Linguistic Analysis of Indian Semantic Theories
Ciby Kurian
The observations put forward by Apoha theory and Sphoda theory which were formed in India in relation to the meaning of the sentence contain specialized knowledge of Linguistics. Approaches known as Khanda school and Akhanda school prevalent in Morphological and Semantics studies, and arguments related to the meaning of the sentence such as Abhihithanwayavadam and Anvithabhidhanavadam, are subjects of great relevance in contemporary Linguistic Studies. The aim of this research paper is to familiarize these theories and approaches which are part of Indian Semantic Studies and to look for their Linguistic continuity.
Keywords: Apohasidhanta, Sphodasidhanta, Khandapaksha, Akhandapaksha, Abhihitanwayavadam, Anvitabhidhanavadam, Linguistics, Semantics.
References:
Kunjunni Raja, K. Dr., (2018), Artham Bharatheeyasidhantangal, (Trans. Dr. K. A. Ravindran), Shukapuram: Vallathol Vidyapeeth.
Leonard Bloomfield, (1973), Language, London, George Allen & Unwin Ltd.
Madhavan. P. Prof., (2017), Chomskiyan Vakyaghadanapadanam, Tirur: Tunchathezhuttachchan Malayalam University.
Noam Chomsky, (1985), Aspects of the Theory of Syntax (Fourteenth Edition), Cambridge: The M.I.T Press.
Noam Chomsky, (2002), Syntactic Structures ( Second Edition with an Introduction by David W. Lightfoot), Berlin: Mouton de Gruyter.
Ravi Shankar S. Nair, (2020), Bhashayum Bhashasatravum, Thiruvananthapuram: The State Institute of Languages.
Sreekumar, M., Dr., (2021), Bhartruhariyude Bhashadarsanam, Kozhikode: Pustaka Prasadhak Sangham.
Unithiri, N. V. P., (2009), Sabdarthasidhanthangal Samskruthathil, Thiruvananthapuram: The State Institute of Languages.
ഭാരതീയ അര്‍ത്ഥസിദ്ധാന്തങ്ങളുടെ ഭാഷാശാസ്ത്രവിവക്ഷകള്‍
സിബി കുര്യന്‍
വാക്യാര്‍ത്ഥവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ രൂപപ്പെട്ട അപോഹസിദ്ധാന്തവും സ്ഫോടസിദ്ധാന്തവും മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ സവിശേഷമായ ഭാഷാശാസ്ത്രജ്ഞാനം ഉള്‍ക്കൊള്ളുന്നവയാണ്. ഭാരതത്തിലെ ശബ്ദാര്‍ത്ഥപഠനങ്ങളില്‍ നിലനില്ക്കുന്ന ഖണ്ഡപക്ഷം, അഖണ്ഡപക്ഷം എന്നീ സമീപനങ്ങളും വാക്യത്തിന്‍റെ അര്‍ത്ഥത്തെ സംബന്ധിച്ചുള്ള അഭിഹിതാന്വയവാദം, അന്വിതാഭിധാനവാദം എന്നീ വാദഗതികളും സമകാലിക ഭാഷാപഠനത്തില്‍ ഏറെ പ്രസക്തമായ വിഷയങ്ങള്‍തന്നെ. ഭാരതീയ അര്‍ത്ഥചിന്തയുടെ ഭാഗമായ ഈ സിദ്ധാന്തങ്ങളെയും സമീപനങ്ങളെയും സാമാന്യമായി പരിചയപ്പെടുത്തി അവയുടെ ഭാഷാശാസ്ത്രപരമായ തുടര്‍ച്ച അന്വേഷിക്കുകയാണ് പ്രബന്ധലക്ഷ്യം.
താക്കോല്‍വാക്കുകള്‍: ഭാഷാശാസ്ത്രം, അര്‍ത്ഥവിജ്ഞാനീയം, അപോഹസിദ്ധാന്തം, സ്ഫോടസിദ്ധാന്തം, ഖണ്ഡപക്ഷം, അഖണ്ഡപക്ഷം, അഭിഹിതാന്വയവാദം, അന്വിതാഭിധാനവാദം
ആമുഖം
ഭാഷാശാസ്ത്രത്തില്‍ സ്വനിമവിജ്ഞാനം (Phonology), രൂപിമവിജ്ഞാനം(Morphology), വാക്യവിജ്ഞാനം (Syntax) എന്നിവയ്ക്കുശേഷമാണ് അര്‍ത്ഥവിജ്ഞാനീയം (Semantics) പഠനവിധേയമാക്കുന്നത്. പരമ്പരാഗതവ്യാകരണത്തില്‍ വര്‍ണം, അക്ഷരം, പദം, പദവിഭാഗങ്ങള്‍, അവ വാക്യത്തില്‍ പ്രയോഗിക്കുന്നവിധം എന്നീ കാര്യങ്ങള്‍ വിവരിച്ചതിനുശേഷം അര്‍ത്ഥത്തെക്കുറിച്ച് സവിശേഷമായി പ്രതിപാദിക്കാറുപോലുമില്ല. എന്നാല്‍ സൂക്ഷ്മനിരീക്ഷണത്തില്‍ മേല്‍പറഞ്ഞ ഘടകങ്ങളുടെയെല്ലാം വ്യവസ്ഥകളെയും പ്രയോഗങ്ങളെയും പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്ന അടിസ്ഥാന വസ്തുത അര്‍ത്ഥമാണെന്ന് ബോധ്യപ്പെടും. അര്‍ത്ഥവ്യതിയാനത്തിന് കാരണമാകുന്ന ഭാഷയിലെ ഏറ്റവും ചെറിയ ഘടനാപരമായ ഏകകമാണ് സ്വനിമം. രൂപിമത്തിന്‍റെ അസ്തിത്വം നിര്‍ണ്ണയിക്കുന്നത് അര്‍ത്ഥവിനിമയശേഷിയാണ്. വാക്യത്തെ രൂപപ്പെടുത്തുന്ന സവിശേഷതകളില്‍ മുഖ്യം ആര്‍ത്ഥികപൊരുത്തമാണ്. അതുപോലെ വ്യാകരണത്തില്‍ ശബ്ദത്തെ നിര്‍വചിക്കുന്നതും څഅര്‍ത്ഥയുക്താക്ഷരം ശബ്ദംچ എന്നുതന്നെയാണ്. അര്‍ത്ഥത്തിന്‍റെ ഭാഷാപ്രാധാന്യം ഗ്രഹിച്ച ഭാരതീയ കാവ്യമീമാംസര്‍ അര്‍ത്ഥത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും പരിനിഷ്ഠിതമായ തത്ത്വങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഭാഷാപഠനത്തെ ശാസ്ത്രീയമായി വിലയിരുത്തുന്ന ആധുനികഭാഷാശാസ്ത്രപഠനങ്ങള്‍ക്ക് ഭാരതീയ അര്‍ത്ഥസങ്കല്പനങ്ങള്‍ പ്രചോദനവും മാതൃകയുമായിത്തീര്‍ന്നിട്ടുണ്ട്. ഈ ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രാചീന ഭാരതീയ അര്‍ത്ഥസിദ്ധാന്തങ്ങളുടെ ഭാഷാശാസ്ത്രപരമായ തുടര്‍ച്ച പഠനവിധേയമാക്കുന്നത് ഏറെ സമീചീനമാണ്.
