Children’s Performing Arts and Cultural Evolution 

Dr. Ajitha Chemban

As for the folks  rituals, beliefs and their presentations are all crucial in establishing identity. It is through performing arts that exist in the form of stories, songs and dances that the tradition of the people is passed on. Cultural evolution has also influenced such arts. Children’s role in imbibing and maintaining tradition is vital. Analyzing the performing arts, it can be seen that although the number of performing arts performed by children was limited, it existed among the various communities of Kerala. They were the means of carrying out a definite social mission. The evolution of the performing arts in which children are performers  can be scrutinized. The role played by performing arts in the transmission of tradition and the problems faced by them in the present period are studied by focusing on a few performing arts that existed in the agricultural lifestyle and were performed by children.

Key words: Rituals,  Performance, Tradition,  Globalisation, Casteism, Cultural Industry, Neocolonialization

Reference:

Ajayakumar.2009.Folklore adhikaram adhinivesam. Kozhikode :Ed club Samuthiri Guruvayurappan college. 
Aju K. Narayanan.2015. Folklore Paadangal, Padanangal. Kottayam :Sahithya Pravarthaka Sahakarana Samgham.
Anil, K.M.(Dr.).2018. Folklore Jana Samskritiyude verukal. Kannur :Kerala Folklore Academy.
Anilkumar, N.(Dr.).2010. Prakatanagaanangalude aakhyaana soundarya sasthram. Thrissur :Sahitya Academy. 
Ayyappapanikkar,  K.(Dr.).2005. Ayyappapanikkarute Lekhanangal (1990-2005).Kottayam: D.C. Books.
Dineshan  Vadakkiniyil. 2014. Anushtaanam Kaalam samooham. Kottayam :Sahitya pravarthaka sahakarana Sangham. 
Girishkumar,S.(Dr.).2019. Adhikaaravum pradhirodhavum Anushtaana kalakalil. Kannur: Kerala Folklore Academy. 
Nair, S.K.(Dr.).1962.Keralathile naadodi nadakangal.Madras:.Madras University.
Peter J. Claus.1980.‘Essay The uses and Misuses of Folkore’. Indian Folklore I.Mysore :CIII Folklore Series . 
Raghavan Payyanadan (Dr.).2019. Folklore. Thiruvananthapuram :Keralabhasha Institute.
Raghavan Payyanadan (Dr.).1999. Folklore sankethangalum sankalpanagalum. Payyanur:Folklore fellows of Malabar trust . 
Rajagopalan, C.R.2019. Folklore Arikusathyangal.Kannur: Kerala folklore academy. 
Schechner, Richard.1985.Between Theatre and Anthropology. Philadelphia :Pennsylvania Press.
Sasidharan Klari(Dr.).2012. Keraleeya Kalanikhandu.Kozhikode :Olive publications.
Soman Kadaloor.2011. Forklore: Varthamanavum Anweshanavum. Kozhikode: Poorna publications.
Suresh Babu Elayavoor(Ed.). 2004.Folklorinte kaivazhikal volume 1.Kannur: Kerala folklore Academy. 
Vishnunamboothiri, M.V. (Dr.). 2019. Naattarivu patanangal  volume 1. Kozhikode: Poorna Publications.
Vishnunamboothiri, M.V. (Dr.). 2014. Naattarivu patanangal  volume 2. Kozhikode :Poorna Publications. 
Vishnunamboothiri, M.V. (Dr.). 2010.Folklore Nighandu.Thiruvananthapuram: Kerala Bhasha Institute. 
Dr. Ajitha Chemban
Asso. Professor
Dept.of Malayalam
Govt.Brennen College
Dharmadam, Thalassery
Pin: 670106
Email:  1973ajitha@gmail.com
Ph: +91 9995566803
ORCID: 0000-0002-2247-7411

കുട്ടികളുടെ പ്രകടനകലകളും സാംസ്കാരികപരിണാമവും  

ഡോ. അജിത ചേമ്പന്‍ 

ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം ആചാരങ്ങളും വിശ്വാസങ്ങളും അവയുടെ അവതരണങ്ങളും എല്ലാം സ്വത്വത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമാണ്.കഥകളായും പാട്ടുകളായും നൃത്തരൂപങ്ങളായും നിലനില്‍ക്കുന്ന പ്രകടനകലകളിലൂടെയാണ് ജനസമൂഹത്തിന്‍റെ പാരമ്പര്യക്കൈമാറ്റം സാധ്യമാകുന്നത്.സാംസ്കാരിക പരിണാമം ഇവയെ സ്വാധീനിക്കുന്നു.പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നതിലും പരിപാലിക്കുന്നതിലും കുട്ടികളുടെ പങ്ക് സുപ്രധാനമാണ്. പ്രകടനകലകളെ വിശകലനവിധേയമാക്കുമ്പോള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രകടനകലകള്‍ എണ്ണത്തില്‍ പരിമിതമാണെങ്കിലും കേരളത്തിലെ വിവിധ ജനസമൂഹങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു എന്ന് കാണാനാവുന്നു.അവ കൃത്യമായ സാമൂഹികദൗത്യനിര്‍വ്വഹണത്തിന്‍റെ ഉപാധികളായിരുന്നു എന്നതും വ്യക്തമാണ്.കുട്ടികള്‍ അവതാരകരായുള്ള പ്രകടനകലകള്‍ക്ക് സംഭവിച്ച പരിണതി സൂക്ഷ്മവിശകലന വിധേയമാക്കാവുന്നതാണ്.കാര്‍ഷികജീവിതക്രമത്തില്‍ നിലനിന്നതും കുട്ടികള്‍ അവതരിപ്പിച്ചതുമായ ഏതാനും പ്രകടനകലകളെ, മുന്‍നിര്‍ത്തി പാരമ്പര്യത്തിന്‍റെ കൈമാറ്റത്തില്‍ അവ നിര്‍വ്വഹിച്ച പങ്കും സാംസ്കാരിക പരിണാമത്തിന്‍റെ സ്വാധീനവും വര്‍ത്തമാന കാലഘട്ടത്തില്‍ ഇവ നേരിടുന്ന പ്രശ്നങ്ങളും ആണ് പഠന വിധേയമാക്കുന്നത്. 

താക്കോല്‍ വാക്കുകള്‍: അനുഷ്ഠാനം, പ്രകടനം, പാരമ്പര്യം, ആഗോളീകരണം, ജാതീയത, സംസ്കാരവ്യവസായം, നവകോളനിവത്കരണം.

ജനസമൂഹത്തിന്‍റെ കൂട്ടായ്മാബോധത്തെ ഉറപ്പിച്ചെടുക്കുന്നതില്‍ കലകള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്.അനുഷ്ഠാനപരവും അനുഷ്ഠാനേതരവുമായ കലകളിലൂടെ ജനസമൂഹത്തിന്‍റെ സാംസ്കാരികവിനിമയമാണ് നടക്കുന്നത്.പാരമ്പര്യമായ അറിവുകളുടെ കൈമാറ്റത്തെ ഏറ്റവും അടുത്തറിയേണ്ടവര്‍ കുട്ടികളാണ്.അതു പരിപാലിക്കപ്പെടേണ്ടതും അവരിലൂടെ തന്നെയാണ്.കുട്ടികളുടെ പ്രകടനകലകളില്‍ കാര്‍ഷികസംസ്കൃതിയില്‍ രൂപപ്പെട്ടവ പലതും ഇന്ന് നാശോന്മുഖവുമാണ്. പാരമ്പര്യത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ് കുട്ടികള്‍ എന്നതുകൊണ്ട് അവരെ മുന്‍നിര്‍ത്തിയുള്ള അവതരണങ്ങള്‍ക്ക് പിന്നീടെന്ത് സംഭവിച്ചു എന്നതും അതിലേക്ക് നയിക്കപ്പെട്ട സാംസ്കാരിക പരിണാമങ്ങള്‍ എന്ത് എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്.കുട്ടികളെ പ്രത്യേക ഫോക് ആയി പരിഗണിക്കുകയും പഠനം നടത്തുകയും ചെയ്യേണ്ടതാണ്. അത്തരം പരിശ്രമങ്ങള്‍ വളരെ വിരളമായിട്ടേ നടക്കുന്നുള്ളൂ. സാംസ്കാരികസാഹചര്യങ്ങള്‍ കുട്ടികളുടെ സ്വത്വരൂപീകരണത്തില്‍ എത്രത്തോളം നിര്‍ണ്ണായകമാകുന്നു എന്നത് ഇത്തരം പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.മനുഷ്യന്‍റെ ആത്മാവിഷ്കാരോപാധികളായാണ് കലകളെ കണക്കാക്കുന്നത്.ഓരോ ജനസമൂഹത്തിന്‍റെയും വിനോദവിശ്രമവേളകളെയും വിശ്വാസങ്ങളെയും ലക്ഷ്യമാക്കിയാണ് പലകലകളും രൂപപ്പെട്ടത്.ഇവ  കൂട്ടായ്മാڋരൂപീകരണത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.കാര്‍ഷികസംസ്കൃതിയില്‍ ജീവിതാധ്വാനവുമായി ബന്ധപ്പെട്ടാണ് കലകളില്‍ ഭൂരിപക്ഷവും രൂപപ്പെട്ടത്.തൊഴില്‍പരമായ വിഭജനവും ജാതിശ്രേണീകരണവും തമ്മില്‍ നിലനിന്ന ബന്ധം കലകളില്‍  അന്തര്‍ധാരയായുണ്ട്.കലകള്‍ അവതരിപ്പിക്കപ്പെടുന്ന സാഹചര്യം,ശ്രോതാക്കള്‍,അവതാരകര്‍ ഇവയോരോന്നും ഈ സാമൂഹ്യഘടനയുടെ നിര്‍മ്മിതിയാണ്.പ്രകടനകലകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇവയോരോന്നും പ്രത്യേകം പരിഗണിക്കേണ്ടതുമാണ്. 

ക്ലാസിക് കലകള്‍, നാടോടിക്കലകള്‍ എന്ന് രണ്ട് ധാരകളായിട്ടാണ് കലകളെ  പൊതുവെ വിശകലനം ചെയ്യുന്നത്.വ്യവസ്ഥയ്ക്കകത്ത് നിലിനില്‍ക്കുന്നത് ക്ലാസിക് കലകളും  സ്വതന്ത്രമായി കൈകാര്യം ചെയ്യപ്പെടുന്നത് നാടോടിക്കലകളും എന്നതാണ് കലകളെ കുറിച്ചുള്ള പൊതുധാരണ.നാടോടിക്കലകളെ അതിന്‍റെ അവതരണത്തിന്‍റെ സ്വഭാവമനുസരിച്ച് അനുഷ്ഠാനം,അനുഷ്ഠാനേതരം എന്ന് വര്‍ഗ്ഗീകരിക്കുന്നുണ്ടെങ്കിലും ഇവയെല്ലാംതന്നെ പ്രകടനകല (ജലൃളീാശിഴ അൃേെ)കളാണ്.ڈഏത് ഫോക്ലോറും ഒരു പ്രകടനം ആണെന്നും രംഗകരും (ജലൃളീൃാലൃ) പ്രേക്ഷകരും (ജലൃളീൃാമിരല അൗറശമിരല) രംഗകരെയും പ്രേക്ഷകരെയും ആവരണം ചെയ്തിരിക്കുന്ന സന്ദര്‍ഭവും ചേര്‍ന്നതാണ് ഏതൊരു പ്രകടനമെന്നും പ്രകടന ഫോക്ലോറിസ്റ്റുകള്‍ കരുതുന്നു.അതിനാല്‍ ഒരു ഫോക്ലോര്‍ നിലനില്‍ക്കണമെങ്കില്‍ രംഗകരും അവരെ ചുറ്റിപ്പറ്റിയുള്ള ഒരു സന്നിഹിത സന്ദര്‍ഭവും(ശാാലറശമലേ രീിലേഃേ) പ്രേക്ഷകരും അവരെ ചുറ്റിയുള്ള സന്നിഹിത സന്ദര്‍ഭവും വിനിമയത്തിന് ഒരു പാഠവും ആവശ്യമാണ്ڈ(രാഘവന്‍ പയ്യനാട്,1999:52). പ്രകടന കലകള്‍ക്ക് ജനസമൂഹങ്ങള്‍ക്കിടയില്‍ സുപ്രധാന സ്ഥാനമാണുള്ളത്.അവരുടെ ആശയാഭിലാഷങ്ങളും നൈരാശ്യങ്ങളും പ്രതിഷേധങ്ങളും പ്രകടമാക്കുന്നത് ഇത്തരം കലകളിലൂടെയാണ്.കലകളുടെ പഠനം പ്രധാനമാകുന്നതും അതുകൊണ്ടാണ്.കേരളത്തിലെ വിവിധ ജനസമൂഹങ്ങളില്‍ രൂപപ്പെട്ട പ്രകടനകലകളില്‍ ഭൂരിഭാഗവും പുരുഷന്മാര്‍ അവതാരകരായിട്ടുള്ളവയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാതിനിധ്യം വളരെ കുറവാണ്. കുട്ടികള്‍ അവതാരകരായ പ്രകടനകലകളുടെ സാസ്കാരികദൗത്യവും പഠനാര്‍ഹമാണ്. കുട്ടികളെ വംശപാരമ്പര്യത്തിന്‍റെ തുടര്‍ക്കണ്ണികളാകാന്‍ പ്രപ്തരാക്കുന്ന ഏതാനും കലകള്‍ കാര്‍ഷിക കാലഘട്ടത്തില്‍ രൂപപ്പെട്ടിരുന്നു. ഓണത്താറ്, കാലനാട്ടം, വേടനാട്ടം, ആടിവേടന്‍, കോതാമൂരിയാട്ടം, ആണ്ടിക്കളി, കുത്തിയോട്ടം, കുമ്മാട്ടി, തുമ്പിതുള്ളല്‍, തോലുമാടന്‍, കതിരുപാട്ട്, കോലടിപ്പാട്ട് എന്നിവയൊക്കെ കുട്ടികള്‍ അവതാരകരായുള്ള പ്രകടനകലകളാണ്. പാട്ടുകാരായും വാദ്യക്കാരായും മുതിര്‍ന്നവര്‍ കൂടെയുണ്ടെങ്കിലും ഇവയില്‍ കുട്ടികള്‍ക്ക് തന്നെയാണ് പ്രാമുഖ്യമുള്ളത്. ആണ്‍കുട്ടികളോ,പെണ്‍കുട്ടികളോ അവതാരകരായുള്ള ഈ കലകള്‍ കാലഘട്ടത്തിന്‍റെ സാസ്കാരികകൈമാറ്റത്തില്‍ പങ്കുവഹിച്ചവയാണ്.ഇവയില്‍ വിരളമായവ മാത്രമാണ് ഇന്നും തുടര്‍ന്നുപോരുന്നത്.

