MoinKutty Vaidyar and Medical Science: “A therapeutic reading of 'Salasil'

Dr. M.A Siddeek

This study analyses the therapeutic factors present in Salasil written by the eminent poet laureate Moinkutty Vaidyar .it is investigated through a novel prospective and the framework used for this process can be named as Literary Therapy. In the poem 'Savithri' Vyloppilli communicated the idea that poems serve us 'spiritual healers' and it is just like a treatment for human. Similarly Mary Snider explained about the five components of a poem as therapeutic elements. This study points out that these constituents are included in 'Salasil'.In order to provide an accurate explanation it also exams the five necessary qualities a therapist must possess.

Keywords: therapeutic imagination, rational secularism, spiritual secularism, literary therapy, poetic intelligence, linguistic epistems, reverie, shalom, instrumentalisation

Dr. M.A Siddeek
Assistant Professor
Department of Malayalam
Kerala University
Karyavattam
Po: 695581
India
Ph:91 9447125202
Email: masiddeek28@gmail.com

മോയിന്‍കുട്ടി വൈദ്യരും ആരോഗ്യശാസ്ത്രവും: 'സലാസില്‍' ഒരു തെറാപ്യൂട്ടിക് വായന 

ഡോ. എം.എ. സിദ്ദീഖ്

കവിതയുടെ രൂപപരമായ അതിര്‍ത്തികള്‍ മുറിച്ചുകടന്ന് വൈവിധ്യപൂര്‍ണമായ അനേകം അവതരണങ്ങള്‍ക്കു വിധേയമായവയാണ് മോയിന്‍കുട്ടിവൈദ്യരുടെ കൃതികള്‍. ഏതാണ്ടെല്ലാ സാഹിത്യരൂപങ്ങളിലൂടെയും എല്ലാ മാധ്യമങ്ങളിലൂടെയും അവ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.  കവിയുടെ കാലത്തു നിലവിലിരുന്നതോ പില്‍ക്കാലത്തു പ്രചാരത്തില്‍ വന്നതോ ആയ ചില കലാരൂപങ്ങളില്‍ അവ ചെലുത്തിയ സ്വാധീനത്തിന്‍റെ സ്വഭാവവും വ്യാപ്തിയും പഠിക്കപ്പെട്ടിട്ടുമുണ്ട്.1

സാമുദായികസ്വഭാവം മാത്രമാണ് വൈദ്യര്‍ കൃതികളെ വ്യാപകമാക്കിയതെന്ന  തീര്‍പ്പ് സാഹിത്യചരിത്രപരമായി ശരിയല്ല.  അത്തരം അംശങ്ങള്‍, വൈകാരികമായി അവയ്ക്കു ചില സ്വീകാര്യതകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെങ്കിലും കാലം, ഭാഷ, പ്രമേയം, കെട്ടുമുറ, ഊര്‍ജ്ജം മുതലായി ആ കവിതകളുടെ ഓജസ്സിനു നിദാനമായിരിക്കുന്ന ഘടകങ്ങളാണ്  വൈദ്യര്‍കൃതികളുടെ യഥാര്‍ത്ഥ സ്വീകാര്യതയ്ക്കു കാരണം. കഥ പഴയതായിരിക്കെത്തന്നെ അതിനെ നിര്‍മ്മിച്ചെടുക്കുന്ന 'സങ്കല്പങ്ങളുടെ സമകാലികത' യാണ് വൈദ്യരെ ഇത്ര ജനകീയനാക്കി മാറ്റിയത്. 

കാട്ടുപൂവും മാണിക്യക്കല്ലും

വൈദ്യര്‍കവിതയുടെ ഊര്‍ജ്ജം നിലകൊള്ളുന്നത്  കാവ്യാര്‍ത്ഥങ്ങളുടെ   നിയോക്ലാസിക് പരമാധികാരത്തിനുള്ളിലല്ല; മനുഷ്യമനസ്സിനെയും മനുഷ്യശരീരത്തെയും പിടിച്ചുലയ്ക്കുന്ന ചിലവികാരങ്ങളുടെ വിദഗ്ദ്ധമായ മേളനങ്ങളിലാണ്.2 തന്‍റെ ഓരോകൃതിയിലും ഓരോ തരത്തിലാണ് വൈദ്യര്‍ ഈ വികാരങ്ങളെ  ആവിഷ്കരിച്ചിട്ടുള്ളത്.  കാവ്യശരീരത്തിനകത്ത്, സ്ഥലകാലങ്ങളെ വൈദ്യര്‍ പ്രതിഷ്ഠിച്ചത് സുനിശ്ചിതമായ ഭൂമിശാസ്ത്രത്തിനകത്തല്ല (ആശാന്‍ ചെയ്തതുപോലെ); തന്‍റെയും, തന്‍റെ കവിതകള്‍ ആസ്വദിക്കുന്നവരുടെയും സ്വതന്ത്രമാനസികാവസ്ഥയ്ക്കകത്താണ്.  പത്തൊന്‍പതാം നൂറ്റാണ്ടവസാനം ഇങ്ങനെ ഒരു മനശ്ശാസ്ത്രമുപയോഗിച്ച്  മലബാറിന്‍റെ കാല്പനികതയില്‍ അദ്ദേഹത്തിന് ഇടപെടാന്‍ കഴിഞ്ഞത് സൗന്ദര്യനീതിയെപ്പറ്റി അത്ര ഉദാരമായ കാഴ്ചപ്പാട് അന്നവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്. 

ഇത്, മില്ലര്‍ (ഞീിമഹറ ഋ. ങശഹഹലൃ) പ്രകടിപ്പിച്ചിട്ടുള്ള ഒരു അഭിപ്രായത്തിനു വിരുദ്ധമായ സംഗതിയാണ്.  'മാപ്പിളമുസ്ലിംകള്‍' എന്ന തന്‍റെ കൃതിയില്‍3 അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു: "പൊതുവിദ്യാഭ്യാസത്തിന്‍റെ അഭാവംകൊണ്ട് ഇരുപതാംനൂറ്റാണ്ടുവരെ മാപ്പിളസമുദായത്തില്‍ സാഹിത്യത്തിന് അത്രസ്വാധീനമില്ലായിരുന്നു. മാപ്പിളസാഹിത്യകാരന്‍മാരും കുറവായിരുന്നു.  മാത്രമല്ല, മാപ്പിള സാഹിത്യത്തില്‍ മുന്‍തൂക്കം മതപരമായ കൃതികള്‍ക്കായിരുന്നു. പരമ്പരാഗതവീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നവയായിരുന്നു അവ."

പൊതുവിദ്യാഭ്യാസമെന്ന് മില്ലര്‍ ഉദ്ദേശിക്കുന്നത് ആധുനിക വിദ്യാഭ്യാസമൂല്യത്തെയാണ്.  അതിന്‍റെ സംരക്ഷണയില്‍ ഉയര്‍ന്നുവന്ന പുതിയ മുഖ്യധാരാസാഹിത്യത്തെ മനസ്സില്‍ വച്ചുകൊണ്ടാണ് മില്ലര്‍ ഇതു പറയുന്നത്.  എന്നാല്‍, സാഹിത്യത്തിന്‍റെ കേവലവും പരിമിതവുമായ ഈ സാമൂഹിക ശാസ്ത്രത്തെ സാഹിത്യചരിത്രവിജ്ഞാനീയം ഇന്ന് അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ സാഹിത്യത്തെ സംബന്ധിച്ച്  അതുള്‍ക്കൊള്ളുന്ന സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളെ  ഏതെങ്കിലുമൊരു ആധുനികസാഹിത്യമാതൃകയിലേക്ക് കള്ളിതിരിക്കാനും പറ്റില്ല.4

