Water life of writ's

Biju C.P 

The writers from the Alappuzha district in Kerala absorbed their living spaces both in the content and the language they used. These works weren’t mirroring the life around them but became indulged in their realistic portrayal. Dr K. Ayyappa Panicker has observed in the obituary note of Thakazhi Sivasankara Pillai that Thakazhi has depicted the local history of Kuttanadu, the human history and the history of evolution through his works. He also describes how the works of Thakazhi become the history of Kuttanadu, which in turn becomes the history of humanism. This article studies the writings of the people of Kuttanadu.

BIJU CP
Chief SubEditor
Mathrubhumi
Manjummel, Kochi
India
Pin: 683501
Ph: +91 9447300510
Email: bijucp@gmail.com

എഴുത്തിന്‍റെ ജലജീവിതം

ബിജു സി.പി

മോപ്പസാങ്ങിന്‍റെ ഒരു യഥാര്‍ഥ ശിഷ്യനാണ് മിസ്റ്റര്‍ തകഴി. അദ്ദേഹം മോപ്പസാങ്ങിന്‍റെ കൃതികള്‍ ശരിക്കു പഠിച്ചിട്ടുണ്ടെന്ന് ഓരോ കഥയും വിളിച്ചു പറയുന്നു...چ ചങ്ങമ്പുഴ കൃഷ്ണപിള്ള തകഴിയെക്കുറിച്ച് എഴുതിയിട്ടുള്ളതാണ് ഈ നിരീക്ഷണം. ഇനി എം.പി.പോളിനെ നോക്കിയാലോ!  അദ്ദേഹം പറയുന്നു- څڅശ്രീമാന്‍ തകഴി ആദ്യം മലയാളത്തിലെ ജോയ്സ് ആയിട്ടാണ് രംഗപ്രവേശനം ചെയ്തത്. ഇയ്യിടെ അദ്ദേഹം മലയാളത്തിലെ സോളയായി രൂപാന്തരപ്പെട്ടിരിക്കുന്നു!چچچچ 

മുണ്ടശ്ശേരി പറയുന്നു-څڅതകഴിയുടെ ചെറുകഥകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ മോപ്പസാങ്ങിനെ കാണാം; ചെഖോവിനെയും കാണാംچچ പാവം തകഴി! ആര്‍ക്കൊക്കെ കടം വീട്ടണം- ജെയിംസ് ജോയ്സ്, ആന്‍റണ്‍ ചെഖോവ്, മോപ്പസാങ്, എമിലി സോള...! സക്കറിയയ്ക്കു സങ്കടം څചേട്ടന്‍ തകഴിയില്‍ നിന്നു പോയി ഗൗഹട്ടിയിലോ കട്ടക്കിലോ താമസിച്ചിരുന്നെങ്കില്‍ ഇതിലും അസൂയാവഹമായ കഥാകഥനത്തിന്‍റെ പറക്കലുകളിലേക്ക് ഉയര്‍ത്തുകയില്ലായിരുന്നോچ എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സകലരും തകഴിയെ തകഴിയായിട്ടല്ലാതെ മറ്റാരൊക്കെയോ ആയി കാണാന്‍ തിരക്കു കൂട്ടുന്നത്! ചിലപ്പോള്‍ പുകഴ്ത്താന്‍ മുട്ടിയിട്ടായിരിക്കണം! ചുമ്മാ പിടിച്ചങ്ങു പുകഴ്ത്തി തകഴിയെ തകഴിയല്ലാതാക്കാനുള്ള വെമ്പലാണ് നമ്മുടെ ഓരോ ആചാര്യന്മാരും ഓരോ കാലത്തും പ്രകടിപ്പിച്ചിട്ടുള്ളത്. എന്തോ, തകഴിയെ തകഴിയായിട്ടങ്ങ് അംഗീകരിക്കാനൊരു മടിയുള്ളതു പോലെ! തകഴിയെപ്പോലൊരു വലിയ എഴുത്തുകാരനെ വിശ്വസാഹിത്യകാരന്മാര്‍ക്കു സമശീര്‍ഷനായി കാണാനുള്ള താത്പര്യം കൊണ്ടാണോ അവര്‍ ഇങ്ങനെ പറയുന്നത്! ആയിരിക്കാം. പക്ഷേ, അതിനെക്കാള്‍ മറ്റൊന്നാണ് വ്യാപകമായ ഈ താരതമ്യപ്പെടുത്തലിനു പിന്നില്‍ എന്നു തോന്നുന്നു.

തകഴി എഴുതിത്തുടങ്ങിയ കാലത്ത് അദ്ദേഹത്തിന്‍റെ രചനകളെ ഒരു തകഴിക്കാരന്‍റെ എഴുത്തായി കണ്ട് വായിക്കാന്‍ മലയാളിക്കു കഴിയുമായിരുന്നില്ല. അവ മലയാളി അന്നോളം പരിചയിച്ച എഴുത്തുരീതികളില്‍ നിന്ന് ഏറെയകന്ന് മഹാരഥന്മാരായ ഏതൊക്കെയോ വിദേശികളുടെ എഴുത്തുപോലെ തോന്നിച്ചിരുന്നു. അത്രമേല്‍ പുതുമയാര്‍ന്നതായിരുന്നു ആ ഭാഷ! രസിച്ച് ആസ്വദിച്ച് വായിച്ചിരുന്ന അനുവാചകലോകത്തെ അത്ര മേല്‍ ഞെട്ടിച്ചതായിരുന്നു തകഴി കഥയിലേക്കും നോവലിലേക്കും കൊണ്ടു വന്ന പ്രമേയങ്ങള്‍. വായനക്കാരുടെ സമൂഹം മനപ്പൂര്‍വം അവഗണിക്കുകയും ഒഴിവാക്കി വിടുകയും ചെയ്ത കാഴ്ചകളാണ് ഒട്ടും സൗന്ദര്യവത്കരിക്കാതെ തകഴി ആ വായനമേശകളിലേക്ക് എടുത്തുകൊണ്ടു ചെന്നത്. പാതിരാത്രിയില്‍ സൂര്യനുദിച്ചാലെന്ന പോലെ സമൂഹത്തിലെ കള്ളത്തരങ്ങളും ഒളിജീവിതങ്ങളും അനാവരണം ചെയ്യുകയായിരുന്നു തകഴിയുടെ രചനകള്‍. അതുവരെയുള്ള എഴുത്തുരീതികളോടും സാമൂഹിക ദര്‍ശനങ്ങളോടും വെട്ടിത്തിരിഞ്ഞു നില്‍ക്കുന്ന ഇത്തരമൊന്ന് മലയാളത്തിന് മുമ്പ് പരിചയമേ ഉണ്ടായിരുന്നില്ല. 

തകഴി, ബഷീര്‍, കാരൂര്‍, കേശവദേവ് തുടങ്ങിയവര്‍ സ്വീകരിച്ച ആഖ്യാനരീതിയും ഭാഷയും അക്കാലത്ത് സാഹിത്യത്തറവാട്ടിലെ കാരണവന്മാരായിരുന്നവരുടെ ആഭിജാത്യ ഭാവങ്ങളെ തെല്ലും വകവെക്കാത്തതായിരുന്നു. څڅഇക്കണ്ടക്കുറുപ്പ്, രാമന്‍നായര്‍ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. ഇവരില്‍ ആദ്യം പറഞ്ഞ മനുഷ്യന്‍ എന്‍റെ നാലാം അച്ഛനാണ്..چچ എന്ന മട്ടിലുള്ള څവാസനാവികൃതിയിലെچ(വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍) ഭാഷയും څഒരു വലിയ കണ്ണാടിയിലെന്ന പോലെ വിശാലമായ കൊച്ചിക്കായലില്‍ പ്രതിബിംബിക്കുക നിമിത്തം ദ്വിഗുണീഭാവ ശോഭയോടുകൂടി തീരപ്രദേശങ്ങളില്‍ ഇടതിങ്ങിനിന്നു കൊണ്ട് കാറ്റിലാടിയുലഞ്ഞു നടനം ചെയ്യുന്ന കല്കവൃക്ഷങ്ങളുടെ ഇടയില്‍ക്കൂടി അവിടവിടെ പുറത്തേക്ക് എത്തിനോക്കുന്ന മനോഹരമായ പബ്ലിക്ക് ആപ്പീസുകളാലും മറ്റും അലംകൃതമായ എറണാകുളത്ത്...چ എന്ന څമുതലനായാട്ടിچലെ (സി.എസ്.ഗോപാലപ്പണിക്കര്‍) ഭാഷയും څകൊളമ്പുനഗരത്തില്‍ ഒരു പ്രധാനഭാഗമായ ഗാലേഫേസ് കടല്‍പ്പുറത്ത് ഡിസംബര്‍ മാസത്തിലെ ഒരു സായാഹ്നത്തില്‍ ഒരു യുവതി  തനിയെ കാറ്റും ഏറ്റുകൊണ്ടിരിക്കുകയായിരുന്നുچ എന്ന څകടലില്‍പ്പോയ കനകچ ത്തിലെ (ഇ.വി.കൃഷ്ണപിള്ള) ഭാഷയും എന്നു വേണ്ട എം.ആര്‍.കെ.സി.യും കെ.സുകുമാരനും ഉള്‍പ്പെടെ മലയാള കഥയിലെ ആദ്യതലമുറയില്‍പ്പെട്ട എല്ലാവരുടെയും ഭാഷാരീതി മഹാകാവ്യങ്ങളിലെയോ ഖണ്ഡകാവ്യങ്ങളിലെയോ ആഖ്യാനത്തോട് ഏതൊക്കെയോ തരത്തില്‍ അടുപ്പം പുലര്‍ത്തുന്നതായിരുന്നു. അവിടെ നിന്ന് തകഴിയിലേക്ക് എത്തുമ്പോള്‍ ഭാഷയും ആഖ്യാനരീതിയും ആകെ മാറിമറിയുകയായി. څഠേ! ഒരടി. പട്ടിയെ കാണ്മാനില്ല. ഒന്നു കുതിച്ചു താണിട്ട് പശു അങ്ങൊഴുകിപ്പോയി..چ (വെള്ളപ്പൊക്കത്തില്‍) എന്ന മട്ടില്‍ കൂട്ടുകാര്‍ വര്‍ത്തമാനം പറയുന്ന പോലെയാണ് കഥ പറയുന്നത്. ഇത്തരം ആഖ്യാനങ്ങളില്‍ അനുവാചകര്‍ ആഖ്യാതാവിനു തൊട്ടടുത്താണ് നില്‍ക്കുന്നത്. ആഖ്യാതാവ് മുകളിലും അനുവാചകര്‍ കീഴെയും എന്ന അധികാരഭേദമില്ല. ഒരു പക്ഷേ, കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോളാണ് മലയാളത്തില്‍ ഇങ്ങനെ വായനക്കാരോടൊപ്പം നിന്ന് കഥ പറയുന്ന ആഖ്യാനങ്ങള്‍ ഉണ്ടാകുന്നത്.

