Mahmoud Darwish; Poet of resistance
Mohammed Haneefa P
Mahmoud Darwish, known as the ‘National poet of Palestine’ is one of the most discussed poets in the Arab world and beyond since the second half of the 20th century. Mahmood Darweesh, who won many international awards, could not have a peaceful life in his native land for long. He spent his last days in Paris as a refugee after a long period of wandering in many countries like Lebanon, North Africa and Europe. Mahmood Darvesh is a name that activists and youths all over the world who are inspired by the liberation struggles taking place in different parts of the world, still cherish their hearts with excitement. Darwish is the global voice of modern Palestinian poetry When the state of Israel came into being on May 15, 1948, the Palestinian people were subjected to the worst massacres and displacements the world had ever seen. He also has an honorary name “Poet of Resistance”. This article carefully analyzes the poems of revolutionary nature of this creative modern poet.
Reference:
Thabeeshak, Ala Marzuk, (2019) What is Palestine, Internet: Islam on live.in
Mahmoud Darwish, (2017), In The Presence of Absence, translated from Arabic by; Sinan Antoon.
Mahmoud Darwish, (2017), The Butterfly’ s Burden.
Mahmood Darwish, (2006) Why did you Leave the Horse Alone Translated from Arabic by Jeffrey Sacks
മഹ്മൂദ് ദര്‍വീഷ്: പ്രതിരോധത്തിന്‍റെ കവി
ഡോ. മുഹമ്മദ് ഹനീഫ. പി
ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ അറബ് ലോകത്തും പുറത്തും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കവികളിലൊരാളാണ് മഹ്മൂദ് ദര്‍വീഷ്. څഫലസ്തീന്‍റെ ദേശീയ കവി' എന്നറിയപ്പെട്ട കവി, സലീം ദര്‍വീഷ് - ഹുറെയ്യ ദര്‍വീഷ് ദമ്പതികളു ടെ മകനായി 1941 മാര്‍ച്ച് 13ന് ഫലസ്ഥീനിലെ ഗലീലിയയില്‍ അല്‍ ബിര്‍വ്വ എന്ന സ്ഥലത്താണ് ജനിച്ചത്. ഒരുപാട് അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മഹ്മൂദിന്, പക്ഷെ ജന്മനാട്ടില്‍ അധികകാലം ജീവിക്കാന്‍ സാധ്യമായില്ല. ലബനോന്‍, ഉത്തരാഫ്രിക്ക, യൂറോപ്പ് തുടങ്ങി പല നാട്ടിലും അഭയാര്‍ത്ഥിയാ യിക്കഴിഞ്ഞ ദര്‍വീഷ് തന്‍റെ അവസാന കാലം ചെലവിട്ടത് പാരീസിലാണ്. വിമോചന സമര സങ്കല്‍പങ്ങളാല്‍ പ്രചോദിതരായ ലോകത്തെങ്ങുമുള്ള ആക്ടിവിസ്റ്റുകളും യുവാക്കളും ഇന്നും കവിയരങ്ങുകളില്‍ ആഘോഷിക്കുന്ന നാമമാണ് څമഹ്മൂദ് ദര്‍വീഷ്'. 1948 ല്‍ തന്‍റെ ഏഴാമത്തെ വയസ്സില്‍ ഇസ്രായേലികളുടെ അധിനിവേശത്തോടെ ജന്മഗ്രാമമായ അല്‍ബിര്‍വ്വ നിശ്ശേഷം തകര്‍ക്കപ്പെട്ടു. ഫലസ്തീനിയന്‍ പ്രശ്നത്തില്‍ രാഷ്ട്രീയ നിലപാടെടുത്തു പോരാട്ടത്തിനിറങ്ങിയ ദര്‍വീഷ് പല തവണ വീട്ടുതടങ്കലിനും ജയില്‍ വാസത്തിനും ഇരയായി. څചിറകുകളില്ലാ ത്ത പക്ഷികള്‍' എന്ന ആദ്യ കവിതാ സമാഹാരം തന്‍റെ പത്തൊ മ്പതാമത്തെ വയസ്സില്‍ (1960 ല്‍) ഇറക്കി. څഒലീവ് ഇലകള്‍', څരാത്രിയുടെ അവസാനം', څപക്ഷികള്‍ ഗലീലിയയില്‍ മരിക്കുന്നു' എന്നിവ ദര്‍വീഷിന്‍റെ പ്രധാന കവിതാ സമാഹാരങ്ങളാണ്.