സാംസ്കാരത്തെയും സര്‍ഗാത്മകതയെയും പരസ്പരം ബന്ധിപ്പിക്കുന്ന വിശാലമായ ഘടകങ്ങള്‍ മുന്‍നിര്‍ത്തിനോക്കുമ്പോള്‍ ഭാഷ, ദേശം, സമുദായം മുതലായ പരിമിതികളെക്കാള്‍ മുന്തിയ സ്ഥാനമാണ് മാനസികമായ അനുഭൂതികള്‍ക്കു കൊടുക്കേണ്ടത്.  ആധുനികപൊതുവിദ്യാഭ്യാസത്തിന്‍റെ വരവോടെ, മതനിരപേക്ഷമായ (ൃമശേീിമഹഹ്യ ലെരൗഹമൃ) ഒരു സാഹിത്യാവബോധം മലബാറിലും (മറ്റെല്ലായിടത്തുമെന്നപോലെ)പ്രചരിച്ചു എന്നത് നേരാണ്.  എന്നാല്‍, കൊളോണിയല്‍ വിദ്യാഭ്യാസബോധത്തിനും വളരെമുന്നേതന്നെ, നൂറ്റാണ്ടുകളായി നിലനിന്ന തികച്ചും മതേതരമായ (ുശെൃശൗമേഹഹ്യ ലെരൗമഹൃ) ഒരു സാമൂഹികാന്തരീക്ഷം മലബാറിലുണ്ടായിരുന്നു. ഖാളി മുഹമ്മദിന്‍റെ ഫത്ഹുല്‍മുബീന്‍ അതിനു തെളിവാണ്. 

മോയിന്‍കുട്ടിവൈദ്യരുടെ ജീവിതത്തെയും കൃതികളെയും പരിശോധിക്കുമ്പോള്‍, ചരിത്രപരമായ ഈ മതേതര ദാര്‍ശനികത വിട്ടുപോകാന്‍  പാടില്ലാത്തതാണ്. യുക്തിപരമായ ആധുനികതയിലേക്ക് നാം പുരോഗമിച്ചതോടുകൂടി കാല്പനികമായ ആധുനികതയും അതിന്‍റെ അനുഭൂതികളും ഭാവനാലോകവുമെല്ലാം ഉപേക്ഷിക്കപ്പെടേണ്ടതായി എന്ന വാദത്തിന് വെല്ലുവിളിയുമാണ് വൈദ്യര്‍കൃതികള്‍.  ഈ രണ്ടു കാര്യങ്ങളും (കേവല സാമുദായികമല്ല വൈദ്യര്‍കൃതികള്‍, പാരമ്പര്യകാല്പനികയല്ല അവയിലെ അനുഭൂതികള്‍)മറ്റൊരന്വേഷണത്തിലേക്കുകൂടി വാതില്‍തുറന്നിടുന്നുണ്ട്.  വൈദ്യര്‍കൃതികളുടെ ജ്ഞാനശാസ്ത്രപരമായ) നിര്‍ദ്ധാരണമാണത്.  അങ്ങനെയൊരു വായനയാണ് വൈദ്യര്‍കൃതികളിലെ തെറാപ്യൂട്ടിക്  ഘടകങ്ങളെ ഇഴപിരിച്ചെടുക്കുക എന്നുള്ളത്.

സാഹിതീയ ചികിത്സാവിദ്യ

ലിറ്റെററി തെറാപ്പി എന്നു പേരിടാവുന്ന പുതിയ സമീപനമാണ് ഇങ്ങനെയൊരു വായനയെ സാധ്യമാക്കുന്നത്. 'അകമേ പരിണാമം വരുത്തി, സ്വാസ്ഥ്യം  നരര്‍ക്കരുളാന്‍ കവിതപോല്‍ മറ്റുണ്ടോ ശുശ്രൂഷിക?' എന്നു വൈലോപ്പിള്ളി സാവിത്രിയിലെഴുതിയതിലുണ്ട് സാഹിത്യത്തിന്‍റെ ചികിത്സിക്കുന്ന കരങ്ങള്‍, അന്‍പ്, ധീരസങ്കല്പങ്ങള്‍, പഥ്യമായ വാക്ക്, ആത്മസ്പര്‍ശിയായ ഭാവങ്ങള്‍,  ഹൃദ്യമായ സംഗീതം, സത്യത്തിന്‍റെ മരുന്ന്.... ഇതൊക്കെയാണ്  കവിതയുടെ (സാഹിത്യത്തിന്‍റെ) തെറാപ്യൂട്ടിക് കരങ്ങള്‍.5

വേറൊരു തരത്തിലാണ് മേരിസ്നൈഡര്‍ ഇതിനെ തരംതിരിച്ചിട്ടുള്ളത്.  കവിതയുടെ അഞ്ചുഘടകങ്ങളെ, തെറാപ്യൂട്ടിക് ഘടകങ്ങള്‍ എന്ന നിലയില്‍ സ്നൈഡര്‍ നിര്‍ദ്ധാരണം ചെയ്യുന്നു. കവിതയുടെ വ്യാപ്തി (രീിമേശിാലിേ), കാവ്യധിഷണ (ുീലശേര ശിലേഹഹശഴലിരല), സാഹചര്യാനുരൂപിയായ സ്വാത്മം (ിീി ശറലിശേ്യേ ംശവേ ലെഹള), ശൂന്യത (ിീവേശിഴിലൈ), തേജസ്സ് (ൃമറശമിരല) എന്നിവയാണ് ആ അഞ്ചുഘടകങ്ങള്‍.6

സാഹിത്യത്തെ, പാഠങ്ങളുടെ സാംസ്കാരികലോകത്തുനിന്ന് പ്രയോഗങ്ങളുടെ അന്തര്‍വൈജ്ഞാനിക ലോകങ്ങളിലേക്കു കൊണ്ടുപോവുന്ന പ്രവര്‍ത്തനമാണ് ലിറ്റെററി തെറാപ്പി ചെയ്യുന്നത്.  മെഡിക്കല്‍ ഹ്യൂമാനിറ്റീസിന്‍റെ ലോകം, അതിലൊരു ശാഖയാണ്. സാഹിത്യവായനയുള്ള ഒരു ഭിഷഗ്വരന്, അതില്ലാത്തയാളെക്കാള്‍ അനുതാപവും രോഗീസാന്ത്വനസിദ്ധിയും കൂടുതലായിരിക്കും എന്ന തത്ത്വം മെഡിക്കല്‍ ഹ്യുമാനിറ്റീസിന്‍റേതാണ്. സാഹിത്യത്തിന്‍റെ വൈദ്യശാസ്ത്രമൂല്യ (ാലറശരമഹ ്മഹൗല)വും ആ മണ്ഡലത്തിലാണ് ഏറ്റവും ധീരമായി വിലയിരുത്തപ്പെടുന്നത്.  ഈ ശാഖയിലെ അറിയപ്പെടുന്ന ചിന്തകരിലൊരാളായ ഡോ. അതുല്‍ ഗവാന്‍ഡെ, തന്‍റെ  ഒരു കൃതിയുടെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: 7 മെഡിക്കല്‍ സ്കൂളില്‍ ഞാന്‍ വളരെക്കാര്യങ്ങള്‍ പഠിച്ചു, പക്ഷേ മനുഷ്യന്‍റെ മരണത്തെപ്പറ്റി അവിടെ ഒന്നും പഠിപ്പിച്ചില്ല.  മനുഷ്യന്‍റെ ശരീരഘടനയെ കീറിപ്പഠിക്കാനുള്ള നിര്‍ജ്ജീവമായ ഒരവസരം മാത്രമായിരുന്നു മരണശേഷമുള്ള ശരീരം.  മനുഷ്യര്‍ അവരുടെ വാര്‍ദ്ധ്യക്യത്തെ, ശാരീരികാവശതകളെ, മരണത്തെ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നറിയാന്‍ വൈദ്യശാസ്ത്രത്തില്‍ വകുപ്പില്ല. എന്നാല്‍ കുറച്ചുനേരം 'ഇവാന്‍- ഇല്യച്ചിന്‍റെ മരണ'8ത്തോടൊപ്പം ചിലവഴിച്ചാല്‍ ആ കുറവു പരിഹരിച്ചുകിട്ടും."

