Concepts  on Conscious Science in Chinthavistayaya Sita

Dr. Kavitha Raman

This paper analyzes the character of Sita in the poem  ‘Chintavishthaya Sita’ by Kumaranashan who is a leading exponent of romanticism and modernity in Malayalam poetry, with a focus on Conscious science. The term Conscious science here means the study of the states of a person, such as wakefulness, sleep, dream, and the fourth state, called ‘Turiya’. When Kumaranashan rereads and recreate the epic Character Sita within the frame of modern femininity, what makes the reading special is the importance given to Sita’s dream persona. This thesis is written on the basis of the concepts of Sita’s ego status, the characteristics of her consciousness and mental processes and their philosophical foundation.

Key words: Conscious science, Ego state, Thought process, Construction of identity, Egostate of dream.

Reference:

Kumaranashan,N. (2006). Ashante Padyakrithikal.Kottayam: D.C.Books.
Narayanaguru. (2012). Samboorna krithikal.  Sreenivasapuram: Narayana gurukulam.
Namboothiri, Sriman, D. (2004). Upanishad sarvaswam. Thrissur: Samrat Publication. 
Vaidyer,  Narayanan,M. (1996). Charaksamhita Samboornam, Edakkad: Dhanwanthari Printers. 
Swami, Sidhinadhananda. (1992). Sreer
amakrishna Vachanamrutham. Puranattukara: Sreeramakrishnamadam Publication. 
Yati, Nitya chaitanya. (1989). Yogaparichayam.Sreenivasapuram: Narayana Gurukulam. 
Jung,C.G. (1969). On the Nature of the Psyche. London: Routledge Classic. 
Dr. Kavitha raman
Assistant Professor
Dept of Malayalam
Sree Sankaracharya University of Sanskrit
Kalady
Pin: 683573
Ph: 91 9745608652
Email: ramaridayam@gmail.com
ORCID: 0009-0007-0726-7938

ബോധശാസ്ത്രപരമായ പരികല്പനകള്‍ ചിന്താവിഷ്ടയായ സീതയില്‍

ഡോ.കവിതാ രാമന്‍

കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയുടെ വ്യക്തിത്വ സംരചന, അഹന്തയുടെ നില, മനോഘടന, മൂല്യബോധം, അബോധത്തിന്‍റെ സ്വാധീനത്തിലിരിക്കുന്ന ചലനസ്ഥായി, എന്നിവയെ ആധാരമാക്കി ഈ കൃതിയിലെ ബോധശാസ്ത്രപരമായ പരികല്പനകളെ അന്വേഷിക്കുകയാണ് ഈ പ്രബന്ധം. മനുഷ്യന്‍റെ അനുഭവലോകങ്ങളെ ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നിങ്ങനെ  തിരിച്ച്, ഈ നാലവസ്ഥകളുടെ ഉദ്ഗ്രഥിതാവസ്ഥയെ കണക്കിലെടുത്തുകൊണ്ട് ബോധത്തെ ആധാരമാക്കി അന്വേഷിക്കുന്ന ശാസ്ത്രരീതിക്കാണ് ബോധശാസ്ത്രം എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്. വേദാന്തചിന്ത ഉള്‍ക്കൊള്ളുന്ന ഭാരതീയ ദാര്‍ശനികതയുടെ വിഷയമാണ് ബോധശാസ്ത്രം.  വേദാന്തം, ന്യായശാസ്ത്രം , മീമാംസ, വൈശേഷികം, വ്യാകരണം തുടങ്ങിയവയില്‍ പഠനം നടത്തുകയും നാരായണഗുരുവിന്‍റെ ശിഷ്യനായിരുന്ന് ബോധശാസ്ത്രത്തെ പിന്‍പറ്റുകയും ചെയ്തിരുന്ന കുമാരനാശാന്‍റെ 'ചിന്താവിഷ്ടയായ സീത' ബോധശാസ്ത്രപരമായ സൂചകങ്ങള്‍ കൊണ്ട് സമൃദ്ധമാണ്.

നിശ്ചലമായി കിടക്കുന്ന ജലത്തില്‍ ഒരു കല്ലുവന്നുവീണാല്‍ ഒരു വലിയ ഓളവും അതിനുചുറ്റും ഒട്ടനേകം അലകളുമുണ്ടാകും. അതുപോലെയാണ് മനസ്സില്‍ ഒരു ഉദ്ദീപനമുണ്ടായാലും. ആ ഐന്ദ്രിക ഉദ്ദീപനം അനസ്യൂതതയുള്ള ഒട്ടനേകം തരംഗങ്ങളെ മാനസീകോര്‍ജ്ജത്തിലുണ്ടാക്കുന്ന ആന്തോളനങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രതികരണങ്ങളും ഉണ്ടാകും. 'ചിന്താവിഷ്ടയായ സീത' ആരംഭിക്കുന്നത് പുത്രന്മാര്‍ മാമുനിയോടുകൂടി രാമായണകഥചൊല്ലുവാന്‍ അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടു എന്ന ബാഹ്യഉദ്ദീപനം സീതയുടെ മാനസികോര്‍ജ്ജത്തിലുണ്ടാക്കുന്ന പ്രതികരണം എന്ന നിലയിലാണ്. 'അതിചിന്ത' യാണ് സീതയിലുണ്ടാകുന്ന ആദ്യ മാനസിക പ്രതികരണം.  

മനസ്സിനെ ഒരു വസ്തുവോ വിഷയമോ അവയവമോ ആയിട്ടല്ല, സംശയം, ആകാംഷ, അഭ്യൂഹനം, അന്വേഷണം എന്നിങ്ങനെ അന്തക്കരണവൃത്തികളെ തിരിച്ച് അതിലെ പ്രഥമവൃത്തിയെ മനസ്സെന്ന് വിളിക്കുകയാണ് പൗരസ്ത്യരായ ബോധശാസ്ത്രജ്ഞര്‍. ചിന്ത, വിചാരം, ഊഹം, സങ്കല്പം തുടങ്ങിയവ മനസ്സിന്‍റെ കര്‍മ്മങ്ങളാണെന്ന് 'ചരകസംഹിത'യില്‍ പറയുന്നുണ്ട്. ജലപാളിയില്‍ കല്ലുവന്നുവീണാലുണ്ടാകുന്ന തരംഗവൃത്തി പോലെ ഭയഹേതുകമായും ദുഃഖമായും പ്രത്യാശയായും മനസ്സില്‍ സ്ഫുരിക്കുന്ന ഗതീയതയാണ് ചിന്ത. മനസ്സിന്‍റെ സംവലിതമായ കര്‍മ്മം ചിന്തയാണെങ്കില്‍ രേഖീയമായ ചലനമാണ് വിചാരം. ഇപ്പോള്‍ അനുഭവവേദ്യമായതില്‍ നിന്ന് ഇനി അനുഭവമാകാന്‍ പോകുന്നതിലേയ്ക്ക് ഉദ്ദീപ്തമാകുന്ന മനസ്സിന്‍റെ കര്‍മ്മമാണ് ഊഹം. 

പുത്രന്‍മാരുടെ അയോദ്ധ്യാഗമനം സീതയുടെ മനോവൃത്തിയില്‍ തരംഗരൂപിയായ ആവേഗമാകുമ്പോള്‍ അതിചിന്തവരുന്നു. ആ ചിന്തയാം കടലിലേയ്ക്ക് നിലയെന്നിയെ സീത അലതല്ലുമ്പോള്‍ ചിന്തയുടെ പരകോടിയില്‍ മനസ്സ് രേഖീയമായ വിചാരത്തെ ആശ്രയിക്കുന്നു. ഉഴലും മനതാരടക്കുവാന്‍ എന്ന ശ്ലോകത്തില്‍ അതിന്‍റെ വിവരണം കാണാം. തുടര്‍ന്നങ്ങോട്ട് 'അതിരമ്യബഹിര്‍ജ്ഗത്തൊടിന്നഥവാ' എന്ന 176 ാം ശ്ലോകം വരെ ഊഹം എന്ന മനസ്സിന്‍റെ കര്‍മ്മനിലയാണ് സീതയെ ഭരിക്കുന്നത്. പ്രിയരാഘവനോട് യാത്രപറയുന്ന 171 ാം ശ്ലോകം മുതല്‍ 185 ാം ശ്ലോകം വരെ സങ്കല്പം എന്ന മനസ്സിന്‍റെ കര്‍മ്മനിലയും സീതയെ നിയന്ത്രിക്കുന്നുണ്ട്. 

ചിന്തയായും വിചാരമായും ഊഹമായും സങ്കല്പമായുമുള്ള സീതയുടെ മനസ്സിന്‍റെ കര്‍മ്മതലം അവരുടെ അഹംബോധത്തിലും (ലഴീ മെേലേ) രൂപാന്തരണമുണ്ടാക്കുന്നുണ്ട്. 'അതിചിന്ത' സീതയെ ഉണര്‍വില്‍ നിന്ന് കൊള്ളയടിച്ച് താന്‍ തനിയെ അനുഭവിക്കുന്ന സ്വാപ്നിക അഹന്തയുടെ തലത്തില്‍ എത്തിക്കുന്നു. മാമുനിയോട് കൂടിയുള്ള പുത്രന്മാരുടെ രാമനിലേയ്ക്കുള്ള യാത്ര സീതയുടെ മാനസികോര്‍ജ്ജത്തില്‍ ജീവിതത്തിന്‍റെ പരിസമാപ്തിയുടെ ഉദ്ദീപനംകൂടി സാധ്യമാക്കുന്നുണ്ട്. ധ്വനിഗര്‍ഭിതമായ ഒന്നാം ശ്ലോകത്തില്‍ സീതാ പരിസമാപ്തി 'അന്തിയില്‍' എന്ന പ്രയോഗത്തില്‍ ആശാന്‍ ഉള്ളടക്കുന്നുണ്ട്. 