ആധുനിക ഫലസ്തീന്‍ കവിതയുടെ ലോക സ്വരമാണ് മഹ്മൂദ് ദര്‍വീഷ്. ദര്‍വീഷും ഇസ്രായേല്‍ ചാരന്‍മാര്‍ ചതിയില്‍ കൊലപ്പെടുത്തിയ കഥാകൃത്തും നാടകകൃത്തുമായിരുന്ന ഗസാന്‍ കനഫാനിയുമാണ് കഴിഞ്ഞ ദശകങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പലസ്തീന്‍ എഴുത്തുകാര്‍. 'ഇവരുടെ കൃതികളില്‍ ഫലസ്തീനിയന്‍ ജനതയുടെ വികാരം, പൊരിയുന്ന വെയിലിലെന്ന പോലെ തിളയ്ക്കുന്നുണ്ട്. ഇവരുടെ തൊണ്ടയില്‍ കണ്ണീരാണ്. കണ്ണുകളില്‍ അഗ്നിയാണ്.2 കവി വിവരിക്കുന്നത് നോക്കാം:
എന്‍റെ പ്രിയപ്പെട്ടവനെ മറയ്ക്കൂ,
എന്തെന്നാല്‍ എന്‍റെ വസ്ത്രങ്ങള്‍ അവന്‍റെ രക്തത്താല്‍ നനഞ്ഞിരിക്കുകയാണ്.
നീ മഴയല്ലെങ്കില്‍, പ്രിയമുള്ളവനേ,
എന്നാല്‍ ഒരു മരമാകൂ.
ഫലഭൂയിഷ്ഠവും ഹരിത സമൃദ്ധവുമായ ഒരു മരമാകൂ.
ഒരു മരമല്ലെങ്കില്‍ പ്രിയമുള്ളവനേ മഞ്ഞുപൊതിഞ്ഞൊരു കല്ലാകൂ.
ഒരു കല്ലല്ലെങ്കില്‍ പ്രിയമുള്ളവനേ ചന്ദ്രന്‍ തന്നെയാകൂ.
നിന്നെ സ്നേഹിക്കുന്നവളുടെ സ്വപ്നങ്ങളില്‍ ചന്ദ്രന്‍ തന്നെയാകൂ.1
സഹസ്രാബ്ദങ്ങളായി കര്‍ഷക ഭൂമിയാണ് ഫലസ്തീന്‍. മണ്ണിന്‍റെ മണവും മര്‍മ്മവും അറിഞ്ഞ കര്‍ഷകരായിരുന്നു ഫലസ്തീനികള്‍. ഫലസ്തീനിലെ പൊന്നുവിളയുന്ന മണ്ണില്‍നിന്നും ഒരു പിടി വാരിയെടുക്കാനായി കുനിയുന്ന തന്‍റെ പിതാവിന്‍റെ വാങ്മയ ചിത്രം ദര്‍വീശ് ഒരു കവിതയില്‍ വരച്ചിട്ടുണ്ട്. മണ്ണുമായി തനിക്കും തന്‍റെ പൂര്‍വികര്‍ക്കുമള്ള നാഭീനാളബന്ധം 'തിരിച്ചറിയല്‍ കാര്‍ഡ്' എന്ന തന്‍റെ ഏറ്റവും പ്രസിദ്ധമായ കവിതയില്‍ അദ്ദേഹം ആവിഷ്കരിക്കുന്നുണ്ട്.
എന്‍റെ ഐഡി നമ്പര്‍ ഒമ്പതിനായിരം
എനിക്ക് എട്ട് മക്കളാണ്
ഒമ്പതാമത്തേത് ഈ വേനലിനു ശേഷം പ്രതീക്ഷിക്കാം
എഴുതിക്കോളൂ ഞാനൊരറബിയാണ്.
കല്ലുവെട്ടാംകുഴിയിലധ്വാനിക്കുന്ന എന്‍റെ സഖാക്കള്‍ക്കൊപ്പം ഞാന്‍ പണി ചെയ്യുന്നു.
എനിക്ക് എട്ടു മക്കള്‍.
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍ നിന്ന് അപ്പക്കഷ്ണം പറിച്ചെടുക്കുന്നു;
ഉടുപ്പുകളും നോട്ടുബുക്കുകളും.
നിങ്ങളുടെ പടിവാതില്‍ക്കല്‍ ഞാന്‍ പിച്ച തെണ്ടുന്നില്ല.
നിങ്ങളുടെ വാതിലോളം ഞാന്‍ തരംതാഴുന്നില്ല.
