Expression of Mappila mythology: In the novels of Basheer and N. P Muhammad
Dr. Jainymol K.V
This paper tries to investigate how the beauty and vision embodied in Mappila mythology and mythical characters were assimilated in the works Ntuppuppakkoranendarnnu by Vaikkom Muhammad Basheer, and Daivathinte Kann, and Ennappadam by N. P Muhammad. There is a unique relationship between myth and literature. In the genre of Malayalam novels, there have been many works focussing on myths. C.V. Raman Pillai’s Marthanda Varma which cleverly infuses the myth of ‘Kalliyankattu Neeli’; O.V. Vijayan’s Khazakinte Ithihasam featuring ‘Pothi’ who lives in a tamarind tree; N. Mohanan’s Innalathe Mazha which is a timeless expression of mythology through the story of ‘Vararuchi’; M.T Vasudevan Nair’s Randamoozham and P. K Balakrishnan’s Ini Njan Urangatte, retelling Mahabharata stories in a modern way; Ponjikkara Rafi’s Swargadoothan which draws inspiration from biblical myths; Sara Joseph’s Alohari Anandam; and Ambikasuthan Mangad’s Makkam enna Pen Theyyam enabling a close reading of the legend of ‘Makka-pothi’ are few among them. All these novels relied heavily on Hindu, Christian, and Yavana myths. In contrast to this, authors like N. P Muhammad and Vaikkom Muhammad Basheer infused Mappila mythology into literature, in an aesthetic and realistic manner. They presented the realities of life in a more intense and condensed form through the myths popular among Muslims. They chose myths embedded in Arabic stories, the Qur’an, and folklore, and deconstructed and developed them utilizing the possibilities of imagination. Muslim community approached Mappila legends very emotionally because they consisted of excerpts from the Holy Qur’an and the sayings of the Prophet. When the priesthood’s wrong interpretations created a situation where the beliefs and practices deviated from the basic principles of the religion, Basheer, and N.P. Muhammad came forward against these evils. The real purpose of religion is to protect humans and encourage them to do good deeds. The conflict between good and evil and the victory of good is repeated through myths. Basheer and N.P. have expressed these facts through the characters and their discourses, in a graceful and artistic way and led the Muslim community to original religious awareness, using the techniques of myth effectively.
Basheer is the first to present the true picture of the Muslim community. His writings also aim to mark the place of his community in literary and cultural history. It is also a protest against the attitudes of society which alienates them. A continuation of this can be seen in the works of N.P. Muhammad. Basheer’s works put forward a vision that inspires a love for all living beings. To erase unawareness, evil-customs, and superstitions that were hindering the progress of common people of Muslim community during that period, he demonstrated an ideal Muslim life. Humanity and human values upheld by the Holy Qur’an formed the kernel of his works. Basheer searched for human values in myths and incorporated a lot of myths to reveal the orthodox thoughts and falsehoods within the institutionalised religion. Through this, the reader realises the fundamental virtue of Islam and the Qur’an.
In the novels Maram, Daivathinte Kann, and Ennappadam by N.P Muhammad, set in the background of the Muslim community, many mythical characters have been created and sustained to demonstrate the modern human situation.
Like Basheer, N.P. also used fantasies that can be called myths or invisible beings to express the Muslim reality and to convince the irrationality of superstitions. It can be seen that by presenting such mythical characters, he ridiculed the clergy who distort the religion for their material gain instead of being propagandists of Islamic ideals.
Basheer and N.P Muhammad did not describe the miracles and magic in myths in their novels but presented them in relation to social conditions. They attempted to wipe out blind religious consciousness and point out the virtues and vices of myths and mythical characters. Through their works, they have fulfilled the broad objective of leading society toward progress.
Keywords: Mappila, Mythology, Mappila mythology, Folklore
Bibliography:
Banerjee, E. Mithum Malayala Novelum. Thiruvananthapuram: Kerala Bhasha Institute, 2010. Print
Muhammed Ahammed, B. Mappila Folklore. Kannur: Samayam Publications, 2009. Print
Muhammed Basheer, Vaikkom. Basheer Sampoorna Krithikal, Volume 1. Kottayam: DC Books,1992. Print
Muhammed, N.P. Ennappadam, Kottayam: DC Books, 1997. Print
Muhammed, N.P. Daivathinte Kannu. Kottayam: DC Books, 2007. Print
Shanmukha Das, M. Mithum Malayalasahithyavum. Kottayam: SPCS,1992. Print
Lang, Andrew. Myth, Ritual, and Religion. Delhi: Aryan Books International,1993. First Indian reprint.
Lévi-Strauss, C. Structural Anthropology. Trans: The Penguin Press, 1963.
Frye, Northrop. Fables of Identity: Studies in Poetic Mythology. New York: Harcourt, Brace & World,1963. Print
Wiener, Philip. P (Ed). Dictionary of the history of ideas volume III. New York: Charles Scribner’s Sons,1973. Print
മാപ്പിള പുരാവൃത്തങ്ങളുടെ ആവിഷ്കാരം: ബഷീറിന്‍റെയും എന്‍.പി മുഹമ്മദിന്‍റെയും നോവലുകളില്‍
ഡോ. ജൈനിമോള്‍. കെ.വി
മാപ്പിള പുരാവൃത്തങ്ങളിലും മൈത്തിക കഥാപാത്രങ്ങളിലും ഉള്ളടങ്ങിയിട്ടുള്ള സൗന്ദര്യത്തെയും ദര്‍ശനത്തെയും വൈക്കം മുഹമ്മദ് ബഷീറിന്‍റെ ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, എന്‍.പി മുഹമ്മദിന്‍റെ ദൈവത്തിന്‍റെ കണ്ണ്, എണ്ണപ്പാടം എന്നീ കൃതികള്‍ സ്വാംശീകരിച്ചതെങ്ങനെ എന്ന് അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തില്‍.
