The Politics of Translation: Thoughts based on the Translations of Rubaiyath

Dr. Abdul Gafoor P 

Rubaiyath of Omar Khayyam is one of the most translated books in Malayalam.  Even when the source is the same the translations are highly different. Why does it happen? This paper is an attempt to answer this question.  Personal politics of translators may colour the translations. Rubaiyath translations of G Sankarakurup, K.M. Panikker, Thirunellur Karunakaran, M P Appan and Ummer Tharamel are being considered here . The translation of Ummer Tharamel is entirely different from others. He was trying to translate the work in a sufi perspective as he claims in the foreward. But he had to step away from the original text many often.

Key words: Translation, Politics, Sufi poetry, Veil, Hedonism

Reference: 

Appan, M.P. Jeevitholsavam, Kudamalur: Sree Sethuparvathibhai Library, 1945
Umar Tharamel, Rubaiyath (Tr.), Kozhikode: Olive Publications, 2005
Panikker, K.M. Rasikarasayanam ,Thrissur: Mangalodayam Pvt. Ltd.,1961
Karunakaran, Thirunellur. Rubaiyath – Omar Khayyaminte Gadhakal, Kottayam : DC Books, 2011
Viswanatha Iyyer, N.E.(Dr.), Vivarthanavicharam, Thiruvananthapuram: Kerala Bhasha Institute, 1996.
Schimmel, Annemarie, Mystical Dimensions of Islam, Chapel Hill: The University of North Karolina
Dr. Abdul Gafoor P
Associate Professor
Department of Malayalam
Govt. Arts & Science College, Calicut
Pin: 673018
India
Email : gafoormayookh@gmail.com
Mobile: +91 9446146632

വിവര്‍ത്തനത്തിന്‍റെ രാഷ്ട്രീയം: റുബാഇയ്യാത് വിവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍

ഡോ. അബ്ദുള്‍ ഗഫൂര്‍ പി

ആദ്യമായി അര്‍ഥത്തിലും രണ്ടാമതായി ശൈലിയിലും മൂലഭാഷയിലെ സന്ദേശത്തോട് ഏറ്റവുമടുപ്പമുള്ള തുല്യപാഠം ലക്ഷ്യഭാഷയില്‍ സൃഷ്ടിക്കലാണ് വിവര്‍ത്തനം എന്നാണ് യൂജിന്‍ എ. നൈഡ വിവര്‍ത്തനത്തെ നിര്‍വചിച്ചിട്ടുള്ളത്.1 സര്‍ഗാത്മകകൃതികളാകുമ്പോള്‍ സന്ദേശം എന്നതിനോടൊപ്പം സൗന്ദര്യാംശം കൂടി പ്രധാനമാകുന്നു. വിവര്‍ത്തനം ചെയ്യുന്നത് കവിതയാണെങ്കില്‍ സംഗതി കൂടുതല്‍ ക്ലേശകരമാവും. മൂലകൃതിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ലക്ഷ്യപാഠം സൃഷ്ടിക്കുന്നതിന് വിവര്‍ത്തകനും കവിയായിരിക്കേണ്ടതുണ്ട്. വെറും കവിയായിരുന്നാല്‍ പോരാ, മൂലകവിയുമായി ഹൃദയൈക്യം സാധ്യമാകുന്ന വിധത്തില്‍ പ്രതിഭാശാലിയായിരിക്കണം. എങ്കിലേ വിവര്‍ത്തനം ചെറിയതോതിലെങ്കിലും സാര്‍ഥകമാവൂ.

കവിതയിലെ വ്യംഗ്യാര്‍ഥസൂചനകള്‍ പരിഭാഷയില്‍ പ്രതിഫലിപ്പിക്കുക ശ്രമകരമാണ്. വിശേഷിച്ച്, വ്യത്യസ്തങ്ങളായ വ്യാഖ്യാനസാധ്യതകള്‍ തുറന്നിടുന്ന കാവ്യങ്ങളുടെ ഭാഷാന്തരം പരിഭാഷകര്‍ക്കു വലിയ വെല്ലുവിളിയുണര്‍ത്തുന്നു. പേര്‍ഷ്യന്‍ കവി ഉമര്‍ഖയ്യാമിന്‍റെ റുബാഇയ്യാത് അത്തരത്തില്‍ വിവര്‍ത്തകരെ മോഹിപ്പിക്കുന്ന ഒരു കാവ്യമാണ്. എവറസ്റ്റ് കൊടുമുടിപോലെ കാവ്യരംഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൃതിയെ പരിഭാഷയ്ക്ക് കീഴ്പ്പെടുത്താന്‍ അനേകം പരിശ്രമങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യകൃതികളിലൊന്നാണ് റുബാഇയ്യാത്.

മലയാളത്തിലും റുബാഇയ്യാത്തിനു നിരവധി പരിഭാഷകളുണ്ടായിട്ടുണ്ട്. വിലാസലഹരി എന്ന പേരില്‍ 1932-ല്‍ ജി. ശങ്കരക്കുറുപ്പാണ് റുബാഇയ്യാത് പരിഭാഷയ്ക്കു തുടക്കം കുറിച്ചത്. മലയാള വിവര്‍ത്തനങ്ങള്‍ക്ക് ആധാരമയത് എഡ്വാര്‍ഡ് ഫിറ്റ്സ് ജറാള്‍ഡിന്‍റെ  ആംഗലവിവര്‍ത്തനമാണ്. 1859-ല്‍ ഫിറ്റ്സ് ജറാള്‍ഡ് റുബാഇയ്യാത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോടെയാണ് ഈ പേര്‍ഷ്യന്‍ കൃതിയും അതിന്‍റെ കര്‍ത്താവായ ഉമര്‍ഖയ്യാമും ലോകമെങ്ങും അറിയപ്പെട്ടത്.

