Posthuman insights for environmental education: A study based on Asha Menon’s critics
Dr. Shimi Paul Baby
The ambivalence of man, who was considered the cornerstone of value concepts and social progress, to evolve into a geological agent that disrupts the balance of the earth, becomes prominent in posthuman studies. Posthumanism marked by the opening of the interaction between nature and man by demanding corrections in the anthropocentric understandings that have been constructed and acquired so far in order to highlight the human being's inner essence. Posthumanism sets the stage for a worldview that recognizes non-species as species and embraces humans, objects, and constructed intelligence without losing sight of its habitat. It is the various and varied possibilities that posthumanism possess that the same conceptual framework that sees the construction and assimilation of knowledge as the construction of counter-consciousness in environmental ethics is sufficient to analyze the inter-conflicts that intersect between human and cyborg concepts.
Key words: Posthumanism, Antropocene, Biocentric,Cyborg, Geological agent.
References:
Asha Menon, (1997), Paragakoshanagal, Kottayam: D.C.Books.
Asha Menon, (1999), Payaswini, Kottayam: D.C.Books.
Asha Menon, (2021), Vahleekam, Kottayam: D.C.Books.
Prasad Panyan, (2021), Are You A Human Manushietara Manavikathakku Oru Aamugam, Kottayam: D.C.Books.
Prasad Panyan, (2020), Are You A human, Trissur: Sahitya Lokam, Pusthakam 49, Lakkam3.
Sreekumar,T.T., (2021) Posthuman Vichara lokangalSastram, Soundharyam, Mrithurastreeyam, Kozhikkode: Pusthaka Prasadaka Sangam.
Haraway Donna, (1985), A Manifesto for Cyborgs: Science, Technology and Socialist Feminism in the 1980s, Socialist Review-80.
https://www.nature.com/article/415023a dated 10.3.2022
മാനവാനന്തരപരിസ്ഥിതിപാഠങ്ങള്‍ ആഷാമേനോന്‍റെ നിരൂപണങ്ങളില്‍
ഡോ. ഷിമി പോള്‍ ബേബി
മൂല്യസങ്കല്പങ്ങളുടെയും സാമൂഹികപുരോഗതിയുടെയും ആണിക്കല്ലെന്ന് കണക്കാക്കിയിരുന്ന മനുഷ്യന്‍ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന ഭൗമവിഷയിയായി (geological agent) പരിണമിക്കുന്ന സന്ദിഗ്ധാവസ്ഥ മാനവാനന്തരപഠനങ്ങളില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കിടയായിട്ടുണ്ട്. മനുഷ്യന്‍ എന്ന അസ്തിത്വം അതിന്‍റെ ആന്തരികസത്തയെ ഉയര്‍ത്തിപ്പിടിക്കുന്നതി നായി ഇന്നോളം നിര്‍മ്മിക്കപ്പെട്ടുപോന്നതും ആര്‍ജ്ജിച്ചെടുത്തതുമാ യ മനുഷ്യകേന്ദ്രിത അവബോധങ്ങളില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ തുറവിയിലാണ് മാനവാനന്തരപരിസ്ഥിതിപഠനങ്ങള്‍ അടയാളപ്പെടുന്നത്. ജീവിവര്‍ഗ്ഗം എന്ന നിലയില്‍ ഇതരജീവിവര്‍ഗ്ഗങ്ങളെ തിരിച്ചറിയുകയും ആവാസവ്യവസ്ഥയുടെ കണ്ണിമുറിയാതെ മനുഷ്യനെയും വസ്തുക്കളെയും നിര്‍മ്മിതബുദ്ധിയെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ലോകവീക്ഷണത്തിന് മാനവാനന്തരത(ജീവെേൗാമിശാെ) പരിസരമൊരുക്കുന്നു. അറിവിന്‍റെ നിര്‍മ്മാണവും സ്വാംശീകരണവും പാരിസ്ഥിതിക നൈതികതയിലൂ ന്നിക്കൊണ്ടുള്ള പ്രതിബോധത്തിന്‍റെ നിര്‍മ്മിതിയായി കാണുന്ന അതേ ചിന്താപദ്ധതിതന്നെ മനുഷ്യനും സൈബോര്‍ഗ്1 സങ്കല്പനങ്ങളും കൂടിച്ചേരുന്ന അന്തഃസംഘര്‍ഷങ്ങളെ വിശകലനം ചെയ്യാന്‍ പര്യാപ്തമാകുന്നു എന്നത് മാനവാനന്തരത മുന്നോട്ടു വെയ്ക്കുന്ന വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സാധ്യതകളാണ്.
