Resistance Literature in World Literature and Arabic Literature
Dr. Sainuddeen P.T
Resistant literature emerged in third world countries as a form of cultural resistance against suppression. It used words as weapons in the battle for the existence. It is a kind of committed literature because it undertakes social and political issues of the people. It depends on ideological side of the writer rather than aesthetic side of the work. It represents battle and revolution and upbrings freedom, identity and the human values. It was in 1966, Ghassan Kanafani, renowned Palestine Arab writer, envisaged the term of Resistance Literature for the first time. But before very emergence of the term, there was resistance literature in force in the different parts of the world such as Latin America, Central America, Africa and Asia. It was used as a tool in the freedom struggle almost in the colonized countries. In Arabic literature it has a powerful presence especially in Palestine. There are a number of Arab poets and writers contributed in this type of literature.
Key Words: Resistance, World Literature, Arabic Literature, Colonialism, Commitment, Ideology, Third world Countries
References:
Kanafani Ghassan, 1966, Adab al Muqawama fi Filastin al Muhthalla 1948-1966, Dar al Adab, Beirut (Arabic)
Kanafani Ghassan, 1968, Al Adab al Filastini al Muqawim thatha al Ihthilal 1948-1968, Palestine Studies, Beirut (Arabic)
Abbas Ibrahim Fuwad, 2015, Al Adab al Filastini al Muqawim, KSA (Arabic)
Khaldun Zakaria, 2018, Resistance through Literature and Arts
Dr. Iqbal Mohammed Husain 2018, Resistance Literature
Qabbish Ahmed, 1971, Tharikh al Shihr al Arabi al Hadith, Dar al Jeel, Beirut (Arabic).
പ്രതിരോധ സാഹിത്യം ലോക സാഹിത്യത്തിലും അറബിയിലും
ഡോ. സൈനുദ്ധീന്‍ പി.ടി
അധിനിവേശത്തിനും കോളനിവല്‍ക്കരണത്തിനും വിധേയമായ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തലിനും അവകാശ ധ്വംസനങ്ങള്‍ക്കും എതിരായി രൂപപ്പെട്ടുവന്ന സാംസ്കാരികമായ ചെറുത്തുനില്‍പ്പിന്‍റെ ഭാഗമായിട്ടാണ് പ്രതിരോധ സാഹിത്യം പ്രത്യക്ഷപ്പെടുന്നത്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളും ഏഷ്യയിലെയും ആഫ്രിക്കയിലെയും മധ്യലാറ്റിന്‍ അമേരിക്കയിലെയും മൂന്നാം ലോക രാജ്യങ്ങള്‍ക്കുമേല്‍ സ്ഥാപിച്ച രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ബൗദ്ധിക അധിനിവേശത്തിനെതിരെ അത്തരം രാജ്യങ്ങളില്‍ നിന്ന് സൈനികമായും രാഷ്ട്രീയപരമായും പ്രതിരോധങ്ങള്‍ രൂപപ്പെട്ടു വന്നതിനോടൊപ്പം സാംസ്കാരികമായ ഒരു പ്രതിരോധ രീതിയും ഉടലെടുത്തു. വിവിധ കലാരൂപങ്ങളുടെ രൂപത്തിലും വിശിഷ്യ സാഹിത്യത്തിലൂടെയും അധിനിവേശ ശക്തികള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുവാന്‍ അധിനിവിഷ്ട രാജ്യങ്ങളിലെ ജനങ്ങള്‍ രംഗത്തു വന്നതിന്‍റെ ഫലമായാണ് പ്രതിരോധ സാഹിത്യം എന്ന ഒരു ശാഖ ഉണ്ടായത്.
ആയുധത്തേക്കാള്‍ ഏറെ വാക്കുകളെ ഭയക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാന്‍ കിണഞ്ഞു ശ്രമിക്കുകയുണ്ടായെങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി കൊതിക്കുന്ന ജനതയുടെ നാവടക്കുവാന്‍ അവരെക്കൊണ്ട് സാധിച്ചില്ല. ജനകീയ മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ സാഹിത്യകാരന്മാര്‍ സര്‍ഗാത്മക സമരം നയിച്ചപ്പോള്‍ പൊതുജനങ്ങള്‍ അവരെ സ്വീകരിക്കുകയും അവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് സാമൂഹിക രാഷ്ട്രീയമാനം കൈവരുകയും ചെയ്തു. അതു കൊണ്ടു തന്നെ പ്രതിരോധ സാഹിത്യം പ്രതിബദ്ധതാ സാഹിത്യത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ജീന്‍ പോള്‍ സാര്‍ത് വിഭാവനം ചെയ്യുന്ന രീതിയില്‍ ഉത്തരവാദിത്വമുള്ള സാഹിത്യമാണ് പ്രതിരോധ സാഹിത്യം. ശുദ്ധകലാവാദത്തിന്‍റെ ദന്തഗോപുര സമീപനത്തോട് സമരസപ്പെട്ടു പോകുന്നതല്ല ഈ സാഹിത്യ പ്രവര്‍ത്തനം. കലയും സാഹിത്യവും സമൂഹത്തിന്‍റെ സേവനത്തിനു വേണ്ടി സമര്‍പ്പിക്കപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാത്രമേ ഒരു സാഹിത്യകാരന്/ സാഹിത്യകാരിക്ക് പ്രതിരോധ സാഹിത്യത്തില്‍ രചന നടത്താന്‍ സാധിക്കുകയുള്ളൂ.
