Oppana: Problematising Tradition
Dr. Jameel Ahamed
The analysis of traditional factors and performative elements of an art form can also help in understanding the culture and history of a community associated with it. This is often a major source of folklore studies. Studies on such art forms open up the nature and method of cultural interactions within a community. Oppana is a significant folk art form among the Muslim communities in Kerala as it is one of the rarest art forms performed by Muslim women. As a dance form of a community which functions highly on group interactions and is significantly popular among people, the elements of traditions associated with it gain prominence. This article emphasises the cultural analysis of the art form focusing on the power relations in its traditions.
ഒപ്പന: പാരമ്പര്യത്തിലെ പ്രശ്നഘടകങ്ങള്‍
ഡോ. ജമീല്‍ അഹ്മദ്
ഒരു സമുദായത്തിന്‍റെ കലകളുടെ പാരമ്പര്യഘടകത്തെയും അതിന്‍റെ അവതരണപരമായ ഘടനകളെയും വിശകലനം ചെയ്യുന്നത് ആ സമുദായത്തിന്‍റെ ചരിത്രത്തെയും സംസ്കാരത്തെയും വിശകലനം ചെയ്യുന്നതിന് സഹായിക്കും. നാടോടിവിജ്ഞാനീയത്തിന്‍റെ പ്രധാന ഉപലബ്ധിയും അതാണ്. വിവിധ സമുദായങ്ങള്‍ പരസ്പരം നടത്തുന്ന സാംസ്കാരികമായ കൊള്ളക്കൊടുക്കലുകളെയും സമുദായത്തിന്‍റെ അതിനകത്തുതന്നെയുള്ള വിനിമയസ്വഭാവങ്ങളെയും അളക്കാനും അറിയാനും ഈ പഠനങ്ങള്‍ വഴിതുറക്കും. കേരളത്തിലെ മുസ്ലിം മാപ്പിളമാരുടെ കലകളില്‍ അപൂര്‍വമായ സ്ത്രീ കലാവിഷ്കാരം എന്നതിനാലും അതിലെ ഏറ്റവും ജനപ്രിയമായ ഒരിനം എന്നതിനാലും ഒപ്പന എന്ന നാടന്‍കലയെ ആസ്പദമാക്കിയ ചില സാംസ്കാരിക വിശകലനങ്ങളാണ് ഈ പ്രബന്ധം മുന്നോട്ടുവെക്കുന്നത്. പ്രധാനമായും ഒപ്പനയിലെ പാരമ്പര്യത്തിലെ അധികാരഘടകങ്ങളെയാണ് ഈ പഠനത്തിന്‍റെ ഭാഗമായി പരിശോധിക്കുന്നത്. ഒരു സാമുദായിക കലയെ വിശകലനം ചെയ്യുന്ന ഘട്ടത്തില്‍ അതിന്‍റെ കൂട്ടായ്മയുടെ സ്വഭാവത്തിലും ജനപ്രിയതയുടെ ഘടകങ്ങളിലും ഉള്ള പാരമ്പര്യത്തിന്‍റെ പശ്ചാത്തലമാണല്ലോ കൂടുതല്‍ പരിഗണിക്കേണ്ടത്.
ഫോക്ലോറും പാരമ്പര്യവും
ഒരു കല ഫോക്ലോര്‍ ആയി നിര്‍ണയിക്കുന്നതില്‍ അതിന്‍റെ പഴക്കവും പാരമ്പര്യവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാക്തനത എന്ന ഘടകം ഇനിയും വേണ്ടത്ര കൃത്യമായി നിര്‍വചിക്കപ്പെടുകയോ നിശ്ചയിക്കുകയോ ചെയ്തിട്ടില്ലെന്നത് ഫോക്ലോര്‍ എന്ന പഠനപദ്ധതിയുടെ സഹജമായ പ്രശ്നമാണ്. (ഫോക്ലോര്‍: 129). തലമുറകളായി കൈമാറിവന്നതിനെയാണ് പൊതുവെ പാരമ്പര്യം എന്ന് പറയാറുള്ളത്. എത്ര തലമുറ കൈമാറിയാലാണ് ഒരറിവ് പാരമ്പര്യമായി പരിഗണിക്കപ്പെടുക എന്നത് നിയതമല്ല താനും. ഒരു ദേശത്തിലെ വിവിധ സമുദായങ്ങളില്‍ ഏറ്റവും ദൃശ്യത ലഭിച്ച വിഭാഗങ്ങളുടെ കലകള്‍ കൂടുതല്‍ പഴക്കമുള്ളതായി അംഗീകരിക്കപ്പടുക സ്വാഭാവികമാണ്. അതേസമയം പൊതുസമൂഹത്തിന്‍റെ അരികുകളില്‍ പെട്ടുപോയ ദുര്‍ബല സമുദായങ്ങളുടെ തനതായ ആവിഷ്കാരരീതികള്‍ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലും വിരളമായിരിക്കും. അതുകൊണ്ടൊക്കെത്തന്നെ ഒപ്പനയെപ്പോലുള്ള ഒരു ന്യൂനപക്ഷ സമുദായ കലാരൂപത്തിന്‍റെ പ്രാക്തനത നിര്‍ണയിച്ചുവെക്കുക എളുപ്പമല്ല. ഇന്ന് അവതരിപ്പിക്കപ്പെടുന്ന ഒപ്പന ആ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു തുടങ്ങിയതിന്‍റെ രേഖപ്പെടുത്തപ്പെട്ട ചരിത്ര ത്തെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ. ഒപ്പന മാത്രമല്ല കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ എല്ലാ മാപ്പിളക്കലകള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടതുമുണ്ട്.