താക്കോല്‍ വാക്കുകള്‍ : പോസ്റ്റ് ഹ്യൂമനിസം, ആന്ത്രോപോസീന്‍, ഭൗമകേന്ദ്രിതം, സൈബോര്‍ഗ്, ഭൗമവിഷയി.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്‍റെ നിര്‍ണ്ണായകഘടകം സാങ്കേതികവിദ്യകളുടെ ഉപയോഗമാണെന്ന യാന്ത്രികഭൗതികവാദപരമായ ധാരണകളെ തകിടം മറിച്ചുകൊണ്ട് ആരോഗ്യമേഖല അഭിമുഖീകരിച്ച പ്രതിസന്ധിയും ആവര്‍ത്തിച്ചു വന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും മറ്റും മാനവാനന്തരവാദത്തിന് സാഹിത്യത്തിലും സമൂഹത്തിലും സംസ്കാരത്തിലും പുതുവായനകള്‍ സാധ്യമാക്കി. അശാസ്ത്രീയമായ വികസനരീതികളുടെ അനന്തരഫലമാണ് പ്രകൃതിദുരന്തങ്ങള്‍ എന്ന ബോധ്യം ശക്തമായതോടെ മനുഷ്യനെന്ന സംവര്‍ഗ്ഗത്തെ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്‍റെ അടിയന്തിരപ്രാധാന്യം വ്യക്തമായി. "മറ്റു ജീവഘടകങ്ങളോടുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളെയും സഹവര്‍ത്തിത്വങ്ങളെയും ഉള്‍ക്കാഴ്ചയോടുകൂടി അന്വേഷിക്കുന്നതിന് ഈ പാന്‍ഡെമിക് കാലം വഴി തുറക്കുമെന്ന് കാതറിന്‍ ഹെയില്‍സ് പ്രസ്താവിക്കുന്നതിന്‍റെ പശ്ചാത്തലവുമിതുതന്നെയാണ് (പ്രസാദ് പന്ന്യന്‍ (എഡി.) 2021:14). മനുഷ്യകേന്ദ്രിതമായ വിജ്ഞാനശാഖകളെ പുതുക്കിപ്പണിതുകൊണ്ട് ഇതരജീവിവര്‍ഗ്ഗങ്ങളും മനുഷ്യനെന്നപോലെ തുല്യമായ ഇടം ഭൂമിയില്‍ അര്‍ഹിക്കുന്നുണ്ടെന്ന പാരിസ്ഥിതികമനസ്സ് ആഷാമേനോന്‍റെ നിരൂപണങ്ങളുടെ പൊതുപശ്ചാത്തലമാണ്. ഉര്‍വ്വരതയില്‍നിന്നും ഊഷരതയിലേക്ക് പരിക്രമണം സംഭവിക്കുമ്പോള്‍, മനുഷ്യന്‍ തന്‍റെ പുരോഗതിയിലൂറ്റം കൊള്ളുന്നതിന്‍റെ വൈരുദ്ധ്യത്തെ ആഷാമേനോന്‍റെ നിരൂപണങ്ങള്‍ അടയാളപ്പെടുത്തുന്നതു കാണാം. മനുഷ്യകര്‍തൃത്വം കൊണ്ടുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളും കാലാവസ്ഥാവ്യതിയാനം കൊണ്ട് മനുഷ്യനിലുളവാകുന്ന മാറ്റങ്ങളും മനുഷ്യചരിത്രത്തോടൊപ്പം തന്നെ പഠിക്കപ്പെടേണ്ട പ്രകൃതിചരിത്രത്തെയും ഭൂമിപാഠത്തെയുമാണ് വ്യക്തമാക്കുന്നത്. വികസനരാഷ്ട്രീയത്തെയും പാരിസ്ഥിതിക രാഷ്ട്രീയത്തെയും മുഖാമുഖം ദര്‍ശിക്കുന്ന മാനവാനന്തരചിന്താപദ്ധയില്‍ നിലയുറച്ചുകൊണ്ട് ഓര്‍മ്മക്കുറിപ്പുകളിലൂടെയും യാത്രാസ്മൃതികളിലൂടെയും പ്രകൃതിയിലേക്കും മനുഷ്യനിലേക്കും അന്വേഷണം നടത്തുന്ന, പാരിസ്ഥിതിക ജാഗ്രതയും ആദ്ധ്യാത്മിക ജാഗ്രതയും ഇഴപിരിക്കാനാവാത്തവിധം കണ്ണിചേര്‍ന്നുകിടക്കുന്ന ആഷാമേനോന്‍റെ നിരൂപണങ്ങളിലെ മാനവാനന്തര പാരിസ്ഥിതിക പാഠത്തെ വിശകലനം ചെയ്യുകയാണ് പ്രബന്ധത്തില്‍.
