Love and Survival in Film Moothon

Athira T

The dynamism of the evolving sense of art evident in the new films. Moothon is such a remarkable new age film that portrays the conflicts of homosexuality its passion and expressio n of dumbness. This film is a change to the films when the patriarchy is producing power by making the women a representation of sexuality. The island stands as aplace of love and tranquility and kamathipuram as a place of deceit and lust. The film deals precisely with the politics of gayness through a different genre of story telling. unlike the prevailing cinematic conventions.

Keywords: Love, Queer, Sexuality, Homosexual, Women 

Reference

Karimbukkara, deepesh Dr. (ed) (2019).  thirakkazhchayile puthulokangal. kerala. ibooks.
Rrajesh M R Dr. (2019). cinema mukhavum mukhammoodiyum. Thiruvananthapuram. keralabhasha institute.
VC, haridas, ps, radhakrishnan. (ed) (2018) samskarapadanam puthiya sangalpanangal. national bookstall. sahithya pravarthaka sahakarana sangham.
Athira T
Research Scholar
Malayalam and Kerala Studies
Calicut University
Pin: 673635
India.
Ph: +91 8893499488
Email: athiramannur@gmail.com


പ്രണയവും അതിജീവനവും 'മൂത്തോനി'ല്‍

ആതിര. ടി

പരിണാമവിധേയമാകുന്ന ജീവിതബോധത്തിന്‍റേയും കലാബോധത്തിന്‍റേയും ചലനാത്മകത പുതിയ മലയാളസിനിമ കളില്‍ പ്രതിഫലിക്കുന്നുണ്ട്. അതിന്‍റെ ഉദാഹരണമാണ് പുതുസിനിമകള്‍ പാര്‍ശ്വവല്‍ക്കൃതരായ മനുഷ്യരുടെ ജീവിത സംഘര്‍ഷങ്ങളെ സിനിമയുടെ മുഖ്യപ്രമേയമായി സ്വീകരിക്കുന്ന പ്രവണതയാണ് കാണുന്നത്. അത്തരത്തില്‍ ശ്രദ്ധേയമായ പുതുകാലസിനിമയാണ് സ്വവര്‍ഗാനുരാഗത്തിന്‍റെ സംഘര്‍ഷങ്ങളും അതിജീവനത്തിന്‍റെ തീഷ്ണഭാവങ്ങളും മൂകതയുടെ  ഭാവവിനിമയ ത്തെയും ആവിഷ്കരിക്കുന്ന മൂത്തോന്‍. പ്രണയത്തെയും രതിയെ യും ലിംഗവ്യക്തിത്വത്തെയും പുതിയ കാഴ്ചപ്പാടില്‍ സമീപിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയെ സവിശേഷമാ ക്കുന്നത്. അതിന്‍റെ വിശദാംശങ്ങള്‍ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 

ലോകത്തെവിടെയും എക്കാലത്തും സിനിമയുടെ ഇഷ്ടപ്രമേ യമാണ് പ്രണയവും ലൈംഗികതയും. രണ്ടിനെയും ആണും പെണ്ണും മാത്രം പരസ്പരം നടത്തുന്ന ഒന്നായി ഉറപ്പിച്ചെടുക്കുന്നതില്‍ സിനിമയും കാര്യമായ സംഭാവന നല്കിയിട്ടുണ്ട്. മലയാളസിനിമ യുടെ ഇതപര്യന്തമുള്ള ചരിത്രവും മറ്റൊന്നല്ല. എന്നുവെച്ച് സ്വര്‍വഗ്ഗാനുരാഗം പോലുള്ള വിഷയങ്ങളിലേക്ക് നോട്ടം പായിക്കാ നുള്ള ശ്രമങ്ങള്‍ ഇവിടെ ഒട്ടും ഉണ്ടായിട്ടില്ലെന്നല്ല. മോഹന്‍റെ രണ്ടു പെണ്‍കുട്ടികള്‍ (1978), പത്മരാജന്‍റെ ദേശാടനക്കിളി കരയാറില്ല (1986) തുടങ്ങിയ സിനിമകള്‍ പണ്ടേതന്നെ അത്തരം ശ്രമം സഗൗര വം നടത്തിയിട്ടുണ്ട്. അതിനെ മുഖ്യപ്രമേയമാക്കി അതിന്‍റെ വൈകാരികതീക്ഷ്ണതകളിലേക്ക് കടക്കാന്‍ അവര്‍ ധൈര്യപ്പെട്ടു എന്ന് ഇന്ന് പറയാനാവില്ലെങ്കിലും അന്ന് നിലനിന്ന സെന്‍സര്‍നിയ മങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് അവര്‍ നടത്തിയ ശ്രമങ്ങളു ടെ മാറ്റു കുറയുന്നില്ല. 