ലോകം വെടിയല്‍ എന്ന വിഷയം സീതയില്‍ ബോധവിഷയമാകാന്‍ പോകുന്നതിന് മുമ്പ് വിഷയാവിഷ്ക്കാരം ചെയ്യുന്നതിനുള്ള രൂപരേഖ അബോധത്തില്‍ നിന്നുയര്‍ന്നുവരുന്നതിന്‍റെ സൂചന അന്തിയില്‍ എന്ന പ്രയോഗത്തില്‍ ഉണ്ട്. മുനിയുടെ തനയന്മാരോട് കൂടിയുള്ള യാത്രതന്നെ സീതയുടെ അബോധതലത്തില്‍ പരിത്യാഗം എന്നതിനെ നിര്‍ദ്ദേശമായി നിബന്ധിക്കാന്‍ ഒന്നാംശ്ലോകത്തിലെ അന്തിയില്‍ എന്ന വക്രോക്തിയുടെ വിദഗ്ധഭാവം കൊണ്ട് ആശാന് കഴിയുന്നുണ്ട്. 'ഏകകാര്യം അഥവാ ബഹൂത്ഥമാം ഏകഹേതു ബഹുകാര്യകാരിയാം'(നളിനി 12) എന്നറിഞ്ഞ കവിയാണ് ആശാന്‍. അനുതാപത്തോടെ സീതാതനയന്മാരെന്ന് രാമനെ അറിയിക്കുന്ന മുനിയുടെ മനോജ്ഞകാവ്യം തെളിവേകി വീണ്ടും രാമനില്‍ ഭവദംഘ്രിലീനയാക്കി തന്നെ അവമതിക്കുമെന്ന് സീത തിരിച്ചറിയുന്നുണ്ട്. 'ഉടല്‍ വെടിയല്‍' അബോധത്തില്‍ നിന്ന് നിര്‍ദ്ദേശമായി ഒന്നാം ശ്ലോകത്തില്‍ സൂചിതമാകുകയും അബോധാത്മകമായ ആ നിര്‍ദ്ദേശം ബോധസീമയിലേയ്ക്ക് 'കുതികൊള്ളുക ലോകചക്രമേ ! ഹതയാം സീതയെയിങ്ങുതള്ളുക' എന്ന 167 ാം ശ്ലോകത്തില്‍ വരുകയും ചെയ്യുന്നു. 

അബോധത്തില്‍ നിന്നും വരുന്ന നിര്‍ദ്ദേശം ബോധത്തിലുണ്ടാകുന്ന ഐന്ദ്രികതയുമായി സങ്കലിതമാക്കി പ്രാവര്‍ത്തികമാക്കുന്നതിന് കാള്‍ ഗുസ്താവ് യുങ് 'എക്ടോ സൈക്ക്' എന്നാണ് വിളിക്കുന്നത്. ലോകം വെടിയലാണ് തന്‍റെ പരിണാമം എന്ന വിഷയാവിഷ്ക്കാരം അബോധത്തില്‍ നിന്ന് സീതയില്‍ ഉണര്‍ന്നുവരുന്ന മുഹൂര്‍ത്തത്തിലാണ് ആശാന്‍ കാവ്യം തുടങ്ങിയിരിക്കുന്നത്. അബോധത്തിലൊരു നിര്‍ദ്ദേശമായി രൂപപ്പെട്ട ലോകംവെടിയലിനെ ബോധസീമയിലേയ്ക്ക് സ്ഥിരപ്പെടുത്തി എടുക്കുകയാണ് 2 മുതല്‍ 166 വരെയുള്ള ശ്ലോകങ്ങളിലൂടെ. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ബോധത്തിലേയ്ക്ക് കടന്നുപോകുന്നതിനെ 'എന്‍ഡോ സൈക്കി' എന്ന് യുങ് പറയും. എന്‍ഡോസൈക്കിയടെയും എക്ടോ സൈക്കിയുടെയും കാവ്യാത്മകാവിഷ്ക്കരണമാണ് യുങ്ങിനെവച്ച് അപഗ്രഥിച്ചാല്‍ 'ചിന്താവിഷ്ടയായ സീത'.

സീതയുടെ അതിചിന്തയെന്ന ആദ്യപ്രതികരണത്തിന് മുറുക്കം നല്കുന്ന തുടര്‍ പ്രതികരണങ്ങള്‍ സംവലിതമായ തരംഗരൂപംപ്രാപിച്ച മനസ്സിന്‍റെയും സീതയില്‍ പ്രവര്‍ത്തിക്കുന്ന സ്വാപ്നിക അഹന്തയുടെയും ഘടനകളായി ആശാന്‍ അവതരിപ്പിക്കുന്നത് കാണാം. ജ്ഞാനേന്ദ്രിയ കര്‍മ്മേന്ദ്രിയങ്ങളെ മുന്‍നിറുത്തി ബാഹ്യവിഷയങ്ങളെ അറിയുന്ന അഹംബോധവും, സ്വപ്നാനുഭവങ്ങളെ അറിയുന്ന അഹംബോധവും വ്യക്തിയില്‍ വേറിട്ടിരിക്കുന്ന അഹന്തകളെ സൃഷ്ടിക്കുന്നുണ്ട്. ഉണര്‍വില്‍ പഞ്ചീകൃത പഞ്ചമഹാഭൂതങ്ങളും സ്ഥൂലേന്ദ്രിയങ്ങളുമാണെങ്കില്‍ സ്വപ്നത്തില്‍ അപഞ്ചീകൃത പഞ്ചമഹാഭൂതങ്ങളും ഇന്ദ്രിയശക്തികളുമാണ് ഇടപെടുന്നത്. ഉണര്‍ന്നിരുന്ന് അനുഭവങ്ങളെ അറിയുന്ന അഹന്തയ്ക്ക് വൈശ്വാനരനെന്നും സ്വപ്നാനൂഭവങ്ങളെ ഗ്രഹിക്കുന്ന അഹന്തയ്ക്ക് തൈജസനെന്നും 'മാണ്ഡൂക്യോപനിഷ'ത്തില്‍ പറഞ്ഞുകാണുന്നു. 

ഈ പഠനത്തില്‍ ഫ്രോയിഡിന്‍റെ ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിവയെ മാനദണ്ഡമായി എടുക്കാത്തത് അവ ബോധത്തിന്‍റെ മൂന്നവസ്ഥകളുടെ അപഗ്രഥനം ആയതുകൊണ്ടാണ്. ബോധത്തിന്‍റെ വിവിധ അവസ്ഥകളില്‍ അഹന്തയ്ക്ക് വരുന്ന പരിണാമഭേദങ്ങള്‍ സീതയുടെ അഹന്തയുടെ നിലയുമായി ചേര്‍ത്തുവച്ച് പരിശോധിക്കുന്നതിന് വൈശ്വാനരന്‍ തൈജസന്‍ എന്നീപരികല്പനകളാണ് കൂടുതല്‍ ചേരുക. മാത്രമല്ല കാവ്യത്തില്‍ തന്നെ ഇത്തരമൊരു പരികല്പനകളുടെ സൂചനകള്‍ കാണാം. 1, 3, 4, 5, ,7, 8, 10, 11, എന്നീ ശ്ലോകങ്ങളില്‍ അവ പ്രകടമായി തന്നെ കാണാം. അവയെ അപഗ്രഥിക്കുന്നതിന് മുമ്പ് ഉണര്‍വിലെയും സ്വപ്നത്തിലെയും അഹന്തയുടെ വ്യവഹാരം സാമാന്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉണര്‍വില്‍ വൈശ്വാനരന്‍ എന്ന അഹംബുദ്ധി ജ്ഞാതാവായും കര്‍ത്താവായും ഭോക്താവായും മാറിമാറി അനുഭവങ്ങളെ അറിയുന്നു. സ്വപ്നത്തിലെ തൈജസന്‍ എന്ന അഹന്തയുടെ കാരകത്വം കൂടുതല്‍ സങ്കീര്‍ണമാണ്. കാരണം സ്വപ്നത്തില്‍ അഹംബുദ്ധി ഒരേസമയം സാക്ഷിയായിരിക്കുകയും അന്തഃപ്രജ്ഞനായിരിക്കുകയും പലതായി തീരുകയും അവയില്‍ അനന്തങ്ങളായ കര്‍തൃഭോക്തൃഭാവങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ നിലകളെ കണക്കിലെടുത്തുകൊണ്ടുള്ള നിര്‍വ്വചനം 'മാണ്ഡൂക്യോപനിഷ'ത്തിലെ നാലാം മന്ത്രത്തല്‍ ഇങ്ങനെ കാണാം.