ڇമാപ്പിളകലچ എന്ന സാങ്കേതിപദത്തെ ഹൈന്ദവകല, ദലിത്കല, ക്രിസ്തീയകല എന്നതുപോലെ മനസ്സിലാക്കാനാവില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. മറ്റു മതവിഭാഗങ്ങളുടെ കലകളെപ്പോലെ മാപ്പിളകലകള്‍ക്ക് മതാത്മകമായ അനുഷ്ഠാനപരതയോ ആവിഷ്കാരതലമോ കൂടുതലില്ല എന്നതാണ് അതിന് പ്രധാന കാരണം. മാപ്പിളമാരുടെ മതമായ ഇസ്ലാം, മതവിശ്വാസ ത്തിന്‍റെയോ അനുഷ്ഠാനത്തിന്‍റെയോ ഭാഗമായി പ്രത്യേക കലാവിഷ്കാരങ്ങളെ സ്വീകരിച്ചിട്ടില്ല. എന്നാല്‍, ലോകത്തെമ്പാടുമുള്ള ഓരോ മുസ്ലിം സമുദായവും പ്രാദേശികമായ ചുവടുകള്‍, താളങ്ങള്‍, സംഗീതം, സാഹിത്യരൂപം എന്നിവയെ തങ്ങളുടെ ദൈനംദിന ജിവിതാവിഷ്കാരങ്ങളില്‍ സ്വാംശീകരിച്ചിട്ടുണ്ട്. മതത്തിന്‍റെ അടിസ്ഥാനനിയമങ്ങളെ ലംഘിക്കാത്തിടത്തോളം അവയെ മതവിരുദ്ധമായി പൊതുവെ കാണാത്തതിനാല്‍ മുസ്ലിം സമുദായത്തിന്‍റെ അരികിലും അകത്തുമായി പലതരം കലാവിഷ്കാ രങ്ങള്‍ പാരമ്പര്യമായിത്തന്നെ നടന്നുപോരുന്നുണ്ട്. കേരളത്തിലെന്നല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും ഇത്തരം പ്രാദേശികാവിഷ്കാരങ്ങളുടെ സമ്പന്നമായ സാംസ്കാരിക കലാ വൈവിധ്യങ്ങളുണ്ട്. കേരളത്തില്‍ മാപ്പിളമാര്‍ കടന്നുവന്ന കാലം ചരിത്രരചയിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ അഭിപ്രായവ്യത്യാസങ്ങളുള്ളതാണ്. എങ്കില്‍ത്തന്നെയും മാപ്പിളമാര്‍ ഒരു സജീവസമുദായമായി കേരളത്തില്‍ എന്ന് രൂപീകരിക്കപ്പെട്ടുവോ, അന്നുമുതലേ എന്തെങ്കിലും തരത്തിലുള്ള കലാവിഷ്കാരങ്ങള്‍ അവരുടെ ഇടയിലും ഉണ്ടായിരിക്കുമെന്നത് ഉറപ്പാണ്. അതില്ലാത്ത ഒരു സമുദായത്തിനും നൂറ്റാണ്ടുകളോളം അതിജീവിക്കുവാന്‍ സാധിക്കുകയില്ലല്ലോ. കേരളത്തിന് ഒരു പൊതുപാരമ്പര്യമുണ്ടെന്നും അതില്‍നിന്ന് മാപ്പിളമാരുടെ പാരമ്പര്യം വേറെയാണെന്നുമുള്ള സങ്കല്‍പനം അധീശപരമായ പൊതുബോധ നിര്‍മിതിയാണ്. മാപ്പിളകല, ക്രിസ്തീയ കല, ദലിത് കല, ആദിവാസി കല എന്നീ ഉപദേശീയതകളെയെല്ലാം മാറ്റിനിറുത്തിയാല്‍ ബാക്കിയാകുന്നതാണ് പൊതുവായ കേരളീയകല എന്ന സാമാന്യധാരണ ഇപ്പോഴും ശക്തമാണുതാനും. ആ പൊതുബോധത്തെ മറികടന്നുകൊണ്ടോ നിരാകരിച്ചുകൊണ്ടോ മാത്രമേ മാപ്പിളകലകളുടെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കാനാവുകയുള്ളൂ.
എന്താണ് ജനപ്രിയ കല എന്ന ചോദ്യമാണ് മൂന്നാമത്തെ പ്രശ്നം. കേരളത്തിലെ മുസ്ലിം പാരമ്പര്യസമൂഹങ്ങളില്‍ നടപ്പുള്ള കുത്തുറാത്തീബ്, സൂഫീ നൃത്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഖ്സ, ചില ത്വരീഖത്തു വിഭാഗക്കാര്‍ നടത്താറുള്ള സമാ എന്നിവ പോലെയുള്ള അനുഷ്ഠാനങ്ങളിലെ കലാപരമായ അംശങ്ങളെ മാത്രം മുന്‍നിറുത്തി അവയെ ജനപ്രിയ അവതരണകലകളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയുകയില്ല. കേരളത്തിലെ എല്ലാ മുസ്ലിംകളും മാപ്പിളമാരല്ല എന്നതിനാല്‍ കേരളീയ മുസ്ലിം കലകളെല്ലാം മാപ്പിളകലകളാവുകയുമില്ല. മുസ്ലിംകള്‍ക്ക് പൊതുവായുള്ളതും മാപ്പിളമാര്‍ക്ക് പ്രത്യേകമായുള്ളുതുമായ കലകളും കേരളത്തിലുണ്ട്. തെക്കന്‍ കേരളത്തിലെ മുസ്ലിംകളുടെ ആവിഷ്കാര രീതികളായ റമ്മടി (ഡ്രം ഉപയോഗിച്ചുള്ള കലാരൂപം)പോലുള്ള കലകളെ പൊതുവെ കേരളീയ പാരമ്പര്യ മുസ്ലിം കലാരൂപമായി പരിഗണിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഒപ്പനയും ദഫ്ഫുമുട്ടും കോല്‍ക്കളിയുമാണ് ഏറ്റവും പ്രചാരത്തിലുള്ള മാപ്പിളക്കലകള്‍. അവയെത്തന്നെയാണ് കേരള മുസ്ലിംകളുടെ പാരമ്പര്യ കലകളായി പരിഗണിക്കുന്നത് എങ്കിലും ڇഏത് പാരമ്പര്യം?چ എന്ന പ്രശ്നം അപ്പോഴും സജീവമാവുന്നു. എന്തുകൊണ്ട് തെക്കന്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് തനതായതും തനിമയുള്ളതുമായ കലാവിഷ്കാരരീതികളുണ്ടായില്ല എന്നതും, അങ്ങനെ ഉണ്ടെങ്കില്‍തന്നെ എന്തുകൊണ്ട് അതിനെ മാപ്പിളകലകളുടെ കൂട്ടത്തില്‍ പെടുത്തിയില്ല എന്നതും ഇതോടൊപ്പം ചിന്തിക്കേണ്ട വസ്തുതയാണ്.