റുബാഇയ്യാത് എന്നാല്‍ ചതുഷ്പദികള്‍ എന്നേ അര്‍ത്ഥമുള്ളൂ. പേര്‍ഷ്യന്‍ മൂലത്തില്‍ ഓരോ ചതുഷ്പദിക്കും സ്വതന്ത്രമായ അസ്തിത്വമാണുള്ളത്. ആയിരത്തിലധികം ചതുഷ്പദികള്‍ ഉമര്‍ഖയ്യാമിന്‍റേതായിട്ടുണ്ട് എന്നു കരുതപ്പെടുന്നു. ഇവയില്‍ എഴുപത്തഞ്ചു ചതുഷ്പദികള്‍ മാത്രമാണ് 1859-ല്‍ ഫിറ്റ്സ് ജറാള്‍ഡ് പരിഭാഷപ്പെടുത്തിയത്. തനിക്കിഷ്ടപ്പെട്ട നാസ്തികത്വം, ജീവിതസൗന്ദര്യാസ്വാദനം തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരികള്‍ തെരഞ്ഞെടുത്ത് പരിഭാഷപ്പെടുത്തിയതിനാല്‍ ഫിറ്റ്സ് ജറാള്‍ഡിന്‍റെ ചതുഷ്പദികള്‍ ഒരു ഇതിവൃത്തബന്ധം ആരോപിക്കാവുന്ന വിധത്തിലായിട്ടുണ്ട്. ആദ്യപതിപ്പിനുശേഷം 1868, 1872, 1879 എന്നീ വര്‍ഷങ്ങളില്‍ പരിഷ്കരിച്ച പതിപ്പുകള്‍ ഫിറ്റ്സ് ജറാള്‍ഡ് പ്രസിദ്ധീകരിച്ചു. പ്രസാധകരെ കിട്ടാത്തതുകൊണ്ടായിരിക്കണം 1859-ലെ ആദ്യപതിപ്പ് ഫിറ്റ്സ്ജറാള്‍ഡ് സ്വന്തം ചെലവില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കുകയാണുണ്ടായത്. Rubaiyat of Omar Khayam, The astronomer-poet of persia, Translated in to English verse എന്നായിരുന്നു കൃതിയുടെ പേര്. ആദ്യപതിപ്പായി അച്ചടിച്ച 250 കോപ്പികള്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടന്നതിനാല്‍ അവസാനം ചവറുവിലയ്ക്ക് വില്‍ക്കേണ്ടിവന്നു. എന്നാല്‍ റോസെറ്റി, സ്പിന്‍ബേണ്‍, വില്യം മോറിസ് തുടങ്ങിയ ഇംഗ്ലീഷ് കവികള്‍ ഈ പരിഭാഷ കാണാനിടയായതോടെ ചിത്രം മാറി. ഫിറ്റ്സ് ജറാള്‍ഡിന്‍റെ പരിഭാഷ പ്രസിദ്ധമായിത്തീര്‍ന്നു. ആദ്യപതിപ്പില്‍ പരിഭാഷകന്‍റെ പേരുണ്ടായിരുന്നില്ല. 1868-ല്‍ പുറത്തിറങ്ങിയ രണ്ടാംപതിപ്പില്‍ 110 ചതുഷ്പദികളും 1872, 1879 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മൂന്നും നാലും പതിപ്പുകളില്‍ 101 ചതുഷ്പദികള്‍ വീതവുമാണുണ്ടായിരുന്നത്. 1889-ല്‍ പ്രസിദ്ധീകരിച്ച അഞ്ചാമത്തെയും അവസാനത്തെയും പതിപ്പിലാണ് പരിഭാഷകന്‍റെ പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

വളരെ സ്വതന്ത്രമായ വിവര്‍ത്തനമാണ് ഫിറ്റ്സ് ജറാള്‍ഡ് നിര്‍വഹിച്ചിട്ടുള്ളത്. പരസ്പര വിരുദ്ധമായ വ്യാഖ്യാനസാധ്യതകളുള്ളതുകൊണ്ടാണോ എന്നറിയില്ല, ഫിറ്റ്സ് ജറാള്‍ഡിന്‍റെ പരിഭാഷ വലിയതോതില്‍ ജനപ്രീതി നേടി. ഒരു സൂഫിയായിട്ടല്ല, ആനന്ദവാദിയായിട്ടാണ് പാശ്ചാത്യലോകം ഉമര്‍ഖയ്യാമിനെ മനസ്സിലാക്കിയത്.

ലോകഭാഷകളിലും ഇന്ത്യന്‍ഭാഷകളിലും റുബാഇയ്യാത്തിന് നിരവധി പരിഭാഷകളുണ്ടായിട്ടുണ്ട്. ഹിന്ദിയില്‍ പതിനഞ്ചോളം വിവര്‍ത്തനങ്ങള്‍ ആണ് ഈ കൃതിക്കുള്ളത്. അവയില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ഹരിവംശറായ് ബച്ചന്‍റെ കൃതികളാണ്. അദ്ദേഹം ഒരു പദാനുപദതര്‍ജ്ജമയും ഒരു സ്വതന്ത്രകൃതിയും പുറത്തിറക്കിയിട്ടുണ്ട്.2 മലയാളത്തില്‍ 1932 മുതല്‍ 2007 വരെ പതിനാറു വിവര്‍ത്തനങ്ങളാണ് റുബാഇയ്യാതിന് ഉണ്ടായിട്ടുള്ളത്. അവ ഒരു പട്ടികയായി ചുവടെ കൊടുക്കുന്നു.3

വിവര്‍ത്തനത്തിന്‍റെ പേര് വര്‍ഷം വിവര്‍ത്തകന്‍

1 വിലാസലഹരി         1932 ജി. ശങ്കരക്കുറുപ്പ്
2 ഉമര്‍ഖയ്യാം                     1938 അമ്പാടി രാഘവപ്പൊതുവാള്‍
3 രസികരസായനം         1944 സര്‍ദാര്‍ കെ.എം. പണിക്കര്‍
4 ജീവിതോത്സവം         1945 എം.പി. അപ്പന്‍
5 ജീവിതരഹസ്യം         1946 പി. ഗോവിന്ദമേനോന്‍
6 മദിരോത്സവം                 1947 ചങ്ങമ്പുഴ കൃഷ്ണപിള്ള
7 ഉമര്‍ഖയ്യാമിന്‍റെ         1948 കുസുമം
റുബായിയാത്ത്
8 ജീവിതമാധുരി         1954 പുത്തന്‍കാവ് മാത്തന്‍തരകന്‍
9 ആനന്ദഗീത                 1954 ശാസ്തമംഗലം രാമകൃഷ്ണപിള്ള
10 ചിന്തയുടെ പൂക്കള്‍ 1955 കുന്നത്തൂര്‍ പി. ശിവശങ്കരപിള്ള
11 മധുശാല                         1979 ഭാസ്കര്‍ നാട്ടിക
12 റുബായിയാത്ത്         1993 വി. മാധവമേനോന്‍
13 മധുശാല                         1997 ഹരിവംശറായ് ബച്ചന്‍ (വിവ: കെ.എസ്. മണി)
14 റുബാ ഇയ്യാത്                 2005 ഉമര്‍ തറമേല്‍
15 റുബായിയ്യാത്ത്         2007 കെ. ജയകുമാര്‍
16 ഉമര്‍ഖയ്യാമിന്‍റെ         2007 തിരുനല്ലൂര്‍ കരുണാകരന്‍
ഗാഥകള്‍

റുബാഇയ്യാത്തിന്‍റെ മലയാളപരിഭാഷകളുടെ ശൈലി താരതമ്യം ചെയ്യുന്നതിനായി ഫിറ്റ്സ് ജറാള്‍ഡിന്‍റെ വിവര്‍ത്തനത്തിന്‍റെ അഞ്ചാംപതിപ്പിലെ ഏറെ പ്രസിദ്ധമായ പന്ത്രണ്ടാം ചതുഷ്പദി മലയാളകവികള്‍ എങ്ങനെ മൊഴിമാറ്റം ചെയ്തിരിക്കുന്നു എന്നു നോക്കാം. ജറാള്‍ഡിന്‍റെ വരികള്‍ ഇപ്രകാരമാണ്.

A Book of verses underneath the Bough,
A jug of wine, a Loaf of Bread-and Thou
Beside me singing in the wilderness-
Oh, Wilderness were Paradise enow!  4

ഈ വരികള്‍ക്ക് മലയാളത്തിലുണ്ടായിട്ടുള്ള പരിഭാഷകളില്‍ നാലെണ്ണം പരിശോധിക്കാം.

