Intoxicating Fragrances of Sexuality
Dr. N. Rajani
Uroob was a writer who narrated the personal conflicts of people in minute details. Uroob’s characters feel these personal strives during exchanging corporal emotions and its insatiable desires. These dilemmas, along with the primary human instinct to live make their lives unusual to an extent. The query about how Uroob’s narrative world was able to manifest this is pertinent. This paper is an analysis on how smell – one of the five senses – has influenced Uroob’s sense of narration. Based on ‘Ummachu’, ‘Sundarikalum Sundaranmarum’, and ‘Ammini’ here we discuss the narration of fragrance and its relation to sexuality. Fragrance appears as the embodiment of sexual desires in Uroob’s works.
Key words: Fragrance, Sensation, Sexuality, Desire, Body, Asexual, Life
References:
M. N. Vijayan, 2008. M. N. Vijayan Samboornakritikal, (Volume 1), Current books: Thrissur
S. Gireesh Kumar(Dr.), 2015. Gandhamadanagirinirakalil, National Bookstall: Kottayam
K. Ramachandran (Ed.), Gandhisahithya sangraham, (third edition), Kerala Gandhismarakanidhi, Current Books.
Chandumenon, 2013. Indulekha, Chintha Publications: Thiruvananthapuram.
Nalapatt, 2013. Rathisamrajyam, Mathrubhumi Books: Kozhikode.
B. Rajeevan, 2014. Vaakukalum Vasthukkalum, D C Books: Kottayam.
Viju. V. Nair, 2017. Rathiyude Saikathabhoovil, Mathrubhumi Books: Kozhikode.
Vaikom Muhammad Basheer, 1997. Basheer Samboorna Kritikal (Volume 1), D C Books: Kottayam.
Vyloppilli, 2010. Vyloppilli Samboorna Kritikal (Volume 1), Current Books: Thrissur.
Caplan Patricia, (Ed.), 1987. The Cultural Construction of Sexuality, Routledge: London.
Paul Rabinow, (Ed.), 1991. The Foucault Reader, Penguin Books.
രതിയുടെ ഗന്ധമാദകങ്ങള്‍
ഡോ. എന്‍. രജനി
പ്രബന്ധസംഗ്രഹം
വ്യക്തികളുടെ ആത്മസംഘര്‍ഷങ്ങളെ സൂക്ഷ്മതലത്തില്‍ ആഖ്യാനം ചെയ്ത എഴുത്തുകാരനാണ് ഉറൂബ്. ഈ ആത്മസംഘര്‍ഷം ഉറൂബിന്‍റെ കഥാപാത്രങ്ങള്‍ ഏല്‍ക്കുന്നത് ഉടലിന്‍റെ വിനിമയങ്ങളിലും അതിന്‍റെ അടങ്ങാത്ത കാമനകളിലുമാണ്. ജീവിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കെത്തന്നെ ഇത്തരം ധര്‍മ്മസങ്കടങ്ങള്‍ അവരുടെ ജീവിതത്തെ അത്രയധികം വിചിത്രമാ ക്കിത്തീര്‍ക്കുന്നു. ഉറൂബിന്‍റെ ആഖ്യാനലോകം അതെങ്ങനെയാണ് ആവിഷ്കരിച്ചതെന്ന അന്വേഷണം പ്രസക്തമാണ്. പഞ്ചേന്ദ്രിയാ നുഭവങ്ങളിലൊന്നായ ഗന്ധം ഉറൂബിന്‍റെ ആഖ്യാനഭാവനയെ ഏത് രീതിയിലാണ് ക്രമപ്പെടുത്തിയതെന്ന വിശകലനമാണ് ഈ പ്രബന്ധം. ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അമ്മിണി എന്നിവയെ അടിസ്ഥാനമാക്കി ഗന്ധാഖ്യാനങ്ങളുടെ ശരീരമെഴു ത്തും അതിന് രതിയുമായുള്ള ചാര്‍ച്ചയും ഇവിടെ ചര്‍ച്ച ചെയ്യുന്നു. ഗന്ധം രതികാമനയുടെ ഉടല്‍തന്നെയായി ഉറുബിന്‍റെ കൃതിയില്‍ പ്രത്യക്ഷപ്പെടുന്നു.
താക്കോല്‍ വാക്കുകള്‍: ഗന്ധം, ഇന്ദ്രിയാനുഭവം, ലൈംഗികത, കാമന, ശരീരം, അലൈംഗികം, ജീവിതം.
രതിയെ കലയായികണ്ട് അതിന്‍റെ വൈചിത്ര്യങ്ങളെ സര്‍ഗാത്മകമായി ആവിഷ്കരിച്ച ഇന്ത്യന്‍ ലാവണ്യാത്മകതയെ, ക്ലാസിക്ക് ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും സമ്പത്തായി നീക്കിവെച്ചുകൊണ്ട് ആധുനികതയുടെ അവബോധം ശരീരത്തിന്‍റെ വലിയ ഭൂമികയായി മനസ്സിനെ പ്രതിഷ്ഠിച്ചു. ഇന്ത്യന്‍ നവോത്ഥാ നബോധങ്ങള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. ശരീരത്തെയും ലൈംഗികതയെയും ഒതുക്കിനിര്‍ത്താന്‍ പറ്റിയ അനുയോജ്യമായ സങ്കല്‍പമാണ് മനസ്സ്. മനസ്സിനെക്കുറിച്ച് എഴുതുക എന്നത് താരതമ്യേന നിരുപദ്രവകരവും നിഷ്കളങ്കവും ആയിരുന്നു. നമ്മുടെ സങ്കല്‍പങ്ങളില്‍ മനസ്സിന്‍റെ തോന്നലുകള്‍ക്ക് അശുദ്ധി കുറവാണ്. ശരീരമാണ് ആഖ്യാനവിഷയമെങ്കിലും അത് മനസ്സിന്‍റെ തീവ്രസംഘര്‍ഷമായി ചിത്രീകരിക്കേണ്ടി വരുന്നതും അതിനെ അങ്ങനെ വായിക്കേണ്ടിവന്നതും ഉടലല്‍വിനിമയങ്ങളിലുള്ള ഭയത്തെയാണ് സൂചിപ്പിക്കുന്നത്. ഉടലിന്‍റെ അഭിലാഷങ്ങളും തീവ്രാസക്തികളും സ്വപ്നത്തിലൂടെയോ ഉന്മാദത്തിലൂടെയോ പ്രതീകാത്മക ഭാഷയിലൂ ടെയോ ആഖ്യാനം ചെയ്യേണ്ടിവരുന്നതിലും ശരീരത്തെപ്രതിയുള്ള രഹസ്യഭയങ്ങളുണ്ട്. രതിയുടെ പച്ചപ്പറച്ചിലുകള്‍ വൈകാരികമായി മനുഷ്യശരീരത്തെ മലീമസമാക്കുമെന്ന ധാരണ ഇതിനുപിറകിലു ണ്ടാവും. ചിന്തയുടെയും ബോധത്തിന്‍റെയും ഉറവിടമായും വികാസമായും മനസ്സിനെ കണ്ട നവോത്ഥാനം വിമലീകരണം എന്ന ആശയത്തെ അതിന്‍റെ സാരാംശത്തില്‍ സ്വീകരിക്കുകയായിരുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിന്തകളില്‍ ശരീരവും മനസ്സും ലൈംഗികതയും നിരന്തരസംവാദമായത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.
