Imprints of Sufism in Kerala: An Overview
Dr. Muneer G.P
Sufism is understood as the quintessence and undercurrent of Islamic ideology. Kerala is a state that situates in the southernmost part of India with apparently exclusive characteristics and socio-cultural significance. According to the evidences, Sufism in Kerala has been since its very initial time a living fact and its strong impact is visible either explicitly or implicitly on the whole realms of Kerala Muslims’ life and practices. This article is a serious attempt to historically unfold the inherent as well as emerging ways of Sufi elements in the life of Kerala Muslims and various aspects where its presence is visible in their individual as well as social and collective life styles. The article examines the presence of Sufism, its existence and the imprints it left in their beliefs, practices, thinking, observing and acting patterns and even day to day living styles and forms.
Key word: Sufism, Kerala, Sufi orders, Sufi literatures, Durgah
References:
Miller, E. Roland, 1976, The Mappila Muslims of Kerala, Madras, orient Longman.
Mark, R. Woodward, 1989, Islam in Java, Tucson, The University of Arizona Press
Abdul Majeed,2011, A.K, Kashful Mahjub of Ali Hujwiri (Malayalam Translation), Thrichur, Vijaram Books.
Koyakkutti, Muttanisheri, 2011, Malayalam translation of Muqaddima of ibn Khaldun, Kozhikode, Mathrubumi Books.
Randathani, Dr. Husain, 2007, Sufi Margam (Mal), Kozhikode, IPB
85th Anniversary Souvenir of Samstha Kerala Jamiyyathul Ulama, 2013, Sathya Saraniyude charithra saakshyam, Venghara, Souvenir publishing committee.
സൂഫി മുദ്രകള്‍ പതിഞ്ഞ കേരള മണ്ണ്: ഒരവലോകനം
ഡോ. മുനീര്‍ ജി.പി
സവിശേഷമായ അസ്തിത്വവും ആവിര്‍ഭാവ പശ്ചാത്തലവും അനന്യമായ രീതിമാതൃകകളും കൈമുതലുള്ളവരാണ് ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിന്‍റെ തെക്ക് പടിഞ്ഞാറേ അറ്റത്ത് കഴിയുന്ന കേരള മുസ്ലിം സമൂഹം. ലോകത്തിലെ ഇതര വ്യക്തിഗത സമുദായങ്ങളു മായി താരതമ്യം ചെയ്യുമ്പോള്‍ അംഗബലത്തില്‍ തുലോം വിരളമാണെങ്കിലും മാനവസമുദായത്തിന്‍റെ ഭൂപടത്തില്‍ ഈ സമുദായം അടയാളപ്പെടുത്തുന്നത് അതുല്യമായ ഇടം തന്നെയാണ്. സവിശേഷപ്രാധാന്യത്തോടെ ചരിത്രം നിരീക്ഷിച്ച ഈ വിഭാഗ ത്തിന്‍റെ സമൂഹഗുണങ്ങളില്‍ ശ്രദ്ധേയവും തള്ളിക്കളയാനാവത്തതു മായ ഒന്നാണ് അവരുടെ ഭക്തിരസപ്രധാനമായ പ്രകടനങ്ങളും പ്രകര്‍ഷങ്ങളും. കേരള മുസ്ലിംകളുടെ ഭക്തിപ്രധാനമായ അഃന്തസത്ത ക്ക് മിഴിവ് പകര്‍ന്ന സൂഫിസത്തിന്‍റെ കേരളത്തിലേക്കുള്ള ആഗമനവും അത് വഴിരൂപപ്പെട്ട്വന്ന ഇവിടത്തെ മതസാമൂഹ്യ സാംസ്കാരിക രീതികളും, മനനപ്രകടന വഴികളും ലളിതമായ രീതിയില്‍ നിരീക്ഷണ വിധേയമാക്കുകയാണ് ഈ പ്രബന്ധം. വിശ്വാസയോഗ്യവും അവലംബാര്‍ഹവുമായ ചരിത്രരേഖകളുടെയും കേരളമുസ്ലിംകളുടെ നാളിതുവരെയുള്ള വിശ്വാസ സ്വഭാവ ജീവിത രീതികളുടെയും ചില അന്വേഷണ ഫലങ്ങളാണ് ഈ പഠനത്തിന്‍റെ ഉള്ളടക്കം.
ഒരു സമൂഹത്തിന്‍റെ വ്യക്തിസമഷ്ടി മേഖലകളില്‍ വെളിപ്പെടുന്ന സ്വഭാവരീതികള്‍ക്കും ആചാരരൂപങ്ങള്‍ക്കും അവരുടെ ആവിര്‍ഭാവ പശ്ചാത്തലത്തിലേക്ക് നേരിട്ട് ബന്ധിക്കുന്ന വേരുകള്‍ കാണാനാവുമെന്ന് നരവംശ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. കേരള മുസ്ലിമിന്‍റെ വ്യക്തിത്വവും സ്വത്വവും സ്വഭാവ രീതികളും പഠനവിധേയമാക്കുമ്പോഴും ഈ വസ്തുത പ്രകടമാണ്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ഇസ്ലാം കേരളക്കരയില്‍ എത്തിയിട്ടുണ്ടെന്നതാണ് പ്രബലമായ ചരിത്രമതം. പ്രവാചകാഗമനത്തിനും നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് നീളുന്ന അറബ് കേരള കച്ചവട സമ്പര്‍ക്കം ഈ നിഗമനത്തെ സാക്ഷ്യപ്പെടുത്തുന്നു. കേരള മണ്ണിലേക്കുള്ള ഇസ്ലാമിക പ്രവേശം പ്രവാചക കാലത്തായാലും പ്രവാചകാനുചരന്മാരുടെ കാലത്തായാലും പ്രവാചകന്‍ പ്രസരിപ്പിച്ച ജ്ഞാന നിധിയില്‍ നിന്ന് നേരിട്ട് ആവാഹിക്കാന്‍ കേരള ജനതക്ക് സാധ്യമായിട്ടുണ്ടെന്നത് സുവിദിതമാണ്. കാരണം കേരളമണ്ണില്‍ ഇസ്ലാമിന്‍റെ സന്ദേശവുമായെത്തിയ പ്രബോധക സംഘം പ്രവാചകന്‍റെ സമീപത്ത് നിന്ന് ആ അനിഷേധ്യ സന്ദേശം നേരിട്ട് ശ്രവിച്ചവരായിരുന്നുവെന്ന് ചരിത്ര രേഖകള്‍ പലതും സാക്ഷ്യം പറയുന്നുണ്ട്. കേരള മുസ്ലിം വ്യക്തിത്വം നിര്‍ണ്ണയിക്കുന്നിടത്ത് ഈ വസ്തുത പരിഗണിക്കാതെ വയ്യ.
