Biological environment and linguistic environment

Dr. K M Bharathan

Biological environment and linguistic environment are often treated dichotomically in several literature. This paper is an attempt to address the following questions in the light of these two concepts (i) How the biological environment influence the language (ii) What is the mode and nature of biological environment manifested through the language. (iii) Which is the most effective linguistic ways to express the environmental expertise of society (iv) How do the changes in linguistic experiences affects the expression of environmental experience, traditional knowledge on environment etc. imprinted in their language. It also tries to explain the varying biological and linguistic environmental experiences of kerala society based on certain instances of upward social mobility.

Key works: environment, linguistic environment, mother-tongue, language death, upward social mobility.

Reference:

Sethuraman K,. 2011, malayalathinte bhavi, Mathrubhumi Books, Calicut.
Pavithran P,. 2014 Mathrubhashakku Vendiyulla Samaram, malayalaaikyavedi, Cheruthuruthi.
Lijisha A T. 2020 Cholanaikkan bhasha-paristhiti bhasha shastram (unpublished Ph.D Dissertation).
Alan Berube 2019 Jan 15, Tree things that matter or upward mobility in the labour market: https:///www.brookings.edu>blog.
Edward Sapir, 1921: Language An Introduction to the study of speech, Harcourt Brace: New York
Jean Lacques Lecercle, 1994: A Marxist philosphy of Language, Routledge: London
Martin Heidegger, /trabs, 1996 Being and time, State University of Newyork Press.
Dr. K M Bharathan
Professor
School of Cultural Heritage Studies
Thunchath Ezhuthachan Malayalam University
Tirur
Kerala
India
Pin: 676502
email: drkmbharathan@gmail.com
Ph: +91 9388934140
ORCID: 0000-0003-1752-4241


പരിസ്ഥിതിയും ഭാഷാപരിസ്ഥിതിയും

ഡോ.കെ.എം.ഭരതന്‍

പരിസ്ഥിതിയും ഭാഷാപരിസ്ഥിതിയും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. ഇതുരണ്ടിനേയും ചേര്‍ത്തുവെച്ചുകൊണ്ട് താഴെ പറയുന്ന നാലു കാര്യങ്ങളെ അന്വേഷിക്കാനാണ് പ്രധാനമായും ഇവിടെ മുതിരുന്നത്. 1. ജൈവപരിസ്ഥിതി  എങ്ങനെയാണ് ഭാഷയെ സ്വാധീനിക്കുന്നത്.  2. ജൈവ പരിസ്ഥിതി എങ്ങനെയാണ് ഭാഷയില്‍ ആവിഷ്കരിക്കപ്പെടുന്നത്?  അതിന്‍റെ പ്രകാരങ്ങളെന്തെല്ലാം?. 3. ഒരു ജനതയുടെ പാരിസ്ഥിതികാനുഭവങ്ങളും അവബോധവും സഞ്ചിത രൂപത്തില്‍ ആവിഷ്ടമായിരിക്കുന്ന ഭാഷയേതായിരിക്കും? 4. ഭാഷാപരിസ്ഥിതിയിലെ (സാമൂഹ്യപരിസ്ഥിതി) മാറ്റം ഭാഷാവിഷ്ട മായ പാരിസ്ഥിതികാനുഭവത്തെയും അവബോധത്തെയും സ്വാധീനിക്കുന്നതെങ്ങനെയാണ്?

