THE WARRIOR POET

Dr. Suja S

This thesis deals with the poetic works of the freedom fighter, Sri. Bodheswaran, who was originally named Kesavapillai. He was the father of the eminent writer Sughathakumari. Most of his writings were deeply patriotic. ‘Sahikkayo dasyam...’ was his well-known line. ‘Sahikkayo dasyam, ‘yuvakkalodu...’, ‘Anthyasamarabheri’, were the representations of his patriotism. The Government of India honored him by awarding thamrapathram for his services during the independence movement. In 2002, the then President of India K. R. Narayanan inaugurated the Bodheswaran Foundation in Trivandrum to publicize and foster/patronize his ideals. The significance of Bodheswaran as a poet lies in the fact that he could always keep up his ideals in his real life, which were depicted in his poems.

Keywords: Poet, Freedom Fighter, Spiritual Life, Patriotism, Equality, Protest, Freedom, Exhortation, Violence, Brotherhood

Reference:

Bodheshwaran, (1982). Thiranjedutha Kavithakal, Kottayam: DC books. 
Bodheshwaran, (1988). Swathanthrakeralam, Ernakulam: Deenabandhu Printing anPublishing House.
Bodheshwaran, (1949). Raktharekhakal, Thiruvananthapuram: ModenPress. 
Acuthavaryar S, (2014). Kerala Samskaram, Thiruvananthapuram: Kerala Bhasha Institute. 
Leelaavathi M., (2011). Malayala Kavithasahithyacharithram, Thrissur: Kerala Sahithya Acadamy.
Vinodkumar R., (2020). Keralathile smaarakangalu, Kottayam: DC books.
Sreedharamenon A., (2021). Kerala Samskaram, Kottayam: DC books.
Dr. Suja S.
Associate Professor
Department of Kerala Studies
University of Kerala
Kariavattom Campus
Thiruvananthapuram
India
Pin: 695581 
Mob: +91 8590178009
Email: sujasdr@gmail.com
ORCID: 0009-0005-9271-0070 


സമരോത്സുകമായ കാവ്യചേതന

ഡോ. സുജ എസ്

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ബോധേശ്വരന്‍റെ കവിതകളെക്കുറിച്ചാണ് ഈ പ്രബന്ധം ചര്‍ച്ച ചെയ്യുന്നത്. ബോധേശ്വരന്‍റെ യഥാര്‍ത്ഥ പേര് കേശവപിള്ള എന്നായിരുന്നു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ അച്ഛനായ ബോധേശ്വരന്‍റെ കവിതകള്‍ ദേശാഭിമാന പ്രചോദിതമായിരുന്നു. സഹിക്കയോദാസ്യം മരിക്കയോഭേദം, യുവാക്കളോട്, സ്വാഗതഗാനം, ചെങ്കൊടി, പഴശ്ശിക്കേരളവര്‍മ്മ, വേലുത്തമ്പി, അന്ത്യസമരഭേരി തുടങ്ങിയവ അദ്ദേഹത്തിന്‍റെ ദേശസ്നേഹത്തിന്‍റെ ആവിഷ്ക്കാരങ്ങളാണ്. സ്വാതന്ത്ര്യസമരസേവനത്തിന് ഇന്ത്യാ ഗവണ്‍മെന്‍റ് ബോധേശ്വരന് താമ്രപത്രം സമ്മാനിച്ച് ആദരിച്ചിട്ടുണ്ട്. ബോധേശ്വരന്‍റെ ആദര്‍ശങ്ങളെ പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി 2002ല്‍ രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ തിരുവനന്തപുരത്ത് ബോധേശ്വരന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. തന്‍റെ കവിതയിലാവിഷ്ക്കരിച്ച ആദര്‍ശങ്ങളെ ജീവിതത്തില്‍ നിലനിര്‍ത്താനും കഴിഞ്ഞു എന്നതാണ് ബോധേശ്വരന്‍ എന്ന കവിയുടെ മഹത്വം.

താക്കോല്‍ വാക്കുകള്‍: കവി, സ്വാതന്ത്ര്യസമരസേനാനി, ആത്മീയജീവിതം, ദേശാഭിമാനം, സമത്വം, പ്രതിഷേധം, മോചനം, ഉദ്ബോധനം, ഹിംസ, സാഹോദര്യം

സഹിക്കയോ ദാസ്യം മരിക്കയോ ഭേദം സഹിക്കയോ ഹാസ്യം മരിക്കയോനല്ലൂ? എന്നു പാടിയ കവി കേരളത്തിന്‍റെ തെക്കേയറ്റത്തുനിന്ന് സ്വാതന്ത്ര്യസമരരംഗത്തേക്ക് ഇച്ഛാശക്തിയോടെ ചുവടുവച്ച ബോധേശ്വരനാണെന്ന് മലയാളിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ആരായിരുന്നു ബോധേശ്വരന്‍? കവിയോ സ്വാതന്ത്ര്യസമരസേനാനിയോ? അദ്ദേഹത്തിന്‍റെ വ്യക്തിത്വം രൂപപ്പെടുത്തിയ സാമൂഹിക സാഹചര്യമെന്ത്? സ്വാതന്ത്ര്യസമരത്തില്‍ ബോധേശ്വരന്‍റെ പ്രാതിനിധ്യം ഏതൊക്കെ നിലകളിലായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി അന്വേഷിക്കുകയാണ് ഈ പ്രബന്ധം.

