Akkitham: Some Dilemmas of Faith
Dr Sheeba Divakaran
Akkitham Achuthan Namboodiri (1926-2020) one of the early modernist poets of Malayalam often took themes of his poems from the real life itself. Along with poems with revolutionary themes, he portrayed different levels of faith. As a traditional Brahmin, he was an ardent believer of God and even then, he added logical thoughts in almost all of his poems. The poem Kuttappan Enna Komaram - an oracle named Kuttappan- might be one among the best examples of this logical flavour. Being an oracle of a local temple for more than one and a half decade he couldn’t earn anything for his daily life and once he realised the futility of his job, he decided to be a Godman and started earning immense money by simply sitting under a banyan tree. But this too couldn’t last for long. The paper discusses how this poem problematise the faith and its shades.
Keywords: Rituals, humanity, faith, imagery, fantasy
Reference
Nair, MR. 2011, Sanjayan: Sampoorna Krithikal, Kozhikode: Mathrubhumi Books
Narayanan PM, 2014. Akkithathinte Kavyadarshanam. Sukapuram: Vallathol Vidyapeetam
Sivaraman, Koomully. (Ed) 2006. Akkithathinte Lokam, Sukapuram: Vallathol Vidyapeetam.
അക്കിത്തം: ചില വിശ്വാസസമസ്യകള്‍
ഡോ. ഷീബാദിവാകരന്‍
ജീവിതയാഥാര്‍ഥ്യങ്ങളില്‍നിന്ന് കവിത പിഴിഞ്ഞെടുത്ത കവിയാണ് അക്കിത്തം. താന്‍ കണ്ടറിഞ്ഞ അന്ധവിശ്വാസങ്ങളും ദാരിദ്ര്യവും നമ്പൂതിരിസ്ത്രീയവസ്ഥയുമൊക്കെ അദ്ദേഹത്തിന്‍റെ കവിതയ്ക്കു വിഷയമായി. അധ്വാനത്തിന്‍റെയും മാനുഷികദര്‍ശനത്തിന്‍റെയും ആവശ്യകതക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. അങ്ങേയറ്റം വിശ്വാസിയായിരിക്കെത്തന്നെ ഒപ്പം യുക്തിചിന്തയും സമന്വയിപ്പിക്കുന്ന രീതി അദ്ദേഹത്തെ തികച്ചും ആധുനികനാക്കിത്തീര്‍ത്തു. കുട്ടപ്പന്‍ എന്ന കോമരം എന്ന കവിതയില്‍ ഇത്തരമൊരു څസമന്വയിപ്പിക്കല്‍چ കാണാം.
അമ്പതുവര്‍ഷം കോമരമായി അമ്പലനടയില്‍ ചാടിച്ചാടിനടന്ന കുട്ടപ്പന്‍, കവിതയുടെ തുടക്കത്തില്‍ ഒരു വീണ്ടുവിചാരത്തിന്‍റെ നടുവിലാണ്. ഇത്രയും കാലം അത്യധ്വാനം ചെയ്തിട്ടും ഒരു ചില്ലിക്കാശുപോലും സമ്പാദിക്കാനായില്ല. ഒരു ദിവസം തുള്ളിയില്ലെങ്കില്‍ അന്ന് പട്ടിണി എന്ന അവസ്ഥ. ദേഹം മണ്ണൊടുചേരാറായിരിക്കുന്നു. ഇനിയും തുള്ളാന്‍, തല വെട്ടിപ്പൊളിക്കാന്‍ വയ്യാതായിരിക്കുന്നു. മക്കള്‍പോലും വഴിയാധാരമായിരിക്കുന്നു. ഇത്രയും കാലം ഭഗവതിയെ സേവിച്ചതിന് പ്രതിഫലമായിക്കിട്ടിയത് നിത്യദാരിദ്ര്യംമാത്രമാണ് എന്ന യാഥാര്‍ഥ്യം അയാളില്‍ സങ്കടവും ദേഷ്യവും നിറയ്ക്കുന്നുണ്ട്.