താക്കോല്‍ വാക്കുകള്‍: മാപ്പിള, പുരാവൃത്തം, മാപ്പിള പുരാവൃത്തം, ഫോക്ലോര്‍ .
ആമുഖം:
മിത്തോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് മിത്ത് എന്ന പദം ഉത്ഭവിക്കുന്നത്. സത്യമോ മിഥ്യയോ ആയ കഥ എന്നാണ് ഈ പദത്തിന് ഗ്രീക്കില്‍ അര്‍ത്ഥം നല്‍കിയിരിക്കുന്നത്. മലയാളത്തില്‍ പുരാവൃത്തം, വര്‍ഗപ്പഴമ, പഴയ ചരിത്രം എന്നിങ്ങനെ വ്യത്യസ്തമായ അര്‍ത്ഥത്തില്‍ മിത്ത് എന്ന ഇംഗ്ലീഷ് പദത്തെ വിവക്ഷിക്കുന്നുണ്ട്. അജ്ഞാതമായ ലോകത്തെക്കുറിച്ചുള്ള സങ്കല്പങ്ങളുടെയും സ്വപ്നങ്ങളുടെയും കലവറകളാണ് മിത്തുകള്‍. വിവിധ വിജ്ഞാന ശാഖകള്‍ പുരാവൃത്തങ്ങളെ പ്രധാന പഠന വിഷയമാക്കുകയും പലരീതിയില്‍ അവയെ നിര്‍വചിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെപ്പറ്റി വിഖ്യാത നരവംശ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂലാങ്ങിന്‍റെ നിരീക്ഷണം പ്രസക്തമാണ്.
‘‘The early Physicist thought that myth concealed a physical philosophy,the early etymologist saw in it a confusion of language;the early political speculator supposed that myth was an invention of legislators; the literary euhemerus found that the secret of myths in the course of an imaginary Voyage to a fabled island”. വ്യത്യസ്തമായ വീക്ഷണ കോണുകളിലൂടെയാണ് ഓരോ വിജ്ഞാനശാഖയും മിത്തിനെ സമീപിച്ചത്. സമൂഹ മനസ്സിന്‍റെ സ്വപ്നങ്ങളായാണ് ഫ്രോയ്ഡ് മിത്തുകളെ കണ്ടത്. മിത്തിക്കല്‍ കഥാപാത്രങ്ങളെയും പ്രതീകങ്ങളെയും മന്ഷ്യന്‍റെ ബോധ മനസ്സില്‍ പ്രത്യക്ഷപ്പെടാത്ത വികാരങ്ങളെ ക്കുറിച്ചുള്ള അറിവു ലഭിക്കുന്ന മാധ്യമമായി അദ്ദേഹം കണക്കാക്കി. സാമൂഹിക അബോധ മനസ്സിന്‍റെ ഉല്പന്നമായാണ് യുങ് മിത്തുകളെ വിവക്ഷിച്ചത്. സമൂഹ മനസ്സിന്‍റെ അടിത്തട്ടില്‍ നിലകൊള്ളുന്ന പ്രാക് രൂപങ്ങളെ യുങ് ആദിപ്രരൂപങ്ങളെന്ന് വിളിച്ചു. മനോവിജ്ഞാനീ യപഠനങ്ങള്‍ പുരാവൃത്തപഠനത്തിന്‍റെ സമീപനത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കി. ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ ക്ലോഡ് ലെവിസ്ട്രസ് പുരാവൃത്തങ്ങളെ ഘടനാപരമായി അപഗ്രഥിക്കു കയും പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്തു. അദ്ദേഹ ത്തിന്‍റെ The Structural Study Of Myth ങ്യവേ എന്ന പ്രബന്ധം ശ്രദ്ധേയമാണ്. മിത്ത് എന്നത് ഒരു ഭാഷയാണെന്ന് (Myth is a language) അദ്ദേഹം പറയുന്നു. ഭാഷയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന അതേ ഘടനാപരമായ രീതികളിലൂടെ മിത്തിനെയും സമീപിക്കാ മെന്ന് ലെവിസ്ട്രോസ് നിര്‍ദ്ദേശിക്കുന്നു (1963:213). ബഹുവിഷയ കമായ ഇത്തരം സമീപനങ്ങള്‍ പുരാവൃത്ത പഠനത്തിന് പുതുമയും സാധ്യതകളും നല്‍കി.
മിത്തും സാഹിത്യവും.
മിത്തും സാഹിത്യവും തമ്മില്‍ സവിശേഷ ബന്ധമാണു ള്ളത്.. സാഹിത്യത്തിന്‍റെ ആദിയിലുള്ളത് മിത്താണ്. അതിന്‍റെ അന്ത്യത്തിലുള്ളതും മിത്തു തന്നെ എന്ന ബോര്‍ഹസിന്‍റെ (1992:61) അഭിപ്രായം ഇത് ശരിവെക്കുന്നു. 'എഴുത്തുകാര്‍ മിത്ത് ഉപയോഗിക്കു ന്നത് അവരുടെ സൃഷ്ടിയെ സമ്പുഷ്ടമാക്കാനും സജീവമാക്കാനും ഊര്‍ജസ്വലമാക്കാനുമാണ്. ആദിരൂപ സങ്കല്‍പങ്ങളെക്കുറിച്ച് ബോധമുള്ള എഴുത്തുകാര്‍ ഭാവനാത്മകമായ മുഴുകലിനേക്കാള്‍ സജീവമായ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയാണ് മിത്തിനെ ഉപയോഗപ്പെടു ത്തിയത്. ഭാവനയുടെ തലങ്ങളില്‍ മിത്ത് സാഹിത്യം തന്നെയാ വാറുണ്ട്. റിച്ചാര്‍ഡ് ചേസ് വ്യക്തമാക്കുന്നത് ഈ വസ്തുതയാണ്. മിത്ത് സാഹിത്യമാണ്. അതുകൊണ്ട് തന്നെ സൗന്ദര്യാത്മകമായ അനുഭവത്തിന്‍റെയും ഭാവനയുടെയും ഘടകവുമാണ്.چ (2010:9).