കേരളത്തിലെ പല പാരമ്പര്യകലകളെയും ഇന്ന് കുറ്റിയറ്റുപോകാതെ നിലനിറുത്തുന്നത് പലതരത്തിലുള്ള മത്സരവേദികളാണ്. ഒരു മത്സരയിനം എന്നനിലക്ക് അവ അവതരിപ്പിക്കുമ്പോള്‍ പാരമ്പര്യത്തിന്‍റെ ഘടകങ്ങള്‍ വളരെ പ്രത്യക്ഷമായി ബോധ്യപ്പെടുത്തേണ്ടിവരും. കാരണം, വിജയിയെ നിര്‍ണയിക്കുന്നതില്‍ പാരമ്പര്യവുമായുള്ള ചേര്‍ച്ച പ്രധാന നിബന്ധനയോ പരിഗണനയോ ആയി വരുന്നുണ്ട്. പാരമ്പര്യകലകളുടെ വൈവിധ്യങ്ങളെയും നവീകരണങ്ങളെയും ഒരു പരിധിവരെ തടഞ്ഞുനിറുത്തുന്നതും ഈ മത്സരനിബന്ധനകളാണ്. കേരളത്തിലെ വിവിധ ദലിത് വിഭാഗങ്ങള്‍ വൈവിധ്യപൂര്‍ണമായ ചിട്ടകളിലൂടെ അവതരിപ്പിച്ചുപോരുന്ന ചവിട്ടുകളിയും പരിചയമുട്ടുകളിയും വരെ ഒറ്റ വേഷവും ഒറ്റച്ചുവടുകളുമായി ഉറച്ചുപോയത് മത്സരവേദികളുടെ സ്വാധീനംകൊണ്ടാണെന്നത് സത്യമാണ്. മാപ്പിളകലകള്‍ക്ക് നിശ്ചയിച്ച അത്തരം നിബന്ധനകള്‍ എന്താണ് എന്നതും അവ ആരാണ് നിര്‍ദേശിച്ചത് എന്നതും അവര്‍ നിര്‍ണയിച്ചതു തന്നെയാണോ യഥാര്‍ഥ പാരമ്പര്യം എന്നതും ഈ വിഷയത്തിലെ മറ്റൊരു ക്രമപ്രശ്നമാണ്.
ഇത്രയും വസ്തുതകള്‍ പശ്ചാത്തലമായി മനസ്സിലാക്കി ക്കൊണ്ട്, ഒപ്പന എന്ന മാപ്പിളകലയുടെ പാരമ്പര്യത്തിന്‍റെ ഘടകങ്ങളെ വിശകലനം ചെയ്യാവുന്നതാണ്. നാട്യത്തിന് പ്രാധാന്യമില്ലാത്ത നൃത്തകലയായതിനാല്‍ ആഹാര്യത്തിന്‍റെയും വാചികത്തിന്‍റെയും ഘടകങ്ങളാണ് ഒപ്പനയില്‍ പ്രധാനപ്പെട്ടത്. അവയില്‍ ആഹാര്യഘടന(കോസ്റ്റ്യും പാറ്റേണ്‍) യിലെ പാരമ്പര്യത്തിന്‍റെ ഘടകങ്ങളെ മാത്രമാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
ഒപ്പന എന്ന പാരമ്പര്യകല
ഒപ്പന എന്ന വാക്കിന് ഉപമ, താരതമ്യം, യോജിപ്പ്, ആഭരണം, ചമയപ്പന്തല്‍ എന്നൊക്കെയാണ് അര്‍ഥമെങ്കിലും ആ അര്‍ഥത്തില്‍ ഇന്നാരും ڇഒപ്പനچ എന്ന് പ്രയോഗിക്കാറില്ല. ഒപ്പം, ഒപ്പരം എന്നീ വാക്കുകള്‍ കൂടെ, ഒരുമിച്ച് എന്ന അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. മാപ്പിളപ്പാട്ടിലെ സവിശേഷമായ ഒരു ഈണവ്യവസ്ഥയുടെ പേരും ഒപ്പന എന്നാണ്. ഒപ്പന എന്ന കലാരൂപമൂണ്ടാകുന്നതിനും മുമ്പ് രചിക്കപ്പെട്ട ഒരു പ്രാചീന മാപ്പിളകാവ്യത്തില്‍ നിന്നാണ് ഈ ഇശല്‍ പ്രചാരത്തിലായത്. അതിനാല്‍ ആ ഈണവും ഇന്നത്തെ ഒപ്പനയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടാകാനിടയില്ല. ഒപ്പനമുറുക്കം എന്ന പേരിലും ഇപ്പോള്‍ ഈ ഇശല്‍ അറിയപ്പെടുന്നു. അറബിയിലെ മദീദ് എന്ന വൃത്തത്തിന്‍റെ അനുകരണമാണ് ഈ ഈണം. ڇതശ്രിഫുമുബാറക്കാദരവായ നബി ഉമ്മത്തിമാര്‍ക്ക്... എന്ന പ്രസിദ്ധമായ ഒപ്പനഗാനം ഈ ഇശലിലാണുള്ളത്. (ഇസ്ലാമിക വിജ്ഞാനകോശം: വാള്യം 7 - 238). കണ്ണൂരിലെ അറയ്ക്കല്‍ ആലിരാജ(ഹബീബ് സുല്‍ത്താന്‍)യുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച സാംസ്കാരിക സമ്മേളനത്തില്‍ മോയിന്‍കുട്ടിവൈദ്യര്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ അവതരിപ്പിക്കപ്പെട്ട കോല്‍ക്കളിക്കുശേഷം കൈകൊട്ടി പാടാന്‍ ഒപ്പന ചായല്‍, മുറുക്കം എന്നീ രചനകള്‍ അദ്ദേഹം നിര്‍വഹിച്ചുവെന്നും പറയപ്പെടുന്നുണ്ട്. മാപ്പിളമാരുടെ കല്യാണസദസ്സുകളിലെ കൈക്കൊട്ടിപ്പാട്ടിന് ഒപ്പന എന്ന പേരു കിട്ടുന്നത് ഏറക്കുറെ 1945 നുശേഷം മാത്രമാണ് (ഇസ്ലാമിക വിജ്ഞാനകോശം. വാള്യം 7. 236). കല്യാണപ്പാട്ടുകാര്‍, വട്ടപ്പാട്ടുകാര്‍, മുഖത്താളപ്പാട്ടുകാര്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന ഒരു പാട്ടുപാടല്‍ രീതിയാണ് പിന്നീട് ഒപ്പനയായി മാറിയത്. വട്ടത്തില്‍ ഇരുന്നു മാത്രം പാടിയിരുന്ന ഈ കലാരൂപത്തിന് അന്നുവരെ കൃത്യമായ വേഷവിധാനവും ഇല്ലായിരുന്നു. മധ്യവയസ്സു കഴിഞ്ഞ വിവാഹിതകള്‍ മാത്രമാണ് ഈ കൂട്ടപ്പാട്ട് പാടിയിരുന്നത്. വിവാഹം, മാര്‍ക്കക്കല്യാണം (ആണ്‍കുട്ടികളുടെ ലിംഗാഗ്രചര്‍മം ഛേദിക്കുന്ന ചടങ്ങ്), മുടികളയല്‍ (കുട്ടികളുടെ തലമുടി ആദ്യമായി നീക്കംചെയ്യുന്ന ചടങ്ങ്), നാല്പതുകുളി (പ്രസവാനന്തരം നാല്പത് ദിവസം തികയുന്നതിനോടനുബന്ധിച്ച വിരുന്ന്) തുടങ്ങിയ വിശേഷാവസരങ്ങളിലാണ് ഒപ്പന നടന്നിരുന്നത്. വിവാഹസമയത്തുള്ള ഒപ്പനപ്പാട്ട് ആദ്യകാലങ്ങളില്‍ അവതരിപ്പിച്ചിരുന്നത് ആണുങ്ങളായിരുന്നു. ആണുങ്ങളുടെ ഒപ്പനയില്‍ മാത്രമാണ് മണവാളന്‍ നടുക്കിരിക്കുന്ന പതിവുമുണ്ടായിരുന്നത്. വീടിന്‍റെ അകത്തളത്തില്‍ സ്ത്രീകളെ മാത്രം കാഴ്ചക്കാരാക്കി സ്ത്രീകളുടെ ഒപ്പനപ്പാട്ടും നടന്നിരുന്നു.