വളരെ വിപുലമായ  ഒരു അന്തര്‍വൈജ്ഞാനിക മേഖലയെന്ന നിലയില്‍ സാഹിത്യത്തിന്‍റെ സാധ്യതകളെ ലിറ്റെററിതെറാപ്പി വികസിപ്പിക്കുന്നുണ്ട്.  ഒരു കൃതിയില്‍ ക്ലിനിക്കല്‍ ഭാവനയുണ്ടോ എന്ന് അത് അന്വേഷിക്കുന്നു. വേരുകളെ അന്വേഷിക്കുന്നതുപോലെ  ഒരു പ്രവര്‍ത്തനമാണത്. ഡി എച്ച് ലോറന്‍സ് അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. "നമ്മുടെയൊക്കെ വേരുകള്‍ മണ്ണില്‍ ആണ്ടിറങ്ങിയിട്ടുണ്ട്.  നമ്മുടെ ഈ വേരുകള്‍ക്കാണ് നാമിപ്പോള്‍ തെല്ല് ശ്രദ്ധനല്‍കേണ്ടത്.   നമ്മുടെ  ആ വേരുകള്‍ സംവേദകത്വമാര്‍ന്ന പ്രേരണാനിബദ്ധമായ, സഹജാവബോധപരമായ ശരീരത്തിലാകുന്നു; ഇവിടെയത്രേ നമുക്ക് തുറന്ന മനസ്സാക്ഷിയുടേതായ പുത്തന്‍വായുവിന്‍റെ ആവശ്യകത."9

ലോറന്‍സ്  സൂചിപ്പിക്കുന്ന പുത്തന്‍വായു കേവലമായ ആത്മശുദ്ധീകരണത്തിന്‍റെ  വായുവല്ല.  അതിലും ശക്തിയുള്ളതും തീപിടുത്തശേഷിയുള്ളതുമായ പ്രേരണതരുന്ന (സംവേദകത്വമുള്ള) പ്രാണവായുവാണ്.  അത് ശരീരത്തെ ഇളക്കുന്നു. മനസ്സിലൂടെ ശരീരത്തെ പുനഃപ്രതിഷ്ഠിക്കുന്നു.  ഹാവെന്‍സ് ക്ലിനിക്കല്‍ഭാവന എന്നുദ്ദേശിച്ചതും, ജെറമിഹോംസ് തെറാപ്യൂട്ടിക് ഭാവന എന്നു വിശദീകരിച്ചതുമായ സാഹിത്യഘടകം ഈ വായുവിനെ നല്‍കുന്നതും വേരുകള്‍ക്ക് ശ്രദ്ധനല്‍കുന്നതുമാണ്. മോയിന്‍കുട്ടി വൈദ്യരില്‍ ഈ സിദ്ധി/ഭാവന നിറച്ചുണ്ടായിരുന്നു. 

വൈദ്യരുടെ അറിവുകള്‍

അറബിമലയാളം, മാപ്പിളപ്പാട്ട് എന്നീ രണ്ടു ജ്ഞാനമണ്ഡലങ്ങള്‍ക്കകത്തുമാത്രം ഒതുങ്ങുന്ന വ്യക്തിത്വമല്ല മോയിന്‍കുട്ടി വൈദ്യരുടേത്.  അദ്ദേഹം സൃഷ്ടിച്ച വരികള്‍ക്കുള്ളിലെ  ഭാഷാജ്ഞാനിമങ്ങള്‍ (ഹശിഴൗശശെേര ലുശലൊേലെ) ഏകശിലാമയമല്ല.  'മലപ്പുറം പട' തന്നെ എടുക്കുക.  ശുഹദാക്കളുടെ ഈ ചരിത്രരചനയ്ക്കു വൈദ്യര്‍ നടത്തിയ  അന്വേഷണയാത്രകള്‍ ഇനിയും ആരും പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം പടയില്‍ പങ്കെടുത്ത പോക്കറെ, താന്‍ സ്വപ്നത്തില്‍ കണ്ടിട്ടുള്ളതായി  വൈദ്യര്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്."9 തന്‍റെ രചനയുടെ ആന്തരികമനഃശാസ്ത്രത്തില്‍ വൈദ്യര്‍ എത്ര ആമഗ്നനായിരുന്നു എന്നാണിതു  കാണിക്കുന്നത് (അല്ലാതെ, അതൊരല്‍ഭുത ദിവ്യപ്രവൃത്തിയായി കാണാനാവില്ലെന്നര്‍ത്ഥം!).

വൈദ്യരുടെ പ്രധാനജ്ഞാനമേഖല ഭാഷയാണ്.  അദ്ദേഹത്തിന്‍റെ അറബിമലയാളത്തില്‍ സംസ്കൃതത്തിന്‍റെ വിദഗ്ദ്ധമേളനമുണ്ട്.  പലപലഭാഷകളെടുത്ത് (മലയാളം, അറബി, സംസ്കൃതം, തമിഴ്,  പേര്‍ഷ്യന്‍) വൈദ്യര്‍ കവിതാവരികളുടെ നേര്‍രേഖകള്‍ (1800)സൃഷ്ടിക്കുന്നതുകാണാന്‍ ബഹുരസമാണ്. അറുപതുഡിഗ്രി തുല്യമായി ഉപയോഗിച്ച് മൂന്നു കോണുകളെ (ഭാഷകളെ) നേര്‍രേഖയില്‍ സംയോജിപ്പിക്കുന്ന കാവ്യഗണിതമാണത്. മലപ്പുറം പടയിലെ ഇശല്‍-രണ്ട് അതിനൊരു ഗംഭീരമാതൃകയാണ്.

ജഗദരഖണ്ണാനാം പുരാബീജം

ജനിരന്യതരാനാം സൃഷ്ടീനാ

ജനഗകൃണസ്തനുരന്ദിയതൂദാ

പ്രദമദിസചിവ

ജകുണ നമസ്കരതസ്സിയ വേദാ:  

അക്രിര്‍ശബ നാമസ്കുഹ തേനാ

സ്തിതിം യുക്മസ്തനുശ്ചാരിയതത്രെ

അഹി സുശിരേ ദൃദികുടര സ്വപാരാ

ഇര്‍ദവജനക്ക്റിം

അരവി സുനപ്രണമ്യ മഹ മേദാ:11

'അഖണ്ഡജഗതാം പുരാബീജം/ജനിരന്യതരാനാം സൃഷ്ടീനാം' എന്ന സംസ്കൃതമാണ് ആദ്യവരികളെങ്കില്‍ ഈ ഇശലിലെ മറ്റുവരികളിലെ ഘടനയും ഇതുപോലെ അറബിമലയാളത്തില്‍ ലയിപ്പിച്ച സംസ്കൃതമാണ്. പ്രപഞ്ചസൃഷ്ടിക്ക്  ആദികാരണനായ അന്ത്യദൂതരെ വന്ദിക്കുന്നു (ജനകകാരണതനു അന്ത്യദൂതര്‍) എന്നാണ് ആരംഭം തന്നെ.  പ്രവാചകന്‍, ആദ്യഖലീഫ (പ്രഥമസചിവന്‍) യായ അബുബക്കറുമൊത്ത് (യുഗ്മതനു)ഋഷഭനാമമുള്ള (അക്രിര്‍ശബ നാമ) ഗുഹയില്‍ (കുഹ) സ്ഥിതിചെയ്കേ സുഷിരത്തിലൂടെ വേഗതയില്‍വന്ന പാമ്പിനെ (അഹി) സ്വപാദംകൊണ്ട് (സ്വപാദം) തടഞ്ഞു;  ആ അബൂബക്കറിനെ വന്ദിക്കുന്നു. 