സാഹിത്യത്തിന്‍റെ ഘടനാതത്വങ്ങള്‍ ഉരുത്തിരിയുന്നതു തന്നെ മിത്തില്‍ നിന്നാണെന്നും പുനര്‍നിര്‍മ്മിതമായ മിത്തോളജി തന്നെയാണ് സാഹിത്യമെന്നും നോര്‍ത്രോപ് ഫ്രൈ നിരീക്ഷിക്കു ന്നു. (1963:1) മിത്തുകള്‍ സാഹിത്യത്തിന്‍റെ സ്രോതസ്സോ മാതൃകകളോ ആകുന്നു. മനുഷ്യന്‍റെ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് സ്വര്‍ഗ്ഗവും നരകവുമായി മിത്തുകളില്‍ നിറയുന്നത്. ലോകസാഹിത്യ ത്തിലെ പ്രമുഖരെല്ലാം തന്നെ മിത്തുകളില്‍ ആകൃഷ്ടരായവരാണ്. ഹെര്‍മന്‍ ഹെസ്സെ, തോമസ്മന്‍, കാഫ്ക, ഏലിയറ്റ്, സോഫോക്ലീസ് തുടങ്ങിയവരൊക്കെയും മൈത്തിക സങ്കല്‍പങ്ങളെ എഴുത്തിനുള്ള ഉപാധിയാക്കി മാറ്റിയവരാണ്. ഏതെങ്കിലുമൊരു മിത്തുമായി ഏകീഭവിച്ചവയാണ് പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം തന്നെ. രാമായണ മഹാഭാരതങ്ങള്‍, ബൈബിള്‍, അറബിക്കഥകള്‍ ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.
പുരാവൃത്തവും മലയാളനോവലും
മലയാള നോവല്‍ സാഹിത്യത്തിലും മിത്തിനെ കേന്ദ്രീകരി ച്ചു കൊണ്ടുളള ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്. കള്ളിയങ്കാട്ട് നീലിയുടെ പുരാവൃത്തം സമര്‍ത്ഥമായി സന്നിവേശിപ്പിച്ച സി.വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, പുളിങ്കൊമ്പില്‍ കുടിയിരി ക്കുന്ന പോതിയെ അവതരിപ്പിക്കുന്ന ഒ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം, വരരുചിയുടെ കഥയിലൂടെ പുരാവൃത്തത്തെ കാലാതീതമായി ആവിഷ്കരിക്കുന്ന എന്‍. മോഹനന്‍റെ ഇന്നലത്തെ മഴ, മഹാഭാരത കഥകള്‍ക്ക് കാലികമായ അര്‍ത്ഥ സാധ്യതകള്‍ നല്‍കുന്ന എം.ടി യുടെ രണ്ടാമൂഴം, പി.കെ ബാലകൃഷ്ണന്‍റെ ഇനി ഞാനുറങ്ങട്ടെ, ബൈബിള്‍ മിത്തുകളില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗ്ഗദൂതന്‍, സാറാജോസഫിന്‍റെ ആളോഹരി ആനന്ദം, മാക്കപ്പോതിയുടെ പുരാവൃത്തത്തിന്‍റ സൂക്ഷ്മവായന സാധ്യമാക്കുന്ന മാക്കം എന്ന പെണ്‍ തെയ്യം തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്. ഈ നോവലുകളൊ ക്കെയും ഹൈന്ദവ ക്രൈസ്തവ യവന മിത്തുകളെയാണ് കൂടുതല്‍ ആശ്രയിച്ചത്. ഇതില്‍ നിന്ന് വ്യത്യസ്തമായി മാപ്പിള പുരാവൃത്ത ങ്ങളെ സൗന്ദര്യാത്മകമായും യാഥാര്‍ത്ഥ്യ ബോധത്തോടെയും എഴുത്തിലേക്ക് സന്നിവേശിപ്പിച്ചവരില്‍ പ്രമുഖരാണ് എന്‍.പി മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍. മുസ്ലീങ്ങള്‍ ക്കിടയില്‍ പ്രചാരത്തിലുള്ള പുരാവൃത്തങ്ങളിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ തീവ്രവും സാന്ദ്രവുമായി അവര്‍ അവതരിപ്പിച്ചു. അതിനായി അറബിക്കഥകളിലും ഖുറാനിലും നാടോടിക്കഥകളിലും ഉള്‍ച്ചേര്‍ന്നിട്ടുളള പുരാവൃത്തങ്ങളെ തിരഞ്ഞെ ടുക്കുകയും, അവയെ പൊളിച്ചെഴുതിയോ കൂട്ടിച്ചേര്‍ത്തോ ഭാവനയുടെ സാധ്യതകളെ ആ വിഷ്കരിക്കുകയും ചെയ്തു. മാപ്പിള പുരാവൃത്തങ്ങളില്‍ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്‍റെയോ നബിവചനങ്ങളുടെയോ സാമീപ്യമോ സാന്നിധ്യമോ ഉണ്ട് എന്നതിനാല്‍ അങ്ങേയറ്റം വികാരപരമായാണ് മുസ്ലീം സമൂഹം ഇവയെ സമീപിച്ചിരുന്നത്. മതപൗരോഹിത്യത്തിന്‍റെ തെറ്റായ വ്യാഖ്യാനങ്ങളാല്‍ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മതത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളില്‍ നിന്നും അകന്നുപോകുന്ന സ്ഥിതിവിശേഷം സംജാതമായപ്പോഴാണ് ഈ തിന്മകള്‍ക്കെതിരെ ബഷീറും എന്‍.പി മുഹമ്മദും രംഗത്തുവന്നത്.