ഗ്രഹതുല്യബലമായി2 (Planetary force) മാറിയിരിക്കുന്ന മനുഷ്യര്‍ പ്രകൃതിയ്ക്കുമേല്‍ നടത്തിയ ചൂഷണാധിഷ്ഠിത ഇടപെടലുകളുടെ മറുപാഠമായാണ് ഒന്നിനൊന്ന് ആപത്കരമായ ദശാസന്ധി മനുഷ്യനടക്കമുള്ള ജീവിവര്‍ഗ്ഗം അഭിമുഖീകരിക്കേണ്ടിവരുന്നത്."മനുഷ്യന്‍റെ അസ്തിത്വം വെറും യുക്തിബദ്ധമായ ചിന്തകളോടുമാത്രം ബന്ധപ്പെടുത്തിയത് ഗുരുതരമായ ഒരു ലോപമായിരിക്കുന്നു" എന്ന് ആഷാമേനോന്‍ 'പതിനൊന്നാം കല്പന'യില്‍ പ്രസ്താവിക്കുന്നുണ്ട് (1996:29). ദെക്കാര്‍ത്തേയുടെ മനുഷ്യകേന്ദ്രിത സങ്കല്പനങ്ങളുടെ വിനിര്‍മ്മിതിയില്‍ നിന്നിട്ടാണ് ഇത്തരമൊരു പ്രസ്താവന സ്വീകരിക്കുന്നത്. മനുഷ്യന്‍റെ ജൈവികതയെ അതിന്‍റെ സംയുക്തതയില്‍ കാണുന്നതിന് തടസ്സമായ ദെക്കാര്‍ത്തിന്‍റെ വീക്ഷണയുക്തിയെയാണ് ഇവിടെ പ്രശ്നവത്കരിക്കുന്നത്. ഇത്തരം വിഭജനയുക്തി മനുഷ്യബോധ്യങ്ങളെ ഭരിച്ചതിനാലാണ് നമ്മുടെ ശീതോഷ്ണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യമാകാത്ത ഒരവസ്ഥ മനുഷ്യനില്‍ സംജാതമായത് (1996:30). മനസ്സും ശരീരവും തമ്മിലുള്ള അനാരോഗ്യകരമായ വിഭജനം കാര്‍റ്റീഷ്യന്‍ ദ്വന്ദ്വമാതൃകയിലധിഷ്ഠിതമായ ഘടനകളെ പിന്താങ്ങിപ്പോന്നതിനാലാണെന്ന് നിരൂപകന്‍ അടയാളപ്പെടുത്തുന്നതിലൂടെ ഇത്തരം വിഭജനങ്ങള്‍ക്കു ബദലായി മനസ്സ്/ശരീരം, യുക്തി/വിചാരം, പ്രകൃതി/സംസ്കാരം എന്നിവയെ അപനിര്‍മ്മിക്കുകയും മനസ്സും ശരീരവും സത്താപരമായി ഒരേ മൂര്‍ത്തദ്രവ്യത്തിന്‍റെ(substance) ഭാഗമാണെന്നും ചിന്തകളും വികാരങ്ങളും സമാന്തര പ്രവര്‍ത്തനങ്ങളാണെന്നും അവയെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വേര്‍പെടുത്താന്‍ ആവില്ലെന്നുമുള്ള സ്പിനോസയുടെ ചിന്തകളെ സവിശേഷമായി ഉള്‍ക്കൊള്ളുന്നതു കാണാം. പ്രപഞ്ചത്തെയാകെ മാറ്റിമറിക്കുന്ന ഭൗമശക്തിയായി മനുഷ്യന്‍ മാറിയ കാലഘട്ടത്തെ പോള്‍ ക്രുട്സണ്‍ ആന്ത്രോപോസീന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യരാശിയുടെ കര്‍ത്തൃത്വത്തെക്കുറിക്കുന്ന എല്ലാ മുന്‍ധാരണകളെയും തിരുത്തിക്കുറിക്കാന്‍ ഈ കാലഘട്ടം പ്രേരിപ്പിക്കുന്നു. പ്രകൃതി ചരിത്രത്തെയും മനുഷ്യചരിത്രത്തെയും കണ്ണിതിരിച്ചുകൊണ്ടുള്ള പഠനപദ്ധതിയില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി ഘടകങ്ങളുടെ പാരസ്പര്യത്തില്‍ നിലയുറച്ചുകൊണ്ട് മനുഷ്യനെ ഒരു ജീവിവര്‍ഗ്ഗമായി പരിഗണിക്കുന്നു. അത്തരമൊരു ജീവിവര്‍ഗ്ഗത്തിന്‍റെ ചരിത്രമെന്നത് മറ്റു ജീവാണുവിനെയോ അതിനെസംബന്ധിച്ചുള്ള പഠനങ്ങളെയോ തട്ടുകളായി തിരിച്ചുകൊണ്ടല്ല. കള്ളികളിലല്ലാതെയുള്ള പഠനപശ്ചാത്തലമാണ് പോസ്റ്റ്ഹ്യൂമനിസം മുന്നോട്ടുവെയ്ക്കുന്നത്. വനങ്ങളിലെ കാറ്റും പരിമളങ്ങളും നിശ്ശബ്ദതയും പതുക്കെപ്പതുക്കെ അനുഭവിക്കാന്‍ ശീലിക്കണമെന്ന ആഷാമോനോന്‍റെ പ്രസ്താവന ഇത്തരമൊരു പരിപ്രേക്ഷ്യത്തില്‍ ഏറെ വായനയ്ക്കിടയാക്കുന്നു. വെള്ളം കടക്കാത്ത അറകളായി പിരിച്ചുമാറ്റപ്പെട്ട മനുഷ്യന്‍റെ യുക്തിയെ അപനിര്‍മ്മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തെങ്കില്‍ മാത്രമേ പ്രകൃതിയെ അതിന്‍റെ ജൈവസാകല്യതയില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുകയുള്ളു എന്ന പോസ്റ്റ് ഹ്യൂമന്‍ ചിന്താപദ്ധതി ഉള്‍ക്കൊള്ളുന്നതായി കാണാം.
കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും സ്ഥിരതയില്‍ മാത്രം അധിഷ്ഠിതമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ന് കാലാവസ്ഥാവ്യതിയാനം തുടര്‍ക്കണ്ണിയാകുന്ന സാഹചര്യത്തില്‍ പരിസ്ഥിതി എന്ന വാക്ക് പുതുതായി കണ്ടെത്തേണ്ടതാണെന്ന ആഷാമേനോന്‍റെ നിരീക്ഷണം ശ്രദ്ധേയമാണ്.പ്രകൃതി, പരിസ്ഥിതി എന്ന പരികല്പന രണ്ടായിത്തന്നെ കാണേണ്ടതാണ്. പ്രകൃതി എന്ന പരികല്പനയില്‍ മനുഷ്യന്‍ പ്രധാനഘടകമല്ല. ഒരു ഘടകം തന്നെയല്ല. മനുഷ്യനില്ലാത്തപ്പോഴും പ്രകൃതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരിസ്ഥിതി എന്നത് മനുഷ്യകേന്ദ്രിതമായ ഒരാശയമാണ്. മനുഷ്യന്‍റെ ആവാസവ്യവസ്ഥ എന്ന നിലയിലാണ് പരിസ്ഥിതി എന്ന പ്രയോഗം ഉണ്ടാകുന്നതും പ്രസക്തമാകുന്നതും. പരിസ്ഥിതി എന്ന വാക്ക് പുതുതായി കണ്ടുപിടിക്കേണ്ട ഒന്നായിത്തീരുമ്പോള്‍ പരിസ്ഥിതിയ്ക്ക് രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ ചരിത്രപശ്ചാത്തലമുണ്ട് എന്ന ബോധ്യത്തെ നിലനിര്‍ത്തുന്നു. അതോടൊപ്പം കാര്‍ബണിക വിസര്‍ജ്ജനത്തെ ഭയപ്പെടുന്നില്ല എന്ന് പ്രഖ്യാപിച്ച ലോകരാഷ്ട്രങ്ങളോടും സ്റ്റേഡിയങ്ങള്‍ക്ക് മീതെ കൃത്രിമ ഓക്സിജന്‍ വിതരണം ഉറപ്പുവരുത്തുകയും ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുകയും ചെയ്യുന്ന ഭരണകൂടനിലപാടുകളോടുമുള്ള വിമര്‍ശനമാണ് ഈ പ്രസ്താവന. ശാസ്ത്രവളര്‍ച്ചയെ വ്യത്യസ്തമായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു; അവയോടൊപ്പംതന്നെ സാങ്കേതികവിദ്യയും അവ ആവിഷ്കരിക്കുന്ന യന്ത്രങ്ങളും അടിസ്ഥാനപരമായി മനുഷ്യകേന്ദ്രിത വ്യവഹാരങ്ങളുടെ ഭാഗമായിത്തന്നെ രൂപപ്പെട്ടുവന്നവയാണെന്നും താത്കാലികമായി കരകയറാനുള്ള മാര്‍ഗ്ഗങ്ങളെ അവലംബിച്ചാലും ആത്യന്തികമായ നിലനില്‍പ്പിന് സാധ്യതയില്ലാതെ മനുഷ്യനും പെട്ടുപോകും. അതിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഭൗമകര്‍തൃത്വം സ്വയം അവകാശപ്പെട്ട മനുഷ്യനില്‍ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ആയതിനാല്‍ മനുഷ്യരെ അവരുടെ പ്രകൃതത്തില്‍ നിന്നും അതുവഴി പ്രകൃതിയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്ന സ്ഥിതിവിശേഷത്തില്‍ പരിസ്ഥിതി അട്ടിമറിക്കപ്പെടുന്ന ഒന്നായിത്തീരുന്നു. അതിനാല്‍തന്നെ പ്രകൃതിയുടെ നിലനില്‍പ്പില്‍ അടങ്ങിയിരിക്കുന്ന അന്തഃസ്ഥിതശക്തികളുടെ സവിശേഷമായ വീണ്ടെടുപ്പില്‍ നിന്നിട്ടാണ് പരിസ്ഥിതി എന്ന വാക്ക് പുതുതായി കണ്ടെത്തേണ്ടതാണെന്ന നിലപാട് ആഷമേനോന്‍ മുന്നോട്ടുവെയ്ക്കുന്നത്.
മനുഷ്യന്‍റെ സത്തതന്നെ ആയിത്തീര്‍ന്ന സാങ്കേതികശാസ്ത്രത്തെ നാം തിരസ്കരിക്കേണ്ടതില്ലെന്ന് (1996:34) റോബര്‍ട്ട് പിര്‍സിഗിന്‍റെ സെന്‍ ആന്‍ഡ് ദി ആര്‍ട്ട് ഓഫ് മോട്ടോര്‍ സൈക്കിള്‍ മെയിന്‍റനന്‍സ് എന്ന കൃതിയെ അടിസ്ഥാനമാക്കി തനുമാനസി എന്ന സമാഹാരത്തില്‍ വ്യക്തമാക്കുന്നുണ്ട്. ടെക്നോളജിയെ തിരസ്കരിക്കേണ്ടതില്ലെന്ന് പറഞ്ഞുവെയ്ക്കുമ്പോഴും "ആപല്ക്കരമായി വളര്‍ന്ന തങ്ങളുടെ കലമാന്‍കൊമ്പുകള്‍ മൂലം പരസ്പരം കുത്തിച്ചാവേണ്ടി വന്ന മൃഗത്തിന്‍റെ ദശയിലാണ് മനുഷ്യനിപ്പോള്‍ വംശനാശത്തിന്‍റെ കലമാന്‍ കൊമ്പുകള്‍ മെരുക്കിയെടുക്കണമെങ്കില്‍ മനുഷ്യമുഖമുള്ള ഒരു സാങ്കേതികശാസ്ത്രം അവലംബിക്കുകയേ ഗത്യന്തരമുള്ളു" (1996:34) എന്ന കൂട്ടിച്ചേര്‍ക്കല്‍ കൂടി കാണാം. ടെക്നോളജി കൈകാര്യം ചെയ്യപ്പെടുന്ന രീതി പുനഃസംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയാണിവിടെ സൂചിപ്പിക്കുന്നത്. മനുഷ്യമുഖമുള്ള ഒരു സാങ്കേതികശാസ്ത്രം എന്ന പരാമര്‍ശം വാസ്തവത്തില്‍ സാങ്കേതികശാസ്ത്രത്തിന്‍റെ ധാര്‍മ്മികതയെ പുനരാലോചനയ്ക്ക് വിധേയമാക്കുന്നതാണ്. മനുഷ്യകേന്ദ്രിതം മാത്രമായ വിജ്ഞാനോല്‍പ്പാദന സമ്പ്രദായങ്ങളില്‍ നിന്നും വിടുതല്‍നേടി പുതുവഴികള്‍ തേടേണ്ടതിന്‍റെ പ്രാധാന്യത്തെ ഇത് വെളിപ്പെടുത്തുന്നു. സാങ്കേതിക ശാസ്ത്രജ്ഞാനങ്ങളോട് പുറം തിരിഞ്ഞുകൊണ്ടുള്ള പ്രയാണത്തിലൂടെ ഒരു സ്വര്‍ഗം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയല്ല വേണ്ടത്; തന്നെയല്ല സാങ്കേതികതയെ മനുഷ്യജീവിതത്തിന് വിപരീതമായി പ്രതിഷ്ഠിക്കുന്ന പ്രവണതയും നിരൂപകന്‍ സ്വീകരിക്കുന്നില്ല. മനുഷ്യേതരജീവികളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള മനുഷ്യകര്‍ത്തൃത്വത്തിന്‍റെ പുതിയമാനങ്ങളെ അടയാളപ്പെടുത്തുന്ന വിധത്തില്‍ പ്രകൃതിഘടകങ്ങളുടെ പാരസ്പര്യത്തെ ഉള്‍ക്കൊള്ളുന്ന പ്രാപഞ്ചികസ്വത്വബോധത്തില്‍ നിലയുറച്ചാകണം ടെക്നോളജി കൈകാര്യംചെയ്യപ്പെടേണ്ടത്.