വിഖ്യാത ചരിത്രകാരനും څഇന്ത്യന്‍ മുസ്ലിംകള്‍' എന്ന വിശ്രുത ചരിത്രകൃതിയുടെ കര്‍ത്താവുമായ څമുജീബ്' ഈ വസ്തുത അടിവരയിട്ടു കൊണ്ട് തെക്കനിന്ത്യയിലെയും വടക്കനിന്ത്യയിലെയും മുസ്ലിംകളെ താരതമ്യം ചെയ്ത് നടത്തുന്ന നിരീക്ഷണം ഇങ്ങനെ വായിക്കാം. څതെക്കനിന്ത്യയിലെ മുസ്ലിംങ്ങള്‍ കൗതുകമുണര്‍ത്തും വിധം വ്യതിരിക്തമായൊരു ജീവിത ചരിത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. അറബ് വാണിജ്യ ഗതാഗതത്തിലൂടെയാണിവിടെ ഇസ്ലാം കടന്നുവന്നത്. വിശ്വാസ ദര്‍ശനങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ പ്രകൃതിയുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തില്‍ അകപ്പെട്ട് പോകാതിരിക്കാന്‍ ഇവിടെത്തെ മുസ്ലിംകള്‍ക്കായിട്ടുണ്ട്. അതേ സമയം ഭക്ഷണത്തിലും വസ്ത്രത്തിലും രീതി രൂപങ്ങളിലും പ്രാദേശിക സംലയനം കുറേയൊക്കെ ദൃശ്യമാണ്'.1 പ്രസിദ്ധ ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ വുഡ്പാര്‍ഡിന്‍റെയും നിരീക്ഷണം ഈ രീതിയില്‍ തന്നെയാണ്. څപ്രാഥമികമായി അറബ് പാരമ്പര്യവും സംസ്കാരവുമാണ് കേരളത്തെ സ്വാധീനിച്ചത്. അതേ സമയം ഇന്തോ-പേര്‍ഷ്യന്‍ മത രീതികളും രാഷ്ട്രീയ മുന്നേറ്റങ്ങളുമാണ് ഡെക്കാനില്‍ സ്വാധീനം ചെലുത്തിയത്'.2 കേരള മുസ്ലിംകളെക്കുറിച്ച് ശ്രദ്ധേയമായ പഠനം നടത്തിയ മില്ലര്‍ പറയുന്നത് څമാപ്പിള മുസ്ലിംകളുടെ മതത്തിലും സംസ്കാരത്തിലും എന്തിനേറെ ഭാഷയിലും വരെ അറബ് ബന്ധത്തിന്‍റെ സ്വാധീനം ശക്തമാണ്. അത് തുടരുകയും ചെയ്യുന്നു. ഈ സാധ്യത മറ്റിതര ഇന്ത്യന്‍ മുസ്ലിംകളില്‍ ദൃശ്യമല്ല'.3 ചുരുക്കത്തില്‍ കേരള മണ്ണില്‍ ഇസ്ലാമിക ദര്‍ശനത്തിന്‍റെ നിര്‍മ്മാണ ശിലയൊരുക്കുന്നതില്‍ പണിയെടുത്ത സൂഫികളുടെ കാല്‍പ്പാടുകള്‍ തേടിപ്പോകുമ്പോ ഴാണ് മാഞ്ഞുപോവാതെ നിലനില്‍ക്കുന്ന ആത്മീയധാരയുടെയും ഭക്തിരൂപങ്ങളുടെയും അടരുകള്‍ കാണാനാവുക.
