Theory and Praxis in Mohiniyattam: A Study on the Experimental Styles of Kala Vijayan
Dr. Salini S
Mohiniyattam is a classical dance form in Kerala. The contributions of the Swathi Thirunal, Vallathol Narayana Menon, and Kalyanikutty Amma have played a major role in the revival of the art form. Among them, Kalyanikutty Amma was instrumental in renewing it through her epoch-making contributions. Kala Vijayan followed her mother’s path and replenished the art form through her experiments. Art is a creative product that flourishes with the innovative spirit of the artist. The growth of art forms facilitates the socio-cultural development of a society. The mentors like Kala Vijayan have paved the way for the blooming of new creative minds. It is the responsibility of future artists to enrich the art forms.
മോഹിനിയാട്ടം: പാഠവും പ്രയോഗവും.കലാവിജയന്‍റെ പരീക്ഷണങ്ങളെ ആസ്പദമാക്കി ഒരു പഠനം
ഡോ. ശാലിനി എസ്
കേരളത്തിന്‍റെ ശാസ്ത്രീയ കലാരൂപമാണ് മോഹനിയാട്ടം. ഈ കലാരൂപത്തിന്‍റെ വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എടുത്തുപറയേണ്ട മൂന്ന് പേരുകളാണ് സ്വാതിതിരുനാള്‍, വള്ളത്തോള്‍ നാരായണമേനോന്‍, കല്യാണിക്കുട്ടിയമ്മ എന്നിവര്‍. മോഹിനിയാട്ടത്തിന്‍റെ പുനഃരുജ്ജീവനത്തിനായി ഈ മൂന്ന് വ്യക്തികളും നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെങ്കിലും കല്ല്യാണിക്കുട്ടിയമ്മയുടെ പ്രവര്‍ത്തനങ്ങളും സംഭാവനകളും എടുത്തുപറയേണ്ട ഒരു വസ്തുതയാണ്.
കല്ല്യാണിക്കുട്ടിയമ്മയുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് അവരുടെ പുത്രിയായ കലാവിജയന്‍ തന്‍റേതായ രീതിയില്‍ മോഹിനിയാട്ടത്തെ പരിഷ്ക്കരിക്കുകയും പുതിയ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്തു.
1944 മെയ് 8-ാം തീയതി കഥകളി ആചാര്യന്‍ കൃഷ്ണന്‍ നായരുടേയും കല്ല്യാണിക്കുട്ടിയമ്മയുടേയും മകളായി കലാവിജയന്‍ ജനിച്ചു. ചെറുപ്പം മുതല്‍ മോഹിനിയാട്ടം അഭ്യസിച്ച കലാവിജയന്‍ 4-ാം വയസ്സില്‍ അരങ്ങേറ്റം നടത്തുകയും 8-ാം വയസ്സു മുതല്‍ മോഹിനിയാട്ട വേദിയില്‍ സജീവ സാന്നിദ്ധ്യവുമായി തീര്‍ന്നു. മോഹിനിയാട്ടത്തിനോടൊപ്പം കഥകളിയും, ഭരതനാട്യവും അഭ്യസിച്ചു തുടങ്ങി. തുടര്‍ന്ന് ഉന്നത പഠനത്തിനായി 2 കൊല്ലം അഡയാര്‍ കലാക്ഷേത്രയില്‍ ചേര്‍ന്ന് ഭരതനാട്യം അഭ്യസിച്ചു. നിരവധി ശിഷ്യഗണങ്ങളെ സമ്പാദിച്ച കലാവിജയന്‍റെ അദ്ധ്യാപനം തന്‍റെ ശിഷ്യരെ സ്വന്തമായി ഇനങ്ങള്‍ ചിട്ടപ്പെടുത്തുവാനും പരിശീലിപ്പിക്കുവാനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമായി വിനിയോഗിച്ചു.
ചതുര്‍വിധാഭിനയ രീതികളില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തി കൂടുതല്‍ സമ്പുഷ്ടമാക്കി എന്നത് കലാവിജയന്‍റെ മോഹിനിയാട്ട പരിഷ്ക്കരണങ്ങളില്‍ ശ്രദ്ധേയമായ വസ്തുതയാണ്. പാരമ്പര്യത്തിന്‍റെ പരിശുദ്ധിയെ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ വരുത്തിയ മാറ്റങ്ങള്‍ പുതു തലമുറയ്ക്ക് പ്രയോജനകരമായി ഭവിയ്ക്കുകയും ചെയ്തു.
ശരീരഭാഷയുടെ വ്യാകരണം
നൃത്തത്തില്‍ ചലനങ്ങള്‍ക്ക് മുഖ്യസ്ഥാനമാണുള്ളത്. ശരീരഭാഷ ഉരുത്തിരിയുന്നത് ഈ ചലനങ്ങളിലൂടെയാണ്. ചലനങ്ങളിലൂടെ താളം രൂപപ്പെടുന്നു. ഇങ്ങനെയുണ്ടാകുന്ന താളക്രമങ്ങളോട് കൂടെയുള്ള ചലനം സന്ദര്‍ഭോചിതമായി പ്രയോഗിക്കപ്പെടുമ്പോഴാണ് സംവേദനം സാധ്യമാകുന്നത്. ആംഗികാഭിനയത്തില്‍ പ്രധാനപ്പെട്ട ചലനങ്ങളാണ് അടവുകള്‍. മോഹനിയാട്ട പരിശീലനത്തില്‍ ആദ്യമായി അഭ്യസിപ്പിക്കുന്നത് ചുഴിപ്പുകളാണ്. അടവുകള്‍ അനായാസം വഴങ്ങുന്നതിനു വേണ്ടിയാണ് ചുഴിപ്പുകള്‍ പരിശീലിപ്പിക്കുന്നത്. നിലവിലുള്ള അഭ്യാസമുറകള്‍ക്ക് പുറമെ കലാവിജയന്‍ തന്‍റേതായ ശൈലിയില്‍ ചുഴിപ്പുകള്‍ കുറേക്കൂടി വിപുലീകരിച്ച്, ചിട്ടപ്പെടുത്തുകയും ചെയ്തു. കല്ല്യാണിക്കുട്ടിയമ്മ ചിട്ടപ്പെടുത്തിയ 32 അടവുകള്‍ക്ക് പുറമേ 25 അടവുകള്‍ കൂടി ഉള്‍പ്പെടുത്തി, നിലവിലുള്ള അടവുകളുടെ ഗണങ്ങള്‍ക്ക് ഉപഗണങ്ങള്‍ സൃഷ്ടിച്ചു. അടവുകളുടെ ചലനങ്ങളെ ആസ്പദമാക്കി ഈ ഉപഗണങ്ങള്‍ക്ക് ആലോലിത നിമ്നോന്നത, ഭ്രമരി, ദംഭ, തിതിതൈ1 എന്നിങ്ങനെ പേരുകള്‍ നല്‍കി. കൂടുതല്‍ ഉലയുന്ന അടവുകളെ ആലോലിത വിഭാഗത്തിലും താഴ്ന്നു പൊങ്ങുന്ന അടവുകളെ നിമ്നോന്നത വിഭാഗത്തിലും വീരഭാവത്തെ അനുസ്മരിപ്പിക്കുന്ന അടവുകളെ ദംഭ വിഭാഗത്തിലും ദേഹം ചുറ്റിവരുന്ന തരത്തിലുള്ള അടവുകളെ ഭ്രമരി എന്ന വിഭാഗത്തിലും അടവുകളുടെ അവസാന ഭാഗത്ത് തിതിത്തൈ എന്നു വരുന്നവയെ തിതിതൈ വിഭാഗത്തിലും ഉള്‍പ്പെടുത്തി.