അപോഹസിദ്ധാന്തം
അര്‍ത്ഥത്തെ സംബന്ധിച്ച ബൗദ്ധരുടെ നിലപാടുകളാണ് അപോഹസിദ്ധാന്തത്തിന്‍റെ അന്തസ്സത്ത. ദിങ്നാഗന്‍ അദ്ദേഹത്തിന്‍റെ പ്രമാണസമുച്ചയത്തിന്‍റെ അഞ്ചാമധ്യായത്തിലാണ് അപോഹസിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. ബുദ്ധമതത്തിന്‍റെ ചിന്താധാരയെ എതിര്‍ക്കുന്നവരായ ഉദ്യോതകരന്‍, കുമാരിലഭട്ടന്‍, ഭാമഹന്‍ തുടങ്ങിയവരുടെ വിവരണങ്ങളില്‍നിന്നാണ് അപോഹസിദ്ധാന്തത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലോകമറിഞ്ഞത്. വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങളുമായി പദങ്ങള്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കമാണുള്ളത് എന്ന മീമാംസകരുടെയും നൈയായികരുടെയും ചിന്താപദ്ധതിയുടെ വിപരീതദിശയിലാണ് അപോഹവാദികളുടെ നില.
അര്‍ത്ഥത്തിന്‍റെ സത്ത നിഷേധാത്മക സ്വഭാവമുള്ളതാണെന്നും പദങ്ങള്‍ക്ക് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങളുമാ യി നേരിട്ടുബന്ധമില്ലെന്നുമുള്ള നിലപാടാണ് ബൗദ്ധരുടെ അപോഹസിദ്ധാന്തം. ഇതനുസരിച്ച് പദങ്ങള്‍ മനസ്സിന്‍റെ കല്പനകളായ ആത്മനിഷ്ഠമായ വികല്പങ്ങളോടാണ് നേരിട്ടുബന്ധപ്പെടുന്നത്. പദങ്ങളും ബാഹ്യവസ്തുക്കളും തമ്മില്‍ പരസ്പരബന്ധമില്ല. പദങ്ങളുടെ അര്‍ത്ഥം വികല്പമാണ്. മറ്റുള്ള പദങ്ങളെ ഒഴിവാക്കല്‍ - അന്യാപോഹം - ആണ് ഒരു വസ്തുവിന്‍റെ അര്‍ത്ഥത്തെ നിശ്ചയിക്കുന്നത്. അതായത് തത്ഭിന്നഭിന്നത്വമാണ് അപോഹം. ഭിന്നത്തില്‍നിന്നും ഭിന്നമായതിനെയാണ് അത് ലക്ഷീകരിക്കുന്നത്.
താട, വാല്‍ മുതലായവയോടുകൂടിയുള്ള മൃഗത്തെയല്ല ഗോശബ്ദം അര്‍ത്ഥമാക്കുന്നത്, ഗോവല്ലാത്ത മറ്റ് വസ്തുക്കളില്‍നിന്നുള്ള വര്‍ജ്ജനത്തെയാണ്. അര്‍ത്ഥത്തോടു തോന്നുന്ന ഈ വിപരീത മനോഭാവത്തെ ദിങ്നാഗന്‍ നീലത്താമര തുടങ്ങിയ വാക്കുകളിലും പ്രയോഗിക്കുന്നുണ്ട്. ഇവിടെ നീല എന്ന പദം നീലയല്ലാത്ത മറ്റെല്ലാ താമരകളെയും വേറിട്ടുനിര്‍ത്തുന്നുണ്ട്. താമര എന്ന പദം താമരയല്ലാത്ത മറ്റെല്ലാ നീലനിറത്തിലുള്ള വസ്തുക്കളെയും വേര്‍പെടുത്തി കാണിക്കുന്നുമുണ്ട്. അങ്ങനെ വരുമ്പോള്‍ നീലയല്ലാത്തതിന്‍റെയും താമരയല്ലാത്തതിന്‍റെയും സംയുക്തത്തിന്‍റെ സംജ്ഞയെക്കുറിക്കുന്ന പദമായിത്തീരുന്നു നീലത്താമര. ഓരോ പദത്തിന്‍റെ അര്‍ത്ഥവും നിഷേധത്തില്‍നിന്നാണ് രൂപപ്പെടുന്നത്. സംസര്‍ഗ്ഗമല്ല, പരസ്പരഭേദമാണ് അര്‍ത്ഥത്തെ രൂപപ്പെടുത്തുന്നത് എന്ന ചിന്തയാണ് അപോഹസിദ്ധാന്തത്തിന്‍റെ അടിസ്ഥാനം.
സദൃശങ്ങളല്ലാത്ത വസ്തുക്കള്‍ തമ്മിലുള്ള സാദൃശ്യം സ്ഥാപിക്കപ്പെടുന്നത് അവയുടെ വിജാതീയങ്ങളുടെ പൊതുവായ വര്‍ജ്ജനംകൊണ്ടാണ്. അതുപോലെ സമാന്തരമായി വിധിക്കാവുന്നതോ നിഷേധിക്കാവുന്നതോ ആയ ഏതൊരു പദത്തിന്‍റെ അര്‍ത്ഥവും അതിന്‍റെ വിജാതീയങ്ങളുടെ വര്‍ജ്ജനസ്വഭാവത്തോടു കൂടിയതാണ്. വ്യതിരിക്തമായതോ വിജാതീയങ്ങളുടെ നിഷേധമായതോ ആയിട്ടാണ് പദത്തിന്‍റെ അര്‍ത്ഥം അനുഭവവേദ്യമാകുന്നത് എന്നും ബൗദ്ധര്‍ പറഞ്ഞുവയ്ക്കുന്നു. ഈ വാദഗതികളെല്ലാം ഊന്നുന്നത് നിഷേധാത്മക സ്വڅാവത്തോടുകൂടിയതാണ് പദത്തിന്‍റെ അര്‍ത്ഥമെന്ന നിലപാടിലാണ്.
അപോഹസിദ്ധാന്തം അര്‍ത്ഥോടുകാണിക്കുന്ന നിഷേധാത്മ സമീപനത്തെ ഉദ്യോതകരന്‍, കുമാരിലഭട്ടന്‍, ഭാമഹന്‍ തുടങ്ങിയ ആചാര്യന്മാര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഒരു പദം കേള്‍ക്കുമ്പോള്‍ ശ്രോതാവിന്‍റെ മനസ്സില്‍ അനുഭവപ്പെടുന്നത് അതിന്‍റെ ഭാവാത്മകമായ ആശയമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. നാമപദങ്ങളെ വിശദീകരിക്കാന്‍ അപോഹസിദ്ധാന്തം പര്യാപ്തമാണെങ്കിലും ഉം, അങ്ങനെ തുടങ്ങിയ സന്ധായകപദങ്ങളെ വിശദീകരിക്കാന്‍ ഈ സിദ്ധാന്തം അപര്യാപ്തമാണ്. ഇപ്രകാരമുള്ള വിമര്‍ശനങ്ങളുടെ ഫലമായി പില്‍ക്കാല ബൗദ്ധപണ്ഡിതന്മാര്‍ക്ക് അപോഹസിദ്ധാന്തത്തെ പരിഷ്ക്കരിക്കേണ്ടി വന്നെങ്കിലും അര്‍ത്ഥത്തെ സംബന്ധിച്ച സവിശേഷമായ നിരീക്ഷണമെന്ന നിലയില്‍ ഈ സിദ്ധാന്തം പ്രസക്തമായി നിലകൊള്ളുന്നു.