മതങ്ങളും മിത്തുകളും തമ്മില്‍ സവിശേഷമായ ബന്ധമുണ്ട്. ഓരോ മതത്തിനും പ്രത്യേകം പ്രത്യേകം മിത്തുകളും അനുഷ്ഠാനരീ തികളുമുണ്ട്. മതങ്ങള്‍ക്കും മുമ്പേയാണ് മിത്തുകളുടെ പിറവി. പ്രാചീനമായ എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണം മിത്തുക ളാണെന്ന് മതങ്ങളും മിത്തുകളും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് പഠിച്ചിട്ടുള്ള ഡബ്ള്യൂ ആര്‍.സ്മിത്ത് നിരീക്ഷിക്കുന്നുണ്ട് (1973:310) څമിത്തുകള്‍ മതത്തിന്‍റെ ഐതിഹാസിക വശവും കര്‍മ്മങ്ങള്‍ അതിന്‍റെ നാടകീയ വശവുമാണ്' (1986:90) പ്രാചീന മനുഷ്യന് അജ്ഞാതമായ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുള്ള പേടിയില്‍ നിന്നാണ് പലമിത്തുകളും ഉരുവം കൊണ്ടിട്ടുള്ളത്. മനുഷ്യന്‍റെ സംരക്ഷണവും സത്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള പ്രോത്സാഹാനവു മാണ് മതത്തിന്‍റെ യഥാര്‍ത്ഥലക്ഷ്യം. നന്മ തിന്മകള്‍ തമ്മിലുള്ള സംഘട്ടനവും നന്മയുടെ വിജയവുമാണ് മിത്തുകളിലൂടെയും ആവര്‍ത്തിക്കുന്നത്. ഈ വസ്തുതകളെ കഥാപാത്രങ്ങളിലൂടെയും അവരുടെ വ്യാപാരങ്ങളിലൂടെയും സരസമായും കലാത്മകമായും ആവിഷ്കരിക്കുകയും മുസ്ലീം ജനതയെ യഥാര്‍ത്ഥ മതാവബോധ ത്തിലേക്ക് നയിക്കുകയുമാണ് ബഷീറും എന്‍.പിയും ചെയ്തത്. അതിനായി മിത്തിന്‍റെ സങ്കേതങ്ങളെ ഇവര്‍ ഫലപ്രദമായി ഉപയോഗിച്ചു.
മിത്തിന്‍റെ വെളിച്ചം ബഷീര്‍ കൃതികളില്‍ .
മുസ്ലീം സമുദായത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ആദ്യമായി ആവിഷ്കരിക്കുന്നത് ബഷീറാണ്. സാഹിത്യ സാംസ്കാരിക ചരിത്രത്തില്‍ സ്വസമുദായത്തിന്‍റെ സ്ഥാനമുറപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ബഷീര്‍ രചനകള്‍ക്കുണ്ടായിരുന്നു. തങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സമൂഹത്തിന്‍റെ സമീപനങ്ങള്‍ ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണത്. ഇതിന്‍റെ തുടര്‍ച്ച എന്‍.പി മുഹമ്മദിലും കാണാം. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനമാണ് ബഷീര്‍ കൃതികള്‍ മുന്നോട്ട് വെക്കുന്നത്. അക്കാലത്ത് സാധാരണക്കാരായ മുസ്ലീം ജനതയുടെ പുരോഗതിക്ക് വിഘാതമായിത്തീര്‍ന്ന അജ്ഞതയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കി യഥാര്‍ത്ഥ മുസ്ലീം ജീവിതം തുറന്നു കാട്ടുക എന്ന ധര്‍മ്മമാണ് ബഷീര്‍ കൃതികള്‍ നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച മാനവികതയും മാനുഷിക മൂല്യങ്ങളുമാണ് ബഷീര്‍ കൃതികളുടെ അന്തസത്ത. മിത്തുകളിലും മാനുഷിക മൂല്യങ്ങളാണ് ബഷീര്‍ അന്വേഷിച്ചത്.