താക്കോല്‍വാക്കുകള്‍: മാതൃഭാഷ, ജൈവപരിസ്ഥിതി, ഭാഷാപരി സ്ഥിതി, ഭാഷാമരണം, വിനിമയശൃംഖല, ഉന്നലചലനാത്മകത
ജര്‍മന്‍ ചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗര്‍ (1889-1976) ജീവിത ഭവനം (House of Being), വായയുടെ പൂവ് (Flowers of Mouth)  എന്നിങ്ങ നെയാണ് ഭാഷയെ വിശേഷിപ്പിച്ചത്. നമ്മുടെ ജീവിതത്തിന്‍റെ വീടാണ് ഭാഷ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭാഷയ്ക്കുള്ളിലാണ് നാം ജീവിക്കുന്നത്. ചെടിയെന്ന യാഥാര്‍ഥ്യത്തിന്‍റെ ആവിഷ്കാര മാണ് പൂവ്. അതിനകത്ത് വിത്തായിരിക്കുന്നത് അതേ ചെടിയുടെ ജീവിതം തന്നെയാണ്. ഭാഷ, വായയുടെ പൂവായിരിക്കുമ്പോള്‍ ഒരേ സമയം അത് മനുഷ്യന്‍റെ യാഥാര്‍ഥ്യങ്ങളുടെ ആവിഷ്കാരവും മനുഷ്യന്‍ എന്ന യാഥാര്‍ഥ്യത്തെ സംവഹിക്കുന്നതും ആണ്. രണ്ടു വിശേഷണങ്ങളിലും മനുഷ്യജീവിതം ഒരു ഭാഷാ നിര്‍മ്മിതിയാണ് എന്നതിനെയാണ് ഹൈഡഗര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ഭാഷയില്‍ ആദിമവും വിശുദ്ധവുമായൊരു ഭവനമുണ്ടെന്നാണ് അക്കാലത്തെ അധീശജര്‍മന്‍ യുക്തിയോടൊപ്പംനിന്ന് അദ്ദേഹം വാദിച്ചത്. അങ്ങനെയൊരു ആദിമ-വിശുദ്ധഭവനം ഭാഷയില്‍ ഇല്ലെന്നും കാലത്തോടൊപ്പം നവീകരിക്കപ്പെടുന്ന ജീവിതഭവനമാ ണ് ഏതൊരു ഭാഷയും എന്ന് ഇതിനകം പലമട്ടില്‍ തെളിയിക്കപ്പെട്ടി ട്ടുണ്ട്. ഈ ബോധ്യമാണ് പരിസ്ഥിതിയെയും ഭാഷാ പരിസ്ഥിതിയെ യും ചേര്‍ത്തുനിര്‍ത്തി ആലോചിക്കുമ്പോള്‍ ഒന്നാമതായി നമ്മളില്‍ ഉണ്ടാകേണ്ടത്.
നാം ആണ്ടുമുഴുകി ജീവിക്കുന്ന പ്രകൃതി അതേപടി നമ്മുടെ ഭാഷയില്‍ ആവിഷ്കൃതമായിരിക്കുന്നു എന്ന ധാരണ ശരിയല്ല. ഇന്നാരും അങ്ങനെ കരുതുമെന്നും തോന്നുന്നില്ല. അനാദികാലത്തേ ക്കായി ഒരര്‍ഥവും ഭാഷയില്‍ നിര്‍മ്മിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ആവശ്യം വരുമ്പോള്‍ തിരിച്ചുപോകാവുന്ന ഒരമ്മ വീടും ഭാഷയിലില്ല. പരിണമിച്ചുകൊണ്ടേയിരിക്കുന്ന ഭാഷയുടെ മാറ്റ ത്തിന്‍റെ സ്വഭാവം എന്താണെന്നും പരിണാമദിശ എങ്ങോട്ടാണെ ന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
എഡ്വേര്‍ഡ് സപീര്‍ ഭാഷയ്ക്കു നല്കിയ പല വിശേഷണങ്ങ ളില്‍ ഒന്ന് അത് ചിന്തയുടെ സമാഹൃതകലയാകുന്നു (Language is collective art of thought)  എന്നതാണ്. ഇതിനര്‍ഥം പരിസ്ഥിതിയെന്ന ഭൗതികസത്തയല്ല ഭാഷയില്‍ ആവിഷ്കൃതമാകുന്നത്, മറിച്ച് പരിസ്ഥിതിയെന്ന സാമൂഹ്യാനുഭവമാണ് എന്നാകുന്നു. സാമൂഹീകരി ക്കപ്പെട്ട പാരിസ്ഥിതികാനുഭവങ്ങളുടെ സാന്ദ്രിമയാണ് ഭാഷയില്‍ മുദ്രിതമായിരിക്കുന്ന പരിസ്ഥിതി. സാമൂഹീകരണമെന്നത് സമൂഹവും അതിന്‍റെ ഘടനയും മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഓരോ ജനതയുടേയും പാരിസ്ഥിതികാനുഭവങ്ങളുടെ സമാഹൃതരൂപം ലോകത്തെ സംബന്ധിച്ച് പ്രധാനമാണ്. അതില്‍ തങ്ങളുടെ പരിസ്ഥിതിയുടെ നേര്‍ക്ക് അതത് ജനതയ്ക്കുള്ള നിരീക്ഷണവും അതുവഴിയുള്ള വൈജ്ഞാനികതയും ഉണ്ടായി രിക്കും. അതത് ജനതയുടെ ഭാഷയിലാണ് ഇവ മുദ്രണം ചെയ്യപ്പെട്ടി രിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ച ഓരോ ജനതയ്ക്കും ലോകത്തിനും ഒരുപോലെ പ്രധാനമാണ്.