വ്യക്തിജീവിതം

1901 ഡിസംബറില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച കേശവപിള്ള ആര്യസമാജത്തിന്‍റെ തത്ത്വങ്ങളിലും സ്വാമി വിവേകാനന്ദനിലും ആകൃഷ്ടനായി ചെറുപ്പത്തില്‍ ആത്മീയ ജീവിതം ആരംഭിച്ചു. ബോധേശ്വരാനന്ദ എന്ന പേരില്‍ കുറച്ചുനാള്‍ തീര്‍ത്ഥാടകനായി. ശ്രീരാമകൃഷ്ണാശ്രമം, ആര്യസമാജം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസര്‍ എന്നിവരുമായി അടുത്ത് സഹകരിക്കാനും അവരുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും ബോധേശ്വരന് കഴിഞ്ഞു. എന്നാല്‍ ആത്മീയ ജീവിതത്തേക്കാള്‍ സാമൂഹിക ജീവിതമാണ് തന്‍റെ പാതയെന്ന് തിരിച്ചറിഞ്ഞ ബോധേശ്വരന്‍ ആത്മീയ ജീവിതമുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലും സാമൂഹിക പ്രസ്ഥാനങ്ങളിലും സജീവമായി ബോധേശ്വരാനന്ദയില്‍ നിന്നും ബോധേശ്വരനിലേക്കെത്തിയ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സജീവ പ്രവര്‍ത്തകനായി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജിതമായി പങ്കെടുത്ത ബോധേശ്വരന്‍ ദേശാഭിമാനപ്രചോദിതമായ ധാരാളം കവിതകളെഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. അസ്വാതന്ത്ര്യവും അസമത്വവും സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നും തുടച്ചുമാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചു. വൈക്കം സത്യാഗ്രഹത്തിലും ക്ഷേത്രപ്രവേശന സമരത്തിലും സജീവ പങ്കാളിയായിരുന്നു. സ്വാതന്ത്ര്യസമര സേവനത്തിന് ഇന്‍ഡ്യാഗവണ്‍മെന്‍റ് ബോധേശ്വരന് താമ്രപത്രം സമ്മാനിച്ച് ആദരിച്ചു. 1990 ജൂലൈ 3ന് 88ാം വയസ്സില്‍ ബോധേശ്വരന്‍ ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ പുത്രിമാരായ ഹൃദയകുമാരിയും സുഗതകുമാരിയും സുജാതയും അച്ഛന്‍റെ പാത എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും പിന്‍തുടര്‍ന്നു. ബോധേശ്വരന്‍റെ ആദര്‍ശങ്ങളെ പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി 2002ല്‍ രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ ബോധേശ്വരന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. 2014ല്‍ 'ജയജയ കേരള കോമള ധരണീ...' എന്നു തുടങ്ങുന്ന 'കേരളഗാന'ത്തെ കേരളത്തിന്‍റെ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ പ്രഖ്യാപനം

'സര്‍വ്വ ജീവരാശികളില്‍ നിന്നുമുള്ള കഷ്ടതകളും പ്രതിബന്ധങ്ങളും മനുഷ്യന് ജയിക്കാന്‍ സാധിച്ചാലും മനുഷ്യന് മനുഷ്യനില്‍ നിന്നുണ്ടാകുന്ന ക്രൂരതയും പ്രതിബന്ധവും ജയിക്കുവാനുള്ള മാര്‍ഗ്ഗം ഇനിയും കൈവന്നിട്ടില്ല'1 എന്ന ബോധേശ്വരന്‍റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത് മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രു പ്രകൃതിയിലെ ക്രൂരജീവികളൊന്നുമല്ല മനുഷ്യന്‍ തന്നെയാണ് എന്ന സത്യമാണ്. സഹജീവികളെ അടിച്ചമര്‍ത്താനും അംഗീകാരം സ്ഥാപിച്ചെടുക്കാനുമുള്ള മനുഷ്യന്‍റെ ത്വരയാണ് ജീവിതത്തെ അസഹനീയമാക്കുന്നത്. സമത്വവും സ്വാതന്ത്ര്യവും പ്രാവര്‍ത്തികമാകണമെങ്കില്‍ സാഹോദര്യം മനസ്സിലുണരണം. കേരളവും ഭാരതവും സ്വതന്ത്രമാകുന്നതിന് ആദ്യം വേണ്ടത് കേരളീയര്‍ക്കും ഭാരതീയര്‍ക്കും ഉള്ളില്‍ത്തന്നെയുള്ള വിടവുകള്‍ നികത്തുകയാണ്. ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും പേരിലുള്ള വേര്‍തിരിവുകള്‍ ഇന്‍ഡ്യാമഹാരാജ്യത്തെ ശത്രുക്കളുടെ വിളനിലമാക്കി മാറ്റി. ബ്രിട്ടീഷ് സാമ്രാജ്യത്വശക്തിക്ക് ഇന്‍ഡ്യ അടിയറവു പറയേണ്ടിവന്നത് ഈ വൈകൃതങ്ങളുടെ അനന്തര ഫലമാണ്. ഭാരതീയര്‍ ഒന്നാണെന്ന തിരിച്ചറിവാണ് അതിജീവനത്തിനുള്ള മാര്‍ഗ്ഗമെന്നും അതിന് എല്ലാത്തരത്തിലുമുള്ള ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബോധേശ്വരന്‍ കവിതയിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജനതയെ ഉദ്ബോധിപ്പിച്ചു. ബോധേശ്വരന്‍റെ കവിതകളിലുടനീളം നമുക്കു കണ്ടെത്താനാകുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ദേശാഭിമാനിയുടെ ഒടുങ്ങാത്ത ദാഹവും അതിനുവേണ്ടിയുള്ള പോരാട്ടവുമാണ്. ബോധേശ്വരന്‍റെ 'തെരഞ്ഞെടുത്ത കവിതകളെ'അവതരിപ്പിച്ചു കൊണ്ട് മകള്‍ സുഗതകുമാരി മുന്‍വാക്കായി പറയുന്നത് ശ്രദ്ധേയമാണ്.