പാട്ടിനനുസരിച്ച് കൈ കൊട്ടുന്നവരും കൊട്ടാത്തവരും ഉണ്ടായിരുന്നു. വായ്പാട്ട് ഹലാല്‍ (മതപരമായി അനുവദനീയം) ആണെങ്കിലും കൈ മുട്ടി താളമിടുന്നത് മതപരമായി അനുവദനീയമാണോ എന്ന ചര്‍ച്ച മതപണ്ഡിതര്‍ക്കിടയിലെ ഒരു സംവാദവിഷയമായി അക്കാലത്ത് കടുത്തു. ഇത് വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കുകയും ചെയ്തു. മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ബൈത്ത് എന്ന സ്തുതിഗാന കലാരൂപത്തില്‍ ഹദ്റമി, ശാദുലി എന്നീ രണ്ടു സ്വൂഫീധാരകളില്‍ ഹദ്റമി വിഭാഗത്തിന് താളം പതിവില്ല, ശാദുലിക്ക് ഉണ്ടുതാനും. ഹദ്റമി ബൈത്തിന് കൊയിലാണ്ടി ബൈത്ത്چഎന്നും പേരുണ്ടായിരുന്നു. ഈ വ്യത്യാസമായിരിക്കണം ആണ്‍ ഒപ്പനയിലെ കൈകൊട്ടലിന്‍റെ സാധുതയെക്കുറിച്ച് മതപരമായ സംവാദങ്ങളുണ്ടാക്കിയത്. ഏതായാലും ഈ പേരില്‍ കോഴിക്കോട് കുറ്റിച്ചിറയിലെ മാപ്പിളമാര്‍ക്കിടയില്‍ വലിയ മതവഴക്കുകളുണ്ടാവുകയും പരസ്പരം വൈവാഹിക ബന്ധങ്ങള്‍ വരെ വിലക്കപ്പെട്ട സാമുദായിക വിഭജനമായി അത് മാറുകയും ചെയ്തു. ഒപ്പനയ്ക്ക് കൈത്താളം വേണമെന്ന് അഭിപ്രായമുള്ളവര്‍ മുട്ടുള്ളവര്‍ എന്നും എതിരഭിപ്രായമുള്ളവര്‍ മുട്ടില്ലാത്തവര്‍ എന്നും അറിയപ്പെട്ടു. ഇസ്ലാമികമായ വിധിവിലക്കുകള്‍ ഒരു കലയുടെ അവതരണവുമായി മാത്രമല്ല, മുസ്ലിമിന്‍റെ സാധാരണ ജീവിതവുമായി വരെ ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നാണ് ഈ ഒപ്പനവിവാദത്തിലെ സാംസ്കാരികമായ പാഠം.
പ്രായമേറിയ പെണ്ണുങ്ങളുടെ കൈമുട്ടിക്കളിയുടെ സ്ഥാനത്ത് ഇന്നത്തെ രീതിയിലുള്ള ഒപ്പനയുടെ പൂര്‍വരൂപം ചേക്കേറിയത് 1935 നു ശേഷമാണ്. കോഴിക്കോട് കുറ്റിച്ചിറയിലെ പുതിയ നാലകത്ത് തറവാട്ടില്‍ ഒരു പെണ്‍കുട്ടിയുടെ കല്യാണത്തോടനുബന്ധിച്ചാണ് ആദ്യമായി അത് നടന്നത്(കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം - 280). സ്വാഭാവികമായും, ആ അവതരണം ഏറെ വിമര്‍ശനങ്ങളും മുസ്ലിം സമുദായത്തിനിടയില്‍ ഉയര്‍ത്തിവിട്ടു. എന്നാല്‍ ജനപ്രിയമായ കലാരൂപം എന്ന പൊതുസമ്മതി അതിന് ലഭിച്ചതിനാല്‍ പല കല്യാണങ്ങളിലും അത് അനുകരിക്കപ്പെട്ടു. മാപ്പിള ജനപ്രിയ സംസ്കാരത്തില്‍ മതപരമായ പണ്ഡിതവിലക്കുകളെ നിരാകരിച്ചുകൊണ്ട് ഇത്തരം ജനകീയസംസ്കാരങ്ങള്‍ ഇങ്ങനെ നിര്‍ബാധം ഒഴുകുന്ന പ്രക്രിയ എപ്പോഴും കാണാനാകും. കാരംസ്, ഫുട്ബോള്‍, സിനിമ, കഥാപ്രസംഗം, നാടകം, ആധുനിക സ്ത്രീവസ്ത്രധാരണം, കല്യാണക്കസര്‍ത്തുകള്‍ എന്നിവയെല്ലാം ഇങ്ങനെ മതപണ്ഡിതരാല്‍ വിമര്‍ശിക്കപ്പെടുന്നതോടൊപ്പംതന്നെ ജനകീയമായി സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് കാണാം (മലയാളമുസ്ലിം. 57).
