Vivarthana sahithyathile Malayala- Arabi parasparyam

Dr. Moideen Kutty AB

The article is an enquiry into the origin and development of Arabic–Malayalam and viceversa translation with special focus on individual contribution to different genres of literature. Though it is more confined to secular literature, passing references about religious literature are seen, as it is an integral part of the history of development of Arabic-Malayalam translation. It examines the socio-cultural aspects of translation from Arabic to Malayalam and viceversa and try to highlight cultural symbiosis. 

Keywords: Religious literature, secular literature, cultural exchange, cultural symbiosis, cultural synthesis and word for word translation. 

Reference:

Benyamin, A. (2015). Aajujeevitham. Thrissur: Green Books.
Geoge, Sale. (1877). The Koran or Alcoran of Mohammed. Culcutta: William Tegg and Co.
Hatim, B., & Munday, J. (2019). Translation An advanced resource book for students. London: Routledge.
Khaldun, I. (2016). Mukhaddima. (M. K. Moulavi, Trans.) Kozhikodu: Mathrubhumi Books.
Mahfouz, N. (2021). Nakshathrangal Manthrichathu. (N. Shamnad, Trans.) Kozhikode: Mathrubumi Books.
Mahfouz, N. (2022). Miramar. (N. Shamnad, Trans.) Thrissur: Green Books.
Mahfouz, N. (2022). Awlad Harathuna. (N. Shamnad, Trans.) Thrissur: Green Books.
Mahfouz, N. (2022). Alsukkariyya (N. Shamnad, Trans.) Thrissur: Green Books.
Nair, K. R. (1964). Divya Deepthi. Kozhikode: Samanwayam Books.
Narayanan, M. (1972). Cultural symbiosis in Kerala. Thiruvanathapuram: Kerala Historical Society.
writers, g. o. (2013). 40 Arabi Penkathakal. (S. A. Qudusi, Trans.) Kozhikode: Olive Publication.
Dr. Moideen Kutty AB
Professor & Head
Dept. of Arabic
University of Calicut
India
Pin: 673635
Ph: +91 9447530013
Email: abmoideen@gmail.com
ORCID:0009-0004-8818-9131


വിവര്‍ത്തന സാഹിത്യത്തിലെ മലയാള-അറബി പാരസ്പര്യം

ഡോ. മൊയ്തീന്‍ കുട്ടി എ.ബി

അറബിയില്‍ നിന്നും മലയാളത്തിലേക്കും നേരെ തിരിച്ചുമുള്ള വിവര്‍ത്തനത്തിന്‍റെ വികാസത്തെകുറിച്ചും ആദ്യകാല വിവര്‍ത്തന സംരംഭങ്ങളെ സംബന്ധിച്ചുമുള്ള ഒരു അന്വേഷണമാണ് ഈ പ്രബന്ധം. അറബി-മലയാള വിവര്‍ത്തന മേഖലയിലെ വിവിധ ശാഖകളിലുള്ള വ്യക്തികളുടെ വിവര്‍ത്തന പ്രവര്‍ത്തനത്തില്‍ ഊന്നിയാണ് പ്രബന്ധം വികസിക്കുന്നത്. മതേതര സര്‍ഗ സാഹിത്യ വിവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചാണ് പ്രബന്ധ രചനയെങ്കിലും, മതസാഹിത്യ വിവര്‍ത്തനം അറബി-മലയാള പരിഭാഷ ചരിത്രത്തിന്‍റെ അവിഭാജ്യ ഘടകമായതിനാല്‍ വിവര്‍ത്തന മതസാഹിത്യ സാന്നിദ്ധ്യത്തെ കുറിച്ചും സാന്ദര്‍ഭികമായ സൂചനകള്‍ കാണാവുന്നതാണ്. അറബി-മലയാള ഭാഷകളില്‍ പരസ്പരം നടന്ന വിവര്‍ത്തനത്തിലൂടെ സാധ്യമായ സാംസ്കാരിക വിനിമയത്തെ കുറിച്ചും, കേരളത്തില്‍ നിലനില്ക്കുന്ന സാംസ്കാരിക സഹവര്‍ത്തിത്വത്തെ സംബന്ധിച്ചും പ്രബന്ധം പ്രതിപാദിക്കുന്നു.

താക്കോല്‍ വാക്കുകള്‍: മതേതര സാഹിത്യം, മതസാഹിത്യം, പദാനുപദ വിവര്‍ത്തനം, സാംസ്കാരിക വിനിമയം, സാംസ്കാരിക  സഹവര്‍ത്തിത്വം, സാംസ്കാരിക സങ്കലനം

മലയാളഅറബി വിവര്‍ത്തന  ചരിത്രത്തില്‍ മതേതര സാഹിത്യം, മതസാഹിത്യം എന്നിങ്ങനെ രണ്ടു പ്രധാന ധാരകള്‍ ദൃശ്യമാണ്. ലോകത്തിലെ വിവിധ പ്രദേശങ്ങളിലെ വിവര്‍ത്തന സാഹിത്യത്തിന്‍റെ ആദ്യഅടരുകളില്‍ മതസാഹിത്യത്തിന്‍റെ കാല്പാടുകള്‍ കാണാവുന്നതാണ്. പിന്നീടുള്ള വികസന പാതയില്‍ മതേതര സാഹിത്യത്തിന്‍റെ വന്‍കുതിപ്പാണ് അനുഭവപ്പെട്ടിരുന്നത്. മത സാഹിത്യ വിവര്‍ത്തന ശാഖയില്‍ മലയാളത്തില്‍ നിന്നും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ കുറവാണെങ്കിലും അറബിയില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രചനകള്‍ നിരവധിയാണ്. ഖുര്‍ആന്‍, ഹദീസ്, ഫിഖഹ് (ഇസ്ലാമിക കര്‍മ്മശാസ്ത്രം), തസ്വവ്വുഫ്/സൂഫിസം, വിശ്വാസ ശാസ്ത്രം, ചരിത്രം, ഉപദേശ ശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലയിലേക്ക് അറബിയില്‍ നിന്നും മലയാളത്തിലേക്ക് ധാരാളം കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. തികച്ചും പ്രതികൂലമായ അന്തരീക്ഷത്തില്‍ മായന്‍കുട്ടി എളയയില്‍ തുടങ്ങിയ കേരളത്തിലെ ഖുര്‍ആന്‍ വിവര്‍ത്തന ചരിത്രം എത്രത്തോളം വികസിച്ചുവെന്നതിനു മലയാള ഖുര്‍ആന്‍ വിവര്‍ത്തനങ്ങളുടെ എണ്ണം സാക്ഷി. ഖുര്‍ആനിനു മാത്രം സമ്പൂര്‍ണവും ഭാഗികവുമായ നൂറുകണക്കിനു വിവര്‍ത്തനങ്ങളുണ്ട്. അതില്‍ നാല്പതില്‍ പരം സമ്പൂര്‍ണ പരിഭാഷകളാണ്. (സംഭാഷണം: അബ്ദുറഹിമാന്‍ മങ്ങാട്) കെ.ജി രാഘവന്‍ നായരുടെ അമൃതവാണിയും കോന്നിയൂര്‍ രാഘവന്‍ നായരുടെ ദിവ്യദീപ്തിയും പദ്യത്തിലാണ്. രണ്ടു വിവര്‍ത്തകരും മുസ്ലിങ്ങളല്ല. ഖുര്‍ആനിക ആശയങ്ങള്‍ക്ക് വലിയ ചോര്‍ച്ചയോ, മുസ്ലിം വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പോകുടാതെ മൊഴിമാറ്റം നടത്തിയിരിക്കുന്നത് കേരള ബഹു സ്വരതയുടെ തനതു മാതൃകയാണ്. ഖുര്‍ആനിന്‍റെ ആദ്യ ഫ്രഞ്ച്/ഇംഗ്ലീഷ് തര്‍ജ്ജമ നടത്തിയവരുടെ പ്രവാചകനേയും ഖുര്‍ആനിനേയും അപഹസിക്കുക എന്ന സ്ഥാപിതതാല്‍പര്യം ഈ വിവര്‍ത്തനങ്ങളില്‍ ഇല്ല . 

