The Cleft in the Rationale: When Nature and Science Meet

Aparna R
Dr. Lekshmi R. Nair

The Malayalam equivalent of the term science fiction is “Shastra Katha Sahithyam.” However, it is debatable whether the term “katha,” meaning story, can fully encompass the extensive core of “fiction.” Therefore, it is appropriate to use “Shastra Kalpitha Kruthikal” rather than “Shastra Katha Sahithyam” since “Kalpitha Kruthikal” reflects the quintessence of “fiction” in it. Science fiction works explore the creative prospects of contemporary science, contemplating and projecting into the future of mankind the innumerable potentials and possibilities of cutting-edge technological and scientific innovations. Evaluating the peculiar attributes of science fiction and its position in the Malayalam literary circle, the present article discusses how O. V. Vijayan’s Madhuram Gayati evolves into one of the best documents to promulgate the disparity between sentiment and reasoning - the cleft in the rationale. The article investigates how O.V. Vijayan successfully elucidates the impact of emerging scientific thinking on human creativity and human reasoning. 

Keywords: science fiction, nature, science, rationale

References: 

Indugopan, G.R. (2021).  Ice -196ÚC.  Kottayam: DC Books.
Kalamullathil, Unnikrishnan. (2019). Sathyananthara Kalathe Shastra Sahityam. keralasahityaakademi.org/blog/kssp.html
Joseph, K Babu. (2021). Technology Nanmakko Thinmakko? Study. In G.R. Indugopan, Ice -196ÚC (pp 9-13).  Kottayam: DC Books.
Aparna R
PhD. Research Scholar
Department of English
Maharaja’s College
Ernakulam
Pin: 682011
India
Ph: +91 8078078512
Email: aparnark93@gmail.com
&
Dr. Lekshmi R. Nair
Associate Professor
Department of English
Government College, Kottayam
Pin: 686013
India
Ph: +91 9846444008
Email: lekshmirnairgck@gmail.com

പ്രജ്ഞയിലെ വിടവ്: പ്രകൃതിയും ശാസ്ത്രവും കണ്ടുമുട്ടുമ്പോള്‍

അപര്‍ണ ആര്‍
ഡോ. ലക്ഷ്മി ആര്‍. നായര്‍  

സംഗ്രഹം

സയന്‍സ് ഫിക്ഷന്‍ എന്ന വലിയ സാഹിത്യശാഖക്ക് തത്തുല്യമായി മലയാളത്തില്‍ കണക്കാക്കുന്നത് ശാസ്ത്ര കഥാസാഹിത്യം എന്ന പേരാണ്. എന്നാല്‍ ഫിക്ഷന്‍ എന്നതിന്‍റെ അര്‍ത്ഥം പരിപൂര്‍ണമായി ഉള്‍കൊള്ളാന്‍ 'കഥ'യ്ക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് څശാസ്ത്രകഥാ സാഹിത്യത്തെچക്കാള്‍ څശാസ്ത്രകല്പിതകൃതികള്‍چ എന്നുപയോഗി ക്കുന്നതാണ്  ഉചിതം. സര്‍ഗ്ഗശേഷിയും ശാസ്ത്രബോധവും ഒന്നായി ഭവിച്ചതിന്‍റെ ഫലമാണ് ശാസ്ത്രകല്പിതകൃതികള്‍ എന്ന് പറയാം.  അത്തരത്തില്‍ വന്ന ശാസ്ത്രകല്പിതകൃതികളൊക്കെയും ശാസ്ത്രത്തിന്‍റെ വളര്‍ച്ചക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രം വളരുന്നതിന്‍റെ ഗുണങ്ങളും ദോഷങ്ങളും ഈ എഴുത്തുകാര്‍ കുറിച്ചിട്ടു. ഒ.വി. വിജയന്‍റെ څമധുരം ഗായതിچ ഒരു ശാസ്ത്രകല്പിത കൃതി അഥവാ ശാസ്ത്രനോവല്‍ ആണോ എന്ന ചോദ്യത്തിലേക്കാണ് ഈ ലേഖനം വിരല്‍ ചൂണ്ടു ന്നത്. ശാസ്ത്രകല്പിതകൃതികളുടെ പ്രത്യേകതകളും മലയാളം സാഹിത്യത്തില്‍ അവയ്ക്കുള്ള സ്ഥാനവും കണക്കിലെടുത്ത് വികാരവും യുക്തിയും തമ്മിലുള്ള അന്തരം മനസിലാക്കാനുള്ള മികച്ച പ്രമാണങ്ങളില്‍ ഒന്നായി څമധുരം ഗായതിچ എങ്ങനെ മാറുന്നു എന്നതാണ് ലേഖനം മുന്നോട്ട് വെക്കുന്ന ആശയം. വളര്‍ന്നു വരുന്ന ശാസ്ത്രബോധം മനുഷ്യന്‍റെ സര്‍ഗശേഷിയെ എത്തരത്തില്‍ സ്വാധീനിക്കുന്നു എന്നും അതിന്‍റെ ഭവിഷ്യത്തുകളുടെ ഒടുക്കം എന്താണെന്നും വ്യക്തമാക്കുന്നതില്‍  څമധുരം ഗായതിയിലൂടെچ ഒ.വി. വിജയന്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

മലയാള ശാസ്ത്രസാഹിത്യവും ഒ.വി. വിജയനും 

ശാസ്ത്രവും സാഹിത്യവും വ്യത്യസ്തങ്ങളായ രണ്ടു ധ്രുവങ്ങളിലെ ഘടകങ്ങളാണ്. രണ്ടും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ څശാസ്ത്രസാഹിത്യംچ എന്ന പുതിയ സാഹിത്യശാഖക്ക് തുടക്ക മായി. മലയാളത്തിലെ ശാസ്ത്രസാഹിത്യശാഖയുടെ വളര്‍ച്ചയെപ്പറ്റി പഠനങ്ങള്‍ ധാരാളമാണ്. മലയാളസാഹിത്യം വളര്‍ച്ചയുടെ പടവുകള്‍ ഏറെ താണ്ടുമ്പോഴും ഏറ്റവും ദുര്‍ബലമായി തുടരുന്ന സാഹിത്യശാഖയായി ശാസ്ത്രസാഹിത്യത്തെ ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍ (2019) വിലയിരുത്തുന്നു.

ശാസ്ത്രസാഹിത്യം എന്നാല്‍ മലയാളിക്ക് ശാസ്ത്രത്തെ പറ്റിയുള്ള സാഹിത്യമാണ്. ശാസ്ത്രലോകത്തെ കൗതുകങ്ങളും അറിവുകളും പുരോഗമനങ്ങളും പങ്കുവെക്കാനുള്ള മാധ്യമം. എന്നാല്‍ ശാസ്ത്രാധിഷ്ഠിത അറിവ് കേന്ദ്രീകൃതമായ കല്പിതകൃതി കളാണ് സയന്‍സ് ഫിക്ഷന്‍ എന്ന സാഹിത്യശാഖ പങ്കുവെയ്ക്കു ന്നത്. ഇത് ഇന്നും മലയാളത്തില്‍ അത്രകണ്ട് പ്രചാരം നേടിയിട്ടില്ല. 

څആധുനികാനന്തര മലയാളനോവല്‍چ എന്ന പുസ്തകത്തില്‍ ഡോ. സൗമ്യ ബേബി (2018, പുറം 734-738) മലയാളം സയന്‍സ് ഫിക്ഷനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്,

ശാസ്ത്രസാങ്കേതിക അറിവുകളെ അടിസ്ഥാനപ്പെടുത്തി യുള്ള ഉള്‍ക്കാഴ്ച്ചയേറിയ, ഭാവിയിലേക്കുള്ള പഠനസാധ്യതകള്‍ ധാരാളമുള്ള ലേഖനങ്ങള്‍ (ശാസ്ത്ര ലേഖനങ്ങള്‍) മലയാള ത്തില്‍ ധാരാളമായി പ്രസിദ്ധീകരിക്കാറുണ്ട്. കഥ, നോവല്‍, കവിത തുടങ്ങിയ ശാസ്ത്ര ഭാവനാകേന്ദ്രിതങ്ങളായ കൃതികള്‍ മലയാള  ശാസ്ത്ര പ്രസിദ്ധീകരണ രംഗത്ത് അധികമില്ല. അല്ലെങ്കില്‍ മുഖ്യധാരയിലേക്ക് വരുന്ന ശാസ്ത്ര കഥാരചനകള്‍ നമുക്ക് ഏറെയില്ല എന്ന് പറയാം. ആംഗലേയ സാഹിത്യത്തില്‍ സയന്‍സ് ഫിക്ഷന്‍ എന്നൊരു ശാസ്ത്ര സാഹിത്യരചനാ മേഖല തന്നെ സജീവമായി രംഗത്തുണ്ട്. ശാസ്ത്രത്തിന്‍റെയും സാഹിത്യത്തിന്‍റെ യും ഭാവനയുടെയും മികച്ച മിശ്രണമാണ് സയന്‍സ് ഫിക്ഷന്‍ (സൗമ്യ ബേബി, 2018, പുറം 734)

മലയാള സാഹിത്യ ചരിത്രം പരിശോധിച്ചാല്‍ സാങ്കേതിക തയുടെയും ശാസ്ത്രീയതയുടെയും വെളിച്ചത്തില്‍ രചനകള്‍ ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കാം. ടി.ഡി. രാമകൃഷ്ണനും സി. എസ്. രാധാകൃഷ്ണനും അടക്കമുള്ള എഴുത്തുകാര്‍ കഥയെ നയിക്കുന്ന തിനും വിവരിക്കുന്നതിനും ഉപാധിയായി ശാസ്ത്രീയ വസ്തുതകളും അറിവുകളും ഉപയോഗിച്ചിട്ടുണ്ട്. 

2005ല്‍ പുറത്തിറങ്ങിയ ജി. ഇന്ദുഗോപന്‍റെ څഐസ് -196 ഇچ എന്ന നോവലിനാണ് മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സയന്‍സ് ഫിക്ഷനെന്ന പട്ടം ചാര്‍ത്തി നല്‍കിയിട്ടുള്ളത്. എന്നാല്‍ അതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ മലയാളത്തില്‍ ശാസ്ത്രീയ അടിത്തറയുള്ളതും ഭാവിയിലേക്ക് ദര്‍ശനം നല്‍കുന്ന തുമായ കൃതികള്‍ ഇറങ്ങിയിട്ടുണ്ട്. പി. ആര്‍. മാധവപ്പണിക്കരുടെ څകല്‍ക്കത്തേനിയംچ (1977), കോന്നിയൂര്‍ നരേന്ദ്രനാഥിന്‍റെ څവരംچ (1979), സതീഷ് പോളിന്‍റെ څതണുത്ത സമവാക്യംچ (1987), വി. ജെ. ജയിംസിന്‍റെ څലെയ്കچ (2006) എന്നിവയൊക്കെ ഏതാനും ഉദാഹരണങ്ങള്‍. 

2003 മുതല്‍ 2050 വരെയുള്ള കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് څഐസ് -196 ഇچ പറയുന്നത്. ക്രയോണിക്സ് എന്ന നവസംവിധാനത്തില്‍ ഊന്നിയാണ് കഥ നീങ്ങുന്നത്. څڅഭാവിയുടെ നോവല്‍چچ എന്നാണ് ഈ പുസ്തകത്തെ ഗ്രന്ഥകര്‍ത്താവ് തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനും മുന്‍പ് 2002ല്‍ പുറത്തിറങ്ങിയ ഇ. പി. ശ്രീകുമാറിന്‍റെ څമാറാമുദ്രچയില്‍ 2049ലെ ജീവിതാവസ്ഥകള്‍ വിവരിക്കുന്നുണ്ട്. യന്ത്രങ്ങളുടെ ആധിപത്യത്തെ കുറിച്ചാണ് ഈ നോവല്‍.

