീവിതം, പുറം 116). താന്‍സന്‍ അദ്ദേഹത്തിന്‍റെ കാലത്തെ പ്രിയപ്പെട്ടവനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ ശബ്ദം കൊട്ടാരത്തിന്‍റെ ചുവരുകള്‍ക്കിടയില്‍ തടവിലാക്കപ്പെട്ടു. വരേണ്യവര്‍ഗ്ഗത്തിനു മാത്രം അത് ആസ്വദിക്കാനായി. എന്നാല്‍ സൈഗളിന്‍റെ പിന്നില്‍ ഒരു രാഷ്ട്രം മുഴുവനുണ്ടായിരുന്നു. അങ്ങനെ ജനലക്ഷങ്ങളുടെ താന്‍സനായിരുന്നു സൈഗള്‍. ജമ്മുവിലാണ് സൈഗള്‍ ജനിച്ചത്. കുട്ടിക്കാലം മുതലേ അദ്ദേഹം സംഗീതത്തില്‍ ആസാധാരണമായ താല്പര്യം പ്രകടിപ്പിച്ചു. പിതാവ് അമര്‍ചന്ദ് അതിന്‍റെ പേരില്‍ നീരസപ്പെട്ടു. പക്ഷേ അമ്മ കേസര്‍ ദേവി മകന്‍റെ സംഗീത താല്പര്യത്തെ പ്രോത്സാഹിപ്പിച്ചു. അമ്മയും മകനും ചേര്‍ന്ന് ക്ഷേത്രോത്സവങ്ങളില്‍ കീര്‍ത്തനങ്ങളാലപിച്ചു. അങ്ങനെ അലഞ്ഞുനടക്കുന്ന മകനെക്കണ്ട് പിതാവ് നിരാശനായി. പിന്നീട് ആ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഗീതപ്രതിഭയെന്ന നിലയില്‍ പേരും പ്രശസ്തിയും നേടാനായിരുന്നു സൈഗലിന് വിധി.
1930 കളുടെ മധ്യത്തില്‍ സൈഗലിന്‍റെ നേതൃത്വത്തില്‍ പാടി അഭിനയിക്കുന്ന ഗായകതാരങ്ങളുടെ യുഗത്തിന് തുടക്കമായി. ഗ്രാമഫോണ്‍ റിക്കോര്‍ഡിങ്ങിനായി സൈഗളിനെ കണ്ടെത്തിയതിന്‍റെ ക്രഡിറ്റ് ഹിന്ദുസ്ഥാന്‍ റിക്കോര്‍ഡിംഗ് കമ്പനിയുടെ പ്രതിനിധിയായ ചാന്ദ് ബാബുവിനായിരുന്നു. കമ്പനി പുറത്തിറക്കിയ ആദ്യത്തെ സൈഗാള്‍ റിക്കോര്‍ഡ് ജുലാനോ ജുലാവോ ആയിരുന്നു. അത് അഞ്ച് ലക്ഷം റിക്കോര്‍ഡുകള്‍ വിറ്റഴിച്ച് തരംഗം സൃഷ്ടിച്ചു. ഈ റിക്കോര്‍ഡിന് ശേഷം റോയല്‍റ്റി അടിസ്ഥാനത്തില്‍ പാടാന്‍ സൈഗല്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കി. കവിയുടെ മാനസികാവസ്ഥയെയും കവിതയുടെ ആത്മാവിനെയും തിരിച്ചറിയാനുള്ള അസാധാരണമായ കഴിവാണ് അദ്ദേഹത്തിന്‍റെ മഹത്വത്തിന് കാരണം. വിദ്യാസമ്പന്നര്‍ക്കിടയില്‍ മാത്രമല്ല, നിരക്ഷരര്‍ക്കിടയിലും ഉറുദു കവിതയെ ജനകീയമാക്കുന്നതിന് അദ്ദേഹം മഹത്തായ സംഭാവന നല്‍കി. ശാസ്ത്രീയ സംഗീതത്തിലും ലഘുസംഗീതത്തിലും വൈദഗ്ധ്യമുള്ള സൈഗല്‍ അസാധാരണമായ സര്‍ഗ്ഗാത്മക കലാകാരനായിരുന്നു. ചലച്ചിത്രഗാനങ്ങളുടെയും ഭജനകളുടെയും ഗായകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രശസ്തിയും