സൂഫിസത്തിന് കേരളമണ്ണിലും നൂറ്റാണ്ടുകളിലേക്ക് നീളുന്ന വേരുകളുണ്ടെന്ന് കാണാനാകും. കേരള മുസ്ലിംകളുടെ ചരിത്രവും വസ്തുതകളും രൂപമാറ്റങ്ങളും പഠനവിധേയമാക്കിയ ഔദ്യോഗിക, അനൗദ്യോഗിക ചരിത്രകാരന്മാരില്‍ പലരും അവഗണിക്കുകയോ കാണാതെപോവുകയോ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലെ ജനപദത്തെ ചൂഴ്ന്ന് നില്‍ക്കുന്ന സൂഫി സാന്നിധ്യം അനിഷേധ്യ മാണ് എന്ന് സ്ഥാപിക്കാന്‍ തെളിവുകള്‍ ഏറെ ലഭ്യമാണ്. څഇന്തോ- പാക്ക് ഉപഭൂഗണ്ഡത്തിലെ മുസ്ലിം സമൂഹچമെന്ന ചരിത്രപ്രധാനമായ ഗ്രന്ഥം രചിച്ച ഐ.എച്ച് ഖുറേഷി څഇന്ത്യന്‍ ഇസ്ലാമില്‍ വ്യാപകമായു ള്ള സൂഫി മിഷിനറി പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ തെക്കെ അറ്റത്ത് തീരെ ദൃശ്യമായിരുന്നില്ലെന്ന്'4 പ്രസ്തുത പുസ്തകത്തില്‍ നടത്തിയ നിരീക്ഷണം അവഗണനയുടേയോ അന്വേഷണ അപര്യാ പ്തതയുടേയോ കാരണമായി സംഭവിച്ചതായി ഗണിക്കേണ്ടി വരും. മാപ്പിള മുസ്ലിംകളെക്കുറിച്ച് സവിശേഷ പഠനം നടത്തിയ മില്ലറും ഈ പ്രസ്താവനയുടെ അരികുചേര്‍ന്ന് സൂഫീ പ്രവര്‍ത്തനങ്ങള്‍ തുലോം വിരളമായിരുന്നെന്ന നിഗമനത്തിലാണ് എത്തിചേര്‍ന്നത്. എണ്ണപ്പെട്ട ചരിത്ര കൃതികളും സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളും അവ തയ്യാറാക്കിയ വ്യക്തികളുടേയോ സാഹചര്യങ്ങളുടേയോ പരിമിതികള്‍ കൊണ്ട് വസ്തുതകള്‍ ശരിയാംവണ്ണം അടയാള പ്പെടുത്തുന്നതില്‍ വിജയിക്കുന്നില്ലെങ്കിലും പ്രാദേശിക സ്രോതസ്സു കളുടെ കൃത്യവും സൂക്ഷമവുമായ വായന കേരളക്കര നൂറ്റാണ്ടു കള്‍ക്ക് മുമ്പ് തന്നെ സൂഫീധാരകളുടെ വിളഭൂമിയായിരുന്നുവെന്ന വസ്തുതകളിലേക്ക് ഗവേഷകരെ നയിക്കാന്‍ ഉതകുന്നതാണ്.
ഒരു പക്ഷെ ആഗോളതലത്തില്‍ സംഘടിത ഭാവത്തില്‍ സൂഫിസം രൂപപ്പെട്ട് വന്ന സമയം തന്നെ കേരളത്തിലും അതിന്‍റെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്ന് അനുമാനിക്കാ വുന്നതാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ രൂപം കൊള്ളുകയും വ്യാപനം നേടുകയും ചെയ്ത അനേകം സൂഫി ധാരകളില്‍ ഏതാണ്ട് പതിനാലില്‍ പരം സരണികള്‍ വിവിധ സമയ ങ്ങളിലായി വ്യത്യസ്ത സൂഫീഗുരുക്കന്‍മാരും അനുയായികളും വഴിയായി കേരളത്തിലും എത്തിയതായികാണാം. വിവിധ കുടുംബങ്ങളും അനവധി വ്യക്തികളും കേരളത്തില്‍ സൂഫീ ഉദ്യമങ്ങള്‍ക്ക് വിവിധ കാലങ്ങളില്‍ ചുക്കാന്‍ പിടിച്ചിട്ടണ്ട്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലേക്ക് പലായനം ചെയ്ത് എത്തിയവരും കേരളത്തിന്‍റെ മണ്ണില്‍ തന്നെ ജനിച്ച് വളര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. ഹളറമീ സയ്യിദുമാരും (യമനിലെ ഹളറമൗത്തില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ പ്രവാചക കുടുംബത്തിലെ താവഴിയില്‍ പെട്ടവര്‍), മഖ്ദൂം കുടുംബവും കോഴിക്കോട്ടെയും വളപട്ടണത്തെയും ഖാളിമാരും ലക്ഷദ്വീപില്‍ നിന്നും തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചേക്കേറിയ സൂഫികളും, അനവധി സൂഫീധാരകളുടെ പ്രതിനിധികളെ കേരളത്തിന് സംഭാവന ചെയ്തവരാണ്. സൂഫിസത്തിന്‍റെ വഴികളും രീതികളും കേരളത്തില്‍ കാണിച്ചും പരിശീലപ്പിച്ചും നല്‍കിയ വ്യക്തിഗത സൂഫികളുടെ എണ്ണം അതിവിപുലമാണ്.