ശാസ്ത്രത്തിന്‍റെ ധാര്‍മ്മികതയെ നിസ്സാരവത്കരിക്കാനാവില്ല എന്ന് ആഷാമേനോന്‍ പ്രസ്താവിക്കുന്നുണ്ട്. കശാപ്പുകാരന്‍റെ വൃത്തി ഋഷിയുടേതില്‍ നിന്നും താഴെയല്ലെന്ന് വ്യഞ്ജിപ്പിക്കുന്ന കഥയെ പിന്‍പറ്റിയാണ് സാങ്കേതികത അതിന്‍റെ എത്തിക്സില്‍ നിന്നും തെന്നിമാറിയാല്‍ സംഭവിക്കാവുന്ന താളപ്പിഴകളെ വിശദമാക്കുന്നത്. "നിങ്ങളുടെ ജീവിതത്തില്‍ ഒരു കമ്പ്യൂട്ടറിന്‍റെ ആഗമനം ഒരിക്കലും ഒഴിവാക്കാനാവുന്നതല്ല ഒരു ന്യൂക്ലിയര്‍ യുദ്ധം ഉണ്ടാകുന്നു എന്നിരിക്കട്ടെ മനുഷ്യരാശിയുടെ അവസാനത്തെ മണിക്കൂറില്‍ ഈ കമ്പ്യൂട്ടറുകള്‍ മുഖേന സാധ്യമാകുന്ന പ്രതിരോധനീക്കങ്ങള്‍ എത്രയേറെ നിര്‍ണ്ണായകമാകുന്നുവെന്നോ എന്തുമാത്രം പ്രചണ്ഡമായൊരു കുരുതിക്കാണ് മനുഷ്യര്‍ ഒരുമ്പെടുന്നതെന്നോ ശാസ്ത്രത്തിന്‍റെ ശൃംഗങ്ങളില്‍ പെരുമാറുന്ന ചിലരെയെങ്കിലും ജാഗരൂകരാക്കിയിരിക്കുന്നു" (1996:30). സ്വന്തം സ്പീഷിസിനെ കൊലചെയ്തുകൊണ്ട് സ്വയം നശിച്ച് സ്വയം നശിപ്പിച്ച് മുന്നേറുന്ന നീതിബോധവും മൂല്യബോധവും ജീവന്‍റെ തുടര്‍ച്ചയിന്മേലാണ് കത്തിവെയ്ക്കുന്നതെന്ന ചിന്ത ശാസ്ത്രതലപ്പത്ത് വ്യാപൃതരാകുന്നവരെപ്പോലും അസ്വസ്ഥരാക്കുന്നു. ഏറ്റവും മികച്ചതെന്ന് മനുഷ്യന്‍ കരുതുന്ന ടെക്നോളജി യുദ്ധസന്നാഹങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ മനുഷ്യചരിത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന അമിതമായ ആത്മവിശ്വാസത്തെയാണ് അത് പൊള്ളിക്കുന്നത്. മനുഷ്യനില്ലാത്ത ഭാവിയെക്കുറിച്ച് ചിന്തിക്കുകതന്നെ വേണ്ടിവരുമെന്നും അത്തരം ഒരു സാധ്യതയെ തള്ളിക്കളയണമെങ്കില്‍ മനുഷ്യന്‍റെ ആത്മധാരണയില്‍ ഇനിയും പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകതന്നെവേണമെന്നും ആഷാമേനോന്‍ വ്യക്തമാക്കുന്നുണ്ട്(1996:31). ജീവിതം ഡിജിറ്റലൈസേഷന് വഴിമാറുകയും തലച്ചോറിനെ ഡിജിറ്റല്‍ യന്ത്രസംവിധാനവുമായി നേരിട്ട് ബന്ധപ്പെടുത്താനുള്ള സാധ്യതകള്‍ രൂപപ്പെട്ടുവരുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്രകര്‍ത്താവായി മനുഷ്യന്‍ ആയിത്തീരുന്നുണ്ട്. ഈ സ്വതന്ത്ര കര്‍ത്തൃത്വത്തില്‍ ശാസ്ത്രം അതിന്‍റെ ധാര്‍മ്മികത നിലനിര്‍ത്തേണ്ടത് ആവശ്യമാണ് അല്ലാത്തപക്ഷം മനുഷ്യന്‍ മനുഷ്യനുവേണ്ടിമാത്രം നടത്തിയ വെട്ടിപ്പിടിക്കലുകളുടെയും രക്തരൂഷിത യുദ്ധങ്ങളുടെയും ആവര്‍ത്തനം മാത്രമാകും സാങ്കേതികതയിലൂടെ നാം നേടിയതെന്ന് പറയപ്പെടുന്ന ഔന്നത്യങ്ങളുടെ ആത്യന്തിക ഫലം.