പ്രകടനവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 1950 കളോടെ തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പ്രകടന കലകളെ സാംസ്കാരിക പ്രകടനങ്ങള്‍ (ഈഹൗൃമേഹ ജലൃളീൃാമിരല) ആയി വിലയിരുത്തിയത്  മില്‍ട്ടണ്‍ സിങ്കര്‍ (ങശഹീിേ ടശിഴലൃ) ആണ്. സിങ്കറുടെ ഠൃമറശശേീിമഹ കിറശമ: ടൃൗരേൗൃലേ മിറ രവമിഴല എന്ന കൃതിയില്‍ പ്രകടനകലകളെക്കുറിച്ചും അതിന്‍റെ സാംസ്കാരിക തലങ്ങളെക്കുറിച്ചും വിശദമായ പഠനം നടന്നു. എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രകടനമാണെന്ന് സാമാന്യമായി പറയാമെങ്കിലും പരിശീലന നിഷ്ഠമായ അവതരണത്തെയാണ് സാമാന്യമായി പ്രകടനകല എന്ന് വിലയിരുത്തുന്നത്.ڈപ്രകടന കലയെ അതിന്‍റെ പൂര്‍ണ്ണതയിലെത്തിക്കുന്നത് അവതാരകരുടെ വൈദഗ്ധ്യമാണ്.അവതാരകരുടെ വൈദഗ്ധ്യവും ബോധപൂര്‍വ്വമായ ആവിഷ്ക്കാരവും പ്രകടനത്തെ  രംഗാഭിനിഷ്ഠ(ഠവലമൃശേരമഹ)മാക്കുന്നുڈ(ഡോ. എന്‍. അനില്‍കുമാര്‍ 2010:16). അതുകൊണ്ട്തന്നെ പരിശീലനത്തിലൂടെ വൈദഗ്ധ്യം നേടുന്നത് പ്രകടനകലയുടെ രംഗപ്രയുക്തതയെ ബോധപൂര്‍വ്വ ശ്രമമാക്കി മാറ്റുന്നു. മതം, ജാതി, വര്‍ഗ്ഗം, ലിംഗം, ദേശം എന്നിവയ്ക്കനുസരിച്ചാണ് പ്രകടനകലകള്‍ രൂപപ്പെടുന്നത്.ഈ കലകളിലൂടെ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവ് കൈമാറ്റം ചെയ്യപ്പെടുന്നു.ഓരോ ജനസമൂഹത്തിനും അവരവരുടേതായ സാംസ്കാരികാവതരണമാണുള്ളത്.ഇതില്‍ അവതാരകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. ആര് ആര്‍ക്ക് മുന്നില്‍ ഏത് സാമൂഹിക സാഹചര്യത്തില്‍ അവതരിപ്പിച്ചു എന്നത് പ്രസക്തമാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെ തന്നെ കലകള്‍ രൂപപ്പെട്ട കാലത്തോട് അവ സംവദിച്ചതെങ്ങനെ? കല കാലഘട്ടത്തെ മുന്‍നയിച്ചത് എപ്രകാരം? ഇവയൊക്കെയും എല്ലാ കാലത്തെയും ചര്‍ച്ചാവിഷയമാണ്.    

അവതാരകരും പ്രേക്ഷകരും 

കുട്ടികളുടെ കലകളെ പ്രത്യേക ജനുസ്സായി കണ്ടുകൊണ്ടുള്ള പഠനങ്ങള്‍ കൂടുതലായി നടന്നിട്ടില്ല.കളികളെ മുന്‍നിര്‍ത്തിയുള്ള പഠനത്തില്‍ കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. എന്നാല്‍ അനുഷ്ഠാനകലകള്‍ എന്ന് പ്രയോഗിക്കുമ്പോള്‍ തന്നെ പലപ്പോഴും അത് മുതിര്‍ന്നവരുടെത് എന്ന ധാരണയാണുണ്ടാകുന്നത്. എന്നാല്‍ കുട്ടികള്‍ അവതാരകരും ഗ്രാമവാസികളോ ഭക്തന്മാരോ പ്രേക്ഷകരും ആയി വ്യത്യസ്ത സ്ഥലകാലങ്ങളില്‍ അരങ്ങേറുന്നവയും ഉണ്ടായിരുന്നു. ഓണപ്പൊട്ടന്‍, ഓണത്താര്‍, കുമ്മാട്ടി, തുമ്പിതുള്ളല്‍, തോലുമാടന്‍ തുടങ്ങിയവയൊക്കെ  ഓണത്തോടനുബന്ധിച്ചാണ് അവതരിപ്പിച്ചത്. പൂപറിച്ചും പൂക്കളമൊരുക്കിയും സ്വതന്ത്രമായി പ്രകൃതിയോട് ഒന്നുചേര്‍ന്ന് സമൃദ്ധിയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ഊട്ടി വളര്‍ത്തുന്നവയാണ് ഈ അവതരണങ്ങളോരോന്നും. അത്യുڋത്തര കേരളത്തില്‍ തെയ്യത്തിന്‍റെ ഇളംകോലരൂപത്തിലാണ് ഓണത്താര്‍, ഓണപ്പൊട്ടന്‍ എന്നിവ അവതരണം നടത്തുന്നത്. ആണ്‍കുട്ടികളാണ് കോലം കെട്ടുന്നത്. അവര്‍ തെയ്യം കലാകാരന്മാരായി പരിശീലനം നേടുന്നവര്‍ കൂടിയായിരുന്നു. പാരമ്പര്യ വഴിയില്‍ ചരിക്കുന്ന ഇവര്‍ തലപ്പാളി ധരിച്ചുകൊണ്ട് തന്നെയാണ് ഈ ഇളംകോലം കെട്ടുന്നത്.തലപ്പാളി വേടന്‍റെ അണിയലിലും കാണാം. തെയ്യത്തിന്‍റെ വേഷവിധാനങ്ങളോടെ വരുന്നതിനാല്‍ ഇതിനെ കുഞ്ഞിത്തെയ്യമായി കണക്കാക്കുന്നു. കോതാമൂരിയും ആടിവേടനും തലപ്പാളി അണിയാറുണ്ട്.തെയ്യക്കോലങ്ങള്‍ നെറ്റിയില്‍ അണിയുന്ന ആഭരണമാണ് തലപ്പാളി. 21 വെളളിക്കൊലുസ്സുകള്‍ തൂങ്ങിയാടുന്ന ഈ ചമയക്കരു അതീവ പാവനമായാണ് കണക്കാക്കുന്നത്. പ്രപഞ്ചമാകെ പരിപാലിച്ചു പോരുന്ന 21 ഗുരുക്കന്മാരുടെ സങ്കല്പമാണിതിനുള്ളത്. തെയ്യത്തിന്‍റെ ഏറ്റവും പവിത്രമായ ചടങ്ങാണ് മുടിയേറ്റുക എന്നത്. അതിനുള്ള പരിശീലനകാലത്ത് അനുഷ്ഠാനകര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാകുന്നതോടെ മാത്രമേ തെയ്യം കലാകാരന്‍ തലപ്പാളി അണിയാറുളളൂ. തെയ്യം കെട്ടാനുളള അനുമതി കൂടിയാണിത്. തലപ്പാളി അണിയുന്ന കുട്ടികള്‍ക്കും ഈ പ്രത്യേകാംഗീകാരമാണ് ലഭിക്കുന്നത്. വേടനും കാലനും ആയി കടന്നു വരുന്നത് ചെറിയ ആണ്‍കുട്ടികളാണ്. വംശീയപാരമ്പര്യത്തിന്‍റെ കൈമാറ്റത്തെക്കൂടി ഊട്ടി ഉറപ്പിക്കുന്നവയാണ് ഈ കലാപ്രകടനങ്ങളോരോന്നും.വയനാട്ടിലും പാലക്കാട്ടും തൃശ്ശൂരും ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്നതാണ് കുമ്മാട്ടി (കുമ്മാട്ടിക്ക് നിരവധി പ്രാദേശിക ഭേദങ്ങളുണ്ട്) പതിനഞ്ചു വയസിനു താഴെയുള്ള ആണ്‍കുട്ടികളാണ് പൊതുവെ അവതാരകരാകുന്നത്. തൃശ്ശൂരില്‍ യുവാക്കളും അവതാരകരാകാറുണ്ട്.കുമ്മാട്ടിയും കൂട്ടരും എന്നാണ് പൊതുവേ പറയുന്നത്. രണ്ടു നര്‍ത്തകരും ഒരു കാളയും ഒരുമിച്ചുള്ള നര്‍ത്തനമാണ് കോതാമൂരിയാട്ടം.കാളയെ അവതരിപ്പിക്കുന്നത് ആണ്‍കുട്ടിയാണ്. ചുമലില്‍ കാളമുഖം വെച്ചുകെട്ടി അത് അരയുടയാടയോട് ബന്ധിപ്പിച്ചാണ് കുട്ടിയുടെ നര്‍ത്തനം.നര്‍ത്തകര്‍(പനിയന്മാര്‍) മുതിര്‍ന്ന പുരുഷന്മാരാണ്. ഭക്തിസാന്ദ്രമായ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന അനുഷ്ഠാനകലകളായ കുത്തിയോട്ടം, ആണ്ടിക്കളി എന്നിവയിലും ആണ്‍കുട്ടികളാണ് അവതാരകര്‍.തെക്കന്‍ കേരളത്തിലെ ദ്രകാളി-ദേവി ക്ഷേത്രങ്ങളില്‍ ഉത്സവത്തിന്‍റെ ഭാഗമായി കുത്തിയോട്ടം നടത്തുന്നത് ബാലകരാണ്. തികച്ചും അനുഷ്ഠാനപരമായി നടക്കുന്ന അവതരണം വ്രതദീക്ഷകള്‍ പാലിച്ച് അരങ്ങേറുന്നതുമാണ്. തൃശ്ശൂര്‍, തലപ്പിള്ളി പ്രദേശങ്ങളില്‍ കാവിലെ ഉത്സവത്തിന്‍റെ മുന്നോടിയായി അവതരിപ്പിക്കുന്ന അനുഷ്ഠാനകലയാണ് ആണ്ടിക്കളി. ആണ്ടിക്കൂത്ത് എന്ന വിനോദകലയായി ചിലയിടങ്ങളില്‍ ഇത് അവതരിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ പ്രകടനകലകളില്‍ ആണ്‍കുട്ടികള്‍ക്കാണ് പ്രാമാണ്യമുള്ളത്.