എന്തിന് നിങ്ങള്‍ക്ക് കോപം വരണം?
ഞാനൊരറബിയാണ്.
ബഹുമതികളൊന്നുമില്ലാത്ത വെറും പേര്.
എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍.
എന്‍റെ വേരുകള്‍ ഉറച്ചത്.
കാലത്തിന്‍റെ പിറവിക്കും മുമ്പ്,
യുഗങ്ങള്‍ പിറക്കുന്നതിനും മുമ്പ്
ദേവതാരുവിനും ഒലിവ് മരങ്ങള്‍ക്കും മുമ്പ്
കളകളുടെ പെരുക്കത്തിനുംമുമ്പ്.
എന്‍റെ പിതാവ് നുകത്തിന്‍റെ കുടുംബത്തില്‍ നിന്നാണ്.
ഊറ്റംകൂടിയ തറവാടുകളില്‍ നിന്നല്ല
എന്‍റെ ഉപ്പുപ്പ കൃഷിക്കാരനായിരുന്നു.
കുലവും വംശാവലിയുമില്ലാത്തവന്‍.
കമ്പും മുളയും കൊണ്ടുണ്ടാക്കിയ കാവല്‍മാടമാകുന്നു എന്‍റെ വീട്.
വീട്ടുപേരില്ലാത്ത വെറും പേരാണ് ഞാന്‍.
എഴുതിക്കോളൂ, ഞാനൊരറബിയാണ്.
മുടിയുടെ നിറം: മഷിക്കറുപ്പ്.
കണ്ണിന്‍റെ നിറം: തവിട്ടുനിറം
തിരിച്ചറിയാനുള്ള അടയാളം: തലപ്പാവിനു മുകളിലെ ചരടുകള്‍.
ഒരു ഗ്രാമത്തില്‍ നിന്നുള്ളവനാണ് ഞാന്‍.
അതിന്‍റെ തെരുവുകള്‍ക്ക് പേരില്ല,
അവിടത്തെ മനുഷ്യരെല്ലാം പാടത്തും പാറമടകളിലുമാണ്.
അതിലെന്തുണ്ടിത്ര ദേഷ്യപ്പെടാന്‍?
നിങ്ങളെന്‍റെ പൂര്‍വ്വപിതാക്കന്മാരുടെ മുന്തിരിത്തോട്ടങ്ങള്‍ കവര്‍ന്നെടുത്തു.
ഞാനുഴുതിരുന്ന നിലവും
എന്നെയും എന്‍റെ കുട്ടികളെ മുഴുവനും കൂടിയും
എന്നിട്ട് ഞങ്ങള്‍ക്കും ഞങ്ങളുടെ ചെറുമക്കള്‍ക്കും കൂടി
നിങ്ങള്‍ വിട്ടു തന്നത് ഈ പാറകള്‍ മാത്രം.3
1948 മെയ് 15ന് ഇസ്രായേല്‍ എന്ന രാഷ്ട്രം നിലവില്‍ വരുമ്പോള്‍ അന്നുവരെ ലോകം ദര്‍ശിച്ചിട്ടില്ലാത്തത്ര ഭീകരമായ കുടിയൊഴിപ്പിക്കലുകള്‍ക്കും കൂട്ടക്കൊലയ്ക്കും ഫലസ്തീന്‍ ജനത സാക്ഷ്യംവഹിച്ചു. കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും നൃശംസനീയ ചെയ്തികളുടെയും അകമ്പടിയോടെയാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിതമാകുന്നത്. സാഹിത്യ മേഖലയില്‍ അതുവരെ മറ്റിതര അറബ് രാജ്യങ്ങളിലെ അവസ്ഥയില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല ഫലസ്തീന്‍ സാഹിത്യം. ചിരപരിചിതമായ ശൈലികളും ഇതിവൃത്തവും രചനാ സങ്കേതങ്ങളും തന്നെയായിരുന്നു അവരുടേതും. എന്നാല്‍ മേല്‍ സൂചിപ്പിക്കപ്പെട്ട രാഷ്ട്രീയ ഗ്രഹണം ഫലസ്തീന്‍ സാഹിത്യത്തെ അതിതീവ്രമായി സ്വാധീനിക്കുകയും ക്രമപ്രവൃദ്ധമായി സാന്ദ്രതയേറിയ ഒരു സാഹിതീയ രീതി രൂപപ്പെടുകയും ചെയ്തു. ഗണ്യമായ ഒരു വിഭാഗം ജനത കുടിയൊഴിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകയോ അയല്‍നാടു കളില്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയോ ചെയ്തു. ഫലസ്തീനിനക ത്തുതന്നെ വിശേഷിച്ച് ജറൂസലേം പോലുള്ള പ്രദേശങ്ങളില്‍ വംശീയമായ വിവേചനങ്ങള്‍ക്ക് അവര്‍ വിധേയരായി. ഈയൊരു ദശാസന്ധിയിലാണ് ബാര്‍ബറാ ഹാര്‍ലോ എന്ന അമേരിക്കന്‍ പ്രൊഫസര്‍ 'പ്രതിരോധ സാഹിത്യം'(അറബിയില്‍ 'അദബുല്‍ മുഖാവമ') എന്ന് പേരിട്ട ഒരു സാഹിത്യ പ്രതിഭാസം ഉദയം ചെയ്യുന്നത്. ഈയൊരു നവീന സാഹിതീയ പ്രവണത വ്യത്യസ്ത കാലഘട്ടങ്ങളില്‍ ലോകത്തിന്‍റെ നാനാഭാഗത്ത് സാന്നിധ്യമറി യിച്ചിട്ടുണ്ട്. കൊളോണിയലിസത്തിനും വിദേശ അധിനിവേശത്തിനു മെതിരെ സാഹിത്യ ലോകത്തിന്‍റെ ചെറുത്തുനില്‍പ്പിനെയാണ് ഈ സംജ്ഞ സൂചിപ്പിക്കുന്നത്. ആധുനികലോകത്ത് പ്രതിരോധ സാഹിത്യ മേഖലയിലെ ഒരുപക്ഷേ ഏറ്റവും ശക്തനായ പോരാളിയാണ് മഹ്മൂദ് ദര്‍വീഷ്. അറബ് ലോകത്തിന് പുറത്ത് ഖലീല്‍ജിബ്രാന്‍ കഴിഞ്ഞാല്‍ അനുവാചകനെ ഏറ്റവുമധികം ത്രസിപ്പിച്ച അറബ് സാഹിത്യകാരനും മഹ്മൂദ് ദര്‍വീഷ് തന്നെ. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനുള്ള മറുപടിയാണ് അതേ പേരിലുള്ള കവിത.
ഞാനാരുടെയും സ്വത്ത് കയ്യേറുന്നുമില്ല.
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ മാംസം ഞാന്‍ ഭുജിക്കും
സൂക്ഷിച്ചിരുന്നോളൂ,
എന്‍റെ വിശപ്പിനെ, എന്‍റെ കോപത്തെ.4
അതിതീക്ഷ്ണമായ ഒരു താക്കീതോടെയാണ് ഈ കവിത അദ്ദേഹം അവസാനിപ്പിക്കുന്നത്. ഒരു ഫലസ്തീനി അനുഭവിച്ച അസ്തിത്വ പ്രതിസന്ധി ഇത്രത്തോളം പ്രതിഫലിച്ച മറ്റൊരു കവിത പിന്നീട് ദര്‍വീഷ് തന്നെ രചിച്ചിട്ടില്ല എന്ന് പല നിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്.
മരണത്തിന്‍ പാറയില്‍ ചേര്‍ത്തുകെട്ടി
ഉടലിനും വാക്കിനും തുടലിട്ട് വിരല്‍ ചൂണ്ടി
അവരലറി 'നീയാണ് കൊലപാതകി.'
ഉടുതുണിയുമന്നവും
കൊടിയും കിനാക്കളും
അവനുള്ളതൊക്കെയവര്‍ കൈക്കലാക്കി.
തടവറയ്ക്കുള്ളിലേക്കവനെ വലിച്ചെറി-
ഞ്ഞവര്‍ വിരല്‍ചൂണ്ടി. 'നീയാണ് കള്ളന്‍'
തുറകളില്‍ നിന്നവനെയവര്‍ തുരത്തി
തന്‍റെ പ്രിയ പെണ്ണിനെയവര്‍ കൈക്കലാക്കി
ദൂരേയ്ക്ക് ദൂരേയ്ക്ക് തള്ളിമാറ്റി
പിന്നെയവനെ വിളിച്ചവര്‍ 'നീയൊരു വിദേശിയാണ്.'
പറയൂ ജ്വലിക്കുന്ന കണ്‍കളോടും
ചോര വറ്റാത്ത നിന്‍ കൈകളോടും
ഈ രാവൊടുങ്ങും, ഇനി ബാക്കിയാവില്ലൊ-
റ്റച്ചങ്ങലക്കണ്ണിയും കല്‍ത്തുറുങ്കും.