"നമുക്കു ചുറ്റുമുള്ളത് ഏറ്റവും ജൈവമായ ഒരു സത്തയാണെന്ന ബോധം സംജാതമായിരിക്കയാല്‍ മനുഷ്യന്‍റെ ആത്മീയമായ ഉത്കണ്ഠകള്‍ ഒരു സ്വയം തിരിച്ചറിവിലൂടെയേ പരിപൂരിതമാവുകയുള്ളു എന്നു പറയുന്നത് തപഃസ്ഥിതരായ സന്യാസിമാരല്ല ന്യൂക്ലിയാര്‍ ശാസ്ത്രജ്ഞരാണ്" (1996:144).സാങ്കേതികതയെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞര്‍പോലും അവയെ ആത്യന്തികമായ സത്യത്തിലേക്ക് നയിക്കുന്ന ഒരു രീതി പോലുമായി കരുതേണ്ടതില്ലെന്ന് ചിന്തിക്കുന്നുണ്ട്. വ്യക്തികള്‍ സ്വതന്ത്രരെന്നു വിശ്വസിക്കുമ്പോള്‍തന്നെ അവരെ നിരീക്ഷിക്കുവാനും അവരുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുവാനും തടയിടുവാനും സാധിക്കുന്ന സമഗ്രാധിപത്യരൂപമായി ഭരണകൂടങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധര്‍ നേരിടുന്നത് വ്യത്യസ്തങ്ങളായ വെല്ലുവിളികളാണ്. ഭൂമിയില്‍ ഒട്ടനവധി സ്പീഷിസുകള്‍ ഇല്ലാതാവുകയും മാനവരാശിയുടെ തന്നെ നിലനില്‍പ്പിനെ ഭീതിദമായി ബാധിക്കുകയും ചെയ്യുന്ന മഹാമാരികളുടെ ഘട്ടത്തില്‍ ആരോഗ്യപരിപാലനപദ്ധതിയിലെ പാളിച്ചകള്‍ വെളിപ്പെടുത്തിയ വൈദ്യശാസ്ത്രജ്ഞരെ അല്ലെങ്കില്‍ യന്ത്രോപകരണങ്ങള്‍ ചില നിശ്ചിതധര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നതാണെന്നും പറഞ്ഞുകൊണ്ട് ശാസ്ത്രത്തിന്‍റെ ധാര്‍മ്മിക പ്രതിസന്ധി സമൂഹത്തിനുമുന്നില്‍ വിളിച്ചുപറയുന്ന പണ്ഡിതരെയോ പൗരരെയോ ഭരണകൂടമേധാവികള്‍ കൊലപ്പെടുത്തുകയോ അപമൃത്യുവിന് ഇരയാക്കുകയോ ചെയ്യുന്ന സമീപകാല ലോകരാഷ്ട്രീയം ശാസ്ത്രത്തോടും ശാസ്ത്രവിദഗ്ദ്ധരോടും മനുഷ്യപ്രകൃതത്തോടു തന്നെയും പുലര്‍ത്തുന്ന നിഷേധാത്മക നിലപാടുകളെയാണ് വ്യക്തമാക്കുന്നത്. ഇത്തരം ഭരണകൂടസര്‍വൈലന്‍സ് കണ്ണുകള്‍ മനുഷ്യഭീഷണിമാത്രമല്ല ഇന്ന് ഭൗമഭീഷണി തന്നെയായി മാറിയിരിക്കുന്നു.