ഷജ്റത്തുല്‍ മുന്‍തഹാ
സ്വര്‍ഗ്ഗത്തില്‍ ഏഴാമാകാശത്ത് ഉള്ള ഒരു മരത്തിന്‍റെ പേരാണ് സിദ്റത്തുല്‍ മുന്‍തഹാ. മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട വിശി ഷ്ടമായ ഒരു മരമാണത്. ഈ മുസ്ലീം പുരാവൃത്തത്തെയാണ് ബഷീര്‍ ഷജ്റത്തുല്‍ മുന്‍തഹാ എന്ന പേരില്‍ നോവലില്‍ അവതരിപ്പിക്കുന്നത് നബിയുടെ ആകാശാരോഹണവുമായി ബന്ധപ്പെട്ട കഥയാണത്. ഇസ്ലാമിക വിശ്വാസ പ്രകാരം പ്രവാചകന്‍ അത്ഭുതകരമായ ആകാശ യാത്രകള്‍ നടത്തുന്നുണ്ട്. ഒരു രാത്രിയുടെ ഏതാനും യാമങ്ങളില്‍ ആകാശ സഞ്ചാരം നടത്തിയ പ്രവാചകന്‍ ആദം, മൂസ, ഇബ്രാഹിം, ഈസ തുടങ്ങിയ പ്രവാചകന്മാരെ വിവിധ ആകാശ നിലകളില്‍ നിന്ന് പരിചയപ്പെട്ടു വെന്നുമാണ് വിശ്വാസം. ഇപ്പോഴത്തെ സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് ബുറാക്ക് എന്ന വാഹനത്തില്‍ പാലസ്തീനിലേക്കും അവിടെ നിന്ന് ഒരു മാലാഖയോടൊപ്പം ഏഴാമാകാശത്തില്‍ ദൈവത്തിന്നടുത്തേക്കും യാത്ര നടത്തി പ്രവാചകനരികിലെത്തി എന്നുമാണ് മിഅ്റാജ് എന്ന പുരാവൃത്തത്തില്‍ പറയുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തേക്കാള്‍ ശക്തിപ്രാപിക്കുകയും അത് യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ക്ക് അഭയസ്ഥാനമാവുകയും ചെയ്ത കാലഘട്ടത്തിലാണ് ബഷീര്‍ ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എഴുതുന്നത്. നോവലില്‍ യാഥാസ്ഥി തികരായ മുസ്ലീം സമൂഹത്തിന്‍റെ പ്രതീകമായാണ് വട്ടനടിമയെയും കുഞ്ഞുത്താച്ചുമ്മയെയും കുടുംബത്തെയും ബഷീര്‍ അവതരിപ്പി ക്കുന്നത്. ജീവിതത്തിലെ എല്ലാ സംഗതികള്‍ക്കും മതത്തെ കൂട്ടുപിടിക്കുന്നവര്‍. പളളിയിലെ രാപ്രസംഗങ്ങളില്‍ നിന്നും വീണുകിട്ടുന്ന കാര്യങ്ങള്‍ അക്ഷരാഭ്യാസമില്ലാത്ത ഇവരുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. മതപൗരോഹിത്യം വിളിച്ചു പറയുന്ന അര്‍ദ്ധ സത്യങ്ങളും വ്യാഖ്യാനങ്ങളും സത്യസ്ഥിതമെന്ന് ധരിച്ചു ജീവിക്കുന്ന നിഷ്കളങ്കയായ കുഞ്ഞിപ്പാത്തുമ്മയുടെ ചിന്തകളാണ് ചില മിത്തുകളുടെ സമഞ്ജസമായ കൂട്ടിയിണ ക്കലിലൂടെ നോവലിസ്റ്റ് അനാവരണം ചെയ്യുന്നത്. വട്ടനടിമയും കുടുംബവുംസകലതും നഷ്ടപ്പെട്ട് ചെറിയൊരു കുടിലിലേക്ക് താമസം മാറുന്നതോടെ ആ കുടുംബത്തിന്‍റെ താളം തെറ്റുകയാണ്. ഭൂമിയോളം ക്ഷമയുള്ള വട്ടനടിമയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി കുഞ്ഞിത്താച്ചുമ്മയുടെ പെരുമാറ്റം മാറുന്നു. നിരന്തരം അപമാനിതനായ അയാള്‍ ഒരു ദിവസം ഭാര്യയുടെ കഴുത്തില്‍ കൈവെക്കുകയാണ്. കുടുംബാന്തരീക്ഷത്തിന്‍റെ ഈ തകിടം മറിച്ചിലില്‍ കുഞ്ഞുപ്പാത്തുമ്മ തളര്‍ന്നു പോകുന്നു. ഈ അവസ്ഥയെ അവള്‍ തന്മയത്വത്തോടെ നേരിടുന്നതിനെ ആവിഷ്കരിക്കാന്‍ ബഷീര്‍ മിത്തിനെ കൂട്ടുപിടിക്കുന്നു. څڅഇറയത്ത് ചെന്ന് തൂണും പിടിച്ചു കരയുന്ന കുഞ്ഞിപ്പാത്തുമ്മ ഷജ്റത്തുല്‍ മുന്‍തഹായെപ്പറ്റി ഓര്‍ത്തു. അത് സ്വര്‍ഗത്തിലാണ്. ആ മഹാ വൃക്ഷത്തിന്‍റെ ചുവട്ടില്‍ നിന്ന് മൂന്ന് നദികള്‍ പുറപ്പെടുന്നുണ്ട്. സ്വര്‍ഗത്തില്‍ നിന്നുള്ള നദികള്‍. നൈല്‍, ടൈഗ്രീസ്, യൂഫ്രട്ടീസ് ഇതൊക്കെ പറഞ്ഞിട്ടെന്തു ഫലം?چچ എല്ലാ മതങ്ങളിലുമുള്ള ഇത്തരം സുന്ദരങ്ങളായ ഐതിഹ്യങ്ങളെ കുഞ്ഞിപ്പാത്തുമ്മ സംശയത്തോ ടെയാണ് കാണുന്നത്.ഷജ്റത്തുല്‍ മുന്‍തഹാ യെക്കുറിച്ച് പളളിയില്‍ നിന്നുള്ള വഅസ് എന്ന ഒരു രാപ്രസംഗത്തില്‍ നിന്നാണ് കുഞ്ഞിപ്പാ ത്തുമ്മ അറിയുന്നത്. څڅആ വൃക്ഷത്തിലെ ഇലകളില്‍ എല്ലാ ജീവജാ ലങ്ങളുടെയും പേരുകളുണ്ടാകും. കാറ്റടിക്കുമ്പോള്‍ ആ ഇലകളില്‍ ചിലത് വീഴും. വീഴുന്ന ഇലയില്‍ പേരെഴുതിയിട്ടുള്ള ജീവി മരിക്കും ചില ഇല കാലമായി പഴുത്തു തന്നെയായിരിക്കും വീഴുന്നത്. ചിലത് പച്ചയ്ക്കും, ചിലതു കുരുന്നിലെയും വീഴും.