'പണ്ടെങ്ങോ കൊഴിഞ്ഞുപോയ ആദര്‍ശാധിഷ്ഠിതവും ദേശസ്നേഹ പ്രചോദിതവുമായ ഒരു കാലഘട്ടത്തിന്‍റെ ഘനഗര്‍ജ്ജനങ്ങളും തീവ്രാവേശങ്ങളും ആശങ്കകളും ദീപ്തവിശ്വാസങ്ങളുമൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുവാന്‍ ഈ പഴയ കവിതകള്‍ നമ്മെ സഹായിക്കും. നാടിനുവേണ്ടി ഇങ്ങനെയൊക്കെ 'പാടിയും കരഞ്ഞും അലഞ്ഞവര്‍' ഇവിടെയുണ്ടായിരുന്നു എന്ന് പൂര്‍ണ്ണമായി നാം മറക്കാതിരിക്കുവാന്‍ മാത്രം.'2

ബോധേശ്വരന്‍റെ സ്വാതന്ത്ര്യാദര്‍ശത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സുഗതകുമാരിയുടെ ഈ വാക്കുകള്‍.

പോരാട്ടം കവിതയിലൂടെ

കവിയായ ബോധേശ്വരനെ സാഹിത്യചരിത്രം രേഖപ്പെടുത്തിയതിങ്ങനെയാണ്: 'ചങ്ങമ്പുഴയുടെ കൃതികളിലെ ശബ്ദനര്‍ത്തനത്തെ ഓര്‍മ്മിപ്പിക്കുന്ന കവനശൈലി. താളലയസുഭഗമാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍. തീവ്രവികാരമന്ദ്രവും.'3

കേസരി ബാലകൃഷ്ണപിള്ള ഭാഷാകാവ്യലോകത്തെ 'പരാജയപ്രസ്ഥാന'ത്തില്‍പ്പെട്ട കവികളുടെ നിരയിലാണ് ബോധേശ്വരനെ കാണുന്നത്. അതിനദ്ദേഹം ഇങ്ങനെ വിശദീകരണം നല്‍കുന്നു. 'ഇന്നത്തെ ലോകം പരാജയപ്പെട്ടിരിക്കുന്നു എന്നുള്ള ഒരു ബോധം മുന്‍നിര്‍ത്തി കവനം ചെയ്യുന്ന ഒരു കവിതയ്ക്കാണ് ഈ മുഖവുരക്കാരന്‍ പരാജയപ്രസ്ഥാനമെന്ന് പേരിട്ടിട്ടുള്ളത്. ഈ ബോധം ഒരു കവിയില്‍ മൂന്നുതരം നിലകള്‍ ഉല്‍ഭവിക്കുന്നതാണ്. അയാള്‍ ഇന്നത്തെ ലോകത്തില്‍ ശകാരവര്‍ഷങ്ങള്‍ ചൊരിഞ്ഞ് അതിനോട് ഒരു സമരമനസ്ഥിതി പ്രത്യക്ഷപ്പെടുത്തിയേക്കാം. അല്ലെങ്കില്‍ അതില്‍ ഫലിതപൂര്‍ണ്ണമായ ആക്ഷേപങ്ങള്‍ പൊഴിച്ച് അതിനോട് പടവെട്ടുന്ന ഒരു മനസ്ഥിതി കാണിച്ചേക്കാം. അല്ലെങ്കില്‍ അതിന്‍റെ പരാജയത്തെപ്പറ്റി കഠിനമായി വിലപിച്ചുകൊണ്ട് അയാള്‍ മരണത്തെ സ്വാഗതം ചെയ്തേക്കാം. ഇവയില്‍ സമരമനസ്ഥിതിയോട് കൂടി ഇന്നത്തെ ലോകത്തില്‍ ശകാരവര്‍ഷം പൊഴിക്കുന്ന സ്വഭാവമാണ് ശ്രീ ബോധേശ്വരനുള്ളത്.'4