അടുത്തിടെ ഇറങ്ങിയതില്‍ ഈ വിഷയം പ്രമേയമാക്കിയ ചിത്രമാണ് മൈ ലൈഫ് പാര്‍ട്നര്‍چ(2014) എം.ബി പദ്മകുമാര്‍ സംവി ധാനം ചെയ്ത ഈ ചിത്രം രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള ബന്ധത്തി ന്‍റെ കഥയാണ് പറയുന്നത്. മലയാള സിനിമയിലെ ധീരമായ പരീക്ഷണലിലൊന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്‍റെ څമുംബൈ പോലീസ്چ (2013) എന്ന ചിത്രത്തില്‍ ജനപ്രിയതാരം അവതരിപ്പിക്കു ന്ന നായകന്‍റെ സ്വവഗ്ഗരതി. എന്നാല്‍ അതിനെ തുറന്നു കാണി ക്കാന്‍ ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, ഒരു അപകടത്തിലൂടെ ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും അത്തരം ദുസ്വഭാവ ത്തില്‍നിന്ന് ഒരു വിധം നായകനെ മോചിപ്പിച്ചെടുക്കാനാണ് ശ്രമിച്ചി ട്ടുള്ളത്. സ്വവര്‍ഗ്ഗരതിയില്‍ നായകന്‍റെ ഇണയായ കഥാപാത്ര ത്തിന് നാമമമാത്രമായ പ്രാധാന്യം പോലും നല്‍കാതെയും അയാള്‍ നായകനെ വഴിതെറ്റിക്കുന്നവനാണ് എന്ന് വ്യാഖ്യാനിക്കാവുന്ന മട്ടിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഈ സ്വഭാവദൂഷ്യം സുഹൃത്ത് അറിഞ്ഞാലുണ്ടായേക്കാവുന്ന മാനക്കേടിനെക്കുറിച്ചുള്ള വേവലാതിയാണ് കഥാഗതിയെ ചുഴറ്റിക്കളയുന്നതും. ശ്യാമ പ്രസാദിന്‍റെ ഋതു(2009) തികച്ചും വേറിട്ടൊരു ചിത്രമാണെന്നു പറയാ മെങ്കിലും അതില്‍ ചില സൂചനകള്‍ നല്കുകയല്ലാതെ അത്തരമൊരു ബന്ധത്തെ സ്ഥാപിക്കാതിരിക്കാനാണ് ശ്രമിച്ചതെന്നു കാണാം. സ്ത്രീകളുടെ സ്വവര്‍ഗാനുരാഗം തുറന്നുകാണിക്കുന്ന സിനിമയാണ് ലിജി. ജെ. പുല്ലപ്പള്ളി സംവിധാനം ചെയ്ത സഞ്ചാരം(2004).

ലൈംഗികതയെ സംബന്ധിച്ചും മലയാളസിനിമ യാഥാസ്ഥി തികമായ നിലപാടാണ് വെച്ചു പുലര്‍ത്തിയത്. ഒരേയൊരു ഇണ യോടു മാത്രം പ്രണയം തോന്നുന്ന നായികാനായകന്മാരെ ഒരു പക്ഷത്തും അതിനു വിരുദ്ധമായിവരെ ദുര്‍മ്മാര്‍ഗികളെന്ന നിലയില്‍ എതിര്‍പക്ഷത്തും നിര്‍ത്തനാണ് അത് എന്നും ഉത്സാഹിച്ചുപോന്നി ട്ടുള്ളത്. ലൈംഗികത്തൊഴിലാളികളെ നായികയാക്കാന്‍ ശ്രമിച്ചവരു ണ്ടെങ്കിലും (ഐ.വി. ശശിയുടെ അവളുടെ രാവുകള്‍چ(1978), ഹരി കുമാറിന്‍റെ, ഒരു സ്വകാര്യം(1983) ഇവയിലും പ്രണയത്തെ മാംസനി ബദ്ധമല്ലെന്ന് കാണിക്കാനാണ് ശ്രമിച്ചത്. ചുവന്നതെരുവ് മലയാള സിനിമയില്‍ വിഷയമായിട്ടുണ്ട് (പി.എ. ബക്കറുടെ ചാരം (1983), ലോഹിതദാസിന്‍റെ സൂത്രധാരന്‍ (2001), ബ്ലെസ്സിയുടെ څകല്‍ക്കത്താ ന്യൂസ്چ(2008). ചുവന്നതെരുവിലും കന്യകാത്വം സംരക്ഷിച്ചു നിര്‍ത്തി കാമുകന് സമ്മാനിക്കുന്നതിന്‍റെ സാഹസങ്ങളാണ് അവസാ നത്തെ രണ്ടിലെയും ആകാംക്ഷ നിലനിര്‍ത്തുന്നത്. അതേസമയം വില്ലന്മാര്‍ നടത്തുന്ന ബലാല്‍സംഘം പോലെ, അവരുടെ താവള ങ്ങളിലെ നൃത്തംപോലെ പ്രേക്ഷകരുടെ ആണ്‍നോട്ടങ്ങള്‍ക്ക് വിഭവ മൊരുക്കാന്‍ ശ്രമിക്കുന്ന സിനമാരീതിയില്‍നിന്ന് വളരെയൊന്നും മാറിനടക്കാന്‍ څചാരچത്തിനൊഴിച്ച് സാധിച്ചിട്ടുമില്ല. 

ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങള്‍ ആണിനു പെണ്ണിനും ഇടയില്‍ മാത്രമെന്ന് അരക്കിട്ടു റപ്പിച്ച മലയാളസിനിമയുടെ ഭാവുകത്വചരിത്രത്തിലേക്കാണ് അതിനെ ഉല്ലംഘിക്കുന്ന പ്രമേയവും പരിചരണവുമായി മൂത്തോന്‍ വരുന്നത് എന്നതാണ് അതിനെ ധീരമായ ഒരു ചുവടുവെയപ്പാക്കി മാറ്റുന്നത്.  കാരണം ലൈംഗികന്യൂനപക്ഷങ്ങളോടും, ഭിന്നശേഷി ക്കാരോടും കേരളീയസമൂഹം ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന കാഴ്ച പ്പാടും നിലപാടും ഒട്ടും അനുഭാവപൂര്‍ണ്ണമല്ല എന്നതുതന്നെ.  മാത്രമല്ല സിനിമയില്‍ ഇതപര്യന്തം ഒളിച്ചുകടത്തിയ ആണ്‍നോട്ടങ്ങ ളില്‍നിന്ന് കുതറിമാറാനുള്ള ബോധപൂര്‍വ്വമായ ശ്രമവുംകൂടിയാണ് മൂത്തോനെ വ്യത്യസ്തമാക്കുന്നത്. 

വര്‍ങ്ങള്‍ക്ക് മുന്‍പ് ലക്ഷദ്വീപില്‍നിന്നും കാണാതെപോയ തന്‍റെ മൂത്തസഹോദരന്‍ അക്ബറിനെ തേടി മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരത്ത് എത്തപ്പെടുന്ന  കൗമാരക്കാരിയായ മുല്ലയുടെ ജീവിതമാണ് സിനിമയുടെ കഥാതന്തു. കാമത്തിപുരത്തി ലെ ജീവിതത്തെ പതിവു മസാലകള്‍കൊണ്ട് പൊതിയാതെ നേര്‍ ജീവിതസന്ദര്‍ഭമെന്ന മട്ടിലാണ് മൂത്തോന്‍ ആവിഷ്കരിച്ചിരിക്കുന്നത്. സ്ത്രീശരീരത്തെ പ്രേകഷകന് കണ്ടു രമിക്കാനുള്ള ഒന്നായി ഒറ്റ ഫ്രെയിമില്‍പ്പോലും ആ സിനിമ അവതരിപ്പിക്കുന്നില്ല എന്നതാണ തിന്‍റെ രാഷ്ട്രീയപ്രാധാന്യം. 

ജീവിതം തേടി മുംബൈയിലെത്തിയ സ്ത്രീകളടക്കമുള്ള പലരും പിന്നീടൊരു ജീവിതം കണ്ടെത്തിയതും ഇവിടെ നിന്നുതന്നെയാണ്. അതിന്‍റെ ശക്തമായ പ്രതീകമാണ് മുല്ല എന്ന കഥാപാത്രം. മനപ്പൂര്‍വ്വം വിസ്മരിക്കാന്‍ ശ്രമിക്കുന്ന ജീവിതയാഥാര്‍ ത്ഥ്യങ്ങളെ ആവിഷ്കരിച്ചതിലുള്ള വിജയം പ്രേക്ഷകനനുഭവിച്ച വൈകാരികാസ്വാദനത്തില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളൂ. നിയമവിധേയമാക്കിയ സ്വവര്‍ഗലൈംഗികതയെ അതിന്‍റെ പൂര്‍ണ്ണ തയില്‍ ആവിഷികരിക്കാന്‍ കഴിഞ്ഞു എന്നത് സിനിമയുടെ തിളക്ക ത്തെ കൂടുതല്‍ ശോഭിപ്പിക്കുന്നു. മലയാളസിനിമാ ചരിത്രത്തില്‍ തന്നെയും ഇതുവരെ ഇത്രയും സുന്ദരമാക്കി പ്രേക്ഷകമനസില്‍ ചലനം സൃഷ്ടിച്ച സ്വവര്‍ഗാനുരാഗം വേറെ ഇല്ല എന്നു തന്നെ പറയേണ്ടിവരും.