നീറോ മരിച്ചു പോയി. റോം മരിക്കില്ല.
കണ്‍മൂര്‍ച്ചയാല്‍ പോരാടി നാം ജയിക്കും.
വെയിലേറ്റുണങ്ങിയൊരു ഗോതമ്പു കതിരിലെ
വിത പോരും താഴ്വരകള്‍ ഹരിതാഭമണിയും.5
സാധാരണക്കാരന്‍റെ ഗ്രാമ്യഭാഷയില്‍ ലളിതപദങ്ങള്‍ നൃത്തമാടുന്ന പ്രാസഭംഗിയില്‍ തങ്ങളുടെ തന്നെ നേരനുഭവങ്ങള്‍ പ്രമേയമാക്കിയത് കൊണ്ട് അനുവാചകര്‍ക്ക് ഒരു വ്യാഖ്യാതാവി ന്‍റെയും സഹായമില്ലാതെതന്നെ ആ ആശയങ്ങള്‍ മനസ്സുകളില്‍ ആഞ്ഞു തറയ്ക്കുന്നതായി. അദ്ദേഹത്തിന്‍റെ പല കവിതകളും ഒരു നാടോടിപ്പാട്ടു പോലെ ചുണ്ടുകള്‍ ഏറ്റു പാടി ഹൃദയതന്ത്രികളെ സാന്ദ്രമാക്കിക്കൊണ്ടിരുന്നു.
'റോസാപ്പൂവും നിഘണ്ടുവും' എന്ന കവിതയില്‍ ഏറെ ഭാവാത്മകമായി അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്:
ഒരു കര്‍ഷകന്‍റെ കൈകളിലൂടെ
ഒരു തൊഴിലാളിയുടെ ചുരുട്ടിയ മുഷ്ടികളിലൂടെ
ഒരു പോരാളിയുടെ മുറിവുകളിലൂടെ വഴിഞ്ഞൊഴുകുന്നുണ്ട്...6 ചിരപരിചിത പദവിന്യാസവും ജീവിതഗന്ധിയായ അനുഭവസാക്ഷ്യങ്ങളും ലളിത യുക്തിക്ക് വഴങ്ങുന്ന പ്രമേയസ്വീകരണവും ദര്‍വീഷിന്‍റെ പ്രതിഭാവിലാസത്തിന്‍റെ അടയാളങ്ങളാണ്. ഫലസ്തീനിലെ കഫര്‍കാസിമില്‍ ഇസ്രായേല്‍ നടത്തിയ നരവേട്ടയ്ക്കും അത്യാചാരങ്ങള്‍ക്കുമെതിരെ ദര്‍വീഷ് നടത്തിയ പ്രതികരണമാണ് 'ഇര നമ്പര്‍18' (ഢശരശോ ചീ. 18) എന്ന കവിത.
ഇപ്പോഴത് ചുവന്നിരിക്കുന്നു.
ഇരകളുടെ രക്തം കൊണ്ട്
വഴിയരികില്‍ ഞങ്ങളുടെ തൊഴിലാളികളുടെ
ട്രക്കുകളവര്‍ തടഞ്ഞുനിര്‍ത്തി
കൂട്ടക്കൊല ചെയ്തു'.7
വേരു പറിച്ചെറിയപ്പെട്ട ഒരു ജനതയുടെ അരക്ഷിതാവസ്ഥ യും സ്വകാര്യ ശൂന്യതയും മൗനനൊമ്പരങ്ങളും 'ഒരു ഫലസ്തീനി വിവാഹം' എന്ന കവിതയില്‍ പ്രതിഫലിക്കുന്നതിങ്ങനെ;
1948 നെ വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ടാണ് 'ഫലസ്തീനി വര്‍ഷം' എന്ന് കവി പറയുന്നത്. 1966 ദര്‍വേഷ് എഴുതിയ 'എന്‍റെ പിതാവ്' (അബീ) എന്ന കവിതയില്‍ -അന്നദ്ദേഹം ഇസ്രായേലിന്‍റെ പരിധിയില്‍ കഴിയുകയാണ് - കരളു പിളര്‍ക്കുന്ന വികാരവായ്പോടെ എഴുതിയ വരികളാണ്;
ഒരു ശവക്കുഴിയും സ്വന്തമായില്ല.