തകഴിയും കാരൂരും ബഷീറുമുള്‍പ്പെടെയുള്ളവര്‍ നേരിട്ടു നിന്ന് കഥ പറയുന്ന ആഖ്യാതാവിനെക്കാള്‍ കഥാപാത്രങ്ങളുടെ വര്‍ത്തമാനങ്ങളിലൂടെ കഥ അവതരിപ്പിക്കുന്ന ആഖ്യാനതന്ത്രമാണ് കൂടുതലായി സ്വീകരിച്ചത്. 

കിട്ടുപിള്ള വിളിച്ചു- മാത്തുവേ!

എന്താ അങ്ങുന്നേ? 

എന്താടോ കൂവേ വഴി?

എന്തിനാ അങ്ങുന്നേ... (നിയമവും നീതിയും) എന്ന തരത്തില്‍ നാട്ടുവര്‍ത്തമാനങ്ങള്‍ സാധ്യമാകുന്നത്ര സ്വാഭാവികതയോടെ അവതരിപ്പിക്കുന്ന ഈ രീതിയാണ് തകഴിയും ബഷീറും ഉള്‍പ്പെടെയുള്ളവരുടെ ആഖ്യാനത്തെ അത്രമേല്‍ ആകര്‍ഷകമാക്കിയത്. 

ഇത്തരത്തിലുള്ള څവാങ്മയബിംബങ്ങള്‍ ഏതു ദൃശ്യചിത്രത്തെക്കാളും വിജ്ഞേയമാണ് എന്നും തകഴിയുടെ ഈ ഭാഷാവെറി (ഹമിഴൗമഴല ഛയലെശൈീി) ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ സമകാലികത വര്‍ധിപ്പിക്കുന്നുണ്ട്چ എന്നും ഡോ.സ്കറിയാ സക്കറിയ വിശദീകരിക്കുന്നു. തകഴിയുടെ കഥകളിലേറെയും അനുദിന ജീവിതത്തിന്‍റെ സങ്കീര്‍ണ ബന്ധങ്ങള്‍ ഗഹനമായി അവതരിപ്പിക്കുന്ന, സംവേദനപരമായ മുങ്ങിക്കളി (ഉലലു ജഹമ്യ) രചനകളാണെന്ന് ഡോ.സ്കറിയ സക്കറിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. സവിശേഷമായ ഭാഷാപ്രയോഗങ്ങളും സംഭാഷണങ്ങളിലൂടെ കഥ അവതരിപ്പിക്കുന്ന ആഖ്യാനരീതിയുമാണ് തകഴിക്കഥകളെ ഇത്തരത്തില്‍ ജീവിതാനുഭവങ്ങളുടെ ആഴത്തിലുള്ള മുങ്ങിക്കളി ആക്കുന്നത്. 

ഒറ്റരാത്രി കൊണ്ട് ഒരു തലമുറയാകെ പഴഞ്ചന്മാരായിത്തീരുന്ന ഈ അനുഭവം സാഹിത്യത്തില്‍ അത്ര അസംഭവ്യമൊന്നുമല്ല. അവരവുടെ കാലഘട്ടങ്ങളില്‍ എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരുമൊക്കെ ഇത്തരത്തിലുള്ള വിപ്ലവങ്ങളുണ്ടാക്കിയവരാണ്. എന്നാല്‍, പില്‍ക്കാലത്ത് മലയാളസാഹിത്യത്തില്‍ ഈ ഭൂമികുലുക്കം ഏറ്റവും ശക്തമായി അനുഭവിപ്പിച്ചത് തകഴിയും ബഷീറുമൊക്കെത്തന്നെയായിരുന്നു. പിന്നീട് ഒ.വി.വിജയനും ആനന്ദുമൊക്കെയുണ്ടാക്കിയ തുടര്‍ചലനങ്ങളും തീക്ഷ്ണമായിരുന്നു. څഇന്നത്തെ സാഹിത്യകാരന്‍ വായനക്കാരന് ഒരു ചവിട്ടു കൊടുത്തിട്ടാണ് അവരെ തന്‍റെ കൃതികളിലേക്ക് കൊണ്ടു വരുന്നത്چ എന്നാണ് കേസരി ബാലകൃഷ്ണപിള്ള തകഴിയുടെ രചനകളെക്കുറിച്ചു പറയുന്നത്. തകഴിയെക്കുറിച്ച് സഞ്ജയനും ബഷീറിനെക്കുറിച്ച് ഗുപ്തന്‍നായരും പറഞ്ഞ വാക്കുകള്‍ ആ നടുക്കം വ്യക്തമാക്കാന്‍ പോന്നതാണ്. സഞ്ജയന്‍ പറയുന്നു-څതകഴി ശിവശങ്കരപ്പിള്ളയവര്‍കളേ... നിങ്ങള്‍ യാഥാര്‍ഥ്യത്തിന്‍റെ വക്കീലന്മാരാണെന്ന് സ്വയം അഭിമാനിക്കുന്നു... വായനക്കാരന് അറപ്പും വെറുപ്പും മാത്രമല്ല, ഓക്കാനവും ഛര്‍ദിയും കൂടിയുണ്ടാക്കുന്ന കല മാത്രമേ കലയാവുകയുള്ളൂ എന്നും വൈരൂപ്യ ചിത്രീകരണത്തിനേ കലയില്‍ സ്ഥാനമുള്ളൂവെന്നും .... നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ ധരിച്ചു വെച്ചിട്ടുള്ളതു പോലെ ഞങ്ങള്‍ക്കു തോന്നുന്നു.چ ബഷീറിന്‍റെ ശബ്ദങ്ങള്‍ സാഹിത്യമാണെങ്കില്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്چ ഗവദ്ഗീതയാണ്, ഞാന്‍ മഹാത്മാഗാന്ധിയാണ് എന്ന പ്രൊഫ.ഗുപ്തന്‍ നായരുടെ പ്രസ്താവനയും പ്രസിദ്ധമാണല്ലോ. 

മലയാള സാഹിത്യലോകം അന്നു വരെ പരിചയപ്പെട്ട ആഖ്യാനരീതിയില്‍ നിന്നും പ്രമേയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും മൂല്യബോധങ്ങളില്‍ നിന്നുമൊക്കെയുള്ള വെട്ടിത്തിരിയലുകളായിരുന്നു തകഴിയുടെയും കൂട്ടരുടെയും സാഹിത്യ രചനകള്‍. ഒരു വശത്ത് അതു വല്ലാത്തൊരു നടുക്കമുണ്ടാക്കിയപ്പോള്‍, ആരാധകരുടെ വശത്ത് ആ എഴുത്തുകള്‍ വിശ്വസാഹിത്യത്തിലെ അനര്‍ഘ രചനകള്‍ക്കൊപ്പം നില്‍ക്കുന്നവയായി. څڅഒരു കാലഘട്ടത്തിന്‍റെ തുടക്കക്കാരനും പ്രസ്ഥാനത്തിന്‍റെ സ്ഥാപകനുമായിരുന്നു തകഴി ശിവശങ്കരപ്പിള്ള എന്ന് രേഖപ്പെടുത്തിയിരിക്കുന്നു കേസരി എ.ബാലകൃഷ്ണപിള്ള. څമലയാള സാഹിത്യത്തിലെ പരാജയപ്രസ്ഥാനത്തില്‍ (റിയലിസ്റ്റ്) പെട്ട ചെറുകഥയെഴുത്തിന്‍റെ സ്ഥാപകനായ ഒരു മഹാകവിچچ എന്നാണ് കേസരിയുടെ വിശേഷണം. മുണ്ടശ്ശേരി എഴുതുന്നതിങ്ങനെ څڅകേസരി ബാലകൃഷ്ണപിള്ളയുടെയും ഏതാനും സാംസ്കാരിക സംഘടനകളുടെയും പിന്‍ബലത്തോടെ കേരളത്തിലെമ്പാടും ഒരു വിചാര വിപ്ലവത്തിനു വിത്തിടാന്‍ രണ്ടും കല്പിച്ചൊരുമ്പെട്ട ചുരുക്കം സാഹസികരില്‍ തലപ്പന്തിക്കാരന്‍ തന്നെയാണ് തകഴി.چچ  മലയാള സാഹിത്യലോകത്ത് തകഴിയെഴുത്തുകള്‍ ഉണ്ടാക്കിയ ആ ഭൂകമ്പത്തിന്‍റെ ആഘാതത്തോട് സമരസപ്പെടാന്‍ അനുവാചകര്‍ കണ്ടുപിടിച്ച ഒരു അഡ്ജസ്റ്റ്മെന്‍റ് ടെക്നിക് ആയിരുന്നു മോപ്പസാങ്ങിന്‍റെയും ചെക്കോവിന്‍റെയും ജെയിംസ് ജോയ്സിന്‍റെയും എമിലിസോളയുടെയുമൊക്കെ പേരിനോട് തകഴിയെ കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍. 