മറിച്ച് എം.ജി.എസ് നാരായണന്‍ സൂചിപ്പിക്കുന്ന കള്‍ച്ചറല്‍ സിംബയോസിസിന്‍റെ (Narayan M.G.S. cultural symbiosis in kerala 1972) ഈടുറ്റ മാതൃകയായി രണ്ടു വിവര്‍ത്തനങ്ങളെയും കണക്കാക്കാവുന്നതാണ്. ഉപരി സൂചിത രണ്ടു വിവര്‍ത്തനവും മൂലഭാഷയെ അതികരിച്ചുള്ളതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വതന്ത്ര ആശയ വിവര്‍ത്തനമാണ്. ആശയങ്ങളിലും അന്തസ്സാരത്തിലും വലിയ വൈരുദ്ധ്യങ്ങള്‍ ഇല്ലാത്തതിനാല്‍ കോന്നിയൂര്‍ രാഘവന്‍ നായരുടെ ദിവ്യദീപ്തിയിലെ പ്രഥമ അധ്യായമാണ് പല മദ്രസകളിലും പ്രാര്‍ത്ഥനാ ഗാനമായി ഇപ്പോഴും ആലപിക്കപ്പെടുന്നത്.

പാരം ദയാലുവായ് ദാക്ഷിണ്യശാലിയായ്
വാഴുന്നൊരീശ്വരന്‍ തിരുനാമത്തില്‍
നിഖിലലോകങ്ങള്‍ക്കുമേക രക്ഷകനാകും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
പരമകാരുണ്യവാന്‍ കരുണാനിധിയേ
വിധി പറയും ദിവസത്തിന്‍ ഏകാധിപനേ
നിയതമാരാധിപ്പൂ ഞങ്ങളങ്ങയെ മാത്രം
സതതം സഹായമര്‍ത്ഥിപ്പതും തിരുമുമ്പില്‍
നയിക്കേണം ഞങ്ങളെ നേരായ മാര്‍ഗത്തില്‍
നിന്നനുഗ്രഹപാത്രമായോര്‍തന്‍ മാര്‍ഗത്തില്‍
അങ്ങയാല്‍ കോപ്പിയ്ക്കപ്പെട്ടോരുടെ വഴിയല്ല
സന്മാര്‍ഗഭ്രഷ്ടര്‍ തന്‍ വഴിയിലുമല്ല

ഇസ്ലാം ദര്‍ശനത്തിന്‍റെയും സംസ്കാരത്തിന്‍റെയും അനേകം അടരുകള്‍ ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്‍റെ അമുസ്ലിം മത നിരപേക്ഷ മാതൃകകളായി, ഇ.വി കൃഷ്ണ പിള്ള, ഗുരു നിത്യചൈതന്യയതി (വിശുദ്ധ:ഖുര്‍ആന്‍ ഹൃദയാജ്ഞലി) വാണിദാസ് എളയാവൂര്‍ (ഖുര്‍ആന്‍ ലളിതസാരം) സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി... (ഒരു ഹിന്ദു സന്നാസി ഖുര്‍ആന്‍ വായിക്കുന്നു) മുതലായവരുടെ ഖുര്‍ആന്‍റെ മലയാള പരിഭാഷകള്‍ പരിഗണിക്കാവുന്നതാണ്.

ഖുര്‍ആനിനു പുറമെ ഹദീസ് സമാഹാരങ്ങളില്‍ സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്ലിമും സ്വിഹാഹു സിത്തയും മറ്റും വിവര്‍ത്തിതമായിട്ടുണ്ട്. ഹദീസുകളില്‍ ഇമാം നവവിയുടെ 40 ഹദീസുകള്‍ക്കാണ് ഏറ്റവും അധികം മലയാള പരിഭാഷകള്‍ ഉണ്ടായിട്ടുള്ളത്. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, യുവത, സുന്നി പബ്ലിക്കേഷന്‍ എന്നിവക്ക് പുറമെ സി.എച്ച് പ്രസ്സ്, ആമിന പബ്ലിഷേഴ്സ് എന്നീ സ്വകാര്യ സംരംഭങ്ങളും അറബി മലയാള പരിഭാഷ വികസനത്തില്‍ പ്രസാധനത്തിലൂടെ പങ്കു വഹിച്ചു.