എന്‍റെ പിതാവ് എന്നോട് ഇവിടെനിന്ന് പോകാന്‍ പറഞ്ഞു'.9
ഇങ്ങനെ ശക്തവും വികാരോദ്ദീപകവുമായ പദങ്ങളും ആശയങ്ങളും ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഇന്ധനമായി ഭവിക്കുന്ന തരത്തിലാണ് രചിക്കപ്പെട്ടത്. ഒരു സ്പാനിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കപ്പെടു കയുണ്ടായി: 'താങ്കളുടെ കവിതകള്‍ എന്തുകൊണ്ടാണിത്ര മാത്രം തീവ്രമാകുന്നത്? ജനങ്ങളെ പ്രതിരോധ സമരത്തിന് പ്രേരിപ്പിക്കും വിധം വൈകാരികമാവുന്നത്?' മറുപടി ഇങ്ങനെ: 'ഞാനൊരു കവിയാണ്. എന്‍റെ കവിതയ്ക്ക് പക്ഷേ, ഫലസ്തീനില്‍ ഒഴുക്കപ്പെട്ട രക്തത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല'.10 ഇങ്ങനെ തന്‍റെ തൂലികയുടെ പരിമിതിയെക്കുറിച്ചാണ് അദ്ദേഹം വേപഥു പൂണ്ടത്. 1982 ലെ കുപ്രസിദ്ധമായ ശാബ്ര-ശത്തീല കൂട്ടക്കൊലകെ ളപ്പറ്റി അദ്ദേഹം പറഞ്ഞത്: "അന്ന് ടെലിവിഷന്‍ ഉണ്ടായിരുന്നതു കൊണ്ടാണ് ഒരു കവിതയേക്കാളും ലേഖനത്തേക്കാളുമൊക്കെ ശക്തമായി ഈ സംഭവം ജനമനസ്സുകളിലേക്ക് ആണ്ടിറങ്ങിയത്. എനിക്ക് എന്‍റെ അക്ഷരങ്ങളാണ് കൂട്ടിനുണ്ടായിരുന്നത്. ലോകത്ത് ഒരു ജനതയും അനുഭവിക്കാത്ത ദുരിതങ്ങള്‍ എന്‍റെ ജനത അനുഭവിച്ചിട്ടുണ്ട്. ഫലസ്തീന്‍ദുരന്തം എന്നത് ഒരു ഭാഷയ്ക്കും ഒരു മാധ്യമത്തിനും വഴങ്ങാത്തത്ര മാത്രം ബീഭത്സമാണ്. കൊളോണിയലിസത്തിനും അധിനിവേശത്തിനു മെതിരെയുള്ള എന്‍റെ നിലപാട് എന്‍റെ ജീവിതാനുഭവത്തില്‍ നിന്ന് ഞാന്‍ ആര്‍ജ്ജിച്ചെടുത്തിട്ടുള്ളതാണ്".11
അറബി ഭാഷയുടെ കവി
കേവലം പ്രണയവും സ്തുതിഗീതങ്ങളും വില കുറഞ്ഞ വിലാപങ്ങളും മാത്രം ഇതിവൃത്തമാക്കിയും ആദിമധ്യാന്ത പ്രാസയുക്തിയുടെ അതി പ്രസരത്തിന് സമരസപ്പെട്ടും രമിച്ചിരുന്ന സമകാലീന അറബികവിതാ ലോകത്തെ യാഥാര്‍ത്ഥ്യ നിഷ്ഠവും ജീവിതഗന്ധിയുമാക്കുന്നതില്‍ വിജയിച്ച 'അറബിഭാഷ യുടെ രക്ഷകന്‍' എന്ന തലത്തിലേക്ക് അവരോധിക്കുന്നുണ്ട് മഹ്മൂദ് ദര്‍വീഷിനെ ചില നിരൂപകര്‍. അദ്ദേഹത്തിന്‍റെ രചനകള്‍ ആധുനിക അറബി സംസ്കാരത്തിന്‍റെ ഇഴകളായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ കവിതയില്‍ ദേശീയമായ ബിംബകല്പനകള്‍ കൊണ്ടുവരുമ്പോള്‍ അടിയന്തര പ്രാധാന്യമുള്ള പ്രമേയങ്ങളെ ആവിഷ്കരിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ലളിത പദാവലികള്‍ കൊണ്ട് തന്നെ ഭാവഗീതാത്മകമായ കവിതകള്‍ കവിയുടെ രചനാ വൈഭവം ഉദ്ഘോഷിക്കുന്നു. തന്‍റെ ആദ്യകാല കവിതകളില്‍ സ്വത്വപരമായ ഉത്കണ്ഠ ഒരു അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. പിന്നീട് കുറച്ചുകൂടി പുരോഗമിക്കുമ്പോള്‍ കവിത കൂടുതല്‍ സാന്ദ്രമാകുന്നതായും ബിംബകല്‍പനകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതായും അനുവാചകന് അനുഭവപ്പെടുന്നു. കാവ്യഘടനയ്ക്ക് പ്രകടമായ പരിവര്‍ത്തനം സംഭവിക്കുന്നത് ഈയൊരു ഘട്ടത്തിലാണ്.