അത് തിരിച്ചറിഞ്ഞുകൊണ്ടാണ് തദ്ദേശീയഭാഷകള്‍ സംരക്ഷിക്കേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് യുനസ്കോ ആവര്‍ത്തിച്ചു പറയുന്നത്. 2019 അന്താരാഷ്ട്ര തദ്ദേശീയ ഭാഷാവര്‍ഷ മായി ഐക്യരാഷ്ട്രസഭ ആചരിച്ചതും ഈ പ്രധാന്യത്തെ സൂചിപ്പിക്കു ന്നു. ഏതൊരു കൊച്ചു പ്രദേശത്തിന്‍റെ പരിസ്ഥിതിനാശവും ലോകപരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് ഇന്നു നമുക്കറിയാം. ജൈവവൈവിധ്യം പരിപാലിക്കുകയെന്നാല്‍ ലോകത്തിലെ സകല പരിസ്ഥിതിവൈവിധ്യങ്ങളും പാലിക്കപ്പെടലാ ണെന്ന് നമുക്കറിയാം. അതിനാല്‍ ഓരോ ജനതയുടെ പാരിസ്ഥിതിക ശ്രദ്ധയും പ്രധാനമാണ്. അതുകൊണ്ടുതന്നെ ഓരോ തദ്ദേശീയ ഭാഷയും പ്രധാനമാണ്. ലോകഭാഷാനാശഭൂപടത്തില്‍ 228 ഭാഷകള്‍ ഇല്ലാതായി. ഇതില്‍ ഇന്ത്യയിലെ അഞ്ചെണ്ണം കൂടി ഉള്‍പ്പെടുന്നു. 2011 സെന്‍സസ് പ്രകാരം 197 ഭാഷകള്‍ ഇന്ത്യയില്‍ ഭാഷാമരണത്തി ന്‍റെ വക്കിലാണ്. ഇന്ത്യയില്‍ 22 ഷെഡ്യൂള്‍ഡ് ഭാഷകളും 99 നോണ്‍ ഷെഡ്യൂള്‍ഡ് ഭാഷകളുമാണുള്ളത്.  സര്‍ക്കാരിതര സംഘടനയായ ഭാഷാ റിസര്‍ച്ച് ആന്‍റ് പബ്ലിക്കേഷന്‍ നടത്തിയ ജനകീയ ഭാഷാ സര്‍വ്വേ 2012; ഇന്ത്യയില്‍ 780 ഭാഷകള്‍ ഉള്ളതായി പറയുന്നു. അതില്‍ 480 എണ്ണവും (61%) ഗോത്രഭാഷകളാണ്. ഈ ഗോത്ര ഭാഷകളിലേറെയും സര്‍ക്കാര്‍ കണക്കില്‍ വരാത്തവയും ഭാഷാ മരണത്തിലേക്കു നീങ്ങുന്നവയുമാണ്. (ലിജിഷ എ.ടി. 2020). മലയാള സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തില്‍നിന്നും ഈ അടുത്തകാലത്ത് പിഎച്ച്.ഡി. ബിരുദത്തിനു ശുപാര്‍ശചെയ്യപ്പെട്ട പ്രബന്ധമാണ് ലിജിഷ എ.ടിയുടെ ചോലനായ്ക്കന്‍ ഭാഷ: പരിസ്ഥിതിശാസ്ത്രപഠനം എന്നുള്ളത്. ഡോ.എം.