മതസാഹിത്യ വിവര്‍ത്തനത്തിനുമപ്പുറം എണ്ണം പറഞ്ഞ അറബി സര്‍ഗ സാഹിത്യകൃതികള്‍ മലയാളത്തിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നോവലായും ചെറുകഥയായും കവിതയായും ലേഖനമായും അവ വായനക്കാരുടെ  മനസ്സില്‍ ഭാഷന്തരത്തിലൂടെ അനുഭവത്തിന്‍റെ പുതിയ ഇടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള അറബി കൃതികളില്‍ അബുല്‍ ഹസന്‍ അലി നദ്വിയുടെ രചനകളാണ് ഗണ്യമായി വിവര്‍ത്തിതമായിട്ടുള്ളത്. കേരളത്തിലെ സാമൂഹിക, രാഷ്ട്രിയ, മത, ചരിത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്ന കേരളത്തിന്‍റെ ഭൂമികയില്‍ രചികപ്പെട്ട ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീനും മലയാളത്തില്‍ ഒന്നിലധികം വിവര്‍ത്തനങ്ങളുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും അതിനു കീഴിലെ ചില കോളേജുകളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും, മഹാരാജാസിലും അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന/ഏര്‍പ്പെട്ടിരുന്ന ഡോ.ഇ.കെ അഹമദ് കുട്ടി, ഡോ മുഹമ്മദ് ഡോ വീരാന്‍ മൊയ്തീന്‍, ഡോ റഹ്മത്തുള്ള, ഡോ എന്‍.എ എം അബ്ദുല്‍ ഖാദര്‍, ഡോ മൊയ്തീന്‍ കുട്ടി, ഡോ. അബ്ദുല്‍ മജീദ്, ഡോ അലി നൗഫല്‍, പ്രൊഫ സിദ്ധീഖ് ഹസന്‍, ഡോ. അശ്കര്‍, ഡോ മന്‍സൂര്‍ അമീന്‍, ഡോ റഹ്മാന്‍ വാഴക്കാട്, ഡോ അബ്ദുറഹ്മാന്‍ ആദൃശേരി, ഡോ യൂസഫ് നദ്വി മുതലായവര്‍ അറബി-മലയാള പരിഭാഷയില്‍ വ്യാപൃതരാണെങ്കിലും ഔപചാരിക ഉന്നത വിദ്യാഭ്യാസ മേഖലക്ക് പുറത്തുള്ളവരുടെ സേവനങ്ങളാണ് സാഹിത്യ വിവര്‍ത്തന രംഗത്ത് എണ്ണത്തില്‍ കൂടുതല്‍. അബദുല്‍ ഹഖീം ഫൈസിയുടെ കീഴിലുള്ള വാഫി സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ പുതു തലമുറ മലയാളത്തിലെ പ്രമുഖരുടെ കൃതികള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന പ്രവണത പ്രതീക്ഷക്ക് വകനല്കുന്നതാണ്. അവയില്‍ ചില കൃതികളും പരിഭാഷകരും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. 

ആയിരത്തൊന്നു രാവുകളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്യത്തെ കനപ്പെട്ട സര്‍ഗ സാഹിത്യ കൃതി. എം.അച്യുതനാണ് വിവര്‍ത്തനം ചെയ്തത്. മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരണം. ഇമാം ഗസ്സാലിയുടെ ഇഹ്യ ഉലുമുദ്ദീനും (കുഞ്ഞഹമ്മദ് മൗലവി, പാടൂര്‍) ഇബ്നു ഖല്‍ദൂന്‍റെ മുഖദ്ദിമ (മുട്ടാണിശേരി കോയക്കുട്ടി മൗലവി) യുമാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റു രണ്ടു ക്ലാസിക്ക് അറബി കൃതികള്‍.

മലയാളത്തിലേക്ക് ഒരു ആധുനിക അറബ് എഴുത്തുകാരന്‍റെ സമ്പൂര്‍ണ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നത് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍റെതാണ്. ആധുനിക അറബി പ്രവാസി എഴുത്തുകാരനായ ജിബ്രാന്‍റെ കൃതികള്‍ പല എഴുത്തുകാരാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അറബ് നാടകകൃത്തുകളില്‍ പ്രശസ്തനായ തൗഫീഖുല്‍ ഹഖീമിന്‍റെ ചില നാടകങ്ങള്‍ ഇംഗ്ലീഷിലൂടെ മലയാളത്തിലേക്ക് വിവര്‍ത്തിതമായത് അകാദമിക രംഗത്ത് സുപരിചിതമാണ്. സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി നോബല്‍ സമ്മാന ജേതാവായ നജീബ് മഹ്ഫൂസിന്‍റെ ചില പ്രധാന നോവലുകള്‍ കൃതഹസ്തനായ ഡോ. ഷംനാദ് ഭാഷാന്തരം ചെയ്തതിലൂടെ അറബി സാഹിത്യത്തിന്‍റെ ഈജിപ്ഷ്യന്‍ പര്‍വ്വം മനസ്സിലിക്കാന്‍ മലയാളിക്ക് അവസരം ലഭിച്ചു. 

അറബി മലയാള വിവര്‍ത്തന സാഹിത്യ രംഗത്തെ മറ്റൊരു വ്യക്തിത്വം എസ്.എ ഖുദ്സിയാണ്. വിവര്‍ത്തന മേഖലയിലെ ഖുദ്സിയുടെ സാന്നിദ്ധ്യം വിവിധ രൂപത്തില്‍ പ്രതിഷ്ടിക്കപ്പെട്ടതാണ്. പതിനാറ് അറബ് രാജ്യങ്ങളിലെ 40 പെണ്‍ കഥകള്‍ അദ്ദേഹം മലയാളി വായനക്കാര്‍ക്ക് എത്തിച്ചു. വര്‍ത്തമാന കാല രാഷ്ട്രിയ അധികാരങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് സ്ത്രീ അനുഭവിക്കേണ്ട സ്വാതന്ത്ര്യത്തെ കുറിച്ച് ധൈര്യം ചോര്‍ന്നുപോകാതെ ഇടപെടുകായാണ് ഈ എഴുത്തുകാരികള്‍ (ഡോ നവാല്‍ സഅദാവി, ലൈല ഉസ്മാന്‍, ലൈല അബൂ ലൈല, ലയാനബദര്‍, ഡൈസി അല്‍ അമീര്‍ മുതല്‍ പേര്‍) എന്ന് പ്രസാധകര്‍ (അറബി പെണ്‍ കഥകള്‍ 2013)