ഇന്ന് തകഴിയെ വായിക്കുമ്പോള്‍ നമുക്ക് ഇത്തരത്തിലുള്ള അങ്കലാപ്പുകളില്ല. സാഹിത്യലോകത്തെ ഭൂകമ്പങ്ങളെയും തുടര്‍ ചലനങ്ങളെയും ഇരുട്ടടികളെയും വിപ്ലവങ്ങളെയുമൊക്കെ ഉള്‍ക്കൊള്ളാനുള്ള ശേഷി നമുക്ക് ഇപ്പോള്‍ കൈവന്നിട്ടുണ്ട്. പില്‍ക്കാലത്ത് അയ്യപ്പപ്പണിക്കരെയും കെ.പി.അപ്പനെയും പോലുള്ള നിരൂപകര്‍ ജ്ഞാനശോഭയാര്‍ന്ന സമചിത്തതയോടെ തകഴിയുടെയും ബഷീറിന്‍റെയുമൊക്കെ രചനകളെ സമീപിച്ചതിനു കാരണം ആ ശേഷിയാണല്ലോ. ഇന്ന് തകഴിയെ വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇരുപതോളം നോവലുകളില്‍ നാലഞ്ചെണ്ണം ഉന്നത നിലവാരമുള്ള രചനകളാണെന്നും ചെമ്മീനും കയറും ലോകനിലവാരമുള്ള കൃതികളാണെന്നും മറ്റുള്ളവ കലാപരമായി ഈ ഔന്നത്യങ്ങളിലേക്ക് എത്താത്തവയാണെന്നും തിരിച്ചറിവു തരുന്ന വായനാനുഭവങ്ങളും നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും നമ്മെ വഴികാട്ടാനുണ്ട്. അതില്‍ത്തന്നെ ചെമ്മീന്‍ ലോകക്ലാസ്സിക്കുകളുടെ കൂട്ടത്തിലേക്കു ചേര്‍ത്തു വെക്കാവുന്ന ഒന്ന് എന്ന നിലയില്‍ കൊണ്ടാടപ്പെടുകയും ചെയ്യുന്നു. 

വ്യക്തികളെക്കാള്‍ വര്‍ഗപ്രതിനിധികളുടെ കഥകളാണ് തകഴിയുടെ രചനകളിലേറെയും എന്ന മട്ടിലാണ് പൊതുവേ ആ രചനാലോകത്തെ വിലയിരുത്താറുള്ളത്. څകാര്‍ഷികരംഗത്തെ വര്‍ഗസമരത്തെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ആദ്യമായി ഒരു നോവല്‍ രചിച്ചത് ഞാനാണ്چ എന്ന് ജ്ഞാനപീഠപ്രസംഗത്തില്‍ തകഴി അവകാശപ്പെടുന്നുമുണ്ട്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള കര്‍ഷകത്തൊഴിലാളികളുടെയും വേശ്യകളുടെയും പറയന്‍റെയും പുലയന്‍റെയും അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തിന്‍റെയുമൊക്കെ അവസ്ഥകളിലേക്ക് കഥാവിഷ്കാരത്തിന്‍റെ വെളിച്ചം പായിച്ചിട്ടുണ്ട് തകഴി. അനാഥരും രോഗികളുമെന്നല്ല നായ്ക്കളും കിളികളും കന്നുകാലികളും കൂടി സ്ഥാനം പിടിച്ചിട്ടുണ്ട് തകഴിയുടെ എഴുത്തിന്‍റെ മടിത്തട്ടില്‍. എന്തിന് അസ്ഥികൂടത്തിനു പോലും അവിടെ ജീവഛായയുണ്ട്. 

ദേശീയ തലത്തിലും പ്രാദേശിക തലത്തിലും തിടംവെച്ചു വന്ന നവോത്ഥാനത്തിന്‍റെ പശ്ചാത്തലത്തിലാണ് തകഴിത്തലമുറയിലെ എഴുത്തുകാരെല്ലാവരും രചനാലോകത്തേക്കു കടന്നുവന്നത്. ബഷീറും കേശവദേവും കാരൂരും പൊന്‍കുന്നം വര്‍ക്കിയും ലളിതാംബിക അന്തര്‍ജനവും ഒക്കെ. മുഖ്യമായും മിഷനറിമാരുടെ ശ്രമഫലമായി കേരളത്തിലുണ്ടായ വിദ്യാഭ്യാസ വിപ്ലവം, നാരായണഗുരുവിന്‍റെ വിചാരവിപ്ലവം ഉണ്ടാക്കിയ പുത്തനുണര്‍വ്, ഗാന്ധിജിയുടെ നേതൃത്വം ഇന്ത്യയിലെമ്പാടുമുണ്ടാക്കിയ ദേശീയതാ മുന്നേറ്റങ്ങളുടെ അലയൊലികള്‍, പത്രമാസികകള്‍ക്കും പുസ്തകങ്ങള്‍ക്കും കൈവന്ന പ്രചാരം തുടങ്ങി ഒട്ടേറെ സംഗതികള്‍ തകഴിത്തലമുറയിലെ എഴുത്തുകാരുടെ സാമൂഹിക നിലപാടും പ്രസക്തിയും നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചു. അധഃസ്ഥിതവിഭാഗങ്ങളുടെ മുന്നേറ്റത്തെക്കുറിച്ച് സമൂഹത്തിലെമ്പാടുമുണ്ടായ വിചാരങ്ങള്‍ തകഴി, ദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരുടെയൊക്കെ സാഹിത്യനിലപാടുകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകളുടെ പൊതുവിലുള്ള അധഃസ്ഥിതിയെക്കുറിച്ചുള്ള അവബോധം കെ.സരസ്വതിയമ്മയുടെയും നമ്പൂതിരി സ്ത്രീകളുടെ നില പരിതാപകരമാം വിധം താണടിഞ്ഞതാണെന്ന തിരിച്ചറിവ് ലളിതാംബിക അന്തര്‍ജനത്തിന്‍റെയും എഴുത്തുനിലപാടുകളെ സ്വാധീനിച്ചിരുന്നുവല്ലോ. ഇവരൊക്കെ എഴുത്തിലേക്കു സജീവമായി വന്നത് 1930നു ശേഷമുള്ള ദശകങ്ങളിലാണ്. കേരളത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഊര്‍ജസ്വലമായ വളര്‍ച്ചയുടെ കാലം കൂടിയായിരുന്നല്ലോ അത്. കേരളത്തിന്‍റെ പൊതുമനസ്സ് പ്രായേണ ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു രാഷ്ട്രീയനിലയില്‍ ഉറച്ചതും ഇക്കാലത്തു തന്നെ. ഈ ഇടതുപക്ഷ നിലയാണ് തകഴിത്തലമുറയിലെ ഏതാണ്ടെല്ലാ എഴുത്തുകാരുടെയും രാഷ്ട്രീയം.

അന്നത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള സ്വാഭാവിക പ്രതികരണമെന്നോണം അക്കാലത്തെ എഴുത്തുകാരെല്ലാം ഒരു നിലപാടിലേക്ക് എത്തുകയായിരുന്നു. തകഴിയുടെ പല കഥകളിലും കഥാപാത്രങ്ങള്‍ക്കോ അവരുടെ മനുഷ്യാവസ്ഥയ്ക്കോ ഉള്ളതിനെക്കാള്‍ പ്രാധാന്യം വര്‍ഗാവസ്ഥയ്ക്കും സാമൂഹികാവസ്ഥയ്ക്കുമാണ്. അതേ സമയം, തങ്ങളുള്‍പ്പെടുന്ന വര്‍ഗത്തിന്‍റെ പ്രതിനിധാനം എന്നതിനപ്പുറം സാര്‍വലൗകികം എന്നു പറയാവുന്ന, അല്ലെങ്കില്‍ അങ്ങനെ പറഞ്ഞിരുന്ന മനുഷ്യാവസ്ഥകളിലേക്ക് കടന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ഏറെയുണ്ട് തകഴിക്കഥകളില്‍. രണ്ടിടങ്ങഴി, ഔസേപ്പിന്‍റെ മക്കള്‍, ഏണിപ്പടികള്‍, തോട്ടിയുടെ മകന്‍ തുടങ്ങി പല നോവലുകളിലും കഥാപാത്രങ്ങള്‍ വര്‍ഗങ്ങളുടെ പ്രതിനിധികളാണല്ലോ. എന്നാല്‍, ചെമ്മീനിലേക്ക് എത്തുമ്പോള്‍ കഥാഗതിയെ നിയന്ത്രിക്കുന്നത് സാമ്പത്തിക കാര്യങ്ങളാണെങ്കിലും സമ്പത്തിനെയും സാമൂഹികചിട്ടവട്ടങ്ങളെയുമൊക്കെ മറികടക്കുന്ന മനുഷ്യാവസ്ഥയുടെ സ്ഫുരണങ്ങള്‍ മറ്റെല്ലാറ്റിനും മീതേ തിളങ്ങി നില്‍ക്കുന്നത് അനുഭവവേദ്യമാകുന്നു. ജീവിതത്തിന്‍റെ വിശാലമായ കടല്‍പ്പരപ്പില്‍ അലയടിച്ചു കൊണ്ടേയിരിക്കുന്ന, മനുഷ്യന്‍റെ മോഹങ്ങളും പ്രതീക്ഷകളും ചതിയും ത്യാഗവും ദുരന്തവുമൊക്കെയാണ് ചെമ്മീനിനെ വിശിഷ്ടമായ ഒരു സാഹിത്യാനുഭവമാക്കി മാറ്റുന്നത്. അത്തരത്തിലുള്ള വിശിഷ്ടമായ വായനാനുഭവം പ്രദാനം ചെയ്യാന്‍ കഴിയുന്ന ചില രചനകളാണ് തകഴിയുടെ ചെറുകഥകളെ മലയാളകഥയിലെ നായകശില്പങ്ങളായി അവരോധിക്കുന്നത്.

തകഴിയുടെ കഥാസാഹിത്യത്തില്‍ ജീവിതത്തിലെ ഗൗരവഭാവങ്ങളേ ഉള്ളൂ എന്നാണ് പ്രൊഫ.എം.അച്യുതന്‍ പറയുന്നത്. ആലോചനകളിലും കടുത്ത അസ്വാസ്ഥ്യങ്ങളിലും എത്തിച്ചു നിര്‍ത്തുന്ന ഐറണികളെയാണ് തകഴി അധികവും ചിത്രീകരിക്കുന്നത് എന്ന് അദ്ദേഹം എഴുതുന്നു. ബഷീര്‍, കാരൂര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ് തുടങ്ങിയ എഴുത്തുകാരുടെ രചനകളില്‍ ഓളംതുള്ളുന്ന ചിരിയല തകഴിക്കഥകളിലില്ല. അവിടെയുള്ളത് തട്ടിന്‍റെയും പരണിന്‍റെയും കൂടി മുകളിലേക്കെത്തുന്ന വെള്ളപ്പൊക്കമാണ്. അനന്തസാഗരത്തിന്‍റ ആഴങ്ങളിലേക്കു വലിച്ചു താഴ്ത്തിക്കൊണ്ടു പോകുന്ന ഭീമന്‍ ചുഴിയാണ്. തകഴിക്കു മുമ്പ് മനുഷ്യന്‍റെ അവസ്ഥകളെയും ജീവിതത്തെയും ഇത്രയേറെ തീക്ഷ്ണതയോടെ ആവിഷ്കരിച്ച എഴുത്തുകാര്‍ മലയാളത്തില്‍ ഒരു പക്ഷേ, കുമാരനാശാനല്ലാതെ മറ്റാരുമില്ല. ജീവിതാവസ്ഥകളെ തീക്ഷ്ണമായി ആഖ്യാനം ചെയ്യുന്ന കാര്യത്തില്‍ ആനന്ദും മുകുന്ദനും വിജയനും കാക്കനാടനും മുതല്‍ ഏറ്റവും പുതിയ കൂട്ടത്തില്‍ പെട്ട കെ.ആര്‍.മീരയും സന്തോഷ്കുമാറും വരെയുള്ള മലയാളി എഴുത്തുകാരുടെ കുലപതികൂടിയാകുന്നു തകഴി. 