ഇങ്ങനെയൊക്കെ എഴുതുന്നത് കാവ്യഭാഷയിലെ വെങ്കലവിദ്യയെന്നപോലെ മറ്റുചില ജ്ഞാനിമങ്ങളിലേക്കു കടക്കുന്നതിനുള്ള സൂചനയുമാണ്. അവ, ഭാഷയുടേതുമാത്രമായ സാംസ്കാരികകലാവസ്തു (രൗഹൗൃമേഹ മൃലേളമരേ)ക്കളുമല്ല. ഭാഷയുടെ ബന്ധനങ്ങളില്‍ നിന്ന് അനേകം സാധ്യതകളിലൂടെ പുറത്തുകടക്കുന്നതിനുള്ള തുറവുമാണ്. ക വമ്ല യലലി ലിഴമഴലറ ശി മ ലെൃശലെ ീള ൃൗരെേൗൃമേഹ മിമഹ്യശെെ ംവശരവ മഹഹ മശാ മേ റലളശിശിഴ മ ിൗായലൃ ീള ിീി ഹശിഴൗശശെേര څഹമിഴൗമഴലെچഎന്ന് ബാര്‍ത്ത് പറഞ്ഞതിനെ12 ഓര്‍മ്മിപ്പിക്കും അത്. ഭാഷയ്ക്കുപുറത്തേക്ക് തന്‍റെ പാട്ടുകളെ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് വൈദ്യര്‍ 'പാടിപ്പറയ'ലിനെ പുതിയരൂപത്തില്‍ ചിട്ടപ്പെടുത്തിയത്. വലിയ സദസ്സുവിളിച്ചുചേര്‍ത്ത്, പാട്ടുകള്‍ കൂടുതല്‍ ആകര്‍ഷകമായി പാടുകയും വ്യാഖ്യാനിച്ചുപറയുകയും ചെയ്യുന്ന രീതിയാണിത്. തന്‍റെ പാട്ടുകള്‍ക്ക്, കൂടുതല്‍ വിനിമയ സാധ്യതയുള്ള വിവരണാത്മകത ഉണ്ടാക്കിക്കൊടുക്കുകയാണ് അതിലൂടെ വൈദ്യര്‍ ചെയ്തത്.

സലാസില്‍ എന്ന വൈദ്യകാവ്യം

മോയിന്‍കുട്ടിവൈദ്യര്‍ സ്വീകരിച്ച തൂലികാനാമം 'പയ്യല്‍ത്വബീബ്' (കുട്ടി വൈദ്യന്‍) എന്നാണ്.  ആര്യവൈദ്യത്തില്‍ പ്രായോഗികവിജ്ഞാനം സിദ്ധിച്ചിരുന്ന അദ്ദേഹം ഇങ്ങനെ ഒരു നാമം സ്വീകരിച്ചതില്‍ അത്ഭുതമില്ല. പക്ഷേ, വൈദ്യവിജ്ഞാനത്തില്‍ തനിക്കുണ്ടായിരുന്ന വിദഗ്ദ്ധമായ അറിവിനെ വൈദ്യര്‍ ഒരു കവിതയിലും പ്രകടമായി ഉപയോഗിച്ചിട്ടില്ല. ഒരു ഭിഷഗ്വരന്‍റെ അറിവും അനുഭവവും തന്‍റെ കൃതികളില്‍ നേരിട്ട് ഉപയോഗിച്ചിട്ടുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പോലെയായിരുന്നില്ല വൈദ്യര്‍. എന്നാല്‍, ആരോഗ്യശാസ്ത്രപരമായ സ്വാസ്ഥ്യത്തെക്കുറിച്ച് കവിതയിലൂടെ വൈദ്യര്‍ പറഞ്ഞിട്ടുണ്ട്; 'ബെത്തിലഫാട്ടി'(വെറ്റിലപ്പാട്ട്)ലൂടെയാണത്. വെറ്റിലയ്ക്ക് പലമാതിരി ഗുണങ്ങളുണ്ട്. 'സഭയില്‍ അന്തസ്സുവര്‍ദ്ധിപ്പിക്കുന്നതാണ് വെറ്റില; തെറിയും പോരും ഒഴിവാക്കുന്നതും' (അറിവീന്‍ ബീരിദം ഏറിയ ബെത്തില/കറയും സബനിറം ഏറ്റിടും ബെത്തില/തെറിയും ഫോരും ഒശിത്തിടും ബെത്തില). വെറ്റിലയുടെ ഗുണങ്ങളാണ് ആ കവിതയുടെ ഉള്ളടക്കം. അത് കോപം മാറ്റുവാന്‍ ഉത്തമമാണ് (മേഫില്‍ ദേശയം മാറ്റിടും ബെത്തില), മനസ്സിനെ മടിബാധിച്ചാല്‍ ഉണര്‍വ്വേകാനും ഉത്തമമാണത് (മടിഉളം തന്നില്‍ തീര്‍ത്തിടും ബെത്തില).

ഇത്തരം അറിവുകള്‍ തെറാപ്യൂട്ടിക് ഭാവനയുടെ ഭാഗമല്ല. ആരോഗ്യജീവിതത്തെ വിനോദത്തിലൂടെ സംക്ഷേപിക്കുന്നതിനുള്ള ശ്രമമാണ്. എന്നാല്‍ 'സലാസില്‍' എഴുതപ്പെട്ടിരിക്കുന്നത് ആഖ്യാനത്തിന്‍റെ തെറാപ്യൂട്ടിക് യുക്തികൊണ്ടു വിശകലനം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്.

ഈ കഥ ഒരു ബഹുവിജ്ഞാനകഥയാണെന്നു പറഞ്ഞുകൊണ്ടാണ് വൈദ്യര്‍ ആഖ്യാനം ആരംഭിക്കുന്നത്. നാട്ടില്‍ സ്വാധീനം (ഹുക്മ്) ഉള്ളവനും പലവിധ വിജ്ഞാനങ്ങളില്‍ നൈപുണിയുള്ളവനും വാഗ്വൈഭവവും ഭാഷാശുദ്ധിയും ഉള്ളവനും ആയ മുസ്ല്യാരകത്ത് അഹമ്മദ്കുട്ടി മൗലവിയാണ് തനിക്ക് ഈ കഥ പറഞ്ഞുതന്നത്. ഒരു നാള്‍ വീട്ടുമുറ്റത്ത് വഴിയോടുചേര്‍ന്നിരുന്ന് അദ്ദേഹം മഫാതീഹുല്‍ അഖ്ബാര്‍ എന്ന കൃതി നാട്ടാര്‍ക്ക് വിശദീകരിച്ചുകൊടുക്കുമ്പോഴായിരുന്നു അത്.