പെണ്‍കുട്ടികള്‍ അവതാരകരാകുന്ന കലകള്‍ വിരളമാണ്.ഓണത്തിന് അരങ്ങേറുന്ന തുമ്പിതുള്ളല്‍, കതിരുപാട്ട്,കോലടിപ്പാട്ട് എന്നിങ്ങനെയുള്ള കലകളില്‍ മാത്രമാണ് സ്ത്രീകള്‍ അവതാരകരാകുന്നത്. കന്യകമാരുടെ നെടുമാംഗല്യത്തിനായി ബ്രാഹ്മണിയമ്മമാര്‍ നടത്തുന്ന അനുഷ്ഠാനകലയാണ് കതിരുപാട്ട് (തിരുവോണപ്പാട്ട്). ഭര്‍തൃമതികളും കന്യകമാരും പാട്ടും നര്‍ത്തനവും നടത്തുന്ന അവതരണമാണ് ഇതിലുള്ളത്. ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഒന്നാണ് തുമ്പിതുള്ളല്‍. ഉത്സവാഘോഷത്തിന്‍റെ ഭാഗമായുള്ള ഈ അവതരണത്തെ വിനോദപ്രധാനമായ ഒന്നായിട്ടാണ് പൊതുവെ വിലയിരുത്തുന്നത്. പെണ്‍കുട്ടികളും സ്ത്രീകളും അവതാരകരാകാറുണ്ട്. ഉത്തരകേരളത്തിലെ പൂരോത്സവത്തിലെ പ്രധാന ചടങ്ങ് പൂക്കളമൊരുക്കലും കാമപൂജയുമാണ്. ഇത് കന്യകമാരുടെ ആഘോഷമാണ്.അതുകൊണ്ട് തന്നെ കന്യകമാരാണ് പ്രധാന അവതാരകരെന്ന് കാണാം.

വ്യത്യസ്ത സ്ഥലകാലങ്ങളില്‍ അരങ്ങേറുന്ന ഈ കലകളുടെ പ്രേക്ഷകര്‍/കേള്‍വിക്കാര്‍ എന്നത് വരേണ്യ ജനവിഭാഗങ്ങളോ ഗ്രാമവാസികളോ ഭക്തന്മാരോ ആണ്. ഉത്സവാഘോഷത്തിന്‍റെ  ഭാഗമായും അല്ലാതെയുമുള്ള അവതരണത്തെ ആദരവോടെയാണ് ജനസമൂഹം സ്വീകരിച്ചത്. ഈതി ബാധകള്‍ ഇല്ലായ്മ ചെയ്യല്‍,ഉഴിച്ചില്‍ നടത്തല്‍, പൊലിഞ്ഞു വരാനുള്ള പ്രാര്‍ത്ഥനകള്‍, സമൃദ്ധിയെ പ്രതീക്ഷിക്കല്‍ എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളോടെയുള്ള അവതരണങ്ങള്‍ക്ക് പ്രത്യേക സാമൂഹികാംഗീകാരമുണ്ടായിരുന്നു. പല കലാവതരണവും നാടുമുഴുവന്‍ ചുറ്റി സഞ്ചരിച്ചുള്ളവയായതിനാല്‍ ജനസമൂഹവുമായി നേരിട്ടിടപഴകിയവയായിരുന്നു. കലാവതരണങ്ങളോട് അവര്‍ മമത പുലര്‍ത്തുകയും ചെയ്തിരുന്നു. അവതാരകര്‍ അവതരണത്തിലും കാണികള്‍ അതിലൂടെ കൈവരുന്ന നന്മകളിലും സന്തോഷിച്ചിരുന്നു.

രംഗവേദി 

കാര്‍ഷികജീവിതവുമായി ബന്ധപ്പെട്ട  പ്രകടനകലയെ സംബന്ധിച്ചിടത്തോളം വയലും വീടും വീട്ടുമുറ്റവും ആളൊഴിഞ്ഞ പറമ്പുകളും, കാവ്, പള്ളിയറ തുടങ്ങിയ വിശ്വാസസ്ഥാനങ്ങളുമെല്ലാം അരങ്ങായി മാറി. അരങ്ങിന്‍റെ സ്വഭാവത്തിനനുസരിച്ചാണ് അനുഷ്ഠാന അനുഷ്ഠാനേതര വര്‍ഗ്ഗീകരണം നടത്തുന്നത്. ഭൗതികസ്ഥലം എന്നതും പ്രധാനമായ ഒന്നാണ്. ഭൗതിക പരിസരം സാമൂഹ്യപരിണാമത്തിന്‍റെ ഭാഗമായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.പരിസ്ഥിതിയും മറ്റ് ഭൗതിക പരിസരങ്ങളുമാണ് പ്രകടനകലയെ രൂപപ്പെടുത്തുന്നത്. അനുഷ്ഠാനാത്മകവും വിനോദപരവുമായ അവതരണങ്ങള്‍ പ്രകടനകലയില്‍ ഉണ്ട്. നാടോടി ജനസമൂഹങ്ങള്‍ക്കിടയിലെ പ്രകടനകലയില്‍ കുട്ടികള്‍ക്ക് പ്രാമുഖ്യമുള്ള കലകള്‍ ഫ്യൂഡല്‍പാരമ്പര്യത്തിനു കീഴില്‍ വ്യവസ്ഥപ്പെട്ടവയുമാണ്. നാടോടിജീവിതക്രമത്തിന്‍റെ ഭാഗമായ പ്രകടനകലകള്‍  കൂട്ടായ്മയുടെ  വ്യക്തിത്വത്തെ കുറിച്ചുള്ള ബോധം വളര്‍ത്താന്‍ സഹായിക്കുന്നു.കൂട്ടായ്മാബോധം നിലനിര്‍ത്താന്‍ ഇവ എന്നും സഹായകമാകുന്നു (ജലലേൃ ഖ ഇഹമൗെ: 198:2). തന്‍റെ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും അതിന്‍റെ നിലനില്പില്‍ പങ്കാളിയാകുന്നതില്‍ സന്തോഷിക്കുകയും ചെയ്ത കാലഘട്ടത്തിന്‍റെ പ്രതിനിധാനങ്ങളാണ് ഈ കലകളോരോന്നും. വീടും പരിസരവും ആരാധനാകേന്ദ്രങ്ങള്‍, ഗ്രാമീണ വഴിത്താരകള്‍ ഇവയെല്ലാം അരങ്ങാക്കി മാറ്റുമ്പോള്‍ ജനസൂഹത്തിന്‍റെ മാനസികൈക്യം ബലപ്പെടുകയാണ് ചെയ്യുക. നാടും നാട്ടുകാരും എന്‍റേതാണ് എന്ന സാമൂഹ്യബോധവും ഞാന്‍ അവരിലൊരാളാണെന്ന സംഘബോധവും ഇത്തരം അവതരണങ്ങളിലൂടെ രൂപപ്പെടുത്തപ്പെട്ടു.കുട്ടികളുടെ രംഗവേദികള്‍ പലതും അപ്രത്യക്ഷമായതോടെ കലാവതരണവും ചടങ്ങ് മാത്രമായി തീരുകയോ,തീര്‍ത്തും ഇല്ലാതാവുകയോ ചെയ്തു. 

അവതരണസന്ദര്‍ഭം 

പ്രകടനകലകളില്‍ കൂടുതലും ഉത്സവാഘോഷങ്ങളുടെയും അനുഷ്ഠാനത്തിന്‍റെയും ഭാഗമായി അരങ്ങേറുന്നവയാണ്.ഇതില്‍ സവിശേഷസന്ദര്‍ഭം എന്നത് ഏറെ പ്രധാനമാണ്. മഴക്കാലം,ശരത്കാലം, വേനല്‍ക്കാലം എന്നിങ്ങനെ ഋതുക്കള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായ ആഘോഷങ്ങള്‍ കാര്‍ഷികസംസ്കൃതിയില്‍ നടപ്പിലുണ്ടായിരുന്നു. സവിശേഷ സാംസ്കാരികസാഹചര്യത്തിലാണ് കലകളോരോന്നും അവതരിപ്പിക്കപ്പെട്ടത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കര്‍ക്കിടകം, ചിങ്ങം മാസങ്ങളില്‍ അവതരിപ്പിക്കുന്ന അനുഷ്ഠാന കലാരൂപങ്ങളാണ് വേടനാട്ടം. ഉത്തരകേരളത്തില്‍ കര്‍ക്കിടകമാസത്തില്‍ അവതരിപ്പിക്കുന്നതാണ് കാലനാട്ടം. ചില സ്ഥലങ്ങളില്‍ കന്നി പിറക്കുന്ന സംക്രമകാലത്താണ് ഇത് അവതരിപ്പിക്കുന്നത് (എം.വി. വിഷ്ണുനമ്പൂതിരി, 2010:226). ഉത്തരമലബാറില്‍ ശരത്കാലത്ത് (തുലാം/വൃശ്ചികം) അവതരിപ്പിക്കുന്ന അനുഷ്ഠാനകലയാണ് കോതാമൂരിയാട്ടം. ഓണത്തോടനുബന്ധിച്ച് കെട്ടിയാടുന്ന പ്രകടനകലകളില്‍ ചിലതാണ് ഓണപ്പൊട്ടനും ഓണത്താറും കുമ്മാട്ടിയും തുമ്പിതുള്ളലും. ഇവയെല്ലാം തന്നെ വീടുവീടാന്തരം കയറിയിറങ്ങി അവതരണം നടത്തുന്ന കലകളുമാണ്. ഉത്രാടം, തിരുവോണം നാളില്‍ ഭവനം തോറും ചെന്ന് അവതരിപ്പിക്കുന്ന കലാരൂപമാണ് ഓണത്താറ്. തൃശൂര്‍ ജില്ലയില്‍ ഓണത്തോടനുബന്ധിച്ചും വയനാട്ടിലും പാലക്കാടും കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ടും അവതരിപ്പിക്കുന്ന ഒന്നാണ് കുമ്മാട്ടി. ഓണത്തിന് നാട്ടിന്‍പുറങ്ങളില്‍ അവതരിപ്പിച്ച വിനോദകലയായിരുന്നു തോലുമാടനും അമ്പെയ്ത്തും എന്നത്. തെക്കന്‍ കേരളത്തിലെ ഭദ്രകാളി-ദേവീക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന അനുഷ്ഠാനകലയാണ് കുത്തിയോട്ടം. വിളവെടുപ്പിനു ശേഷമുള്ള ആഘോഷമായി കണക്കാക്കുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി, സമ്പല്‍ സമൃദ്ധിക്കുവേണ്ടി, സമൂഹത്തിന്‍റെ ഐശ്വര്യത്തിനു വേണ്ടി നടത്തുന്ന ഒരു വഴിപാടാണിത്.രോഗനിവാരണം, കാര്‍ഷികപുരോഗതി തുടങ്ങിയ സങ്കല്പങ്ങളുമായി ഈ കല ബന്ധപ്പെട്ടിരിക്കുന്നു.ഉത്സവാഘോഷങ്ങള്‍ പോലെ തന്നെ കലകളും ഋതുപരിവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.നാടന്‍ നര്‍ത്തനകലകളുടെ സൗന്ദര്യമാനത്തെകുറിച്ച് ചിന്തിക്കുമ്പോള്‍ പ്രതിപാദ്യമല്ല പ്രതിപാദനമാണ്,വസ്തുവല്ല രീതിയാണ് കലയുടെ സത്തയെന്ന് വ്യക്തമാകും. ഈ തത്വത്തെ അടിസ്ഥാനമാക്കി വേണം നാടന്‍ കലകളുടെ മൂല്യവും സൗന്ദര്യതലവും നിര്‍ണ്ണയിക്കുവാന്‍. വിഷയത്തെക്കാള്‍ ആവിഷ്ക്കരണഭംഗിക്കാണ് ഇവയില്‍ പ്രാധാന്യം. ഒരു നാടിന്‍റെ കലാസംസ്കൃതിയില്‍ നിന്നും മറ്റൊരു പ്രദേശത്തെ കലാസംസ്കൃതി ഭിന്നമായിരിക്കുന്നതിനുള്ള ഒരു കാരണം അതാണ് (സുരേഷ് ബാബു എളയാവൂര്‍ (എഡി.),2004:16).