വില്യം ഫോക്നറുടെ യോക്നാപടൗഫയും ആര്‍.കെ.നാരായണന്‍റെ മാല്‍ഗുഡിڋയും പോലെയാണ് തകഴിയുടെ കുട്ടനാട് എന്ന് വളരെ മുമ്പേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  ഠവല ഢശഹഹമഴല ഒശീൃശെേമി എന്ന് അയ്യപ്പപ്പണിക്കര്‍. തകഴിയുടെ രചനകളില്‍ കുട്ടനാട് വെറുമൊരു സ്ഥലമല്ല. അതൊരു ജൈവസാന്നിധ്യമാണ്. ദേശത്തിന്‍റെ തായ്വേര് ആഴത്തില്‍ ബലപ്പെട്ട മനുഷ്യരാണ് ആ കഥകളിലുള്ളത്. എന്നു പറഞ്ഞാല്‍ പോരാ, മനുഷ്യര്‍ക്കുമപ്പുറം ദേശത്തായ്വേര് ആഴത്തില്‍ ബലപ്പെട്ട ജീവിതമാണ് അവിടെയുള്ളത്. പുഴയും മണ്ണും മരങ്ങളും വയലും വള്ളവും കായലും നെല്ലും വരമ്പും മടയും മാവിന്‍ചുന മണക്കുന്ന കുട്ടിക്കാലവും കൂടി. നാട്ടിലെ പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ് എന്നാണ് വെള്ളപ്പൊക്കത്തില്‍ എന്ന കഥയുടെ തുടക്കം. ഇവിടെ څനാട്چ കഥനടക്കുന്ന ഇടം മാത്രമല്ല. കഥയുടെ ജീവത്തായ ഒരംശം തന്നെയാണ്. എന്നാലോ ഈ പ്രത്യേക നാടിനെക്കുറിച്ച് അറിയാത്തവര്‍ക്ക് ഏതോ വിചിത്രലോകത്ത് നടക്കുന്ന വിചിത്രസംഭവങ്ങളായി തോന്നുകയുമില്ല. ഈ കഥയിലെ നാടിന് മനുഷ്യര്‍ പാര്‍ക്കുന്ന ഏതുലോകത്തും സ്ഥാനമുറപ്പിക്കാനാവും. പട്ടിയും പൂച്ചയും എറുമ്പും തവളയും മുതലയും പശുവും പുഴയും വെള്ളവും മനുഷ്യദുരിതങ്ങളും അതിജീവനയത്നങ്ങളുമുള്ള ഏതുലോകത്തും. മലയാളിക്ക് ഇതു കുട്ടനാടാണ്. കുട്ടനാടാണെന്നതിനുള്ള വിശേഷാല്‍ സൂചനകളൊന്നും കഥയിലില്ല. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ അമ്പലപ്പുഴയില്‍ എത്തിപ്പറ്റണമെന്ന സൂചന മാത്രമേ പറയുന്നുള്ളൂ. ആ അമ്പലപ്പുഴ എന്നത് വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെട്ട് എത്തിച്ചേരാനുള്ള ഏതു സ്ഥലവുമാവാം. രക്ഷയുടെ കര പറ്റാനുള്ള ഒരു ഇടം മാത്രം. 

വെള്ളപ്പൊക്കത്തില്‍ എന്ന കഥയുടെ വിശദമായ ആഖ്യാനവിശകലനം നടത്തുന്നുണ്ട് ഇ.പി.രാജഗോപാലന്‍. കഥാരംഭത്തിലെ ദേവന്‍-തമ്പുരാന്‍-ചേന്നന്‍-പട്ടി എന്ന ശ്രേണീവ്യവസ്ഥ കഥാന്ത്യത്തിലേക്ക് എത്തുമ്പോള്‍ തലകുത്തനെ നില്‍ക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ദേവന്‍റെ നിസ്സഹായതയ്ക്കും തമ്പുരാന്‍റെ സ്വന്തം കാര്യം നോക്കലിനും ചേന്നന്‍റെ ധര്‍മസങ്കടത്തിനും മുകളില്‍ പട്ടിയുടെ ധീരരക്തസാക്ഷിത്വത്തിന് ഇടം കൊടുക്കുകയാണ് കഥ എന്നാണ് ഇ.പി.രാജഗോപാലന്‍റെ നിരീക്ഷണം. ചേന്നനെ ഉപേക്ഷിച്ചിട്ട് സ്വന്തം രക്ഷ തേടിയ ജന്മിയും പട്ടിയെ ഉപേക്ഷിച്ചിട്ട് സ്വന്തം രക്ഷ തേടിയ ചേന്നനും അധികാരശ്രേണിയില്‍ തൊട്ടുതാഴെയുള്ളവരോടു പുലര്‍ത്തുന്ന മനോഭാവം ഒന്നു തന്നെ. ആ അധികാരസ്വരൂപത്തെ ചൂണ്ടിക്കാണിച്ചു തരികയും കീഴാളത്തം അനുഭവിക്കുന്ന അവഗണനയുടെയും ദുരിതങ്ങളുടെയും നേര്‍ചിത്രം വരച്ചു കാണിക്കുകയും ചെയ്യുകയാണ് വെള്ളപ്പൊക്കത്തില്‍  എന്ന കഥ. ചേന്നന്‍ ജന്മിയോടു പുലര്‍ത്തുന്നതിനു സമമായ ആത്മാര്‍ഥതയും ആദരവുമാണ് പട്ടി ചേന്നനോടു പുലര്‍ത്തുന്നത്. ജന്മി അമ്പലത്തിലെ ദേവനോടും ഇതേ ആത്മാര്‍ഥതയും ആദരവും പുലര്‍ത്തുന്നുണ്ടാകണം. അധികാരപ്രയോഗം താഴേക്കൊഴുകുമ്പോള്‍ ആദരവ് മുകളിലേക്കൊഴുകുന്നു. 

മലയാളത്തിലെ ഏറ്റവും നല്ല മൃഗകഥകളിലൊന്ന് എന്ന് അയ്യപ്പപ്പണിക്കര്‍ മുമ്പൊരിക്കല്‍ ഈ കഥയെ വിശേഷിപ്പിച്ചിട്ടുണ്ട്. കഥയിലെ പട്ടിക്കും തകഴി മനുഷ്യത്വം കല്പിക്കുകയാണ് ചെയ്തിട്ടുള്ളത് എന്ന് നവോത്ഥാനകാല വായനകളുണ്ടായിട്ടുമുണ്ട്. മനുഷ്യകേന്ദ്രിതമായ നവോത്ഥാനസങ്കല്പങ്ങള്‍ മാറുകയും ഭൂമിയിലെങ്ങുമുളള എല്ലാ ജീവജാലങ്ങള്‍ക്കും  സവിശേഷപ്രാധാന്യവും പ്രസക്തിയും വിഭാവന ചെയ്യുന്ന പുതിയ പ്രപഞ്ചദര്‍ശനം പൊതുവില്‍ സ്വീകരിക്കപ്പെടുകയും ചെയ്ത ഇക്കാലത്ത് വെള്ളപ്പൊക്കത്തില്‍ എന്ന കഥയ്ക്കും അതുമുന്‍വെക്കുന്ന ജീവിതദര്‍ശനത്തിനും സവിശേഷപ്രാധാന്യമുണ്ട്. എം.പി.പോള്‍ ഈ കഥ ദ ഫ്ളഡ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സ്വയം നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്നു തകഴി. څഇപ്പോഴും ഞാന്‍ കര്‍ഷകന്‍ തന്നെ. എന്‍റെ കാലില്‍ നോക്കിയാല്‍ കഴുകിക്കളയാനാവാത്ത മണ്ണടയാളങ്ങള്‍ കാണാംچ എന്ന് ജ്ഞാനപീഠപ്രഭാഷണത്തില്‍ എഴുത്തുകാരന്‍ തന്നെ പറയുന്നു. മാറിയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ കഴിയാതെ തന്‍റെ ജൈവമായ ആത്മാര്‍ഥതയോടെ പ്രായോഗികജീവിതത്തിലെ പരാജയങ്ങളെ അഭിമുഖീകരിക്കുന്നതാണ് കൃഷിക്കാരന്‍ എന്ന കഥ. കൃഷിയിലെ പരമ്പരാഗത മൂല്യബോധം തകഴിയുടെ രചനകളിലെമ്പാടും ചിതറിക്കിടക്കുന്നുണ്ട്. ആ മൂല്യബോധത്തില്‍ നിന്ന് പുതിയൊരു വ്യവസ്ഥയിലേക്കും സാമ്പത്തികക്രമത്തിലേക്കും മാറുമ്പോള്‍ നിസ്വരായ മനുഷ്യര്‍ പാടവരമ്പില്‍ ഉപേക്ഷിക്കപ്പെടുന്നു. രണ്ടിടങ്ങഴിയിലെ കുഞ്ഞപ്പി പറയുന്നു - അന്നു കൃഷീന്നു മച്ചാല് തമ്പ്രാന് സൊത്തുകാരനാകാനല്ല. തമ്പ്രാനും അടിയനും പെഴപ്പിനാ. ഇന്നോ! നെനക്കറിയാമ്മേലേ, നമ്മ നെല്ലൊണ്ടാക്കിയാല് തമ്പ്രാന്‍ കൂലിനെല്ല് തരാതേമിരിക്കും.. കൃഷിയുടെ മൂല്യവ്യവസ്ഥയില്‍ വന്ന ഈ മാറ്റമാണ് കൃഷിക്കാരന്‍ എന്ന കഥയിലമുളളത്. അത് ഒരു ജീവിതരീതി എന്നതില്‍ നിന്നു വിട്ട് ലാഭമുണ്ടാക്കാനുള്ള വ്യവസായമായിത്തീര്‍ന്നിരിക്കുന്നു. ഈ മാറ്റത്തെ എതിര്‍ക്കുകയോ അവമതിക്കുകയോ ചെയ്യുന്നില്ല കൃഷിക്കാരന്‍ എന്ന കഥ. 

