Semitic Linguistic Influence in Malayalam

Dr. Ciby Kurian

The contact maintained by Malayalam with other languages   has made a decisive influence on the growth and development of this language. The influence exerted by Sanskrit and English on Malayalam   has been the subject of many studies. There has been little research on Arabic and Syriac, the Semitic languages   that have influenced Malayalam. The present study is relevant on this ground. The social situation in which the Semitic linguistic influence may have occurred in Malayalam, and the transliterations formed by their influence, such as Arabic Malayalam and Karsoni, are analysed here.  The purpose of this research is to trace the influence of Arabic and Syriac on the script, word and sentence structure- at the syntactic levels- of Malayalam and the evolution of Malayalam under the Semitic influence. The scope of this study also includes the significant achievements of Malayalam language and literature through its Semitic linguistic influence.

Key words: Semitic languages, Arabic Malayalam, Karsoni, Transliteration, Script

Reference:

Baba K. Palukunnu, 2020, Moinkutti Vaidyarude Krithikal Bhashayum Vyavaharavum, Thiruvananthapuram, Kerala Basha Institute.
Joseph, P.M., 1995, Malayalathile Parakeeya Padangal, Thiruvananthapuram, Kerala Basha Institute.
Gangadharan Nair, Palungal, 2018, Lipi Parinamacharitram, Thiruvananthapuram, Kerala Basha Institute.
Mangalam, S. J., 1997, Pracheena Bharatheeya lipisatravum Malayala lipiyude vikasavum, Thiruvananthapuram, Kerala Basha Institute.
Markose, V. P., 2020, Karsoni enna Suriyanimalayalam, Thirur, Thunjetheshuthachan Malayala Sarvakalasala.
Muhammad kunji, P. K., 1988, Arabi Sahityach., Trichur, Kerala Sahitya Academy.
Muhammad, K. M., 2012, Arabisahityathinu Keralathinte Sambhavana, Thirurahgadi, Ashraphi Book Centre & Thirurahgadi Printers.
Karassery, M.N., 2018, Arabimalayalam: Charitravum Bhavavum, Ishal Paithrakom, Vol.17 
Sreedaramenon, A., 1990, Kerala Charitram, Kottayam, Sahitya Pravarthaka Sahakaranasangham.
Sreedaramenon, A., 1992, Kerala Samskaram, Kottayam, Sahitya Pravarthaka Sahakaranasangham.
Villiam Logan, 2004, Logante Malabar Manuel, Krishnan, T. V. (Translation), Kozhikode, Mathrubhumi Books.
Xavier Koodapuzha, 2012, Bharatha Sabhacharitram, Vadavathur, Mar Thomasleeva Dayara Publications & Oriental Institute of Religious Studies.
Dr. Ciby Kurian
Assistant Professor
Department of Malayalam
Deva Matha College Kuravilangad
Kottayam. 
Pin 686633
India
Mob: +91 8547547810
Email: cibykv@gmail.com

സെമിറ്റിക് ഭാഷാസ്വാധീനം മലയാളത്തില്‍

ഡോ. സിബി കുര്യന്‍

അന്യഭാഷകളുമായുള്ള സമ്പര്‍ക്കവും തദനുസൃതമായ പരിവര്‍ത്തനങ്ങളും ഏതൊരു ജീവത്ഭാഷയുടെയും സഹജപ്രകൃതി യാണ്. മലയാളഭാഷയും ഈ പൊതുപ്രവണത യില്‍നിന്ന് വിമുക്തമല്ല. ദ്രാവിഡഭാഷാകുടുംബത്തിലെ വികസിതഭാഷകളിലൊ ന്നായ മലയാളത്തിന്‍റെ രൂപീകരണവും വളര്‍ച്ചയും പരഭാഷാബന്ധ ത്തിന്‍റെ പരിണതഫലംകൂടിയാണ്. മലയാളഭാഷോത്പത്തിയുടെ ബാഹ്യകാരണങ്ങളില്‍ പ്രധാനപ്പെട്ട തായി ഏ. ആര്‍. രാജരാജവര്‍മ്മ ചൂണ്ടിക്കാണിക്കുന്നത് ആര്യാഗമനവും ആര്യഭാഷയുമായുള്ള സം സ്സര്‍ഗവുമാണ്. സംസ്കൃതഹിമഗി രിഗളിതയാണ് കേരളഭാഷാഗംഗ യെന്ന് നിരീക്ഷിക്കാന്‍ കഴിയുംവിധം രൂഢമായിരുന്നു മലയാളത്തിന് സംസ്കൃതത്തോടുള്ള ചാര്‍ച്ച. ഇന്ന് മലയാളം ഇംഗ്ലീഷ് ഭാഷയോടു പുലര്‍ത്തുന്ന ബന്ധവും സുവിദിതമാണല്ലോ. ലിപി, സ്വനം, രൂപിമം, വാക്യഘടന എന്നിങ്ങനെ ഒരു ഭാഷയെ രൂപപ്പെടുത്തുന്ന അടിസ്ഥാനഘടകങ്ങളില്‍തന്നെ ഇതരഭാഷകളോടു ബന്ധംപുലര്‍ ത്തിക്കൊണ്ടാണ് മലയാളഭാഷ വളര്‍ന്നുവികസിച്ചത്. 

ഭൂമിശാസ്ത്രപരമായ സവിശേഷതകളാലും അത്യപൂര്‍വമായ പ്രകൃതിവിഭവങ്ങളാലും അനുഗൃഹീതമായ കേരളദേശം വളരെപണ്ടുമുതലേ വിദേശീയരുടെ ആകര്‍ഷണകേന്ദ്രമായിരുന്നു. കരമാര്‍ഗവും കടല്‍മാര്‍ഗവും അനേകം ജനവിഭാഗങ്ങള്‍ പലവിധ കാരണങ്ങളാല്‍ കേരളത്തിലേക്ക് കുടിയേറി. കച്ചവടാര്‍ത്ഥവുംമറ്റും വന്നെത്തിയ ചിലരിവിടെ സ്ഥിരവാസമുറപ്പിക്കുകയും മറ്റുചിലര്‍ വന്നുംപോയുമിരിക്കുകയുംചെയ്തു. പ്രാചീനകാലംമുതല്‍ വിദേശീയരുമായി തുടര്‍ന്നുപോന്ന സംസ്സര്‍ഗംമൂലം ഇതരഭാഷക ളുമായി ബന്ധപ്പെടാനുള്ള സാഹചര്യം കേരളീയജനതയ്ക്കു കൈവന്നു. ഈ പരഭാഷാബന്ധം മലയാളഭാഷയുടെ രൂപീകരണ ത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായസ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്കൃതഭാഷാസാമീപ്യം മലയാളരൂപീകരണത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് പല സൈദ്ധാന്തിക ധാരണകളും ഭാഷാപഠന ത്തിന്‍റെ ഭാഗമായി ആവിര്‍ഭവിച്ചു. മലയാളത്തിന്‍റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റനേകം വിദേശഭാഷകളില്‍ ഇംഗ്ലീഷ് ഭാഷാസ്വാധീനതയും ഗൗരവപഠനത്തിന് വിഷയീഭവിച്ചിട്ടുണ്ട്. എന്നാല്‍ വളരെ പണ്ടുകാലംമുതലേ കേരളഭാഷയുടെ ബാഹ്യാഭ്യ ന്തരതലങ്ങളെ സ്വാധീനിച്ച സെമിറ്റിക് ഭാഷാസ്പര്‍ശം ഇനിയും മതിയായ നിലയില്‍ പഠനവിധേയമാക്കിയിട്ടില്ല. മലയാളഭാഷാ പഗ്രഥനത്തിന്‍റെ സമഗ്രതയ്ക്ക് സെമിറ്റിക് ഭാഷകളായ അറബിയും സുറിയാനിയും മലയാളഭാഷയില്‍ ഉളവാക്കിയിട്ടുള്ള സ്വാധീനംകൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. 