പ്രതിരോധം സൈനികമായി മാത്രമല്ല, ജീവിതത്തിന്‍റെ എല്ലാ ഇടപാടുകളിലൂടെയും പ്രതിരോധംതീര്‍ക്കാം എന്ന കാഴ്ചപ്പാടില്‍ നിന്നാണ് പ്രതിരോധ സാഹിത്യം രൂപംകൊണ്ടത്. സാഹിത്യത്തിന്‍റെ വിവിധ ശാഖകളായ ഗദ്യത്തിലൂടെയും പദ്യത്തിലൂടെയും അധിനിവേശത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് മൂന്നാം ലോക രാജ്യങ്ങളുടെ ചെറുത്തുനില്‍പ്പ് തെളിയിക്കുന്നുണ്ട്. പ്രതിരോധ സാഹിത്യം അതുകൊണ്ടുതന്നെ, ഒരു കൃത്യമായ നിര്‍വചനത്തില്‍ ഒതുക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഏതൊരു വാക്കും കവിതയും പാഠവും നോവലും ലേഖനവും ഗാനവും ഓര്‍മ്മക്കുറിപ്പുകളും ചിന്താപരവും സാംസ്കാരികവും സാഹിത്യപരവുമായ നിലപാടും അത് അധിനിവേശ ശക്തിയെയും അതിന്‍റെ തന്ത്രങ്ങളെയും നേരിടുന്നതിന് ഉപയോഗിക്കുന്നു എങ്കില്‍ എല്ലാം തന്നെ പ്രതിരോധ സാഹിത്യത്തിന്‍റെ ഗണത്തില്‍ വരും.
പ്രതിരോധ സാഹിത്യം സൗന്ദര്യ ഉപാസനയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് സാഹിത്യകാരന്‍റെ പ്രത്യയശാസ്ത്രത്തിന്‍റെ ചിന്താധാരയുടെ സേവനത്തിനും പ്രചാരണത്തിനും ആണ്. അതുകൊണ്ടുതന്നെ, പ്രതിരോധ സാഹിത്യം ഒരിക്കലും തന്‍റെ പാത വിട്ട് അകലുകയില്ല. അത് തികഞ്ഞ ബോധത്തോടെ എഴുത്തുകാരനെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. തന്‍റെ രാജ്യത്തിന്‍റെ ചരിത്രപരമായ ഘട്ടങ്ങളെ രേഖപ്പെടുത്തിയും നാടിനെയും ഭൂമിയെയും മനുഷ്യനെയും പ്രതിരോധിച്ചും സംരക്ഷിച്ചും സൈനികമായ അടിച്ചമര്‍ത്തലുകളെ സര്‍ഗാത്മകത കൊണ്ട് നേരിട്ടും ഓര്‍മ്മകളെ തുടച്ചു നീക്കുന്ന സാംസ്കാരിക യുദ്ധങ്ങളെ ഫലപ്രദമായി തടഞ്ഞും പൊതുജനത്തെ മയക്കുന്ന അധിനിവേശ ചിന്തകളെ കൃത്യമായി അടയാളപ്പെടുത്തിയും വരച്ചു കാണിച്ചും തന്‍റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കും. ഈ സാഹിത്യത്തെ രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാന ഘടകം ബോധമാണ്. തുറന്ന പോരില്‍ ഏറ്റവും ഫലപ്രദമായ ആയുധമായി അത് ബോധത്തെ ഉപയോഗിക്കുന്നു.
പ്രതിരോധ സാഹിത്യം പ്രതിനിധാനം ചെയ്യുന്നത് യുദ്ധം, വിപ്ലവം എന്നിവയെയാണ്. അതോടൊപ്പം ഐഡന്‍റിറ്റിയും സ്വാതന്ത്ര്യവും മനുഷ്യന്‍റെ ശ്രേഷ്ഠ ജീവിതത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ ആവശ്യമായ എല്ലാ തത്വങ്ങളെയും മൂല്യങ്ങളെയും അത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ശത്രുവിനെ നേരിടുന്നതില്‍ സംഘബലത്തിനുള്ള കഴിവ് അത് എടുത്തുകാണിക്കുന്നു. ശത്രുവാകുന്ന അപരനെ വെളിച്ചത്തു കൊണ്ടുവരാനും അവന്‍ ഉല്‍പാദിപ്പിക്കുന്ന ചിന്തകളെയും അവന്‍റെ പ്രവര്‍ത്തനരീതികളെയും തുറന്നു കാണിക്കുവാനും അതുവഴി അവനെ നേരിടേണ്ട രീതി രൂപപ്പെടുത്തുവാനും പ്രതിരോധ സാഹിത്യം ഊന്നല്‍നല്‍കുന്നു. പ്രതിരോധ സാഹിത്യത്തിന്‍റെ അന്തഃസത്ത എന്ത് എന്നതില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ട്. പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് അതിന്‍റെ സമീപന രീതിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പുറമെനിന്നുള്ള ശത്രുവിന്‍റെ നേര്‍ക്കു തിരിച്ചുവിടുന്ന യുദ്ധസാഹിത്യമാണോ അതല്ല, അകത്തുനിന്നും ഉയരേണ്ട വിപ്ലവത്തിനുവേണ്ടി തിരിച്ചുവിട്ട സാഹിത്യമാണോ എന്നിവയാണ് അവ.