1. തേനഞ്ചുന്ന ലഘുകാവ്യം വല്ലതുമാഹാരമല്പം
പാനഭാജനം നിറയെ മധുമധുരം
ഗാനം ചെയ്യും നീയരികെ പാദപത്തണലി,ലയ്യാ!
കാനനവുമെനിക്കെന്നാല്‍ വാനവലോകം5
വിലാസലഹരി - ജി. ശങ്കരക്കുറുപ്പ്
2. രസംപെരിയകാവ്യവും വിജനമാം തരുച്ഛായയും
സുരാഭരിതപാത്രവും ചെറുതുഭോജനം വല്ലതും
അടുത്തു മൃദുഗാനമന്‍പൊടുപൊഴിച്ചു നീയും, പ്രിയേ,
വസിക്കിലിവിടം നമുക്കടവിയെങ്കിലും സ്വര്‍ഗ്ഗമേ! 6
രസികരസായനം - കെ.എം. പണിക്കര്‍
3. ചിന്താസുന്ദരകാവ്യവും ലഘുതരം ഭോജ്യങ്ങളും, ചെന്നിറം
ചിന്തിപ്പൂമ്പതപൊങ്ങി വീഞ്ഞു നിറയും സുസ്ഫാടികക്കിണ്ണവും
പൈന്തേന്‍ നേര്‍മൊഴി, മാമരത്തണലില്‍ നിന്‍ സംഗീതവും ചേരുകില്‍
കാന്താരസ്ഥലിപോലുമിന്നിവനു ഹാ! സ്വര്‍ലോകമാണോമനേ!7
ജീവിതോത്സവം - എം.പി. അപ്പന്‍
4. ഈ വൃക്ഷത്തിന്‍ തണല്‍ത്തണുവിലുണ്ട്
പ്രണയ സ്രോതസ്സാം കാവ്യ പുസ്തകം
ചെന്നിറപ്പൂമ്പത നുരയും
നിത്യ വിശ്വാസത്തിന്‍ വീഞ്ഞുകോപ്പയും
കാന്താരനാദധാരയില്‍ നിത്യവിശ്രുതകാവ്യമാലപിക്കാന്‍
പ്രാണബന്ധുവാം നീ കൂടെയുണ്ടെങ്കില്‍ സര്‍വ്വവും മംഗളം.8
റുബാഇയ്യാത് - ഉമര്‍ തറമേല്‍

ഈ നാല് ഉദാഹരണങ്ങളില്‍ ആദ്യത്തെ മൂന്നും ഫിറ്റ്സ് ജറാള്‍ഡിന്‍റെ പരിഭാഷയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചില പദങ്ങള്‍ വ്യത്യസ്തമെങ്കിലും ആശയപരമായി അവയ്ക്കു കാര്യമായ വ്യത്യാസമില്ല. എന്നാല്‍ നാലാമത്തെ ഉദാഹരണം വേറിട്ടു നില്‍ക്കുന്നു.  A Book of  Verses എന്നതിനെ പ്രണയസ്രോതസ്സാം കാവ്യപുസ്തകം എന്നും A jug of Wine  എന്നത് ചെന്നിറപ്പൂമ്പത നുരയും നിത്യവിശ്വാസത്തിന്‍ വീഞ്ഞുകോപ്പ എന്നും മാറ്റിയിരിക്കുന്നു. മൂലത്തിലെ ഒരു പാത്രം വീഞ്ഞിനെ ഒന്നാമത്തെ ഉദാഹരണത്തില്‍ പാനഭാജനം നിറയെ മധുമധുരം എന്നും മൂന്നാമത്തെ ഉദാഹരണത്തില്‍ ചെന്നിറം ചിന്തി പൂമ്പതപൊങ്ങി വീഞ്ഞു നിറയും സുസ്ഫാടികക്കിണ്ണം എന്നും അടിച്ചുപരത്തിയിട്ടുണ്ട്. മൂന്നാമത്തെ ഉദാഹരണം വളരെ നീണ്ടുപോയിട്ടുണ്ടെങ്കിലും സ്ഫടികപാത്രത്തിലെ വീഞ്ഞ് മനസ്സിലേക്കു കൊണ്ടുവരാന്‍ പറ്റിയ ഒരു വാങ്മയചിത്രമായി അനുഭവപ്പെടുന്നു. അതുകൊണ്ടായിരിക്കണം നാലാമത്തെ ഉദാഹരണത്തില്‍, വളരെ വ്യത്യസ്തമായ ആശയം ഉല്പാദിപ്പിക്കുമ്പോള്‍പോലും ആ ചെന്നിറപ്പൂമ്പത നുരയുന്നത്. ഫിറ്റ്സജറാള്‍ഡ് ഉമര്‍ഖയ്യാമിനോടു കാണിച്ചതരത്തിലുള്ള ഒരു സ്വാതന്ത്ര്യമാണ്  ഉമര്‍തറമേല്‍ ഫിറ്റ്സ്ജറോള്‍ഡിനോടു കാണിച്ചിരിക്കുന്നത്. മലയാളത്തിലുണ്ടായ ഇതര പരിഭാഷകളില്‍നിന്നും വ്യത്യസ്തമായി ഒരു സൂഫി പരിപ്രേക്ഷ്യത്തിലാണ് ഉമര്‍തറമേല്‍ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കാവ്യപുസ്തകം പ്രണയസ്രോതസ്സിന്‍റേതും വീഞ്ഞുകോപ്പ നിത്യവിശ്വാസത്തിന്‍റേതും ആയിത്തീരുന്നത്. പേര്‍ഷ്യന്‍ സൂഫികവിതയോട് നീതി പുലര്‍ത്തുന്നതിനുവേണ്ടിയാണ് ഈ സ്വാതന്ത്ര്യമെടുത്തിട്ടുള്ളതെന്നാണ് പരിഭാഷകന്‍റെ വാദം.

ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നറിയുന്നതിന്, സൂഫിദര്‍ശനം പ്രത്യക്ഷത്തില്‍ തന്നെ തെളിഞ്ഞുകാണാവുന്ന പദ്യത്തിന് വ്യത്യസ്ത പരിഭാഷകര്‍ നല്‍കിയ തര്‍ജ്ജമ പരിശോധിച്ചുനോക്കാം.

There was the Door to which I found no key; 
There was the Veil through which I might not see: 
Some little talk awhile of ME and THEE 
There was - and then no more of THEE and ME 9.

ഈ ചതുഷ്പദിക്ക് മലയാളത്തിലുണ്ടായിട്ടുള്ള നാല് വ്യത്യസ്ത പരിഭാഷകള്‍ കാണുക.