സാകല്യത്തിന്‍റെ പ്രസക്തി എന്ന ലേഖനത്തില്‍ മനുഷ്യകേന്ദ്രിതമായ ആവാസ ചിന്തയില്‍ നിന്നും പുല്ലിനും പുഴുവിനുംപോലും അതിന്‍റെതായ സത്ത അനുവദിച്ചു കൊണ്ടുള്ള ദര്‍ശനങ്ങളിലേക്ക് വഴിമാറേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ഭൂമിയെന്ന ജൈവസാകല്യത്തെ തീര്‍ത്തും ഉള്‍ക്കൊള്ളാതെ പോയതാണ് നവോത്ഥാനത്തിനുശേഷമുള്ള ദര്‍ശനങ്ങളും കലാപങ്ങളുമെല്ലാം മനുഷ്യകേന്ദ്രിതമായിത്തീര്‍ന്നതിന്‍റെ കാരണമായി അദ്ദേഹം കണ്ടെത്തുന്നത്. ആത്യന്തികമോചനം മനുഷ്യന്‍റേതാണെന്ന സങ്കല്പം വേരൂന്നിയത് കൊണ്ടാണ് അവന്‍റെ സൗന്ദര്യശാസ്ത്രങ്ങളും മീമാംസകളും മറ്റുജീവികളെ സ്പര്‍ശിക്കാതെ പോയത്. തന്നെയല്ല ഷഡ്പദങ്ങള്‍ക്കോ ശലഭങ്ങള്‍ക്കോ വേണ്ടി മനുഷ്യന്‍ വിപ്ലവം നയിക്കേണ്ടതില്ല, പക്ഷേ അവയ്ക്ക് ജൈവഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കേണ്ട ധാര്‍മ്മികത മനുഷ്യനുണ്ടെന്ന് തിരിച്ചറിവ് മുന്നോട്ടുവെയ്ക്കുന്നു. ഇത്തരത്തില്‍ സാകല്യാത്മകമായ സമീപനത്തിന്‍റെ സാധ്യതകളെ ആരായുമ്പോള്‍ മനുഷ്യസമൂഹത്തിനും നാഗരികതയ്ക്കും വെളിയില്‍ നില്‍ക്കുന്ന ജൈവികാവസ്ഥയായി പ്രകൃതിയെ കാണുന്ന സമീപനത്തെ പുനഃപരിശോധിച്ചുകൊണ്ട് ഭൗമകേന്ദ്രിത പാരിസ്ഥിതിക വീക്ഷണത്തെ അവതരിപ്പിക്കുന്നു. അപ്പോഴും അതിചടുലം മുന്നോട്ടുപോകുന്ന ശാസ്ത്രത്തെ നിരാകരിക്കണമെന്ന് തെല്ലുപോലും വിവക്ഷയില്ല. "എത്രയോ സഹസ്രാബ്ദങ്ങളുടെ ശേഷിപ്പുകള്‍, വാഹിനികള്‍, മൂലകങ്ങള്‍ നമ്മുടെ ജീനുകളില്‍ കടന്നിരിക്കെ നാം എന്തു തനിമയെക്കുറിച്ചാണ് ഊറ്റംകൊള്ളുക"(1996:144)യെന്ന് ആഷാമേനോന്‍ പങ്കുവെയ്ക്കുന്നുണ്ട്. മനുഷ്യര്‍ നിര്‍മ്മിച്ചെടുത്ത സാങ്കേതികതയുടെ സംഭാവനകള്‍, ലോഹനിര്‍മ്മിതങ്ങള്‍, രാസവ്യവസായശാലകള്‍ മുതലായവ പ്രകൃതിയുടെ രൂപാന്തരീകരണത്തിന് കാരണമാകുമ്പോള്‍ നിമിഷം പ്രതിയെന്നോണം വിതറിക്കൊണ്ടിരിക്കുന്ന രാസവസ്തുക്കളും വമിപ്പിക്കുന്ന വിഷവാതകങ്ങളും പ്രകൃതിയുടെ ചാക്രികതയ്ക്ക് വിരുദ്ധമാകുമ്പോള്‍ ഭൂമിയില്‍ മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും ഇന്ന് മനുഷ്യപ്രേരിതമായ മാറ്റങ്ങള്‍ വരുത്തപ്പെട്ടവയും മനുഷ്യഭീഷണി നേരിടുന്നവയുമാണെന്ന പോസ്റ്റ് ഹ്യൂമന്‍ പാരിസ്ഥിതികനിരീക്ഷണത്തെ നിരൂപകന്‍ ഉള്‍ക്കൊള്ളുന്നതായി കാണാം. നൈസര്‍ഗ്ഗിക പ്രകൃതി എന്നത് നഷ്ടമായിരിക്കുന്നുവെന്നും വളര്‍ത്തുപട്ടികള്‍ മുതല്‍ പ്ലാസ്റ്റിക് കവറുകളും മറ്റ് സിന്തറ്റിക് മാലിന്യങ്ങളും തൊണ്ടയില്‍ തടഞ്ഞ് ശ്വാസം മുട്ടി നീന്തുന്ന സമുദ്രാഴങ്ങളിലെ കടല്‍ക്കുതിരവരെ ഈ പട്ടികയില്‍ പെടുന്നുണ്ട് എന്നും ചിന്തിക്കുമ്പോള്‍ ഭൂമിയെയോ മനുഷ്യനെയോ നൈസര്‍ഗ്ഗികതയുടെ ഈടുവയ്പ്പ് എന്ന തരത്തില്‍ ഇന്ന് വിലയിരുത്താനാവില്ല. തിരസ്കൃതരെന്നോ പ്രാന്തവത്കരിക്കപ്പെട്ട ജീവികളെന്നോ വര്‍ഗ്ഗീകരിച്ച് കേന്ദ്രത്തിന്‍റെ എലുകുകളില്‍ മാത്രം മനുഷ്യന്‍ സ്ഥാനം കല്പിച്ചുപോന്ന ചെറുജീവി വര്‍ഗ്ഗങ്ങളോടൊപ്പമുള്ള മറ്റൊരു സ്പീഷിസ് മാത്രമാണ് മനുഷ്യന്‍ എന്ന ബോധ്യം നിലനിര്‍ത്തിക്കൊണ്ട് പരസ്പരാശ്രയമെന്ന ബദല്‍പാഠത്തിലൂടെ മാത്രമേ ജീവന്‍റെ കൈയ്യൊപ്പുകളെ വീണ്ടെടുക്കാനാകൂ.