'സ്വപ്ന സ്ഥാനേന്തഃപ്രജ്ഞഃ സപ്താംഗഃ
ഏകോന വിംശതി മുഖഃ പ്രവിവിക്തഭുക്
തൈജസ്സോ ദ്വിതീയഃപാദഃ'

 സ്വപ്നമാകുന്ന സ്ഥാനത്തോടു കൂടിയവനും , അന്തര്‍ഭാഗത്ത് പ്രജ്ഞയോടു കൂടിയവനും ഏഴ് അംഗങ്ങളോടും , പത്തൊന്‍പത് മുഖങ്ങളോടും കൂടി മനഃകല്പിതങ്ങളായ സൂക്ഷ്മവിഷയങ്ങളെ അനുഭവിക്കുന്നവുനുമായ തൈജസന്‍ ബോധത്തിന്‍റെ രണ്ടാമത്തെ പാദമാകുന്നു. തൈജസന്‍ എന്ന അഹംബുദ്ധി സ്വപ്നത്തില്‍ കര്‍തൃഭോക്തൃജ്ഞാതൃഭാവതലങ്ങളില്‍ പരിഞ്ഞ് വിഹരിക്കുന്നു. പലതായി തീര്‍ന്നവയെ വേറെ എന്നപോലെ സാക്ഷിത്വേന അനുഭവിക്കുന്നു. സാക്ഷിയായിരിക്കുന്ന തൈജസന്‍റെ നില മുന്‍നിറുത്തിയാണ് അന്തഃപ്രജ്ഞന്‍ എന്നു നിര്‍വ്വചിച്ചിരിക്കുന്നത്. അതേ അഹംബുദ്ധിയെ വീണ്ടും പ്രവിവിക്തഭുക് എന്ന് പ്രയോഗിക്കുന്നതില്‍ നിന്ന് സ്വപ്നാനുഭവം തികച്ചു ഏകാന്തത്തിലാണെന്ന് വ്യക്തമാക്കുന്നു. ഒരുവള്‍/ ഒരുവന്‍ താന്‍ തനിയെ ഇരുന്ന് അനുഭവിക്കുന്ന തൈജസപ്രപഞ്ചത്തിലേയ്ക്ക് മറ്റൊരാള്‍ക്ക് കടന്നുകയറാന്‍ കഴിയുകയില്ല. സ്രഷ്ടാവ് തന്നെ സൃഷ്ടിയിലും സാക്ഷിയിലും കലര്‍ന്നിരുന്ന്  ഒരേസമയം വിഷയങ്ങളെ സൂക്ഷ്മഭുക്കായി അനുഭവിക്കുന്നതുകൊണ്ട് അഹംബുദ്ധിയുടെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന് സ്വപ്നത്തെ വിശേഷിപ്പിക്കാം. 'ചിന്താവിഷ്ടയായ സീത'യിലെ തൈജസന്‍റെയും സീതയുടെ സ്വാപ്നിക അഹന്തയുടെയും സൂചകങ്ങളെ അപഗ്രഥിച്ചു നോക്കാം. 

'അതിചിന്ത വഹിച്ചു സീതപോയ് 
സ്ഥിതിചെയ്താളുടജാന്തവാടിയില്‍'

എന്ന ഒന്നാം ശ്ലോകത്തിലെ ഉടജാന്തം എന്ന പ്രയോഗത്തില്‍ സ്വപ്നത്തിന്‍റെ വ്യവഹാരത്തിലുള്ള ഉഭയത്വം സൂചിപ്പിക്കാന്‍ ആശാനു കഴിയുന്നുണ്ട്. ഉണര്‍വിലേക്കും ബോധവിസ്മൃതി അറിയുന്ന ഉറക്കത്തിലേയ്ക്കും ഒരേപോലെ അനായാസം സഞ്ചരിക്കാന്‍ സാധിക്കുന്ന ഉഭയത്വം സ്വപ്നത്തിന്‍റെ പ്രധാന സവിശേഷതയാണ്. ആ സവിശേഷതയുടെ സൂചകം എന്ന നിലയില്‍ ഉടജാന്തം എന്ന പ്രയോഗം പ്രവര്‍ത്തിക്കുന്നു. 

'രവിപോയ് മറഞ്ഞതും സ്വയം 
ഭുവനം ചന്ദ്രികയാല്‍  നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല പോ
ന്നവിടെത്താന്‍ തനിയേയിരിപ്പതും'.

മൂന്നാം ശ്ലോകത്തില്‍തന്നെ ആശാന്‍ പ്രകര്‍ഷേണ വിവിക്തഭുക്കായി 'പ്രവിവിക്ത ഭുക്കായി' താന്‍ തനിയെ ഇരുന്ന് അനുഭവിക്കുന്ന തൈജസനെന്ന അഹന്തയുടെ നിലയിലാണ് സീതയെന്നു സൂചന നല്കുന്നു. ഒന്നാം ശ്ലോകത്തിലെ അതിചിന്തയില്‍ നിന്ന് വിചാരത്തിലേയ്ക്ക് 'ഉഴലും മനതാരടക്കുവാന്‍ ' എന്ന പതിനൊന്നാം ശ്ലോകത്തില്‍ സീത മാറുമ്പോഴും അവരുടെ അഹന്തയുടെ നില സ്വാപ്നികനില്‍ അഥവാ തൈജസനിലാണെന്ന് ഉറപ്പിക്കുവാന്‍ അഴലിന്‍റെ ഉരിയാട്ടങ്ങള്‍ വിചാരഭാഷതേടുന്നതിനെ ' അന്തരാമൊഴി ഓരോന്ന് ' എന്ന് വിശേഷിപ്പിക്കുന്നതിലൂടെ ആശാന്‍ ശ്രദ്ധിക്കുന്നതുകാണാം. സ്വപ്നസ്ഥാനോളന്തഃപ്രജ്ഞഃ പ്രവിവിക്തഭുക്' എന്ന മാണ്ഡൂക്യ നിര്‍വ്വചനത്തെ ഉദാഹരിക്കുവാന്‍  സീതയുടെ താന്‍ തനിയെയുള്ള ഇരിപ്പിനും അന്തരാവുള്ള മൊഴിക്കും കഴിയുന്നുണ്ട്.

പ്രവിവിക്തഭുക്കായിരുന്നുകൊണ്ടാണ് 'ഭുവനത്തിനുമോടികൂട്ടിയ സുഖകാലങ്ങളാ'യ തന്‍റെ ഭൂതകാലവും പ്രയരാഘവന്‍റെ ഭുജശാഖവിട്ടുപോകുന്ന ദിനരാത്രികളറ്റ അനഘസ്ഥാനമായ തന്‍റെ ഭാവികാലവും സീത വിഭാവനംചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തിനും സങ്കല്പത്തിനും ഇടയിലൂടെ ബോധത്തെ ആശ്രയിച്ച് അഹന്ത സഞ്ചരിക്കുന്നതിന്‍റെ വര്‍ണ്ണന 'ബൃഹദാരണ്യകോപനിഷത്ത്' മൂന്നാം ബ്രാഹ്മണം പതിനെട്ടാം മന്ത്രത്തില്‍ കാണാം. നദിയുടെ കിഴക്കും പടിഞ്ഞാറുമുള്ള വ്യത്യസ്തതീരങ്ങളിലൂടെ ഒരു വലിയ മത്സ്യം മാറി മാറി സഞ്ചരിക്കുന്നതുപോലെ ഉണര്‍വും സ്വപ്നവുമാകുന്ന സ്ഥാനങ്ങളിലൂടെ ബോധം സഞ്ചരിക്കുന്നു. അത്തരം ഒരു ദാര്‍ശനിക പരികല്പനയ്ക്ക് കാവ്യരൂപം നല്കുംപോലെയാണ് വിചാരഭാഷയെ ആശ്രയിച്ചുള്ള സീതയുടെ ഉരിയാട്ടങ്ങളെ ആശാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മൂന്നാം ശ്ലോകത്തില്‍ സ്വപ്നത്തിന്‍റെ വന്‍കരയിലൂടെ നീന്തിത്തുടങ്ങുന്ന സീതയുടെ അഹന്ത ഉണര്‍വിന്‍റെ മറുകരയിലെത്തുന്നത്. 186ാം ശ്ലോകത്തിലാണ്. 

ഉടനൊന്നു നടുങ്ങിയാശു  പൂ
വുടലുല്‍ക്കമ്പമിയന്നു ജാനകി
സ്ഫുടമിങ്ങനെയോതി സംഭ്രമം
തടവിശ്ശബ്ദ വിചാരമിശ്രമായ്'

 സ്വപ്നത്തിന്‍റെ സൂക്ഷ്മശരീരത്തില്‍(തൈജസനില്‍) നിന്ന് ഉടലെന്ന സ്ഥൂലശരീരത്തിലേക്ക് ഉണര്‍വ്വിലെ അഹന്തയിലേക്കു(വൈശ്വാനരന്‍) സീത നീന്തിക്കയറുന്നത് എത്ര ഭദ്രമായാണ് ആശാന്‍ അവതരിപ്പിക്കുന്നതെന്നു കാണാം. സ്വപ്നത്തിലേയ്ക്ക് 7ാം ശ്ലോകത്തില്‍ ഉടല്‍മൂടിക്കയറിയ ജാനകിയെ ഉല്‍ക്കമ്പമിയന്ന നടുക്കത്തിലൂടെ വേര്‍പ്പെടുത്തി പൂവുടലില്‍ വ്യവഹരിക്കുവാന്‍ തിരികെ കൊണ്ടുവരുന്നു. അവിടെ അന്തരാമൊഴി പിന്‍വാങ്ങുന്നു. മൊഴിയ്ക്ക് സ്ഫുടത കൈവരുന്നു. ഉണര്‍വ് സ്വപ്നം എന്നീ ബോധാവസ്ഥകളെയും അവയില്‍ വ്യവഹരിക്കുന്ന അഹന്തയേയും 'ചിന്താവിഷ്ടയായ സീത'പോലെ ഭദ്രമായി കൈകാര്യം ചെയ്യുന്ന കാവ്യങ്ങള്‍ മലയാളത്തില്‍ ഉണ്ടോ എന്നു സംശയമാണ്.