ബോധേശ്വരന്‍റെ കവിതകളിലാകെ പരിശോധിച്ചാല്‍ ഈ സമരമനസ്ഥിതി നിറഞ്ഞുനില്‍ക്കുന്നത് കാണാം. ബോധേശ്വരന്‍റെ കവിതകളിലൂടെ സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ പ്രത്യക്ഷവും പരോക്ഷവുമായി വരുന്നുണ്ട്. മിക്കവാറും കവിതകള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പല സംഭവങ്ങളോടുമുള്ള ശക്തമായ പ്രതിഷേധങ്ങളാണ്. ഈ വസ്തുതകള്‍ വ്യക്തമാക്കുന്നതിന് ബോധേശ്വരന്‍റെ കവിതകള്‍ ഓരോന്നായി സൂക്ഷ്മ വിശകലനം നടത്തുകയാണ് ഇവിടെ.

പഞ്ചാബ് കേസരി എന്നറിയപ്പെട്ടിരുന്ന ലാലാലജ്പത്റോയ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന പോരാളിയാണ്. സൈമണ്‍ കമ്മീഷനെതിരായി അദ്ദേഹം നടത്തിയ നിരായുധ വിപ്ലവത്തില്‍ ബ്രിട്ടീഷുകാരുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായതിനെത്തുടര്‍ന്ന് മരണം വരിക്കേണ്ടിവന്നു. ഈ സംഭവത്തോടുള്ള അമര്‍ഷം ലജ്പത്റായിയുടെ നിര്യാണത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ അനുശോചന യോഗത്തില്‍ ബോധേശ്വരന്‍ څസഹിക്കയോ ദാസ്യംچ എന്ന കവിതയിലൂടെ അവതരിപ്പിച്ചു.

ഇനിയും ബ്രിട്ടീഷുകാരന്‍റെ ദാസ്യം സഹിച്ചിരിക്കുവാന്‍ അഭിമാനിയായ ഭാരതപുത്രന് കഴിയില്ല.

'അടിച്ചുകൊന്നിതാ പിതാമഹനെയും
കഴിച്ചുകൂട്ടുവാനിരിക്കയോ നമ്മള്‍?
സമസ്ത ഭാരതജനം പ്രശസ്തമായ്
വരിച്ചു പൂജിച്ച പുരുഷ സിംഹത്തെ
തൊടാന്‍  അടുക്കുവാന്‍ അടിച്ചുകൊല്ലുവാന്‍
നിനച്ചവര്‍ക്കെഴും കൊടിക്കു കീഴിലായ്
ക്ഷമിച്ചിരിക്കയോ മരിക്കയോ ശുഭം
ധരിച്ചു വേണ്ടതിന്നുണര്‍ന്നുരയ്ക്കുവിന്‍'

എന്നിങ്ങനെ പ്രതികരണശേഷിയില്ലാതെ മൗനം പാലിച്ച് ഉറക്കം നടിച്ച ഓരോ ഭാരതീയനോടും അദ്ദേഹം ഉറക്കെപ്പറഞ്ഞു. പിതാമഹന്‍ കണ്‍മുന്നില്‍ അടിയേറ്റു പിടഞ്ഞു മരിക്കുമ്പോള്‍ കയ്യുംകെട്ടി ദാസന്‍മാരെപ്പോലെ കഴിയുന്നത് പരിഹാസ്യമാണ്. ജന്‍മനാടിനെ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിതാമഹന് ഈ ദുരന്തം നേരിടേണ്ടി വന്നത്. ഈ തിരിച്ചറിവില്ലാതെ കൃതഘ്നരായി കഴിയുന്നവരോട്

'കൃതഘ്നരാം ജനം നിറഞ്ഞ നാട്ടിനെ
കൃപാതിരേകനായ് പരിസേവിക്കയാല്‍
സിരകളാകവേ വരണ്ടുചേതന
നശിച്ചുദാസരായ് പതിച്ച വംശത്തില്‍'
എന്നു കവി ഓര്‍മ്മപ്പെടുത്തുന്നു.
'കരം പതിക്കുവാന്‍ നിനച്ചവന്‍റെയാ
ക്കരം ജയിക്കയെന്നിരിക്കയോ ഇനി?
മരിച്ച തമ്പിയെ, കഴുകിലിട്ടൊരാ
നരാധമര്‍ക്കെഴും പരമ്പരയുടെ
കരത്തിനൂഴിയിലശക്യമെന്തുളളു
കരഞ്ഞുനാം കിഴിഞ്ഞിരിപ്പവരല്ലോ!'