چچ (പുറം 537) ഉമ്മായുടെ പേരെഴുതിയ ഇല കാറ്റു വീശിയിട്ടും വീണില്ലെന്ന് പറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന സംശയങ്ങള്‍ക്കുള്ള മറുപടി കൂടിയാവു കയാണ്. ബഷീര്‍ കഥാപാത്രങ്ങള്‍ കൃത്രിമത്വമില്ലാത്ത വരാണ്. ദര്‍ശനങ്ങളുടെയും തത്വചിന്തകളുടെയും ഭാരമില്ലാതെ യാണ് അവര്‍ കഥകളിലും നോവലുകളിലും നിലകൊള്ളുന്നത്. ഇവിടെ മിത്തുകളുടെ സമഞ്ജസമായ മേളനത്തിലൂടെ മതാത്മകമായ അന്ധതയെയാണ് ബഷീര്‍ നേരിടുന്നത്. നിര്‍മ്മല ഹൃദയത്തി നുടമയായ കുഞ്ഞിപ്പാത്തുമ്മയുടെ മനസ്സിലുണ്ടാകുന്ന സംശയ ങ്ങള്‍ എന്ന മട്ടിലാണ് പുരാവൃത്തങ്ങളിലൂടെ മതാന്ധതയ്ക്കെതിരെ ബഷീര്‍ ഒളിയമ്പെയ്യുന്നത്
ഇബ്ലീസ് എന്ന പഹയന്‍
ഇബ്ലീസിനെക്കുറിച്ചും കുഞ്ഞിപ്പാത്തുമ്മ കേള്‍ക്കുന്നത് പള്ളിയില്‍ നിന്നാണ്. ഇബ്ലീസ് ആണ് ലോകത്തില്‍ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നതെന്ന് അവള്‍ പഠിച്ചിട്ടുണ്ട്. څڅഇബ്ലീസ് എന്ന പഹയന്‍ അതിപ്രധാനിയായിരുന്ന മലക് ആയിരുന്നു. റബ്ബുല്‍ ആലമീനായ തമ്പുരാന്‍റെ തിരുസന്നിധിയില്‍ സ്വര്‍ഗത്തിലിങ്ങനെ കഴിഞ്ഞു വരുന്ന കാലത്ത് ഒരു സംഭവമുണ്ടായി. ആദമിനെ സൃഷ്ടിച്ച് മറ്റെല്ലാ ജീവജാലങ്ങളോടും കൂട്ടത്തില്‍ മലക്, ജിന്ന് എന്നിവരോടും ആദമിനെ വണങ്ങാന്‍ പറഞ്ഞു. അതില്‍ പ്രധാനിയായ മലക് മാത്രം വണങ്ങിയില്ല. കാരണം മലക്കുകളെ സൃഷ്ടിച്ചിരിക്കുന്നത് തിയ്യാലാ ണ്. മനുഷ്യനായ ആദമിന്‍റെ സൃഷ്ടി മണ്ണുകൊണ്ടുമാണ്. മണ്ണുകൊണ്ട് സൃഷ്ടിച്ചതിനെ തീയ്യുകൊണ്ട് സൃഷ്ടിച്ചത് വണങ്ങുന്നത് ശരിയാണോ? ഇതാണ് മലക് പറഞ്ഞ ന്യായം. ആ അനുസ രണക്കേടിന് ദൈവം മലക്കിനെ ശിക്ഷിച്ചു. സ്വര്‍ഗത്തില്‍ നിന്ന് ബഹിഷ്കൃതനായി. അവനാണ് ഷൈത്താനായ ഇബ്ലീസ്چچ (പുറം 517) കുഞ്ഞിപ്പാത്തുമ്മ പള്ളിയില്‍ നിന്ന് കേട്ട ഇബ്ലീസിന്‍റെ കഥ ഇതാണ്. നിസ്സഹായരും യാഥാസ്ഥിതികരുമായ മനുഷ്യര്‍ ഇത്തരം പുരാവൃത്തങ്ങളെ സത്യകഥകളായി തെറ്റിദ്ധരിക്കുകയും ഖുര്‍ആന്‍ പ്രമാണങ്ങളേക്കാള്‍ അവ പ്രബലമായി മാറുകയും ചെയ്യുന്നുവെന്ന് കാണിക്കാനാണ് ബഷീര്‍ ഇബ്ലീസിനെ അവതരിപ്പിക്കുന്നത്. "എന്താണ് ആദി സൃഷ്ടിയുടെ ഐതിഹ്യം? ആരോട് ചോദിക്കാനാ ണ്? മുസ്ലീം ജനതയില്‍ കുറേയധികം പേര്‍ വിശ്വസിക്കും. ബാപ്പായും ഉമ്മായും കുഞ്ഞിപ്പാത്തുമ്മയും വിശ്വസിക്കും." എഴുത്തു പഠിച്ചാല്‍ കാഫറായിപ്പോകും എന്ന് വിശ്വസിച്ചു പോന്ന ഒരു യാഥാസ്ഥിതിക കുടുംബത്തിന് വിശുദ്ധ ഖുറാന്‍ ആരംഭിക്കുന്നത് തന്നെ വായിക്കുക എന്ന വാക്കോടു കൂടിയാണെന്നും കേട്ടതു വിശ്വസിച്ചു ജീവിക്കുകയല്ല വേണ്ടതെന്നും ഒടുവില്‍ ബോധ്യപ്പെടു ന്നു. ഇത്തരത്തില്‍ സംഘടിത മതത്തിനുള്ളിലെ യാഥാസ്ഥിതിക ചിന്തകളെയും പൊള്ളത്തരങ്ങ ളെയും മറനീക്കി പുറത്തു കൊണ്ടുവരാന്‍ ധാരാളം മിത്തുകളെ ബഷീര്‍ ചേര്‍ത്തുവെച്ചു. ഇതിലൂടെ ഇസ്ലാമിന്‍റെയും ഖുര്‍ആനിന്‍റെയും മൗലിക വിശുദ്ധി അനുവാചകനും തിരിച്ചറിയുന്നു
പുരാവൃത്താവിഷ്കാരം എന്‍.പി മുഹമ്മദിന്‍റെ നോവലുകളില്‍
മുസ്ലീംസമുദായം പശ്ചാത്തലമാക്കിക്കൊണ്ട് എന്‍.പി രചിച്ച മരം, ദൈവത്തിന്‍റെ കണ്ണ്, എണ്ണപ്പാടം എന്നീ നോവലുകളില്‍ സമകാല മനുഷ്യാവസ്ഥയെ സൂചിപ്പിക്കാനായി ധാരാളം മൈത്തിക കഥാപാത്രങ്ങളെ എന്‍.പി സൃഷ്ടിക്കുകയും ഉപജീവിക്കുകയും ചെയ്യുന്നുണ്ട്. ബഷീറിനെപ്പോലെ യഥാര്‍ത്ഥ മുസ്ലീം ജീവിതത്തെ ആവിഷ്കരിക്കാനും അന്ധവിശ്വാസങ്ങളിലെ അയുക്തികതയെ ബോധ്യപ്പെടുത്താനുമാണ് എന്‍.പിയും മിത്തുകളെന്നോ അദൃശ്യജീ വികളെന്നോ വിളിക്കാവുന്ന ഭ്രമകല്പനകളെ കൂട്ടുപിടിച്ചത്.