സെമിറ്റിക് ഭാഷകള്‍

ആഫ്രോഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ പ്രബലശാഖ യാണ് സെമിറ്റിക് ഭാഷകള്‍. തനിമയും പാരമ്പര്യവും പരിഗണിച്ച് സെമിറ്റിക് ഭാഷകളെ പണ്ഡിതലോകം ഒരു സവിശേഷ ഭാഷാ ഗോത്രമായിത്തന്നെ കണക്കാക്കുന്നു. പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, സൊമാലി പെനിന്‍സുല, മാള്‍ട്ട തുടങ്ങിയ പ്രദേശങ്ങളി ലെ 330 കോടിയിലധികംപേര്‍ സംസാരിക്കുന്ന പ്രബലഭാഷകള്‍ ഉള്‍പ്പെട്ട ഭാഷാശാഖയാണ് സെമിറ്റിക്. ഓറിയന്‍റല്‍ ഭാഷകള്‍ എന്നറിയപ്പെട്ടിരുന്ന ഈ ഭാഷാകുടുംബത്തിന് 1781-ല്‍ സെമിറ്റിക് എന്ന സംജ്ഞ നല്‍കിയത് ഗോട്ടിന്‍ജന്‍ സ്കൂള്‍ ഓഫ് ഹിസ്റ്ററി (ഏീശേേിഴലി ടരവീീഹ ീള ഒശീൃ്യെേ)യിലെ അംഗമായിരുന്ന ആഗസ്റ്റ് ലഡ്വിഗ് വോണ്‍ സ്ക്ലോസെര്‍ (അൗഴൗെേ ഘൗറംശഴ ്ീി ടരവഹീ്വലൃ) ആണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ പ്രതിപാദിക്കുന്ന നോഹയുടെ മൂന്നുമക്കളില്‍ ഒരാളായ സേം(ടവലാ)മിന്‍റെ പേരില്‍നിന്നാണ് ഭാഷാനാമം നിഷ്പാദിപ്പിച്ചത്. സേമിന്‍റെ സന്തതിപരമ്പരകളുടെ ഭാഷ എന്ന നിലയില്‍ സെമിറ്റിക് ഭാഷകള്‍ക്ക് ജൂത, ക്രിസ്ത്യന്‍, ഇസ്ലാം എന്നീ സെമിറ്റിക് മതങ്ങളോട് അഭേദ്യമായ ബന്ധമാണുള്ളത്. ഹീബ്രു, അറമായ, അറബി, അക്കാദിയന്‍, ഈജിപ്ത്യന്‍, കോപ്റ്റിക് ഫിനീഷ്യന്‍, കാനാനീത്ത തുടങ്ങിയവ യൊക്കെയാണ് പ്രധാന സെമിറ്റിക് ഭാഷകള്‍. അനേകായിരം വര്‍ഷത്തെ പ്രാചീനത അവകാശപ്പെടാന്‍ കഴിയുന്ന സെമിറ്റിക് ഭാഷകള്‍ പുരാതന സാമ്രാജ്യങ്ങളുടെ ഭരണനിര്‍വ്വഹണഭാഷയും ജനതകളുടെ പൊതുജീവിതഭാഷയുമായിരുന്നു. ഒപ്പം, ഈ ഭാഷകള്‍ ദൈവാരാധനയുടെയും മതപഠനത്തിന്‍റെയും ഭാഷകൂടിയായിരുന്നു. ആ നിലയില്‍ക്കൂടിയാണ് സെമിറ്റിക് ഭാഷകള്‍ വികസിതമായത്. 

സെമിറ്റിക് ഭാഷാകുടുംബത്തിലെ രണ്ട് സുപ്രധാനഭാഷ കളാണ് അറമായ, അറബി എന്നിവ. മധ്യപൂര്‍വേഷ്യയില്‍ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ പ്രയോഗത്തിലിരുന്ന ഭാഷയാണ് അറമായ. യേശുക്രിസ്തുവിന്‍റെ ഭാഷ എന്ന നിലയില്‍ അറമായ ഭാഷയ്ക്ക് മതപരമായ പരിവേഷം കൈവന്നു. പുരാതന സിറിയ പ്രദേശത്ത് പ്രചരിച്ചിരുന്ന അറമായ ഭാഷ ക്ലാസിക്കല്‍ സുറിയാനി എന്നുകൂടി അറിയപ്പെടുന്നു. മധ്യപൂര്‍വദേശത്തെ ക്രിസ്തീയ സമൂഹങ്ങളില്‍ സുറിയാനിഭാഷ സാര്‍വ്വത്രികമായി ഉപയോഗിച്ചിരുന്നു. എന്നാലിന്ന് സുറിയാനി മാതൃഭാഷയായിട്ടുള്ളവരുടെ എണ്ണം വളരെ പരിമിതമാണ്.

സെമിറ്റിക് ഭാഷകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നതും സജീവമായി നിലനില്‍ക്കുന്നതുമായ ഭാഷ അറബിയാണ്. അറേബ്യന്‍ പെനിന്‍സുലയില്‍ വസിക്കുന്ന ജനതയെ കുറിക്കുന്ന അറബി എന്ന പദംതന്നെ ഭാഷനാമമായിത്തീര്‍ന്നു. ഇസ്ലാംമതഗ്രന്ഥമായ ഖുറാന്‍ രചിക്കപ്പെട്ട ഭാഷ എന്ന നിലയില്‍ ഇസ്ലാംമതത്തിന്‍റെ വ്യാപനത്തോടൊപ്പം അറബിഭാഷയും ലോകമെമ്പാടും വ്യാപിച്ചു. അറബിനാടുകളുള്‍പ്പെടെ 26 ലോകരാഷ്ട്രങ്ങളുടെ ഔദ്യോഗികഭാഷയായ അറബിഭാഷയ്ക്ക് ഐക്യരാഷ്ട്രസഭയിലെ ആറ് ഔദ്യോഗികഭാഷകളില്‍ ഒന്നെന്ന സ്ഥാനവുമുണ്ട്. മധ്യകാലഘട്ടങ്ങളില്‍ മെഡിറ്റേനിയന്‍ മേഖലയില്‍ വികസിതമായ ശാസ്ത്രം, ഗണിതം, തത്ത്വചിന്ത തുടങ്ങിയവ പാശ്ചാത്യലോകത്തിനു പകര്‍ന്നുനല്‍കുന്ന മാധ്യമമായി വര്‍ത്തിച്ചത് അറബിഭാഷയായിരുന്നു. 