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ തിളങ്ങി നിന്ന മറെറാരദ്ധ്യായമാണ് വേലുത്തമ്പിദളവയുടെ ഭരണകാലം. കുണ്ടറവിളംബരത്തോടെ ബ്രിട്ടീഷുകാരുടെ പൂര്‍ണ്ണ ശത്രുവായി മാറിയ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാരുടെ കൈകൊണ്ട് മരിക്കാതിരിക്കാന്‍ മണ്ണടി ക്ഷേത്രത്തില്‍ വെച്ച് ആത്മഹത്യ ചെയ്തു. എന്നാല്‍ പക തീരാത്ത ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്‍റെ മൃതശരീരം തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ കൊണ്ടുവന്ന് ഒരു മരത്തില്‍ കെട്ടിത്തൂക്കിയ സംഭവം അനുസ്മരിച്ചുകൊണ്ട് എന്തു മൃഗീയതയ്ക്കും മടിയില്ലാത്തവരാണ് ബ്രിട്ടീഷുകാര്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നു.

വിഭിന്ന ജാതിയും മതവും കൈക്കൊണ്ടതാണ് ഈ മഹിതരാജ്യത്തിന്‍റെ വിപത്തിന് കാരണമെന്നും കവി പരിതപിക്കുന്നു.

യുവാക്കളോട് എന്ന കവിതയില്‍

'ആദര്‍ശമെല്ലാം മറന്നുവോ സ്വാതന്ത്ര്യ
മാധുര്യമന്ത്രം മറന്നുപോയോ?
പ്രായോഗികങ്ങളാം മാര്‍ഗ്ഗങ്ങള്‍ ചിന്തിച്ചോ
ഭൂയോപി ദാസ്യം വരിപ്പു നിങ്ങള്‍?
യൗവനം പോയ യുവാക്കള്‍ തന്‍ രാജ്യമോ
സര്‍വ്വംസഹയാം നരകമല്ലോ!'

എന്നാണ് പ്രസ്താവിക്കുന്നത്  സാഹസികോജ്ജ്വലമാകേണ്ട യുവാക്കളുടെ ചേതന തളര്‍ന്നുപോയതുകൊണ്ടാണോ അസ്വാതന്ത്ര്യത്തോടു പ്രതികരിക്കാത്തത്? വൃദ്ധന്മാര്‍ നയിക്കുന്നതുകൊണ്ട് യുവാക്കളിലും വാര്‍ദ്ധക്യം വന്നുഭവിച്ചുവോ? എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അധീരതയും ആലസ്യവും മതിയാക്കി പൗരുഷം കൈക്കൊണ്ട് ഉണര്‍ന്നെണീക്കണമെന്നും ജാതിപ്പേരുചൊല്ലിതല്ലുകൂടുന്ന പ്രാചീനവ്യാധികളില്‍ നിന്നും മോചനം നേടണമെന്നും യുവാക്കളെ ബോധ്യപ്പെടുത്തുന്നു. കെ. കേളപ്പന്‍റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്തുകൂടിയ യൂത്ത്ലീഗില്‍ യുവാക്കളെ ഉദ്ബോധിപ്പിക്കുന്നതിനുവേണ്ടി ബോധേശ്വരന്‍ അവതരിപ്പിച്ചതാണ് ഈ കവിത.

സ്വാഗതഗാനത്തില്‍

'ഭാരതീയ നൃപന്മാരേ ഭാരതീയ നൃപന്മാരേ
കാര്യബോധവിഹീനരായ് ചമഞ്ഞീടൊല്ലെ!
..................................................................................
..................................................................................
രാജഭക്തി വെടിഞ്ഞു നാം രാജ്യഭക്തി തുടങ്ങണം
പൂജ്യമല്ലാതുളളതിന്നു ത്യജിക്കനല്ലൂ'
എന്നും
'അടിമകള്‍ക്കിടയില്‍ അടിപറ്റിത്തൊഴുതെന്നും
അടിമത്വമിതു മുറ്റുമസഹ്യമല്ലോ'

എന്നും തിരുവനന്തപുരത്തുകൂടിയ നാട്ടുരാജ്യപ്രജാസമ്മേളനത്തില്‍ കവി സ്വന്തം വരികള്‍ അവതരിപ്പിച്ചത് ജാതിമത ചിന്തകള്‍ക്കതീതമായ അടിമയും ഉടമയുമില്ലാത്ത ജ്യോതിര്‍മണ്ഡലമായി തന്‍റെ മാതൃരാജ്യം മാറണം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടിയാണ്. ദേശത്തിന്‍റെ ഐക്യത്തിനായി ആഹ്വാനം ചെയ്യുന്ന ഈ കവിത മൈസൂരിലേയും മറ്റു നാട്ടുരാജ്യങ്ങളിലേയും ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് അന്നത്തെ സാഹചര്യത്തില്‍ ഈ കവിതയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

ഇന്‍റര്‍നാഷണല്‍ എന്ന ഫ്രഞ്ചുഗാനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയെ അവലംബിച്ചെഴുതിയ ചെങ്കൊടി എന്ന കവിതയും സ്വാതന്ത്ര്യത്തിന്‍റെ മഹത്വവും അനിവാര്യതയും ഉദ്ഘോഷിക്കുന്നു.

അഴലോരത്തില്‍ ഭരണമണ്ഡലമാകെ കാലുഷ്യം കൊണ്ടു നിറഞ്ഞതിനെപ്പറ്റി കവിമനസ്സ് ദു:ഖിക്കുന്നു.

