Representations of Children’s Morality in Malayalam Cinema: A Study Based on Selected Films

Adila A Kabeer

Representation is an influential concept in cultural studies. In the light of representational studies, this paper investigates the forms of powers at work whilst portraying children’s morality in Malayalam films. The thesis is an interpretive analysis of the movies selected based on the screen time, character significance and the space given to the child’s sense of values. In the study, I assert that the standpoint of Malayalam films while dealing with the issues of children’s morals is an indirect reflection of Kerala’s middle-class consciousness. Further, it concludes that the ageist patriarchal ideologies are still at work while dealing with the narratives of children in general. To these ends, the paper calls for more age-inclusive representations and opens up possibilities towards a new area in cultural studies where children are in the centre.

Keywords: Representation, Morality, Child, Malayalam cinema, patriarchy

Reference

C.S, Venkiteswaran. (2014). Television Padanangal: Nammeyokkeyum Bandhicha Sadhanam. Kozhikode: Mathrubhumi Publications.
Eravankara, madhu. (2011). Malayala cinemayile avismaraneeyar. Thiruvananthapuram: Chintha books.
I, Shanmughadas. (2011). Sareeram Nadi Nakshathram. Thrissur: Current Books.
Jacob, Shaji. (2014). Pothumandalavum malayalabhaavanayum. Kannur: Kairali Books.
N. P, Sajeesh. (2007). Thira Malayalathinte avasthantharangal. Thiruvananthapuram: Kerala bhasha Institute.
Neelan. (2017). Cinema - Swapnam Jeevitham. Thrissur: Green Publishers & Distributors.
P.S, Radhakrishnan. (2010). Charithravum chalachithravum deshyabhaavanayude harsha moolyangal. Thiruvananthapuram: Kerala bhasha Institute.
T, Jithesh. (2009). Cinemayude vyakaranam. Olive Publications.
T, Jithesh. (2014). Chalachithra siddhaanthangal. Kerala bhasha Institute.
V, Rajakrishnan. (2011). Kazhchayude Ashanthi. Thiruvananthapuram: Kerala bhasha Institute.
V. K, Joseph. (2013). Kazhchayude Samskaravum Pothubodha Nirmithiyum. Kottayam: Sahithy aPravarthaka Sahakarana Samgham.
Vanimel, Kunjikannan. (2010). Cinemayum Manasum. Thiruvananthapuram: Kerala bhasha Institute.
Vijayakrishnan. (2017). Malayala Cinemayude Kadha. kozhikode: Poorna Publications.
Andrew, D. (1984). Concepts in film theory. Newyork: Oxford University Press.
Gladwell, M. (2000). The Tipping Point: How Little Things Can Make a Big Difference. Boston: Little, Brown and Company.
Hall, S. (1997). Representation: Cultural Representations and Signifying Practices. London: SAGE Publications Ltd.
Hall, S. (2016). Cultural Studies 1983: a theoretical history. Durham: Duke University Press.
Shohat, E. (1995). The Struggle Over Representation: Casting, Coalitions, and the Politics of Identification. In R. D. Campa, M. Sprinker, & A. K. E., Late Imperial Culture (pp. 166-178). Newyork: Verso.
Spivak, G. C., & Harasym, S. ( 2014). The Post-Colonial Critic : Interviews, Strategies, Dialogues. Hoboken: Taylor and Francis.
Spivak, G. C. (1988). Can the subaltern speak? Basingstoke: Macmillan.
Tudor, A. (1974). Theories of Film. Newyork: Viking Press.
Zigon, J. (2008). Morality : an anthropological perspective. Delhi: Bloomsbury India.
Malayil, Sibi. (Director). (2003). Ente Veedu Appuvinteyum [Film].
Raghavan, Mohan. (Director). (2010). T. D. Dasan Std. VI B [Film].
T.V, Chandran. (Director). (1995). Ormakalundayirikkanam[Film].
Adila A Kabeer
Makkiyil
Punnapra PO
Alappuzha
Pin: 688004
adilakabeer7@gmail.com 
Ph: +91 8086669878

കുട്ടികളിലെ  സദാചാരം: മലയാള സിനിമയിലെ പ്രതിനിധാനങ്ങള്‍:
(തിരഞ്ഞെടുത്ത സിനിമകളെ മുന്‍നിര്‍ത്തി ഒരു  പഠനം)

ആദില എ കബീര്‍ 


ആമുഖം

സംസ്കാര പഠനത്തില്‍ വളരെയധികം പ്രാധാന്യമുള്ള സംജ്ഞയാണ് പ്രതിനിധാനം. നിലനില്‍ക്കുന്ന ആഖ്യാനങ്ങളെയും  വ്യവഹാരങ്ങളെയും  പ്രതിനിധാന പഠനത്തിന്‍റെ കണ്ണടയിലൂടെ നോക്കുന്നത്, അവ്യക്തമായിരുന്ന പ്രശ്നങ്ങളെ  സൂക്ഷ്മമായി അടുത്തുകാണുന്നതിന് സഹായകമാകും. അഥവാ, നിലനില്‍ക്കുന്ന പ്രതിസന്ധികളെ തിരിച്ചറിയാനും വിശദീകരിക്കാനുമുള്ള വഴിയാണ് പ്രതിനിധാന പഠനങ്ങള്‍. വ്യവസ്ഥയോടും വ്യവഹാരങ്ങളോടും കെട്ടുപിണഞ്ഞു വളര്‍ന്ന സാംസ്കാരികമായ ഒരുല്‍പന്നമെന്ന നിലയില്‍, സിനിമ മുന്നോട്ടു വെക്കുന്ന പ്രതിനിധാനങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് ഈ പഠനം. പ്രത്യശാസ്ത്രപരമായ പക്ഷപാതിത്വം കൊണ്ട് കേന്ദ്രത്തിലെത്തുന്ന സിനിമയിലെ പ്രതിനിധാനങ്ങളില്‍ ഏതെല്ലാം ഘടകങ്ങള്‍ അധീശത്വം സ്ഥാപിക്കുന്നു എന്നു  കണ്ടെടുക്കാനുള്ള ശ്രമം കൂടിയാണിത്. മലയാള സിനിമ കുട്ടികളിലെ സദാചാര സങ്കല്‍പങ്ങളെ ഏതുവിധം പ്രതിനിധാനം ചെയ്തു എന്നാണ് ഈ പഠനം അന്വേഷിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ കുട്ടിയെ ചിത്രീകരിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടെങ്കിലും കഥാപാത്ര പ്രാധാന്യത്തോടെ കുട്ടിയിലെ മൂല്യബോധങ്ങള്‍ക്ക് ഇടം നല്‍കുന്ന ചലച്ചിത്രങ്ങള്‍ മാത്രമാണ് ഈ പഠനത്തിനു തിരഞ്ഞെടുത്തിരിക്കു ന്നത്. 'ഓര്‍മ്മകളുണ്ടായിരിക്കണം' (ടി. വി. ചന്ദ്രന്‍, 1995), 'എന്‍റെ വീട് അപ്പൂന്‍റേം' (സിബി മലയില്‍, 2003), 'ടി. ഡി.ദാസന്‍, സ്റ്റാന്‍ഡേര്‍ഡ് ഢക. ബി' (മോഹന്‍ രാഘവ്, 2010) എന്നിവയാണ് മേല്‍  മാനദണ്ഡം അനുസരിച്ച് തിരഞ്ഞെടുത്ത മൂന്ന് സിനിമകള്‍. സിനിമകളുടെ സൂക്ഷ്മ വിശകലനത്തിലൂടെ അവ മുന്നോട്ടുവെച്ച സദാചാരസന്ദര്‍ഭങ്ങളെ വ്യാഖ്യാനാത്മകമായി വിശകലനം ചെയ്യുകയാണ് പ്രബന്ധം

സദാചാര ബോധനം: സിനിമയുടെ പങ്ക് 

ആധുനികീകരണ പ്രക്രിയയുടെ പ്രാഥമിക സൂചനകള്‍ നല്‍കിയ സാംസ്കാരിക ഉല്‍പ്പന്നമാണ് സിനിമ. രൂപത്തിലും ഉള്ളടക്കത്തിലും പ്രേക്ഷക പൊതുബോധത്തിന്‍റെ ലാളനകള്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി നിര്‍വഹിച്ചു കൊണ്ടാണ് അവ കാഴ്ചക്കാരെയും തങ്ങളുടെ നിലനില്‍പ്പിനെത്തന്നെയും  ഉറപ്പിക്കുന്നത്. എന്നാല്‍ പൊതുബോധങ്ങള്‍ക്ക് ഹിംസാത്മകമായ ഒരു  പ്രവണതയുണ്ട്. അധികാരസ്വരൂപത്തില്‍ മേല്‍ക്കൈയുള്ള ന്യൂനപക്ഷത്തിന്‍റെ ശരികളാണ് പലപ്പോഴും  സമൂഹത്തിന്‍റെ അബോധമായി വര്‍ത്തിക്കുന്നത്. ഇതില്‍ ഒഴിവാക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന അനേകം കൈവഴികളുണ്ട്. മുഖ്യധാരയെ ഉറപ്പിക്കുന്ന ഇത്തരം പ്രവണതകളില്‍ സിനിമയടക്കമുള്ള മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. കാരണം, സമൂഹത്തില്‍ നിന്ന് പ്രമേയങ്ങള്‍  കണ്ടെത്തുന്നതു പോലെ തന്നെയാണ് സിനിമ സമൂഹത്തിലേക്ക് ചില ധാരണകളെ കൂട്ടിച്ചേര്‍ക്കുന്നതും. ഇതര കലകളില്‍ നിന്ന് വ്യത്യസ്തമായി ഈ വിഷയത്തില്‍ സിനിമയ്ക്ക് അധികഗുണതയുണ്ട് എന്ന് പരിശോധനയില്‍ വ്യക്തമാകും.

ഇതരമാധ്യമങ്ങള്‍ക്കൊന്നും സാധിക്കാതെ പോയ പലമയുടെ വൈചിത്ര്യമാണ് സിനിമ സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധ്യമാക്കിയത്. അമേരിക്കന്‍ ചലച്ചിത്ര സൈദ്ധാന്തികന്‍ ഡേവിഡ് ബോര്‍ഡ്വെല്‍ (ഉമ്ശറ ആീൃറംലഹഹ) അഭിപ്രായപ്പെടുന്നത് ' സിനിമ ഒരു ചായാഗ്രഹണ, ആഖ്യാനാത്മക, പ്രകടനാത്മക, അവതരണ, സചിത്ര, ദൃശ്യ-ശ്രവ്യ കലയാണ്. ഇവയൊക്കെയുമോ അതിലധി കമോ കണ്ടെടുക്കാമെന്ന കാരണത്താല്‍ അതൊരു സംയോജക മാധ്യമമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഒപ്പേറ പോലെ യാണ് സിനിമ'1 എന്നാണ്. ഘടനയും ഉള്ളടക്കവും സാങ്കേതിക വിദ്യയുടെ നവീന സാഹചര്യങ്ങളില്‍ സമ്മേളിക്കുമ്പോള്‍ സിനിമാ സവിശേഷമായൊരു സ്വീകാര്യതയില്‍ എത്തുന്നു. ചുരുക്കത്തില്‍,  ഉള്‍ച്ചേര്‍ന്ന എല്ലാ മാധ്യമങ്ങളുടെയും ശേഷി പ്രകടിപ്പിക്കുന്ന, അവയെക്കാളേറെ  പ്രവര്‍ത്തനക്ഷമതയും ഇടപെടല്‍ സാധ്യതയു മുള്ള അതിമാധ്യമ (ങലമേ ങലറശമ)മായി സിനിമ വളരുന്നു.