താന്‍തനിയെ ഇരുന്ന് അനുഭവിക്കുന്ന സ്വാപ്നികപ്രപഞ്ചത്തില്‍ മൂന്നാം ശ്ലോകത്തിലെ ഉത്തരാര്‍ദ്ധത്തില്‍ സീതയെ എത്തിക്കുന്നതിന് മുമ്പ് 'രവിപോയ് മറഞ്ഞതും സ്വയം ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും' എന്ന പൂര്‍വാര്‍ദ്ധംകൊണ്ട് ബുദ്ധിയുടെ , ജാഗ്രദാനുഭവത്തിന്‍റെ പ്രതീകമായി പ്രകാശിച്ചുനില്ക്കുന്ന സൂര്യനെ മറയാന്‍ അനുവദിക്കുകയും വൈകാരികമായി ചിന്താതരംഗങ്ങള്‍ക്ക് ഏറിമാറി തിരിയാനുള്ള വേദിയായി മനസ്സിന്‍റെ നാഥനായ ചന്ദ്രനെ സ്ഥാപിക്കുകയും ചെയ്യുന്നതില്‍ കവി ശ്രദ്ധിക്കുന്നുണ്ട്. സീതയുടെ ഉണര്‍വ്വിന്‍റെ ലോകത്തെ അസ്തമിപ്പിക്കുകയും അവരുടെ തന്നെ മറ്റൊരു ലോകമായ സ്വപ്നത്തിന്‍റെ ഏകാന്തതയിലേയ്ക്ക് കൈമിടുക്കോടെ കൂട്ടികൊണ്ടുവന്ന് 'താന്‍ തനിയെ ഇരിപ്പതും' എന്ന് ഇരിപ്പിടം നല്കുകയാണ് കുമാരനാശാന്‍. മനസ്സിലേക്ക് യാതൊരു വിവേകവും കൂടാതെ ഒരു ഉദ്ദീപനത്തിന്‍റെ തുടര്‍ച്ചയായി കടന്നുവരാവുന്ന അനേകം ഉദ്ദീപനങ്ങളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുംപോലെയാണ് ആശാന്‍ 

പുളകങ്ങള്‍ കയത്തിലാമ്പലാല്‍ 
തെളിയിക്കും തമസാസമീരനില്‍ 
ഇളകും വനരാജി വെണ്ണിലാ
വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ് 

എന്ന നാലാം ശ്ലോകം അവതരിപ്പിക്കുന്നത്. ആമ്പല്‍പൂക്കളാകുന്ന പുളകങ്ങള്‍ കയത്തില്‍ നിന്ന് തെളിയിക്കുന്ന തമസ്സാനദി മനസ്സിന്‍റെ പ്രതീകമാണ്. അന്തരംഗവൃത്തിയെ ജലവുമായി ചേര്‍ത്തുവയ്ക്കുന്ന

'മണലളവറ്റു ചൊരിഞ്ഞവാപിയിന്മേ
ലണിയണിയായലവീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ
വിനെയകമേ ബഹുരൂപമാക്കിടുന്നു'

എന്ന നാരായണഗുരുവിന്‍റെ ആത്മോപദേശശതകത്തിലെ 76ാം ശ്ലോകത്തിന്‍റെ സ്വാധീനവും പുളകങ്ങള്‍ കയത്തിലാമ്പലാല്‍ എന്ന ശ്ലോകത്തിനുണ്ട്.

മനസ്സിന്‍റെയും നദിയുടെയും അസ്തിത്വം പ്രവാഹനിത്യതയെ മാനദണ്ഡമാക്കിയാണല്ലോ കണക്കാക്കാറുള്ളത് . മനസ്സാകുന്ന തമസയില്‍ കാറ്റടിച്ചിളകുന്ന വനരാജി സീതയുടെ മനസ്സില്‍ സുപ്തമായിരിക്കുന്ന പൂര്‍വ്വസ്മൃതികള്‍ തന്നെയാണ്. സീതയുടെ ജീവിതത്തില്‍ അന്നേവരെയുണ്ടായിട്ടുള്ള  സൂക്ഷ്മങ്ങളായ സംസ്ക്കാരങ്ങളെല്ലാമാണ് സ്വപ്നങ്ങളുടെ വെള്ളിവെളിച്ചത്തില്‍ കുളിച്ചു നില്കുന്നത് . മനസ്സാകുന്ന തമസ്സയില്‍ പൂര്‍വ്വസ്മൃതികളാകുന്ന വനരാജിയേറ്റ് ഇളകുന്ന സമീരന്‍ സീതയുടെ പ്രാണവായു തന്നെയാണ്. 'അസു പ്രാണഃ' എന്നതനുസരിച്ച് ആസുരമായ പ്രാണനിലാണ് അനന്തങ്ങളായ സംസ്ക്കാരങ്ങളുടെ സ്മരണകള്‍ ജീവന്‍സൂക്ഷിച്ചുവെയ്ക്കുന്നത്. മനഃശാസ്ത്രകാരന്മാരെയും ദാര്‍ശനികരെയും കവികള്‍ അതിവര്‍ത്തിക്കുന്നതിന്‍റെ പ്രൗഢമായ ഉദാഹരണം കൂടിയാണ് കുമാരനാശാന്‍റെ ഈ ശ്ലോകം. ഇതേ ശ്ലോകത്തിലെ 'വെള്ളിയില്‍ വാര്‍ത്തപോലെയായി' എന്നത് കേവലം ആലങ്കാരിക പ്രയോഗമല്ല. സീതയിലെ തൈജസനെന്ന അഹന്തയുടെ സൂചകം കൂടിയാണ്. 

ചട്ടമ്പിസ്വാമികളുടെ 'നിജാനന്ദവിലാസ'ത്തിലെ ആദ്യപ്രകരണമായ അവസ്ഥാസ്ത്രയശോധനാസമ്പ്രദായ പ്രകരണത്തില്‍ ജീവന് പരമമായ ഗതി അടയാനായി ദേഹം, ഇന്ദ്രിയം, അന്തക്കരണം, ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, എന്നിങ്ങനെ പിരിച്ചെടുത്തു കൂടാത്തവിധത്തില്‍ കലര്‍ന്നുതോന്നുന്ന തത്വങ്ങളെ പിരിച്ചു കാണുന്ന വിധം പറയുന്നുണ്ട്. ജാഗ്രത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും അതാതുകളുടെ അനുഭവങ്ങളില്‍ നിന്ന് അതാത് അഹന്തകളെ വേര്‍പെടുത്തി വിചാരം ചെയ്താല്‍ 'ദ്യോവിലുയര്‍ന്ന് ദീപമാകാനും  ഭജമാനൈക വിഭാവ്യമായ പദത്തില്‍ എത്താനും കഴിയും'. സീതയുടെ വിചാരഭാഷയില്‍ അവരുടെ ജാഗ്രത് സ്വപ്നങ്ങളുടെ പൃഥക്കരണവും പലവുരുവവള്‍ തീര്‍ത്ഥപ്രോക്ഷണം ചെയ്തു താങ്ങിച്ചലമിഴിയെയകായില്‍ കൊണ്ടുപോയ്ക്കിടത്തി(191) എന്നതില്‍ സുഷുപ്താവസ്ഥയുടെ സൂചനയും കവി നിര്‍വ്വഹിക്കുന്നുണ്ട്. പുരാണങ്ങളിലെ ത്രിപുരവര്‍ണ്ണനയിലും 'ശ്രീരാമകൃഷ്ണവചനാമൃതം' മൂന്നാംഭാഗം പുറം 191 ലും ജീവന്‍ മാറിമാറി ആശ്രയിക്കുന്ന മൂന്ന് പട്ടണങ്ങളുടെ സ്വരൂപവര്‍ണ്ണനം കാണാം. ഉണര്‍വ്വിന്‍റെ പട്ടണം ഇരുമ്പ് കൊണ്ടും സ്വപ്നത്തിന്‍റെത് വെള്ളികൊണ്ടും സുഷുപ്തിയുടേത് സ്വര്‍ണ്ണംകൊണ്ടും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതായി പറഞ്ഞുകാണുന്നുണ്ട്.  മൂന്നവസ്ഥയിലും നടക്കുന്ന രാസജൈവോര്‍ജ്ജപരിണതികള്‍ പഠിച്ചുനോക്കേണ്ടതിന്‍റെ സൂചനയായും സീതയിലെ വെള്ളിയില്‍ വാര്‍ത്തപോലെയായി എന്ന പ്രയോഗത്തെ കാണാം. സീത സ്വപ്നാവസ്ഥയുടെ വെള്ളിപട്ടണത്തിലാണെന്ന സൂചനനല്കാന്‍ വെള്ളിയില്‍ വാര്‍ത്തപോലെയായി എന്ന പരാമര്‍ശത്തിന് കഴിയുന്നുണ്ട്.

തുടര്‍ന്ന് അഞ്ചാംശ്ലോകത്തില്‍ സ്വപ്നപ്രപഞ്ചത്തില്‍ ഉപവിഷ്ടയായ സീതയെ അലങ്കരിക്കുന്നത് തൈജസകീടപംക്തി കൊണ്ടാണ്. തൈജസകീടപംക്തി എന്നതിന് മിന്നാമിനുങ്ങുകളുടെ കൂട്ടം എന്നാണ് വ്യാഖ്യാനങ്ങളില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നത്. എന്നാല്‍ വേദാന്തം പഠിച്ചിട്ടുള്ള ആശാന്‍റെ കൃതികളെ സമാനഹൃദയത്തോടുകൂടി സമീപിക്കേണ്ട ബാദ്ധ്യതയുണ്ട്. സ്വപ്നത്തില്‍ വ്യക്തിയില്‍ സങ്കീര്‍ണമായി വ്യവഹരിക്കുന്ന അഹന്തയ്ക്ക് 'തൈജസന്‍' എന്ന് 'മാണ്ഡൂക്യോപനിഷത്തിനെ' വച്ച് മുന്‍പേ വിശദീകരിച്ചതാണ്. വാല്മീകിയുടെ സുതന്മാരോടുകൂടിയുള്ള അയോദ്ധ്യാഗമനമെന്ന ഉദ്ദീപനത്തിന്‍റെ പ്രതികരണമായ അതിചിന്തയെന്ന രാസോര്‍ജ്ജപരിണാമം സീതയുടെ പ്രാണനില്‍ സ്വപ്നത്തിന്‍റെ വെണ്ണിലാവൊളി പടര്‍ത്തി. സ്വാപ്നികാഹന്തയുടെ വെള്ളിപ്പട്ടണത്തില്‍ വിരിയുന്ന സ്മൃതികളുടെ വനമുല്ലകളില്‍ നിന്നാണ് പ്രാണവായുവിന്‍റെ ഗതീയതയക്കനുസരിച്ച് സീതയുടെ ചിത്തത്തിലേയ്ക്ക് സ്വതേജസ്സില്‍ നിന്നു ചിത്തവൃത്തികളാകുന്ന പൂക്കള്‍ പാറിവീഴുന്നത്. തൈജസകീടപങ്ക്തി എന്ന സവിശേഷപ്രയോഗംകൊണ്ട് സീതയില്‍  പെരുമാറുന്ന അവരുടെ സ്വാപ്നിക അഹന്തയുടെ സങ്കീര്‍ണ്ണത ആശാന്‍ വ്യക്തമാക്കുന്നുണ്ട്. കാലത്തിന്‍റെ തിരശ്ചീനമായ കാലഗതിയും ജീവിതാനുഭവങ്ങളുടെ രേഖീയമായ ക്രമവും തകിടം മറിയുംവിധം ത്രികാലങ്ങളും പൂര്‍വ്വാനുഭവങ്ങളും പലതായി കൂടിക്കുഴഞ്ഞ് ഒരേസമയം സീതയില്‍ പെരുമാറുന്നതിന്‍റെ സ്വരൂപം തൈജസകീടപങ്ക്തി എന്ന പ്രയോഗം ഉള്ളടക്കുന്നുണ്ട്. മാത്രമല്ല കേവലം ദിവാസ്വപ്നത്തിന്‍റെ ഭൂമികയില്‍ അല്ല സീതയുടെ അഹന്തപെരുമാറുന്നതെന്നും  സ്വപ്നത്തിലെ അഹന്തയായ തൈജസന്‍റെ പിടിയിലാണെന്നും സമര്‍ത്ഥിക്കാന്‍ തൈജസകീടപങ്ക്തി എന്ന പ്രയോഗം കൊണ്ട് കഴിയുന്നുണ്ട്. കൂന്തലില്‍ പതിയും തൈജസകീടപങ്ക്തിയെ എന്നതില്‍ വാച്യാര്‍ത്ഥം ബാധിതമാകുന്നതും ലാക്ഷണികാര്‍ത്ഥത്തിന്‍റെ പ്രവര്‍ത്തിയും കാണാം. മനസ്സിന്‍റെ സ്ഥാനം മസ്തിഷ്ക്കമാണെന്ന് 'ഭേളസംഹിത'യും പറയും.