സെമിറ്റിക് ഭാഷാസാമീപ്യം കേരളത്തില്‍

പ്രചീനകാലംമുതല്‍ കേരളം വിദേശരാജ്യങ്ങളുമായി അടുത്തബന്ധം പുലര്‍ത്തിപ്പോന്നു. "ഓര്‍മ്മയെത്താത്ത കാലം മുതലേ കേരളത്തിന് വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു. അറബികള്‍, അസ്സീറിയക്കാര്‍, ബാബിലോണിയക്കാര്‍, ഫിനീഷ്യ ന്മാര്‍, ഇസ്രായേല്‍ക്കാര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, ചീനക്കാര്‍ തുടങ്ങിയവരാണ് പ്രാചീനകാലത്ത് കേരളവുമായി ബന്ധം പുലര്‍ത്തിയിരുന്ന വിദേശീയര്‍ പുരാതനമായ ഈ വിദേശബന്ധം പ്രധാനമായും വാണിജ്യപരമായിരുന്നെങ്കിലും, അത് ചരിത്രത്തിന്‍റെ ആദ്യദശയില്‍ത്തന്നെ ക്രിസ്തുമതവും യഹൂദമതവും ഇസ്ലാം മതവും ഇവിടെ പ്രചരിക്കാന്‍ ഇടയാക്കുകയും നാനാഘടക ങ്ങളാര്‍ന്ന സര്‍വ്വസ്പര്‍ശിയായ ഒരു സംസ്കാരം സ്വന്തമായി രൂപപ്പെടുത്തിയെടുക്കാന്‍ കേരളത്തെ സഹായിക്കുകയും ചെയ്തു."(ശ്രീധരമേനോന്‍, 1990:56) ചരിത്രകാരനായ എ. ശ്രീധരമേനോന്‍റെ നിരീക്ഷണമാണിത്. വിദേശബന്ധങ്ങളുടെ പ്രാചീനതയും പരപ്പും വ്യക്തമാക്കുന്നതോടൊപ്പം അതു കേരളീയ സമൂഹത്തിനു പകര്‍ന്നുനല്കിയ സാംസ്കാരികത്തികവിനെക്കൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു ദേശത്തിന്‍റെ സംസ്കാരനിര്‍മ്മി തിയുടെ അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത് അവിടെ രൂപപ്പെട്ടുവരുന്ന ഭാഷകൂടിയാണ്. വിദേശബന്ധത്തിന്‍റെ ഫലമായി യഹൂദ, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ ഇവിടെ പ്രചരിച്ചതിനെ ക്കുറിച്ചും ചരിത്രകാരന്‍ സൂചിപ്പിക്കുന്നുണ്ട്. സെമിറ്റിക് പൈതൃകം പേറുന്ന ഈ മൂന്നുമതങ്ങളുടെയും പ്രചാരണചരിത്രമെന്നത് സെമറ്റിക് ഭാഷകളുടെ കേരളീയ സമ്പര്‍ക്കചരിത്രം കൂടിയാണ്. ഇതില്‍ യഹൂദമതത്തിനും അവരുടെ ഭാഷയായ ഹീബ്രുവിനും  കേരളത്തില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, ക്രിസ്തുമതവും ഇസ്ലാംമതവും കേരളദേശത്തിന്‍റെ സംസ്കാര ത്തിനും പാരമ്പര്യത്തിനും അനുസൃതമായ വിധത്തില്‍ വളര്‍ന്നുവിക സിച്ചു. സ്വഭാവികമായും അവരുടെ മതജീവിതത്തിന്‍റെ ഭാഷയെന്ന നിലയില്‍ സുറിയാനിയും അറബിയും ഇവിടെ വേരോട്ടമുണ്ടാക്കു കയും ചെയ്തു. മതജീവിതത്തിലെന്നപോലെ ഭാഷയിലും അധിനി വേശമല്ല, അനുപൂരണമാണ് സംഭവിച്ചിട്ടുള്ളത്. അതിന് അനുയോ ജ്യമായ സാമൂഹികസാഹചര്യമാണ് കേരളത്തിലുണ്ടായിരുന്നത്.

കച്ചവടത്തിനായി കേരളത്തിലെത്തിയ അറബികളോടും യഹൂദരോടും തദ്ദേശീയരായ രാജാക്കന്മാരും ജനങ്ങളും സൗഹാര്‍ദ്ദ പരമായ നിലപാടാണ് പുലര്‍ത്തിയിരുന്നത്. വ്യാപാരംവഴി ഈ കൊച്ചുദേശവുമായി നിലനിന്ന സുദൃഢബന്ധത്തിന്‍റെ ഫലമായി ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ അതിന്‍റെ ആരംഭദശയില്‍തന്നെ കേരളത്തില്‍ പ്രചരിച്ചുവെന്ന് കരുതപ്പെടുന്നു. മതപ്രചരണാര്‍ത്ഥം ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തില്‍ വന്നുവെന്നും ഇവിടെയുണ്ടായിരുന്ന യഹൂദരെയും തദ്ദേശീയരെയും ക്രിസ്തു മാര്‍ഗം പഠിപ്പിച്ചുവെന്നും ക്രൈസ്തവര്‍ വിശ്വസിച്ചുപോരുന്നു. അറബി ജനത ഇസ്ലാം വിശ്വാസം സ്വീകരിച്ച കാലത്തുതന്നെ വ്യാപാരികളിലൂടെ ഇസ്ലാം മതം കേരളത്തിലെത്തി. ഇസ്ലാംമത തത്ത്വങ്ങളില്‍ ആകൃഷ്ടനായ അവസാനത്തെ ചേരമാന്‍ പെരുമാള്‍ രാജ്യഭരണം അനന്തരവന്മാര്‍ക്കും സാമന്തന്മാര്‍ക്കുമായി വീതിച്ചുനല്‍കിയതിനുശേഷം ഇസ്ലാംമതം സ്വീകരിക്കാനായി മെക്കയിലേക്ക് പോയെന്നുള്ള പ്രബലവിശ്വാസം മുസ്ലീം ജനവിഭാഗത്തിനിടയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ അസന്ദിഗ്ദ്ധമായി സൂചിപ്പിക്കുന്നത് മേല്‍പറഞ്ഞ സെമിറ്റിക് മതങ്ങള്‍ അതിന്‍റെ പ്രാരംഭദശയില്‍തന്നെ കേരളത്തില്‍ വേരുറപ്പിക്കുകയും വളര്‍ന്നുവികസിക്കുകയുംചെയ്തു എന്ന യാഥാര്‍ത്ഥ്യമാണ്.

ക്രൈസ്തവ-ഇസ്ലാംസമൂഹങ്ങളുടെ കേരളത്തിലെ വളര്‍ച്ച ക്രമികവും സ്വഭാവികവുമായിരുന്നു. മതപരിവര്‍ത്തനത്തെ കേരളീയ രാജാക്കന്മാര്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം പോലുമുണ്ടാ യിരുന്നു. ഹിന്ദുക്കളായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷന്മാര്‍ മുഹമ്മദീയമതം സ്വീകരിക്കണമെന്ന് സാമൂതിരിമാര്‍ അനുശാസിച്ചിരുന്നതായി ലോഗന്‍ മലബാര്‍ മാന്വലില്‍ സൂചിപ്പിച്ചിട്ടുണ്ട്(ലോഗന്‍, 2004:210). വിദേശികള്‍ കേരളീയ വനിതകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു. മുസ്ലീം അറബികള്‍ കേരളീയ വനിതകളുമായി വിവാഹബന്ധം പുലര്‍ത്തിയ തോടെ മാപ്പിളമാര്‍ എന്നറിയപ്പെടുന്ന ജനസമൂഹം പ്രബലമായി. മാപ്പിള എന്ന ദ്രാവിഡപദത്തിന്‍റെ അര്‍ത്ഥം 'മകളുടെ ഭര്‍ത്താവ്' എന്നാണ്. മാപ്പിള എന്ന പദമിന്ന് മുസ്ലീം വിഭാഗത്തെയാണ് സവിശേഷമായി സൂചിപ്പിക്കുന്നതെങ്കിലും ക്രിസ്താനികളെ നസ്രാണിമാപ്പിളയെന്നും യഹൂദരെ യഹൂദമാപ്പിളയെന്നും പണ്ട് വ്യവഹരിച്ചിരുന്നു. ആ സമൂഹങ്ങളിലും ഇത്തരം സങ്കരവിവാഹ ങ്ങള്‍ നടന്നിരുന്നു എന്ന ചരിത്രയാഥാര്‍ത്ഥ്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിദേശബന്ധങ്ങള്‍ ഈ മതങ്ങളുടെ ചരിത്രത്തില്‍ ദൃശ്യമാണെങ്കിലും ക്രൈസ്തവ-ഇസ്ലാം മതാനുയായികളായി മാറിയത് ബഹുഭൂരിപക്ഷവും തദ്ദേശീയജന തയാണ്. ഹിന്ദുസമൂഹത്തില്‍ നിലനിന്ന ജാതി വിവേചനം ഇതിനു പ്രധാനകാരണമായിരുന്നു. 