നേരത്തെ പറഞ്ഞവര്‍ക്ക് പുറമെ അറബി-മലയാള വിവര്‍ത്തന മേഖലയില്‍ ഡോ.മുഹിയദ്ദീന്‍ ആലുവായി, പ്രൊഫ. മുഹമ്മദ് കുട്ടശേരി വി.എ കബീര്‍ എന്നിവരുടെ സേവനങ്ങള്‍ കൂടി പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. മലയാളത്തിലേക്ക് അറബിയില്‍ നിന്നും നേരിട്ടു വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ പ്രശസ്ത നോവല്‍ ത്വാഹാ ഹുസൈന്‍റെ പി മുഹമ്മദ് കുട്ടശേരി 1979 ല്‍ വിവര്‍ത്തനം ചെയ്ത പാതിരാകുയിലിന്‍റെ രാഗം (ദുആ ഉല്‍ കര്‍വാന്‍) ആണ്. 1965 ല്‍ മുഹിയ്യദീന്‍ ആലുവായി ആണ് മലയാളത്തില്‍ നിന്നും ആദ്യമായി അറബിയിലേക്ക് ഒരു നോവല്‍ -തകഴിയുടെ ചെമ്മീന്‍ ബഭാഷാന്തരം ചെയ്തത്. ഒരര്‍ത്ഥത്തില്‍ അതൊരു ഡിപ്ലോമാറ്റിക്ക് ഉത്പന്നമാണ്. അറബിയിലെ ലക്ഷണമൊത്ത ആദ്യ നോവല്‍ സൈനബ് (1913) അതേ പേരില്‍ 2021 ല്‍ എസ്.എ ഖുദ്സി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

അറബിയിലും മലയാളത്തിലും അവഗാഹമുള്ള വി.എ കബീര്‍ അറബിയില്‍ നിന്നു മലയാളത്തിലേക്കും നേരെ തിരിച്ചും വിവര്‍ത്തനം ചെയ്തു വരുന്നു. കുമാരനാശാന്‍റെ വീണപൂവ്വ് അബൂബക്കര്‍ നെന്മണ്ടയിലൂടെ സഹ്റ: സാഖിത്വയായി അറബിയില്‍ പുനര്‍ജനിച്ചു. മലയാളത്തിലെ ഒരുകാലഘട്ടത്തിലെ സാംസ്കാരിക വിനിമയമാണ് ഭാഷാന്തരത്തിലൂടെ സാധ്യമായത്.

മലയാളത്തില്‍ നിന്നും അറബിയിലേക്ക് ഏറ്റവും കൂടുതല്‍ കവിത വിവര്‍ത്തനം ചെയ്തിട്ടുള്ളത് ടാഗോര്‍ സമ്മാന ജേതാവായിട്ടുള്ള ശിഹാബ് ഗാനം ആണ്. അദ്ദേഹം വിദ്യാഭ്യാസ പരമായി ഇന്ത്യന്‍ ഉത്പന്നമാണ്. പഠന കാലത്ത് ഇന്ത്യന്‍ സംസ്കാരത്തെ അടുത്തറിയാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുണ്ട്.

Qasaed min Al Hind (Anthology 2008) Qasaed min kairala (Anthology 2005), Raneenu Surayya (Ya Allah  Kamala Surayya: 2011), kaifa inthahara Makiyoski 2009 Sachidananthan, Matar Allail  Sugatha Kumari 2014, Mkhtaarath min Shiri kairala (Anthology 2019). എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന വിവര്‍ത്തനങ്ങള്‍ .

കേരളത്തിലെ പ്രമുഖ കവികളെ അവരുടെ കവിതകളിലൂടെ അറബികള്‍ക്ക് വായിക്കാന്‍ അവസരം ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. വിവര്‍ത്തനത്തിലൂടെ സാധ്യമാകുന്ന സാംസ്കാരിക വിനിമയമാണത്. 62 പ്രധാനികളും അപ്രധാനികളുമായ മലയാളി കവികളെയാണ് ഡോ. ശിഹാബ് ഗാനമിന്‍റെ ഒറ്റ കവിതാ സമാഹാരത്തിലൂടെ  അറബി വായക്കാര്‍ക്ക് മനസ്സിലാക്കാനായത്. കവിതയുടെ ലോകത്ത് അറബി വിവര്‍ത്തനത്തിലൂടെ സര്‍ഗ പ്രക്രിയയില്‍ ഏര്‍പ്പെട്ടവര്‍ താരതമ്യേന കുറവാണ്.

എം ടി വാസുദേവന്‍ നായരുടെ കാലം (2016) നാലുകെട്ട് (2019) മഞ്ഞ് (2022), പെരുമ്പടവം ശ്രീധരന്‍റെ ഒരു സംങ്കീര്‍ത്തനം പോലെ (2015) ബിന്‍യാമീന്‍റെ ആടുജീവിതം (2014) വൈക്കം മുഹമ്മദു ബഷീറിന്‍റെ ബാല്യകാലസഖി (2019) എം മുകുന്ദന്‍റെ മയ്യഴി പുഴയുടെ തീരങ്ങളില്‍ (2020) എന്നിവ ചിരപ്രതിഷ്ടരും നവാഗതരുമായ ഒരു കൂട്ടം പരിഭാഷകരുടെ പരിശ്രമത്താല്‍ അറബിയില്‍ വായിക്കാനാകും. മലയാളി വിവര്‍ത്തകര്‍ നേരിട്ടു മലയാളത്തില്‍ നിന്നും അറബ് വംശജര്‍ ഇംഗ്ലീഷില്‍ നിന്നുമാണ് മേല്‍ സൂചിത വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