ഇന്ത്യയിലെമ്പാടുമുള്ള കൃഷിയിടങ്ങളില്‍ അമ്പരപ്പിക്കും വിധമുളള മാറ്റമുണ്ടാക്കിയ ഹരിതവിപ്ലവം വരുന്നത് 1968ലാണ്. അതിനു വര്‍ഷങ്ങള്‍ക്കു മുമ്പേ രചിച്ച കൃഷിക്കാരന്‍ എന്ന കഥയില്‍ ഹരിതവിപ്ലവത്തെക്കുറിച്ച് പില്‍ക്കാലത്തുയര്‍ന്ന വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നത് വിസ്മയകരമാണ്. കേശവന്‍നായരെപ്പോലെ ജൈവബോധ്യമുള്ള ഒരു കൃഷിക്കാരന്‍റെ മണ്ണനുഭവത്തില്‍ നിന്നുണ്ടായ സ്വാഭാവിക നിരീക്ഷണമായിരിക്കാം ഈ ക്രാന്തദര്‍ശിത്വത്തിനു പിന്നില്‍. മണ്ണിനുടയോനായ ജന്മിയോട് കേശവന്‍ നായര്‍ പറയുന്നു - ഞാനൊരു കാര്യം പറയാം തിരുമേനീ, ...അവനൊന്നും കൃഷിക്കാരനല്ല. കൊറേ വരവുവളം വാരിയിട്ടു മണ്ണിന്‍റെ വീര്യം മുഴുവന്‍ വലിച്ചെടുത്തു വെളവൊണ്ടാക്കും. നാലഞ്ചു കൊല്ലം കഴിയുമ്പം തിരുമേനിയുടെ ഭൂമി വകയ്ക്കു കൊള്ളാത്ത തവിടു മണ്ണ്. പുല്ലു കുരുക്കത്തില്ല.

കേശവന്‍ നായര്‍ എന്ന കൃഷിക്കാരന്, തലമുറകളായി തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മൂല്യധാരണകള്‍ കാലത്തിനിണങ്ങാത്തതാണെന്ന് അനുഭവബോധ്യമുണ്ടാവുകയാണ്. രണ്ടിടങ്ങഴിയിലും മറ്റും വില്ലന്‍ഭാവത്തിലാണ് ലാഭക്കൃഷിക്കാരെത്തുന്നതെങ്കില്‍ കൃഷിക്കാരനിലെ ഔതക്കുട്ടി വില്ലനല്ല. കേശവന്‍ നായരുടെ അമ്പതുപറയില്‍ വെള്ളംകയറി നെല്ലു ചീഞ്ഞളിയാന്‍ തുടങ്ങിയപ്പോള്‍ അയല്‍ക്കണ്ടത്തിലെ കൃഷിക്കാരനായ ഔതക്കുട്ടി തന്നെയാണ് മട വെച്ച് അമ്പതിലെ വെള്ളം വറ്റിക്കുന്നത്. കേശവന്‍ നായരുടെ പാട്ടം ഒഴിപ്പിക്കാതെ തന്നെ ആ നിലത്തു കൃഷിയിറക്കി മികച്ച വിളവുണ്ടാക്കാനുള്ള വഴിയേ നോക്കുന്നുള്ളൂ ഔതക്കുട്ടി. എന്നാല്‍, ലാഭ നഷ്ടങ്ങളോ വിളയോ എങ്ങനെ കൃഷിയിറക്കാനാവുമെന്ന ബോധ്യമോ ഒന്നും കേശവന്‍നായര്‍ക്കു പ്രശ്നമല്ല. തലമുറകളായി തങ്ങള്‍ കൃഷിക്കാരാണ്, കൃഷി തുടരണം അത്രയേയുള്ളൂ. ആ പഴയ മൂല്യവ്യവസ്ഥയില്‍ നിന്ന് ലോകം മാറിക്കഴിഞ്ഞെന്ന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു പരാജയപ്പെട്ട പ്രായോഗിക മനുഷ്യനാണ് കേശവന്‍നായര്‍. സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ കഥയുടെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട് - അമ്പതിന്‍റെ നാലുവശത്തുമുള്ള നിലങ്ങളുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും ഈ കാലഘട്ടത്തിനിടയ്ക്ക് പല കൈ മറിഞ്ഞു. അമ്പതിന്‍റെ ജന്മിയും കൃഷിക്കാരനും പഴയ ആളു തന്നെ. 

മാറ്റങ്ങള്‍ക്കു വേണ്ടി എന്തും സഹിക്കാനൊരുങ്ങുന്ന കര്‍ഷകത്തൊഴിലാളികള്‍ രണ്ടിടങ്ങഴിയില്‍ വ്യക്തമായ വര്‍ഗസമര പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍, കൃഷിക്കാരനില്‍ ജന്മിക്കും കര്‍ഷകത്തൊഴിലാളിക്കും ഇടയില്‍ നില്‍ക്കുന്ന എങ്ങുമെങ്ങും തൊടാത്ത മറ്റൊരു വര്‍ഗക്കാരനാണുള്ളത്. അയാള്‍ കര്‍ഷകത്തൊഴിലാളിയും കൃഷിക്കാരനും പാട്ടക്കാരനും എല്ലാമാണ്. ധര്‍മത്തിനു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറുള്ളയാളാണ് കേശവന്‍ നായര്‍. നെല്ല് വിലയ്ക്കു വാങ്ങിയിട്ടാണെങ്കിലും ഒരു കുരു കുടിശ്ശികയില്ലാതെ പാട്ടം തീര്‍ക്കണമെന്ന് നിര്‍ബന്ധമുള്ളയാള്‍. തന്‍റെ ജന്മിക്ക് ഇതല്ലാതെ വേറെ വരായ്ക അധികമില്ലെന്ന് അറിയാവുന്നതിനാല്‍ ആ ജന്മിയോട് സഹഭാവമുള്ളയാള്‍. ജന്മിയായ തിരുമുല്പാടും കേശവന്‍നായരെ നന്നായി മനസ്സിലാക്കുന്നയാളും ഉള്‍ക്കൊള്ളുന്നയാളുമാണ്. അയാള്‍ കേശവന്‍നായരെ നിലത്തു നിന്ന് ബലമായി പുറത്താക്കുന്നില്ല. സാഹചര്യങ്ങള്‍ മൂലം കേശവന്‍നായര്‍ നിലമൊഴിയാന്‍ നിര്‍ബന്ധിതനാവുകയാണ്. അതിന്‍റെ പേരില്‍ അയാള്‍ ആരോടും പരിഭവിക്കുന്നുമില്ല. സാമൂഹികാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ മൂല്യങ്ങളെ മാറ്റിക്കുറിക്കുമ്പോള്‍ തങ്ങളുടെ പഴയ ധാര്‍മികനിലകളില്‍ അടിയുറച്ചു നില്‍ക്കുന്ന നിസ്വരായ മനുഷ്യര്‍ എങ്ങനെയൊക്കെയാണ് പുറന്തള്ളപ്പെടുന്നത് എന്ന് വിവരിക്കുകയാണ് കൃഷിക്കാരന്‍ എന്ന കഥ. അതുകൊണ്ടാണ് ആ കഥ എക്കാലത്തും സമകാലികമാകുന്നത്. എല്ലായിടത്തും പ്രാദേശികമാകുന്നതും.

പട്ടാളക്കാരന്‍, പേക്കിനാവുകള്‍ തുടങ്ങി ഏതാനും പട്ടാളക്കഥകളുണ്ട് തകഴിയുടേതായി. പട്ടാളക്കാരന്‍റെ ജീവിതാനുഭവങ്ങളാണ് ഇപ്പറഞ്ഞ രണ്ടു കഥകളിലുമുള്ളത്. യുദ്ധത്തിനും ഹിംസയ്ക്കുമെതിരായ നിലപാട് രണ്ടിലും ഉണ്ടെങ്കിലും തികച്ചും വ്യത്യസ്തങ്ങളായ അനുഭവലോകങ്ങളാണ് ഈ രണ്ടു കഥകളിലുമുള്ളത്. പേക്കിനാവിലെ പട്ടാളക്കാരന്‍ കൃത്യമായും സൈനികരുടെ വര്‍ഗപ്രതിനിധിയാണ്. പട്ടാളക്കാരനിലെ രാമന്‍നായര്‍ മലയാളിയായ ഒരു പാവം വ്യക്തിയും. രാഷ്ട്രനിര്‍മാണത്തില്‍ മനുഷ്യരെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നും അവിടെ വ്യക്തികള്‍ എത്ര നിസ്സാരക്കാരാണ് എന്നും വ്യക്തമായി വിവരിക്കുന്ന കഥ കൂടിയാണ് പട്ടാളക്കാരന്‍. രാഷ്ട്രനിര്‍മാണം എന്നത് മഹത്തായൊരു കാര്യമായിട്ടാണല്ലോ പറയപ്പെടുന്നത്. അതേസമയം ആ വാക്കു തന്നെ വ്യക്തമാക്കുന്നുണ്ട് രാഷ്ടമെന്നത് ഒരു കൃത്രിമനിര്‍മിതിയാണെന്ന്. ആ നിര്‍മാണത്തിലെ സുപ്രധാനഘടകമാണ് സൈന്യം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യ എന്ന രാഷ്ട്രത്തിന്‍റെ നിര്‍മാണം നടക്കുന്ന വേളയില്‍ അത് സുശക്തമായൊരു സൈനികനിര കെട്ടിപ്പടുക്കുകയാണ്. څപോലീസ് സ്റ്റേഷനില്‍ ഒരു ആള്‍ക്കൂട്ടം കണ്ട് അങ്ങോട്ടു കയറിച്ചെന്നു. അവിടെ പൊക്കവും വണ്ണവും നോക്കി ആളുകളെ പട്ടാളത്തിലേക്ക് എടുക്കുകയാണ്.چ വീടോ വീട്ടുപേരോ ജീവിതമാര്‍ഗമോ ലക്ഷ്യമോ ഒന്നുമില്ലാതിരുന്ന അയാള്‍ അങ്ങനെ പട്ടാളക്കാരനായി. പ്രാദേശിക സ്വത്വമുണ്ടായിരുന്ന നിസ്വനായ ഒരു മനുഷ്യന്‍ രാഷ്ട്രത്തിന്‍റെ നിര്‍മാണപ്രക്രിയയിലെ ഒരു ഉപകരണം മാത്രമായി മാറിക്കഴിഞ്ഞു. 