തൂവിടുമെന്നില്‍ കാരുണ്യം
എന്നുധരിച്ചൂ, കണ്ണുമിഴിച്ചീ-
ലെന്നുടെ നേരെക്കൂത്തിച്ചി
എന്ന് അയാള്‍ മനസ്സുതുറക്കുന്നത് അതുകൊണ്ടാണ്. പറയാവുന്നതില്‍ ഏറ്റവും വലിയ തെറിവാക്കാണ് അയാള്‍ ഭഗവതിക്കുനേരെ പ്രയോഗിച്ചിരിക്കുന്നത്. ഇതൊരുപക്ഷേ സ്വാതന്ത്ര്യക്കൂടുതല്‍കൊണ്ടുമായിരിക്കാം. കാലങ്ങളായി സേവിച്ച് ഒരു സുഹൃത്തിനെപ്പോലെയായിരിക്കുന്നു, അദ്ദേഹത്തിന് ഗവതി. ഇവിടെ പഴയകാല വിപ്ലവാഭിമുഖ്യത്തിന്‍റെ ഭാഗമായി കവിതയില്‍ കുടിയേറിയ ദൈവനിന്ദയായിട്ടല്ല, ഈശ്വരാരാധനയുടെ നാടോടിരീതിയായാണ് ഈ പറച്ചിലിനെ കാണേണ്ടതും വിലയിരുത്തേണ്ടതും എന്ന് എം. എം സചീന്ദ്രന്‍ നിരീക്ഷിക്കുന്നുണ്ട്. (അമ്പാടിക്കണ്ണനും പാറപ്പുറത്ത് താമിയും. അക്കിത്തത്തിന്‍റെ ലോകം പു. 378) ദൈവത്തെ മനുഷ്യനില്‍നിന്ന് ബഹുദൂരം ഉയര്‍ത്തിക്കൊണ്ടുപോയി പ്രതിഷ്ഠിക്കുന്ന ക്ലാസിക്കല്‍ രീതിയില്‍നിന്നു വ്യത്യസ്തമായി, നാടോടിപാരമ്പര്യത്തില്‍ കാണാനാവുക ദൈവത്തെ തന്‍റെ ചുറ്റുപാടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന രീതിയാണ്. ഐതിഹ്യകഥയോര്‍ക്കുക: പരബ്രഹ്മം പോത്തുപോലെയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരുടെയൊപ്പം പോത്തായി നടക്കാനും മടിയില്ലല്ലോ സാക്ഷാല്‍ ഈശ്വരന്.
തുടര്‍ച്ചയായി സേവിച്ചാല്‍ ശക്തയായ ദേവി കടാക്ഷിക്കേണ്ടതാണ്. അതുണ്ടായില്ലെന്ന യാഥാര്‍ഥ്യം ഇതൊരു ഉപകാരമില്ലാപ്പണിയാണെന്ന തിരിച്ചറിവിലേക്ക് ഏറെ വൈകിയാണെങ്കിലും അദ്ദേഹത്തെ ചെന്നെത്തിക്കുന്നു. ക്ഷമിക്കാവുന്നതിന്‍റെ പരിധി കഴിഞ്ഞപ്പോള്‍ ഇതിലും ഭേദം ഭിക്ഷാടനമാണെന്ന് എന്നുതീരുമാനിച്ച് ڇപീടികതോറും വീടുകള്‍തോറും ഭിക്ഷയെടുത്തുനടക്കുന്ന, വൈകിയാണെങ്കിലും യുക്തിയോടെ ചിന്തിക്കുന്ന ഒരു മനുഷ്യനായി കുട്ടപ്പനെ വായനക്കാര്‍ തിരിച്ചറിയുന്നു. എം. ടി. വാസുദേവന്‍നായര്‍ എഴുതിയ 'പള്ളിവാളും കാല്‍ച്ചിലമ്പും' (1956) എന്ന കഥയിലെ വെളിച്ചപ്പാടുമായി അക്കിത്തത്തിന്‍റെ വെളിച്ചപ്പാടിന് ചില സാമ്യങ്ങളുണ്ട്. താന്‍ നിത്യോപാസനനടത്തുന്ന ദേവി തന്‍റെ രക്ഷക്കെത്തില്ലെന്ന