പെണ്‍കുട്ടികളുടെ ഒപ്പന ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിച്ചത് 1964 ജൂണ്‍ 24 നാണ്. എറണാകുളം വി. ജെ. ടി ഹാളില്‍ മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ അഖില കേരള ബാലജനസഖ്യത്തിന്‍റെ സംസ്ഥാന കലോത്സവത്തിലാണ് കോഴിക്കോട് കുറ്റിച്ചിറയിലെ തീരദേശവീടുകളില്‍ നിന്നുള്ള എട്ട് പെണ്‍കുട്ടികള്‍ ഇത് അവതരിപ്പിച്ചത് (കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം. 280). മുസ്ലിം പെണ്‍കുട്ടികള്‍ സാധാരണ ധരിക്കുന്ന പാവാടയും കുപ്പായവും തട്ടവും അണിഞ്ഞാണ് അന്ന് ആ കലാകാരികള്‍ വേദിയിലെത്തിയത്. മണവാട്ടിയെ നടുവിലിരുത്തി അവതരിപ്പിച്ച ആദ്യ ഒപ്പനയുമായിരുന്നു അത്. മനോരമ പത്രത്തിന്‍റെ പിന്തുണയോടെ അതിനു ലഭിച്ച ജനപ്രിയത മനസ്സിലാക്കി താമസിയാതെത്തന്നെ ഒരു പ്രൊഫഷണല്‍ ഒപ്പന സംഘം കോഴിക്കോട് രൂപീകരിക്കപ്പെട്ടു. ആ സംഘത്തിന്‍റെ നേതാവായിരുന്ന കെ എം കെ വെള്ളയില്‍ എന്ന കലാകാരനാണ് ഇന്നു കാണുന്ന വിധത്തില്‍ ഒപ്പനയുടെ വേഷഭൂഷാദികള്‍ക്കും അടിസ്ഥാന രൂപമുണ്ടാക്കിയത്. കോഴിക്കോട്ടെ കുറ്റിച്ചിറയിലെ പെണ്‍കുട്ടികള്‍ അണിനിരന്ന് കുറ്റിച്ചിറയിലെ കലാകാരന്മാരായ പുരുഷന്മാരുടെ നേതൃത്വത്തില്‍ രൂപംനല്കിയ ഒരു കല എന്നതുകൊണ്ടുതന്നെ കുറ്റിച്ചിറയിലെത്തന്നെ തറവാട്ടുപെണ്ണുങ്ങള്‍ വിശേഷാവസരങ്ങളില്‍ ധരിക്കുന്ന വേഷമാണ് അന്ന് നിര്‍ദേശിക്കപ്പെട്ടത്. ഇന്നും ഒപ്പനയുടെ പൊതു വേഷമായി കേരളംമുഴുക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും അതേ വേഷംതന്നെ. കേരളത്തില്‍ മാപ്പിളമാരുടെ നൂറുകണക്കിന് കൊല്ലത്തെ ചരിത്രത്തില്‍, അറുപതുകൊല്ലം മുമ്പ് മാത്രം, കോഴിക്കോട്ടെ കുറ്റിച്ചിറ എന്ന പ്രദേശത്തു പിറന്ന് അല്പകാലെകൊണ്ട് കേരളമാകെയും വ്യാപിച്ച ഒരു അവതരണകലയെയാണ് മാപ്പിളമുസ്ലികളുടെ ڇപാരമ്പര്യچകല എന്ന് വിളിക്കുന്നത് എന്നത് കൗതുകകരമായ വസ്തുതതയാണ്.
ഒപ്പനയുടെ വേഷവും പാരമ്പര്യവും
കലകള്‍ സാമാന്യ ഭാഷയ്ക്കു പുറത്തുള്ള (നോണ്‍ വെര്‍ബല്‍) ആശയവിനിമയത്തിന്‍റെയും ചിഹ്നവ്യവസ്ഥയുടെയും സംഘടിതരൂപമാണ്. ഒരു സമുദായം അവരുടെ കലാവിഷ്കാര സമയത്ത് എന്ത് ഉടുക്കുന്നു എന്നത്, അവരുടെ കലയിലെ മറ്റു ഘടകങ്ങളെന്നപോലെ, ആ സമുദായത്തിന്‍റെ പ്രപഞ്ചബോധവുമായും വിശ്വാസ-മതാഭിമുഖ്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അവതരണ കലയിലെ വേഷം അവതാരകരുടെ ശരീരത്തിന്‍റെ ഉപഘടകമായിട്ടാണ് വര്‍ത്തിക്കുന്നത്. കഥകളി ഈ വസ്തുതയെ കൂടുതല്‍ വ്യക്തമാക്കും. അതുകൊണ്ടുതന്നെ കലയുടെ ഭാഗമായുള്ള ശരീരചലനങ്ങളെ പരിമിതപ്പെടുത്തുകയോ തടയുകയോ ചെയ്യുന്ന വേഷം ഒരു അവതരണത്തിലും സംഗതമല്ല. കോല്‍ക്കളിയുടെയും ദഫ്മുട്ടിന്‍റെയും വേഷം വ്യത്യസ്തമാകുന്നത് ആ കലകളുടെ അവതരണത്തിന്‍റെയും ചിട്ടകളുടെയും സ്വഭാവഘടനയെ ആസ്പദിച്ചിരിക്കുന്നു. കലാവിഷ്കാരത്തിലെ ശരീരവും ഉടുത്തുകെട്ടും അവതരിപ്പിക്കുന്ന കലയുടെ അര്‍ഥവുമായും ബന്ധപ്പെട്ടിരിക്കുന്നുണ്ട്. മാപ്പിളമാരുടെ ആയോധനകലയായ കോല്‍ക്കളിക്ക് നാടന്‍ കള്ളിമുണ്ടും അയവില്ലാത്ത ബനിയനും ധരിക്കുമ്പോള്‍ പ്രാര്‍ഥനയുടെ സ്വഭാവമുള്ള ദഫ്ഫുമുട്ടിന് തൂവെള്ള വേഷങ്ങളണിയുന്നത് ഈ അര്‍ഥസാധ്യതയെ വിനിമയംചെയ്യാനാണ്. നഗ്നത മറയ്ക്കുക, പ്രകൃതിയില്‍നിന്ന് ശരീരത്തെ പൊതിയുക, സൗന്ദര്യം വര്‍ധിപ്പിക്കുക തുടങ്ങി സാധാരണ ഉടുപ്പിനുള്ള അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കപ്പുറം കലയിലെ ഉടുത്തുകെട്ട് കാണികള്‍ക്ക് ആനന്ദം നല്കുക എന്ന മറ്റൊരു ലക്ഷ്യംകൂടി സാധ്യമാക്കുന്നുമുണ്ട്.