ജിന്നുകള്‍
പാവപ്പെട്ടവരും വിദ്യാഭ്യാസമില്ലാത്തവരുമായ മുസ്ലീം മതവിശ്വാസികള്‍ കൂട്ടമായി ജീവിക്കുന്ന ദേശമാണ് എന്‍.പി അവതരിപ്പിക്കുന്ന എണ്ണപ്പാടം. "എണ്ണപ്പാടത്തിന് വെളിച്ചത്തിന്‍റെ നിറം അറിയുമായിരുന്നില്ല. വെളിച്ചത്തിന്‍റെ കരുത്തും അറിയില്ലായിരുന്നു". പുരോഗതിയുടെ വെളിച്ചം എന്തെന്നറിയാത്ത നാട്ടുമനു ഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണത്. അവര്‍ ജിന്നുകളിലും ഇഫ്രീത്തു കളിലും വിശ്വസിക്കുന്നു. "എണ്ണപ്പാടം മഹ്ലൂക്കുകളുടെ (മനുഷ്യരുടെ) രാജ്യമാകുന്നു. എങ്കിലും തിങ്കളായ്സരാവും വെള്ളിയാഴ്സരാവും ജിന്നുകളും ഇഫ്രീത്തുകളും എണ്ണപ്പാടം സന്ദര്‍ശിക്കാറുണ്ട്. ഇവരിലും ജാതിയുണ്ട്. ഇസ്ലാം ജിന്നും കാഫര്‍ ജിന്നും. അധികം വരിക കാഫര്‍ ജിന്നാണ്. പെട്ടെന്നതു കാണില്ല. സന്ധ്യ പൊട്ടിവിടരുന്ന നേരമാണ് വരവ്. കാഫര്‍ജിന്നിന് ഉണങ്ങിയ ചോര വറ്റിയ പെണ്ണുങ്ങളെ ഇഷ്ടമല്ല. ചോര ത്തുടിപ്പും സീനത്തും ഉള്ള പെണ്ണുങ്ങളെ കമ്പമാണ്" (പുറം. 116) ഇങ്ങനെ ജിന്നിനെക്കുറി ച്ചുള്ള അനവധിയായ വിശ്വാസങ്ങള്‍ ഇവര്‍ക്കുണ്ട്. എന്തിനും ഏതിനും അവര്‍ ജിന്നുകളെ ആശ്രയിക്കുന്നു. കുടുംബാംഗങ്ങള്‍ക്ക് മാറാവ്യാധികള്‍ പിടിപെടുമ്പോള്‍, പ്രസവവേദന വരുമ്പോള്‍, കണ്ണേറ് ദോഷമകറ്റാന്‍, സ്വര്‍ഗ്ഗം ലഭിക്കാന്‍, പ്രേത ബാധയകറ്റാന്‍ എല്ലാറ്റിനുമുള്ള പ്രതിവിധി ജിന്നുകളിലുള്ള വിശ്വാസമാണ്. "ജിന്നിന് എല്ലാ ചികിത്സാ വിധികളുമറിയാം. ആയുര്‍വേദം മുതല്‍ അലോപ്പതി വരെയുള്ള ചികിത്സകള്‍ ജിന്ന് നടത്തുന്നു. ജിന്ന് ത്രികാലജ്ഞാന മുള്ള അദൃശ്യജീവിയാണല്ലോ." (പുറം 117) മത പുരോഹിതനായ മൊല്ലാച്ചിയാണ് എണ്ണപ്പാടത്തുകാരുടെ അന്ധ വിശ്വാസത്തെ മുതലെടുത്തുകൊണ്ട് അവരെ വഴിതെറ്റിക്കുന്നത്. ഉസ്സന്‍ എന്ന കഥാപാത്രത്തിലൂടെ മതപരമായ അന്ധതയെ എന്‍.പി വെളിച്ചത്തുകൊണ്ടുവരുന്നു. ഇസ്ലാമിക ആശയങ്ങളുടെ പ്രചാരകരാകുന്നതിന് പകരം തങ്ങളുടെ ഭൗതികലാഭത്തിനുവേണ്ടി മതത്തെ വളച്ചൊടിക്കുന്ന പൗരോഹിത്യത്തെ പരിഹസിക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം മൈത്തിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിലൂടെ എന്‍.പിക്ക് ഉണ്ടായിരുന്നതെന്ന് കാണാം.