ڇഇന്ദ്രിയസുഖാനുഭവങ്ങളില്‍ ഏര്‍പ്പെട്ട്, അറിഞ്ഞുകൊണ്ടു തന്നെ ജീവചൈതന്യം ചോര്‍ത്തിക്കളയുന്നത് എന്തൊരു വിഡ്ഢി ത്തമാണ്! ശാരീരികവും മാനസികവുമായ ശക്തികളുടെ പൂര്‍ണവി കാസത്തിനുവേണ്ടി സ്ത്രീ-പുരുഷന്മാരില്‍ അര്‍പ്പിതമായിരിക്കുന്ന ചൈതന്യ വിശേഷത്തെ ഇന്ദ്രിയദാഹശമനത്തിനുവേണ്ടി പാഴാക്കി ക്കളയുന്നത് ഗൗരവതരമായ ഒരു ദുര്‍വിനിയോഗമാണ്. അതാണ് പല രോഗങ്ങളുടേയും അടിസ്ഥാനകാരണംڈ എന്ന ഗാന്ധിജിയുടെ അഭിപ്രായം കെ. രാമചന്ദ്രന്‍ രേഖപ്പെടുത്തിയിട്ടുണ്ട്(1999). ഇന്ദ്രിയ തൃപ്തിക്കുവേണ്ടിയുള്ള രതി രോഗമാണ് എന്ന ധാരണയാണ് ഗാന്ധിജിക്ക്. പ്രത്യുത്പാദനം എന്ന ജൈവിക പ്രക്രിയയ്ക്കായി ട്ടല്ലാതെ ആനന്ദത്തിനുവേണ്ടിയുള്ള രതി സംയോഗങ്ങളെ നിരസിച്ച ആളാണ് ഗാന്ധി. ലൈംഗികതാനിരാസമാണ് ചിത്തവൃത്തി നിരോധമുള്ള ഉത്തമവ്യക്തിയാവാനുള്ള അനുശീലനത്തില്‍ ഗാ ന്ധിജി സ്വീകരിച്ച ഒരു മാര്‍ഗം. ബ്രഹ്മചര്യത്തെ സ്വയം വരിച്ച ഗാന്ധി ജിക്ക് ഹിന്ദുത്വ ആത്മീയതയുടെ ശരീരനിരാസം സ്വീകാര്യമായ രീതിയായിരുന്നു. അതോടൊപ്പം യൂറോപ്പില്‍ ജീവിച്ച് വിദ്യാഭ്യാസം ചെയ്തതുകൊണ്ട്തന്നെ വിക്ടോറിയന്‍ സദാചാരത്തിന്‍റെ പദ്ധതികളും ഗാന്ധിജിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. (ജമൃശേരശമ ഇമുഹമി, 1987). ലൈംഗികതയെ അച്ചടക്കമാക്കി മാറ്റി വീടിനകത്തേക്ക് മെരുക്കിയതില്‍ വിക്ടോറിയന്‍ സദാചാരപദ്ധതികളുടെ പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ.
ഇങ്ങനെ വ്യത്യസ്തമായ ജ്ഞാനവിനിമയങ്ങളിലൂടെ മനുഷ്യശരീരം അലൈംഗിക (ചീി ടലഃൗമഹ) മായി തോന്നിപ്പിക്കേണ്ടത് സംസ്കാരത്തിന്‍റെ ആവശ്യമായിരുന്നു. ഗാന്ധിസത്തിലും കൊളോണിയല്‍ മോഡേണിറ്റിയുടെ ആശയഭൂമികകളിലും സഞ്ചരിച്ചുവന്ന ഇന്ത്യന്‍ ജനതയ്ക്ക്, ലൈംഗികത അകത്തേക്ക് ഒളിപ്പിച്ച ശരീരങ്ങളെ പ്രത്യക്ഷവത്കരിക്കണമായിരുന്നു. നവോത്ഥാ നം മുതല്‍ ഇങ്ങോട്ട് ലൈംഗികത ആന്തരികസംവാദമായും ആന്തരികസമ്മര്‍ദമായും മനുഷ്യര്‍ അനുഭവിക്കുന്നതിന് ഈയൊരു വിലയിരുത്തല്‍ പര്യാപ്തമാണ്. മലയാളിയുടെ വ്യവഹാരങ്ങളില്‍ അതിന്‍റെ നേര്‍ക്കാഴ്ചയുണ്ട്. സാഹിത്യത്തിന്‍റെ അന്തര്‍മണ്ഡല ങ്ങളിലെല്ലാം സൂക്ഷ്മസംവേദിയായി ലൈംഗികതയുടെ അന്തര്‍ ലോകം പ്രത്യക്ഷപ്പെടുന്നു.
എഴുത്തിന്‍റെ ഒളിഞ്ഞുനോട്ടങ്ങള്‍
സാഹിത്യം എങ്ങനെയാണ് ഒളിപ്പിച്ചുവെച്ച ഈ ശരീരങ്ങളെ നോക്കിയിരുന്നത് എന്നത് പ്രത്യേകമായി കാണേണ്ടതുണ്ട്.
