From Palli-Darses to Arabic Colleges: The Growth Evolution of Islamic Educational Institutions in Kerala 

Dr. Liyaqath Ali

The advent of Islam in Kerala was entirely different from that in North India. Religious educational institutions play a great role in the spread of Islam any where in the world.  This article examines the unique ways of the growth and evolution of Islamic educational institutions in Kerala from its origin from a system called “palli-dars” to the present form of Arabic Colleges, which are well-established and recognized by state universities.

Key Words: Palli-dars, Arabic Colleges of Kerala, Islamic educational system of Kerala

Bibliography:

Moulavi, CN Ahmed & K.K Muhammed Abdul Kareem, Mahathaya Mappila Sahithya Parambaryam (Malayalam) (1978), published by authors, Kozhikode.
Kareem, C.K., Pracheena Keralavum Muslum Aavirbhavavum (Malayalam) (1999), Islamika Sahithya Academy, Kozhikode.
Maqdum II, Sheikh Zainudhin, Thuhfathul Mujahideen (Arabic) (1996), Al-Huda
Book Stall, Kozhikode.
Faizi, Aboobacker Iringattiri (ed.), Panditha Keralam (Malayalam) (1997), Samastha KeralaJamiyathul Ulama-Ulama Conference Committee, Kerala.
Bahavudhin, K.M, Kerala Muslimkal: Porattathinte Charithram (Malayalam) (1995), IPH, Kozhikode.
Logan, William, Malabar Manual, Vol-I (Malayalam) (1951), Govt. Press, Madrass.
Kareem, K.K.Muhammed Abdul, Biography of Maqthi Thangal (Malayalam) (1997), Yuvatha Book House.
Moulavi, Muhammed Sageer, History of Madrasa Movement (Malayalam) (1998), in Prabodhanam Special Issue, Islamic service Trust, Kozhikode.
Kutti, A.B. Moideen, , Moulana Chalilakath and Darul Uloom (Malayalam) (1998), in Prabodhanam Special Issue, Islamic Service Trust, Kozhikode.
Kareem, K.K.Muhammed Abdul, K.M. Moulavi Sahib (Malayalam) (1995), Al Kathib Publication, Thiroorangadi.
Dr. Liyaqath Ali
HOD of Arabic
Govt. College
Kasaragod
Pin: 671123
India
Ph: +91 9995268887
Email: liyaqath999@gmail.com

പള്ളി ദര്‍സുകളില്‍ നിന്നും അറബിക് കോളേജുകളിലേക്ക്:
കേരളത്തിലെ ഇസ്ലാമിക പാഠശാലകളുടെ പരിണാമവും വികാസവും 

ഡോ. ലിയാഖത്ത് അലി

ഉത്തരേന്ത്യയിലേതില്‍നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലും ഭാവത്തിലുമാണ് കേരളത്തില്‍ ഇസ്ലാം മതം പ്രചരിച്ചതെന്ന് സുവിദിതമാണല്ലോ. മത പ്രചാരണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് മതപാഠശാലകള്‍. കേരളത്തിലെ ഇസ്ലാമിക മതപാഠശാലകളുടെ പരിണാമവും വികാസവും ഏറെ വ്യത്യസ്തമായ രീതിയില്‍ തന്നെയായിരുന്നു നടന്നിരുന്നതെന്ന വസ്തുതയിലേക്കാണ് ലേഖനം വെളിച്ചം വീശുന്നത്.

അറബ് ബന്ധങ്ങളുടെ തുടക്കം

ക്രിസ്തുവിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളുമായി ശക്തമായ വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ലോകത്ത് മറ്റിടങ്ങളില്‍ അന്ന് സുലഭമല്ലായിരുന്ന സുഗന്ധദ്രവ്യങ്ങളും വാണിജ്യവസ്തുക്കളും യഥേഷ്ടം കൃഷിചെയ്തിരുന്ന ഭൂപ്രദേശമെന്ന നിലക്ക്  കേരളത്തിന് ഈ വാണിജ്യപ്രക്രിയകളില്‍ നിസ്തുലമായ പങ്കാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള സമുദ്രാന്തര വാണിജ്യത്തില്‍ കുത്തക സ്ഥാനം തന്നെയുണ്ടായിരുന്ന അറബികളും കേരളീയരും തമ്മില്‍ ക്രിസ്തുവിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടാന്‍ ഇതുതന്നെയായിരുന്നു പ്രധാന കാരണം. കേരളത്തില്‍നിന്നും ചരക്കുകള്‍ അറേബ്യയുടെ ദക്ഷിണ തീരങ്ങളില്‍ ആദ്യം എത്തിച്ചേരുകയും അറേബ്യന്‍ കച്ചവട സംഘങ്ങള്‍ അവയെ യമനും ഹിജാസും താണ്ടികടന്ന് സിറിയയിലെ തദ്മൂര്‍, ഈജിപ്തിലെ അലക്സാണ്ട്രിയ തുടങ്ങിയ വാണിജ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അവിടെ നിന്നാണ് യൂറോപ്പ് ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കേരള വിഭവങ്ങള്‍ യാത്രചെയ്തത്1.