ഐസിന്‍റെ പഠനത്തില്‍ കെ. ബാബു ജോസഫ് മുന്നോട്ട് വെക്കുന്ന വാദം ഇങ്ങനെ, 

മലയാളസാഹിത്യത്തിലെ ഏറ്റവും ദരിദ്രമായ ശാഖ സയന്‍സ് ഫിക്ഷനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എഞ്ചിനീയ റിങ്ങും മെഡിസിനുമൊക്കെ പഠിച്ച് ജോലി സമ്പാദിക്കണമെന്നല്ലാതെ, ശാസ്ത്രത്തില്‍ താത്പര്യം കുറവാണ് നമുക്ക്. സമീപകാല ത്ത് കപടശാസ്ത്രങ്ങളില്‍ കമ്പമേറി വരികയുമാണ്. സയന്‍സ്ഫി ക്ഷന്‍ തഴച്ചു വളരാനുള്ള മണ്ണ് ഇനിയും ഇവിടെ പാകമായിട്ടി ല്ലെന്ന് ചുരുക്കം. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ പതറാ തെ നിന്ന് സര്‍ഗ്ഗാത്മകരചന നിര്‍വ്വഹിക്കാന്‍ സവിശേഷമായ ഒരു സാമര്‍ത്ഥ്യം ആവശ്യമാണ് (2005, പുറം 9).

അസാമാന്യ ഭാവനയും സാഹിത്യശേഷിയുംڔകൂടാതെ അല്‍പ്പം ദീര്‍ഘവീക്ഷണവും ശാസ്ത്രകല്പിത കഥകളുടെ എഴുത്തു കാര്‍ക്ക് മുതല്‍ക്കൂട്ടാണ്. ഇത്തരം ഒരു സാഹിത്യമേഖലയില്‍ ഒ.വി.വിജയന്‍റെയും څമധുരം ഗായതിچയുടെയും പ്രസക്തിയാണ് ഈ ലേഖനത്തിന്‍റെ വിഷയം. സാഹിത്യമേഖലക്കും അപ്പുറം ശാസ്ത്ര പുരോഗതി മനുഷ്യന്‍റെ നന്മയ്ക്കോ തിന്മയ്ക്കോ എന്ന ചോദ്യത്തിന് څമധുരം ഗായതിچ എങ്ങനെ ഗ്രന്ഥകര്‍ത്താവിന്‍റെ ഉത്തരമാകുന്നു എന്നും ഈ ലേഖനം പരിശോധിക്കുന്നുണ്ട്.

നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ ത്തകന്‍ എന്നീ വിശേഷണങ്ങള്‍ക്കുപരി മലയാള കഥാലോക ത്തിലെ നവീനതയുടെ പ്രമുഖ വക്താവായാണ് ഒ.വി. വിജയനെ കണക്കാക്കുന്നത്. ആഖ്യാനത്തിന്‍റെ പുതിയ ഭാവങ്ങ ളാണ് വിജയന്‍ തന്‍റെ സൃഷ്ടികളിലൂടെ മുന്നോട്ട് വെച്ചത്. എഴുത്തിലും ശൈലിയിലും ആശയങ്ങളിലും നവീനമുഖങ്ങള്‍ കൊണ്ടുവരാന്‍ തന്‍റെ ഓരോ കൃതിയിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു നവീനസംരംഭം ആയിരുന്നു 1990ല്‍ പുറത്തിറങ്ങിയ څമധുരം ഗായതിچയും. സാഹിത്യവും ശാസ്ത്ര ബോധവും തമ്മിലുള്ള ബന്ധവും അന്തരവും പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോഴും ഒരു സര്‍ഗകൃതിയിലൂടെ തന്‍റെ നിലപാടിനെ സ്ഥാപിക്കുന്നതില്‍ ഒ.വി. വിജയന്‍ എത്രത്തോളം വിജയിച്ചു എന്നതാണ് ഈ പഠനം. വളര്‍ന്നു വരുന്ന ശാസ്ത്രബോധം മനുഷ്യന്‍റെ സര്‍ഗശേഷിയെ എങ്ങനെ ബാധിക്കുമെന്നും അതിന്‍റെ ഭവിഷ്യത്തുകളുടെ ഒടുക്കം എന്താണെന്നും څമധുരം ഗായതിچയുടെ പഠനത്തിലൂടെ മനസി ലാക്കാം. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച څڅമാനവികതയുടെ ഇതിഹാസകാരന്‍چچ(2021) എന്ന ലേഖനത്തില്‍, ڇവിജയന്‍റെ ദാര്‍ശനികത കേവല മനുഷ്യജന്മത്തെമാത്രം കേന്ദ്രീകരിക്കു ന്നതായിരുന്നില്ലڈ എന്നൊരു പരാമര്‍ശമുണ്ട്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് څമധുരം ഗായതിچ. മനുഷ്യജന്മത്തിന്‍റെയും യന്ത്രജന്മത്തിന്‍റെയും പ്രകൃതിയുടെയും വിവിധ തലങ്ങളിലേക്കാണ് ഈ നോവല്‍ വായനക്കാരനെ എത്തിക്കുന്നത്. 

ശാസ്ത്രകല്പിതകൃതികളുടെ ചട്ടക്കൂട്ടില്‍ നിന്നുള്ള പഠനത്തില്‍ څമധുരം ഗായതിچ എങ്ങനെ ഒരു ശാസ്ത്രനോവല്‍ ആകുന്നു എന്നും അതേ ചട്ടക്കൂടിനെ തകര്‍ക്കാനുള്ള ഒരു ഉപകരണ മായി ഒ.വി. വിജയന്‍ തന്‍റെ കൃതിയെ എങ്ങനെ ഉപയോഗി ച്ചിരിക്കുന്നു എന്നും മനസിലാക്കുകയാണ് ഈ ലേഖനത്തിലൂടെ.

അസാധാരണ ശാസ്ത്രനോവല്‍ 

ശാസ്ത്രത്തിലുണ്ടായേക്കാവുന്ന പുരോഗമനങ്ങളും അതുമൂലം മനുഷ്യസമൂഹത്തിനും പ്രകൃതിക്കും ഉണ്ടായേക്കാവുന്ന ഗുണദോഷങ്ങളും ഭാവനയില്‍ കണ്ടാണ് ഓരോ ശാസ്ത്ര കല്പിതസൃഷ്ടിയും ഉണ്ടാവുന്നത്. എഴുത്തുകാരന്‍റെ സര്‍ഗ്ഗഭാവന യ്ക്ക് അതിരുകളില്ല. യാഥാര്‍ഥ്യത്തിനോ യുക്തിക്കോ അവിടെ വലിയ സ്ഥാനവുമില്ല. എന്നാല്‍ ശാസ്ത്രഭാവനയ്ക്ക് യുക്തി മുഖ്യഘടകമാണ്. യുക്തിക്ക് നിരക്കാത്ത ഭാവനകളെ ശാസ്ത്ര ഭാവനയായി കണക്കു വെയ്ക്കാന്‍ സാധിക്കില്ല. څമധുരം ഗായതിچ യില്‍ ശാസ്ത്രഭാവനയും സര്‍ഗ്ഗഭാവനയും തമ്മിലുള്ള ഒന്നു ചേരലും അന്തരവും വ്യക്തമായി വരച്ചിടുന്നുണ്ട്.

ഒരു സാധാരണ നോവല്‍ എന്നതിനപ്പുറം, ഒരുപാട് ബിംബങ്ങളിലൂടെ, ശാസ്ത്രബോധത്തിലൂന്നിയ ദീര്‍ഘവീക്ഷണ ത്തോടെ അവതരിപ്പിക്കുന്ന ഒരു അസാധാരണ കൃതിയാണ് څമധുരം ഗായതിچ.چ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമൊ ക്കെയായി പേരെടുത്ത ഒ.വി. വിജയനെ ശാസ്ത്രസാഹിത്യ കാരനെന്ന് ആരും വിശേഷിപ്പിച്ച് കേട്ടിട്ടില്ല. എന്നാല്‍, ഭൂമി രണ്ട് അര്‍ദ്ധഗോളങ്ങളായി പിളരുന്നതും, ഒരു ഗോളത്തെ ശാസ്ത്രവും നിര്‍മിതബുദ്ധിയും നയിക്കുമ്പോള്‍ മറ്റേത് പ്രാകൃതചേതനകളെയും സര്‍ഗശേഷികളെയും തന്‍റെ സമ്പത്തായി കാത്തു സൂക്ഷിക്കുന്നു എന്നതും ശാസ്ത്രഭാവനയാണ്. അത് യന്ത്രവും പ്രകൃതിയും തമ്മില്‍ മാത്രമല്ല യുക്തിയും വികാരവും ശാസ്ത്രഭാവനയും സര്‍ഗ്ഗഭാവനയും തമ്മിലുള്ള വൈരുദ്ധ്യത്തെയും സൂചിപ്പിക്കുന്നു. ഈ വിപരീതഭാവങ്ങളെ വാക്കുകളിലൂടെ വരച്ചു കാട്ടുമ്പോള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ വീക്ഷണകോണിലൂടെ څമധുരം ഗായതിچക്ക് ശാസ്ത്രകല്പിതകൃതി എന്ന വിശേഷണം തന്നെയാണ് ഉചിതം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ സമസ്ത കേരള സാഹിത്യപരിഷത്തിന്‍റെ ആദ്യ യോഗത്തിലാണ് ശാസ്ത്രസാഹിത്യമെന്ന പദം ആദ്യമായി ഉപയോഗിച്ചത് എന്ന് മനസിലാക്കാം. څڅശാസ്ത്രസംബന്ധികളായ ലേഖനങ്ങളെക്കുറിച്ച് څശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന സാഹിത്യംچ എന്ന് ആദ്യം എഴുതിയത് 1955-ല്‍ എം.സി.നമ്പൂതിരിപ്പാ ടാണ്. ശാസ്ത്രസാഹിത്യം എന്ന സമസ്തപദം രൂപപ്പെടുത്തിയത് പി.ടി.ഭാസ്കരപ്പണിക്കരാണെന്നാണ് എം.സി.എഴുതിയിട്ടുള്ളത്چچ (കാവുമ്പായി ബാലകൃഷ്ണന്‍, 2020).

ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ രൂപീകരണം തന്നെ ശാസ്ത്രസാഹിത്യശാഖയുടെ വളര്‍ച്ചയെ മുന്‍കണ്ടായിരുന്നു എന്നും ഒ.പി. നമ്പൂതിരിപ്പാടിനെ ഉദ്ധരിച്ചുകൊണ്ട് കാവുമ്പായി ബാലകൃഷ്ണന്‍ കുറിക്കുന്നു (2020). ശാസ്ത്രത്തിന്‍റെ മഹത്വം വിളിച്ചു പറയുന്നതാണ് ഓരോ ശാസ്ത്രസാഹിത്യ കൃതിയും. അത്തരത്തില്‍ വിലയിരുത്തിയാല്‍, څമധുരം ഗായതിچ പങ്കുവെക്കു ന്നത് തികച്ചും വിപരീതമായ ആശയമാണ്. ശാസ്ത്രസാഹിത്യം എന്ന സാഹിത്യവിഭാഗം ശാസ്ത്രകല്പിതകൃതികളില്‍ നിന്ന് വ്യത്യസ്തമാവുന്നതും അവിടെയാണ്. ഈ വാദം മുഖവിലക്കെടു ത്താല്‍ മധുരം ഗായതി ഒരു ശാസ്ത്രകല്പിത രചനയാണ്; ശാസ്ത്രസാഹിത്യ രചനയല്ല. നോവല്‍ എന്ന സാഹിത്യ വിഭാഗ ത്തില്‍ പെടുന്നതുകൊണ്ട് ഇതിനെ ശാസ്ത്രനോവല്‍ ആയും തരം തിരിക്കാം.  