ജനപ്രീതിയും ഒരു ഗസല്‍ ഗായകനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അതിശയകരമായ പ്രകടനത്തെ ഒരു പരിധിവരെ മറച്ചുവച്ചു. പക്ഷേ, അദ്ദേഹം അനിഷേധ്യമാം വിധം ഗസല്‍ ചക്രവര്‍ത്തിയായിരുന്നു എന്നതാണ് വസ്തുത. സ്വകാര്യ സമ്മേളനങ്ങളിലും ചടങ്ങുകളിലും ഗസലുകള്‍ പാടാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. ഒരു ഗസല്‍ ഗായകനെന്ന നിലയിലാണ് അദ്ദേഹം അപൂര്‍വ്വമായി സിനിമയിലേക്ക് പോകുന്ന സംഗീതാസ്വാദകരുടെ ആരാധന നേടിയത്. നൂറ്റാണ്ടിലെ പ്രശസ്തരായ കവികളുടെ വരികള്‍ ആലപിക്കുന്ന അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത ശൈലി അവരെ ആകര്‍ഷിച്ചു. അക്കാലത്ത് റൊമാന്‍റിക് ഉറുദു കവിതയുടെ താല്‍പ്പര്യത്തിന്‍റെ പുനരുജ്ജീവനത്തിന് സൈഗല്‍ വലിയ അളവില്‍ ഉത്തരവാദിയായിരുന്നു. കൂടാതെ സൗഖ്, സീമാബ്, ആര്‍സൂ, ബേദം, ഹസ്രത്ത് അലഹബാദി, മിര്‍സ ഗാലിബ് തുടങ്ങിയ ചില പ്രമുഖ കവികളുടെ കൃതികള്‍ ജനകീയമാക്കുന്നതിലും.
ഗ്രാമഫോണ്‍ റിക്കാര്‍ഡുകളും സൈഗലും
ക്ലാസിക്കല്‍ ഗായകര്‍ അപൂര്‍വ്വമായേ ഗസലുകള്‍ പാടാറുള്ളൂ. ഗസലിന്‍റെ അവതരണത്തിന് തന്‍റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയ ആദ്യത്തെ പ്രമുഖ കലാകാരന്മാരില്‍ ഒരാളാണ് സൈഗല്‍. സംഗീതം കവിതയുമായി സംബന്ധത്തിലായപ്പോള്‍ അദ്ദേഹത്തിന്‍റെ മികച്ച ശബ്ദം അപൂര്‍വമായ വികാരങ്ങളുടെ ഒരു നിര കൊണ്ടുവന്നു. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളിലൂടെ സൈഗല്‍ സംഗീത പ്രേമികള്‍ക്കു പ്രിയപ്പെട്ട ഗായകനായി. ഒരു സംഗീത വിഭാഗമെന്ന നിലയില്‍ അതോടെ ഗസല്‍ ജനപ്രിയമായിത്തീര്‍ന്നു. വാസ്തവത്തില്‍, സൈഗലിന്‍റെ സംഗീത പ്രതിഭയെ മനസ്സിലാക്കാന്‍, അദ്ദേഹത്തിന്‍റെ ഗസലുകള്‍ വീണ്ടും വീണ്ടും കേള്‍ക്കുകയും അദ്ദേഹത്തിന്‍റെ മഹത്തായ ശബ്ദത്തിന്‍റെ ചാരുതയും അവതരണത്തിന്‍റെ തീവ്രതയും അനുഭവിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മുപ്പതോളം ഗസലുകള്‍ മാത്രമാണ് സൈഗല്‍ പാടിയത്. 1960-കളില്‍ സൈഗലിന്‍റെ സംഗീതത്തിന്‍റെ മൂന്ന് എല്‍പി റിക്കോര്‍ഡുകള്‍ പുറത്തിറങ്ങിയതിന് ശേഷം ഗസല്‍ റെക്കോര്‍ഡുകളൊന്നും ലഭ്യമായിരുന്നില്ല.