സ്ഥിരോത്സാഹികളും കഠിനാദ്ധ്വാനികളുമായിരുന്ന ഇസ്ലാം-ക്രൈസ്തവസമൂഹങ്ങള്‍ ക്രമേണ കേരളസമൂഹത്തിലെ നിര്‍ണ്ണായകശക്തിയായിത്തീര്‍ന്നു. അറയ്ക്കല്‍, വില്ലാര്‍വട്ടം രാജവംശങ്ങള്‍ ഈ സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിയുടെ നിദര്‍ശനങ്ങളാണ്. സാമൂഹികപുരോഗതിക്ക് സമാന്തരമായി മതജീവിതത്തെയും കാത്തുപരിപാലിച്ചുപോന്ന ഈ വിഭാഗങ്ങള്‍ അവരവരുടെ ആരാധനാഭാഷയെന്ന നിലയില്‍ അറബി, സുറിയാനിഭാഷകളെ സംരക്ഷിച്ചുപോന്നു. വിദേശീയര്‍ക്കുപരിയാ യി ഈ സെമിറ്റിക് ഭാഷാഭിജ്ഞരായ നിരവധി സ്വദേശിപണ്ഡിത ന്മാര്‍ ഇരുവിഭാഗങ്ങളിലും വളര്‍ന്നുവന്നു. മാതൃഭാഷയായ മലയാളം പോലെതന്നെ അറബിയും സുറിയാനിയും കൈകാര്യംചെയ്യാന്‍ പ്രാപ്തി കൈവരിച്ച ഒരു ജനതയുടെ സ്വാഭാവിക നിര്‍മ്മിതികളാ യിരുന്നു അറബിമലയാളവും കര്‍സോനിയും.

അറബിമലയാളവും കര്‍സോനിയും

സെമിറ്റിക് ഭാഷകളായ അറബിയും സുറിയാനിയും മലയാളഭാഷയുമായി സമ്പര്‍ക്കംപുലര്‍ത്തിയതിന്‍റെ ഫലമായി രൂപപ്പെട്ട രണ്ടു രചനാരീതികളാണ് അറബിമലയാളവും കര്‍സോനിയും. അടിസ്ഥാനപരമായി ഇവ ലിപ്യന്തരണങ്ങ (ഠൃമിഹെശലേൃമശേീിെ)ളാണ്. ഭാഷാസമ്പര്‍ക്കത്തിന്‍റെ ഫലമായി സംഭവിക്കുന്ന ഭാഷാപ്രക്രിയയാണിത്. സമ്പര്‍ക്കഭാഷകളില്‍ സ്രോതഭാഷ (ടീൗൃരല ഘമിഴൗമഴല)യിലെ ലിപ്യേകകങ്ങള്‍ (ഏൃമുവീഹീഴശരമഹ ഡിശേെ) ലക്ഷ്യഭാഷ (ഠമൃഴലേ ഘമിഴൗമഴല) യിലെ ലിപ്യേകകങ്ങള്‍ക്കു പകരംവയ്ക്കുന്നു. ലിപിപരമായ പരിവര്‍ത്തനം മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളു, ഭാഷയുടെ അന്തസ്സത്തയില്‍ മാറ്റം സംഭവിക്കുന്നില്ല. ഇത്തരത്തില്‍ കേരളഭാഷയില്‍ സംഭവിച്ച സുപ്ര ധാനമായ രണ്ട് ലിപ്യന്തരണങ്ങളാണ് അറബിമലയാളവും കര്‍സോനിയും. അറബിലിപി ഉപയോഗിച്ച് മലായാളം എഴുതുന്നതി നായി കേരളീയ മുസ്ലീങ്ങള്‍ രൂപീകരിച്ച എഴുത്തുസമ്പ്രദായമാണ് അറബിമലയാളം. ഇതുപോലെ സുറിയാനി ലിപി ഉപയോഗിച്ചു മലയാളം എഴുതുന്നതിനായി ക്രിസ്ത്യാനികള്‍ രൂപപ്പെടുത്തിയതാ ണ് കര്‍സോനി. മലയാളംകര്‍സോനി എന്നും ഇതറിയപ്പെടുന്നു. ഈ ലിപ്യന്തരണരീതിയില്‍ രചിക്കപ്പെട്ട നിരവധി വൈജ്ഞാനി കവും സര്‍ഗാത്മകവുമായ സാഹിത്യഗ്രന്ഥങ്ങള്‍ മലയാളത്തെ ഏറെ സമ്പന്നമാക്കിയിട്ടുണ്ട്. ആ നിലയില്‍, ലിപ്യന്തരണമെന്നതി നെക്കാള്‍ വ്യത്യസ്ത ദേശങ്ങളുടെ സാംസ്കാരികവും സാഹിത്യപരവുമായ ഒത്തുചേരല്‍ സാധ്യമാക്കിയ ഭാഷാമിശ്ര ങ്ങളെന്ന നിലയില്‍കൂടി അറബിമലയാളവും കര്‍സോനിയും പരിഗണിക്കപ്പെടേണ്ടതുണ്ട്.

പശ്ചാത്തലം 

വിഭിന്ന ഭാഷണസമൂഹങ്ങളില്‍പെട്ടവരോ വ്യത്യസ്ത വ്യക്തിഭാഷ സംസാരിക്കുന്നവരോ ആയ ആളുകളുടെ അന്യോന്യസമ്പര്‍ക്കം ലോകസാധാരണമാണ്. മതപ്രചാരണം, യുദ്ധം, വിദ്യാഭ്യാസം, കച്ചവടം ഇങ്ങനെ നിരവധി സാമൂഹികകാര ണങ്ങള്‍ ഇതിനുണ്ട്. ഇങ്ങനെ വിഭിന്ന ഭാഷകളോ ഉപഭാഷകളോ സംസാരിക്കുന്നവര്‍ തമ്മില്‍ ഇടപഴകുമ്പോള്‍ ഭാഷാസമ്പര്‍ക്കം (ഘമിഴൗമഴല രീിമേരേ) ഉണ്ടാകുന്നു (ജോസഫ്, 1995:3). ഭാഷാസമ്പര്‍ക്ക ങ്ങള്‍ ലിപിസ്വീകാരം, പദാദാനം, ഭാഷാരൂപീകരണം എന്നിങ്ങനെ നിരവധി ഭാഷാപരിവര്‍ത്തന സാഹചര്യങ്ങള്‍ക്കു കാരണമാകുന്നു. കേരളഭാഷ മലയാളമായി പരിണമിച്ച മാര്‍ഗത്തില്‍ ഇത്തരം നിരവധി ഭാഷാസമ്പര്‍ക്കങ്ങള്‍ ഉളവായിട്ടുണ്ട്. ഭാഷയുടെ ബാഹ്യതലത്തില്‍ സ്വാധീനംചെലുത്തുന്ന ലിപിസ്വീകാരമാണ് അറബിമലയാളത്തിലും കര്‍സോനിയിലും പ്രാഥമികമായി പ്രകടമാകുന്നത്.

