Tablighi Movement in Kerala: Growth and Development
Dr. Muhammedrafeeq .T
Tablighi-Jama’at is an Indian reform movement, founded by Mohammed Ilyas in 1927. It emerged from the reformist Sufi project represented by the renowned Darul- Uloom Madrassa located in Deoband, near Delhi, in the mid1920s. Tablighi-Jama’at concentrates mainly on spiritual welfare of Muslims and it has an inward looking attitude which professes the withdrawal from all concerns except Ibadha (worship) . It is focused on personal religious practices, probably reform from within and never leaning towards political ambitions. To this movement, religious reform and purification were the responsibility of common people and the society at large, apart from the routine work of the Ulamas and the seminaries. It entered Kerala by the middle of the 20th century, and became very popular among professionals and educated. One of the early leaders of it in Kerala was Mohammed Moosa of Thodupuzha. Regular study classes (Tha’leem) aiming to bring about self-change through study and practice and periodic meetings were the important features of the movement. They abstained from debates and discussions and so they had to incur the enmity of few other Muslim groups.
Key words: Maktab, ,Shuddhi Sangathan, Tauhid, Jama’ath, grand chilla,
Reference:
Faruqi, Ziyaul Hassan, Tablighi Jama’at, India and Contemporaries of Islam, Proceedings of Seminar, edit ST Lokhandwalla, Indian Institute of Advanced Study, Shimla, 1971.
Abdul Samad. M. Dr., Islam In Kerala; Groups and Movements in 20th century, Loural Publication, Kollam, 1998.
Khan Wahiduddin, Thabligh Movements, Maktaba al Risala, New Delhi, 1986.
Marwah, I S., Tabligh Movement, A Social Movement In India, edited M S Rao, Voll.II, New Delhi, 1978
Anwarul Haq, Faith Movement and Muhammed Ilyas, London, 1972.
Zikand, Yogeender, The Origin and Development of Tabligh Jama’at, The Orient Longwman Pvt.Ltd., New Delhi, 2002.
Hamza Master, O K, Parishudha Deeni Da’awat, Da’awatil Shradhikenda Kariagal, MiddleHill Ulama Council, Calicut, 2007.
Kareem C K,Kerala Muslim History, Statistics, Directory, Voll.II, Charithram Publication, Kochi, 1991.
Al Kausar Ulama Council, Millath Moosa Maulana, Smaranika, Aluva, 2003.
Pandikashala Kunju Muhammed, Kanjar Moosa Maulana, Jivithaum Dauthyavum, Moosa Maoulana Memorial Publication, Kollam, 2005.
കേരളത്തിലെ തബ്ലീഗ് ജമാഅത്ത് പ്രസഥാനം: വളര്‍ച്ചയും വികാസവും
മുഹമ്മദ് റഫീഖ് ടി
മുസ്ലിം ലോകത്തും പാശ്ചാത്യരാജ്യങ്ങളിലും പ്രാദേശികതലം വരെ സ്വാധീനം ചെലുത്തിയ ഒരു ഇസ്ലാമിക പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ് ഇല്യാസ് (1885 1944) എന്ന സൂഫി പണ്ഡിതന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിക്കടുത്ത് മേവാത് എന്ന പ്രദേശത്ത് ഒരു ഇസ്ലാമിക മത പ്രചാരണ സംഘം എന്ന നിലയിലാണ് ആണ് 1926 ഈ സംഘം പ്രവര്‍ത്തനം ആരംഭി ക്കുന്നത്. ഉത്തരപ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലെ ഖന്തല എന്ന ഗ്രാമത്തിലാണ് മുഹമ്മദ് ഇല്യാസ് ജനിക്കുന്നത്1. ഇസ്ലാമിക വിജ്ഞാനത്തിലും മതഭക്തിയിലും അറിയപ്പെടുന്ന ഒരു കുടുംബമായിരുന്നു മുഹമ്മദ് ഇല്യാസിന്‍റേത്2. സൂഫി പണ്ഡിതനും നിസാമുദ്ദീന്‍ മതപാഠശാലയിലെ മിഹമ്മദ് ഇസ്മായീല്‍ സഫിയ ദബതികളുടെ മകനാണ് മുഹമ്മദ് ഇല്യാസ്3. മൗലാനാ റാഷിദ് അഹമ്മദ് ഖാന്‍ കോകിയുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ് ഇല്യാസ് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ദാറുല്‍ ഉലൂം എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു. വളരെ ലളിതവും ഭക്തി പൂര്‍ണ്ണവുമായ ഒരു ജീവിതമാണ് അദ്ദേഹം അവിടെ നയിച്ചത്. അദ്ദേഹത്തിന്‍റെ സ്വഭാവരൂപീകരണത്തിനും സമൂഹത്തില്‍ ഒരു ആത്മീയ സ്ഥാനം കിട്ടുന്നതിനും വളരെ നിര്‍ണ്ണായകമായ ഒരു സ്ഥാനം ദാറുല്‍ ഉലൂം എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുണ്ട്.2 ഈ കാലഘട്ടത്തില്‍ പൊതുസമൂഹത്തില്‍ നിന്നും വിട്ടുനിന്നു കൊണ്ട് കഠിനമായ ആത്മീയ പരിശീലനതിനും ധ്യാനത്തിനും കൂടുതല്‍ സമയം ഇല്യാസ് കണ്ടെത്തി5. ഇതിലൂടെ ആത്മീയകാര്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്ന ഒരു നേതാവായി അദ്ദേഹം മാറി. ഇത്തരത്തില്‍ ആത്മീയ നേതൃത്വം നല്‍കുന്ന വ്യക്തികളെ ഷെയ്ഖ് എന്നാണ് മുസ്ലിം സമൂഹത്തില്‍ അറിയപ്പെട്ടിരുന്നത്. ആ നാമത്തിന് മുഹമ്മദ് ഇല്യാസ് അര്‍ഹനായി. അദ്ദേഹത്തിന്‍റെ പിതാവ് മുഹമ്മദ് ഇസ്മായിലിന്‍റെ മരണശേഷം മുഹമ്മദ് ഇല്യാസ് ഹസ്റത്ത് നിസാമുദ്ദീനിലെ മത പഠനശാലയുടെ നേതൃത്വം ഏറ്റെടുത്തു ഒരു അധ്യാപകന്‍ എന്ന നിലയിലും ഒരു ആത്മീയ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്‍റെ പ്രശസ്തി നിസാമുദ്ദീനിലും മേവാത്തിലും വ്യാപകമായി പ്രചരിച്ചു. ഇത് മേവാത്തില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ ബാഗ്ലാവാല പള്ളിയോട് ചേര്‍ന്നുള്ള മതപഠന ശാലയിലേക്ക് എത്തിച്ചേരാന്‍ കാരണമായി. ഇതേ തുടര്‍ന്ന് അദ്ദേഹം മേവാത്ത സന്ദര്‍ശിക്കുകയും അവിടെ മത പഠന ശാല ആരംഭിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പിതാവ് മുഹമ്മദ് ഇസ്മായില്‍ ആണ് ബഗ്ലാവാല മസ്ജിദിനോട് ചേര്‍ന്നുള്ള മതപാഠശാല ആരംഭിച്ചതും മേവാത്തിലെ മുസ്ലിം വിദ്യാര്‍ഥികളെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തത്. പഠിക്കാന്‍ വരുന്ന തൊഴിലാളികള്‍ക്ക് തൊഴിലിന് പോയാല്‍ ലഭിക്കുന്ന അതേ കൂലി സ്കോളര്‍ഷിപ്പായി (വിദ്യാര്‍ത്ഥി വേതനം) അദ്ദേഹം നല്‍കിയിരുന്നു6. മേവാത്തിലെ ജനങ്ങളുമായി പിതാവിന്‍റെ കാലം മുതല്‍ക്കുള്ള ഈ ബന്ധമാണ് പിന്നീട് തന്‍റെ പ്രസ്ഥാനം മേവാത്തില്‍ നിന്നും തുടക്കംകുറിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.