'സലാസില്‍', സങ്കീര്‍ണ്ണമായ ആഖ്യാനം ആവശ്യപ്പെടുന്ന ഒരു കഥയാണ്. അതിനെ നേര്‍രേഖയിലെ പശ്ചാത്തലം കൊണ്ടുമാത്രം വര്‍ണിച്ചുപോവാനാവുകയില്ല. തന്‍റെ ദീര്‍ഘകാവ്യങ്ങള്‍ക്ക് വൈദ്യര്‍ പിന്തുടരുന്ന സൂഫിമിസ്റ്റിസിസത്തിന്‍റെ വഴി ഈ കവിതയുടെ ആരംഭത്തിലും ഉണ്ടെങ്കിലും, കഥാഘടന ജ്ഞാനശാസ്ത്രപരമായി സങ്കീര്‍ണമാണ് എന്ന സൂചനനല്‍കലാണ് വൈദ്യര്‍ക്കു മുഖ്യം. നിങ്ങള്‍ കേള്‍വിക്കാര്‍/വായനക്കാര്‍ ഈ കൃതിയുടെ സാഹിതീയമായ അന്തര്‍ലീനശക്തിയെ(ഹശലേൃമൃ്യ ുീലേിശേമഹ)പ്പറ്റി പുറമേ ചിന്തിക്കുമ്പോള്‍ കേവലഭാവനയ്ക്കും സ്വപ്നാത്മകതയ്ക്കും പുറത്ത് ധാരാളം സാധ്യതകള്‍ ഇതിലെ ജീവിതത്തിനുണ്ട് എന്നാണ് അതിന്‍റെ വ്യംഗ്യം. മാര്‍ക്ക് ഹാഡൊണിന്‍റെ ഠവല രൗൃശീൗെ കിരശറലിേെ ീള വേല ഉീഴ ശി വേല ചശഴവേ ഠശാല നെപ്പറ്റി ലിസ്ബേണ്‍ പറയുന്നത്, ഇവിടെ സലാസിലിനും ബാധകമാണ്.13 ഈ കൃതി തടസ്സങ്ങളുടെ വിലയേറിയ ക്ഷണദൃഷ്ടികള്‍ കൊടുക്കുന്നു; നിരന്തരമായി അത്ഭുതങ്ങള്‍ കാണിക്കുന്ന വിധത്തില്‍ ലോകത്തെ ഒരു സാധ്യതയാക്കിത്തീര്‍ക്കുന്നു. മഹാത്വീസ് രാജാവിന്‍റെ വിറകുവെട്ടുകാരനായ മജ്നൂസിന്‍റെ മകനായ സലാസില്‍ പ്രജാപതിയായിത്തീര്‍ന്നതിനെക്കുറിച്ചാണ് ഈ കാവ്യം. ഫ്യൂഡല്‍ സാമൂഹികഘടനയ്ക്കുള്ളില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരാണ് (പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യകാലശേഷം) ഈ കാവ്യാഖ്യാനം ആസ്വദിക്കുന്നവര്‍. തടസ്സങ്ങളുടെ ലോകക്രമത്തെ അത്ഭുതകരമായി ഭേദിച്ച് ഒരു യുവാവ് രാജാവായിത്തീരുന്ന ഭാവന, ഒരര്‍ത്ഥത്തില്‍ പ്രത്യയശാസ്ത്രരഹിതമായ ഒരു രാഷ്ട്രീയചികിത്സകൂടിയാണ്. അതു ജനതകളുടെ പ്രതീക്ഷകളെ (സ്വപ്നങ്ങളെ) ഉണര്‍ത്തുന്നു.

സ്വപ്നവും കഥയും

കഥയും സ്വപ്നവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വളരെ ഉപരിപ്ലവമായ ചില ധാരണകളാണ് പലര്‍ക്കും ഇന്നും പ്രബലമായിട്ടുള്ളത്. മനശ്ശാസ്ത്രത്തെപ്പോലും അങ്ങനെ ഒരു വിജ്ഞാനധാരയായി പരിഗണിച്ചുവച്ചിരിക്കുന്നവരാണധികവും. ജര്‍മ്മന്‍ കാല്പനികദര്‍ശനമാണ്, ഭാവനയുടെ മനശ്ശാസ്ത്രത്തെപ്പറ്റി ചിന്തിക്കാന്‍ ഫ്രോയ്ഡിനെ പ്രേരിപ്പിച്ചതെങ്കിലും കാല്പനികതയെ ചിത്തവിഭ്രമം പോലെയോ വികാരതാരള്യത്തിന്‍റെ രോഗലക്ഷണം പോലെയോ അല്ല ഫ്രോയ്ഡ് കണ്ടത്.

ഷേക്സ്പിയറുടെ അ ാശറൗാാലെൃ ചശഴവ'േെ ഉൃലമാലെ  തെസ്യൂസിന്‍റെ വാക്കുകളെ അപഗ്രഥിച്ചുകൊണ്ട് 'തെറാപ്യൂട്ടിക് ഭാവന'യെ വിശദീകരിക്കുന്ന ജെറമിഹോംസും സ്പര്‍ശിക്കുന്നത് ഭാഷയുടെ സ്വപ്നസിദ്ധിയെയാണ്. 'ഠവല എീൃാെ ീള വേശിഴെ ൗിസിീംി; ഠവല ുീല'േെ ുലി ഠൗൃിെ വേലാ ീേ വെമുല'െ എന്നെഴുതുന്ന ഷേക്സ്പിയര്‍, ഭാവന പുതിയൊരു ശരീരത്തെയും പുതിയൊരു മനസ്സിനെയും  നിര്‍മ്മിക്കുന്നതിനെക്കുറിച്ചുകൂടിയാണ് പറഞ്ഞുവയ്ക്കുന്നത്.

സലാസിലിലെ ഭാവനയും ഇതാണു ചെയ്യുന്നത്. അതിന്‍റെ കഥ വിമോചനാത്മകമായി ജനതയോടു സംവദിക്കുന്നു. ബദ്റുല്‍ മുനീറിനെക്കാള്‍ സൂക്ഷ്മവ്യാപാരങ്ങള്‍ നിറഞ്ഞ ആഖ്യാനമാണ് സലാസിലിലേത്. തെറാപ്യൂട്ടിക്ഭാവനയുടെ ഘടകങ്ങളെ ഈ കഥ ഒന്നൊന്നായി സ്പര്‍ശിക്കുന്നു. ഒരു മികച്ച ഭിഷഗ്വരന്‍ തന്‍റെ രോഗിയോടിടപെടുമ്പോള്‍ ഈ അഞ്ചു തലങ്ങളിലൂടെ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ കടന്നുപോകുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. പ്രാഥമികമായ മമത, സ്വപ്നാത്മകത (ൃല്ലൃശല), സാന്ദ്രവിനിമയം (വെളിപാട്/ഹീഴീെ), കര്‍മ്മോത്സുകത, സ്വയം അഴിച്ചുപണിയല്‍ (ഞലളഹലരശേീി) എന്നിവയാണവ.14

സാഹിതീയമായ ചികിത്സാശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍ സലാസിലിനെ വിശകലനം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ അഞ്ചുഘട്ടങ്ങളിലൂടെയും ഈ കൃതി കടന്നുപോവുന്നുണ്ടെന്നു കാണാം. ഇതിലൊന്നായ 'സ്വപ്നാത്മകത'യെപ്പറ്റി പറഞ്ഞുകഴിഞ്ഞു. 

മമതയുടെ ഏറ്റവും ആധികാരികവും തികച്ചും പാരിസ്ഥിതികവുമായ ഒരു ചിത്രമാണ്  സലാസിലിന്‍റെ ആരംഭത്തില്‍ കാണുന്നത്. സലാസിലിന്‍റെ മാതാവായ മസാം അരിഷ്ടിച്ചു  ജീവിച്ചു മിച്ചംപിടിച്ച അഞ്ഞൂറുവെള്ളിയില്‍നിന്ന് നൂറുവെള്ളി എടുത്തുകൊടുത്ത് മകനെ കച്ചവടത്തിനു പറഞ്ഞുവിടുന്നു. ഒരുവട്ടമല്ല; നാലുവട്ടവും അവന്‍ വാങ്ങിക്കൊണ്ടുവന്ന വസ്തുക്കളെക്കണ്ട് മസാം കോപിച്ചു. ചീത്തവിളിച്ചു. ചൂലുകൊണ്ടടിച്ചു. ആദ്യവട്ടം ഒരു പൂച്ച, രണ്ടാംവട്ടം നായ, മൂന്നാംവട്ടം തത്ത, നാലാം വട്ടം പാമ്പ്.