1966 ല്‍ പലസ്തീന്‍ അറബ് എഴുത്തുകാരനായ ഗസ്സാന്‍ കനഫാനി ആണ് പ്രതിരോധ സാഹിത്യം എന്ന സംജ്ഞ ആദ്യമായി വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള സാഹിത്യസൃഷ്ടികള്‍ അതിനും എത്രയോ മുമ്പ് തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 1987ല്‍ ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിച്ച ബാര്‍ബറ ഹാര്‍ലോവിന്‍റെ 'റസിസ്റ്റന്‍സ് ലിറ്ററേച്ചര്‍چ എന്ന കൃതിയാണ് ആഗോളതലത്തില്‍ പ്രതിരോധ സാഹിത്യത്തിന്‍റെ പ്രസക്തിയെയും അതിന്‍റെ സ്വഭാവത്തെയും സവിശേഷതകളെയും പരാമര്‍ശിക്കുന്ന പ്രഥമ കൃതി. പലസ്തീന്‍ പ്രതിരോധ സാഹിത്യങ്ങളെ അധികരിച്ച് ഗസ്സാന്‍ കനഫാനി രചിച്ച രണ്ടു പുസ്തകങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ആഗോളതലത്തിലെ പ്രതിരോധ സാഹിത്യത്തിന്‍റെ നിരൂപണാത്മക വിശകലനവും ഈ കൃതിയില്‍ അവര്‍ നിര്‍വഹിക്കുന്നുണ്ട്.
അറബ് സാഹിത്യത്തിലെ പ്രതിരോധ സാഹിത്യ പഠനത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത ഭാഷകളിലായി രചിക്കപ്പെട്ടതും പലവിധ അധിനിവേശത്തിനെതിരെ രൂപപ്പെട്ടതുമായ പ്രതിരോധ സാഹിത്യത്തെക്കുറിച്ച് ഒരു സാമാന്യ പരാമര്‍ശം അനിവാര്യമാ ണെന്ന് തോന്നുന്നു. അധിനിവേശ ശക്തികള്‍ക്കെതിരെ ഉള്ള സാംസ്കാരിക പ്രതിരോധം മൂന്നാംലോക രാജ്യങ്ങളില്‍ എല്ലാം തന്നെ ഉണ്ടായിട്ടുണ്ട്. ഒരു പൊതു രാജ്യത്തിനും ഏക ഐഡന്‍റിറ്റിക്കും വേണ്ടിയുള്ള സംഘടിത പോരാട്ടങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയും അവയുടെ തത്വശാസ്ത്രത്തിന് അനുസരിച്ച് സര്‍ഗാത്മക രചനകള്‍ രംഗത്തുവരികയും ചെയ്തു. ആഫ്രിക്കയിലും മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും പൗരസ്ത്യ ദേശങ്ങളില്‍ ഒക്കെയും ഇത്തരം പ്രതിഭാസം കാണാവുന്നതാണ്. ഈ സാഹിത്യങ്ങള്‍ മൂന്നാം ലോക സാഹിത്യം എന്ന രീതിയില്‍ വിവക്ഷിക്കപ്പെട്ടു. അമേരിക്കന്‍ അധിനിവേശത്തിനും ഇംപീരിയലിസത്തിനും എതിരെ വിയറ്റ്നാമില്‍ ഉണ്ടായതും വിവിധ യൂറോപ്യന്‍ ശക്തികള്‍ക്കെതിരെ കെനിയ, മൊസാംബിക്, അംഗോള തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉണ്ടായ ജനകീയ സമരമുറകള്‍ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ദക്ഷിണാഫ്രി ക്കയിലും എല്‍സാല്‍വദോറിലും മറ്റും കൊളോണിയല്‍ ശക്തികള്‍ നടത്തിയ സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശത്തെ ചെറുക്കുന്നതിലും സാഹിത്യത്തിന്‍റെ പങ്കു ചെറുതല്ല. 1985ല്‍ പ്യൂര്‍ട്ടോറിക്കയില്‍ അമേരിക്ക നടത്തിയ സാംസ്കാരിക അധിനിവേശത്തെ ചെറുക്കുന്നതില്‍ സാഹിത്യത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതിശക്തമായ ആയുധമായി കവിത നിലകൊണ്ടു. ബാര്‍ബറ ഹാര്‍ലോവിന്‍റെ അഭിപ്രായത്തില്‍ കവിത വ്യക്തിയുടെ ഐഡന്‍റിറ്റിയെക്കുറിച്ചും ജനകീയ വികാരങ്ങളെ കുറിച്ചും ആവിഷ്കരിക്കാനുള്ള ഒരു മാധ്യമം മാത്രമല്ല, മറിച്ച് അത് സ്വയമേവ ഒരു പടനിലമാണ്. കാരണം കവിത ജനതയുടെ സാംസ്കാരിക സ്ഥാപനത്തിന്‍റെയും ചരിത്രപരമായ നിലനില്‍പ്പിന്‍റെയും പരിച്ഛേദം ആകുന്നു.