ജനകീയതയാണ് സിനിമയുടെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത- ഒരേസമയം ഒറ്റയിലേക്കും പറ്റത്തിലേക്കും ഇറങ്ങിച്ചെല്ലാനുള്ള ശേഷി. അതിര്‍ത്തികളോ വരമ്പുകളോ സിനിമയുടെ പരിധി നിര്‍ണയിച്ചില്ല. മനുഷ്യരുടെ ചിതറിയ ഭാഷയെക്കാള്‍ ആശയവിനിമയ ശേഷി കൂടുതലുള്ള ആഗോള മാനകഭാഷയാണ് സിനിമ നിര്‍മ്മിച്ചെടുത്തത്. ഈ ഭാഷയുടെ കാരണം സിനിമയുടെ അടിസ്ഥാന സ്വഭാവം തന്നെയാണ്. സിനിമ നിര്‍മ്മിക്കുന്ന യാഥാര്‍ത്ഥ്യാനുഭൂതിയാണ് സിനിമയുടെ ഭാഷാസവിശേഷത. കേള്‍വിയും കാഴ്ചയും ഒരേ നേരം ആനുപാതി കമായി പ്രവര്‍ത്തിക്കുക വഴി, ഇതര ഇന്ദ്രിയാനുഭൂതികളെ കൂടി വ്യഞ്ജിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നു. 'അനുഭൂതിയുടെ സമഗ്രത' എന്ന മിഥ്യാബോധം സൃഷ്ടിക്കുകയാണ് അവിടം. 

ദ്രുതവും ശക്തവുമായ പ്രത്യക്ഷ സ്വാധീനതാ ശേഷിയുള്ള ബഹുജന മാധ്യമമാണ് (ങമൈ ങലറശമ) സിനിമ. കാണികള്‍ക്കിടയില്‍ പുത്തന്‍ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനും അഭിപ്രായരൂപീക രണം ത്വരിതപ്പെടുത്തുന്നതിനും ഇങ്ങേയറ്റം സ്വഭാവരൂപീകരണ ത്തില്‍ പോലും സ്വാധീനം ഉണ്ടാക്കുന്നതിനു തക്ക ശക്തി സിനിമയ്ക്കുണ്ട്. രണ്ടാം ലോകയുദ്ധാനന്തരം ഗവേഷകരുടെ നിരന്തരമായ അന്വേഷണങ്ങളില്‍ നിന്നാണ് സിനിമയുടെ ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ സ്വാധീനശക്തിയെ കുറിച്ച് അറിവുണ്ടായത്.

എന്നാല്‍, സിനിമ നിര്‍മ്മിക്കുന്ന ഈ ധാരണകള്‍ അത്രകണ്ട് നിഷ്കളങ്കമല്ല. സാംസ്കാരികമായ ഉല്‍പ്പന്നമെന്ന നിലയില്‍ സിനിമയുടെ ചിത്രീകരണം സ്ഥലത്തിന്‍റെയും കാലത്തിന്‍റെയും ചരിത്രരേഖ കൂടിയാണ്. നിലനില്‍ക്കുന്ന ശരികളില്‍ പ്രബല മായതിനെയോ ബദലായതിനെനെയോ 'പ്രതിനിധീകരിക്കുക' മാത്രമാണ് സിനിമ ചെയ്യുന്നത്. ഒരു പ്രതിബിംബത്തിന്‍റെയത്ര പോലും ആധികാരികത കല്‍പ്പിക്കാനില്ലാത്ത പ്രതിനിധാനങ്ങളെ സൂക്ഷ്മമായി പഠിക്കേണ്ടിയിരിക്കുന്നു.

സിനിമയും പ്രതിനിധാനവും 

പ്രതിനിധീകരിക്കുക എന്ന വാക്കിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി പ്രകാരം 'യാതൊന്നിനോടുള്ള സാമ്യപ്രകാശനത്തിനു വേണ്ടിയുള്ള പുനരവതരണം' അഥവാ 'മറ്റൊന്നിനു വേണ്ടിയുള്ള പകരം നില്‍ക്ക'2ലാണത്. ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിന്‍റെ അഭിപ്രായത്തില്‍ 'പ്രതിനിധീകരണമോ ആലേഖ്യമോ ആണത്.'3 ചുരുക്കത്തില്‍ പ്രതിനിധാനം പ്രതിച്ഛായയോ, പുനര്‍നിര്‍മാണമോ, അവതരണങ്ങളോ, അനുകരണങ്ങളോ ആകാം.

1960 കളില്‍ ബ്രിട്ടണിലാണ് സംസ്കാര പഠനമേഖലയിലേക്ക് കടന്നു കയറി, 'പ്രതിനിധാനം' എന്ന സങ്കല്പം വഴിത്തിരിവുകള്‍ സൃഷ്ടിച്ചത്. ഭാഷയിലെ അപനിര്‍മ്മാണ പദ്ധതിയെ സംസ്കാര പഠനമേഖലയിലെ ആവിഷ്കാര പഠനങ്ങളിലേക്ക് കൂടി പരീക്ഷിച്ചു കൊണ്ട്, ജമൈക്കന്‍ ഗവേഷകന്‍ സ്റ്റുവര്‍ട്ട് ഹാള്‍ (ടൗമേൃേ ഒമഹഹ) ആണ് പുതിയ ഗവേഷണ മേഖല തുറന്നത്. ഭാഷയും അര്‍ത്ഥവും സംസ്കാരവും തമ്മിലെന്ത് എന്ന ചോദ്യം സംസ്കാര പഠനത്തില്‍ ചലനങ്ങളുണ്ടാക്കി. ഹാളിനെ സംബന്ധിച്ചിടത്തോളം പ്രതിനിധാനം ഒരു കേവലപദമല്ല. വിശാലമായ വ്യവസ്ഥയാണ്. സാഹചര്യങ്ങളില്‍ അധിഷ്ഠിതമായ അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്ന, വ്യത്യസ്തങ്ങളായ പ്രതിനിധാന പ്രക്രിയകളുടെ ആകെത്തുകയാണ് ഓരോ പ്രതിനിധാന വ്യവസ്ഥയും. 

സംസ്കാരപഠനത്തില്‍ പ്രതിനിധാനം എന്ന വാക്കിനുള്ള  പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് സംസ്കാരം എന്ന വാക്കിനെ തന്നെ വിശകലനം ചെയ്തുകൊണ്ടാണ്. ഓരോ മനുഷ്യരും മറ്റുള്ളവരില്‍ നിന്നു ഭിന്നമായ, പ്രതിനിധാനങ്ങളുടെ ഓരോ  ആശയലോകങ്ങള്‍ കൊണ്ട് നടക്കുന്നു. അവയെ കുറിച്ച് പരസ്പരം സംവദിക്കുന്നതിനായി പൊതുവായ ഒരു ഭാഷയും ഉണ്ടാകേണ്ടി വരുന്നു. വൈയക്തികമായ പ്രതിനിധാനങ്ങളെക്കുറിച്ച് സംവദിക്കാന്‍ ആവശ്യമായ സാമൂഹികമായ പ്രതിനിധാന വ്യവസ്ഥയാണ് ഭാഷ. ഓരോ ഭാഷയ്ക്കുള്ളിലും അര്‍ഥഗ്രഹണ ത്തിന്‍റെ വേഗതയ്ക്കായി   പ്രത്യക്ഷവും പരോക്ഷവുമായ ചിഹ്നാ വലികളും (രീറല) ഉപയോഗിക്കുന്നു. ഇങ്ങനെ കേവല പ്രതിനിധാ നവും ഭാഷാപരമായ പ്രതിനിധാനവും അര്‍ത്ഥഗ്രഹണത്തിനു വേണ്ടിയുള്ള ചിഹ്നാവലികളും കൂടിച്ചേര്‍ന്നാണ് ഒരു സംസ്കാരത്തെ വ്യതിരിക്തമാക്കുന്നത്. സ്റ്റുവര്‍ട്ട് ഹാള്‍ ഇവിടെ 'ഭാഷ' എന്ന വാക്കിനെ വാച്യാര്‍ത്ഥത്തിലല്ല പ്രയോഗിക്കുന്നത്. വിശാലമായ മാനദണ്ഡത്തിലാണ്. അര്‍ഥങ്ങളെ ഉത്പാദിപ്പിക്കാനും ഉള്ളടങ്ങാനും പ്രകടിപ്പിക്കാനും കഴിയുന്ന എല്ലാ സംവിധാനങ്ങളും അദ്ദേഹത്തിന്‍റെ നിഗമനത്തില്‍ ഭാഷയാണ്. ശബ്ദവും വാക്കും വസ്തുവും സംഗീതവും ഒക്കെ അങ്ങനെ തന്നെ. 

ഓരോ പ്രതിനിധാനവും ലക്ഷ്യമാക്കുന്ന അര്‍ത്ഥം രൂപീകരിക്കപ്പെടുന്നതില്‍ വ്യത്യസ്ത ഘടകങ്ങള്‍ക്ക് പങ്കുണ്ട്. അര്‍ത്ഥം ഉത്പാദിപ്പിക്കുന്ന ആളിന്‍റെ തിരഞ്ഞെടുപ്പ്, അര്‍ത്ഥഗ്രഹണം നടത്തുന്നവരുടെ വ്യാഖ്യാനം, അര്‍ത്ഥം ഉത്പാദിപ്പിക്കപ്പെടുന്ന സാഹചര്യം ഒക്കെയും പ്രതിനിധാനങ്ങളെ സങ്കീര്‍ണമാക്കുന്നു. പലപ്പോഴും, സൂചകങ്ങളും സൂചിതങ്ങളും കൂടി കൈമാറ്റം ചെയ്യുന്ന അര്‍ത്ഥങ്ങളും ആശയങ്ങളും സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ച ഏതെങ്കിലും അധികാര രൂപത്തിന്‍റെ നിയന്ത്രണ ഫലമാകാം. കാരണം, ഓരോ പ്രതിനിധാനവും പ്രത്യയശാസ്ത്രപരമായ തിരഞ്ഞെടുപ്പുകളാണ്. 