ഉര്‍ദു സാഹിത്യത്തിന്‍റെ അഭിമാനമായ ഉര്‍ദു ഗസല്‍ ജനകീയമാക്കിയതിന് ഉറുദു കവിതാ പ്രേമികള്‍ സൈഗലിനോട് കടപ്പെട്ടിരിക്കുന്നു.ഗാലിബിന്‍റെ ഗസലുകളുടെ അവതരണത്തിലായിരുന്നു സൈഗലിന്‍റെ കലാപരമായ കഴിവുകളുടെ മികവ് പ്രകടമായത്. വാസ്തവത്തില്‍, സൈഗല്‍ തന്‍റെ സവിശേഷ ശൈലിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗസലുകള്‍ പാടി ഗാലിബിനെ അനശ്വരനാക്കി. കവിയുടെ മനസ്സും അയാളുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും തീവ്രതയും ആഴത്തില്‍ മനസ്സിലാക്കി അദ്ദേഹം വരികള്‍ ആലപിച്ചു. സൈഗല്‍ കവിയുമായി സ്വയം ലയിച്ചു പാടി. ഗാലിബ് അനുഭവിച്ചതും എഴുതിയതുമായ സങ്കടങ്ങളിലും സന്തോഷങ്ങളിലും താനും ജീവിക്കുന്നതായി തോന്നി. ദൈവം നല്‍കിയ ശബ്ദത്തിലൂടെ സൈഗല്‍ ഗസലിനെ വെറുമൊരു ഈണം മാത്രമായല്ല, ചിന്തയുടെയും അനുഭൂതിയുടെയും സാന്ത്വന മിശ്രിതമാക്കി മാറ്റുകയാണ് ചെയ്തത്. നിരവധി കലാകാരന്മാര്‍ ഗാലിബിനെ പാടിയിട്ടുണ്ട്. എന്നാല്‍, സൈഗലിനെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സംഗീതത്തിന്‍റെ ആത്മാവിനൊപ്പം സമ്പൂര്‍ണമായ ഏകത്വം കൈവരിക്കാന്‍ കഴിയുന്ന ഒരു ബഹുമുഖ കലാകാരനായിരുന്നു സൈഗല്‍. വ്യത്യസ്ത ശൈലികളിലും രൂപങ്ങളിലും അതുപോലെ നിരവധി ഭാഷകളിലും-ബംഗാളി, പഞ്ചാബി, തമിഴ്, ഹിന്ദി, ഉര്‍ുദു, പേര്‍ഷ്യന്‍ എന്നീ ഭാഷകളിലും അദ്ദേഹം കുറ്റമറ്റ രീതിയില്‍ പാടി.