മാപ്പിളകലകളിലെ ഉടുത്തുകെട്ട് സമുദായാംഗങ്ങളുടെ മുന്‍തലമുറയുടെ സാമ്പ്രദായിക വേഷമായാണ് കരുതപ്പെടാറുള്ളത്. മറ്റു സാമുദായിക കലകളിലെ വേഷങ്ങളെപ്പോലെ തന്നെ ഒപ്പനവേഷങ്ങള്‍ ഇന്ന് സാധാരണജീവിതത്തില്‍ ആ മട്ടില്‍ പൊതുവെ ആരും അണിയാറുമില്ല. എന്തിന് മണവാട്ടികള്‍ പോലും ഒപ്പനയിലെ വേഷമല്ല ഇന്ന് തെരെഞ്ഞെടുക്കുന്നത്. പഴയ വേഷമായതിനാല്‍ പാരമ്പര്യത്തെ അതേപടി സ്വീകരിക്കുന്നത് കുറച്ചിലായോ പരിഷ്കാരത്തിനു വിഘാതമായോ ആണ് പൊതുവെ കരുതപ്പെടുന്നത്. മുണ്ടിന്‍റെ കോന്തല, തട്ടത്തിലെ ചുറ്റിക്കെട്ട്, ആഭരണങ്ങളിലെ പഴമ, പെണ്‍കുപ്പായത്തിനു മുന്നിലെ വര, മുണ്ടിനു താഴെയുള്ള കാച്ചി എന്ന കസവുകര, പച്ച ബെല്‍റ്റ്, തലേക്കെട്ടിലെ വാല്, പുതിയാപ്പിളയുടെ കഴുത്തിലെ നീണ്ട മാല, കോല്‍ക്കളിയിലെ കള്ളിമുണ്ട് തുടങ്ങി പാരമ്പര്യത്തിന്‍റെ ഘടകങ്ങളായി കണക്കാക്കുന്ന പലതും നിലവില്‍ മാപ്പിളമാരുടെ പൊതുവേഷങ്ങളില്‍ കാണാത്തവയാണ് എന്നത് ശ്രദ്ധേയമാണ്. അപ്പോള്‍ പാരമ്പര്യം എന്നത് മറ്റൊരു അര്‍ഥത്തില്‍ ڇസമകാലിക കൂട്ടായ്മയുടെ പൊതു സ്വീകാര്യതക്ക് പുറത്തുള്ളത്چ എന്നതുകൂടി ആയിത്തീരും. ഒപ്പനയ്ക്ക് അണിയുന്ന വേഷം ധരിച്ച് ഒരു പെണ്‍കുട്ടി ക്യാമ്പസ്സിലെത്തുന്നത് തമാശയായോ സവിശേഷതയായോ ആണല്ലോ ഇന്ന് കാണുക.
മതവിശ്വാസത്തിന്‍റെ നേരിട്ടുള്ള അധികാരം മാപ്പിളകല കളിലെ ഓരോ അടരിലും വ്യക്തമാണ്. മുസ്ലിം സമുദായത്തിന്‍റെ മറ്റേതൊരു വ്യവഹാരത്തില്‍ പ്രകടമാകുന്നതുപോലെയും, മറ്റേതൊരു സമുദായത്തിന്‍റെ പാരമ്പര്യ കലകളിലുള്ള തിനെക്കാളും ഈ മതാത്മകത മാപ്പിളകലകളില്‍ പ്രകടമാകുന്നു. സ്ത്രീകളുടെ അരങ്ങേറ്റം എന്നത് മതനിഷ്ഠയില്‍നിന്ന് വിരുദ്ധമാണെങ്കില്‍ കൂടി ഇസ്ലാം നിഷ്കര്‍ഷിക്കുന്ന വേഷസംവിധാനത്തില്‍ നിന്ന് ഒപ്പന ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. അതിന്‍റെ ഉടുത്തുകെട്ടുകളിലുണ്ടായിട്ടുള്ള പരിഷ്കാരങ്ങളും മതനിബന്ധന കളില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള തായിരുന്നു. വെള്ള നിറത്തിലുള്ള കാച്ചി (അരികുകളില്‍ കസവുള്ള മുണ്ട്) തന്നെ ഒപ്പനയ്ക്കു വേണമെന്ന നിര്‍ബന്ധം തൊണ്ണൂറുകളിലാണ് ഉണ്ടായത്. മാത്താവ്, കാച്ചി, കസവാരത്തുണി, പച്ചപ്പട്ട്, പുള്ളിത്തുണി എന്നീ പേരുകളിലുള്ള വിവിധ മുണ്ടുകളെല്ലാം പണ്ടത്തെ പാട്ടുകാരത്തികള്‍ ധരിച്ചിരുന്നു. അതിലെ നിറത്തിലും പ്രാദേശിക-വ്യക്തി ഭേദങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒപ്പന ജനപ്രിയമായ ഒരു കലാരൂപമായതോടെ അതിന് ഐകരൂപം ഉണ്ടാക്കുകയും അതാണ് പാരമ്പര്യവേഷമെന്ന് നിശ്ചയിക്കുകയും ചെയ്തു.
