The Female Experience: Narration and Historicization
Dr. Bindu T.V
Autobiography has now turned to a genre which is capable of making variety of analyses in the field of Cultural Studies. Female narratives played a major role in bringing the marginalised towards the mainstream of rendering personal experiences. What woman speaks about her personal experience is an expression of an unwritten history apart from being an important way to know about the society and her status where she lives in. This paper is an attempt to analyse the space of a woman in self narration based on the autobiography of Devaki Nilayangod ‘Nashtabodhangalillathe-Oru Antharjanathinte Atmakadha’. It also analyses the awakening that the Brahmin community assimilated and the socio- cultural background which brought women from the four walls of kitchen to the outer world.
Key words: Autobiography, Female narrative, History, Renaissance , Innerworld.
Reference:
Devaki Nilayangode, 2003, Nastabodhangalillathe-Oru Antharjanathinte Athmakadha, Thrissur: Current Books.
Devika J, 2018, Kulasthreeyum Chanthapennum Undayathengane, Thrissur: Kerala Sasthra Sahithya Parishath.
E.M.S Namboothiripad, 2007, Athmakadha, Thiruvananthapuram: Chintha Publishers.
Lalithambika Antharjanam, 2012, Athmakathayk Oru Aamukham, Kottayam: DC Books.
Malayala PadhanaSamkham, 2011, SanskaraPadhanam Charithram Sidhantham Prayogam, Shukapuram: Vallathol Vidyapeedham.
Mini S, 2019, Bhakshanam Vasthram Acharam Navodhana Athmakathakalile Kerala Charithram, Kollam: Padham Books.
Ramadevi P, 2019, Sthree Athmakadha Jeevitham Ezhuth Charithram, Thiruvananthapuram: Kerala Bhasha Institute
Saradakutty, 2020, Ethrayethra Preranakal, Kozhikode: Mathrubhumi Books.
Sreekala P.S, 2020, Feminisathinte Kerala Charithram, Kozhikode: Mathrubhumi Books.
Uma Chakravarthy, 2008, Jathiye Lingavathkarikkumbol, Kozhikode: Mathrubhumi Books.
Ushakumari G, 2013, Utal Oru Neyth, Kottayam: National Book Stall.
V.T Bhattathiripad, 2008, V.T yute Sampoorna Krithikal, Kottayam: D.C Books
സ്ത്രീയനുഭവം: ആഖ്യാനവും ചരിത്രവത്കരണവും
ബിന്ദു ടി വി
സവിശേഷമായ പല സംവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവെച്ച സാഹിത്യരൂപമാണ് ആത്മാഖ്യാനം. വൈവിധ്യമാര്‍ന്ന അപഗ്രഥനങ്ങള്‍ സാംസ്കാരികപഠനമേഖലയില്‍ നടത്താന്‍ കഴിവുള്ള സാഹിത്യശാഖ. ഓര്‍മ്മയിലൂടെയുള്ള സംഭവങ്ങളുടെ പുനര്‍നിര്‍മ്മിതിയാണ് ആത്മാഖ്യാനമെങ്കിലും ഇതില്‍ വ്യക്തി മാത്രമല്ല വ്യക്തിയോട് ബന്ധപ്പെട്ട എന്തും ഒരു സാമൂഹികസാന്നിധ്യമായി നിലകൊള്ളുന്നു.വ്യക്തി ജീവിച്ച കാലഘട്ടം, രാഷ്ട്രീയം, സമൂഹം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിങ്ങനെ പലതും കടന്നുവരികവഴി ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരമായി ആത്മകഥ മാറുന്നു. ആധുനികതയുടെ കടന്നുവരവിനെ പാശ്ചാത്തലമാക്കി എഴുതിയ പല ജീവിതങ്ങളും വാസ്തവത്തില്‍ മാറുന്ന ലോകത്തെ പറ്റിയുള്ളതാണ്. ഈ മാറ്റത്തിന്‍റെ കഥ പറയാനുള്ള നിമിത്തമായി വ്യക്തിയുടെ ജീവിതം മാറുന്നതിനെക്കുറിച്ച് ഉദയകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.1 വ്യക്തിപരമായി നേരിട്ടനുഭവിച്ച കാര്യത്തിലൂടെ സമൂഹത്തിന്‍റെ ചരിത്രസ്മരണകളെ രൂപപ്പെടുത്തുകവഴി കാലികമായ അനുഭവപരിണാമത്തിന്‍റെ ചരിത്രരേഖകളായി മാറുകയാണ് ആത്മാഖ്യാനങ്ങള്‍. ഈ ചരിത്രം ഇന്നത്തെ സമൂഹത്തെ മനസ്സിലാക്കാന്‍ ഭൂതകാലത്തിലൂടെ നടത്തുന്ന യാത്ര മാത്രമല്ല ഭാവിയിലേക്കുള്ള വഴികാട്ടികൂടിയാണ്.
മുഖ്യധാരാവ്യവഹാരത്തിനുള്ളില്‍ വരുന്നവ മാത്രം ചരിത്രവത്കരിക്കുകയും അതിനുമുമ്പുള്ള പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെ വ്യക്ത്യവബോധം ചരിത്രത്തിനു പുറത്താവുകയും ചെയ്യുന്ന കാലത്തുനിന്നാണ് ഏതു ചെറുജീവിതവും മൂല്യവത്തും അര്‍ത്ഥവത്തുമാണെന്ന ബോധം പകരുന്ന പുതുകാലത്തിന്‍റെ സാംസ്കാരികജാഗ്രതയിലേക്ക് ആത്മാഖ്യാനങ്ങള്‍ എത്തിച്ചേര്‍ന്നത്. വംശീയ വും വര്‍ഗീയവും ലൈംഗികവുമായ ന്യൂനപക്ഷങ്ങള്‍, അവയുടെ സ്വത്വപ്രതിനിധാനങ്ങള്‍ എന്നിവകൂടി കലര്‍ന്നുവരുമ്പോഴാണ് ആത്മകഥ മനുഷ്യന്‍റെ യഥാര്‍ത്ഥചരിത്രത്തിന്‍റെ ഭാഗമാവുന്നത്.കാലങ്ങളായി നേടിയെടുത്ത പ്രതിരോധത്തിന്‍റെ ഊര്‍ജം അവഗണിതവിഭാഗത്തെ മുഖ്യധാരാപരിസരങ്ങളില്‍ എത്തിച്ചതിന്‍റെ ചരിത്രവും പ്രതിരോധപരിസരവും പങ്കുവയ്ക്കുന്ന തലത്തിലേക്കുള്ള ആത്മാഖ്യാനത്തിന്‍റെ ഇത്തരമൊരു മാറ്റത്തിന് സ്ത്രീയാഖ്യാനങ്ങള്‍ക്ക് പ്രധാനപങ്കുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് സ്ത്രീകള്‍ നടത്തിയ പ്രതിരോധശ്രമങ്ങളായിരുന്നു അവ. സമൂഹത്തില്‍ സ്വാഭാവികമെന്നോണം നിലവിലിരുന്ന നിരവധി പരാധീനതകളെ മറികടന്നുള്ള എഴുത്തായതിനാല്‍തന്നെ പ്രതിപാദനത്തിലും ആവിഷ്കരണത്തിലും ഏറെ വൈവിധ്യം സ്ത്രീയാത്മകഥകളില്‍ പ്രകടമാണ്. സമൂഹത്തിലെ അനാചാരങ്ങളും വേര്‍തിരിവുകളും നിബന്ധനകളും അധികാരബലതന്ത്രങ്ങളുമെല്ലാം ഇവിടെ മറനീക്കി പുറത്തുവരുന്നു. സ്വയമെഴുത്തിന്‍റെ സന്നദ്ധതയില്‍ സ്ത്രീ ആഖ്യാനം ചെയ്യുന്ന ഇത്തരമൊരു അനുഭവലോകത്തെ ദേവകിനിലയങ്ങോടിന്‍റെ 'നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്‍റെ ആത്മകഥ' എന്ന ആത്മാഖ്യാനത്തെ അടിസ്ഥാനമാക്കി വിലയിരുത്തുകയാണ് ഈ പ്രബന്ധം. നമ്പൂതിരിസമുദായം നവോത്ഥാനപരമായി സ്വാംശീകരിച്ച ഉണര്‍വുകള്‍ സ്ത്രീജീവിതത്തെ അടുക്കളയിലും മറക്കുടയ്ക്കുള്ളിലും നിന്ന് പുറലോകത്തേക്കും തൊഴില്‍ കേന്ദ്രത്തിലേക്കും എത്തിച്ച സാമൂഹികസാംസ്കാരിക പശ്ചാത്തലവും ഇവിടെ പഠനവിധേയമാക്കുന്നു.