കെ. എല്‍. സൈഗല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റായി വാഴ്ത്തപ്പെട്ടു. സുരേന്ദ്ര, മുഹമ്മദ് റാഫി, മുകേഷ്, കിഷോര്‍ കുമാര്‍, സി.എച്ച് ആത്മ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഗായകരുടെ ഒരു തലമുറയെ അദ്ദേഹം പ്രചോദിപ്പിച്ചു. ഒരു ഘരാനയുടെയും ദീപശിഖയേന്തുന്ന ആളോ, ഒരു പ്രമുഖ ഉസ്താദിന്‍റെയും ഷാഗിര്‍ദോ ആയിരുന്നില്ല, സൈഗല്‍. രാഗങ്ങളെക്കുറിച്ച് സഹജമായ അറിവുള്ള, വിശാലമായ ഗായകരെ ശ്രവിച്ചുകൊണ്ട് സ്വയം അഭ്യസിച്ച ഗായകനായിരുന്നു സൈഗല്‍. തന്‍റെ ദിവ്യമായ ശബ്ദം കൊണ്ട് അദ്ദേഹം ഇന്ത്യന്‍ സംഗീത ലോകത്ത് സ്വന്തമായ ഇടവും സ്ഥാനവും സൃഷ്ടിച്ചു. ലളിതവും സങ്കീര്‍ണ്ണവുമായ വ്യക്തിത്വമായിരുന്നു സൈഗലിന്‍റെത്. പ്രശസ്തിയിലും പ്രശംസയിലും അദ്ദേഹത്തിന് വലിയ താല്‍പ്പര്യമില്ലായിരുന്നു. ഒരു അന്തര്‍മുഖനായ അദ്ദേഹം തന്നെ കുറിച്ചും തന്‍റെ നേട്ടങ്ങളെ കുറിച്ചും സംസാരിക്കാന്‍ ലജ്ജിച്ചു. അടുപ്പമുള്ള പരിമിതമായ സുഹൃദ് വലയത്തില്‍ വിശ്രമിക്കുകയും ആസ്വദിക്കുകയും ചെയ്തു. ആരെങ്കിലും തന്‍റെ പാട്ടിനെ പുകഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്താല്‍, അദ്ദേഹം ചിരിച്ചുകൊണ്ട്, ഞാന്‍ സിംഹത്തെ കൊന്നിട്ടില്ല, ഒരു പാട്ട് മാത്രം, അത് മറക്കുക എന്നു മറുപടി പറയുമായിരുന്നു.
സൈഗലിന്‍റെ പൈതൃകം
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന്‍റെ സ്ഥാപക പിതാവ്, കെ.എല്‍. സൈഗല്‍ ഗ്രാമഫോണ്‍ യുഗത്തിലെ അവസാനത്തെ പ്രതിഭ കൂടിയായിരുന്നു. ഇന്ത്യയിലെ സാധാരണജനങ്ങള്‍ക്ക് ഗാനങ്ങള്‍ എന്നാല്‍ നാടക ഗാനങ്ങളായിരുന്നു. സംഗീതരംഗത്ത് സൈഗല്‍ ശ്രദ്ധിക്കുന്നത് വരെ, സ്റ്റേജ് നാടകങ്ങളിലെ ഗാനങ്ങളെക്കാള്‍ ചലച്ചിത്രഗാനങ്ങള്‍ക്ക് പരിമിതമായ ആകര്‍ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഗ്രാമഫോണ്‍ റെക്കോര്‍ഡുകളായി പോലും അവ പുറത്തിറങ്ങിയിരുന്നില്ല. 1930-കളുടെ തുടക്കത്തില്‍, ടാക്കീസിന്‍റെ വരവിനുശേഷം, ഗ്രാമഫോണ്‍ കമ്പനിയായ എച്ച്. എം. വി സിനിമാ ഗാനങ്ങളുടെ റെക്കോര്‍ഡുകള്‍ നിര്‍മ്മിക്കുന്നത് പ്രായോഗികമല്ലെന്ന് കരുതി. എന്നാല്‍, ടാക്കീസ് ആളുകളുടെ അഭിരുചികളില്‍ മാറ്റം വരുത്തി, അവര്‍ കൂടുതല്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ തേടി. കെ. എല്‍. സൈഗല്‍ ഒരു ഗ്രാമഫോണ്‍ സെലിബ്രിറ്റി എന്ന നിലയില്‍ ഇതിനകം തന്നെ പ്രശസ്തി നേടിയിരുന്നു, കൂടാതെ 1933 ല്‍ ന്യൂ തിയേറ്റേഴ്സിന്‍റെ പുരണ്‍ ഭക്ത് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ മികച്ച ഹിറ്റായിരുന്നു, ഇത് ചലച്ചിത്ര സംഗീതത്തില്‍ ഒരു പുതിയ യുഗത്തിന്‍റെ ഉദയത്തെ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ജനങ്ങളുടെ സംഗീതത്തിന്‍റെ പരമോന്നത പദവിയിലെത്താന്‍ വിധിക്കപ്പെട്ടവയായിരുന്നു. ദേവദാസിലെ സൈഗാളിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റായ ബാലം അയോ ബാസോ മേരേ മാന്‍ മേ ആയിരുന്നു. അത് ഒരു തരംഗം സൃഷ്ടിക്കുകയും സൈഗാള്‍ ദേശീയ ഐക്കണായി മാറുകയും ചെയ്തു. ഇത് സിനിമാ ഗാനങ്ങളുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ സ്വന്തം ലേബലില്‍ പുറത്തിറക്കാന്‍ പോലും ന്യൂ തിയേറ്റേഴ്സിനെ പ്രേരിപ്പിച്ചു. നേരത്തെ ചലച്ചിത്രഗാനങ്ങളെ അവഗണിച്ച എച്ച്എംവി അവയുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് തിരിച്ചറിയുകയും എല്ലാ ചലച്ചിത്രഗാനങ്ങളും റെക്കോര്‍ഡുചെയ്യാന്‍ തുടങ്ങുകയും ചെയ്തു, മുമ്പത്തെ ജനപ്രിയ ഹിറ്റുകളുടെ റിക്കോഡുകള്‍ പോലും അവര്‍ നിര്‍മ്മിച്ചു. അങ്ങനെ സൈഗല്‍ തന്‍റെ ജീവിതകാലത്ത് ഒരു ഇതിഹാസവും ബിംബവുമായി മാറി. അക്കാലത്തെ മറ്റെല്ലാ ഗായകരും നടന്മാരും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭജനകളുടെയും ഗസലുകളുടെയും ചലച്ചിത്രേതര സംഗീതത്തിന്‍റെ ഖജനാവ് നമുക്ക് സമ്മാനിച്ച ഒരേയൊരു ഗായകനും നടനുമാണ് അദ്ദേഹം. തുടര്‍ന്നുള്ള തലമുറകളിലെ അമേച്വര്‍, പ്രൊഫഷണല്‍ ഗായകരെ ഗസല്‍ ആലാപനത്തിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം പ്രചോദിപ്പിച്ചിട്ടുണ്ട്. സൈഗലിന്‍റെ വിയോഗത്തിനുശേഷമാണ് സിനിമാസംഗീതത്തിലെ പിന്നണിയുഗം ശക്തി പ്രാപിച്ചത്. അടുത്ത തലമുറയിലെ പിന്നണി ഗായകരായ സി.എച്ച്. ആത്മ, മുകേഷ്, തലത് മെഹ്മൂദ്, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ എന്നിവരില്‍ സൈഗാലിന്‍റെ ആലാപന ശൈലി ആഴത്തില്‍ സ്വാധീനം ചെലുത്തുകയുണ്ടായി. അവര്‍ അദ്ദേഹത്തെ മാതൃകയാക്കാന്‍ പാടുപെടുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം സൈഗല്‍ സ്വയം ഒരു സ്ഥാപനവും എല്ലാ ഗായകര്‍ക്കും മാതൃകയും ആയിരുന്നു. സംഗീതവും സംഗീതാസ്വാദകരും ഉള്ളിടത്തോളം കാലം കെ.എല്‍ സൈഗല്‍ അനശ്വരനായിക്കും.
ഗ്രന്ഥസൂചി
Gopi Chand Narang, The Urdu Ghazal : A Gift of Indias composite Culture, Oxford University Press, Oxford, 2020.
Kanda, K. C, Urdu Ghazals An Anthology from 16th to 20th Century, Sterling paperbacks, New Delhi, 1995.