സൂഫീസരണികള്‍ കേരളത്തില്‍
ലോകത്തിന്‍റെ വിവിധകോണുകളില്‍ ഉയിര്‍ കൊണ്ട സൂഫീധാരകള്‍ അതിന്‍റെ രൂപീകരണ കാലഘട്ടത്തില്‍ തന്നെ ചെറിയ തോതിലെങ്കിലും കേരളത്തിന്‍റെ മണ്ണിലും മനസ്സിലും അലയൊലികള്‍ തീര്‍ത്തതായി അനുമാനിക്കാന്‍ തക്കതായ തെളിവുകള്‍ ലഭ്യമാണ്. ഹിജ്റ വര്‍ഷ കണക്കുപ്രകാരം 5,6 നൂറ്റാണ്ടുകളില്‍ ജീവിച്ച പ്രശസ്ത സൂഫി പണ്ഡിതനും പ്രബോധകനുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയിലേക്ക് ചേര്‍ത്ത് പറയുന്ന ഖാദിരിയ്യാ ത്വരീഖത്ത് സൂഫീധാര രൂപപ്പെട്ട് വന്ന കാലഘട്ടത്തില്‍ തന്നെ കേരളത്തിലും എത്തിനോട്ടം നടത്തിയതിന് പ്രമാണങ്ങള്‍ കണ്ടെത്താന്‍ സാധ്യമായിട്ടുണ്ട്. കേരളത്തിലെ ഇസ്ലാമിക പ്രബോധനത്തിന്‍റെയും വ്യാപനത്തി ന്‍റെയും വഴിയില്‍ മഖ്ദൂമികളായ സൂഫീഗുരുക്കന്മാര്‍ മുഖേന څഖാദിരീ ചിഷ്തീ' മാര്‍ഗ്ഗം കേരളത്തിന്‍റെ പല ദിക്കുകളിലും വ്യാപിച്ച തായി കാണാം. മഖ്ദൂമികള്‍ നേതൃത്വം കൊടുത്ത പൊന്നാനി ദര്‍സ് സംവിധാനം ഒരര്‍ത്ഥത്തില്‍ സൂഫികളെ വാര്‍ത്തെടുക്കുന്ന പര്‍ണശാല കൂടിയായിരുന്നു. ഇവിടത്തെ വിളക്കത്തിരുന്ന് (പൊന്നാനി വലിയ പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണ വിളക്കിന് ചുറ്റുമിരുന്ന് മതപഠനം നടത്തി അതാത് സമയങ്ങളില്‍ അധ്യാപനത്തിന് നേതൃത്തം കൊടുക്കുന്ന മഖ്ദൂമില്‍ നിന്ന് 'മുസ്ലിയാര്‍' പദവി നേടിയെടുക്കുന്ന സമ്പ്രദായമാണ് വിളക്കത്തിരിക്കല്‍) ജനമധ്യത്തിലേക്ക് ഇറങ്ങിയ പണ്ഡിതര്‍, കേരളത്തില്‍ തങ്ങളുടെ കര്‍മമണ്ഡലങ്ങളില്‍ ഖാദിരി ഹള്റകള്‍ (സൂഫിഗുരു ശിഷ്യന്മാര്‍ക്ക് അധ്യാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാനും, ആരാധന, അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും പ്രത്യേകം സജ്ജമാക്കിയ ഇടമാണ് ഹള്റ) സ്ഥാപിച്ച് ആദ്ധ്യാത്മിക പ്രചരണം നടത്തിയതിന് അനവധി തെളിവുകള്‍ ലഭ്യമാണ്. കേരളത്തിന്‍റെ ആത്മീയ, സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്‍റെ തുറകളിലൊക്കെ വ്യത്യസ്ത രീതിയില്‍ സ്വാധീനം ചെലുത്തിയ, കോഴിക്കോട് ഖാളിയായിരുന്ന ഖാളി മുഹമ്മദ് രചിച്ച 'മുഹ്യിദ്ധീന്‍ മാലچ ഖാദിരീ സൂഫീധാരയുടെ കേരളീയ സാന്നിധ്യം വിളിച്ചോതുന്ന ഒരവലംബമാണ്. ഖാളീ മുഹമ്മദ് ഖാദിരീ സൂഫിധാരയുടെ അഗ്രിമസ്ഥാനീയനായ ഗുരുക്കന്മാരില്‍ ഒരാളായിരുന്നു കേരളത്തില്‍.
പില്‍ക്കാലത്ത് ഹള്റമൗത്തില്‍ നിന്നും മലബാറിലെത്തി വിജ്ഞാന പ്രസരണ രംഗത്തും മത പ്രബോധന രംഗത്തും സജീവമായ സയ്യിദ് ശൈഖ് ജിഫ്രീരിയും പിന്‍ഗാമികളും പ്രചരിപ്പിച്ച ബാഅലവി സൂഫിധാര ഖാദിരീ മാര്‍ഗത്തിന്‍റെ ശാഖയായാണ് പരിഗണിക്കപ്പെടുന്നത്. അത് സ്വതന്ത്രസരണിയാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ആത്മീയ രംഗത്തിന് പുറമെ, കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഈ സൂഫീ സരണിയുടെ വക്താവായിരുന്നു. മലബാറിന്‍റെ ഗ്രാമന്തരങ്ങളിലേക്ക് ഈ ധാരയുടെ സന്ദേശം കടന്നുചെന്നത് സയ്യിദലവി തങ്ങളുടെ വ്യക്തിപ്രഭാവത്തിലൂടെയും സന്ദേശ പ്രസരണത്തിലൂടെയുമായിരുന്നു.
കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വിവിധ സൂഫികളാണ് ഈ സരണി പ്രചരിപ്പിച്ചതും അതിന് ആഴത്തിലുള്ള വേരോട്ടമുണ്ടാക്കിയതും ഇന്നും കേരളത്തിലെ നല്ലൊരു വിഭാഗം മുസ്ലിംകളുടെ ജീവിതവഴി നിര്‍ണ്ണയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഖാദിരീ സൂഫിധാരക്കും അതിന്‍റെ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഗുരുക്കന്മാരുടെ ചെറുതല്ലാത്ത പങ്കുണ്ട്.