നവോത്ഥാനവും ആത്മകഥാപരിസരവും
മലയാളിയുടെ സാമൂഹിക സാംസ്കാരികമണ്ഡലങ്ങളില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയ കാലഘട്ടമാണ് 19-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലം. പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെ പ്രചാരം, വൈദേശികാധിപത്യത്തില്‍ നിന്നുണ്ടായ സാമൂഹ്യാവബോധം, സാമൂഹിക രാഷ്ട്രീയമുന്നേറ്റങ്ങള്‍, പത്രമാസികകളുടെ പ്രചാരം, കൂട്ടുകുടുംബവ്യവസ്ഥയില്‍ വരുന്ന മാറ്റം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ നവോത്ഥാനചലനങ്ങളെ ഊര്‍ജസ്വലമാക്കി. നവീനവിദ്യാഭ്യാസം ജീവിതവീക്ഷണത്തിലും ജീവിതരീതിയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍തന്നെ വരുത്തി. ജാതിവ്യവസ്ഥയില്‍ ഉറച്ചുപോയ സാമൂഹികാചാരങ്ങളും വിശ്വാസങ്ങളും പുനഃപരിശോധനയ്ക്ക് വിധേയമായി. കേരളത്തിലെ നവോത്ഥാനത്തിന്‍റെ സവിശേഷത സമൂഹത്തിന്‍റെ രണ്ടതിരുകളിലും മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വര്‍ഗപരമായ പരിവര്‍ത്തനത്തിന്‍റെ ഉള്ളടക്കം അതിനുണ്ടായിരുന്നു എന്നതാണ്. ചാന്നാര്‍ ലഹളയും ഘോഷാബഹിഷ്കരണവും ഉദാഹരണങ്ങളാണ്.2 മറ്റു സമുദായക്കാരേക്കാള്‍ അല്പം വൈകിയാണ് നമ്പൂതിരിമാരില്‍ നവോത്ഥാനശ്രമം ആരംഭിച്ചതെങ്കിലും സമുദായത്തിന്‍റെ ഇരുട്ടുമൂടിയ ആചാരമുറിയില്‍നിന്നും വെളിച്ചംനിറഞ്ഞ പുറംലോകത്തേക്കുള്ള പ്രവേശനത്തിന്‍റെ തുടക്കമായി അതുമാറി. ആദ്യഘട്ടത്തില്‍ പുരുഷന്മാരുടെ ജീവിതത്തിലാണ് മാറ്റങ്ങള്‍ പ്രകടമായതെങ്കിലും ക്രമേണ അവരെ ആശ്രയിച്ചുകഴിയുന്ന സ്ത്രീകളിലും അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി. കുടുംബം, ഭാര്യാഭര്‍ത്തൃബന്ധം, ഗൃഹകേന്ദ്രിതമൂല്യബോധം, സ്ത്രീപദവി എന്നിവയൊക്കെ പുതുതായി നിര്‍വചിക്കപ്പെട്ടു. അപ്പോഴും ഉത്തമകുടുംബിനി എന്ന സങ്കല്പത്തിന് വലിയ മാറ്റമുണ്ടായിരുന്നില്ല. സ്ത്രീയുടെ ബോധാബോധങ്ങളെ നിര്‍ണയിക്കുന്ന തലത്തില്‍ ഉത്തമസ്ത്രീസങ്കല്പം പ്രചരിച്ചിരുന്നു എന്നുവേണം കരുതാന്‍. ഈ ഒരു സാഹചര്യത്തില്‍ നിന്നുവേണം ദേവകി നിലയങ്ങോടിന്‍റെ 'നഷ്ടബോധങ്ങളില്ലാതെ' എന്ന ആത്മാഖ്യാനം പരിശോധിക്കപ്പെടേണ്ടത്.
സ്ത്രീയുടെ അനുഭവലോകങ്ങള്‍
ഒരേ സമൂഹത്തില്‍ ഒരേ ചരിത്രസന്ദര്‍ഭത്തില്‍ ഒരേ സാഹചര്യത്തില്‍ ജീവിക്കുമ്പോഴും സ്ത്രീയുടെയും പുരുഷന്‍റെയും അനുഭവലോകങ്ങള്‍ ഏറെ വ്യത്യസ്തമാണ്. ദേവകി നിലയങ്ങോടിന്‍റെയും ഇ.എം.എസിന്‍റെയും ആത്മകഥകള്‍ പരിശോധിക്കുമ്പോള്‍ ഭാഷാക്രമത്തില്‍,ആശയങ്ങളെടുക്കുന്ന രീതിയില്‍, ജീവിതസമീപനത്തില്‍ ഒക്കെയുള്ള വ്യത്യാസം പ്രകടമായി കാണാം. ഒന്നില്‍ വ്യക്തി സംസാരിക്കുകയും പ്രത്യക്ഷീകരിക്കുകയും ചെയ്യുമ്പോള്‍ മറ്റതില്‍ സമൂഹമാണ് സംസാരിക്കുന്നതും പ്രത്യക്ഷീകരിക്കുന്നതും. തന്‍റെ കഥയെന്നാല്‍ താനുള്‍പ്പെടുന്ന സമൂഹത്തിന്‍റെ കഥയാണ് ഇ.എം.എസിന്. ദേവകി നിലയങ്ങോടാകട്ടെ'എഴുപത്തഞ്ചു വയസ്സായ ഒരന്തര്‍ജ്ജനമാണ് ഞാന്‍,ദേവകി എന്ന് പേര്. നിലയങ്ങോട്ടില്ലത്തെ അംഗം' എന്ന തുടക്കത്തിലൂടെ ഒന്നിനെയും ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യാതെ ഒരു പ്രത്യേകകാലഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെ ജീവിച്ചു എന്ന് പറയുകയാണ്.3 ആറ്റൂര്‍ 'നഷ്ടബോധങ്ങളി ല്ലാതെ'യുടെ അവതാരികയില്‍ പറയുന്നപോലെ "ഓര്‍മ്മയുടെ അകന്ന നിസ്സംഗമായ കൊഴുപ്പുനീക്കിയ കാഴ്ചയാണിത്. വരുംതലമുറയ്ക്ക് ചെപ്പേടുപോലെ ശ്രദ്ധിച്ചുവായിക്കാവുന്ന ഒന്ന്." തന്നോടോ അടുപ്പമുള്ള ഉറ്റവരോടോ പറയുമ്പോലെ അടുക്കളയുടെ, കുളക്കടവിന്‍റെ ,പൂമുഖത്തിന്‍റെ ഇരിക്കണമ്മാരുടെ ലോകത്തെക്കുറിച്ച് അവര്‍ പറയുന്നു. പ്രഭാഷണത്തിന്‍റെ, അരങ്ങിന്‍റെ, പത്രത്തിന്‍റെ, മുഴങ്ങുന്ന ശബ്ദത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഈ പറച്ചില്‍. കഥകളിയും പഞ്ചാരിയും മണിപ്രവാളവും വേദാധ്യയനവുമാക്കെ പലപ്പോഴും അവരുടെ അകലോകത്തിന് പുറത്തായിരിക്കും. താന്‍ കണ്ട വസ്തുക്കള്‍, സംഭവങ്ങള്‍, പരിഷ്കാരങ്ങള്‍ എല്ലാം മറനീക്കി ഇവിടെ പുറത്തുവരുന്നു. കെ.പി. നമ്പൂതിരിയുടെ പല്‍പ്പൊടിയും പല്‍പ്പൊടിമാഹാത്മ്യം പാട്ടുംവരെ അതിലുണ്ടായിരുന്നു.