നാട്യശാസ്ത്രം, അഭിനയദര്‍പ്പണം, സംഗീതരത്നാകരമം എന്നീ ഗ്രന്ഥങ്ങളെ മനസ്സിലാക്കിയ ശേഷം മോഹിനിയാട്ടത്തിനുപയോഗിക്കാവുന്ന മണ്ഡലഭേദങ്ങള്‍, പാദഭേദങ്ങള്‍ എന്നിവ തെരഞ്ഞെടുക്കുകയും അവയ്ക്ക് ശ്ലോക രൂപം നല്‍കുകയും ചെയ്തു. കല്ല്യാണിക്കുട്ടിയമ്മ ചിട്ടപ്പെടുത്തിയ ചാരികള്‍, പാദഗതി എന്നിവയ്ക്കും അവര്‍ ശ്ലോകങ്ങള്‍ രചിച്ചു. കൂടാതെ ഗജഗതി, മൃഗഗതി, ഖഗഗതി, മത്സ്യഗതി2 തുടങ്ങിയ പാദഗദികളും നിലവില്‍ കല്ല്യാണിക്കുട്ടിയമ്മ ചിട്ടപ്പെടുത്തിയ 15 കരണങ്ങള്‍ക്കു പുറമേ ശയന, വിശ്രമ, സ്നിഗ്ദ്ധ3 എന്നിങ്ങനെ 3 കരണങ്ങളും അവര്‍ ചിട്ടപ്പെടുത്തി.
മണ്ഡലഭേദങ്ങള്‍
വന്നീടുമതാലീഢവും പ്രത്യാലീഢ മതെന്നതും
അര്‍ദ്ധസൂചി പാര്‍ശ്വസൂചി അശ്വാക്രാന്തമതങ്ങിനെ
മോടിതവും ചേര്‍ന്നിതെന്നാലായിടും ദശമണ്ഡലം4
പാദഭേദങ്ങള്‍
പാര്‍ശ്വസൂചി പൂരോ സൂചി പൃഷ്ഠസൂചിയുമെന്നപോല്‍
അഗ്രതലം അഗ്രതല സഞ്ചാരം പാര്‍ഷ്ണിഗം തഥാ
ഉദ്ഘടിതം ഘടിതോത്സേധം താഡിതം മര്‍ദ്ദിതാഗ്രഗം
ഘട്ടിതം പാര്‍ശ്വഗം പദമേവഷ്ടദശാമതം5
പാദഗതി
കുക്കുട മണ്ഡുകം തഥാ
നാഗബന്ധം തഥൈവച
പഞ്ചപാദഗതായാഃ സ്മൃതാഃ
മോഹിനിയാട്ടത്തില്‍ താന്ത്രിക ഗ്രാമ്യ മുദ്രകളുടെ പ്രസക്തി
ആംഗികാഭിനയത്തിലെ വളരെ പ്രധാനമായ ഒന്നാണ് ഹസ്താഭിനയം. ഭാഷയില്‍ അക്ഷരങ്ങള്‍ക്കുള്ള സ്ഥാനമാണ് ആംഗ്യഭാഷയില്‍ ഹസ്തങ്ങള്‍ക്കുള്ളത്. കൈമുദ്രകളുടെ രസഭാവം കണ്ണുവഴിക്കാണ് ശോഭിക്കുന്നത്. കണ്ണിന് മനസ്സാണ് പ്രധാനം, മനസ്സ് ഭാവത്തിന് കാരണമാകുന്നു.7 മോഹിനിയാട്ടത്തില്‍ ഹസ്തലക്ഷണദീപിക, ബാലരാമഭരതം എന്നീ രണ്ട് ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മുദ്രകളാണ് പ്രയോഗിച്ചുവരുന്നത്.
ഹസ്തലക്ഷണ ദീപികയില്‍ പ്രതിപാദിച്ചിട്ടുള്ള 24 അടിസ്ഥാന മുദ്രകള്‍ കൂടിയാട്ടത്തിനും കഥകളിയ്ക്കും മാത്രമല്ല, മോഹിനിയാട്ടം പോലുള്ള സമാനങ്ങളായ കലകള്‍ക്കും സൗന്ദര്യസമ്പൂര്‍ണ്ണമായ ഒരു വിനിമയഭാവം സമ്മാനിച്ചു.8 ഇതോടൊപ്പം താന്ത്രികമുദ്രകളും ഗ്രാമ്യമുദ്രകളും പ്രയോഗത്തിലുണ്ട്. ക്ഷേത്രങ്ങളില്‍ താന്ത്രിക വിധിപ്രകാരമുള്ള പൂജാ ഹോമാദികള്‍ക്ക് ഉപയോഗിച്ചുവരുന്ന മുദ്രകളാണ് താന്ത്രിക മുദ്രകള്‍. പുരാതനകാലത്ത് ക്ഷേത്രങ്ങളില്‍ താന്ത്രിക വിധിപ്രകാരമുള്ള പൂജാവേളകളില്‍ ദേവപ്രീതിക്കായി ചെയ്തിരുന്ന നൃത്തത്തില്‍ സ്വഭാവികമായും താന്ത്രികമുദ്രകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം. എന്നാല്‍ കേരളകലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തെ ഒരു പാഠ്യവിഷയമാക്കിയപ്പോള്‍ മുദ്രകളുടെ വ്യാപ്തിയ്ക്കായി ഹസ്തലക്ഷണ ദീപികയിലെ മുദ്രകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നിരുന്നാലും പൂര്‍ണ്ണമായും താന്ത്രികമുദ്രകളുടെ പ്രയോഗം തുടച്ചുമാറ്റപ്പെട്ടില്ല. എന്നാല്‍ അവയുടെ എണ്ണത്തില്‍ കുറവുവന്നിരുന്നു. പണ്ട് മോഹിനിയാട്ടത്തില്‍ താന്ത്രികമുദ്രകള്‍ ഉപയോഗിച്ചിരുന്നു എന്ന് കല്ല്യാണികുട്ടിയമ്മ മനസ്സിലാക്കിയത് കലാമണ്ഡലത്തിലെ ഗുരുനാഥനായിരുന്ന കൃഷ്ണപ്പണിക്കരാശാനില്‍ നിന്നുമാണ്. 2000ല്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ മാനവശേഷി വികസനവകുപ്പില്‍ നിന്നും സീനിയര്‍ ഫെല്ലോഷിപ്പോടുകൂടി കലാവിജയന്‍ താന്ത്രിക ഗ്രാമ്യ മുദ്രകളെപ്പറ്റിയും അവയ്ക്ക് മോഹിനിയാട്ടത്തിലുള്ള സാധ്യതകളെപ്പറ്റിയും ഉള്ള ഒരു ഗവേഷണം നടത്തി.