അറബികളും മലയാളികളും തമ്മില്‍ ഭാഷാ സാംസ്കാരിക വിടവുകള്‍, മറ്റു സംസ്കാരങ്ങളുമായി ഉള്ളതു പോലെ നിലനില്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു പ്രേത്യകസാംസ്കാരിക പരിസരത്ത് ഒരു പ്രത്യേക കാലപരിധിയില്‍ രൂപം കൊള്ളുന്ന പേരുകള്‍ പോലും സവിശേഷമായ കേവല പേരിനപ്പുറമുള്ള അര്‍ത്ഥകല്പനകള്‍ ഉള്‍കൊള്ളുന്നുണ്ടാകാം. അതു ഇതിഹാസ കഥാപാത്രങ്ങളള്‍ (ഹെര്‍ക്കുലീസ്, കര്‍ണന്‍, ദുശാസനന്‍, ദുശ്ശള) ആയാലും ആയിരത്തൊന്നു രാവുകളിലെ വാഖില്‍ വാഖോ ,റുഖ് ഒ, ആയാലും ഹാരി പോട്ടര്‍ കഥയിലെ Tom Marvolo Riddile ആയാലും നാലുകെട്ടിലെ കോന്തുണ്ണി നായര്‍ ആയാലും വിവര്‍ത്തനത്തില്‍ മുഴച്ചു നില്ക്കുകയും ഏങ്കോണിപ്പുകള്‍ സൃഷ്ടിക്കുകയും ചെയ്യും. പാവങ്ങളിലെ മുഖ്യ കഥാപാത്രത്തിന്‍റെ പേര് യാങ്ങ് വല്‍ യാങ്ങ് ആണോ ജീന്‍ വാല്‍ ജീന്‍ ആണോ എന്ന് മലയാളി ഇപ്പോഴും തീര്‍പ്പു കല്പിച്ചിട്ടില്ല. പേരിലെ ഈ പ്രശ്നം ഹാരി പോട്ടര്‍ കഥയുടെ പ്രഞ്ച് വിവര്‍ത്തകന്‍ എങ്ങിനെ പരിഹരിച്ചുവെന്ന് Translation An advanced resource book സൂചിപ്പിക്കുന്നുണ്ട്. (Basil Hatim and Jeremy Munday p.11)

അറബി ഭാഷയില്‍ നിന്നും നേരിട്ടു മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ ഗുണപരമായും ഗണപരമായും അഗ്രിമസ്ഥാനത്തുള്ളത് ഡോ എന്‍. ഷംനാദ് ആണ്. സങ്കീര്‍ണ വ്യക്തിത്വങ്ങളൊന്നുമില്ലാത്ത മഹ്ഫൂസിന്‍റെ നക്ഷത്രങ്ങള്‍ മന്ത്രിച്ചതിലെ കഥാപാത്രങ്ങള്‍ ലോകത്തെ സകലമാന മനുഷ്യരുടെയും പ്രതിനിധികളാണെന്ന വാദം അസ്ഥാനത്തല്ല (നക്ഷത്രങ്ങള്‍ മന്ത്രിച്ചത് ത1ഢ).അദ്ദേഹം ഭാഷാന്തരം ചെയ്ത ജമാല്‍ നാജിയുടെ When the wolves grow old (ചെന്നായ്ക്കള്‍ക്ക് വയസാകുമ്പോള്‍ (2017), സിനാന്‍ ആന്‍ തൂണിന്‍റെ വെള്ള പുതപ്പിക്കുന്നവര്‍ (2017) ഖലീദ് ഖലീഫയുടെ Death is Hard Work (മരണം ദുഷ്കരം 2018), ഹബീബ് സാലിമിയുടെ The women of Basatin (ടുണീഷ്യയിലെ പെണ്ണുങ്ങള്‍ (2018), മഹ്മൂദ് സഈദിന്‍റെ A portal in space (ശൂന്യതയിലേക്ക് ഒരു പേടകം 2019), Zanka Bin Barka (ബിന്‍ ബറക തെരുവ് 2019) നജീബ് മഹ്ഫൂസിന്‍റെ Chidren of Jabalawi (തെരുവിന്‍റെ മക്കള്‍ 2019) Whispers of Stars (നക്ഷത്രങ്ങള്‍ മന്ത്രിച്ചത് 2021) Sugar street  (മിഠായി ത്തെരുവ് 2022) Miramar  (മിറാമാര്‍ 2022) സമര്‍ യസ് ബക്കിന്‍റെ The blue pen (നീല മഷിപ്പേന 2021) ഹുദാ ബറക്കാത്തിന്‍റെ The night post (നിശീഥിനിയുടെ ആഴങ്ങള്‍ 2020 ) യൂസുഫ് ഫാദിലിന്‍റെ The life of butter flies ( ശലഭ ജീവിതങ്ങള്‍ 2022) മുതലായവ അനുവാചക അഭിനന്ദങ്ങള്‍ നേടിയ പരിഭാഷകളാണ്. അതില്‍ മിറാമാര്‍ അറബി ഭാഷയിലെ ആദ്യ പോളി ഫോണിക് നോവലാണെന്നാണ് പരിഭാഷകന്‍റെ അഭിപ്രായം (മിറാമാര്‍: വിവര്‍ത്തക കുറിപ്പ്) പദപ്പൊരുത്തം, ആശയ സുദ്ധത, പ്രയോഗ സൂക്ഷമത, ആവിഷ്കാര മികവ് എന്നിവയാല്‍ വ്യതിരിക്തത പുലര്‍ത്തുന്നതാണ് ഷംനാദിന്‍റെ വിവര്‍ത്തനങ്ങള്‍. 

'അനീതിക്കൊരന്ത്യം ഉണ്ടായേ തീരു. രാത്രിക്കൊടുവില്‍ പകല്‍ എത്തുന്നതു പോലെ ഈ ക്രൂരഭരണത്തിന്‍റെ അന്ത്യം നമ്മുടെ തെരുവ് കാണുകതന്നെ ചെയ്യും. ഒപ്പം വെളിച്ചത്തിന്‍റെയും അദ്ഭുതങ്ങളുടെയും പ്രഭാതം ഉദിച്ചുയരുകതന്നെ ചെയ്യും' (തെരുവിന്‍റെ മക്കള്‍: 592).