അറബിമലയാളത്തെക്കുറിച്ച് ഏറെ പഠനം നടത്തിയിട്ടുള്ള എം. എന്‍. കാരശ്ശേരി  ഈ ഭാഷ രൂപപ്പെടാനിടയായ സാഹചര്യം വ്യക്തമാക്കുന്നുണ്ട്. "കേരളത്തില്‍ മാത്രമല്ല, ലോകത്തെവിടെയും മുസ്ലീങ്ങള്‍ അറബി അക്ഷരമാല പഠിക്കും. സാധാരണയായി അവരുടെ ശ്രദ്ധ ലിപി പഠിക്കുന്നതിലാണ്, ഭാഷ പഠിക്കുന്നതിലല്ല. അവരെ സംബന്ധിച്ച് പ്രധാനം വേദഗ്രന്ഥപാരായണമാണ്, അതിന്‍റെ അര്‍ത്ഥമല്ല. അവരുടെ സാമുദായിക മൊഴിഭേദം അറബിപദങ്ങളും പ്രയോഗങ്ങളും എന്നപോലെ പ്രാദേശികമായ മൊഴിവഴക്കങ്ങളും വ്യത്യസ്തമായ ഉച്ചാരണരീതികളും കൂടിച്ചേര്‍ന്ന മിശ്രമാണ്. ഇതിനെ 'മാപ്പിള മലയാളം' എന്ന് വിളിക്കുന്നു...'മാപ്പിള മലയാളം' എന്നത് മലബാര്‍ മുസ്ലീങ്ങളുടെ സംസാരഭാഷയാണ്. അതില്‍ ഒരേസമയം പ്രദേശത്തിന്‍റെയും സമുദായത്തിന്‍റെയും മുദ്രകളുണ്ട്. ഈ സംസാരഭാഷയാണ് അറബി മലയാളത്തിന്‍റെ പിറവിക്ക് കാരണമായിത്തീര്‍ന്നത്"(കാരശ്ശേരി, 2018:33). മുസ്ലീം സമുദായത്തിലെ എല്ലാ അംഗങ്ങള്‍ക്കും ചിരപരിചിതമായ അറബി അക്ഷരമാലയിലെ അക്ഷരങ്ങള്‍ക്ക് മലയാളഭാഷയ്ക്കു ചേരുന്ന വിധത്തില്‍ ചില പരിഷ്ക്കാരങ്ങള്‍ വരുത്തിക്കൊണ്ട് മലയാളം എഴുതുകയും വായിക്കുകയും ചെയ്യുക എന്നതാണ് അറബി മലയാളത്തിന്‍റെ പൊതുസ്വഭാവം. 'മാപ്പിള മലയാള'ത്തിന് സമാനമായി ക്രൈസ്തവരുടെ ഇടയില്‍ നിലനിന്ന ദേശ്യഭേദമാണ് 'നസ്രാണി മലയാളം'. ഈ 'നസ്രാണി മലയാളം' ക്രിസ്ത്യാനികള്‍ക്ക് ചിരപരിചിതമായ സുറിയാനി ലിപിയില്‍ ആവശ്യമായ പരിഷ്ക്കാരങ്ങളോടെ എഴുതിയപ്പോള്‍ കര്‍സോനിയായി. തങ്ങള്‍ക്ക് ചിരപരിചിതമായ ലിപിയിലേക്ക് മാതൃഭാഷയെ പരിവര്‍ത്തിപ്പിക്കുക മാത്രമാണ് മേല്‍പറഞ്ഞ ഭാഷാസങ്കലനപ്രക്രിയ യില്‍ സംഭവിച്ച ഭാഷാപ്രവര്‍ത്തനം. ഭാഷയുടെ ആശയതലവുമായി ബന്ധപ്പെട്ട ആന്തരഘടനയില്‍ ഗൗരവതരമായ യാതൊരു മാറ്റവും ഈ ലിപിപരിവര്‍ത്തനംകൊണ്ട് സംഭവിക്കുന്നില്ല.  

ഇസ്ലാം-ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ നിലനിന്ന സംസാരഭാഷയാണ് അറബി മലയാളത്തിന്‍റെയും കര്‍സോനിയു ടെയും ഉത്പത്തിക്കു നിദാനമായത്. മലയാളഭാഷാരൂപീകരണ ത്തിന്‍റെ ആദ്യഘട്ടം മുതല്‍ ഭാഷയില്‍ രണ്ടു കൈവഴികള്‍ ദൃശ്യമാണ്. 'ഊഴിയില്‍ ചെറിയവര്‍ക്ക് അറിയുമാറ്' വിനിമയം ചെയ്യപ്പെടുന്നതും ദ്രാവിഡ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതുമായ ഭാഷയും സംസ്കൃതഭാഷയുടെ ഗരിമയും പ്രൗഢിയും സംവഹിക്കുന്ന ത്രൈവര്‍ണ്ണികരുടെ ഭാഷയും. ഇതില്‍ ഊഴിയില്‍ ചെറിയവരുടെ പക്ഷത്താണ് അറബിമലയാളവും കര്‍സോനിയും നിലയുറപ്പിച്ചിട്ടുള്ളത്. കാരണം സംസ്കൃതഭാഷാനഭിജ്ഞരായ സാധാരണ ജനങ്ങളായിരുന്നു ഇസ്ലാം-ക്രൈസ്തവ മതാനുയായികളില്‍ ഏറെയും. ആ സാധാരണ ജനങ്ങളോടു സംവദിക്കാന്‍ അവരുപയോഗിച്ചുവന്ന, അവര്‍ക്ക് ചിരപരിചിതമായ ഭാഷതന്നെയാണ് ഇസ്ലാം-ക്രൈസ്തവ എഴുത്തുകാര്‍ ഉപയോഗിച്ചത്. ഈ രണ്ടു ജനവിഭാഗങ്ങളുടെയും സാമൂഹിക ജീവിതം മതജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടാണി രിക്കുന്നത്. അവര്‍ക്ക് സാമൂഹികപരിരക്ഷയും അടിസ്ഥാന വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷിതത്ത്വവും സംലഭ്യമാക്കുന്ന ഇടം കൂടിയാണ് അവരുടെ മതം. അതുകൊണ്ടുകൂടിയാവാം മതവുമായി ഇണങ്ങിനില്‍ക്കുന്ന അറബി-സുറിയാനി ഭാഷകളെ യാതൊരു തിക്കുമുട്ടലും കൂടാതെ തങ്ങളുടെ സാഹിത്യപരിശ്രമ ങ്ങളിലേക്ക് സമാവര്‍ജ്ജിപ്പിച്ചത്. അടിസ്ഥാന ജനവര്‍ഗത്തോടു സംവദിക്കുന്ന അറബിമലയാളത്തിലെയും കര്‍സോനിയിലെയും ഭാഷയെ ഗ്രാമ്യമെന്നും തമിഴെന്നും നസ്രാണി മലയാളമെന്നും അപഹസിച്ചു മാറ്റിനിര്‍ത്താനാണ് സവര്‍ണ്ണസമൂഹം എക്കാലത്തും ശ്രമിച്ചുപോന്നത്. വിപുലമായ മാപ്പിളപ്പാട്ടു സാഹിത്യത്തെ നാടന്‍പാട്ടുകളുടെ ഒരു വിഭാഗം മാത്രമായി വിലയിരുത്തുന്നതും സ്വദേശി എഴുത്തുകാരുടെ കൃതികളെപ്പോലും മിഷനറി സാഹിത്യമെന്ന് സാമാന്യവത്കരിക്കുന്നതും ഇതിന് ഉദാഹരമാണ്. 

ലിപിസ്വീകാരം

ഇസ്ലാം- ക്രൈസ്തവജനത തങ്ങള്‍ക്ക് സുപരിചിതമായ സെമിറ്റിക് ലിപിയുപയോഗിച്ച് മലയാളം എഴുതിയതാണ് അറബി മലയാളവും കര്‍സോനിയും എന്നുള്ളത് ഉപരിപ്ലവമായ ഒരു നിരീക്ഷണം മാത്രമാണ്. അവര്‍ അന്യഭാഷാലിപിയില്‍ മലയാളം എഴുതാനിടയായതിന് മറ്റു നിരവധി കാരണങ്ങള്‍കൂടിയുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് അക്കാലത്ത് മലയാളലിപി വ്യവസ്ഥാപിതമായിരുന്നില്ല എന്ന വസ്തുത തന്നെയാണ്. "ഒരു ഭാഷയ്ക്ക് ലിപി ഇല്ലാതിരിക്കുകയും അയലത്തെ ഭാഷയ്ക്ക് ലിപി ഉണ്ടായിരിക്കുകയും ചെയ്താല്‍, ആ ഭാഷ ലിപി വേണമെന്നാ ഗ്രഹിച്ചാല്‍, അയലത്തെ ലിപിയെ അതേപടി സ്വീകരിക്കുകയോ, അല്ലെങ്കില്‍ അതനുസരിച്ച് പുതിയതൊന്ന് ഉണ്ടാക്കുകയോ ആണ് സ്വാഭാവികമായി ചെയ്യുന്നത്"(ഗംഗാധരന്‍ നായര്‍, 2018:34). ഈ സ്വാഭാവിക പരിണതികൂടി മേല്‍പ്പറഞ്ഞ ലിപി സ്വീകാര്യത്തിന്‍റെ കാരണമാകാം.  മലയാളഭാഷ പഴയകാലത്ത് വട്ടെഴുത്തിലാണ് എഴുതിക്കൊണ്ടിരുന്നത്. പില്‍ക്കാലത്ത് ഈ ലിപിയും കോലെഴുത്ത് എന്നറിയപ്പെടുന്ന മറ്റൊരു ലിപിയും മലയാളമെഴുതുവാന്‍ ഉപയോഗിച്ചിരുന്നു. മലയാളത്തിലേക്ക് സംസ്കൃതപദങ്ങള്‍ കൂടുതലായി കടന്നുവന്നപ്പോള്‍ ആര്യ എഴുത്ത് എന്നുകൂടി പേരുള്ള ഗ്രന്ഥലിപി സ്വീകരിക്കേണ്ടിവന്നു. വട്ടെഴുത്തിലും കോലെഴുത്തി ലുമുള്ള മലയാളഗ്രന്ഥങ്ങളിലും ലിഖിതങ്ങളിലും സംസ്കൃത പദങ്ങള്‍ ഗ്രന്ഥലിപിയിലാണ് എഴുതിയിരുന്നത്(മംഗലം, 1997:160). ഈ ഗ്രന്ഥലിപിയുടെ പരിഷ്കൃതരൂപമാണ് ഇന്നത്തെ മലയാളലിപി. 