ഭൂതകാലത്തിലേയ്ക്കും ഭാവിയിലേയ്ക്കും പദമൂന്നി ചരിക്കുന്ന സീതയിലെ അഹന്ത സ്വപ്നത്തിലേതാണെന്ന് 'പ്രശ്നോപനിഷ'ത്തിലെ ചതുര്‍ത്ഥപ്രശ്നം അഞ്ചാംമന്ത്രം ചേര്‍ത്തു വെച്ചു പരിശോധിച്ചാലും സുവ്യക്തമാകും. "അത്രൈഷ ദേവ സ്വപ്നേ മഹിമാനമനുഭവതി യദ് ദൃഷ്ടം ദൃഷ്ടമനുപശ്യതി ശ്രുതം ശ്രുതമേവാര്‍ത്ഥമനുശൃണോതി, ദേശ ദിഗന്തരൈശ്ച പ്രത്യനുഭൂതം പുനഃ പുനഃ പ്രത്യനുഭവതി, ദൃഷ്ടം ചാദൃഷ്ടം ചാ ശ്രുതം ചാ ശ്രുതം ചാ അനുഭൂതാചാനനുഭൂതം ച സച്ചാസച്ചസര്‍വ്വം പശ്യതി സര്‍വ്വഃ പശ്യതി"  

ഈ ആത്മാവ് സ്വപ്നത്തിലും സ്വന്തം മഹിമയെ അനുഭവിച്ചറിയുന്നു. വ്യത്യസ്തദേശങ്ങളിലും വ്യത്യസ്തദിക്കുകളിലും അനുഭവിക്കാന്‍ കഴിഞ്ഞ വിഷയങ്ങളെ വീണ്ടും വീണ്ടും ചിന്തിക്കുന്നു. കേട്ടതും കേള്‍ക്കാത്തതും കണ്ടതും കാണാത്തതും അനുഭവിച്ചതും അനുഭവിക്കാത്തതും ഉള്ളതും ഇല്ലാത്തതുമായ എല്ലാം കാണുന്നു. മാനഹേതുവാല്‍ തനിക്കുവന്ന ഒഴിയാത്ത ആര്‍ത്തിയും ഇപ്പോള്‍ സ്മൃതി ദര്‍പ്പണത്തിലായ ഹൃദയാകാശത്തില്‍ കതിര്‍വീശിനിന്ന രാമചന്ദ്രനെന്ന വെണ്‍മതിയെയും, രാമനു പ്രിയയായും പ്രിയശിഷ്യയായു കഴിഞ്ഞ വനവാസകാലവും ഗര്‍ഭകാലത്തെ പരിത്യാഗവും പൊരിച്ചിലും പിതൃപ്രിയനായ മുനിയെയും  പ്രിയചേഷ്ടകളാല്‍ കൗതുകമേകിയ ഉണ്ണിമാരെയും കുടിലമായ കര്‍മ്മവിപാങ്ങളെയും കൃപണോക്തികള്‍ നിയന്ത്രിക്കുന്ന രാജനീതിയേയും സീതകാണുന്നത് പ്രശ്നോപനിഷത്തില്‍ സ്വപ്നത്തെക്കുറിച്ചുപറഞ്ഞ സങ്കേതത്തെ സാധൂകരിക്കും പോലെയാണ്.

ന്യായവാര്‍ത്തികപ്രകാരം സ്മൃതി, അനുഭവം, ഉപേക്ഷ ഇങ്ങനെ മൂന്ന് വിധത്തിലാണ് ജ്ഞാനം. യാതൊന്നിലാണോ സുഖമുണ്ടാകുന്നതായ രാഗവും ദുഖമുണ്ടാക്കുന്നതായ ദ്വേഷവും അന്തകരണത്തില്‍ ഇല്ലാത്തത് അതാണ്   ഉപേക്ഷാജ്ഞാനം.  വിരാഗിയായിത്തീര്‍ന്ന സീത ഉപേക്ഷാജ്ഞാനത്തില്‍ എത്തിയിരിക്കുന്നതായി ആശാന്‍ പറയുന്നുണ്ട്. ആ ഉപേക്ഷാജ്ഞാനത്തിലേയ്ക്കാണ് ആശ്രമവാസം സീതയെ എത്തിച്ചിരിക്കുന്നത്. സീതാപരിത്യാഗാനന്തരവും ശ്രീരാമന്‍ സീതയുടെ സ്മൃതിധാരയില്‍ കതിര്‍വീശി പ്രണയവെണ്‍മതിയായി നില്കുന്നുണ്ട്.

'ഉദയാസ്തമയങ്ങളെന്നി, യെന്‍
ഹൃദയാകാശമതിങ്കലെപ്പൊഴും
കതിര്‍വീശി വിളങ്ങിനിന്ന വെണ്‍-
മതിതാനും സ്മൃതി ദര്‍പ്പണത്തിലായ്(22)'

വ്രതചര്യയില്‍ പഴകിയതുകൊണ്ടും ആത്മവിദ്യയാല്‍ കാലം കഴിക്കയാലും സീതാപുത്രന്മാരോടുകൂടിയുള്ള മുനിയുടെ അയോദ്ധ്യാഗമനത്തിനു മുന്‍പുതന്നെ 'പതിരാഗജങ്ങളായ പ്രിയഭാവങ്ങള്‍' തുലഞ്ഞില്ലെങ്കിലും അവ വെറും പ്രതിശബ്ദംപോലെ ദുര്‍ബലമായാണ് സീതാചിത്തത്തില്‍ നിലനിന്നിരുന്നത്. പ്രിയരാഘവനാല്‍ ഉപേക്ഷിക്കപ്പെട്ട ഗര്‍ഭകാല ജീവിതാനുഭവം ഉദയാസ്തമയങ്ങളില്ലാതെ കതിര്‍വീശിനിന്ന രാമനെന്ന വെണ്‍മതി സീതയുടെ ഹൃദയാകാശത്തില്‍ കാര്‍ നിറച്ചുവെന്ന് 43ാം ശ്ലോകത്തില്‍ സീത പറയുന്നുമുണ്ട്. ജീവിതത്തില്‍ അവമാനമൊഴിക്കാത്ത ഉരുദുഃഖനിരയെ തരണം ചെയ്ത് വിരാഗിയായിത്തീര്‍ന്ന് സീത ഉപേക്ഷാജ്ഞാനത്തില്‍ എത്തിയിരിക്കുന്നവെന്ന് 'സ്മൃതിധാര, യുപേക്ഷയാം' എന്ന 44ാം ശ്ലോകത്തില്‍ പ്രസ്താവിക്കുന്നുണ്ട് ഈ ഉപേക്ഷാജ്ഞാനംകൂടി ചേര്‍ന്നാണ് സീതയുടെ ഉടല്‍വെടിയല്‍ സ്വാഭാവികമായ പരിസമാപ്തിയാക്കി ആശാന്‍ കാവ്യത്തില്‍ മാറ്റുന്നത്.  

ബാഹ്യസൂര്യന്‍ വസ്തുക്കളെ പ്രകാശിപ്പിക്കുന്നതുപോലെ എല്ലാ ഇന്ദ്രിയ വിഷയങ്ങളുടെയും ജാഗ്രദനുഭവം വിശ്വന്‍ എന്ന അഹന്തയെ കേന്ദ്രീകരിച്ചാണ്. സീതയുടെ സൈക്കോളജിക്കല്‍ സെറ്റ് എന്നു വിശേഷിപ്പിക്കാവുന്ന വിശ്വാഭിമാനിയായ അഹന്തയുടെ പിന്‍വാങ്ങല്‍ 'രവിപോയ്മറഞ്ഞതും' എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ സുഷുപ്തിയുടെ ഘനീഭൂതമായ പ്രാജ്ഞനില്‍ ഏകീഭവിക്കണമെങ്കില്‍ 191ാം ശ്ലോകം വരെ സീതയക്ക് എത്തണം.