ഈ ജീവികളെ വാങ്ങുന്നതിനു കാരണമായിത്തീര്‍ന്ന മമതകളെ, ധനാഭിമുഖമായി വ്യാഖ്യാനിക്കാനാവില്ല. അതിന്‍റെ തത്ത്വം സാമ്പ്രദായികമോ മതപരമോ അല്ല. പ്രശാന്തതയാണ് (വെമഹീാ) ചികിത്സയുടെ ലക്ഷ്യമെന്ന ചിന്തപോലും പ്രകൃതിബോധത്തില്‍നിന്നു വന്നതാവാനാണ് വഴി. സൂക്ഷ്മമായ സമതുലനത്തോടെയാണല്ലോ പ്രകൃതി അതിലെ ചരാചരഘടകങ്ങളെ പാലിക്കുന്നത്. 'ശാലോം' എന്ന വാക്കിനു വേക്ക്മാന്‍ നല്‍കുന്ന അര്‍ത്ഥങ്ങള്‍ ആ ദിശയിലേക്കാണു വിരല്‍ചൂണ്ടുന്നത്.15 ഈ ചെയ്തികളിലൂടെ, സലാസില്‍ സ്വാസ്ഥ്യത്തിന്‍റെ പുതിയൊരു തലം പരിചയപ്പെടുത്തുന്നു. പൂച്ചയെ വാങ്ങിയതിന്‍റെ പേരില്‍, നായയെ വാങ്ങിയതിന്‍റെ പേരില്‍, തത്തയെ വാങ്ങിയതിന്‍റെ പേരില്‍ ആദ്യം കോപിക്കുന്നെങ്കിലും പിന്നീട് മാതാവ് ആ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നുണ്ട്. തടസ്സങ്ങളെ അതിജീവിച്ച് പുറത്തുവന്ന് വീണ്ടും പ്രതീക്ഷകളെ പുണരുന്നതിനുള്ള അഭിവാഞ്ഛയെ അമ്മ, സലാസിലിലൂടെ  നിറവേറ്റാനാഗ്രഹിക്കുന്നു.  ഇതിന്‍റെ പൂര്‍ത്തീകരണമാണ് നാലാമത്തെ ജീവിയായ പാമ്പ്.  അതൊരു മനശ്ശാസ്ത്രജീവിയാണെങ്കിലും അതിന്‍റെ രൂപമാറ്റവും തുടര്‍സഞ്ചാരങ്ങളുമാണ് കഥാഗതിയെയും സലാസിലിന്‍റെ ജീവിതത്തെയും ആകെ മാറ്റിമറിക്കുന്നത്.  പാമ്പ്, രൂപം മാറുകയും ജിന്നായിത്തീരുകയും ചെയ്തു.  അബൂസുഅ്ബാന്‍ ഇബ്നുമാലിക് രാജാവിന്‍റെ മകനായിരുന്ന ആ ജിന്ന്.  ആ ജിന്നിന്‍റെ മുതുകത്തേറി സലാസില്‍ ജിന്നു രാജസമക്ഷമെത്തുന്നു. അവിടെ നിന്നുകിട്ടുന്ന സമ്മാനമോതിരമാണ് പിന്നീടുള്ള സലാസിലിന്‍റെ ജീവിതത്തിനു വഴിത്തിരിവാകുന്നത്. 

ഇതൊക്കെ വാസ്തവങ്ങളുടെ ലോകത്തിനു വിരുദ്ധമായ കാര്യമാണ്. പക്ഷേ, സാഹിത്യത്തിന്‍റെ ശക്തി വാസ്തവം എന്ന ആശയത്തിനു പുറത്തും യഥേഷ്ടം സഞ്ചരിക്കാന്‍ കെല്പുള്ളതാണ്.  വായനയോ കേള്‍വിയോ നല്‍കുന്ന വ്യക്തിപരമായ അനുഭവത്തിന് വാസ്തവമെന്നോ അവാസ്തവമെന്നോ ഉള്ള വേര്‍തിരിവില്ല.  എന്നാല്‍, വായിച്ചകൃതി എന്തുതരം  അനുഭവമാണ് നല്‍കിയതെന്നുള്ളത് പരമപ്രധാനമാണ്.  വെന്‍ഡെര്‍ ബെറിയെക്കൂടി ഉദ്ധരിച്ചുകൊണ്ട് ജോസി ബില്ലിംങ്ടണ്‍ അതു പറയുന്നുണ്ട്; "സാഹിത്യവായന എങ്ങനെ വ്യക്തിയെ സ്വാധീനിക്കുന്നു എന്നതോ, വായിക്കുമ്പോള്‍ വ്യക്തിയുടെ  വൈകാരികനില യഥാസ്ഥാനത്താണോ എന്നതോ പരിശോധിക്കപ്പെടാതിരിക്കുന്നത്, സാഹിത്യം എന്തിനുവേണ്ടിയാണെന്ന അന്വേഷണത്തെ നഷ്ടപ്പെടുത്തിക്കളയും." 16

ഈ പരാമര്‍ശം സലാസിലിന്‍റെ കാര്യത്തില്‍ ഏറെ പ്രസക്തമാണ്.  ഒരു മനുഷ്യന്‍റെ വിനിമയശക്തികള്‍ക്ക്, പലതരം സാധ്യതകള്‍ നല്‍കുന്ന ഈ മാറ്റം സലാസിലിന്‍റെ കഥ കേള്‍ക്കുന്ന സാധാരണമനുഷ്യരിലും ഉണ്ടാകുന്നു. അതിനെ കേവലമായ മാറ്റം എന്നു പറയാനാവുകയില്ല.  അതിനൊരു വൈദ്യസ്വഭാവം കൂടിയുണ്ട്.  പി.കെ. വാരിയര്‍ എഴുതിയിട്ടുണ്ട്. "അറിവിന്‍റെ വിത്തുകളില്‍ കലയും ശാസ്ത്രവും ഒരുപോലെ വേര്‍തിരിക്കപ്പെടാതെ ലയിച്ചു കിടക്കുന്നു.  നമ്മുടെ ക്ഷേത്രങ്ങളിലെ അനുഷ്ഠാനകലകളെ എടുക്കുക. അവ ആനന്ദിപ്പിക്കാന്‍ മാത്രം ഉണ്ടായവയല്ല.  ശാരീരികമാനസികരോഗങ്ങളെ ചികിത്സിക്കാനും കൂടിയാണ്.  മനുഷ്യവംശം ഉണ്ടാക്കിയ എല്ലാ അറിവുകളും അനുഭവങ്ങളും വൈദ്യത്തിലേക്കെത്തിക്കുന്നു."17

താന്‍ കേട്ട കഥയെ അതേമാതിരി ആവിഷ്കരിക്കുകയല്ല വൈദ്യര്‍ ചെയ്തത്.  ഒരു കഥയെ അനേകം കഥകളുടെ ഉള്ളൊരുക്കം കൊണ്ട് ഭദ്രതപ്പെടുത്തുകയാണ്. അങ്ങനെയാണ് സലാസിലിന് ഒരു സങ്കീര്‍ണരൂപം ലഭിക്കുന്നത്.  ശൂന്യതയില്‍നിന്നോ നിരാശയില്‍നിന്നോ അനേകം സാധ്യതകളുടെ ലോകത്തേക്ക് വളരുന്നതിനുള്ള ഒരു പ്രവര്‍ത്തന ഘടനയാണ് ഇങ്ങനെ ഉണ്ടാവുന്നത്.  ഇതൊരു ഇലാസ്റ്റിക് ഘടനയാണ്.  നരേറ്റീവ് തെറാപ്പിയെപ്പറ്റി പറയുമ്പോള്‍ മേരിസ്നൈഡര്‍, ഈ ഗുണത്തെ കവിതയുടെ ഔഷധസിദ്ധിയായി കാണുന്നു.