നര്‍ത്തനവും പാട്ടും ഒന്നുചേര്‍ന്ന അവതരണം

കുട്ടികളുടെ കലാവതരണത്തില്‍ പാട്ടിന്‍റെയും കൊട്ടിന്‍റെയും അകമ്പടി ഉണ്ട്. നര്‍ത്തനത്തോളം തന്നെയോ അതിനേക്കാളുപരിയോ പ്രാധാന്യം പാട്ടിനുള്ളതായും കാണുന്നു.പാട്ടിന്‍റെ അവതരണവും പ്രധാനമായിത്തീരുന്നു.ഉത്രാടം,തിരുവോണം നാളുകളില്‍ വീടുവീടാന്തരം കയറിയിറങ്ങുന്ന ഓണത്താറ് മാവേലീചരിതവും ഓണാഘോഷത്തിന്‍റെ ഉത്ഭവവുമാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നത്.പിണിയകറ്റുന്നവരാണിവര്‍ എന്ന് പാട്ടില്‍ തന്നെ പറയുന്നുമുണ്ട്.ഓണപ്പൊട്ടനും സമൃദ്ധിയെ മുന്‍നിര്‍ത്തിയുള്ള പൊലിവ് പാട്ടുകള്‍പാടുന്നു. തുമ്പി ഉറയാനായുള്ള സംവാദാത്മകമായ പാട്ടുകളാണ് തുമ്പിതുള്ളലില്‍ അവതരിപ്പിക്കപ്പെടുന്നത്. രാമായണത്തിലെയും മഹാഭാരത്തിലെയും കഥാസന്ദര്‍څങ്ങളെ മുന്‍നിര്‍ത്തിയുള്ള പാട്ടുകളാണ് കുമ്മാട്ടിയുടേത്. പാട്ടിനേക്കാള്‍ പ്രവൃത്തിക്ക് പ്രാധാന്യമുള്ളതാണ് തോലുമാടന്‍റെ അവതരണം. വാഴയിലകൊണ്ടോ കരിയിലകൊണ്ടോ ശരീരം പൊതിഞ്ഞു കെട്ടിയ തോലുമാടന്‍ തിരുവോണദിനത്തില്‍ പൂക്കളത്തിലൊരുക്കിയ അടയും പഴവും സ്വീകരിക്കും. അമ്പെയ്ത്കൊള്ളിച്ച് അട സ്വീകരിക്കുകയും  കൂടെ സഞ്ചരിക്കുന്നവര്‍ അതില്‍ പങ്കാളികളാവുകയും ചെയ്യുന്നു. ഈ അവതരണവും വിനോദപ്രധാനമായിരിക്കുമ്പോള്‍ തന്നെ താളാത്മകത പാലിക്കുന്നുമുണ്ട്.څഭദ്രകാളീചരിതം, കൃഷ്ണലീല തുടങ്ങിയ പ്രമേയങ്ങളാണ് കുത്തിയോട്ടത്തിന്‍റെ പാട്ടിലുള്ളത്. വ്യത്യസ്ത താളത്തില്‍ പാടുന്ന അഞ്ചുഖണ്ഡങ്ങള്‍ ഇതിലുണ്ട്. വേടന്‍പാട്ടില്‍ തപസ് ചെയ്യുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാനായി ശിവന്‍ കാട്ടാളവേഷം ധരിച്ചതിനെകുറിച്ചാണ് ആദ്യ ഭാഗത്ത് പാടുന്നതെങ്കിലും പിന്നീടുള്ള ഭാഗത്ത് പകര്‍ച്ചവ്യാധികളും മറ്റും ഇല്ലായ്മചെയ്യുന്ന സങ്കല്പമാണുള്ളത്. നാടിനും നാട്ടാര്‍ക്കും കന്നുകാലികള്‍ക്കും രോഗങ്ങളും ദുരിതങ്ങളും ഇല്ലായ്മചെയ്യുക എന്ന ലക്ഷ്യമാണ് വേടനുള്ളത് (ശശിധരന്‍ക്ലാരി, 2012:30). ശിവഭജനം തന്നെയാണ് കാലനാട്ടത്തിലുമുള്ളത്. ചെറുകുന്നത്തമ്മപ്പാട്ട്, ഹരിനാരായണസ്തുതി, പൊലിപ്പാട്ടുകള്‍ ഇവയൊക്കെ കോതാമൂരിയാട്ടത്തിന്‍റെ പാട്ടുകളാണ്. കൂടാതെ പനിയന്മാരുടെ ഹാസ്യാത്മക അവതരണവും ഇതോടൊപ്പം നടക്കുന്നു. തനതായ പാട്ടും താളവും നര്‍ത്തനവും ഒന്നുചേര്‍ന്ന  പ്രകടനകലകള്‍ കുട്ടികളിലേക്ക് സാംസ്കാരികക്രമം വിനിമയം ചെയ്യുന്നു. കാര്‍ഷികസംസ്കൃതിയുടെ അറിവും ആചരണവും കലാവതരണത്തിലൂടെ പ്രേക്ഷകസമൂഹത്തിലേക്കും പകരുന്നുണ്ട്. കുട്ടികള്‍ അവതാരകരായ കലകള്‍ സമൂഹത്തിലെ ഇളംതലമുറയെ ആകര്‍ഷിക്കുകയും അവരും പാരമ്പര്യത്തിന്‍റെ വീക്ഷണങ്ങളോടും ചിന്താലോകത്തോടും കൂടുതല്‍ അടുക്കുകയും ചെയ്യുന്നു.എല്ലാ കലകളും സമൃദ്ധിയെ സ്വപ്നംകാണുന്നവയും പൊലിഞ്ഞുവരാനായും രോഗദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനായും പ്രാര്‍ത്ഥിക്കുന്നവയുമാണ്. ഓരോ ജനസമൂഹവും പുതുതലമുറയിലേക്ക് അവരുടെ ലോകവീക്ഷണം പകരുന്നത് ഇത്തരം പാട്ടുകളിലൂടെയും ആട്ടങ്ങളിലൂടെയുമാണ്. സമൂഹത്തിന്‍റെ പാരമ്പര്യക്കൈമാറ്റത്തിന്‍റെ ഉപാധിയായാണ് പ്രകടനകലകള്‍ വര്‍ത്തിക്കുന്നത്.നാടുചുറ്റി അരങ്ങേറുന്ന കലകള്‍ പരസ്പര സഹകരണത്തെയും ഐക്യത്തെയും ഊട്ടി ഉറപ്പിക്കുന്നവ കൂടിയാണ്.തന്‍റെ സ്വത്വത്തെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കലകള്‍ക്ക് കഴിയുന്നു. പ്രകടന കലയുടെ മറ്റൊരു സവിശേഷത അത് പ്രകടനക്കാര്‍ക്ക് ഓരോരോ റോളുകള്‍ നീക്കി വെക്കുന്നു എന്നതാണ്. ഇത് അവരുടെ കൂട്ടായ്മാബോധത്തെ പരിപോഷിപ്പിക്കുന്നു(അജു.കെ. നാരായണന്‍, 2015:41). പാട്ടുകാരും ആട്ടക്കാരും വാദ്യക്കാരും അവരവരുടെ റോളുകള്‍ നിര്‍വ്വഹിക്കുന്നതാണ് അവതരണത്തിന്‍റെ കരുത്ത്. പരസ്പരമുള്ള ആദരവിന്‍റെയും ബഹുമതിയുടെയും അന്തരീക്ഷം കാണികളുടെയും പ്രേക്ഷകരുടെയും ഇടയില്‍ നിലനിന്നിരുന്നു. അവര്‍ പാടുന്ന പാട്ടില്‍ ഏറ്റവും പ്രധാനം പൊലിവു പാട്ടുകള്‍ തന്നെയാണ്. കോതാമൂരിയാട്ടത്തില്‍       

ചെന്നെല്ലുവിത്തു പൊലിക പൊലി   
ചെന്നെല്ലുവിത്തു പൊലി
കുഞ്ഞിക്കഴമ പൊലിക പൊലി
കുഞ്ഞിക്കഴമ പൊലിക     

എന്നിങ്ങനെ കാര്‍ഷികജീവിതവുമായി ബന്ധപ്പെട്ട നെല്‍വിത്തുകളുടെ നീണ്ടനിര തന്നെപൊലിഞ്ഞു വരാനായി സ്വപനംകാണുന്നു.കോഴിക്കോട് പ്രദേശത്തെ ഓണപ്പൊട്ടന് പാട്ടുകളൊന്നുമില്ലെങ്കിലും സമ്യദ്ധിയെ മുന്‍നിര്‍ത്തിയുള്ള അവതരണമാണ് നടത്തുന്നത്.  

ഒരാണ്ടുകാലം തികയുന്നേരം                   
ഓരോരോ വീടുകള്‍ തോറും ചെന്ന്                   
വേരോടെ പോക്കുക വന്‍പിണിയംڈ 

എന്ന ഓണത്താറുടെ പാട്ടില്‍ നിന്നും څപിണിദോഷം തീര്‍ക്കുക എന്നധര്‍മ്മം കൂടി ഓണത്താറുടെ ആട്ടംകൊണ്ട്  ലക്ഷ്യമാക്കുന്നുണ്ടെന്ന് വ്യക്തമാക്കപെട്ടിട്ടുണ്ട്(എം വി വിഷ്ണുനമ്പൂതിരി,2019:116). നാടിനും നാട്ടാര്‍ക്കും കന്നുകാലികള്‍ക്കും  രോഗങ്ങളും ദുരിതങ്ങളും ഇല്ലായ്മചെയ്യുക എന്ന ലക്ഷ്യമാണ് വേടനുമുള്ളത്.

വ്യത്യസ്ത ഋതുപരിവര്‍ത്തനഘട്ടങ്ങളില്‍ അരങ്ങേറിയ ഈ കലാരൂപങ്ങളുടെ പാട്ടുകളിലൂടെ പ്രതീക്ഷയുടെ നിറവിന്‍റെ സ്വപ്നങ്ങളാണ് സമൂഹമനസ്സിലേക്ക് പ്രസരിപ്പിച്ചത്. അവതാരകരായ കുട്ടികളുടെ ജീവിതബോധത്തിലേക്കും ആ സ്വപ്നങ്ങള്‍ കടന്നുചെല്ലുന്നു. കലാവതരണം നടത്തുന്നവര്‍ക്ക്  സഹൃദയര്‍/ഭക്തന്മാര്‍ പലതരം പാരിതോഷികങ്ങളും  നല്‍കിയിരുന്നുവെന്ന് കാണാം. ഈ പ്രകടനകലകള്‍ ഓരോന്നും വംശീയാധികാരമായി ലഭിച്ചവര്‍ക്ക് പ്രകടനകലാവതരണത്തിലൂടെ വ്യക്തിഗതമായ നേട്ടങ്ങള്‍ കൂടി ഉണ്ടാക്കുന്നുണ്ട്. ഇത്തരം പൊലിപ്പാട്ടുകള്‍ കേള്‍ക്കുന്നവര്‍ക്കു മാത്രമല്ല പാടുന്നവര്‍ക്കും പ്രയോജനം ചെയ്യുന്നുണ്ട്. പ്രകടനകലയുടെ അവതാരകരായ കുട്ടികള്‍ക്കും കുടുംബത്തിനും പണവും മുണ്ടും അരിയും മറ്റും സമ്മാനമായി ലഭിക്കുന്നു (ഡോ.എം.വി വിഷ്ണുനമ്പൂതിരി, 2019:41). പ്രകടനകലകള്‍ ആശയവിനിമയോപാധികള്‍ കൂടിയാണ്. ഭാഷാപരവും അഭിനയ പ്രധാനവുമായ അംശങ്ങള്‍ ഇവയിലുണ്ട്. വേഷഭൂഷകളും ചമയങ്ങളും ശരീരം തന്നെയും ആശയവിനിമയത്തിന്‍റെ ഭാഗമായിത്തീരുന്നു. കുട്ടികള്‍ അവതരിപ്പിക്കുന്ന കലകള്‍ക്ക് വ്യത്യസ്തങ്ങളായ ചമയങ്ങളും മുഖത്തെഴുത്തുകളും ആടയാڅരണങ്ങളുമാണുള്ളത്. പലതരം വായ്ത്താരികളിലൂടെ ആവിഷ്ക്കരിക്കപ്പെടുന്ന ഗാനങ്ങള്‍ ആസ്വാദനപ്രധാനവും ജീവിതഗന്ധിയുമാണ്.

നിയതമായ ചിട്ടവട്ടങ്ങള്‍

പ്രകടനകലകള്‍ നിയതമായ ചട്ടക്കൂടിനകത്താണ് രൂപപ്പെടുന്നത്. ജനസമൂഹത്തിന്‍റെ ആശയവിനിമയോപാധികളായി ഇവ വര്‍ത്തിക്കുന്നു. കാലബന്ധിതമാണ് ഈ കലാരൂപങ്ങള്‍. അതിന്‍റെ അവതരണ കാലം, സമയപരിധി, സംഭവങ്ങളുടെ കാലദൈര്‍ഘ്യം ഇവയൊക്കെയും പ്രകടനകലയെ നിയന്ത്രിക്കുന്നുണ്ട്. നാടോടിക്കലകള്‍ക്ക് അയവാര്‍ന്ന ചിട്ടവട്ടങ്ങളാണെന്ന് സാമാന്യമായി പറഞ്ഞുവെക്കാറുണ്ട്. ക്ലാസിക് കലകളുമായി താരതമ്യപ്പെടുത്തി നടത്തുന്ന ഒരു പ്രസ്താവന മാത്രമാണിത്.നാടോടി പ്രകടനകലകള്‍ക്കും അതിന്‍റേതായ നിയമാവലികള്‍ ഉണ്ട്. നാടോടിക്കലകളുടെ സമീപനത്തെക്കുറിച്ച് പറയുമ്പോഴും അവ ചിട്ടകളെ നിഷ്ക്കര്‍ഷമായി പാലിക്കുന്നവയാണെന്നും ഇഷ്ടം പോലെയാകാമെന്ന അതിന്‍റെ  സമീപനം പോലും വ്യവസ്ഥയെയാണ് സൂചിപ്പിക്കുന്നത് (കെ.അയ്യപ്പപ്പണിക്കര്‍, 2005:282). ഈ പ്രകടനകലകളോരോന്നും വ്യവസ്ഥപ്പെടുത്തിയ അരങ്ങില്‍ മാത്രമാണ് അവതരിപ്പിക്കപ്പെടുന്നത്.  