കഴിയുന്നത്ര വൈയക്തിക വികാരങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മകഥയാണ് ഇ.എം.എസിന്‍റേത്. തന്‍റെ ആത്മകഥയില്‍ ആത്മം കുറവാണെന്നും ഒരു രാഷ്ട്രീയറിപ്പോര്‍ട്ടിനോടാണ് അതിന് അധികം ചായ്വെന്നുമുള്ള നിരീക്ഷണത്തെ അദ്ദേഹം അംഗീകരിക്കുന്നുണ്ട്. ഒരാത്മകഥയോ ചരിത്രഗ്രന്ഥമോ എന്ന് സംശയം തോന്നത്തക്കവിധമാണ് അധ്യായത്തിന്‍റെ തലക്കെട്ടുകളും. സജീവരാഷ്ട്രീയത്തിന്‍റെ തുടക്കം, ഗാന്ധി-ഇര്‍വിന്‍ സന്ധിക്കുശേഷം, ജയിലിലേക്ക്, വിപ്ലവപ്രസ്ഥാനത്തിന്‍റെ കൈവഴികള്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിങ്ങനെ കര്‍ഷകസമരത്തിന്‍റെ ,സ്വാതന്ത്ര്യസമരത്തിന്‍റെ, കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്‍റെ, നമ്പൂതിരിസമുദായോദ്ധാരണപ്രവര്‍ത്തനത്തിന്‍റെ എല്ലാം ചരിത്രമാണത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കഥയുമായി വേര്‍പെടുത്താനാവാത്ത ബന്ധമുള്ള, മരണംവരെയുള്ള തന്‍റെ ജീവിതകഥ പറയാനുള്ള ജോലി കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ക് വിട്ടുകൊടുത്താണ് അദ്ദേഹം തന്‍റെ ആത്മകഥ അവസാനിപ്പിക്കുന്നത്. പക്വമായ രാഷ്ട്രീയപ്രവര്‍ത്തനം കമ്മ്യൂണിസ്റ്റെന്ന നിലയില്‍ ആരംഭിക്കുമ്പോള്‍തന്നെ തന്‍റെ വ്യക്തിജീവിതത്തിന്‍റെ സവിശേഷാഖ്യാനം അപ്രസക്തമാകുന്നുവെന്ന് ഇ.എം.എസ് കരുതിയിരുന്നു താനും. ചെറുകാടിന്‍റെ ജീവിതപ്പാതയ്ക്കെഴുതിയ അവതാരികയില്‍ ആത്മകഥാസാഹിത്യത്തെപ്പറ്റിയുള്ള നിലപാട് ഇ.എം.എസ് വിശദമാക്കുന്നുമുണ്ട്. കഥാപുരുഷന്‍റെ ആത്മനിഷ്ഠാപൂര്‍വകഥനത്തിലുണ്ടാകുന്ന ദോഷങ്ങളും ഗുണങ്ങളും 'ജീവിതപ്പാത'യ്ക്കുണ്ടെന്ന് പറയുന്ന അദ്ദേഹം പിന്നീട് ആ ജീവിതകഥ കേരളത്തിലെ ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനത്തിന്‍റെ ചരിത്രമായി മാറുന്നത് എടുത്തുപറയുന്നുണ്ട്.4
രാഷ്ട്രീയസാമൂഹിക സാംസ്കാരികനുഭവങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇ.എം.എസിന്‍റെ ശൈലിയില്‍നിന്നു വ്യത്യസ്തമായി, അനുഭവിച്ചുതീര്‍ത്ത ജീവിതത്തെ ഒരു സാക്ഷിയുടെ കണ്ണോടെ അവതരിപ്പിക്കുകയാണ് ദേവകി നിലയങ്ങോട്. കുടുംബത്തിനകത്തുനിന്നുള്ള കാഴ്ചകളാണ് ഈ ആഖ്യാനത്തിലേറെയും. സ്ത്രീക്ക് അവളുടെ ആന്തരലോകവുമായുള്ള ബന്ധത്തെ രൂപപ്പെടുത്തുന്നത് സമൂഹം അവളെ വിലയിരുത്താനാഗ്രഹിക്കുന്ന മൂല്യസംഹിതകളാലാണല്ലോ. അതിനാല്‍ തങ്ങള്‍ അനുഭവിക്കുന്ന അസ്വാതന്ത്രാവസ്ഥയെകുറിച്ച് ബോധമുള്ളപ്പോഴും അതിനെ സ്വാഭാവികാവസ്ഥയായി അവര്‍ക്ക് പലപ്പോഴും സ്വീകരിക്കേണ്ടിവരും. ലിംഗാധിഷ്ഠിതപദവിവ്യത്യാസം കൃത്യമായി നിലനിര്‍ത്തിക്കൊണ്ടു പോകത്തക്ക വിധത്തില്‍ നമ്പൂതിരിസമുദായത്തില്‍ നിലനിന്ന ഇത്തരം ശീലങ്ങളെ, ആചാരങ്ങളെ ദേവകിനിലയങ്ങോട് കൃത്യമായി തുറന്നുകാട്ടുന്നുണ്ട.്
ആചാരാനുഷ്ഠാനങ്ങള്‍
മനുസ്മൃതിയുടെയും ശാങ്കരസ്മൃതിയുടെയും അടിസ്ഥാനത്തില്‍ സ്വയം കല്പിച്ചുകൂട്ടിയ ആചാരങ്ങളായിരുന്നു നമ്പൂതിരിമാരുടേത്. അതില്‍ സ്ത്രീയുടെ ജീവിതമാവട്ടെ കൃത്യമായി പാലിക്കേണ്ട ചടങ്ങുകളുടെ ഒരു ശൃംഖല മാത്രം. പുരുഷന്മാരെ പരിചരിക്കുക, അവരുടെ ദീര്‍ഘായുസ്സിനുവേണ്ടി പെരുംതൃക്കോവിലപ്പനെ പൂജിക്കുക, ചരടുപിടിച്ചു ജപിക്കുക, കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കുക എന്നതില്‍കവിഞ്ഞ് ഒരു സ്ത്രീധര്‍മ്മമില്ല എന്ന് ഉറച്ചുവിശ്വസിക്കുന്ന തരത്തിലായിരുന്നു അവരുടെ സാമൂഹ്യശിക്ഷണം. ഇല്ലങ്ങളില്‍ പെണ്‍കുട്ടിയുടെ ജനനം ഒട്ടും ശുഭസൂചകമായിരുന്നില്ല. ആണ്‍കുട്ടിയാണെങ്കില്‍ വാലിയക്കാര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ പെണ്ണാണെങ്കില്‍ ഇരിക്കണമ്മമാര്‍ പതിഞ്ഞ ശബ്ദത്തില്‍ വാതിലില്‍ തട്ടുകയേ ഉള്ളൂ എന്ന ഈ വേര്‍തിരിവിനെ ദേവകി നിലയങ്ങോട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ അനാചാരത്തിന്‍റെ ശക്തി പെണ്‍കുട്ടി മനസ്സിലാക്കുന്നത് ഋതുമതിയാകുമ്പോഴാണ്.അതോടെ പുറംലോകം അവര്‍ക്ക് നിഷിദ്ധമാകും. ബാഹ്യലോകത്തെ സംബന്ധിച്ചിടത്തോളം അവള്‍ പൂര്‍ണ്ണമായി മരിച്ചിരിക്കുന്നു. കാട്ടിലെ കിളിയെ പിടിച്ച് കൂട്ടിലിട്ടതുപോലുള്ള തന്‍റെ അവസ്ഥയെക്കുറിച്ച് ലളിതാംബിക അന്തര്‍ജ്ജനം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.5 അനേകായിരങ്ങളെപ്പോലെ സ്വന്തം വിധിക്കുമുന്നില്‍ തലകുനിക്കേണ്ടിവന്ന സ്ത്രീയവസ്ഥ ദേവകി നിലയങ്ങോടിലും കാണാം. രണ്ടുവര്‍ഷമാണ് ഇല്ലത്തെ അകത്തളങ്ങളില്‍ അവര്‍ക്ക് ഇരിക്കേണ്ടിവന്നത്.
ലതുമതി ഞായം പഠിപ്പുനിര്‍ത്താന്‍
അവളെന്നും പിന്നെയടുക്കളതന്നുള്ളി-
ലവശമിരുന്നു നരച്ചിടേണം
കുടയെടുത്തീടണം കുപ്പായമൂരണം
കുടിലസമുദായനീതി നോക്കൂ'
എന്ന് ഈ അനാചാരത്തെ 'ഋതുമതിയില്‍' എം പി ഭട്ടതിരിപ്പാട് തുറന്നു വിമര്‍ശിക്കുന്നു.