ദ്വീപില്‍ കുത്തുറാത്തീബ് എന്ന കായികാനുഷ്ഠാനം മനോഹരമായി അവരതരിപ്പിക്കുന്ന ഉശിരുള്ള അക്ബര്‍, അതേസമയം സുറുമിയട്ട കണ്ണുകളുള്ള നിഷ്കളങ്കയുവാവുമാണ്. കേട്ടുകേള്‍വി മാത്രമുള്ള തന്‍റെ മൂത്തോനോടുള്ള മുല്ലയുടെ സ്നേഹമാണ് സിനിമയുടെ അവസാനം വരേയും നിറഞ്ഞുനില്‍ ക്കുന്നത്. തന്‍റെ അരക്ഷിതാവസ്ഥയെ മറികടക്കാനായിരിക്കാം ഒരുപക്ഷേ മൂത്തോനെ പോലെ വേഷമിടാന്‍ അവള്‍ ആഗ്രഹിച്ചത്. അവളുടെ ആഗ്രഹങ്ങള്‍ക്കെല്ലാം കൂട്ട് നില്‍ക്കുന്ന രണ്ട് കൂട്ടുകാര്‍ നിലനില്‍ക്കെ തന്നെ മറുപക്ഷത്ത് ആണിന്‍റെ വേഷമണിയുന്നതില്‍ അസഹിഷ്ണുത കാണിക്കുന്ന അധ്യാപകനെയും മറ്റു വിദ്യാര്‍ത്ഥി കളെയും കാണിച്ചുകൊണ്ട് സമൂഹത്തിന്‍റെ കടകവിരുദ്ധമായ രണ്ടു നിലപാടുകളെയാണ് സിനിമ കാട്ടിത്തരുന്നത്. ഊമയായ അമീറിന്‍റെ ആംഗ്യഭാഷ അക്ബറിനല്ലാതെ ദ്വീപില്‍ മറ്റാര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നില്ല. ദ്വീപിന്‍റെ മനോഹാരിതയിലൂടെ  വികസിക്കുന്ന പ്രണയ ത്തിന് ഭാഷകളുടെ കടലില്‍ മൂകതയുടെ ദ്വീപായി ഒഴുകേണ്ടിവരുന്ന  അമീറുമായി സമാന്തരത്വം കാണാനാകും.

സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങളെ മുന്‍ധാരണകളോട് കൂടിയാണ് പലരും നോക്കികാ ണുന്നത്. കേരളത്തിലെ ചെറുപ്പക്കാരുടെ വിഷാദ രോഗത്തിന്‍റേയും ആത്മഹത്യയുടേയും മൂലകാരണം സൂക്ഷമമായി പരിശോധിച്ചാല്‍ അതില്‍ നല്ലൊരുഭാഗം അടിച്ചമര്‍ത്തപ്പെട്ടതോ തുറന്നു പറയാനാ വത്തതോ അവിചാരിതമായി പുറത്തറിഞ്ഞതോ ആയ സ്വവര്‍ഗ ലൈംഗികതയാണെന്ന് വെളിവാക്കപ്പെടായ്കയില്ല.  

ആധുനികതയുടെ പരിഷക്കാരങ്ങള്‍ക്കിടയിലും ഓരങ്ങളി ലേക്ക് ഒതുക്കപ്പെട്ട, നിശ്ശബ്ദരായി ജീവിക്കേണ്ടിവന്ന മനുഷ്യരി ലേക്ക് ലോകശ്രദ്ധ തിരിയുന്നത് ആധുനികാനന്തരചിന്തകളുടെ വെളിച്ചത്തിലാണ്. കേന്ദ്രങ്ങളെ നിരാകരിക്കുകന്നതാണ് ആധുനികാ നന്തരചിന്തയുടെ സാമാന്യസ്വഭാവം. അതുവരെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങളെ അത് അബോധത്തിലേക്ക് വെളിച്ചം പായിച്ചുചെന്ന് വീണ്ടെടുത്തു പ്രദര്‍ശിപ്പിച്ചുകൊണ്ട് ആധുനികതയുടെ ബോധ തലത്തിലുള്ള പുരോഗമനനാട്യങ്ങളെ വെല്ലുവിളിച്ചു. സ്ത്രീവാദവും, കീഴാളവാദവും പരിസ്ഥിതവാദവുമെല്ലാം അത്തരത്തില്‍ ഓരങ്ങളി ലേക്കുള്ള കണ്ണുപായിക്കലിന്‍റെ ഭാഗമായാണ് വികസിച്ചുവന്നത്. അതില്‍ പ്രധാനമായത് ഏദന്‍തോട്ടം മുതല്‍ ഉറപ്പിച്ചുപോന്ന ആണ്-പെണ്ണ് എന്ന വിരുദ്ധ യുഗ്മത്തെ അത് ശിഥിലീകരിച്ചു എന്നതാണ്. സംസ്ക്കാരത്തിന്‍റെയും ബോധത്തിന്‍റെയും കേന്ദ്രത്തില്‍ ഒട്ടിപ്പടിച്ചു നിന്ന ദ്വന്ദ്വസങ്കല്പത്തെ ഒരു മഴവില്ലിന്‍റെ വര്‍ണ്ണബഹുത്വത്തിലേക്ക് പരാവര്‍ത്തനം ചെയ്യുകയും അതിന്‍റെ അതിര്‍ത്തിരേഖകളിലേക്ക് ആണ്, പെണ്ണ് എന്ന സങ്കല്പനത്തെ അകറ്റി പ്രതിഷ്ഠിക്കുകയും ചെയ്തു. ശരീരാവയവത്തെ പരിഗണിച്ച് ഉറപ്പിച്ചിരുന്ന ലിംഗസ്വത്വത്തെ സാമൂഹികവും മാനസികവുമായ വിതാനങ്ങളിലേക്ക് അത് ചിതറിച്ചുകളഞ്ഞു. നിഴലും വെളിച്ചവും പോലെ ഭൗതികയാഥാര്‍ത്ഥ്യമായ ലൈംഗികതയെയും രതിയെയും അത് അനവധിയായി  ശകലീകരിച്ചതിന്‍റെ ഭാഗമായാണ് ക്വീര്‍ സിദ്ധാന്തം പ്രചാരത്തിലാകുന്നത്. 