പൂര്‍ണമായ അര്‍ത്ഥത്തിലല്ലെങ്കിലും അപോഹസിദ്ധാന്തത്തിന്‍റെ തുടര്‍ച്ച ആധുനികഭാഷാശാസ്ത്രത്തിലും പ്രകടമാണ്. ഭാഷയില്‍ ഭാവാത്മകപദങ്ങള്‍ ഇല്ലാത്ത, വ്യതിയാനങ്ങള്‍ മാത്രമാണുള്ളതെന്ന് സൊസ്സൂര്‍ അഭിപ്രായപ്പെടുന്നു. അര്‍ത്ഥം ചില സങ്കല്പനങ്ങളുമായി ചേര്‍ന്നിരിക്കുന്നു എന്നു പറയുമ്പോഴും ഈ സങ്കല്പനങ്ങള്‍ക്ക് അവയുടെ ഉള്ളടക്കവുമായി യാതൊരു ഭാവാത്മകത്വവുമില്ലെന്നും അവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അര്‍ത്ഥമാക്കാം. ഒരു പദത്തിന്‍റെ ധര്‍മ്മം സാന്ദര്‍ഭികമായ വ്യാവര്‍ത്തനമാണ്. വാക്യത്തിലെ ഒരു പദത്തിനു വരുന്ന മാറ്റം തൊട്ടടുത്തുകിടക്കുന്ന പദത്തിന്‍റെ അര്‍ത്ഥത്തെയും മാറ്റുന്നുവെന്നും സൊസ്സൂര്‍ വ്യക്തമാക്കുന്നു(കുഞ്ചുണ്ണിരാജാ, 2018:80). ജെഫ്രി ലീച്ച് Geoffrey Leech) ചൂണ്ടിക്കാണിക്കുന്ന ഏഴുതരം അര്‍ത്ഥങ്ങളില്‍ പലതിലും അര്‍ത്ഥം സന്നിഹിതമാകുന്നത് അപോഹത്തില്‍കൂടിയാണ്. ലാക്ഷണികാര്‍ത്ഥം (Connotative Meaning) രൂപപ്പെടുന്നത് വാച്യാര്‍ത്ഥം രോധിക്കപ്പെടുമ്പോഴാണ്. അതുപോലെ പ്രതിഫലിതാര്‍ത്ഥം (Reflected Meaning) സംഭവിക്കുന്നത് ഒരു പദത്തിന് ഒന്നിലധികം അര്‍ത്ഥമുണ്ടായിരിക്കെ അതിലൊന്ന് സ്വീകരിക്കേണ്ടി വരുമ്പോഴാണ്. അതായത് മറ്റ് അര്‍ത്ഥങ്ങളുടെ ത്യജനത്തിലൂടെയാണ് പ്രയോക്താവ് നിയതാര്‍ത്ഥത്തിലേക്ക് എത്തിച്ചേരുന്നത് എന്നു സാരം. ഇങ്ങനെയൊക്കെയാണെങ്കിലും അപോഹസിദ്ധാന്തത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍പോന്ന വിധത്തില്‍ ഇനിയും പഠനങ്ങള്‍ ഏറെ ഉണ്ടാകേണ്ടതുണ്ട്.
ഖണ്ഡപക്ഷവും അഖണ്ഡപക്ഷവും
ഭാരതത്തിലെ ശബ്ദാര്‍ത്ഥപഠനങ്ങളില്‍ നിലനില്ക്കുന്ന പ്രധാനപ്പെട്ട രണ്ടു സമീപനങ്ങളാണ് ഖണ്ഡപക്ഷവും അഖണ്ഡപക്ഷവും. ഖണ്ഡപക്ഷം അഥവാ അപഗ്രഥനാത്മക സമ്പ്രദായം അനുസരിച്ച് ചിന്തയുടെയും ബോധത്തിന്‍റെയും സ്വതന്ത്രമായ ഏകകമാണ് പദം; ഭാഷാപഠനങ്ങള്‍ പദങ്ങളെ ആധാരമാക്കിയാണ് നടക്കുന്നത്; പദങ്ങളുടെ ശൃംഖലാബദ്ധമായ നിരയാണ് വാക്യംڈ(കുഞ്ചുണ്ണി രാജാ, 2018:23). വാക്യത്തിലെ സ്വതന്ത്രഖണ്ഡങ്ങളെന്ന നിലയില്‍ പദങ്ങളെ പരിഗണിക്കുകയും അവയെ പഠനവിധേയമാക്കുകയുമാണ് ഖണ്ഡപക്ഷ സമീപനങ്ങളുടെ പൊതുസ്വڅാവം. പദമല്ല, വാക്യമാണ് ഭാഷാപഠനത്തിന്‍റെ അടിസ്ഥാനഘടകം എന്ന നിലപാടാണ് അഖണ്ഡപക്ഷം. വാക്യത്തെ അഖണ്ഡമായ പദസഞ്ചയമായി കണക്കാക്കുകയും ആ വാക്യസ്വരൂപത്തെ അര്‍ത്ഥപഠനത്തിന് ഉപയുക്തമാക്കുകയാണ് അഖണ്ഡപക്ഷ സമീപനം.
ലോകമെമ്പാടും എന്നപോലെ ഭാരതത്തിലും ഭാഷാപഠനത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ പദങ്ങളെ ആധാരമാക്കിയുള്ള ഖണ്ഡപക്ഷപഠനരീതിയാണ് നിലനിന്നത്. ഒറ്റയായ പദങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് ന്യായസൂത്രങ്ങള്‍ വിവരിച്ചത്. പ്രാചീന വൈയാകരണന്മാരായ പാണിനി, കാത്യായനന്‍, പതഞ്ജലി എന്നിവരെല്ലാം പദങ്ങളുടെ യഥാര്‍ത്ഥരൂപത്തിലാണ് ഊന്നിയത്. യാസ്കനും അനുയായികളും പഠനവിധേയമാക്കിയതും പദത്തിന്‍റെ അര്‍ഥസംബന്ധിയായ നിരുക്തിയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഓരോ പദവും കൃത്യവും തനതുമായ അര്‍ഥം ഉള്‍ക്കൊള്ളുന്നു എന്ന ധാരണയെ പ്രാചീനകാലത്തെ പഠനരീതികളെല്ലാം ഉള്‍ക്കൊണ്ടിരുന്നു എന്ന വസ്തുതയാണ്. ڇവസ്തുക്കളുടെ ലോകമെന്നര്‍ഥമുള്ള നാമരൂപമെന്ന സംസ്കൃതപദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അവയുടെ നാമരൂപങ്ങളിലൂടെയോ ദൃശ്യമായ രൂപങ്ങളിലൂടെയോ മനസ്സിലാക്കാന്‍ കഴിയുമെന്നും നാമവും രൂപവുമാണ് വസ്തുവിന്‍റെ സാരാംശമെന്നുമുള്ള അഭിപ്രായമാണ്ڈ(ഡോ. എന്‍.പി.പി. ഉണിത്തിരി, 2009:3). പരമ്പരാഗതവ്യാകരണസ്വരൂപം ഉള്‍ക്കൊണ്ടിരുന്ന പ്രാചീനപഠനങ്ങളുടെ കാലം അര്‍ത്ഥത്തെ സംബന്ധിച്ച ഖണ്ഡപക്ഷത്തെ പ്രഖ്യാപനം ചെയ്യുന്നതായിരുന്നു.