തിരിച്ചറിവില്‍ രണ്ടുപേരും എത്തിച്ചേരുന്നുണ്ട്. രണ്ടുപേര്‍ക്കും മുഴുപട്ടിണിയാണ്. മക്കള്‍ പട്ടിണികിടക്കുന്നത് കണ്ടും സ്വയം പട്ടിണികിടക്കാന്‍ വിധിക്കപ്പെട്ടുമാണ് രണ്ടുപേരും മാറിച്ചിന്തിക്കുന്നത്. ആത്മാഭിമാനനഷ്ടവും ദാരിദ്ര്യവും രണ്ടുപേര്‍ക്കുമുണ്ട്. ദേവിയിലുള്ള വിശ്വാസം നശിച്ച് പിച്ചതെണ്ടുകയാണ് ഇരുവരും. ഒരാള്‍ പ്രതിഷേധം കാണിക്കുന്നത് ഭഗവതിയുടെ പള്ളിവാളും കാല്‍ച്ചിലമ്പും പഴയ ഓടിന്‍റെ വിലക്ക് തൂക്കിവില്‍ക്കാന്‍ ശ്രമിച്ചുകൊണ്ടാണെങ്കില്‍ മറ്റേയാള്‍ പ്രതിഷേധിക്കുന്നത് പച്ചത്തെറി പറഞ്ഞുകൊണ്ടാണ്. 1973-ല്‍ പള്ളിവാളില്‍നിന്ന് നിര്‍മാല്യമെന്ന സിനിമ രൂപപ്പെടുത്തിയപ്പോള്‍ വെളിച്ചപ്പാടിന്‍റെ പ്രതികരണത്തിന് എം.ടി മൂര്‍ച്ചകൂട്ടുന്നുണ്ട്. തലവെട്ടിപ്പിളര്‍ന്ന ചോര വായിലേക്കൊഴുകിയത് ബലിക്കല്ലിലും ദീപസ്തംഭത്തിലും വീഴത്തക്കവിധം നീട്ടിത്തുപ്പി ശ്രീകോവിലില്‍ച്ചെന്ന് ദേവീബിംബത്തെ ആഞ്ഞുവെട്ടുന്നു വെളിച്ചപ്പാട്. തലപിളര്‍ന്ന് അയാള്‍ നടയില്‍ വീഴുന്നു.
കാലാനുസൃതമായ വെളിപാട്.
എന്നാല്‍, പ്രതിസന്ധിയില്‍ സ്വയം വെട്ടിമരിക്കുകയല്ല, മറ്റൊരു വഴിതേടുകയാണ് അക്കിത്തത്തിന്‍റെ വെളിച്ചപ്പാട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സൂത്രവഴി കുട്ടപ്പന് തോന്നിച്ചുകൊടുക്കുന്നത്, ഒരു പേരാലാണ്. ബോധിവൃക്ഷമായ അരയാലല്ല, ഏതുവിധേനയും വേരുകളാഴ്ത്തി അതിജീവിക്കാനറിയാവുന്ന പേരാല്‍.
മറുപടി കേള്‍ക്കേ കുട്ടപ്പന്‍
പിച്ചപ്പാളയെറിഞ്ഞൂദൂരെ,യ-
തുച്ചച്ചൂടിലുണങ്ങിപ്പോയ്
പിച്ചപ്പാള വലിച്ചെറിഞ്ഞ് ഓടിപ്പോയ കുട്ടപ്പനെ പിന്നീട്കാണുന്നത് മറ്റൊരു ദേശത്ത് പേരാല്‍ത്തറയില്‍ കാവിയുടുത്ത് ഭസ്മംപൂശിയിരിക്കുന്ന പേരില്ലാത്തൊരു സന്യാസിയായാണ്. ആരാണ്, എവിടെനിന്നുവന്നു, എന്തൊക്കെ പറയാം തുടങ്ങി ഒരു സംശയവും ആര്‍ക്കുമുണ്ടായില്ല. അവരൊക്കെ ഇങ്ങനെയൊരാളെ വളരെക്കാലമായി കാത്തുനില്‍ക്കുകയായിരുന്നു എന്നമട്ടില്‍ അവരവരുടെ കദനങ്ങള്‍ പറഞ്ഞുതുടങ്ങി. അവര്‍ സന്യാസത്തെ തിരിച്ചറിയുന്നത് വേഷത്തിലൂടെ മാത്രമാണ്. ഒരുപാടുണ്ടായിരുന്നു, അവര്‍ക്ക് പറയാന്‍. അവരുടെ എണ്ണത്തിലാകട്ടെ, അനുദിനം വര്‍ധനവുണ്ടായിക്കൊണ്ടുമിരുന്നു. സന്യാസി നെഞ്ചിലിടംകൈചേര്‍ത്ത് കണ്ണുമടച്ച് മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു. വന്നവരുടെ മാറാവ്യാധികള്‍ വിട്ടൊഴിഞ്ഞു എന്നത് യാദൃച്ഛികത മാത്രമാവാം. ഒക്കെ വിശ്വാസമാണല്ലോ. കാമ്പിശ്ശേരിയുടെ 'കൂനന്തറപ്പരമുവും പൂനാകേശവനു'മെന്ന ഹാസ്യപരമ്പരയിലെപ്പോലെ സ്വാമിയുടെ പബ്ലിക് റിലേഷന്‍ സഹായികളായി കഥകള്‍മെനയാന്‍ ആളുകളുമുണ്ടായിരിക്കാം. പ്രാര്‍ഥന ഫലിച്ചവര്‍ 'യമിയുടെ കാല്‍ക്കല്‍ കനകം പെയ്തു'. അമ്പതുകൊല്ലം അമ്പലത്തില്‍ കോമരംതുള്ളി തലവെട്ടിപ്പൊട്ടിച്ചയാള്‍ അല്പനാളുകള്‍ കൊണ്ട് വെറുതെയിരുന്ന് പണംവാരി. സംപൂജ്യനായി. അതിലുപരി സമ്പന്നനും. പേരില്ലാത്ത സന്യാസിയുടെ ഈ അതിദ്രുതവളര്‍ച്ച സഞ്ജയന്‍ 1936-ല്‍ എഴുതിയ 'രുദ്രാക്ഷമാഹാത്മ്യ'ത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. മുക്കാല്‍പൈസയുടെ വരവില്ലാതെ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ പൊടികൊണ്ട് മുഖദ്വാരങ്ങള്‍ നിറച്ച് ഒരു വ്യാഴവട്ടക്കാലം സകലതെരുവുകളില്‍ക്കൂടിയും രാപകല്‍ ഒരുമിച്ചു തെണ്ടിയ അയല്‍ക്കാരായ പറങ്ങോടനും സഞ്ജയനും ഒരു സുപ്രഭാതത്തില്‍ കാശുകാരായത് പറങ്ങോടന്‍റെ ഒരു ഭാഗ്യപരീക്ഷണത്തിലൂടെയായിരുന്നു. പ്രധാനപത്രങ്ങളിലെല്ലാം, ഹിമാലയത്തില്‍നിന്ന് നേരിട്ടെത്തിച്ചതും ധരിച്ചാല്‍ ഐശ്വര്യം വിളങ്ങുന്നതുമായ രുദ്രാക്ഷത്തിന്‍റെ പരസ്യം കൊടുക്കുകയായിരുന്നു, അവര്‍. ڇഈ രുദ്രാക്ഷങ്ങളില്‍ ഓരോന്നും പതിനായിരം ഉരുവീതം ത്രൈയംബകഹൃദയമഹാമന്ത്രം ജപിച്ച് ആവാഹിക്കപ്പെട്ടതാണെന്നും ഹിമാലയമഹാഗിരിയുടെ ഗഹ്വരങ്ങളിലൊന്നില്‍ തപസ്സുചെയ്യുന്ന ഒരു മഹാസിദ്ധനാണ് ഇവയെ സംസ്കരിച്ചതെന്നുംچ പരസ്യംകൊടുത്തതോടെ അവര്‍ മണിയോര്‍ഡര്‍ സ്വീകരിച്ചു കുഴങ്ങിയകഥയാണ് രുദ്രാക്ഷമാഹാത്മ്യം. സിദ്ധന്മാരുടെ സിദ്ധിയില്‍ എക്കാലത്തും സാമാന്യജനങ്ങള്‍ക്ക് നല്ല വിശ്വാസമാണല്ലോ. വിശ്വാസത്തിന്‍റെ ചെലവില്‍ ഏതു തട്ടിപ്പും നടക്കുകയുംചെയ്യും.