താന്ത്രിക മുദ്രകള്‍
പൂജയ്ക്കായി ഭഗവത്ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്ന ചില മുദ്രകളുണ്ട്. അവയില്‍ പലതും നൃത്യകലയില്‍ ഉപയോഗിക്കുന്നവയാണ്.
1. ആവാഹനം, 2. സംസ്ഥാപിനി, 3. സന്നിധാപനം, 4. സന്നിരോധന, 5. സന്മുഖീകരണം, 6. സാന്നിദ്ധ്യകരണം, 7. അവകുണ്ഡനം, 8. ധേനു, 9. പരമീകരണം10 എന്നിവയാണവ. ഇവയില്‍ അവകുണ്ഡനം, ധേനു എന്നീ മുദ്രകള്‍ സാധാരണ കണ്ടുവരുന്നില്ല. ഇത് എപ്രകാരം നൃത്തത്തില്‍ ഉപയോഗിക്കുന്നു എന്നതിന് ഒരു ഉദാഹരണം നല്‍കാം.
അതായത്, ആദ്യത്തെ മുദ്രയായ ആവാഹന മുദ്ര - രണ്ട് കൈകളിലും ഹസ്തലക്ഷണ ദീപികയിലെ പല്ലവം മലര്‍ത്തിപിടിക്കുന്നതാണ് പ്രസ്തുത മുദ്ര. നൃത്തത്തില്‍ څഅങ്ങുവന്നാലുംچ എന്ന് ഭക്തിപൂര്‍വ്വം കാണിക്കുന്ന മുദ്രയായി ഇതു ചെയ്യാം.11 ഇപ്രകാരം താന്ത്രിക മുദ്രകള്‍ മോഹിനിയാട്ട നൃത്തവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മേല്‍പ്പറഞ്ഞ 9 എണ്ണം കൂടാതെ പഞ്ചപ്രാണഭൂതികളായ ഗന്ധം, പുഷ്പം, ധൂമം, ദീപം, നൈവേദ്യം, താംബൂലം, രാജോപചാരം, സാഷ്ടാംഗ നമസ്കാരം എന്നിവയില്‍ നൈവേദ്യ മുദ്ര മോഹിനിയാട്ടത്തില്‍ പ്രയോഗിക്കുന്നുണ്ട്. ദീപ മുദ്ര മോഹിനിയാട്ടത്തില്‍ സ്വീകരിക്കാവുന്നതാണ്. കൂടാതെ, ഹൃദയം, ശിഖ, കവചം, അസ്ത്രം, നേത്രത്രയം എന്നിവയും ഭഗവാന്‍ മഹാവിഷ്ണുവിന് പ്രിയമാര്‍ന്ന ശംഖം, ഗദ, വേണു, ശ്രീ വത്സം, വനമാല, ജ്ഞാനം, ഗരുഡം, വരാഹം, പരശു, ധേനു, ശിവന് പ്രിയമായ ത്രിശൂലം, മൃഗം, ഖട്വാംഗം, കപാലകീ, അഭയം, വരദം, ശക്തീദേവി പ്രിയ മുദ്രകളായ, മുസല, വീണ, വ്യാഖ്യാനം, അഞ്ജലീ, വിസ്മയം, തുടങ്ങിയവ മോഹിനിയാട്ടത്തില്‍ ഉപയോഗിക്കുന്നതും ഉപയോഗിക്കാവുന്നതുമാണെന്നുള്ള നിഗമനത്തില്‍ കലാവിജയന്‍ എത്തിച്ചേര്‍ന്നു.
ഗ്രാമ്യ മുദ്രകള്‍
മനുഷ്യര്‍ സാധാരണ സംസാരിക്കുമ്പോള്‍ കൈകള്‍ കൊണ്ട് കാണിക്കുന്ന ആംഗ്യങ്ങളാണ് ഗ്രാമ്യ മുദ്രകള്‍. ഇതിന് മനുഷ്യജീവിതത്തോളം പഴക്കമുണ്ട്. ഇവയ്ക്ക് പ്രത്യേക നാമങ്ങളില്ല. എന്നാല്‍ അവ ഹസ്തലക്ഷണ ദീപികയിലും അഭിനയദര്‍പ്പണത്തിലും ചെയ്യുന്ന ചില മുദ്രകളോട് സാമ്യമുള്ളവയാണ്. സൂചികാമുഖം, മുദ്രാഖ്യം, അരാളം, വര്‍ദ്ധമാനകം, മുഷ്ടി, കടകം, അലപത്മം, ചതുരം, മൃഗശീര്‍ഷം (അഭിനയദര്‍പ്പണം), ശിഖരം (അഭിനയദര്‍പ്പണം). ഇവ ഉപയോഗിച്ച് ഗ്രാമ്യ മുദ്രകള്‍ ചെയ്യുന്നു. ഉദാഹരണം, സൂചികാമുഖം കൊണ്ട് څഅസ്സലായി, څനിശ്ശബ്ദമാകുക, څഭീഷണിچ എന്നിവ കാണിക്കാവുന്നതാണ്.12 ഇത്തരം കണ്ടെത്തലുകള്‍ കലാവിജയന്‍ നടത്തി.
അവതരണ പാഠങ്ങളുടെ രചന
രൂപകേന്ദ്രീകൃതമായ അവതരണങ്ങള്‍ക്ക് വേണ്ടുന്ന കൃതികള്‍ രചിക്കുന്നതിനും കലാവിജയന്‍ തന്‍റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തില്‍ വാചികാഭിനയത്തിന്‍റെ മര്‍മ്മപ്രധാനമായ സാഹിത്യങ്ങള്‍ രചിച്ച് വാചികാഭിനയമേഖലയെ കലാവിജയന്‍ സമ്പന്നമാക്കി. ഗണപതി സ്തുതികള്‍ 3 ചൊല്‍ക്കെട്ടുകള്‍, ജതിസ്വരം, 5 വര്‍ണ്ണങ്ങള്‍ 11 പദങ്ങള്‍, 2 തില്ലാനകള്‍, 2 ശ്ലോകങ്ങള്‍, 3 സപ്തങ്ങള്‍ എന്നിങ്ങനെ ഒരു മോഹിനിയാട്ട കച്ചേരിയ്ക്ക് വേണ്ടതായ ഇനങ്ങള്‍ എല്ലാം കലാവിജയന്‍ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി. കല്ല്യാണിക്കുട്ടിയമ്മ ശൈലിയില്‍ മാത്രം കണ്ടുവരുന്ന സപ്തം എന്ന ഇനം സ്വയം രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത കലാവിജയന്‍ മോഹിനിയാട്ടത്തിന്‍റെ സാഹിത്യമേഖലയിലേക്കും ഒരു മുതല്‍ക്കൂട്ടാണ്. സ്വാതിതിരുന്നാള്‍, ഇരയിമ്മന്‍ തമ്പി കൃതികള്‍ മാത്രം പ്രയോഗിച്ചിരുന്ന മോഹിനിയാട്ടത്തില്‍ ഇത്തരം വാഗ്ഗേയകാരന്‍മാരുടെ സംഭാവന ആവര്‍ത്തന വിരസത ഒഴിവാക്കും എന്നതില്‍ സംശയമില്ല.