മലയാളലിപി വ്യവസ്ഥാപിതമാകാതിരുന്ന പരിവര്‍ത്തനകാല ത്തിന്‍റെ സൃഷ്ടികളാണ് അറബിമലയാളവും കര്‍സോനിയും. സവര്‍ണ്ണസമൂഹം സംസ്കൃതപദസങ്കലിതമായ തങ്ങളുടെ സാഹിത്യരചനയ്ക്കായി ആര്യ എഴുത്തിന്‍റെ രാജരഥ്യ സ്വീകരിച്ചു. എന്നാല്‍ പ്രാദേശികജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും പതിതവര്‍ഗത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമായ സാധാരണജന ത്തിന്‍റെ സാഹിത്യവും എഴുത്തും ആവിഷ്കരിക്കാന്‍ പര്യാപ്തമായ ലിപിവ്യവസ്ഥ മാത്രമേ ക്രൈസ്തവ-മുസ്ലീം സമൂഹത്തിന് ആവശ്യമായിരുന്നുള്ളു. "18-ാം നൂറ്റാണ്ടുവരെ ക്രിസ്ത്യാനികളും 19-ാം നൂറ്റാണ്ടുവരെ മുസ്ലീങ്ങളും ഗ്രന്ഥലിപിയല്ല, വട്ടെഴുത്താണ് ഉപയോഗിച്ചിരുന്നത്"(ശ്രീധരമേനോന്‍, 1992:146) എന്നുള്ള എ. ശ്രീധരമേനോന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്ന വസ്തുത ഇതുതന്നെയാണ്. സവര്‍ണസമൂഹം അവര്‍ക്ക് ആവിഷ്ക്കരിക്കേണ്ട വിഷയത്തിന് അനുസൃതമായ ഭാഷയും ലിപിയും സ്വീകരിച്ചപ്പോള്‍ ഇതര സമുദായങ്ങള്‍ അവര്‍ക്ക് അനുയോജ്യമായ ലിപി വ്യവസ്ഥയിലേക്ക് വഴിമാറി സഞ്ചരിച്ചു. വട്ടെഴുത്തില്‍നിന്ന് മലയാള ത്തിന്‍റെ ലിപി വ്യവസ്ഥ ആര്യ എഴുത്തിലേക്ക് പരിണമിച്ചുകൊണ്ടി രുന്ന സന്ദിഗ്ദ്ധഘട്ടത്തില്‍ മുഖ്യധാരയില്‍നിന്ന് തെന്നിമാറി തങ്ങള്‍ക്ക് സുപരിചിതവും തങ്ങളുടെ ആത്മവത്തയോട് ഇണങ്ങിനില്‍ക്കുന്നതുമായ സെമറ്റിക്ലിപിവ്യവസ്ഥയിലേക്ക് മുസ്ലീം-ക്രൈസ്തവസമൂഹത്തിന്‍റെ സാഹിത്യഭാഷ വ്യതിചലിച്ചു. സാമൂഹികവ്യവസ്ഥയില്‍ സാരമായ അന്തരം നിലനിന്ന അക്കാലത്ത് സാധാരണ ജനങ്ങള്‍ പലവിധത്തിലുള്ള അവഗണ നകള്‍ അനുഭവിച്ചിരുന്നു. ഇതിനോടുള്ള അടിസ്ഥാനവര്‍ഗത്തിന്‍റെ അബോധപൂര്‍വമായ പ്രതികരണമന്ന നിലയിലും സെമിറ്റിക് ലിപിസ്വീകാര്യത്തെ വിലയിരുത്താം. ഈ ഭാഷയുടെ പ്രയോക്താക്കള്‍ സാധാരണ ജനങ്ങള്‍ ആയതുകൊണ്ടുതന്നെ അവര്‍ ഗ്രന്ഥാക്ഷരത്തിന്‍റെ സംസ്കൃത വഴി വെടിഞ്ഞ് അവര്‍ക്ക്  അനുരൂപവും അഭിഗമ്യവുമായ മാര്‍ഗത്തിലേക്ക് മാറി സഞ്ചരിച്ചതാവാനും മതി.

പദതലം 

ഭാഷാസംയോഗത്തില്‍ ഏറ്റവും അധികം സങ്കലനം നടക്കുന്നത് പദതലത്തിലാണ്. കേരളീയജീവിതത്തിന്‍റെ സമസ്തമേഖലകളെയും സംവഹിക്കുന്ന നിരവധി പദങ്ങള്‍ സംഭാവന ചെയ്തുകൊണ്ട് മലയാള ഭാഷാപദസഞ്ചയത്തെ വികസിതമാക്കിയിട്ടുണ്ട് സെമിറ്റിക് ഭാഷകള്‍. ഇക്കാര്യത്തില്‍ ഹീബ്രു, സുറിയാനി ഭാഷകളെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നത് അറബിഭാഷയാണ്. വ്യാപാരികളെന്ന നിലയ്ക്ക് പേരെടുത്ത അറബിജനതയ്ക്ക് സാമാന്യജീവിതവുമായി ബന്ധപ്പെട്ട നിരവധി അറബിപദങ്ങള്‍ സംഭാവനചെയ്യാന്‍ കഴിഞ്ഞു. ദീര്‍ഘകാലം വടക്കെ ഇന്ത്യയില്‍ ഭരണം നടത്തിയ മുഗള്‍ രാജാക്കന്മാരുടെ കാലത്ത് ഭരണരംഗവുമായി ബന്ധപ്പെട്ട നിരവധി അറബിപദങ്ങള്‍ പേര്‍ഷ്യനിലേക്കു കടന്നുവന്നു. അതുപിന്നീട് ഇന്ത്യന്‍ഭാഷ കളിലേക്ക് സംക്രമിച്ചു. മൈസൂര്‍ അധിനിവേശം കേരളത്തിലെ അറബിഭാഷയുടെ വ്യാപനത്തിന് ആക്കംകൂട്ടിയ ഘടകമാണ്. അറബിയില്‍നിന്ന് നേരിട്ടും പേര്‍ഷ്യന്‍, ഹിന്ദി ഭാഷകള്‍ വഴിയായുമാണ് അറബിപദങ്ങള്‍ മലയാളത്തിലേക്ക് കടന്നുവന്നത്. "മലയാളത്തില്‍ പ്രചാരത്തിലില്ലാത്ത നിരവധി അറബി, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി പദങ്ങള്‍ തത്സമരൂപത്തിലും സംസ്കൃതം, തമിഴ്, കന്നഡ ശബ്ദങ്ങള്‍ തത്ഭവരൂപത്തിലും അറബിമലയാളത്തില്‍ കാണാം. മതപരമോ സാമൂഹികമോ ആയ സമ്പര്‍ക്കങ്ങളില്‍ മാപ്പിളമാരുടെ വ്യവഹാരഭാഷയിലേക്കും അതുവഴി അറബിമലയാള സാഹിത്യകൃതികളിലേക്കും സംക്രമിച്ച പദങ്ങളാണ് ഇവയിലേ റെയും" (ബാബ, 2020:14). ഖലീഫാ, നവാബ്, സുല്‍ത്താന്‍, സാഹിബ്, ജില്ല, താലൂക്ക്, തഹസീല്‍ദാര്‍, മുന്‍സിഫ്, വക്കീല്‍, ഖല്‍ബ് തുടങ്ങി ജീവിതത്തിന്‍റെ നാനാതുറകളെയും സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങ ളെയും പ്രതിഫലിപ്പിക്കാന്‍ ഉപയുക്തമായ നിരവധി അറബിപദ ങ്ങള്‍ മലയാളപദസഞ്ചയത്തെ വിപുലീകരിച്ചു.