സിനിമയിലേക്ക് വരാം. സംസ്കാര പഠനത്തിന്‍റെ കാഴ്ചയില്‍ മേല്‍സൂചിപ്പിച്ച എല്ലാ സ്വാധീനങ്ങളും നിലനില്‍ക്കുന്ന ഒരു ഭാഷാ വ്യവസ്ഥയാണ് സിനിമ. നിര്‍മ്മാണ ഘട്ടത്തിലും കാഴ്ചയുടെ ഘട്ടത്തിലും വ്യത്യസ്ത അധീശത്വ സാധ്യതകള്‍ നിലനില്‍ക്കുന്ന കലാമാധ്യമമാണത്. സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തെയും പ്രത്യയശാസ്ത്രത്തെയും സര്‍ഗാത്മക കലയുടെ അതിരില്‍ നിര്‍ത്തി ഉപേക്ഷിക്കാന്‍ കഴിയില്ല. ലാഭകേന്ദ്രീകൃതമായ ഒരു കലയാണ് സിനിമ. സാമ്പത്തിക വിജയം കൂടി കണക്കിലെടുത്താണ് സിനിമയുടെ പ്രമേയവും സംവിധാനവുമടക്കം പരിപാലിക്ക പ്പെടുന്നത്. അതുകൊണ്ടു തന്നെ, സിനിമയുടെ ആശയത്തിലും ആവിഷ്കാരത്തിലും വിജയസാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങള്‍ക്ക് മേല്‍ക്കൈ സ്വാഭാവികമാണ്. എങ്കിലും, സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയ പരിസരത്തില്‍ നിന്ന് ഭിന്നമാകാതെ പ്രേക്ഷകരെ അനുനയിപ്പിക്കേണ്ടത് ശ്രമകരമായ ഒരു ഞാണിന്മേല്‍ കളിയാണ്. ഈ ശ്രമത്തിനിടയില്‍ ഏതെല്ലാം ഘടകങ്ങളാണ് ആത്യന്തികമായ  ആധിപത്യം സ്ഥാപിക്കുന്നത് എന്നുള്ളത് സംസ്കാര പഠനത്തില്‍ പ്രസക്തമായ ചോദ്യമാണ്.

സിനിമ നിര്‍മിക്കുന്ന യാഥാര്‍ത്ഥ്യാനുഭൂതി  അതിമാധ്യമ ഭാഷയുടെ പ്രത്യേകത മാത്രമല്ല. സിനിമയെ  നിലനിര്‍ത്തുന്ന സമൂഹത്തിന്‍റെയും കൂടി സംഭാവനയാണത്. സിനിമ പ്രതിനിധാനം ചെയ്യുന്ന, സത്യസന്ധമെന്ന തോന്നലുളവാക്കുന്ന എല്ലാ ആശയങ്ങളും അനേകം സാധ്യതകളില്‍ നിന്നു സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെടുന്ന ഒന്നു മാത്രമാണ്. ആ തിരഞ്ഞെടുപ്പില്‍ വ്യക്തമായും പ്രത്യയശാസ്ത്രപരമായ പക്ഷപാതിത്വം അടങ്ങിയിരിക്കുന്നു. അവ എന്താണ് എന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും കണ്ടെടുക്കുന്നത് ചില അന്ധ ബിന്ദുക്കളെ വെളിപ്പെടുത്താന്‍ സഹായകമാകും. 

കുട്ടി എന്ന സ്വത്വം

ചരിത്രം രൂപപ്പെടുത്തിയ മനുഷ്യാവസ്ഥയാണ് ബാല്യം. ആരാണ്, എന്താണ് കുട്ടി എന്ന ചോദ്യത്തിന് പലകാലങ്ങളില്‍ പല സമൂഹങ്ങള്‍ പല മറുപടികളാണ് നല്‍കിയത്. 16, 17 നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രമാണ് മുതിര്‍ന്നവരുടെ പ്രത്യേക പരിഗണനയര്‍ഹി ക്കുന്ന ഒരു വിഭാഗമായി കുട്ടികള്‍ പരിഗണിക്കപ്പെട്ടു തുടങ്ങിയത്. സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന കുട്ടിയെ സംബന്ധിച്ച് നിയമങ്ങളിലും കാഴ്ചപ്പാടുകളിലും ഇപ്പോഴും ലോകവ്യാപകമായ ഐക്യം സംഭവിച്ചിട്ടില്ല.

പാശ്ചാത്യ ദേശങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ പക്വത എത്തുന്നതിനുള്ള പ്രായപരിധി വളരെ കൂടുതലാണെന്ന് കാണാം. വിദ്യാഭ്യാസ കാലത്തിലും തൊഴില്‍ ലഭ്യമാകുന്നതുവരെയും സാമ്പത്തികമായി രക്ഷകര്‍ത്താക്കളുടെ സംരക്ഷണത്തിലാണ് ഇവിടെ കുട്ടികള്‍. ഇങ്ങനെ ജനനത്തിനും നിയമപരമായ വോട്ടവകാശത്തിനും ഇടയിലുള്ള സാമൂഹികാവസ്ഥയാണ് കേരളത്തിലെ ബാല്യം.

ഈ പഠനം ലക്ഷ്യമാക്കുന്ന ബാല്യാവസ്ഥ അല്പം കൂടി ചെറുപ്രായത്തിലുള്ള കുട്ടികളിലാണ്. ബാല്യാവസാനത്തിലും കൗമാരത്തുടക്കത്തിലും എത്തിനില്‍ക്കുന്ന ആറിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടിയാണ് പഠനവിഷയം. കുട്ടിയാണെന്നും മുതിരണം എന്നും ധാരണയുള്ള, ശാരീരിക വൈകാരിക അവസ്ഥയിലുള്ളവര്‍. ശാസ്ത്രീയവും സാമൂഹികവുമായി ധാരാളം പ്രത്യേകതകളുള്ള പ്രായമാണിത്. കുട്ടിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള പരിണാമത്തിന്‍റെ കാലം. സമൂഹത്തില്‍ സ്വീകാര്യത നേടുന്നതിനായി സ്വയം പാകപ്പെടുന്നതിന് നിര്‍ബന്ധിതരാകുന്ന കാലമാണിത്. വീടിനുപുറത്തുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങളോട് കുട്ടി ഇടപെടുന്നത് ഈ ഘട്ടത്തിലാണ്. ഈ പ്രായത്തില്‍ കുട്ടി കൂടുതല്‍ ചുറ്റുപാടിനോട് ഇടപെടുകയും തന്നെത്തന്നെ വിലയിരുത്തുകയും താരതമ്യപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സാമൂഹിക നിയമാവലികളില്‍ ശ്രദ്ധ തുടങ്ങുകയും തല്‍ഫലമായി അധികാരത്തെയും അധികാരസ്വരൂപങ്ങളെയും  ഉള്‍ക്കൊണ്ടും  തുടങ്ങുന്നു.

സാമൂഹികമായി ഇത്തരത്തില്‍ ദൃശ്യപ്പെടുന്നതു കൊണ്ടുതന്നെ കുട്ടി മാനസികമായും  പരുവപ്പെടുന്നുണ്ട്.   ഇതിന്‍റെ ഫലമായി സാമൂഹികമായ ശരികള്‍ക്കും വ്യക്തിപരമായ അഭിവാഞ്ഛകള്‍ക്കും ഇടയില്‍ ശരിതെറ്റുകളുടെ ദ്വന്ദത്തില്‍ കലഹിക്കും. യുക്തിയും സാമാന്യബോധവും വികസിക്കും. വ്യക്തി ബോധവും സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും വിശാലമാകും. അന്തര്‍മുഖരോ ബഹിര്‍മുഖരോ ആയി പരുവപ്പെടും. ചുരുക്കത്തില്‍, ജീവിതാവസ്ഥകളില്‍ വെച്ച് വ്യക്തി നിര്‍മ്മിതിയില്‍ ഏറ്റവുമധികം സ്വാധീനശക്തിയുള്ള കാലമാണിത്.

ഈ കാലത്തിലെ കുട്ടികളില്‍ സദാചാരം നിര്‍മ്മിക്ക പ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും ഏതെല്ലാം വിധമാണെന്ന് പഠിക്കല്‍ പലകാരണങ്ങളാല്‍ അനിവാര്യമാണ്. കുട്ടിയെ പരോക്ഷമായി പ്രാപ്തമാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രീകൃത സാമൂഹിക ശരിയെ വിമര്‍ശനാത്മകമായി വീക്ഷിക്കലാണത്.  സിനിമ എന്ന മാധ്യമത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെട്ട കുട്ടികളിലെ സദാചാര നിര്‍മിതിയെ നിരീക്ഷിക്കുന്നത് ഇതിനിടയില്‍ പ്രവര്‍ത്തിച്ച അധികാര സ്വരൂപങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും. സിനിമയെ സംബന്ധിച്ചിടത്തോളം അതില്‍ കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടെങ്കിലും പ്രതിനിധാനം ഏത് വിധമായിരുന്നു എന്നന്വേഷിക്കല്‍ അനിവാര്യമാകുന്നത് ഈ  ഘട്ടത്തിലാണ്. പ്രത്യേകിച്ച് മധ്യവര്‍ത്തി സിനിമയില്‍ കുട്ടികളുടെ സദാചാര സങ്കല്പങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സാമൂഹികമായ മേല്‍ഘടകങ്ങള്‍ ഏതുവിധം അതില്‍ ഇടപെട്ടുവെന്ന് അന്വേഷിക്കല്‍, അധികാരത്തെയും പൊതുബോധമൂല്യങ്ങളെയും വിമര്‍ശനാത്മകമായി പുനര്‍വായിക്ക ലാണ്.

കുട്ടികളിലെ സദാചാരനിര്‍മിതി

നിലനില്‍ക്കുന്ന, നിസ്സംഗമായ, ഇളക്കം തട്ടാത്ത വ്യവസ്ഥയ്ക്കു മേലുള്ള അസ്വസ്ഥപ്പെടലോ ചലനമോ ആണ് സദാചാരമെന്ന വാക്കിനെ പലപ്പോഴും ചര്‍ച്ചയില്‍ എത്തിക്കുന്നത്. ശരിതെറ്റുകളുടെ തിരിച്ചറിയല്‍ ശേഷിയാണത്. പ്രവൃത്തിയില്‍ സാധ്യമാകുന്നില്ലെങ്കില്‍, ബോധ്യത്തിലെങ്കിലുമുള്ള വിവേചന ബുദ്ധിയാണ് സദാചാരം. ഇത് സ്വാഭാവികമോ നിഷ്കളങ്കമോ അല്ല. പ്രാദേശികമായി, ആധികാരികത കൂടുതലുള്ള സമുദായത്തിന്‍റെ ശരികളാണ് ഓരോ സമൂഹത്തിന്‍റെയും ഒറ്റ ശരിയായി പരിണമിക്കുന്നത്. ന്യൂനപക്ഷത്തിന്‍റെ ഇത്തരം ശരികളെ ഭൂരിപക്ഷത്തിന്‍റേതാക്കി മാറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്. സാഹിത്യം, കല, സിനിമ, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എന്തിനും സദാചാരബോധനത്തിന്‍െറ മാധ്യമമായിരിക്കാന്‍ കെല്‍പ്പുണ്ട്. ഓരോ തലമുറയും തൊട്ടടുത്ത തലമുറയിലേക്ക് ഇങ്ങനെ കിട്ടുന്ന നിര്‍മ്മിത മൂല്യബോധങ്ങള്‍ പങ്കുവയ്ക്കുന്നു. അങ്ങനെ ചലനങ്ങളില്ലാതെ തുടര്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നു. 