ഇന്ത്യ എന്ന രാഷ്ട്രത്തിന്‍റെ വിശാലതയും ഗാംഭീര്യവുമെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുംവിധം വിശദീകരിക്കുന്നുണ്ട് കഥയില്‍. തീവണ്ടിയില്‍ രണ്ടായിരത്തോളം മൈല്‍ അകലേക്കു വരെയാണ് അവരെ മാറ്റി മാറ്റി കൊണ്ടുപോകുന്നത്. സൈന്യത്തിലെ ഈ ദളത്തിന് ഒരു മാസത്തെ അവധി കിട്ടുമ്പോള്‍ അവര്‍ ഇന്ത്യാരാഷ്ട്രത്തിന്‍റെ ഉപകരണം എന്ന നിലയില്‍ നിന്ന് പ്രാദേശികസ്വത്വമുള്ള നാട്ടുമനുഷ്യരെന്ന പഴയ അവസ്ഥയിലേക്ക് പിന്മടങ്ങുന്നു. മൈസൂര്‍ക്കാരനും തിരുനല്‍വേലിക്കാരനും മദ്രാസുകാരനും പാലക്കാട്ടുകാരനും സ്വന്തമായി ഒരു ദേശമല്ലാതെ കൃത്യമായൊരു പ്രദേശമില്ലാത്ത രാമന്‍നായരെന്ന മനുഷ്യനുമൊക്കെയായി വേര്‍തിരിയുന്നു. ഇവിടെ ദേശീയത - ഉപദേശീയത - പ്രാദേശികത - വൈയക്തികത എന്നിങ്ങനെയുള്ള ശ്രേണീബന്ധം കൃത്യമായിത്തന്നെ വരച്ചിടുന്നുണ്ട്. രാമന്‍നായര്‍ക്ക് കേരളം എന്ന ദേശീയതക്കുള്ളില്‍ കൃത്യമായ ഒരു പ്രാദേശികസ്വത്വം കണ്ടെത്താനാവുന്നില്ല. തന്‍റെ കേരളീയത അയാള്‍ അടയാളപ്പെടുത്തുന്നത് ചില അടയാളങ്ങളിലൂടെയാണ്. പച്ചവെള്ളം, തളര്‍ച്ചയുണ്ടാക്കാത്ത വെയില്‍, ഹൃദയംഗമമായ ചിരി, ഭാഷ, ശീതളമായ തെങ്ങിന്‍ തണല്‍ ഒരുപിടി ചോറ് എന്നിവയാണ് ആ അടയാളങ്ങള്‍. കേരളത്തില്‍ തെണ്ടി നടന്നാലും ക്ഷീണമില്ല, അവിടത്തെ പച്ചവെള്ളത്തിനും ഒരു പ്രത്യേകതയുണ്ട്. അവിടത്തെ ഉച്ചവെയിലും വാടിത്തളര്‍ത്തുകയില്ല. മലയാളികളുടെ ചിരിക്കേ ഹൃദയംഗത്വമുള്ളൂ. ആ ഭാഷയ്ക്ക് സ്നേഹത്തെ ആവിഷ്കരിക്കാനേ കഴിയൂ.... കേരളത്തിലെ ഒരു പിടി ചോറുകൂടി ഉണ്ണണം. 

തന്‍റെ ദേശീയ സ്വത്വങ്ങളായി രാമന്‍നായര്‍ സ്വയം മനസ്സിലാക്കുന്ന രണ്ടു മുഖ്യ സംഗതികള്‍ ഭാഷയും ഭക്ഷണവുമാണ്. അയാള്‍ പല ഭാഷകളും പേശിക്കേട്ടതിനെക്കുറിച്ച് തൊട്ടുമുമ്പത്തെ വാചകത്തില്‍ പറയുന്നുമുണ്ട്. ഭാഷാടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ദേശീയതകളെക്കുറിച്ചുള്ള സൂചനകളാണ് ഇവിടെയുള്ളത്. രാമന്‍നായര്‍ തന്‍റെ ഇടം തേടി നടക്കുന്നത് കോഴിക്കോടു മുതല്‍ നാഗര്‍കോവില്‍ വരെയാണ്. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും എന്നും പറയുന്നുണ്ട്. കുട്ടനാടിന്‍റെ ഇതിഹാസകാരന്‍ എന്ന് കേള്‍വിപ്പെട്ട എഴുത്തുകാരന്‍ ഈ കഥയില്‍ പ്രാദേശികതകളുടെ സമാഹാരമായ ഒരു കേരളദേശീയതയെ നിര്‍ണയിച്ചെടുക്കുകയും നിര്‍മിച്ചെടുക്കുന്ന രാഷ്ട്രമായ ഇന്ത്യയുടെ ദേശീയതയിലെ ഉപദേശീയതകളെ അടയാളപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പ്രദേശമില്ലാതിരുന്ന രാമന്‍നായര്‍ കേരളമെന്ന ഉപദേശീയതയില്‍ സ്വയം സ്ഥാനപ്പെടുത്തുന്നതു പോലെ നിരാലംബമായിരുന്ന സ്വന്തം വ്യക്തിത്വത്തെ കുടുംബമെന്ന സ്ഥാപനത്തിലേക്കു ചേര്‍ത്തു നിര്‍ത്തി സ്വസ്ഥചിത്തനാകുന്നുമുണ്ട്. രാമന്‍നായര്‍ എന്ന പേരല്ലാതെ മറ്റൊന്നുമില്ലാതിരുന്ന അയാള്‍ തന്‍റെ ശരീര സാന്നിധ്യമൊന്നു കൊണ്ടു മാത്രം തൊഴില്‍ സമ്പാദിക്കുന്നു, പണം ഉണ്ടാക്കുന്നു, സ്വന്തമായി ഒരു പ്രദേശം കണ്ടെത്തുന്നു, ഒരു ദേശീയതയില്‍ സ്വയം സ്ഥാനപ്പെടുത്തുന്നു, കുടുംബമെന്ന സ്ഥാപനം ഉണ്ടാക്കുന്നു. സ്വന്തം ദേശം തേടിയാണ് രാമന്‍നായര്‍ അലയുന്നത്. കുടുംബമുണ്ടാകുമ്പോളാണ് രാമന്‍നായര്‍ക്ക് ദേശവുമുണ്ടാകുന്നത്. രാഷ്ട്രമെന്ന മഹാകുടുംബത്തിന്‍റെ അടിസ്ഥാന ഏകകമായ കുടുംബം രൂപീകരിച്ചുകൊണ്ട് രാമന്‍നായര്‍ വ്യവസ്ഥിതിയുടെ മൂലക്കല്ലു സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ശരിക്കും രാഷ്ട്രനിര്‍മിതി നടക്കുന്നത് അവിടെയാണ്.

രാമന്‍നായരുടെ നായകത്വത്തില്‍ ഭാര്യ ചിട്ടപ്പെടുത്തുന്ന കുടുംബമെന്ന സ്ഥാപനത്തിന്‍റെ വ്യക്തമായ ചിത്രീകരണം നോക്കുക- څഅവിടെ ഒരു പട്ടാളക്കാരന്‍റെ ഫാമിലി അലോട്ട്മെന്‍റ് വരുന്നുണ്ട്. മാസം നാല്പതു രൂപ. ഒരു ഉരുളി, രണ്ടു ചെമ്പുകലം, മൂന്നാലു കട്ടിലുകള്‍ ഇത്രയും അവള്‍ വാങ്ങി. അതില്‍ അവളുടെ പേരു വെട്ടിച്ചു. ആ വീട് ഒന്നു പുതുക്കിപ്പണിതു. പറമ്പിനു ചുറ്റും കയ്യാല വെച്ചു.چ സ്വന്തമായൊരു സ്ഥാപനമെന്ന നിലയില്‍ കുടുംബമുണ്ടാക്കുന്നു എന്നല്ലാതെ സുഖകരമായൊരു കുടുംബജീവിതം നയിക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. ലീവ് തീര്‍ന്ന് തിരിച്ചു പോകണമല്ലോ. അയാളുടെ അഭാവത്തിലും ആ സ്ഥാപനം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ സാക്ഷ്യമാണ് പിന്നീടും ആ മേല്‍വിലാസത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന കവറുകളും പണവും. ആരോരുമില്ലാത്ത, ഒന്നുമൊന്നുമില്ലാത്ത വെറും മനുഷ്യര്‍ അധികാര സ്ഥാപനങ്ങളുടെ ഉപകരണങ്ങളായിത്തീരുകയും അങ്ങനെ സ്വയം സ്ഥാപനവത്കരിക്കപ്പെടുകയും ചെയ്യുന്നതിനിടയില്‍ അവര്‍ തന്നെ ഇല്ലാതായിത്തീരുകയാണ്. മനുഷ്യര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്നതു പോലും പ്രശ്നമാക്കാതെ ആ സ്ഥാപനങ്ങള്‍ അഭംഗുരം നിലനില്‍ക്കുന്നതിനെക്കുറിച്ചുള്ള ആവിഷ്കാരമാണ് പട്ടാളക്കാരന്‍ എന്ന കഥ.