നൃത്തത്തില്‍ ഏറ്റവും ആവശ്യമായ ഘടകങ്ങളാണ് താളം, സപ്തതാളങ്ങളോടുകൂടി പഞ്ചജാതികള്‍ ചേരുമ്പോഴുണ്ടാകുന്ന 35 താളങ്ങളുടെ നാമങ്ങള്‍ ഒരു ശ്ലോകരൂപത്തില്‍ അവര്‍ രചിച്ചു.
മണിശ്രീകരപ്രമാണം
പൂര്‍ണ്ണ ഭുവന എന്നിവ
ധ്രുവതാളമതിന്‍ ജാതി
ക്കൊത്ത നാമങ്ങളായ് വരും13
2. മഠ്യം + പഞ്ചജാതി
മഠ്യതാളത്തൊടു പഞ്ച
ജാതി ചേര്‍ന്നുവരുന്നതാം
സാരസമോദയാ പിന്നെ
യുദീര്‍ണരാവ എന്നിവڈ14
3. രൂപകം + പഞ്ചജാതി
രൂപകം താന്‍ ചക്രപത്തി
രാജകലയും ബിന്ദുവും
പഞ്ചജാതികളോടൊത്തു
വന്നിടും നമമഞ്ചുമേڈ15
4. ഝംപ + പഞ്ചജാതി
ഝംപയ്ക്കുനാമം കദംബ
മധുരചണ സുരകര
പഞ്ചജാതിക്കൊത്തു വന്ന
പഞ്ചനാമങ്ങളായിതേڈ16
5. ത്രിപുട + പഞ്ചജാതി
ശംഖ ആദിയും ദുഷ്ക്കര
ലീലഭോഗയുമഞ്ചുമേ
ത്രിപുടയ്ക്കൊത്തുചേരുന്ന
ജാതിനാമക്രമങ്ങളാംڈ17
6. അട + പഞ്ചജാതി
പഞ്ചജാതിയോടെത്തീടു
മടതാളത്തിന്‍ നാമമാം
ഗുപ്തയും ലേകയും പിന്നെ
വിദളയും ലോയധീരയുംڈ18
7. ഏക + പഞ്ചജാതി
സുത മാനരതരാഗ
വസുയെന്നിവയേകത്തിന്‍
ജാതിയോടൊത്തു ചേര്‍ന്നുള്ള
പഞ്ചനാമക്രമങ്ങളാംڈ19
നാഗലംബരീതിയും യോഗയും
മോഹിനിയാട്ടത്തിന്‍റെ കേശാലങ്കാരരീതി രണ്ട് വിധത്തില്‍ നിലനില്‍ക്കുന്നുണ്ട്. ശിരസ്സിന്‍റെ ഇടതുഭാഗത്ത് കൊണ്ടകെട്ടുന്ന രീതിയും (കലാമണ്ഡലം ശൈലി) നാഗലംബ രീതിയും (കല്യാണികുട്ടിയമ്മ ശൈലി). ഇതില്‍ നാഗലംബ രീതിക്ക് യോഗയുമായി ബന്ധമുണ്ടെന്ന് കാണപ്പെടുന്നു. അതായത് നട്ടെല്ലിന്‍റെ ഏറ്റവും അടിയിലുള്ള മൂലാധാരത്തില്‍ ഉറങ്ങികിടക്കുന്ന ഒന്നാണ് കുണ്ഡിലിനി. കുണ്ഡിലിനി എന്നാല്‍ സ്ത്രീ സര്‍പ്പം. നട്ടെല്ലിന്‍റെ നടുവിലൂടെ മൂലാധാരം മുതല്‍ സഹസ്രാരം വരെ കുഴല്‍ രൂപത്തില്‍ നീണ്ടുകിടക്കുന്ന നാഡിയാണ് സുഷുമ്ന. സുഷുമ്നയുടെ ഇടതും വലതുമായി രണ്ടുനാഡികള്‍ മൂലാധാരത്തില്‍ നിന്നും പുറപ്പെട്ട് സുഷുമ്നയെ വള്ളികള്‍പോലെ ചുറ്റിക്കൊണ്ട് ഭ്രൂമദ്ധ്യത്തില്‍ വന്ന് രണ്ട് നാസാദ്വാരങ്ങള്‍ക്കും മുകളിലായി അവസാനിക്കുന്നു. ഇടതു ഭാഗത്തെ നാഡിയെ څഇഡچ അഥവാ ചന്ദ്രക്കല എന്നും വലതുഭാഗത്തെ നാഡിയെ څപിംഗലچ അഥവാ സൂര്യക്കല എന്നുമാണ് അറിയപ്പെടുന്നത്.20
കുണ്ഡിലിനിയെ ഉണര്‍ത്തുവാന്‍ സഹായിക്കുന്ന څഇഡچ (ചന്ദ്രക്കല) څപിംഗലچ (സൂര്യക്കല) എന്നീ നാഡികളുടെ പ്രാധാന്യത്തെ സ്പഷ്ടമാക്കുവാനാണ് ശിരസ്സിനുമുകളിലായി അതാത് നാഡികളുടെ മേല്‍ഭാഗത്തായി ചന്ദ്രക്കയും സൂര്യക്കലയും ധരിക്കുന്നത്. നീട്ടിയിട്ടിരിക്കുന്ന മുടി പെണ്‍പാമ്പ് എന്നു വിശേഷിപ്പിക്കുന്ന കുണ്ഡിലിനിയെ സൂചിപ്പിക്കുന്നു.21 ഇട, പിംഗല, സുഷുമ്ന എന്നീ നാഡികള്‍ പിണഞ്ഞുകിടക്കുന്നതുപോലയാണ് നാഗലംബ രീതിയില്‍ മുടി മൂന്നായി പിണച്ചിടുന്നത്. ലലാട മദ്ധ്യത്തില്‍ നിന്ന്, സഹസ്രാരമദ്ധ്യം വരെ ബിന്ദു, അര്‍ദ്ധചന്ദ്രന്‍, രോധിനി, നാദ, നാദാന്തശക്തി, വ്യാപിക സമത, ഉന്‍മതി, മഹാബിന്ദു, എന്നിങ്ങനെ ഒരു മാലപോലെ നിരന്നുകിടക്കുന്ന പത്തുസ്ഥാനങ്ങളെ നെറ്റിച്ചുട്ടിയാല്‍ അലങ്കരിക്കുന്നു.22
ഇപ്രകാരം വളരെ വ്യക്തമായ ഒരു തത്വം അല്ലെങ്കില്‍ ശാസ്ത്രീയവശം നാഗലംബം എന്ന കേശാലങ്കാര രീതിക്കുണ്ടെന്ന് ഗവേഷണത്തിലൂടെ കലാവിജയന്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ കേരള കലാമണ്ഡലത്തില്‍ ആദ്യകാലങ്ങളിലുണ്ടായിരുന്ന ഈ നാഗലംബകേശാലങ്കാര രീതി 1960-70 കാലഘട്ടത്തിനിടയില്‍ രാജാരവിവര്‍മ്മ ചിത്രങ്ങളോട് സാമ്യതയുള്ള കൊണ്ടകെട്ട രീതിയിലേക്ക് (നിലവില്‍ പ്രചാരമുള്ള സമ്പ്രദായം) മാറ്റുന്ന ഒരു പരീക്ഷണം കലാമണ്ഡലം സത്യഭാമയുടെ നേതൃത്വത്തില്‍ നടത്തിയെങ്കിലും അതിന് പ്രത്യേകിച്ച് ഒരു ശാസ്ത്രീയ വശം ഇല്ല എന്നുള്ളതുകൊണ്ടും നാഗലംബ രീതിയ്ക്ക് മേല്‍പ്പറഞ്ഞ ശാസ്ത്രീയ വശങ്ങളുടെ അടിസ്ഥാനം ഉള്ളതുകൊണ്ടും കല്ല്യാണികുട്ടിയമ്മ ശൈലിയില്‍ ഈ കേശാലങ്കാര രീതി തന്നെ തുടര്‍ന്നുവരുന്നു.