ബഹുതലസ്പര്‍ശിയായ അറബിമലയാളകൃതികളെ അപേക്ഷിച്ച് കര്‍സോനികൃതികളില്‍ ഏറെയും മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ അവയില്‍ ഉപയോഗിച്ചിട്ടുള്ള പരിമിതമായ പദങ്ങള്‍ മാത്രമേ മലയാള ഭാഷയുടെ നിത്യവ്യവഹാരത്തിലേക്ക് കടന്നുവന്നിട്ടുള്ളു. മെത്രാപ്പോലീത്താ, റമ്പാന്‍, കാസ, പീലാസ, റൂഹാ, കൂദാശ തുടങ്ങിയ സുറിയാനിപദങ്ങളില്‍ ഏറെയും ക്രൈസ്തവമതവുമായി ബന്ധപ്പെട്ടാണ് ഇന്നു നിലനില്‍ക്കുന്നത്. അറബിമലയാളം -കര്‍സോനി സാഹിത്യകൃതികളില്‍ പ്രയോഗിച്ചിട്ടുള്ള സെമിറ്റിക് ഭാഷാപദങ്ങള്‍ പോലെ പ്രാചീന ഭാഷാപദങ്ങളും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നവയാണ്. സാധാരണ ജനങ്ങളുടെ വ്യവഹാരഭാഷ യോടു ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യരൂപങ്ങളാകയാല്‍ അറബിമലയാളം-കര്‍സോനി സാഹിത്യകൃതികളില്‍ നിരവധി ദേശിരൂപങ്ങള്‍ കണ്ടെത്താം. അവയില്‍തന്നെ ദേശിയുടെ ശുദ്ധം എന്ന വിഭാഗത്തില്‍പ്പെടുന്ന ശബ്ദങ്ങളാണ് ഏറെയും. സംസ്കൃത പ്രണീതാക്കളായ സവര്‍ണ്ണസമൂഹത്തോടുള്ള പ്രതിഷേധവും അനുദിന ജീവിതവൃത്തികള്‍ നിറവേറ്റാന്‍ ക്ലേശിക്കുന്ന സഹജരോടുള്ള പക്ഷപാതിത്വവും ഈ പദസ്വീകാരത്തിനു പിന്നിലുണ്ടോ എന്ന വസ്തുത ഗൗരവപഠനത്തിന് വിഷയമാണ്. ഏതായാലും അറബിമലയാള-കര്‍സോനി സാഹിത്യകൃതികള്‍ സംരക്ഷിച്ചുപോന്ന വൈദേശികവും സ്വദേശീയവുമായ പദാവലി മലയാളത്തിന്‍റെ പ്രാക്തനതയും ഇതരഭാഷാബന്ധവും നിതരാം വെളിവാക്കുന്നവയാണെന്ന് നിസ്സംശയം പറയാം. 

സാഹിത്യപരത

വ്യത്യസ്ത ഭാഷകള്‍ തമ്മിലുള്ള സമ്പര്‍ക്കം സ്വാഭാവികമാ യും സാഹിത്യരൂപങ്ങളുടെ സങ്കലനത്തിനും കാരണമാകുന്നു. സംസ്കൃതസാഹിത്യത്തില്‍നിന്നും പിന്നീട് പാശ്ചാത്യസാഹിത്യ ത്തില്‍നിന്നും സ്വീകരിച്ച സാഹിത്യമാതൃകകളുടെ പരിലാളനയേ റ്റാണ് മലയാളസാഹിത്യം പരിപുഷ്ടമായത്. അത്രമേല്‍ ശക്തമായ തോതിലല്ലെങ്കിലും സെമിറ്റിക് ഭാഷകളും മലയാളസാഹിത്യ പോഷണത്തിനു കാരണമായിട്ടുണ്ട്. അറബിമലയാളം, കര്‍സോനി എന്നീ എഴുത്തുരീതികളിലൂടെയാണ് ഇതു സാധ്യമായിട്ടുള്ളത്. സെമിറ്റിക് ലിപിവ്യവസ്ഥയില്‍ എഴുതപ്പെട്ട ഈ കൃതികളുടെ കര്‍ത്താക്കളെല്ലാം സ്വദേശീയരായിരുന്നു. ഇതരസാഹിത്യരൂപങ്ങളു മായുള്ള പരിചയത്തിന്‍റെ വെളിച്ചത്തില്‍ തികച്ചും സ്വദേശീയമായി രൂപപ്പെടുത്തിയവയാണ് ഈ സാഹിത്യകൃതികളെല്ലാം. എ.ഡി.1607-ല്‍ ഖാസി മുഹമ്മദ് രചിച്ച മുഹ്യിദ്ദീന്‍ മാലയാണ് കണ്ടുകിട്ടിയതില്‍ ഏറ്റവും പഴയ അറബിമലയാള സാഹിത്യകൃതി. ബാഗ്ദാദിലെ പ്രമുഖ സൂഫിവര്യനായ ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയെ വാഴ്ത്തിപ്പാടുന്ന 155 വരികളുള്ള പാട്ടാണിത്. ഹൈന്ദവസമൂഹത്തില്‍ ജ്ഞാനപ്പാനയ്ക്കും അദ്ധ്യാത്മരാമായണത്തിനുമുള്ള സ്വീകാര്യതയാണ് ഈ കൃതിക്ക് മുസ്ലീം വിശ്വാസസമൂഹത്തിനിടയിലുള്ളത്. ഈ പ്രഖ്യാത സാഹിത്യകൃതിമുതലിങ്ങോട്ടു ഗദ്യപദ്യ ശാഖകളിലായില്‍ 5000-ത്തിലധികം അറബി മലയാളകൃതികള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ പദ്യവിഭാഗത്തില്‍ ഉള്‍പ്പെട്ട മാപ്പിളപ്പാട്ടുകള്‍ സാഹിത്യഭംഗി കൊണ്ടും ജനപ്രീതികൊണ്ടും മുന്നിട്ടുനില്‍ക്കുന്നു. ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍, ബദര്‍ പടപ്പാട്ട് എന്നിങ്ങനെ നിരവധി പാട്ടുകളുടെ കര്‍ത്താവായ മോയിന്‍കുട്ടി വൈദ്യ(1852-1892)രാണ് മാപ്പിളപ്പാട്ടു രചയിതാക്കളില്‍ പ്രഥമഗണനീയന്‍. പാട്ടുകള്‍, നിഘണ്ടുക്കള്‍, വൈദ്യശാസ്ത്രകൃതികള്‍, ചരിത്രഗ്രന്ഥങ്ങള്‍, പരിഭാഷകള്‍ എന്നിങ്ങനെ വിപുലമായ രൂപമാതൃകകള്‍ ഉള്‍ക്കൊള്ളുന്നതാണ് അറബിമലയാള സാഹിത്യശാഖ. 