ഒട്ടേറെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ട ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങളും ഇസ്ലാമിക പ്രചാരണത്തിന്  ആവിര്‍ഭാവകാലത്തുണ്ടായിരുന്ന ശക്തിയും വ്യാപ്തിയും കൂടി പരിഗണിക്കപ്പെടുമ്പോള്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ ഇസ്ലാമിക പ്രചരണം നടന്നിരിക്കാമെന്ന് ചില ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്2. മാലിക് ബിന്‍ ദീനാര്‍ എന്ന ഇസ്ലാമിക പ്രചാരകന്‍റെ കീഴില്‍ കേരളത്തിലെത്തിയ ചെറുസംഘങ്ങളായിരുന്നു കേരളത്തില്‍ സംഘടിതമായ ഇസ്ലാമിക പ്രചരണം നടത്തിയതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ യോജിക്കുമ്പോഴും, അതിന്‍റെ കാലഗണനയില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ കാണാം. അത് എ.ഡി 825ലാണെന്നും പ്രവാചക കാലത്തുതന്നെയാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഇത്തരത്തില്‍ രണ്ട് സംഘങ്ങള്‍ വ്യത്യസ്ത കാലഘട്ടത്തില്‍ വന്നുവെന്ന അഭിപ്രായങ്ങളും പ്രകടിപ്പിച്ചവരുണ്ട്.3 മാലിക് ബിന്‍ ദീനാര്‍ സംഘം ഇന്ത്യയിലെതന്നെ ആദ്യ മുസ്ലിം പള്ളി കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കുകയും തുടര്‍ന്ന് പല സ്ഥലങ്ങളിലുമായി ഒമ്പത് പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു4. പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായതോടെ കേരളക്കാരില്‍ നിന്നും ധാരാളം പേര്‍ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇത്തരക്കാര്‍ക്ക് മതാനുഷ്ഠാനങ്ങളിലും അറബി ഭാഷയിലും അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയെന്നത് ഇസ്ലാംമത കാഴ്ചപ്പാടില്‍ അത്യന്താപേക്ഷിതമായിരുന്നു. അറേബ്യയില്‍ മുഹമ്മദ് നബിയും അനുയായികളും ചെയ്തുവന്ന അതേരൂപത്തില്‍, പള്ളികളെ ഈ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് കേരളത്തിലെ ആദ്യകാല പ്രബോധകരും ചെയ്തത്. ഈ രീതിയിലാണ് കേരളത്തിലെ ആദ്യകാല അറബി ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വന്നത്. പള്ളികളില്‍ വെച്ച് നടത്തപ്പെടുന്ന ദര്‍സ് (പഠനം) എന്ന അര്‍ത്ഥത്തില്‍ പള്ളിദര്‍സ് എന്നപേരില്‍ ഈ സമ്പ്രദായം അറിയപ്പെട്ടു.

 ലഭ്യമായ രേഖകളുടെയും ചരിത്രവസ്തുതകളുടെയും വെളിച്ചത്തില്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുന്നുവെങ്കിലും പള്ളിദര്‍സുകളുടെ തുടക്കത്തെപ്പറ്റി ലിഖിതമായ തെളിവുകള്‍ ആദ്യമായി ലഭിക്കുന്നത് 14ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്നുബത്തൂത്തയുടെ യാത്രാവിവരണത്തില്‍ നിന്നാണ്. ഇതില്‍നിന്നും അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിന് വളരെ മുമ്പ് തന്നെ പള്ളിദര്‍സുകള്‍ കേരളത്തില്‍ വ്യാപകമായി കഴിഞ്ഞിരുന്നുവെന്ന നിഗമനത്തിലെത്താന്‍ കഴിയും5.

കേരളത്തിലെ വിവിധയിടങ്ങളില്‍ നിലനിന്ന പള്ളിദര്‍സുകള്‍ തുടക്കത്തില്‍ വ്യവസ്ഥാപിതമായ പാഠ്യപദ്ധതികളോ, ബോധന രീതികളോ പിന്തുടര്‍ന്നുവെന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുകളും ലഭ്യമല്ല. എന്നാല്‍ ഹിജ്റ വര്‍ഷം 9-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ യമനിലെ മഅബര്‍ പ്രദേശത്തുനിന്നും കേരളത്തിലേക്ക് കുടിയേറിയ മഖ്ദൂം എന്ന പണ്ഡിത കുടുംബത്തിന്‍റെ വരവോടുകൂടി ഈ സ്ഥിതിക്ക് മാറ്റം വന്നു6. ഈ കുടുംബത്തില്‍ നിന്നുള്ള ഒരു പണ്ഡിതനായിരുന്ന സൈനുദ്ധീന്‍ ബിന്‍ ഇബ്രാഹിംബിന്‍ അഹ്മദ് ആണ് കൊച്ചിയിലെ ഖാദി സ്ഥാനം ഉപേക്ഷിച്ച് പൊന്നാനിയിലേക്ക് നീങ്ങി അവിടെ തന്‍റെ മരുമകന്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം അല്‍ കബീറിനൊപ്പം ദര്‍സിന് തുടക്കം കുറിച്ചത്. ഇതോടുകൂടിയാണ് കേരളത്തിലെ മൊത്തത്തിലുള്ള ഇസ്ലാമിക വിദ്യാഭ്യാസരംഗത്ത് പൊന്നാനിക്കും മഖ്ദും കുടുംബത്തിനും നേതൃപരമായ സ്ഥാനം വന്നുചേര്‍ന്നത്7. കേരളത്തിലുടനീളമുള്ള പള്ളിദര്‍സുകളില്‍ പഠനം നടത്തിയിരുന്നവര്‍ക്കാകെ പൊന്നാനിയിലെ ദര്‍സ് പഠനം എന്നത് അവസാനവാക്കായി മാറി. അത്തരത്തില്‍ 'വെളക്കത്തിരുന്നവര്‍' (പൊന്നാനിയിലെ വലിയപള്ളിയില്‍ പഠനം പൂര്‍ത്തിയാക്കിവരെ അങ്ങനെയാണ് വിളിച്ചുപോന്നത്) മാത്രം മറ്റുപള്ളികളില്‍ മുദര്‍രിസുമാരായി (അധ്യാപകന്‍) നിയമിക്കപ്പെട്ടതുമുതല്‍ സംസ്ഥാനത്തുടനീളം പള്ളിദര്‍സ് രീതികള്‍ക്കും പാഠ്യപദ്ധതിക്കും അനൗപചാരികമായിട്ടാണെങ്കിലും ഒരു ഏകീകൃതരൂപമുണ്ടായി. ഈ ഏകീകരണം പഠന നിലവാരം ഉയര്‍ത്തി. 

എന്നാല്‍, 1498ലെ പോര്‍ച്ചുഗീസ് ആഗമനത്തെ തുടര്‍ന്നുണ്ടായ വൈദേശിക ആക്രമണത്തോടെ ചരിത്രത്തിലെ അതിപ്രധാന വാണിജ്യ പാതകളിലൊന്നായ څപട്ടുപാത(ടശഹസ ഞീീേ) യുടെ ഭാഗമായ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള വാണിജ്യപ്രവര്‍ത്തനങ്ങളിലെ മേല്‍ക്കോയ്മ അറബികള്‍ക്കും മുസ്ലിം മാപ്പിളമാര്‍ക്കും നഷ്ടമായി. പരമ്പരാഗത വാണിജ്യമേഖലയില്‍നിന്നു തുരത്തിയോടിക്കപ്പെട്ട മാപ്പിളമാര്‍ കാര്‍ഷിക മേഖലയില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ തുനിഞ്ഞെങ്കിലും ജന്മിമാരും മാടമ്പിമാരും കൊടികുത്തിവാണിരുന്ന ആ മേഖല തങ്ങളുടെ അധ്വാനത്തിന്‍റെ ഫലംകൊയ്യാന്‍ അവര്‍ക്ക് അവസരം നല്‍കിയില്ല8.  മാപ്പിള സമൂഹത്തില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ ഒരു ഭാഗത്ത്. മറു ഭാഗത്താകട്ടെ പണ്ഡിത സമൂഹത്തില്‍ വര്‍ദ്ധിത രൂപത്തില്‍ ദൃശ്യമായ പൗരോഹിത്യവത്കരണവും അനുകരണാത്മകതയും. ഇവരണ്ടും ദര്‍സ് സംവിധാനത്തെ അധ:പതനത്തിലേക്ക് നയിച്ചു.