 കൃത്യമായ ഘടന ലളിതമായ പരിഭാഷ! അറബ് ജീവിതങ്ങളും സംസ്കാരവും ഒരൊറ്റ അച്ചില്‍ വാര്‍ത്തെടുത്ത  രേഖിയ രൂപങ്ങള്‍ അല്ല. പ്രതി പാത്ര ഭിന്നമായ ആ അറബ് ജീവിതങ്ങള്‍ അതിന്‍റെ ആഴത്തിലും പരപ്പിലും മലയാളിയുടെ അഭിരുചികള്‍ക്കും ഭാവുകത്വത്തിനും ഉതകും വിധം പകര്‍ന്നു വെക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പദാനുപദ തര്‍ജമ അദ്ദേഹത്തിന്‍റെ പാത അല്ലഎന്നു ഗ്രന്ഥ നാമങ്ങളുടെ പരിഭാഷ തന്നെ സുചിപ്പിക്കുന്നുണ്ട്. വെള്ള പുതപ്പിക്കുന്നവരും മരണം ദുഷ്കരവും നിശീഥിനിയുടെ ആഴങ്ങളും പരിഭാഷ മികവിന്‍റെ തികവാര്‍ന്ന ഉദാഹരങ്ങളില്‍ ചിലത്. കാവ്യത്മകമാണ് പുസ്തകപ്പേരുകള്‍ പലതും. മലയാളി വാനക്കാരന്‍റെ  ആയാസരഹിതമായ ആസ്വാദനം ഉറപ്പാക്കുന്നതില്‍ പരിഭാഷകന്‍ വിജയിച്ചിട്ടുണ്ട്. പരിഭാഷാ പണ്ഡിതന്മാര്‍ അടിച്ചേല്‍പ്പിച്ച പദപ്പൊരുത്ത ഘടനാ ഭദ്രത ഉത്തരവാദിത്ത ഭാരത്തേക്കാള്‍  ആശയാനുവാദത്തിന്‍റെ  ലൈറ്റ് വെയിറ്റ് സമീപനമാണ് തര്‍ജമ യില്‍ ഡോ.ഷംനാദ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ പദാനുപദ പരിഭാഷ അദ്ദേഹത്തിനു വര്‍ജ്യമൊന്നുമല്ല താനും. മിരാമാര്‍ പോലെ ട്രാന്‍സ്ലിറ്ററേഷനും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ജീവിതം അതിന്‍റെ വിശദീകരണങ്ങളില്‍ മലയാളിയുടേതായാലും അറബിയുടേതായാലും ഒന്നു തന്നെയാണ്. മിഠായിത്തെരുവ് അഥവ ഒരു അറബി നോവല്‍ മലയാളത്തില്‍ അവസാനിക്കുന്നത് ഇങ്ങിനെയാണ്. ശര്‍ഖാവിയുടെ കടയ്ക്കരികിലെത്തിയതും യാസീന്‍ പറഞ്ഞു. 

"ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി കുറച്ച് സാധനങ്ങള്‍ വാങ്ങണമെന്ന് കരീമ മോള്‍ പറഞ്ഞിരുന്നു. നിനക്ക് തിരക്കുണ്ടോ?"

സഹോദരങ്ങള്‍ ഇരുവരും ആ ചെറിയ കടക്കുള്ളിലേക്ക് കയറി. മകള്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ ഒക്കെ തിരയുകയായിരുന്നു യാസീന്‍ .കുഞ്ഞിന് വേണ്ട ഡയപ്പറുകളും തൊപ്പിയും പിന്നെയൊരു നൈറ്റ് ഗൗണും.

അപ്പോഴാണ് തന്‍റെ കറുത്ത നെക് ടൈയുടെ കാര്യം കമാല്‍ ഓര്‍ത്തത് .വാപ്പ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ദുഃഖസൂചകമായി ധരിച്ചതിനാല്‍ അതിപ്പോള്‍ തീരെ പഴകിയിട്ടുണ്ട്' (മിഠായിത്തെരുവ്. പേജ്: 448)

ഈ കോറിയിട്ട വരികള്‍ ജനനം മുതല്‍ മരണംവരെയുള്ള ഈജിപ്ഷ്യന്‍ ജീവിതത്തിന്‍റെ ഒരൊറ്റ ഫ്രൈമിലെ സാംസ്കാരിക വിനിമയമല്ലാതെ മറ്റെന്താണ്?. 

ഡോ.മുഹമ്മദ് ആബിദും ചില അറബി രചനകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. ഡോ. വഫാ അശ്ശംസിയുടെ ഞാന്‍ നഷ്ടപ്പെടുത്തുകയില്ല, അസ്മറയിലെ ശൈത്യകാലം സമീറ ഉബൈദിന്‍റെ മണലില്‍ നിന്നും രക്ഷപ്പെട്ട കൊത്തുപണി, ഹിസ്സ അല്‍ അവദി യുടെ ഗസ് ലാന്‍, ജമാല്‍ ഫയിസിന്‍റെ പെരുന്നാള്‍ ദിനം, ഫാത്തിമ അല്‍ മസ്റൂഇയുടെ ഹെസ്സ എന്നിവ അദ്ദേഹത്തിന്‍റെ വിവര്‍ത്തനങ്ങളാണ്. അടുത്ത കാലത്തായി മെഷീന്‍ ട്രാന്‍സ്ലേഷന്‍ സാധ്യമായതോടെയും പ്രസാധകരെ ലഭിക്കാന്‍ തുടങ്ങിയതോടെയും അറബി മലയാള സര്‍ഗ സാഹിത്യ വിവര്‍ത്തന പ്രക്രിയയുടെ ഗതി വേഗം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ യന്ത്രവിവര്‍ത്തനത്തിന്‍റെ ഒരു പരിമിതി സാമാന്യ വിചാരമോ, വിവേചന ബുദ്ധിയോ, സാംഗത്യ യുക്തിയോ, സ്ഥലകാല ബോധമോ കൃത്യമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നതാണ്. ഒരു പക്ഷെ നിര്‍മ്മിത ബുദ്ധി ശതകോടി സാധ്യതകളില്‍ ഒന്നിനെ നിമിഷാര്‍ദ്ധത്തില്‍ തിരഞ്ഞെടുത്തേക്കാം. എന്നാലും സന്ദര്‍ഭം തേടുന്ന യഥാര്‍ത്ഥ അര്‍ത്ഥമാകണമെന്നില്ല. മലയാളിയുടെയും ഇംഗ്ലീഷുകാരന്‍റെയും അറബിയുടെയും 'ഉം' ഫു യു എന്തിനേറെ മൂളിച്ചയും മുരടനക്കവും വാസനാബലത്തിലും പദസമ്പന്നതയിലും അതിലെല്ലാം ഉപരി ത്യാജ ഗ്രാഹ്യ വിവേചനത്തിലുമാണ് വിവര്‍ത്തന പ്രക്രിയയില്‍ ഉചിതമായ സ്ഥലത്ത് ഉചിതമായ രൂപത്തില്‍ സ്ഥാനം പിടിക്കുക.. അത്  യന്ത്രവിവര്‍ത്തനത്തില്‍ സാധ്യമാകണമെന്നില്ല. ഉവ്വ്, അതെ, ശരി, ആട്ടെ, ആയിക്കോട്ടെ, ഓ, ഉം എന്നിവക്ക്  yes എന്ന് ഇംഗ്ലീഷ് ഭാഷയിലേക്കും അവിടന്ന് yes അറബിയിലേക്ക് 'നഅം' ആയും വേഷ പകര്‍ച്ച നടത്തുമ്പോള്‍ നഷ്ടപ്പെടുന്നത് എന്താണോ അതാണ് ഓരോ ഭാഷയുടെയും തനിമ. ഈ പരിമിതികള്‍ ഉള്ളപ്പോഴും എത്ര എത്ര കൃതികളാണ് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. അറബിയില്‍ നിന്നും മലയാളത്തിലേക്കും മലയാളത്തില്‍ നിന്നും അറബിയിലേക്കും വിവര്‍ത്തിതമായ കൃതികളിലൂടെ സാധ്യമായ സാംസ്കാരിക വിനിമയവും സങ്കലനവും സാഹിത്യ ചരിത്രത്തിന്‍റെ അനിഷേധ്യമായ അടരാണ്.