കുട്ടികളില്‍ സദാചാരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് മനശാസ്ത്രപരമായി ധാരാളം വിശകലനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. ഒരു മനുഷ്യശിശു ശരി-തെറ്റ്, കുറ്റം, പശ്ചാത്താപം, പ്രായശ്ചിത്തം, നീതി തുടങ്ങിയ ധാര്‍മിക ധാരണകളോട് ഏതുവിധത്തില്‍ എപ്പോഴൊക്കെയാണ് ഇടപെട്ടു തുടങ്ങുന്നത് എന്ന് സൈദ്ധാന്തികമായി വാദിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇമ്മാനുവല്‍ കാന്‍റ് (കാാമിൗലഹ ഗമിേ) സിനിമയുമായി ബന്ധപ്പെടുത്തിത്തന്നെ ആലോചനകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

സദാചാര നിര്‍മ്മിതിയുമായി ബന്ധപ്പെട്ട സൈദ്ധാന്തിക അവലോകനം എന്ന നിലയില്‍ സ്വിസ്  തത്വചിന്തകന്‍ ജീന്‍ പിയാഷെയാണ് (ഖലമി ജശമഴലേ) കുട്ടികളെ സമീപിക്കുന്നത്. 'സദാചാര യുക്തിവിചാരം'5 എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തില്‍ നിന്നാണ് 'സദാചാര വികസനത്തെ' സംബന്ധിച്ച ഇതര സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുന്നത്. അമേരിക്കന്‍ തത്വചിന്തകന്‍ ലോറന്‍സ് കോള്‍ബര്‍ഗ് (ഘമംൃലിരല ഗീവഹയലൃഴ) വികസിപ്പിച്ച 'സദാചാര വികസന സിദ്ധാന്ത'6 പ്രകാരം ബാലാവസ്ഥ മുതല്‍ക്കുതന്നെ വിവിധ ഘട്ടങ്ങളിലൂടെ രൂപപ്പെടുന്ന കുഞ്ഞുങ്ങളിലെ സദാചാര ബോധ്യങ്ങള്‍ നിരവധി ഘടകങ്ങളുടെ സ്വാധീനതയിലാണ്.

നിര്‍ബന്ധിത നിയമങ്ങള്‍ക്കു കീഴ്പ്പെടുമ്പോഴല്ല കുട്ടികള്‍ സാമൂഹിക തിരിച്ചറിവുകളിലേക്ക് എത്തുന്നത് എന്നും മറിച്ച്, കുടുംബം, വിദ്യാലയം തുടങ്ങി ഇടപെടേണ്ടി വരുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സ്വാധീനമാണ് ശരിതെറ്റുകളുടെ നിര്‍ണയം നടത്തുന്നതെന്നും കോള്‍ബര്‍ഗ് വാദിക്കുന്നു. അതായത് സമൂഹത്തിലെ പൊതു ശരികളിലേക്ക് എത്തപ്പെടാന്‍ ശ്രമിക്കുന്ന വ്യത്യസ്ത വ്യവസ്ഥകളോട് ഇടപഴകേണ്ടി വരുമ്പോഴാണ് കുട്ടി സദാചാര മര്യാദകളില്‍ എത്തിച്ചേരുന്നത്. ഈ വ്യവസ്ഥകളാകട്ടെ അതാതു കാലങ്ങളില്‍, സ്ഥലങ്ങളില്‍, സാമൂഹിക അവസ്ഥകളില്‍ പലകാരണങ്ങളാല്‍ പ്രയോഗത്തിലിരിക്കുന്ന സാമൂഹിക ശരിയുടെ അടിസ്ഥാനത്തിലുള്ളവയാണ്. 

കുട്ടികളിലെ സദാചാര സങ്കല്‍പ്പങ്ങള്‍: തിരഞ്ഞെടുത്ത സിനിമകളുടെ അവലോകനം 

ഓര്‍മകളുണ്ടായിരിക്കണം

1995 ല്‍ ടി. വി. ചന്ദ്രന്‍ രചനയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച രാഷ്ട്രീയ നാടക ചലച്ചിത്രമാണ് (ുീഹശശേരമഹ റൃമാമ) ഓര്‍മകളുണ്ടായിരിക്കണം. പന്ത്രണ്ട് വയസായ ജയന്‍ എന്ന കുട്ടിയിലൂടെയാണ് സിനിമ വികസിക്കുന്നത്. പന്ത്രണ്ടാം വയസ്സിന്‍റെ എല്ലാ ആണ്‍കൗതുകങ്ങളും നിലനില്‍ക്കുന്ന ബാല്യമാണ് ജയന്‍റേത്. വീടിനും വിദ്യാലയത്തിനും പുറമേ ജയനില്‍ നാടിന്‍റെ അടയാളമാണ് കൂടുതല്‍ പ്രതിഫലിക്കുന്നത്.

അരക്ഷിതമായ രാഷ്ട്രീയ ചുറ്റുപാടിനാല്‍ സ്വപ്നത്തില്‍ പോലും സമാധാനം നശിച്ച ഒരു തലമുറയുടെ കണ്ണിയാണ് അവന്‍. ഗുണമെന്നോ ദോഷമെന്നോ ഇല്ലാതെ നന്മതിന്മ  വേര്‍തിരിക്ക പ്പെടാതെ പൂര്‍ണമായും പുറംലോകത്തേക്ക് തുറക്കപ്പെട്ടതാണ് ജയന്‍റെ ജീവിതം.

കമ്മ്യൂണിസ്റ്റ് വിരുദ്ധരായ അച്ഛന്‍റെ മകനാണെങ്കിലും ജയന്‍ സ്ഥലത്തെ കമ്മ്യൂണിസ്റ്റ് നേതാവ് ഭാസിയുടെ (മമ്മൂട്ടി) ആരാധകനാണ്. 12 വയസ്സുകാരന്‍റെ ഉള്ളിലെ വീരാരാധനയാണ് അവിടെ പ്രതിഫലിക്കുന്നത്. അറിയാതെ ആണെങ്കിലും ജയനില്‍ അപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആണത്തം എന്ന  സങ്കല്‍പ്പമാണ്.  മദ്യവും മദിരാശിയും തല്ലും വഴക്കുമായി ചട്ടമ്പി സ്വരൂപത്തിലാ ണെങ്കിലും,  അതിലപ്പുറം 'നന്മ' എന്ന് കരുതപ്പെടുന്ന ചില ഘടകങ്ങള്‍ ജയന്‍ ഭാസിയില്‍ തിരഞ്ഞുപിടിക്കുന്നു. പരുക്കനായ ചങ്കൂറ്റമുള്ള ഒരു പുരുഷ ഭാവത്തെ ഉള്‍ക്കൊള്ളാനും അനുകരിക്കാ നുമുള്ള ആഗ്രഹമാണ് ഇവിടെ പ്രതിഫലിക്കുന്നത്.  അതാകട്ടെ, ജയന്‍ തിരിച്ചറിഞ്ഞ ശരിതെറ്റുകളുടെ പരസ്പര വൈരുദ്ധ്യത്തില്‍ നിന്ന് ഉടലെടുത്തതും.

സ്ത്രീപുരുഷ ബന്ധം സംബന്ധിച്ച് തീര്‍ത്തും ആകാംഷാഭരിതനും അത്രതന്നെ ആശങ്കപ്പെട്ടവനുമാണ് ജയന്‍. തനിക്കു ചുറ്റുപാടുമുള്ള വ്യത്യസ്തതരം ലൈംഗികജീവിതങ്ങളെ ജയന്‍ നിരീക്ഷിക്കുന്നുണ്ട്. അത്രകണ്ട് സുഖകരമല്ലാത്ത തന്‍റെ അച്ഛനമ്മമാരുടെ ബന്ധം, വീട്ടുപണിക്കാരി മറിയാമ്മയുടെ ശരീരത്തിന്മേലുള്ള അച്ഛന്‍റെ കടന്നുകയറ്റം, ബാര്‍ബര്‍ നാണുവും ഭാര്യയും തമ്മിലെ സ്നേഹം, ഭാസിയും ഗ്രാമത്തിലെ വേശ്യയ്ക്കുമിടയിലെ ബന്ധം, കുളക്കടവില്‍ ചത്തുപൊങ്ങി ഒഴുകി നീങ്ങുന്ന പ്രണയജോഡികളുടെ അനാഥ പ്രേതങ്ങള്‍, അവധിക്ക് നാട്ടിലെത്തുന്ന പുതുമോടിയായ ശ്രീധരേട്ടനും അയാളുടെ ഭാര്യയ്ക്കുമിടയിലെ വര്‍ത്തമാനങ്ങള്‍... ഒക്കെയും ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കാണുന്നുണ്ട് ജയന്‍. സമാന്തരമായി കൗമാരത്തിടുക്കങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളും കാണാം. മറിയാമ്മയുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നതും നന്ദിനിക്കുട്ടിയുമായി നിഷ്കളങ്ക പ്രണയത്തിലാകുന്നതും ഇതിന് അടയാളങ്ങളാണ്. സാങ്കേതികവിദ്യ അത്രമാത്രം വികസിതമല്ലാത്ത കാലത്തിലും അബദ്ധ വഴിയില്‍ ലൈംഗിക സാക്ഷരത നല്‍കുന്ന സാമുവല്‍ എന്ന പീടികക്കാരനെയും സിനിമ ചിത്രീകരിക്കുന്നുണ്ട്. ആണ്‍ ശരീരത്തിന്‍റെ ഇളപ്പത്തില്‍ ലൈംഗികത കാണുന്ന സാമുവല്‍ ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രം തന്നെയാണ്. മുതിര്‍ന്ന പുരുഷനാണ് എങ്കിലും അയാളുടെ രീതികള്‍ ശരിയല്ല എന്ന് ജയന്‍ തിരിച്ചറിയുന്നുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ അക്കാര്യത്തില്‍ തനിക്കുള്ള അസ്വസ്ഥത അവന്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഇത്രയധികം വഴികളിലൂടെ സഞ്ചരിക്കുന്ന ജയനില്‍ സാമൂഹികമായ ശരിയേത്, തെറ്റേത് എന്ന ബോധ്യം കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയന്‍റെ പല നോട്ടങ്ങളും ഒളിഞ്ഞു നോട്ടങ്ങളാകുന്നതും, പ്രത്യക്ഷത്തില്‍ സാമുവലിനെ എതിര്‍ക്കുമ്പോഴും രഹസ്യാന്വേഷണം തുടരുന്നതും ഇതിന് അടയാളമാണ്. "അച്ഛനും മറിയാമ്മ ചേട്ടത്തിയും ചീത്തയാണെ"ന്ന് അമ്മയോട് അവന്‍ പറയുന്നുണ്ട്. ഭാസിയുടെ വേശ്യാ ഗൃഹസന്ദര്‍ശനം സൗകര്യപൂര്‍വ്വം നന്ദിനിയില്‍ നിന്ന് ഒളിച്ചു വെക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. വിഹിതവും അവിഹിതവും ആയ സാമൂഹിക സ്ത്രീപുരുഷബന്ധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണ ജയന്‍ എന്ന കഥാപാത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