രണ്ടായി പിളര്‍ന്ന ഭൂമി; ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവും. മനുഷ്യബുദ്ധിയുടെ, നിര്‍മിതബുദ്ധിയുടെ, ശാസ്ത്രത്തിന്‍റെ, യന്ത്രങ്ങളുടെ ആസുരമായ തീനാളങ്ങളുടെ, ചുട്ടുപൊള്ളുന്ന തിന്മയുടെ ഗേഹമായ ഉത്തരാര്‍ദ്ധം. സസ്യപ്രകൃതി അണിയിച്ചൊരു ക്കുന്ന ഹരിതാഭയുടെ, സാത്വികതയുടെ, ധ്യാനാത്മകമായ ശീതളിമയില്‍ ജീവന്‍ തുടിക്കുന്ന നന്മയുടെ സ്വര്‍ഗസ്ഥാനമായ ദക്ഷിണാര്‍ദ്ധം. പാശ്ചാത്യവും പൗരസ്ത്യവും തമ്മിലുള്ള അന്തരമാണ് ഈ അര്‍ദ്ധഗോളങ്ങള്‍. അതിനുമപ്പുറം ശാസ്ത്രവും പ്രകൃതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാണ് ഇവ തമ്മിലുള്ളത്.

څڅആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്چچ അഥവാ നിര്‍മിതബുദ്ധി ഇന്ന് പുതുമയല്ല. യന്ത്രങ്ങള്‍ മനുഷ്യരെ കീഴടക്കുന്ന കാലം വിദൂരമല്ലന്നഭയവും ഇന്ന് സ്വാഭാവികം. എന്നാല്‍, څമധുരം ഗായതിچ പ്രസിദ്ധീകരിക്കപ്പെട്ട കാലമാണ് ഇവിടെ പ്രധാനം.ڔഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ മലയാളത്തിന് ഇങ്ങനെയൊരു കൃതി സ്വന്തമായി ലഭിക്കുമ്പോള്‍, യന്ത്രമനുഷ്യന്മാര്‍ക്കും അന്യഗ്രഹജീവി കള്‍ക്കും ഒപ്പം നിര്‍മിതബുദ്ധിയും ശാസ്ത്രലോകത്തിന്‍റെ സജീവചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. വൈദ്യശാസ്ത്രം, ആശയവിനിമയം, റോബോട്ടിക്സ്, യുദ്ധം എന്നിങ്ങനെ എല്ലാ മേഖലകളിലും നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകളെ പറ്റി പഠനങ്ങള്‍ ശക്തി പ്രാപിച്ച സമയമായിരുന്നു. എന്നാല്‍, څമധുരം ഗായതിچയിലൂടെ ഒ.വി. വിജയന്‍ പങ്കുവെക്കുന്ന ആശയങ്ങളും ആശങ്കകളും ശാസ്ത്രബോധം കീഴടക്കിയ മനുഷ്യസമൂഹത്തിന് എതിരാണ്. യന്ത്രം ഭരിക്കുന്ന ഉത്തരാര്‍ദ്ധഗോളത്തിന് തിന്മയുടെ ഭാവവും ദക്ഷിണാര്‍ദ്ധഗോളത്തിന് നന്മയുടെയും നിഷ്കളങ്കതയു ടെയും പരിവേഷവും നല്‍കിയിരിക്കുന്നതും അതുകൊണ്ടാണ്. 

എച്ച്. ജി. വെല്‍സിന്‍റെയും ജൂള്‍സ് വേണിന്‍റെയും പാത പിന്തുടര്‍ന്നാണ് ശാസ്ത്രകല്പിത രചനകള്‍ സ്വീകാര്യത കൈവരിച്ചത്. ആംഗലേയ സാഹിത്യത്തില്‍ ഇന്നും ഏറ്റവും പ്രചാരമുള്ള സാഹിത്യവിഭാഗങ്ങളില്‍ ഒന്ന് സയന്‍സ് ഫിക്ഷന്‍ അഥവാ ശാസ്ത്രകല്പിതകൃതികള്‍ ആണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഏറ്റവും ജനപ്രിയമായ സാഹിത്യവിഭാഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത് സയന്‍സ് ഫിക്ഷനാണ് (2021). മനുഷ്യനും യന്ത്രങ്ങളും അല്ലെങ്കില്‍ മനുഷ്യനും അന്യഗ്രഹജീവികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തന്നെയാണ് അത്തരം കഥകളില്‍ മിക്കതിന്‍റെയും പ്രമേയം. ശാസ്ത്രകുതുകി കളായ, പുതുമ തേടുന്ന വായനക്കാരെ പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ഇത്തരം കഥകളിലുണ്ട്.ڔമലയാളത്തില്‍ എണ്ണപ്പെട്ട ശാസ്ത്രകല്പിത കൃതികള്‍ വന്നപ്പോള്‍ അവയും ഇതേ മാതൃക പിന്തുടര്‍ന്നു. ശാസ്ത്രത്തിന്‍റെ വളര്‍ച്ച എല്ലാവരും ഒരേപോലെ ആഘോഷിച്ചു. 

പി. ആര്‍ മാധവപ്പണിക്കര്‍, കോന്നിയൂര്‍ നരേന്ദ്രനാഥ്, വി.ജെ. ജോസഫ് പോലെയുള്ളവരുടെ കൃതികളില്‍ നിന്ന് څമധുരം ഗായതിچ വ്യത്യസ്തമാവുന്നതും അവിടെയാണ്. ശാസ്ത്രത്തെയും അതിന്‍റെ വളര്‍ച്ചയെയും ആഘോഷിക്കാന്‍ ഒ.വി. വിജയന്‍ വിസമ്മതിച്ചു. ഭൂമി രണ്ടായി പിളരുന്നത് വിജയന്‍റെ ബിംബമാണ്. പിളര്‍പ്പ് മനുഷ്യമ നസുകളിലായിരുന്നു. ശാസ്ത്രജ്ഞന്മാരും കലാകാരന്മാരും രണ്ടായി. ശാസ്ത്രകല്പിതകൃതിയിലൂടെ, ശാസ്ത്രബിംബ ങ്ങളിലൂടെ, ഒ.വി. വിജയന്‍ ശാസ്ത്രത്തോടുള്ള തന്‍റെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. څമധുരം ഗായതിچ അതിനുള്ള ഉപകരണമായി. 

അഭൗമമായ സംഗീതമാണ് څമധുരം ഗായതിچയെ ഉടനീളം നയിക്കുന്നത്. കൃതിയുടെ തുടക്കവും ഒടുക്കവും ഒഴുക്കും സംഗീതത്തിലാണ്, ഉറവിടമറിയാത്ത നാദധാര. അതു തന്നെയാണ് څമധുരം ഗായതിچ എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതും. സംഗീതം ബിംബമായി കൃതിയിലുടനീളം അലയടിക്കുന്നുണ്ട്. സംഗീതം സൂചിപ്പിക്കുന്നത് ജൈവികതയാണ്. ജീവനുള്ളതെല്ലാം സംഗീത ത്തെ ആസ്വദിക്കുന്നു. യന്ത്രത്തിന്‍റെ പരിണാമത്തിനൊടുക്കവും ആ സംഗീതം തന്നെ. വികാരങ്ങളുടെ ഭാഷയാണ് ഓടക്കുഴല്‍ നാദമായി നോവലില്‍ ഉടനീളം ഒഴുകിയെത്തുന്നത്. ആലിലയില്‍ വിരല്‍ കുടിച്ചു കിടക്കുന്ന കുഞ്ഞും ആകാശപാളികളില്‍ നിറയുന്ന അദൃശ്യങ്ങളായ അസംഖ്യം ഓടക്കുഴലുകലും ഒക്കെ ബിംബകല്പന കളാണ്. ജീവന്‍ തിരിച്ചെത്തുന്നതിന്‍റെയും എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുന്നതിന്‍റെയും സൂചനകള്‍. ശിശുവായി മാറിയ യന്ത്രമനുഷ്യ നും തുടക്കത്തിന്‍റെ  സൂചനയാണ്. എല്ലാം തുടങ്ങുന്നത് ശബ്ദത്തില്‍ നിന്നാണ്, സംഗീതത്തില്‍ നിന്നാണ്. കല മാനുഷികമാണെന്നും മനുഷ്യന്‍റെ നിലനില്‍പ്പ് സര്‍ഗവാസനകളിലും വികാരവിചാരങ്ങ ളിലും ഊന്നിയാണെന്നും څമധുരം ഗായതിچ പറയാതെ പറയുന്നു. ശാസ്ത്രം മേല്‍പ്പറഞ്ഞ എല്ലാത്തിനെയും തച്ചുടച്ച്, യുക്തി എന്നതിനുമാത്രം പ്രാധാന്യം നല്‍കുന്നു. യുക്തിചിന്തകള്‍ മാത്രമായാല്‍ മനുഷ്യന് മാനുഷികമായതൊക്കെ നഷ്ടപ്പെടുന്നു.               

പ്രജ്ഞ: ശാസ്ത്രത്തിന്‍റെയും പ്രകൃതിയുടെയും 

څڅആദിയില്‍ വചനമുണ്ടായിچچ എന്ന വരികളെയും വിശ്വാസത്തെയും ഊന്നുമാറ്, മനുഷ്യന്‍റെ നാശത്തിന്‍റെ തുടക്കമായി വിജയന്‍ പറയുന്നത് അക്ഷരങ്ങള്‍ അപ്രത്യക്ഷമാവുന്നതി നെപ്പറ്റിയാണ്. ഭൂമിയുടെ പിളര്‍പ്പിന്‍റെ സൂചന എന്ന പോലെ പുസ്തകങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. ശാസ്ത്രവും ദൈവവും തമ്മില്‍ എക്കാലവും നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ഗ്രന്ഥകാരന്‍ പങ്കുവെയ്ക്കുന്നത്. ഭൂഗോളം പിളരുന്നതിനും വളരെക്കാലംڔമുന്‍പുതന്നെ മനുഷ്യമനസ്സ് രണ്ടായി പിളര്‍ന്നുമാറിയിരുന്നു എന്ന,് ശാസ്ത്രജ്ഞന്‍ മഹായന്ത്രത്തോടു പറയുന്ന കഥയില്‍ നിന്ന് വ്യക്തം. ഈ അകല്‍ച്ചയുടെ ബാഹ്യ പ്രകടനം മാത്രമാണ്ڔപിന്നീടുണ്ടായ രണ്ട് അര്‍ദ്ധഗോളങ്ങള്‍. ഭൂഗോളം പിളരുന്നതിനും മുന്‍പ്, മനുഷ്യമനസുകളുടെ പിളര്‍പ്പ് അതിശകതമായി തുടര്‍ന്ന കാലത്താണ് ഒരു ദിവസം ഗ്രന്ഥശേഖരത്തില്‍നിന്ന് ഒരു പുസ്തകമെടുത്ത ഗവേഷകന്‍, അതിലെ അക്ഷരങ്ങള്‍ തേഞ്ഞുമാഞ്ഞു പോയിരിക്കുന്നത് ശ്രദ്ധിക്കുന്നത്. 