മെണ്ണ തേച്ചരയിലൊറ്റ മുണ്ടുമായ്
തിണ്ണമേലമരുമാനതാംഗി മു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവംچچ (വള്ളത്തോള്‍)
ഒറ്റമുണ്ടുടുത്ത സുഗന്ധവാഹിനികളായ ശരീരങ്ങളുടെ ഇത്തരം കാഴ്ച്ചകള്‍ പ്രത്യക്ഷ കാഴ്ചകള്‍ തന്നെയാണ്. വെണ്മണി വര്‍ണനകളോട് ചായ്വ് പ്രകടിപ്പിക്കുന്നതുകൊണ്ടാണ് വള്ളത്തോ ളിന്‍റെ സൗന്ദര്യബോധത്തെ സദാചാരം കൊണ്ട് പരിശോധിക്കാന്‍ നമ്മുടെ വായനാചരിത്രം ശ്രമിച്ചത്. തകഴിയുടെ നോട്ടങ്ങളിലും സഭ്യതക്കുറവുണ്ട് എന്ന് നിരൂപകര്‍ എടുത്തു പറയാറുണ്ടല്ലോ. തറ്റുടുത്തുനടന്ന മൂരിശ്യംഗാരം കലാപരമായി രതിയെ ആവിഷ്ക്ക രിച്ചിട്ടില്ല എന്നതാണ് വെണ്മണി പ്രസ്ഥാനത്തിന് ലീലാവതി കാണുന്ന പോരായ്മ. (1991 :213) സഭ്യം അസഭ്യം എന്ന് പ്രാഥമിക മായ ഒരു നോട്ടപ്പാട് നമ്മുടെ സാഹിത്യത്തിനുനേരെ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. സംയമനം എന്നത് വ്യക്തിയുടെ ശീലങ്ങളെപ്പോലെ എഴുത്തിന്‍റെ ആവരണവുമായിരുന്നു നമ്മുടെ നവോത്ഥാനകാലസാഹിത്യത്തില്‍. സംസ്കാരത്തിന്‍റെ ശുദ്ധി എഴുത്തുകാരുടെ ഒരു ബാധ്യതയായിരുന്നിരിക്കണം. ഉറൂബ് ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഉമ്മാച്ചുവിന്‍റെയും സുന്ദരികളും സുന്ദരന്മാരുടെയും പര്യവസാനത്തെക്കുറിച്ച് നിരൂപകര്‍ ആക്ഷേപം ഉന്നയിച്ചതായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ڇസദാചാരങ്ങള്‍ അനുഷ്ഠിക്കപ്പെടേണ്ടവ തന്നെ. പക്ഷേ സദാചാരങ്ങള്‍ യുഗധര്‍മ്മ ങ്ങളാണ്. മാറിക്കൊണ്ടിരിക്കുന്നവയാണ്.چچ എന്ന് അവയ്ക്കുള്ള മറുപടി സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന്‍റെ മുഖവുര യില്‍ ഉറൂബ് കുറിക്കുന്നുണ്ട്. (1958) ജീവിക്കുക എന്ന അടിസ്ഥാനയാഥാര്‍ത്ഥ്യത്തിന് ഒരു വിട്ടുവീഴ്ചയും അനുവദിക്കാത്ത എഴുത്തുകാരനാണ് ഉറൂബ്. ഉറൂബിന്‍റെ കൃതികളില്‍ ഏതുവിധമാണ് രതിയും പ്രണയവും ആസക്തികളും ആഖ്യാനം ചെയ്യപ്പെട്ടത് എന്നത് ശ്രദ്ധിക്കേണ്ടുന്ന മേഖലയാണ്. കാരണം മാനവികതയുടെ വിശാലമായ കാന്‍വാസില്‍ ദേശങ്ങളിലും ചരിത്രത്തിലും സംസ്കാരത്തിലും രൂപപ്പെട്ട വ്യക്തികളെ സൂക്ഷ്മമായി ആലേഖനം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. സംയമനത്തിന്‍റെ ബാഹ്യതലവും സംഘര്‍ഷത്തിന്‍റെ ആന്തരതലവുമാണ് ഉറൂബിന്‍റെ നോവല്‍ഭൂമിക എന്ന് സാമാന്യമായി നിരീക്ഷിക്കാവുന്നതാണ്. ഈ പ്രബന്ധം ഉറൂബിന്‍റെ നോവലുകളിലുള്ള ഉടല്‍ വിനിമയങ്ങളിലെ ഇന്ദ്രിയാനുഭവത്തിന്‍റെ സാന്നിധ്യങ്ങളില്‍ ഗന്ധത്തിന്‍റെ സവിശേഷ ഉപയോഗവും അത് ശരീരത്തിന്‍റെ അപരം തന്നെയായി പ്രതീകവ ത്ക്കരിക്കുന്നതും വിശകലനം ചെയ്യുന്നു.
പരിമളംപരത്തുന്ന ഉടലുകള്‍
ഉറൂബ് തന്‍റെ നോവലുകളിലെ സ്ത്രൈണകര്‍തൃത്വ നിര്‍മ്മിതിയില്‍ വ്യവസ്ഥാപിതമായ മൂല്യങ്ങളെ സംവാദ വിഷയമാക്കുന്നുണ്ട്. നിത്യമായ ധര്‍മ്മസംഘര്‍ഷങ്ങളായും ധര്‍മ്മസങ്കടങ്ങളായും ഉറൂബിന്‍റെ കഥാപാത്രങ്ങള്‍ ഉള്ളില്‍ സ്വയം കത്തുന്നു. സ്ത്രീയോ, സ്ത്രീയെ ചൊല്ലിയോ ആയിരുന്നു ഈ ആത്മദഹനങ്ങളേറെയും. മതവും മറ്റ് മേല്‍കോയ്മാമൂല്യങ്ങളും പുലര്‍ത്തുന്ന സദാചാരവ്യവസ്ഥയുടെ പൊള്ളത്തരങ്ങളെ ജീവിതംകൊണ്ട് പൊളിച്ചെഴുതേണ്ടി വരുമ്പോള്‍ നേരിട്ട സംഘര്‍ഷങ്ങള്‍ തന്നെയായിരുന്നു ഉറൂബിന്‍റെ കഥാപാത്രങ്ങള്‍ അനുഭവിച്ചത്. ദമനം ചെയ്യപ്പെട്ട രതികാമനയുടെ പലവിധ തുറപ്പുകള്‍ ഉറൂബിന്‍റെ കഥാസന്ദര്‍ഭങ്ങളില്‍ ഉണ്ട്. പൊട്ടിത്തരി ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പെണ്ണുടലുകളെ ഒളിപ്പിച്ചുനിര്‍ത്തിയ മനസ്സുകളുടെ ഭൂപടം തയ്യാറാക്കുകയായിരുന്നു ഉറൂബ്. അത്തരം അന്തര്‍ലോകങ്ങളുടെ ബാഹ്യവത്കരണം ഇന്ദ്രിയാനുഭവങ്ങളുടെ സംവേദനമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഉറൂബിന്‍റെ സമകാലികരും ഈ രീതിയിലുള്ള ആഖ്യാനവിശേ ഷതകള്‍ ഉപയോഗിച്ചിരുന്നു എന്നും കാണാം. തീവ്രാഭിലാഷ ത്തിന്‍റെ രണ്ട് ശരീരങ്ങളെ ഒരു മതിലിനപ്പുറവും ഇപ്പുറവും നിര്‍ത്തി ശരീരാസക്തിയെ വിനിമയം ചെയ്യുന്ന ബഷീറിന്‍റെ മതിലുകള്‍ ആണ്‍-പെണ്‍ രതിയുടെ അപരമായി മണത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്.1 മതിലുകള്‍ എന്ന നോവലില്‍ മതില്‍ ലിംഗഭേദത്തിന്‍റെ മതിലും ജയില്‍ ലൈംഗികതയുടെ ജയിലും ആണെന്ന് ബി. രാജീവന്‍ നിരീക്ഷിക്കുന്നുണ്ടല്ലോ. (2014:44)