ശ്രീനാഥന്‍റെ മാര്‍ഗദര്‍ശിത്വത്തില്‍ നിര്‍വഹിക്കപ്പെട്ടിട്ടുള്ള ഈ ഗവേഷണ പ്രബന്ധം 112 കുടുംബങ്ങളിലായി 296 പേര്‍ മാത്രം സംസാരിക്കുന്ന കേരളത്തിലെ ചോലനായ്ക്കഭാഷ എങ്ങനെയാണ് ലോകത്ത് മറ്റൊരിടത്തുമില്ലാത്ത പാരിസ്ഥിതികാനുഭവങ്ങളെയും നീരീക്ഷണങ്ങളെയും വൈജ്ഞാനികതയെയും രേഖപ്പെടുത്തിവെച്ചിരിക്കുന്നതെന്ന് വിശദീകരിക്കുന്നു. ചോലനായ്ക്ക ഭാഷയെ മുന്‍നിര്‍ത്തി എന്തിന് ലോകത്ത് ഇത്തരം ഭാഷകള്‍ സംരക്ഷിക്കപ്പെടണമെന്നും ചോലനായ്ക്കഭാഷയെ സംരക്ഷിക്കാന്‍ എന്തെല്ലാം ഇടപെടലുകള്‍ ആവശ്യമാണെന്നും ഈ ഗവേഷണം ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതി ഭാഷാശാസ്ത്രം, ഹരിതഭാഷാ ശാസ്ത്രം എന്നെല്ലാമുള്ള പേരുകളില്‍ ഭാഷ, പരിസ്ഥിതി, സംസ്കാരം എന്നിവയെക്കുറിച്ചും ഇവ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചും കൂടുതല്‍ മെച്ചപ്പെട്ടതര ത്തില്‍ ഇവയെ നിലനിര്‍ത്തേണ്ടതിനെക്കുറിച്ചുമുള്ള പഠനങ്ങള്‍ മലയാളത്തിലും ശക്തിപ്പെട്ടുവരുന്നുണ്ട്.
പരിസ്ഥിതിയുടെ സ്വാധീനം പദതലം, അര്‍ത്ഥതലം, വ്യാകരണതലം എന്നിവയിലെല്ലാമുണ്ടാകുമെന്ന് സപീര്‍ പറയു ന്നുണ്ട്. എന്നാല്‍ നമുക്ക് പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നത് പദതലത്തിലെ സ്വാധീനതയാണ്. ഒരു ചെടിയെ കുറിക്കാന്‍ ഒരു ഭാഷയില്‍ ഒന്നോ അതിലധികമോ പേരുണ്ട് എന്നതിനര്‍ത്ഥം ആ ചെടിയെ ജനത തിരിച്ചറിയുന്നു, അഥവാ പല രീതിയില്‍ തിരിച്ചറി യുന്നു എന്നാണ്. ഈ തിരിച്ചറിവിനടിസ്ഥാനം ചെടിയുടേയോ അതിന്‍റെ ഏതെങ്കിലും ഭാഗത്തിന്‍റെയോ നിറം, ഗന്ധം, ആകൃതി, അവസ്ഥ, സ്വഭാവം, ധര്‍മ്മം, പ്രയോജനം തുടങ്ങിയ എന്തെങ്കിലു മാകും. ഉദാഹരണത്തിന് കുത്തന്‍ എന്നപേരില്‍ ഒരു ചെടിയുണ്ട്, വടകര പ്രദേശത്ത്. ഹിറ്ററോപോഗോണ്‍ കോണ്‍ടോര്‍സസ് എന്നാണിതിന്‍റെ ശാസ്ത്രീയനാമം. പുല്ലുവര്‍ഗത്തില്‍പ്പെട്ട ഒരു ചെടി യാണിത്. ആരെങ്കിലും ഇതിനെ തൊട്ടുകൊണ്ടു നടക്കാനിടയാ യാല്‍ ചെറിയ വിത്തുകള്‍ അവരുടെ ഉടുപ്പില്‍ കുത്തിപ്പിടിക്കും. പിന്നീട് നുള്ളിയെടുക്കേണ്ടിവരും. അതുകൊണ്ടാണ് കുത്തന്‍ എന്ന പേരു വന്നത്. ഇത് കുത്തന്‍ എന്ന ചെടിയെക്കുറിച്ചും അതിന്‍റെ വിത്തുവിതരണരീതിയെക്കുറിച്ചുമുള്ള തദ്ദേശീയരുടെ അറിവാണ്. പുല്ല്, വള്ളിച്ചെടി, കുറ്റിച്ചെടി, ഓഷധി, മരം എന്നിങ്ങനെ ചെടികളെ നാം പലതായി വര്‍ഗീകരിച്ചിട്ടുണ്ട്. സസ്യശാസ്ത്രത്തിന്‍റെ വര്‍ഗീകരണത്തില്‍ പുല്ല് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെടിയാണ് മുള. ഗ്രാമിനേ എന്നാണ് അതിന്‍റെ കുടുംബനാമം. എന്നാല്‍ മലയാളം ഇതിനെ വൃക്ഷം അഥവാ മരം എന്ന വിഭാഗത്തി ലാണ് പെടുത്തിയിട്ടുള്ളത്. രൂപവും ഘടനയുമാണ് ശാസ്ത്രീയ വര്‍ഗീകരണത്തിന്‍റെ അടിസ്ഥാനമെങ്കില്‍ ധര്‍മ്മം അഥവാ ഉപയോഗമാണ് തദ്ദേശീയ വര്‍ഗ്ഗീകരണത്തിനു പിറകിലുള്ളത്. കാവുകളിലും രാഷ്ട്രീയപ്പാര്‍ട്ടി സമ്മേളനത്തിലും കൊടിമരമായി ഉപയോഗിക്കുന്നത് മലബാറില്‍ കൂടുതലും മുളയാണ്. തെങ്ങുകയറ്റക്കാരും മറ്റും ഇതിനെ പ്രാദേശികമായി മുകളിലേക്കു കയറുന്നതിനുള്ള ഉപാധിയായി (ഏണി/കോണി) ഉപയോഗിക്കാ റുണ്ട്. കൊടി ഉയര്‍ത്തുന്നതിനായി എഴുന്നള്ളിച്ചോ ജാഥയായോ കൊണ്ടുപോകുമ്പോള്‍ അമ്പലകമ്മിറ്റിക്കാരുടെ നോട്ടീസില്‍ ഏണിവരവെന്നും പാര്‍ട്ടി സമ്മേളനനോട്ടീസില്‍ കൊടിമരജാഥ എന്നും മുദ്രണം ചെയ്യപ്പെടുന്നു. ചേനത്തണ്ടന്‍ എന്ന പാമ്പിന്‍റെ പേരിനുപിറകില്‍ അതിന് ചേനയെന്ന സസ്യത്തിന്‍റെ തണ്ടിനോടുള്ള രൂപപരമായ സാദൃശ്യത്തെക്കുറിച്ചുള്ള അറിവാണുള്ളത്.