വില്ല്യം ലോഗന്‍റെ നിരീക്ഷണത്തില്‍ അക്കാലത്തെ മലബാറിലെ മുസ്ലിംകള്‍ ഒരു സമൂഹമെന്ന നിലക്ക് മൊത്തത്തിലെന്ന് പറയാന്‍ പറ്റില്ലെങ്കിലും ഏകദേശം മുഴുവനായും നിരക്ഷരരാണ്. ഓത്തുപള്ളികളിലെ മുസ്ലിം അദ്ധ്യാപകര്‍, അവരുടെ ഖുര്‍ആന്‍ വിജ്ഞാനം മാറ്റിനിര്‍ത്തിയാല്‍ വിദ്യാര്‍ത്ഥികളെ പോലെത്തന്നെ നിരക്ഷരരാണ്. ഖുര്‍ആനില്‍ നിന്ന് ചില ഭാഗങ്ങള്‍ തത്തപറയുംപോലെچ ഏറ്റുചൊല്ലാനുള്ള അറിവാണ് അവര്‍ക്ക് ലഭിച്ചിരുന്ന വിദ്യാഭ്യാസത്തിന്‍റെ ആകെത്തുക. അതാകട്ടെ അറബിയിലായതിനാല്‍ അവര്‍ക്കാര്‍ക്കും തന്നെ മനസ്സിലായിരുന്നില്ല9.

പരിഷ്കരണത്തിന്‍റെ നാമ്പുകള്‍

കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് വേണ്ടി ആദ്യമായി വാദിച്ചത് ശൈഖ് സനാഉള്ള മക്തി തങ്ങളെന്ന പണ്ഡിതനായിരുന്നു. മതവിജ്ഞാനത്തോടൊപ്പം ആധുനിക വിജ്ഞാനവും കരഗതമാക്കിയ തങ്ങള്‍ നാല്‍പ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവും വാഗ്മിയും അറബി, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, തമിഴ് ഭാഷകളില്‍ പ്രാവീണ്യമുള്ള ആളുമായിരുന്നു. ആധുനിക വിദ്യാഭ്യാസ രീതികളും സങ്കേതങ്ങളും ഉപയോഗിച്ച് ശാസ്ത്രീയ പാഠ്യപദ്ധതി ആവിഷ്കരിച്ച് മത വിദ്യാഭ്യാസം പരിഷ്കരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദങ്ങളുടെ ആകെത്തുക. മലയാളം 'ആര്യനെഴുത്തായതിനാലും' ഇംഗ്ലീഷ് 'നരകത്തിലെ ഭാഷയായതിനാലും' ഹറാമായി പ്രഖ്യാപിച്ച മുസ്ല്ല്യാന്‍മാരുടെ അത്യന്തം അപകടകരമായ നിലപാടുകളെ തിരുത്താന്‍ അതിശക്തമായ പരിശ്രമങ്ങള്‍ തന്നെ ആവശ്യമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു10. പൊന്നാനി രീതിയേക്കാള്‍ നല്ലൊരു വിദ്യാഭ്യാസ സമ്പ്രദായം ലോകത്ത് നിലവിലില്ലെന്നു കരുതുന്നത് എത്രമാത്രം അഹന്താപരമാണെന്ന് അദ്ദേഹം ചോദിക്കുന്നു11. മുസ്ലിം പുരോഹിതരില്‍ നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ സാമ്പത്തിക സ്രോതസ്സുകളുടെ അഭാവത്തില്‍ തന്‍റെ വിദ്യാഭ്യാസ പരിഷ്കരണ ചിന്തകളെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനോ അദ്ദേഹം വിഭാവനം ചെയ്തപോലൊരു മതപാഠശാല സ്ഥാപിക്കാനോ അദ്ദേഹത്തിനു സാധിച്ചില്ല.

വിശദ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആവശ്യമായ പരിഷ്കരണങ്ങളെ സംബന്ധിച്ച് കൂട്ടായ ചില ചര്‍ച്ചകളും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ മലബാറില്‍ നടക്കുകയുണ്ടായി. കോഴിക്കോട് കുറ്റിച്ചിറയില്‍ അന്നത്തെ വിദ്യാഭ്യാസ ഉപനിരീക്ഷകന്‍ ആയിരുന്ന ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാര്‍ ഇതിനൊരുദാഹരണമാണ്13.

വാഴക്കാട് ദാറുല്‍ ഉലൂം: പരിഷ്കരണം പ്രയോഗതലത്തില്‍.

ഇസ്ലാമിക വിദ്യാഭ്യാസ പരിഷ്കരണ ചിന്തകളെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കേരളത്തില്‍ ആദ്യമായി കളമൊരുങ്ങിയത് വാഴക്കാട് ദാറുല്‍ ഉലൂം പരീക്ഷണത്തിലൂടെയാണ്. കേരളത്തില്‍ നിന്ന്, ഒരുപക്ഷെ ആദ്യമായി തമിഴ്നാട്ടിലെ പ്രശസ്തങ്ങളായ ബാഖിയാത്തു സ്വാലിഹാത്തിലും മദ്റസ ലതീഫിയയിലും പഠനം പൂര്‍ത്തിയാക്കിയ ചാലികത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന യുവ പണ്ഡിതനാണ് 1909ല്‍ കോഴിക്കോട് ജില്ലയിലെ വാഴക്കാട് ഗ്രാമത്തിലെ പ്രശസ്തമായ പള്ളി ദര്‍സില്‍ സമൂലമായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്‍റെ പരിഷ്കരണ ആശയങ്ങള്‍ക്ക് പുതുതായി ചുമതലയേറ്റ മാനേജര്‍ ഹാജി ഖാന്‍ സാഹിബ് നിര്‍ലോഭമായ പിന്തുണയും നല്‍കിയതോടെ വാഴക്കാട് പരീക്ഷണത്തിന് തുടക്കമായി14. ഈ പരീക്ഷണത്തിലെ പ്രധാന ഘടകങ്ങള്‍ ചുവടെ സംഗ്രഹിക്കാം. 