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍റര്‍, ഇന്‍റര്‍സെക്സ്, ക്വീര്‍ തുടങ്ങിയ വൈവിധ്യങ്ങളിലേക്ക് പഠനമേഖല വികസിച്ചു വന്നു. തുടര്‍ന്ന് ക്വീര്‍ വൈവിധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ടായി. എല്‍. ജി.ബി.ടി ജനതയെ ഒന്നിച്ച് ചേര്‍ത്ത് ക്വീര്‍ എന്ന പദം പ്രയോഗിക്കുമ്പോഴും അതിനുള്ളിലെ ഓരോ വിഭാഗവും വ്യത്യസ്തവും സ്വതന്ത്രവുമായ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നു എന്നു കാണാം. ലൈംഗിക ന്യൂനപക്ഷങ്ങളെയെല്ലാം ഉള്‍കൊള്ളുന്നതും അവരുടെ ദൃശ്യത അടയാളപ്പെടുത്തി  വികസിച്ചുവരുന്നതുമായ സിദ്ധാന്തമാണ് ക്വീര്‍ സിദ്ധാന്തം. ലൈംഗികവും ലിംഗപരവുമായ വൈവിധ്യംകൊണ്ട് നിലനില്‍ക്കുന്നതും ഹെട്രോ സെക്ഷ്വല്‍ ആധിപത്യത്തെ ചെറുക്കുന്നതുമായ ലൈംഗിക-ലിംഗ ന്യൂനപക്ഷത്തെ കുറിക്കാനാ ണ് ക്വീര്‍ എന്ന പദം ഉപയോഗിച്ചുപോരുന്നത്. 

1990 കളോട് കൂടി അമേരിക്കയിലാണ് ക്വീര്‍ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്വീര്‍ സിദ്ധാന്തം ലിംഗത്തിലും ലൈംഗികതയിലു മൂന്നിയ മുന്‍ധാരണകളെ തകര്‍ക്കുന്നു. ലിംഗവും ലൈംഗികതയും രണ്ടാണെന്നും, ലിംഗത്തെ നിര്‍ണ്ണയിക്കുന്നത് പരമ്പരാഗത ശരീരമല്ല മറിച്ച് തലച്ചോറാണെന്ന് ഈ സിദ്ധാന്തം സ്ഥാപിക്കുന്നു.  ലൈംഗികതയെ പൂര്‍ണ്ണജനാധിപത്യ പ്രക്രിയയുടെ ഭാഗമായി അവതരിപ്പിക്കുകയും രാഷ്ട്രത്തിലെ വ്യക്തി എന്ന പ്രാഥമിക ഘടകത്തിന്‍റെ സ്വാതന്ത്ര്യം എന്നത് പൂര്‍ണ്ണമാകാനുള്ള ഒരു വ്യവസ്ഥയാണ് ക്വീര്‍ (വിമതം) എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ലൈംഗികത എന്നത് ശാരീരികാകര്‍ഷണത്തെയും പ്രണയത്തെയും നിര്‍ണ്ണയിക്കുന്നു. എന്നാല്‍ ലിംഗം (ഴലിറലൃ)  എന്നത് ശരീരത്തിന്‍റേ യും മനസിന്‍റേയും ആണ്മ, പെണ്‍മ ഘടകമാണ് നിര്‍ണ്ണയിക്കുന്നത്. രതിയും പ്രണയവും രണ്ട് വ്യത്യസ്തമായ ഭാവങ്ങളാണെങ്കിലും അവവേറിട്ടു കാണുന്ന പ്രതിഭാസങ്ങളല്ല മറിച്ച് പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പ്രണയമില്ലാതെ ലൈംഗികത ഉണ്ടാവാമെങ്കിലും ഭാവനയിലെങ്കിലും ലൈംഗികതയുടെ വിലോഭനീയതയില്ലാതെ പ്രണയമുണ്ടാകുമെന്ന് തോന്നുന്നില്ല. സുഹൃത്തുക്കള്‍ തമ്മിലുള്ള സ്നേഹം, ബന്ധുക്കള്‍ തമ്മിലുള്ള സ്നേഹം എന്നിവയില്‍നിന്ന് പ്രണയത്തെ വേര്‍തിരിക്കുന്നത് അതില്‍ അലിഞ്ഞുകിടക്കുന്ന രതിയുടെ പ്രഭാവം കാരണമാണ്. സ്വവര്‍ഗ്ഗപ്രണയികള്‍ക്ക് തങ്ങളുടെ പ്രണയത്തിലുള്ള വ്യത്യാസം സമൂഹത്തില്‍നിന്ന് പൂര്‍ണ്ണമായി മറച്ചുവെച്ച് അദൃശ്യരായി നിലനില്‍ക്കാന്‍ കഴിയും. ആയതിനാല്‍ സ്വവര്‍ഗാ നുരാഗികളെ അദൃശ്യന്യൂനപക്ഷം (ശി്ശശെയഹല ാശിീൃശ്യേ) എന്ന് വിളിക്കുന്നു. 

സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെ പറ്റിയുള്ള ആദ്യലഘുലേഖ 1869 ല്‍ ജര്‍മ്മനിയിലാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ സ്വവര്‍ഗപ്രണയികളുടെ വര്‍ധിച്ച നിരക്കിലുള്ള ആത്മഹത്യകളെ പറ്റി പഠിക്കാനും പരിഹാരങ്ങള്‍ തേടാനുമായി ചില മഹിളാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സന്നദ്ധസംഘടമയാണ് 'സഹയാത്രിക' 2002ല്‍ നിലവില്‍ വന്ന ഈ സംഘടനയാണ് കേരളത്തിലാദ്യമായി രൂപം കൊണ്ട ലൈംഗിക ന്യൂനപക്ഷകൂട്ടായ്മ. തന്‍റെ ലൈംഗികതയും പ്രണയവും എതിര്‍വര്‍ഗ പ്രണയികളില്‍ നിന്ന് കാണപ്പെടുന്ന പ്രണയത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ലെന്ന സ്വയം തിരിച്ചറിവിന്‍റെ പാഠമാണ് ഓരോ വ്യക്തിയും സ്വായത്തമാക്കേണ്ടത്. അത്തരമൊരു സ്വായത്തമാക്കലിന്‍റെ അനിവാര്യതകൂടി മൂത്തോന്‍ പകര്‍ന്നുതരു ന്നുണ്ട്. നിലനില്‍ക്കുന്ന സാമൂഹിക മനസ്ഥികള്‍ക്ക് എതിരാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും, തന്‍റെ കുടുംബത്തെ സംരക്ഷിക്കാന്‍ തന്‍റെ താല്‍പര്യങ്ങളെ ബലികൊടുക്കാമെന്നുമുള്ള ബോധത്തില്‍ നിന്നാണ് എല്ലാം ഉപേക്ഷിച്ചുവന്ന അമീറിനെ അക്ബര്‍ തിരിച്ചയുക്കുന്നത്. ഇത്തരം സാമൂഹ്യമനോഭാവം ചെന്നെത്തുന്നത് ആത്മഹത്യകളിലാണ് എന്ന് അമീറിന്‍റെ ചരിത്രം പറയുന്നു. ഇരുവരും സ്വപ്നം കണ്ട നിറയെ പ്രാവുകളുളള, സൂര്യാസ്തമയ ത്തിന്‍റെ സൗന്ദര്യമുള്ള മുംബൈ ആയിരുന്നില്ല അക്ബറിനെ വരവേറ്റത്. മയക്കുമരുന്നിന്‍റേയും, അക്രമത്തന്‍റേയും ,ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും കാമാത്തിപുരത്തിന്‍റെ ഭായിലേക്കുള്ള പരിണാമം അതുവരെ അക്ബര്‍ അനുഭവിച്ച വേദനകളുടേയും സമൂഹത്തോടുള്ള അമര്‍ഷത്തിന്‍റേയും ആകെത്തുകയാണ്. അമീറുമൊത്തുള്ള രാത്രിക്കു ശേഷം കുത്തുറാത്തീബ് നടത്തുമ്പോ ള്‍ അതുവരെ അനുഭവിക്കാതിരുന്ന വേദന അനുഭവപ്പെട്ടത് സമൂഹം അവനുമേല്‍ അടിച്ചേല്‍പ്പിച്ച സദാചാരബോധത്തില്‍ നിന്നും ഉടലെടുത്തതാണ്. ആത്മീയജീവിതം നയിക്കുന്നവര്‍ ചെയ്യേണ്ട താണ് കുത്തുറാത്തീബ് എന്നും, വ്യക്തിജീവിതത്തിലെ സൂക്ഷമത നഷ്ടമായതിലൂടെ ആത്മീയഭാവം കൈമോശം വന്നു എന്നുമുള്ള ബോധത്തില്‍ നിന്നുമുണ്ടായതാണ് ആ പ്രകടമായ വേദന.   