കടലോര പ്രദേശങ്ങളിലാണ് രിഫാഈ സൂഫി ധാരയുടെ പ്രചരണം വര്‍ധിത തോതില്‍ നടന്നതായി പറയപ്പെടുന്നത്. ഇന്ന് കേരള സമൂഹത്തിലെ ജീവിത വഴിയില്‍ പ്രാധാന്യം നഷ്ടപ്പെടാതെ നില്‍ക്കുന്ന രിഫാഈ മാലയും, രിഫാഈ സൂഫി ധാരയുടെ താവഴിയും അനുഷ്ടാനപരമായ മുറകളും പുലര്‍ത്തിപ്പോരുന്ന പല ഗുരുക്കന്മാരുടേയും സാന്നിധ്യവും രിഫാഈ സൂഫി ധാരയും കേരളത്തില്‍ വേര് പിടിച്ചിട്ടുണ്ട് എന്നതിലേക്ക് വെളിച്ചം വീശുന്നു.چ
സുഹ്റവര്‍ദി ത്വരീഖത്തിന്നും കേരളത്തില്‍ ഉന്നതശീര്‍ഷരായ ഗുരുക്കന്മാരും വിപുലമായ അനുയായി വൃന്ദവും ഉണ്ടായിട്ടുണ്ട്. മലബാര്‍ പ്രദേശങ്ങളിലാണ് ഇതിന് നല്ല വേരോട്ടം ദൃശ്യമായത്. കണ്ണൂര്‍ സിറ്റിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് മൗലാ ബുഖാരി ഖാദിരിധാരക്കൊപ്പം ഈ സൂഫിധാരയുടെ പ്രചരണവും നടത്തിയതായി പറയപ്പെടുന്നുണ്ട്. വിശ്രുതനായ ഉമറുല്‍ ഖാഹിരിയുടെ അനുയായി ആയ മാപ്പിള ആലിം ലബ്ബസാഹിബ് ഇദ്ദേഹത്തിന്‍റെ മുരീദുമാരില്‍ പ്രധാനിയായിരുന്നു. മൗലാ ബുഖാരിയെക്കുറിച്ച് ആധികാരികവും സാമാന്യം ദീര്‍ഘവുമായ ഒരു മൗലീദും രചിച്ചിട്ടുണ്ടദ്ദേഹം. സുഹ്റവര്‍ദി ധാരയിലെ പ്രധാന ശൈഖുമാരില്‍ ഒരാളായി ഗണിക്കപ്പെടുന്നത് അബ്ദുല്‍ ഖാദര്‍ സാനി എന്നറിയപ്പെടുന്ന പുറത്തില്‍ അബ്ദുല്‍ഖാദര്‍ ശൈഖാണ്. മഹ്മൂദുല്‍ ഹബൂഷാനി എന്ന സൂഫി ഗുരുവാണ് അദ്ധേഹത്തിന് ഥരീഖത്തിന്‍റെ ഇജാസത്തും (ശിഷ്യപ്പെടാന്‍ ഗുരുവില്‍ നിന്ന് ലഭിക്കുന്ന ഔദ്യോദിക അംഗീകാരമാണ് 'ഇജാസത്ത്چ എന്ന അറബി പദം കൊണ്ട് സൂഫിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അര്‍ത്ഥമാക്കപ്പെടുന്നത്) ഖിര്‍ഖയും (ഖിര്‍ഖ എന്നാല്‍ ആത്മീയ ആവരണം അതവാ സൂഫിധാരയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് ഗുരു അണിയിച്ചു നല്‍കുന്ന പ്രാരംഭവസ്ത്രമാണിത്) സമ്മാനിച്ചത്. അദ്ധേഹത്തിന്‍റെയും അദ്ധേഹത്തിന്‍റെ പ്രബലരും പ്രമുഖരുമായ ശിഷ്യനമാരുടേയും പ്രവര്‍ത്തനം വഴി കേരളത്തില്‍ ഈ സൂഫീധാരയും വമ്പിച്ച പ്രചാരം കിട്ടിയതായി കാണാം.
അദ്ധേഹത്തിന്‍റെ മഖാം (സൂഫി ഗുരുക്കന്മാരുടേയും ആദ്ധ്യാത്മിക പ്രാധാന്യമുള്ള മറ്റു മുസ്ലിം വ്യക്തിത്വങ്ങളുടേയും അന്ത്യവിശ്രമ കുടീരം) കുടുകൊള്ളുന്ന പുറത്തില്‍ പള്ളിയില്‍ ഇന്നും ഈ സൂഫി ഗുരു പഠിപ്പിച്ച ഔറാദും അദ്കാറുമൊക്കെ (സ്ഥിരമായി ഉരുവിടാന്‍ ഗുരു ശിഷ്യന്മാര്‍ക്ക് നിര്‍ദേശം നല്‍കുന്ന നിയതമായ പ്രാര്‍ത്ഥനാ മന്ത്രണങ്ങളാണിത്. സൂഫിധാരകള്‍ വ്യത്യസ്തപ്പെടുന്നതിനനുസരിച്ച് ചിലപ്പോഴൊക്കെ ഇതിലെ വാക്ക് രൂപങ്ങള്‍ വ്യത്യസ്തപ്പെടാം) രീതിയും രൂപവും കാമ്പും തെറ്റിക്കാതെ ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തി വരുന്നതുമായി കാണാന്‍ സാധിച്ചിട്ടുണ്ട്. ഈ സൂഫി വ്യക്തിത്വങ്ങളുടെയൊക്കെ താവഴികളിലൂടെയുള്ള പഠനം ഈ ധാരയുടെ വളര്‍ച്ചാ വികാസങ്ങളെക്കുറിച്ചും പ്രത്യേകമായും, കേരളത്തിലെ സൂഫി വേരുകളെക്കുറിച്ച് മൊത്തത്തിലും വലിയ സൂചനകള്‍ നല്‍കാന്‍ പര്യാപ്തമാണ്.