നവീനവും, ആധുനിക കാലഘട്ടത്തിലെ ഭാഷാശാസ്ത്രപഠനങ്ങളോട് സമരസപ്പെടുന്നതുമായ അഖണ്ഡപക്ഷസമീപനം ആരംഭിച്ചത് മീമാംസാശാസ്ത്രമാണ്. വാക്യത്തെ സംബന്ധിച്ച വിശദമായപഠനം നടത്തിയതും അതിന്‍റെ ഭാഗമായി വ്യാഖ്യാന നിയമവ്യവസ്ഥ രൂപപ്പെടുത്തിയതും മീമാംസകരാണ്. ഒറ്റയൊറ്റ പദങ്ങളില്‍നിന്നു ഭിന്നമായി വാക്യത്തെ പൂര്‍ണ്ണമായി പഠനവിധേയമാക്കുന്ന അഖണ്ഡപക്ഷത്തെ ഭാഷാപഠനത്തില്‍ സ്ഥിരപ്പെടുത്തിയത് വാക്യപദീയക്കാരനായ ഭര്‍തൃഹരിയാണ്. ശ്രോതാവ് ഗ്രഹിക്കുന്നത് പൂര്‍ണ്ണവാക്യമാണെന്നും അതിനാല്‍ നാമം, ക്രിയ, ഉപസര്‍ഗം, നിപാതം എന്നിങ്ങനെയുള്ള വിڅജനരീതി ഉചിതമല്ല എന്നു നിരീക്ഷിച്ച ഔദുംബരായണന്‍റെ സിദ്ധാന്തത്തിന്‍റെ പരിഷ്ക്കരണമെന്ന നിലയ്ക്കാണ് ഭര്‍തൃഹരി തന്‍റെ വാക്യാധിഷ്ഠിത സിദ്ധാന്തം അവതിപ്പിച്ചത്. വാക്യത്തെ ഏകവും അവയവരഹിതവുമായ ഏകകാമായി (ഏകോനവയവഃ ശബ്ദഃ) അദ്ദേഹം വ്യാഖ്യാനിക്കുന്നു. ഒറ്റയായ അക്ഷരങ്ങളും അവ ചേര്‍ന്നുണ്ടാകുന്ന പദങ്ങളും കൂടിചേര്‍ന്നുള്ള ധ്വനനമത്രേ അത്ڈ(ഡോ. കുഞ്ചുണ്ണി രാജാ, 2018:25). പദങ്ങള്‍ കൂടിചേര്‍ന്നുണ്ടാകുന്ന ഭാഷാമാതൃകയാണ് വാക്യം. അത് ധ്വനിപ്പിക്കുന്ന അര്‍ത്ഥമാകട്ടെ അന്തര്‍ദൃഷ്ടിയുടെ ഉജ്ജ്വലനമാണ്. അര്‍ത്ഥം അവിഭക്തമാണെന്നും പദങ്ങള്‍ക്ക് സ്വന്തമായ യാഥാര്‍ത്ഥ്യമില്ലെന്നും വാക്യഘടനയാണ് അര്‍ത്ഥവിനിമയം സാധ്യമാകുന്നതെന്നും ഭര്‍തൃഹരി സിദ്ധാന്തിക്കുന്നു.
ഭാഷാവിജ്ഞാനീയത്തിന്‍റെ അടിസ്ഥാനഘടകമായി വാക്യത്തെ പരിഗണിക്കുന്ന അഖണ്ഡപക്ഷത്തിന്‍റെ പിന്തുടര്‍ച്ച ചോംസ്കിയന്‍ ചിന്താധാരയില്‍ പ്രകടമാണ്. വാക്യങ്ങളാണ് ഭാഷയിലെ അടിസ്ഥാന ഏകകം എന്നത് നവീനഭാഷാശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ആശയമാണ്. സിന്‍റാക്റ്റിക് സ്ട്രക്ചേഴ്സ് (Syntactic Structures) എന്ന ഗ്രന്ഥത്തില്‍ നോം ചോംസ്കി(Noam Chomsky) ചര്‍ച്ചചെയ്യുന്നത് വാക്യഘടനയുടെ വിവിധ മാനങ്ങളാണ്. ഭാഷാസിദ്ധി, ഭാഷാപ്രയോഗം എന്നിവ നിശ്ചയിക്കപ്പെടുന്നത് ഭാഷകന്‍റെ വാക്യഗ്രഹണശേഷിയെ ആസ്പദമാക്കിയാണ്. ഭാഷയിലെ വ്യകരണവാക്യങ്ങളെയും (grammatical sentence) അവ്യാകരണവാക്യങ്ങളെയും (ungrammatical sentence) വേര്‍തിരിച്ചറിയാനുള്ള ഭാഷകന്‍റെ കഴിവാണ് ഭാഷാസിദ്ധി. ചോംസ്കി ഉദാഹരിക്കുന്ന Colorless green ideas sleep furiously’ എന്ന വാക്യം വ്യാകരണപരമായി ശരിയായിരിക്കുമ്പോഴും അംഗീകരിക്കപ്പെടാത്തതിന്‍റെ കാരണം ആര്‍ത്ഥികപൊരുത്തം ഇല്ലാത്തതിനാലാണ്. വാക്യത്തിന്‍റെ അര്‍ത്ഥം, ഘടന എന്നിവയില്‍ ഊന്നിയാണ് ആധുനിക' ഭാഷാശാസ്ത്രപഠനം മുന്നോട്ടുപോകുന്നത്. വാക്യത്തില്‍നിന്നുണ്ടാവുന്ന ശബ്ദബോധം ഭാഷാശാസ്ത്രത്തിന്‍റെ സവിശേഷപഠനത്തിന് വിഷയീഭവിച്ചിട്ടുണ്ട്. അതേ സംബന്ധിച്ചും ഭാരതീയചിന്തകര്‍ വ്യത്യസ്തമായ രണ്ട് അഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ട്. അവയാണ് അഭിഹിതാന്വയവാദം, അന്വിതാഭിധാനവാദം എന്നിവ.
അഭിഹിതാന്വയവാദവും അന്വിതാഭിധാനവാദവും
വാക്യത്തിന്‍റെ അര്‍ത്ഥത്തെ സംബന്ധിച്ചുള്ള ഭാരതീയമായ രണ്ട് വാദഗതികളാണ് അഭിഹിതാന്വയവാദവും അന്വിതാഭിധാനവാദവും. പദസംഘാതമായ വാക്യത്തിന് ഏകീകൃതാര്‍ത്ഥം ഉണ്ടാകുന്നതെങ്ങനെ എന്ന ആലോചനയുടെ ഫലമാണ് ഈ രണ്ടു നിലപാടുകളും. ഒരു വാക്യത്തിലെ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ ശ്രോതാവിന് ഏകീകൃതമായൊരു വാക്യാര്‍ത്ഥം കിട്ടുന്നു. ഈ വാക്യാര്‍ത്ഥം ഉത്ഭൂതമാകുന്നതെങ്ങനെയെന്ന പ്രശ്നത്തിന്‍റെ വ്യത്യസ്തമായ ആലോചനകളാണ് ഈ രണ്ടു വാദഗതികള്‍. വാക്യം ഉള്‍ക്കൊള്ളുന്ന ഘടകപദങ്ങളുടെ അര്‍ത്ഥസ്മൃതിയിലൂടെ പരോക്ഷമായി സിദ്ധിക്കുന്നതാണ് വാക്യാര്‍ത്ഥം എന്ന നിലപാടാണ് അഭിഹിതാന്വയവാദം. വാക്യത്തിന്‍റെ ഏകീകൃതാര്‍ത്ഥം പദസമൂഹത്തില്‍നിന്ന് നേരിട്ട് ഉണ്ടാകുന്നതാണെന്ന പക്ഷമാണ് അന്വിതാഭിധാനവാദം.