അറബിമലയാളസാഹിത്യത്തെ അപേക്ഷിച്ച് രൂപപരമായ വൈവിധ്യം കുറവാണ് കര്‍സോനി കൃതികള്‍ക്ക്. കണ്ടുകിട്ടിയ കര്‍സോനി കൃതികളിലേറെയും മതജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ്. 1599-ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍ മലയാണ്മയിലെന്നപോലെ കര്‍സോനിയിലും തയ്യാറാക്കിയിരുന്നു. പ്രാര്‍ത്ഥന, പ്രസംഗം, നിഘണ്ടു, മതാനുഷ്ഠാനങ്ങള്‍, കുറിപ്പുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കണ്ടുകിട്ടിയിട്ടുള്ള കര്‍സോനികളുടെ ഉള്ളടക്കം. മലയാളത്തിലും സുറിയാനിയിലും പ്രാവീണ്യമുണ്ടായിരുന്ന പണ്ഡിതന്മാര്‍ ഒരേ കൃതിതന്നെ രണ്ടു ഭാഷയിലും എഴുതി സൂക്ഷിക്കാറുണ്ടായിരുന്നു. യാക്കോബ് കത്തനാരുടെ വേദതര്‍ക്ക ത്തിന്‍റെ കര്‍സോനിപ്പതിപ്പും ലഭ്യമായിട്ടുണ്ടെന്ന വസ്തുത ഇതിനുദാഹരണമാണ്. ഉദയംപേരൂര്‍ സൂനഹദോസിനെ തുടര്‍ന്നു നടന്ന ലത്തീന്‍വത്കരണത്തിന്‍റെ ഭാഗമായി നിരവധി കര്‍സോനി ഗ്രന്ഥങ്ങള്‍ നശിപ്പിക്കപ്പെട്ടതും കര്‍സോനിസാഹിത്യത്തിന്‍റെ വിഷയവൈവിധ്യം പരിമിതപ്പെടാന്‍ കാരണമായിട്ടുണ്ട്.  

സെമിറ്റിക് ഭാഷകളുമായുള്ള സമ്പര്‍ക്കത്തിന്‍റെ ഫലമായി ലിപി, പദം, സാഹിത്യം എന്നിങ്ങനെ വിവിധ തലങ്ങളില്‍ മലയാളഭാഷ സമ്പുഷ്ടി കൈവരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രബലമായ സ്വാധീനം പ്രകടമാകുന്നത് പദതലത്തിലാണ്. ജീവിതത്തിന്‍റെ വ്യത്യസ്തതലങ്ങളെ ആവിഷ്ക്കരിക്കാന്‍ പര്യാപ്തമായ നിരവധി സെമിറ്റിക് ഭാഷാപദങ്ങള്‍ മലയാള പദസഞ്ചയത്തെ പരിപുഷ്ടമാക്കിയിട്ടുണ്ട്. ഇന്തോ- യൂറോപ്യന്‍ ഭാഷാകുടുംബത്തില്‍പെട്ട ഭാഷകളായ സംസ്കൃതവും ഇംഗ്ലീഷും മലയാളത്തെ അടിമുടി സ്വാധീനിച്ച ഭാഷകളാണ്. അത്രമേല്‍ പ്രബലമല്ലെങ്കിലും അവഗണിക്കാനാവാത്ത സ്വാധീനശക്തി ചെലുത്താന്‍ ആഫ്രോഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ സെമിറ്റിക് ഭാഷകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. അനുകൂലസാഹചര്യങ്ങളില്‍ പരാദങ്ങള്‍, വായു, ജലം എന്നിവയൊക്കെ സസ്യജാലങ്ങളുടെ പരാഗണം സാധ്യമാക്കുന്നതുപോലെ ഭാഷാപരമായ അനുകൂല സാഹചര്യങ്ങളാണ് ഭാഷാസമ്പര്‍ക്കവും സാധ്യമാക്കുന്നത്. ഭിന്നഭാഷാഗോത്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭാഷാപരമായ പാരസ്പര്യത്തെ ഭാഷാപരാഗണ (ഘമിഴൗമഴല ജീഹഹശിമശേീി)മെന്ന് വിവക്ഷിക്കാം. വ്യത്യസ്ത സ്വഭാവസവിശേഷതകള്‍ സംവഹിക്കുന്ന രണ്ടുവ്യത്യസ്ത ഗോത്രഭാഷകള്‍ ഒന്നുചേരുമ്പോഴാണ് സ്വജാതി ഗോത്രഭാഷകള്‍ സംയോജിക്കുന്നതി നെക്കാള്‍ ശ്രേഷ്ഠത ഭാഷകള്‍ കൈവരിക്കുന്നത്. ഇതുതന്നെയാണ് ദ്രാവിഡഗോത്ര ഭാഷയായ മലയാളം സെമിറ്റിക് ഭാഷകളോട് സംവദിച്ചപ്പോഴും സംഭവിച്ചത്. ഭാഷാസംയോഗത്തില്‍ വ്യത്യസ്തസംസ്കാരവിനിമയം കൂടിയാണ് നടക്കുന്നതെന്നതിനാല്‍ മാറുന്ന കാലത്തിനനുസൃതമായി ലോകത്തെ അഭിവീക്ഷിക്കുവാനുള്ള അനിവാര്യതയായി വേണം ഇത്തരം ഭാഷാസമ്പര്‍ക്കങ്ങളെ വിലയിരുത്താന്‍.  

ഗ്രന്ഥസൂചി

കാരശ്ശേരി, എം. എന്‍., 2018. അറബി-മലയാളം: ചരിത്രവും ഭാവവും, ഇശല്‍ പൈതൃകം, ലക്കം 17.
ഗംഗാധരന്‍ നായര്‍, പളുകല്‍, 2018. ലിപിപരിണാമചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ജോസഫ്, പി. എം., (ഡോ.), 1995. മലയാളത്തിലെ പരകീയ പദങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. 
ബാബ കെ. പാലുകുന്ന്, (ഡോ.), 2020. മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ ഭാഷയും വ്യവഹാരവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. 
മാര്‍ക്കോസ്, വി. പി., 2020. കര്‍സോനി എന്ന സുറിയാനിമലയാളം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍.
മുഹമ്മദ്, കെ. എം., (പ്രൊഫ.), 2012. അറബി സാഹിത്യത്തിന് കേരളത്തിന്‍റെ സംഭാവന, അഷ്റഫി ബുക് സെന്‍റര്‍ & തിരൂരങ്ങാടി പ്രിന്‍റേഴ്സ്, തിരൂരങ്ങാടി.
മുഹമ്മദ്കുഞ്ഞി, പി. കെ., 1988. അറബി സാഹിത്യചരിത്രം, കേരളസാഹിത്യഅക്കാദമി, തൃശൂര്‍. 
മംഗലം, എസ്. ജെ., (ഡോ.), 1997. പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാള ലിപിയുടെ വികാസവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. 
വില്യം ലോഗന്‍, 2004. ലോഗന്‍റെ മലബാര്‍ മാന്വല്‍, വിവ. കൃഷ്ണന്‍, ടി. വി., മാതൃഭൂമി ബുക്സ്, കോഴിക്കോട്.
ശ്രീധരമേനോന്‍, എ., 1990. കേരളചരിത്രം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം. 
ശ്രീധരമേനോന്‍, എ., 1992. കേരളസംസ്കാരം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം. 
സേവ്യര്‍ കൂടപ്പുഴ, (ഡോ.), 2012. ഭാരതസഭാചരിത്രം,  മാര്‍ തോമാസ്ലീവാ ദയറ പബ്ലിക്കേഷന്‍സ് & ഓറിയന്‍റല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്, വടവാതൂര്‍.
ഡോ. സിബി കുര്യന്‍
വകുപ്പദ്ധ്യക്ഷന്‍
മലയാളഗവേഷണ വിഭാഗം
ദേവമാതാ കോളേജ് കുറവിലങ്ങാട്
കോട്ടയം- 686633