ശാദുലീ ധാരയും കേരളത്തില്‍ വളരെ നേരത്തെ കടന്നു വന്നിട്ടുണ്ട്. വിവിധ താവഴികളിലൂടെ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ വിശേഷിച്ച് കണ്ണൂരിന്‍റെ ഗ്രാമാന്തരങ്ങളില്‍ വരെ ഈ സൂഫിധാരക്ക് ഇന്നും ഗുരുക്കന്മാരും വ്യാപകമായ അനുയായുകളുമുണ്ട്. മലബാറില്‍ പലയിടങ്ങളിലുമായി നിരവധി ശാദുലി പള്ളികളും കാണാം. ശാദുലീ റാത്തീബുകളും (ആദ്ധ്യാത്മിക ധാരകളുമായി ബന്ധപ്പെട്ട് വികസിച്ചു വന്ന ഒരു തരം ആത്മീയ ആചാരമാണിത്. ദൈവത്തെ വാഴ്ത്തുക, ദൈവനാമങ്ങളും സ്തോത്രങ്ങളും പ്രാര്‍ത്ഥനാ ശകലങ്ങളും ഉരുവിടുക, ഖുര്‍ആനിലെ വചനങ്ങള്‍ ഉരുവിടുക, പ്രവാചകന്മാരുടേയും സൂഫികളുടേയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുക, തുടങ്ങീ ഒരേകീകൃത ഘടനയിലാണ് മുഴുവന്‍ റാത്തീബുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്) മറ്റു ആചാരങ്ങളും ഇവിടെ നിശ്ചിത വേളകളില്‍ മുറതെറ്റാതെ അരങ്ങേറുന്നുണ്ട്.
ഇവര്‍ക്ക് പുറമേ വേറെയും സൂഫി സരണികള്‍ കേരളത്തില്‍ കടന്ന് വരികയും പ്രചാരം നേടുകയും ചെയ്തതായി കാണാം. വിവിധ ഥരീഖത്തുകളുടെ പേരിലുള്ള ഹള്റകളും മജ്ലിസുകളും കേരളത്തിന്‍റെ വിവിധ ദിക്കുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കേരളത്തില്‍ വേരോട്ടം ലഭിച്ച മറ്റൊരു സൂഫി ധാരയാണ് നശ്ഖബന്ദീ ധാര. താനൂര്‍ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുറഹിമാന്‍ ശൈഖ് ഈ ധാരയുടെ ഒരു പ്രധാന ഗുരുവായിരുന്നു. കേരളത്തിലെ പല സൂഫി ഗുരുക്കന്മാരും രണ്ടും മൂന്നും ചിലപ്പോള്‍ അതിലധികവും ധാരകളുമായി ബന്ധമുള്ളവരായിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൂഫി ഗുരുക്കന്മാര്‍ പൊതുവേ പരസ്യവും പ്രസിദ്ധിയും ആഗ്രഹിക്കാതെയാണ് ആദ്ധ്യാത്മിക സേവനം വ്രതമാക്കിയത് എന്നതിനാല്‍, ഇവരുടെ താവഴികളും രീതികളും ചരിത്രപരമായ അംശങ്ങളും തേടിപ്പിടിക്കിലും പുറത്ത് കൊണ്ടുവരലും അത്ര എളുപ്പമല്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, മേല്‍ പറയപ്പെട്ടവക്ക് പുറമെ ശത്വാരിയ്യ, അകബരിയ്യ, ഖല്‍വത്തിയ്യ തുടങ്ങിയ പല ഉള്‍പ്പിരിവികളും കേരളത്തില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട് എന്നും അന്വേഷണാത്മക പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ആദ്ധ്യാത്മിക സാഹിത്യങ്ങളുടെ തലം
ഒരര്‍ത്ഥത്തില്‍ കേരളമുസ്ലിം സാഹിത്യത്തിന്‍റെ നല്ലൊരു ഭാഗം നേരിട്ടോ അല്ലാതെയോ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട് കിടക്കുന്നതായി കാണാനാവും. അത്രയേറെ കനപ്പെട്ട, ദര്‍ശന സുഭഗമായ, ആശയ ഗംഭീരമായ മനുഷ്യനെ നിരന്തരം ദൈവ സാമീപ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉതകുന്ന ഒട്ടനേകം അറബി കൃതികള്‍ കേരളത്തില്‍ പ്രചാരം നേടിയിട്ടുണ്ട്. സൂഫി ഗ്രന്ഥങ്ങളുടെ നിറവും കേരളത്തിലെ സൂഫി ധാരകളുടെ സജീവതയിലേക്ക് വെളിച്ചം നല്‍കാന്‍ പോന്നതാണ്. കേരളത്തിലെ സൂഫി രചനകളുടെ ആഴവും പരപ്പും അടയാളപ്പെടുത്താന്‍ തന്നെ താളുകള്‍ ഏറെ വേണ്ടിവരുമന്നതിനാല്‍ അതിനിവിടെ മുതിരുന്നില്ല.