അതിജീവനത്തിന്‍റെ കഥകൂടി കാമാത്തിപുരത്തെ ജീവിതങ്ങള്‍ പറയുന്നുണ്ട്. മൂത്തോനെ തേടി, ഒടുവില്‍ അവിടുത്തെ ലൈംഗികതൊഴിലാളിയായി ജീവിക്കുന്ന മുല്ലയും, സ്വന്തം മകനെ തന്നോടൊപ്പം വളര്‍ത്താന്‍ കഴിയാത്ത റോസിയും ശക്തമായ അതിജീവനത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്. ഭായ്യുടെ നിഴല്‍ പോലെ സഞ്ചരിക്കുന്ന സലീമിന് അയാളെ ചതിക്കേണ്ടിവരുന്നതും അയാളുടെ അതിജീവനത്തിനായാണ്. തങ്ങളുടെ സ്വത്വത്തിനെ തിരായി വേഷങ്ങളണിയുന്നതിലെ ചതിക്കുഴികളുടെ പാഠങ്ങള്‍ മുല്ലയ്ക്ക് പറഞ്ഞുകൊടുക്കുന്നത് അതിജീവനത്തിനായി ലൈംഗിക തൊഴില്‍ സ്വീകരിച്ച ഭായ്യുടെ ആദ്യസുഹൃത്താണ്. ഹിജഢകള്‍ എന്ന് വിളിക്കപ്പെടുന്ന ഇത്തരം ആളുകളുടെ മാനസിക സംഘര്‍ഷ ങ്ങള്‍ അയാളുടെ ഓരോ ചലനത്തില്‍ നിന്നും പ്രേക്ഷകന് മനസിലാ ക്കാന്‍ കഴിയുന്നു. കുത്തഴിഞ്ഞ ലൈംഗികവൈകൃതത്തിന്‍റെ നേര്‍സാക്ഷ്യം കൂടിയാണ് കാമാത്തിപുരം . 

മസാലക്കൂട്ടുകള്‍ക്കുള്ള സ്കോപ്പ് ഈ ചിത്രത്തിലുണ്ടായിട്ടും അത്തരത്തിലുള്ള ഒരു സീന്‍പോലും നല്‍കാത്തതിലും, സ്ത്രീ ശരീരത്തെ ചരക്കുവല്‍ക്കരിക്കുന്ന നോട്ടത്തെ തിരസ്കരിക്കുകയും നിലനില്‍ക്കുന്ന സിനിമയിലെ ആണധികാരത്തിന്‍റെ നോട്ടങ്ങള്‍ ക്കെതിരെ ക്യാമറ ചലിപ്പിച്ചും മൂത്തോന്‍ മലയാള സിനിമയില്‍ മറ്റൊരു പാത വെട്ടിത്തുറന്നിട്ടുണ്ട്. പെണ്ണ് പെണ്ണിന്‍റെ കോലത്തില്‍ നടക്കണമെന്ന സമൂഹനിയമത്തിന്‍റെ ഇരകളാണ് മറ്റ് വിദ്യാര്‍ത്ഥി കളും, അധ്യാപകനും. മുല്ലയുടെ വേഷം അവരില്‍ അസഹിഷ്ണുത യുളവാക്കുന്നു. മുല്ലയെ നിര്‍ബന്ധപൂര്‍വ്വം ലിപ്സ്റ്റിക്ക് ഇട്ടുകൊടുക്കു ന്ന വദ്യാര്‍ത്ഥികള്‍ സമൂഹത്തിന്‍റെ സദാചാരബോധം തലക്കു പിടിച്ചവരുടെ പ്രതിനിധാനങ്ങളാണ്. സ്ത്രീയെ ലൈംഗിക ശരീര ത്തിന്‍റെ പ്രതിനിധാനമാക്കി പുരുഷാധിപത്യം അധികാരത്തെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൊരു മാറ്റത്തിന്‍റെ ആവിഷ്കാരമാണ് 'മൂത്തോന്‍'. പുരുഷനും പുരുഷനുമുള്ള ഇണചേരല്‍ കുടുംബവും, സമൂഹവും അംഗീകരിക്കുകയില്ല എന്നുള്ള സാമാന്യബോധ്യം തന്നെയാണ് അമീറില്‍ നിന്നും അക്ബറിനെ തടഞ്ഞത്. സിനിമകളില്‍ എക്കാലത്തും പ്രണയം പ്രധാനവിഷയം തന്നെയാണ്. ആധുനികമായ പ്രണയം ലൈംഗികതയേക്കാള്‍ മനസ്സിനും പ്രാധാന്യം നല്‍കുന്നതായിരുന്നു. റോസി, മുല്ല, ആമിന എന്നിവരെല്ലാം ശക്തകളാണ്. ഓരോ പ്രതിസന്ധിഘട്ടത്തേയും അവര്‍ സധൈര്യം നേരിടുന്നു.