വരേണ്യ ഭവനങ്ങളിലും ആരാധനാസ്ഥാനങ്ങളിലുമാണ് ഇത്തരം കലകള്‍ അവതരണം നടത്തിയത്. കലാവതരണത്തിന്‍റെ പ്രത്യേകതകള്‍ക്കനുസരിച്ച് ക്ഷേത്ര പരിസരമോ വലിയ തറവാട്ടു മുറ്റങ്ങളോ ഗ്രാമവീഥികളോ ഒക്കെയാണ്  അവതരണസ്ഥാനമായി മാറുന്നത്. കാലനാട്ടം, വേടനാട്ടം, കോതാമൂരിയാട്ടം, കുമ്മാട്ടി, ഓണത്താറ്, ഓണപ്പൊട്ടന്‍, ആണ്ടിക്കളി തുടങ്ങിയ കലകളെല്ലാം ഗ്രാമവീഥിയിലൂടെ സഞ്ചരിച്ച് വീടുവീടാڋന്തരം അവതരിപ്പിക്കപ്പെടുന്നവയാണ്. തുമ്പി തുള്ളല്‍,കതിരുപാട്ട്, കോലടിപ്പാട്ട് എന്നിവ സ്ത്രീകളും പെണ്‍കുട്ടികളും വീട്ടുമുറ്റങ്ങളില്‍ ഒത്തുചേര്‍ന്ന് അവതരിപ്പിക്കുന്നവയാണ്. കുട്ടികളുടെ നര്‍ത്തനത്തിന് അകമ്പടിയായി വാദ്യവും പാട്ടും അവതരിപ്പിക്കുന്നത് മുതിര്‍ന്നവരുമാണ്.ചെണ്ട,ഇലത്താളം,കൈമണി തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ പാട്ടുകള്‍ക്കനുസരിച്ച് സവിശേഷ ചലനങ്ങളോടെയുള്ള നര്‍ത്തനമാണ് ഓരോ കലാരൂപത്തിനുമുള്ളത്. കുട്ടികളുടെ കലാവതരണമാകയാല്‍ തന്നെ അത്രയും ദുഷ്കരമായ ചിട്ടവട്ടങ്ങളല്ല ഇവ പിന്‍തുടരുന്നത് എന്ന് കാണാം. എങ്കിലും വേഷവിധാനത്തെക്കുറിച്ചും താളത്തെക്കുറിച്ചും നിയതമായ ക്രമം അവ പാലിക്കുന്നുണ്ട്. ഓണവില്ലും കൈമണിയുമായി വരുന്ന ഓണത്താറ് ചെണ്ടയുടെ താളത്തിനനുസരിച്ചാണ് നര്‍ത്തനം ചെയ്യുന്നത്. ഓണപ്പൊട്ടനും പാടുകയും പറയുകയും ചെയ്യുന്ന കലാപ്രകടനമാണ് നടത്തുന്നത്. തപ്പ്, തുടി, കിണ്ണം തുടങ്ങിയവയൊക്കെ കൊട്ടി പാടിയാടിയുള്ള അവതരണമാണ് കുമ്മാട്ടിയുടേത്. കുമ്മാട്ടി തന്നെ ദേശഭേദത്തിനനുസരിച്ച് അവതരണത്തിന്‍റെ രീതിയിലും സമയത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. കാല്‍മുട്ടിനു താഴെ ഇറങ്ങുന്ന ചുവന്ന പട്ടും ഉടുത്ത് തലയില്‍ മരം കൊണ്ടുണ്ടാക്കിയതും നാലായി മടക്കാവുന്നതുമായ  സ്വര്‍ണ്ണനിറത്തോടു കൂടിയ ചെറിയ മുടിയും മുഖത്ത് പച്ച തേച്ച് വാലിട്ട് കണ്ണെഴുതി നെറ്റിയില്‍ കുറിയുമായുള്ള രൂപഭാവത്തില്‍ കൈമണിയുമേന്തി ലളിത പാദചലനത്തോടെ നര്‍ത്തനം ചെയ്യുന്ന അനുഷ്ഠാന കലയാണ് വേടനാട്ടം. കാലനാട്ടവും തനതായ ചമയവും ആട്ടക്രമവും പുലര്‍ത്തുന്നതു തന്നെയാണ്.

ഭക്തിസാന്ദ്രമായ അനുഷ്ഠാന കലയാണ് കുത്തിയോട്ടം.ചെണ്ടവാദ്യം, താലപ്പൊലി, കുരവ ഇവയുടെ അകമ്പടിയോടെ ആനയിക്കപ്പെട്ട് ക്ഷേത്രത്തില്‍ ആട്ടവും പാട്ടും നടത്തുന്ന കലാവതരണമാണിത്. തുമ്പിതുള്ളലില്‍ പാടിപ്പാടി തുമ്പി ഉറഞ്ഞാടുകയാണ് ചെയ്യുക.നര്‍ത്തനത്തെക്കാള്‍ പാട്ടിനനുസരിച്ചുള്ള ഇളകിയാട്ടത്തിനാണ് പ്രാധാന്യം. പെണ്‍കുട്ടികളുടെ കോല്‍ക്കളിയാണ് കോലാട്ടം.പാട്ടിനൊപ്പിച്ചുള്ള നര്‍ത്തനമാണ് കതിരുപാട്ട്. ഇത്തരത്തില്‍ കുട്ടികളുടെ അവതരണത്തില്‍ വൈവിധ്യം നിലനില്‍ക്കുന്നുണ്ട്. വൈവിധ്യത്തിനു കാരണം അവയോരോന്നും വ്യത്യസ്ത ചിട്ടകളില്‍ രൂപപ്പെട്ടതാണ് എന്നത് തന്നെയാണ്.ഇവയ്ക്കോരോന്നിന്നും ചിട്ടകളുണ്ടെന്നത് അതിന്‍റെ കലാപരമായ സ്വത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ജാതിശ്രേണീകരണത്തിലെ പാരമ്പര്യവഴി

ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ കേരളീയകലകളുടെ നിലനില്പിലും  വ്യാപനത്തിലും ഗാഢമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.പ്രകടനകലകളും ജാതിവ്യവസ്ഥയ്ക്കകത്ത് വികാസം പ്രാപിച്ചവയാണ്.വ്യത്യസ്ത ജാതിക്കൂട്ടായ്മകളുടെ വംശീയാധികാരങ്ങളായി നിലനിന്നവയാണ് ഭൂരിപക്ഷം കലകളും. ഓണത്താറ്, ഓണത്തെയ്യം, ഓണത്തപ്പന്‍ എന്നിങ്ങനെ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്തമായി അറിയപ്പെട്ട അവതരണം വണ്ണാന്മാരുടെ കുലപൈതൃകമാണ്. കൂടെയുള്ള മുതിര്‍ന്നവര്‍ ചെണ്ട മുട്ടിക്കൊണ്ട് പാടുമ്പോള്‍ ഓണത്താറ് മണി മുട്ടിക്കൊണ്ട് ആടുന്നു.ഓണത്താറ് വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലുമായാണ് അവതരണത്തിനെത്തുന്നത്. പാരമ്പര്യവഴിക്ക് ഒരേ താവഴിയില്‍ പെട്ടവര്‍ തന്നെയാണ് വര്‍ഷാവര്‍ഷം അവതാരകരാകുന്നത്. ഒരു ജനസമൂഹം തങ്ങള്‍ക്കിടയിലുള്ള ആചാരങ്ങളെയും നാട്ടുനടപ്പുകളെയും പുതുതലമുറയിലേക്ക് കൈമാറുന്നതിന്‍റെ ഭാഗമായാണ് കുട്ടികളെ അവതാരകരാക്കുന്നത്. അതുകൊണ്ടുതന്നെ പാരമ്പര്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം കുട്ടികളിലേക്ക് സംക്രമിക്കുന്നു.പാണന്മാര്‍/മലയന്മാര്‍ ആണ് ഓണപ്പൊട്ടന്‍ എന്ന കലയുടെ വംശീയാധികാരികള്‍. വേടനാട്ടത്തിന്‍റെ അവതാരകര്‍ മലയന്മാരാണ്. ആടിയും വേടനും ഒരുമിച്ചോ വേടന്‍ മാത്രമായോ വീടുകളില്‍ എത്തുന്നു. വേടന്‍റെ കൂട്ടാളിയായി എത്തിച്ചേരുന്ന ആടിയെ അവതരിപ്പിക്കുന്നത് പെരുവണ്ണാന്മാരാണ്. കാലനാട്ടം നടത്തുന്നത് മലയന്മാര്‍/പാണന്മാരാണ്. കോതാമൂരിയാട്ടം മലയന്മാരുടെ വംശാധികാരമാണ്. പാണന്മാരാണ് ആണ്ടിക്കളിയുടെ അവതരാകര്‍. കുട്ടികള്‍ക്ക്  പാരമ്പര്യവഴിക്കുള്ള ആചാരമര്യാദകള്‍ ബോധ്യപ്പെടുന്നതോടൊപ്പം അവര്‍ ജീവിക്കുന്ന സാസ്കാരികക്രമത്തെ അതിന്‍റെ പ്രത്യയശാസ്ത്രത്തെ തിരിച്ചറിയുന്നതിനും ഇത്തരം പ്രകടനങ്ങള്‍ സഹായകമാകുന്നു. താന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും തന്നില്‍ നിക്ഷിപ്തമായ സാംസ്കാരികദൗത്യത്തെക്കുറിച്ചും ചെറിയപ്രായത്തില്‍ തന്നെ കുട്ടികള്‍ തിരിച്ചറിയുന്നു എന്നത് ഇത്തരം കലാവതരണത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ മണ്ണാന്‍ സമുദായക്കാരും തൃശൂര്‍ജില്ലയില്‍ നായന്മാരുമാണ് കുമ്മാട്ടി അവതരിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ കലകള്‍ പലതും പല ദേശങ്ങളില്‍ പല സമുദായാംഗങ്ങളാണ് അവതരിപ്പിക്കുന്നത്. സവര്‍ണമേല്‍ക്കോയ്മ നിലനിന്ന കാര്‍ഷികസംസ്കൃതിയില്‍ കീഴാളരായ ജനസമൂഹങ്ങളാണ് കൂടുതലായും നാടോടികലാവതരണം നടത്തിയിരുന്നത്. വരേണ്യ ഭവനങ്ങളിലെ അന്തേവാസികളും അവരുടെ ആശ്രിതരുമാണ് ഇത്തരം കലകളുടെ ശ്രോതാക്കള്‍/കാണികള്‍.അവരുടെ പ്രോത്സാഹനവും സ്വീകരണവുമാണ് കലാവതരണത്തെ കുടുതല്‍ സജീവമാക്കിയത്. സംഗീതം, താളം, ആഹാര്യഭംഗി എന്നിവയൊക്കെ കേരളത്തിലെ നാടോടിക്കലڋകളുടെ സവിശേഷതയാണ്. കാണികള്‍ക്കിടയില്‍ നിന്നോ കാണികളോട് ചേര്‍ന്നുനിന്നോ അവതരണം നടത്തുന്നു എന്നത് കഥാപാത്രങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു (ഡോ. എസ്. ഗിരീഷ് കുമാര്‍, 2019:26). ഈതി ബാധകള്‍ ഇല്ലാതാക്കാനും സമൃദ്ധി വിളയാടാനും രോഗദുരിതങ്ങളില്‍ നിന്ന് മോചനം നേടാനുമായി നടത്തുന്ന അവതരണങ്ങള്‍ സമൂഹത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേപോലെ സ്വീകര്യമായിരുന്നു. പ്രദേശികമായി വിഭിന്ന ജനസമൂഹങ്ങളുടെ ഐക്യപ്പെടലിന്‍റെ സൂചകങ്ങളാണ് ഇത്തരം പ്രകടനകലകളോരോന്നും, നാടോടി പ്രകടനകലകള്‍ തൊഴിലുമായി ബന്ധപ്പെട്ടവയാണ്. കാര്‍ഷിക സംസ്കൃതിയില്‍ തൊഴിലുകള്‍ പലതും ജാതീയമായിരുന്നു. അതുകൊണ്ടുതന്നെ പ്രകടനകലകള്‍ ജാതികേന്ദ്രിതമായിട്ടാണ് രൂപപ്പെട്ടത്.പരമ്പരാഗത വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും ആവിഷ്കാരങ്ങളാണ് ഫോക്ലോറുകള്‍. അവ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുക എന്നത് ഫോക്ലോറിന്‍റെ ധര്‍മ്മങ്ങളില്‍ പ്രധാനമാണ്. കുട്ടികളുടെ പ്രകടനകലകളും ഇത്തരമൊരു സാംസ്കാരിക ദൗത്യം നിര്‍വ്വഹിക്കുന്നുണ്ട്. പാരമ്പര്യത്തിന്‍റെ പുനര്‍നിര്‍മ്മിതിയും വിശകലനവും ഇതിലൂടെ സംഭവിക്കുന്നുണ്ട്.പ്രകൃതിശക്തികളെ പ്രീണിപ്പിക്കാനായിട്ടാണ് അനുഷ്ഠാനക്രമങ്ങള്‍ രൂപപ്പെട്ടത്. ഉര്‍വ്വരാരാധനയുമായി ബന്ധപ്പെട്ടവയാണ് അവയില്‍ ഭൂരിപക്ഷവും. ക്രമേണ ഉര്‍വ്വരാരാധനാസമ്പ്രദായത്തിലും വൈവിധ്യമുണ്ടായി. സമ്പദ്സമൃദ്ധി, വംശവര്‍ദ്ധനവ്, ദീര്‍ഘായുസ്സ് ഇവയ്ക്കായുള്ള അഭിലാഷങ്ങളും ഇതിന്‍റെ ഭാഗമായി പ്രകൃതിയെ അദ്യശ്യസാന്നിധ്യമായി അവര്‍ കണക്കാക്കുന്നു. ജാതി-ജന്മിത്ത വ്യവസ്ഥയില്‍ ഇത് കൂടുതല്‍ പ്രകടമാകുന്നു. എല്ലാവരുടെയും നന്മയാണ് അനുഷ്ഠാനങ്ങള്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ ആ സാമൂഹ്യക്രമത്തില്‍ അസമത്വം നിലനിന്നിരുന്നു. ജാതിപരമായ ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന സമൂഹത്തില്‍ അസമത്വങ്ങള്‍ക്കിടയിലും വംശീയമായ അധികാരങ്ങള്‍ നിലനില്‍ക്കുകയും ചെയ്തു.ഈ പ്രകടനകലകള്‍ ഓരോന്നും വ്യത്യസ്ത ജനസമൂഹങ്ങള്‍ വംശീയമായി അവതരിപ്പിച്ചവയാണ്. കുട്ടികള്‍ കലാവതരണത്തിന്‍റെ ഭാഗമായപ്പോള്‍ വംശീയാധികാരങ്ങളെക്കുറിച്ച് ബോധവാന്മാരായിട്ടുണ്ടാകും എന്നത് വാസ്തവമാണ്.