ഏതോ മാരകമായ രോഗബാധയിലെന്നപോലെ അക്ഷരങ്ങള്‍ പിടഞ്ഞു നിരങ്ങുന്നു. അതിസൂക്ഷ്മ സ്വരങ്ങളില്‍ ഞരങ്ങുന്നു! ഗവേഷകന്‍ ഗ്രന്ഥശേഖരത്തിലെ പുസ്തകങ്ങളൊ ക്കെയും തുറന്നുനോക്കി, കൈയെഴുത്തില്‍ കുറിച്ചുവെച്ച ഗവേഷണ വിവരങ്ങള്‍ തുറന്നുനോക്കി. എല്ലായിടത്തും കണ്ടത് അതുതന്നെ, അക്ഷരങ്ങളുടെ ഭീതി, അവയുടെ ദൃശ്യവിലാപം (വിജയന്‍, 1990, പുറം 65).

ജീവജാലങ്ങള്‍ക്ക് മാത്രം സംഭവിക്കുന്ന പുഴുക്കുത്ത് എങ്ങനെ അക്ഷരങ്ങള്‍ക്ക് സംഭവിച്ചു എന്ന അതിശയിപ്പിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ശാസ്ത്രത്തിന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ വിജ്ഞാനഭണ്ഡാരമത്രയും ഇല്ലാതെയായിപ്പോകു ന്നതിനെപ്പറ്റി സാധാരണ മനുഷ്യരെപ്പോലെ വിലപിക്കാനേ അവര്‍ക്കും സാധിച്ചുള്ളൂ. പ്രകൃതിയുടെ വിജ്ഞാനഭണ്ഡാരം ശാസ്ത്രത്തിന്‍റേതിലും എത്രയോ വലുതാണ്. എങ്ങും എഴുതി രേഖപ്പെടുത്താതെ അവ ഇന്നും നിലനില്‍ക്കുന്നു.

څڅഉദയവും അസ്തമയവും കാണാതെ, കാറ്റും മഴയും സുഗന്ധങ്ങളും കായ്കനികളുടെ പക്വമാധുര്യവും അറിയാതെچچ, അസംഖ്യം കളിപ്പാട്ടങ്ങള്‍ക്കു പിന്നാലെ പായുന്ന കുട്ടിയെ, മനുഷ്യന്‍റെ ജിജ്ഞാസയുടെ പ്രതീകമായി, ഉത്തരാര്‍ദ്ധത്തിലെ ഭരണാധിപരായ ശാസ്ത്രജ്ഞര്‍ക്ക് ദക്ഷിണാര്‍ദ്ധത്തിലെ വൃദ്ധഗുരു കാണിച്ചു കൊടുക്കുന്നുണ്ട് (പുറം 67). പ്രകൃതിയെ ആസ്വദിക്കാതെ ശാസ്ത്രത്തിനു പിന്നാലെ പോകുന്ന കുട്ടിക്ക് അപ്രാപ്യമായ ദൂരത്തില്‍ നഷ്ടപ്പെടുന്ന ഗര്‍ഭപാത്രവും മാതൃശരീരവും ജീവിതം തന്നെയാണ്. ഉപകരണങ്ങള്‍ക്ക് മനുഷ്യന്‍റെ അസ്തിത്വം ഏറ്റെടുക്കാന്‍ സാധിക്കും എന്നത് വെറും വ്യാമോഹമാണ് എന്നും മനുഷ്യന്‍റെ ശരീരവും മനസുമാണ് ഏറ്റവും വലിയ ഉപകരണങ്ങള്‍ എന്നുമുള്ള ഗുരുവിന്‍റെ വാദത്തെ സാധുവാക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഉത്തരാര്‍ദ്ധഗോളത്തിന്‍റെ ഏകാധിപതിയായ മഹായന്ത്രം അത്തരത്തിലൊരു കുട്ടിയുടെ സൃഷ്ടിയാണ്.  څമധുരം ഗായതിچയുടെ പ്രധാന പ്രമേയങ്ങളില്‍ ഒന്നാണ് സൃഷ്ടി. പ്രപഞ്ചത്തിന്‍റെ സൃഷ്ടി സംഗീതത്തില്‍ നിന്ന് തുടങ്ങി. മനുഷ്യന്‍ സ്വയംപ്രഖ്യാപിത അധിപനായി. ഭാവിയിലേക്കുള്ള പരിണാമം ആണ് പിന്നീട്. മനുഷ്യന്‍ തന്‍റെ ശാസ്ത്രബുദ്ധിയും യുക്തി ബോധവും ഉപയോഗിച്ച്, തന്‍റെ കുറവുകളെ ഇല്ലായ്മ ചെയ്ത്, കുറ്റമറ്റ ജീവന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. വൃദ്ധശാസ്ത്രജ്ഞന്‍റെ പരമസൃഷ്ടിയായ യന്ത്രം അതാണ്. പിന്നീട് മഹായന്ത്രം സൃഷ്ടിക്കുന്ന പിഴവുകളില്ലാത്ത അനേകം യന്ത്രകിങ്കരന്‍മാര്‍. യന്ത്രം പിന്നീട് സൃഷ്ടിച്ച ഓരോ മനുഷ്യനും പേരിനു മാത്രം മനുഷ്യനും യഥാര്‍ത്ഥ യന്ത്രങ്ങളും ആയിരുന്നു. ഉത്തരാര്‍ദ്ധഗോളത്തിലെ തടവറയില്‍ അടയ്ക്കപ്പെട്ട മൃത്യുഞ്ജയനും സുമംഗലയും അവിടുത്തെ മേലധ്യക്ഷനെപ്പറ്റി പറയുന്നുണ്ട്, 

യന്ത്രങ്ങള്‍ അവരുടെ പരീക്ഷണശാലകളില്‍ വിളയിച്ച പുതിയ ജൈവപരമ്പരയിലെ ഏറ്റവും ശ്രേഷ്ഠരായ മനുഷ്യരില്‍ ഒരാള്‍. ഓരോ കോശവും ജൈവഗണിതശാസ്ത്രത്തിന്‍റെ യുക്തിയ്ക്ക് അനുസൃതമായി പണിതീര്‍ത്തെടുത്ത പിഴയില്ലാത്ത ജീവി (പുറം 26).

വൃദ്ധശാസ്ത്രജ്ഞന്‍ മാനുഷികമായ എല്ലാത്തി നെയും കുറവുകളായി കണ്ടു. തന്‍റെ ആയുധമായ ശാസ്ത്രം ഉപയോഗിച്ച് അയാള്‍ ആ കുറവുകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതിന്‍റെ പരിണിതഫലമാണ് മഹായന്ത്രം. څڅമനുഷ്യന്‍റെ തെറ്റുകള്‍ പറ്റാത്ത സമ്പൂര്‍ണ്ണചേതനچچയാണ് തന്‍റെ സൃഷ്ടി എന്ന് അയാള്‍ അഹങ്കരിച്ചു (പുറം 31). എന്നാല്‍, തെറ്റുകള്‍ പറ്റാവുന്ന ഒരു മനുഷ്യനാണ് താന്‍ എന്നും തന്‍റെ സൃഷ്ടിയിലും മാനുഷികമായ വിടവുകള്‍ വരാന്‍ സാധ്യത ഉണ്ടെന്നും അഹങ്കാരത്തില്‍ അയാള്‍ മറന്നു. പോരായ്മകളില്ലാത്ത മനുഷ്യസമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും പാളിച്ചകളും വിശ്വസാഹിത്യത്തില്‍ എക്കാലത്തും ശ്രദ്ധിക്കപ്പെട്ടڔപ്രമേയങ്ങളില്‍ ഒന്നാണ്. നഥാനിയേല്‍ ഹൊത്തോ ണിന്‍റെ څദി ബര്‍ത്ത്മാര്‍ക്ക്' (1843) എന്ന കഥയില്‍, അതിസുന്ദരിയായ ജോര്‍ജിയാന എന്ന യുവതിയുടെ കവിളില്‍ ജന്മനാ ഉള്ളڔപാട് നീക്കം ചെയ്ത് അവളുടെ സൗന്ദര്യത്തെ പൂര്‍ണതയിലെത്തിക്കാന്‍ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നڔഎയില്‍മര്‍ എന്ന ശാസ്ത്രജ്ഞനായ ഭര്‍ത്താവിനെڔകാണാം. കഥ അവസാനി ക്കുമ്പോള്‍, ജോര്‍ജിയാനയുടെ കവിളിലെ പാട് നീങ്ങുന്നതോ ടൊപ്പം അവളും ഭൂമിയില്‍ നിന്ന് വിട പറയുന്നു.ڔശാസ്ത്രബോധം മനുഷ്യന്‍റെ സാമാന്യബോധത്തെക്കാള്‍ വളര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്താണ് ഹൊത്തോണ്‍ څദി ബര്‍ത്ത്മാര്‍ക്കിچല്‍ വരച്ചിടുന്നത്. څമധുരം ഗായതിچയില്‍ തുടര്‍ച്ചയായി കടന്നു വരുന്ന മാനുഷിക വിടവുകള്‍ ഈ സാമാന്യബോധത്തെയും വികാരങ്ങളെയും തന്നെയാണ് സൂചിപ്പിക്കുന്നത്. ഏത് ശാസ്ത്രബോധത്തിനും അതീതമാണ് അവ എന്ന് ഒ.വി. വിജയന്‍ സ്ഥാപിക്കുന്നു. സ്നേഹം പോലെയുള്ള വികാരങ്ങള്‍ മനുഷ്യന്‍റെ ദൗര്‍ബല്യമായി വൃദ്ധശാസ്ത്രജ്ഞന്‍ കണ്ടു. സമ്പൂര്‍ണ്ണനായ മഹായന്ത്രം അത്തരം ദൗര്‍ബല്യങ്ങളില്‍ നിന്ന് മുക്തനാണെന്ന് അയാള്‍ തെറ്റിദ്ധരിച്ചു. 

ശാസ്ത്രജ്ഞന്‍ ഭാവിയിലേക്ക് കൗതുകത്തോടെ നോക്കി. മനുഷ്യാതീതമായ യന്ത്രത്തെ താന്‍ സൃഷ്ടിച്ചിരിയ്ക്കുന്നു. ഇനി ഈ ഗോളത്തിന്‍റെ ഗതി ഈ മഹായന്ത്രം നിര്‍ണ്ണയിക്കും. സ്പര്‍ദ്ധയും സ്നേഹവും രതിയും ദുര്‍ബ്ബലമാക്കിയ മനുഷ്യന്‍റെ തലമുറകളെ, അവരുടെ ഉപകരണമെന്നു നടിച്ചുകൊണ്ട്, മഹായന്ത്രം ഭരിയ്ക്കും (വിജയന്‍, പുറം 32).