സീതയുടെ ശ്രദ്ധാന്വിതമായ മനസ്സിലേയ്ക്ക് ഉണരാത്ത, സുഷുപ്തിയുടെ പ്രാജ്ഞനില്‍ വിലയിക്കാത്ത ബോധത്തിന്‍റെ ഇടനാഴിയായ സ്വാപ്നികാവസ്ഥയുടെ സൂചന ഉടല്‍മൂടിയിരുന്നു ദേവി എന്ന ആറാം ശ്ലോകത്തിലും കവി ആവര്‍ത്തിക്കുന്നുണ്ട്. സീതയെ കൂട്ടംതെറ്റിമേയുന്ന ചിന്തകള്‍ കൂട്ടികൊണ്ടുപോകുന്നത് 

ഒരു നോട്ടവുമെന്നി നിന്നിതേ 
വിരിയാതല്പമടഞ്ഞകണ്ണുകള്‍ 
പരുഷാളകപംക്തി കാറ്റിലാ
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ 

എന്ന 8ാം ശ്ലോകത്തിലേക്കാണ്. ഉച്ചാരണത്തില്‍ വിവൃതമായ 'അ'കാരംകൊണ്ട് ജാഗരിതത്തെയും , സംവൃതമായ 'മ'കാരം കൊണ്ട് സുഷുപ്തിയേയും അല്പം അടഞ്ഞ് തുറന്ന ഉകാരം കൊണ്ട് സ്വപ്നത്തെയും 'മാണ്ഡൂക്യോപനിഷ'ത്ത് നിര്‍ദ്ദേശിക്കുന്നുണ്ട്. സീതയുടെ വിരിയാതല്പം അടഞ്ഞ കണ്ണുകള്‍ എന്ന നില സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതിവിടെയാണ്.  മാത്രമല്ല  കണ്ണെന്ന ഇന്ദ്രിയം അതിന്‍റെ ജാഗരിത വിഷയങ്ങളില്‍ നിന്ന് പിന്‍വാങ്ങിയതിന്‍റെ കനത്ത സൂചനകളാണ് ' ഒരു നോട്ടവുമെന്നി നിന്നിതേ' എന്നതും ' പരുഷാളക പംക്തി കാറ്റിലാഞ്ഞുരസുമ്പോഴും ഇളക്കമെന്നിയെ' എന്നതും. അല്പം അടഞ്ഞുതുറന്ന ഉകാരത്തിന്‍റെ സ്വാപ്നിക പ്രപഞ്ചത്തിലാണ് ഒരു നോട്ടവും ഒന്നിലും ഉറയ്ക്കാതെ, അഹംബുദ്ധിയില്‍ ബാഹ്യവിഷയങ്ങള്‍ വിരിയാതെ (രവിപോയ് മറഞ്ഞതും സ്വയം ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും അവനീശ്വരി ഓര്‍ത്തതില്ല) ഘനീഭൂതമായ പ്രജ്ഞയില്‍ ഉറങ്ങാതെ എന്നാല്‍ ഇളകാതെ , ജാഗരിത ശരീരമായ ഉടല്‍മൂടി 'വിരിയാതല്പം' അടഞ്ഞ കണ്ണുകളോടുകൂടിയ കേന്ദ്രകഥാപാത്രത്തിന്‍റെ പ്രതിഷ്ഠ ആശാന്‍ നടത്തുന്നത്.

ഉടല്‍മൂടിയിരുന്നുദേവിത-
ന്നുടയാടത്തളിരൊന്നുകൊണ്ടുതാന്‍-
വിടപങ്ങളൊടൊത്ത കൈകള്‍ തന്‍-
തുടമേല്‍വച്ചുമിരുന്നു സുന്ദരി (7)

സ്വപ്നത്തില്‍ വ്യവഹരിക്കുന്ന കഥാപാത്രത്തെ കൃതിയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ അബോധത്തിന്‍റെ സങ്കീര്‍ണ്ണതലങ്ങളുടെ ആവിഷ്ക്കരണം സാധ്യമാകുന്നു. അമര്‍ഷവും അപമാനവും വെറുപ്പും , തേങ്ങലും പൊട്ടിത്തെറിയും വിമര്‍ശനവും ആദര്‍ശാത്മകതയും കുറ്റബോധവും മാപ്പുചോദിക്കലും വിലയിരുത്തലും ശിഥിലമായ ചിന്തകളുടെ അടുക്കിയെടുക്കലും പിന്‍വാങ്ങലുമെല്ലാം സീതയുടെ പെരുമാറ്റത്തില്‍ കൊരുത്തുവെയ്ക്കുവാന്‍ അവര്‍ക്ക് കവി നല്കിയ സ്വാപ്നികാഹന്ത കൃത്യമായ വസ്തുസംയോജകമായി(ഛയഷലരശ്ലേ രീൃലഹമശ്ലേ) പ്രവര്‍ത്തിക്കുന്നു.

പതിചിത്ത വിരുദ്ധവൃത്തിയോടു കലരാത്ത ജാനകിക്ക് വിഭുത്വദുര്‍ഗ്ഗമേറിയ രാമനെ പരിഹസിക്കാനും ചോദ്യം ചെയ്യാനും ന്യായീകരിക്കാനും , മാപ്പുനല്കാനും മംഗളം ആശംസിക്കുവാനും യാത്രാമൊഴി ചൊല്ലാനുമെല്ലാം ഏകാന്തമായ സ്വപ്നത്തിന്‍റെ അന്തര്‍ഇന്ദ്രിയ മണ്ഡലങ്ങളിലേക്കു കടന്നുചെന്നേ കഴിയൂ. അലതല്ലുന്ന ചിന്തയാം കടലില്‍' കിടക്കുന്ന സങ്കീര്‍ണ്ണങ്ങളായ വികാരങ്ങളെ അടുക്കി ക്രമപ്പെടുത്തി ചിത്തത്തിന്‍റെ വിശ്രാന്തിയിലേയ്ക്ക് എത്തിച്ചേരണമെങ്കില്‍ മനസ്വിനിക്കു പറഞ്ഞു തീര്‍ക്കാനുള്ളവ പറഞ്ഞുതീര്‍ക്കുക തന്നെവേണം. അതിന് അനുയോജ്യമായ ഏക സങ്കേതവും സീതയ്ക്ക് അവരുടെ തൈജസപ്രപഞ്ചം തന്നെയാണ്.

ചിന്താവിഷ്ടയായ സീതയുടെ മാനസികവൃത്തികളുടെ രീതിവിധാനം ശ്രദ്ധിച്ചുപഠിച്ചാല്‍ ഉദ്ദീപനപ്രതികരണങ്ങളുടെ ഇടയില്‍ ഇരിക്കുന്ന മായാവിനോദനെ പോലെയാണ് സ്വപ്നത്തിലെ അഹന്തപെരുമാറുന്നത് എന്നു കാണാം.മായാവിനോദന്‍ എന്ന പദം നാരായണഗുരുവിന്‍റെ ദൈവദശകത്തില്‍ നിന്നു കടം കൊണ്ടതാണ്. സ്വപ്നത്തിലെ അഹന്തയായ തൈജസന് മായാവിനോദനെപോലെ കണ്ടതിനെയും അനുഭവിച്ചതിനെയും പിരിച്ചു പലതാക്കാം. പലതിനെ കലര്‍ത്തി ഒന്നാക്കാം. ധര്‍മ്മവിചിന്തനം ചെയ്യാം വിചാരണ ചെയ്യാം മൂര്‍ത്തമായിരിക്കുന്നതിനെ ഭാവാന്തരപ്പെടുത്തി ആശയമാക്കി വാക്കിന്‍റെ ചിമിഴില്‍ അടയ്ക്കാം. വിചാരവിക്ഷോഭങ്ങളുടെ ഏറ്റിറക്കങ്ങളില്‍ തുഴഞ്ഞുനടക്കാം ഇത്തരത്തില്‍ തൈജസനെ മായാവിയുടെ പണിപ്പുരയില്‍ സാധ്യതയുള്ള അന്തര്‍നാടകങ്ങളെ 'ചിന്താവിഷ്ടയായ സീത' അവതരിപ്പിക്കുന്നുണ്ട്.

'ചിന്താവിഷ്ടയായ സീത'യിലെ ബോധശാസ്ത്രപരമായ പരികല്പനകളില്‍ പ്രധാനമായി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയം സീതയുടെ ചിത്തവൃത്തികളെക്കുറിച്ചുള്ള സൂചനകളാണ്. ക്ഷിപ്തം, വിക്ഷിപ്തം , മൂഢം, നിരുദ്ധം ഏകാഗ്രത എന്നിവ ചിത്തവൃത്തികളെന്ന് 'പാതഞ്ജലയോഗസൂത്രം'. നിശ്ചലമായിരിക്കുന്ന ബോധം ഊര്‍ജ്ജപ്രസരംപോലെ വൃത്തിരൂപേണ ചലിക്കുന്നതാണ് ക്ഷിപ്തം. ക്ഷിപ്തങ്ങളുടെ പ്രവാഹരൂപത്തെയാണ് ചിന്തയെന്ന് സാമാന്യമായി പറയാറ്. ഇത് സദാ നടന്നുകൊണ്ടേയിരിക്കുന്നു. വിശേഷേണ നല്ലവണ്ണം ഏതെങ്കിലുമൊരു വൃത്തിയില്‍ ഏറെ കുടുങ്ങിയാല്‍ വിക്ഷിപ്തമായി. രണ്ടു ക്ഷിപ്തങ്ങളുടെ ഇടവേള മൂഢം. മറ്റുവൃത്തികളെ നിരോധിക്കുന്നത് നിരുദ്ധം. ഏകാഗ്രതയും വൃത്തിതന്നെ. പുത്രന്മാരുടെ അയോദ്ധ്യാഗമനം അതിചിന്തയെന്ന ക്ഷിപ്തത്തെ ഉദ്ദീപിപിച്ചപ്പോള്‍ സീതാചിത്തത്തിന് വിചാരഭാഷയെന്ന വിക്ഷിപ്തസ്വഭാവം കൈവരുന്നത് കാണാം. ചിത്തവൃത്തിപ്രവാഹത്തിന്‍റെ ലാവണ്യാത്മകവും രൂപകാത്മകവുമായ വര്‍ണ്ണന 'ചിന്താവിഷ്ടയായ സീത'യുടെ 43-ാം ശ്ലോകത്തില്‍ ഇങ്ങനെ വായിക്കാം 