അപ്രകാരം രണ്ടിന്‍റെയും അവസാന ലക്ഷ്യം ഒന്നുതന്നെയാണെന്നും മോക്ഷപ്രാപ്തിയാണതെന്നും ഉള്ള ഒരു അറിവ് വരും തലമുറയ്ക്ക് നല്‍കുകയും ചെയ്തു.
നായികാസങ്കല്‍പം
ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ സാമാന്യാഭിനയം എന്ന അദ്ധ്യായത്തില്‍ 8 വിധം ശൃംഗാരനായികമാരെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. അത് കൂടാതെ നൃത്തകലയെ സംബന്ധിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ചില നായികമാരെക്കുറിച്ചും പറയുന്നുണ്ട്. അവ സ്വകീയ, പരകീയ, സാമാന്യ എന്നിങ്ങനെയാണ്. കൂടാതെ ധീര, അധീര, ധീര ധീര എന്നിങ്ങനെയുള്ള നായികമാരും കാണപ്പെടുന്നു. ഇവയ്ക്കുപുറമെ മോഹിനിയാട്ടത്തിലെ നായികമാരെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ബാല, തരുണി, പ്രൗഢ, വൃദ്ധ എന്നിങ്ങനെ നാലായി തിരിക്കുകയും ചില നായികമാര്‍ക്ക് ഭക്തനായിക, ലളിത നായിക23 എന്നിങ്ങനെയുള്ള പേരുകള്‍ നല്‍കുകയും ചെയ്തു. ബാല എന്ന നായിക തികച്ചും ഒരു കുട്ടിയാണ്. അവളുടെ നായകന്‍ അവളുടെ അച്ഛനാണ്. ഒരു പരിധി കഴിഞ്ഞാല്‍ സഹോദരന്‍. എന്നാല്‍ തരുണി എന്ന നായിക യൗവ്വനയുക്തയായ ഒരു പെണ്‍കുട്ടിയാണ്. അവള്‍ വികാരവതിയാണ്. ഒരു പുരുഷനെ മനസ്സില്‍ പ്രതിഷ്ഠിച്ചവളാണ്. അവളെ ശൃംഗാരനായികയുടെ ഗണത്തില്‍പെടുത്താം. പ്രൗഢ എന്ന നായിക, വിവാഹിതയായി ഭര്‍ത്താവിന്‍റെ അസാന്നിദ്ധ്യത്തില്‍ മക്കളെ വളര്‍ത്തി വലുതാക്കാന്‍ മാത്രം ധൈര്യത്തോടുകൂടിയ നായിക. ഉദാഹരണം, സീത, കുന്തി. വൃദ്ധ നായികയ്ക്ക് ശബരി, മന്ഥര എന്നിങ്ങനെയുള്ള ഉദാഹരണങ്ങള്‍ നല്‍കാം. കരുണ ചെയ്വാന്‍ പോലുള്ള ഭക്തി പ്രാധാനമായ ഇനങ്ങളിലെ നായികമാരെ ഭക്തനായികയുടെയും പ്രകൃതി വര്‍ണ്ണനാപരമായ ഇനങ്ങളിലെ നായികമാരെ ലളിതനായികമാരുടേയും ഗണത്തില്‍പ്പെടുത്താം.
മോഹിനിയാട്ടത്തിന്‍റെ ഇതിവൃത്തം സ്വാതിതിരുന്നാളിന്‍റെ കാലം മുതല്‍ അഷ്ടനായികമാരായ വാസകസജ്ജ, വിരഹോത്കണ്ഡിത, ഖണ്ഡിത എന്നീ നായികമാരില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ കലാവിജയന്‍ കണ്ടെത്തിയ പ്രായഭേദ അടിസ്ഥാനത്തിലുള്ള നായികമാരുടെ തരംതിരിവുകള്‍ അത്തരം നായികമാര്‍ ഉള്‍ക്കൊള്ളുന്ന ഇതിവൃത്തങ്ങള്‍ക്കും സാധ്യതയുണ്ടെന്നുള്ള അറിവ് പകരുന്നു.
മോഹിനിയാട്ട കച്ചേരി സംവിധാനം ചെയ്തിരിക്കുന്നതിന്‍റെ സവിശേഷത ശിവപാര്‍വ്വതിമാരെ ഒരു പ്രദക്ഷിണം ചെയ്യുന്ന വിധത്തിലാണെന്നുള്ള സങ്കല്‍പ്പം അവര്‍ കണ്ടെത്തി. ഗണപതി സ്തുതിക്ക് ശേഷമാണ് കച്ചേരി തുടങ്ങുക. ആദ്യ ഇനമായ ചൊല്‍ക്കെട്ട് ശിവശക്തിമാരുടെ മുന്നില്‍ അവരെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുന്നു. പ്രദക്ഷിണം ഇടത്തോട്ട് തുടങ്ങുമ്പോള്‍ നാം ഭഗവാന്‍റെ വലതുഭാഗത്തെത്തും. അവിടെ നൃത്ത ദേവതയെ പ്രീതിപ്പെടുത്തിക്കൊണ്ട് ജതിസ്വരം ചെയ്യണം. പിന്നീട് ദേവീ ദേവന്മാര്‍ക്ക് പിന്നില്‍ നിന്ന് നൃത്തവും നാട്യവും കലര്‍ന്ന വര്‍ണ്ണം ചെയ്യുന്നു. ദേവിയുടെ ഇടതുഭാഗത്ത് കൂടി വരുമ്പോള്‍ ലാസ്യപ്രധാനവും അഭിനയപ്രധാനവുമായ പദമാണ് ചെയ്യുക. നൃത്തഗീത വാദ്യഘോഷങ്ങളോടെ താളവൈവിദ്ധ്യമാര്‍ന്ന നൃത്തം ശിവശക്തിമാര്‍ക്കു മുന്നില്‍ ആടിത്തകര്‍ക്കുകയാണ് തില്ലാനയിലൂടെ. പിന്നീട് ഭക്തിരസത്തില്‍ വളരെ ശാന്തമായി ദേവീദേവന്മാരെ ശ്ലോകത്തിലൂടെ സ്തുതിക്കുന്നു. നൃത്തവും ഗീതവും വാദ്യങ്ങളുമെല്ലാം ചേര്‍ന്ന് മംഗളം സപ്തത്തിലൂടെ ചെയ്ത് കച്ചേരി അവസാനിപ്പിക്കുന്നു.24
മോഹിനിയാട്ടത്തിലെ പാഠഭേദങ്ങള്‍ വ്യത്യസ്ത ശൈലികളില്‍
മോഹിനിയാട്ടത്തില്‍ നിലവില്‍ 3 അടിസ്ഥാനശൈലികളാണുള്ളത്. അവ കലാമണ്ഡലം കല്ല്യാണികുട്ടിയമ്മ ശൈലി, കലാമണ്ഡലം ശൈലി, സോപാനശൈലി എന്നിവയാണ്. മേല്‍ സൂചിപ്പിച്ച വ്യത്യസ്ത ശൈലികളില്‍ വ്യത്യസ്തമായ കളരി പാഠങ്ങള്‍ അഥവാ പഠന സമ്പ്രദായങ്ങളാണ് കാണപ്പെടുന്നത്.