څവെളുത്തുതുടുത്ത കണിവെള്ളരിക്കچ എന്ന് ചിന്നമ്മുവിനെ വിശേഷിപ്പിക്കുമ്പോഴും څഓള് ഒരു നോട്ടം നോക്കിയാല്‍ മനുഷ്യര്‍ കത്തിപ്പോവുംچ څഎഴുത്താണി താഴ്ത്തും പോലെ ഒരു നോട്ടംچ എന്ന് നോട്ടത്തില്‍ സ്പര്‍ശം അന്തര്‍ഭവിപ്പിക്കുമ്പോഴും څഇളനെല്ലിക്ക ചവര്‍ക്കും പോല്യാ- ചവര്‍പ്പും മതിരൂം ഒപ്പാچ എന്ന് ജീവിതസന്ദിഗ്ധ തയെ വ്യാഖ്യാനിക്കുമ്പോഴും ഉറൂബ് കാല്‍പനിക ഭാഷയുടെ വര്‍ണനാചാതുര്യം മാത്രമല്ല പ്രകാശിപ്പിക്കുന്നത്, രതിയുടെ ഭാഷയെ ഒരുക്കിയെടുക്കുകകൂടിയായിരുന്നു. ഉടലാസക്തികളെ ഇന്ദ്രിയഭാഷയില്‍ സമര്‍ത്ഥമായി പ്രകാശിപ്പിക്കുന്ന ആവിഷ്കാര ജാലം ഉറൂബിന്‍റെ ശൈലിതന്നെയാണ്. കാഴ്ച, ശബ്ദം, സ്പര്‍ശം, രുചി, മണം എന്നീ പഞ്ചേന്ദ്രിയാനുഭവങ്ങള്‍ ശരീരസംബന്ധിയായ മൂര്‍ത്തതയായിരിക്കെ അവയെ മനസ്സിന്‍റെ പ്രതലത്തിലേക്ക് വിന്യസിച്ച് ഇന്ദ്രിയാതീതമായ അനുഭവലോകമായി ആവിഷ്കരി ക്കുന്നു. ശരീരം എന്ന ഒറ്റ സംയുക്തത്തെ ഇങ്ങനെ വിഘടിപ്പിച്ച് ഇന്ദ്രിയസംവേദനത്തിലേക്ക് പകര്‍ത്തുമ്പോള്‍ ശരീരത്തിന്‍റെ എഴുത്ത് എന്ന പ്രത്യക്ഷതോന്നല്‍ മാറുകയാണ്. വായനയുടെ നോട്ടങ്ങള്‍ക്കുമേലുള്ള ആവരണമായി അതിനെ കാണാം. പ്രലോഭനീയമായ ഉടലുകള്‍ താല്‍ക്കാലികമായി അവിടെ ഒളിപ്പിച്ച്നിര്‍ത്തപ്പെടുകയാണ്.
പ്രണയത്തെയും രതിയെയും വേറിട്ടുനിര്‍ത്തി വിശകലനം ചെയ്യുക അസാധ്യമാണ്. പ്രണയത്തിന്‍റെ സ്ഥായി രതിയും അതിന്‍റെ യാഥാര്‍ത്ഥ്യം ഉടലും ആയിത്തീരുന്ന സങ്കല്‍പമാണ് അത്. ഈ സങ്കല്‍പം രൂഢമൂലമാണ് ഉറൂബിന്‍റെ നോവലുകളില്‍. ഗന്ധം എന്ന സവിശേഷ ഇന്ദ്രിയാനുഭവം ഇതില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇനി പരിശോധിക്കുന്നത്. ഇന്ദ്രിയ ബോധത്തിന്‍റെ അടിസ്ഥാനത്തില്‍ രതിയുമായി ഗന്ധത്തിനുള്ള ചാര്‍ച്ച പ്രധാനമാണ്. ഇത് ഗന്ധപഠനത്തിന്‍റെ പരിമിതിയാണെന്ന് ചിലര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും2 ഉറൂബിന്‍റെ കൃതികളില്‍ ആ ചാര്‍ച്ച ശരീരത്തിന്‍റെ അസ്തിത്വം തന്നെയായി ആവിഷ്കാരം സാധ്യമാക്കുന്നു.
ڇശരിയായ ഗന്ധം ശരിയായ നേരത്തുണ്ടായാല്‍ അനുരാഗ ത്തിന്‍റെ സ്പന്ദനങ്ങള്‍ ഉണരാന്‍ ഇടയാകും. പൊടുന്നനെയുള്ള ഈ ഉണര്‍വ് പ്രേമത്തിന്‍റെ തീഷ്ണതയേറ്റും. ഗന്ധം അങ്ങനെ പ്രേമത്തിന്‍റെ ടോണിക്കാണെന്ന് പറയാം.ڈ (വിജു. വി. നായര്‍, 2017:98) പ്രേമത്തിന്‍റെ ഇത്തരം ടോണിക്കുകള്‍ പുഷ്ടിപ്പെടു ത്തുന്നത് ലൈംഗികതയുടെ ശരീരത്തെയാണ് എന്ന് ആലങ്കാരിക മായി പറയാം.ڇമനുഷ്യരുടെ ഇടയില്‍ ഗന്ധവും കാമവികാരവും എത്രകണ്ടധികം സംബന്ധപ്പെട്ടിരിക്കുന്നു എന്ന അന്വേഷണത്തില്‍ ഒന്നാമതായി പറയേണ്ടത് എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഗന്ധമുണ്ടെന്നാണ്.ڈ (നാലാപ്പാട്ട്,2013:281) കാമസൂത്ര ത്തിലെ څപത്മിനിڅ ഗന്ധമുള്ള സ്ത്രീകളെപ്പറ്റിയുള്ള പരാമര്‍ശവും കുറിക്കൂട്ടുകള്‍ ഉണ്ടാക്കുന്ന കലയും ഇതോടുചേര്‍ത്ത് വിശകലനം ചെയ്യേണ്ടതാണ്. ڇലിംഗഭേദ സംബന്ധിയായ ഒരു ഗന്ധവിശേഷം പ്രകൃതിയിലെങ്ങും വ്യാപിച്ച് നിലകൊള്ളുന്നുണ്ടെന്നും അതിന് കാമവികാരത്തോട് ജീവശാസ്ത്രാനുസൃതമായ സംബന്ധമു ണ്ടെന്നും സ്വാഡ്മേക്കറുടെ പരീക്ഷണങ്ങള്‍ തെളിയിച്ചതായി നാലാപ്പാട്ട് നാരായണമേനോന്‍ പരാമര്‍ശിക്കുന്നുണ്ട്. (2013:280) ഇങ്ങനെ ശരീരഗന്ധങ്ങള്‍ അപരരെ രതിയുടെ സ്മരണയില്‍ തളച്ചിടുന്നുണ്ട് എന്നത് ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അമ്മിണി എന്നീ മൂന്ന് നോവലുകളിലും രത്യാസക്തിയുടെ പ്രലോഭനങ്ങളായി ഗന്ധങ്ങളെ വാസനപ്പെടുത്തിയിട്ടുണ്ട്. യൗവനയുക്തയായ ഉമ്മാച്ചു ബീരാനെ ലഹരിപിടിപ്പിക്കുന്നത് അവളുടെ മണത്താലാണ്. പടവെട്ടുന്ന കണ്ണുകളെയും തുടുത്ത കവിളുകളെയും എടുത്തു പറഞ്ഞ നോവലിസ്റ്റ് അതിനുശേഷം ബീരാന്‍റെ അവസ്ഥയെ ആവിഷ്കരി ക്കുന്നത് നോക്കുക.