അരുതോര്‍പ്പതിനിന്നു കാര്‍നിറ
ഞ്ഞിരുളാമെന്‍ ഹൃദയാങ്കണങ്ങളില്‍
ഉരുചിന്തകള്‍ പൊങ്ങിടുന്നു ചൂഴ് 
ന്നൊരുമിച്ചീയല്‍ കണക്കെ മേല്‍ക്കുമേല്‍ 

അതിചിന്തയെന്ന ക്ഷിപ്തത്തില്‍ കലങ്ങിയ സീതയുടെ ചിത്തവൃത്തിയുടെ വിക്ഷിപ്തത്തിലേയ്ക്കുള്ള അവരോഹണം ഒമ്പതാം ശ്ലോകത്തിലെ 'അയവാര്‍ന്നിടയില്‍ ശ്വസിച്ചു ഹാ! നിയമം വിട്ടൊരു തെന്നല്‍മാതിരി' എന്ന വരികളില്‍ ആരംഭിക്കുന്നു. അലതല്ലുന്ന ചിന്തയാം കടലില്‍ ഉഴലുന്ന സീതാചിത്തത്തിന്‍റെ അടുത്ത പ്രതികരണം കവി അടയാളപ്പെടുത്തുന്നത് ചാരുകവിള്‍ത്തടങ്ങളിലെ പല ഭാവങ്ങളിലൂടെയാണ്. മുഖം മനസ്സിന്‍റെ കണ്ണാടിയാകുന്നത് വൃത്തികളെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണല്ലോ. ഒരു നോട്ടവുമെന്നി നിന്നിതേ പരുഷാളക പംക്തി കാറ്റില്‍ ആഞ്ഞുരസിയാല്‍ പോലും ഇളക്കമില്ലാതെ എന്നീ സൂചനകളിലൂടെ മിഴചിമ്മാത്ത വിക്ഷിപ്തവൃത്തിയില്‍ ഉറഞ്ഞസീതയുടെ ചിത്തനില സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. 'ഉഴലും മനതാര്‍ അടക്കുവാന്‍' എന്ന 11-ാം ശ്ലോകത്തില്‍ സീതയുടെ ചിത്തവൃത്തിപ്രവാഹം വിചാരഭാഷയെ ആശ്രയിക്കുന്നത് കാണാം. വനവേണുപോലെ പുലമ്പുന്ന സീത സ്വജീവിത ഇതിവൃത്തചിന്തയിലൂടെ ഏകാഗ്രത എന്ന  ചിത്തഭൂമിയിലും ഇതരവൃത്തികളുടെ നിരോധത്തിലും എത്തുന്നുണ്ട്. സീതയുടെ ചിത്തത്തിന്‍റെ വിക്ഷിപ്താവസ്ഥയുടെ അഗ്നിയിലാണ് ആശാന്‍ സീതയ്ക്ക് അഗ്നിശുദ്ധിവരുത്തുന്നത്. 

സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയില്‍
പടരുംചിന്തകളാല്‍ തുടിച്ചിതേ
പുടവയ്ക്ക് പിടിച്ച തീ ചുഴ
ന്നുടല്‍ കത്തുന്നൊരു ബാലപോലവള്‍ (189)

ചിത്തവൃത്തികളുടെ അഗ്നിയില്‍ അഗ്നിപ്രവേശം ചെയ്യുന്ന സീതയുടെ മനോനിലയെ മുന്‍നിറുത്തി ആശാന്‍ പറഞ്ഞ

തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും
ഇരിയാതെ മനം ചലിപ്പു, ഹാ !
ഗുരുവായും ലഘുവായുമാര്‍ത്തിയാല്‍(13)

ഈ ശ്ലോകത്തിലൂടെ ദുഃഖത്തിലെ മനോവൃത്തിയുടെ നില അടയാളപ്പെടുത്തുന്ന ആശാനിലെ കവി ബോധശാസ്ത്രകാരനായി മാറുന്നു. ബോധശാസ്ത്രത്തോടുള്ള ആശാന്‍റെ അഭിനിവേശം ചര്‍ച്ചചെയ്യുമ്പോള്‍ നാരായണഗുരുവിന്‍റെ സഹചാരിത്വം ആശാനില്‍ സ്വാധീനം ചെലുത്തിയത് പറയാതെ വയ്യ. നാരായണഗുരുവിന്‍റെ 'ആത്മോപദേശശതക'ത്തിലെ 

ഇരുപുറവും വരുമാറവസ്ഥയെപ്പൂ
ത്തൊരുകൊടിവന്ന് പടര്‍ന്നുയര്‍ന്നുമേവും
തരുവിനടിക്കു തപസ്സുചെയ്തുവാഴും
നരനു വരാ നരകം നിനച്ചിടേണം   (9)

എന്ന ശ്ലോകത്തിന്‍റെ മാറ്റൊലി ആശാന്‍റെ 'ചിന്താവിഷ്ടയായ സീത'യ്ക്കുണ്ട്. കാരണം പരിത്യാഗത്തിന്‍റെയും സ്വീകരണത്തിന്‍റെയും ഋണാത്മകവും ധനാത്മകവുമായ ഇരുപുറങ്ങളിലൂടെ നിര്‍വ്വചിക്കപ്പെടുന്ന സീതാജീവിതം ഉണ്ടാകുക, നിലനില്‍ക്കുക എന്നിവയില്‍ തുടങ്ങി നശിക്കുക എന്ന ജീവിതനശ്വരതയുടെ ആറ് അവസ്ഥകളെ മറികടക്കുന്നുണ്ട്. രാമനെ പ്രതിയുള്ള രാഗമാം ജലധികക്കരെ സീത കരേറുന്നത് സ്വജീവിതത്തില്‍ ദ്വന്ദഭാവമുള്ള അനുഭവങ്ങളെ നടുനിലയില്‍ എത്തിച്ച് ചിത്തപരിപാകം കൈവരിക്കുന്നതിലൂടെയാണ്. സീത തന്‍റെ ജീവിതവൃക്ഷമാകുന്ന തരുവിനടിക്ക് ചിന്താതപം ചെയ്ത് ആത്മവിദ്യയാല്‍ ഭജമാനൈകവിഭാവ്യമാം പദത്തിലുയര്‍ന്ന് ദീപ്തമാകുന്ന ക്രിയാപദ്ധതി നാരായണഗുരുവിന്‍റെ ആത്മോപദേശശതകത്തിലെ ഒന്‍പതാംശ്ലോകത്തില്‍ നിന്ന് ഊര്‍ജംകൊണ്ടതാവാതെ തരമില്ല.

അരിയോരണി പന്തലായ പൂവാകയുടെ കീഴിരുന്നുകൊണ്ടാണ് സീത വൈരുദ്ധങ്ങള്‍ നിറഞ്ഞ സ്വജീവിതത്തിന്‍റെ ഇരുപുറങ്ങളെയും വിചാരംതപംകൊണ്ട സംശുദ്ധമാക്കി ഭജമാനൈകവിഭാവ്യമായ തലത്തിലേയ്ക്കുയര്‍ന്ന് വൈദേഹിയായി തീരുന്നത്. 

മാത്രമല്ല നാരായണഗുരുവിന്‍റെ ദാര്‍ശനികാവബോധത്തിന്‍റെ കരുവിലാണ് ആശാന്‍ സീതയെ വാര്‍ത്തെടുക്കുന്നത്. ഒരു നിശ്ചയമില്ല ഒന്നിനും എന്ന് 12ാം ശ്ലോകത്തില്‍ തുടങ്ങുന്ന സീതയുടെ വിരാഗബോധം നാരായണഗുരുവില്‍ നിന്ന് സംക്രമിച്ചതാണ്. 'യോഗവാസിഷ്ഠരാമായണ'ത്തിലെ വൈരാഗ്യപ്രകരണത്തില്‍ ശ്രീരാമന്‍ നടത്തുന്ന കാമഗര്‍ഹണത്തോടു ചേര്‍ന്നു നില്ക്കുന്നവയാണ് സീതയുടെ വിരാഗചിന്തകള്‍. അത്തരം ചിന്തകളുടെ ആരോഹണത്തിലാണ് സീത

'വിനയാര്‍ന്ന സുഖം കൊതിക്കയില്ലിനി 

മേല്‍ഞാന്‍ അസുഖം വരിക്കുവാന്‍' എന്ന നിശ്ചയാത്മികയായ ബുദ്ധിയിലേക്ക് എത്തുന്നത്. 'ഖം'എന്നാല്‍ ആകാശം. സുഷ്ടുവായ ആകാശം സുഖം. ആ സുഖത്തെ വിനയാര്‍ന്നത് , വിനകളെ അഥവാ കര്‍മ്മങ്ങളെ പ്രസവിക്കുന്നത് എന്ന് ആശാനെകൊണ്ട് വിശേഷിപ്പിക്കുന്നത് അദ്ദേഹത്തില്‍ പതിയിരിക്കുന്ന നാരായണഗുരുവാണ്. 'അന്നാദിയില്‍ പ്രിയമുണര്‍ന്ന് ആടലാം കടലില്‍ ഒന്നാകെ വീണുവലയും' എന്ന് 'ജനനീനവരത്ന മഞ്ജരി'യില്‍ സുഖത്തെക്കുറിച്ച് എഴുതിയ കവിയാണ് നാരായണഗുരു. പതിരാഗജങ്ങളായ പ്രിയഭാവങ്ങള്‍ സീതയെ ദുഃഖക്കടലിലാണ് എത്തിച്ചതെന്ന് 164ാംശ്ലോകത്തില്‍ ആശാന്‍ സീതയെകൊണ്ട് കുമ്പസാരിപ്പിക്കുന്നുണ്ട്.