അറബി മലയാള വിവര്‍ത്തന സാഹിത്യ മേഖലയിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് ബി.എം സുഹ്റ. നജീബ് മഹ്ഫൂസിന്‍റെ  Palace walk (കൊട്ടാര തെരുവ്) വിവര്‍ത്തനം ചെയ്ത് അറബി മലയാള വിവര്‍ത്തന മേഖലയിലെ ശക്തമായ പ്രതിനിധ്യമായി അവര്‍ നിലകൊള്ളുന്നു. ത്വയ്യിബ് സ്വാലിഹിന്‍റെ നോവല്‍ സൈനിന്‍റെ കല്ല്യണം എന്ന പേരില്‍ മലയാളിക്ക് ബി.എം സുഹറയിലൂടെ വായിക്കാം. അവരുടെ കൃതികള്‍ അറബിയിലേക്കും വിവര്‍ത്തിതമായിട്ടുണ്ട്. നിലാവ് (ദൗഉല്‍ ഖമര്‍ 2015) മൊഴി (ത്വലാഖ് 2015) ഇരുട്ട് (തഹ്ത്ത സമാഇല്‍ മുദ്ലിമ 2020) എന്നിവയാണവ. നജീബ് കീലാനിയാണ് മലയാളത്തിലേക്ക് കൂടുതല്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു അറബി നോവലിസ്റ്റ്. അദ്ദേഹത്തിന്‍റെ എട്ടോളം നോവലുകള്‍ മലയാളത്തില്‍ ലഭ്യമാണ്. അഹമ്മദ് ബഹ്ജത്തും അലി അഹമ്മദ് ബാകസീറും മലയാളികളുടെ വായനാ സംസ്കാരത്തെ പോഷിപ്പിച്ചിട്ടുള്ള അറബ് നോവലിസ്റ്റുകളാണ്.

നാടകമേഖലയില്‍ നിന്നും തൗഫീഖുല്‍ ഹഖീമിന്‍റെയും ജോര്‍ജ് സൈദാന്‍റെയും കൃതികളാണ് കുടുതല്‍ഭാഷന്തരം ചെയ്യപ്പെട്ടിട്ടുള്ളത്. കഴുതച്ചന്ത, മരം കേറി, സുല്‍ത്താന്‍റെ ധര്‍മ്മ സങ്കടം, പാറ്റയുടെ വിധി എന്നീ ഏകാങ്കങ്ങള്‍ മലയാളികള്‍ക്ക് വായിക്കാനായി. ഡോ. മൊയ്തീന്‍ കുട്ടി തൗഫീഖിന്‍റെ ശംസുന്നഹാര്‍ എന്ന നാടകം അറബിയില്‍ നിന്നും നേരിട്ടു മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