1. താക്കോലി,ല്ലൊരടഞ്ഞ വാതിലവിടെ-
ക്കണ്ടേനകത്തുള്ളതാ-
മൊക്കെക്കാഴ്ചയില്‍ നിന്നകറ്റിയുടനേ കണ്ടൂ തിരശ്ശീലയും
കേള്‍ക്കായുള്ളിലെനിക്കേതോ ഗഹനമാം "ഞാന്‍ നീ" യിദംഭാഷണം
ചിക്കെന്നാമൊഴി മാഞ്ഞപോതിലവിടെക്കേട്ടില്ല മറ്റൊന്നുമേ.10
(ജീവിതോത്സവം - എം.പി. അപ്പന്‍)
2. അകുഞ്ചികമടച്ചതാമൊരു കവാടമെന്‍ മുന്‍പിലു-
ണ്ടഹോ യവനികാപടം മിഴിമറച്ചുതാന്‍ മുന്നിലായ്;
ഇടയ്ക്കു ചെവി പൂകി ഭാഷണമി 'തെന്നെ'യും 'നിന്നെ'യും
കുറിച്ചതുമനന്തരം ക്ഷണനിലീനമായേതിലോ."
രസികരസായനം - സര്‍ദാര്‍ കെ.എം. പണിക്കര്‍
3. വാതിലൊന്നവിടുണ്ടായിരു;ന്നതിന്‍ / 
ചാവിയെങ്ങുമേ കണ്ടെത്തിയില്ല ഞാന്‍;
മുന്‍പില്‍ ഞാലും യവനികയ്ക്കപ്പുറ-
ത്തുള്ളതെന്തെന്നറിഞ്ഞീല കണ്ണുകള്‍;
കേള്‍ക്കുമാറായി 'ഞാന്‍-നീ' മൊഴികളുള്‍-
ച്ചേര്‍ന്നതാമൊരു ഗൂഢഭാഷണം;
തെല്ലുനേരം കഴിഞ്ഞപ്പോഴേക്കു 'ഞാ'-
നില്ലതേവിധം 'നീയു'മില്ലാതെയായ്12 
(റുബാഇയാത്ത് : ഒമര്‍ ഖയ്യാമിന്‍റെ ഗാഥകള്‍ - 
തിരുനല്ലൂര്‍ കരുണാകരന്‍)
4. അടഞ്ഞുകിടക്കുന്നൊരീകവാടം തുറക്കാന്‍
ഏതു താക്കോലെടുക്കണം ഞാന്‍?
അഹത്തിന്‍ ചെറുപ്രതാപം കൊണ്ടെങ്ങിനെ
നിത്യപ്രണയത്തിന്‍ സമുദ്രം കടക്കുമോ?
പ്രാണനാഥേ, ഭേദചിന്തമായാതെങ്ങിനെ
കരകാണാക്കടല്‍ക്കര കാണുമോ?13
(റുബാഇയ്യാത് - ഡോ. ഉമര്‍ തറമേല്‍)

ഈ ഉദാഹരണങ്ങളില്‍, മൂലപാഠത്തോട് ആശയപരമായും സൗന്ദര്യാത്മകമായും ഏറ്റവും നീതി പുലര്‍ത്തുന്നത് തിരുനല്ലൂര്‍ കരുണാകരന്‍റെ വിവര്‍ത്തനമാണെന്നു കാണാം.

ഞാന്‍, നീ എന്നീ ശബ്ദങ്ങള്‍ ദ്വൈതഭാവത്തെക്കുറിക്കുന്നതായും ഞാനും നീയും ഇല്ലാതായിത്തീരുമ്പോള്‍ അഥവാ അവ രണ്ടും ചേര്‍ന്ന് ഒന്നായി മാറുമ്പോള്‍ അത് അദ്വൈതാവസ്ഥയെക്കുറിക്കുന്നതായും സൂഫികള്‍ കരുതുന്നു. ഒരു സൂഫികവിയായ ഉമര്‍ ഖയ്യാമിന്‍റെ കവിതയില്‍ അത്തരമൊരു ആശയം നിലീനമായിരിക്കുന്നത് അസംഗതമല്ല. "പരമാത്മാവിനെ ദര്‍ശിക്കാനായി പോയ കവിക്ക് തുറക്കാന്‍ പാടില്ലാത്ത അടഞ്ഞ വാതിലും തിരശ്ശീലയും പ്രതിബന്ധമായതിനാല്‍ ആ പ്രതിബന്ധങ്ങള്‍ അഹംബുദ്ധിയാണെന്നതും 'ഞാനും' 'നീയും' യഥാക്രമം  ജീവാത്മാവും പരമാത്മാവും ആണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു. ചിലരുടെ അഭിപ്രായത്തില്‍ നാസ്തികനും ചിലരുടെ അഭിപ്രായത്തില്‍ അദ്വൈതവാദിയും ആയിരുന്ന കവിക്ക് ജീവാത്മാവും പരമാത്മാവും രണ്ടില്ലെന്നു വിശ്വാസമുണ്ടായിരുന്നുവെന്നു കരുതാം. 'ഞാന്‍ നീ' സംഭാഷണം അല്പനേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, പിന്നീട് നിശ്ശബ്ദമായി എന്നും പ്രസ്താവിച്ചിരിക്കുന്നതില്‍ നിന്നും ഭിന്നകല്പന അനാവശ്യമാണെന്നും 'അഹം ബ്രഹ്മാസ്മി' എന്ന തത്ത്വസ്ഫുരണം കവിക്കുണ്ടായെന്നും വിചാരിക്കാം."14 എന്ന് എം.പി. അപ്പന്‍റെ പരിഭാഷയ്ക്കു വ്യാഖ്യാനമെഴുതിയ വെള്ളങ്കുളത്തു കരുണാകരന്‍നായര്‍ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

'അകുഞ്ചികമടച്ചതാമൊരു കവാടം' എന്ന സര്‍ദാര്‍ കെ.എം. പണിക്കരുടെ പ്രയോഗം സംസ്കൃതാനഭിജ്ഞര്‍ക്ക് അപ്രാപ്യമായി നില്‍ക്കുന്നു. 'ഞാന്‍' 'നീ' എന്നത് 'എന്നെയും' 'നിന്നെയും' എന്നു പരിഭാഷപ്പെടുത്തിയത് മൂലകൃതിയിലെ പ്രസ്തുതസന്ദര്‍ഭവുമായി യോജിക്കുന്നില്ല. ചതുഷ്പദിയുടെ ആശയസാകല്യം ഈ പരിഭാഷയില്‍ നിന്ന് ഊറിവരുന്നില്ല എന്നതാണ് വസ്തുത.

കണ്ണാടിപോലെ തെളിഞ്ഞ വെള്ളം അതിന്നടിയിലെ കാഴ്ചകളെ എപ്രകാരം വെളിപ്പെടുത്തിത്തരുമോ അതുപോലെ തെളിഞ്ഞ കാഴ്ച പ്രദാനം ചെയ്യുന്നു തിരുനല്ലൂര്‍ കരുണാകരന്‍റെ വിവര്‍ത്തനം. മൂലകൃതിയിലെ ആശയം ഒട്ടും ചോര്‍ന്നുപോകാതെ, എല്ലാ വൈശദ്യങ്ങളോടുംകൂടി തെളിമലയാളത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു അദ്ദേഹം.