നിരുപിക്കുകി നിന്ദ്യമാണുമ-
ച്ചരിതം, ഞാന്‍ സുചരിത്രയെങ്കിലും
ഉരു ദുഃഖനിരയ്ക്കു നല്‍കിനേ
നിരയായിപ്പലവാറു കാന്തനെ (164)

ഈ കുമ്പസാരം ആശാന്‍ സീതയില്‍ സാധിക്കുന്നത് നാരായണഗുരുവിന്‍റെ സുഖസങ്കല്നങ്ങളുടെ തുടര്‍ച്ചയിലാണ്. പച്ചയായ പാകമാകാത്ത സുഖമാണ് വിരാഗികള്‍ക്ക് കാമം. അത്തരം ചിന്തയുടെ അന്തരാളങ്ങളിലാണ് ആശാന്‍റെ പ്രണയികള്‍ മാംസനിഷേധികളായത്. സീതയിലാവട്ടെ പാകമാകാത്ത കാമം വിഷയധ്യാനത്തോളം എത്തിനിന്നിരുന്നുവെന്ന് 'ഉദയാസ്തമയങ്ങളെന്നിയെന്‍ ഹൃദയാകാശമതിങ്കലെപ്പൊഴും, കതിര്‍വീശി വിളങ്ങിനിന്ന വെണ്‍മതിയിലൂടെ' സൂചിതമാകുന്നുണ്ട്. വിഷയധ്യാനംകൊണ്ട് രാമസംഗംവന്ന് സംഗം പ്രതിഹതമായപ്പോള്‍ ക്രോധിയായി സമ്മോഹംവന്ന സീതയുടെ വര്‍ണ്ണന ഗര്‍ഭകാലത്തെ പരിത്യാഗചിന്തകളില്‍ ആശാന്‍ ഉള്ളടക്കുന്നുണ്ട്. വേദാന്തികള്‍ ഇന്ദ്രിയാധിഷ്ഠമായ സുഖത്തെ പാകമാകാത്ത പച്ചയായ സുഖം എന്നു കാണുന്നു. ആത്മസുഖമാണ് അവര്‍ക്ക് മധുരക്കനി. ചിജ്ജഡചിന്തനത്തില്‍ ആത്മസുഖത്തെ നാരായണഗുരു 

'പുതുമാംകനിപൂത്തമൃതേ ഗുളമേ
മധുവേ, മധുരക്കനിയേ, രസമേ,' (9) എന്നു പറഞ്ഞുകാണുന്നു. രാമനെപ്രതിയുള്ള പച്ചയായ സുഖാഭിവാഞ്ഛ സീതാജീവിതത്തില്‍ എരിയുന്ന മഹാവനങ്ങളെ തീര്‍ത്തു എന്ന ആഖ്യാനത്തിലും 
പരിതൃപ്തിയെഴാത്ത രാഗമാ
മെരിതീക്കിന്ധനമായി നാരിമാര്‍
പുരിയില്‍ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ (73)

എന്ന ശ്ലോകത്തിലും നാരായണഗുരുവിന്‍റെ ദര്‍ശന സ്വാധീനം മുഴങ്ങികേള്‍ക്കാം. ശീതള നീര്‍ത്തടാകമാക്കി ജീവിതത്തെ തീര്‍ക്കുന്നത് വ്രതചര്യയും ആത്മവിദ്യയുമാണെന്ന് സീതയെകൊണ്ട് പറയിപ്പിക്കുന്നതും ആശാന്‍റെ നാരായണഗുരു സഹചാരിത്വമാണ്. വിവാഹത്തിലൂടെ രാമന്‍റെ ഭുജശാഖയില്‍ ചേക്കേറിയ സീത ആത്മവിദ്യകൊണ്ട് അഴലൊഴിഞ്ഞതുകൊണ്ടാണ് ഏകവും അദ്വയവുമായ അനാദിധാമത്തിലേയ്ക്ക് ഭയമറ്റ് പറന്നുപോകുന്നത്. 

ചരിതാര്‍ത്ഥതയാര്‍ന്ന ദേഹിയില്‍
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങില്‍ നിന്നുടന്‍
ശരിയായിക്കളിതീര്‍ന്ന നട്ടുവന്‍  (168)

നിലയറ്റ സുഖാസുഖങ്ങളായി ഏറിമാറിതിരിയുന്ന ജീവിതത്തിന്‍റെ നിസാരതയറിഞ്ഞ് ചരിതാര്‍ത്ഥയാകുന്ന സീതയുടെ നിലയിലും നാരായണഗുരുവില്‍ നിന്ന് ആശാന്‍ പരിചയിച്ച നിവൃത്തി മാര്‍ഗത്തിന്‍റെ പ്രതിധ്വനി മുഴങ്ങികേള്‍ക്കുന്നുണ്ട്. അതിന്‍റെ പരകോടിയിലാണ് വ്യഷ്ടിയില്‍ സമഷ്ടി ലയിക്കുന്നു എന്ന ബോധശാസ്ത്രമായ നിലപാട് സീതയില്‍ 'സിന്ധുവില്‍ കളിയായ് ചെന്നണയുന്ന നദി'എന്ന് രൂപംതേടുന്നത്. അതിന് സീതയ്ക്ക് പ്രാപ്തിനേടികൊടുക്കുന്നത് നാരായണഗുരുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 

'അതുമിതുമല്ല സദര്‍ത്ഥമല്ലഹം 

സച്ചിദമൃതമെന്നു തെളിഞ്ഞ് ധീരമാകലാണ്' (ആത്മോപദേശശതകം 100)  വിചാരഭാഷയെ ആശ്രയിച്ച് സ്വജീവിതം വിമര്‍ശന വിശകലനവിധേയമാക്കി അതുമിതുമല്ല എന്നു തെളിഞ്ഞ ധീരതയിലാണ് സീത ഭുജശാഖവിട്ട് ഭയമറ്റ് പറന്നുപോകുന്നത്. ചിന്താവിഷ്ടയായ സീതയില്‍ നാരായണഗുരുവിന്‍റെ ആത്മോപദേശശതകം മുന്നോട്ടുവയ്ക്കുന്ന ബോധശാസ്ത്രപരമായ നിലപാടുകള്‍ പൂര്‍ണ്ണമായും മുഴങ്ങുന്നത് സീതയുടെ 32,33, 34 എന്നീ ശ്ലോകങ്ങളിലാണ്.

ഭാരതീയ ബോധശാസ്ത്രത്തിന്‍റെ വിവിധമാനങ്ങള്‍ സസൂക്ഷ്മം അവതരിപ്പിക്കുന്ന കൃതിയാണ് മഹാകവികുമാരനാശാന്‍റെ 'ചിന്താവിഷ്ടയായ സീത'. ബോധത്തിന്‍റെ ജാഗ്രത്, സ്വപ്നം, സുഷുപ്തമെന്ന അവസ്ഥാത്രയങ്ങളില്‍ സ്വപ്നത്തിന്‍റെ സവിശേഷതകളും സ്വപ്നാവസ്ഥയിലെ അഹന്തയുടെ സ്വരൂപവും മലയാളകാവ്യശാഖയില്‍ ശക്തമായി പ്രതിനിധീകരിക്കപ്പെട്ടത് ആശാന്‍റെ സീതയിലൂടെയാണ്. ബോധശാസ്ത്രവും ഭൗതികശാസ്ത്രവും മനശ്ശാസ്ത്രവും പ്രാണശാസ്ത്രവും രാജ്യതന്ത്രവും സാഹിത്യചിന്തയില്‍ പരിപാകം നേടുന്നതിന്‍റെ ഉദാഹരണമാണ് 'ചിന്താവിഷ്ടയായ സീത'.

സഹായക ഗ്രന്ഥങ്ങള്‍

കുമാരനാശാന്‍, എന്‍ (2006). ആശാന്‍റെ പദ്യകൃതികള്‍ . കോട്ടയം: ഡി.സി. ബുക്സ്.  
നാരായണഗുരു. (2012). സമ്പൂര്‍ണ്ണകൃതികള്‍. ശ്രീനിവാസപുരം: നാരായണഗുരുകുലം. 
നമ്പൂതിരി, ശ്രീമാന്‍, ഡി. (2004). ഉപനിഷദ്സര്‍വ്വസ്വം. തൃശൂര്‍: സാമ്രാട്ട് പബ്ലിക്കേഷന്‍.  
വൈദ്യര്‍, നാരയണന്‍, എം. (1996). ചരകസംഹിത സമ്പൂര്‍ണ്ണം. ഇടക്കാട്: ധന്വന്തരി പ്രിന്‍റേഴ്സ്. 
സ്വാമി, സിദ്ധിനാഥാനന്ദ.(1992) ശ്രീരാമകൃഷ്ണവചനാമൃതം. പുറനാട്ടുകര: ശ്രീരാമകൃഷ്ണമഠം പബ്ലിക്കേഷന്‍. 
യതി, നിത്യചൈതന്യ.(1989). യോഗപരിചയം. ശ്രീനിവാസപുരം: നാരായണഗുരുകുലം. 
Jung, C.G. (1969). On the Nature of the Psyche.London: Routledge Classic.
ഡോ.കവിതാ രാമന്‍ 
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാള വിഭാഗം
ശ്രീശങ്കരാചാര്യാ സംസ്കൃത സര്‍വ്വകലാശാല
കാലടി
Pin: 683573
Ph: 91 9745608652
Email: ramaridayam@gmail.com
ORCID: 0009-0007-0726-7938