കടുംബകാര്യങ്ങളിലോ ഭാവിയെ സംബന്ധിച്ചുള്ള കാര്യങ്ങളിലോ യാതൊരു അഭിപ്രായപ്രകടനസ്വാതന്ത്ര്യവും സ്ത്രീക്കുണ്ടായിരുന്നില്ല. വിവാഹം പോലും അവര്‍ അറിയുന്നത് അയിനിയൂണിന് മലര്‍ വറുക്കുമ്പോഴോ തുണക്കാരികള്‍ പറയുമ്പോഴോ ആയിരിക്കും. ദേവകി നിലയങ്ങോടിന്‍റെ കാര്യത്തില്‍ ഒരു ചെറിയ വ്യത്യാസമുണ്ട്. "കുട്ടിക്കാവേ, നാളെ മനേരിച്ചിലായീലോ" എന്നു പറഞ്ഞത് അവരുടെ ട്യൂഷന്‍ ടീച്ചറാണെന്നു മാത്രം. വെക്കുക വിളമ്പുക പ്രസവിക്കുക എന്ന ധര്‍മ്മമേ സമൂഹം സ്ത്രീക്ക് കല്പിക്കുന്നുള്ളൂ. സ്ത്രീപുരുഷബന്ധങ്ങളിലെ പ്രത്യുത്പാദനം, ആനന്ദം എന്നീ രണ്ടു ധര്‍മ്മങ്ങളും യാന്ത്രികമായി മാറുകയാണിവിടെ.നമ്പൂതിരിമാരുടെ വേളി യാന്ത്രികമായ പ്രത്യുത്പാദനമോ പണമോ ലക്ഷ്യമാക്കി നടത്തുമ്പോള്‍ സംബന്ധവ്യവസ്ഥ യാന്ത്രികമായ ആനന്ദത്തെയാണ് മുന്‍നിര്‍ത്തുന്നത്. സ്ത്രീയുടെ ലൈംഗികാസ്തിത്വം പാപമായി മുദ്രകുത്തുകയും അത് നിലനിര്‍ത്താന്‍വേണ്ടി ആചാരങ്ങളും ചട്ടങ്ങളും അവളില്‍ അടിച്ചേല്‍പ്പിക്കുകയുമാണ് .സ്മാര്‍ത്തവിചാരം ഇതിന് ഉദാഹരണമാണ്. സ്ത്രീയുടെ ചാരിത്ര്യദോഷമാണല്ലോ സ്മാര്‍ത്തവിചാരത്തിനുള്ള പ്രധാനഹേതു. തന്‍റെ തലമുറയില്‍പെട്ട സ്ത്രീകള്‍ അടക്കിപ്പിടിച്ച സ്വരത്തിലാണെങ്കിലും കൂടുതല്‍ ഉച്ചരിച്ച പേര് കുറിയേടത്തു താത്രിയുടേതാണെന്ന് സൂചിപ്പിക്കുന്ന ദേവകിനിലയങ്ങോട് അതിലൂടെ അവര്‍ ഗൂഢമായ ഒരു സുഖം അനുഭവിച്ചിരുന്നുവോയെന്ന തോന്നലും പങ്കുവയ്ക്കുന്നു. കര്‍ക്കശമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കകത്തുനിന്ന് ഒരന്തര്‍ജനം പുറംലോകത്തെ ജീര്‍ണിച്ച ആചാരാനുഷ്ഠാനങ്ങളെ ധിക്കരിച്ചു നടന്നുകയറിയതിന്‍റെ ചരിത്രമാണല്ലോ കുറിയേടത്തു താത്രിയുടേത്. പുരുഷമേധാവിത്വത്തിന്‍റെ ലൈംഗികമായ അരാജകത്വത്തിനെതിരെ അതേ ആയുധംകൊണ്ട് ബോധപൂര്‍വ്വം സമരം ചെയ്ത താത്രിയെ സാംസ്കാരികനവോത്ഥാനനായിക എന്നാണ് വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ചതും.6
അന്യജാതിക്കാരുമായി പ്രത്യേകിച്ച് കീഴ്ജാതിക്കാരായ പുരുഷനുമായി സംസര്‍ഗത്തിലേര്‍പ്പെട്ടാല്‍ ഉയര്‍ന്ന ജാതിയുടെ അടിത്തറതന്നെ തകര്‍ന്നുപോവുമെന്നുള്ളതുകൊണ്ടാണ് സ്ത്രീയുടെമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സ്ത്രൈണലൈംഗികത പുരുഷന്‍റെ നിയന്ത്രണത്തിലാക്കുന്നതും. ബ്രാഹ്മണനിയമവ്യവസ്ഥയും രാജഭരണവും അധികാരവര്‍ഗവുമെല്ലാം മേല്‍ജാതിസ്ത്രീകളുടെ നിയന്ത്രണത്തെ ന്യായീകരിക്കുകയാണ്. ജാതിവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് മേല്‍ജാതി-ബ്രാഹ്മണസ്ത്രീകളെ സമൂഹത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ബ്രാഹ്മണ പിതൃത്വത്തിന്‍റെ വക്താക്കള്‍ എക്കാലത്തും കരുതിയിരുന്നതായി ഉമാചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നു. വിവാഹം, ലൈംഗികത, പ്രത്യുത്പാദനം തുടങ്ങിയവയുടെ ഘടന ജാതിവ്യവസ്ഥയുടെ അടിസ്ഥാനപരമായ അടിത്തറയായതിനാല്‍തന്നെ സ്വജാതിവിവാഹത്തെയേ അവര്‍ പ്രോത്സാഹിപ്പിച്ചുള്ളൂ. ആചാരനിഷ്ഠയുള്ള ഭാര്യമാരെയും പതിവ്രതകളായ സ്ത്രീകളെയും ഉള്‍പ്പെടുത്തിയുള്ള പ്രത്യയശാസ്ത്രത്തെയേ അവര്‍ വിലമതിച്ചുമുള്ളൂ.7 ചുരുക്കിപ്പറഞ്ഞാല്‍ ജാത്യാധിപത്യത്തിന്‍റെ ,പുരുഷാധിപത്യത്തിന്‍റെ ഇരകളായിരുന്നു സ്ത്രീകള്‍. ജാതിയും അതിന്‍റെ ഉച്ചനീചഭേദങ്ങളും ശരീരങ്ങളിലൂടെയും വസ്ത്രധാരണരീതികളിലൂടെയുമാണ് പ്രധാനമായി ആവിഷ്കരിക്കപ്പെട്ടത്.