ڇഎല്ലാറ്റിലുമധികം പിടിച്ചുണര്‍ത്തിയത് അവളെ ചുഴന്ന പരിമളമാണ്. അവളൊന്ന് അനങ്ങിയാല്‍ അത്തറിന്‍റെ മണം പൊഴിയുകയായി. ഈ മണം ബീരാനെ ലഹരി പിടിപ്പിച്ചു, അവന്‍ പറഞ്ഞു, മായനെ, ഓളെ ഞാന്‍ കെട്ടും എന്ന് തന്ന്യാ ഇക്ക് തോന്ന്ണ്.ڈ ബീരാന്‍റെ ശരീരത്തിന്‍റെ ഉണര്‍ച്ച, അത്തറിന്‍റെ മണം പൊഴിയുന്നു എന്ന സവിശേഷ പ്രയോഗത്തില്‍ ഉമ്മാച്ചുവിന്‍റെ ശരീരമാകെ മണമാണ് എന്ന സൂചന - ഈ രീതിയില്‍ ലൈംഗിക തയുടെ ഉണര്‍ച്ചയും ശരീരത്തിന്‍റെ സ്വത്വവും ആയിട്ട് ഗന്ധം വിലസുന്നു. ഉമ്മാച്ചുവിന്‍റെ ശരീര വര്‍ണനയും നോക്കുക
ڇ ഉമ്മാച്ചുവിന്‍റെ ദേഹത്തിലൊക്കെ ആഭരണങ്ങളാണ്. കാതില്‍ സ്വര്‍ണചിറ്റുകള്‍, തക്കകള്‍, കഴുത്തില്‍ പൊന്‍പണ്ടങ്ങള്‍, കൈയിന്മേല്‍ കിലുങ്ങുന്ന പൊന്‍വളകളും കുപ്പിവളകളും ഇടകലര്‍ന്ന് ശബ്ദിക്കുന്നു. അരയില്‍ അനേകം കൊത്തുപണി കളോടുകൂടിയ വീതിയുള്ള അരഞ്ഞാണം, പൊന്നേലസ്സുകള്‍, മണ്ണെണ്ണത്തപ്പുകള്‍ കയറ്റിയ കട്ടവണ്ടിപോലെ, ഉമ്മാച്ചു അനങ്ങി യാല്‍ ശബ്ദമായി; ക്ലിംٹപ്ലിം...ക്ലിംٹപ്ലിം...ക്ലിം. വസ്ത്ര ങ്ങളും മുന്തിയവ തന്നെ, പളപളായമാനമായകാച്ചി, ദേഹത്തിലിറുകി ദേഹത്തിന്‍റെ ആകൃതി മുഴുവന്‍ എടുത്തുകാട്ടുന്ന കുപ്പായം. കസവു വെച്ച പട്ടുതട്ടം - അങ്ങനെയാണ്. കൈയില്‍ മയിലാഞ്ചി, കണ്ണില്‍ സുറുമ, അവള്‍ നടക്കുന്ന വഴിയിലെല്ലാം അത്തറിന്‍റെ പരിമളം പൊഴിയുന്നു. ഒരുകൊഴുത്ത വസന്ത കാലം കടന്നുപോവുകയാണ്.ڈ- ഈ വര്‍ണ്ണനയില്‍ ശബ്ദം, കാഴ്ച, ഗന്ധം എന്നിങ്ങനെ ക്രമത്തി ലാണ് ഉമ്മാച്ചു നിറയുന്നത്. ശബ്ദത്തിലൂടെ ദൂരെ നിന്ന് വന്ന്, കാഴ്ചയിലൂടെ കണ്ണഞ്ചിപ്പിച്ച്, ഗന്ധത്തിലൂടെ അനുഭൂതി നല്‍കുന്ന അനുഭവം ഈ വര്‍ണ്ണനയിലുണ്ട്.
മലയാള നോവലില്‍ ഏറെ പ്രസിദ്ധമായ ഇന്ദുലേഖാ വര്‍ണ്ണനയില്‍ നിന്ന് ഇത് വ്യത്യസ്തമാവുന്നത് ശ്രദ്ധിക്കുക. ചന്തുമേനോന്‍ ഇന്ദുലേഖയെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതേയുള്ളു.3 ഉമ്മാച്ചു ശരീരങ്ങളെ ഉണര്‍ത്തുന്നു. അമ്മിണിയിലും മണമാണ് അമ്മിണിയെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത.4 നളിനി പറയുന്നു.
ڇഅമ്മിണിയേടത്തിക്കും നെഞ്ചുന്തി തുടുത്തു കൊണ്ടുള്ള നില്‍പ്പുണ്ട്. ഒന്നുകൂടിയുണ്ട് മണം.ڈ
ڇഉണ്ടായിരുന്നുڈ
ڇഇപ്പോഴുംڈ
ഈ സംഭാഷണത്തില്‍ തന്‍റെ മണം തന്‍റെ പ്രണയവും. പ്രണയം പൂത്ത ശരീരവുമാണ് എന്ന് അമ്മിണി സ്വയം വിലയിരു ത്തുന്നു. ശങ്കുണ്ണിനായരെ ഉല്‍ക്കടമായി പ്രണയിച്ച കാലത്താണ് അവള്‍ക്ക് അവളുടെ ശരീരം തന്നെ മണമായത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിച്ചപ്പോള്‍ മണമില്ലാത്ത ശരീരം നിറവും തുടുപ്പും മാത്രമുള്ളതായി അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവുമൊ ത്തുള്ള രതി ആസ്വദിക്കാന്‍ അമ്മിണിയ്ക്കൊരിക്കലും കഴിഞ്ഞിരു ന്നില്ല. അത് അയാളുടെ ആവശ്യം മാത്രമായിരുന്നു. അതുകൊണ്ട് മണമില്ലാത്ത തന്‍റെ ശരീരം ലൈംഗികമായി ആസ്വാദ്യതയില്ലാ ത്തതാണ് എന്ന ധ്വനിയിലേക്ക് അമ്മിണി സ്വയം എത്തുന്നുണ്ട്. മണമാണ് പ്രണയവും ശരീരത്തിന്‍റെ പ്രസരിക്കുന്ന കാമനയും എന്ന് ഉറൂബിന്‍റെ കഥാപാത്രങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഉമ്മാച്ചുവില്‍ ബീരാനെ വിവാഹം കഴിച്ചശേഷം ഉമ്മാച്ചുവിനെ ആദ്യമായികാണുന്ന ചാപ്പുണ്ണിനായരും മണത്തിലൂടെയാണ് അവളുടെ ശരീരത്തിന്‍റെ സാന്നിധ്യം അറിയുന്നത്.
ڇവിരിയുടെ പിന്നില്‍ നിന്ന് ഒരു കിളിനാദം പുറപ്പെട്ടു. അത്തറിന്‍റെ മണം അവിടെ വ്യാപിക്കുന്നുണ്ടെന്ന് അപ്പോഴേ ചാപ്പുണ്ണി നായര്‍ ഓര്‍ത്തുള്ളൂڈ ബീരാനും ഉമ്മാച്ചുവും തമ്മിലുള്ള രതിക്രിയയില്‍ ഉമ്മാച്ചുവിന്‍റെ മനസ്സില്‍ മായനുമായുള്ള സംയോഗമാണ് നടക്കുന്നത്. ആ മനസംയോഗത്തെ ഉറൂബ് എഴുതിയിരിക്കുന്നത് നോക്കുക.
ڇജാലകത്തിലൂടെ നിലാവ് തള്ളിതള്ളി വന്ന് അത്തറിന്‍റെ മണത്തോട് കൂടിച്ചേര്‍ന്ന് ലയിക്കുകയാണ്چچ - ഇവിടെ അത്തറിന്‍റെ മണം ഉമ്മാച്ചുവിന്‍റെ ശരീരംതന്നെയാണ്.സ്വന്തം നാട്ടില്‍നിന്ന് ഓടിപ്പോയ മായന്‍ തന്‍റെ സ്മരണകളെ കൂട്ടുപിടിക്കുമ്പോഴും ഉമ്മാച്ചുവിനെ മണമായി ശരീരവത്കരിക്കുന്നത് നോക്കുക ڇٹ പിന്നെ ഉമ്മാച്ചുവരുന്നു, അത്തറിന്‍റെ മണം പൊഴിയുകയാണ്. ഈ ദുനിയാവ് അപ്പടി വാസനയായ പോലെ തോന്നുന്നു.ڈ
അത്തറാലിയുടെ മകളായതുകൊണ്ട് കുട്ടിക്കാലത്ത് സുഗന്ധമായിരുന്നു ഉമ്മാച്ചു. മുതിര്‍ന്നപ്പോഴും അവളുടെ ശരീരം ആ മണം തന്നെയായതും ലൈംഗികമായ ആസക്തികള്‍ ഉണര്‍ത്തുന്ന പ്രചോദകമാവുന്നതും നോവലില്‍ പലതവണ സൂചിതമാകുന്നുണ്ട്. څഭര്‍ത്താവായ ബീരാനും പ്രണയനാഥനായ മായനും നിത്യചങ്ങാതിയും രഹസ്യനുരാഗം സൂക്ഷിക്കുന്ന വനുമായ ചാപ്പുണ്ണി നായരും ഉമ്മാച്ചുവിനെ മണത്താലാണ് ആദ്യം അറിയുന്നത് എന്നത് കൂടി ഇതിന് അനുബന്ധമാണ്. ഉമ്മാച്ചുവിലെ രണ്ടാം നായികയായ ചിന്നമ്മുവിനെപ്പറ്റി അവളുടെ കാമുകനായ അബ്ദു ചിന്തിക്കുന്നതും ڇഎരിവുള്ള പരിമളംڈ എന്നാണ്. څപകയും പരിമളസ്മരണچയുമാണ് കോവിലകത്തെ തമ്പുരാന് ചിന്നമ്മുവി നെപ്പറ്റി തോന്നുന്നത്.
ڇസുന്ദരികളും സുന്ദരന്മാരുംڈ എന്ന നോവലിലും മണം ശരീരം തന്നെയായി പ്രത്യക്ഷപ്പെടുന്നു. പെണ്‍ശരീരമല്ല, ആണ്‍ശ രീരമാണെന്ന് മാത്രം. ശാന്തയ്ക്ക് വിശ്വത്തിന്‍റെ കൈലേസിന്‍റെ മണം അവന്‍റെ പ്രണയവും ശരീരവുംതന്നെയാണ്. ശാന്തയുടെ ഭര്‍ത്താവിന് ആ കൈലേസിന് അസഹ്യമായ ഗന്ധമാണെങ്കില്‍ ശാന്തയ്ക്കത് പരിമളമാണ്.വെറുമൊരു ടവ്വല്‍ കാര്‍ത്തികേയന്‍റെ മനസ്സിലുണ്ടാക്കുന്ന അസ്വസ്ഥത എത്ര വലുതാണ് എന്ന് നോക്കുക.
ڇതലേന്നാള്‍ നൃത്തം കഴിഞ്ഞ് തിരിച്ചുപോരുമ്പോഴും ശാന്തയില്‍ നിന്ന് ഇത്തരം ഒരു മണം പൊന്തിയിരുന്നില്ലേ? നൃത്തത്തിന് വര്‍ണ്ണങ്ങളും താളങ്ങളും ഗാനങ്ങളുമുണ്ട്. പക്ഷേ മണമുണ്ടോ?چچ തന്‍റെ ഭാര്യയായ ശാന്തയും വിശ്വവും തലേന്ന് നടത്തിയ യുഗ്മനൃത്തത്തിന്‍റെ അസ്വാരസ്യത്തില്‍ നിന്നുമാണ് ഈ അസ്വസ്ഥത കാര്‍ത്തികേയന്‍ പ്രകടിപ്പിക്കുന്നത്. നൃത്തം രതി തന്നെയായും ആ കൈലേസിന്‍റെ ഗന്ധം അവര്‍ തമ്മിലുള്ള പ്രണയമായും അയാള്‍ തിരിച്ചറിയുകയാണ്. ڇഹൗڈ എന്തൊരു മണാ! എന്നിട്ട് ശാന്ത ആ കൈലേസിനെ വലിച്ചെടുത്ത് മടിക്കുത്തില്‍ വയ്ക്കുന്നതും ഈ സന്ദര്‍ഭങ്ങളെ ഒന്നുകൂടി കൂടി വാസനാഭരിതമാക്കുന്നു.
അമ്മാളുക്കുട്ടിയമ്മയുടെ യൗവനത്തെക്കുറിച്ച് പറയുമ്പോള്‍ ശരീരം=ഗന്ധം എന്ന സമന്വയം ഉണ്ടാകുുന്നു. രണ്ട് പുരുഷന്മാ രെയും ഒരേ സമയം നുകത്തില്‍ കൊണ്ടുപോകുന്നതുപോലെ തന്‍റെ ശരീരത്തിന്‍റെ വരുതിയിലാക്കിയ അമ്മാളുക്കുട്ടിയമ്മയുടെ ഇപ്പോഴത്തെ അവസ്ഥ നോവലിസ്റ്റ് വര്‍ണിക്കുന്നതു നോക്കുക.
ڇപലതും നേടിക്കൊടുത്ത ആ യൗവനം ഊര്‍ന്നൂര്‍ന്ന് പോകുമ്പോള്‍ താനില്ലാതാവുക യാണെന്നൊരു തോന്നല്‍. പരിമളം മാത്രമല്ല കര്‍പ്പൂരം തന്നെ കാറ്റ് അപഹരിച്ചുകളയുന്നുڈ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്ന ശരീരത്തിന് ഗന്ധം ഇല്ലാതാവുന്നു എന്നത് രതികാമനകള്‍ നഷ്ടപ്പെടുന്നു എന്ന ഭീതിതന്നെയാണ്.തന്‍റെ നിത്യകാമുകിയായിരുന്ന ലക്ഷ്മിക്കുട്ടിയെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം കാണാനുള്ള തീവ്രാഭിലാഷം ഗോപിക്കുറുപ്പില്‍ നിറയുന്നത് എങ്ങനെയാണെന്ന് നോക്കുക.