1 ദയൂബന്തിലെയും, ലഖ്നോവിലെയും പ്രശസ്ത മതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് സമാനത പുലര്‍ത്തി 'മദ്റസ ദാറുല്‍ ഉലൂം' എന്ന് ദര്‍സിനെ പുനര്‍നാമകരണം ചെയ്തു. 

2 ദര്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഗ്രാമത്തിലെ ധനാഢ്യരുടെ വീടുകളില്‍ ഭക്ഷണത്തിനു പോകുന്ന രീതിമാറ്റി ഹോസ്റ്റലുകളും ക്വാട്ടേഴ്സുകളും സ്ഥാപിച്ചു. 

3 പഠനം വ്യവസ്ഥാപിതമാക്കി മാറ്റി. അഡ്മിഷന്‍ യോഗ്യത, വയസ്, ക്ലാസ് സമയം, വെക്കേഷന്‍, ലീവ്, ഹാജര്‍ തുടങ്ങിയവക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്  ഒരു നിയമാവലി 1913ല്‍ പ്രസിദ്ധീകരിച്ചു15.

4 അതുവരെ കേരളത്തിലെ ദര്‍സുകളില്‍ പഠിപ്പിക്കാത്ത പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഗണിതം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ ഭൗതിക ശാസ്ത്രങ്ങള്‍ക്ക് പാഠ്യപദ്ധയില്‍ ഇടം നല്‍കി.

5 ബോര്‍ഡ്, ചോക്, ബെഞ്ച്, ഡസ്ക് തുടങ്ങിയവ കൂടാതെ മേപ്പ്, അറ്റ്ലസ്, ഗ്ലോബ്, ചാര്‍ട്ട് തുടങ്ങിയ ബോധന ഉപകരണങ്ങളും അദ്ദേഹം ഉപയോഗിച്ചു. പുതുമയാര്‍ന്ന ബോധന രീതികളും പരിചയപ്പെടുത്തി17.

ഇങ്ങനെയൊക്കെയാണെങ്കിലും പരമ്പരാഗത മതവിദ്യാ ഭ്യാസരീതികളില്‍ വരുത്തിയ വിപ്ലവാത്മക മാറ്റങ്ങളെ സഹിഷ്ണു തയോടെ കാണാന്‍ പൗരോഹിത്യസമൂഹത്തിനു കഴിയുമായിരു ന്നില്ല. എതിര്‍പ്പുകള്‍ക്കൊടുവില്‍ 1914ല്‍ കുഞ്ഞമ്മദ് ഹാജി കോളേജില്‍ നിന്ന്  വിടപറയുകയും അതോടെ താല്‍ക്കാലികമായി ആ പരിഷ്കരണം അവിടെ അവസാനിക്കുകയും ചെയ്തു18.

അറബിക് കോളേജ്, മദ്രസ പ്രസ്ഥാനങ്ങളുടെ തുടക്കം

വാഴക്കാട് ആരംഭിച്ച ദാറുല്‍ ഉലൂം പരീക്ഷണം കേവലം അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കെട്ടടങ്ങിയെങ്കിലും കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തില്‍ അതുണ്ടാക്കിയ ബഹിര്‍സ്ഫുരണങ്ങള്‍ ഇനിയും നിലച്ചിട്ടില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നെണ്ണം താഴെ വിവരിക്കാം.

1) മദ്രസാ പ്രസ്ഥാനം:

ഉത്തരേന്ത്യയില്‍ മുസ്ലിങ്ങളിലധികവും ഇസ്ലാമിക വിദ്യാഭ്യാസം നേടാനായി അവരുടെ ബാല്യവും കൗമാരവും പകലന്തിയോളം മദ്രസകളില്‍ ചെലവിടുന്നു. അവരില്‍ ബഹുഭൂരിഭാഗവും പൊതുധാരാ വിദ്യാഭ്യാസത്തില്‍ നിന്നകന്നുപോകാന്‍ ഇതൊരു പ്രധാന കാരണമാണ്. എന്നാല്‍ കേരളത്തില്‍ മുസ്ലിം കുട്ടികള്‍ പ്രഭാത സമയത്ത് മാത്രം മദ്രസകളില്‍ പോകുകയും ബാക്കി സമയം പൊതുധാരക്കൊപ്പം സ്കൂള്‍ വിദ്യാഭ്യാസം നേടുകയും ചെയ്യുന്നു. ഈയൊരു രൂപത്തിലുള്ള മദ്രസാ സമ്പ്രദായം കേരളത്തില്‍ വളര്‍ന്നുവരാന്‍ വാഴക്കാട് ദാറുല്‍ ഉലൂം ആണ് ഹേതുവായത്. കുഞ്ഞമ്മദ് ഹാജിയുടെ മദ്രസാ പദ്ധതിയില്‍ സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ ക്ലാസുകള്‍ ക്രമപ്പെടുത്തിയത് പ്രഭാത സമയത്തേ ക്കായിരുന്നു. കുട്ടികളുടെ സ്കൂള്‍ പഠനത്തിന് തടസ്സമാകാതിരിക്കു വാനുള്ള മുന്‍കരുതലായിരുന്നു അതിനു പിന്നിലെ പ്രാധന കാരണങ്ങളിലൊന്ന്. അദ്ദേഹത്തിന്‍റെ പരിഷ്കരണ പദ്ധതികളില്‍ ആകൃഷ്ടരായവര്‍ പലരുമുണ്ടായിരുന്നുവെങ്കിലും വാഴക്കാട് പോലൊരു സമ്പൂര്‍ണ്ണമായ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കലും, നടത്തിക്കൊണ്ട് പോകലും അത്ര എളുപ്പമായിരു ന്നില്ല. എന്നാല്‍ അത്തരം ചിന്താഗതിക്കാര്‍ക്ക്  താരതമ്യേന എളുപ്പത്തില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതായിരുന്നു പ്രഭാത മദ്രസകള്‍. വാഴക്കാട്ടെ പ്രഭാത മദ്രസാ മാതൃകയിലാണ് കേരളത്തിലുടനീളം ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഇല്ലാത്ത വിധമുള്ള പ്രഭാത മദ്രസകള്‍  പ്രചരിച്ചത്.

2) ശിഷ്യഗണങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളും

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന പ്രഗത്ഭരായ ഒരു കൂട്ടം  പണ്ഡിതന്‍മാരെ കുറഞ്ഞകാലയളവില്‍ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പായി ഇവിടെ രൂപീകരിക്കപ്പെടുകയും ഇന്നും മുസ്ലിം സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മത സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം തുടക്കം കുറിക്കുന്നതില്‍ ഇവര്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. കെ.എം.മൗലവി, ഇ.കെ മൗലവി, പി.കെ മൂസ്സ മൗലവി, ഇ.മൊയ്തു മൗലവി, എം.സി.സി അബ്ദുറഹിമാന്‍ മൗലവി, എം.സി.സി. ഹസന്‍ മൗലവി, ഖുതുബി മുഹമ്മദ് മുസ്ല്യാര്‍, തറക്കണ്ടി അബ്ദുറഹിമാന്‍ മുസ്ല്യാര്‍, തുടങ്ങിയവര്‍ ഉദാഹരണം.

3) അറബിക് കോളേജ് പ്രസ്ഥാനം:

വാഴക്കാട് ദാറുല്‍ ഉലൂമിന്‍റെ സ്ഥാപക സമയത്ത് അതിനെ ഒരു 'അറബിക് കോളേജ്' എന്ന് ആരും വിളിച്ചിരുന്നില്ല. എന്നാല്‍ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും അറബി ഭാഷയും ഇസ്ലാമിക വിജ്ഞാനീയങ്ങളും പഠിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ പിന്നീട് അറബിക് കോളേജുകള്‍ എന്നറിയപ്പെട്ടപ്പോള്‍ ആ അര്‍ത്ഥത്തില്‍ വാഴക്കാട് ദാറുല്‍ ഉലും സംസ്ഥാനത്തെ പ്രഥമ അറബിക് കോളേജായി ഗണിക്കപ്പെടുന്നു.