അറബി ഭാഷയ്ക്ക് ജന്മസിദ്ധമായ, രചനാപരമായ പ്രഹരശേഷി കണ്ടെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു എന്ന് തെളിയിക്കുന്നതാണ് പുതിയ തലമുറയിലെ അദ്ദേഹത്തിന്‍റെ അനുകര്‍ത്താക്കളുടെ രചനകള്‍. വികാര വിക്ഷുബ്ധതയുടെ ഒരായിരം അഗ്നിപര്‍വ്വതങ്ങള്‍ ഉള്ളിലൊതുക്കിപ്പിടിച്ചുകൊണ്ട് ചടുലമായ ആശയപ്രപഞ്ചം അനുവാചകരില്‍ സന്നിവേശിപ്പിക്കുന്ന കവി, ആവിഷ്കാര കലയ്ക്ക് അതിസാന്ദ്രതയുടെ ഒരു പ്രഭവകേന്ദ്രമായി വര്‍ത്തിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഞാന്‍ മണ്ണായിരുന്നു.
എന്‍റെ വാക്കുകള്‍ രോഷമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു.
എന്‍റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ നദിയായിരുന്നു.
എന്‍റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകളെന്‍റെ ചുണ്ടുകളെ പൊതിഞ്ഞു'.12
മറ്റൊരു കവിതയില്‍
'ബോംബുകള്‍ക്കിടയിലൂടെ നാം നടക്കുമ്പോള്‍
തെരുവുകള്‍ നമ്മെ വളയുന്നുണ്ട്
നിങ്ങള്‍ക്ക് മരണവുമായി പരിചയമുണ്ടോ?
എനിക്ക് ജീവിതമാണ് പരിചിതം,
ഒടുങ്ങാത്ത ആഗ്രഹവും.
നിങ്ങള്‍ക്ക് മരിച്ചവരെ അറിയാമോ?
എനിക്കറിയാവുന്നത് പ്രേമിക്കുന്നവരെ'.
എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കവി പ്രകടിപ്പിക്കുന്നുണ്ട്. മരണമല്ല, സാധാരണ ജീവിതമാണ് ഫലസ്തീനി ആഗ്രഹിക്കുന്നത്. സാംസ്കാരിക വൈവിധ്യം മതപരമായ മതില്‍ക്കെട്ടുകള്‍ക്കപ്പുറം മനുഷ്യസ്നേഹ പ്രചോദിതമാണ് തന്‍റെ കവിതകളെന്ന് ദര്‍വീഷ് തെളിയിക്കുന്നുണ്ട് തന്‍റെ കവിതകളിലൂടെ.
വിഭിന്ന സംസ്കാരങ്ങള്‍ തമ്മിലുള്ള സംഭാഷണമാകുന്നുണ്ട് ചില കവിതകള്‍. ക്രിസ്ത്യന്‍, യഹൂദ, മുസ്ലിം മിത്തുകള്‍ സന്ദര്‍ഭോചിതം കവിതയുടെ അടിയൊഴുക്കായി അദ്ദേഹം പല കവിതകളിലും ഉപയോഗിക്കുന്നുണ്ട്. ഈജിപ്തുകാരുടെ 'മരിച്ചവരുടെ പുസ്തകം' ബൈബിളിലെ 'ജെറോമയുടെ പുസ്തകം' 'ഗഹമേഷിന്‍റെ ഇതിഹാസം' തുടങ്ങിയ ഉറവിടങ്ങളില്‍ നിന്ന് തന്‍റെ കവിതയ്ക്ക് പലതരത്തിലുള്ള അസ്തിത്വം കണ്ടെത്തുന്നുണ്ട് അദ്ദേഹം. റെഡ്ഡിന്ത്യക്കാരുടെ അവസ്ഥയില്‍ പോലും ഫലസ്തീന്‍കാരന്‍റെ ഒരു രൂപകം കവിതയില്‍ കണ്ടെത്തുന്നുണ്ട് ദര്‍വീഷ്.13
ഇങ്ങനെ വ്യത്യസ്ത സംസ്കാരങ്ങളുടെ അടയാളങ്ങള്‍ കവിതയുടെ ഊടും പാവുമാക്കുന്നതില്‍ യാതൊരു കൃത്രിമത്വവും കവിക്കോ അനുവാചകനോ അനുഭവപ്പെടുന്നില്ല. 'എന്‍റെ മാതാവിന്' (ഇലാ ഉമ്മീ) എന്ന കവിത തന്‍റെ ജന്മദേശമായ ഫലസ്തീന്‍ എന്ന ഭൂപ്രദേശത്തെ മാതാവായി സങ്കല്‍പിച്ചുകൊണ്ടുള്ള ഒരു രചനയാണ്.