നിലനിന്ന എല്ലാത്തരം വ്യവസ്ഥകളോടും ജയന്‍ നേരിട്ടുതന്നെ ഇടപെടുന്നുണ്ട്. മുദ്രാവാക്യങ്ങളും പ്രതിവാക്യങ്ങളും കേട്ട് സാമൂഹികമായ ശരിയേത് എന്ന് അങ്കലാപ്പിലാണ് ആ കൊച്ചു കഥാപാത്രം. ആദര്‍ശങ്ങള്‍ സംശയിക്കപ്പെടുന്ന തരത്തിലേക്ക് മൂല്യങ്ങളെ വിചാരണ ചെയ്യാനും 'തന്‍റെ ശരിയെന്ത്?' എന്ന് തിരിച്ചറിവോടെ നടപ്പിലാക്കാനും ജയന്‍ ശ്രമിക്കുന്നുണ്ട്. രഹസ്യമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിട്ട് പരസ്യമായി ഇവയെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് വിരോധികളെക്കാള്‍ ജയന്‍ മൂല്യം കല്‍പ്പിക്കുന്നത് പരസ്യമായി ഇതൊക്കെ ഉപയോഗിച്ചാലും  ആദര്‍ശവിരുദ്ധമായി പ്രവര്‍ത്തിക്കാത്ത ഭാസിയ്ക്കാണ്.

എന്‍റെ വീട് അപ്പൂന്‍റേം

2003 ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച നാടകീയ കുടുംബചിത്രമാണ് (എമാശഹ്യ റൃമാമ) എന്‍റെ വീട് അപ്പൂന്‍റേം. അണുകുടുംബങ്ങളിലെ വൈകാരിക കേന്ദ്രമായ കുട്ടിയെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വസുദേവ് അമ്മ നഷ്ടപ്പെട്ട കുട്ടിയാണ്. അവന്‍റെ രണ്ടാം വയസ്സില്‍ അച്ഛന്‍ പുനര്‍വിവാഹം ചെയ്ത മീരയാണ് 'അമ്മയിലധികം അമ്മയായി' വസുവിനെ വളര്‍ത്തുന്നത്.   കളിക്കാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും വസുദേവിന് ആകെയുള്ള ഇടം വീട് മാത്രമാണ്. വീട് എന്ന വ്യവസ്ഥയിലേക്കു വ്യക്തിയെ ഉറപ്പിക്കുന്ന വ്യക്തമായ അടയാളങ്ങളാണ് 'എന്‍റെ വീട് അപ്പൂന്‍റേം' അവശേഷിപ്പിക്കുന്നത്. സിനിമയുടെ പേരില്‍ തന്നെയുണ്ട് ഈ നിലപാട്.

സമ്മാനം വാങ്ങുന്നതിലും മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നതിലും കലാപ്രതിഭയാകുന്നതിലും, സൈക്കിള്‍ വാങ്ങുന്നതിലും, ടൂര്‍ കൊണ്ടുപോകാം എന്ന് വാക്കു കൊടുക്കുന്നതിലുമാണ് വസുദേവിന്‍റെ സന്തോഷം തെളിഞ്ഞു കിടക്കുന്നത്. ഒരു കുട്ടിയുടെ ഉയര്‍ച്ച സമ്മാനിതരാകുമ്പോഴും ഒന്നാം സ്ഥാനക്കാരാകുമ്പോഴും മാത്രമാണ് എന്ന് കഥാപാത്രത്തെയും ഒപ്പം സമൂഹത്തെയും പഠിപ്പിക്കുകയാണ് സിനിമ. മക്കളുടെ സുരക്ഷിതഭാവിയും തൊഴിലുന്നമനവും സാമൂഹിക പദവിയും അംഗീകാരങ്ങളുമൊക്കെ സ്വപ്നം കാണുന്ന പ്രേക്ഷകരിലും ഇത് കൃത്യമായി വിനിമയം ചെയ്യപ്പെടുന്നുണ്ട്. സ്ഥാവരജംഗമങ്ങളിലും സ്ഥാനങ്ങളിലും സന്തോഷം കണ്ടെത്തുന്ന മധ്യവര്‍ഗ്ഗ ധാരയാണ് കുട്ടിയിലും പ്രവര്‍ത്തിക്കുന്നത്. കുഞ്ഞുണ്ടാകുന്നതിനു മുന്‍പ്  'തൊട്ടില് കെട്ടിയൊരുങ്ങുന്ന' വീട്ടില്‍ ഈവിധം ആനന്ദങ്ങള്‍ തികച്ചും സ്വാഭാവികവും സത്യസന്ധവുമായി ചിത്രീകരിച്ചിരിക്കുന്നു.

സിനിമയുടെ ആരംഭത്തില്‍ തന്നെ ക്ലാസ് മുറിക്ക് പുറത്തുള്ള സ്കൂള്‍ അന്തരീക്ഷത്തിലാണ് വസുദേവ്. ശ്രദ്ധിക്കപ്പെടാനും ഒന്നാമനാകാനുമുള്ള മത്സര ബുദ്ധിയെ പ്രതിഷ്ഠിക്കുന്നതാണ് സ്കൂള്‍ അന്തരീക്ഷം. ആ വിദ്യാലയം കൃത്യമായും ഒരു സ്വകാര്യ ലോകമാണ്. നിശ്ചയമായും ഒരു സദാചാര സംരംഭമായി (ാീൃമഹ ലിലേൃുൃശലെ) പ്രവര്‍ത്തിക്കുകയാണത് ചെയ്യുന്നത്. ലോകത്തെ സംബന്ധിച്ചും, അതിജീവനത്തെ സംബന്ധിച്ചും കുട്ടിയുടെ ഉള്ളില്‍ ജയം എന്ന ഘടകത്തെ ഉറപ്പിക്കുകയാണ് വിദ്യാലയം. 

കഥയിലെ നിര്‍ണ്ണായക ഗതിമാറ്റം വരെയും അതിനപ്പുറം ഒരു ലോകം കുട്ടി കാണുന്നില്ല. 'അറിയാതെ ചെയ്ത' കൊലക്കുറ്റത്തിനു ശേഷമാണ് കഥാപാത്രം നിയമത്തിനും നീതിക്കും ശിക്ഷയ്ക്കും വേണ്ടി പോലീസ്, കോടതി, ദുര്‍ഗുണപരിഹാരപാഠശാല തുടങ്ങിയ സംവിധാനങ്ങളുമായി ഇടപെടേണ്ടി വരുന്നത്. ഇങ്ങനെ, ഒന്‍പതാം വയസ്സിനുള്ളില്‍ കുട്ടിയുടെ സ്വാഭാവിക സാമൂഹിക വളര്‍ച്ചയില്‍ സാധാരണഗതിയില്‍ പ്രത്യക്ഷ ഇടപെടല്‍ നടത്തുന്നതിലുമധികം കര്‍ശനവും വ്യവസ്ഥാപിതവുമായ സ്ഥാപനങ്ങളുടെ പരുക്കത്തിലൂടെ വസു കടന്നു പോകുന്നു. ഇവിടങ്ങളിലെല്ലാം അവന്‍ നേരിടുന്നതും സംവദിക്കുന്നതും വ്യത്യസ്തതരം അധികാര രൂപങ്ങളോടാണ്.

വാത്സല്യനഷ്ടമോ അത് സംബന്ധിച്ച ഭീതിയോ ആണ് (അനിയന് അസുഖമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണെങ്കിലും) വസുദേവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. ചെറുപ്രായത്തിലേ കുട്ടികള്‍ കാണിക്കാറുള്ള ശ്രാദ്ധാസ്വാസ്ഥ്യം (മലേേിശേീി ്യെിറൃീാല) ഒരു തരത്തില്‍ വൈകാരിക സുരക്ഷിതത്വം സംബന്ധിച്ചുള്ള അവരുടെ അരക്ഷിതാവസ്ഥയാണ്. വൈകാരിക പിന്തുണ വ്യവസ്ഥയുടെ കുറവുമൂലം വിപദിധൈര്യം (ളീൃശേൗറേല) നഷ്ടപ്പെടുന്ന ഈ അവസ്ഥയിലാണ് സിനിമയില്‍ വസുദേവ് കൊലയാളിയായി മാറുന്നത്.

സിനിമയുടെ രണ്ടാം ഭാഗത്തില്‍ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അകപ്പെട്ട മറ്റ് കുട്ടികളോട് തോന്നുന്നതിലുമധികം സ്നേഹവും  സഹാനുഭൂതിയും സഹതാപവും വസുവിനോട് പ്രേക്ഷകര്‍ക്ക് തോന്നുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്ന, കാഴ്ചയില്‍ നിറംകെട്ട മറ്റുകുട്ടികള്‍ സ്വാഭാവികമായും കുറ്റം ചെയ്യുന്നവരാണെന്നും വസുദേവ് എന്ന മധ്യവര്‍ഗത്തിലെ സുന്ദരനായ വെളുത്തകുട്ടി ഏതുവിധേനയും നിരപരാധിയാകും എന്നുമുള്ള ധാരണ, കാണികളില്‍  പ്രവര്‍ത്തിക്കുന്നുണ്ട്. ആ ചിന്തയെ ന്യായീകരിക്കും വിധം മറ്റു കുട്ടികളിലെ 'തിന്മകളെ' ഉയര്‍ത്തി കാണിക്കുന്നുമുണ്ട് സിനിമ. അച്ഛനമ്മമാരുടെ പരിലാളനയില്‍ സര്‍വ്വ സുഖങ്ങളുടെയും നടുവില്‍ കഴിഞ്ഞിരുന്ന വസുദേവിനെ അസൗകര്യങ്ങള്‍ നിറഞ്ഞ ഇരുണ്ട അന്തരീക്ഷത്തില്‍ കാണാന്‍ കഴിയാത്തവിധം പ്രേക്ഷകര്‍ അപ്പോഴേക്കും കഥാപാത്രത്തോട് വൈകാരിക അടുപ്പം സ്ഥാപിക്കുന്നുണ്ട്.