മാറിയ സാമൂഹിക സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനോ അതിനോടു പൊരുത്തപ്പെടാനോ കഴിയാതെ പുറന്തള്ളപ്പെടുന്ന മനുഷ്യനാണ് തഹസീല്‍ദാരുടെ അച്ഛനും. കേശവശ്ശാര്‍ക്ക് വയസ്സ് എഴുപതില്‍ പരമുണ്ട്. ചക്രം ചവിട്ടിയും പുലയന്‍റെ കൂടെ മുങ്ങിക്കുത്തിയും പൊരി പിടിച്ച് ഞൊറിഞ്ഞ ശരീരം. ഭാര്യ മരിച്ചതിനു ശേഷം കഷ്ടപ്പെട്ട് മകനെ വളര്‍ത്തുകയായിരുന്നു അയാള്‍. മകന്‍ പഠിച്ച് തഹസീല്‍ദാരായി അയാളുടെ സാമൂഹികനിലയ്ക്ക് ഇണങ്ങുന്ന പുതിയ ജീവിതം ആരംഭിച്ചു. അവിടെ കേശവശ്ശാര്‍ ഒരധികപ്പറ്റാണ്. അയാള്‍ക്ക് വിദ്യാഭ്യാസമില്ല, പരിഷ്കാരമില്ല, യൗവനാരോഗ്യങ്ങളില്ല. കേശവവശ്ശാരുടെ മകന്‍ തഹസീല്‍ദാര്‍ പത്മനാڅപിള്ളയ്ക്കും ഭാര്യയ്ക്കും ഇതെല്ലാമുണ്ട്. ഇല്ലായ്മകള്‍ക്കു മേല്‍ ഉള്ളവ ചെലുത്തുന്ന അധികാരപ്രയോഗങ്ങളുടെ ഫലമായാണ് കേശവശ്ശാര്‍ പുറത്താക്കപ്പെടുന്നത്. വാര്‍ധക്യത്തിനു മേല്‍ യൗവനത്തിന്‍റെ ഈ അധികാരപ്രമത്തതയും കുടുംബ ബന്ധങ്ങളിലെ മൂല്യങ്ങളുടെ പാവനതയെക്കുറിച്ചുളള ബോധ്യങ്ങളും ചേരുമ്പോള്‍ തഹസീല്‍ദാരുടെ അച്ഛന്‍ വിങ്ങലുണ്ടാക്കുന്ന മനുഷ്യാനുഭവമായി മാറുന്നു. സമകാലികവും സാര്‍വലൗകികവുമായ മനുഷ്യാവസ്ഥയുടെ ആ സാന്ദ്രാനുഭവമാണ് തഹസീല്‍ദാരുടെ അച്ഛനെന്ന കഥ പ്രദാനം ചെയ്യുന്നത്.

നിയമവും നീതിയുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ രചിച്ചിട്ടുണ്ട് തകഴി. ഏറെക്കാലം വക്കീലായിരുന്ന ശിവശങ്കരപ്പിള്ളയെ സംബന്ധിച്ചിടത്തോളം ആ മേഖല കാര്‍ഷികവൃത്തി പോലെ തന്നെ അടുത്തറിയാവുന്നതായിരുന്നല്ലോ. നിയമ നീതിന്യായ മേഖലകളുമായി ബന്ധപ്പട്ട കഥകളിലൊക്കെ നീതി എന്ന സങ്കല്പനത്തെ പ്രശ്നവത്കരിക്കാനും അനീതികള്‍ വിളിച്ചു പറയാനുമാണ് തകഴിക്കഥകള്‍ ശ്രദ്ധവെക്കുന്നത്. നിയമവും നീതിയും എന്ന കഥതന്നെ നല്ല ഉദാഹരണം. അഴിമതിക്കാരനായ ഒരു പോലീസുദ്യേഗസ്ഥന്‍ മറ്റൊരാളെക്കൂടെ കൂടെക്കൂട്ടി അവുത എന്ന പാവം മനുഷ്യന്‍റെ ജീവിതം നരകമാക്കുകയാണ്. ഉദ്യോഗസ്ഥര്‍ എന്ന അധികാരം കൈയിലുണ്ടെന്നതല്ലാതെ അവര്‍ക്ക് അവുതയോട് എന്തെങ്കിലും വിരോധമോ മുന്‍പരിചയം പോലുമോ ഇല്ല. അത്രമേല്‍ ഭയങ്കരമാം വിധം അധികാരം മനുഷ്യനെ ഇരയാക്കുകയാണ്. കാരൂരിന്‍റെ എഴുന്നള്ളത്തു ഡ്യൂട്ടി എന്ന കഥയിലും അഴിമതിക്കാരനായ ഒരു പോലീസുകാരന്‍റെ പിടിച്ചുപറിയാണ് പ്രമേയം. ആ പോലീസുകാരന്‍റെ വ്യക്തിദുരിതങ്ങള്‍ വരച്ചു കാട്ടി അയാളുടെ അഴിമതിക്ക് ഒരു തരത്തില്‍ ന്യായീകരണം നല്‍കുകയാണ് കാരൂര്‍ക്കഥ. എന്നാല്‍, അധികാരപ്രയോഗം എത്രമേല്‍ മനുഷ്യത്വരഹിതം എന്നു വിവരിക്കുകയാണ് തകഴിക്കഥ.

ലൈംഗികതയുമായി ബന്ധപ്പെട്ട നാട്ടുപ്രമാണങ്ങളും സദാചാരച്ചിട്ടകളുമായുള്ള ഏറ്റുമുട്ടലുകള്‍ തകഴിയുടെ രചനാലോകത്ത് എമ്പാടും കടന്നുവരുന്ന ഒരു മുഖ്യവിഷയമാണ്. ചെമ്മീനും കയറും രണ്ടിടങ്ങഴിയും ഉള്‍പ്പെടെ ഏതാണ്ടെല്ലാ നോവലുകളിലും നിരവധി കഥകളിലും ഇത് പലപാട് ചര്‍ച്ച ചെയ്യുന്നു. ലൈംഗികത ചര്‍ച്ച ചെയ്യുന്നതു കൊണ്ടാണ് സദാചാരവാദികളായ വലിയൊരു വിഭാഗത്തിന് തകഴിയുടെ രചനകള്‍ അശ്ലീലമായി അനുഭവപ്പെട്ടത്. സദാചാരക്കാരെ വിറളി പിടിപ്പിക്കുന്നതിനു വേണ്ടി ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ തന്നെ അക്കാലത്ത് തകഴിത്തലമുറയിലെ എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു. തകഴി, ദേവ്, ബഷീര്‍, പൊറ്റക്കാട്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ലൈംഗിക പ്രധാനമായ കഥകള്‍ ചേര്‍ത്ത് അഞ്ചു ചീത്തക്കഥകള്‍ എന്ന സമാഹാരം പ്രസിദ്ധീകരിച്ചത് മലയാള സാഹിത്യലോകത്ത് ഒരു സംഭവമായിരുന്നല്ലോ. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുന്നത് മലയാളത്തില്‍ മുമ്പുണ്ടാകാത്ത കാര്യമൊന്നുമല്ല. മഹിളാളിമഹാസ്പദമായ മണിപ്രവാളത്തിലൂടെയും ചന്ദ്രോത്സവങ്ങളിലൂടെയുമൊക്കെയാണല്ലോ മലയാളസാഹിത്യം വളര്‍ന്ന് തകഴിക്കാലത്തേക്ക് എത്തിയത്. എന്നാല്‍, പ്രമേയത്തില്‍ ലൈംഗികത കടന്നുവരുന്ന രചനകളുടെ പേരില്‍ എഴുത്തുകാരെ കനിവില്ലാതെ ആക്രമിക്കുകയായിരുന്നു സദാചാരവാദികളായിരുന്ന വലിയൊരു വിഭാഗം കാരണവന്മാര്‍ അന്ന് ചെയ്തത്. അത്തരം രചനകളെല്ലാം തെറിക്കഥകളാണ് എന്നായിരുന്നു ആക്ഷേപം. തെരഞ്ഞെടുത്ത കഥകളുടെ ആമുഖത്തില്‍ അതെക്കുറിച്ച് തകഴി തന്നെ എഴുതിയിട്ടുള്ളത് ഇങ്ങനെ-څഞാന്‍ സ്ത്രീ പുരുഷബന്ധത്തെ സംബന്ധിക്കുന്ന കഥകള്‍ കുറേ എഴുതിയിട്ടുണ്ട്. എന്‍റെ ആദ്യകാല കഥകളില്‍ പലതും പച്ചത്തെറിക്കഥകളായിരുന്നു എന്ന് അന്നത്തെ സഹൃദയന്മാരും നിരൂപകന്മാരും നെറ്റി ചുളിച്ച് അഭിപ്രായപ്പെട്ടിരുന്നു. ഫ്രോയ്ഡിയന്‍ മനശ്ശാസ്ത്രസിദ്ധാന്തത്തിന്‍റെ ചില നിഗമനങ്ങള്‍ വെച്ച് അവ തെറ്റോ ശരിയോ എന്നു നോക്കാതെ ഞാന്‍ കഥകളെഴുതിയിട്ടുണ്ട്....പ്രായവും നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷ ബന്ധങ്ങളില്‍ കണ്ട വൈകല്യങ്ങളും ആ വിധം തെറിക്കഥകള്‍ എന്നെക്കൊണ്ടെഴുതിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല.چ 

തകഴിയുടെ കഥകളില്‍ ലൈംഗിക വര്‍ണനകളോ വിവരണങ്ങളോ വരുന്നത് വിരളമാണ്. പരമ്പരാഗത സമൂഹത്തില്‍ നിലനിന്നിരുന്ന ലൈംഗിക ധാരണകളെ ചോദ്യം ചെയ്യുകയും സ്ത്രീകള്‍ സ്വന്തം ശരീരത്തിന്‍റെ ആവശ്യങ്ങളും സാധ്യതകളും തിരിച്ചറിയുകയും പുരുഷകഥാപാത്രങ്ങള്‍ വേശ്യാഗമനത്തിനൊരുങ്ങുന്നതും മറ്റും കാണിച്ചുതരികയുമൊക്കെയേ ചെയ്യുന്നുള്ളൂ. തകഴിക്കഥകളെ കാരുണ്യലേശമില്ലാതെ വിമര്‍ശിച്ച സന്മാര്‍ഗികള്‍ക്കുള്ള മറുപടി പോലൊരു കഥയാണ് ഇതാണ് സന്മാര്‍ഗി. സ്ത്രീകളുടെ അടിവസ്ത്രങ്ങളില്‍ അഭിരമിക്കുക, നഗ്ന ചിത്രങ്ങളില്‍ നോക്കി കാമശമനം തേടുക തുടങ്ങിയ കാര്യങ്ങള്‍ ശീലമാക്കിയ മാധവനെ കാണിച്ചിട്ട് കഥ പറയുന്നു- ഇതാണ് സന്മാര്‍ഗി. പങ്കിയമ്മ, നിത്യകന്യക, ഒരു നിയമലംഘനത്തിന്‍റെ കഥ എന്നിങ്ങനെ ഒട്ടേറെ കഥകളില്‍ ഈ ലൈംഗികതാ ചര്‍ച്ചകള്‍ കടന്നു വരുന്നുണ്ട്. 