സൂഫിസത്തിലെ ചില ചിന്താ വഴികളും ഉപചാര മര്യാദകളുമൊക്കെ കേരള പണ്ഡിതരുടെ ഇടയില്‍ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊക്കെ പലപ്പോഴായി കാരണമായിട്ടുണ്ട്. സൂഫികളുടെ തത്വാധിഷ്ഠിത മന്ത്രോച്ചാരണങ്ങളിലെ 'ലാ മൗജൂദ ഇല്ലള്ളാ' എന്ന ദിക്റിന്‍റെ അകക്കാമ്പും ആഴവും സമൂഹമധ്യേ സംശയത്തിന്‍റെ നിഴല്‍ വിരിച്ചപ്പോള്‍ അതിന്‍റെ വഴിയും വസ്തുതയും സാരാംശവും വെളിപ്പെടുത്തികൊണ്ടുള്ള ഫത്വ(മതവിധി) സമാഹാരങ്ങള്‍ വരെ കേരളത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ചില സൂഫികളുടെ ദൈവസാക്ഷാത്കാരത്തിന്‍റെ വഴിയായ സംഗീതത്തെ ചൊല്ലി തര്‍ക്കങ്ങളുയര്‍ന്നപ്പോഴും അതിന്‍റെ സാധ്യതകളെയും സാധുതയും വിവരിച്ചുകൊണ്ടുള്ള കൃതികളും പണ്ഡിതന്മാര്‍ പുറത്തിറക്കുകയുണ്ടായി. പ്രമുഖ കര്‍മ്മശാസ്ത്ര വിഷാരദനും സൂഫി ഗുരുവുമായി ശൈഖ് അഹ്മദ് കോയ ശാലിയാത്തി തന്‍റെ 'ഫത്താവല്‍ അസ്ഹരിയ്യ' എന്ന മതവിധികളുടെ സമാഹാര ഗ്രന്ഥത്തില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ ആശയവിശദീകരണങ്ങള്‍ മുതല്‍ വിമര്‍ശനങ്ങളും പൊളിച്ചെഴുത്തുകളും വരെ എത്തിനില്‍ക്കുന്ന രചനകളും കേരളത്തില്‍ അടയാളപ്പെട്ട് കിടക്കുന്ന സൂഫി സാന്നിധ്യത്തെ തന്നെയാണ് കാണിക്കുന്നത്.
മഖാമുകളിലെയും ഉറൂസുകളിലേയും സൂഫിധ്വനികള്‍
കേരളമണ്ണില്‍ വേരുപിടിച്ച് പടര്‍ന്ന് പന്തലിച്ച സൂഫിധാരകളുടെ പേരുകള്‍ ചികയുമ്പോള്‍, അനിവാര്യമായും പഠനവിധേയമാകേണ്ടതലമാണ് കേരളത്തിന്‍റെ മുക്കുമൂലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സൂഫി പണ്ഡിതരുടെ അന്ത്യവിശ്രമസ്ഥാനങ്ങള്‍ അഥവാ മഖാമുകള്‍.ഈ മഖാമുകളുടെ മുഴുവന്‍ ചരിത്രവും ചിത്രവും വെളിപ്പെട്ട് കിട്ടിയാല്‍ തന്നെ കേരളത്തിലെ സൂഫീ സാന്നിധ്യത്തി ന്‍റെ ഏകദേശ ചിത്രം ലഭ്യമാവുക തന്നെ ചെയ്യും. കേരള മുസ്ലിംകളു ടെ ഭക്ത്യാദര പ്രകര്‍ഷങ്ങള്‍ ഏറ്റവും വിപുലവും ബഹുലവുമായി ദൃശ്യമാവുന്ന തലങ്ങളിലൊന്നാണ് മഖാമുകള്‍, അവയെ ഉപജീവിച്ചു കൊണ്ട് വാര്‍ഷികമായി നടത്തപ്പെടുന്ന ഉറൂസുകളും അല്ലെങ്കില്‍ നേര്‍ച്ചകളും. കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേയറ്റം വരെ സഞ്ചരിച്ചാല്‍ അനവധി മഹത്തുക്കളുടെ മഖാമുകള്‍ ഭക്ത്യാദര പൂര്‍വ്വം പരിചരിക്കപ്പെടു ന്നതും സംരക്ഷിക്കപ്പെടുന്നതും കാണാം. പുണ്യനബിയുടെ ജീവിതവും സന്ദേശവും നേരിട്ടനുഭവിച്ച അനുചര ന്മാരുടേത് മുതല്‍ ചലനാത്മകമായ മത, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ കാലങ്ങളില്‍ ചുക്കാന്‍ പിടിച്ച ഔലിയാഇന്‍റെയും (അല്ലാഹുവിന്‍റെ സാമീപ്യം കരസ്ഥമാക്കിയവരെന്ന വിശ്വസിക്കപ്പെടുന്ന സൂഫികളാണ് ഔലിയാഅ്) സാദാത്തുകളുടെയും (പ്രവാചക കുടുംബത്തിലെ അനന്തരഗാമികളാണ് സാദാത്തുക്കള്‍) ശുഹദാഇന്‍റെയും(വിശുദ്ധ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരാണ് ശുഹദാഅ്) മഖാമുകള്‍വരെ ഇവയിലുണ്ട്. ആഗോള പ്രശസ്തരായവര്‍ മുതല്‍ പ്രാദേശിക പ്രാധാന്യമുള്ളവര്‍ വരെ ഈ ഗണത്തിലുണ്ട്.