തത്തുല്യത, വിശ്വാസ്യത, സുഗ്രാഹ്യത, ലാവണ്യത സംക്ഷിപ്തത, സൂക്ഷമത, കൃത്യത മുതലായ വിവര്‍ത്തനത്തില്‍ ദീക്ഷിക്കേണ്ട സുപ്രധാന ധര്‍മ്മങ്ങളില്‍ ഉപരിസൂചിത വിവര്‍ത്തകര്‍ തുല്ല്യരല്ല. എന്നാല്‍ വിവര്‍ത്തന മര്‍മ്മജ്ഞരും അക്കുട്ടത്തിലുണ്ട്. വര്‍ജ്ജകങ്ങളായ ദുരൂഹതയും, ജുഗുപ്സതയും, ക്ലിഷ്ഠതയും അവിശ്വാസ്യതയും വൃഥാസ്ഥൂലതയും ഒഴിവാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും അര്‍ത്ഥ ശോഷണവും സൗന്ദര്യ നഷ്ടവും കൂടാതെ ആ കൃത്യം നിര്‍വ്വഹിച്ചവര്‍ കുറവാണ്. നിരുപകര്‍ സൂചിപ്പിച്ച വിശ്വാസ്യതയുടെ വൈരൂപ്യവും വിശ്വസ്തതയില്ലാത്ത സൗന്ദര്യവും വിവര്‍ത്തനത്തിലെ മുഴച്ചു നില്ക്കുന്ന ഏങ്കോണിപ്പുകളാണ്. ഏകദേശം 57 അറബി നോവലുകളാണ് 2022 വരെ മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടത് (കേരളവും അറബിയും, യൂണിവേഴ്സിറ്റി പ്ലാറ്റിനം ജൂബിലി സുവനീര്‍ പേജ്: 193). അതിനേക്കാള്‍ അധികം ചെറുകഥകള്‍ അറബിയില്‍ നിന്നും മലയാളത്തിലെത്തിയിട്ടുണ്ട്. ജീവചരിത്രം, ആത്മകഥ, നോവല്‍, ചെറുകഥ, നാടകം, ലേഖനങ്ങള്‍, കവിത എന്നിങ്ങനെ അറബി സാഹിത്യത്തിന്‍റെ വിവിധ വര്‍ണങ്ങള്‍ പരിഭാഷകളിലൂടെ മലയാളിയുടെ വിചാരത്തെയും വികാരത്തെയും ചിന്തയേയും പ്രചോദിപ്പിച്ചിട്ടുണ്ട്. അറബി സാഹിത്യം ഏകശിലാരൂപമേ അല്ല. അവ 22 അറബ് രാജ്യങ്ങളുടെ വ്യത്യസ്ത വിചാരങ്ങളും വികാരങ്ങളുമാണ്. ആ വിചാരങ്ങളുടെയും വികാരങ്ങളുടെയും അനുഭവ ലോകമാണ് വിവര്‍ത്തനത്തിലൂടെ മലയാളിക്ക് ലഭ്യമാകുന്നത്.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറു കെട്ടുകഥകള്‍ മാത്രമാണ് (ആടുജീവിതം 2015) ആടുജീവിതത്തില്‍ മലയാളി അനുഭവിക്കുന്ന ഭാവുകത്വം അറബികള്‍ക്ക് ആ മാത്രയില്‍ ഉണ്ടാകണമെന്നില്ല. വെള്ളം കിട്ടാകനിയായ അറബിയുടെ തുള്ളി വെള്ളത്തോടുള്ള സമീപനമല്ല വെള്ളത്തില്‍ ജനിച്ച്, വെള്ളത്തില്‍ ജീവിച്ച് വെള്ളത്തില്‍ 'മരിക്കുന്ന 'മലയാളിയുടേത്. അറബിയെ സംബന്ധിച്ചിടത്തോളം ഒരോ തുള്ളി വെള്ളവും ജീവാമൃതമാണ്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂലിഴയാണ്. വിവര്‍ത്തനത്തിന്‍റെ ഒരു പരിമിതി സ്ഥലകാല ബന്ധിതങ്ങളായ ചില വികാരങ്ങളെ ഭാഷാന്തരം ചെയ്യാന്‍ സാധിക്കില്ലന്നാണ്. അറബി-മലയാള വിവര്‍ത്തന പാരമ്പര്യത്തെയും പാരസ്പര്യത്തെയും ലളിതമായി ഒതുക്കി പറയാമെന്നു തോന്നുന്നു. സാഹിത്യോന്മുഖമായ വിവര്‍ത്തന ചരിത്രത്തിന്‍റെ ഭാഗമായ മലയാള -അറബി വിവര്‍ത്തന പാരസ്പര്യത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും ആവിര്‍ഭാവവും പ്രാചുര്യവും സമീപകാലത്തുണ്ടായതാണ്. മഹാഭാരതം, രാമായണംബൈബിള്‍ എന്നിവയുടെ വിവര്‍ത്തനം മലയാള ഭാഷയുടെ വികാസത്തില്‍ പങ്കു വഹിച്ചതു പോലെ ഖുര്‍ആന്‍ വിവര്‍ത്തനവും മലയാള ഭാഷാ വികാസത്തില്‍ അതിന്‍റേതായ പങ്കുവഹിച്ചിട്ടുണ്ട്. കച്ചവടവും നിയമവും ഭരണവുമൊക്കെയായി ബന്ധപ്പെട്ട ധാരാളം അറബി പദങ്ങള്‍ മലയാളത്തില്‍ വേരുറപ്പിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ നിന്നും അപൂര്‍വ്വമായ പദങ്ങള്‍ക്കേ (മാന്‍ങ്ങ/ജ) അറബിയിലേക്ക് ചേക്കേറാനായിട്ടൊള്ളു. പ്രധാന സാഹിത്യരൂപങ്ങളായ കഥയും ചെറുകഥയും കവിതയും നാടകവും നോവലും, ഉപന്യാസങ്ങളും അറബിയില്‍ നിന്നും മലയാളത്തിലേക്കു പ്രാതിനിധ്യ രൂപത്തിലെങ്കിലും വിവര്‍ത്തിതമായിട്ടുണ്ടെന്ന് കരുതുന്നതില്‍ അതിശയോക്തിയില്ല. മലയാളത്തില്‍ നിന്നും അറബിയിലേക്ക് സാഹിത്യകൃതികളുടെ ഭാഷാന്തരം തുലോം കുറവാണ്. അറബി മലയാള വിവര്‍ത്തന സര്‍വ്വസത്തില്‍ ഒട്ടുമിക്ക അറബി രാജ്യങ്ങളുടെയും ഏകദേശ പ്രതിനിധാനങ്ങള്‍ ദൃശ്യമാണെന്നു പറയാം. അറബി-മലയാള ഭാഷകള്‍ തമ്മിലുള്ള അടിസ്ഥാനപരമായ അന്തരങ്ങള്‍ സാഹിത്യപരവും സാംസ്കാരികവുമായ ആദാനപ്രദാനങ്ങള്‍ക്ക് തടസ്സമായിട്ടില്ല. വിവിധ അറബു രാജ്യങ്ങളിലെ വ്യത്യസ്തരായ എഴുത്തുകാരുടെ കൃതികള്‍ മൊഴിമാറ്റത്തിലൂടെ മലയാളത്തില്‍ ലഭ്യമായ തോതില്‍ മലയാളത്തില്‍ നിന്നും അറബി ഭാഷയില്‍ ലഭ്യമല്ലങ്കിലും അടുത്ത കാലത്തായി വര്‍ദ്ധിത വേഗത്തില്‍ മലയാള കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് സംസ്കാരസമന്വയത്തിന്‍റെ പുതിയ വായനകളാണ് തുറന്നത്.

Reference:

Benyamin, A. (2015). Aajujeevitham. Thrissur: Green Books.
Geoge, Sale. (1877). The Koran or Alcoran of Mohammed. Culcutta: William Tegg and Co.
Hatim, B., & Munday, J. (2019). Translation An advanced resource book for students. London: Routledge.
Khaldun, I. (2016). Mukhaddima. (M. K. Moulavi, Trans.) Kozhikodu: Mathrubhumi Books.
Mahfouz, N. (2021). Nakshathrangal Manthrichathu. (N. Shamnad, Trans.) Kozhikode: Mathrubumi Books.
Mahfouz, N. (2022). Miramar. (N. Shamnad, Trans.) Thrissur: Green Books.
Mahfouz, N. (2022). Awlad Harathuna. (N. Shamnad, Trans.) Thrissur: Green Books.
Mahfouz, N. (2022). Alsukkariyya (N. Shamnad, Trans.) Thrissur: Green Books.
Nair, K. R. (1964). Divya Deepthi. Kozhikode: Samanwayam Books.
Narayanan, M. (1972). Cultural symbiosis in Kerala. Thiruvanathapuram: Kerala Historical Society.
writers, g. o. (2013). 40 Arabi Penkathakal. (S. A. Qudusi, Trans.) Kozhikode: Olive Publication.
Dr. Moideen Kutty AB
Professor & Head of the Department
Dept. of Arabic
University of Calicut
India
Pin: 673635
Ph: +91 9447530013
Email: abmoideen@gmail.com
ORCID: 0009-0004-8818-9131