വേഷവിധാനങ്ങള്‍
ജാതിഘടനയ്ക്കുള്ളില്‍ തീണ്ടല്‍ പാലിക്കുക എന്നത് കര്‍ക്കശമായ നിയമമായതുകൊണ്ട് ജാതി ഉപജാതി ഘടനയെ പെട്ടെന്ന് വായിച്ചെടുക്കാവുന്ന വിധത്തിലായിരുന്നു ശരീരത്തിന്‍റെ വിന്യാസം. അതിനകത്തെ ചെറിയ മാറ്റങ്ങളോ പുതുമകളോ പോലും കടുത്ത ആചാരലംഘനമായി കരുതപ്പെട്ടു. ഈ ഒരു സാഹര്യത്തിലാണ് ഘോഷാബഹിഷ്കരണം പ്രസക്തമാവുന്നത്. യോഗക്ഷേമസഭയുടെ എടക്കുന്നി വാര്‍ഷികാഘോഷത്തില്‍ മിസിസ് മനഴിയാണ് ആദ്യമായി ഘോഷ ബഹിഷ്കരിച്ചത്. തുടര്‍ന്ന് ആര്യാപള്ളം, പാര്‍വതി നെന്മിനിമംഗലം തുടങ്ങിയവരും ഈ പാത പിന്തുടര്‍ന്നു. പുതുവ്യക്തിത്വം സാധ്യമാവുന്ന സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അന്തര്‍ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച മാറ്റം അത്ഭുതാവഹമായിരുന്നു. അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനത്തിനെന്ന വ്യാജേന കുടയും പുതപ്പുമായി ഇറങ്ങിത്തിരിച്ച് കുട എറിഞ്ഞുകളഞ്ഞ് പുതമുണ്ട് സാരിയാക്കി ബസില്‍ കയറി യോഗസ്ഥലത്തേക്ക് പോയ അനുഭവം ലളിതാംബിക അന്തര്‍ജനം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
അപ്ഫന്‍റെ മക്കളിലൂടെയാണ് വേഷവിധാനത്തിലെ ഈ പുതുമകള്‍ ദേവകി നിലയങ്ങോട് കണ്ടറിഞ്ഞത്. ബ്ലൗസും കസവുമുണ്ടും ആഭരണസമൃദ്ധിയും ഭംഗിയായി ചീകിവച്ച മുടിയും ഒക്കെ കണ്ടപ്പോള്‍ ഇലക്കോണകം മാത്രമുടുത്ത് പേന്‍നിറഞ്ഞ മുടിയുമായി നില്‍ക്കുന്ന ആറുവയസ്സുകാരിയായ തനിക്കുതന്നെ അപകര്‍ഷത തോന്നിയതായി അവര്‍ പറയുന്നു. ഏടത്തിയുടെ കഥയാവട്ടെ പിന്നെ പറയാനുമില്ല. വാതിലിന്‍റെ മറവില്‍ തന്‍റെ അപരിഷ്കൃതാവസ്ഥയെ അവര്‍ കഴിയുന്നത്ര മറച്ചുവയ്ക്കുകയാണുണ്ടായത്. സ്വശരീരത്തില്‍പ്പോലും നിര്‍ണയമില്ലാത്ത ഈ അസ്വതന്ത്രാവസ്ഥയെയാണ് മാറുമറയ്ക്കലിലൂടെ സ്ത്രീകള്‍ പ്രതിരോധിച്ചത്. ആഭ്യന്തര അസമത്വങ്ങളുടെ അടയാളമായിരുന്ന വസ്ത്രം അതിനെതിരെയുള്ള സമരത്തിന്‍റെ സൂചകമായി മാറുകയായിരുന്നു. നമ്പൂതിരിമാര്‍ കുടുമ മുറിച്ചും ക്രോപ്പു ചെയ്തും ഷര്‍ട്ടിട്ടും പരിഷ്കാരികളായതുപോലെ അന്തര്‍ജനങ്ങള്‍ മറക്കുടയും ഘോഷയും കളഞ്ഞ് സാരി ധരിക്കുക മാത്രമല്ല, കാതുകുത്തി കമ്മലിടുകയും ചെയ്തു. സാരിയും ബ്ലൗസും കമ്മലിട്ട കാതും. ഒരു പുതിയ സ്ത്രീ ജനിക്കുന്നതിന്‍റെ ഏര്‍പ്പാടായാണ് ദേവകി നിലയങ്ങോട് ഇതിനെ വിലയിരുത്തുന്നത്. വിവാഹശേഷം കാതു ചെറുതാക്കി കമ്മലിട്ട അനുഭവം അവരുടേതും കൂടിയായിരുന്നല്ലോ. വസ്ത്രം പോലെതന്നെ ആഭരണവും അതു ധരിക്കുന്ന രീതിയുമൊക്കെ അധികാരവിഭജനത്തിന്‍റെ ഭാഗമായതിനാല്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിലും ഏറെ മാറ്റം വന്നു. മുടിമുറിച്ചും മീശവളര്‍ത്തിയും മുണ്ടുതാഴ്ത്തിയുടുത്തും മാറുമറച്ചും ആഭരണം ധരിച്ചുമൊക്കെയായി നിരന്തരം നടന്ന ശരീരകേന്ദ്രിതമായ സമരങ്ങളുടെ വലിയൊരു നിരതന്നെ അക്കാലത്തുണ്ടായി. സ്വത്വപദവിയും അന്തസ്സും തമ്മിലിണക്കിക്കൊണ്ട് ശരീരസംബന്ധിയായ ഒരു അവകാശബോധം തന്നെ സൃഷ്ടിക്കപ്പെട്ടതായി ജി. ഉഷാകുമാരി ചൂണ്ടിക്കാട്ടുന്നു.8 ഈ അവകാശബോധത്തില്‍ നിന്ന് സ്ത്രീകള്‍ പിന്നോട്ടു പോയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പൂണൂല്‍ പൊട്ടിച്ചവര്‍ പിന്നീട് അതിട്ടു നടന്നെങ്കിലും ഘോഷബഹിഷ്കരിച്ചവര്‍ അതിലേക്ക് തിരികെ പോയില്ല. പുതിയ അനുഭവലോകത്തെ സ്വാംശീകരിക്കാനും നിലനിര്‍ത്താനുമൊക്കെ സ്ത്രീയെ കരുത്തയാക്കിയതിനുപിന്നില്‍ കൊളോണിയല്‍ ആധുനികതയുമായി ബന്ധപ്പെട്ടു നടന്ന സംവാദങ്ങള്‍ക്കും ജനാധിപത്യപ്രക്രിയകള്‍ക്കും സാമൂഹികമായ ഇടപെടലുകള്‍ക്കും പരിഷ്കരണസംഘങ്ങള്‍ക്കുമെല്ലാം പ്രധാനപങ്കുണ്ട്. കുടുംബത്തിന്‍റെയോ സമുദായത്തിന്‍റെയോ നിയമങ്ങളെ നേരിട്ടോ അല്ലാതെയോ മറികടക്കാന്‍ വിദ്യാഭ്യാസപരമായ ഉണര്‍വ്വുകളും സ്ത്രീക്ക് സഹായകരമായിരുന്നു.
വിദ്യാഭ്യാസവും സാമൂഹികപരിവര്‍ത്തനവും
ഉപരിവര്‍ഗ്ഗ ഉത്കൃഷ്ടബോധത്താല്‍ സൃഷ്ടിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്പൂതിരിമാരുടേത് എന്നതിനാല്‍തന്നെ അതില്‍നിന്ന് മോചനം നേടുക അത്ര എളുപ്പമായിരുന്നില്ല. വിശിഷ്ടബ്രാഹ്മണനെന്ന പദവിയിലേക്കുള്ള ആരോഹണമായിരുന്നു നമ്പൂതിരിമാര്‍ക്ക് സംസ്കൃതവിദ്യാഭ്യാസം. മറ്റു സമുദായക്കാര്‍ക്ക് അറിഞ്ഞുകൂടാത്തതും ഉച്ചരിക്കാന്‍ പാടില്ലാത്തതുമായ മന്ത്രതന്ത്രങ്ങള്‍ സ്വായത്തമാക്കാനുള്ള അവകാശാധികാരം. ജീവിതത്തെ അറിയാന്‍ ഈ വിദ്യാഭ്യാസം സഹായകരമായിരുന്നില്ല. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്‍റെ ഒന്നാംരംഗത്തില്‍ത്തന്നെ അര്‍ത്ഥമറിയാതുള്ള വേദപഠനത്തിന്‍റെ പരിഹാസ്യത വി.ടി. ഭട്ടതിരിപ്പാട് തുറന്നുകാട്ടുന്നുണ്ട്. ആര്‍ക്കുവേണ്ടിയാണ്,എന്തിനുവേണ്ടിയാണ് എന്നറിയാത്ത ആ പഠനരീതി അനുഭവിച്ചറിഞ്ഞ ആളാണ് അദ്ദേഹം. പതിനേഴു വയസ്സുവരെ വേദാഭ്യാസം നടത്തിയിട്ടും അദ്ദേഹത്തിന് എഴുത്തും വായനയും അറിയുമായിരുന്നില്ല. ഒരു ഓത്തനാകാനും കടവല്ലൂരന്യോന്യത്തിനുപോയി പ്രശസ്തനാകാനുമൊക്കെയേ ഈ വിദ്യാഭ്യാസം സഹായകമാവൂ എന്ന തിരിച്ചറിവ് ഇ.എം.എസ്സിനുമുണ്ടായിരുന്നു. സ്മൃതികൊണ്ട് കെട്ടിയ കോട്ടയ്ക്കകത്തുനിന്ന് പുറത്തുവരാന്‍ നമ്പൂതിരിമാര്‍ ആധുനികവിദ്യാഭ്യാസം സ്വാംശീകരിക്കേണ്ടതുണ്ട് എന്ന ബോധ്യമാണ് നമ്പൂതിരിയുവാക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുകയെന്നത് യോഗക്ഷേമസഭയുടെ പ്രധാന പ്രമേയമാവാന്‍തന്നെ കാരണം. നമ്പൂതിരിയുവാക്കളെ പഠിപ്പിക്കുക എന്നേ ആദ്യം ചിന്തിച്ചിരുന്നുള്ളൂ. താനും തന്‍റെ സഹോദരന്മാരും സ്കൂളില്‍ പോയിരുന്നെങ്കിലും സഹോദരിമാരെ പറഞ്ഞയക്കുന്നതിനെക്കുറിച്ച് അന്ന് ആലോചിക്കാനേ പറ്റുമായിരുന്നില്ല എന്ന് ഇ.എം.എസ് പറയുന്നുണ്ട്. അടുത്ത തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമേ സ്കൂള്‍ കാണാനായുള്ളൂ.9 നമ്പൂതിരിമാരുടെ ഗൃഹജീവിതത്തിനിണങ്ങിയ വിദ്യാഭ്യാസം ഗൃഹത്തില്‍വച്ച് പെണ്‍കുട്ടിക്ക് നല്‍കിയാല്‍ മതിയെന്ന യാഥാസ്ഥിതികചിന്തയെ മറികടക്കല്‍ പ്രയാസം തന്നെയായിരുന്നു.