ഫറൂഖ് റൗദത്തുല്‍ ഉലൂമും ആദ്യകാല അറബിക് കോളേജുകളും 

അന്നത്തെ കാലത്ത് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ലഭിച്ച, ഒരുപക്ഷെ കേരളത്തില്‍നിന്നുള്ള ആദ്യ വ്യക്തിയായ മൗലാനാ അബുസ്സബാഹ് അഹ്മദ് അലിയുടെ മനസ്സില്‍ മറ്റൊരു അസ്ഹറോ അതിനപ്പുറമോ ആയിരുന്നു സ്വപ്നം. അതിന്‍റെ ആദ്യപടിയായിട്ടാണ് അദ്ദേഹം റൗദത്തുല്‍ ഉലൂമെന്ന പേരില്‍ ഒരു കുല്ലിയ്യ അറബിയ്യ (അറബി കോളേജ്) സ്ഥാപിച്ചത്. ഒരേ ക്യാമ്പസില്‍ വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത കുല്ലിയകള്‍ (കോളേജ്/ഫാക്കല്‍റ്റി) പ്രവര്‍ത്തിക്കുകയും അതെല്ലാം ചേര്‍ന്നൊരു ജാമിഅ: (യൂണിവേഴ്സ്റ്റി)യാക്കുകയും ചെയ്യുന്ന ഈജിപ്ഷ്യന്‍ രീതി അറിയുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. 1944ല്‍ മഞ്ചേരിയിലേക്കും പിന്നീട് 1945ല്‍ പ്രവിശാലയമായ ഫാറൂഖാബാദിലേക്കും ഇതിനെ മാറ്റാനുള്ള കാരണവും മറ്റൊന്നായിരിക്കില്ല. പേരിന്‍റെ സാങ്കേതികത വച്ചു നോക്കുമ്പോള്‍ കേരളത്തിലെ ആദ്യത്തെ അറബിക് കോളേജും ഇതു തന്നെ. 

തമിഴ്നാട്ടിലെ ഉമറാബാദിലെ മദ്രസ ദാറുസ്സലാമില്‍ നിന്നും പഠിച്ചിറങ്ങിയ ശൈഖ് ഇസ്സുദ്ധീന്‍ മൗലവി 1940ല്‍ സൗത്ത് കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടന രൂപീകരിക്കുകയും കാസര്‍ഗോഡ് ജില്ലയിലെ ശംനാടില്‍ 1945ല്‍ മദ്രസ ആലിയ അറബിക് കോളേജ് സ്ഥാപിക്കുകയും ചെയ്തു. നാല്‍പതുകളുടെ തുടക്കത്തില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകനും ശിഷ്യനുമായ എം.സി.സി അബ്ദുറഹ്മാന്‍ മൗലവി വാഴക്കാട് ദാറുല്‍ ഉലൂമിന്‍റെ മേധാവിയായി നിയമിക്കപ്പെടുകയും അദ്ദേഹത്തിന്‍റെ പിതാവ് കൊണ്ടുവന്ന സകല പരിഷ്കരണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുകയും ചെയ്തു. അറബിക് കോളേജ് എന്ന പേരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1946 ല്‍ മാനേജ്മെന്‍റുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കോളേജ് വീണ്ടും അടച്ചുപൂട്ടി.

വിദ്യയുടെ മധുരം നുകര്‍ന്ന് മതിവരാത്ത വിദ്യാര്‍ത്ഥികള്‍ ഗുരുവിനെ പിരിയാന്‍ തയ്യാറായില്ല. ഗുരുവും ശിഷ്യരും തയ്യാര്‍. പക്ഷെ, സ്ഥാപനമില്ലെന്ന അപൂര്‍വ്വ പ്രശ്നത്തിന് പരിഹാരവുമായി കേരള ജംഇയ്യത്തുല്‍ ഉലമ കടന്നുവരികയും 1947ല്‍ മലപ്പുറം ജില്ലയിലെ പുളിക്കലില്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിക്കുകയും ചെയ്തു. പണക്കാരായ മാനേജ്മെന്‍റുകളെ ആശ്രയിച്ച് നടത്തപ്പെടുന്ന സ്ഥാപനങ്ങളില്‍ പണ്ഡിതന്‍മാര്‍ നേരിടുന്ന പരിമിതികളുടെ വാഴക്കാടന്‍ അനുഭവമായിരുന്നു പണ്ഡിതര്‍ക്കായി പണ്ഡിതര്‍തന്നെ നടത്തുന്ന സ്ഥാപനമെന്ന മദീനത്തുല്‍ ഉലൂം പരീക്ഷണത്തിന്‍റെ പിന്നിലെ ചിന്ത. ഏറെക്കുറെ ഇതേ തത്വത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജംഇയ്യത്തുല്‍ മുജാഹിദീന്‍റെ കീഴില്‍ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജും സ്ഥാപിതമായത്.

അന്നു മുതല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നൂറുക്കണക്കിന് ഉന്നത മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറബിക് കോളേജ് എന്ന പേരില്‍ ആരംഭിക്കപ്പെടുകയും അവയില്‍ പതിനൊന്നെണ്ണം സര്‍ക്കാര്‍ എയ്ഡഡ് പദവിയും വിവിധ സര്‍വ്വകലാശാലകളുടെ അഫിലിയേഷനും കരസ്ഥമാക്കുകയും ചെയ്തു.   