യുദ്ധത്തിന്‍റെ മിമിക്രി

സലാസിലിലെ പലതരം യുദ്ധങ്ങളിലൊന്ന് എലികളും പൂച്ചകളും ഒക്കെ പങ്കെടുക്കുന്നതാണ്. നായ്ക്കള്‍, കീരികള്‍, ചെന്നായ്ക്കള്‍ മുതലായ ജീവികള്‍ കൂടിച്ചേര്‍ന്ന് പടകള്‍ വലുതായി.  അവയിലെ എലികള്‍ പലതരം, പൂച്ചകള്‍ പലതരം. ഓരോന്നിനേയും ഇനം തിരിച്ചു വൈദ്യര്‍ പറയുന്നു. യുദ്ധം, ആരുടെയും അന്തിമമായ നാശത്തിനു വേണ്ടിയല്ല. സലാസിലിന്‍റെ മോതിരം വീണ്ടെടുക്കുന്നതിനാണ്. 

കഥകളിലെ ഇത്തരം പ്രവൃത്തികള്‍ സൂക്ഷ്മദിശയില്‍, അന്തര്‍വിദ്യാപരമാണ്.  യുദ്ധത്തിലൂടെ ഓരോ ജീവിക്കും സലാസിലുമായി ഒരു ബന്ധം നിര്‍ണയിക്കപ്പെടുന്നു.  ഒട്ടൊരു നര്‍മ്മം കലര്‍ത്തിയുമാണ് വൈദ്യര്‍ ഈ യുദ്ധത്തെ അവതരിപ്പിക്കുന്നത്.  എലിപ്പടയുടെ നടുവിലെത്തി നായ വെല്ലുവിളിക്കുന്നഭാഗം അങ്ങനെയൊന്നാണ്.

"ഫര്‍ബുക്ക് തിറമിക്കേ കൊലര്‍വൊക്ക
എലിതക്കേ മടഫുക്കേ ചുണ്ടന്‍ എവുടാ?
ഇടമൊഞ്ചിനൊട് മഞ്ചതുരവഞ്ച്
ഫലേബഞ്ചി മുലബെട്ടും മൊഞ്ചന്‍ എവുടാ?"

തെറാപ്യൂട്ടിക് സാഹിത്യത്തെ സംബന്ധിച്ച് ഇതെല്ലാം കരണവല്‍ക്കരണ(ശിൃൗാലെേിമേഹശ്വമശേീി)മാണ്. യുദ്ധസൈന്യത്തെയും യുദ്ധോപകരണങ്ങളെയും കൊണ്ടുനിറച്ച ഒരു പരീക്ഷണശാലയാണിത്.

സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തെ, അതിന്‍റെ സങ്കീര്‍ണതകള്‍ പരിഗണിച്ചുകൊണ്ട് ലളിതമായി പരിഹരിക്കുന്നതിനാണ് ഇത്തരം സജ്ജീകരണങ്ങള്‍ ഉപകാരപ്പെടുക.  പരസ്പരവിശ്വാസമാണ് ഏതു ചികിത്സയുടെയും അടിസ്ഥാനം.  ഭിഷഗ്വരനും രോഗിയും തമ്മിലുള്ള ബന്ധം, ന്യൂറോസയന്‍സുമായി (ധൈഷണികതയുമായി) ബന്ധപ്പെട്ട വിഷയം കൂടിയാണ്.  തലച്ചോറിലെ മമതാശൃംഖലയെ (മമേേരവാലിേ ്യെലൊേ) ഉത്തേജിപ്പിച്ചുകൊണ്ട് ചികിത്സകനും രോഗിക്കുമിടയിലെ ബന്ധത്തെ വികസിപ്പിക്കാനാവുമെന്ന പുതിയ പഠനങ്ങള്‍ ഇതിലേക്കു വെളിച്ചം വീശുന്നു.18

ഈ യുദ്ധത്തെ അനിവാര്യമാക്കുന്നത് സലാസിലിന്‍റെ മോഹാലസ്യവും അതിനു കാരണമായ വിഷാദവുമാണ്.  ജിന്നിന്‍റെ മോതിരം നഷ്ടപ്പെട്ടപ്പോഴാണ് സലാസില്‍ മോഹാലസ്യത്തിലേക്കു നിപതിക്കുന്നത്.  എല്ലാവരും അതുകൊണ്ട്  കൊടിയ ദുഃഖത്തിലാവുന്നു.  അങ്ങനെയാണ് തത്തയും പൂച്ചയും നായയും കൂടി അതിന്‍റെ പരിഹാരത്തിനായി കൂടിയാലോചന നടത്തുന്നത്.

വിഷാദത്തിന്‍റെ കഥാപാത്രങ്ങള്‍

വിഷാദം മനുഷ്യരെ നിശ്ചൈതന്യരാക്കുന്ന രോഗമാണ്.  അത്, കാലത്തിന്‍റെ പരസ്പരബന്ധത്തില്‍ നിന്ന് ഓരോരുത്തരെയും പറിച്ചെറിയുന്നു. ആന്‍ഡ്രൂ സോളമന്‍ വിഷാദത്തെ വിശദീകരിച്ചത്, കാലത്തിന്‍റെ നിശ്ചലാവസ്ഥയായാണ്. അവിടെ ഭൂതവും ഭാവിയും  ഇല്ലാതാവുന്നു; നഷ്ടപ്പെട്ട വര്‍ത്തമാനകാലം ആധിപത്യം നേടുന്നു."19 മോതിരം നഷ്ടപ്പെട്ടതോടെ സലാസില്‍ അങ്ങനെയൊരു നഷ്ടത്തിന്‍റെ പടുകുഴിയില്‍ വീണുപോവുന്നു. 

സ്വപ്നം കാണുന്നതുപോലെ ഒരു മാനസിക പ്രവര്‍ത്തനമല്ലല്ലോ മോഹാലസ്യം.  വ്യക്തി അതില്‍നിന്നു പുറത്തുവരുന്നത് ലോകം തന്നോട് എത്രമാത്രം സ്നേഹത്തോടെ പെരുമാറുന്നു എന്നു കണ്ടിട്ടാണ്.  അത് വ്യക്തിയെ കൂടുതല്‍ കര്‍മ്മനിരതനാക്കിത്തീര്‍ക്കും. സലാസിലിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അതു ബോധ്യപ്പെടുത്തുന്നു.   മോതിരം തിരിച്ചുകിട്ടിയതോടെ  സലാസിലിനു ബോധം മടങ്ങിവന്നു. 