എഴുത്തിനിരുത്തല്‍, അക്ഷരം പഠിക്കല്‍, രാമായണം കൂട്ടിവായിക്കല്‍ ഇതോടെ അവസാനിക്കുന്ന പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തന്നെയേ ദേവകി നിലയങ്ങോടിനും ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ മറ്റു പെണ്‍കുട്ടികളെപ്പോലെ അക്ഷരങ്ങള്‍ അവരില്‍നിന്നും പൂര്‍ണ്ണമായി അകന്നുപോയിരുന്നില്ല. വായനാഭ്രമക്കാരായ ഏട്ടന്മാര്‍ ഒളിച്ചുകടത്തിക്കൊടുത്ത പുസ്തകങ്ങളിലൂടെ വായനയുടെ ഒരു വിശാലലോകം അവര്‍ക്ക് തുറന്നുകിട്ടി. പെണ്‍കുട്ടി വായിക്കുന്നത് കുറ്റകരമായി കരുതിയിരുന്ന കാലത്ത് സഹോദരിമാര്‍ക്ക് പുസ്തകം എത്തിച്ചുകൊടുത്ത ഏട്ടന്മാര്‍ക്ക്പോലും അവരെ സ്കൂളിലയച്ച് പഠിപ്പിക്കാന്‍ പറ്റിയിരുന്നില്ല. പഠിക്കണമെന്ന ദേവകിയുടെ നിര്‍ബന്ധത്തിനുവഴങ്ങി ഒരു ട്യൂഷന്‍ ടീച്ചറെ വീട്ടില്‍ ഏര്‍പ്പാടാക്കുകയാണ് അവര്‍ ചെയ്തത്. ദേവകിയുടെ വിവാഹംവരെ അത് തുടര്‍ന്നു. നവീനവിദ്യാഭ്യാസത്തിന്‍റെ വിശാലമേഖലയിലേക്ക് സ്ത്രീകള്‍ എത്തിച്ചേരണമെങ്കില്‍ അതിനനുകൂലമായ പശ്ചാത്തലം ഉണ്ടായേ മതിയാവൂ. നമ്പൂതിരി സമുദായാംഗങ്ങളെ അവരനുഭവിക്കുന്ന വിവേചനങ്ങള്‍ ബോധ്യപ്പെടുത്തി അനാചാരങ്ങളില്‍ നിന്നു പുറത്തുവരാന്‍ സ്വയം തയ്യാറെടുപ്പിക്കലും അതോടൊപ്പം സമുദായത്തെ പൊതുവില്‍ അതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തലും ഒരുപോലെ പ്രധാനമായിരുന്നു.യോഗക്ഷേമസഭയുടെ,യുവജനസംഘത്തിന്‍റെ, അന്തര്‍ജ്ജനസമാജത്തിന്‍റെ നേതൃത്വത്തില്‍ ലഘുലേഖകളിലൂടെ, സമ്മേളനങ്ങളിലൂടെ, നാടകങ്ങളിലൂടെ പലതരത്തില്‍ ഈ ബോധവല്‍ക്കരണശ്രമങ്ങള്‍ നടന്നു. സ്ത്രീകള്‍ക്കുവേണ്ടി മാത്രമായ മുന്നേറ്റങ്ങളുടെ ആവശ്യകത അവ ഓര്‍മ്മപ്പെടുത്തി.
സ്ത്രീവിമോചനം സാമൂഹികവിമോചനത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച അന്തര്‍ജ്ജനസമാജം ഇവിടെയാണ് പ്രസക്തമാവുന്നത്. വെറും അടുക്കളക്കാരികളായ തന്നെപ്പോലുള്ള ഒട്ടേറെ അന്തര്‍ജ്ജനങ്ങളെ അരങ്ങത്തേക്ക് കൊണ്ടുവന്ന പ്രവര്‍ത്തനഘട്ടമായി അന്തര്‍ജ്ജനസമാജ പ്രവര്‍ത്തനങ്ങളെ ദേവകിനിലയങ്ങോട് വിലയിരുത്തുന്നു. അന്തര്‍ജ്ജനങ്ങള്‍ തൊഴിലെടുത്തു ജീവിക്കാനും തൊഴില്‍ നേടുകവഴി സ്വാതന്ത്ര്യം നേടാനുമായിരുന്നു സമാജം പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്. 'നമ്മുടെ വിധിതന്നെയാകണോ നമ്മുടെ മക്കള്‍ക്കും' എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അവര്‍ ഓരോ മീറ്റിംഗും തുടങ്ങിയത്. നാലുകെട്ടിലെ ഇരുണ്ടലോകത്തില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന തങ്ങളുടെ ജീവിതത്തിനുപകരം കുട്ടികളെയെങ്കിലും വിദ്യാഭ്യാസം ചെയ്യിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇല്ലങ്ങള്‍ക്കകത്ത് സ്ത്രീകള്‍ക്കിടയില്‍ നടത്തിയ മീറ്റിംഗും മലപ്പുറം മുതല്‍ കോട്ടയംവരെയുള്ള പ്രദേശങ്ങളിലെ ഇല്ലങ്ങളില്‍ കയറിയിറങ്ങിയുള്ള ഒരുമാസം നീണ്ടുനിന്ന ബോധവല്‍ക്കരണയാത്രയും നടത്തിയ അനുഭവം പങ്കുവയ്ക്കുന്ന ദേവകി നിലയങ്ങോട് യാത്രക്കിടയില്‍ സ്വന്തം ഇല്ലത്തെത്തിയപ്പോള്‍ തന്നെ കാണാന്‍ കൂട്ടാക്കാതെ മുറിയടച്ച് അകത്തിരുന്ന അമ്മയുടെ പ്രതിഷേധത്തെയും വിഷമത്തോടെ ആവിഷ്കരിക്കുന്നു. പരിഷ്കരണപ്രവര്‍ത്തനങ്ങളെ എതിര്‍ത്ത അമ്മയുടെ അവഗണന ഉണ്ടാക്കിയ വിങ്ങലിനാലാവാം യാത്രയുടെ മറ്റനുഭവങ്ങള്‍, യാത്രയുടെ പരിസമാപ്തിയില്‍ ഉദ്ദേശ്യങ്ങള്‍ ലക്ഷ്യം കണ്ടുവോ എന്ന കാര്യമുള്‍പ്പെടെ അവര്‍ പറയാതെ പോയത.് ജീവിതമെന്ന അനുഭവത്തെ എഴുത്തിലൂടെ അനുഭവിപ്പിക്കുമ്പോള്‍ ഇത്തരം വൈകാരികതലത്തിനാവും സ്ത്രീ പലപ്പോഴും പ്രാധാന്യം നല്‍കുക. പുരുഷന്മാരാകട്ടെ വൈകാരികതയേക്കാള്‍ വസ്തുനിഷ്ഠതയ്ക്കും ആധികാരികതയ്ക്കുമാണ് മുന്‍തൂക്കം നല്‍കാറ്. വി.ടി. ഭട്ടതിരിപ്പാട് യാചനായാത്രയ്ക്കുശേഷം അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങളും മെച്ചങ്ങളും എണ്ണിയെണ്ണിപ്പറയുന്ന ഭാഗത്തെ ഉദാഹരണമാക്കി രമാദേവി ഇത് സമര്‍ത്ഥിക്കുന്നുണ്ട്.10
സാമുഹികസാഹചര്യങ്ങളോട് സമരസപ്പെട്ടും ഏറ്റുമുട്ടിയും മുന്നോട്ടുപോകുമ്പോള്‍ പല പ്രതിസന്ധികളും സ്ത്രീകള്‍ക്ക് തരണം ചെയ്യേണ്ടിവരും. "പുരുഷനാണെങ്കില്‍ നിസ്സംശയം ചവിട്ടിമെതിക്കാവുന്ന ആ മുള്‍പ്പടര്‍പ്പുകളിലൂടെ ഞങ്ങള്‍ സ്ത്രീകള്‍ എത്ര കരുതലോടെ ഭയാശങ്കകളോടെ നൂഴ്ന്നു നൂഴ്ന്നു കയറിപ്പോകണം" എന്ന് ലളിതാംബിക അന്തര്‍ജ്ജനം പറയുന്നുണ്ട്.11കുടുംബത്തോടും സമൂഹത്തോടുമുള്ള വിധേയത്വവും ആത്മബോധവും തമ്മിലുള്ള ഈ സംഘര്‍ഷത്തെ മറികടന്നാണ് ദേവകിനിലയങ്ങോട് അന്തര്‍ജ്ജനസമാജം സെക്രട്ടറിയാകുന്നതും തൊഴില്‍കേന്ദ്രത്തിന്‍റെ സ്ഥാപനത്തില്‍ പങ്കാളിയാവുന്നതും.