'ഭരണമണ്ഡലത്തിലഖിലം ലോകത്തില്‍
ദുരിതസങ്കല നിലയങ്ങള്‍
പരദു:ഖത്തിങ്കലലിവിയലാത്ത
പരമപാഷണ്ഡമതികളാല്‍
നരവംശം വന്യമൃഗവംശമായി
ദ്ധരയോ ഘോരമാം വനവുമായ്
തെരുതെരെ മാറിത്തകരുന്നോ ലോകം
ഇരുളിലേക്കയ്യോ മറിയുന്നോ?'
എന്ന് ആശങ്കപ്പെടുന്നതോടൊപ്പം
'മതവും വേദവും അവതാരങ്ങളും
ചിതമായ് വന്നിതുചതിയര്‍ക്കായ്
നരകമന്യമല്ലിവിടമെന്നതായ്
നരരെക്കൊണ്ടവര്‍ കരയിച്ചു
ഭരണം നിര്‍മ്മിച്ചു, നിയമം നിര്‍മ്മിച്ചു
ധരണിയൊക്കെയും ചതിവിങ്കല്‍'

ഭരണവര്‍ഗ്ഗം സാധാരണക്കാരനെ ചൂഷണം ചെയ്യുന്നതിനുളള ഉപാധികളാക്കി മാറ്റിയ മതവും മന്ത്രവും നിയമവും വഴിവിട്ടുപോകുന്നതിന്‍റെ ദുരന്തം ചൂണ്ടിക്കാട്ടുന്നു.

څപഴശ്ശിക്കേരളവര്‍മ്മچ, څവേലുത്തമ്പിچ എന്നീ കവിതകളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ധീരനായകന്മാരായ പഴശ്ശിരാജയെയും വേലുത്തമ്പിദളവയെയും ഉജ്ജ്വലവീര്യത്തിന്‍റെ വിത്തുകളായും സദ്ഫലങ്ങളായും ബോധേശ്വരന്‍ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആഴത്തില്‍ ആലേഖിതമായ വ്യക്തിത്വമാണ് കേരളവര്‍മ്മപഴശ്ശിരാജയുടേത്. വയനാടന്‍ കാടുകളില്‍ ഒളിപ്പോരു നടത്തിയ പഴശ്ശിയുടെ യുദ്ധതന്ത്രങ്ങള്‍ ബ്രിട്ടീഷുകാരെ അമ്പരപ്പിക്കുകയും അവര്‍ക്ക് വെല്ലുവിളിയായി മാറുകയും ചെയ്തു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പഴശ്ശിരാജയുടെ ഒളിപ്പോരിനെ വാഴ്ത്തുന്ന കവിതയാണ് څപഴശ്ശിക്കേരളവര്‍മ്മچ.

څവേലുത്തമ്പിچ പൂര്‍ണ്ണമായും ചരിത്രകവിതയാണ്. വേലുത്തമ്പിദളവ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ പാലിയത്തച്ഛനോട് ബന്ധം സ്ഥാപിച്ചതും പിന്നീട് പാലിയത്തച്ഛന്‍ ശത്രുപക്ഷത്തേക്കുമാറിയപ്പോള്‍ വേലുത്തമ്പി ഒറ്റയ്ക്ക് പോരാടിയതും ഒളിഞ്ഞും തെളിഞ്ഞും ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിച്ച വേലുത്തമ്പി ബ്രിട്ടീഷുകാരുടെ തോക്കിനിരയാകാതിരിക്കാന്‍ സ്വയം ജീവത്യാഗം ചെയ്തതും വേലുത്തമ്പിയുടെ മൃതശരീരം ബ്രിട്ടീഷുകാര്‍ കെട്ടിത്തൂക്കിയതുമായ സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് കേരളത്തിന്‍റെ അസ്വതന്ത്രതയെ പഴിക്കുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധീശവര്‍ഗ്ഗത്തോട് അവരുടെ കയ്യില്‍ പുരണ്ട വേലുത്തമ്പിയുടെ ചോര 'അന്ത്യംവരെയും ഉണങ്ങാതിരിക്കും'  എന്ന് ശാപവചസ്സുകള്‍ ചൊരിയുന്നു.

ഇത്തരം ദുഷ്ടശക്തികള്‍ നമ്മുടെ രാജ്യത്തെ കുരുതിക്കളമാക്കി മാറ്റിയതിനുകാരണമായ ഇവിടുത്തെ സാമൂഹികസാഹചര്യങ്ങളെ പഴിക്കുകകൂടി ചെയ്യുന്നതാണ് ഈ കവിത.

സര്‍. സി.പി.യും തിരുവിതാംകൂര്‍ ജനതയുമായി നടന്ന സമരത്തിനു വീര്യം പകര്‍ന്ന കവിതയാണ് څഅന്ത്യസമരഭേരിچ.