കലാമണ്ഡലം കല്ല്യാണികുട്ടിയമ്മ ശൈലിയില്‍ മോഹിനിയാട്ടം അഭ്യസിക്കുവാന്‍ വന്ന ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് ആദ്യമായി നമസ്ക്കരിക്കുവാന്‍ അഭ്യസിപ്പിക്കുന്നു. അതിനുശേഷം നിലകള്‍, ചുഴിപ്പുകള്‍, വ്യായാമമുറകള്‍, കണ്ണുസാധകം, അടവുകള്‍, ചാരികള്‍, പാദഭേദങ്ങള്‍, മുദ്രകള്‍, വിനിയോഗങ്ങള്‍, കര്‍ണ്ണാടക താളങ്ങള്‍, പഞ്ചാജാതികള്‍, നവരസങ്ങള്‍ എന്ന ക്രമത്തില്‍ അഭ്യസനം തുടരുന്നു. അതിനുശേഷം മോഹിനിയാട്ട കച്ചേരിയിലെ ഇനങ്ങളായ ചൊല്‍ക്കെട്ട്, ജതിസ്വരം എന്നിവ അഭ്യസിപ്പിച്ചതിനുശേഷം മൂന്നാം ഇനം വര്‍ണ്ണമാണെങ്കില്‍ കൂടിയും നാലാം ഇനമായ പദങ്ങള്‍ അഭ്യസിപ്പിക്കുന്നു. രണ്ടോ മൂന്നോ പദങ്ങള്‍ക്കുശേഷം മാത്രമാണ് വര്‍ണ്ണങ്ങള്‍ അഭ്യസിപ്പിക്കുന്നത്. അതിനുശേഷം തില്ലാനകള്‍, ശ്ലോകങ്ങള്‍, സപ്തം എന്നിവ അഭ്യസിപ്പിക്കുന്നു.
കലാമണ്ഡലം ശൈലിയില്‍ ആദ്യമായി വന്ദനം ചെയ്യുന്നു. പിന്നീട് മെയ്സാധകവും അതിനുശേഷം അടവുകള്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന കാലക്രമത്തില്‍ ഓരോന്നായി എല്ലാ അടവുകളും പിരിവടവുകളും പരിശീലിപ്പിയ്ക്കുന്നു.25 ചാരികളും മറ്റും പ്രത്യേകം അഭ്യസിപ്പിക്കാതെ ഇനങ്ങള്‍ക്കിടയില്‍ അഭ്യസിപ്പിക്കുന്ന സമ്പ്രദായമാണ് അവിടെ തുടരുന്നത്. മുദ്രകളുടേയും താളത്തിന്‍റെയും ക്ലാസ്സുകള്‍ കളരിയില്‍ നടന്നിരുന്നു. മുന്‍പ് സിദ്ധാന്തപഠനം നൃത്തക്കളരിയില്‍ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് അതില്‍ നിന്ന് വ്യത്യസ്തമയി, സിദ്ധാന്തം, സാഹിത്യം, അഭിനയം, എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ കര്‍ണ്ണാടക സംഗീതക്ലാസ്സുകളും സന്ധ്യയ്ക്ക് കണ്ണുസാധകവും പതിവുണ്ട്. പിന്നീട് കച്ചേരി ഇനങ്ങളായ ചൊല്‍ക്കെട്ട്, ജതിസ്വരം, വര്‍ണ്ണം, പദം, തില്ലാന എന്നിവ അഭ്യസിപ്പിക്കുന്നു.
സോപാനശൈലിയില്‍ (നളന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡാന്‍സ് റിസര്‍ച്ച് സെന്‍റര്‍) വ്യായാമം, ചുഴിപ്പുകള്‍, അടവുകള്‍ എന്നിവയാണ് ആദ്യം അഭ്യസിപ്പിക്കുന്നത്. അതോടൊപ്പം കഥകളിയും അഭ്യസിപ്പിക്കുന്നു. കനക് റെലെയുടെ അഭിപ്രായത്തില്‍ കഥകളിയൂടെ അഭ്യസനം മോഹിനിയാട്ടത്തിന് വളരെയധികം ഗുണം ചെയ്യും എന്നതാണ്. കഥകളിയിലെ തോടയം, കുമ്മി, സാരിനൃത്തം തുടങ്ങിയ ഭാഗങ്ങളാണ് പ്രധാനമായും അഭ്യസിപ്പിക്കുന്നത്. ബാലരാമഭാരതത്തിലെ പാദഭേദങ്ങള്‍, ദൃഷ്ടിഭേദങ്ങള്‍, വിനിയോഗങ്ങള്‍, മിശ്രമുദ്ര, സമാനമുദ്ര, ചാരീകരണങ്ങള്‍, നാട്യശാസ്ത്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട പാഠഭാഗങ്ങള്‍, തുടങ്ങിയ സൈദ്ധാന്തിക പാഠങ്ങളും, അതിനുശേഷം ചൊല്‍ക്കെട്ട്, ഗണപതി, പദം, തില്ലാന, മുഖചാലം, അഷ്ടപദി, കൊട്ടിച്ചേതം, പഞ്ചാരികട്ല, ജീവ എന്നിവയും അഭ്യസിപ്പിക്കുന്നു. കൂടാതെ നൃത്തവുമായി ബന്ധപ്പെട്ട മറ്റു സൈദ്ധാന്തിക പാഠങ്ങളും പഠിപ്പിക്കുന്നു.
ഈ മൂന്ന് ശൈലികള്‍ക്കും പുറമേ മോഹിനിയാട്ടത്തില്‍ പണ്ടുണ്ടായിരുന്നതായി പറയപ്പെടുന്ന ദേശീസമ്പ്രദായം തുടര്‍ന്നുവരുന്ന ഒരു സ്ഥാപനമാണ് നിര്‍മ്മലാപണിക്കര്‍ നടത്തിവരുന്ന നടനകൈശികി. അവിടുത്തെ കളരിപാഠങ്ങള്‍, ആദ്യമായി തിരുവാതിര അഭ്യസിപ്പിക്കുന്നു. അതോടൊപ്പം, കണ്ണ് സാധകം, ചുവട്, മുദ്ര, എന്നിവ പഠിപ്പിക്കുന്നു. രണ്ട് വര്‍ഷം മുഴുവനായും അടവുകള്‍ അഭ്യസിപ്പിച്ചതിനുശേഷം ഗണപതി, ചൊല്‍ക്കെട്ട്, ജതിസ്വരം, പദം, വര്‍ണ്ണം, തില്ലാന, ശ്ലോകം, എന്നീ ഇനങ്ങള്‍ ക്രമമായി പഠിപ്പിക്കുന്നു. ദേശീ ഇനങ്ങളായ ചന്ദനം, കുറത്തി, പൊലി, ഏശല്‍ എന്നിവ സീനിയറായ വിദ്യാര്‍ത്ഥികളെ മാത്രമാണ് പരിശീലിപ്പിക്കുന്നത്. സമയക്രമീകരണത്തോടെയാണ് പ്രസ്തുത കളരിയില്‍ അഭ്യസനം നടത്തുന്നത്. രാവിലെ കണ്ണുസാധകം, യോഗ, അടവുകള്‍ എന്നിവയും, വൈകുന്നേരം, മൂന്നരയോടുകൂടി കൂടിയാട്ടത്തിന്‍റെ രാമായണ സംക്ഷേപം ഇരുന്നു അഭ്യസിക്കുന്നു. അതിനുശേഷം അഞ്ചരയോടുകൂടി കളരിപ്പയറ്റും രാത്രിയില്‍ ഇനങ്ങളും പഠിപ്പിക്കുന്നു. ഗുരുകുല സമ്പ്രദായം ഇപ്പോഴും തുടര്‍ന്നുവരുന്ന ഒരു കളരിയാണ് നടനകൈശികി.