നവകോളനീകരണവും സാംസ്കാരിക പരിണാമവും 

റെയ്മണ്ട് വില്യംസിനെ പോലുള്ള സംസ്കാരചിന്തകരുടെ നിര്‍വ്വചനങ്ങളെ മുന്‍നിര്‍ത്തുമ്പോള്‍ മനുഷ്യന്‍റെ സകലവിധ ജീവിതരീതികളും അതുമായി ബന്ധപ്പെട്ടുണ്ടായ ചലനങ്ങളും സംസ്കാരിക പ്രതിഫലനങ്ങളാണ്.കാലത്തിന്‍റെ പരിവര്‍ത്തനങ്ങള്‍ എല്ലാ ജനസമൂഹങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. അവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്ന് മാത്രം. ഭൗതികതയില്‍ ഊന്നുന്ന കമ്പോളലോകത്തിന്‍റെ വ്യാപനം പ്രകൃതിയുമായി പാരസ്പര്യത്തില്‍ കഴിഞ്ഞിരുന്ന ജനതയെ ആകെ മാറ്റിമറിച്ചു. കൃഷിയോടുള്ള മനോഭാവത്തിലും മാറ്റം വന്നു. ലാഭ കേന്ദ്രിത ഉല്പാദനത്തില്‍ ശ്രദ്ധയൂന്നിയതോടെ കൂട്ടായ്മയുടെ ക്ഷേമം എന്നതൊക്കെ അപ്രസക്തമായി മാറി.ആഗോളീകരണത്തിന്‍റെ സര്‍വ്വാധിപത്യം പല ജനസമൂഹങ്ങളുടെയും സ്വത്വത്തെ തമസ്ക്കരിച്ചതായി കാണാം. ലോകം ഒരൊറ്റ ഗ്രാമമാണെന്ന കാഴ്ചപ്പാട് ആഗോളീകരണത്തിന്‍റെ സംഭാവനയാണ്. ഇത് എല്ലാ രാഷ്ട്രങ്ങളെയും ലോകകമ്പോളത്തിന്‍റെ ഭാഗമാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തെ നവകോളനിവത്കരണമായാണ് വിലയിരുത്തുന്നത് (സോമന്‍ കടലൂര്‍, 2011:37). കാലഘട്ടത്തിനു വന്ന പരിണതിയെല്ലാം ജീവിതത്തിന്‍റെ സകലമേഖലയെയും സ്വാധീനിച്ചിട്ടുണ്ട്. മുതലാളിത്തഘട്ടത്തോടെ സംസ്കാരത്തോടുള്ള സമീപനത്തിലും കാര്യമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. സംസ്കാരവ്യവസായം എന്ന സങ്കല്പനം രൂപപ്പെടുന്നതിന് ദൃശ്യശ്രാവ്യ മേഖലകള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. മാക്സ് ഹോര്‍ഖൈമറും തിയോഡര്‍. ഡബ്ല്യു. അഡോണെയും ചേര്‍ന്ന് അവതരിപ്പിച്ച സംസ്കാരവ്യവസായം എന്ന പരികല്പനയക്ക് പ്രചാരം സിദ്ധിച്ചതോടെ പാരമ്പര്യബദ്ധമായ പലതും ഉല്പന്നം എന്ന നിലയിലേക്ക് രൂപം മാറിയതായി ജനസമൂഹം തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. സംസ്കാരവുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ കൂടുതല്‍ പ്രചാരം നേടുകയോ കൊണ്ടാടപ്പെടുകയോ ചെയ്യുമ്പോള്‍ തമസ്ക്കരിക്കപ്പെട്ടവ ചര്‍ച്ചചെയ്യപ്പെടാതെ പോവുന്നു.

വൈവിധ്യങ്ങള്‍ നിലനിന്ന സമൂഹത്തിനകത്ത് മാനകീകരണമാണ് സംഭവിച്ചത് പാരമ്പര്യമായി കൈമാറി വന്ന പല വിജ്ഞാന(ഹീൃല)ങ്ങളും ഈ ഘട്ടത്തില്‍ അപ്രത്യക്ഷമായതായി കാണാം.നവകോളനിവത്കരണം സാധ്യമാക്കുന്നതില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ജനസമൂഹങ്ങള്‍ക്കിടയിലെ സാംസ്കാരിക അതിര്‍വരമ്പുകള്‍ മായ്ക്കപ്പെട്ട് അവര്‍ ഒറ്റ സമൂഹമായി മാറേണ്ടത് മുതലാളിത്തത്തിന്‍റെ ആവശ്യകതയായിരുന്നു. ഈയൊരു ചരിത്രഘട്ടത്തിലാണ് കാര്‍ഷികസംസ്കൃതിയുടെ ഭാഗമായി വികസിച്ചുവന്ന പല സാംസ്കാരിക സവിശേഷതകളും അപ്രത്യക്ഷമായത്. ജനസമൂഹം എന്ന നിലയില്‍ സ്വത്വബോധം പുലര്‍ത്തിയ ജനതയെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പലതരം മാനകീകരണത്തിന് വിധേയമാക്കി ആഗോള ഗ്രാമത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി പണ്ട് രൂപപ്പെട്ട പല കലാരൂപങ്ങളുടെയും അപചയത്തിന് നിമിത്തമായത് ഈ രാഷ്ട്രീയസാഹചര്യമാണ്. സ്വത്വബോധം പുലര്‍ത്താത്ത ജനതയെമാത്രമേ മുതലാളിത്തത്തിന് എളുപ്പം വഴിപ്പെടുത്താനാവുകയുള്ളൂ. ഉപഭോഗസംസ്കൃതിക്ക് വിധേയരായ പുതുതലമുറ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം നീങ്ങുന്നതുകൊണ്ട് പാരമ്പര്യങ്ങളുടെ അപ്രത്യക്ഷമാകല്‍ ത്വരിതഗതിയില്‍ നടക്കുന്നു.

മാനകീകരണം വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു.വൈവിധ്യങ്ങള്‍ പുലര്‍ത്തിയ ജനസമൂഹങ്ങളുടെ പ്രസക്തി നഷ്ടമാകുന്നു.അവര്‍ പിന്‍തുടര്‍ന്നിരുന്ന പല വിശ്വാസങ്ങളും ആചാരങ്ങളും എന്നെന്നേക്കുമായി ഇല്ലാതായി. പുതിയ തലമുറയ്ക്ക് പാരമ്പര്യബദ്ധമായ പലതും അജ്ഞാതമായി തീര്‍ന്നു. കുട്ടികള്‍ അവതാരകരായുള്ള കലകളില്‍ വളരെ അപൂര്‍വ്വം ചിലതുമാത്രമാണ് സവിശേഷ സാംസ്കാരിക സഹചര്യത്തെ അതിജീവിച്ചതായി കാണുന്നത്. അവ സംസ്കാരത്തിന്‍റെ പ്രതിരൂപങ്ങള്‍ ആയി ലേബല്‍ ചെയ്യപ്പെട്ടവയാണ്. കുമ്മാട്ടിയും കുത്തിയോട്ടവും അനുഷ്ഠാനകലകള്‍ എന്ന തരത്തില്‍ പരിഗണിക്കപ്പെടുന്നത് ഈ ലേബലിങ്ങിലൂടെയാണ്. ഓരോ പ്രദേശത്തിന്‍റെയും മേല്‍വിലാസമായി മാറിയ ചില പൈതൃകസ്വഭാവങ്ങള്‍ മാത്രം പ്രാമാണ്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മറ്റുള്ളവ തമസ്ക്കരിക്കപ്പെടുന്നു. സംസ്കാരവ്യവസായഘട്ടത്തോടെ സംജാതമായ ഈ സ്ഥിതിവിശേഷം തെയ്യത്തെയും തിറയെയും മുടിയേറ്റിനെയും പടയണിയെയും പ്രാദേശിക പൈതൃകങ്ങളുടെ അടയാളങ്ങളായി മുദ്രകുത്തി. വടക്കന്‍കേരളം എന്നു പറയുമ്പോള്‍ തന്നെ തെയ്യത്തിന്‍റെയും തിറയുടെയും നാട് എന്ന വിശേഷണം കല്പിക്കപ്പെട്ടു. അതോടെ മറ്റ് പ്രകടനകലകളില്‍ ഭൂരിപക്ഷത്തിനും പ്രാധാന്യമില്ലാതായി എന്നു മാത്രമല്ല പലതും ജനസമൂഹത്തിന്‍റെ വിസ്മൃതിയില്‍ ആഴുകയും ചെയ്തു. ജനസമൂഹങ്ങളുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. കീഴാളപ്രതിരോധത്തിന്‍റെ പ്രതിനിധാനം എന്ന നിലയില്‍ തെയ്യം പോലുള്ള ഏതാനും കലകള്‍ മാനകീകരിക്കപ്പെട്ടു എങ്കിലും മറ്റുള്ളവ പലതും പിന്‍തള്ളപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ അവതാരകരായുള്ള കലകള്‍ അവതരിപ്പിക്കപ്പെടുന്നില്ല എന്നു മാത്രമല്ല ഇത്തരം കലകള്‍ പലതും നാശോന്മുഖ ഫോക്ലോര്‍ ആയി മാറി. ടൂറിസത്തിന്‍റെ ഭാഗമായുള്ള വിപണി കൈകടത്തല്‍ ഈ  സാംസ്കാരിക പരിണാമത്തെ ത്വരിതപ്പെടുത്തിയതായും കാണാം.

സാംസ്കാരിക പ്രകടനങ്ങളുടെ വര്‍ത്തമാനസ്ഥിതി

പ്രകടന കലാപഠനങ്ങള്‍ അന്തര്‍ വൈജ്ഞാനികവും സാംസ്കാരികവും പാരസ്പര്യമുള്ളതുമാണ് പ്രകടനകലകള്‍ക്ക് കാലക്രമേണ സംഭവിച്ച മാറ്റത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലുണ്ടായ പരിവര്‍ത്തനങ്ങള്‍ ജനസമൂഹത്തിലുളവാക്കിയ ചലനത്തെയും അവ എത്രത്തോളം പരിവര്‍ത്തനവിധേയമായി എന്ന അന്വേഷണവും അന്തര്‍വൈജ്ഞാനികമായിത്തീരുന്നു. ഒരു ജനസമൂഹം അതിന്‍റെ സാംസ്കാരിക ക്രമത്തെയും മൂല്യബോധത്തെയും പരിണാമത്തെയും വിവിധ മാധ്യമങ്ങളിലൂടെയാണ് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത്. നാടോടിപാട്ടുകളും  കഥകളും അനുഷ്ഠാനകലകളും എല്ലാം മാധ്യമധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അടുത്ത തലമുറയ്ക്ക് അവ കൈമാറ്റം ചെയ്യപ്പെടുന്നതും മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങള്‍ നിര്‍വ്വഹിച്ച സാംസ്കാരിക രാഷ്ട്രീയ ദൗത്യം സൂക്ഷ്മ വിശകലനം  അര്‍ഹിക്കുന്നു. കുട്ടായ്മയുടെ സ്വത്വം വെളിപ്പെടുത്തിയിരുന്ന കലകള്‍ സ്വത്വപരിണാമം എന്ന അവസ്ഥയോടെ അപ്രത്യക്ഷമാകുന്നതും പരിണാമത്തിന്‍റെ ഭാഗമായി വിലയിരുത്താവുന്നതാണ്.