വാക്യത്തിലെ ഓരോപദവും പ്രകാശിപ്പിക്കുന്ന ആശയങ്ങളുടെ സമാഹാരമാണ് വാക്യാര്‍ത്ഥം എന്ന അഭിഹിതാന്വയവാദം അവതരിപ്പിച്ചത് മീമാംസകരിലെ ഭട്ടമതാനുയായികളും ചില നൈയായികരുമാണ്. ഓരോ പദത്തിനും പ്രത്യേകാര്‍ത്ഥമുണ്ട്. അവ പ്രത്യേകം ഗ്രഹിക്കാവുന്നതുമാണ്. വാക്യം കേള്‍ക്കുന്ന മാത്രയില്‍ ഓരോ പദത്തിന്‍റെയും അര്‍ത്ഥം ഒന്നിനു പിന്നാലെ ഒന്നായി ശ്രോതാവ് മനസ്സിലാക്കുന്നു. ഓരോ പദത്തിന്‍റെയും അര്‍ത്ഥപ്രകാശനം അവ തമ്മിലുള്ള യുക്തിസഹമായ ബന്ധത്തിന്‍റെ ജ്ഞാനത്തിനുമുമ്പ് രൂപപ്പെടുന്നു. പിന്നീട് പദങ്ങളുടെ ഒറ്റപ്പെട്ട വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ ശ്രോതാവിന്‍റെ ബുദ്ധിയില്‍ ഒന്നിച്ചുചേര്‍ക്കപ്പെടുന്നു. അതായത്, മുഴുവന്‍ പദങ്ങളും കേട്ടുകഴിയുന്നതുവരെ ഒറ്റയായ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ വെവ്വേറെ ഓര്‍മ്മിക്കപ്പെടുകയും അതിനുശേഷം വാക്യരൂപീകരണ ഘടകങ്ങളായ ആകാംക്ഷ, യോഗ്യത, സന്നിധി എന്നിവയുടെ സഹായത്തോടെ എല്ലാ അര്‍ത്ഥങ്ങളും സമുചിതമായ വിധത്തില്‍ സമ്മേളിപ്പിച്ചുകൊണ്ട് സമഗ്രമായ വാക്യാര്‍ത്ഥജ്ഞാനം ഉണ്ടാക്കുകയും ചെയ്യുന്നു.
വാക്യത്തില്‍ സ്വന്തവും സവിശേഷവുമായ അര്‍ത്ഥങ്ങള്‍ ബോധിപ്പിച്ചുകഴിഞ്ഞാല്‍ പദങ്ങളുടെ ശക്തിക്ഷയിക്കുന്നു. പദങ്ങള്‍ക്കും വാക്യാര്‍ത്ഥത്തിനും ഇടയില്‍ പദത്തിന്‍റെ അര്‍ത്ഥം സ്ഥിതിചെയ്യുന്നതിനാല്‍ പദങ്ങള്‍ക്ക് അവയുടെ പരസ്പരബന്ധം നേരിട്ട് വെളിപ്പെടുത്താന്‍ കഴിയുകയില്ല. അതിനാല്‍ പദത്തിന്‍റെ അര്‍ത്ഥമാണ് വാക്യത്തിന്‍റെ അര്‍ത്ഥം ബോധ്യപ്പെടുത്തുന്നത്. അതാകട്ടെ പദങ്ങളുടെ പരസ്പരബന്ധത്തിന്‍റെ രൂപത്തിലാണ് സാദ്ധ്യമാകുന്നത്. ഇതാണ് അഭിഹിതാന്വയവാദത്തിന്‍റെ ആശയതലം.
ഒരു വാക്യത്തില്‍ പദങ്ങള്‍ സ്വന്തം അര്‍ത്ഥം ബോധിപ്പിച്ചശേഷം വിരമിക്കുന്നു. ഇത്തരത്തില്‍ മനസ്സിലാക്കപ്പെട്ട പദങ്ങള്‍ വാക്യാര്‍ത്ഥത്തെ വെളിപ്പെടുത്തുന്നു എന്ന് അഭിപ്രായപ്പെട്ട ശബരനും, പദങ്ങളില്‍നിന്നു ലഭിക്കുന്ന അര്‍ത്ഥങ്ങളില്‍നിന്നുതന്നെയാണ് വാക്യാര്‍ത്ഥം വെളിപ്പെടുന്നത് എന്ന് അഭിപ്രായപ്പെട്ട കുമാരിലഭട്ടനും അഭിഹിതാന്വയവാദത്തെ പിന്തുണയ്ക്കുന്നവരാണ്. പദങ്ങള്‍ പ്രകാശിപ്പിക്കുന്ന ഒറ്റയൊറ്റയായ പദാര്‍ത്ഥങ്ങളുടെ പരസ്പരസമ്മേളനമാണ് വാക്യാര്‍ത്ഥത്തെ നിര്‍ണയിക്കുന്നത് എന്ന് അഭിപ്രായപ്പെട്ട വൈയാകരണനായ വാജവ്യായനന്‍റെ നിരീക്ഷണമാണ് അഭിഹിതാന്വയവാദത്തിന് ആധാരമായിട്ടുള്ളത്.
വാക്യസന്ദര്‍ഭത്തില്‍മാത്രമേ അര്‍ത്ഥം സംവേദനം ചെയ്യപ്പെടുന്നുള്ളു എന്നു വാദിച്ച പ്രഭാകരനും അനുയായികളുമാണ് അന്വിതാഭിധാനവാദത്തിന്‍റെ പ്രയോക്താക്കള്‍. വാക്യത്തിലെ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ ശ്രോതാവിന് ഏകാര്‍ത്ഥം ലഭിക്കുന്നത് പദസമൂഹത്തില്‍നിന്ന് നേരിട്ടാണ് എന്ന നിലപാടാണ് അന്വിതാഭിധാനവാദികളുടേത്. വാക്യത്തിലെ ഘടകപദങ്ങളുടെ അര്‍ത്ഥവും അവയുടെ പരസ്പരബന്ധവും സംവേദംചെയ്യപ്പെടുന്നത് പദങ്ങളാല്‍തന്നെയാണ്. കുട്ടികള്‍ പദത്തിന്‍റെ അര്‍ത്ഥം പഠിക്കുന്ന സ്വാഭാവികരീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പ്രഭാകരമീമാംസകര്‍ അന്വിതാഭിധാനവാദം വിശദീകരിക്കുന്നത്.