ഈ മഖാമുകളെ കേന്ദ്രീകരിച്ചു നടക്കുന്ന ഉറൂസുകള്‍ പലപ്പോഴും, അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാവ് ജീവിത കാലത്ത് വെളിച്ചം വിതറി നടന്നുകാണിച്ച ആത്മികതയുടെ വഴി ഓര്‍മ്മകിളിലേക്കും ജീവിത വ്യാപരങ്ങളിലേക്കും തിരിച്ചെത്തിക്കാന്‍ കൂടി വലിയ തോതില്‍ സഹായകമാവുന്നതാണ് എന്ന് അനുയായികള്‍ പറയാറുണ്ട്. പൗരാണിക കാലം മുതല്‍ തന്നെ ഇത്തരം നേര്‍ച്ചകള്‍ നടന്നതിന് തെളിവുകളുമുണ്ട്. څമാപ്പിള പഠനങ്ങളില്‍' ഡോ. ഗംഗാധരനും ഇത് വ്യക്തമാക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളത്തില്‍ ആണ്ടുനേര്‍ച്ചകള്‍ വ്യാപകമായിരുന്നു. മാപ്പിളമാര്‍ക്കിടിയില്‍ വമ്പിച്ച തോതില്‍ തന്നെ നേര്‍ച്ചകള്‍ ജനപ്രീതി ആര്‍ജ്ജിച്ചിരുന്നു. അതിനു ധാരാളം കാരണങ്ങളുണ്ട്. മുഖ്യസംഘാടകരായ ഉലമാക്കളുടെ (അഥവാ മതപണ്ഡിതന്മാര്‍) കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോള്‍ നേര്‍ച്ചകള്‍ മതപരമായ സംഗതി മാത്രമല്ല, കേരള മുസ്ലിം സമൂഹത്തില്‍ അവര്‍ക്കുള്ള പരമ്പരാഗത നേതൃത്വം ഉറപ്പിക്കുന്ന പ്രക്രിയ കൂടിയാണ്. ദിവസങ്ങളോളം നീണ്ടു നില്‍ക്കു ന്ന മത ഉദ്ബോധന ആത്മിക സദസ്സുകളും, ആ മഹത്തുക്കള്‍ നിഷ്കര്‍ഷിച്ചതും പൊതുവിലുള്ളതുമായ ദികര്‍ ദുആ സദസ്സുകളും ദാനധര്‍മ്മങ്ങളുമൊക്കെ നേര്‍ച്ചകളോടനുബന്ധിച്ചു പ്രത്യേകമായി നടത്തപ്പെടുന്നു. പുണ്യാത്മാക്കാളുടെ അദ്ധ്യാത്മിക വഴികള്‍ പരിചയപ്പെടാനും അവരെ മുന്‍നിര്‍ത്തി അള്ളാഹുവോട് പ്രാര്‍ത്ഥനകള്‍ നടത്താനും ഈ അവസരങ്ങള്‍ സവിശേഷമായി ഉപയോഗപ്പെടുത്തുന്നു.
അറിഞ്ഞതും അറിയപ്പെടാത്തതുമായ മഖാമുകളെ കേന്ദ്രീകരിച്ചുള്ള ചരിത്രപരമായ അന്വേഷണങ്ങളും കേരളത്തിന്‍റെ തെക്കന്‍ മേഖലകളിലെ തൈക്കാവുകളുടെയും വടക്കന്‍ മേഖലയിലെ സ്രാമ്പിയകളുടെയും ചരിത്രാപഗ്രഥനവും പള്ളിദര്‍സു കളുടെ അന്തസത്തയുണര്‍ത്തുന്ന പരിശോധനകളും കേരള സൂഫിസത്തിന്‍റെ വിപുലവും ബഹുലവുമായ ഈടുവെപ്പുകളിലേക്ക് പുതിയ വെളിച്ചം പകരുകതന്നെ ചെയ്യും.
കേരള മുസ്ലിമിന്‍റെ നാളിതുവരെയുള്ള ആദര്‍ശ സത്തയും ആചാരാനു ഷ്ഠാന മുറകളും ആവിഷ്കാര രീതികളും കൃത്യമായ അന്വേഷണത്തിനും പഠനത്തിനും വിധേയമാക്കിയാല്‍ അതില്‍ സൂഫിചിന്തകളുടെയും അദ്ധ്യാത്മിക ധാരകളുടെയും വേരൂന്നിയ സ്വാധീനവും സാന്നിധ്യവും കണ്ടെടുക്കാനാവും. കേരളത്തിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ നെടുനായകത്തം പോലും പലയിടങ്ങളിലും, സൂഫികളിലായിരുന്നുവെന്ന് ചരിത്ര പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജനമധ്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച കേരള സൂഫി പാരമ്പര്യമാണ് ഇതെല്ലാം അടയാളപ്പെടുത്തുന്നത്.
കുറിപ്പുകള്‍
2 Woodward R Mark - Islam in Java - The University of Arizona Press, Tucson, 1989.
3 Roland E. Miller - The Mappila Muslims of Kerala - Madras Orient Longman, 1976, P-53..
ഗ്രന്ഥസൂചി
മുഖദ്ദിമ, മലയാളം - മുട്ടാണിശ്ശേരിയില്‍ കോയക്കുട്ടി, മാതൃഭൂമി ബുക്സ് കോഴിക്കോട്, 2011.
സത്യസരണിയുടെ ചരിത്ര സാക്ഷ്യം. സമസ്ത് 85-ാം വാര്‍ഷികോ പഹാരം, വേങ്ങര, 2013.
സൂഫിമാര്‍ഗ്ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി, ഐ.പി.ബി കോഴിക്കോട്, 2007.
കേരള മുസ്ലിം ചരിത്രം: നിര്‍മ്മിത സത്യങ്ങളും യഥാര്‍ത്ഥ്യങ്ങളും, ശൈഖ് അബ്ദുല്‍ അസീസ്ബന്ദ അബ്ദുള്ളാ അല്‍മഖ്ദൂം, കയ്യെഴുത്ത് പ്രതി.
അബ്ദുല്‍ ഖാദിര്‍ സാനിയുടെയും മുഹമ്മദ് മൗലാ ബുഹാരിയുടെയും മൗലിദുകള്‍.