ടി.ഡി. ദാസന്‍, സ്റ്റാന്‍ഡേര്‍ഡ് ഢക. ബി

സംവിധായകന്‍ മോഹന്‍ രാഘവിന്‍റെ 2010ല്‍ പുറത്തിറങ്ങിയ സിനിമയാണ് ടി.ഡി. ദാസന്‍. ഗ്രാമത്തിലും നഗരത്തിലുമായി രണ്ട് വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത കുടുംബാന്തരീക്ഷത്തില്‍ കഴിയുന്ന രണ്ട് കുട്ടികള്‍. രണ്ടുപേരും രക്ഷകര്‍ത്താക്കളില്‍ ഒരാളുടെ മാത്രം സംരക്ഷണത്തില്‍ കഴിയുന്നവര്‍. ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

തെറ്റ്, ശരി, മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അബോധത്തില്‍ തന്നെ ആഴത്തില്‍ ധാരണകള്‍ വേരോടിപ്പോയ ബാല്യമാണ് ദാസന്‍റേത്. മുത്തിയമ്മയുടെ കഥപറച്ചിലില്‍ നിന്ന് അവന്‍ സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ചും അതിലെ ഗ്രാമീണ മൂല്യ സങ്കല്പങ്ങളെ കുറിച്ചും സദാചാരത്തെ സംബന്ധിച്ച സ്വന്തമായ സംഹിത തയ്യാറാക്കിയിട്ടുണ്ട്. 

ദാസന്‍ നേരിടുന്ന പ്രധാനപ്പെട്ട സംഘര്‍ഷം അച്ഛന്‍റെ അഭാവമാണ്. 'തന്തയില്ലാത്തവന്‍' എന്ന വിളി നേരിടാനാകാ ത്തവിധം അതില്‍ പെട്ടുപോയിട്ടുണ്ട് ദാസന്‍റെ ധാരണകള്‍. അച്ഛനില്ലാതിരിക്കുക എന്നാല്‍ അപമാനകരമായ അവസ്ഥയാണ് എന്ന് അവന്‍ 'തിരിച്ചറിയുന്നുണ്ട്'. ബാല്യമാണെങ്കിലും തന്‍റെ വ്യക്തിത്വത്തിനും സ്വത്വത്തിനുമേറ്റ പരിഹാസത്തില്‍ നിന്ന് വിടുതി നേടലാണ് അച്ഛനെ ആഗ്രഹിക്കുന്നതിലൂടെ ദാസന്‍ ആവശ്യപ്പെടുന്നത്. നിലനില്‍ക്കുന്ന പുരുഷമേധാവിത്വപരമായ സമൂഹത്തില്‍ അമ്മ എന്ന സ്ത്രീക്കൊപ്പം നില്‍ക്കാന്‍ കഴിയുംവിധം അവന് മാറാനാകുന്നില്ല.

അമ്മ എന്ന സ്ത്രീശരീരത്തിന്‍റെ ശുദ്ധിയും സംരക്ഷണവും  ദാസന്‍ നേരിടുന്ന വലിയ പ്രശ്നം തന്നെയാണ്. അച്ഛന്‍റെ അഭാവത്തില്‍  അതിനു മറുപടി നല്‍കേണ്ടത് താനാണെന്ന് അവന്‍ കരുതുന്നുണ്ട്. തന്തയില്ലാത്തവന്‍ എന്ന വിളിയില്‍ തകരുന്നത് ദാസനെ സംബന്ധിച്ചിടത്തോളം അമ്മ എന്ന ബിംബത്തിന്‍റെ നിലനില്‍പാണ്. അച്ഛനില്ലായ്മ എന്ന അരക്ഷിതാവസ്ഥയെ ഉയര്‍ത്തിപ്പിടിക്കുന്നതു കൊണ്ട്, അമ്മ പുനര്‍വിവാഹം ചെയ്യുമോ?, അന്യപുരുഷനുമായി വേഴ്ച ഉണ്ടാകുമോ? തുടങ്ങിയ ദാസനിലെ കൃത്യമായ സംഘര്‍ഷങ്ങള്‍ മറച്ചു പിടിക്കുന്നു എന്നു മാത്രം.

അച്ഛന്‍റെ വീണ്ടെടുപ്പിനായി, ഉറപ്പില്ലാത്ത അമ്മയുടെ തെറ്റിന് മാപ്പ് തേടുന്ന ദാസനെ സിനിമ മുന്നോട്ടു വയ്ക്കുന്നുണ്ട്. അച്ഛന്‍ ഒരു വൈകാരികകേന്ദ്രം എന്നതിനേക്കാള്‍ ശരിയുടെ മുതിര്‍ന്ന ബിംബം എന്ന നിലയ്ക്കാണ് ഇവിടെ ദാസനില്‍ പ്രവര്‍ത്തിക്കുന്നത്. തന്‍റെ അച്ഛനമ്മമാര്‍ക്കിടയിലെ അകല്‍ച്ചയുടെ യഥാര്‍ത്ഥ കാരണം എന്താണെന്നും പരിഹാരം എന്താണെന്നുമറിയില്ലെങ്കിലും അമ്മയാണ് തെറ്റുകാരി എന്ന് ദാസന്‍ അറിയാതെ കണക്കുകൂട്ടുന്നു.

ഇതേ അവസ്ഥയുടെ മറ്റൊരു വശമാണ് ബാംഗ്ലൂരില്‍ നടക്കുന്നതെങ്കിലും അമ്മു അതില്‍ അസ്വസ്ഥപ്പെടുന്നില്ല. അച്ഛനില്ലാത്ത ആണ്‍കുട്ടിയുടെ വേദനയെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചും ഇവിടെ ആകുലപ്പെടുന്നതും പരിഹാരം ആഗ്രഹിക്കുന്നതും അമ്മയില്ലാത്ത ഒരു പെണ്‍കുട്ടിയാണ്. അമ്മയില്ലായ്മയേക്കാള്‍ വേദനിക്കുകയോ അപമാനിതരാകുകയോ ചെയ്യേണ്ട എന്തോ ഒന്നാണ് അച്ഛന്‍റെ അഭാവം എന്ന് അമ്മുവും കരുതുന്നു എന്ന് വ്യക്തമാകുന്നത് ഇവിടെയാണ്. മുതിര്‍ന്നവരുടെ ശരിതെറ്റുകളുടെതായ ലോകത്തിലേക്ക് സൗകര്യപൂര്‍വ്വം പൊരുത്തപ്പെടുന്ന രണ്ടു കുട്ടികളാണ് ഇവര്‍. വ്യത്യസ്തങ്ങളായ രണ്ട് വിഭിന്ന സാഹചര്യങ്ങളില്‍നിന്ന് പ്രദേശത്തിന്‍റെയും സഹജീവനത്തിന്‍റെയും സ്വാധീനതയില്‍ മാത്രമാണ് കുട്ടികള്‍.

സദാചാര നിര്‍മ്മിതി: സ്വാധീനതാഘടകങ്ങള്‍

വ്യക്തിശരി, സാമൂഹികശരി, സാംസ്കാരിക ശരി എന്നിങ്ങനെ മൂന്നുവിധത്തിലുള്ള മൂല്യധാരയാണ് തിരഞ്ഞെടുത്ത സിനിമകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നത്. മധ്യവര്‍ഗ മനോഭാവത്തിനു മുന്‍തൂക്കം നല്‍കിയിരിക്കുന്ന 'എന്‍റെ വീട് അപ്പൂന്‍റേം' എന്ന സിനിമ വ്യക്തി ശരിയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പോലീസ്, കോടതി, സമൂഹം ഇവയ്ക്കെല്ലാമപ്പുറം കുറ്റവും ശിക്ഷയും കണ്ടുപിടിക്കുന്നതും മാപ്പു കൊടുക്കുന്നതും കുട്ടിയുടെ രക്ഷിതാക്കളാണ്. കൊലപാതകം പോലെ ഒരു കുറ്റകൃത്യത്തിലേക്ക് കുട്ടിയെ നയിച്ച കുടുംബ-സാമൂഹിക വ്യവസ്ഥയെ പാടേ നിരാകരിച്ചു കൊണ്ടാണ് ഈ  വിധം ഒരു ലോകം സൃഷ്ടിച്ചിരിക്കുന്നത്. കുട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന യുക്തിയും മധ്യവര്‍ഗ ബോധ്യങ്ങളുടേത് തന്നെ.

'ഓര്‍മ്മകളുണ്ടായിരിക്കണം' എന്ന സിനിമയില്‍ സാമൂഹിക സന്ദര്‍ഭങ്ങളില്‍  സാന്നിദ്ധ്യം കൊണ്ട് സാക്ഷ്യം വഹിക്കുന്ന കുട്ടിയാണുള്ളത്. അവനില്‍ പ്രവര്‍ത്തിക്കുന്നത് സാമൂഹികമായ ശരിതെറ്റുകളുടെ ലോകമാണ്. കുറേക്കൂടി തെളിമയുള്ളതും അനുഭവ തീവ്രതയുള്ളതുമാണ് ജയന്‍റെ കണ്ടെത്തലുകള്‍. ലോകത്തോട് സംവദിക്കുക വഴി സദാചാര സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വന്തമായി ധാരണകള്‍ നിര്‍മ്മിക്കുന്ന ഘട്ടത്തിലാണ് അവന്‍.

'ടി.ഡി. ദാസന്‍' എന്ന സിനിമയിലെ ദാസനാകട്ടെ ശരിതെറ്റുകള്‍ക്കിടയിലുള്ള അങ്കലാപ്പില്‍ പെട്ട് സാംസ്കാരികമായി താന്‍ മനസ്സിലാക്കിയ ശരിക്കുവേണ്ടി യജ്ഞിക്കുന്നവനാണ്. വീടും രക്ഷാകര്‍ത്തൃത്വവും കുട്ടിയുടെ സ്വഭാവ-സദാചാര രൂപീകരണത്തില്‍ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് അവ്യക്തമായ കാഴ്ചപ്പാടുകള്‍ മൂന്ന് സിനിമകളും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഫിലിംക്യാമറ ആരുടെ വീക്ഷണമാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാണികള്‍ പക്ഷം തീരുമാനിക്കുന്നത്. പ്രേക്ഷകര്‍ക്ക് സമ്പൂര്‍ണ വിധിനിര്‍ണയ സ്വാതന്ത്ര്യം  നല്‍കി, വസുദേവിലെ നിരപരാധിയെ  ദൃഷ്ടികേന്ദ്രത്തില്‍ (ളീരൗെ) നിര്‍ത്തി ക്കൊണ്ട് കാഴ്ചക്കാരുടെ അഭിപ്രായം കുട്ടിയ്ക്കും കുടുംബത്തിനും അനുകൂലമാകും വിധമാണ് 'എന്‍റെ വീട് അപ്പൂന്‍റേം' സംവിധാനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ അവിടെ കുറ്റക്കാരായി  വിലയിരുത്തപ്പെടുന്നത് പോലീസ്, കോടതി സംവിധാനങ്ങളാണ്. കുടുംബം എന്ന സംവിധാനത്തിന്‍റെ സമാധാനപരമായ പുന:സ്ഥാപനം നടത്തിക്കൊണ്ടു മാത്രമേ ആ സിനിമയ്ക്ക് വിജയം പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ.  