പൂതങ്ങള്‍
ദൈവത്തിന്‍റെ കണ്ണില്‍ എന്‍.പി പൂതങ്ങളെ ആവിഷ്കരി ക്കുന്നു. പൂതങ്ങള്‍ മോഹിച്ച കൂണ്‍ തിന്ന മൊയമ്മ താലിയെ പുതങ്ങള്‍ ബാധിച്ചു എന്നാണ് നാരകപ്പുര തറവാട്ടിലുള്ളവര്‍ വിശ്വസിക്കുന്നത്. മാനസിക രോഗത്തെ ഇവര്‍ ചൈത്താന്‍ ബിരുത്തമായി കാണുന്നു. എണ്ണപ്പാടത്തുകാര്‍ കാഫര്‍ ജിന്ന് എന്ന് പറയുന്നതും ചൈത്താന്‍ ബിരുത്തത്തെ തന്നെ. ചൈത്താന്‍മാരെ തുരത്താന്‍ മൊല്ലാക്കമാര്‍ക്ക് കഴിയും എന്ന് അന്നാട്ടുകാര്‍ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ കണ്ണില്‍ മൊയമ്മ താലിയുടെ ഭ്രാന്ത് മാറ്റാന്‍ ശ്രമിക്കുന്നത് മന്ത്രിച്ചൂതിയ ചരട് കെട്ടിക്കൊടുത്താണ്.
ഒറ്റമുലച്ചി
ദൈവത്തിന്‍റെ കണ്ണിലും എണ്ണപ്പാടത്തിലും വേപ്പുമരപ്പൊ ത്തില്‍ കുടികൊള്ളുന്ന ഒറ്റമുലച്ചിയെ കാണാം. 'പതിന്നാലാം രാവില്‍ ആകാശവും ഭൂമിയും പാലില്‍ കുളിക്കുമ്പോള്‍ ഒറ്റമുലച്ചി കൊമ്പത്തിരുന്ന് മുടിയഴിച്ചിട്ട് വെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ച് ഇടവഴിയിലേക്ക് നോക്കും. څڅപതിനാലാം രാവില്‍ അതിലേ പോകരുതെന്ന് കല്‍പിച്ചിരുന്നു. ഒറ്റമുലച്ചിയെ കണ്ടോ, എന്നാല്‍ അന്ന് രാത്രി മരിക്കുംچچ (പുറം 113). അഹമ്മദ് ആ വഴിയേ നിരവധി തവണ പോയിട്ടും ഒറ്റ മുലച്ചിയെ കാണാന്‍ പറ്റിയില്ല. മരിക്കാനായി വേപ്പുമരച്ചോട്ടില്‍ കാത്ത് കിടന്ന ഒസ്സാന്‍ ഒറ്റമുലച്ചിയെ കാണുന്നുമില്ല. മരിക്കുന്നുമില്ല. ഇത്തരത്തില്‍ ഒസ്സാനിലൂടെ, അഹമ്മദിലൂടെ അന്ധവിശ്വാസങ്ങളിലാണ്ടു ജീവിക്കുന്ന സ്വസമുദായത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളാണ് കാണാന്‍ സാധിക്കുന്നത്.
ഉപസംഹാരം
സമകാല മനുഷ്യാവസ്ഥയെ സൂചിപ്പിക്കാന്‍ മിത്തുകളെ എഴുത്തുകാരന്‍ സൃഷ്ടിക്കുകയും ഉപജീവിക്കുകയും ചെയ്യാറുണ്ട്. 'څമിത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും നമ്മെ തന്നെയാണ് അതില്‍ പ്രതിഫലിച്ചു കാണുന്നത്. നമ്മില്‍ നിന്ന് നമ്മിലേക്കുതന്നെയുള്ള സന്ദേശമാണ് മിത്ത്چچ(1962:23). മിത്തുകളിലെ അത്ഭുതങ്ങളെയും മാന്ത്രികതകളെയും വര്‍ണ്ണിക്കു കയല്ല, അവയെ സാമൂഹ്യാവസ്ഥകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് ബഷീറും എന്‍.പിയും ചെയ്തത്. മതപരമായ അന്ധതയെ തുടച്ചു നീക്കാനും മിത്തുകളിലെയും മൈത്തിക കഥാപാത്രങ്ങളിലെയും ധര്‍മ്മാധര്‍മ്മങ്ങളെ ചൂണ്ടിക്കാണിക്കാനുമാണ് ഇവര്‍ ശ്രമിച്ചത്. സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക എന്ന വിശാലമായ ലക്ഷ്യമാണ് തങ്ങളുടെ കൃതികളിലൂടെ ബഷീറും എന്‍.പി മുഹമ്മദും നിറവേറ്റിയത്.
ഗ്രന്ഥസൂചി:
ബാനര്‍ജി,ഇ,ഡോ, 2010, മിത്തും മലയാള നോവലും, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
മുഹമ്മദ് അഹമ്മദ്, ബി,ഡോ, 2009, മാപ്പിള ഫോക്ലോര്‍, കണ്ണൂര്‍: സമയം പബ്ലിക്കേഷന്‍സ്.
മുഹമ്മദ്ബഷീര്‍, വൈക്കം, 1992, ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, വോള്യം1, കോട്ടയം: ഡി സി ബുക്സ്.
മുഹമ്മദ്, എന്‍.പി, 1997, എണ്ണപ്പാടം, കോട്ടയം: ഡി.സി ബുക്സ്.
മുഹമ്മദ്, എന്‍.പി, 2007, ദൈവത്തിന്‍റെ കണ്ണ്, കോട്ടയം: ഡി.സി ബുക്സ്.
ഷണ്മുഖദാസ്, എം, 1992, മിത്തും മലയാള സാഹിത്യവും, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
Andrew lang, 1993, Myth Ritual and Religion, Aryan books international first indian reprint.
Claude levi' strauss, 1963, Structural Anthropology, Trans: Penguin press.
Northrop frey, 1963, Fables of ldentity Studies in Poetric Mythology, Newyork.
Wiener , P, Philip, (Ed), 1973, Dictionary of the history of ideas vol III, Scribner.