എന്തുകൊണ്ട് ഇത് അടിയന്തിര പ്രമേയമായിരിക്കുന്നുവെന്നതിന് സാകല്യദര്‍ശനമെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു അന്ത്യവിധിയാണെന്ന് ആഷാമേനോന്‍ വ്യക്തമാക്കുന്നു(1996:145). അവിടെ ഭാഷപോലും പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടതായുണ്ട്. "പുല്ല് എന്നതിന് നാം നിത്യ ജീവിതത്തില്‍ കല്പിച്ചുകൊടുക്കുന്ന പുച്ഛമല്ല അതില്‍ സ്ഫുരിക്കുക മറിച്ച് ഭൂമിയുടെ ശയ്യ (mandle of earth) എന്ന വിവക്ഷയുള്ള പരിഗണനയാണ് അത്(2021: 60). ജീവന് അതിന്‍റെ വൈവിധ്യാത്മകമായ വികാസങ്ങള്‍ക്ക് ഒരു സര്‍ഗ്ഗശയ്യ ഒരുക്കുകയായിരുന്ന പച്ചപ്പ് ഈ ഗ്രഹത്തിന്‍റെ മണ്ണില്‍ പിടിച്ചില്ലായിരുന്നുവെങ്കില്‍ ഈ പരിണാമ വൈവിധ്യമത്രയും തടസ്സപ്പെട്ടേനെ. 'ഒരു പുല്ലും സംഭവിച്ചിട്ടില്ല' എന്ന അവഹേളനാത്മകമായ ചൊല്ല് ഭാഷാവിനിര്‍മ്മിതിയിലൂടെ തിരുത്തപ്പെടേണ്ടതാണെന്നതും തിരുത്തപ്പെടലിലൂടെ ചേര്‍ത്തുപിടിക്കുന്ന പാരിസ്ഥിതിക ജാഗ്രതയാണ് പുതുകാലത്തിന്‍റെ ആവശ്യമെന്നും ആഷാമേനോന്‍ വ്യക്തമാക്കുന്നു.
അപാരമായ പാരസ്പര്യത്തില്‍ ഒരു ജീവിയ്ക്കും പ്രത്യേക മഹത്വമുണ്ടെന്ന് കരുതാത്ത മാനവാനന്തര പരിസ്ഥിതിപാഠത്തെ ആഷാമേനോന്‍ അടയാളപ്പെടുത്തുന്നു. മനുഷ്യജീവിതം എല്ലാത്തരത്തിലും മനുഷ്യേതര ജീവികളുമായും വസ്തുക്കളുമായും പ്രവര്‍ത്തനങ്ങളുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധിതമാണെന്ന പാഠം നിരൂപണങ്ങളില്‍ വ്യക്തമാണ്. മനുഷ്യന്‍റെ അതിജീവനത്തില്‍ മാത്രം ഊന്നിയാല്‍ അതിന്‍റെ വിപരീതഫലങ്ങള്‍ നാം നേരിടേണ്ടി വരുമെന്നുള്ള യാഥാര്‍ത്ഥ്യത്തെ ചിന്താമണ്ഡലങ്ങളില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു മാത്രമേ ഭാവിയിലേക്ക് നമുക്കു സഞ്ചരിക്കാന്‍ സാധ്യമാകൂ. അല്ലാത്തപക്ഷം മനസ്സില്‍ നിന്നും ഒലിച്ചുപോവുന്ന സ്വപ്നമെന്നപോലെ മണ്ണും മനുഷ്യനുള്ള ഈ ഭൂമിയും നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ മനുഷ്യകേന്ദ്രിതമായ വ്യവഹാരങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ചരാചരപകര്‍ച്ചയിലൂടെ പരസ്പരബന്ധിതമായി സഹജീവിയോട് ധാര്‍മ്മികതയോടെ പുലരുന്ന മാനവാനന്തരദര്‍ശനമാണ് ആഷാമേനോന്‍റെ നിരൂപണങ്ങളില്‍ ഉള്ളടങ്ങുന്നത്.
കുറിപ്പുകള്‍
2. Chakrabarthy Dipesh,The Crises of Civilization.Exploring Global and Planetary Histories,Oxford University Press, 2019.
ഗ്രന്ഥസൂചി
ആഷാമേനോന്‍, (1997), പരാഗകോശങ്ങള്‍, ഡി.സി.ബുക്സ്, കോട്ടയം
ആഷാമേനോന്‍, (1999), പയസ്വിനി, ഡി.സി.ബുക്സ്, കോട്ടയം.
ആഷാമേനോന്‍, (2021), വാഹ്ളീകം, ഡി.സി.ബുക്സ്, കോട്ടയം.
പ്രസാദ് പന്ന്യന്‍, (2021), ആര്‍ യൂ ഏ ഹ്യൂമന്‍ മനുഷ്യേതര മാനവികതയ്ക്കു ഒരാമുഖം, ഡി.സി.ബുക്സ്, കോട്ടയം.
പ്രസാദ് പന്ന്യന്‍, (2020), ആര്‍ യു.ഏ. ഹ്യൂമന്‍, സാഹിത്യലോകം, പുസ്തകം 49 ലക്കം 3, തൃശൂര്‍.
ശ്രീകുമാര്‍,ടി.ടി. (2021) പോസ്റ്റ് ഹ്യൂമന്‍ വിചാരലോകങ്ങള്‍ ശാസ്ത്രം, സൗന്ദര്യം മൃത്യുരാഷ്ട്രീയം. പുസ്തകം പ്രസാധക സംഘം, കോഴിക്കോട്.
Haraway Donna , (1985), A Manifesto for Cyborgs: Science,Technology and Socialist Feminism in the 1980s, Socialist Review-80.
https://www.nature.com/article/415023a dated 10.3.2022