'ഓര്‍മകളുണ്ടായിരിക്കണം' എന്ന ചിത്രത്തില്‍ കുട്ടിയും പ്രേക്ഷകരും ഒന്നിച്ചാണ് സാമൂഹിക അന്തരീക്ഷത്തെ കാണുന്നത്. കുട്ടി 1950 കളിലും പ്രേക്ഷകര്‍ അല്പം കൂടി പുതുക്കപ്പെട്ട (1995 ന് ശേഷം) കാലത്തിലുമാണ് എന്ന വ്യത്യാസം മാത്രം. ശരി തെറ്റുകളെ സംബന്ധിച്ച് പ്രേക്ഷകനും ജയനും വ്യത്യസ്തങ്ങളായ  കാഴ്ചയാണ് നിലനില്‍ക്കുന്നത്. ജയന്‍ എന്ന കുട്ടി ആധുനികമായ സദാചാര സങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയ  പ്രേക്ഷക നിരീക്ഷണത്തിലാണ്.

ടി.ഡി ദാസന്‍ മറ്റൊരു തരം വീക്ഷണമാണ്. സദാചാരത്തെ കൂടുതല്‍ സങ്കീര്‍ണമായ തലത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് സിനിമ. ദാസന്‍റെയും അമ്മുവിന്‍റെയും കാഴ്ചയിലൂടെ വികസിക്കുന്ന കഥയില്‍ അവര്‍ക്കുള്ളതില്‍ കവിഞ്ഞ അറിവുകള്‍ പ്രേക്ഷകര്‍ക്കും ഇല്ല. കാര്യങ്ങളെ വസ്തുനിഷ്ഠമായി സന്മാര്‍ഗികമോ മൂല്യാധിഷ്ഠിതമോ എന്ന് വിലയിരുത്തല്‍ സ്വതവേ ബുദ്ധിമുട്ടാണ് അവിടെ. എങ്കിലും സ്നേഹം,കരുതല്‍ തുടങ്ങിയ മൂല്യങ്ങള്‍ കൊണ്ട് ചന്ദ്രിക എന്ന അമ്മയെ വിസ്മരിക്കുകയും അവരുടെ സാന്നിധ്യത്തെ അസാധുവാക്കുകയും ചെയ്യുന്നുണ്ട് കാണികള്‍.

മൂന്നിടങ്ങളിലും കാണികളുടെ കാഴ്ചപ്പാടിലേക്ക് കുട്ടികളെ എത്തിക്കുകയോ കുട്ടിയുടെ കാലപരിസരത്തെ ന്യായീകരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുകയോ ചെയ്യുന്ന വിധം ആസൂത്രിതം തന്നെയാണ് അവതരണരീതികള്‍. ഏജന്‍സി കുട്ടിക്കാണ് എന്ന് തോന്നുമ്പോള്‍ തന്നെയും, മധ്യവര്‍ഗ പൊതുബോധത്തിന് മേല്‍ക്കൈ കൊടുക്കും വിധമാണ്  സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കാണികളുടെ അബോധത്തെ വെല്ലുവിളിക്കും വിധമുള്ള സദാചാര പ്രശ്നങ്ങളുയര്‍ത്താന്‍ മൂന്ന് സിനിമയും തയാറായിട്ടില്ല എന്നും ശ്രദ്ധിക്കണം.

സിനിമ: മധ്യവര്‍ഗമതസ്ഥാപനം

വ്യവസായാനന്തര (ുീെേ ശിറൗൃശെേമഹ ുലൃശീറ) കാലഘട്ടത്തില്‍ മൂലധന താല്‍പര്യങ്ങളോട് കണ്ണിചേര്‍ന്ന സിനിമ ലാഭകേന്ദ്രീകൃതമായ ഒരു വ്യവസായമായി മാറി. കൂടുതല്‍ ജനകീയമാകേണ്ടത് അതിന്‍റെ അടിസ്ഥാന ആവശ്യമായി.  ജനകീയത കയ്യടക്കുന്നതിനുള്ള മാര്‍ഗം, ഭൂരിപക്ഷംവരുന്ന കാഴ്ചക്കാരുടെ താല്‍പര്യങ്ങളെ പരിലാളിക്കുക അല്ലെങ്കില്‍ കടന്നാക്രമിക്കുക എന്നുള്ളതാണ്. ഗുണകരമായ പ്രചാരണമാണ് ആഗ്രഹിക്കുന്നത് എന്നുള്ളതുകൊണ്ടുതന്നെ പലപ്പോഴും സിനിമകള്‍ പ്രേക്ഷകരുടെ പൊതുതാല്‍പര്യസംരക്ഷണം നടത്തലാണ് പതിവ്. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതു ലക്ഷ്യമാക്കുന്ന പ്രേക്ഷകവൃന്ദം കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഗതി നിര്‍ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്ന മധ്യവര്‍ഗമാണ്. മധ്യ വര്‍ഗ്ഗത്തിന്‍റെ ചോദനകളെ അടക്കി വയ്ക്കുന്നതിനും താല്‍ക്കാലികമായി തൃപ്തിപ്പെടുത്തുന്നതിനും വൈകാരികമായി ചൂഷണം ചെയ്യുന്നതിനും സിനിമ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്

'ഠവല ഠശുുശിഴ ജീശി'േ എന്ന പുസ്തകത്തില്‍ മാല്‍കം ഗ്ലാഡ് വെല്‍ (ങമഹരീാ ഏഹമറംലഹഹ) സാമൂഹ്യ ശാസ്ത്രപരമായ സമഗ്രപരിവര്‍ ത്തനങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ സംബന്ധിച്ച ഒരു വിശകലനം മുന്നോട്ടുവയ്ക്കുന്നുണ്ട്. സമൂഹത്തില്‍ ആകെയുള്ള മനുഷ്യരില്‍ ഒരേ ധാരണയുള്ള പത്തുശതമാനം പേരുണ്ടെങ്കില്‍, ആ ആശയത്തിന് അവരുള്‍പ്പെട്ട സമൂഹത്തിന്‍റെ തന്നെ അഭിപ്രായമായി  വ്യാപിക്കാനുള്ള ശേഷിയുണ്ട് എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ജനസംഖ്യയുടെ ഈ ശതമാനം കടന്നുകിട്ടിയാല്‍ ആശയമോ അജണ്ടയോ പടര്‍ന്നു കിട്ടുക അനായാസമാണെന്നു ചുരുക്കം. സിനിമയെ സംബന്ധിച്ചും ഈ നിരീക്ഷണത്തിന് പ്രസക്തിയുണ്ട്. ജനസംഖ്യയിലെ പ്രബലവിഭാഗമെന്ന നിലയില്‍ മധ്യവര്‍ഗത്തിനെ സ്വാധീനിക്കുന്ന ആശയങ്ങള്‍ മുന്നോട്ടു വച്ചാല്‍ സിനിമയ്ക്ക് പ്രചാരം കിട്ടുന്നതിനും കൂടുതല്‍ പ്രേക്ഷകരുണ്ടാ കുന്നതിനും തല്‍ഫലമായി സാമ്പത്തിക വിജയം നേടുന്നതിനും ലളിതമായി സാധിക്കും.

മധ്യവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സുരക്ഷിതത്വം പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സാമൂഹിക വൈകാരിക സുരക്ഷിതത്വവും. തീയറ്ററില്‍ പണം മുടക്കാനുള്ള സന്നദ്ധതയും സിനിമ കാണുന്നതിനുള്ള ആകാംഷയുമൊക്കെ ഈ വിധത്തിലുള്ള സുരക്ഷിതത്വ ബോധത്തിന്‍റെയും കൂടി ഭാഗമാണ്. നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ ലോകത്തുനിന്ന് താല്‍ക്കാലികമായുള്ള ഒഴിഞ്ഞുമാറലോ ഒളിച്ചിരിക്കലോ ആണ്, സിനിമ വാഗ്ദാനം ചെയ്യുന്ന ഒളിവിടം. ലോകം മുഴുവന്‍ പ്രശാന്തമായി മുന്നോട്ട് പോകുന്നു എന്ന മിഥ്യാധാരണയില്‍ ഇടപെടല്‍ കൂടാതെ തന്നെ സമാധാനമായി തുടരാന്‍, വ്യാജമായി ആനന്ദിക്കാന്‍ സിനിമ അവസരം സൃഷ്ടിക്കും.

കുടുംബം പോലെയുള്ള വ്യവസ്ഥകളെ സംരക്ഷിക്കുന്നതില്‍ മധ്യവര്‍ഗ്ഗത്തിനുള്ള പങ്ക് മറ്റൊരു അടയാളമാണ്. സ്നേഹം, ദയ, കരുണ, സഹതാപം, സഹാനുഭൂതി തുടങ്ങിയ വികാരങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ വില കല്‍പ്പിക്കുന്നു. വീടും കുടുംബാംഗങ്ങളും ബന്ധങ്ങളും പരാമര്‍ശിക്കുന്ന സിനിമകളെ തങ്ങളുടെ വ്യക്തിജീവിതവുമായി യഥാതഥതാരതമ്യം നടത്തി നിര്‍വൃതി കണ്ടെത്തല്‍ മധ്യവര്‍ഗ മനോഭാവത്തിന്‍റെ പ്രത്യേകത തന്നെയാണ്. വൈകാരിക ഉപഭോഗം (ഋാീശേീിമഹ രീിൗാലെൃശാെ) എന്ന സംജ്ഞയാണ് മധ്യവര്‍ഗ്ഗത്തിന്‍റെ സിനിമാ താല്‍പര്യത്തെ നിര്‍വചിക്കാന്‍ ഏറ്റവും ഉചിതമാകുക. വൈകാരിക താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തിനായി തീയറ്ററില്‍ പണം ചിലവാക്കി സിനിമ എന്ന ഉല്‍പ്പന്നത്തെ വാങ്ങുക തന്നെയാണ് പ്രേക്ഷകര്‍ ചെയ്യുന്നത്.

ഇങ്ങനെ ലാഭകേന്ദ്രീകൃതമായി, മധ്യവര്‍ഗ്ഗത്തെ ലക്ഷ്യം വെച്ചുകൊണ്ട് അവരുടെ മുഖ്യവൈകാരിക ബലഹീനതകളില്‍ ഒന്നായ കുട്ടിയെ സിനിമ കൃത്യമായി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. വ്യവസായം എന്നതില്‍ കവിഞ്ഞുള്ള നിര്‍ണായക പ്രാതിനിധ്യം സിനിമ കുട്ടിയ്ക്ക് നല്‍കുന്നില്ല. കുട്ടികള്‍ ഉള്‍പ്പെടുകയോ കേന്ദ്രകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുകയോ ചെയ്ത സന്ദര്‍ഭങ്ങളില്‍ പോലും പ്രേക്ഷകരായി കുട്ടികളെ കണക്കാക്കിയിട്ടില്ല. മുതിര്‍ന്ന മധ്യവര്‍ഗ്ഗം തന്നെ ആയിരുന്നു മലയാളസിനിമയുടെ ഉദ്ദിഷ്ട കാണികള്‍ (മേൃഴലേ മൗറശലിരല).