അടുക്കളയില്‍നിന്ന് തൊഴില്‍കേന്ദ്രത്തിലേക്ക്
വിദ്യാഭ്യാസമോ തൊഴില്‍പരിചയമോ ഇല്ലാത്ത അന്തര്‍ജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്നതും ചെറിയ വരുമാനം ലഭിക്കുന്നതുമായ ചെറിയ തൊഴിലുകളില്‍ പരിശീലനം നല്‍കാനാണ് തൊഴില്‍ കേന്ദ്രങ്ങള്‍ രൂപീകരിച്ചത്. അനാചാരങ്ങള്‍ ബഹിഷ്കരിച്ച് പ്രവര്‍ത്തനരംഗത്തേക്കിറങ്ങിയതിന്‍റെ പേരില്‍ അതിജീവിക്കാനാവാത്ത എതിര്‍പ്പുകളാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഒരഭയകേന്ദ്രം കൂടിയായിരുന്നു ഇത്. നൂല്‍നൂല്‍പ്പും നെയ്ത്തും തുന്നലുമായി ആത്മാഭിമാനത്തോടെ ജീവിച്ച സ്ത്രീകളുടെ ഈ കൂട്ടായ്മയില്‍നിന്നാണ് മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷനാടകമായ തൊഴില്‍കേന്ദ്രത്തിലേക്ക് അവതരിപ്പിക്കപ്പെടുന്നത് 'സ്ത്രീകള്‍ എഴുതി, സ്ത്രീകള്‍ സംവിധാനം ചെയ്ത്, സ്ത്രീകള്‍ അഭിനയിച്ച ആദ്യനാടകം എന്നാണ്' ദേവകിനിലയങ്ങോട് ഈ നാടകത്തെ വിശേഷിപ്പിച്ചത്. അതിനുമുമ്പുതന്നെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, മറക്കുടയ്ക്കുള്ളിലെ മഹാനരകം, ഋതുമതി എന്നീ നാടകങ്ങള്‍ അസ്വതന്ത്രമായ സ്ത്രീയവസ്ഥയെ പ്രതിപാദ്യമാക്കിയിരുന്നെങ്കിലും അവതരണത്തിലോ അഭിനയത്തിലോ അതില്‍ സ്ത്രീപങ്കാളിത്തം ഉണ്ടായിരുന്നില്ല. ആ നാടകങ്ങളില്‍ ആണുങ്ങള്‍ പെണ്‍വേഷത്തില്‍ വരുന്നതുതന്നെ ഒരു വിപ്ലവമായിരുന്നു. പെണ്‍വേഷംകെട്ടിയ കഥാപാത്രത്തെ കണ്ട് നാടകകൃത്തായ വി.ടി.പോലും ഞെട്ടിത്തെറിച്ച് നാലടി പിന്നോട്ട് മാറി എന്നുപറയുമ്പോഴാണ് സ്ത്രീ അഭിനയിക്കുന്ന, സ്ത്രീ അവതരിപ്പിക്കുന്ന നാടകത്തിന്‍റെ പ്രസക്തി മനസ്സിലാകുക. തൊഴില്‍കേന്ദ്രത്തിലെ അന്തേവാസിയായ കാവുങ്കര ഭാര്‍ഗവിയുടെ ജീവിതാനുഭവത്തിലൂന്നിയ ഈ നാടകം ഭാര്‍ഗവിയുടെ അനുഭവം അവതരിപ്പിക്കുക എന്നതിനപ്പുറം സമുദായത്തിനുള്ളില്‍ മാത്രമല്ല സമൂഹത്തിലാകെ സ്ത്രീയോടുള്ള സമീപനത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യപരവും യാഥാസ്ഥിതികവുമായ മനോഭാവത്തെ തുറന്നെതിര്‍ക്കുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നവീനമായ ആശയങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുചെല്ലാനാവൂ എന്ന് നാടകം ഉദ്ബോധിപ്പിച്ചു.
തൊഴില്‍കേന്ദ്രം വ്യഭിചാരശാലയാണെന്നും കൂടുതല്‍ താത്രിമാരെ സൃഷ്ടിക്കാനുള്ള ഇടമാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളെ മറികടന്നുകൊണ്ടാണ് അന്തര്‍ജനസമാജം നാടകവും ഇതരപ്രവര്‍ത്തനങ്ങളും നടത്തിയത്. എക്കാലത്തും അത്തരം വിമര്‍ശനങ്ങളെ ധീരമായി നേരിടാന്‍ സ്ത്രീകളെ പ്രാപ്തരാക്കുംവിധമായിരുന്നു നാടകത്തിന്‍റെ രചനയും. ഫെമിനിസ്റ്റ് പ്രസ്ഥാനം സജീവമാകുന്ന 1980കളിലോ അതിനുശേഷമോ അല്ല കുടുംബം എന്ന പുരുഷാധിപത്യസ്ഥാപനം ചോദ്യം ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കിയ തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകത്തെ ഫെമിനിസത്തിന് കേരളത്തിന്‍റേതായ തനതു പശ്ചാത്തലമുണ്ടെന്ന് അടിവരയിടുന്ന നാടകമായി പി.എസ്. ശ്രീകല വിലയിരുത്തുന്നു.12 ഇങ്ങനെ സ്വതന്ത്രവും ശക്തവുമായ പ്രവര്‍ത്തനം കുറച്ചുകാലത്തേക്കെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്താന്‍ തൊഴില്‍കേന്ദ്രത്തിനു കഴിഞ്ഞു. നമ്പൂതിരിമാര്‍ക്കിടയിലെ പരിഷ്കരണ സംരംഭങ്ങളുടെ അവസാനഘട്ടമായിരുന്നു തൊഴില്‍കേന്ദ്രത്തിന്‍റെ രൂപീകരണവും സമാപനവുമെല്ലാം.