കുടുംബം, ലിംഗപരമായ അടിച്ചമര്‍ത്തല്‍ എന്നിവയില്‍ നിന്നു കുതറിച്ചാടാന്‍ വെമ്പുന്ന സ്ത്രീകളെ ധീരതയോടെ ആവിഷ്കരിക്കുമ്പോള്‍ത്തന്നെ കുടുംബഘടനയില്‍ സ്ത്രീകള്‍ അടങ്ങിയൊതുങ്ങി നില്‍ക്കണം എന്നും പറയുന്നു. ചങ്ങാതികള്‍ എന്ന കഥയില്‍ കൂട്ടുകാരികളായ കമലയും മീനുവും പറയുന്നതിങ്ങനെ-څനീ വിചാരിക്കുന്നുണ്ടാവാം ഞാന്‍ ഒരു ഭാഗ്യവതിയാണെന്ന്, പക്ഷേ, ഒരാളോടും പറയാനാവാതെ ഞാന്‍ സഹിക്കുകയായിരുന്നു. ഒരു പുരുഷന് അടിമപ്പെട്ടു കഴിയുന്ന ഭാര്യയുടെ ജീവിതം ഒരു നരകമാണ് കമലേ. കമല ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു, ആ അടിമത്തം ഒരു സ്ത്രീക്ക് ആവശ്യമാണ് മീനൂ.چ അറുപതാം വയസ്സില്‍ എന്ന കഥയിലെ ഭാര്യ ആദ്യഭര്‍ത്താവിനുള്ള കത്തില്‍ പറയുന്നു- څഭരിക്കുന്നവനായിരിക്കണം ഭര്‍ത്താവ്. ഭരിക്കപ്പെടുന്നതാണ് അവളുടെ ആവശ്യം.چ ഹാന്‍ഡ് ബാഗ് എന്ന കഥയില്‍ മുത്തശ്ശി പറയുന്നു څവിവരമുണ്ടെങ്കിലും പെണ്ണ് എന്നും പെണ്ണാ.چ മുത്തശ്ശിയുടെ നിഗമനങ്ങള്‍ പോലെതന്നെ പരിഷ്കാരിയായ പേരക്കുട്ടി ചൂഷണം ചെയ്യപ്പെടുകയാണ് ആ കഥയില്‍. വിമോചനം എന്ന കഥയിലെ കിളിയെപ്പോലെയാണ് തകഴിക്കഥകളിലെ സ്ത്രീ എന്നു പറയാവുന്നതാണ്. കൂട്ടിലായിരിക്കുമ്പോള്‍ കിളി മോചനമാഗ്രഹിക്കുന്നു. എന്നാല്‍ കൂടു തുറന്നു വിട്ടുകഴിഞ്ഞാലോ! ഒന്നു പറന്നു ചുറ്റിയടിച്ചിട്ട് വീണ്ടും കൂട് അന്വേഷിച്ചു പറന്നെത്തുകയും യജമാനനെ തേടുകയും ചെയ്യുന്നു.

തകഴിയുടെ കഥകളെയും കഥാപാത്രങ്ങളെയും പ്രമേയങ്ങളെയും ഏതെങ്കിലും ചില കള്ളികളിലേക്കോ വിഭാഗങ്ങളിലേക്കോ മാത്രമായി ഒതുക്കി നിര്‍ത്തുക എളുപ്പമായിരിക്കില്ല. അത്രയേറെ വിപുലമാണ് ആ കഥാലോകം. പത്തഞ്ഞൂറിനു മേല്‍ കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏതാണ്ട് പകുതിക്കു താഴെ കഥകള്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ബാക്കിയുള്ളവ മാത്രമേ പല പേരിലുള്ള സമാഹാരങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ എന്ന് തകഴി തന്നെ പറയുന്നു. മുണ്ടശ്ശേരി പറയുന്നു നമ്മുടെ വായനശാലയിലെ ഒരലമാരയില്‍ തകഴിയുടേതായി ഒരു കള്ളി തന്നെ തിരിച്ചിടാന്‍ മാത്രമുണ്ടാവും അദ്ദേഹത്തിന്‍റെ ചെറുകഥകള്‍. 600 ചെറുകഥകള്‍ എന്നാണ് തകഴിയുടെ ചരമക്കുറിപ്പില്‍ അയ്യപ്പപ്പണിക്കര്‍ എഴുതിയിട്ടുള്ളത്.

ആഖ്യാന ഭാഷയില്‍ വന്ന മാറ്റമാണ് തകഴിത്തലമുറ സാഹിത്യത്തില്‍ കൊണ്ടു വന്ന വലിയ വിപ്ലവം. വിദ്യാസമ്പന്നരായ അഭിജാതരുടേതുമാത്രമായിരുന്ന വരേണ്യഭാഷയില്‍ നിന്ന് പറയന്‍റെയും പുലയന്‍റെയും നാട്ടുവര്‍ത്തമാനങ്ങളിലേക്കു മാറി ആഖ്യാനം. ഭാഷാപാണ്ഡിത്യത്തെയും കോമള ഭാഷയെയും നിരാകരിച്ചു കൊണ്ടാണ് തകഴിയും കൂട്ടരും ഈ വിപ്ലവം കൊണ്ടു വന്നത്. മദ്രാസ്സില്‍ നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍, തനിക്ക് ഭാഷ അറിയില്ലെന്നും വ്യാകരണം പഠിച്ചിട്ടില്ലെന്നും പ്രസംഗിച്ചത് അക്കാലത്ത് വലിയ വിവാദം തന്നെയുണ്ടാക്കിയിരുന്നു. ആ വിവാദങ്ങളുടെ ഭാഗമായി തകഴി പിന്നീടു നടത്തിയ ഒരു മറുപടി പ്രസ്താവനയില്‍ പറയുന്നു - മദ്രാസ്സില്‍ വെച്ച് ഞാനൊരു പരമാര്‍ഥം പറഞ്ഞു പോയി. എനിക്കു വ്യാകരണം അറിഞ്ഞു കൂടെന്ന്... എന്‍റെ ചുറ്റുപാടുകളില്‍ കണ്ട കാര്യങ്ങളെക്കുറിച്ച് കഥയെഴുതണമെന്നു തോന്നിയപ്പോള്‍ എനിക്കു പരിചയമുള്ള ഭാഷയില്‍ ഞാന്‍ അത് എഴുതി....ഏതായാലും നിങ്ങളുടെ ഹൃദയത്തില്‍ അത് തട്ടുന്നുണ്ടെന്ന് മനസ്സിലായി. ഞാന്‍ കൊച്ചു കൊച്ചു വാക്യങ്ങളിലെഴുതിയത് പരീക്ഷണം നടത്താനല്ലായിരുന്നു. വ്യാകരണമറിഞ്ഞു കൂടാത്തതു കൊണ്ട് തെറ്റു പറ്റാതിരിക്കാനായിരുന്നു.

ഇതില്‍ ആഖ്യാതമെവിടെچ എന്ന് ചോദിക്കുന്ന അബ്ദുള്‍ ഖാദറിനോട് ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറഞ്ഞ മാതിരി തന്നെയാണ് എഴുതി വെച്ചിരിക്കുന്നത്. ഇതില്‍ നിന്‍റെയൊരു ചട്ടുകാലന്‍ ആഖ്യാതമില്ലെങ്കിലെന്ത്? അവന്‍റെയൊരു പളുങ്കൂസന്‍ വ്യാകരണം എന്നു പറയുന്ന ബഷീറും തകഴിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് സാഹിത്യം ജീവിതത്തിന്‍റെ ആവിഷ്കാരമായിരുന്നു. നീന്തല്‍ പഠിച്ച് വെളളത്തിലിറങ്ങിക്കയറുന്നڋവരെപ്പോലെ, ഭാഷ പഠിച്ച് സാഹിത്യത്തില്‍ അത് പ്രയോഗിക്കുകയായിരുന്നില്ല അവര്‍. ഭാഷയില്‍ അവര്‍ ജലജീവികളായിരുന്നു. 

ഭാഷയിലെന്ന പോലെ ഇതിവൃത്തത്തിലും അവര്‍ ആവിഷ്കരിച്ചത് അവരവരുടെ വായുമണ്ഡലത്തെത്തന്നെയായിരുന്നു. അവരുടെ കൃതികള്‍ ചുറ്റുപാടുമുള്ള ജീവിതത്തെ പ്രതിഫലിപ്പിക്കുകയായിരുന്നില്ല, മറിച്ച് അതില്‍ മുഴുകി അതായിത്തീരുകയായിരുന്നു. പ്രതിഫലിപ്പിക്കുന്നത് പുറത്തു നിന്നിട്ടാണല്ലോ. കുട്ടനാടിന്‍റെ നാട്ടു ചരിത്രവും മനുഷ്യജീവിതത്തിന്‍റെ ചരിത്രവും പരിണാമചരിത്രവുമാണ് തകഴി രേഖപ്പെടുത്തുന്നതെന്ന് തകഴിയുടെ ചരമക്കുറിപ്പില്‍ അയ്യപ്പപ്പണിക്കര്‍ എഴുതുന്നു. ചരിത്രമെഴുത്തിന്‍റെ അന്ത്യം എന്നാണ് തകഴിയുടെ ചരമത്തെ വിശേഷിപ്പിക്കുന്നത്. തകഴിയുടെ എഴുത്ത് എങ്ങനെയാണ് കുട്ടനാടിന്‍റെ ചരിത്രമാകുന്നതെന്നും കുട്ടനാടിന്‍റെ ചരിത്രം എങ്ങനെയാണ് മാനവികതയുടെ ചരിത്രമാകുന്നതെന്നും അയ്യപ്പപ്പണിക്കര്‍ വിശദീകരിക്കുന്നുണ്ട്. 

ലോകത്തെ കുട്ടനാട്ടിലേക്കു വഴിനടത്തിയ തകഴി എല്ലാ കാലത്തും എല്ലാ ലോകത്തുമുള്ള മനുഷ്യരുടെ ജീവിതകഥ കുട്ടനാടന്‍ ഗാഥകളായി അവതരിപ്പിക്കുകയായിരുന്നു.

BIJU CP
Chief SubEditor
Mathrubhumi
Manjummel, Kochi
Ph: +91 9447300510