ഉപസംഹാരം
കേരളത്തില്‍ വളര്‍ന്നുവന്ന മോഹനിയാട്ടത്തിന്‍റെ അധഃപതനകാലഘട്ടത്തില്‍ ഈ കലയെ പുനഃരുദ്ധരിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് സ്വാതിതിരുന്നാള്‍. അതിനുവേണ്ടി തമിഴ്നാട്ടില്‍ പ്രചാരം നേടിയ ദാസിയാട്ടത്തെ അദ്ദേഹം മാതൃകയാക്കി. അങ്ങനെ വ്യക്തമായ ഒരു രൂപം മോഹനിയാട്ടത്തിന് സ്വാതിതിരുന്നാള്‍ നേടിക്കൊടുത്തു. അപ്രകാരം ഭരതനാട്യത്തിന്‍റെ മാതൃകയില്‍ വളര്‍ന്നു വന്ന മോഹിനിയാട്ടം കലാമണ്ഡലത്തില്‍ പാഠ്യവിഷയമാക്കിയപ്പോള്‍ സങ്കേതലോഭം ഉണ്ടായിരുന്നു. കല്ല്യാണക്കുട്ടിയമ്മയുടെ പഠനശേഷം അവര്‍ മോഹിനിയാട്ടത്തിന്‍റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.
കലാവിജയനും ആ പാത പിന്‍തുടര്‍ന്നുകൊണ്ടുതന്നെ ധാരാളം അടവുകളും ചുഴിപ്പുകളും, പാദഭേദങ്ങളും, മണ്ഡലഭേദങ്ങളും, കരണങ്ങളും, മുദ്രകളും ചിട്ടപ്പെടുത്തി. ഭരതനാട്യത്തിന്‍റെ സ്വാധീനം ഉള്ള മോഹിനിയാട്ടത്തില്‍, ഭരതനാട്യത്തിന്‍റെ അത്രതന്നെ സങ്കേതങ്ങള്‍ ഉണ്ടാകണമെന്ന ചിന്താഗതിയില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണവര്‍.
നാട്യശാസ്ത്രത്തില്‍ വിശദീകരിച്ചിരിക്കുന്നവ, ഭാരതീയ ശാസ്ത്രീയ കലകള്‍ക്കെല്ലാം ഒരു പൊതുസ്വത്താണ്. എന്നാല്‍ അതില്‍ പരാമര്‍ശിക്കുന്ന സങ്കേതങ്ങള്‍ കൂടാതെ ഓരോ ദേശീയ കലാരൂപങ്ങള്‍ക്കും പ്രത്യേകം സങ്കേതം ഉണ്ടാവുക എന്നത് ആ കലയുടെ അഭിവൃദ്ധിയ്ക്ക് അത് ഗുണം ചെയ്യും. അപ്രകാരം കേരളത്തിന്‍റെ ദേശീയ നൃത്തരൂപമായ മോഹിനിയാട്ടത്തിന്‍റെ നിലവിലുള്ള സങ്കേതങ്ങള്‍ക്ക് ഉപോല്‍ബലകമായി പലതും കൂട്ടിച്ചേര്‍ക്കുവാന്‍ കലാവിജയന് സാധിച്ചു.
ഈ പഠനത്തില്‍ നിന്നും കണ്ടെത്തിയ നിരീക്ഷണങ്ങളും നിഗമനങ്ങളും താഴെ ചേര്‍ക്കുന്നു.
1. ധാരാളം സങ്കേതങ്ങളുള്ള ഭരതനാട്യത്തെപ്പോലെ മോഹിനിയാട്ടത്തിന്‍റെയും വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി കലാവിജയന്‍, ചുഴിപ്പുകള്‍, അടവുകള്‍, ഗതികള്‍, കരണങ്ങള്‍, എന്നിവ ചിട്ടപ്പെടുത്തി.
2. വിവിധ ഗ്രന്ഥങ്ങളെ പഠിച്ച് അവയില്‍ നിന്നും മോഹിനിയാട്ടത്തിനുതകുന്ന മണ്ഡലം, പാദം, എന്നിവ തെരഞ്ഞെടുത്ത് ശ്ലോകങ്ങള്‍ രചിക്കുകയും നിലവിലുള്ള ചാരികള്‍, പദഗതികള്‍, 35 താളപ്പട്ടിക എന്നിവയ്ക്കും ശ്ലോകങ്ങള്‍ രചിച്ചു.
3. താന്ത്രിക, ഗ്രാമ്യമുദ്രകളെക്കുറിച്ച് ഗവേഷണം നടത്തി. മോഹിനിയാട്ട മുദ്രാപ്രയോഗങ്ങള്‍ക്ക് വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
4. രണ്ടിലധികം മോഹിനിയാട്ട കച്ചേരി ഇനങ്ങള്‍ രചിക്കുകയും കച്ചേരിയുടെ ഘടനാക്രമത്തെ അവര്‍, ശിവപാര്‍വ്വതിമാരെ പ്രദക്ഷിണം വയ്ക്കുന്ന സങ്കല്‍പ്പത്തോട് ബന്ധിപ്പിക്കുകയും ചെയ്തു.
5. നാഗലംബം എന്ന കേശാലങ്കാര രീതിയുടെ ശാസ്ത്രീയ വശം കണ്ടെത്തി അതിലൂടെ നൃത്തവും യോഗയും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കി.
6. ബാല, തരുണി, പ്രൗഢ, വൃദ്ധ, ഭക്തനായിക, ലളിത നായിക എന്നിവ സൃഷ്ടിച്ചത് മൂലം ശൃംഗാരനായികമാര്‍ കൂടാതെ വ്യത്യസ്ത നായികമാര്‍ ഉള്‍ക്കൊള്ളുന്ന ഇതിവൃത്തങ്ങള്‍ അടങ്ങുന്ന ഇനങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് തെളിയിച്ചു.
7. സൈദ്ധാന്തിക പഠനത്തിന് പ്രാധാന്യമേറിയ ഈ കാലഘട്ടത്തില്‍ മോഹിനിയാട്ടത്തിന് വേണ്ടി വളരെകുറച്ച് പുസ്തകങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഈ മേഖലയില്‍ പുതുതലമുറയ്ക്കായി കലാവിജയന്‍ ഒരു പുസ്തകം രചിച്ചു.