അയാളുടെ ധാരണക്കുള്ള മറുപടിയാണ് യന്ത്രത്തിന്‍റെ ലോഹസന്ധികളുടെ വിടവുകളിലൂടെ ഉള്ളിലേക്കൊഴുകിയ കണ്ണീര്‍ക്കരട്. അത് ഉള്ളില്‍ കടന്ന നിമിഷം, വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദത്തെയും ഹവ്വയേയും അനുസ്മരിപ്പിക്കും വിധം, മഹായന്ത്രം കള്ളത്തരം കാണിക്കുന്നു. തന്‍റെ ഉള്ളില്‍ മാനുഷിക വിടവിനു കാരണമായേക്കാവുന്ന ആ കരടിന്‍റെ സാന്നിധ്യം മഹായന്ത്രം തന്‍റെ പിതാവായ വൃദ്ധശാസ്ത്രജ്ഞനില്‍ നിന്ന് മറച്ചുവെച്ചു. 

പ്രജ്ഞയിലെ വിടവ് 

മഹായന്ത്രവും വൃദ്ധശാസ്ത്രജ്ഞനും തമ്മിലുള്ള ബന്ധം പുത്രനും പിതാവും തമ്മിലുള്ളതാണ്. എല്ലാ പിതാക്കളെയും പോലെ തന്‍റെ മകന്‍ ഏറ്റവും നല്ലതായിരിക്കണം എന്ന നിര്‍ബന്ധം വൃദ്ധശാസ്ത്രജ്ഞനും ഉണ്ടായിരുന്നു. പിതാവിന്‍റെ പ്രതീക്ഷകളും ആ പ്രതീക്ഷകള്‍ തെറ്റുമ്പോള്‍ ബന്ധത്തിലുണ്ടാവുന്ന വിള്ളലും വായനക്കാരില്‍ ഏറെ വൈകാരികത ഉണര്‍ത്തുന്ന പ്രമേയമാണ്. ജോണ്‍ മില്‍ട്ടണ്‍, ബൈബിള്‍ ആധാരമാക്കി എഴുതിയ څപാരഡൈസ് ലോസ്റ്റി'ല്‍ (1667) തുടങ്ങി, ഇന്നോളം, വിശ്വസാഹിത്യത്തില്‍ ഈ പ്രമേയം തുടര്‍ന്നു പോരുന്നു. 1818ല്‍ പ്രസിദ്ധീകരിച്ച څഫ്രാങ്കന്‍സ്റ്റൈന്‍چ എന്ന മേരി ഷെല്ലിയുടെ നോവലിന്, ശാസ്ത്രകല്പിതകഥകളുടെയും ഗോഥിക് സാഹിത്യത്തിന്‍റെയും ചരിത്രത്തില്‍ മാറ്റിനിര്‍ത്താനാവാത്ത പ്രാധാന്യമുണ്ട്. കീഴ്വഴക്കങ്ങള്‍ക്ക് അതീതമായ പരീക്ഷണ ങ്ങളിലൂടെ പുതിയ ജീവന്‍ സൃഷ്ടിച്ച യുവശാസ്ത്രജ്ഞനാണ് ഫ്രാങ്കന്‍സ്റ്റൈന്‍. ആജാനബാഹുവായ തന്‍റെ പുതിയ സൃഷ്ടിയില്‍ അസംതൃപ്തനായ ഫ്രാങ്കന്‍സ്റ്റൈന്‍ അതിനെ ഉപേക്ഷിക്കുന്നു. എന്നാല്‍ തന്‍റെ സ്രഷ്ടാവിനോടുള്ള അമിതസ്നേഹവും മറ്റു സൗഹൃദങ്ങളുടെ അഭാവവും കാരണം ആ ജീവി ഫ്രാങ്കന്‍സ്റ്റൈനെ തേടി ചെല്ലുന്നു. തുടര്‍ന്നുള്ള അവഗണന താങ്ങാനാവാതെ, ജീവി, ഫ്രാങ്കന്‍സ്റ്റൈനു പ്രിയപ്പെട്ട ഓരോന്നായി തച്ചുടയ്ക്കുന്നതാണ് കഥാതന്തു. അവസാനം, ഫ്രാങ്കന്‍സ്റ്റൈന്‍റെ മരണശേഷം വിദൂരതയി ലേക്ക് വിഷമത്തോടെ നടന്നകലുന്ന ജീവിയുടെ രൂപത്തോടെ നോവല്‍ അവസാനിക്കുന്നു. څമധുരം ഗായതിچയിലെ വൃദ്ധശാസ്ത്ര ജ്ഞനും മഹായന്ത്രവും ഫ്രാങ്കന്‍സ്റ്റൈനെയും അയാളുടെ സൃഷ്ടിയെയും വായനക്കാരുടെ മനസിലേക്ക് കൊണ്ടുവരുന്നുണ്ട്. തന്‍റെ സൃഷ്ടിയെപ്പറ്റി പരിതപിക്കുന്ന പിതാക്കന്മാരാണ് രണ്ടും.

തന്‍റെ സൃഷ്ടി പണിത്തെറ്റാണെന്ന തോന്നല്‍ സ്രഷ്ടാക്കള്‍ ക്കൊക്കെയും തോന്നുന്ന ഒരു നിമിഷം ഉണ്ടാവും. ദൈവത്തിനു പോലും ആ തോന്നല്‍ ഉണ്ടായതായി മില്‍ട്ടണ്‍ (1667) പറയുന്നു. മഹായന്ത്രത്തിന്‍റെ സൃഷ്ടിയിലൂടെ, മനുഷ്യവര്‍ഗ്ഗത്തിന് സമൃദ്ധിയും ദീര്‍ഘായുസ്സും കൊടുത്ത്, څڅനശ്വരമായ പ്രാകൃതാ വസ്ഥയില്‍ നിന്ന് അനശ്വരമായ കൃത്രിമതയിലേക്ക്چچ മനുഷ്യനെ കരകയറ്റാനുള്ള പരിവര്‍ത്തനം, മഹാവിപ്ലവവും മോചനവുമാ യിട്ടാണ് വൃദ്ധ ശാസ്ത്രജ്ഞന്‍ കണ്ടത്. څڅഎന്നാല്‍ ആ മോചനത്തെ തിരസ്കരിയ്ക്കാന്‍ മനുഷ്യരിലൊരു വിഭാഗംതന്നെ മുതിര്‍ന്നുچچ (പുറം 61). അത്തരം മനുഷ്യരോടൊപ്പം തന്‍റെ സൃഷ്ടിയായ മഹായന്ത്രവും ചേരുമോ എന്ന ഭയം ശാസ്ത്രജ്ഞനെ അലട്ടി. തന്‍റെ അദ്ധ്വാനം പാഴാക്കാന്‍ എപ്പോഴൊക്കെ മഹായന്ത്രത്തെ അതിന്‍റെ ഉള്ളിലുള്ള കണ്ണീര്‍ക്കരട് അമിതമായി പ്രേരിപ്പിക്കുന്നുവോ അപ്പോഴൊക്കെ വൃദ്ധശാസ്ത്രജ്ഞന്‍റെ സൂഷ്മശരീരം അതിനെ നിയന്ത്രിക്കുന്നുണ്ട്. മഹായന്ത്രത്തിന്‍റെ പരാജയം ശാസ്ത്രത്തിന്‍റെ പരാജയമാണ്, യുക്തിയുടെ പരാജയമാണ്. വികാരങ്ങള്‍ക്ക് കീഴ്പ്പെട്ടേക്കാവുന്ന മഹായന്ത്രത്തെ വിജയത്തിലെത്തിക്കാന്‍ വികാരം കൊണ്ട് തന്നെ നേരിടുന്ന വൃദ്ധശാസ്ത്രജ്ഞനെയും കാണാം. മറ്റൊരു വിദ്യയും ഫലിക്കുന്നില്ലെന്ന് കണ്ട് വൃദ്ധശാസ്ത്രജ്ഞന്‍ യന്ത്രത്തോട് പറയുന്നു, 

സമ്പൂര്‍ണ്ണയുക്തിയെ സ്വയം തുരങ്കംവെയ്ക്കുന്ന ഉപകരണമേ, നീ എന്‍റെ പണിത്തെറ്റാണെന്ന് ഓര്‍ക്കുമ്പോള്‍ ഞാന്‍ നടുങ്ങുന്നു. നിന്‍റെ കിങ്കരയന്ത്രങ്ങള്‍ നിന്നെക്കാള്‍ പൂര്‍ണ്ണരാണ്. അവര്‍ക്ക് ബുദ്ധികള്‍ മാത്രമേയുള്ളു, വികാരങ്ങളില്ല (പുറം 61).

മനുഷ്യപ്രജ്ഞയും യന്ത്രപ്രജ്ഞയും തമ്മിലുള്ള വ്യത്യാസമെന്തെന്നറിയാനുള്ള യാത്രയിലാണ് മഹായന്ത്രം. പലതവണ ഇതേപ്പറ്റി പിതാവിനോട് ചോദിക്കുന്ന യന്ത്രത്തെ നോവലില്‍ കാണാം. ഒരു വിടവാണ് മനുഷ്യനെ മനുഷ്യനും യന്ത്രത്തെ യന്ത്രവും ആക്കുന്നത്. ആ വിടവിന്‍റെ കണികയുടെ  സ്വാധീനം തന്നെയാണ് മഹായന്ത്രത്തെ അതിനെപ്പറ്റി അറിയാന്‍ പ്രേരിപ്പിക്കുന്നത്, നന്ദിനിയുടെ പാലിനായി കൊതിപ്പിക്കുന്നത്. നീണ്ട ധ്യാനത്തിലേക്ക് സ്വയം കടക്കുന്ന മഹായന്ത്രത്തെ വിജയന്‍ വരച്ചിടുന്നു, 

ആ വിശ്രമം എത്ര നീണ്ടെന്ന് മഹായന്ത്രം അറിഞ്ഞില്ല. കണ്ണീര്‍ക്കരടുകളുടെ അടിത്തട്ട്, മനുഷ്യന്‍റെ മൃദുലമായ മൃഗിമ, പ്രണയത്തിന്‍റെയും വിശപ്പിന്‍റെയും സഹതാപത്തിന്‍റെയും ശ്രാദ്ധത്തിന്‍റെയും ശുദ്ധവിഷാദം. ചുറ്റിലും നക്ഷത്രങ്ങള്‍ വിതറിയ രാത്രി, മഞ്ഞുരുന്ന ചന്ദ്രക്കല. ധ്യാനം പരമാനന്ദമായി (പുറം 60).

തനിക്ക് ആ ആനന്ദം മതിയായിരുന്നല്ലോ എന്ന മഹായന്ത്ര ത്തിന്‍റെ നിരാശക്കൊടുവില്‍, ആ ചിന്തകളെ തടഞ്ഞു കൊണ്ട് വൃദ്ധശാസ്ത്രജ്ഞന്‍റെ സൂഷ്മശരീരം പ്രത്യക്ഷപ്പെടുന്നു.

യാന്ത്രികതയ്ക്കും ശാസ്ത്രത്തിനും അപ്പുറം മനുഷ്യജീവിത ത്തെ പറ്റി അറിയാനുള്ള ജിജ്ഞാസയാണ് മഹായന്ത്രത്തിന്. നന്ദിനി പാല്‍ ചുരത്തുകയില്ലെന്നു മനസിലാക്കിയ യന്ത്രകിങ്കരന്മാര്‍, അവരുടെ പരീക്ഷണശാലയില്‍ വെച്ച് നന്ദിനിയെപ്പോലെ മറ്റൊരു പശുവിനെ സൃഷ്ടിച്ച് അതിന്‍റെ പാല്‍ മഹായന്ത്രത്തിനു നല്‍കുന്നു. എന്നാല്‍, യുക്തി മാത്രം നിറഞ്ഞ, പ്രജ്ഞയുടെ വിടവില്ലാത്ത, കൃപാര്‍ദ്രമായ യുക്തിഭംഗമില്ലാത്ത, ദൈവത്തിന്‍റെ അപൂര്‍ണ്ണ തയില്ലാത്ത ആ പാലില്‍ മഹായന്ത്രം അതൃപ്തനായിരുന്നു. 