രജപുത് ഗോത്ര വിഭാഗത്തിലെ മിയോസ് എന്ന ജനവിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശമാണ് മേവാത്ത്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിനും ഇടയില്‍ ഇന്ത്യയില്‍ സ്ഥാപിതമായ അടിമവംശത്തിന്‍റെ കാലഘട്ടത്തിലാണ് ഈ ജനവി ഭാഗം ഇസ്ലാം മതവിശ്വാസം സ്വീകരിക്കുന്നത്. നിസാമുദ്ദീന്‍ എന്ന സൂഫിയുടെയും അദ്ദേഹത്തിന്‍റെ അനുയായികളുടെയും പ്രവര്‍ത്തന ഫലമായി ഈ വിഭാഗം ഇസ്ലാംമതം സ്വീകരിക്കുന്നത്7. ഇവര്‍ വിശ്വാസപരമായി മുസ്ലിങ്ങള്‍ ആയിരുന്നു എങ്കിലും ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന പല സാമൂഹിക ആചാരങ്ങളെയും വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും പിന്തുടര്‍ന്നിരുന്നു. മുസ്ലിം വിശ്വാസത്തിന്‍റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആന്‍ വായിക്കുവാന്‍ ഇവര്‍ക്ക് അറിയില്ലായിരുന്നു. ഇസ്ലാം മതവിശ്വാസത്തിന് അടിസ്ഥാന ഘടകമായ ഷഹാദത്ത് (ദൈവം ഏകനാണ് എന്ന സാക്ഷ്യപ്പെടുത്തുന്ന വചനം) ശരിയായ രീതിയില്‍ വായിക്കാന്‍ പോലും ഇവര്‍ക്ക് അറിയില്ലായിരുന്നു. ഇവരുടെ ജനനവും മരണവും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹിന്ദുമതാചാരാനുഷ്ഠാനങ്ങളനിസരിച്ചാണ് നടത്തികൊണ്ടിരുന്നത്8. ഈ ജനവിഭാഗത്തെ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസാചാരങ്ങളിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി മുഹമ്മദ് ഇല്യാസ് നിരന്തരം മേവാത്ത് സന്ദര്‍ശിക്കുകയും മതപഠനം നടത്തുവാന്‍ ഇവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. മുസ്ലിം മതപഠന ശാലകളില്‍ നിന്നും പുറത്തുവരുന്ന മുസ്ലീങ്ങള്‍ അവരുടെ പഴയ ആചാരനുഷ്ഠാനങ്ങള്‍ തുടരുന്നതാണ് വിശ്വാസകാര്യങ്ങളില്‍ അവര്‍ പിറകോട്ട് പോകുന്നതിനു കാരണം എന്ന് അദ്ദേഹം മനസ്സിലാക്കി. മതബോധത്തിന്‍റെ അഭാവമാണ് സാമുദായിക ഐക്യപ്പെടലിനു വിഘാതമാകുന്നത് എന്നദ്ദേഹം തിരിച്ചറിഞ്ഞു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇസ്ലാമിക വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ശക്തിപ്പെടുത്തികൊണ്ടു ള്ള ഒരു പ്രവര്‍ത്തന രീതികള്‍ അദ്ദേഹം തുടക്കംകുറിച്ചു.
തന്‍റെ വിശ്വാസ പ്രചാരണം ശക്തമാക്കാന്‍ മുഹമ്മദ് ഇല്യാസിനെ പ്രേരിപ്പിച്ച മറ്റൊരു ഘടകം ശുദ്ധിസംഘതന്‍ എന്ന ഹിന്ദു സംഘടനയുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു9. മിയോ മുസ്ലിംകളെ അവരുടെ പൂര്‍വ്വ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ശുദ്ധിസംഘതന്‍ എന്ന സംഘടന നടത്തിയ ശക്തമായ ഇടപെടലുകളെ പ്രതിരോധിക്കുവാന്‍ വേണ്ടി ഇസ്ലാമിക മതപ്രചാരണം ശക്തമാക്കാന്‍ മുഹമ്മദ് ഇല്യാസ് തീരുമാനിച്ചു. സാധാരണക്കാരായ മിയോ മുസ്ലീങ്ങള്‍ക്ക് ഇസ്ലാമതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പഠിപ്പിച്ചു കൊടുത്തുകൊണ്ട് ഇസ്ലാമത വിശ്വാസത്തില്‍ തന്നെ അവരെ പിടിച്ചുനിര്‍ത്തി.
മത പ്രചാരണ സംഘം രൂപീകരിച്ചുകൊണ്ട് ഇസ്ലാം മത പ്രചരണം നടത്തുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം മുസ്ലിം സമൂഹം നേരിട്ടുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. 1857ലെ സ്വാതന്ത്രസമരത്തിന് ശേഷം മുസ്ലിംസമൂഹം നേരിട്ട സാമ്പത്തികപ്രതിസന്ധി പുതിയ മതപഠന ശാലകള്‍ സ്ഥാപിച്ചു മതവിദ്യാഭ്യാസം നല്‍കുന്നതിന് വിഘാതമായി. ഈ സാമ്പത്തിക പ്രതിസന്ധി പുതിയ രൂപത്തിലുള്ള ഒരു പരിഷ്കരണ പ്രസ്ഥാനത്തിനു രൂപം നല്‍കുവാനദ്ദേഹത്തെ പ്രേരിപ്പിച്ചു. മുസ്ലിം സമൂഹത്തിന്‍റെ ആത്മീയ പുരോഗതിയ്ക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് പ്രവാചകന്‍ മുഹമ്മദും അദ്ദേഹത്തിന്‍റെ അനുയായികളും ഇസ്ലാമിന്‍റെ ആദ്യകാല പ്രചാരണത്തിനു സ്വീകരിച്ച മാതൃക അദ്ദേഹം സ്വീകരിച്ചു10. ഇതിലൂടെ മുസ്ലിം സമൂഹത്തിന്‍റെ ആത്മീയ പുരോഗതി ഉറപ്പാക്കുവാനും പ്രവാചകന്‍ മുഹമ്മദിന്‍റെ ജീവിതരീതി സമൂഹത്തില്‍ പുനസ്ഥാപിക്കാനും തന്‍റെ പ്രവാചകസ്നേഹം പ്രകടിപ്പിക്കുവാനും സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നോക്കാവസ്ഥയിലുള്ള മുസ്ലിം സമൂഹത്തെ വിദ്യാഭ്യാസത്തി ലൂടെ പുരോഗതിയിലേക്ക് നയിക്കുകയെന്നത് ഒരു പണ്ഡിതന്‍റെ ഉത്തരവാദിത്വമായി കണ്ട് അദ്ദേഹം ഈ പ്രവര്‍ത്തനത്തിലൂടെ മുസ്ലിം സമൂഹത്തെ ഒന്നടങ്കം തന്‍റെ പ്രചാരണ ആശയത്തിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചു.