'There was the Door to which I found no key എന്ന മൂലപാഠത്തെ 'വാതിലൊന്നവിടുണ്ടായിരു;ന്നതിന്‍ / ചാവിയെങ്ങുമേ കണ്ടെത്തിയില്ല ഞാന്‍' എന്നാണ് തിരുനല്ലൂര്‍ വിവര്‍ത്തനം ചെയ്യുന്നത്. താക്കോലില്ല എന്നല്ല, തനിക്കു കണ്ടെത്താനായില്ലെന്നാണ് മൂലപാഠം. എം.പി. അപ്പനും കെ.എം. പണിക്കരും താക്കോലില്ലാത്ത / താക്കോല്‍ നഷ്ടപ്പെട്ട വാതില്‍ എന്ന മട്ടിലാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ചാവി എന്ന വാക്കാണ്  ഗല്യ എന്നതിനുപകരമായി തിരുനല്ലൂര്‍ ഉപയോഗിച്ചിട്ടുള്ളത്. 'അകുഞ്ചികം' എന്ന വാക്കുമായി  തട്ടിച്ചുനോക്കുമ്പോഴറിയാം ഈ നാടന്‍ പ്രയോഗത്തിന്‍റെ തിളക്കം. മാത്രമല്ല, 'ചാവിയെങ്ങുമേ കണ്ടെത്തിയില്ല ഞാന്‍' എന്നാണ് അദ്ദേഹം പ്രയോഗിച്ചിട്ടുള്ളത്. താക്കോല്‍ കണ്ടെത്താനാവാത്തത് തന്‍റെ പോരായ്കയാണെന്നൊരു സൂചനകൂടി അതിലുണ്ട്. ഒരു സൂഫിയുടെ പരമലക്ഷ്യമായ പരമാത്മദര്‍ശനം ലഭിക്കുന്നതിനുള്ള വഴി അയാള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. അത് തനിക്ക് സാധിച്ചില്ലെന്ന സൂചനയാണ് ഈ വരിയിലുള്ളത്. ആത്മാന്വേഷണത്തിന്‍റെ ആദ്യപടിയെയാണ് ഈ ആദ്യവരി സൂചിപ്പിക്കുന്നത്.

There was the Veil through which I might not see എന്ന വരി 'മുന്‍പില്‍ ഞാലും യവനികയ്ക്കപ്പുറ/ത്തുള്ളതെന്തെന്നറിഞ്ഞീല കണ്ണുകള്‍ എന്നാണ് തിരുനല്ലൂരിന്‍റെ പരിഭാഷ. സത്യദര്‍ശനത്തെ മറയ്ക്കുന്ന veil എന്നത് സൂഫിസാഹിത്യത്തില്‍ സാധാരണമായ ഒരു പ്രതീകമാണ്. അത് അഹംബോധമാകാം, സ്വന്തം ശരീരത്തിന്‍റെ ഇച്ഛകളാകാം (carnal pleasures). ഈ യവനികയെ വകഞ്ഞുമാറ്റാന്‍ കഴിഞ്ഞാലേ അതിനപ്പുറത്തുള്ളതെന്തെന്നറിയാനാവൂ. 

Some little talk a while of ME and THEE എന്നതിനെ കേള്‍ക്കുമാറായി 'ഞാന്‍ - നീ' മൊഴികളുള്‍/ച്ചേര്‍ന്നതാമൊരു ഗൂഢഭാഷണം എന്നും There was - and then no more of THEE and ME  എന്നത് 'തെല്ലുനേരം കഴിഞ്ഞപ്പോഴേക്കു 'ഞാ'- /നില്ലതേവിധം 'നീ'യുമില്ലാതെയായ് എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു.

ഒരു സൂഫിയുടെ ജീവിതത്തിന്‍റെ വ്യത്യസ്തഘട്ടങ്ങള്‍ ഈയൊരു ചതുഷ്പദിയില്‍ വിദഗ്ധമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നത് നിപുണശ്രോത്രങ്ങള്‍ക്ക് കേള്‍ക്കാം. ആത്മീയയാത്രയുടെ തുടക്കത്തില്‍ വഴികാണാതെ ഉഴലുന്ന സഞ്ചാരിയെ ആദ്യവരിയില്‍ കണ്ടെത്താം. വാതിലുണ്ട്, പക്ഷേ തുറക്കാനുള്ള താക്കോല്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രമല്ല യവനിക കാഴ്ചകളെ മറച്ചുകൊണ്ട് സ്ഥിതിചെയ്യുന്നുണ്ട്. സൃഷ്ടിയും സ്രഷ്ടാവും എന്ന ദ്വൈതഭാവത്തില്‍ ലോകത്തെ മനസ്സിലാക്കുന്ന ഘട്ടമാണ് അടുത്തത്. അവസാനം ഈ ദ്വൈതഭാവം വെടിഞ്ഞ് അദ്വൈതത്തിലെത്തുന്നു.

തെല്ലുനേരം കഴിഞ്ഞപ്പോഴേക്കു 'ഞാ'നില്ല. 'ഞാന്‍' എന്ന ബോധം അവിടെ പൊഴിച്ചുകളയുന്നു. 'ഞാന്‍' ഇല്ലാതാകുമ്പോള്‍ സ്വാഭാവികമായും 'നീ'യും ഇല്ലാതെയാകുന്നു. അഥവാ രണ്ടും ഒന്നാകുന്നു. ഈയവസ്ഥയെയാണ് സൂഫികള്‍ 'അനല്‍ ഹഖ്' എന്നു വിശേഷിപ്പിച്ചിരുന്നത്. ഭാരതീയ രീതിയനുസരിച്ച് 'അഹം ബ്രഹ്മാസ്മി' എന്നു സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. തിരുനല്ലൂരിന്‍റെ വിവര്‍ത്തനം ഈ വസ്തുതകളെയാകെ ഉള്‍ക്കൊള്ളുന്നുണ്ട്. അത് നിതരാം വെളിവാക്കുന്നുമുണ്ട്.

ഇനി നാലാമത്തെ ഉദാഹരണം പരിശോധിക്കാം. ഡോ. ഉമര്‍ തറമേലിന്‍റെ പരിഭാഷയ്ക്ക് ഫിറ്റ്സ് ജറാള്‍ഡിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനവുമായി കാര്യമായ ബന്ധം കാണുന്നില്ല. ഇംഗ്ലീഷ് മൂലത്തിന്‍റെ പൊട്ടും പൊടിയും അവിടവിടെ കാണാമെന്നതൊഴിച്ചാല്‍ സ്വകപോലകല്പിതമാണ് അദ്ദേഹത്തിന്‍റെ പരിഭാഷ. 'അടഞ്ഞുകിടക്കുന്ന കവാടം' 'താക്കോല്‍' എന്നീ വാക്കുകള്‍ മാത്രമാണ് മൂലത്തില്‍നിന്നും നേരിട്ട് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