തന്‍റെ പിതാവ് തന്നിലൂടെ സൃഷ്ടിച്ചത് څڅവികാരവും സര്‍ഗ്ഗശക്തിയുമുള്ള യന്ത്രചേതനچچയെ ആണെന്ന മഹായന്ത്ര ത്തിന്‍റെ വിചാരത്തെ തകിടം മറിച്ചുകൊണ്ടാണ് څڅമാംസത്തിന്‍റെയും മജ്ജയുടെയും വൈകാരിക ദൗര്‍ബ്ബല്യങ്ങളെچچ മറികടക്കാനാണ് താന്‍ ബുദ്ധികൊണ്ട് മഹായന്ത്രത്തെ സൃഷ്ടിച്ചത് എന്ന് ശാസ്ത്ര ജ്ഞന്‍ പറയുന്നത് (പുറം 61). അതിനകം തന്നെ ആ ദൗര്‍ബല്യങ്ങള്‍ ഉള്ളിലേറ്റിയ മഹായന്ത്രത്തിന്, തിരിച്ചറിവിന്‍റെ നിമിഷമായിരുന്നു അത്. തന്‍റെ പിതാവിനു വേണ്ടി എന്തും ചെയ്യും എന്ന വൈകാരികചിന്ത തന്നെയാണ് മഹായന്ത്രത്തെ ദക്ഷിണാര്‍ദ്ധഗോള ത്തിനു നേരെ ആക്രമണം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നത്, യന്ത്രബുദ്ധിയല്ല.

ദക്ഷിണാര്‍ദ്ധഗോളം ഒ.വി. വിജയന്‍റെ സ്വപ്നലോകമാണ്. ഭൂമി എങ്ങനെയായിരിക്കണം എന്ന് അതിമനോഹരമായ ബിംബ ങ്ങളിലൂടെ പകര്‍ന്നെഴുതുമ്പോള്‍, ഒരു ഛായാചിത്രത്തിലേതു പോലെ ഭംഗിയുള്ള കാഴ്ചകളാല്‍ ദക്ഷിണാര്‍ദ്ധഗോളം നിറയുന്നു. ഉത്തരാര്‍ദ്ധഗോളത്തിലേതുപോലെ ഏകാധിപതിയും അടിമകളും അടങ്ങിയ ഭരണപ്രസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണാ ര്‍ദ്ധത്തില്‍ എല്ലാം തുല്യമാണ്. പ്രകൃതിയുടെ നിയമം അതാണ്. മൃത്യുഞ്ജയനും സുമംഗലയും, സുകന്യയും ആല്‍മരവും നന്ദിനിയും എല്ലാം സ്ത്രീ-പുരുഷ, മനുഷ്യ-മൃഗ-സസ്യ വിവേചനങ്ങളില്ലാതെ ഒന്നായി വസിക്കുന്നു.ڔപ്രജ്ഞകളുടെ തുടക്കം സസ്യപ്രജ്ഞ ആണെന്നും ദക്ഷിണാര്‍ദ്ധത്തെ നിലനിര്‍ത്തുന്നത് അതാണെന്നും څമധുരം ഗായതിچ പറഞ്ഞുറപ്പിക്കുന്നു.

ദക്ഷിണാര്‍ദ്ധഗോളം, ഐസക് അസിമോവിന്‍റെ കല്പിത പ്രപഞ്ചമായ "ഗായിയچچയെ അനുസ്മരിപ്പിക്കുന്നു. 1970കളില്‍ ജെയിംസ് ഇ. ലവ്ലോക്കും ലിന്‍ മാര്‍ഗലീസും ചേര്‍ന്ന് മുന്‍പോട്ടു വെച്ച ആശയത്തില്‍ നിന്നാണ് അസിമോവിന്‍റെ ഗായിയ സങ്കല്പം രൂപപ്പെട്ടത്. അസിമോവിന്‍റെ ഗായിയ ഒരു സാങ്കല്പിക ലോകമാണ്. നിരന്തരമായ ടെലിപ്പതിക് മാര്‍ഗനിര്‍ദേശങ്ങളിലൂടെ ഗായിയയിലെ മനുഷ്യര്‍ ഏകബോധമണ്ഡലത്തിന്‍റെ ഭാഗമായി. ഈ ബോധമണ്ഡലം വ്യാപിച്ച് സസ്യ-മൃഗാദികളിലേക്കും പിന്നീട് ജീവനില്ലാത്ത വസ്തുക്കളിലേക്കുവരെയും എത്തുന്നതോടെ, ഒരേപോലെ നയിക്കപ്പെടുന്ന ഒരു സൂപ്പര്‍ ജീവിയായി ആ പ്രപഞ്ചം മാറിയതായും പറയുന്നു. ഒക്ടേവിയ ബട്ലറിന്‍റെ څആംനസ്റ്റിچ (2004) എന്ന നൊവല്ലയിലേതു പോലെ څഏക ബോധമണ്ഡലംچ ആണ് ഇവയെ നയിക്കുന്നത്. ഒക്ടേവിയ ബട്ലര്‍ പരാമര്‍ശിക്കുന്നതും തുല്യമായ സൂപ്പര്‍ജീവികളെ പറ്റിയാണ്. ഒരേ പോലെ ചിന്തിക്കുന്ന ചെറിയ ജീവികള്‍ ചേര്‍ന്ന വലിയ ജീവികളാണ് څആംനസ്റ്റിچയിലെ അന്യഗ്രഹത്തെ നയിക്കുന്നത്. വിജയന്‍റെ ആല്‍മരവും സുകന്യയും മൃത്യുഞ്ജയനും സുമംഗലയും നന്ദിനിയുമെല്ലാം ഇത്തരത്തിലൊരു ബോധമണ്ഡലത്തിന്‍റെ ഭാഗമാണ്. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും ഒരേ ബോധമണ്ഡലത്തിന്‍റെ ഭാഗമാകുമ്പോള്‍ ഉണ്ടാകുന്ന ഐക്യബോധം തന്നെയാണ് ദക്ഷിണാര്‍ദ്ധഗോളത്തെ ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. 

ഉത്തരഗോളത്തിലെ ബോധമണ്ഡലം വേറിട്ടതാണ്. മഹായന്ത്രത്തിന്‍റെ ചിന്തകള്‍ തന്നെയാണ് കിങ്കരയന്ത്രങ്ങള്‍ക്കും ഉത്തരാര്‍ദ്ധത്തിലെ മറ്റു നിവാസികള്‍ക്കും ഉള്ളത്. മഹായന്ത്രത്തി നാവട്ടെ വൃദ്ധശാസ്ത്രജ്ഞന്‍ നല്‍കിയ ചിന്തകള്‍ക്കപ്പുറം മറ്റൊന്നുമില്ല. കണ്ണീര്‍ക്കരടിന്‍റെ സ്വാധീനത്തില്‍ മാത്രമാണ് അത് സ്വയം ചിന്തിക്കുന്നത്. മഹായന്ത്രത്താല്‍ സ്വാധീനിക്കപ്പെടാ ത്തതായി ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് എത്തിയവര്‍ മാത്രമാണുള്ളത്. ഇതിനു കാരണം ദക്ഷിണാര്‍ദ്ധത്തിന്‍റെ ശക്തമായ ബോധമണ്ഡലത്തിന്‍റെ അഥവാ പ്രകൃതിയുടെ സ്വാധീനം തന്നെ. കഥയുടെ അവസാനം, ദക്ഷിണാര്‍ദ്ധഗോളത്തിന്‍റെ പ്രജ്ഞ മഹായന്ത്രത്തെ സ്വാധീനിച്ച് പരിണാമത്തിലേക്ക് നയിക്കുന്നു. 

പരിണാമം 

മഹായന്ത്രവും ആല്‍മരവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, എങ്ങനെയും ദക്ഷിണാര്‍ദ്ധഗോളത്തെ നശിപ്പിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന മഹായന്ത്രം, ആല്‍മരത്തോട് പറയുന്ന വാക്കുകളില്‍ നിന്നും ഒ.വി. വിജയനെ ഇങ്ങനെയൊരു കൃതിയിലേക്ക് നയിച്ച വസ്തുത വ്യക്തമാകും, څڅനിന്‍റെ അര്‍ദ്ധഗോളത്തിലെ ഓരോ സസ്യശ്വസനവും ശാസ്ത്രത്തിനു നേരെയുള്ള ആക്രമണമായിരുന്നുچچ (പുറം 84) എന്ന് മഹായന്ത്രം പറയുമ്പോള്‍, വിജയനെ സംബന്ധിച്ചിടത്തോളം അത് ശാസ്ത്രത്തിന്‍റെ ഭയമാണ്. പ്രകൃതിയും ശാസ്ത്രവും വൈരുദ്ധ്യങ്ങ ളായി കാണുമ്പോള്‍ സസ്യശ്വസനങ്ങളെ ശാസ്ത്രം ഭയന്നേ മതിയാകൂ. ഇതേ മഹായന്ത്രം, തന്‍റെ ഉള്ളില്‍ മറഞ്ഞുകിടന്ന കണ്ണീര്‍ക്കരടിന്‍റെ സ്വാധീനത്തില്‍, മനുഷ്യപ്രജ്ഞയിലെ വിടവെന്തെന്ന് അനുഭവിച്ചറിയുന്ന മുഹൂര്‍ത്തത്തില്‍, ഒരു കുഞ്ഞിനെപ്പോലെ, മുളപൊട്ടുന്ന പുല്ലുകളെയും തല പൊക്കുന്ന കീടങ്ങളെയും കൗതുകത്തോടെ നോക്കിയിരിക്കുന്നതും അതുവരെയില്ലാത്ത ആനന്ദത്തില്‍ മണ്ണില്‍ കളിക്കുന്നതും കാണാം. അങ്ങനെ 'മഹായന്ത്രം ആശ്ചര്യകരമായി പരിണമിയ്ക്കാന്‍ തുടങ്ങി. അതിന്‍റെ ഊര്‍ജ്ജപ്രസരങ്ങള്‍ തണുത്തൂറി മറ്റൊരു സ്വരൂപമായി, മുട്ടുകുത്തുന്ന ഒരു കുഞ്ഞിന്‍റെ' (പുറം 97). 