'ഭാരതീയരാണു നമ്മള്‍ കേരളീയരൊക്കെയും
ഭാരതീയരായി നിന്നു വാഴണം ജയിക്കണം.
..........................................................................
..........................................................................
..........................................................................
അന്ത്യമാം സമരമാണിതന്ത്യമാം സമരമാം
നിന്ദ്യമായ ദാസ്യമൊക്കെവെന്തടിഞ്ഞു പോകുവാന്‍'

കേരളീയരെന്നും അതിലുപരി ഭാരതീയരെന്നുമുളള ബോധം ജനങ്ങള്‍ക്കുണ്ടായാല്‍ മാത്രമേ വിഭാഗീയത സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ഒന്നിച്ചുനിന്ന് പ്രതികരിക്കാനാവൂ എന്ന് തന്‍റെ മിക്ക കവിതകളിലും ബോധേശ്വരന്‍ ഊന്നിപ്പറയുന്നുണ്ട്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പൂര്‍ത്തിയായ സ്വാതന്ത്ര്യ കവിതയാണ് څകാഹളധ്വനിچ.

'അടുപ്പമില്ലാതിങ്ങു പതിച്ചോ
രടിമകള്‍ വിടുതലിനായ്
ജയിച്ചു നമ്മള്‍ ജീവിതമതിലി
ന്നനല്പ കൗതുകരായ്.
ജയിച്ചിടട്ടേ ഗാന്ധിമഹാത്മാ
ജഗത്തിലെന്നെന്നും'

ബ്രിട്ടീഷുകാരെ തുരത്തിയശേഷം അജയ്യരായി നില്‍ക്കുന്ന ഭാരതീയരുടെ നേതാവായ ഗാന്ധിജി എന്നെന്നും ജയിച്ചിടട്ടേ എന്നും

'വിഭക്തമല്ലാതുളെളാരു ഭാരത
വിശുദ്ധഭൂവിന്നായ്
വിഭാവനം ചെയ്തതു കൈവരുവാ
നുറച്ചുപോകും നാം'

എന്ന ദൃഢനിശ്ചയം ഓരോ ഭാരതീയനുമുണ്ടാകണമെന്നും ഈ കവിത ആഹ്വാനം ചെയ്യുന്നു. ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്ന കവിതയായ څപതാകാഭിവാദനچവും ദേശാഭിമാന പ്രചോദിതനായ കവിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ്.

څആര്‍ഷഗീതംچ എന്ന കവിത വൈക്കം സത്യാഗ്രഹ കമ്മിറ്റിയില്‍ വിതരണം ചെയ്തതാണ്. യഥാര്‍ത്ഥ ഹിന്ദുധര്‍മ്മം ബലികഴിച്ചുകൊണ്ടാണ് ജാതിയുടെ പേരില്‍ ഉച്ചനീചത്വം കല്പിക്കുന്നതും അസ്പൃശ്യത കല്പിച്ച് കുറച്ചുപേരെ മാറ്റിനിര്‍ത്തുന്നതും. ഒന്നായി നിന്ന് ദേശീയെഎക്യം ഊട്ടിയുറപ്പിക്കാന്‍ കഴിയാത്തത് ഇത്തരം വിഭാഗീയത കൊണ്ടാണ്. ഇതിനു കാരണം യഥാര്‍ത്ഥ മതതത്വം അറിയാത്തതാണ്. ബന്ധുക്കളെ കൊല്ലാന്‍ ആയുധം നല്‍കിക്കൊണ്ട് ഹിന്ദുധര്‍മ്മത്തെത്തന്നെ കൊള്ളിവയ്ക്കുകയാണ് ഇക്കൂട്ടര്‍. മഹര്‍ഷിമാരും ജ്ഞാനികളായ മറ്റു പൂര്‍വ്വികരും നരനെ നാരായണനായിക്കാണാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അങ്ങനെ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അയിത്തം കല്പിച്ച് സഹോദര തുല്യന്‍മാരെ മാറ്റിനിര്‍ത്തുന്നത്.

സ്വാതന്ത്ര്യ സമരസേനാനികള്‍ രണ്ടുതരത്തിലായിരുന്നു; ഹിംസയില്‍ വിശ്വസിക്കുന്നവരും അഹിംസാവ്രതമനുഷ്ഠിക്കുന്നവരും. ഹിംസയിലൂടെയല്ലാതെ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധ്യമല്ലെന്ന് ബോധേശ്വരനും ഒരു കാലഘട്ടത്തില്‍ വിശ്വസിച്ചു. ആ കാലഘട്ടത്തിലെ ചിന്തകളുടെ പ്രതിനിധാനമാണ് 'പടത്തലവന്‍റെ പ്രസംഗം' എന്ന കവിത.