'മൂലസംസ്കൃതിയുടെ പാഠസംസ്കാരത്തെ അനാവൃതമാക്കാന്‍ പോന്നവണ്ണം ഈ പരിഭാഷയില്‍ ചില സ്വാതന്ത്ര്യം കൂടുതലെടുത്തിട്ടുണ്ട്. സുഖവാദസമീക്ഷയിലേക്ക് ഫിറ്റ്സ് ജെറാള്‍ഡ് രൂപപ്പെടുത്തിയെടുത്ത ചതുഷ്പദികള്‍ പലതിനേയും അറബി/പേര്‍ഷ്യന്‍ സൂഫി സൂചകങ്ങളുപയോഗിച്ച് വിമോചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.'15 എന്ന് ഡോ. ഉമര്‍ തറമേല്‍ തന്‍റെ പരിഭാഷയുടെ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ മേലുദ്ധരിച്ച അദ്ദേഹത്തിന്‍റെ പദ്യം നോക്കൂ. ഇതില്‍ അങ്ങനെയൊരു ദുഃസ്വാതന്ത്ര്യത്തിന്‍റെ ആവശ്യമുണ്ടായിരുന്നോ? സൂഫിരീതിയില്‍ വ്യാഖ്യാന സാധ്യതയുള്ള വരികളാണ് ഫിറ്റ്സ് ജെറാള്‍ഡ് തന്നെ എഴുതിയിട്ടുള്ളത്. തിരുനല്ലൂര്‍ എത്ര മനോഹരമായിട്ടാണ് അതിനെ വിവര്‍ത്തനം ചെയ്തിട്ടുള്ളത്! 'അഹത്തിന്‍ ചെറുപ്രതാപം', 'നിത്യപ്രണയതത്തിന്‍ സമുദ്രം', 'പ്രാണനാഥ', 'കരകാണാക്കടല്‍ക്കര' തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് ആധാരമെന്ത്? മൂലത്തില്‍ ഇത്തരം പ്രയോഗങ്ങളൊന്നുമില്ലല്ലോ. 

പരിഭാഷകന് എടുക്കാവുന്ന സ്വാതന്ത്ര്യത്തിന്‍റെ പരിധിയെന്ത് എന്ന ഒരു ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം. ഫിറ്റ്സ്ജറാള്‍ഡ് ഉമര്‍ഖയ്യാമിനോടു കാണിച്ച നീതികേട് പക്ഷേ, അദ്ദേഹത്തിന്‍റെ കവിപ്രതിഭകൊണ്ട് സാധൂകരിക്കപ്പെടുന്നുണ്ട്. 'ആശയത്തിനു വ്യത്യാസം വരുത്തുന്നതിനു മാത്രമല്ല, മൂലത്തിലില്ലാത്ത ശ്ലോകങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിനും വിവര്‍ത്തകന്‍ മടിച്ചിട്ടില്ല' എന്നും 'ആശയങ്ങള്‍ സംക്ഷേപിച്ച് സ്വതന്ത്രവും കൂടുതല്‍ മനോഹരവും ആയി തര്‍ജ്ജമ ചെയ്യുന്നതിനാണ് ഫിറ്റ്സ്ജൊറാള്‍ഡ് യത്നിച്ചിട്ടുള്ളത്' എന്നും വെള്ളങ്കുളത്ത് കരുണാകരന്‍ നായര്‍ നിരീക്ഷിച്ചിട്ടുണ്ട്.16 അവിടെ ആശയവ്യത്യാസം സംഭവിക്കുമ്പോഴും കവിത കൂടുതല്‍ മനോഹരമാകുന്നുണ്ട്. ഇവിടെ അതു സംഭവിക്കുന്നില്ല, പകരം കൂടുതല്‍ ക്ലിഷ്ടമായിത്തീരുന്നുണ്ട് താനും.

മറ്റൊരു ഉദാഹരണത്തിലൂടെ ഇത് കൂടുതല്‍ സ്പഷ്ടമാക്കാം. റുബാഇയ്യാത്തിലെ പ്രസിദ്ധമായ 24-ാം പദ്യം:

Ah, make the most of what we yet may spend,
Before we too into the Dust descend;
Dust into Dust, and under Dust to lie,
Sans Wine, sans Song, Sans Singer, and - Sans End!

വ്യത്യസ്ത കവികള്‍ എങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്നു കാണുക.

1. ഈ മണ്‍കോലമുടഞ്ഞു മണ്‍തരികളായ്
മാറുന്നതിന്‍ മുന്നമേ
നാമാനന്ദ സുധാരസം നുകരണം
ശേഷിച്ച നാളെങ്കിലും;
പാഴ്മണല്‍ മേനി മറഞ്ഞു മണ്ണിനടിയില്‍
മണ്ണാകവേ മദ്യമി-
ല്ലോമല്‍ഗാനവുമില്ല ഗായകനുമി-
ല്ലന്ത്യത്തിലില്ലൊന്നുമേ.18
(ജീവിതോത്സവം - എം.പി. അപ്പന്‍)
2. വൃഥാകളയൊലാ നമുക്കിനിയുമുള്ള നാള്‍ ചത്തുമ-
ണ്ണടിഞ്ഞിടുവതിന്നകം ചെലവഴിക്കയാകും പടി;
മനുഷ്യനുടല്‍ മണ്ണുതാ, നടിയുമങ്ങു മണ്ണില്‍ സ്വയം
വിനാമധു, വിഗായകം, വിഗതഗാന, മന്തം മിനാ.19
(രസികരസായനം - കെ.എം. പണിക്കര്‍)
3. മിച്ചമുള്ളതു നാം വരും നാള്‍കളില്‍
മെച്ചമായ് വ്യയം ചെയ്തുകൊണ്ടാവതും
പുര്‍ണ്ണകാമരായ്ത്തീരണം, നമ്മളും
പൂഴിയില്‍ച്ചേര്‍ന്നു മായുന്നതിന്നകം;
മണ്ണു മണ്ണോടു ചേരുന്നു; നാമിനി-
ച്ചെന്നു മണ്ണിന്നടിയില്‍ക്കിടക്കണം;
ഇല്ല താന്‍ മധുപാനവും ഗാനവു-
മില്ല ഗായക, നില്ലവസാനവും.20
(റുബാഇയാത് ഒമര്‍ഖയ്യാമിന്‍റെ ഗാഥകള്‍ - ഗാഥകള്‍0തിരുനല്ലൂര്‍ കരുണാകരന്‍)
4. ഈ തനുവുടഞ്ഞ് മണ്‍പുറ്റായ് മാറും
മദനോത്സവത്തിന്‍ മധുരസം മായും
ശേഷം വീഞ്ഞിന്‍ നറുചവര്‍പ്പു വറ്റും
പിന്നെ, സംഗീതമില്ല, ഗായകനുമില്ല
അനാഹതമൃതിയില്‍ വിരിയും നിരാനന്ദസുഖം.21
(റുബാഇയാത് - ഡോ. ഉമര്‍ തറമേല്‍)