മുതിര്‍ന്നവരുടെ ഭാഷാപ്രയോഗങ്ങളെയും പ്രവൃത്തികളെയും നിരീക്ഷിച്ചുകൊണ്ടാണ് കുട്ടികള്‍ പദത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കുന്നത്. പശുവിനെ കൊണ്ടുവരുകچ(ഗാം ആനയ) എന്ന് ഒരാള്‍ മറ്റൊരാളോട് നിര്‍ദ്ദേശിക്കുന്നു. ഉടനെ നിര്‍ദ്ദേശിക്കപ്പെട്ട ആള്‍ പശുവിനെ കൊണ്ടുവരുന്നു. വക്താവിന്‍റെ വാക്യവും അതിന്‍റെ അനന്തരഫലവും നിരീക്ഷിക്കുന്ന കുട്ടി, പശുവിനെ കൊണ്ടുവരുക എന്ന പ്രവൃത്തി നിര്‍വഹിക്കാനുള്ള ആജ്ഞയാണ് വാക്യത്തിന്‍റെ അര്‍ത്ഥമെന്ന് ഗ്രഹിക്കുന്നു. വാക്യം സൂചിപ്പിക്കുന്ന പൂര്‍ണമായ അര്‍ത്ഥംമാത്രമാണ് ഈ ഘട്ടത്തില്‍ മനസ്സിലാക്കുന്നത്. ഇനി ഒരാള്‍ മറ്റൊരാളോട് കുതിരയെ കൊണ്ടുവരുകچ(അശ്വം ആനയ) എന്നു പറയുന്നതു കേള്‍ക്കുകയും ശ്രോതാവിന്‍റെ പ്രതികരണം കാണുകയും ചെയ്യുന്ന കുട്ടി രണ്ടുവാക്യങ്ങളും താരതമ്യം ചെയ്യുന്നതില്‍നിന്ന് ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവരികچ(ആനയ) എന്ന പദം ആജ്ഞയെ സൂചിപ്പിക്കുന്നതാണെന്നും പശുവും കുതിരയും രണ്ടു വ്യത്യസ്ത മൃഗങ്ങളാണെന്നും കുട്ടി മനസ്സിലാക്കുന്നു. ഇത്തരത്തില്‍ ആളുകള്‍ ഉച്ചരിക്കുന്ന വ്യത്യസ്തപദങ്ങളെ താരതമ്യപ്പെടുത്തിയും അവയുടെ പ്രതികരണങ്ങള്‍ നിരീക്ഷിച്ചും അര്‍ത്ഥത്തെ സംബന്ധിച്ച സാമാന്യാശയം ഉള്‍ക്കൊള്ളുന്നതിന് കുട്ടി പ്രാപ്തനാകുന്നു. ഉപബോധമനസ്സില്‍ നടക്കുന്ന സ്വാഭാവികപ്രക്രിയകളിലൂടെ പുതിയ പദങ്ങള്‍ ഗ്രഹിക്കുന്നതിനും പുതിയ വാക്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുന്നതിനും കുട്ടി പ്രാപ്തി കൈവരിക്കുന്നു.
വാക്യത്തിന് സ്വന്തമായ ഒരു അര്‍ത്ഥൈക്യം ഉണ്ടെന്നതാണ് അന്വിതാഭിധാനവാദികളുടെ മതം. വാക്യത്തിലെ ഘടകപദങ്ങള്‍ അര്‍ത്ഥം കൈക്കൊള്ളുന്നത് ഏകീകൃതമായ വാക്യാര്‍ത്ഥവുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ്. പശുവിനെ കൊണ്ടുവരുകچ(ഗാം ആനയ) എന്ന വാക്യത്തിലെ പശു എന്ന പദം പശുവെന്ന സങ്കല്പത്തെ മാത്രമല്ല, പശുവിനെ കൊണ്ടുവരുക എന്ന പ്രവൃത്തിയെക്കൂടി അഭിവ്യജ്ഞിപ്പിക്കുന്നുണ്ട്. അതുപോലെ കൊണ്ടുവരുക എന്ന ക്രിയാപദം പശുവുമായി ബന്ധപ്പെട്ട കൊണ്ടുവരുക എന്ന പ്രവൃത്തിയുമായി ചേര്‍ന്നുനില്‍ക്കുന്നു. ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് പദങ്ങളുടെ സൂചിതാര്‍ത്ഥം അറിയാമെങ്കിലും ആ പദങ്ങള്‍ വാക്യത്തില്‍ പ്രയോഗിക്കുമ്പോള്‍മാത്രമാണ് അവയുടെ അര്‍ത്ഥം അഭിവ്യക്തമാകുന്നത് എന്ന നിലപാടാണ് അന്വിതാഭിധാനവാദികളുടെത്.
ആകാംക്ഷ, യോഗ്യത, സന്നിധി എന്നീ ഘടകങ്ങളുടെ ശക്തികൊണ്ട് അന്യോന്യം ബന്ധപ്പെട്ടിരിക്കുമ്പോള്‍മാത്രമാണ് പദങ്ങള്‍ അവയുടെ അര്‍ത്ഥം വെളിപ്പെടുത്തുന്നത്. ഏതൊരു വാക്യത്തിലെയും മുഖ്യപദം പ്രവൃത്തിയെകുറിക്കുന്ന ക്രിയാപദമാണ്. വാക്യത്തിലെ മറ്റു പദങ്ങള്‍ ക്രിയയുമായി ബന്ധപ്പെട്ട അര്‍ത്ഥങ്ങളെ പോഷിപ്പിക്കുന്നവയാണ്. അതിനാല്‍ വാക്യത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന യാതൊരു പദവും തനതായ അര്‍ത്ഥത്തെ പ്രകടിപ്പിക്കുന്നില്ലെന്നതാണ് പ്രഭാകരപക്ഷം. അതിന്‍റെ അടിസ്ഥാനത്തില്‍ അര്‍ത്ഥം പ്രകാശിപ്പിക്കുന്നത് വാക്യംമാത്രമാണെന്നും പദങ്ങള്‍ ഒറ്റയ്ക്കല്ലെന്നും അന്വിതാഭിധാനവാദികള്‍ പ്രഖ്യാപനംചെയ്യുന്നു.