പ്രകടനങ്ങളില്‍ സാംസ്കാരിക പ്രകടനം (ഈഹൗൃമേഹ ജലൃളീൃാമിരല) എന്നൊരിനത്തെ റിച്ചാര്‍ഡ് ബൗമാന്‍ സവിശേഷമായി വേര്‍തിരിക്കുന്നുണ്ട്. സാംസ്കാരിക പ്രകടനങ്ങള്‍ കൃത്യമായ സ്ഥലകാലങ്ങളില്‍(ടരവലറൗഹലറ) അരങ്ങേറുന്നവയാണ്. അതായത് കാലപരവും സ്ഥലപരവുമായ നിബന്ധനകള്‍ (ഠലാുീൃമഹഹ്യ മിറ ടുമശേമഹഹ്യ യീൗിറലറ) അവയ്ക്കുണ്ടെന്ന് അര്‍ത്ഥം. അമ്പലപ്പറമ്പ്, കാവ്, വയല്‍, വിവാഹമണ്ഡപം എന്നിങ്ങനെ സാംസ്കാരിക പ്രകടനങ്ങള്‍ക്ക് സ്ഥല നിയന്ത്രണങ്ങളുണ്ട് പടയണിക്കും കുത്തിയോട്ടത്തിനും ചോറൂണിനും വിവാഹത്തിനുമെല്ലാം സമയനിയന്ത്രണവുമുണ്ട്. ഇങ്ങനെ വരുമ്പോള്‍ മാത്രമാണവ സവിശേഷാര്‍ത്ഥത്തില്‍ സാംസ്കാരിക പ്രകടനങ്ങളാവുന്നത്. സാംസ്കാരിക പ്രകടനങ്ങള്‍ തയ്യാര്‍ ചെയ്തു വെച്ചവയും (ജൃീഴൃമാാലറ) സുസംഘടിതവുമായിരിക്കും. ഇത് സമൂഹത്തിലെ ഉത്കൃഷ്ട സന്ദര്‍ഭങ്ങളായി(വലശഴവലേിലറ)പരിഗണിക്കപ്പെടുന്നതാണ് (അജു കെ നാരായണന്‍, 2015:39). സംസ്കാരത്തിന്‍റെ പ്രതിനിധാനങ്ങളായി പലപ്പോഴും ഇത്തരം പ്രകടനകലകളെയാണ് കണക്കാക്കുന്നത്.

കാര്‍ഷിക സംസ്കൃതി തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന  വര്‍ത്തമാന സാഹചര്യത്തില്‍ കുട്ടികളുടെ പ്രകടനകലകള്‍ പലതും തിരോഭവിച്ചു കൊണ്ടിരിക്കുന്നു. കൃഷിയുടെ പൊലിവ് സ്വപ്നം കണ്ട അവതരണങ്ങള്‍ പലതും ഇല്ലാതായി. കുമ്മാട്ടി, കുത്തിയോട്ടം, തുമ്പിതുള്ളല്‍ തുടങ്ങിയ ഏതാനും കലകള്‍ പല രാഷ്ട്രീയ സാംസ്കാരികമാനങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു.നാടന്‍ കലകളുടെ പ്രാതിനിധ്യമായി കമ്പോളലോകത്ത് പ്രദര്‍ശനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. വാണിജ്യവത്കൃതമായ ലോകസാഹചര്യത്തില്‍ കലകള്‍ പലതും ഉല്പന്നങ്ങളുടെ തലത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. വിനോദസഞ്ചാരത്തിനായി കലകളെ ഉപയോഗപ്പെടുത്തുന്നു എന്നത് വര്‍ത്തമാനകാല ചര്‍ച്ചകളില്‍ പ്രധാനമാണ്.ഫെസ്റ്റിവല്‍ ടൂര്‍ പാക്കേജ് എന്ന നിലയില്‍ ഇന്ന്  കലകള്‍ അവതരിപ്പിക്കപ്പെടുന്നു. കുമ്മാട്ടി, തുമ്പിതുള്ളല്‍ ഇവയൊക്കെ ഇത്തരത്തില്‍ നിലനിര്‍ത്തപ്പെട്ടതായി കാണാം. പക്ഷേ കുട്ടികളല്ല അവതാരകര്‍ എന്നതും ശ്രദ്ധേയമാണ്.അവ മുതിര്‍ന്നവരുടെ കലാവതരണമായി മാറി.  കൃഷിയും അതിന്‍റെ അതിജീവന സ്വപ്നങ്ങളുമില്ലാത്ത യന്ത്രവല്‍ക്കൃതലോകത്ത്  കുട്ടികളുടെ പ്രകടനകലകള്‍ അപ്രത്യക്ഷമായത് കാലത്തിന്‍റെ നൈസര്‍ഗിക പരിണാമത്തിന്‍റെ ഭാഗമാണ്. കുട്ടികള്‍ തന്നെയും സാങ്കേതികയുഗത്തില്‍ ജീവിക്കുമ്പോള്‍ അവര്‍ പുതിയ കലാവതരണങ്ങളിലും ചിന്താലോകങ്ങളിലുമാണ് തത്പരരാകുന്നത്. അതും പരിണാമ പ്രക്രിയയുടെ ഭാഗമായി സംഭവിക്കുന്നതുമാണ്. പുതിയ കാലത്തിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും പുത്തന്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു വെര്‍ച്വല്‍ ഫോക് ലോറില്‍ കുട്ടികളുടെസാന്നിദ്ധ്യം സജീവമായി നിലനില്‍ക്കുന്നുണ്ട്.

സംസ്കാരവ്യവസായകാലത്തോടെ ഉണ്ടായ പരിവര്‍ത്തനം 

കൂട്ടായ്മക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണി ആഗോളവത്കരണമാണെന്ന് ഫോക്ലോര്‍ വിശ്വസിക്കുന്നു. സ്വത്വത്തെ ശിഥിലമാക്കുന്ന ആഗോളവത്കരണത്തെ സ്വത്വത്തെ ശക്തമാക്കുന്ന ഫോക്ലോര്‍ എന്ന വിഷയം പ്രതിരോധിക്കുന്നു.കച്ചവടസമൂഹമായും ഉപഭോഗസമൂഹമായും ജനതയെ മാറ്റുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകള്‍ വിശകലനം ചെയ്യാനും,ആഴത്തില്‍ പഠിക്കാനും ഫോക്ലോര്‍ തയ്യാറാവുന്നു. ഫോക്ലോര്‍ എന്ന വിഷയത്തിന് പ്രാമുഖ്യം കിട്ടുന്നതും ആഗോളവത്കരണത്തിന്‍റെ പ്രതിപ്രവര്‍ത്തനം എന്ന നിലയിലാണ് എന്ന് സോമന്‍ കടലൂര്‍ നിരീക്ഷിക്കുന്നു (സുരേഷ് ബാബു എളയാവൂര്‍ (എഡി.), 2004:137). ഫോക്ലോര്‍ പഠനത്തിന്‍റെ പ്രസക്തിയും ഇതാണ്. ഓരോ കൂട്ടായ്മയും നിലനില്‍ക്കുന്നത് കുറെ പാരമ്പര്യഘടകങ്ങളിലൂടെയാണ്. ജനസമൂഹത്തിന്‍റെ സ്വത്വം നഷ്ടപ്പെടുന്നതോടെ അവയുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്ന കലകളും ജീവിതരീതികളും എല്ലാം തന്നെ ഇല്ലാതാകുന്നു. ജാതിഘടനയ്കകത്താണ് അനുഷ്ഠാനകലകള്‍ എന്നും നിലനിന്നത്. ജാതിഘടനയേക്കാള്‍ സാമ്പത്തിക ഘടനക്ക് പ്രാമുഖ്യം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അനുഷ്ഠാന കലകള്‍ക്കും രൂപഭാവമാറ്റമുണ്ടായി. കാര്‍ഷികസംസ്കൃതിയില്‍ രൂപപ്പെട്ടുവന്ന ജനസമൂഹങ്ങള്‍, അവ വ്യത്യസ്ത ജാതി-വംശശ്രേണിയില്‍ ആണെങ്കിലും പല സമാനതകളും നിലനിര്‍ത്തിയവയായിരുന്നു. ഇവയെല്ലാം കാര്‍ഷികസംസ്കാരത്തിന്‍റെ തിരോധാനത്തോടെ കാലഹരണപ്പെട്ടു പോവുകയാണ്. കാര്‍ഷികജീവിതത്തോട് ബന്ധം പുലര്‍ത്തിയ തലമുറകള്‍ അപ്രത്യക്ഷമാകുന്നതോടെ അവയുമായി ബന്ധപ്പെട്ട പാട്ടുകളും കളികളും എല്ലാം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു.കുട്ടികളുമായി ബന്ധപ്പെട്ടുള്ള പ്രകടനകലകള്‍ക്കും സംഭവിച്ചത് ഇതാണ്.

പ്രത്യേകമായി ഒരുക്കപ്പെട്ടതോ നിയന്ത്രിത രൂപഘടനയോട് കൂടിയതോ അല്ല പ്രകടനകലകളുടെ രംഗവേദി. അത് വീട്ടുമുറ്റങ്ങളും ഗ്രാമീണ വഴികളും ആണ്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് സാന്നിധ്യമറിയിക്കുന്ന ഈ കലകള്‍ ജനസമൂഹത്തിന്‍റെ കാഴ്ചാനുഭവങ്ങളെ സമ്പന്നമാക്കി. വീട്ടുമുറ്റത്ത് ഇത് അരങ്ങേറുമ്പോള്‍ ജനസമൂഹത്തിന്‍റെ പങ്കാളിത്തമാണ് ഉറപ്പു വരുത്തിയത്. കാഴ്ചയായും കേള്‍വിയായും നര്‍ത്തനത്തിലൂടെയും പല ജനസമൂഹങ്ങളില്‍ നിറഞ്ഞുനിന്നവയായിരുന്നു പരാമര്‍ശിക്കപ്പെട്ട പ്രകടനകലകള്‍ എല്ലാം തന്നെ. പ്രാദേശികമായ വ്യത്യസ്തത അവതരണത്തില്‍ നിലനിന്നെങ്കിലും ഇവയെല്ലാം പാരമ്പര്യക്കൈമാറ്റത്തിന്‍റെ ഉപാദാനങ്ങള്‍ ആയിരുന്നു. ഓരോ അവതരണവും രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് രൂപപ്പെടുന്നത്. ഇവയുടെ പരിണാമങ്ങള്‍ക്കനുസരിച്ച് കലകളുടെ അവതരണാവസ്ഥയ്ക്ക് പരിണാമം സംഭവിക്കുന്നു. വ്യക്തി കേന്ദ്രിതസ്വകാര്യതകള്‍ക്ക് പ്രാമുഖ്യം വര്‍ദ്ധിക്കുന്ന ഉത്തരാധുനികകാലത്ത് സമൂഹകേന്ദ്രിതമായി രൂപപ്പെട്ട കലകള്‍ അപ്രസക്തമാകുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്നു.

ആഗോളീകരണത്തിന്‍റെ ഉദാരവത്കരണ സമീപനം ഫോക്ലോര്‍ ഫോക്ലോറിസമായി മാറുന്നതിനെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് കാണാം. ഫോക്ലോര്‍ജനുസുകളില്‍ പലതും കമ്പോളയുഗത്തില്‍ പുതുരൂപഭാവങ്ങള്‍ സ്വീകരിച്ച് നിലനില്‍ക്കുന്നുണ്ട്. അനുഷ്ഠാനകലകള്‍ തനതായ സാഹചര്യത്തില്‍ തന്നെ അതിന്‍റെ ചടങ്ങുകളും ചിട്ടവട്ടങ്ങളും  ആചാരക്രമങ്ങളും കാലദൈര്‍ഘ്യവും  നിജപ്പെടുത്തി പ്രത്യക്ഷപ്പെടുന്നു. അത് ഫോക്ലോറിന്‍റെ പരിണാമഘട്ടമായി തന്നെയാണ് വിലയിരുത്തുന്നത്. ചടങ്ങുകളും അവതരണ ദൈര്‍ഘ്യവും മാറ്റി ഫോക്ലോറിസമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. എങ്കിലും  കുട്ടികളുടെ പ്രകടന കലകളില്‍ ഭൂരിപക്ഷവും ഇത്തരം പരിണാമത്തിന് വിധേയമായതായി കാണുന്നില്ല.