8. മോഹിനിയാട്ടത്തില്‍ നിലവിലുള്ള വ്യത്യസ്ത ശൈലികളിലെ അഭ്യസനരീതി തികച്ചും വ്യത്യസ്തമാര്‍ന്നതാണ്.
ഇന്ന് കലകള്‍ എല്ലാം തന്നെ അക്കാദമിക തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മനുഷ്യ വ്യക്തിത്വത്തിന്‍റെ വികാസ പരിണാമത്തെയാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. വ്യക്തിവികസനം ആദ്യകാലങ്ങളില്‍ ഗുരുകുല സമ്പ്രദായത്തിലൂടെയായിരുന്നു. അന്ന് വ്യക്തിത്വ വികസനത്തിനോടൊപ്പം ശാരീരിക ക്ഷമതയും നേടിയിരുന്നു. എന്നാല്‍ ഇന്ന് വ്യക്തിത്വവികസനത്തിനേക്കാള്‍ കൂടുതല്‍ ബുദ്ധിവികാസനത്തിന് പ്രാധാന്യമേറി. അപ്രകാരം പ്രായോഗിക വശം മാത്രം അഭ്യസിക്കുന്ന ഒരു രീതിയില്‍ നിന്നു വ്യത്യസ്തമായി പ്രായോഗിക പഠനത്തോടൊപ്പം സൈദ്ധാന്തിക വശങ്ങളേയും അഭ്യസിക്കുന്ന സമ്പ്രദായം നിലവില്‍ വന്നു. എങ്കില്‍ മാത്രമേ അക്കാദമിക പഠനം പൂര്‍ത്തിയാകൂ എന്ന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നു. അങ്ങനെയുള്ള ഈ കാലഘട്ടത്തില്‍ കലാവിജയന്‍റെ څമോഹിനിയാട്ടം അറിയേണ്ടതെല്ലാംچ എന്ന ഗ്രന്ഥം വരും തലമുറയ്ക്ക് പ്രയോജനകരമാണ്. കലാവിജയന്‍റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അനേകം പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കല എന്നാല്‍ സൃഷ്ടിയാണ്. ഏതൊരു കലയ്ക്കും ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ കലാകാരന്‍റെ മനസ്സ് അന്വേഷണോത്സുകമായിരിക്കണം. പുതിയ കാര്യങ്ങളുടെ സൃഷ്ടിയിലൂടെ മാത്രമേ ഓരോ കലയ്ക്കും വളര്‍ച്ച ഉണ്ടാവൂ. കലകളുടെ വളര്‍ച്ച സാമൂഹിക സാംസ്കാരിക മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കും. കലാവിജയനെപ്പോലുള്ള ഗുരുക്കന്മാരുടെ നവീന സൃഷ്ടികള്‍ ഭാവി തലമുറയ്ക്ക് ഉത്സാഹം നല്‍കുന്നവയാണ്. ഭാവി കലാകാരന്മാര്‍, കലകളെ പ്രധാനമായി കണ്ട് കലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്.
കുറിപ്പുകള്‍
2 ടി.പു. 212
3 ടി.പു. 215
4 ടി.പു.206
5 ടി. പു.208
6 ടി. പു.211
7 കാര്‍ത്തികതിരുനാള്‍ ബാലരാമവര്‍മ്മ, ڇബാലരാമഭരതം സരസ്വതി വ്യാഖ്യാനവും പഠനവും, ഡോ. വി.എസ്. ശര്‍മ്മ. (നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം.), പു. 101
8 വിവ. വള്ളത്തോള്‍ നാരായണമേനോന്‍, ڇഹസ്തലക്ഷണ ദീപിക, (കലാമണ്ഡലം പ്രസിദ്ധീകരണം, തൃശ്ശൂര്‍.)
9 കലാവിജയന്‍, മോഹിനിയാട്ടം അറിയേണ്ടതെല്ലാം, (കോട്ടയം:ഡി.സി. ബുക്സ് പ്രസിദ്ധീകരണം. 2010), പു.247
10 ടി. പു.248-249
11 ടി.പു.248
12. ടി.പു. 257
13 ടി.പു.337
14. ടി.പു. 338
15 ടി.പു..338
16. ടി.പു. 338
17. ടി.പു. 339
18. ടി.പു. 339
19. ടി.പു. 340
20 ടി.പു..38
21. ടി.പു. 43
22. ടി.പു. 43
23 ടി.പു. 300-301
24 ടി.പു..350
25 സത്യഭാമ, കലാമണ്ഡലം. ڇമോഹിനിയാട്ടം - ചരിത്രം സിദ്ധാന്തം പ്രയോഗംچ(കോഴിക്കോട് : മാതൃഭൂമി പബ്ലിക്കേഷന്‍സ് 2017) പു. 55
ഗ്രന്ഥസൂചി
ഭരതമുനി, څഭരതമുനിയുടെ നാട്യശാസ്ത്രംچ, വി.വ. കെ.പി. നാരായണ പിഷാരോടി, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി, 1987.
ഗ്രാമപ്രകാശ്, എന്‍.ആര്‍. څമോഹിനിയാട്ടം ഒരുകൈ പുസ്തകംچ, തൃശ്ശൂര്‍: കലാഭാരതി പ്രസിദ്ധീകരണം, 2011.
കല്ല്യാണിക്കുട്ടിയമ്മ, څമോഹിനിയാട്ടം ചരിത്രവും ആട്ടപ്രകാരവുംچ, കോട്ടയം: ഡിസി ബുക്സ് പബ്ലിക്കേഷന്‍, 1992.
കലാവിജയന്‍, څമോഹിനിയാട്ടം അറിയേണ്ടതെല്ലാംچ, കോട്ടയം: ഡി.സി. ബുക്സ് പബ്ലിക്കേഷന്‍, 2010.
നാരായണമേനോന്‍, വള്ളത്തോള്‍ (വിവ), څഹസ്തലക്ഷണ ദീപികچ, തൃശ്ശൂര്‍: കലാമണ്ഡലം പ്രസിദ്ധീകരണം, 2002.
നാരായണ പിഷാരോടി, കെ.പി., څകലാലോകംچ, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി, പ്രസിദ്ധീകരണം, 2002.
നിര്‍മ്മലാ പണിക്കര്‍, څകേരളത്തിന്‍റെ ലാസ്യപ്പെരുമچ, തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരണം, 2015.
സത്യഭാമ, കലാമണ്ഡലം, څമോഹിനിയാട്ടം - ചരിത്രം സിദ്ധാന്തം പ്രയോഗംچ, കോഴിക്കോട്: മാതൃഭൂമി പബ്ലിക്കേഷന്‍ 2017.
ശ്രീകുമാര്‍ ആര്‍, څകഥകളി മുദ്രچ, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2011.
ഉണ്ണികൃഷ്ണന്‍ സി.പി. څനാട്യമുകുളംچ, വിവ. ഡോ. പി.കെ. ശ്രീകുമാര്‍, തൃശ്ശൂര്‍: കലാഭാരതി ഫൗണ്ടേഷന്‍, 2011