ഒപ്പനയിലും കോല്‍ക്കളിയിലും ആദ്യകാലത്ത് ധരിച്ചിരുന്ന വേഷം അത് അവതരിപ്പിക്കുന്ന കാലത്തെ മുസ്ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും സാധാരണ വേഷമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. കോല്‍ക്കളിയില്‍ ധരിക്കുന്ന കഞ്ചിപ്രാക്ക് എന്ന ബനിയന്‍ പോലും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് കാണാം. കസവു പുള്ളികളും വരകളുമുള്ള തുണിയും പുള്ളിയുള്ള തട്ടവും കുപ്പായവും ആണ് കേരളമുസ്ലിംകളുടെ ആഗമനകാലത്തേ ഉള്ള പൊതു വേഷം. പഴയ കേരളത്തിലെ ആണും പെണ്ണും കാല്‍മുട്ടിനു താഴെയും അരയ്ക്കു മേലെയും മറയാത്ത ഒറ്റവസ്ത്രം മാത്രം ഉടുത്തിരുന്ന കാലത്ത് മുസ്ലിംകളുടെ സാധാരണ വസ്ത്രം പോലും ധാരാളിത്തമാണല്ലോ. പണ്ടത്തെ മാപ്പിളപ്പെണ്ണുങ്ങളുടെ ഉടുമുണ്ടിലെ പുള്ളികളുടെ പകര്‍പ്പുകളനുസരിച്ച് കള്ളിയിലെ പുള്ളി, ആമാടപ്പുള്ളി എന്നിങ്ങനെ വിവിധ പേരുകള്‍ ഉണ്ടായിരുന്നു. ഇത് മാപ്പിളമുസ്ലിംകളുടെ പൊതുവേഷത്തിലെ നിറത്തിന്‍റെയും ഡിസൈനിന്‍റെയും വൈവിധ്യമാണ് കാണിക്കുന്നത്. ധനികവീടുക ളിലെ സ്ത്രീകള്‍ സാധാരണവേഷത്തിലും മറ്റുള്ളവര്‍ ആഘോഷാവസരങ്ങളിലും മാത്രമാണ് കസവുമുണ്ടുകള്‍ ഉപയോഗിക്കുക. മത്താവ് എന്നാണിതിനു പേര്. വക്കില്‍ നിറം പിടിപ്പിച്ച വെള്ളക്കാച്ചി, കറുത്ത തുണിയില്‍ കസവുകരയുള്ള സൂപ്പ് തുടങ്ങിയ മുണ്ടുകളും സ്ത്രീകള്‍ ധരിച്ചിരുന്നു (കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഗ്രസ് പ്രബന്ധസമാഹാരം: 550). സ്ത്രീകള്‍ വിശേഷാവസരങ്ങളില്‍ ധരിക്കുന്ന, മാറിടം മുറുക്കിത്തയ്ച്ച ജംബറും അരയിലുടുക്കുന്ന തുണിയും ഇന്ത്യയിലെ മറ്റൊരിടത്തും അക്കാലത്തെ മുസ്ലിം സ്ത്രീക്കില്ലാത്ത വേഷവിധാനമായിരുന്നു എന്ന് ڇമുസ്ലിമീങ്ങളും കേരളസംസ്കാരവുംچ എന്ന കൃതിയില്‍ പി കെ മുഹമ്മദ്കുഞ്ഞി നിരീക്ഷിക്കുന്നുണ്ട്.
മുസ്ലിം സ്ത്രീയുടെ അലങ്കാര വേഷത്തെക്കുറിച്ച് ഒപ്പനപ്പാട്ടുകളില്‍ തന്നെ പരാമര്‍ശമുണ്ട്. ഒപ്പനപ്പാട്ടിലെ കല്‍പനകള്‍ പ്രകാരം മണവാട്ടി ഭൂമിയിലെ ഹൂറിയും ഹൂറികള്‍ സ്വര്‍ഗത്തിലെ മണവാട്ടികളുമാണ്. അത്രയും അലങ്കാരവേഷം അവര്‍ക്ക് ആവശ്യവുമാണ്.
വിസ്താര പുകള്‍ച്ച കൊണ്ടിനിയും നീര്‍ത്താ
നീര്‍ത്തുവതൊക്കെ ഹരീരിനെ ചുറ്റി
ചാര്‍ത്തി വ മക്കനയും ശിരസ്സേറ്റി
ശിരസ്സേറ്റി ചമഞ്ഞുള്ള കുളലി കാതില്‍
ചിങ്കാരപ്പിറ ചുറ്റും അലിക്കത്താലി
അല്ലിയലിക്കില കാതില രണ്ടും
അല്ലൊരു ചെമ്പക പൂവതിലുണ്ട്
ഇല്ലിമുടിക്കൊരു പൂരണ ചെണ്ട്
ചെണ്ടുള്ള മുടി പൂവ് തലക്ക് താജും
ചേര്‍ച്ചയില്‍ മൂടി വളക്കിടയില്‍ താജും
(ചേറ്റുവായില്‍ പരീക്കുട്ടി ഹാജി - സാദത്ത് ബീവി ഒപ്പനപ്പാട്ട്)
ഹരീര്‍ (പട്ടുടുപ്പ്), മക്കന (ശിരോവസ്ത്രം), കമ്മല്‍, വള തുടങ്ങിയ ആഭരണങ്ങള്‍ എന്നിവയൊക്കെ ഈ പാട്ടില്‍ വിശദമാക്കപ്പെടുന്നു.
ഇന്നു നാം കാണുന്ന ഒപ്പനയെ സൃഷ്ടിച്ചതും അത് സംവിധാനിച്ചതും അതിന്‍റെ ലക്ഷണങ്ങള്‍ നിര്‍ണയിച്ചതും പുരുഷന്മാരാണ് എന്നത് മറ്റേതൊരു പാരമ്പര്യകലയെയും പോലെ ഒപ്പനയിലുമുള്ള ആണധികാരത്തെയും സൂചിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ അതിലെ വെറും വേഷക്കാര്‍ മാത്രമായിരുന്നു. അത് ആദ്യമായി സംഘടിപ്പിച്ചവരുടെ പേരുകളില്‍ (പോക്കര്‍ മാസ്റ്റര്‍, ബി മുഹമ്മദ് മാസ്റ്റര്‍, പന്തക്കലക്കത്ത് മമ്മത് കോയ, പുതിയാകാമാക്കാന്‍റകത്ത് മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന അമ്മാന്‍, ഒജ്ജീന്‍റകത്ത് ബഷീര്‍, വലിയകത്ത് റഷീദ്, ചെമ്പുകണ്ടി ഷംസുദ്ദീന്‍, കാമാക്കാന്‍റകത്ത് ആലിക്കോയ, കെ എം കെ വെള്ളയില്‍, പി എന്‍ എം ആലിക്കോയ, യു വി മുഹമ്മദലി, കെ സി ചെലവൂര്‍) രണ്ടു സ്ത്രീകള്‍ മാത്രമാണുള്ളത്; ഒജ്ജീന്‍റകത്ത് ഇമ്പിച്ചായിശാബിയും പുതിയനാലകത്ത് മാളിയേക്കല്‍ ആയിഷാബിയും മാത്രം.