1927 ല്‍ മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മുഹമ്മദ് ഇല്യാസ് നോഹയില്‍ ഒരു സമ്മേളനം വിളിച്ചു ചേര്‍ക്കുകയും തന്‍െറ ജമാഅത്ത് (കൂട്ടായ പ്രബോധന രീതി) എന്ന ആശയം മുന്നോട്ട് വെക്കുകയും ചെയ്തു. ജനങ്ങളെ ജമാഅത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കരുത് എന്നും പകരം അവരോട് ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുവാനും തെറ്റായ പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കുവാനും അപേക്ഷിക്കുക മാത്രമേ ചെയ്യാവൂ എന്നും തന്‍റെ അനുയായികളോട് നിഷ്കര്‍ഷിച്ചു. മാത്രമല്ല ഏകദൈവ സിദ്ധാന്തവും ഇസ്ലാമിക കര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുന്ന തിലുംശ്രദ്ധകേന്ദ്രീകരിക്കുവാന്‍ അദ്ദേഹം അനുയായികളോട് ആവ ശ്യപ്പെട്ടു. പത്തുപേരടങ്ങുന്ന ചെറുസംഘങ്ങള്‍ രൂപീകരിക്കുകയും ഇവര്‍ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുകയും തദ്ദേശീയരായ ജനങ്ങളെ തൊട്ടടുത്ത പള്ളിയിലേക്ക് ക്ഷണിക്കു കയും അവരോട് താഴെപ്പറയുന്ന 6 കാര്യങ്ങള്‍ പിന്തുടരുവാന്‍ അഭ്യര്‍ ത്ഥിക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനരീതികദ്ദേഹം തുടക്കം കുറിച്ചു. ഇതിനെ തബ്ലീഗ് ജമാഅത്ത് എന്ന നാമം നല്‍കുകയും ചെയ്തു
1 കലിമ: ദൈവം ഏകനാണ് എന്നും മുഹമ്മദ് ദൈവത്തിന്‍റെ പ്രവാചകനാണെന്നും സാക്ഷ്യപ്പെടുത്തുന്ന അറബി വാക്കാണ് ഇത്. ഇതിലൂടെ ദൈവത്തിന്‍റെ ഏകത്വം ഉറപ്പിക്കുവാനും പ്രവാചകന്‍ മുഹമ്മദിനെ അനുസരിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനും ഇവര്‍ ശ്രമിച്ചു.
2 സ്വലാത്ത്: അഞ്ചുനേരത്തെ മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനയാണ് ഇത് സൂചിപ്പിക്കുന്നത്. എങ്ങിനെയാണ് പ്രാര്‍ത്ഥന നടത്തേണ്ടത് എന്ന് ഇതിലൂടെ അവര്‍ മുസ്ലീങ്ങളെ പരിശീലിപ്പിച്ചു. ദൈവത്തിന്‍റെ മുന്നില്‍ സര്‍വ്വ സമര്‍പ്പണം എന്നതാണ് ഇതിന്‍റെ ആശയം.
3 ഇല്‍മ്, ദിക്റ്: അറിവിനെയും ദൈവീക മഹത്വത്തെയും പ്രകീര്‍ത്തിക്കുകയാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇവിടെ അറിവ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവിക ഗ്രന്ഥമായ ഖുറാനില്‍ പരാമര്‍ശിച്ച ശരിയും തെറ്റുമാണ്. ഈ അറിവ് നേടാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും പഠിക്കുവാനും, പ്രവാചകന്‍ മുഹമ്മദിനെയും സഹപ്രവര്‍ത്തകരുടെയും ജീവചരിത്രം പഠിക്കുവാനും പ്രഗല്‍ഭരായ കര്‍മശാസ്ത്രപണ്ഡിതന്മാര്‍ വിശദീകരിച്ച ഗ്രന്ഥങ്ങള്‍ പഠിക്കുവാനും ഇവര്‍ നിര്‍ദ്ദേശിച്ചു. ദിക്ര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവത്തെ സ്തുതികലാണ്. ജമാഅത്തില്‍ പങ്കെടുക്കുന്നവര്‍ ആത്മാര്‍ത്ഥമായി ധ്യാനനിരത നായി കൊണ്ട് എല്ലാ ദിവസവും കുറച്ചു സമയം ദൈവീക മഹത്വത്തെ സ്തുതിക്കുന്നതിനുവേണ്ടി മാറ്റിവെക്കലാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വിശ്വാസി തന്‍റെ ലൗകീകമായ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത് ദൈവത്തോ ടുള്ള ഗാഢസ്നേഹത്തിന്‍റെ ആവേശമുള്‍ക്കൊണ്ടായിരിക്കണ മെന്നും ഐഹികപരമായ പരിഗണന രണ്ടാം സ്ഥാനത്ത് ആയിരിക്കണമെന്നും ഇത് അര്‍ത്ഥമാക്കുന്നു11.
4 ഇകറാമേ മുസ്ലിം: മുസ്ലിംകളോട് ദയയും ബഹുമാനവും ഉണ്ടാവുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാ മുസ്ലിങ്ങളും സഹമുസ്ലീങ്ങളോട് വിനയത്തോടും ബഹുമാനത്തോടും പെരുമാറണമെന്നും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കണമെന്നും നിശ്കര്‍ശിക്കുന്നു. അയല്‍വാസികളോട് മാന്യമായി പെരുമാറുകയും പാവങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.
5 ഇഖ്ലാസ് എ നിയ്യത്ത്: ഇംഗിതങ്ങളിലെ ആത്മാര്‍ത്ഥതയെ ആണ് ഇത് അര്‍ത്ഥമാക്കുന്നത്. ഒരു മുസ്ലിം എല്ലായിപ്പോഴും അവന്‍റെ പ്രവര്‍ത്തനങ്ങളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഒരാളുടെ എല്ലാ പ്രവര്‍ത്തിയും ദൈവീക പ്രീതിക്ക് വേണ്ടി മാത്രമാണ് എന്നും ഭൗതിക നേട്ടങ്ങള്‍ള്‍ക്കല്ലെന്നും ഇതിലൂടെ അര്‍ത്ഥമാക്കുന്നു.
6 തഫ്രിഖെ എ വക്ത്: ദൈവീക മാര്‍ഗത്തില്‍ ഉള്ള സമയം ചെലവഴിക്കല്‍ ആണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇതാണ് തബ്ലീഗ് ജമാഅത്തിനെ നൂതനവും മറ്റുള്ള ഇസ്ലാമിക സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതുമായ ആശയം. ദൈവീക വചനം പ്രചരിപ്പിക്കുവാന്‍ ഓരോ അംഗവും അവരുടെ സമയം ചെലവഴിക്കല്‍ ആണ് ഇത്. ദൈവികമാര്‍ഗത്തില്‍ ചുരുങ്ങിയത് 40 ദിവസം യാത്ര ചെയ്തു വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളെ ദൈവിക വചനങ്ങള്‍ പഠിപ്പിക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ചുരുങ്ങിയത് 10 അംഗങ്ങളുള്ള സംഘങ്ങളായാണ് ഇവര്‍ യാത്ര ചെയ്യുക. ഇവരില്‍ നിന്നും ഒരാള്‍ സംഘത്തലവനായി തിരഞ്ഞെടുക്കുന്നു. സംഘത്തിലെ മറ്റ് അംഗങ്ങളുടെ ആവശ്യങ്ങള്‍ നോക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. സംഘത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൂടിയാലോചനയിലൂടെയാണ്. ഈ യാത്ര ലക്ഷ്യം വെക്കുന്നത് ദൈവികമാര്‍ഗത്തില്‍ യാത്ര ചെയ്തു ആത്മശുദ്ധീകരണം വരുത്തുക എന്നുള്ളതാണ്.
തബ്ലീഗ് ബിഗ് ജമാഅത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കപ്പെടേണ്ട നിബന്ധനകള്‍ താഴെ പറയുന്നവയാണ്.
2 പരസ്പരബഹുമാനം ഉണ്ടായിരിക്കണം.
3 പണ്ഡിതന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.
4 മതപരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. അടിസ്ഥാന വിശ്വാസത്തിനും അനുഷ്ഠാനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണം രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഇടപെടാന്‍ പാടില്ല.
5 ആത്മാര്‍ത്ഥതയോടുകൂടി മാത്രമേ തബ്ലീഗ് ജമാഅത്ത് സംഘത്തില്‍ ചേരാന്‍ പാടുള്ളൂ .
6 ശരിയായ മാര്‍ഗ്ഗത്തിലൂടെയും സത്യസന്ധതയിലൂടെയും ഓരോരുത്തരും അവരുടെ ജീവിത മാര്‍ഗം കണ്ടെത്തണം.
7 അനാവശ്യ സംസാരങ്ങളും പ്രവര്‍ത്തികളും ഒഴിവാക്കണം . ഒരു അദ്ധ്യാപകന്‍റെ കീഴില്‍ കൂട്ടമായി പഠിക്കലും പഠിപ്പിക്കലും പ്രോത്സാഹിപ്പിക്കണം12.