വിശ്വാസത്തിന്‍റെ തേച്ചുകഴുകിയാല്‍പ്പോകാത്ത മണം
ഇഷ്ടംപോലെ പണംകിട്ടിയപ്പോള്‍ വീണ്ടും ആ ആല്‍ത്തറയിലിരുന്നു കാലംകഴിക്കത്തക്ക അത്യാഗ്രഹിയായിരുന്നില്ല, കുട്ടപ്പന്‍. എന്നെങ്കിലുമൊരിക്കല്‍ ആളുകളോട് അടികിട്ടാനുള്ള സാധ്യതയും അയാള്‍ ഓര്‍ത്തിരിക്കും. ആളുകളെ നന്നാക്കണമെന്ന ആന്തരികപ്രചോദനമല്ല, തനിക്കൊന്ന് കരകയറണമെന്ന തീരാമോഹമാണ് അയാള്‍ക്ക് ആകെയുണ്ടായിരുന്നത്. ഒരു പുലരിയില്‍ അയാളെ ആല്‍ത്തറയില്‍ കാണാതായി. ഭക്തജനപ്രിയനെ കാണാതെ ഒരുകൂട്ടം ആളുകള്‍ അവിടെ പരുങ്ങിനിന്നു. കുട്ടപ്പനാകട്ടെ സന്യാസിക്കുപ്പായം അഴിച്ചുമാറ്റി നാട്ടില്‍ തിരിച്ചെത്തി തന്‍റെ എക്കാലത്തെയും മോഹമായിരുന്ന സ്വന്തമായ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പണിതുടങ്ങി. പണത്തിന്‍റെ കുറവില്ലാത്തതിനാല്‍ പണി വേഗം തീര്‍ത്ത്, സ്വപ്നഭവനത്തില്‍ മെത്തയില്‍ക്കിടന്ന് കുട്ടപ്പന്‍ സ്വസ്ഥമായൊന്നുമയങ്ങി. ധനികനായിത്തീരുന്ന ഒരുവേളയിലും ഭഗവതിയെ ഓര്‍ക്കാതിരുന്ന കുട്ടപ്പന്‍ ആ സുഖനിദ്രയില്‍ ഭഗവതിയെ സ്വപ്നത്തില്‍ കണ്ടു. ഭഗവതിയോടുപിണങ്ങി സ്വന്തം വഴികണ്ടെത്തി രക്ഷപ്പെട്ട കുട്ടപ്പന് അമ്പതുവര്‍ഷം താന്‍ കൊണ്ടുനടന്ന വിശ്വാസത്തിന്‍റെ പിടിയില്‍നിന്ന് എക്കാലത്തും കുതറിമാറിനടക്കാനാവുന്നില്ല.
കാലടിവെപ്പില്‍ കാലടിവെപ്പില്‍
കാത്തരുളും ഞാനാശ്രിതനെ
കാലംവന്നാല്‍പൊക്കിയുണര്‍ത്തും
കടമിഴിമുനയാലാശ്രിതനെ
നിന്നില്‍ക്കരുണപൊഴിച്ചീലാഞാ-
നെന്നിനിമേലില്‍പറയൊല്ലാ
ഒരുനാളെന്നെവരിച്ചവനെപ്പി-
മ്പൊരുനാളും ഞാന്‍ വെടിയില്ല
തന്‍റെ എല്ലാ ഐശ്വര്യത്തിനും ഉയര്‍ച്ചക്കും കാരണം ദേവിയുടെ കടാക്ഷമാണെന്ന് ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് പറയുകയാണ്. ആന്തരകാമനകളുടെ പ്രതിഫലനം തന്നെയാണ് സ്വപ്നം. രൂഢമൂലമായ വിശ്വാസം അതിന്നാധാരമായിരിക്കും. ഭഗവതിയെ തെറിപറഞ്ഞതിന്‍റെ കുറ്റബോധം എത്ര നിഷേധിച്ചാലും ആ വിശ്വാസിയില്‍ കാണും. അതെല്ലാമാണ് ഈ സ്വപ്നദൃശ്യം തെളിയിക്കുന്നത്. ഭഗവതിയെ മുന്നില്‍ക്കണ്ട കുട്ടപ്പന്‍ ആ ചരണങ്ങള്‍ രണ്ടുകൈകളാലും പുണരാനായി ചാടിയെണീറ്റു. അംബികയുടെ അരവാളിലമര്‍ന്ന് കുട്ടപ്പന്‍റെ തലപിളര്‍ന്നു എന്ന് പറയുന്നുണ്ടെങ്കിലും