My mother's coffee
My mother's touch
And childhood grows inside me
Day upon rest of day
I love my life
Because, if I die,
I would feel shy
Because of my mother's tears.14
ജന്മ ദേശത്തെ മാതാവ് എന്ന പരികല്‍പ്പനയില്‍ ലാളിക്കുന്നത് പരദേശ വിദ്വേഷം വമിപ്പിക്കുന്നതിനോ പരമതനിന്ദ പ്രകാശിപ്പി ക്കാനോ അല്ല, മറിച്ച് ജന്മദേശത്തേക്ക് തിരിച്ചുപോകാനുള്ള അപ്രതിരോധ്യമായ ആത്മാഭിവാഞ്ഛ പ്രകടിപ്പിക്കുന്നതിനാണ്. ധീരത, പ്രതീക്ഷ, സമഭാവന, ശുഭാപ്തിവിശ്വാസം എന്നിവ ദര്‍വീഷ് കവിതയുടെ സ്ഥായീഭാവങ്ങളാണെങ്കില്‍, മുട്ടുമടക്കില്ല എന്ന ഔന്നത്യബോധത്തിന്‍റെ പ്രഘോഷണമാണാ തൂലികയുടെ ആകെത്തുക.
കുറിപ്പുകള്‍
2. മഹ്മൂദ് ദര്‍വീശിന്‍റെ കവിതകള്‍, പുറം 7. പ്രസാ: ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
3. മഹ്മൂദ് ദര്‍വീശ്, 'തിരിച്ചറിയല്‍ കാര്‍ഡ്' മൊഴിമാറ്റം: ഡോ. താജ് ആലുവ.
4. ibid
5. മഹ്മൂദ് ദര്‍വീശ്: 'ഒരു മനുഷ്യനെപ്പറ്റി', മൊഴിമാറ്റം: ഡോ. ജമീല്‍ അഹ്മദ്.
6. മഹ്മൂദ് ദര്‍വീശ്: 'റോസാപൂവും നിഘണ്ടുവും'
7. മഹ്മൂദ് ദര്‍വീശ്: 'ഇര നമ്പര്‍ 18' ഉദ്ധാരണം : ഡോ. താജ് ആലുവയുടെ പ്രഭാഷണം.
8. മഹ്മൂദ് ദര്‍വീശ്: 'ഒരു ഫലസ്തീനി വിവാഹം'
9. മഹ്മൂദ് ദര്‍വീശ്: 'എന്‍റെ പിതാവ്'
10. ഉദ്ധാരണം: ഡോ. താജ് ആലുവയുടെ പ്രഭാഷണം.
11. ibid
12. മഹ്മൂദ് ദര്‍വീശ്: 'വാക്കുകള്‍'
13. മഹ്മൂദ് ദര്‍വീശ്: 'ഇന്‍ഡ്യന്‍ സ്പീച്ച്'
14. മഹ്മൂദ് ദര്‍വീശ്: "To my mother''
ഗ്രന്ഥസൂചി
എന്താണ് ഫലസ്തീന്‍? ആലാ മര്‍ സൂഖ് തബീഷാത്, online publishing; www.mawdoo3.com
മഹ്മൂദ് ദര്‍വീഷിനെ കല്ലെറിയുന്നവര്‍; അബ്ദുല്‍ ഹഫീദ് നദ്വി, Islam on live.in
In The Presence of Absence; Mahmoud Darwish, translated from Arabic by; Sinan Antoon.
The Butterfly' s Burden; Mahmood Darwish.
Why did you Leave the Horse Alone: By Mahmood Darwish, Translated from Arabic by Jeffrey Sacks, 2006.