10 ദിവസം 40 ദിവസം 120 ദിവസം ഒരു വര്‍ഷം ജീവിതകാലം മുഴുവന്‍ എന്നീ രീതികളിലാണ് മുഹമ്മദ് ഇല്യാസ് തന്‍റെ സംഘത്തിന്‍റെ കാലാവധി നിശ്ചയിച്ചിരുന്നത്. ഒരു ജമാഅത്തിലെ (സംഘം) അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അത് വിഭജിച്ച് പുതിയ ഒരു ജമാഅത്ത്(സംഘം) രൂപീകരിച്ചു മറ്റൊരു സ്ഥലത്തേക്ക് മതപ്രചാരണത്തിന് പോകുന്ന രീതിയാണ് തുടരുന്നത്. ഇത്തരം സംഘത്തിലെ അംഗങ്ങള്‍ സ്വന്തം പ്രദേശത്തും അയല്‍ ദേശത്തും ആയി ആഴ്ചയില്‍ രണ്ടു തവണ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുക്കണം. ചുരുങ്ങിയത് മൂന്നു ദിവസം എങ്കിലും ഒരു അംഗം ജമാഅത്തില്‍ പങ്കെടുക്കേണ്ടതാണ്13. ഇത്തരം ജമാഅത്തുകള്‍ നടത്തിയിരുന്നത് പള്ളികളിലോ അതിനോട് ചേര്‍ന്ന സ്ഥലങ്ങളിലോ ആയിരുന്നു. ദിനേനയുള്ള അഞ്ചുനേരത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം സംഘത്തലവന്‍ (അമീര്‍) അംഗങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വം നല്‍കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. സംഘാംഗങ്ങള്‍ ചെല്ലുന്ന പ്രദേശത്തെ മുസ്ലീങ്ങളെ സന്ദര്‍ശിച്ച് അവരെ പള്ളിയിലേക്കും പ്രാര്‍ത്ഥനക്കും ശേഷമുള്ള പഠന ക്ലാസുകളിലേക്ക് ക്ഷണിക്കുന്നു . പഠന ക്ലാസ്സിനു പറയുന്ന പേരാണ് ഗഷ്ത്ത്14. പഠന ക്ലാസുകള്‍ രണ്ടുതരത്തിലുണ്ട്.
1. ഗഷ്ത്ത് എ ഗുസുസ്: ഇത് ജമാഅത്ത് നടക്കുന്ന പ്രദേശത്തെ പൗര പ്രമുഖരെ സന്ദര്‍ശിച്ചു അവരുടെ സഹകരണം ഉറപ്പാക്കലാണ്.
2. ഗഷ്ത്ത് എ ഉമൂമി: ജമാഅത്ത് നടക്കുന്ന പ്രദേശത്തെ മുഴുവന്‍ മുസ്ലീങ്ങളെയും ക്ഷണിക്കുന്നതിന് പറയുന്നതാണ് ഈ പേര്15.
ഇങ്ങനെ ക്ഷണിച്ചു വരുന്നവര്‍ക്കും സംഘാംഗങ്ങള്‍ക്കും ഒരുമിച്ചു പഠന ക്ലാസ് നടത്തുകയും ഇസ്ലാമിക കര്‍മ്മങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചക വചനങ്ങളുടേയും അടിസ്ഥാനത്തില്‍ വിശദീകരിച്ചു നല്‍കുന്ന ഒരു രീതിശാസ്ത്രമാണ് ഇവര്‍ നടത്തിയിരുന്നത്. ഈ തബ്ലിഗ് പാഠ്യപദ്ധതി വികസിപ്പിച്ചെടുത്തത് മൗലാനാ മുഹമ്മദ് സകരിയ്യ എന്ന പണ്ഡിതന്‍ ആണ്16.
കേരളത്തിലെ തബ്ലീഗ് പ്രസ്ഥാനം .
1940കളില്‍ തന്നെ കേരളത്തില്‍ തബ്ലിഗ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചിരുന്നു17. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പള്ളിയില്‍ അധ്യാപകനായ മൗലാന മുസ്തഫ ആലിം സാഹിബാണ് തബ്ലിഗിനെ കേരളത്തില്‍ പരിചയപ്പെടുത്തുന്നത്. ഉത്തരപ്രദേശിലെ ദുയൂബന്ധില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തന്‍റെ പഠനകാലത്താണ് ഈ തബ്ലീഗ് പ്രസ്ഥാനത്തെ സംബന്ധിച്ച് പഠിച്ചത്18. എന്നാല്‍ അദ്ദേഹത്തിന് ഈ പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ സാധിച്ചില്ല. ആ കാലഘട്ടത്തില്‍ ദുയുബന്ധില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് മുസ്തഫ പുനലൂര്‍, സാദിഖ് മൗലവി കിളിയന്നൂര്‍, അബ്ദുല്‍ ഹമീദ് മൗലവി പുതുനഗര്‍, അബ്ദുല്‍ ഹമീദ് ഹസ്റത്ത്, അമാനി ഹസ്റത്ത് എന്നിവരും തബ്ലീഗ് ആശയം പിന്തുടരുന്നവര്‍ ആയിരുന്നെങ്കിലും കേരളത്തിലെ ഈ പ്രസ്ഥാനത്തിന്‍റെ ആശയ പ്രചരണത്തില്‍ സജീവമായിരുന്നില്ല എന്നതാണ് ഇതിന്‍റെ കാരണം.
1951 ആയപ്പോഴേക്കും തെക്കന്‍ കേരളത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഈ പ്രസ്ഥാനം ശക്തിപ്പെടാന്‍ തുടങ്ങി. ഇതിന് പ്രധാന കാരണം കാഞ്ഞാര്‍ മൂസ മൗലാന എന്ന മത പണ്ഡിതന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നു19. അമാനി ഹസ്റത്തിന്‍റെ ശിഷ്യനായ ഇദ്ദേഹം ലാല്‍പേട്ടയിലെ മന്‍മ്പഉല്‍ അന്‍വാര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തി തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ പ്രചാരണത്തിനു നേതൃത്വം നല്‍കിയതാണ് ഇതിനു കാരണം. പഠന കാലഘട്ടത്തില്‍തന്നെ തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ഇടപഴകാനും തന്‍റെ അധ്യാപകനായ അമാനി ഹസ്റത്തിന്‍റെകൂടെ തബ്ലീഗ് ജമാ അത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു20. തന്‍റെ ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടിയും തബ്ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനും വേണ്ടി മൂസ മൗലവി സ്വന്തം നാട്ടില്‍ ഒരു മതപഠനശാല ആരംഭിച്ചു. ഇത് സാധാരണ മുസ്ലീങ്ങള്‍ക്കിട യില്‍ അദ്ദേഹത്തിന് സ്വാധീനം വര്‍ധിപ്പിക്കാന്‍ കാരണമായി. തബ് ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂസ മൗലവി തന്‍റെ നാട്ടിലേക്ക് നാല് മാസം നീണ്ടു നില്‍ക്കുന്ന ഒരു ജമാഅത്തിനെ മൗലാന റഹ്മത്തുള്ള യുടെയും മിയാന്‍ ജി ഈസ സാഹിബിന്‍റയും നേതൃത്വത്തില്‍ ക്ഷണിക്കുകയുണ്ടായി. ഇത് കാഞ്ഞാറിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ പ്രചാരണം ശക്തമാവാന്‍ കാരണമായി. അതിനുശേഷമാണ് തൊടുപുഴ ഹസറത്ത് എന്നറിയപ്പെടുന്ന ശൈഖ് മുഹമ്മദ് കൂത്താരിയുടെ നേതൃത്വത്തിലുള്ള തബ്ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്21. ഇതോടുകൂടി തബ്ലീഗ് ആശയങ്ങള്‍ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. മുഹമ്മദ് ലബ്ബഹാജി, പരീദ് ബാവ, മുഹമ്മദ് ഹാജി, നൂറു മൗലാന എന്നിവരാണ് തബ്ലീഗ് ആശയ പ്രചാരണത്തില്‍ മൂസ മൗലവിയെ സഹായിച്ചിരുന്ന പ്രധാനികള്‍. ആദ്യകാലങ്ങളില്‍ ഷൈക്ക്മുഹമ്മദ് കുത്താരിയുടെ നേതൃത്വത്തിലാണ് തബ്ലീഗ് സംഘത്തിന്‍റെ പ്രവര്‍ത്തനം നടന്നിരുന്നത്. അദ്ദേഹത്തിന് ശേഷം മുഹമ്മദ് ലബ്ബ് ഹാജിയും അതിനുശേഷം മൂസ മൗലാന യും സംഘത്തിന് നേതൃത്വം നല്‍കുകയുണ്ടായി.