ആധുനിക ജനകീയസംസ്കാരത്തിന്‍റെ ഭാഗമായി ഒപ്പന സിനിമയിലേക്കെത്തിയതോടെ അതിന്‍റെ പരിചരണരീതി കുറേക്കൂടി ആണ്‍നോട്ടത്തിലേക്ക് മാറി. മാപ്പിള സാഹിത്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പി ഭാസ്കരന്‍, രാഘവന്‍ മാസ്റ്റര്‍, ബാബുരാജ് തുടങ്ങിയവരാണ് ഒപ്പനയെ ആദ്യമായി സിനിമയിലേക്കെത്തിച്ചത്. ഒപ്പന പൊതുവേദിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട 1964 ല്‍ തന്നെയാണ് മലയാളസിനിമയിലെ ഒരു നൃത്തരംഗത്ത് ഒപ്പനയുടെ മട്ടിലുള്ള ആദ്യചിത്രീകരവും നടന്നത് എന്നത് അത്ര യാദൃശ്ചികമല്ല. 1964 ഫെബ്രുവരിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ڇകുട്ടിക്കുപ്പായംچ (സംവിധാനം - എം കൃഷ്ണന്‍നായര്‍, നൃത്തസംവിധാനം - കൃഷ്ണരാജ്) എന്ന സിനിമയില്‍ ڇഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ...چ എന്ന പാട്ടിന്‍റെ പിന്തുണയോടെ ചിത്രീകരിക്കപ്പെട്ട ആ ഒപ്പനച്ചുവടുകള്‍ ആവിഷ്കരിച്ചത് കല്യാണരംഗമായിരുന്നില്ല, മറിച്ച് പ്രസവാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷമായിരുന്നു. അതിനുശേഷം മുസ്ലിം കഥപറയുന്ന സിനിമകളിലൊക്കെ ഒപ്പന ജനപ്രിയമായ ഒരു ഐറ്റമായിമാറി. മൊയ്തുപടിയത്തിനെപ്പോലുള്ളവര്‍ വലിയ സംഭാവനകള്‍ ഈ രംഗത്ത് നല്കിയിട്ടുണ്ട്. അതോടെ, വര്‍ണക്കസവുകളാല്‍ ലങ്കിമറിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് ലാസ്യഭാവങ്ങളോടെ കുണുങ്ങുന്ന നര്‍ത്തകിമാരും ശൃംഗാരപ്രധാനമായ ഭാവങ്ങളുള്ള മണവാട്ടിയും ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന ഒപ്പന ജനപ്രിയ നൃത്ത കലാരൂപമായി മാറി. ക്യാമറ നിര്‍ണയിക്കുന്ന കല മറ്റേതൊരു കലയെയും പോലെ ഒപ്പനയെയും പുനര്‍നിര്‍ണയിച്ചു. സിനിമയിലെ ഒപ്പനയുടെ അവതരണക്കാരികളുടെ വേഷഭംഗി പെണ്‍ശരീരത്തെ ക്കൂടി ആശ്രയിച്ചു നില്ക്കുന്നതാകയാല്‍ അതിന്‍റെ അനുകരണമായ സ്റ്റേജ് ഒപ്പനയുടെ വേഷത്തെയും സിനിമ കൊസ്റ്റ്യൂമുകള്‍ സ്വാധീനിച്ചു. അതോടെ ഒപ്പനക്കാരികളുടെ പാട്ടിനും ചുവടുള്‍ക്കും ഉള്ള അതേ പ്രാധാന്യം ഉടുത്തുകെട്ടിനും ലഭിച്ചു.
ഉപസംഹാരം
ചുരുക്കത്തില്‍, ഒപ്പന എന്ന മാപ്പിളമുസ്ലിം സ്ത്രീകലാവിഷ് കാരം കൂടുതല്‍ കാലപ്പഴക്കമില്ലാത്ത ഒരു കലാരൂപമാണ്. മുസ്ലിം പാരമ്പര്യകലകളില്‍ ഏറ്റവുമധികം ബാഹ്യ സ്വാധീനങ്ങള്‍ക്ക് അത് വിധേയപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് അവതരിപ്പിക്കപ്പെടുന്ന ഒപ്പനയുടെ രൂപകല്പനയിലും വേഷത്തിലും ലിംഗപരവും ദേശപരവുമായ അധികാരഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ഒപ്പനയുടെ വേഷം നിര്‍ണയിക്കുന്നതില്‍ മതത്തിന്‍റെയും പുരുഷന്‍റെയും കര്‍തൃത്വമാണ് മുഖ്യമായും ഉണ്ടായിട്ടുള്ളത്. സിനിമയും സ്റ്റേജും ആണ് ഒപ്പനയെ ജനകീയമാക്കിയതെങ്കിലും അവയിലും സ്ത്രീകര്‍തൃത്വം കുറവായേ ഉണ്ടായിരുന്നുള്ളൂ. ആധുനികതയ്ക്കു ശേഷമുണ്ടായ പാരമ്പര്യ വീണ്ടെടുപ്പുകളാണ് ഒപ്പനയെ വീണ്ടും പഴയ സ്ത്രീസ്വത്വ വേഷങ്ങളായ കാച്ചിയിലേക്കും മല്ലുതുണിയിലേക്കും കൈക്കൊട്ടി നടത്തിയത്. അതും പക്ഷേ, സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത മുറികളിലാണ് തയ്യാറാക്കപ്പെട്ടത് എന്നതാണ് പുതിയ രീതിശാസ്ത്രത്തിലുള്ള പഠനങ്ങള്‍ നല്കുന്ന ഉള്‍ക്കാഴ്ച്ച. സ്ത്രീകള്‍ മാത്രം അവതരിപ്പിക്കുന്ന ഏതൊരു പാരമ്പര്യ കലക്കും സംഭവിച്ചതും സംഭവിക്കുന്നതും ഇതൊക്കെത്തന്നെയാണ് എന്നാണ് അതിലെ ഉപപാഠം.
ഗ്രന്ഥസൂചി
സ്ത്രീപക്ഷവായനയുടെ മാപ്പിള പാഠാന്തരങ്ങള്‍ - ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. വചനം ബുക്സ് കോഴിക്കോട്.
മാപ്പിള കലാ ദര്‍ശനം - എഡി. എന്‍ കാദിരിക്കോയ. കേരള സാഹിത്യ അക്കാദമി. 2002.
കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് പ്രബന്ധ സമാഹാരം. എഡി. ഡോ. ജമീല്‍ അഹ്മദ്. ഐ പി എച്ച് കോഴിക്കോട്. 2017.
ഇസ്ലാമിക വിജ്ഞാനകോശം. വാള്യം 7. എഡി. ടി കെ അബ്ദുല്ല. ഐ പി എച്ച് കോഴിക്കോട്. 2001
കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം. പി പി മമ്മദ് കോയ പരപ്പില്‍. വചനം ബുക്സ് കോഴിക്കോട്. 2005.
ഫോക്ലോര്‍. രാഘവന്‍ പയ്യനാട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. 1995.
മുസ്ലിമീങ്ങളും കേരള സംസ്കാരവും. പി കെ മുഹമ്മദ് കുഞ്ഞി. കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍. 1982.
മലയാള മുസ്ലിം. ഡോ. ജമീല്‍ അഹ്മദ്. പ്രതീക്ഷ ബുക്സ്, കോഴിക്കോട്.