സാമുദായിക പരിഷ്കര്‍ത്താക്കള്‍ ആഗ്രഹിച്ച പരിഷ്കരണം പൂര്‍ത്തിയായതോടെ സാമുദായിക സംഘങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാവുകയും മറ്റു സമുദായക്കാരുടെ അതേ ഹൃദയവ്യഥകളില്‍ നമ്പൂതിരിമാര്‍ എത്തിച്ചേരുകയും ചെയ്തതായി ദേവകി നിലയങ്ങോട് കരുതുന്നു. "കൂട്ടുകുടുംബങ്ങള്‍ ഭാഗംപിരിഞ്ഞു ചെറുകുടുംബങ്ങളായി. അച്ഛനുമമ്മയും കുട്ടികളെ സ്കൂളില്‍ പറഞ്ഞയച്ചു. അവര്‍ പഠിച്ചു. ജോലിയും സ്വന്തവരുമാനവും നേടാനുള്ള ആഗ്രഹം അവരെ മുന്നോട്ടു നയിച്ചു." അതിനാല്‍ ഇനി മേലില്‍ അന്തര്‍ജനങ്ങള്‍ക്കു മാത്രമായി ഒരാത്മകഥയില്ല13 എന്നു പറഞ്ഞുകൊണ്ടാണ് ദേവകി നിലയങ്ങോട് തന്‍റെ ആത്മാഖ്യാനം അവസാനിപ്പിക്കുന്നത്. പരിഷ്കരണങ്ങളിലൂടെ ജാതിസ്വത്വത്തിനു പുറത്തുകടന്നതോടെ നമ്പൂതിരിസ്ത്രീയുടെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന ചിന്താഗതിയാണ് ദേവകി നിലയങ്ങോടിനുണ്ടായിരുന്നത്. ആധുനികഗൃഹനായിക എന്ന പദവയിലേക്കുള്ള സ്ത്രീയുടെ മടക്കത്തെ അവര്‍ ശ്രദ്ധിച്ചിരുന്നില്ല. നമ്പൂതിരിയില്ലങ്ങളിലെ മറക്കുടയും മറ്റും ഇല്ലാതായിക്കഴിഞ്ഞ് കാലമേറെയായെങ്കിലും ഇത്തരം മഹാനരകങ്ങളില്‍ നാട്ടുകാരോ വീട്ടുകാരോ അറിയാതെ മര്‍ദ്ദനം സഹിച്ചുകഴിയുന്ന എത്രയോ സ്ത്രീകളുണ്ട് കേരളത്തില്‍. കുടുംബമാന്യതയെന്ന പുതിയ മറക്കുടയാണ് അവര്‍ ചൂടുന്നതെന്ന് ജെ ദേവിക അഭിപ്രായപ്പെടുന്നു.14
അകത്തളങ്ങളില്‍ മാറ്റംവരുത്താതെ സമുദായത്തെ നവീകരിക്കാനാവില്ല എന്ന ചിന്താഗതി ദേവകി നിലയങ്ങോടിനുമുണ്ട്. പരമ്പരാഗതസമുദായവഴക്കങ്ങളെ സ്ത്രീകള്‍ ചെറുത്തത്അകത്തളങ്ങളില്‍ നിന്നുകൂടിയാണല്ലോ. അത് വസ്ത്രം മുതല്‍ എല്ലാ കാര്യത്തിലും. കാപ്പികുടിപോലും ഒളിച്ചുനടത്തേണ്ട രഹസ്യപ്രവര്‍ത്തനമായി മാറുന്ന,ഭര്‍ത്താവിന്‍റെ ഉച്ഛിഷ്ടത്തില്‍നിന്നുതന്നെ ഭാര്യ കഴിക്കേണ്ടിവരുന്ന, വായന കുറ്റകരമാവുന്ന കാലത്തെ ആവിഷ്കരിക്കുകവഴി അടിമത്തത്തെ സാംസ്കാരികമായി അംഗീകരിക്കുന്ന സാമുഹ്യമനഃശാസ്ത്രത്തെ മാത്രമല്ല അതില്‍നിന്നു പുറത്തുവരേണ്ട ആവശ്യകതയെയും 'നഷ്ടബോധങ്ങളില്ലാതെ' ആവിഷ്കരിക്കുന്നുണ്ട്. പെണ്ണ് അനുഭവിച്ച പരിമിതികളിലൂടെ, പ്രയാസങ്ങളിലൂടെ, പ്രതിരോധങ്ങളിലൂടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയാണ് ദേവകി നിലയങ്ങോട്. ഇവിടെ അകകംലോകത്തിന്‍റെ സ്ത്രൈണാഖ്യാനം നമ്പൂതിരിസമുദായത്തിന്‍റെയും ഒപ്പം സ്ത്രീസമൂഹത്തിന്‍റെയും പരിവര്‍ത്തനത്തിന്‍റെ ചരിത്രാഖ്യാനമായി മാറുന്നു.
കുറിപ്പുകള്‍
2 മിനി എസ്സ്, ഭക്ഷണം, വസ്ത്രം, ആചാരം നവോത്ഥാന ആത്മകഥകളിലെ കേരളചരിത്രം, കൊല്ലം: പാഠം ബുക്സ്, 2019, പുറം 17.
3 എസ്. ശാരദക്കുട്ടി എത്രയെത്ര പ്രേരണകള്‍, കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2020, പുറം 224-225.
4 ഇ.എം.എസ്. നമ്പൂതിരിപ്പാട്, അവതാരിക, ജീവിതപ്പാത, ചെറുകാട്, തൃശൂര്‍ : കറന്‍റ് ബുക്സ്, 2005.
5 ലളിതാംബിക അന്തര്‍ജനം, ആത്മകഥയ്ക്ക് ഒരാമുഖം, കോട്ടയം: ഡി.സി. ബുക്സ്, 2012, പുറം20.
6 വി.ടി. ഭട്ടതിരിപ്പാട്, വി.ടിയുടെ സമ്പൂര്‍ണ്ണകൃതികള്‍, കോട്ടയം: ഡി.സി. ബുക്സ്, 2008, പുറം 626-627.
7 ഉമാചക്രവര്‍ത്തി, ജാതിയെ ലിംഗവത്കരിക്കുമ്പോള്‍, കോഴിക്കോട്, മാതൃഭൂമി ബുക്സ്, 2008, പുറങ്ങള്‍ 31-47)
8 ജി. ഉഷാകുമാരി, ഉടല്‍ ഒരു നെയ്ത്ത്, കോട്ടയം: നാഷണല്‍ ബുക്സ്റ്റാള്‍, 2013, പുറം 17.
9 ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആത്മകഥ, തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ്, 2007, പുറം:36.
10 രമാദേവി പി, സ്ത്രീ ആത്മകഥ ജീവിതം എഴുത്ത് ചരിത്രം, തിരുനന്തപുരം:കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, 2019, പുറം 16-17.
11 ലളിതാംബിക അന്തര്‍ജനം, ആത്മകഥയ്ക്ക് ഒരാമുഖം, കോട്ടയം: ഡി.സി. ബുക്സ്, 2012, പുറം 100.
12 പി.എസ്. ശ്രീകല, ഫെമിനിസത്തിന്‍റെ കേരളചരിത്രം, കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2020, പുറങ്ങള്‍ 98-108.
13 ദേവകി നിലയങ്ങോട്, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്‍റെ ആത്മകഥ, തൃശ്ശൂര്‍: കറന്‍റ് ബുക്സ്, 2003, പുറം 63.
14 ജെ. ദേവിക, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, തൃശ്ശൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, 2015, പുറം33.
സഹായകഗ്രന്ഥങ്ങള്‍
ഉമാചക്രവര്‍ത്തി, ജാതിയെ ലിംഗവത്കരിക്കുമ്പോള്‍, കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2008.
ഉഷാകുമാരി ജി, ഉടല്‍ ഒരു നെയ്ത്ത്, കോട്ടയം: നാഷണല്‍ ബുക്സ്റ്റാള്‍, 2013.
ചെറുകാട്, ജീവിതപ്പാത, തൃശ്ശൂര്‍: കറന്‍റ് ബുക്സ്, 2005.
ദേവകി നിലയങ്ങോട്, നഷ്ടബോധങ്ങളില്ലാതെ, തൃശ്ശൂര്‍: കറന്‍റ് ബുക്സ്, 2003.
ദേവിക ജെ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, തൃശ്ശുര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2018.
മലയാളപഠനസംഘം, സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം ,ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം 2011.
മിനി എസ്, ഭക്ഷണം വസ്ത്രം ആചാരം നവോത്ഥാന ആത്മകഥകളിലെ കേരളചരിത്രം, കൊല്ലം: പാഠം ബുക്സ്, 2019.
രമാദേവി പി, സ്ത്രീ ആത്മകഥ ജീവിതം എഴുത്ത് ചരിത്രം, തിരുവനന്തപുരം; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2019.
ലളിതാംബിക അന്തര്‍ജനം, ആത്മകഥയ്ക്ക് ഒരാമുഖം, കോട്ടയം: ഡി.സി. ബുക്സ്, 2012.
വി.ടി. ഭട്ടതിരിപ്പാട്, വി.ടിയുടെ സമ്പൂര്‍ണ്ണകൃതികള്‍, കോട്ടയം: ഡി.സി. ബുക്സ്, 2008.
ശാരദക്കുട്ടി, എത്രയെത്ര പ്രേരണകള്‍, കോഴിക്കോട്: മാതൃഭൂമി ബുക്സ് 2020.
ശ്രീകല പി.എസ്, ഫെമിനിസത്തിന്‍റെ കേരളചരിത്രം, കോഴിക്കോട്: മാതൃഭൂമി ബുക്സ് 2020.