കട്ടില്‍ക്കാലില്‍ കൈകള്‍മുറുക്കി
ക്കട്ടച്ചോരയിലാറാടി
നിത്യതപോലെയുറങ്ങുകയത്രേ
നിര്‍വൃതിപൂകിയകുട്ടപ്പന്‍
എന്ന വരികളിലൂടെ കട്ടില്‍ക്കാലില്‍ തലയിടിച്ച് ചോരവാര്‍ന്നാണ് കുട്ടപ്പന്‍ മരിച്ചതെന്ന് തെളിയുന്നു. കുട്ടപ്പന്‍റെ മരണം പരിഹാസത്തോടെയാണ് കവി വിവരിക്കുന്നത്. ഒരു കപടസന്യാസി അര്‍ഹിക്കുന്ന അന്ത്യംതന്നെയാണിത്. യുക്തിക്കുനിരക്കുന്നതല്ല കുട്ടപ്പന്‍റെ പരിസമാപ്തിയെന്നത്, അവിടെയൊരു ഫാന്‍റസിപോലെ ദൈവശിക്ഷ കടന്നുവന്നത്, ആധുനികനെന്ന പരിവേഷമുള്ള അക്കിത്തത്തിന്‍റെ ഉള്ളിലെ പാരമ്പര്യത്തിലൂന്നിക്കൊണ്ടുള്ള വിശ്വാസപ്രമാണങ്ങള്‍ക്കും നിദര്‍ശനമാകുന്നു. ഇടിഞ്ഞുപൊളിഞ്ഞലോകത്തിലെതന്നെ 'പണ്ടത്തെ മേശാന്തി' എന്ന കവിതയിലെ തുപ്പന്‍റെ ചിന്തകളായ
എന്നാലുമെന്നെത്തുണച്ചാനൊടുവൊരാ-
ളെന്നൊരാശ്വാസമു-ണ്ടാളല്ലൊ,രീശ്വരന്‍
... ...
കാണായതപ്പടി കണ്ണുനീരെങ്കിലും
ഞാനുയിര്‍കൊള്ളുന്നു വിശ്വാസശക്തിയാല്‍
തുടങ്ങിയ വരികളിലും ഈശ്വരനിലും വിശ്വാസത്തിലുമുള്ള ദാര്‍ഢ്യം വ്യക്തമാകുന്നുണ്ടല്ലോ.
ചില ഇമേജറികള്‍
കോമരം എന്ന ഫോക്ബിംബത്തിലൂടെയാണ് കവിത വികസിക്കുന്നത്. കാവുകളിലും മറ്റുംനടക്കുന്ന അനുഷ്ഠാനപരമായ ഈ നൃത്തരൂപത്തില്‍ ദേവതമാര്‍ ഉറഞ്ഞുതുള്ളും. അവര്‍ ഭക്തജനങ്ങളെ കുറികൊടുത്ത് അനുഗ്രഹിക്കും. ഭക്തന്മാരാകട്ടെ അവരുടെ വേദനകളും ദു:ഖങ്ങളും ആവശ്യങ്ങളുമൊക്കെ കോമരത്തോട് ഉണര്‍ത്തിക്കും. ദൈവത്തിന്‍റെ പ്രതിപുരുഷ്ന്മാരാണവര്‍. ജീവിക്കാനുതകുന്ന പ്രതിഫലം കോമരത്തിനുകിട്ടാറില്ല. ദേവിയോടുള്ള വിശ്വാസത്തിന്‍റെ പുറത്താണ് ഇത്തരം തൊഴിലാളികള്‍ സമര്‍പ്പിതജീവിതം നയിക്കുന്നത്. ഒരു തൊഴിലാളിയുടെ സങ്കടാവസ്ഥതന്നെയാണ് ഈ കോമരത്തിലൂടെ ബോധ്യപ്പെടുന്നത്. ജീവിക്കാന്‍ വകയില്ലാതാകുന്നതോടെ സങ്കടം ദേവിയോടുള്ള ദേഷ്യമായി പരിണമിക്കുന്നതുകാണാം. കാലംമാറുന്നതിനെ സമര്‍ഥമായി പ്രതിഫലിപ്പിക്കാനുതകുന്ന ഒന്നാണ് വെളിച്ചപ്പാട് എന്ന രൂപകം. നിര്‍മാല്യത്തിനു ശേഷമുള്ള ചലച്ചിത്രങ്ങളില്‍ വെളിച്ചപ്പാടന്മാരായി എത്തുന്നത് കുതിരവട്ടം പപ്പുവും ജഗതിയുമൊക്കെയാണ്. തമാശയുടെ മേമ്പൊടിയുള്ള, നാട്ടിലെ പൊതുകാര്യപ്രസക്തരായ, ജീവിക്കാനറിയാവുന്ന വെളിച്ചപ്പാടന്മാര്‍. ഒന്നാലോചിച്ചാല്‍ നിര്‍മാല്യത്തിലും വെളിച്ചപ്പാടിന്‍റെ ജീവിതം വലിയൊരു ഫലിതമാണല്ലോ. കാലം മാറുന്നതറിയാതെ ഫോസില്‍ജീവിതം നയിക്കുന്ന ഒരാള്‍.
കീഴ്ജാതിക്കാരുടെ കാവുകളിലെ കോമരങ്ങള്‍ക്ക് കോഴിവെട്ടും ഗുരുതിയുമൊക്കെയുണ്ടെങ്കിലും അമ്പതുകൊല്ലം 'അമ്പലനട'യില്‍ തുള്ളിയ വെളിച്ചപ്പാടിന് സാത്വികരീതികളാവാം ഉണ്ടായിരുന്നത്. സന്യാസിവേഷമണിഞ്ഞപ്പോഴാകട്ടെ,
കനകംപെയ്തൂ യമിയുടെ കാല്‍ക്കല്‍
കാവില്‍ കോഴിത്തലപോലെ-
എന്നാണ് കവി വിശേഷിപ്പിച്ചിരിക്കുന്നത്. സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെ വിവരിക്കാന്‍ കോഴിത്തലയെന്നാണ് പ്രയോഗിക്കുന്നത്. അമ്പലത്തിന്‍റെ 'വിശുദ്ധി'യില്‍നിന്ന് കാവിന്‍റെ 'കീഴാളത'യിലേക്കുള്ള 'പതന'മാവാം ഉദ്ദിഷ്ടം. കള്ളസന്യാസിത്തത്തെയും അവരുടെ വിശ്വാസഹനനത്തെയുമൊക്കെ പ്രതീകവല്‍ക്കരിക്കുന്നു കോഴിത്തലപോലെയെന്ന ഇമേജറി.
ഒടുക്കം,
അംബികതന്നരവാളലകിന്മേ-
ലമ്പുമവന്‍തന്‍ മൂര്‍ധാവില്‍
കിളിരും ചോരവളര്‍ന്നൂ പൂജ-
ക്കിണ്ടിയില്‍നിന്നുജലം പോലെ
എന്നാണ് വെളിച്ചപ്പാടിന്‍റെ രക്തവാര്‍ച്ചയെ സൂചിപ്പിച്ചിരിക്കുന്നത്. പൂജക്കിണ്ടിയെന്ന വിശുദ്ധബിംബത്തെ ചോരവാര്‍ച്ചയോടാണ് ചേര്‍ത്തുവച്ചിരിക്കുന്നത്. കാവിലെ കിണ്ടിക്ക് ചോരയാവാം. ചെറുകിണ്ടിയില്‍ മദ്യപിക്കുന്ന പതിവും കീഴാള ദൈവങ്ങളുടേതാണ്. കോവിലിലും കാവിലും ചൈതന്യം ഒന്നാണെങ്കിലും ആചാരങ്ങള്‍ രണ്ടാണല്ലോ. കാവുകളെ അമ്പലങ്ങളാക്കിയെങ്കിലും വെളിച്ചപ്പാടിനെ ഇമ്മട്ടില്‍ ഉപനയിക്കാന്‍ പറ്റിയില്ലെന്നതുകൂടിയാണ് സൂചന.