ആധുനിക ജീവിതസാഹചര്യത്തില്‍ അഭ്യസ്തവിദ്യരായ പുതുതലമുറ പാരമ്പര്യകലകളുടെ സംരക്ഷകരാകുന്നില്ല എന്നത് വസ്തുതയാണ്. മാറിയ സഹചര്യങ്ങളില്‍ രൂപപ്പെട്ട പുതിയ കലകളാണ് അവര്‍ക്ക് ഏറെ പരിചിതം. കാര്‍ഷിക പാരമ്പര്യത്തില്‍ നിന്നുള്ള അകല്‍ച്ചയും ഈ അഭിരുചി മാറ്റത്തെ ദ്രുതഗതിയിലാക്കി.വംശീയമായും ജാതീയമായും രൂപപ്പെട്ട ജനസമൂഹങ്ങളുടെ ഘടനാപരമായ പരിണാമവും ഇതിനുനിമിത്തമായി തീര്‍ന്നു. ആഗോളീകരണകാലത്തോടെ പാരമ്പര്യത്തുടര്‍ച്ച, കൈമാറ്റം തുടങ്ങിയ സങ്കല്പങ്ങള്‍ക്കെല്ലാം സാംസ്കാരികപരിണാമം വന്നു ചേര്‍ന്നിട്ടുണ്ട്. കാര്‍ഷിക ജീവിതത്തില്‍ നിന്നുള്ള തിരിഞ്ഞു നടത്തം ഉര്‍വ്വരതാപ്രധാനമായ കലകള്‍ അപചയിക്കുന്നതിന് കാരണമായി. എല്ലാ  സമൂഹങ്ങളുടെയും അന്തിമലക്ഷ്യം പരിഷ്കൃത സമൂഹമാകുക എന്നതാണ്.പരിഷ്കൃതരാകുന്നതിനായി ആദ്യം ത്യജിക്കുന്നത് പാരമ്പര്യ സംസ്കാരത്തെയാണ്. പുതുതലമുറ പരിഷ്കൃതരാവാന്‍ ശ്രമിക്കുന്നതുകൊണ്ട് അവരുമായി ബന്ധപ്പെട്ട് നിലനിന്ന കലകള്‍ തമസ്കരിക്കപ്പെടുകയുണ്ടായി.

കൂട്ടായ്മയുടെ അനുഭവലോകത്തിനുവന്ന മാറ്റവും കലകളുടെ അപചയത്തിന് ഒരു ഘടകമാണ്. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളൊക്കെത്തന്നെ കാര്‍ഷികസംസ്കൃതിയുടെ ഭാഗമായല്ല പ്രാധാന്യത്തോടെ ഇന്ന് കൊണ്ടാടപ്പെടുന്നത്.അവ മാധ്യമസൃഷ്ടികളായ സാഹചര്യങ്ങളിലാണ് കൊണ്ടാടപ്പെടുന്നത്.കാര്‍ഷികകാലഘട്ടത്തിലെ സാംസ്കാരികസാഹചര്യത്തില്‍  പാരമ്പര്യകൈമാറ്റം എന്ന ദൗത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായിരുന്നു കുട്ടികള്‍ കൂടി ഉള്‍പ്പെടുന്ന പ്രകടനകലകള്‍. കാര്‍ഷികസംസ്കൃതിയില്‍ നിന്നും വംശീയപാരമ്പര്യത്തില്‍ നിന്നുമൊക്കെ അകന്നു പോകുന്ന വര്‍ത്തമാന കാലഘട്ടത്തിലെ കുട്ടികള്‍ക്ക് ഇതൊന്നും താല്പര്യമുള്ള മേഖലയല്ല.

ഉപസംഹാരം

നിയതമായ ആദിമധ്യാന്തഘടന, ക്രമമായ വിന്യാസം,അവതാരകര്‍,പ്രേക്ഷകര്‍/കേള്‍വിക്കാര്‍ പ്രകടനത്തിനുള്ള സന്ദര്‍ഭം ഇങ്ങനെയുള്ള സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയാണ് പ്രകടനകലകള്‍.സവിശേഷമായ സമയപരിധിക്കകത്ത് ഘടകങ്ങള്‍ ഒത്തുചേര്‍ന്ന് നടക്കുന്ന ഇത്തരം അവതരണങ്ങള്‍ക്ക് കാലക്രമേണ പലവിധ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ട്. ഇത് ഫോക്ലോറിന്‍റെ പരിണാമസ്വഭാവത്തെയാണ് വ്യക്തമാക്കുന്നത്. സാമൂഹ്യപദവിയില്‍ വന്ന മാറ്റം, സാംസ്കാരികമായി ജാതി-മത ചിന്തകളിലുണ്ടായ നവീകരണം, സാമ്പത്തിക ഘടനയില്‍ വന്ന മാറ്റം, ജീവിതകാഴ്ചപ്പാടില്‍ വന്ന പരിണതി,വ്യാവസായിക പുരോഗതി,കാര്‍ഷിക സംസ്കൃതിയോടുള്ള പ്രതിലോമ മനോഭാവം, കോളനീകരണത്തോടെ സംഭവിച്ച അനുകരണാസക്തി ഇങ്ങനെ നിരവധി കാരണങ്ങള്‍ ഇത്തരം കലകള്‍ നാശോന്മുഖമാകുന്നതിന്‍റെ  പിറകിലുണ്ട്. ഒത്തുചേരുക, അവതരണം നടത്തുക, പിരിഞ്ഞു പോവുക എന്നീ സവിശേഷ കാര്യങ്ങളിലൂടെയാണ് പ്രകടനകലകള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. പ്രകടനത്തെ സംബന്ധിച്ചിടത്തോളം ഈ മൂന്നു കാര്യങ്ങള്‍ പ്രധാനമാണ.് എന്നാല്‍ വര്‍ത്തമാന സാഹചര്യത്തില്‍ ഇത്തരം  പ്രകടനങ്ങളുടെ സ്ഥാനം സിനിമ, നാടകം തുടങ്ങി. ദൃശ്യകലകള്‍ ഏറ്റെടുത്തിരിക്കുന്നു. പാരമ്പര്യബദ്ധമായ അനുഷ്ഠാനകലകളില്‍ പലതരത്തില്‍ മേല്‍ക്കോയ്മ നേടിയവയും ഈ രീതിയില്‍ നിലനിര്‍ത്തപ്പെട്ടിരിക്കുന്നു.കുട്ടികളെ കുറിച്ച് അവരെ വളര്‍ത്തിയെടുക്കേണ്ടതിനെ കുറിച്ച് പുലര്‍ത്തുന്ന പുതുധാരണകള്‍ പാരമ്പര്യ കലകളുടെ അവതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജാതിസംസ്കാരത്തിന്‍റെ പരിണാമവും പാരമ്പര്യത്തിന്‍റെ കൈമാറ്റത്തിന് പ്രതികൂലമായി തീര്‍ന്നു.വംശീയപാരമ്പര്യത്തെ പിന്‍തുടരാന്‍ വിമുഖത വര്‍ധിക്കുന്നു. ഗ്രാമീണ സംസ്കൃതിയുടെ തിരോധാനവും ഇത്തരം കലാപ്രകടനങ്ങള്‍ നാശോന്മുഖമാകുന്നതിന് കാരണമായി. സാമൂഹ്യപദവിയും കുട്ടായ്മയുടെ അംഗീകാരവുമുണ്ടായിരുന്നവയായിരുന്നു കുട്ടികളുടെ  പ്രകടനകലകള്‍.എന്നാല്‍ വര്‍ത്തമാന ജീവിതാവസ്ഥയില്‍ സാമൂഹ്യപദവിയെ കുറിച്ചുള്ള മുതലാളിത്ത ധാരണകള്‍ കുട്ടികളെ പാരമ്പര്യ കലകളെ സ്വാംശീകരിക്കുന്നതിനും അവതരണം നടത്തുന്നതിനും വിമുഖരാക്കി.

പുതിയ അനുഭവലോകങ്ങളെ വിനിമയംചെയ്യുന്ന കലകള്‍ ഇന്നത്തെ ജനസമൂഹത്തിലും രൂപപ്പെടുകതന്നെ ചെയ്യും. സാമ്പത്തികക്രമത്തിലും സമൂഹത്തിലുമൊക്കെ ഉണ്ടായ മാറ്റങ്ങള്‍ ജനസമൂഹത്തിന്‍റെ ജീവിതവീക്ഷണത്തിലും മാറ്റമുണ്ടാക്കും എന്നത് അനിവാര്യതയാണ്. കാര്‍ഷിക സംസ്കൃതിയില്‍ നിലനിന്ന പല കലാരൂപങ്ങളും പില്‍ക്കാലത്ത് വിസ്മരിക്കപ്പെടുകയോ അപ്രധാനമായിത്തീരുകയോ ചെയ്തത് കാലഘട്ടത്തിന്‍റെ പരിണാമപ്രക്രിയയുടെ ഭാഗമായി വിലയിരുത്തുമ്പോള്‍ തന്നെ ആഗോളീകൃത ജനസമൂഹത്തിലും പുത്തന്‍ കലകള്‍ ഉദയം ചെയ്യുമെന്നും അവ സംഘബോധത്തെ നിലനിര്‍ത്തുമെന്നും പ്രതീക്ഷിക്കാം. 

ഗ്രന്ഥസൂചി 

അജയകുമാര്‍. 2009. ഫോക്ലോര്‍ അധികാരം അധിനിവേശം. കോഴിക്കോട്: ഇ ഡി ക്ലബ്ബ് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്.
അജു കെ. നാരായണന്‍. 2015. ഫോക്ലോര്‍ പാഠങ്ങള്‍ പഠനങ്ങള്‍. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
അനില്‍,കെ.എം.(ഡോ.). 2018. ഫോക്ലോര്‍ ജനസംസ്കൃതിയുടെ വേരുകള്‍. കണ്ണൂര്‍: കേരളഫോക്ലോര്‍ അക്കാദമി.
അനില്‍കുമാര്‍,എന്‍.(ഡോ.). 2010. പ്രകടനഗാനങ്ങളുടെ ആഖ്യാന സൗന്ദര്യശാസ്ത്രം. തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
അയ്യപ്പപണിക്കര്‍,കെ.(ഡോ.). 2005. അയ്യപ്പണിക്കരുടെ ലേഖനങ്ങള്‍(1990 - 2005). കോട്ടയം: ഡി.സി.ബുക്സ്.
ഗിരീഷ്കുമാര്‍.എസ്.(ഡോ.). 2019. അധികാരവും പ്രതിരോധവും അനുഷ്ഠാനകലകളില്‍. കണ്ണൂര്‍: കേരളഫോക്ലോര്‍അക്കാദമി.
ദിനേശന്‍ വടക്കിനിയില്‍. 2014. അനുഷ്ഠാനം കാലം സമൂഹം. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം.
നായര്‍ എസ്.കെ.(ഡോ.). 1962.കേരളത്തിലെ നാടോടിനാടകങ്ങള്‍. മദ്രാസ്: മദ്രാസ് യൂണിവേഴ്സിറ്റി.
രാഘവന്‍പയ്യനാട്(ഡോ). 2019. ഫോക്ലോര്‍. തിരുവനന്തപുരം: കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്.
രാഘവന്‍പയ്യനാട്(ഡോ). 1999. ഫോക്ലോര്‍ സങ്കേതങ്ങളും സങ്കല്‍പ്പനങ്ങളും. പയ്യന്നൂര്‍: ഫോക്കുലോര്‍ ഫെലോസ് ഓഫ് മലബാര്‍ ട്രസ്റ്റ്. 
രാജഗോപാലന്‍,സി.ആര്‍.(ഡോ.). 2019. ഫോക്ലോര്‍ അരികുസത്യങ്ങള്‍. കണ്ണൂര്‍: കേരളഫോക്ലോര്‍ അക്കാദമി.  
വിഷ്ണുനമ്പൂതിരി എം.വി.(ഡോ.). 2019. നാട്ടറിവ് പഠനങ്ങള്‍ വാല്യം 1. കോഴിക്കോട്: പൂര്‍ണ്ണപബ്ലിക്കേഷന്‍സ്. 
രാജഗോപാലന്‍,സി.ആര്‍. (ഡോ.).  2014. നാട്ടറിവ് പഠനങ്ങള്‍ വാല്യം2. കോഴിക്കോട്: പൂര്‍ണ്ണപബ്ലിക്കേഷന്‍സ്. 
രാജഗോപാലന്‍,സി.ആര്‍.(ഡോ.). 2010. ഫോക്ലോര്‍ നിഘണ്ടു. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട.് 
ശശിധരന്‍ ക്ളാരി (ഡോ.). 2012. കേരളീയകലാനിഘണ്ടു. കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ.് 
സുരേഷ്ബാബു എളയാവൂര്‍ (എഡി.). 2004. ഫോക്ലോറിന്‍റെ കൈവഴികള്‍ വാല്യം 1. കണ്ണൂര്‍: കേരളഫോക്ലോര്‍ അക്കാദമി.
സോമന്‍ കടലൂര്‍.2011. ഫോക്ലോര്‍: വര്‍ത്തമാനവും അന്വേഷണവും. കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍സ്. 
Peter J Claus.1980. ‘Essay The uses and Misuses of Folkore’. Indian Folklore I. Mysore: CIII  Folklore Series .
Schechner, Richard .1985. Between Theatre and Anthropology. Philadelphia: Pennsylvania Press .
ഡോ. അജിത ചേമ്പന്‍
അസോ. പ്രൊഫസര്‍
മലയാളവിഭാഗം
ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ് 
ധര്‍മ്മടം, തലശ്ശേരി
കണ്ണൂര്‍, കേരളം
Pin: 670106
Email:  1973ajitha@gmail.com
Ph: +91 9995566803
ORC ID   0000-0002-2247-7411