1930 മേയ് പത്താംതീയതി ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍ എന്ന പ്രദേശത്ത് ആണ് മൂസ മൗലാന ജനിക്കുന്നത്. കാഞ്ഞാറില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഈരാറ്റുപേട്ടയിലെ പണ്ഡിതന്‍ മുഹമ്മദ് മുസ്തഫ ആലിമിന്‍റകീഴില്‍ പഠിച്ചു. അതിനുശേഷം തമിഴ്നാട്ടിലെ ജവോര്‍ ജില്ലയിലെ നിടൂര്‍നിവാസ് മതപഠന ശാലയില്‍ ചേര്‍ന്നു പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അമാനി ഹസ്റത്ത് എന്ന പണ്ഡിതന്‍റെ കീഴില്‍ ലാല്‍പേട്ടയിലെ മന്‍ബഉല്‍ അന്‍വാര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. ഇവിടെ വെച്ചാണ് മൂസ മൗലവി തബ്ലിഗ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായതും അതിന്‍റെ പ്രചാരകനായി മാറിയതും22. ഇവിടെ നിന്നും തിരിച്ചെത്തി തന്‍റെ ഗ്രാമമായ കാഞ്ഞാറില്‍ തബ്ലീഗ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനഫലമായി പ്രാദേശിക മുസ്ലീങ്ങള്‍ക്ക് പ്രസ്ഥാനാശയങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു. അദ്ദേഹം ചെറിയ ചെറിയ സംഘങ്ങളെ രൂപീകരിക്കുകയും തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് തബ്ലീഗ് പ്രവര്‍ത്തനത്തിനായി അയക്കുകയും ചെയ്തു. ഈ ചെറിയ സംഘങ്ങള്‍ അദ്ദേഹത്തിന്‍റെ ഗ്രാമത്തിന്‍റെ തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ മുസ്ലിം വിഭാഗങ്ങളെ മതവിശ്വാസ ആചാരങ്ങളെ പഠിപ്പിക്കുന്നതില്‍ വ്യാപൃതരായി. തുടര്‍ന്ന് കൂടുതല്‍ മതകാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി തമിഴ്നാട്ടിലെ ദിണ്ടിഗല്‍ എന്ന പ്രദേശത്തുനിന്നും മിയാന്‍ജിഈസ സാഹിബിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ കാഞ്ഞാറിലേക്ക് കൊണ്ടുവരികയും കാഞ്ഞിരപ്പള്ളി, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ തബ്ലീഗ് ജമാഅത്ത് സംഘടിപ്പിക്കുകയും ചെയ്തു.
തബ്ലീഗ് ആശയപ്രചാരണത്തിന് മൂസ മൗലാന വഹിച്ച പങ്ക് നിസ്തുലമാണ്. തന്‍റെ ജീവിതത്തിന്‍റെ വലിയ ഒരു സമയം അദ്ദേഹം തബ്ലീഗ് മതപ്രചാരണത്തിന് വേണ്ടി ചെലവഴിച്ചു. മഠത്തില്‍ തമ്പി റാവുത്തരുടെ സഹായത്തോടെ കാഞ്ഞിരപ്പള്ളിയില്‍ വെച്ച് നടന്ന സമ്മേളനത്തോടെ തെക്കന്‍ കേരളത്തില്‍ പ്രസ്ഥാനം വേരുറപ്പിക്കാന്‍ തുടങ്ങി. ഈ സമ്മേളനത്തിന് ശേഷമാണ് പുലിപ്പാറ, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലേക്ക് തബ്ലീഗ് സംഘങ്ങളുടെ പ്രചാരണം ആരംഭിക്കുന്നത്. ഇതോടുകൂടി ധാരാളം പണ്ഡിതന്മാര്‍ ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പുലിപ്പാറ അബ്ദുല്‍ ഖാദര്‍ മൗലവി, ഇബ്രാഹിം ഹാജി, ഹനീഫ മുസ്ലിലിയാര്‍, സൈനുല്‍ ആബിദ് മുസ്ലിയാര്‍, സ്വാലിഹ് സാഹിബ് ചിറയിന്‍കീഴ്, മൗലാന നൂറ് പെരുമാതുറ, മണര്‍കാട് അബ്ദുല്‍ റഷീദ് ഹാജി എന്നിവര്‍ ഇതില്‍ പ്രധാനികളാണ്. ഇതോടുകൂടി തമിഴ്നാടിന്‍റെ കേരള അതിര്‍ത്തികളിലും തെക്കന്‍ കേരളത്തിലേക്കും തബ് ലീഗ് ആശയം പ്രചരിക്കാന്‍ തുടങ്ങി23.
എട്ടുമാസത്തെ തബ്ലീഗ് ജമാഅത്ത് പ്രചാരണത്തില്‍ പങ്കെടുത്തശേഷം ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ മൂസ മൗലവി തന്‍റെ പ്രചാരണം കേരളത്തില്‍ കൂടുതല്‍ ശക്തമായി തുടരാന്‍ തീരുമാനിച്ചു. തന്‍റെ പ്രവര്‍ത്തനമേഖല ഇടുക്കിയില്‍ നിന്നും കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തുടങ്ങി. 1955 സ്ഥാപിച്ച ദക്ഷിണ കേരള ജംഇയ്യത്തുല്‍ഉലമ എന്ന മത സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഈ സഹകരണം തിരുകൊച്ചി മേഖലയില്‍ തബ്ലീഗ് പ്രസ്ഥാനത്തിന് കൂടുതല്‍ ജനകീയതവും സ്വീകാര്യതയും ലഭിക്കാന്‍ കാരണമായി.
എന്നാല്‍ മലബാര്‍ മേഖലയിലെ പണ്ഡിതന്മാരും മുസ്ലിം ജനവിഭാഗവും ഈ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങിയത്. മലബാര്‍ മേഖല ഒന്നടങ്കം ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതിരുന്നതും തബ്ലീഗ് ജമാഅത്തിന്‍റെ പ്രവര്‍ത്തനം മലബാര്‍ മേഖലയില്‍ ദുര്‍ബലമാക്കാന്‍ കാരണമായി. ഇതേതുടര്‍ന്ന് മലബാര്‍ മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിനുവേണ്ടി തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നിന്നും ഒരു ജമാഅത്ത് തത്തമംഗലം, പുതുനഗരം, വടക്കാഞ്ചേരി എന്നിവിടങ്ങ ളിലേക്കും മേട്ടു പാളയത്തില്‍ നിന്നും മറ്റൊരു ജമാഅത്ത് ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും അയക്കുകയുണ്ടായി24. വടക്കന്‍ കേരള ത്തില്‍ തബ്ലീഗ് ആശയം പ്രചരിപ്പിക്കാന്‍ ഈ ജമാഅത്തുകള്‍ക്ക് സാധിച്ചു. കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന ങ്ങള്‍ക്ക് വ്യാപിപ്പിക്കാന്‍ ഇതിലൂടെ മൂസ മൗലാനക്കും അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കും സാധിച്ചു. എല്ലാവര്‍ഷവും കേരളത്തിന്‍റെ മൂന്നു മേഖലകളിലും ഇവരുടെ ജമാഅത്തുകള്‍ ഇന്ന് സംഘടിപ്പിക്കപ്പെട്ടുന്നു25.