'ഒഴുകട്ടെ രക്തമൊഴുകട്ടെ രക്തം
ഒഴുകട്ടെ നിണ നദികളെങ്ങുമേ!
ചുടുനിണത്തിങ്കല്‍ കുളിച്ചുണര്‍ന്നുടന്‍
പൊടുന്നനെ ലോകം പവിത്രമാകട്ടെ!
മനുഷ്യനേവനും സമസ്ഥിതി വരാന്‍
അനിഷ്ടഭേദങ്ങള്‍ വിനഷ്ടമാകുവാന്‍
ഉണര്‍ന്നെണീക്കുവിനണി നിരക്കുവിന്‍
പ്രണയമോടിതില്‍ പറന്നടുക്കുവിന്‍
സ്വധര്‍മ്മസംസ്ഥിതരധികമൂഴിയില്‍
പതിച്ചുകൊള്ളട്ടെ മരിച്ചുകൊള്ളട്ടെ!
....................................................................
....................................................................
മരണമാര്‍ക്കുമുണ്ടൊരിക്കലൂഴിയില്‍
മരണമേറ്റപോലിരിക്കനല്ലതോ?
ഹിതത്തിനും മാതൃമഹിക്കുമാത്മാവില്‍
സുഖത്തിനും ജനം മരിച്ചിടേണ്ടയോ?'
എന്നിങ്ങനെ ആഹ്വാനം ചെയ്യുന്ന കവി
'സ്വതന്ത്രരല്ലായ്കില്‍ മനുഷ്യരേവരും
കുതന്ത്രനിഷ്ഠയാല്‍ നശിക്കുമൂഴിയില്‍
......................................................................
......................................................................
സ്വതന്ത്രരാകട്ടെ ജനങ്ങളൊക്കെയും
സ്വതന്ത്രരാവോളം പൊരുതു നില്‍ക്കുവിന്‍'

എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ഭാരത രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിന് ധീരരക്തസാക്ഷിത്വം വരിക്കുന്നതിനും തയ്യാറാകണമെന്നും ഭീരുത്വവും അലസതയും നമ്മെ അസ്വാതന്ത്ര്യത്തില്‍ തന്നെ എന്നും തളച്ചിടുകയോ ഉള്ളൂ എന്നും ബോധേശ്വരന്‍ ദൃഢമായി വിശ്വസിച്ചിരുന്നു. ഈ വിശ്വാസമാണ് ബോധേശ്വരന്‍ എന്ന കവിയെ സ്വാതന്ത്ര്യ സമരരംഗത്തേക്ക് കൈപിടിച്ചു നടത്തിയത്. ആദര്‍ശം വാക്കിലുറങ്ങേണ്ടതല്ല, പ്രവൃത്തിയുടെ പടവുകളിലൂടെ ആര്‍ത്തലച്ചു കടന്നുപോകേണ്ടതാണ്. ആത്മീയത ജീവിതത്തില്‍ നിന്നുള്ള പിന്‍വാങ്ങലല്ല, സാഹോദര്യബോധത്തോടെ സമൂഹത്തിലേക്കിറങ്ങാനുള്ള ജഞാനപാതയാണ് എന്ന് ബോധേശ്വരന്‍ തിരിച്ചറിഞ്ഞു. ഈ ബോധ്യമാണ് ബോധേശ്വരന്‍റെ കവിതകളെ ഊര്‍ജ്ജത്തിന്‍റെ വറ്റാത്ത ഉറവയായി കാവ്യലോകത്ത് നിലനിര്‍ത്തുന്നത്.

കുറിപ്പുകള്‍

1. ബോധേശ്വരന്‍, പ്രസ്താവന, തിരഞ്ഞെടുത്ത കവിതകള്‍, ഡിസി ബുക്സ്, കോട്ടയം, 1982, പു. 2
2. സുഗതകുമാരി, അവതരണം, അതേ പുസ്തകം  
3. ലീലാവതി എം., മലയാള കവിതാ സാഹിത്യ ചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2011, പു. 292
4. ബാലകൃഷ്ണപിള്ള എ., ബോധേശ്വരന്‍റെ തിരഞ്ഞെടുത്ത കവിതകളുടെ അവതാരിക, പു. 4

ഗ്രന്ഥസൂചി

ബോധേശ്വരന്‍, (1982). തിരഞ്ഞെടുത്ത കവിതകള്‍, കോട്ടയം: ഡിസി ബുക്സ്.
ബോധേശ്വരന്‍, (1988). സ്വതന്ത്രകേരളം, എറണാകുളം: ദീനബന്ധു പ്രിന്‍റിംഗ് ആന്‍ഡ് പബ്ലിഷിംഗ് ഹൗസ്.
ബോധേശ്വരന്‍, (1949). രക്തരേഖകള്‍, തിരുവനന്തപുരം: മോഡേണ്‍ പ്രസ്സ്.
അച്യുതവാര്യര്‍ എസ്, (2014). കേരള സംസ്കാരം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ലീലാവതി എം, (2011). മലയാളകവിതാ സാഹിത്യ ചരിത്രം, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി.
വിനോദ്കുമാര്‍ ആര്‍., (2020). കേരളത്തിലെ സ്മാരകങ്ങള്‍, കോട്ടയം: ഡിസി ബുക്സ്.
ശ്രീധരമേനോന്‍ എ., (2021). കേരള സംസ്കാരം, കോട്ടയം: ഡിസി ബുക്സ്.
ഡോ. സുജ എസ്
അസോസിയേറ്റ് പ്രൊഫസര്‍
കേരളപഠനവിഭാഗം
കേരള സര്‍വ്വകലാശാല
കാര്യവട്ടം ക്യാമ്പസ്
തിരുവന്തപുരം
Pin: 695581
Ph: +91 8590178009
Email: sujasdr@gmail.com
ORCID: 0009-0005-9271-0070