സര്‍വ്വകലാശാലാ അംഗീകാരം

കേരളത്തില്‍ അറബിക് കോളേജുകളുടെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ തമിഴ്നാട്ടിലെ അറിയപ്പെട്ട മതപാഠശാലകള്‍ക്ക് മദ്രാസ് സര്‍വ്വകലാശാല നിശ്ചിത രൂപത്തിലുള്ള അംഗീകാരം നല്‍കിയിരുന്നു. അവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കഴിവു പരിശോധിക്കുന്നതിനായി അഫ്ദലുല്‍  ഉലമയെന്ന പരീക്ഷയും നടത്തിയിരുന്നു.

ഇതേ പാത പിന്തുടര്‍ന്ന് വാഴക്കാട്ട് ദാറുല്‍ ഉലൂം 1944 ലും ഫാറൂഖ് റൗദത്തുല്‍ ഉലൂം 1945 ലും പുളിക്കല്‍ മദീനത്തുല്‍ ഉലൂം 1948ലും മദ്രാസ് സര്‍വ്വകലാശാലയുടെ അംഗീകാരം നേടി. കേരളാ സര്‍വ്വകലാശാല ആരംഭിച്ച ശേഷം അറബിക് കോളേജുകളുടെ അഫിലിയേഷന്‍ അതിലേക്കും പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്കും മാറ്റി.

ഉപസംഹാരം

വിവിധ കാലഘട്ടങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇസ്ലാംമതവിദ്യാഭ്യാസരംഗത്തെ കേരള മോഡല്‍ സൃഷ്ടിക്കപ്പെട്ടത്. പൊതുധാരയില്‍ നിന്ന് അകന്നുനില്‍ക്കാതെ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രൂപത്തില്‍ അറബിക്- ഇസ്ലാമിക വിജ്ഞാനങ്ങള്‍ പകര്‍ന്നു നല്‍കുന്ന സ്ഥാപനങ്ങളെന്ന നിലക്കാണ് കേരളത്തിലെ മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റു പ്രദേശങ്ങളിലുള്ള സമാന സ്ഥാപനങ്ങളില്‍ നിന്ന് വ്യതിരിക്തമായി നില്‍ക്കുന്നത്. അതേ ചിന്തയില്‍ അധിഷ്ഠിതമായ പരിഷ്കരണ ങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്താനും നടപ്പാക്കാനും തയ്യാറാവു മ്പോള്‍ മാത്രമാണ് പുതു തലമുറക്കാര്‍ മുന്‍കാല പരിഷ്കരണ വാദികളുടെ പിന്‍ഗാമികളാകാന്‍ അര്‍ഹത നേടുന്നത്.

കുറിപ്പുകള്‍

1 Moulavi, CN Ahmed & K.K Muhammed Abdul Kareem (1978), മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, published by authors, Kozhikode, p.8
2 Ibid, pp.105-124
3 Kareem, C.K.(1999),  കേരള മുസ്ലിംകള്‍-പോരാട്ടത്തിന്‍റെ ചരിത്രം Kozhikode, p.82
4 Maqdum II, Sheikh Zainudhin, (1996) Thuhfathul Mujahideen (Arabic), Al-Huda 
Book Stall, Kozhikode, p.26
5 Moulavi & Kareem, op.cit. p.130
6 Faizi, Aboobacker Iringattiri (ed.) (1997), പണ്ഡിത കേരളം Samastha Kerala Jamiyathul Ulama-Ulama Conference Committee. pp.35-73
7 Ibid, p.61
8 Bahavudhin, K.M (1995), കേരള മുസ്ലിംകള്‍-പോരാട്ടത്തിന്‍റെ ചരിത്രം IPH, Kozhikode, pp. 91-22
9 Logan, William (1951),  Malabar Manual, Govt. Press, Madrass, Vol-I, p.198
10 Kareem, K.K.Muhammed Abdul (1997), Yuvatha Book House, p.25
11 Ibid, p. 25
12 Ibid, p.31
13 Moulavi, Muhammed Sageer (1998), in Hasan K.A. Sidhique (ed.), Prabodhanam Special Issue, Islamic service Trust, Kozhikode, p.61
14 Moulavi & Kareem, op.cit. p.484 
15 Kutti, A.B. Moideen, (1998), auem\m NmeneI¯pw Zmdp Deqapw,  in Hasan, K.A. Siddique (ed.) Prabodhanam Special Issue, Islamic Service Trust, Kozhikode.
16 Moulavi & Kareem, op. cit. p.485
17 Kareem, K.K.Muhammed  Abdul (1995), sI.Fw.auehn kmln_v, Al-Kathib Publication, Thiroorangadi, p.59
18 Kutti, A.B. Moideen, op. cit. p.67
ഡോ. ലിയാഖത്ത് അലി
അറബിക് വിഭാഗം മേധാവി
ഗവ. കോളേജ്, കാസര്‍ഗോഡ്