തബ്ലീഗ് ജമാഅത്തിനെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
കേരളത്തിലെ വരുംതലമുറകള്‍ക്ക് തബ്ലീഗ് ആശയം പഠിപ്പിക്കുന്നതിനും പ്രചരണം നടത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുവാന്‍ മൂസ മൗലവിയും തബ്ലീഗ് ജമാഅത്തിന്‍റെ പ്രവര്‍ത്തകരും തീരുമാനിച്ചു. ഇതിന് ആവശ്യമായിവരുന്ന ചിലവ് തബ്ലീഗ് ആശയം പിന്തുടരുന്ന പണക്കാരില്‍ നിന്നും ശേഖരിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ എടതലയില്‍ അല്‍ജാമിയ അല്‍കൗസറിയ എന്ന വൈജ്ഞാനിക കേന്ദ്രം തബ്ലീഗ് ജമാഅത്ത് ആരംഭിച്ചു. ഇത് കേരളത്തിലെ തബ്ലീഗ് ജമാഅത്തിന്‍റെ ആസ്ഥാന കേന്ദ്രമായി പിന്നീട് മാറി. ഈ കേന്ദ്രം ഇന്ന് തബ്ലീഗ് ജമാഅത്തിന്‍റെ കേരള മര്‍കസ് ആയും കൗസര്‍ ഉല്‍ ഉലമ കൗണ്‍സിലിന്‍റെ കേന്ദ്രമായും (തബ്ലീഗ് ജമാഅത്ത് പണ്ഡിതസഭ കേന്ദ്രം) അല്‍ബലഗ, അല്‍ മഅ:രിഫ് എന്നീ മാഗസിനുകളുടെ പ്രസിദ്ധീകരണ കേന്ദ്രമായും പ്രവര്‍ത്തി ക്കുന്നു. ഇതേരീതിയില്‍ 1947-ല്‍ കൊല്ലം ജില്ലയില്‍ മനാറുല്‍ ഇസ്ലാം മദ്രസ എന്ന സ്ഥാപനവും മര്‍ക്കസ് മസ്ജിദ് എന്ന പള്ളിയും തബ്ലീഗ്കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു. കൂടാതെ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നജ്മുല്‍ഹുദാ മദ്രസയും പള്ളിക്കരയില്‍ സിറാജുല്‍ഹുദാ മദ്രസയും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളില്‍ നിന്നെല്ലാം നിരവധി പണ്ഡിതന്‍മാര്‍ ഖുര്‍ആന്‍ മനപാഠമാക്കിപഠിച്ചു പുറത്തിറങ്ങുന്നു. ഹാജി യാക്കൂബിന്‍റെ സഹായത്തോടെ കാഞ്ഞാറില്‍ ബാഖിയാത്ത് സ്വാലിഹാത്ത് മദ്രസ എന്ന സ്ഥാപനവും ഈ അടുത്ത കാലത്തായി പ്രവര്‍ത്തിച്ചുവരു ന്നു26. കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ തബ്ലിഗ് പ്രചാരകരുടെ സഹായത്തോടെ ധാരാളം പള്ളികളും മദ്രസകളും മൂസ മൗലാന സ്ഥാപിച്ചുകൊണ്ട് തബ്ലീഗ് ആശയം കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചു.
തബ്ലീഗ് ജമാഅത്തിന്‍റെ പ്രത്യേകതകള്‍
വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഈ പുതിയ രീതിയിലുള്ള ഇസ്ലാമിക പ്രബോധന രീതിശാസ്ത്രം വിജയം കണ്ടു. ധാരാളം മുസ്ലിംകളും മുസ്ലിം പണ്ഡിതന്മാരും ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായി. തബ്ലീഗ് മിഷനറി പ്രവര്‍ത്തനം കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ വിജയത്തിന് കാരണമായ ഘടകങ്ങള്‍ പ്രധാനമായവ താഴെപ്പറയുന്നവയാണ്.
1 ഉയര്‍ന്ന തെയ്യാറെടുപ്പോ കൃത്യമായ പരിശീലനമോ മതപരമായ പാണ്ഡിത്യമോ തബ്ലീഗിന്‍റെ മതപ്രബോധനത്തിന് ആവശ്യ മില്ലായിരുന്നു എന്നതാണ് ഇതിന്‍റെ വിജയത്തിനു കാരണം. മതപ്രബോധനത്തിന് വളരെ ലളിതമായ 6 തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ക്ക് ജമാഅത്തില്‍ അംഗമാവാന്‍ സാധിച്ചിരുന്നു എന്നുള്ളത് ഇതിന്‍റെ പ്രത്യേകത. ഇത് ജമാഅത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
2 മതപരമായതും അല്ലാത്തതുമായ വിഷയങ്ങളില്‍ നിന്നും അതുപോലെതന്നെ ഇതര മത സംഘടനകളില്‍ നിന്നും അവര്‍ ഉയര്‍ത്തുന്ന മതപരമായ അഭിപ്രായവ്യത്യാസങ്ങളില്‍നിന്നും രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നുമെല്ലാം ഇവര്‍ വിട്ടുനിന്നത് പൊതുസമൂഹത്തില്‍ ഇവരുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. രാഷ്ട്രീയവും മതപരവുമായ സംവാദത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനും മുസ്ലിം രാഷ്ട്രീയ മതവിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയത്തിനും മത കാഴ്ചപ്പാടുകള്‍ക്കും അതീതമായി കൊണ്ട് മതപ്രചാരണം നടത്തുവാനും അവര്‍ ശ്രദ്ധിച്ചു. ഇന്ത്യയില്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന വര്‍ഗീയ കലാപങ്ങളിലും മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ശാബാനു കേസുമായി ബന്ധപ്പെട്ട കോടതി വിധിയും ബാബരി മസ്ജിദ് തകര്‍ത്ത വിഷയത്തിലും സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധേയമാണ്. ഈ വിഷയങ്ങളിലെല്ലാം ഇവര്‍ നിഷ്പക്ഷത പാലിച്ചത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ആളുകളും സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കി.
3 വ്യവസ്ഥാപിതമായ ഒരു സംഘടനാ ഘടനയോ കൃത്യമായ ഒരു ഭരണഘടനയോ മറ്റു സംഘടനകള്‍ക്ക് ഉള്ളതുപോലെയുള്ള നടപടിക്രമങ്ങളും കൃത്യമായ അംഗത്വ രസീത് ഇവര്‍ക്ക് ഇല്ലാതിരുന്നത് സാധാരണക്കാരായ ആളുകളെ ഇതിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. ജനാധിപത്യരീതിയില്‍ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് സ്വീകരിച്ചത്. അനൗപചാരികമായ കൂടിയാലോചനയിലൂടെ നേതാവിനെ തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അംഗങ്ങളുമായി കൂടിയാലോചിച്ചുമായിരുന്നു എന്നുള്ളത് ഇതിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഒരു പ്രത്യേകതയാണ്.
4 ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കിയും ഭൗതികമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന ഒരു സൂഫി സമീപനം സ്വീകരിച്ചത് ഇതിന്‍റെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായി. ദൈവീക സ്മരണക്കും വിശ്വാസത്തിനും ആത്മീയ സംതൃപ്തിയും ഉദ്ദേശശുദ്ധിയും ദൈവികമാര്‍ഗത്തില്‍ സമയം ചെലവഴിക്കുന്നതിനും പ്രാര്‍ത്ഥനയിലും ദൈവത്തോട് ക്ഷമാപണം നടത്തുന്നതിനും എല്ലാമാണ് ഇവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എന്നതും സാധാരണക്കാരായ മുസ്ലിം കളെ ആകര്‍ഷിക്കാന്‍ ഇടയാക്കി. ഇസ്ലാമിക സൂഫിസവുമയുള്ള ഇവരുടെ ബന്ധം സാധാരണക്കാരെയും യാഥാസ്ഥിതിക പണ്ഡിതന്മാരെയും ഈ ആശയത്തിലേക്ക് അടുപ്പിക്കുന്നതിന് കാരണമായി.