കുട്ടികളുടെ സദാചാര സങ്കല്പങ്ങള്‍ സംബന്ധിച്ച് പ്രത്യക്ഷ വിശകലനം നടത്തുന്ന മലയാള സിനിമകള്‍ പൊതുവെ കുറവാണ്. കൗമാരക്കാരുടെ ലൈംഗിക വേഷങ്ങള്‍ ചിത്രീകരിക്കുന്ന ഇണ (1982), വേനല്‍ കിനാവുകള്‍(1991) തുടങ്ങിയ സിനിമകള്‍ ഒഴിച്ചാല്‍ ബാലാവസ്ഥയിലുള്ള കുട്ടികളെ മലയാള സിനിമ അത്രകണ്ട് പരിഗണിച്ചിട്ടില്ല എന്നു മനസ്സിലാക്കാം. അഥവാ, അവ കുട്ടികളുടെ ലോകം ചിത്രീകരിക്കുന്നു എങ്കില്‍ തന്നെ മുതിര്‍ന്ന മനുഷ്യര്‍ സൃഷ്ടിച്ചെടുത്ത കാല്പനിക സാങ്കല്‍പ്പിക ലോകങ്ങളെയാണ് അവ പ്രതിനിധാനം ചെയ്തത്. കളിയും കളിപ്പാട്ടങ്ങളും കൊഞ്ചലുകളു മായി നിഷ്കളങ്കതയോടെ വീടിന്‍റെ അന്തരീക്ഷത്തെ നിര്‍മലപ്പെടു ത്തുന്ന സാന്നിധ്യങ്ങളായിരുന്നു കുട്ടികള്‍. അല്ലെങ്കില്‍, മുതിര്‍ന്ന വരുടെ ഭാഷയും ചേഷ്ടയും പ്രതികരണ രീതിയും അനുകരിക്കുന്ന കൊച്ചു ലോകങ്ങളുടെ പകര്‍പ്പുകള്‍. അതിലപ്പുറം വരുന്ന സമൂഹത്തിന്‍റെ വിവിധ ശ്രേണിയില്‍ ഉള്‍പ്പെട്ട വ്യത്യസ്ത തരം ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന, പ്രതിസന്ധികളെ തരണം ചെയ്യുന്ന കുട്ടികളെ കുറിച്ചുള്ള സങ്കല്പങ്ങള്‍ അടുത്തകാലത്താണ് സിനിമയില്‍ വിഷയമാകാന്‍ തുടങ്ങിയത്. അവിടെയും കുട്ടികളുടേതാണ് കര്‍ത്തൃത്വം എന്ന് തോന്നിപ്പിക്കു മ്പോള്‍ തന്നെയും സംവിധായകന്‍റെ ഭാവനയിലുള്ള കുട്ടിയാണ് പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നത് എന്ന് കാണാം.

ഉപസംഹാരം

പ്രതിനിധാനപഠനങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുത്ത സിനിമകളില്‍ കുട്ടികളിലെ സദാചാരസന്ദര്‍ഭങ്ങളെ  വിശകലനം ചെയ്തതില്‍ നിന്നുണ്ടായ ഉപസംഹാരം

വ്യവസായം എന്നതില്‍ കവിഞ്ഞുള്ള നിര്‍ണായക പ്രാതിനിധ്യം സിനിമ കുട്ടിയ്ക്ക് നല്‍കുന്നില്ല. ബാലാവസ്ഥയിലുള്ള കുട്ടികളിലെ സദാചാര വികസനത്തെ മലയാള സിനിമ അത്രകണ്ട് പരിഗണിച്ചിട്ടില്ല

കുട്ടികളെ സംബന്ധിച്ച സിനിമകളില്‍ പലപ്പോഴും  സംവിധായകന്‍റെയോ പൊതുസമൂഹത്തിന്‍റെയോ അഭിപ്രായങ്ങളും സങ്കല്പങ്ങളും ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. കുട്ടിക്ക് കര്‍ത്തൃത്വം നല്‍കുന്ന സന്ദര്‍ഭങ്ങള്‍ മലയാളത്തില്‍ തുലോം തുച്ഛമാണ്.

മധ്യവര്‍ഗ്ഗ പൊതുബോധത്തിന്‍റെ പരോക്ഷലാളനമാണ് കുട്ടികളുടെ സദാചാരം സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സിനിമ എടുത്തിട്ടുള്ള നിലപാട്.

ഏതു സാമൂഹിക ശ്രേണിയിലുള്ള കുട്ടിയെ ചിത്രീകരിക്കുമ്പോഴും പ്രേക്ഷകഭൂരിപക്ഷം മധ്യവര്‍ഗമാണ് എന്ന കാരണത്താല്‍ അവരുടെ അഭിരുചിക്കും അഭിപ്രായത്തിനും അനുസരിച്ച്  സന്ദര്‍ഭങ്ങളെ ക്രമീകരിക്കുകയാണ് സിനിമ ചെയ്തിരിക്കുന്നത്.

കുട്ടിയുടെ പ്രതിനിധാനത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന അധികാരരൂപം, നിലനില്‍ക്കുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയുടേതാണ്. മാതൃബിംബത്തിന്‍റെ ശരീരവല്‍ക്കരണം കൊണ്ടും പിതൃ ബിംബത്തിന്‍റെ ആധികാരികത കൊണ്ടും കുട്ടികളുടെ ലോകവീക്ഷണം തന്നെ പക്ഷപാതത്തില്‍ കലാശിക്കുന്നു.  

സംസ്കാരപഠന മേഖലയിലെ ശ്രദ്ധിക്കപ്പെടേണ്ട വിഭാഗമാണ് കുട്ടികള്‍. സിനിമയുടെ പാശ്ചാത്തലത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട നിരവധി പഠനസാധ്യതകള്‍ ഇനിയും അവശേഷിക്കുന്നു.

കുറിപ്പുകള്‍ 

1. "Film is a photographic,narrative,performing,pictorial and audio visual art. I think that, film is a synthetic medium, in the sense that all these features and more can be found in it. It's like Opera..." Film Art: An Introduction. Bordwell, David. Thompson, Kristin.edition-10,McGraw- Hill Education, 1979 
2. Meaning of the word ' Representation' as per Oxford dictionary: 
a) The action of speaking or acting on behalf of someone or the state of being so represented. b) The description or portrayal of someone or something in a particular way.
3. "Representation is thus proxy and portrait" (speaking for/ portraying). Spivak, Gayatri Chakravorty. The Post-Colonial Critic: Interviews, Strategies, Dialogues. Ed. Sarah Harasym. New York: Routledge, 1990. Print.
4. "There is no objective truth human can identify.Every thing is filled through a language system.The politics of language is that it will attempt to control what meanings are put into circulation."Hall, Stuart. Cultural representations and signifying practices. SAGE Publications Ltd, 1997
5. Jean Piaget's Theory of Moral reasoning.
6. The Theory of Moral Development, Lawrence Kohlberg

ഗ്രന്ഥസൂചി

ഇറവങ്കര, മധു. മലയാള സിനിമയിലെ അവിസ്മരണീയര്‍. ചിന്താ ബുക് സ്, തിരുവനന്തപുരം, 2011
ചന്ദ്രശേഖരന്‍, എം. എ. മലയാള സിനിമ ആദ്യകാല പടവുകള്‍.  റാസ്പ്ബെറി ബുക്സ്, കോഴിക്കോട്,2014
ജിതേഷ്, ടി. ഡോ. സിനിമയുടെ വ്യാകരണം, ഒലീവ് ബുക്സ്
ജിതേഷ്. ടി. ചലച്ചിത്ര സിദ്ധാന്തങ്ങള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2014
ജേക്കബ്, ഷാജി. പൊതുമണ്ഡലവും മലയാളഭാവനയും. കൈരളി ബുക്സ് പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂര്‍, 2014
ജോസഫ്, വി. കെ. കാഴ്ചയുടെ സംസ്കാരവും പൊതുബോധ നിര്‍മിതിയും. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം,കോട്ടയം,2013
നീലന്‍. സിനിമ സ്വപ്നം ജീവിതം.  ഗ്രീന്‍ ബുക്സ്, തൃശൂര്‍,2016
രാജകൃഷ്ണന്‍,വി. കാഴ്ചയുടെ അശാന്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2011
രാധാകൃഷ്ണന്‍,പി. എസ്. ചരിത്രവും ചലച്ചിത്രവും ദേശഭാവനയുടെ ഹര്‍ഷ മൂല്യങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2010
രാമചന്ദ്രന്‍, ജി.പി. സിനിമയും മലയാളിയുടെ ജീവിതവും. (2010) സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം,1998
വാണിമേല്‍, കുഞ്ഞിക്കണ്ണന്‍. സിനിമയും മനസ്സും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2010.
വിജയകൃഷ്ണന്‍. സിനിമയുടെ കഥ. മാതൃഭൂമി പബ്ലിഷേഴ്സ്, കോഴിക്കോട്, 2007
വെങ്കടേശ്വരന്‍, സി. എസ്. ടെലിവിഷന്‍ പഠനങ്ങള്‍ നമ്മെയൊക്കെയും ബന്ധിച്ച സാധനം, മാതൃഭൂമി ബുക്സ്, കോഴിക്കോട്,2014
ഷണ്‍മുഖദാസ്, ഐ . ശരീരം നദി നക്ഷത്രം. കറന്‍റ് ബുക്സ്, തൃശ്ശൂര്‍,2014.
സജീഷ്,എന്‍.വി. തിരമലയാളത്തിന്‍റെ അവസ്ഥാന്തരങ്ങള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2007
Andrew,James.Concepts in film theory.Oxford University Press,1945
Andrew, Tudor. Film Theory: Theorotical Approach. Routledge Publishers,1974
Gladwell, Malcolm. The Tipping Point: How Little Things Can Make a Big Difference. Boston: Little, Brown, 2000. 
Hall,Stuart. Cultural representations and signifying practices. SAGE Publications Ltd, 1997
Hall,Stuart.Cultural Studies 1983: 
A Theoretical History 
Hall,Stuart. cultural Identity and diaspora, web, pdf
Shohat, Ella. "The Struggle over Representation: Casting, Coalitions, and the Politics of Identification." Late Imperial Culture. Eds. Roman de la Campa, E. Ann Kaplan and Michael Sprinkler. New York: Verso, 1995. Print.
Spivak, Gayatri Chakravorty. The Post-Colonial Critic: Interviews, Strategies, Dialogues. Ed. Sarah Harasym. New York: Routledge, 1990. Print.
Sprinker,Michael ,  Kaplan ,Ann .E, et.all (Edtd). Late Imperial Culture,1995
Zigon,Jarret. Morality: An anthropological perspective ,Bloomsbury Publishing India Private Limited, by 2008

സിനിമകള്‍

ചന്ദ്രന്‍, ടി. വി. ഓര്‍മകളുണ്ടായിരിക്കണം. 1995,
മലയില്‍, സിബി. എന്‍റെ വീട് ആപ്പൂന്‍റേം.2003,
രാഘവന്‍, മോഹന്‍. ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി, 2010, 
ആദില എ കബീര്‍
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാള വിഭാഗം
സേക്രഡ് ഹാര്‍ട്ട് കോളേജ്
തേവര, എറണാകുളം