ڇകൈതപൂവിന്‍റേതുപോലെ മാദകമായ ഒരു പരിമളം ഹൃദയത്തില്‍ വ്യാപിക്കുകയാണ്. അയാള്‍ എഴുന്നേറ്റിരുന്നു. ആ മണം മത്തുപിടിപ്പിക്കുകയാണ്. അത് പുറപ്പെടുന്ന സ്ഥലത്തെ ത്തണം.چچ ആ മാദകഗന്ധം അവളുടെ ശരീരംതന്നെയായി അയാള്‍ അനുഭവിക്കുന്നുണ്ട്. സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലെ മറ്റൊരു സന്ദര്‍ഭത്തിലും രത്യാസക്തിയെ മണമായി ഉറൂബ് അടയാളപ്പെടുത്തുന്നു. സമ്മതമില്ലാതെ വിശ്വത്തെ തന്നിലേക്ക് ആകര്‍ഷിക്കുന്ന ലക്ഷ്മിക്കുട്ടിയേയും വിശ്വത്തേയും കാണിച്ചു തരുന്നത് ഇങ്ങനെയാണ്. ڇവിയര്‍പ്പ് പൊടിഞ്ഞ ആ കവിള്‍ അവന്‍റെ കവിളിനോട് ഉരുമ്മുന്നുണ്ടായിരുന്നു. വിശ്വം മുഖം തിരിച്ചുകളഞ്ഞു. ഓടിക്കിതച്ച ഒരു മൃഗത്തിന്‍റെ ഗന്ധം.ڈ അമ്മിണിയിലും ദിവാകരന്‍നായരുമായുള്ള (അമ്മിണിയുടെ ഭര്‍ത്താവ്) രതിബന്ധത്തിനു ശേഷം നളിനി ചിന്തിക്കുന്നത് ڇമനുഷ്യന്‍റെ ശരീരത്തിന് ഇത്രയും മാദകമായ മണമോ!ڈഎന്നാണ്.അണിയറ എന്ന നോവലിലും സമാനമായ സന്ദര്‍ഭങ്ങളുണ്ട്. അപ്രതീക്ഷി തമായി വന്ന് കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ച വിശാലത്തെപ്പറ്റി ബലരാമന്‍ ഓര്‍ക്കുന്നതും ഇങ്ങനെതന്നെയാണ്. ڇആ പെണ്‍കുട്ടിക്ക് സുഗന്ധമുണ്ടായിരുന്നുവോٹ?ڈ
ഇങ്ങനെ കൈതപ്പൂവിന്‍റെ സുഗന്ധമായും അത്തറിന്‍റെ മണമായും അസാധാരണ പരിമളങ്ങളായും എരിവുള്ള വാസനയായും ഉറൂബിന്‍റെ നോവലുകളില്‍ ഗന്ധം സര്‍വവ്യാപി യാണ്. രതിയുടെ ഗന്ധശരീരങ്ങള്‍ തന്നെയാണ് അവയിലെ യൗവന ശരീരങ്ങള്‍. ഗന്ധത്തെ ഈവിധത്തില്‍ ശരീരവും പ്രണയവും കാമനയും ആയി ചിഹ്നവത്കരിക്കുന്നത് കാല്‍പനികവ ര്‍ണനയുടെ പ്രത്യേകത മാത്രമല്ല, ഗന്ധം ഒരു ആഖ്യാനഘടകം എന്ന നിലയില്‍ ഒരു സാംസ്കാരിക വിവക്ഷകൂടിയായി തീരുകയാണ്. നവോത്ഥാനം അടക്കിനിര്‍ത്തിയ ഉടലുകള്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍വഴി പുറത്ത് കടക്കേണ്ടതുണ്ടായിരുന്നു. ഉറൂബിന്‍റെ കൃതികളില്‍ ആവര്‍ത്തിച്ചു വരുന്ന പൂന്തോട്ടനിര്‍മ്മിതി ജീവിതത്തിന്‍റെ അപരമാവുന്നത് തിരിച്ചറിയുമ്പോള്‍ ഇപ്പറഞ്ഞതിന്‍റെയെല്ലാം സവിശേഷ വ്യാഖ്യാനമാവും.
വാക്കുകളിലെ മാന്യത ഒരാളുടെ സംസാരത്തെ ശുദ്ധീകരിച്ചു എന്ന് പോള്‍ റാബിനോവ് ഫൂക്കോയെ ഉദ്ധരിക്കുന്നുണ്ട്. (1991:292) അടക്കത്തില്‍ പറയാന്‍ ഇന്ദ്രിയങ്ങളുടെ ഭാവലോകത്തെ നമ്മുടെ എഴുത്തുകാര്‍ സ്വീകരിച്ചിരുന്നു എന്ന് വ്യക്തമാണ്. അടക്കമായിരു ന്നു ലൈംഗികത ആവശ്യപ്പെട്ട സാദാചാരയുക്തി. അതിനെ പരിപാലിച്ചുതന്നെയാണ് നമ്മുടെ വ്യവഹാരങ്ങളുടെ ലാവണ്യ ബോധം ഉരുത്തിരിഞ്ഞത്.
څതനു വസന്തത്തില്‍ പൂത്ത കാനനം പോലെچ എന്നാണ് വൈലോപ്പിള്ളി പാടിയത്.5 മണങ്ങള്‍കൊണ്ട് മത്തുപിടിപ്പിക്കുന്ന ഈ ശരീരങ്ങള്‍തന്നെയായിരുന്നു ഉറൂബിന്‍റെ കരുക്കള്‍. ڇവ്യക്തിസത്തയുടെ ഭാഗമായിക്കൊണ്ട് ജീവിതത്തിന്‍റെ ആന്തരികവും ബാഹ്യവുമായ പ്രത്യേകതകള്‍ സുക്ഷ്മ-സ്ഥൂല തലങ്ങളില്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് ഗന്ധം സംസ്കാരപഠനത്തിന്‍റെ ഭാഗമാവുന്നത്.ڈ (ഗിരീഷ് കുമാര്‍,2015:17) ഇത്തരത്തിലൊരു സൂക്ഷ്മബോധം ഉറൂബില്‍ പ്രവര്‍ത്തിച്ചിരുന്നു. ഉടലുകളുടെ ഭാഷയായി അതിനെ സുഗന്ധപൂരിതമാക്കാന്‍ അദ്ദേഹത്തിന്‍റെ ഭാവനയ്ക്ക് സാധിച്ചു.
കുറിപ്പുകള്‍
څന്തോ!چ
പെണ്ണിന്‍റെ മണംٹ എനിക്കനുഭവപ്പെട്ടു.
ഹിപ്പോഴോٹ! ഹയ്യോٹ!