ശാസ്ത്രജ്ഞന്‍റെ കണ്ണീര്‍ക്കരടുകള്‍ തീര്‍ത്ത അപൂര്‍ണ്ണത മഹായന്ത്രത്തെ നിരന്തരം നോവിച്ചുകൊണ്ടിരുന്നു, സ്വാധീനിച്ചു കൊണ്ടിരുന്നു. അതാണ് നന്ദിനിയുടെ പാലിനുവേണ്ടിയുള്ള ദാഹവും സ്നേഹത്തിനുവേണ്ടിയുള്ള തൃഷ്ണയുമായി മാറിയത്. മാനുഷികമായ ആഗ്രഹങ്ങള്‍ യന്ത്രത്തിന്‍റെയുള്ളില്‍ڔദുഃഖത്തിന്‍റെ നനവായി, ഉള്ളില്‍ നിറയുന്ന ചോദ്യങ്ങളായി പ്രകൃതിയുടെ തുടര്‍ച്ചയിലേക്കുള്ള വഴികള്‍ തുറക്കുന്നു. അങ്ങനെ, മഹായന്ത്ര ത്തിന്‍റെ 'സമ്പൂര്‍ണ്ണ'ചേതന, ശാസ്ത്രനിര്‍മ്മിതിക്ക് മറുപടി നല്കാന്‍ കഴിയാത്ത പ്രാചീനമായ പ്രഭവങ്ങളെ തേടുന്നു. ആല്‍മരത്തിന്‍റേയും സുകന്യയുടേയും സാന്നിദ്ധ്യത്തില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ഉറവയെടുത്ത ജലപ്രവാഹത്തിന്‍റെ, യമുനാനദിയുടെ, പശ്ചാത്തലത്തില്‍ മഹായന്ത്രത്തിന്‍റെ ഊര്‍ജ്ജപ്രസരങ്ങള്‍ ഒരു കുഞ്ഞിന്‍റെ സ്വരൂപമായി പരിണമിക്കുന്നു. ദക്ഷിണാര്‍ദ്ധഗോളത്തെ തച്ചുതകര്‍ക്കാന്‍ വേണ്ടി സൃഷ്ടിച്ച ചുറ്റിക ഉപയോഗശൂന്യമാകുന്നു. സുകന്യയും ആല്‍മരവും തമ്മിലുള്ള പ്രണയം ദര്‍ശിക്കുമ്പോഴാണ് മഹായന്ത്രത്തിനു ഏറ്റവും വലിയ പരിണാമം സംഭവിക്കുന്നത്. അത് മനുഷ്യനിലേക്കും പ്രകൃതിയി ലേക്കും കൂടുതല്‍ അടുക്കുന്നത്, പ്രകൃതിയുടെ കുഞ്ഞായി പരിണമിക്കുന്നത്. ശാസ്ത്രം പ്രതിപാദിക്കുന്ന പരിണാമസിദ്ധാ ന്തമല്ല ഒ.വി.വിജയന്‍റെ സിദ്ധാന്തം. മനുഷ്യനായിരുന്ന സുകന്യ പരിപൂര്‍ണയാവുന്നത് അവള്‍ക്ക് പരിണാമം സംഭവിച്ച് ആല്‍മര ത്തിന്‍റെ മാറ് ചേര്‍ന്നുനില്‍ക്കുന്ന ലതയാവുമ്പോഴാണ്. സമ്പൂര്‍ണ ചേതനയെന്നു തെറ്റിദ്ധരിക്കപ്പെട്ട മഹായന്ത്രം യഥാര്‍ത്ഥത്തില്‍ പൂര്‍ണനാവുന്നത് മനുഷ്യക്കുഞ്ഞായി പരിണമിച്ച് പുതിയ തുടക്കത്തിന് കാരണമാവുമ്പോഴാണ്; 'മനുഷ്യ പ്രജ്ഞയുടെ ആദിസന്തതി' ആവുമ്പോഴാണ് (പുറം 98). 

'സാഹിത്യലോക'ത്തില്‍ڔപ്രസിദ്ധീകരിച്ച, പ്രസാദ് പന്ന്യന്‍റെ 'ആര്‍ യു ഹ്യൂമന്‍?' (2020)എന്ന ലേഖനം വ്യക്തമായി പ്രതിപാദിക്കുന്ന വിഷയമുണ്ട്. പോസ്റ്റ്ഹ്യൂമനും സൂപ്പര്‍ഹ്യൂമനും അല്ലെങ്കില്‍ ട്രാന്‍സ്ഹ്യൂമനും തമ്മിലുള്ള വ്യത്യാസം. '.......... സങ്കീര്‍ണമായ പുതിയകാലത്തിനനുസൃതമായി ഹ്യൂമനിസത്തെ തന്നെ തിരിച്ചു പിടിക്കാനും അതുവഴി ന്യുڔഹ്യൂമനിസത്തെ വികസിപ്പിക്കാനുമുള്ള പദ്ധതിയാണ് പോസ്റ്റ്ഹ്യൂമനിസംڈ (പുറം 67) എന്ന് അദ്ദേഹം വാദിക്കുന്നു. ഈ തിരിച്ചു പിടിക്കലുകളുടെ സാധ്യതകളില്‍ ഒന്നിനെയാണ് 'മധുരം ഗായതി' വരച്ചു കാട്ടുന്നത്. കല്പിതഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനെ കാര്‍ട്ടൂണിസ്റ്റായ കഥാകൃത്ത് 'വരച്ചുകാണിക്കുന്നു' എന്ന് തന്നെ വേണം പറയാന്‍. 

പ്രസാദ് പന്ന്യന്‍റെ അഭിപ്രായത്തില്‍, മനുഷ്യര്‍ക്ക് അപ്രാപ്യവും അസാദ്ധ്യവുമായ കഴിവുകളെ പുനര്‍നിര്‍മ്മിക്കുന്ന റോബോട്ടിക്, ബയോ, ജനറ്റിക് സാങ്കേതികവിദ്യകള്‍ മനുഷ്യനെ അഭൗമമായ സൂപ്പര്‍ഹ്യൂമന്‍ڔശക്തിയാക്കി തീര്‍ക്കുന്ന പ്രതിഭാസമാണ്.......... ഇത്തരം പ്രതിഭാസങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ട്രാന്‍സ്ഹ്യൂമന്‍ എന്ന പദമാണ് കൂടുതല്‍ ചേരുക (പുറം 73). 

ഈ വാദം മുഖവിലക്കെടുത്ത് څമധുരം ഗായതിچയെ വിശകലനം ചെയ്താല്‍, ശാസ്ത്രത്തിന്‍റെ സൃഷ്ടിയായ മഹായന്ത്രവും മഹായന്ത്രത്തിന്‍റെ സൃഷ്ടികളായ യന്ത്രകിങ്കരന്മാരും കൃത്രിമ മനുഷ്യരും സൂപ്പര്‍ഹ്യൂമന്‍ വിഭാഗത്തില്‍ പെടുന്ന സൃഷ്ടികളാണെന്ന് നിസ്സംശയം പറയാം.

'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നിരൂപണ ത്തില്‍ പി.കെ. രാജശേഖരന്‍ 'മധുരം ഗായതി'യെ പറ്റി പ്രതിപാദിക്കു ന്നത് ഇങ്ങനെ,

മനുഷ്യനും അമാനുഷവും തമ്മിലുള്ള അതിര്‍ത്തി ഇല്ലാതാക്കുന്നത് വിലക്ഷണീകരണത്തിന്‍റെ ഭാഗമാണ്. . . . ഒരേ സമയം തന്നെ മനുഷ്യന്‍റെ ഉള്ളിലും പുറത്തും കഴിയുന്ന ആത്മാപരം. സര്‍വാധിപതിയായും വലിയ നേതാവായും പ്രകൃതിചൂഷകനായും മനുഷ്യനും പ്രകൃതിക്കും വിപത്കരമായ ശാസ്ത്രവിജ്ഞാനമായും മത-പ്രത്യയശാസ്ത്ര വിശ്വാസതീവ്രത യായും പുറത്തുചാടി മാനുഷികതയെ ഹിംസിക്കുന്ന ഭയാനകമായ ഈ ആത്മാപരത്തെയാണ് വിലക്ഷണീകരണ ത്തിന്‍റെ കലാതന്ത്രത്തിലൂടെ വിജയന്‍ ആവിഷ്ക്കരിച്ചത്. മധുരം ഗായതി (1990) ല്‍ അത് ഒരു 'പോസ്റ്റ്ഹ്യൂമന്‍' അവസ്ഥയുടെ രൂപമാര്‍ജി ക്കുന്നു. അമാനുഷികമായ സാങ്കേതികവിദ്യയും മനുഷ്യനും തമ്മില്‍ ബന്ധിപ്പിച്ച് സൃഷ്ടിക്കുന്ന യന്ത്രശിശുവായി ആ നോവലില്‍ അത് പ്രത്യക്ഷപ്പെടുന്നു. ഭയാനകവും ബീഭത്സവുമായ അമാനുഷരൂപത്തെ സര്‍വനാശത്തില്‍നിന്നുള്ള മനുഷ്യന്‍റെ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ഭാവനയുടെ ഭാഗമായും വിജയന്‍ ഉപയോഗിക്കുന്നുണ്ട് (പുറം 24).

ശാസ്ത്രതത്ത്വങ്ങളെക്കാള്‍ ഒ.വി. വിജയന്‍ ഉപയോഗി ച്ചിട്ടുള്ളത് സര്‍ഗതത്ത്വങ്ങളാണ്. അതുകൊണ്ടാണ് 'മധുരം ഗായതി'യെڔശാസ്ത്രസാഹിത്യവിഭാഗത്തില്‍ പൊതുവെ കണക്കാക്കാത്തത്.  എന്നാല്‍, ഭാവിയും യന്ത്രങ്ങളും മറ്റു ശാസ്ത്രവിഷയങ്ങളും പ്രതിപാദിക്കുന്ന, സാങ്കേതികപദങ്ങള്‍ ഉപയോഗിക്കാതെ സാഹിത്യപദങ്ങളിലൂടെ രചിക്കപ്പെട്ട ശാസ്ത്ര കല്പിതകൃതിയാണ് 'മധുരം ഗായതി'. യുക്തിയെ കേവലം ഉപകാരണാത്മകയുക്തിയായി കണക്കാക്കുന്ന ശാസ്ത്രത്തിന്‍റെ വീഴ്ചയിലേക്കും അതിന്‍റെ പരിണിതഫലങ്ങളിലേക്കുമാണ് ഈ കൃതി വിരല്‍ ചൂണ്ടുന്നത്. നോവല്‍ അവസാനിക്കുമ്പോള്‍, സസ്യവും മൃഗവും ധാതുവും ഒന്നുചേര്‍ന്ന, ആര്‍ദ്രമായ കാറ്റുകളും അലസമായ കടലുകളുമുള്ള ഭൂമി പ്രയാണം തുടരുന്നു. പുതിയ മനുഷ്യനായി മാറിയ മഹായന്ത്രം പ്രതീക്ഷകള്‍ നല്‍കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കേട്ട അഭൗമമായ സംഗീതം പുതിയ ഭൂമിയെയും നയിക്കുന്നു. എന്നാല്‍, ഈ ശുഭപര്യവസാനത്തിനു മുന്‍പ്,ڔഒരു ശാസ്ത്രകല്പിത സാഹിത്യകാരന്‍റെ വന്യഭാവനയില്‍ മാത്രം കാണാനാകുന്ന ഭീകരദൃശ്യങ്ങളിലൂടെയാണ് 'മധുരം ഗായതി' കടന്നുപോകുന്നത്. 

ആല്‍മരത്തിന്‍റെയും സുകന്യയുടെയും യാത്ര തിരിച്ചറിവുക ളുടെയും തിരുത്തലുകളുടെയും യുഗമാണ്. ആ യാത്രക്കിടയിലാണ് മനുഷ്യന്‍റെയും യന്ത്രങ്ങളുടെയും ജനനരഹസ്യവും ഭൂമി പിളര്‍ന്നതിന്‍റെ പൊരുളും സസ്യപ്രജ്ഞയുടെ മഹത്വവും സുകന്യ മനസിലാക്കുന്നത്. പ്രകൃതിയുടെ സ്വച്ഛപ്രയാണത്തെ തടുക്കുന്ന ദേവദത്തന്‍ ഭൂമിയിലെ ആദ്യത്തെ ശാസ്ത്രബോധത്തിന്‍റെ ബിംബമാണ്. ദേവദത്തന്‍റെ ക്രിയകള്‍ക്ക് കാരണം 'ജ്ഞാനിയുടെ മൗഢ്യം' ആണെന്നാണ് ആല്‍മരം പറയുന്നത്. പ്രകൃതിയെ തന്‍റെ വരുതിയിലാക്കാനുള്ള മനുഷ്യന്‍റെ ശ്രമമാണ് ആല്‍മരത്തിന്‍റെ വേരുകള്‍ അറക്കാനുള്ള ദേവദത്തന്‍റെ പുറപ്പാടിലൂടെ വ്യക്തമാക്കുന്നത്. ആല്‍മരത്തെ സംരക്ഷിക്കുന്ന മൃത്യഞ്ജയനും സുമംഗലയും സുകന്യയും നന്ദിനിയും എല്ലാം സാത്വികതയുടെ പ്രതീകങ്ങളാണ്. 