ഉപസംഹാരം
കഴിഞ്ഞ ആറ് ദശകങ്ങളിലെ തബ്ലീഗ് ജമാഅത്തിന്‍റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ അവരുടെ പ്രവര്‍ത്തനം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും നടക്കുന്നതായി നമ്മള്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തബ്ലീഗ് പ്രസ്ഥാനത്തിന് നേടാന്‍ കഴിഞ്ഞ മുന്നേറ്റം കേരളത്തില്‍ സാധിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍ തന്നെ കാഞ്ഞാര്‍ മൂസ മൗലവിയുടെ പ്രവര്‍ത്തനഫ ലമായി ദക്ഷിണകേരളത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം വടക്കന്‍ മേഖലയില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നത് എടുത്തുപറയേണ്ട കാര്യവും ശ്രദ്ധേയവുമാണ്. എന്നാല്‍ മൂസ മൗലവിയുടെയും തബ്ലീഗ് പ്രവര്‍ത്തകരുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടും കഠിനാധ്വാനം കൊണ്ടും ആശയപ്രചാരണം കേരളത്തില ങ്ങോളമിങ്ങോളം സാധ്യമാക്കി എന്നത് പറയാതിരിക്കാന്‍ വയ്യ. തബ്ലീഗ് ആശയം പ്രചരിക്കുന്നതിന് സഹായകമായ ഒരു കാരണം ആദ്യകാല സുന്നി പണ്ഡിതന്മാരുടെ പിന്തുണയായിരുന്നു. പ്രാചീന ഇസ്ലാമിക പ്രചാരണ സമ്പ്രദായവുമായി തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തിന് ഉണ്ടായ സാദൃശ്യം ആദ്യകാല മുസ്ലിം പണ്ഡിതന്മാരെ തബ്ലീഗ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുവാന്‍ ഇടയാക്കി. ഇതിന്‍റെ ഫലം ഈ പണ്ഡിത ന്മാര്‍ തബ്ലീഗ് പ്രസ്ഥാനത്തെ അംഗീകരിക്കുകയും അതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലേക്ക് നീങ്ങുകയുംചെയ്തു. സമസ്തകേരള ഇസ്ലാംമത വിദ്യാഭ്യാസ സംഘത്തിന്‍റെ ചെയര്‍മാനായിരുന്ന കെ.പി ഉസ്മാന്‍ സാഹിബ് 1955ല്‍ തൊടുപുഴയില്‍ സ്ഥാപിച്ച സമസ്തയുടെ 296 ആം നമ്പര്‍ മദ്രസക്ക് തബ്ലീഗ് ഇസ്ലാം മദ്രസ എന്ന് നാമകരണം ചെയ്തത് തബ്ലീഗ് പ്രസ്ഥാനം ആദ്യകാല മുസ്ലിം പണ്ഡിതന്മാരെ എത്രമാത്രം സ്വാധീനിച്ചു എന്നത് വ്യക്തമാക്കുന്നു27. മാത്രമല്ല ദക്ഷിണ കേരള ജംഇയ്യത്തുല്‍ഉലമ എന്ന സംഘടനയുമായി സഹകരിച്ചാണ് തെക്കന്‍കേരളത്തില്‍ തബ്ലീഗ് ജമാഅത്ത് ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ 1969 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സുന്നി മത സംഘടന ഇറക്കിയ മതവിധിയില്‍ തബ്ലീഗ് പ്രസ്ഥാനത്തെ തള്ളിപ്പറയുകയും അറേബ്യയില്‍ രൂപംകൊണ്ട മുഹമ്മദ്ബിന്‍ അബ്ദുല്‍ വഹാബിന്‍റെ ആശയമായ വഹാബി ആശയവുമായി തബ്ലീഗ് ജമാഅത്തിന്‍റെ ആശയത്തിന് സാദൃശ്യമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ മത വിധിയില്‍ സുന്നി വിശ്വാസികള്‍ ഈ പ്രസ്ഥാനവുമായി സഹകരിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു.28 ഇതോടെ സുന്നി വിശ്വാസികള്‍ തബ്ലീഗ് പ്രസ്ഥാനത്തിനെ ശക്തമായി എതിര്‍ക്കാന്‍ തുടങ്ങി. ഇത് കേരളത്തിന്‍റെ വടക്കന്‍ മേഖലയില്‍ തബ്ലീഗ് ജമാഅത്ത് ആശയം പ്രചരിക്കുന്നതിന് വിഘാതംമായെങ്കിലും ദക്ഷിണകേരളത്തില്‍ സുന്നികള്‍ ഇവരുമായി സഹകരിച്ചു പോന്നത് കൊണ്ട് തെക്കന്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരണം സാധ്യമാക്കു ന്നതിന് സഹായിച്ചു.
തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്കും വികാസത്തിനും തടസം നിന്ന ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് കേരളത്തില്‍ നിലനിന്നിരുന്ന വ്യവസ്ഥാപിതമായ മദ്രസാ സംവിധാനം ആയിരുന്നു. കേരളത്തിലെ വിവിധ മുസ്ലിം സംഘടനകള്‍ സ്ഥാപിച്ച മദ്രസകള്‍ ദറസുകള്‍ (മുസ്ലിം പള്ളികളോട് ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന ഉന്നത വിദ്യാഭ്യാസ മതപാഠശാലകള്‍) മറ്റു ഇസ്ലാമിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും പ്രാഥമിക തലം തൊട്ട് മതപഠനം സാര്‍വത്രികമായി നല്‍കുവാന്‍ സാധിച്ചു. എല്ലാ മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള മതപഠനം ആണ് നല്‍കിയിരുന്നത്. കേരളത്തിലെ എല്ലാ മുസ്ലിങ്ങള്‍ക്കും അനായാസം മത പഠനം പൂര്‍ത്തിയാക്കുവാന്‍ ഈ സംവിധാനം സഹായകമായി . ആധുനിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ സംഘടനകള്‍ ആരംഭിച്ചതും മത വിദ്യാഭ്യാസം സാര്‍വത്രികം ആകുവാന്‍ സഹായിച്ചു. അതേസമയം ഫസാഇല്‍ എ അമല്‍ എന്ന ഗ്രന്ഥമാണ് പ്രധാനമായും തബ്ലീഗ് ജമാഅത്ത് സംഘടന തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം പ്രധാനമായും ഹദീസ് (പ്രവാചക വചനങ്ങള്‍), പ്രവാചകന്‍റെ സഹപ്രവര്‍ത്തകരുടെ വചനങ്ങള്‍ എന്നിവയ്ക്കുപുറമേ മൗലാന സക്കറിയയുടെ ചില വിശദീകരണ ങ്ങളും ചില കഥകളും വിശ്വാസയോഗ്യമല്ലാത്ത ചില പ്രവാചക വചനങ്ങളുമാണ് ഉണ്ടായിരുന്നത്. ഖുര്‍ആന്‍ പഠനത്തിനോ അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കിപഠിപ്പിക്കുന്നതിനോയാതൊരു പ്രാധാന്യവും അവര്‍ നല്‍കിയിരുന്നില്ല. അതേസമയം കേരളത്തിലെ മദ്രസ സംവി ധാനവും പള്ളികളോട് ചേര്‍ന്ന് മതപഠനശാലയായ ദറസുകളും മതപരമായ കര്‍മ്മങ്ങള്‍ അനുഷ്ഠാനങ്ങള്‍ എന്നിവയ്ക്കുപുറമേ ഖുര്‍ആനും പ്രവാചക വചനങ്ങളും കര്‍മശാസ്ത്രവും ചരിത്രവും പഠിപ്പിച്ചിരുന്നത് കൊണ്ട് തബ്ലീഗ് പ്രചാരണ രീതി കേരളത്തിലെ മുസ്ലിം ജനവിഭാഗത്തെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. കേരളത്തിലെ സവിശേഷ മതപഠന സാഹചര്യം മനസ്സിലാക്കി മത പഠന രീതി കാലാനുസൃതമായി പരിഷ്കരിച്ചാല്‍ മാത്രമേ കേരള മുസ്ലിംകള്‍ക്കിടയില്‍ തബ്ലീഗ് പ്രസ്ഥാനത്തിന് ഇനി സ്വാധീനം ചെലുത്തുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഇത് വ്യക്തമാക്കുന്നു.