ഈ ഉദാഹരണങ്ങള്‍ ശ്രദ്ധിച്ചുവായിച്ചാല്‍, ഉമര്‍ ഖയ്യാമിനെ ആനന്ദവാദിയായിട്ടാണ് ഫിറ്റ്സ്ജറാള്‍ഡ് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എന്ന വസ്തുത നിരാസ്പദമാണെന്നു ബോധ്യപ്പെടും. വിവര്‍ത്തകര്‍ അവരവരുടെ പക്ഷപാതം/ സ്വന്തം രാഷ്ട്രീയം കലര്‍ത്തുകവഴിയാണ് വിവര്‍ത്തനങ്ങള്‍ക്ക് ഓരോരോ ഛായ വന്നുകൂടുന്നത്. മണ്ണടിയുന്നതിനുമുമ്പ് 'ആനന്ദസുധാരസം നുകരണം' എന്ന് ഇംഗ്ലീഷ് മൂലത്തില്‍ ഇല്ല. അത് എം.പി. അപ്പന്‍ മനോധര്‍മ്മം പ്രയോഗിച്ചതാണ്. 'മിച്ചമുള്ളത് വരും നാള്‍കളില്‍ മെച്ചമായ് വ്യയം ചെയ്യണം' എന്ന തിരുനല്ലൂരിന്‍റെ പരിഭാഷ എത്ര ഉചിതമായിരിക്കുന്നു! 'വ്യയം ചെയ്തുകൊണ്ടാവതും പൂര്‍ണകാമരായ്ത്തീരണം' എന്നുകൂടി അദ്ദേഹം പ്രയോഗിക്കുന്നുണ്ട്. ഫിറ്റ്സ്ജറാള്‍ഡിന്‍റെ പരിഭാഷപോലെതന്നെ വ്യത്യസ്തമായ വ്യാഖ്യാനസാധ്യതകള്‍ തുറന്നിടുന്നതാണ് തിരുനല്ലൂരിന്‍റെ തര്‍ജ്ജമയും. 'മെച്ചമായ് വ്യയം ചെയ്തുകൊണ്ടാവതും പൂര്‍ണകാമരായ്ത്തീരണം' എന്നതിനെ ആനന്ദവാദ (വലറീിശാെ) ത്തിന്‍റെ അടിസ്ഥാനത്തിലും സൂഫിരീതിയിലും വ്യാഖ്യാനിക്കാം. ഒന്നുകില്‍ വ്യയം ചെയ്തുകൊണ്ട് 'ആനന്ദസുധാരസം' നുകരാം, ശേഷിച്ച നാളുകളില്‍. അല്ലെങ്കില്‍ തനിക്കുള്ളതെല്ലാം ദാനം ചെയ്ത് പൂര്‍ണസംതൃപ്തിയോടെ പരമാത്മപാദങ്ങളില്‍ സ്വയം അര്‍പ്പിക്കാം. അങ്ങനെയുള്ള നിരവധി ഉദാഹരണങ്ങള്‍ സൂഫിചരിത്രത്തില്‍ കാണാം. ഇബ്രാഹിം ഇബ്നു അദ്ഹം, ഫരീദുദ്ദീന്‍ അത്താര്‍, അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയ പേരുകള്‍ ഇവിടെ ഓര്‍ക്കാം. ഫരീദുദ്ദീന്‍ അത്താര്‍ സൂഫിയായി മാറിയതിനുപിന്നിലെ പ്രേരണയായ സംഭവം ഒരു ലേഖനമായി വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്.22

പൂര്‍ണകാമന്‍ എന്ന പദം സൂഫിസത്തിലെ 'പൂര്‍ണമനുഷ്യന്‍' (കിമെി ൗഹ ഗമാശഹ) എന്ന ആശയത്തെക്കൂടി ഓര്‍മിപ്പിക്കുന്നു. എല്ലാം തികഞ്ഞ പരിപൂര്‍ണനായ മനുഷ്യന്‍ എന്നത് സൂഫികളുടെ ഒരു സങ്കല്പമാണ്. സൂഫികള്‍ പ്രവാചകനായ മുഹമ്മദ് നബിയെയാണ് പൂര്‍ണമനുഷ്യനായി കാണുന്നത്.

തിരുനല്ലൂരിന്‍റെ പരിഭാഷ ഈവിധം ചിന്തകളുണര്‍ത്തുന്നതിനു സമര്‍ഥമായിരിക്കുന്നു. പരമാവധി മലയാളപദങ്ങളുപയോഗിച്ച് മൂലപാഠത്തോട് ആകാവുന്നത്ര വിശ്വസ്തത പുലര്‍ത്തിക്കൊണ്ടാണ് അദ്ദേഹം തന്‍റെ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്.

എം.പി. അപ്പന്‍റെ പരിഭാഷ കാവ്യഭംഗിയാല്‍ സ്വതന്ത്രകാവ്യംപോലെയായിത്തീര്‍ന്നിട്ടുണ്ട്.  എങ്കിലും തിരുനല്ലൂരിന്‍റെ വരികള്‍ക്കു തുല്യമായ ആശയഗഹനത അവയ്ക്കില്ലെന്നു സമ്മതിക്കണം. കെ.എം. പണിക്കരുടെ 'വിനാമധു, വിഗായകം, വിഗതഗാന, മന്തം വിനാ' എന്ന വരി കേട്ടാല്‍ അന്തംവിട്ടുപോകും. ഇതിനെ മലയാള പരിഭാഷ എന്ന് എങ്ങനെ വിളിക്കാനാകും?

നാലാമത്തെ ഉദാഹരണത്തില്‍ 'ഈ തനുവുടഞ്ഞ് മണ്‍പുറ്റായ് മാറ്റും' എന്നു പറയുന്നു. 'മണ്‍പുറ്റ്' എന്ന പ്രയോഗം മൂലശ്ലോകവുമായി ബന്ധമില്ലാത്തതാണെന്നു മാത്രമല്ല, അതുകൊണ്ട് വിശേഷിച്ച് എന്താശയമാണ് സംവേദനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. 'മദനോത്സവം, മധുരസം', 'വീഞ്ഞിന്‍ നറുചവര്‍പ്പ്,' 'അനാഹതമൃതി' 'നിരാനന്ദസുഖം' തുടങ്ങി ഉമര്‍ തറമേല്‍ പ്രയോഗിക്കുന്ന വാക്കുകളെല്ലാം നിരാസ്പദങ്ങളാണ്. മനുഷ്യന്‍ മണ്ണായിത്തീര്‍ന്നാല്‍ പിന്നെ മധുപാനമില്ല, ഗാനമില്ല, ഗായകനില്ല, അവസാനവുമില്ല എന്ന് നിഷേധസ്വരത്തിലാണ് മൂലശ്ലോകം അവസാനിക്കുന്നത്. 'അനാഹതമൃതിയില്‍ വിരിയും നിരാനന്ദസുഖം' ആണ് അവശേഷിക്കുക എന്ന മട്ടില്‍ ധനാത്മകമായാണ് ഉമര്‍ തറമേലിന്‍റെ പദ്യം അവസാനിക്കുന്നത്. ഒരു ശരാശരി മലയാളിക്ക് ഗ്രഹിക്കാന്‍ പ്രയാസമായ രീതിയില്‍ സംസ്കൃതജടിലമായി പരിഭാഷ നിര്‍വഹിക്കുക വഴി മറ്റു പരിഭാഷകളില്‍ ഉണ്ടെന്ന് അദ്ദേഹം കരുതുന്ന 'കോളനീകൃതയുക്തിയുടെ സ്പര്‍ശങ്ങളെ' മറികടക്കാന്‍ സാധിക്കുമോ? 'വിക്ടോറിയന്‍ രാഷ്ട്രീയ യുക്തിയുടെയും യൂറോപ്യന്‍ സുഖവാദചിന്തകളുടെ (ഒലറീിശാെ) യും പരിസരത്തു വിടര്‍ന്ന ഫിറ്റ്സ്ജെറാള്‍ഡിന്‍റെ പരിഭാഷ പേര്‍ഷ്യന്‍ സംസ്കൃതിക്കു മുമ്പില്‍ ഒരു തിരശ്ശീലയായി മാറുന്നുണ്ട്.23 എന്ന അദ്ദേഹത്തിന്‍റെ അഭിപ്രായവും സന്ദേഹാസ്പദമാണ്.'