വിജയന്‍ കഥകളിലും നോവലുകളിലും നാം കണ്ടുമുട്ടുന്ന ഋഷിത്വമുള്ളവരോ ആധ്യാത്മികാന്വേഷകരോ ഭൗതികസുഖപരി ത്യാഗികളോ സന്ദേഹികളോ ആയ കഥാപാത്രങ്ങളെ ഗ്രന്ഥകര്‍ ത്താവിന്‍റെ ആത്മപ്രതിനിധാനങ്ങളായി വായിക്കുന്നതില്‍ നിന്നാണ് (അദ്ദേഹത്തിനെപ്പറ്റിയുള്ള) ആധ്യാത്മികത്വവാദ മുണ്ടായത്. എല്ലാ സമയത്തും സംസാരത്തിന്‍റെ രാഷ്ട്രീയവും ചരിത്രപരവും പ്രകൃതി മനുഷ്യബന്ധപരവുമായ മാനങ്ങ ളിലേക്ക് വ്യഗ്രതയോടെ മടങ്ങിപ്പോകുന്ന എഴുത്തുകാരനെയാണ് വിജയന്‍റെ കഥകളില്‍ നാം കണ്ടുമുട്ടുന്നത് (പി.കെ. രാജശേഖരന്‍, 2020, പുറം 25).

څമധുരം ഗായതിچയിലും അത് വ്യത്യസ്തമല്ല. ശാസ്ത്രത്തി ല്‍ നിന്ന് പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കാണ് എഴുത്തുകാരന്‍ ആഹ്വാനം ചെയ്യുന്നത്.

ഒ.വി. വിജയന്‍റെ ആയുധം

എല്ലാം അധീനതയിലാക്കാന്‍ വെമ്പല്‍ കൊണ്ടുനില്‍ക്കുന്ന ശാസ്ത്രത്തിന്‍റെ ആസക്തി എന്നും ചര്‍ച്ചാവിഷയമാണ്. മനുഷ്യനെ വെല്ലുവിളിക്കുന്ന പരിപൂര്‍ണ്ണമായ യാന്ത്രികത സര്‍വ്വനാശത്തി ലേക്കുള്ള പാതയാണ് എന്ന് വാദിച്ച ആദ്യത്തെ വ്യക്തി ഒ.വി.വിജയനുമല്ല. കൊളോണിയല്‍ അധിനിവേശത്തിനെതിരെ ആംഗലേയ ഭാഷയില്‍ എഴുതാനുള്ള കാരണത്തെപ്പറ്റി ചോദിക്കു മ്പോഴൊക്കെ പ്രശസ്ത എഴുത്തുകാരനായ ചിനുവാ അച്ചീബിയുടെ മറുപടി, 'അധികാരികള്‍ക്ക് മനസ്സിലാവണമെങ്കില്‍ അവരുടെ ഭാഷയില്‍ തന്നെ എഴുതണം' എന്നായിരുന്നു (പുറം 343). അധികാരികള്‍ക്കെതിരെ പ്രതികരിക്കാനുള്ള മികച്ച ഉപകരണമായി അദ്ദേഹം കണ്ടത് അവരുടെ ഭാഷ തന്നെയാണ്. 'മധുരം ഗായതി'യിലൂടെ ഒ.വി. വിജയന്‍ ശ്രമിക്കുന്നതും മറ്റൊന്നല്ല, അമിതമായി മനുഷ്യനെ കീഴടക്കുന്ന ശാസ്ത്രബോധത്തിനെതിരെ അദ്ദേഹം കണ്ടെത്തിയ  ആയുധമായിരുന്നു ശാസ്ത്രനോവല്‍ പരിവേഷത്തോടെയുള്ള 'മധുരം ഗായതി'യുടെ അവതരണം. മഹായന്ത്രം,ڔതന്‍റെ പരീക്ഷണശാലയില്‍ പിറവികൊടുത്ത പിഴവുകൂടാത്ത അസംഖ്യം മനുഷ്യര്‍, തങ്ങള്‍ മഹായന്ത്രത്തിന്‍റെ അടിമകളാണെന്ന് അറിയാതെ, ഉത്തരാര്‍ദ്ധത്തിന്‍റെ അധിപന്മാ രാണെന്ന് അഹങ്കരിച്ച്, തങ്ങളുടെ ഏകാധിപതിയെ അടിമയെന്നു തെറ്റിദ്ധരിച്ച് സംതൃപ്തരാകുന്നു. തന്‍റെ പിതാവിനോടുള്ള കടമ നിറവേറ്റാന്‍, വൈകാരികതയുടെ മൂര്‍ദ്ധന്യത്തില്‍ മഹായന്ത്രം രോഷാഗ്നി ചൊരിയുമ്പോള്‍, നിയന്ത്രണം നഷ്ടപ്പെട്ട 'കൃത്രിമ മനുഷ്യര്' ലക്ഷ്യബോധമില്ലാതെ തകര്‍ന്നു വീഴുന്നു. സ്വത്വനാശം ആണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ജ്ഞാനത്താല്‍ മൂഢനായ ദേവദത്തന്‍റെ മറ്റൊരു പതിപ്പാണ് ഉത്തരാര്‍ദ്ധത്തിലെ കൃത്രിമ മനുഷ്യര്‍. ജ്ഞാനമൗഢ്യത്താലും യന്ത്രഗരിമയാലും അന്ധമായ ഉത്തരാര്‍ദ്ധത്തെയും സസ്യ-സര്‍ഗപ്രജ്ഞകള്‍ നയിക്കുന്ന പ്രകൃതിയുടെ ദക്ഷിണാര്‍ദ്ധത്തെയും തമ്മില്‍ ഒന്നിച്ചുചേര്‍ക്കുക എന്ന കടമയാണ് സുകന്യക്കും ആല്‍മരത്തിനുമുള്ളത്. 

ശാസ്ത്രകല്പിതകഥകളൊക്കെയും ശാസ്ത്രത്തിന്‍റെ വളര്‍ച്ചക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് രചിക്കപ്പെട്ടി ട്ടുള്ളത്. ശാസ്ത്രസാഹിത്യ ശാഖയില്‍ ശാസ്ത്രജ്ഞന്മാരായ സാഹിത്യ കാരന്മാരാണ് പേരെടുത്തിട്ടുള്ളവര്‍ ഏറെയും. ഒ.വി. വിജയനും 'മധുരം ഗായതിയും' ആ ശാഖയില്‍ നിന്ന് മാറ്റിനിര്‍ത്ത പ്പെടാനുള്ള കാരണങ്ങളും ഇവയൊക്കെയാണ്. അദ്ദേഹത്തിന്‍റെ കൃതിയില്‍ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയെ പുകഴ്ത്തുന്നതിനേക്കാളേറെ ഇകഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. ശാസ്ത്രകല്പിതകഥകള്‍ അഥവാ സയന്‍സ് ഫിക്ഷനും ഭാവിയെക്കുറിച്ചുള്ള പഠനമായ 'ഫ്യൂച്ചറോളജി'യും തമ്മിലുള്ള ബന്ധം ഒരു പരിധിവരെ അഭേദ്യമാണ്. 'മധുരം ഗായതിയില്' ഫ്യൂച്ചറോളജിയെക്കാളേറെ 'ഫാന്‍റസി' ആണ് എന്ന വാദവും അതിനെ ശാസ്ത്രസാഹിത്യ ശാഖയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് കാരണമാണ്. അതീത കാലത്തെ സര്‍ഗ്ഗാത്മീയതയും വിദൂരകാലത്തെ ശാസ്ത്ര ബോധവും രണ്ടുധ്രുവങ്ങളില്‍ നില്‍ക്കാതെ, വൈരുദ്ധ്യങ്ങള്‍ വെടിഞ്ഞ് ഒന്നായി പരിണമിക്കുന്ന പുതിയ കാലത്തെയാണ് 'മധുരം ഗായതി'യിലൂടെ ഒ.വി. വിജയന്‍ കാണുന്നത്. ഭാവിയില്‍ വന്നേക്കാവുന്ന ശാസ്ത്രപുരോഗതിയുടെ ഭാവനാലോകമാണ് മൂന്നു പതിറ്റാണ്ടു മുന്‍പ് അദ്ദേഹം കുറിച്ചിട്ടത്. ശാസ്ത്രത്തില്‍ നിന്നും മനുഷ്യ പുരോഗതിയില്‍ നിന്നുമുള്ള ഒളിച്ചോട്ടമായോ, ആത്മീയതയിലും പ്രകൃതിയിലുമുള്ള അഭയപ്പെടലായോ ഇതിനെ വായിക്കാം. വിജയന്‍റെ, ജീവിതപരിണാമങ്ങളിലൂന്നിയ പ്രപഞ്ച സങ്കല്പത്തോട് വായനക്കാരന് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാം. എന്നിരു ന്നാലും ആഖ്യാനശൈലിയിലും ആശയത്തിലും ഉള്ള പുതുമകള്‍ څമധുരം ഗായതിچയെ എന്നും വ്യത്യസ്തമാക്കി നിര്‍ത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാഹിത്യവും ശാസ്ത്രബോധവും തമ്മിലുള്ള അന്തരം മനസിലാക്കാനുള്ള മികച്ച പ്രമാണമായും 'മധുരം ഗായതി' പ്രാധാന്യമര്‍ഹിക്കുന്നു.

ഗ്രന്ഥസൂചിക 

ഇന്ദുഗോപന്‍, ജി.ആര്‍. ഐസ് -196  ഇ,. ഡിസി ബുക്സ്, 2021.
കളമുള്ളതില്‍, ഉണ്ണികൃഷ്ണന്‍. ڇസത്യാനന്തരകാലത്തെ ശാസ്ത്രസാഹിത്യം. keralasahityaakademi.org/blog/kssp.html 2019
ജോസഫ്, കെ. ബാബു. ڇടെക്നോളജി നന്മയ്ക്കോ തിന്മയ്ക്കോ?ڈ. പഠനം- ഐസ് -196
ജി.ആര്‍. ഇന്ദുഗോപന്‍, ഡിസി ബുക്സ്, 2021. പുറം 9-13
അപര്‍ണ ആര്‍
ഗവേഷണ വിദ്യാര്‍ത്ഥിനി
ഇംഗ്ലീഷ് സാഹിത്യ വിഭാഗം
മഹാരാജാസ് കോളേജ്, എറണാകുളം 
&
ഡോ. ലക്ഷ്മി ആര്‍. നായര്‍ 
അസോസിയേറ്റ് പ്രഫസര്‍
ഇംഗ്ലീഷ് വിഭാഗം
ഗവണ്‍മെന്‍റ് കോളേജ്, കോട്ടയം