പൊതു വിദ്യാഭ്യാസത്തോടുള്ള തബ്ലീഗ് പ്രസ്ഥാനത്തി ന്‍റെ മനോഭാവമാണ് മറ്റൊരു പരാജയ കാരണം. ഇവര്‍ മതവിദ്യാഭ്യാ സത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം വിദ്യാഭ്യാസത്തിന് നല്‍കിയിരുന്നില്ല. ആധുനിക വിദ്യാഭ്യാസത്തിന്‍റെ പ്രാഥമികതല വിദ്യാഭ്യാസം നല്‍കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആധുനിക വിദ്യാഭ്യാസം മതപ്രബോധനം എന്ന ലക്ഷ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തും എന്ന് ഇവര്‍ വാദിച്ചു. സ്ത്രീവിദ്യാഭ്യാസത്തോടും സ്ത്രീകള്‍ തൊഴിലില്‍ ഏര്‍പ്പെടുന്നതി നോടും കടുത്ത വിയോജിപ്പാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. സ്ത്രീകളുടെ സ്വതന്ത്ര ചിന്തയെ എതിര്‍ക്കുന്നതോടൊപ്പം സ്ത്രീ പുരുഷന്‍റെ സംരക്ഷണത്തില്‍ ജീവിക്കേണ്ടവരാണ് എന്നും നിര്‍ദേശിക്കപ്പെട്ടു. അതുകൊണ്ട്തന്നെ സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത ഇല്ലെന്ന് ഇവര്‍ വാദിച്ചു. വിദ്യാഭ്യാസത്തിന് എതിരു നില്‍ക്കാന്‍ പ്രേരിപ്പിച്ച മറ്റൊരു ഘടകം ഇതര മതവിഭാഗങ്ങളുമായും പുരുഷന്മാരുമായും സ്ത്രീകള്‍ ഇടകലരാന്‍ സാധ്യതയുണ്ട് എന്നുള്ളതായിരുന്നു. ഇത് ഇല്ലാതാ ക്കാന്‍ വേണ്ടി ഉന്നതവിദ്യാഭ്യാസത്തെ സ്ത്രീകള്‍ക്ക് നല്‍കുന്നതിന് ഇവര്‍ ശക്തമായി എതിര്‍ത്തു. ഇതര മതസ്ഥരുടെ വസ്ത്രധാരണം, സ്വഭാവം, ആചാരങ്ങള്‍ എന്നിവയുമായി കൂടിക്കലരുന്നത് തടയുകഎന്നതും ഇതിലൂടെ അവര്‍ ഉദ്ദേശിച്ചു. സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നത് ഇവര്‍ പൂര്‍ണമായും നിരുത്സാഹ പ്പെടുത്തിയിരുന്നു. ഇവര്‍ നടത്തുന്ന പന്ത്രണ്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നില്‍ പോലും സ്ത്രീ വിദ്യാഭ്യാസമോ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയതായോ കാണാന്‍ കഴിയില്ല എന്നത് ഇവരുടെ സ്ത്രീകളോടുള്ള നിലപാട് വ്യക്തമാക്കുന്നതാണ്. ഇവയെല്ലാം തബ്ലീഗ് പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ വളര്‍ച്ചക്ക് വിഗാതം നിന്ന് കാരണങ്ങളാണ്.
അവരുടെ അധ്യാപന രീതിയും ആശയപ്രചാരണം ദുര്‍ബലമാക്കാന്‍ കാരണമായി. തബ്ലീഗ് ജമാഅത്ത് സംഘത്തിന് നേതൃത്വം നല്‍കുന്ന ആളുടെയും അധ്യാപനം നടത്തുന്ന വ്യക്തിയുടെ യോഗ്യതയും തബ്ലീഗ് ജമാഅത്ത് അത് മുന്നോട്ടു വെച്ച ആറ് കാര്യങ്ങളില്‍ ഉള്ള അറിവ് മാത്രമായിരുന്നു. ഖുര്‍ആന്‍ പഠനത്തിനും പ്രവാചകവചനങ്ങള്‍ പഠിപ്പിക്കുന്ന തിനേക്കാളും ആശയ പ്രചാരണത്തില്‍ സംഘം ശ്രദ്ധകേന്ദ്രീകരിച്ചത് പരാജയ ത്തിനു കാരണമായി. സംഘത്തെ നയിച്ചിരുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്നുപറയുന്നത് ഫസാഇല്‍ എ അമല്‍ എന്ന ഗ്രന്ഥത്തിലെ അറിവ് മാത്രമായിരുന്നു. തബ്ലീഗ് ജമാഅത്ത് മുന്നോട്ടു വെച്ച ആറ് കാര്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പഠനക്ലാസുകള്‍ ആണ് സംഘം നല്‍കിയിരുന്നത് എന്നതും ഈ ആശയം കേരളത്തില്‍ പ്രചരിക്കുന്നതിന് വിഘാതമായി.
വ്യവസ്ഥാപിത വല്‍ക്കരിക്കപ്പെട്ടിട്ടില്ല എങ്കില്‍പോലും ഡല്‍ഹിയിലെ കേന്ദ്ര ആസ്ഥാനത്ത് നിന്നു നിന്നുള്ള നിയന്ത്രണങ്ങ ള്‍ക്ക് അനുസരിച്ചാണ് തബ്ലീഗ് ജമാഅത്തിന്‍റെ പ്രവര്‍ത്തനം നടന്നി രുന്നത്. അത് മാത്രമല്ല ഈ സംഘത്തിന്‍റെ മേഖല, സംസ്ഥാന, ജില്ല-നഗര, നേതൃത്വങ്ങളെ കേന്ദ്ര ആസ്ഥാനത്തുനിന്നും നിയമിക്ക പ്പെടുകയുമാണ് ചെയ്തിരുന്നത്. കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് പുതിയ ജമാഅത്ത് സംഘങ്ങളെ സ്വീകരിച്ചിരുന്നത് എന്നതും കേന്ദ്രീകൃത സ്വഭാവത്തെ സൂചിപ്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ മാത്രം സ്ത്രീകളുടെ ജമാഅത്ത് സംഘങ്ങള്‍ രൂപീകരിക്കാറുണ്ട്. ഇത്തരം സംഘങ്ങള്‍ അറിയപ്പെടുന്നത് മാഷ്തൂറാത്ത് എന്ന പേരിലാണ്. ഇത്തരം സംഘങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ അവരുടെ ശരീരം മുഴുവന്‍ മറക്കുകയും ഭര്‍ത്താക്കന്‍മാരെകൂടെ കൂട്ടുകയും ചെയ്യേണ്ടിവന്നു. ഈ സംഘങ്ങള്‍ പ്രധാനമായും ജമാഅത്ത് നടക്കുന്ന പ്രദേശങ്ങളി ലെ വീടുകളില്‍ സന്ദര്‍ശിച്ചു കൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ആശയ പ്രചാരണം നടത്തുകയാണ് ചെയ്തിരുന്നത്. ഈ രീതിയിലുള്ള ഒരു മത ഭൗതിക വിദ്യാഭ്യാസ രീതി സ്ത്രീ പിന്നോക്കത്തിലേക്ക് നയിക്കുന്നുവെന്ന സാഹചര്യം ഉണ്ടാക്കുന്നു. അതോടൊപ്പം തന്നെ അന്ധമായ മത-തത്വങ്ങളെ പിന്തുടരുന്ന രീതിയും, ഗവേഷണങ്ങ ളോടുളള വിമുഖതയും സൂഫി മനോഭാവവും വഹാബി കാഴ്ചപ്പാടുകളും എല്ലാം തബ്ലീഗ് ആശയപ്രചരണം കേരളത്തില്‍ ദുര്‍ബലം മാവാന്‍ കാരണമായി.
കുറിപ്പുകള്‍