വാക്യം മുഖ്യപരിഗണനാവിഷയമായ ആധുനിക ഭാഷാശാസ്ത്രം വാക്യാര്‍ത്ഥരൂപീകരണത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്യത്തിലെ ഘടകപദങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരും പദസംഹിതയായ വാക്യത്തിനു പ്രാധാന്യംകൊടുക്കുന്നവരും ആധുനികരിലുണ്ട്. ബ്ളും ഫീല്‍ഡ് അവതരിപ്പിച്ച സമീപഘടനാപഗ്രഥന(കാാലറശമലേ ഇീിശെേൗലേേ അിമഹ്യശെെ)ത്തില്‍ വാക്യത്തെ രണ്ടു ഘടകങ്ങളായി തിരിച്ചതിനുശേഷം ഓരോ ഘടകവും അടിസ്ഥാനഘടകത്തിലെത്തുന്നതുവരെ ഈരണ്ടു ഘടകങ്ങളായി വീണ്ടും വേര്‍തിരിക്കുന്നു. ഇവിടെ വാക്യത്തിന്‍റെ അടിസ്ഥാനഘടകം പദമാണ്. പദത്തിനു പ്രാധാന്യം നല്‍കുന്ന ഈ അപഗ്രഥനരീതി അഭിഹിതാന്വയവാദസ്വഭാവം പുലര്‍ത്തുന്നതാണ്. എന്നാല്‍ ചോംസ്കിയുടെ പദസംഹിതരചനാവ്യാകരണ(ജവൃമലെ ടൃൗരേൗൃലേ ഏൃമാാമൃ)ത്തില്‍ വാക്യത്തെ ഘടകങ്ങളായി വിഭജിക്കുന്നതോടൊപ്പം വാക്യനിയമങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നു. അനന്യമായ നിയമങ്ങള്‍ക്കനുസൃതമായി വാക്യം രൂപപ്പെടുന്നതിനെ സമര്‍ത്ഥനംചെയ്യുന്ന ഈ സിദ്ധാന്തം അന്വിതാഭിധാനവാദികളുടെ അഭിപ്രായത്തോട് ഒട്ടൊക്കെ ചേര്‍ന്നുനില്‍ക്കുന്നു. വാക്യത്തിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്ന രചനാന്തരണപ്രജനക വ്യാകരണ (Trasformational Genarative Grammar) ത്തിലേക്ക് എത്തുമ്പോഴേക്കും ചോംസ്കിയുടെ പഠനം വാക്യാധിഷ്ഠിതമായി മാറുന്നു. അതോടെ വാക്യസ്ഫോടത്തില്‍നിന്നാണ് അര്‍ത്ഥം സംവേദനം ചെയ്യപ്പെടുന്നതെന്നു പ്രഖ്യാപിച്ച ഭര്‍ത്തൃഹരിയുടെ സ്ഫോടസിദ്ധാന്തത്തോട് ആധുനികഭാഷാശാസ്ത്രം കൂടുതല്‍ അടുപ്പം പ്രകടമാക്കുകയും ചെയ്യുന്നു.
സ്ഫോടസിദ്ധാന്തം
അര്‍ത്ഥവിജ്ഞാനവുമായി ബന്ധപ്പെട്ട ഭാരതീയസിദ്ധാന്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഫോടസിദ്ധാന്തം. څസ്ഫുട്چ ധാതുവില്‍നിന്നാണ് സ്ഫോടമെന്ന പദം നിഷ്പന്നമാകുന്നത്. പൊട്ടിത്തെറിക്കുക, ഛിന്നഭിന്നമാകുക എന്നൊക്കെയാണ് അര്‍ത്ഥം. സ്ഫോടമെന്ന പദത്തെ രണ്ടുതരത്തില്‍ നിര്‍വചിക്കാന്‍ കഴിയും. ഒന്നാമത്, അര്‍ത്ഥം പൊട്ടിപ്പുറപ്പെടുന്നത് അല്ലെങ്കില്‍ പ്രകാശിക്കുന്നത് ഏതില്‍നിന്നാണോ അതാണ് സ്ഫോടം. ഈ വീക്ഷണമനുസരിച്ച് സ്ഫോടമെന്നത് അര്‍ത്ഥവാഹകമായ ഭാഷാപ്രതീകം അഥവാ ശബ്ദമാണ്. രണ്ടാമതായി, അര്‍ത്ഥദ്യോതകപദം അല്ലെങ്കില്‍ വാചകമാണ് സ്ഫോടം. പദങ്ങളെക്കൊണ്ട് സ്പഷ്ടമാക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ് സ്ഫോടം എന്നു സാരം. ഭാഷണത്തിന്‍റെ ഏകകങ്ങളായ പദം, വാക്യം എന്നിവ യഥാക്രമം വര്‍ണങ്ങളുടെയോ പദങ്ങളുടെയോ സമാഹാരങ്ങളല്ല, മറിച്ച് അഖണ്ഡവും അര്‍ത്ഥയുക്തവുമായ ഭാഷാപ്രതീകങ്ങളാണ്. ഭാഷാവ്യവഹാരത്തില്‍ ഉപയോഗിക്കുന്ന ഉച്ചരിതവര്‍ണങ്ങളും പദങ്ങളും ഈ അഖണ്ഡപ്രതീകത്തെ പ്രത്യക്ഷമാക്കുന്ന ഉപകരണങ്ങള്‍മാത്രമാണ് എന്ന കാഴ്ചപ്പാടാണ് സ്ഫോടസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്.
പതഞ്ജലിയുടെ څമഹാഭാഷ്യچത്തിലാണ് സ്ഫോടമെന്ന പദം ആദ്യമായി പരാമര്‍ശിക്കുന്നത്. എന്നാല്‍ സ്ഫോടസങ്കല്പം പൂര്‍ണമായ സിദ്ധാന്തരൂപം കൈവരിച്ചത് ഭര്‍തൃഹരിയുടെ څവാക്യപദീയچമെന്ന ഗ്രന്ഥത്തിലൂടെയാണ്. വാക്യവും പദവും തമ്മിലുള്ള ബന്ധങ്ങളും അവയുടെ വ്യാകരണശാസ്ത്രപരവും ദാര്‍ശനികവുമായ പ്രശ്നങ്ങളുമാണ് څവാക്യപദീയچത്തിന്‍റെ ഉള്ളടക്കം. ബ്രഹ്മകാണ്ഡം, വാക്യകാണ്ഡം, പദകാണ്ഡം എന്നിങ്ങനെ മൂന്നുകാണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഈ ഗ്രന്ഥത്തെ څത്രികാണ്ഡിچ എന്നും വിളിക്കാറുണ്ട്. ഭര്‍ത്തൃഹരിയുടെ ദാര്‍ശനികവീക്ഷണങ്ങളാണ് ബ്രഹ്മകാണ്ഡത്തിലുള്ളത്. വാക്യത്തിന്‍റെയും പദത്തിന്‍റെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നത് വാക്യകാണ്ഡത്തിലും പദകാണ്ഡത്തിലുമാണ്.
സ്ഫോടസിദ്ധാന്തമനുസരിച്ച്, പദം അഥവാ വാക്യം വ്യത്യസ്ത ശബ്ദങ്ങളുടെ പ്രത്യേകക്രമത്തിലുള്ള ശൃംഖലാബദ്ധമായ നിരയല്ല, അഖണ്ഡവും അര്‍ത്ഥയുക്തവുമായ പ്രതീകമാണ്. ഇപ്രകാരം അഖണ്ഡവും അര്‍ത്ഥയുക്തവുമായ പ്രതീകമായി കണക്കാക്കുന്ന പദത്തെയോ വാക്യത്തെയോ ആണ് സ്ഫോടമെന്ന് വാക്യപദീയകാരന്‍ വിവക്ഷിക്കുന്നത്. ഉച്ചരിതശബ്ദങ്ങള്‍ ഈ പ്രതീകത്തെ അനാവരണം ചെയ്യുന്നതിനുള്ള ഉപാധികള്‍മാത്രമാണ്. ഈ പ്രതീകമാണ് അര്‍ത്ഥവിനിമയം സാധ്യമാക്കുന്നത്. പദമെന്നോ വാക്യമെന്നോ വിശേഷിപ്പിക്കാവുന്ന അത് അഖണ്ഡവും കാലാതീതവുമാണ്. കാലഗണത്തോടുകൂടിയ ഉച്ചരിതവര്‍ണ്ണങ്ങള്‍ ഈ പ്രതീകത്തെ വെളിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്.
