Ahammadiya Jama’aath and Kerala Muslims
Dr. Muhammedrafeeq .T
Ahmadiyya is an Islamic religious movement founded in India by Mirza Gulam Ahmed in Qadian province of Punjab in 1889. The founder claimed himself as the Mahdi of Muslims, the Messiah of the Christians and the incarnation of Krishna for the Hindus. He claimed to have the divine mandate for the revival of Islam and denied Muhammed as the last Prophet because of which he was often labeled as anti-Islamic. He claimed that he was a Mujaddid of Islam and true follower of Prophet Muhammed. It entered Kerala through one Abdul Quadir Kutty, a Burma-based rice merchant from Kannur. The Ahmadiya Jama’at was opposed tooth and nail by all sections of Muslims in Kerala irrespective of ideological differences. They did not enter into marital alliance or share religious platform with the Ahamdiyas. So the Ahammadies administered Mosques, madrasses, cemeteries, etc. exclusively for them. The organization is politically neutral and the members are free to form their own socio-political allegiances without affecting the religious life.
Key words:- Mujaddid, Mahdi, Messiah, madrassas, Jama’ath, Zilli Hajj.
Reference:
Spencer Ivanm, Ahamadiya Movement in India, Delhi,
Barakat Ahmad Rajeka, Ahamadiya Movement In India, 8th edition, Wadiyan, 1975.
C K Kareem, Kerala Muslim Directory and Statistics (Malayalam), Charithram Publication, Kochi, 1991.
A R Kodiyathur, Prophet hood of Mirza (Malayalam), Souvenir, Kozhikode, 2002.
N Ibrahim, Ahamadiya Why and What (Malayalam), Kerala Ahamadiya Muslim Jama’ath, Kozhikode, 1994.
Ahamadiya Muslim State Council, Ahamadiya Kerala History (Malayalam), Ahamadiya Muslim State Council, 1990.
Abdul Shukoor , Sathiyadoodan,from 1908 to 2008(Malayalam), Kozhikode.
Sathiyadoodan, 100 years of Ahamadiya Khilafat (Malayalam), Kozhikode.
അഹ്മദിയ ജമാഅത്തും കേരള മുസ്ലിംകളും
ഡോ. മുഹമ്മദ് റഫീഖ്. ടി
ആധുനിക കാലഘട്ടത്തിലെ പ്രവാചക തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയ ഒരു മിശിഅ: പ്രസ്ഥാനമാണ് അഹ്മദിയ വിശ്വാസം. പ്രവാചകന്‍ മുഹമ്മദ് കൊണ്ടുവന്ന ഇസ്ലാമിക തത്വ ശാസ്ത്രത്തിന്‍റെ ഇടമുറിയാത്ത പിന്തുടര്‍ച്ചാവകാശം പ്രഖ്യാപിച്ചുകൊണ്ട് മിര്‍സ ഗുലാം അഹമ്മദ് ഖാന്‍ സ്ഥാപിച്ച ഒരു അവാന്തര വിഭാഗമാണ് അഹ്മദിയ പ്രസ്ഥാനം. ഇദ്ദേഹം പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഖാദിയാന്‍ ഗ്രാമത്തില്‍ 1839 ജൂണ്‍ 18ന് ജനിച്ചു1. ഒരു പ്രാദേശിക വൈദ്യനായിരുന്നു ഇദ്ദേഹത്തിന്‍റെ പിതാവ് മിര്‍സാ ഗുലാം മുര്‍ത്തദ ആ കാലഘട്ടത്തിലെ സാധ്യമായ വിദ്യാഭ്യാസം തന്‍റെ പുത്രന്‍ മിര്‍സാ ഗുലാം മുഹമ്മദിന് നല്‍കുകയുണ്ടായി. ചെറുപ്പത്തില്‍ തന്നെ അറബി, പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം സിയാല്‍ കോര്‍ട്ടില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് സ്കോട്ടലന്‍റിലെ മതപ്രചാരകരുമായി സംവദിക്കാന്‍ അവസരം ലഭിച്ചു. ഇത്തരത്തിലുള്ള സംവാദങ്ങള്‍ ഒരുപരിധിവരെ അദ്ദേഹത്തിന്‍റെ പ്രസ്ഥാന രൂപീകരണത്തിന് പിന്നീട് സഹായകരമായി. വളരെ കുറഞ്ഞ കാലം മാത്രമാണ് ആണ് അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണര്‍ ജോലിയില്‍ തുടര്‍ന്നത്.
പിതാവായ മിര്‍സ ഗുലാം മുര്‍ത്തദ്ദിന്‍റെ മരണ ശേഷം 1978 ല്‍ അദ്ദേഹം ഖാദിയാന്‍ വിടുകയും പിന്നീട് ഖുര്‍ആനിലും തഫ്സീറിലും (ഖുര്‍ആന്‍ വ്യാഖ്യാനം) ഹദീസിലും (പ്രവാചകചര്യ) ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഇതിലൂടെ ലളിതവും ഭക്തിസാന്ദ്രവുമായ ഒരു സന്യാസി ജീവിതത്തിനദ്ദേഹം തുടക്കം കുറിച്ചു2. ഒരു പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമായ അദ്ദേഹം തന്‍റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ശുദ്ധി പ്രസ്ഥാനത്തെയും ക്രൈസ്തവ മത പ്രചാരണ രീതികളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് മുസ്ലിം ജനസമൂഹത്തിനിടയില്‍ അദ്ദേഹത്തിന്‍റെ സ്വാധീനം വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കി. ഈ കാലഘട്ടത്തില്‍ അദ്ദേഹം മുസ്ലീം യാഥാസ്ഥിതിക പണ്ഡിതനായ മുഹമ്മദ് ഹുസൈന്‍ ബതാലയുമായി വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു എങ്കിലും ഇവര്‍ തമ്മില്‍ യാതൊരു തരത്തിലുമുള്ള ഉള്ള അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല എന്ന് സ്പെന്‍സര്‍ ഇവനും തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു3. മിര്‍സാ ഗുലാം അഹ്മദ് ഖാന്‍റെ വിമര്‍ശനങ്ങള്‍ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്കും അതിനെ നിഷേധിക്കുന്നവര്‍ക്കും എതിരായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ മുസ്ലിം സമൂഹത്തില്‍ ഉയര്‍ത്തുവാനും വിമര്‍ശനങ്ങളില്‍ ഇസ്ലാമിനെ പ്രതിരോധിക്കുന്ന പണ്ഡിതന്‍ എന്ന ഒരു സ്ഥാനത്തേക്കും ഉയര്‍ത്തി. ഇത് ഒരു മാതൃകാ മുസ്ലിം സമൂഹം എന്ന ആശയത്തെ രൂപപ്പെടുത്താന്‍ അദ്ദേഹത്തെ സഹായിച്ചു.
1880 ന്‍റെ തുടക്കത്തില്‍ അദ്ദേഹം څബറാഹീന്‍ അഹ്മദിയچ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ഒരു പ്രത്യേക ആത്മീയ നിലപാടും അഹ്മദിയ ബോധന രീതികളും ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. അതിനുശേഷം തന്നെ പിന്തുടരുന്ന ആളുകളില്‍നിന്ന് അവരുടെ കൂറ് പ്രകടിപ്പിക്കുന്ന പ്രതിജ്ഞ സ്വീകരിക്കുകയും അഹ്മദിയ ജമാഅത്ത് എന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഒരു സ്വതന്ത്ര പ്രസ്ഥാനമായി അഹ്മദിയ വിശ്വാസികള്‍ മാറുന്നത് 1889 മാര്‍ച്ച് 4 ന് തന്‍റെ ശിഷ്യന്മാരോട് തനിക്ക് ലഭ്യമാകുന്ന ദൈവിക വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ തനിക്ക് പ്രതിജ്ഞയെടുക്കണം എന്ന പ്രഖ്യാപനത്തോടെ കൂടിയാണ്4. ഇതോടുകൂടി ഒരു കൂട്ടം ആളുകള്‍ ആത്മീയ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1891 ല്‍ മുസ്ലിംകള്‍ പ്രതീക്ഷിക്കുന്ന വാഗ്ദത്ത മിശിഅ:യായും മഹ്ദി ഇമാമായും അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയും ചെയ്തു ചെയ്തു. തുടര്‍ന്ന് ആളുകള്‍ക്കിടയില്‍ ആശയപ്രചരണം നടത്തുന്നതിനു വേണ്ടി സാഹിത്യ കൃതികള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടുകൂടി യാഥാസ്ഥിതിക മുസ്ലിംകളില്‍നിന്നും ക്രിസ്ത്യന്‍ മതപ്രചാരകരില്‍ നിന്നും ഹിന്ദു നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജത്തിന്‍റെ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടു. ഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിരവധി ആനുകാലിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും അഹ്മദിയ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. 1901ല്‍ തന്‍റെ അനുയായികളോട് അഹ്മദിയ മുസ്ലിംകള്‍ എന്ന പേരില്‍ ഒരു പുതിയ സമൂഹമായി നിലകൊള്ളാന്‍ അദ്ദേഹം ആവശ്യപ്പെട്ടു5. യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങളായ ഷിയാ സുന്നി വിഭാഗങ്ങള്‍ അഹ്മദിയ പ്രസ്ഥാനത്തിനെതിരെ ഫത്വ (മതവിധികള്‍) പ്രഖ്യാപിക്കുകയും ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ക്കിടയിലും 1908 മെയ് 26ന് മിര്‍സാ ഗുലാം അഹമ്മദ് ഖാന്‍ മരിക്കുന്നതുവരെ ശക്തമായ രീതിയില്‍ അദ്ദേഹം തന്നെ ആശയപ്രചാരണം തുടര്‍ന്നു കൊണ്ടിരുന്നു.
മിര്‍സ ഗുലാം അഹമ്മദിന്‍റെ മരണശേഷം അഹ്മദിയ ഇസ്ലാം സ്വീകരിച്ച ആദ്യ വ്യക്തിയായ നൂറുദ്ദീന്‍ അഹമ്മദ് പ്രസ്ഥാനത്തിന്‍റെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഈ കാലഘട്ടത്തില്‍ തന്നെ അഹ്മദിയ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. അഹ്മദിയ മുസ്ലിം സമൂഹത്തിന്‍റെ നേതൃത്വത്തിന്‍റെ പ്രവര്‍ത്തനരീതി എന്തായിരി ക്കണമെന്നും ഇതര മുസ്ലിം വിഭാഗങ്ങളോട് സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണമെന്നകാര്യത്തിലും അഭിപ്രായവ്യ ത്യാസമുണ്ടായി. 1914ല്‍ നൂറുദ്ദീന്‍ മരണപ്പെട്ടതോടുകൂടി ഈ അഭിപ്രായവ്യത്യാസം ശക്തമാവുകയും ഖാദിയാനികള്‍ എന്നും ലാഹോരികള്‍ എന്നും അഹ്മദിയ മുസ്ലിം വിഭാഗം രണ്ടായി വേര്‍പിരിയുകയും ചെയ്തു. ഖാദിയാനി വിഭാഗം മിര്‍സ ഗുലാം അഹ്മദിന്‍റെ പ്രവാചകത്വവും ഖിലാഫത്തിലും മിശിഅഃയുടെ പിന്‍തുടര്‍ച്ച ഭരണസംവിധാനത്തിലും അഹ്മദിയ മുസ്ലിംകള്‍ അല്ലാത്ത ആളുകളെ അവിശ്വാസികളായും കരുതിപ്പോന്നു. എന്നാല്‍ മിര്‍സ ഗുലാം അഹ്മദിനെ ഒരു മുസ്ലിം പരിഷ്കര്‍ത്താവ് എന്ന നിലയില്‍ കാണുന്ന ലാഹോരി വിഭാഗം അഹ്മദിയ മുസ്ലിം സമൂഹത്തിന്‍റെ നേതൃത്വം څസൗര്‍ അഞ്ജുമാനെ അഹ്മദിയچഎന്ന പരമാധികാര സമിതിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. അഹ്മദിയ മുസ്ലിം വിഭാഗത്തെ മുസ്ലിം വിഭാഗമായി പരിഗണിക്കാത്തവരെ മാത്രമാണ് ലാഹോറി വിഭാഗം അവിശ്വാസികളായി കാണുന്നത്. എന്നാല്‍ ഖാദിയാനി വിഭാഗം കാലക്രമേണ ശക്തിപ്രാപിക്കുകയും മിര്‍സഗുലാം അഹ്മദിന്‍റെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു കൊണ്ട് അഹ്മദിയ ഇസ്ലാം മത പ്രചാരണം ശക്തമാക്കുകയും ചെയ്തു. നിരവധി പള്ളികളും അഹ്മദിയ കേന്ദ്രങ്ങളും സ്ഥാപനങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അഹ്മദിയ വിശ്വാസ പ്രചാരണത്തിന്‍റെ ഭാഗമായി അവര്‍ സ്ഥാപിച്ചു. 1947ല്‍ പാകിസ്ഥാനിലെ റബ്ബ്വ എന്ന സ്ഥലത്തേക്ക് ഖാദിയാനികള്‍ അവരുടെ ആസ്ഥാനം മാറ്റി. 1974ല്‍ പാകിസ്ഥാനിലെ ദേശീയ അസംബ്ലി അഹ്മദിയ മതവിശ്വാസികള്‍ മുസ്ലിം വിഭാഗത്തില്‍പ്പെടുന്നില്ല എന്ന് പ്രഖ്യാപിച്ചു. 1984ല്‍ ഇസ്ലാം മതത്തെ അനുകരിക്കുന്നത് കുറ്റകൃത്യമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അഹ്മദിയ പ്രസ്ഥാനം അതിന്‍റെ ആസ്ഥാനം പാകിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് മാറ്റി6.
അഹ്മദിയ തത്വങ്ങള്‍
യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങള്‍ അഹ്മദി മുസ്ലിംകളെ യഥാര്‍ത്ഥ മുസ്ലിം വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നില്ല. എന്നാല്‍ മുസ്ലിം ശിയാ വിഭാഗങ്ങളെ പോലെ തന്നെ മറ്റൊരു മുസ്ലിം വിഭാഗമായാണ് ഇവര്‍ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ വിശ്വാസപരമായ കാര്യങ്ങളിലും കര്‍മ്മപരമായ കാര്യങ്ങളിലും കാര്യമായ വ്യത്യാസങ്ങള്‍ ദര്‍ശിക്കാന്‍ കഴിയില്ല. ശിയാ മുസ്ലിം അഭിപ്രായവ്യത്യാസം രാഷ്ട്രീയമായ കാര്യകാരണങ്ങള്‍ ആണെങ്കില്‍ ആശയപരമായ ചില വ്യത്യാസങ്ങള്‍ അഹ്മദിയ മുസ്ലിംകളും യാഥാസ്ഥിതിക ശിയാ-സുന്നി മുസ്ലിംകളും തമ്മില്‍ നിലനില്‍ക്കുന്നു. ദൈവ വിശ്വാസത്തിലും പ്രവാചക വിശ്വാസത്തിനും പ്രാര്‍ത്ഥന, വ്രതം, ദാനധര്‍മ്മങ്ങള്‍ എന്നിവയിലും ഒരുപോലെ ആണെങ്കിലും ചില കാര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങളില്‍ യാഥാസ്ഥിതിക മുസ്ലിംകളും അഹ്മദിയ മുസ്ലിംകളും തമ്മില്‍ വ്യത്യാസം നിലനില്‍ക്കുന്നതായി കാണാം.
അഹ്മദിയ മുസ്ലിം സ്ഥാപകനായ മിര്‍സ ഗുലാം അഹമ്മദ് ഖാന്‍ അവകാശപ്പെടുന്നത് താന്‍ ഒരു ദൈവിക വെളിപാട് (നുബുവ്വത്ത്) ലഭിക്കുന്ന മതചിന്തകനും പരിഷ്കര്‍ത്താവും ആണ് എന്നാണ്. ഇസ്ലാം മതത്തെയും മുസ്ലിം സമൂഹത്തെയും നാശത്തില്‍ നിന്നും മോചിപ്പിക്കുകയും യഥാര്‍ത്ഥ ഇസ്ലാമിനെ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും അവരെ നേര്‍മാര്‍ഗത്തില്‍ നയിക്കുന്നതിനുള്ള ദൈവിക വെളിപാട് തനിക്ക് ലഭിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഒരു മുസ്ലിം പരിഷ്കര്‍ത്താവ് എന്ന നിലയില്‍ യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തില്‍ പ്രത്യക്ഷപ്പെടുകയും ഹിജ്റ പതിനാലാം നൂറ്റാണ്ടിലെ ഇസ്ലാമിക പരിഷ്കര്‍ത്താവായി ദൈവം ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തിന് സ്വീകാര്യമായില്ല.
മറ്റൊരു ആശയം മുസ്ലിം ശിയാ വിഭാഗങ്ങളിലെ രൂഢമൂലമായി നിലനിന്നിരുന്ന മഹ്ദി ഇമാമിന്‍റെ വരവും വാഗ്ദത്ത മിശിഅഃയുടെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ടതായിരുന്നു. താന്‍ മഹ്ദി ഇമാം ആണെന്നും വാഗ്ദത്ത മിശിഅഃയാണ് എന്നുമുള്ള പ്രഖ്യാപനമായിരുന്നു രണ്ടാമത്തേത്. തന്‍റെ വാദഗതികള്‍ക്ക് ശക്തിപകരുന്നതിനായി അദ്ദേഹം ഒരു പുതിയ കാഴ്ചപ്പാട് മുസ്ലിം ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതനുസരിച്ച് യേശുദേവന്‍ കുരിശില്‍ മരിച്ചിട്ടില്ല എന്നും അദ്ദേഹത്തെ കുരിശില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു എന്നും അദ്ദേഹത്തിന്‍റെ മുറിവുകള്‍ ഭേദമായതിനുശേഷം ഇന്ത്യയില്‍ എത്തിയെന്നും 120-ാമത്തെ വയസ്സില്‍ കാശ്മീരിലെ ശ്രീനഗര്‍ നഗരത്തില്‍ വച്ച് മരണമടഞ്ഞു എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മിര്‍സാ ഗുലാം അഹ്മദ് അവകാശപ്പെടുന്നത് ശ്രീനഗറില്‍ അടുത്തുള്ള څഖന്യയാര്‍چ എന്ന സ്ഥലത്തെ ജൂത ശവകുടീരം യേശുക്രിസ്തുവിനെ അടക്കം ചെയ്ത സ്ഥലമാണ് എന്നാണ്7. ഇതിന്‍റെ അടിസ്ഥാനത്തില്‍ യേശുദേവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നും സമൂഹത്തില്‍ അദ്ദേഹം നന്മ പുനസ്ഥാപിക്കും എന്നുമുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാദിച്ചു. യേശുദേവന്‍റെ തിരിച്ചുവരവ് ഭാവാര്‍ത്ഥം ആണെന്നും അത് യഥാര്‍ത്ഥത്തിലുള്ള യേശുദേവന്‍റെ തിരിച്ചുവരവ് അല്ലെന്നും വാഗ്ദത്ത മിശിഅഃയുടെ വരവിനെ ആണ് അത് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം വാദിച്ചു.
യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങളുടെ ശക്തമായ എതിര്‍പ്പിന് ഇടയാക്കിയത് അദ്ദേഹത്തിന്‍റെ പ്രവാചകത്വ പ്രഖ്യാപനമാണ്. താന്‍ ദൈവത്തിന്‍റെ പ്രവാചകനാണന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുസ്ലിം ജനസമൂഹം മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി കാണുന്നു എന്നതാണ് ഇതിനു കാരണം. എന്നാല്‍ മിര്‍സാ ഗുലാം അഹ്മദ് പ്രവാചകന്‍ മുഹമ്മദിനെ അന്ത്യപ്രവാചകനായി അംഗീകരിക്കുന്നതോടൊപ്പംതന്നെ താന്‍ നബി (ദിവ്യബോധം ലഭിച്ചവന്‍) അല്ലെങ്കില്‍ റസൂല്‍ (മുന്നറിയിപ്പ് നല്‍കാന്‍ അയക്കപ്പെട്ടവന്‍) എന്നുപറയുന്നതില്‍ തെറ്റില്ല എന്നും വാദിച്ചു. തന്‍റെ ഈ ആശയത്തെ സാധൂകരിക്കുന്നതിനുവേണ്ടി പുതിയ ഒരു വീക്ഷണം അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതില്‍ ആദ്യത്തേത് പ്രവാചകത്വവും ദൈവിക വെളിപാടും ദൈവം അവസാനിപ്പിച്ചിട്ടില്ല എന്നതാണ്. മറ്റൊന്ന് പ്രവാചകന്മാര്‍ രണ്ടുതരത്തിലുണ്ട് എന്ന വാദമാണ്. അതില്‍ ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്ന പ്രവാചകന്മാര്‍ നിയമനിര്‍മ്മാണ ഗ്രന്ഥം ലഭ്യമായ പ്രവാചകന്‍മാരാണ്. ഇവര്‍ ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുത്ത പ്രവാചകന്മാരാണ്. ഇവരെ തഷ്റി പ്രവാചകന്മാര്‍ (നിയമ നിര്‍മാണ ഗ്രന്ഥം ലഭിച്ചവര്‍) എന്ന് വിശേഷിപ്പിക്കുന്നു. രണ്ടാമത്തെ വിഭാഗം പ്രവാചകന്മാര്‍ എന്നുപറയുന്നത് നിയമനിര്‍മ്മാണ ഗ്രന്ഥം ലഭ്യമല്ലാത്ത പ്രവാചകന്മാരാണ് അവരുടെ ഉത്തരവാദിത്വം എന്നത് ഗ്രന്ഥം നല്‍കിയ പ്രവാചകന്മാര്‍ രൂപപ്പെടുത്തിയെടുത്ത സമൂഹത്തെ ശരിയായ മാര്‍ഗത്തില്‍ നയിക്കുക എന്നതാണ്. ഇവരെ ഗയ്റു തഷ്റി പ്രവാചകന്മാര്‍ (നിയമ നിര്‍മാണ ഗ്രന്ഥം ലഭിക്കാത്തവര്‍) എന്നും പറയുന്നു. ഇതില്‍ രണ്ടാമത് പറയുന്ന പ്രവാചകന്‍മാരുടെ ഗണത്തിലാണ് താന്‍ ഉള്‍പ്പെടുന്നത് എന്ന് മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനി അവകാശപ്പെട്ടു.
മറ്റൊരു പ്രഖ്യാപനം ജിഹാദുമായി (സമരം) ബന്ധപ്പെട്ടാണ്. ഇസ്ലാമിനെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ പ്രചരണത്തിനും പ്രാമുഖ്യം നല്‍കുന്ന ഒരു വ്യാഖ്യാനമാണ് ജിഹാദിന് അദ്ദേഹം നല്‍കിയത്. വാളാല്‍ ഉള്ള ജിഹാദിനെ നിഷിദ്ധമാക്കുകയും ആക്രമണത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ആത്മാവിന്‍റെ ശുദ്ധീകരണമാണ് യഥാര്‍ഥ ജിഹാദ് എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. അഹ്മദിയ മുസ്ലിംകള്‍ മുന്നോട്ടുവച്ച മറ്റു പ്രധാന മതാചാരങ്ങള്‍ താഴെപ്പറയുന്നവയാണ്
1 ഏകദൈവ വിശ്വാസത്തിന് നിലകൊള്ളുകയും ദൈവത്തില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുവാന്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നു. ദൈവത്തിന് തുല്യമായി മറ്റൊന്നില്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്നു
2 കളവ്, വ്യഭിചാരം, ബന്ധുക്കള്‍ അല്ലാത്ത സ്ത്രീകളെ നോക്കല്‍, കാപട്യം, ക്രൂരത, കലാപം, വിപ്ലവം സംഘടിപ്പിക്കല്‍, തുടങ്ങിയ പൈശാചിക കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു.
3 ദൈവത്തിന്‍റെയും പ്രവാചകന്‍റെയും കല്‍പ്പനകള്‍ അനുസരി ച്ചുള്ള അഞ്ചുനേരം പ്രാര്‍ത്ഥന ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പിലാക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു.
4 വാക്കാലോ പ്രവര്‍ത്തിയാലോ മറ്റെന്തെങ്കിലും വിധേനയോ മറ്റു ജീവജാലങ്ങളോട് അതിക്രമം കാണിക്കാതിരിക്കാന്‍ നിര്‍ദ്ദേശി ക്കുന്നു.
5 സൗഭാഗ്യം, നിര്‍ഭാഗ്യം, പുരോഗതി, പരാജയം, സന്തോഷം, സങ്കടം എന്നിങ്ങനെയുള്ള എല്ലാ സാഹചര്യത്തിലും ദൈവത്തോട് കൂറുപുലര്‍ത്തുവാന്‍ ആവശ്യപ്പെടുന്നു.
6 തെറ്റായ പ്രവൃത്തികളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും പൈശാചിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്യുക .
7 അഹംഭാവവും അഹങ്കാരവും കാണിക്കാതിരിക്കുക.
8 മറ്റെന്തിനേക്കാളും തന്‍റെ മതത്തെ മുറുകെപിടിക്കുക.
9 ദൈവത്തിന്‍റെ സൃഷ്ടികളോട് അനുഭാവം കാണിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക.
10 വാഗ്ദത്വം മിശിഹയുടെ സാഹോദര്യം സ്ഥാപിക്കുക.
അഹ്മദിയ മുസ്ലിം വിഭാഗത്തിന്‍റെ ആശയപരമായ ഈ വിശ്വാസ ആചാരങ്ങളെ യാഥാസ്ഥിതിക മുസ്ലിം വിഭാഗം ശക്തമായി എതിര്‍ത്തു പോന്നതുകൊണ്ടുതന്നെ ഇത്തരം മുസ്ലിം വിഭാഗങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടാണ് അഹ്മദിയ മുസ്ലിംകള്‍ നിലകൊണ്ടത്.
അഹ്മദിയ വിശ്വാസം കേരളത്തില്‍
മിര്‍സാ ഗുലാം അഹ്മദ് ഖാന്‍ തന്‍റെ അധ്യയനം ആരംഭിച്ച നാളുകളില്‍ തന്നെ അഹ്മദിയ ചിന്തകള്‍ കേരളത്തിന്‍റെ കരയില്‍ എത്തിയിരുന്നു. മഹല്‍ ദ്വീപില്‍ രാജകുടുംബാംഗം ആയിരുന്ന മുഹമ്മദ് ദീദി എന്ന യാത്രികന്‍ 1897ല്‍ കോഴിക്കോടാണ് ഈ ആശയ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മിര്‍സാ ഗുലാം അഹ്മദ് څഇസ്ലാമി ഉസ്വൂല്‍ കി ഫിലോസഫിچ എന്ന ഗ്രന്ഥം തന്‍റെ സുഹൃത്ത് കണ്ണൂര്‍ നിവാസിയായ അബ്ദുല്‍ ഖാദര്‍കുട്ടിക്ക് നല്‍കിക്കൊണ്ട് ആശയ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഈ രണ്ടു പേരും അഹ്മദിയ ഇസ്ലാം സ്വീകരിച്ചു10. 1898ല്‍ അബ്ദുല്‍ ഖാദര്‍കുട്ടി ബര്‍മ്മ സന്ദര്‍ശിക്കുകയും അഹ്മദിയ ഇസ്ലാമിന്‍റെ ആശയങ്ങളും മിര്‍സാ ഗുലാം അഹ്മദ് വാഗ്ദത്ത മിശിഹാ മഹ്ദി തത്വങ്ങളും മനസ്സിലാക്കിക്കൊണ്ട് കൂടുതല്‍ ശക്തമായ രീതിയില്‍ ആശയ പ്രചാരണത്തിന് തുടക്കം കുറിച്ചു. 1901ല്‍ ബര്‍മ്മയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം കേരളത്തില്‍ അഹ്മദിയ ഇസ്ലാമിന്‍റെ പ്രചാരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചു. 1908ല്‍ അഹ്മദി ജമാഅത്തിന്‍റെ അംഗസംഖ്യ 13 ആയി ഉയര്‍ന്നു. ഇവരില്‍ അബ്ദുല്‍ ഖാദര്‍കുട്ടിയും ഇബ്രാഹിംകുഞ്ഞും മിര്‍സാ ഗുലാം മുഹമ്മദിന്‍റെ കാലത്ത് തന്നെ അദ്ദേഹത്തിന് പ്രതിജ്ഞയെടുത്ത അനുയായികളാണ്11. ഇവരുടെ പ്രവര്‍ത്തനഫലമായി പഴയങ്ങാടി, കോട്ടോളി, കോഴിക്കോട് എന്നിവിടങ്ങളിലും താമസിയാതെ അഹ്മദിയ ഇസ്ലാം പ്രചരിക്കാന്‍ തുടങ്ങി. ഇവിടങ്ങളിലെ പ്രചാരണത്തിന് ഹാജി മുഹിയുദ്ദീന്‍കുട്ടി, അബ്ദുള്ള കോട്ടോളി, അഹമ്മദ് കോഴിക്കോട് എന്നിവരാണ് നേതൃപരമായ പങ്കുവഹിച്ചത്. 1915ല്‍ അഹ്മദിയ ഇസ്ലാം സ്വീകരിച്ചവരുടെ എണ്ണം 100 തികഞ്ഞപ്പോള്‍ ആദ്യ അഹ്മദി ഘടകം കേരളത്തിലെ കണ്ണൂരില്‍ സ്ഥാപിച്ചു. പ്രഥമ പ്രസിഡണ്ട് ആയി കളത്തില്‍ അബ്ദുല്‍ ഖാദര്‍ കോയയെയും സെക്രട്ടറിയായി മുഹമ്മദ് സാഹിബിനെയും തിരഞ്ഞെടുത്തു12.
അഹ്മദിയ ജമാഅത്തിന്‍റെ രണ്ടാമത്തെ ഘടകം പഴയങ്ങാടിയില്‍ മുഹമ്മദ് മുഹിയദീന്‍ സാഹിബ് ആരംഭിച്ചു. ഇദ്ദേഹത്തിന്‍റെ പുത്രന്‍ മൗലാന അബ്ദുള്ള സാഹിബ് ഖാദിയാനില്‍ പോയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നീട് മലബാറിലെ അഹ്മദിയ സംഘത്തിന്‍റെ പ്രസിഡണ്ടായി തെരഞ്ഞെടുക്ക പ്പെടുകയും ചെയ്തു. ഇതോടെയാണ് കേരളത്തില്‍ അഹ്മദിയ ജമാഅത്തിന്‍റെ പ്രചാരണം ശക്തമാക്കുന്നത്. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും അഹ്മദിയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് മൗലാനാ അബ്ദുള്ള സാഹിബിനായിരുന്നു. യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങളുടെ എതിര്‍പ്പുകള്‍ മറികടക്കുവാന്‍ പരസ്യമായി ധാരാളം വാദപ്രതിവാദങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി. 45 വര്‍ഷക്കാലം അദ്ദേഹം നടത്തിയ ആശയപ്രചരണം അഹ്മദിയ ജമാഅത്ത് കേരളക്കരയില്‍ പ്രചരിക്കാന്‍ കാരണമായി13.
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ എന്ന പോലെ കേരളത്തിലും ഇവര്‍ക്ക് യാഥാസ്ഥിതിക വിഭാഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നു. അഹ്മദിയ ആശയത്തെ പ്രതിരോധിക്കാന്‍ യാഥാസ്ഥിതിക മുസ്ലിം പണ്ഡിതന്മാര്‍ ധാരാളം ലഘുലേഖയും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവര്‍ അഹ്മദിയ പണ്ഡിതന്മാരെ മുഖാമുഖം ചര്‍ച്ചക്ക് വെല്ലുവിളിക്കുകയും അഹ്മദിയ ജമാഅത്ത് ഇസ്ലാംമത വിശ്വാസികള്‍ അല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യകാല പ്രചാരകര്‍ക്ക് ശാരീരികവും മാനസികവുമായ പല പീഡനങ്ങളും യാഥാസ്ഥിതിക മുസ്ലിം പണ്ഡിതന്മാരില്‍ നിന്നും ജനങ്ങളില്‍ നിന്നും നേരിടേണ്ടി വന്നു. ഇവര്‍ അഹ്മദിയ വിശ്വാസികളോട് നിസ്സഹരിക്കാനും സാമൂഹ്യ ബഹിഷ്കരണമേര്‍പ്പെടുത്താനും തുടങ്ങി. മരണമടഞ്ഞവരെ മുസ്ലിം പള്ളികളിലെ സ്മശാനങ്ങളില്‍ അടക്കം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും അഹ്മദിയ വിശ്വാസത്തിലേക്ക് മാറുന്നവരെ നിര്‍ബന്ധിത വിവാഹമോചനം നടത്തുകയും ഭോജന ശാലകളില്‍ നിന്നും ഭക്ഷണം നല്‍കുന്നത് തടയുകയും ചെയ്യാന്‍ തുടങ്ങി. എന്നാല്‍ കേരളത്തിന്‍റെ അങ്ങോളമിങ്ങോളം നേരിടേണ്ടി വന്ന എതിര്‍പ്പുകളെ എല്ലാം മറികടന്ന് 40 അഹ്മദിയ സംഘങ്ങള്‍ കേരളത്തില്‍ രൂപീകരിച്ചു14. സ്വാതന്ത്ര്യത്തിനു മുന്‍പ് കേരളത്തിലെ അഹ്മദിയ പ്രസ്ഥാനം മലബാര്‍ അഹ്മദിയ അഞ്ചുമാന്‍ എന്നും തിരുവതാംകൂര്‍ അഹ്മദ് അഞ്ചുമാനെന്ന പേരിലുമാണ് പ്രവര്‍ത്തിച്ചു പോന്നിരുന്നത്. എന്നാല്‍ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അഹ്മദിയ സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ ആറു മേഖലകളിലായി അമീറുമാരുടെ കീഴില്‍ 40 ജമാഅത്തുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1985 ല്‍ അഹ്മദിയ ജമാഅത്തിന്‍റെ നാലാം ഖലീഫ ഹസറത്ത് മിര്‍സ തവാഹിര്‍ അഹമ്മദ് ദ കേരള സംസ്ഥാന ഇമാറത്ത് രൂപീകരിക്കുകയും സാദിഖ് അമീര്‍ അലി ആദ്യ അമീറായും ഡോക്ടര്‍ മന്‍സൂര്‍ അഹമ്മദ് നായ്ബ് അമീറായും നിയമിച്ചു15.
കേരളത്തിലെ അഹ്മദിയ ജമാഅത്ത് തങ്ങളുടെ ആശയ പ്രചരണത്തിന് പ്രധാനമായും ആശ്രയിച്ചത് പുസ്തകങ്ങളെയും ലഘുലേഖകളും ലേഖനങ്ങളെയുമാണ്. ഈ ലക്ഷ്യത്തിനു വേണ്ടി സത്യദൂതന്‍ എന്ന ഒരു മാസിക തുടക്കം മുതല്‍ തന്നെ അഹ്മദിയ ജമാഅത്ത് പ്രസിദ്ധീകരണം ആരംഭിച്ചു. ആദ്യ അഹ്മദിയ വിശ്വാസി അബ്ദുല്‍ ഖാദര്‍ കുട്ടിയാണ് 1925 ല്‍ ഈ മാഗസിന്‍ കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ചത്. ഇതിന്‍റെ ആദ്യ പത്രാധിപന്‍ ഹുസൈന്‍ സാഹിബ് ആയിരുന്നു16. ഒരു മതപ്രചാരണ മാസികയായാണ് സത്യദൂതന്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ.മൊയ്തുമൗലവി തുടങ്ങിയവര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ സത്യദൂതന്‍ മാസികയും അതിന്‍റെ ആശയ പ്രചാരണത്തെയും ശക്തമായി എതിര്‍ത്തു. അല്‍ അമീന്‍ പത്രം, അല്‍ ഇര്‍ഷാദ്, ഹിദായത്ത്, സൈഫുല്‍ ഇസ്ലാം, യുവലോകം എന്നീ മാസികകളും ഇതിനായി മുസ്ലിം യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഉപയോഗിച്ചു. ഇതിന്‍റെയെല്ലാം ഫലമായി ഒരു വര്‍ഷക്കാലത്തോളം സത്യദൂതന്‍ പ്രസിദ്ധീകരണം നിലച്ചെങ്കിലും മലബാര്‍ അഹ്മദിയ അജ്മാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ വീണ്ടും സത്യദൂതന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. 1988 മുതല്‍ അഹ്മദിയ ജമാഅത്തിന്‍റെ സംസ്ഥാന സമിതിയുടെ കീഴിലാണ് സത്യദൂതന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഇത്തരത്തില്‍ അഹ്മദിയ ജമാഅത്തിന്‍റെ പ്രചാരണത്തിന് നിര്‍ണായകമായ ഒരു പങ്കുവഹിച്ച മാസികയാണ് സത്യദൂതന്‍. 1970ല്‍ ആലിക്കോയ സാഹിബിന്‍റെ പത്രാധിപത്യത്തിന്‍ കീഴില്‍ മിനാറത് എന്ന ഒരു ആഴ്ചപ്പതിപ്പ് കോഴിക്കോട് അഹ്മദിയ ജമാഅത്ത് പ്രസിദ്ധീകരണ മാരംഭിച്ചു. 1981 മുതല്‍ ഈ പ്രസിദ്ധീകരണം സംസ്ഥാന സമിതിയുടെ കീഴിലേക്ക് മാറ്റുകയുണ്ടായി. ഇവ കൂടാതെ ധാരാളം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ആരംഭിക്കുകയുണ്ടായി. ആശയ പ്രചാരണത്തിന് വേണ്ടി പുസ്തക വിതരണം നടത്തുകയും പുസ്തകക്കട സ്ഥാപിക്കുകയും ചെയ്തു. ആശയ പ്രചാരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടും ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ കേരളത്തില്‍ അഹ്മദിയ ജമാഅത്ത് ആരംഭിക്കുക യുണ്ടായി.
ഉപസംഹാരം
അഹ്മദിയ ആശയപ്രചാരണത്തിന് കേരളത്തില്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കിയ കാരണങ്ങളില്‍ ഒന്നാമത്തേത് മുസ്ലിം സമൂഹത്തിന് ആത്മീയ കാര്യങ്ങളിലെ ശോഷണമാണ്. പല തെറ്റായ ആചാര അനുഷ്ഠാനങ്ങളും മുസ്ലിം സമൂഹം പിന്തുടര്‍ന്നു പോന്നത് അഹ്മദിയ ആശയങ്ങള്‍ക്ക് മുസ്ലിം സമൂഹത്തിനിടയില്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമായി. കലുഷിതമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്ലിം പണ്ഡിതരുടെയും പരിഷ്കര്‍ത്താക്കളുടെ ശ്രദ്ധ വേണ്ടവിധം മുസ്ലിം സമൂഹത്തിനുമേല്‍ കേന്ദ്രീകരിക്കുന്നതില്‍ വിഘാതമായി നിന്നു. ഈ ഭൗതികസാഹചര്യം അഹ്മദിയ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കാന്‍ സഹായകമായി.
മറ്റൊരു പ്രധാന കാരണം അഹ്മദിയ ജമാഅത്ത് കേരളത്തില്‍ പ്രചാരം ആരംഭിക്കുന്ന അതേ കാലഘട്ടത്തില്‍ തന്നെയാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ (മുജാഹിദ്) രൂപീകരണവും പല മുസ്ലിം പരിഷ്കര്‍ത്താക്കളുടെ രംഗപ്രവേശവും ആരംഭിക്കുന്നത്. ഇത് മുസ്ലിം പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും പരസ്പരം തര്‍ക്കിക്കാനും സംഘടനകള്‍ രൂപീകരിക്കുന്നതിനും സംഘര്‍ഷ ത്തില്‍ ഏര്‍പ്പെടുന്നതിനും കാരണമായി. ഇത് അഹ്മദിയ ജമാഅത്തിന് ഒരു മുസ്ലിം സംഘടന എന്ന രീതിയില്‍ മുസ്ലിം സമൂഹത്തിലേക്ക് ഇറങ്ങുവാന്‍ സഹായകമായ ഒരു സാഹചര്യം സൃഷ്ടിച്ചു. മാത്രമല്ല, അഹ്മദിയ ജമാഅത്ത് ഒരു മുസ്ലിം പരിഷ്കരണ സംഘം എന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. എല്ലാ മുസ്ലിം വിഭാഗങ്ങളും പരസ്പരം ആശയ സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടതും ആശയപ്രചാരണത്തിന് അവരുടേതായ മാര്‍ഗങ്ങള്‍ സ്വീകരിച്ചതും ഏതാണ് ശരിയായ ഇസ്ലാം എന്ന് മനസ്സിലാക്കുന്നത് സാധാരണക്കാരായ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ കാരണമായി. ഇതും അഹ്മദിയ ജമാഅത്തിന്‍റെ പ്രചാരണത്തിന് സഹായകമായ സാഹചര്യം ഉണ്ടാക്കി.
മുസ്ലിം സമൂഹത്തിനിടയില്‍ രൂഢമൂലമായി നിലനിന്നിരുന്ന ഒരു വിശ്വാസമായിരുന്നു രക്ഷകനായി മഹ്ദി ഇമാമിന്‍റെ വരവും അദ്ദേഹം മുസ്ലിം സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന വിശ്വാസവും. ഇത് അഹ്മദിയ ജമാഅത്തിന്‍റെ ആശയം സാധാരണക്കാരായ ആളുകള്‍ക്കിടയില്‍ പ്രചരിക്കാന്‍ കാരണമായി. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി മുസ്ലിം സമൂഹം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന മഹ്ദി ഇമാം ആണെന്നും വാഗ്ദത്ത മിശിഅഃ മാണെന്നുമുള്ള ഇവരുടെ പ്രഖ്യാപനം മുസ്ലിം സമൂഹത്തിനി ടയില്‍ പ്രചാരം നേടി. ഇത് അഹ്മദിയ പ്രചാരത്തിലേക്ക് മുസ്ലിംകളെ ആകര്‍ഷിക്കാന്‍ ഇടയാക്കി. മലബാര്‍ കലാപവും തുടര്‍ന്നുണ്ടായ സാമൂഹിക സംഭവവികാസങ്ങളും കേരളത്തിലെ മുസ്ലിം ജനവിഭാഗത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. ബ്രിട്ടീഷ് ഭരണകൂടവുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന അഹ്മദിയ ജമാഅത്ത് ഈ സാമൂഹിക ചുറ്റുപാടുകളില്‍ മുസ്ലിം ജനസമൂഹത്തെ സഹായിച്ചതും അഹ്മദിയ ജമാഅത്തിന്‍റെ വ്യാപനത്തെ സഹായിച്ചു. കലാപത്തെ തുടര്‍ന്ന് രൂപപ്പെട്ട സാമ്പത്തിക അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനും ഇവരുടെ ഇടപെടലുണ്ടായി.
അഹ്മദിയ ജമാഅത്ത് മുന്നോട്ടു വെക്കുന്ന ഖിലാഫത്ത്, പൊതുഖജനാവ് (ബൈത്തുല്‍മാല്‍) എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കി. ധര്‍മ്മ സ്വത്ത്, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായിക്കുന്നനായി രൂപീകരിച്ച സഹായനിധി, സാമൂഹിക സേവനത്തിന് വേണ്ടി നീക്കിവെക്കുന്ന ധനം എന്നിവ പൊതുസമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത അഹ്മദിയ ജമാഅത്തിന് നേടിക്കൊടുത്തു. ഇതോടൊപ്പംതന്നെ 1919ല്‍ മദ്രാസ് ഹൈക്കോടതി വിധിയിലും 1965ല്‍ കേരള ഹൈക്കോടതി വിധിയിലും അഹ്മദിയ ജമാഅത്ത് ഒരു മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന സംഘടനയാണ് എന്ന് പ്രഖ്യാപിച്ചത് കേരളത്തില്‍ അഹ്മദിയ ജമാഅത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുവാന്‍ കാരണമായി.
മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് മുബാഹല. 1988ല്‍ അഹ്മദിയ ജമാഅത്തിന്‍റെ നാലാമത്തെ ഖലീഫ ഹസ്റത്ത് മിര്‍സ താഹിര്‍ പ്രഖ്യാപിച്ച മുബാഹല വെല്ലുവിളി. മുബാഹല എന്നാല്‍ ഖുര്‍ആനിലെ ആലുഇമ്രാന്‍ എന്ന അധ്യായത്തിലെ 61-ാമത്തെ വചനത്തില്‍ പറയുന്ന വചനം എടുത്തു പറഞ്ഞു കൊണ്ട് പ്രതിജ്ഞ എടുക്കലാണ്. ഖുര്‍ആനിലെ ഈ വചനത്തില്‍ പറയുന്നത് ڇനുണ പറയുന്നവര്‍ ആരോ അവരുടെ മേല്‍ മേല്‍ ദൈവത്തിന്‍റെ കോപം ഉണ്ടാവട്ടെڈ എന്ന് ഉച്ചരിച്ചുകൊണ്ട് ഇരുവിഭാഗങ്ങളും പ്രതിജ്ഞയെടുക്കുന്നതിനെയാണ് മുബാഹല എന്ന് പറയുന്നത്. അഹ്മദിയ ജമാഅത്തിന്‍റെ നാലാമത്തെ ഖലീഫ സാര്‍വദേശീയ മുസ്ലിംലോകത്തെ തങ്ങളുടെ ആശയം സത്യമാണെന്ന് ബോധിപ്പിക്കുന്നതിനുവേണ്ടി വെല്ലുവിളിച്ചതോട് കൂടിയാണ് ഇത്തരത്തിലുള്ള ഒരു ആശയ സംഘട്ടനത്തിന് സാഹചര്യം കുറിക്കുവാന്‍ ഇടയാക്കിയത്. കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ അഞ്ചുമാന്‍ ഇഷാഹത്തുല്‍ ഇസ്ലാം എന്ന സംഘടന ഈ വെല്ലുവിളി സ്വീകരിക്കുകയും 1989 മെയ് 28 ഇരു വിഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം 40 പേര്‍ പങ്കെടുത്തുകൊണ്ട് മുബാഹല നടത്തുകയും ചെയ്തു. ഇരുവിഭാഗങ്ങളും മുകളില്‍ പ്രസ്താവിച്ച പ്രതിജ്ഞയെടുത്തു പിരിയുകയും ചെയ്തു. ഇരുവിഭാഗവും പ്രതിജ്ഞയെടുത്തത് വലിയ ഒരു ജനസമൂഹത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു. പ്രതിജ്ഞക്ക് ശേഷവും ഇരുവിഭാഗങ്ങള്‍ക്കും ഒരു ആപത്തും സംഭവിക്കാതിരുന്നത് അഹമ്മദീയ ജമാഅത്തിന് കൂടുതല്‍ കൂടുതല്‍ ശക്തി പകരാന്‍ കാരണമായി. ഇത് അവരുടെ പ്രചാരണത്തിന് വേഗത കൂട്ടുകയും കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രചരിക്കുവാന്‍ ഇടയാക്കുകയും ചെയ്തു. അഹമ്മദിയ ജമാഅത്തിനെ എതിരായ എതിര്‍പ്പുകളുടെ ശക്തി കുറയുവാന്‍ ഇത് കാരണമായി.
കഴിഞ്ഞ ഒരു നൂറു വര്‍ഷക്കാലത്തെ അഹമ്മദിയ ജമാഅത്തിന്‍റെ കേരളത്തിലെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ വളര്‍ച്ച മറ്റു മുസ്ലിം സംഘടനകളെ അപേക്ഷിച്ച് വളരെ പരിമിതമാണ് എന്ന് നമുക്ക് കാണാന്‍ കഴിയും. അതിന് ഒരു പ്രധാന കാരണം സുന്നി മുജാഹിദ് ജമാഅത്തെ ഇസ്ലാമി എന്നീ മത സംഘടനകളില്‍ നിന്നും നേരിട്ടിരുന്ന ശക്തമായ എതിര്‍പ്പ് തന്നെയായിരുന്നു. ഈ സംഘടനകളും അതിന്‍റെ നേതാക്കളും പ്രചാരകരും അഹ്മദിയ മുസ്ലിംകളെ മുസ്ലിം ജനസമൂഹത്തിന്‍റെ ഭാഗമായിട്ടല്ല കണ്ടിരുന്നത് എന്നുമാത്രമല്ല അഹമ്മദിയ ജമാഅത്തിനെ ഇസ്ലാമിന്‍റെ ശത്രു എന്ന നിലയില്‍ കാണുകയും അവരുടെ ആശയപ്രചാരത്തെയും പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കുകയും തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ വിഭാഗങ്ങളുടെ സംഘടിതമായ ശ്രമങ്ങള്‍ അഹമ്മദിയ ജമാഅത്തിന്‍റെ വളര്‍ച്ചക്ക് വിഘാതം നില്‍ക്കുന്ന ഒരു പ്രധാന ഘടകമായി മാറി.
അഹമ്മദിയ ജമാഅത്തിന്‍റെ നയങ്ങളും അവരുടെ കാര്യപരിപാടികളും അതിന്‍റെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിച്ച മറ്റൊരു പ്രധാന ഘടകമായിരുന്നു. അഹമ്മദീയ ഖലീഫ അല്‍ മസിഹ് മിര്‍സാ ബഷീറുദ്ദീന്‍ മുഹമ്മദ് അഹമ്മദ് പ്രഖ്യാപിച്ച അഹമ്മദിയ മതവിധിയാണ് അഹമ്മദീയ ജമാഅത്തിന്‍റെ വളര്‍ച്ചയ്ക്ക് വിഘാതമായ മറ്റൊരു ഘടകം. 1915 ല്‍ ഇദ്ദേഹം അഹ്മദിയ മുസ്ലിംകളോടായി പ്രഖ്യാപിച്ചത് ഖുര്‍ആനും പ്രവാചകചര്യയും മിശിഹാ മിര്‍സ ഗുലാം അഹമ്മദിന്‍റെ വചനങ്ങളും അനുസരിച്ച് അഹ്മദിയ മുസ്ലിംകള്‍ പ്രാര്‍ത്ഥന നടത്തേണ്ടത് അഹമ്മദി നേതാവിന്‍റെ കീഴില്‍ മാത്രമാണ് എന്നും അഹ്മദിയ ഇമാം ഇല്ലാത്ത ഇടങ്ങളില്‍ ഏകനായി പ്രാര്‍ത്ഥന നടത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. കൂടാതെ മറ്റു മുസ്ലിം വിഭാഗങ്ങളുടെ നേതൃത്വത്തിന്‍ കീഴില്‍ പ്രാര്‍ത്ഥന നടത്തുന്നത് അഹ്മദിയ ജമാഅത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പുറമേ ഒരു അഹ്മദിയും തന്‍റെ മക്കളെ അഹ്മദിയ അല്ലാത്ത ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കരുതെന്നും അഹ്മദിയ മുസ്ലിംകള്‍ അല്ലാത്തവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശിക്കപ്പെട്ടു. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് മിശിഹാക്ക് നല്‍കുന്ന വാഗ്ദാനലംഘനം ആണ് എന്നും അഹ്മദിയ ജമാഅത്തില്‍ നിന്നും പുറത്തു പോകുന്നതിനു കാരണമാകുമെന്നും പ്രഖ്യാപിക്കപ്പെട്ടു. ഈ മതവിധി അഹ്മദിയ ജമാഅത്ത് ഇതര മുസ്ലിം ജനവിഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുവാനും അവരുടെ വളര്‍ച്ചയ്ക്ക് തന്നെ വിഘാതമായി തീരുന്നതിനും കാരണമായി.
മറ്റൊരു പ്രധാന കാരണം ഇസ്ലാമിലെ അഞ്ചാമത്തെ കര്‍മ്മം ആയി കാണുന്ന ഹജ്ജുമായി (തീര്‍ത്ഥാടനം) ബന്ധപ്പെട്ടതാണ്. അഹ്മദ് വിശ്വാസികള്‍ തീര്‍ത്ഥാടനത്തിന് മക്കയിലേക്ക് ഹജ്ജിന് പോകുന്ന അതേ പ്രാധാന്യം ഖാദിയാന്‍ സന്ദര്‍ശിക്കുന്നതിനും നല്‍കിയിരുന്നു എന്നുള്ളതാണ്. മിര്‍സാ ഗുലാം അഹ്മദിന്‍റെ ശവകുടീരം സന്ദര്‍ശിക്കുന്നത് പ്രവാചകന്‍ മുഹമ്മദിന്‍റെ ശവകുടീരം സന്ദര്‍ശിക്കുന്നതിന് തുല്യമായാണ് അവര്‍ കണ്ടിരുന്നത്. സില്ലി ഹജ്ജ് എന്ന പേരിലാണ് ഖാദിയാനി വിശ്വാസികള്‍ ഈ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചിരുന്നത്. ഇതും അഹ്മദിയ വിശ്വാസം പ്രചരിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിച്ച ഒന്നാണ്. ഇത്തരത്തിലുള്ള ഒരു തീര്‍ത്ഥാടനം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നു എന്നുള്ള ചിന്ത മുസ്ലിംകളില്‍ രൂപപ്പെടാന്‍ കാരണമാവുകയും അഹ്മദിയ ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ഇടയാക്കുകയും ചെയ്തു.
കുറിപ്പുകള്‍
2 Ibid .p14
3 Spencer Ivanm, Ahamadiya Movement, Delhi p32
4 HA Walter op.cit p16
5 Barakat AhamdRajeka, Ahamadiya movement in India, 8th edition, Wadiyan,1975,p.2
6. CK Kareem, Kerala muslim directory and statistics. charitram publication, koch 1991, p.345
7 എ.ആര്‍ കൊടിയത്തൂര്‍, മിര്‍സയുടെ പ്രവാചകത്വം , സോവനീര്‍, കോഴിക്കോട്, 2002. പേ. 178
8 Spencer Ivanm,op.cit.,p57
9 എന്‍. ഇബ്രാഹിം, അഹമ്മദീയ എന്ത് എന്തിന്, കേരള അഹമ്മദീയ മുസ്ലിം ജമാഅത്ത്, കോഴിക്കോട്, 1994, പേജ് 14 മുതല്‍ 19
10 അഹമ്മദീയ കേരള ചരിത്രം, അഹമ്മദീയ മുസ്ലിം സംസ്ഥാനസമിതി, കോഴിക്കോട്, 1990
11 Ibid.
12 അബ്ദുല്‍ ഷുക്കൂര്‍, സത്യദൂതന്‍ , 1908 മുതല്‍ 2008 വരെ, കോഴിക്കോട്, പേജ് 73.
13 Ibid.
14 അഹമ്മദീയ കേരള ചരിത്രം, അഹമ്മദീയ മുസ്ലിം സംസ്ഥാനസമിതി, കോഴിക്കോട്, 1990.
15 Ibid.
16 സത്യദൂതന്‍, അഹമ്മദിയ്യ ഖിലാഫത്തിന്‍റെ 100 വര്‍ഷങ്ങള്‍, കോഴിക്കോട്, 1994, പേ. 73