100th anniversary of Malabar Great Struggle, 75th anniversary of Indian independence
Razak Payamprot
The Indian Independence Struggle was not a male-dominated movement. Many women had taken part in the forefront and the backgrounds of the freedom struggle. Several freedom fighters stay unnoticed and it’s the need of the hour to research and represent the role of women in India’s freedom struggle. The freedom fighters in the INA (Indian National Army) and the struggles like the Malabar Revolt are unknown to the public. It is essential to represent the anti-colonial movements in history and to publish research works on them. The writer points out that greater attention has to be given to the authenticity and relevance of these research materials. The article is written on the occasion of the 100th anniversary of the Malabar Revolt and the 75th anniversary of Indian Independence.
മലബാര്‍ മഹാസമരത്തിന് 100 ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 75
റസാഖ് പയമ്പ്രോട്ട്
മലബാറില്‍ തുടരുന്ന നിരന്തരമായ സമരത്തെ അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബ്രിട്ടീഷുകാര്‍ 1854ല്‍ എം എസ് പി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട മലബാര്‍ സ്പെഷ്യല്‍ പൊലീസ് സേന രൂപവത്ക്കരിച്ചത്. തുടര്‍ന്ന് എം എസ് പിയുടെ നേതൃത്വത്തിലുള്ള നരനായാട്ടാണ് മലബാറില്‍ അരങ്ങേറിയത്. കുടിയാന്‍ പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം എന്നിവ ഒരുമിച്ചാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യം പുലരുവോളം ആ സമരം മലബാറില്‍ തുടര്‍ന്നിട്ടുമുണ്ട്.
1921-22 കാലഘട്ടത്തില്‍ മലബാറിലെ സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ദേശീയ പ്രസ്ഥാനവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും തുടര്‍ന്നുണ്ടായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയ സമരത്തില്‍ തന്നെയായിരുന്നു. മലബാര്‍ സമരത്തെ ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ഇരുസമുദായങ്ങള്‍ ഉള്‍പ്പെട്ട വര്‍ഗീയകലാപമാക്കാന്‍ പൊലീസ് രേഖകളിലൂടെ ശ്രമിച്ചു. അത്തരം രേഖകളെ അവലംബമാക്കി പിന്നീട് രചിക്കപ്പെട്ട മലബാറിന്‍റെ ചരിത്രത്തിലും ആ 'പുഴുക്കുത്ത്' ആവര്‍ത്തിക്കപ്പെടുകയായിരുന്നു. അക്കാലത്ത് തന്നെ രചിക്കപ്പെട്ട, സ്വാതന്ത്ര്യസമര സേനാനികള്‍ കൂടിയായിരുന്ന കെ മാധവന്‍ നായര്‍, കെ പി കേശവമേനോന്‍, എം പി നാരായണമേനോന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഇ മൊയ്തുമൗലവി തുടങ്ങിയവരുടെ കൃതികളിലൂടെ മലബാര്‍ സമരത്തിന്‍റെ ആ കാലഘട്ടത്തിലെ പ്രസക്തിയും സമരഭടന്മാരുടെ സാമൂഹിക പ്രതിബദ്ധതയും ബോധ്യപ്പെടും. ഇവയെ മുന്‍നിര്‍ത്തിവേണം മലബാര്‍ സമരത്തിന്‍റെ ശതാബ്ദി ആചരണവും സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷവും സംഘടിപ്പിക്കേണ്ടത് എന്ന കാഴ്ചപ്പാടാണ് മാപ്പിളകലാ അക്കാദമിക്കുള്ളത്. സാംസ്കാരിക വകുപ്പിന് മുന്നില്‍ വൈദ്യര്‍ അക്കാദമി സമര്‍പ്പിച്ച പദ്ധതിയും ഇതിന് ഊന്നല്‍ നല്‍കുന്നതാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെന്നത് ഏക മുഖമുള്ള ഒരു പ്രതിഭാസമല്ല. ദേശീയപ്രസ്ഥാനത്തിന്‍റെ മേല്‍വിലാസത്തില്‍ നടന്നത് മാത്രമല്ല അത്. പലതരത്തിലുള്ള പ്രാദേശിക കൂട്ടായ്മകളും ജനകീയ പ്രസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി അതിന്‍റെ ഭാഗമായി കാണണം. ഉദാഹരണത്തിന് അയിത്തോച്ഛാടനം, ഭാഷാ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനം, സാമൂഹിക സാമ്പത്തിക ലിംഗ നീതിക്കുവേണ്ടിയുള്ള സമരങ്ങള്‍, ക്ഷേത്രപ്രവേശനം, പന്തിഭോജനം, മിശ്രവിവാഹം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ-ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങള്‍, വിവിധ ജാതി മതസമുദായങ്ങള്‍ക്കിടയില്‍ സാമൂഹിക നവോത്ഥാനവും പരിഷ്ക്കരണവും ലക്ഷ്യംവച്ചുകൊണ്ടു നടന്ന പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം തന്നെ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി അടയാളപ്പെടേണ്ടതാണ്.
സ്വാതന്ത്ര്യസമരം ഒരു പുരുഷ കേന്ദ്രീകൃത പ്രവര്‍ത്തനം മാത്രമായിരുന്നില്ല. ധാരാളം സ്ത്രീകള്‍ അരങ്ങത്തും അണിയറയിലും ഇന്ത്യന്‍ സ്വാതന്ത്ര്യം സാക്ഷാത്ക്കരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ സ്വാതന്ത്ര്യസമരത്തിലെ സ്ത്രീ പങ്കാളിത്തം പുറത്തുകൊണ്ടുവരേണ്ടതും ഈ കാലഘട്ടത്തിന്‍റെ ഉത്തരവാദിത്തമാണ്. ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി സ്വാതന്ത്ര്യസമരസേനാനികളുണ്ട്. മലബാര്‍ സമരത്തിലെന്ന പോലെ ഐ എന്‍ എ ഭടന്മാരായിരുന്നവരില്‍ അറിയപ്പെടാത്തവര്‍ ഒട്ടനവധിയുണ്ട്. ഈ ഘട്ടത്തില്‍ അവരും സ്മരിക്കപ്പെടണം. അധിനിവേശത്തിനെതിരെ നടന്ന എല്ലാ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുകയും വിഷയങ്ങളുടെ പ്രധാന്യത്തിനനുസരിച്ച് ഗ്രന്ഥങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമവും വ്യാപകമായി നടക്കേണ്ടതുണ്ട്.ഇങ്ങനെ പുറത്തിറങ്ങുന്ന ഗ്രന്ഥങ്ങളുടെ ആധികാരികതയും ഉറപ്പാക്കണം.