ഭാഷയിലെ അര്‍ത്ഥപൂര്‍ത്തി വരുത്തുന്ന ഘടകം അക്ഷരങ്ങളും വാക്കുകളുമാണെന്ന ന്യായദാര്‍ശികരുടെയും മീമാംസകരുടെയും വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് ഭര്‍ത്തൃഹരി സ്ഫോടവാദം അവതരിപ്പിച്ചത്. ഒരു വാക്യം ഉച്ചരിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം അക്ഷരങ്ങളും പിന്നീട് അക്ഷരകൂട്ടങ്ങളായ പദങ്ങളുമാണ് ശ്രദ്ധയില്‍ വരുന്നത്. എന്നാല്‍ അക്ഷരങ്ങളോ പദങ്ങളോ അല്ല അര്‍ത്ഥബോധം സാധ്യമാക്കുന്നതെന്ന് ഭര്‍ത്തൃഹരി നിരീക്ഷിക്കുന്നു. ബോധത്തില്‍ ഒരു വാക്യത്തിന്‍റെ അര്‍ത്ഥം സ്ഫുടമാക്കുന്നത് ഭാഷാരൂപത്തിലല്ല; ഭാഷാശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന അഖണ്ഡമായ ചിഹ്നബോധമാണ് അര്‍ത്ഥമായി ഉള്ളില്‍ നിറയുന്നത്. ഈ ചിഹ്നമാകട്ടെ ഏകവും അഖണ്ഡവുമാണ്. ഇതാണ് സ്ഫോടസിദ്ധാന്തത്തിന്‍റെ ആശയതലം.
ആധുനിക ഭാഷാശാസ്ത്രത്തിന്‍റെ പിതാവ് എന്നു പ്രകീര്‍ത്തിക്കപ്പെടുന്ന സ്വിസ് പണ്ഡിതനായ ഫെര്‍ഡിനന്‍റ് ഡി സൊസ്സുര്‍ (Ferdinand de Saussure) സംസ്കൃതഭാഷയിലും ഭാരതീയകാവ്യമീമാംസയിലും വ്യുല്‍പത്തിയുള്ള വ്യക്തിയായിരുന്നു. Genitive case in Sanskrit എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഗവേഷണവിഷയം. ഭാഷാശാസ്ത്രത്തിന്‍റെയും ഘടനാവാദത്തിന്‍റെയും അടിസ്ഥാനതത്ത്വങ്ങളായി അദ്ദേഹം അവതരിപ്പിച്ച ലാങ്-പരോള്‍ Langue and Parole), സൂചകം-സൂചിതം (Signifier and signified) തുടങ്ങിയ സങ്കല്പനങ്ങള്‍ക്ക് ഭര്‍തൃഹരിയുടെ സ്ഫോടസിദ്ധാന്തത്തോട് അനല്പമല്ലാത്ത ചാര്‍ച്ചയുണ്ട്. സൊസ്സുര്‍ അവതരിപ്പിച്ച സൂചകവും സൂചിതവും സ്ഫോടത്തിലെ ശബ്ദവും അര്‍ത്ഥവും തന്നെയാണ്. ചോംസ്കി രചനാന്തരണസിദ്ധാന്തത്തെ പരിഷ്ക്കരിച്ചുകൊണ്ട് ഏതൊരു വാക്യത്തിനും ബാഹ്യഘടന (Surface structure) യോടൊപ്പം ആന്തരഘടന (Deep structure) യുമുണ്ടെന്ന് നിരീക്ഷിച്ചു. വാക്യനിര്‍മ്മിതിയെ സംബന്ധിച്ച വ്യാകരണികഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആന്തരഘടനയില്‍ നിന്നാണ് ബാഹ്യഘടനസംജാതമാകുന്നത് എന്ന നിരീക്ഷണം വാക്യസ്ഫോടവുമായി ഏറെ അടുത്തുനില്‍ക്കുന്നു.
ഉപസംഹാരം
അറിവിനെ ദേശം, കാലം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയുകയില്ല. അതുപോലെ വിശാലമായ അര്‍ത്ഥത്തില്‍ അറിവിനെ പുതിയതെന്നോ പഴയതെന്നോ വേര്‍തിരിക്കുന്നതും സയുക്തികമല്ല. കാലദേശ പരിമിതികളെ അതിലംഘിച്ചു വര്‍ത്തിക്കുന്നതും നൈരന്തര്യസ്വഭാവിയുമാണ് യഥാര്‍ത്ഥത്തിലുള്ള അറിവ്. അവിടെ പുതുക്കലുകളും തുടര്‍ച്ചകളുമേയുള്ളു. ഭാഷയുടെ ഉപയോഗവും ഭാഷാപഠനങ്ങളും ഈ വസ്തുതയെ ശരിവയ്ക്കുന്നുണ്ട്. ഏറ്റവും നവീനമായ ഭാഷാശാസ്ത്രപഠനങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത് സാര്‍വലൗകിക വ്യാകരണമെന്ന (Universal Grammar) സങ്കല്പനത്തിലാണ്. ഏതെങ്കിലുമൊരു ഭാഷയെയല്ല, ലോകഭാഷകളെ ഒന്നാകെ അഭിമുഖീകരിക്കുന്ന വ്യാകരണമാണ് ചോംസ്കി വിഭാവനം ചെയ്യുന്നത്. ഈ ഘട്ടത്തില്‍ വ്യാകരണം, ഭാഷാശാസ്ത്രം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍തന്നെ അപ്രസക്തമാകുന്നു. സമകാലിക ഭാഷാപഠനങ്ങളുടെ ഈ വിശാലഭൂമികയില്‍ പ്രാചീനമായ ഭാരതീയ അര്‍ത്ഥസിദ്ധാന്തങ്ങളെ പ്രതിഷ്ഠിക്കുമ്പോള്‍ അതിന്‍റെ ആന്തരഗൗരവവും പുനര്‍പഠനസാദ്ധ്യതകളും പ്രകാശമാനമായിത്തീരും.
സഹായകഗ്രന്ഥങ്ങള്‍
കുഞ്ചുണ്ണി രാജാ, കെ. ഡോ., (2018), അര്‍ത്ഥം ഭാരതീയസിദ്ധാന്തങ്ങള്‍, (വിവ. ഡോ. കെ. എ. രവീന്ദ്രന്‍), ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം.
ഭര്‍തൃഹരി, (2018), വാക്യപദീയം, (വ്യാഖ്യ. ശ്രീവരാഹം ചന്ദ്രശേഖരന്‍നായര്‍), തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
മാധവന്‍. പി. പ്രൊഫ., (2017), ചോംസ്കിയന്‍ വാക്യഘടനാപഠനം, തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
രവിശങ്കര്‍ എസ്. നായര്‍, (2020), ഭാഷയും ഭാഷാശാസ്ത്രവും, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ശ്രീകുമാര്‍, എം., ഡോ., (2021), ഭര്‍തൃഹരിയുടെ ഭാഷാദര്‍ശനം, കോഴിക്കോട്: പുസ്തക പ്രസാധക സംഘം.
Leonard Bloomfield, (1973), Language, London, George Allen & Unwin Ltd.
Noam Chomsky, (2002), Syntactic Structures ( Second Edition with an Introduction by David W. Lightfoot), Berlin: Mouton de Gruyter.
Noam Chomsky, (1985), Aspects of the Theory of Syntax (Fourteenth Edition), Cambridge: The M.I.T Press.