തെങ്ങിന്‍റെ പൂവില്‍നിന്ന് തേങ്ങയിലേക്കുള്ള വളര്‍ച്ചയെ എത്ര സൂക്ഷ്മമായാണ് മലയാളി രേഖപ്പെടുത്തിയിട്ടുള്ളത് എന്നതിന്‍റെ അടയാളം കൂടിയാണ് മലയാളത്തില്‍ ഇതു സംബന്ധിച്ചുള്ള വാക്കുകള്‍ തെങ്ങിന്‍പൂക്കുല> മച്ചിങ്ങ (പീച്ചിങ്ങ, വെളിച്ചില്‍)>കരിക്ക്>ഇളനീര്‍>ബന്നങ്ങ>തേങ്ങ>കൊപ്ര, ബോഡ എന്നിങ്ങനെ എത്ര സൂക്ഷ്മമാണ് മലയാളിയുടെ തെങ്ങിനോടുള്ള നോട്ടങ്ങള്‍ എന്നുകാണാം. പച്ചത്തേങ്ങ, വരണ്ടതേങ്ങ, കൊട്ടത്തേ ങ്ങ, കൊയ്യായിതേങ്ങ എന്നിങ്ങനെ തേങ്ങ തന്നെ പല വിധമുണ്ട്. തൊണ്ട്1, പൊയ്മടല്‍2, പൊങ്ങ്3, എന്നിങ്ങനെയുള്ള അവസ്ഥാ ന്തരങ്ങളും അതിനുണ്ട്.  കാമ്പ്, ചിരട്ട, മടല്, ചകിരി എന്നിങ്ങനെ തേങ്ങയ്ക്കുതന്നെ വ്യത്യസ്ത ഭാഗങ്ങള്‍. ചിലപ്പോള്‍ തൊണ്ടും പൊയ്മടലും പൊങ്ങും ചില പ്രത്യേക മനുഷ്യരെ കുറിക്കുന്നതിനു ള്ള വാക്കുകള്‍ കൂടിയാകും. അപ്പോള്‍ അതിനു പുതിയ സാംസ്കാ രികാര്‍ത്ഥങ്ങള്‍ കൂടിയുണ്ടാകും.
മുള എന്ന വാക്ക് ആ ചെടിയുമായി ബന്ധപ്പെട്ട് മലയാളിക്കുള്ള എല്ലാ അനുഭവങ്ങളെയും അതിന്‍റെ പാരിസ്ഥിതിക വൈ ജ്ഞാനികതയെയും അടയാളപ്പെടുത്തുന്നു. ആ വാക്കിനൊപ്പം തന്നെ മലയാളത്തില്‍ മുളയാണി, മുളയരി (മുളയരിപ്പായസം) മുളങ്കാട്, ഏണി, കൊടിമരം, മുളങ്കുറ്റി, മുളനാഴി, മുളന്തണ്ട്, പുല്ലാങ്കുഴല്‍, മുളയുല്പന്നങ്ങള്‍ തുടങ്ങിയ നിരവധി വാക്കുകളുണ്ട്. ഇങ്ങനെ അനവധിയായിരിക്കുന്ന വാക്കുകളുടെ ശൃംഖലാബന്ധ ങ്ങളില്‍നിന്നാണ് ഈ വാക്കിന്‍റെ പാരിസ്ഥിതികാര്‍ത്ഥവും സാംസ് കാരികാര്‍ത്ഥവുമെല്ലാം തെളിഞ്ഞു വരുന്നത്. കര, കടല്‍, പുഴ തോട്, കായല്‍, അരുവി, കുളം, തീരം, കാട്, കുന്ന്, മല, ചെരിവ്, നിരപ്പ്, വയല്‍, പള്ളം, കൈപ്പാട്, പൊയില്‍, പാറ, മണല്‍, എക്കല്‍, ചതുപ്പ് തുടങ്ങിയ പദങ്ങളെല്ലാം ചിലതരം പാരിസ്ഥിതിക വൈജ്ഞാനിക തയെ സംവഹിക്കുന്നതായി കാണാം. ജൈവപ്രകൃതിയുടെ സാമൂഹീകൃതരൂപമാണ് ഭാഷാപദങ്ങളിലെ പരിസ്ഥിതി.