കഴിഞ്ഞ 150 വര്‍ഷത്തില്‍ അധികമായി യൂറോപ്പും അമേരിക്കന്‍ ഐക്യനാടുകളും മൂന്നാംലോക രാജ്യങ്ങളുടെ മേല്‍ നടത്തിയ സൈനികവും സാമ്പത്തികവും സാംസ്കാരികവുമായ കടന്നുകയറ്റത്തിന്‍റെ തല്‍ഫലമായി ഈ രാജ്യങ്ങളിലെ സാംസ്കാരിക പാരമ്പര്യങ്ങളും സാഹിത്യരൂപങ്ങളും തകര്‍ന്നടിയു കയോ നാശോന്മുഖമായി തീരുകയോ ചെയ്തിട്ടുണ്ട്. സ്വയം ഭരണാവകാശമുള്ള സ്വതന്ത്ര രാജ്യങ്ങള്‍ എന്ന നിലയില്‍ ഈ രാജ്യങ്ങള്‍ക്കും അവിടുത്തെ ജനതക്കും ചരിത്രപരമായി അവകാശപ്പെട്ട ഇത്തരം പാരമ്പര്യങ്ങള്‍ നഷ്ടപ്പെടുന്നത് സാംസ്കാ രികമായ അധിനിവേശത്തിന്‍റെ ഭയപ്പെടുത്തുന്ന മാതൃകയാണ്. ഇത്തരം ദേശങ്ങളില്‍ എല്ലാം തന്നെ അപഹരിക്കപ്പെട്ട സ്വന്തം ചരിത്രത്തെ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തില്‍ സൈനിക മേധാവിയുടെ സ്ഥാനമാണ് പലപ്പോഴും കവികള്‍ അലങ്കരിക്കുന്നത്. ചിലിയുടെ വിപ്ലവകവി പാബ്ലോ നെരൂദയെ ഈ വീക്ഷണത്തി ലൂടെയാണ് നോക്കിക്കാണേണ്ടത്. 1934 ല്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ യുടെ സഹായത്തോടെ കൊല്ലപ്പെട്ട നിക്കകരാഗോ ജനകീയ നേതാവ് ഓഗസ്റ്റോ സാന്‍ഡിനോയെ വാഴ്ത്തിക്കൊണ്ട് നെരൂദ രചിച്ച 'ഇതിഹാസംچ എന്ന കവിത ഇത്തരം സാഹിത്യത്തിന്‍റെ ജീവസുറ്റ ഉദാഹരണമാണ്.
പ്രതിരോധ കവിതകളുടെ ഏറ്റവും പ്രകടമായ സവിശേഷത അവയിലെ സാമാന്യതയും അവയെല്ലാം തന്നെ മൂന്നാം ലോകത്തിന്‍റെ സംഭാവനയാണ് എന്നതുമാണ്. അവര്‍ എല്ലാം തന്നെ സമാനമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരും ആണ്. നിക്കരാഗ്വയില്‍ നിന്നുള്ള തോമസ് ബോര്‍ഗും ദക്ഷിണാഫ്രിക്ക ക്കാരന്‍ ഡെന്നീസ് പ്രൂട്സും ഫലസ്തീനിയായ മഹമൂദ് ദര്‍വേഷും അറസ്റ്റും പീഡനവും ജയില്‍വാസവും ഉള്‍പ്പെടെയുള്ള വിവിധ കഠിന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. പല കവികളും യുദ്ധമുഖത്ത് ആയുധധാരികളായി അണിനിരന്നവരും ആയേക്കും. പ്രതിരോധ യുദ്ധത്തിന്‍റെ മുന്നണി പോരാളിയായ നിക്കരാഗോകാരന്‍ കവി ഏണസ്റ്റോ കര്‍ദിനാള്‍, അംഗോളക്കാരന്‍ കവി അഗസ്റ്റിന്‍ നീതോ തുടങ്ങിയവര്‍ സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട മന്ത്രിസഭകളില്‍ മന്ത്രിപദം അലങ്കരിക്കുക കൂടി ചെയ്തിട്ടുണ്ട്. വിമോചന സമരങ്ങളിലെ കവിതയുടെ പങ്കിനെക്കുറിച്ച് പറയുമ്പോള്‍ എല്‍സാല്‍വദോറിലെ റോക്കിയോ ഡാല്‍ട്ടന്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന കവിയാണ്.
സ്വാതന്ത്ര്യ സമരത്തിന്‍റെ അവിഭാജ്യഘടകമായ കവിത അധിനിവേശത്തിനെതിരെയുള്ള സംഘടിത പ്രതിഷേധമായും ജനകീയ മനസ്സാക്ഷിയുടെ ഓര്‍മ്മകളുടെ കലവറയായും നിലകൊള്ളുന്നു. ക്യൂബന്‍ വിമോചന സമരത്തിന്‍റെ നെടുംതൂണാ യിരുന്ന കവി ഇ. നിക്കോളാസ് ജൂലിന്‍ പില്‍ക്കാലത്ത് ക്യൂബന്‍ എഴുത്തുകാരുടെ ദേശീയ സംഘടനയുടെ തലവനായി പ്രവര്‍ത്തിച്ചു വിപ്ലവാനന്തരവും തന്‍റെ കവിതയും എഴുത്തും രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ചു. 'പിന്നാക്കാവസ്ഥയുടെ പ്രശ്നങ്ങള്‍' എന്ന കവിതയിലൂടെ രാഷ്ട്രീയം, സാമ്പത്തികം, സംസ്കാരം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കേണ്ടതിന്‍റെ അനിവാര്യതയെ അദ്ദേഹം വരച്ചുകാണിക്കുന്നു. അതോടൊപ്പം യൂറോഅമേരിക്കന്‍ രാഷ്ട്രീയ സാംസ്കാരികതയുടെ മുദ്രകളെ പരിഹസിക്കുകയും ബുദ്ധി ശൂന്യതയെ തുറന്നു കാണിക്കുകയും ആഫ്രോ ലാറ്റിനമേരിക്കന്‍ സിംബലുകളെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ രചിക്കപ്പെട്ട കവിതകളില്‍ മുഴുവന്‍ കവികളും തങ്ങള്‍ ജീവിക്കുന്ന ഇടത്തിന്‍റെ വിശാലാര്‍ത്ഥത്തിലുള്ള ബോധത്തെ പ്രകാശനം ചെയ്യുന്നുണ്ട്. അധിനിവേശത്തിനെതിരെ നിലകൊണ്ടവരോ അധിനിവേശ ശക്തികളാല്‍ വധിക്കപ്പെട്ടവരോ ആയ ധീരദേശാഭിമാനികളെ മാതൃകപുരുഷന്മാരായി ആഘോഷിക്കുന്ന പ്രവണത ഈ കവിതകളില്‍ എല്ലാം കാണാവുന്നതാണ്.
കവിതയില്‍ മാത്രമല്ല ഗദ്യസാഹിത്യത്തിലും പ്രതിരോധ സാഹിത്യത്തിന്‍റെ ശക്തമായ സാന്നിധ്യം പ്രകടമായിത്തന്നെ കാണുന്നുണ്ട്. മാത്രമല്ല, കവിതയേക്കാള്‍ ഉപരിയായി സാംസ്കാരികവും രാഷ്ട്രീയപരവും സാമ്പത്തികവുമായ മേധാവിത്വത്തിന്‍റെ സാഹചര്യങ്ങളെ കൂടുതല്‍ ചരിത്രപരമായ അപഗ്രഥനം നടത്താന്‍ കഴിയുന്നത് ഗദ്യ സാഹിത്യത്തിലാണ്. നോവലുകളും കഥകളും ഓര്‍മ്മ കുറിപ്പുകളും ലേഖനങ്ങളും അടങ്ങുന്ന ധാരാളം മൂന്നാം ലോക ഗദ്യസാഹിത്യ കൃതികള്‍ പ്രതിരോധ സാഹിത്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.
കവിത ജനങ്ങളെ സമരോത്സുകരാക്കി യുദ്ധമുഖത്തേക്ക് ആനയിക്കുമ്പോള്‍, ഗദ്യസാഹിത്യം ഭൂതകാലത്തെ ചികഞ്ഞ് പൈതൃകങ്ങളെ കണ്ടെടുത്തു ഭാവിയിലേക്കുള്ള പ്രയാണത്തിന് ഗതിവേഗം നല്‍കുന്നു. ഇത്തരത്തില്‍ ശ്രദ്ധേയമായ ഒരു കൃതിയാണ് 1979 ല്‍ രചിക്കപ്പെട്ട 'ചെകുത്താന്‍ ക്രൂശിക്കപ്പെടുന്നുچ എന്ന നോവല്‍. കെനിയന്‍ എഴുത്തുകാരന്‍ നെജുജീ വാതിഞ്ചു തന്‍റെ ജയില്‍വാസ കാലത്ത് രചിച്ച ഈ കൃതിയില്‍ നവ കൊളോണിയലിസത്തിന്‍റെ നുകത്തിനു കീഴില്‍ അകപ്പെട്ട കെനിയയുടെ യഥാര്‍ത്ഥ ജീവിതത്തെ പുനര്‍നിര്‍മാണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ ചരിത്ര യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് ജനകീയ ബദലുകളെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന നിരവധി നോവലുകള്‍ ഈ മേഖലയില്‍ പല രാജ്യങ്ങളിലായി രചിക്കപ്പെട്ടിട്ടുണ്ട്. കെനിയ, എല്‍സാല്‍വദോര്‍, ലെബനോണ്‍, നിക്കരാഗ്വ, മെക്സിക്കോ, വെനസ്വല, ബ്രസീല്‍, കൊളംബിയ, അര്‍ജന്‍റീന, ദക്ഷിണാഫ്രിക്ക തുടങ്ങി പല രാജ്യങ്ങളിലും ഇത്തരം രചനകള്‍ തുടരെത്തുടരെ പ്രസിദ്ധീകരിക്കപ്പെട്ടു. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും എല്ലാം ഇത് വളരെ പ്രകടമാണ്.
കവിത ഉല്‍പാദിപ്പിച്ച ചിഹ്നങ്ങളെ കൂടുതല്‍ വ്യക്തതയോടെയും ആഴത്തിലും വ്യാപ്തിയിലും വിശകലനം ചെയ്യാന്‍ കഥാസാഹിത്യത്തിന് കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍, ചരിത്രസംഭവങ്ങളെയും രാഷ്ട്രീയ സംഭവങ്ങളെയും സാഹിത്യ രൂപത്തില്‍ പുനഃസൃഷ്ടിച്ചു കഥാതന്തുവിനെയും കഥാപാത്രങ്ങളെയും കഥയുടെ ഇടങ്ങളെയും സാമൂഹിക ഘടനക്കകത്ത് ഉള്‍ക്കൊള്ളിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്‍നിരയിലും ജനകീയ പ്രശ്നങ്ങളെ രണ്ടാം നിലയിലും പ്രതിഷ്ഠിച്ചു രചന നടത്താന്‍ ഗദ്യസാഹിത്യത്തിലെ പ്രതിരോധ സാഹിത്യത്തിന് സാധിച്ചിട്ടുണ്ട്. സര്‍ജിയോ റാമോസിന്‍റെ 'നമ്മുടെ പിതാക്കന്മാരെ ഇനി കുഴിച്ചു മൂടാംچ മാന്വല്‍ ആര്‍ജിതിന്‍റെ 'ജീവിതത്തിലെ ഒരു ദിനംچ തുടങ്ങിയ നോവലുകള്‍ ഭാവനയും യാഥാര്‍ഥ്യവും പരസ്പരം കലര്‍ന്ന ഇന്ന് മനുഷ്യകുലത്തിന്‍റെ സാമൂഹിക ഘടനയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു.
പ്രതിരോധ സാഹിത്യത്തിന്‍റെ എല്ലാ ഗുണങ്ങളും സവിശേഷതകളും ഉള്‍ക്കൊള്ളുന്ന നിരവധി രചനകള്‍ ലോകസാഹിത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പല സാഹിത്യകാരന്മാരുടെയും ഓര്‍മ്മക്കുറിപ്പുകള്‍ അവരുടെ ജയില്‍വാസ കാലത്താണ് രചിക്കപ്പെട്ടത്. രാഷ്ട്രീയ കുറ്റവാളികളായി മുദ്രകുത്തപ്പെട്ടു സമരമുറകളില്‍ നിന്ന് ശാരീരികമായി അകറ്റിനിര്‍ത്തപ്പെട്ടപ്പോഴും എഴുത്ത് വിമോചനത്തിന്‍റെ ഫലപ്രദമായ ആയുധം ആണെന്ന് കാരാഗ്രഹത്തില്‍ കിടന്നും അവര്‍ തെളിയിച്ചു. സമരകാലത്തിനിടക്കും ജയിലിനകത്തും നാടുകടത്തപ്പെട്ട പ്രവാസ കാലത്തുമെല്ലാം ഇത്തരത്തില്‍ പ്രതിരോധ സാഹിത്യ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ബാര്‍ബറ ഹാര്‍ലോയുടെ അഭിപ്രായത്തില്‍ മൂന്നാം ലോക സ്ത്രീകളുടെ ആത്മകഥകള്‍ മുഴുവനും പ്രതിരോധ സാഹിത്യത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടും എന്നാണ്1. ഇങ്ങനെ ലോകസാഹിത്യത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒരു സാഹിത്യവിഭാഗം ആയി പ്രതിരോധ സാഹിത്യം മാറിയിട്ടുണ്ട്. അടിച്ചമര്‍ത്തലുകളും അധിനിവേശവും തുടരുന്ന കാലത്തോളം പ്രതിരോധ സാഹിത്യം സജീവമായി നിലനില്‍ക്കും. കാരണം, മനുഷ്യജീവിതത്തിന്‍റെ ആവിഷ്കാരമാണ് സാഹിത്യം എന്നതു തന്നെ.
അറബി സാഹിത്യത്തില്‍ വളരെ ശക്തമായ സാന്നിധ്യം പ്രതിരോധ സാഹിത്യത്തിനുണ്ട്. അധിനിവേശത്തിനും കോളനി വല്‍ക്കരണത്തിനും ഇരയായ മുഴുവന്‍ അറബ് രാജ്യങ്ങളില്‍ നിന്നും അവിടുത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതത്തിന്‍റെ നിലവാരവും അടിച്ചമര്‍ത്തലും പുറത്താക്കലും അധികാര ധ്വംസനവും ഉള്‍പ്പെടെയുള്ള അധിനിവേശ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തിന്‍റെ തോത് അനുസരിച്ചും കൂടിയും കുറഞ്ഞും അളവില്‍ പ്രതിരോധ സാഹിത്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എ ഡി 1500 മുതല്‍ യൂറോപ്യന്‍ ശക്തികള്‍ കോളനിവല്‍ക്കരണ താല്‍പര്യങ്ങളുമായി അറബ് ലോകത്ത് പ്രവേശിച്ചിട്ടുണ്ടെങ്കിലും 1798ല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് നടത്തിയ ഈജിപ്ത് അധിനിവേശത്തോടെയാണ് അറബികള്‍ സാമ്രാജ്യത്വ നുകത്തിന് കീഴില്‍ വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ മുതല്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് കീഴിലായിരുന്നു കൂടുതല്‍ അറബ് രാജ്യങ്ങളും ഉണ്ടായിരുന്നത്. 1970 കളോടെ മുഴുവന്‍ അറബ് രാജ്യങ്ങളും സാമ്രാജ്യത്വശക്തികളുടെ നേരിട്ടുള്ള രാഷ്ട്രീയ അധിനിവേശത്തില്‍ നിന്നും മുക്തരായെങ്കിലും പല രൂപത്തിലും വേഷത്തിലും ഭാവത്തിലുമുള്ള കോളനിവല്‍ക്കരണം വിവിധ അറബ് രാജ്യങ്ങള്‍ ഇന്നും അഭിമുഖീകരിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തവും ആസൂത്രിതവും ഭയാനകവുമായ അധിനിവേശം പലസ്തീനുമേല്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശമാണ്. അതുകൊണ്ടുതന്നെ പലസ്തീന്‍ വിഷയത്തില്‍ രചിക്കപ്പെട്ട സാഹിത്യകൃതികളില്‍ ആണ് അറബ് പ്രതിരോധ സാഹിത്യത്തിന്‍റെ ഭൂരിഭാഗവും ഉള്‍പ്പെടുന്നത്. നാനാവിധ പേരുകളില്‍ വിവിധ അറബ് രാജ്യങ്ങള്‍ക്കും മേല്‍ നാറ്റോ സഖ്യവും അമേരിക്കയും ചേര്‍ന്നു നടത്തുന്ന മേധാവിത്വ വ്യവസ്ഥ അറബ് ജനതയെ നിരന്തരം പ്രതിരോധത്തില്‍ ആക്കുകയും അവരുടെ പ്രതിഷേധാഗ്നി സാഹിത്യരൂപത്തില്‍ക്കൂടിയും പ്രകടമാവുകയും ചെയ്യുന്നതുകൊണ്ട് പ്രതിരോധ സാഹിത്യം ഒരു സജീവ ശാഖയായി അറബി സാഹിത്യത്തില്‍ കാണാവുന്നതാണ്.
പ്രതിരോധ സാഹിത്യം എന്ന സംജ്ഞ രൂപപ്പെടുന്നതിന് മുമ്പ് തന്നെ അധിനിവേശത്തിനെതിരെയുള്ള പോരാട്ടവും ചെറുത്തുനില്‍പ്പും അറബി സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആധുനിക അറബി കവിതയുടെ ഉയര്‍ത്തെഴു ന്നേല്‍പ്പിന് നാന്ദി കുറിച്ച മുഹമ്മദ് സാമി അല്‍ബാറൂദിയുടെ കവിതകള്‍ മുതല്‍ അഹമ്മദ് ശൗകി, ഹാഫിസ് ഇബ്രാഹിം തുടങ്ങിയ ആധുനിക ഈജിപ്ഷ്യന്‍ കവികളും അബുല്‍ കാസിം അല്‍ അല്‍ശാബി അടങ്ങുന്ന തുണീഷ്യന്‍ കവികളും മുഫ്ദീ സകരിയ്യാ, അബ്ദുല്‍ ഖാദിര്‍ അല്‍ജസീറി പോലെയുള്ള അല്‍ജീരിയന്‍ കവികളും മുഹമ്മദ് മഹ്ദി, അബ്ദുല്‍ വഹാബ് അല്‍ ബയാതി, അഹ്മദ് മത്ര്‍, മഹറൂഫ് റുസാഫി തുടങ്ങിയ ഇറാഖി കവികളും ഉമര്‍ അബൂരിഷ, ബദവി അല്‍ ജബല്‍, നിസാര്‍ ഖബ്ബാനി, റഷീദ് സലീം അല്‍ ഖൂരി പോലെയുള്ള സിറിയന്‍ ലെബനീസ് കവികളും മുഹമ്മദ് അല്‍ഫയ്തൂരി പോലെയുള്ള സുഡാനി കവികളും മാത്രമല്ല ഇബ്രാഹിം തൂഖാനില്‍ തുടങ്ങി മഹമൂദ് ദര്‍വേഷ്, സമീഹ അല്‍ ഖാസിം, തൗഫീഖ് സയാദ്, ഫദ്വാ തൂഖാനിലൂടെ തമീം അല്‍ബര്‍ഗൂതിയില്‍ എത്തിനില്‍ക്കുന്ന കവികളുടെ ഒരു നീണ്ട നിരയുമായി പലസ്തീന്‍ കവിതയും അധിനിവേശപോരാട്ടത്തിന്‍റെ അമരത്തു നിലകൊള്ളുന്നു .
പ്രതിരോധ സാഹിത്യം എന്ന സാഹിത്യ സമസ്യയുടെ ഊടും പാവും നെയ്ത് അതിന് താത്വികമായ അടിത്തറപാകിയ ഗസ്സാന്‍ കനഫാനി മുതല്‍ നിരവധി അറബി എഴുത്തുകാര്‍ ഗദ്യ സാഹിത്യത്തിലും പ്രതിരോധ സാഹിത്യത്തിന്‍റെ അറബ് പ്രതിനിധികളായുണ്ട്. പാശ്ചാത്യന്‍ കടന്നാക്രമണത്തെ തുറന്നു കാട്ടിയ പാലസ്തീന്‍ എഴുത്തുകാരന്‍ എഡ്വാര്‍ഡ് സൈദ് മുതല്‍ ജബ്രാ ഇബ്രാഹിം ജബ്രാ, ഇമീല്‍ ഹബീബ്, മുരീദ് അല്‍ അല്‍ ബര്‍ഗൂതി, സല്‍മ ഖദ്ര ജയ്യൂസി, സമീറ ഇസാം, സഹര്‍ ഖലീഫ തുടങ്ങി നിരവധി എഴുത്തുകാരും എഴുത്തുകാരികളും പലസ്തീനില്‍ നിന്നുള്ള പ്രതിരോധ സാഹിത്യത്തിന്‍റെ ശക്തമായ സാന്നിധ്യമാണ്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് നിരന്തരമായ രചനകള്‍ അറബി പ്രതിരോധ സാഹിത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
മാറിയ സാഹചര്യത്തിലെ നവ കൊളോണിയലിസം ഏറ്റവും ബീഭത്സമായ രീതിയില്‍ ഇന്നും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അറബ് രാജ്യങ്ങളായ സിറിയ, ഇറാഖ്, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പ്രതിരോധത്തിന്‍റെയും ആത്മവീര്യത്തിന്‍റെയും സമരാഗ്നിയുടെയും പ്രതിഷേധങ്ങളുടെ ചൂടും ചൂരുമുള്ള കനലെരിയുന്ന നോവലുകളും കഥകളും ഓര്‍മ്മക്കുറിപ്പുകളും അനവരതം പുറത്തിറങ്ങുന്നു. രാഷ്ട്രീയ കാലുഷ്യത്തിന്‍റെ ഭൂമിയായി മാറിയ യമനില്‍ നിന്നും യുദ്ധക്കെടുതികളുടെ ഭാരം പേറുന്ന ഗള്‍ഫ് പ്രദേശങ്ങളില്‍ നിന്നും കുടിയേറ്റത്തിന്‍റെയും കുടിയൊഴിപ്പിക്കലി ന്‍റെയും ഭാണ്ഡം ചുമക്കുന്ന ജോര്‍ദാനില്‍ നിന്നും രാഷ്ട്രീയ ഗൂഢാലോചനകളുടെ ഇരയായ ഈജിപ്ത് ലെബനോണ്‍ മാത്രമല്ല യൂറോപ്യന്‍ ശക്തികളുടെ നിരന്തര ചൂഷണത്തിന് വിധേയമായ ലിബിയ, തുണീഷ്യ, അല്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നവകൊളോണിയലിസത്തിന്‍റെയും സാംസ്കാരിക അധിനിവേശത്തിന്‍റെയും കടന്നുകയറ്റത്തിനെതിരെ യുള്ള സാഹിത്യം നിര്‍ബാധം തുടരുന്നുണ്ട്.
അറബ്ലോകത്തെ ജീവിതത്തിന്‍റെ അടയാളപ്പെടുത്തലുകളും അവരുടെ നിത്യജീവിതത്തെ തകിടം മറിച്ച രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക അധിനിവേശത്തിനെതിരെ അറബികളില്‍ ഉരുവംകൊണ്ട എതിര്‍പ്പിന്‍റെ ശക്തിയും അതിനു കൂട്ടുനിന്ന അറബ് രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അധികാരികള്‍ക്കും എതിരെയുള്ള രോഷവും ഒരിക്കലും ഫലം കാണാത്ത നിരന്തര ചര്‍ച്ചകളിലും രാഷ്ട്രീയ ഗൂഢാലോചനകളിലും അറബ് ജനതക്കുള്ള അമര്‍ഷവും സാഹിത്യരചനകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരുകാലത്ത് സംസ്കാരത്തിന്‍റെയും സാഹിത്യത്തിന്‍റെയും കേന്ദ്രങ്ങളായി പരിലസിച്ച അറബ് നഗരങ്ങള്‍ (ബാഗ്ദാദ്, ബസറ, ദമസ്കസ്, കെയ്റോ) ഇന്ന് ശവഗന്ധം വമിക്കുന്ന ചുടലപ്പറമ്പായി മാറിയതിനെതിരെ സര്‍ഗ്ഗാത്മകമായി പ്രതിഷേധിക്കുകയാണ് അറബ് എഴുത്തുകാരും കവികളും.
പുതിയ കാലക്രമത്തില്‍ ദേശരാഷ്ട്രങ്ങള്‍ ഉയര്‍ന്നു വന്നതോടെ ദേശീയ സാഹിത്യങ്ങളും അറബിയില്‍ ശക്തി പ്രാപിച്ചു. 1950കള്‍ക്ക് ശേഷമുള്ള അറബ് സാഹിത്യത്തിന്‍റെ ശരിയായ പഠനം ഈ ദേശരാഷ്ട്രങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ നിന്നു വേണം നടത്തേണ്ടത്. അതുകൊണ്ടുതന്നെ പ്രതിരോധ സാഹിത്യത്തിന്‍റെ അറബ് മാതൃകകളും അതേ വീക്ഷണത്തില്‍ വിവക്ഷിക്കപ്പെടണം. അറബ് സമൂഹത്തിന്‍റെ പൊതുപ്രശ്നങ്ങള്‍ പലതരത്തിലും സാമ്യം ഉള്ളതാണെങ്കിലും ഒരു രാജ്യത്തിന് അകത്തും അതിന്‍റെ ഭരണകൂടത്തിന്‍റെ സ്വഭാവം അനുസരിച്ച് ഭിന്നമാണ്. തദനുസൃതമായി അവ സാഹിത്യ രചനയെയും സ്വാധീനിക്കുന്നുണ്ട്. അവ ഓരോന്നും സൂക്ഷ്മമായ വിശദീകരണം ആവശ്യപ്പെടുന്നു.
കുറിപ്പ്
1. Barbara Harlow: Resistance Literature, Routledge books, Oxfordshire UK, 1987.
ഗ്രന്ഥസൂചി
ഗസ്സാന്‍ കനഫാനി: അധിനിവിഷ്ട പലസ്തീനിലെ പ്രതിരോധ സാഹിത്യം 1948 - 1966 ദാര്‍ അല്‍ ആദാബ്, ബെയ്റൂട്ട് 1966.
ഗസ്സാന്‍ കനഫാനി: അധിനിവേശത്തിന് കീഴിലുള്ള പലസ്തീന്‍ പ്രതിരോധ സാഹിത്യം 1948 1968, പാലസ്തീന്‍ സ്റ്റഡീസ്, ബെയ്റൂട്ട് 1968.
ഇബ്രാഹിം ഫുവാദ് അബ്ബാസ്: പലസ്തീന്‍ പ്രതിരോധ സാഹിത്യം, 2015, സൗദി അറേബ്യ
ഖല്‍ദൂന്‍ സകരിയ:പ്രതിരോധം സാഹിത്യത്തിലൂടെയും കലയിലൂടെയും, 2018.
ഡോക്ടര്‍ മുഹമ്മദ് ഹുസൈന്‍ ഇഖ്ബാല്‍: പ്രതിരോധ സാഹിത്യം, 2018
അഹമദ് ഖബിഷ്: ആധുനിക അറബി കവിതയുടെ ചരിത്രം, ദാര്‍ അല്‍ജീല്‍, ബെയ്റൂട്ട്, 1971