പീന്നീടത്തെ കഥയും ദീര്‍ഘമായ ഒരു യുദ്ധമാണ്. മോതിരം അപഹരിച്ച ഇബ്നുബായിലുമായുള്ള യുദ്ധം. മാനസിക പ്രതീകങ്ങളുടെ (ാലിമേഹ ശാമഴലെ) വലിയ ഒരു ശൃംഖലകൊണ്ടാണ് ആ ഭാഗവും വൈദ്യര്‍ അവതരിപ്പിക്കുന്നത്.  ഇവയൊന്നും കേവലമായ, വിവരണാത്മക രംഗങ്ങളല്ല. ലിറ്റെററിതെറാപ്പി അവയെക്കാണുന്നത്  പുതിയ സാധ്യതകളായിട്ടാണ്. 'ചില പാട്ടുകള്‍, മലബാര്‍കലാപങ്ങളെ പ്രചോദിപ്പിച്ചു' എന്ന ബ്രിട്ടീഷ് ഭാഷ്യം, അത്തരം പാട്ടുകള്‍ കേള്‍വിക്കാര്‍ക്ക് പുതിയ സമരവീര്യം നല്‍കി എന്നതു ചൂണ്ടിക്കാട്ടിയിരുന്നു. 'ഭാവനയുടെ ലോകത്തേയ്ക്കുള്ള നമ്മുടെ ചുവടുകള്‍, എല്ലാ മേഖലകളിലെയും പരീക്ഷണചക്രവാളങ്ങളെ വികസ്വരമാക്കകയും, നമ്മുടെ പതിവുപരിമിതികള്‍ക്കപ്പുറം ചിന്തിക്കാനും അനുഭവിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നു ലിസ്ബേണ്‍സ് പറയുന്നത് സാഹിത്യത്തിന്‍റെ ഈ സാധ്യതയെക്കുറിച്ചാണ്.  വൈദ്യരുടെ പടപ്പാട്ടുകളും അത്തരം ഉണര്‍വുകള്‍ നിസ്വരായ മനുഷ്യര്‍ക്കു നല്‍കിയിരിക്കാനിടയുണ്ട്.  അതവരെ കഠിനമായി പ്രതിരോധിക്കാന്‍ സജ്ജമാക്കിയിരിക്കാനുമിടയുണ്ട്. വില്യംലോഗന്‍റെ റിപ്പോര്‍ട്ടില്‍ ഈ യാതനകളെക്കുറിച്ചുള്ള സാംസ്കാരികസൂചനകളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.  ലോഗന്‍റെ വിവരണം, അതിനു മുമ്പുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ടി. എല്‍. സ്ട്രേഞ്ചില്‍ നിന്നും വിഗ്രാമില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതുതന്നെ, ലോഗന്‍ തന്‍റെ കണ്ടെത്തലുകളെ മതഭ്രാന്തിലേയ്ക്കല്ല ഘടിപ്പിച്ചത് എന്നതിനാലാണ്. കര്‍ഷകരുടെ പ്രതിരോധത്തിന് വാസനാബലം നല്‍കാന്‍ പടപ്പാട്ടുകള്‍ പ്രേരണയായിട്ടുണ്ട് എന്നത് ഭാവനയുടെ വീര്യത്തെ തെളിയിക്കുന്ന സംഗതിയാണ്.

'പയ്യല്‍ത്വബീബ്' എന്ന് തന്‍റെ കാവ്യജീവിതവ്യക്തിത്വത്തെ വിളിക്കാനാഗ്രഹിച്ച മോയിന്‍കുട്ടിവൈദ്യര്‍, മാനസികോല്ലാസത്തിന്‍റെ ചരടിലൂടെ മാത്രം കാവ്യം കോര്‍ത്തയാളല്ല. തികഞ്ഞ സ്വാതന്ത്ര്യബോധത്തോടെയും പരിപൂര്‍ണമായ ഏകാഗ്രതയോടെയും കാവ്യാന്വേഷണം നടത്തിയ ആളാണ്.  നിരന്തരമായി സഞ്ചരിക്കുകയും, സഞ്ചാകപഥങ്ങളിലെ അറിവുകളെ സ്വാംശീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയതാല്‍പ്പര്യവും അദ്ദേഹത്തിലുണ്ടായിരുന്നു. പ്രതിഫലം വാങ്ങാതെ ചികിത്സിക്കുക എന്ന ആശ്രമരീതി, അദ്ദേഹത്തിന്‍റെ കവനങ്ങള്‍ക്കു നല്‍കിയ ക്ലിനിക്കല്‍ ആയ തേജസ്സിനെ വരുകാലവായനകള്‍ ശ്രദ്ധിച്ചുമനസ്സിലാക്കേണ്ടതുണ്ട്.

കുറിപ്പുകള്‍

1 മോയിന്‍കുട്ടിവൈദ്യരുടെ കൃതികള്‍: ഭാഷയും വ്യവഹാരവും, ഡോ. ബാവ കെ. പാലുകുന്ന്, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, 2020: 242-251.
2 വൈലോപ്പിള്ളിയുടെ നിരീക്ഷണത്തോടു കടപ്പാട്. "കവിതാ പാരായണം ഒരു കായികാനുഭൂതികൂടി ഉളവാക്കും.  അതുകേവലം മാനസിക പ്രക്രിയമാത്രമല്ല. ശരീരത്തിന്‍റെ ഏതേതുഭാഗങ്ങള്‍ കാവ്യാസ്വാദനത്തില്‍ സഹകരിക്കുന്നു എന്നുഗവേഷണം ചെയ്യേണ്ടതാണ്. കവിത വായിക്കുമ്പോള്‍ അന്തഃസ്രാവഗ്രന്ഥികള്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെ ചുഴിഞ്ഞാലോചിക്കുമ്പോള്‍ കാവ്യാസ്വാദനം കായികവും മാനസികവും ആയ പ്രവര്‍ത്തനമാണെന്നു സിദ്ധിക്കുന്നു." വൈലോപ്പിള്ളി, അപ്രകാശിതരചനകള്‍, ഡി.സി.ബി. 2017: 64.
3 Mappila Muslims of Kerala: A Study in Islamic Trends, വിവ. തോമസ് കാര്‍ത്തികപുരം, അദര്‍ബുക്സ്, 2009: 276-77.
4 Western historiography of literature is based on literary hisotories which do not have multiple parallel traditions.  The term ‘parallel’ can be applied to popular or folk traditions in European contexts.  In India the parallel traditions are really alternative traditions rather than ‘low’ value traditions. G.N. Devi, of Many Heroes: An Indian Essay in Literary Historiography, Orient Blackswan, 2017:149-50.
5 "വെറുക്കാതിരിക്ക" നാം രുഗ്ണരെ, യന്‍പാല്‍ 
പരിചരിക്കാന്‍ ശ്രമിക്കുക, ധീരസങ്കല്പങ്ങളാല്‍, 
പഥ്യമാം വാക്കാല്‍, ആത്മസ്പര്‍ശിയാം ഭാവങ്ങളില്‍
ഹൃദ്യമാം സംഗീതത്താല്‍ സത്യത്തിന്‍ മരുന്നാലും."
('സാവിത്രി'- വൈലോപ്പിള്ളി) 
6 Our other History: Poetry as a metametaphor for narrative therapy F¶ teJ-\w. Snyder, Mary Helen, Journal of Family, No.18, 1996, pp. 337-59.
7 Being Mortal: Aging, Illness, Medicine and what matters in the End, Profile books: London, 2014:1
8 The Death of Ivan Ilyich, Leo Tolstoy
9 പ്രബന്ധങ്ങള്‍, (വിവ.) സി. വേണുഗോപാല്‍, പുസ്തക പ്രസാധകസംഘം, കൊടുങ്ങല്ലൂര്‍, 1991:13
10 മലപ്പുറം ശുഹദാക്കള്‍: മതമൈത്രിയുടെ മാതൃകാപൂക്കള്‍, യോഗ്യന്‍ ഹംസമാസ്റ്റര്‍, ടി ടി എസ് എസ്, 2013:47.
11 മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍, മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരക കമ്മിറ്റി, 2005: 807.
12 Structuralist Poetics, Jonathan Culler, Routledge, 2004:4
13 Mark Haddon’s recent ‘Curious Incident of the Dog in the Night Time’ gave its readers a precious glimpse of the constraints and possibilities of a world were people and things constantly surprise.”, Literature and therapy, Liz Burns, Karnac, 2009:17.
14 Jeremy Holmes, The Therapeutic Imaginationilising Literature to Deepen Psychodynamic Understanding and Enhances Empathy, Routledge, 2014: 43.
15 wholeness, peace, human flourishing’ എന്ന അര്‍ത്ഥങ്ങളാണ്  Brian E. Wakeman Poetry as Research and as Therapy Transformation, 2015, Vol.32(1), ]p. 59.
16 Josie Billington, Is Literature Healthy, Oxford, 2016:112
17 പാദമുദ്രകള്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല 2002:77
18 Fonagy, P. Mechanisms of Change in mentalization- based treatment of BPD. British Journal of Clinical Psychology, 62, 2016.
19 Eva Meijer, The limits of My Langage: Mediations on Depression, Pushkin Press, 2021:48-49.
ഡോ. എം.എ സിദ്ദീഖ്
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാള വിഭാഗം
കേരള സര്‍വ്വകലാശാല