ഇടശ്ശേരിയുടെ ജി. മധുസൂദനന്‍, څകാവിലെപാട്ട്چ എന്ന കവിതയില്‍ ക്രൂരമൂര്‍ത്തിയായ അംബിക സൗമ്യമൂര്‍ത്തിയായി പരിണമിക്കുന്നതു കാണാം. ഇവിടെ,
കുളിരോലും മൃദുപാണിതലത്താല്‍
ക്കളഭംപൂശുന്നതുപോലെ
തെറ്റെന്നംബിക കുട്ടപ്പന്‍തന്‍-
നെറ്റിവിയര്‍പ്പുതുടച്ചപ്പോള്‍
എന്നവരികളില്‍ സൗമ്യയായ ദേവിയെയും
അംബികതന്നരവാളലകിന്മേ-
ലമ്പുമവന്‍തന്‍ മൂര്‍ധാവില്‍
കിളരും ചോരവളര്‍ന്നൂ, പൂജ-
ക്കിണ്ടിയില്‍നിന്നുജലംപോലെ
എന്നിടത്ത് ക്രൂരയായ ദേവിയെയും കാണാം. 'അമ്പലോചിത'മായ കളഭംപോലെയാണ് ആ മൃദുപാണിത്തണുപ്പ്. പഞ്ചാമൃതംപോലെയാണ് ആ മൊഴികള്‍. ആ സാത്വികതയെയാണ് കുട്ടപ്പന്‍ കളങ്കപ്പെടുത്തിയിരിക്കുന്നത്. 'കള്ളസന്യാസിയായി സമ്പാദിച്ചുകൂട്ടിയാലെന്താ, അതും ദേവിയുടെ കാരുണ്യം' എന്ന സ്വപ്നം വലിയൊരു ഐറണിയാവുന്നു. ആ പൊരുത്തക്കേടിലാവണം കുട്ടപ്പന് ചുവടുപിഴയ്ക്കുന്നത്. പ്രതിപുരുഷനോളം ദേവിയെ അറിഞ്ഞ വേറെയാരുണ്ട്? കവിതയുടെ ആദ്യവരികളില്‍ത്തന്നെ കുട്ടപ്പന്‍റെ വിശ്വാസക്കുറവ് സൂചിതമാവുന്നുണ്ട്. 'പള്ളപൊറുപ്പിന് കോമരമായി ചാടിത്തുള്ളിയ'യാളാണ് കുട്ടപ്പന്‍. വെറും വയറ്റിപ്പിഴപ്പ്; വെറും ചാടിത്തുള്ളല്‍.
കുട്ടപ്പന്‍ എന്ന വ്യക്തിയുടെ പലവിധ വിശ്വാസപരിണാമങ്ങള്‍ വിശദീകരിക്കുന്ന ഈ കവിത വിശ്വാസത്തെത്തന്നെയാണ് പ്രശ്നവത്കരിക്കുന്നത്. വിശ്വാസം, അവിശ്വാസം; സന്തോഷം, സന്താപം; ദാരിദ്ര്യം, ഉത്കര്‍ഷം; വിജയം, പരാജയം; ശാന്തം, ഭീകരം; രക്ഷ, ശിക്ഷ തുടങ്ങിയ ദ്വന്ദ്വങ്ങളിലൂടെയെല്ലാം കടന്നുപോകുന്ന മനുഷ്യാവസ്ഥയുടെ ചിത്രണംതന്നെയാണ് ഈ കവിത.
ഗ്രന്ഥസൂചി
നാരായണന്‍ പി.എം. 2014 അക്കിത്തത്തിന്‍റെ കാവ്യദര്‍ശനം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം
രാമചന്ദ്രന്‍ ആര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി,, പി.എം നാരായണന്‍ (എഡി.) അക്കിത്തത്തിന്‍റെ തെരഞ്ഞെടുത്ത കവിതകള്‍, 1986. കോട്ടയം: നാഷണല്‍ ബുക്സ്റ്റാള്‍.
ശിവരാമന്‍, കൂമുള്ളി. (എഡി.) 2006 അക്കിത്തത്തിന്‍റെ ലോകം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം