Hanna Mina; The Hemingway of Arabic Literary world
Dr. Khalid. CT
Sea has always been a fascinating stimulatory of imagination. The representation of sea with its local hue and social milieu has enriched the literature world over. It is not just the scenic beauty of the sea alone that lent multiple dimensions to the depiction of sea in literary work, but deeply interwoven cultural and social life of people who depend her for the livelihood. It is this context that the writing Hanna Meena, the acclaimed Arab writer from Syria gains relevance. The work he penned, especially his novel Trilogy “Hikayathu Bahhar, Al Daqual, Al Marfaul Baeed” unmistakable capture the nuances and subtle shade of the lives that matter on the cost of the sea. This paper seeks to examine the representation of sea in the works of Hanna Meena with special reference to the novel afore said and contextualize it is the back drop of the gross social inequalities, pervasive poverty, widening gyre of colonialism with its resultant expolitation, oppression and repressive feudal regimes.
Key words: Hanna Mina, Arabic Literature, Sea writing, Social Culture milieu, multiple dimensions, Trilogy, Inequalities, Pervasive poverty, widening gyre of colonialism, oppression.
Reference:
Huraniyya, S. (1979). Muqaddimathu Rewaya Al Shirau Wal Aasifa Li Hanna Mina. Byrut: Darul Adab.
Mina, H. (1962). Assirau Wal Asifa. Bairut: Darul Adab.
Mina, H. (1981). Hikayathu Bahhar. Bairut: Darul Adab.
Mina, H. (1982). Al Daqual. Bairut: Darul Adab.
Mina, H. (1982). Al Marfaul Baeed. Bairut: Darul Adab.
mina, H. (1986). Kaifa Hamalthu al Kalama. Byrut: Darul Adab.
Mina, H. (2000). Havajisun fee thajribathu riwaeyya. Bairut: Darul Adab.
Mina, H. (2000). Havajisun fi thajribathil Riwaeyya. Byrut: dARUL dab.
Sulama, N. (2010, - -). Hanna Mina Kathibul Kifahi wal Farahi. Retrieved 12 12, 2012, from http://www.discover syria.com/news/1926/2010
ഹന്നാ മീനാ; അറബ് സാഹിത്യ ലോകത്തെ ഹെമിങ്വെ
ഡോ. ഖാലിദ് സി.ടി
മനുഷ്യ സമൂഹം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനനുസൃതമായി സാഹിത്യരംഗവും വികസിക്കുന്നു. മനുഷ്യരുടെ ജീവിതമേഖലയില്‍ സ്വാധീനം ചെലുത്തുന്ന ചുറ്റുപാടുകളുടെ പ്രതിബിംബമാണ് സാഹിത്യം. മനുഷ്യോത്പത്തി മുതല്‍തന്നെ കഥകളും കവിതകളും കാലികവിഷയങ്ങളെ പ്രതിനിധീകരിച്ച് എല്ലാ ഭാഷകളിലും ഇടം നേടിയിട്ടുണ്ട്. കടലിലും കരയിലും മനുഷ്യന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ക്രയാത്മകമായ നേര്‍വരകളായിട്ടാണ് ആധുനിക സാഹിത്യമേഖലയെ കാണുന്നത്. രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങളും വര്‍ഗ്ഗ വര്‍ണ്ണ വിവേചനങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് അറബി ഭാഷയില്‍ നോവല്‍സാഹിത്യം ഇടംനേടിയത്. ലോകയുദ്ധങ്ങളോടനുബന്ധിച്ച് മനുഷ്യന്‍ അനുഭവിച്ച രാഷ്ട്രീയ-മാനുഷിക-മത-ഭൗതിക വിഷയങ്ങളെയും സാംസ്കാരിക മൂല്യച്യുതികളെയും അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ഇതിലധികവും. കോളനി വാഴ്ചയില്‍ വീര്‍പ്പുമുട്ടിയ ജനങ്ങളുടെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ആധുനിക അറബി സാഹിത്യത്തിന് വിഷയമായി. നോബേല്‍ ജേതാവ് നജീബ് മഹ്ഫൂസ്(ഈജിപ്ത്) അബ്ദുറഹ്മാന്‍ മുനീഫ് (ഈജിപ്ത്) ത്വയ്യിബ് സ്വാലിഹ് (സുഡാന്‍) ഹന്നാ മീനാ (സിറിയ) തുടങ്ങി ധാരാളം നോവലിസ്റ്റുകള്‍ അറബിസാഹിത്യ രംഗത്ത് സുപരിചിതരാണ്. ആധുനിക അറബ് സാഹിത്യത്തിന് സമുദ്രത്തെ പരിചയപ്പെടുത്തിയ പ്രശസ്ത രചയിതാവാണ് സിറിയന്‍ എഴുത്തുകാരനായ ഹന്നാ മീന. ഏണസ്റ്റ് ഹെമിങ് വെയുടെ വൃദ്ധനും കടലും എന്ന നോവല്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സിറിയന്‍തീരദേശങ്ങളിലെ ജനങ്ങളുടെ ജീവിത അനുഭവങ്ങള്‍ പകര്‍ത്തിയ എണ്ണമറ്റ കൃതികളിലൂടെ, അറബ് സാഹിത്യലോത്തിന് ഒഴിച്ചുകൂടാനാവാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.
അറബി സാഹിത്യവും കടലും
ആറാംനൂറ്റാണ്ടില്‍ കവികളുടെ ജനനംപോലും ആഘോഷമാക്കിയിരുന്ന കാഴ്ചകള്‍ അറബ് സാഹിത്യ ചരിത്രത്തില്‍ നമുക്ക് കാണാം. ഇതേ തുടര്‍ച്ച അറബ് സാഹിത്യത്തിന്‍റെ സുവര്‍ണകാലമായിരുന്ന അബ്ബാസി1 കാലഘട്ടത്തിലും ദൃശ്യമാണ്. സാഹിത്യ രചനകളിലൂടെ ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രീതി അറബ് എഴുത്തുകാര്‍ എല്ലാ കാലത്തും തുടര്‍ന്ന് പോന്നിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടോടെ നോവലുകളും കഥകളും സാഹിത്യ രംഗങ്ങള്‍ കീഴടക്കിയപ്പോള്‍ അതിന്‍റെ അലയൊലികള്‍ അറബ് സാഹിത്യത്തിലും ദൃശ്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലാണ് അറബിക് ഭാഷയിലാദ്യമായി നോവല്‍ രചന2 തുടങ്ങിയതെങ്കിലും കുറഞ്ഞ കാലയളവില്‍ നജീബ് മഹ്ഫൂസിനെപ്പോലുള്ളവരുടെ മികവുറ്റ രചനകളിലൂടെ നോബല്‍ സമ്മാനം വരെ നേടിയെടുക്കുവാന്‍ അറബ് നോവല്‍ സാഹിത്യശാഖക്ക് സാധിച്ചിട്ടുണ്ട്3. നോബല്‍ ജേതാവായില്ലെങ്കിലും ഹന്നാ മീനയുടെ രചനകള്‍ പലതും നജീബ് മഹ്ഫൂസിന്‍റെ എഴുത്തുകളോട് കിടപിടിക്കുന്നതാണ്. സാഹിത്യ നിരൂപകനായ ഡോ. ഹിസാം അഖ്ല് പറയുന്നു: സാങ്കേതിക തലത്തില്‍ അറബി നോവലുകളെ പരിഗണിക്കുമ്പോള്‍ ഹന്ന മീന സാഹിത്യ നോബല്‍ ജേതാവായ (1988) നജീബ് മഹ്ഫൂസിന് തൊട്ടടുത്ത് രണ്ടാമനായി പരിഗണിക്കപ്പെടും4.
അറേബ്യന്‍ രാജ്യങ്ങളധികവും നിലകൊള്ളുന്നത് സമുദ്ര തീരങ്ങളിലാണെങ്കിലും കടലിനെ മുഴുവനായി സാഹിത്യരംഗത്ത് പ്രതിഷ്ഠിച്ച് കടലിന്‍റെ കഥ പറയുന്ന അറബ്സാഹിത്യകാരന്മാര്‍ വളരെ കുറവാണ്. വിശ്വപ്രശസ്തരായ ആധുനിക അറബിക്കവികള്‍-ഹാഫിസ് ഇബ്രാഹീമും (1872-1932) ദര്‍വേശും (1941-2008) ഖലീല്‍ ഖുരി (1836-1907) യുമെല്ലാം കടലിന്‍റെ ചില സവിശേഷതകള്‍ മാത്രം കവിതകളില്‍ കൊണ്ടുവന്നിട്ടുണ്ട്. തിരമാലകള്‍, പവിഴങ്ങള്‍, ചിപ്പികള്‍, കാറ്റ്, നുര, ശാന്തത, വേലിയേറ്റ വേലിയിറക്കങ്ങള്‍ എന്നിവ അതിലുള്‍പ്പെടുന്നു. ലോക പ്രശസ്ത കവികളായ പാബ്ലെ നെറൂദയും (ചിലി) നാളിമുന്‍ ഹിക്മയും (തുര്‍ക്കി) വാള്‍ട്ട് വൈറ്റ്മാനും (അമേരിക്ക) സെന്‍റ് ഡോണ്‍ പെര്‍സും (ഫ്രഞ്ച്) റാഫേല്‍ ആല്‍ബര്‍ട്ടു(സ്പെയിന്‍)മെല്ലാം സമുദ്രത്തിലെ മത്സ്യങ്ങളെയും പാറക്കെട്ടുകളെയും തിരമാലകളെയും കവിതകളിലൂടെ വര്‍ണ്ണിക്കുന്നുണ്ട്.
ഹന്നാ മീനയും കടലെഴുത്തും.
സിറിയയിലെ തുറമുഖ നഗരമായ ലദാകിയയോട് ചേര്‍ന്നു വരുന്ന ഇസ്കന്തറൂണ്‍ ഗ്രാമത്തിലാണ് ഹന്നാമീന (1924-2018) ജനിക്കുന്നത്. നിര്‍ധനരായ കുടുംബങ്ങളായിരുന്നു ഈ ഗ്രാമത്തിലധികവും. കുടുംബത്തിലെ പട്ടിണിയും പരിവട്ടവും മൂലം പ്രാഥമിക പഠനം മാത്രമാണ് അദ്ദേഹത്തിന്നേടാന്‍ സാധിച്ചത്. ചെറുപ്രായത്തില്‍ തന്നെ വീട്ടുജോലി ചെയ്തും സൈക്കിള്‍ വര്‍ക്ക്ഷോപ്പില്‍ നിന്നും ചുമട്ടു ജോലി ചെയ്തും ബാര്‍ബറായും ജീവിതത്തെ നേരിട്ടു. ഔപചാരിക പഠനങ്ങളോ സര്‍ട്ടിഫിക്കറ്റുകളോ അധികമൊന്നുമില്ലെങ്കിലും അറബ് സാഹിത്യലോകത്തെ അതികായരെ നേരിടാന്‍ തന്‍റെ ജീവിത അനുഭവങ്ങള്‍ തന്നെ അദ്ദേഹത്തിന് ധാരാളമായിരുന്നു.
തന്‍റെ ഗ്രാമത്തിലെ നിരക്ഷരരും പീഢിതരുമായ ജനതയുടെ പരാതികളും ആവശ്യങ്ങളും അധികാരികളെ അറിയിക്കുന്നതിലൂടെയാണ് ഹന്ന എഴുത്തിലേക്ക് കടക്കുന്നത്. പില്‍ക്കാലത്ത് അധിനിവേശ ശക്തികളുടെ ധ്വംസനത്തിനെതിരെയും വര്‍ഗ്ഗ വര്‍ണ്ണ വിവേചനത്തിനെതിരേയും അദ്ദേഹം തൂലിക ചലിപ്പിച്ചു. ലദാകിയയിലെ മിലിട്ടറി സ്റ്റേഷന് മുന്നില്‍ തുറന്ന ബാര്‍ബര്‍ഷോപ്പായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യകാല പ്രവര്‍ത്തന മേഖല. പിന്നീട് അരയാന്‍മാരുടെയും പീഢിത ജനങ്ങളുടെയും സമരസിരാകേന്ദ്രമായി ഇത് മാറി. ഡമാസ്കസില്‍ നിന്നിറങ്ങുന്ന-സൗത് അല്‍ ശഅബ്(ജനശബ്ദം) പത്രത്തിന്‍റെ വിതരണക്കാരനായിരുന്ന ഹന്നാമീന, മാധ്യമ രംഗത്തേക്ക് കടന്നു വന്നു. 1951 ല്‍ സിറിയയിലെ എഴുത്തുകാര്‍ക്കായി ദ സിറിയന്‍ റൈറ്റേഴ്സ് ഫൗണ്ടേഷന്‍ڈതുടങ്ങി. 1952 ല്‍ അല്‍ ഇന്‍ഷാ പത്രത്തിന്‍റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്5.
ഫ്യൂഡലിസത്തിനും രാജڅരണത്തിനുമെതിരായിരുന്നു ഹന്നാ മീന. ഭാവികാലം തൊഴിലാളികളായ ദരിദ്രര്‍ക്കുള്ളതാണ്. ഫ്യൂഡല്‍ സംവിധാനം നിലനില്‍ക്കുന്നതല്ല, സ്വാതന്ത്ര്യം നമുക്ക് തന്നെ, ജയില്‍വാസവും രക്തസാക്ഷിത്വവും ഒരിക്കലും വെറുതെയാവില്ല6 എന്ന സോഷ്യലിസ്റ്റ് ചിന്തകളോടുകൂടി മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലധിഷ്ടിതമായിരുന്നു അദ്ദേഹത്തിന്‍റെ കൃതികള്‍. ജനകീയ പ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അദ്ദേഹത്തിന്‍റെ ആയുധം എഴുത്തായിരുന്നു. റജുലുന്‍ ഷുജാഉന്‍, അല്‍ ശിറാഉവല്‍ ആശിഫڈതുടങ്ങി പല നോവലുകളും സിനിമയായിട്ടുണ്ട്. 2005 ലെ ലോക അറബിസാഹിത്യത്തിനുള്ള പുരസ്കാരങ്ങളും അദ്ദേഹത്തിന്‍റെ രചനകളെ തേടിയെത്തിയിട്ടുണ്ട്.
കടലാണ് എന്നുമെന്‍റെ പ്രചോദനം7 എന്ന ഹന്നാ മീനയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ നാല്‍പതോളം ക്രയാത്മക രചനകള്‍. കടലിന്‍റെ സ്പര്‍ശനമേല്‍ക്കാത്ത എഴുത്തുകള്‍ അദ്ദേഹത്തിനില്ല. മുക്കുവന്‍റെയും നാവികന്‍റെയും കഥകളാണ് അധികവും. പ്രക്ഷുപ്ദമായ കടലിന്‍റെ തിരമാലകളേറ്റു നനഞ്ഞവയാണ് തന്‍റെ മിക്ക കൃതികളുമെന്ന്8 ഹന്ന അഭിമാനത്തോടെ പറയുന്നുണ്ട്. കരയില്‍ നിന്ന് കാണുന്ന കാഴ്ചകള്‍ക്കപ്പുറം കടലിന് പലതും പറയുവാനുണ്ടെന്ന് അദ്ദേഹത്തിന്‍റെ കൃതികള്‍ സമര്‍ത്ഥിക്കുന്നു. ഭൂമിയുടെ സിംഹഭാഗവും കടലും അറബ് നാടുകളിലധികവും കടല്‍തീരങ്ങളിലുമാണെങ്കിലും അറബ് വായനക്കാരന് കടല്‍ അജ്ഞാതമാണെന്ന9 ഹന്നയുടെ വാക്കുകള്‍ വളരെ പ്രശസ്തമാണ്. മുക്കുവനായും കപ്പിത്താനായും തീരങ്ങളിലെ ചെറുകിട തൊഴിലാളിയായും ചെറുപ്പം മുതല്‍ കടലിനോട് കടപ്പെട്ട് ജീവിതം നയിച്ച ഹന്നാ ധാരാളം കടലനുഭവങ്ങളുടെ ഉടമയാണ്. സന്തോഷത്തിലും സന്താപത്തിലും അദ്ദേഹം കടലിനെ ചേര്‍ത്തുപിടിച്ചു. കടലെഴുത്തില്‍ ആഗോള പ്രശസ്തി നേടിയ ദ ഓള്‍ഡ് മാന്‍ ആന്‍റ് ദ സീയുടെ രചയിതാവ് ഏണസ്റ്റ് ഹമിങ് വെ സമാനതകളില്ലാതെ വിരാചിക്കുമ്പോള്‍ കാറും കോളും കൊടുംകാറ്റുമായി കടലിനെ വര്‍ണിക്കുകയാണ് ഹന്നാ മീന. പ്രശസ്ത എഴുത്തുകാരനായ ഡോ. സുഹൈല്‍ ഇദ്രീസ് (ലബനോന്‍) ഹന്നാ മീനയെ അമേരിക്കന്‍ എഴുത്തുകാരായ ഹെമിങ്വെയോടും ഹെര്‍മാന്‍ മെര്‍വിലിനോടും താരതമ്യപ്പെടുത്തി, ഹന്ന അറബ് സാഹിത്യത്തിലെ കടലിന്‍റെ എഴുത്തുകാരനാണെന്നതില്‍ തര്‍ക്കമില്ല (മൈമൂണ്‍ ഹര്‍ഷ്) എന്ന് പ്രഖ്യാപിച്ചത് കാണാം. താന്‍ സ്പര്‍ശിക്കുന്നിടത്തെല്ലാം കടലിന്‍റെ മക്കളുടെ കഠിന ജീവിതങ്ങളും ത്യാഗങ്ങളും സത്യസന്ധമായി വിവരിക്കുന്നതിനാല്‍ സാഹിത്യനിരൂപകരില്‍ പലരും സമുദ്രത്തിന്‍റെ ഭ്രാന്തന്‍ എന്നദ്ദേഹത്തെ വിളിച്ചതില്‍ അദ്ദേഹം തന്നെ അഭിമാനം കൊണ്ടിട്ടുണ്ട്. കടലിന്‍റെ അപാരതകളില്‍ നിന്ന് ഒരിക്കലുമദ്ദേഹം ഒളിച്ചോടിയിട്ടില്ല. കടലേ... എന്നു വിളിച്ചാല്‍ താനതിന് വിളികേള്‍ക്കും, താന്‍ തന്നെയാണ് കടല്‍, എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം.
കടലിന്‍റെ കഥ പറയുന്ന ഹന്നാമീന
ഫ്രഞ്ച് കോളനി വാഴ്ചയുടേയും മുതലാളിത്വ വ്യവസ്ഥയുടെയും ഇരകളായിരുന്നു ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സിറിയയിലെ ജനങ്ങള്‍. ചുമട്ടു തൊഴിലാളികളും മീന്‍പിടുത്തക്കാരുമായ ലാദിഖിയ്യ തുറമുഖത്തെ ജനതയെ രണാധികാരിയായ അബൂറഷീദ് അതിക്രൂരമായി ദ്രോഹിച്ചിരുന്നു. രണ്ടാം ലോക യുദ്ധത്തിന്‍റെ തുടക്കത്തില്‍ ഫ്രഞ്ച് വിരുദ്ധ രാഷ്ട്രീയത്തിലേക്ക് ലാദിഖിയ മാറി. ഹന്നയുടെ വിഖ്യാതമായ അല്‍ ശിറാഉ വല്‍ ആശിഫ (1982)چയിലെ നായകന്‍ തറൂസിയിലൂടെ കടലിന്‍റെയും തീരദേശത്തെ രാഷ്ട്രീയത്തിന്‍റെയും കഥയാണ് പറയുന്നത്. കടലില്‍ പോയ വള്ളങ്ങളെല്ലാം തിരികെയെത്തിയിട്ടും തിരിച്ചുവരാത്ത റഹ്മൂനിയുടെ വള്ളത്തെ കണ്ടെത്തുവാനായി മലപോലെ ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളിലൂടെ റെസ്ക്യൂ ബോട്ടിറക്കുവാന്‍ ധൈര്യം കാണിച്ച തറൂസിയിലൂടെ മുക്കുവന്‍റെ കടലിനോടുള്ള ദാഹം ചിത്രീകരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതികളില്‍, സിറിയയിലെ തീരഗ്രാമമായ അല്‍ മുര്‍സീന്‍چതെരുവിലെ മുക്കുവ മക്കളുടെ പട്ടിണിയും സ്വേഛാധിപതികളായ ഫ്രഞ്ച്, തുര്‍ക്കി ഭരണാധികാരികളുടെയും അവരുടെ പട്ടാളങ്ങളുടെയും അതിക്രമങ്ങളും വരച്ച് കാണിക്കുന്നതാണ് ഹന്നയുടെ ത്രയനോവലുകളുടെ10 ഇതിവൃത്തം. കണ്‍മുന്നില്‍ നങ്കൂരമിട്ട ഫ്രഞ്ച് കപ്പലുകളില്‍ നിറയെ ധാന്യങ്ങളും ഭക്ഷ്യപദാര്‍ത്ഥങ്ങളുമുണ്ടെങ്കിലും കുടിലുകളിലും കൂരകളിലുമുള്ള അടുപ്പുകളില്‍ പുകയുയരാത്ത കാലം. കടല്‍ ദൈവമാണ് ചതിക്കില്ലെന്ന് ഉറപ്പിച്ച് വിശ്വസിക്കുന്ന തീരവാസികളായ മുക്കുവ കുടുംബം. ഈ പാവങ്ങളോടുള്ള ചൂഷണം തടയുവാന്‍ സംഘബലമല്ലാതെ വഴിയില്ലെന്ന്കണ്ട് യുവനാവികന്‍ സ്വാലെ ഹസ്സുംچയുവാക്കളെ അണിനിരത്തി രഹസ്യ സംഘങ്ങള്‍ ചേരുകയും രാത്രിയുടെ യാമങ്ങളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കപ്പലുകളില്‍ നിന്നും ഒളിച്ചുകടത്തി തീരദേശത്തെ ഓരോ കുടിലിലും കൂരയിലുമെത്തിക്കുമായിരുന്നു. ഒരു വേള, സ്വാലെ ഹസ്സും എന്ന മനുഷ്യസ്നേഹി കടലില്‍ നിന്നും തിരിച്ചെത്തിയില്ല. ദുരൂഹതകളുടെ തിരോധനം... കടലിനേയും പ്രകൃതിയേയും സ്നേഹിച്ച, രാജ്യസ്നേഹിയും ധീരനാവികനുമായ സ്വാലെ ഹസ്സുമിനെ കടല്‍ എടുക്കുകയില്ല, അദ്ദേഹം മരിച്ചിട്ടില്ല... കടലിന്‍റെ മക്കള്‍ ഒന്നടങ്കം അങ്ങിനെയാണ് വിശ്വസിച്ചത്(ഹികായത്തുല്‍ ബഹാര്‍-1981).
മകന്‍ സഈദ് ഹസ്സും സമുദ്രത്തില്‍ ലോകം ചുറ്റി തന്‍റെ പിതാവിനെക്കുറിച്ച് അന്വേഷിക്കുവാന്‍ തീരുമാനിച്ചു. പിതാവിന്‍റെ വഴിയെ നടന്ന അതിസാഹസികനായ ധീരപുരുഷനായിരുന്ന സഈദ്. തന്‍റെ പിതാവ് കടലിന്‍റെ രാജ്ഞിയോട് സല്ലപിച്ചിരിക്കുന്നതായി സ്വയം വിശേഷിപ്പിച്ച് തീരങ്ങളുടെ കാണാമറയങ്ങളിലേക്ക് അയാള്‍ നടന്നു. തിരമാലകളോടും കടല്‍പുറ്റുകളോടും പാറക്കെട്ടുകളോടും അടുക്കും തോറുമകന്നകന്ന് പോകുന്ന ആകാശനീലിമയോടും സംവദിച്ച്, അരയ സമൂഹത്തിന്‍റെ പട്ടിണിയും ജീവിതം മുഴുവനും കടലില്‍ ചിലവിടുന്ന നാവികരുടെ തൊഴിലിലുള്ള അനീതികളും നേരില്‍കണ്ടു... പലപ്പോഴും, കപ്പിത്താന്മാരോടൊപ്പം നാടിന്‍റെ വളര്‍ച്ചക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ധീരനാവികരുടെ കഥ കേട്ടാസ്വദിച്ച്...(അല്‍ മര്‍ഫഉല്‍ ബഈദ്-1983) അന്വേഷണമവസാനിക്കുന്നില്ല... കടല്‍ത്തീരത്തിനൊരന്ത്യമില്ലാത്ത പോലെ. അതിശക്തമായ മിന്നല്‍ പിളരുകളെയോ പേമാരിയേയോ കൊടുംകാറ്റിനെയോ ഭയക്കാത്ത മരണത്തിനു മുന്നില്‍ ഉറയില്ലാത്ത വാള് പോലെ നഗ്നനായി കിടക്കുന്ന അതിസാഹസികനായ ഒരു സമുദ്രയാത്രികന്‍ ! സഈദ് ഹസ്സും, നാടിന്‍റെ ശത്രുവിനെതിരെ രഹസ്യമായും പരസ്യമായും അവിശ്രമം പോരാടുന്ന മുന്നണിപ്പോരാളിയായി, തന്‍റെ മുന്‍തലമുറയുടെ സ്വത്ത്വമന്വേഷിച്ച് യാത്ര തുടരുന്നു.(അദ്ദഖല്‍-1982)
ഹന്നാ മീന, തന്‍റെ ത്രയ നോവലിലൂടെ തൊഴില്‍ രംഗത്ത് വേദനം നല്‍കാതെ ചൂഷണം ചെയ്യപ്പെടുന്നവര്‍, നിരന്തര യുദ്ധങ്ങളിലൂടെ പട്ടിണിക്കിട്ടവര്‍, ഫ്യൂഡല്‍ څരണത്തില്‍ വീര്‍പ്പുമുട്ടി ജീവിക്കുന്ന പീഢിത വര്‍ഗ്ഗങ്ങള്‍, അടിച്ചൊതുക്കിവാഴുന്ന കോളനി വാഴ്ചയില്‍ നിന്നൊരുനാള്‍ മോചനം ലഭിക്കണമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനപക്ഷ ജനത, പോര്‍ട്ടുകളിലും ഫാക്ടറികളിലും തൊഴില്‍ പ്രതീക്ഷകള്‍ കൊട്ടിയടക്കപ്പെട്ടവര്‍... എല്ലാം, ചലനം നിലക്കാത്ത സമുദ്രത്തിന്‍റെ തിരമാലകളെ അടിസ്ഥാനമാക്കി വിവരിക്കുകയാണ്. സകരിയ്യچഎന്ന മുക്കുവന്‍റെ കഥയാണ് അല്‍യാത്വിര്‍-1972چപറയുന്നത്. വിവാഹിതനാണെങ്കിലും പകലന്തിയോളം പണിയെടുത്ത് രാത്രി മുഴുവനും മദ്യപിച്ച് തെരുവോരങ്ങളിലുറങ്ങുന്ന അയാള്‍ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്ത ഒരു മുക്കുവനെ പ്രതിനിധീകരിക്കുന്നു. തീരദേശങ്ങളിലെ യുവാക്കളിലെ ഉത്തരവാദിത്വമില്ലായ്മയും പ്രതിരോധ ശേഷിയില്ലായ്മയുമാണ് മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ നിഷ്കരുണം കൊലചെയ്ത് ജയിലില്‍ കിടക്കുകയും അവസാനം തൂക്കിലേറ്റപ്പെടുകയും ചെയ്ത സകരിയ്യچയിലൂടെ ഹന്ന പറയാനുദ്ധേശിച്ചത്.
എല്ലാത്തിനുമൊരു നല്ല അവസാനമുണ്ടാകും. സമരങ്ങള്‍ നിലക്കരുത്. കഠിനാധ്വാനത്തിന്‍റെയും സന്ധിയില്ലാ സമരങ്ങളുടെയും പര്യവസാനം ശുഭമായിത്തീരുമെന്ന ഉപദേശമാണ് അസ്സല്‍ജു യഅതീ മിന ന്നാഫിദ (1969)യിലൂടെ പ്രധാന കഥാപാത്രം ഫയാള് നല്‍കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ അമ്പതുകളില്‍ സിറയയിലെ പാവ സര്‍ക്കാരുകളെ നേരിടുന്നതിനിടയില്‍ ഇടത്പോരാളികള്‍ നേരിട്ട കഥ പറയുന്നു ഈ നോവല്‍. പലായനങ്ങളുടെയും ഒളിച്ചോട്ടങ്ങളുടെയും നാടുകടത്തലുകളുടെയും വേദനിക്കുന്ന അനുഭവങ്ങള്‍ക്ക് മുന്നില്‍ തളരാതെ, ലോകത്തിന്‍റെ ഏത് മുക്കിലിരുന്നും സ്വന്തം നാട്ടിലെ അരാചകത്വവും അക്രമവും അത് സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും പട്ടിണിയുമവസാനിക്കുവാന്‍ ഒഴുക്കിനെതിരെ നീന്തണമെന്ന് അയാള്‍ ആഹ്വാനം നല്‍കുന്നുണ്ട്.
കരയില്‍ നിന്ന് കടലിലേക്ക് നോക്കുന്നവര്‍ക്ക് കടല്‍ യുദ്ധങ്ങളുടെ ഇടനാഴികയായും പലായനത്തിന്‍റെ വാതായനങ്ങളായും ജീവിത മാര്‍ഗ്ഗങ്ങള്‍ തേടുവാനുള്ള ഇടമായും തോന്നിയേക്കാം. കടല്‍തീരങ്ങളെ ആശ്വാസത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ഇരിപ്പിടങ്ങളായി അനുഭവപ്പെട്ടേക്കാം എന്നാല്‍, കരയേക്കാളും കടലിനോടടുത്തിടപഴകി ജീവിക്കുന്ന തീരദേശ മനുഷ്യരുടെ ആവാസ സങ്കീര്‍ണ്ണതകള്‍ തീവ്രമായി ആവിഷ്കരിക്കുന്ന ഇടമായാണ് ഹന്നാ മീന കടലിനെ കാണുന്നത്. കടലിനോട് മല്ലിട്ട് കടലിനെ മാത്രമാശ്രയിച്ച്, കടലില്‍ തന്നെ ജീവിതം നയിക്കേണ്ടി വരുന്ന മുക്കുവരുടെ ചിന്തകളും സംഘര്‍ഷങ്ങലും വിവരിക്കുക വഴി തന്‍റെ നേരറിവുകളുടെ സാക്ഷ്യപത്രങ്ങളാണ് ഹന്നയുടെ നോവലുകളിലുടനീളം. പുതിയകാല സാങ്കേതിക വിദ്യകളൊന്നുമില്ലാത്ത കാലത്ത് കാറ്റും കോളുമുള്ള കടലിലേക്ക് ഒന്നിനേയും കൂസാതെ മുന്നേറി, ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുവാങ്ങുന്ന മുക്കുവരുടെയും കടലിന്‍റെ വെല്ലുവിളികളെ സാഹസികതയുടെ അപരാതയിലൂടെ നേരിട്ട് വിജയം കൈവരിച്ച നാവികരുടേയും കഥ. വിദേശികളോടും പ്രകൃതിയോടുമുള്ള പോരാട്ടത്തില്‍ നാവികര്‍ക്കനുഭവപ്പെടുന്ന തിക്താനുഭവങ്ങളുടെ തനിപകര്‍പ്പുകള്‍. തീരപ്രദേശങ്ങളില്‍ കഴിയുന്ന ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക വഴി സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും സിറിയന്‍ ജനത വിശിഷ്യ കടലിനെ ആശ്രയിച്ച് കഴിയുന്ന അരയാന്മാരും കുടുംബവും സ്വേഛാധിപതികളില്‍ നിന്നും പ്രഭുക്കളില്‍ നിന്നും അനുഭവിച്ച ചൂഷണങ്ങളുടെ ചിത്രീകരണം!
ഇത്തരത്തില്‍, ഐതിഹാസികമായ കഥകളിലൂടെ മുതലാളിത്വത്തിനും കടന്നുകയറ്റങ്ങള്‍ക്കുമെതിരെ അനന്തമായ ചെറുത്ത് നില്‍പ്പിന്‍റെ വരികള്‍ക്ക് ജീവന്‍ നല്‍കുവാന്‍ ഹന്നാ മീനയുടെ തൂലികക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ്., ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍ തുടങ്ങി നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പലകൃതികളും അതിലുള്‍പ്പെടുന്നു. ആഭ്യന്തരയുദ്ധങ്ങളുടെ മുറവിളികള്‍ അടങ്ങിയിട്ടില്ലാത്ത സിറിയന്‍ തീരങ്ങളില്‍ നിന്ന് ലോക സാഹിത്യ സമുദ്രത്തിലേക്ക് തുഴയെറിഞ്ഞു മുന്നേറിയ ഹന്നാ മീനയുടെ രചനകള്‍ നിരൂപകക്കണ്ണുകളില്‍ വേണ്ടവിധം ഉടക്കിയിട്ടില്ല. അക്ഷരങ്ങള്‍ കൊണ്ട് തിരമാലകള്‍ തീര്‍ത്ത കടലിന്‍റെ എഴുത്തുകാരനായ ഹന്നാ മീനയെപ്പോലുള്ള അറബ് എഴുത്തുകാരെ മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്തല്‍ അനിവാര്യമാണ്. കടലാഴം പോലെ സമൃദ്ധമായ കടലെഴുത്തുകള്‍ അതിജീവനത്തിനായി പോരാടുന്ന അനേകായിരങ്ങള്‍ക്ക് അറിവും അനുഭവവും ആവേശവും പകരുമെന്നതില്‍ സംശയമില്ല.
കുറിപ്പ്:
2. അറബ് സാഹിത്യത്തില്‍ ലക്ഷണമൊത്ത നോവലിന്‍റെ പിറവിയായി കാണുന്നത് മുഹമ്മദ് ഹുസൈന്‍ ഹൈകലിന്‍റെ സൈനബ് (ക്രി. 1914)ലൂടെയാണ്. ഇതിന് മുമ്പുള്ളവയെക്കുറിച്ച് ചരിത്രകാരന്മാര്‍ അപൂര്‍വമെന്ന് പ്രതികരിച്ചത് കാണാം.
3. 1988 ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ഈജിപ്ഷ്യനായ അറബ് നോവലിസ്റ്റ് നജീബ് മഹ്ഫൂസിന്‍റെ ഔലാദു ഹാര്‍തിനാ, ബൈനല്‍ ഖസറൈന്‍, ഖസ്വറുശൗഖ്, അല്‍ സുകരിയ്യ എന്നിവക്ക് നേടി.
4. സ്വലാഹ് ഫദ്ല്‍, മുനാ അല്‍ സയ്യിദ്; ഫീ വിദാഇ ഹന്നാ മീന: ഹമുങ് വെ അല്‍ രിവായത്തുല്‍ അറബിയ്യ. രിവായതുല്‍ അബറത് അനി അല്‍ ഹാമിസ് അല്‍ ഇജ്തിമാഇ, അല്‍ അഹാലി, Almen, alahalygate. com/archives/96....27/2/2023
5 ഹന്നാ മീന-കൈഫ ഹമല്‍തു അല്‍ ഖലമ. ദാറുല്‍ ആദബ്, ബൈറൂത്-എഡി. 1986 പേ: 19
6 അബ്ദു റസീഖ് ഈദ്, അല്‍ രിവായ വല്‍ ബഹ്ര്‍, (സംഭാഷണം) ഹന്നാ മീന. കൈഫ ഹമല്‍തു അല്‍ ഖലമ.ദാറുല്‍ ആദാബ്, ബൈറൂത് - എഡി: 1986. പേ: 110
7 മുഹമ്മദ് ഇസ്മാഈല്‍ ബദ്ര്‍, ഹന്നാ മീന:റാഇദു അദബില്‍ ബഹ്ര്‍ : www.alittihad.ac/28oct 2021 dt. 26/2/2023
8 മുഹമ്മദ് ഇസ്മാഈല്‍ ബദ്ര്‍, ഹന്നാ മീന:റാഇദു അദബില്‍ ബഹ്ര്‍ www.alittihad.ac/28oct 2021 dt. 26/2/2023
9 മൈമൂണ്‍ ഹര്‍ഷി, ഹന്നാ മീനാ രിലാഇയ്യുല്‍ ബഹ്ര്‍ അല്‍ അറബി, (ലേഖനം) diwanalarab.com-08/08/2011-27/02/2023
10 ഹികായത്തുല്‍ ബഹാര്‍, അല്‍ മര്‍ഫുല്‍ ബഈദ്, അല്‍ ദഖല്‍.
Reference:
Huraniyya, S. (1979). Muqaddimathu Rewaya Al Shirau Wal Aasifa Li Hanna Mina. Byrut: Darul Adab.
Mina, H. (1962). Assirau Wal Asifa. Bairut: Darul Adab.
Mina, H. (1981). Hikayathu Bahhar. Bairut: Darul Adab.
Mina, H. (1982). Al Daqual. Bairut: Darul Adab.
Mina, H. (1982). Al Marfaul Baeed. Bairut: Darul Adab.
mina, H. (1986). Kaifa Hamalthu al Kalama. Byrut: Darul Adab.
Mina, H. (2000). Havajisun fee thajribathu riwaeyya. Bairut: Darul Adab.
Mina, H. (2000). Havajisun fi thajribathil Riwaeyya. Byrut: dARUL dab.
Sulama, N. (2010, - -). Hanna Mina Kathibul Kifahi wal Farahi. Retrieved 12 12, 2012, from http://www.discover syria.com/news/1926/2010