ആണ്‍പെണ്‍ പ്രണയത്തിലെ വിലക്കുകള്‍ അവരുടെ പ്രണയത്തെ ആദര്‍ശവല്‍ക്കരിക്കുകയും സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന വിലക്കുകള്‍ പ്രണയത്തെ ദുര്‍ബലപ്പെടുത്തുന്നു എന്ന പൊതുബോധത്തെ ഊട്ടിയുറപ്പുക്കുക തന്നെയല്ലേ ഈ സിനിമയും ചെയ്തത് എന്ന സംശയം ബാക്കിനില്‍ക്കുന്നു.  ഒരുപക്ഷേ കാണീസമൂഹത്തെ (പൊതുബോധത്തെ) തൃപ്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമെടുത്ത കര്‍ത്തവ്യമായേക്കാം എന്ന ഉത്തരത്തില്‍ തല്‍ക്കാലം ആശ്വാസമടയാം. രണ്ട് പുരുഷന്‍മാരുടെ പ്രണയമായ തിനാലും, അവരുടെ ജീവിതം ചലനാത്മകവുമാണ് അവയിലൊന്നി നെ നിശ്ചലമാക്കാന്‍ മരണത്തിനപ്പുറത്ത് മറ്റൊന്നും കാണാത്തതു കൊണ്ടുമാവാം മറിച്ചെരു ചിന്ത ഉണരാതിരുന്നത്.

തന്‍റെ ശാരീരികാവസ്ഥയ്ക്കും മാനസികാവസ്ഥയ്ക്കുമനു സരിച്ച് വ്യക്തികള്‍ ജീവിക്കാത്തതിനാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് മൂത്തോന്‍ ഓര്‍മ്മപ്പെടുത്തുന്നത്. അപരവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹിക സാംസ്കാരിക വിശകലനത്തിലൂടെ പൊതുബോധത്തിന് വരേണ്ട മാറ്റത്തിന്‍റെ സമയം അതിക്രമിച്ചിരിക്കുകയാണ്. ജസരി എന്ന ദ്വീപ് ഭാഷയും ഹിന്ദിയും ചേര്‍ന്നതാണ് സിനിമയിലെ സംഭാഷണങ്ങള്‍. പ്രണയത്തിന്‍റെയും, ശാന്തതയുടെയും ഇടമായ് ദ്വീപും, ചതിയുടെയും കാമത്തിന്‍റെയും പകര്‍പ്പായ് കാമാത്തിപുരവും നിലകൊള്ളുന്നു. നിലനില്‍ക്കുന്ന സിനിമാചേരുവകള്‍ക്ക് ഭിന്നമായും മറ്റൊരു ജോണറിലൂടെയുള്ള കഥപറച്ചിലിലൂടെയും മൂത്തോന്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു കാഴ്ചാനുഭവം തന്നെയാണ് നല്‍കുന്നത്.

ഗ്രന്ഥസൂചി

1 ഡോ. ദീപേഷ് കരിമ്പുക്കര (എഡി), 2019, തിരക്കാഴ്ചയിലെ പുതുലോകങ്ങള്‍, ഐബുക്സ് കേരള.
2 ഡോ. രാജേഷ് എം ആര്‍, 2019, സിനിമ മുഖവും മുഖംമൂടിയും, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
3 വി സി ഹരിദാസ്, പി എസ് രാധാകൃഷ്ണന്‍ (എഡി), 2018, സംസ്കാര പഠനം പുതിയ സങ്കനല്പനങ്ങള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍.
ആതിര. ടി
ഗവേഷക
കാലിക്കറ്റ് യൂണിവേഴ്സിറ്റി
മലയാള കേരളപഠന വിഭാഗം 
Ph: +91 8893499488
Email: athiramannur6@gmail.com