ഞാന്‍ പറഞ്ഞു:
څഇപ്പോഴല്ല, ഞാനീ ജയിലില്‍ വന്നു കയറി ഇങ്ങുവരുമ്പോള്‍!چ
നാരായണി ചോദിച്ചു:
څഅതെവിടന്ന്ٹ! ഹെന്‍റതായിരിക്കുമോٹ?چ
څഎനിക്കറിഞ്ഞുകൂടാٹچ
അവള്‍ പറഞ്ഞു:
څആണ്‍ശരീരത്തിന്‍റെ മണംٹഅവിടത്തെ മണം എങ്ങനെയിരിക്കും?چ
ഞാന്‍ പറഞ്ഞു:
څഎനിക്കറിഞ്ഞുകൂടാ നാരായണീٹ. നിന്‍റെ ശരീരത്തിന്‍റെ ആ മണം!چ
ഞാന്‍ നാസാരന്ധ്രങ്ങള്‍ വിടര്‍ത്തി ശക്തിയോടെ വലിച്ചു. ഒച്ച അവിടെ കേട്ടുകാണുമോٹ?
നാരായണി ചോദിച്ചു:
څവരുന്നുണ്ടോ?چ
ഞാന്‍ പറഞ്ഞു: څഇല്ലچ,
നാരായണി പറഞ്ഞു:
څഎനിക്കും കിട്ടുന്നില്ല. അസത്തു മതില്ٹ!چ
2. ഗന്ധമാദനഗിരിനിരകള്‍ എന്ന പുസ്തകം മലയാളകവിതകളെ അടിസ്ഥാനമാക്കി څഗന്ധچങ്ങളുടെ സാംസ്കാരിക വായനയാണ്. പഞ്ചേന്ദ്രിയ ബോധത്തില്‍നിന്ന് വിടുതിനല്‍കി ഗന്ധത്തിന്‍റെ സാംസ്കാരിക വിവക്ഷകളെ കണ്ടെത്തുന്ന പഠനമാണിത്. രതിയുമായി ബന്ധപ്പെട്ട ഗന്ധപഠനങ്ങള്‍ അതിന്‍റെ പരിമിതമേഖ ലയാണെന്ന് ഈ പുസ്തകം പറയുന്നുണ്ട്.
3.. ഇന്ദുലേഖ - രണ്ടാം അധ്യായം - ഇന്ദുലേഖാവര്‍ണന നോക്കുക.
ڇഅരയില്‍ നേമം ഉടുക്കുന്ന കസവുതുണിയുടെ വക്കിനുള്ള പൊന്‍ കസവുകര മധ്യപ്രദേശത്ത് പട്ടയുടെ മാതിരി ആവരണമായി നില്‍ക്കുന്നത് കസവാണെന്ന് തിരിച്ചറിയണമെങ്കില്‍ കൈകൊണ്ട് തൊട്ടുനോക്കണം. ശരീരത്തിന്‍റെ വര്‍ണം പൊന്‍ കസവിന്‍റെ സവര്‍ണമാകയാല്‍ കസവ് എവിടെ അവസാനിച്ചു, ശരീരം എവിടെ തുടങ്ങി എന്ന് കാഴ്ചയില്‍ പറവാന്‍ ഒരുവനും കേവലം സാധിക്കയില്ലٹڈ എന്ന് തുടങ്ങുന്ന ഇന്ദുലേഖാവര്‍ണനയില്‍ ചന്തുമേനോന്‍ പറയുന്ന ഒരു കാര്യം څഈ അതിമനോഹരിയായ ഇന്ദുലേഖയുടെ സൗന്ദര്യത്തെ വര്‍ണിപ്പാന്‍ ആരാല്‍ സാധിക്കും!چ എന്നാണ്. വര്‍ണിക്കേണ്ട ഒരു കാഴ്ചവസ്തുവായി ഇന്ദുലേഖ മാറുന്നു എന്നത് അവിടെ അനുഭവപ്പെടുന്നുണ്ട്.
4. അമ്മിണിയുടെ പൂന്തോട്ടത്തില്‍ തെച്ചിപ്പൂവ് വളര്‍ത്തുന്നതിനെപ്പറ്റി യുള്ള നളിനിയുടെയും അമ്മിണിയുടെയും സംഭാഷണം. തെച്ചിപ്പൂവിന് പകരം മുല്ലയോ പനിനീരോ വളര്‍ത്തിക്കൂടേ എന്ന നളിനിയുടെ ചോദ്യത്തിന്, ആ വക നല്ല പൂക്കളും ഞാനും തമ്മില്‍ ചേരുകയില്ല എന്നാണ് അമ്മിണിയുടെ ഉത്തരം - അതിനെതുടര്‍ന്നാണ് പ്രസ്തുത പരാമര്‍ശങ്ങള്‍.
5. څനിന്‍റെ ഹൃദയംچ- വൈലോപ്പിള്ളി,
സുന്ദരമാരോമലേ,
സുഗന്ധോല്ലസിതമീ
നിന്‍തനു വസന്തത്തില്‍
പൂത്ത കാനനം പോലെ
സഹായകഗ്രന്ഥങ്ങള്‍:
എം.എന്‍. വിജയന്‍, 2008. എം.എന്‍. വിജയന്‍ സമ്പൂര്‍ണകൃതികള്‍, (വാല്യം-1), കറന്‍റ് ബുക്സ്:തൃശ്ശൂര്‍,
എസ്. ഗിരീഷ് കുമാര്‍(ഡോ.), 2015. ഗന്ധമാദനഗിരിനിരകളില്‍, നാഷണല്‍ ബുക്സ്റ്റാള്‍: കോട്ടയം
കെ. രാമചന്ദ്രന്‍ (സമ്പാ:), ഗാന്ധിസാഹിത്യ സംഗ്രഹം, (മൂന്നാം പതിപ്പ്), കേരള ഗാന്ധിസ്മാരകനിധി, കറന്‍റ് ബുക്സ്.
ചന്തുമേനോന്‍, 2013. ഇന്ദുലേഖ, ചിന്തപബ്ലിഷേഴ്സ്: തിരുവനന്തപുരം.
നാലാപ്പാട്ട്, 2013. രതിസാമ്രാജ്യം, മാതൃഭൂമി ബുക്സ്: കോഴിക്കോട്.
ബി. രാജീവന്‍, 2014. വാക്കുകളും വസ്തുക്കളും, ഡി.സി.ബുക്സ്: കോട്ടയം
വിജു,വി. നായര്‍, 2017. രതിയുടെ സൈകതഭൂവില്‍, മാതൃഭൂമി ബുക്സ്: കോഴിക്കോട്.
വൈക്കം മുഹമ്മദ് ബഷീര്‍, 1997. ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ (വാല്യം-1), ഡി.സി.ബുക്സ്: കോട്ടയം
വൈലോപ്പിള്ളി, 2010. വൈലോപ്പിള്ളി സമ്പൂര്‍ണ കൃതികള്‍ (വാല്യം-1), കറന്‍റ് ബുക്സ്:തൃശ്ശൂര്‍.
Caplan Patricia ,(Ed), 1987. The Cultural Construction of Sexuality, Routledge,: London.
Paul Rabinow, (Ed) , 1991. The Foucault Reader, Penguin books.