ഫിറ്റ്സ്ജെറാള്‍ഡിന്‍റെ പല ചതുഷ്പദികളും മൂലപാഠത്തിലില്ലാത്തതാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും ഒമര്‍ ഖയ്യാമിന്‍റെ തത്ത്വചിന്തയില്‍നിന്ന് അദ്ദേഹം കാര്യമായി വ്യതിചലിച്ചിട്ടില്ലെന്നാണ് പണ്ഡിതമതം.24 അങ്ങനെയിരിക്കേ, ഡോ. ഉമര്‍ തറമേല്‍ തന്‍റെ പരിഭാഷയില്‍ കാണിച്ചിട്ടുള്ള സ്വാതന്ത്ര്യം നിരുപയോഗമെന്നു മാത്രമല്ല, അനാവശ്യവുമാണ്. ഉമര്‍ ഖയ്യാമിന്‍റെ കവിതയില്‍ ഉള്ളടങ്ങിയ ആധ്യാത്മികമൂല്യങ്ങളെ സമര്‍ഥമായ പരിഭാഷയിലൂടെ എങ്ങനെ വെളിപ്പെടുത്താമെന്ന് തിരുനല്ലൂര്‍ കരുണാകരന്‍ തെളിയിക്കുന്നു. പരിഭാഷകന് സ്വന്തം രാഷ്ട്രീയമുണ്ടാകാം. പക്ഷ, ഈ രാഷ്ട്രീയം വെളിപ്പെടുത്തുന്നതിനുള്ള വാഹനമായി തര്‍ജ്ജമയെ ഉപയോഗിക്കാമോ?

വിവര്‍ത്തനത്തിന് അവശ്യം വേണ്ട ഘടകങ്ങള്‍ സുഗ്രാഹ്യത, വിശ്വാസ്യത, തത്തുല്യത, സൗന്ദര്യാത്മകത, സംക്ഷിപ്തത, സൂക്ഷ്മത എന്നിവയും ഒഴിവാക്കേണ്ട ദോഷങ്ങള്‍ ദുരൂഹത, അവിശ്വാസ്യത, വിസ്താരം, സൗന്ദര്യഹീനത എന്നിവയുമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.25 ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍, മലയാളത്തിലുണ്ടായ റുബാഇയാത് വിവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്നത് തിരുനല്ലൂര്‍ കരുണാകരന്‍റെ വിവര്‍ത്തനമാണെന്നു കാണാം.

കുറിപ്പുകള്‍

1. Eugene A. Nida,  'Towards Translation as a science', 1964 
2. ആത്മന്‍, എ.വി, 'റുബാഇയാത്ത്: വിവര്‍ത്തനങ്ങളുടെ അകവും പുറവും', വൈദ്യശസ്ത്രം സൂഫിസം പതിപ്പ്, 2008 ജൂണ്‍.
3. ടി.
4. എം.പി. അപ്പന്‍, ജീവിതോത്സവം, കുടമാളൂര്‍: ശ്രീ സേതുപാര്‍വ്വതീബായി ലൈബ്രറി, 1945, പു.12
5. ജി. ശങ്കരക്കുറുപ്പ്, ജി.യുടെ കവിതകള്‍ സമ്പൂര്‍ണം, കോട്ടയം: ഡി.സി. ബുക്സ്, 1999, പു. 7
6. കെ.എം. പണിക്കര്‍,  തൃശൂര്‍: മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്, 1961, പു. 7
7. എം.പി. അപ്പന്‍, 1945, പു. 12
8. ഉമര്‍ തറമേല്‍, റുബാഇയ്യാത് (പരി.), കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ്, 2005, പു. 36.
9. എം.പി. അപ്പന്‍, 1945, പു. 32
10. ടി.
11. കെ.എം. പണിക്കര്‍, 1961, പു. 17
12. തിരുനല്ലൂര്‍ കരുണാകരന്‍, റുബാഇയാത്ത് - ഒമര്‍ ഖയ്യാമിന്‍റെ ഗാഥകള്‍, കോട്ടയം: ഡി.സി. ബുക്സ്, 2011, പു. 50.
13. ഉമര്‍ തറമേല്‍, 2005, പു. 53
14. എം.പി. അപ്പന്‍, 1945, പു. 32
15. ഉമര്‍ തറമേല്‍, 2005, പു. 15
16. എം.പി. അപ്പന്‍, 1945, പു. 15
17. കെ.എം. പണിക്കര്‍, 1961, പു. 13
18. എം.പി. അപ്പന്‍, 1945, പു. 24
19. കെ.എം. പണിക്കര്‍, 1961, പു. 13
20. തിരുനല്ലൂര്‍ കരുണാകരന്‍, 2011, പു: 42
21. ഉമര്‍ തറമേല്‍, 2005, പു. 45
22. വൈക്കം മുഹമ്മദ് ബഷീര്‍, ഫരീദുദ്ദീന്‍ അത്താര്‍ (ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1940, മെയ് 26.
23. ഉമര്‍ തറമേല്‍, 2005, പു. 15
24. തിരുനല്ലൂര്‍ കരുണാകരന്‍, 2011, പു. 9
25. ഡോ. എന്‍.ഇ. വിശ്വനാഥ അയ്യര്‍, വിവര്‍ത്തനവിചാരം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1996, പു. 10.

സഹായകഗ്രന്ഥങ്ങള്‍

അപ്പന്‍, എം.പി. ജീവിതോത്സവം, കുടമാളൂര്‍: ശ്രീ സേതുപാര്‍വ്വതീബായി ലൈബ്രറി, 1945
ഉമര്‍ തറമേല്‍, റുബാഇയ്യാത് (പരി.), കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ്, 2005.
പണിക്കര്‍, കെ.എം. രസികരസായനം, തൃശൂര്‍: മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്, 1961
കരുണാകരന്‍, തിരുനല്ലൂര്‍. റുബാഇയ്യാത് - ഒമര്‍ ഖയ്യാമിന്‍റെ ഗാഥകള്‍, കോട്ടയം: ഡി.സി. ബുക്സ്, 2011
വിശ്വനാഥ അയ്യര്‍, എന്‍.ഇ. (ഡോ.) വിവര്‍ത്തന വിചാരം, തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1996.
Schimmel, Annemarie.  Mystical Dimensions of Islam, Chapel Hill: The University of North Carolina Press, 1975.
ഡോ. അബ്ദുള്‍ ഗഫൂര്‍ പി
അസോസിയേറ്റ് പ്രൊഫസര്‍
മലയാള വിഭാഗം
ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്
കോഴിക്കോട്
Email: gafoormayookh@gmail.com
Ph: +91 9446146632