ജൈവപ്രകൃതിയുടെ സാമൂഹീകരണമെന്നത് സാമൂഹ്യ ഘടന, അധികാരം, പ്രത്യയശാസ്ത്രം, തൊഴില്‍, വൈജ്ഞാനികത എന്നിവയുമായിട്ടുകൂടി ബന്ധപ്പെട്ടിരിക്കും. ഇവയെല്ലാമുള്‍പ്പെട്ട ശൃംഖലാബന്ധങ്ങളും അതിന്‍റെ സമഗ്രതയുമാണ് സാമൂഹിക പരിസ്ഥിതി. ഭാഷയിലാവിഷ്ടമാകുന്ന ജൈവപ്രകൃതിയുടെ സ്വഭാവമുള്‍പ്പെടെ ഒരു ഭാഷ എന്താകണം, എങ്ങനെയാകണം എന്നു തീരുമാനിക്കുന്നത് അതിന്‍റെ സാമൂഹ്യപരിസ്ഥിതിയാണ്. ഈ സാമൂഹ്യപരിസ്ഥിയെയാണ് ഭാഷാപരിസ്ഥിതി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു ജനതയുടെ ജൈവപരിസ്ഥിതിയെയും സാമൂഹ്യപരിസ്ഥിതിയെയും ഒരുപോലെ പുണര്‍ന്നും അതില്‍ പുലര്‍ന്നും ജനിക്കുന്ന ഭാഷ അവരുടെ മാതൃഭാഷയായിരിക്കും. അതിനാല്‍ ഒരു സമൂഹത്തിന്‍റെ ജൈവപ്രകൃതിയുടെ സാമൂഹീകൃത രൂപങ്ങള്‍ ഏറ്റവും സൂക്ഷ്മവും ഗാഢവും വിപുലവുമായി അടയാളപ്പെട്ടിരിക്കുന്നത് അവരുടെ മാതൃഭാഷയിലായിരിക്കും. കേരളത്തിന്‍റെ പരിസ്ഥിതി ഏറ്റവും ആഴത്തില്‍ അടയാളപ്പെട്ടിരിക്കു ന്നത് മലയാളത്തിലാണെന്ന് പൊതുവെ നാം പറയുമ്പോഴും കേരളത്തിലെ ഒരാദിവാസിക്കോ അതിര്‍ത്തി മേഖലയിലെ തമിഴനോ കന്നടികനോ അതങ്ങനെയല്ല മുദ്രണം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ നിലവില്‍വന്നിട്ട് ഒന്നര നൂറ്റാണ്ട് പിന്നിട്ടുവെങ്കിലും മലയാളിയുടെ പൊതുബോധത്തില്‍ കാക്ക കരയുന്നത് കാ... കാ.. എന്നുതന്നെയാണ്. അത് ഇതുവരെ ക്രോ.. ക്രോ... (crow) എന്നായിട്ടില്ല.4. ബലിക്കാക്കയ്ക്കുപകരം ഒരു ബലിക്രോയും കാവുതിക്കാക്കയ്ക്കുപകരം ഒരു കാവുതിക്രോയും ഇംഗ്ലീഷില്‍ ഉണ്ടാകാത്തതിന്‍റെ കാരണം ഇത്  ഇംഗ്ലീഷുകാരുടെ യല്ല, മലയാളിയുടെ പാരിസ്ഥിതികാനുഭവമാണ് എന്നുള്ളതാണ്. വൈലോപ്പിള്ളിയുടെ കാക്കയും കാക്കകുളിച്ചാല്‍ കൊക്കാകുമോ, എന്ന പഴഞ്ചൊല്ലും കെ.ഇ.എന്‍.ന്‍റെ കറുപ്പിന്‍റെ സൗന്ദര്യശാസ്ത്ര വുമെല്ലാം മലയാളത്തില്‍ എഴുതപ്പെടുന്നതിന്‍റെയും ഇംഗ്ലീഷില്‍ എഴുതപ്പെടാത്തതിന്‍റെയും കാരണം മറ്റൊന്നല്ല. ഇത് ഭാഷയും സംസ്കാരവും പരിസ്ഥിതിയും ചേര്‍ന്നു നടത്തുന്ന സംയുക്ത നിക്ഷേപമാണ്. ഈ സംയുക്തനിക്ഷേപമാണ് ഏതൊരു ഭാഷയുടേയും കരുതല്‍ മൂലധനം. ഭാഷയും അതിന്‍റെ വിനിമയവും കരുത്താര്‍ജ്ജിക്കുന്നത് ഈ മൂലധനത്തില്‍നിന്നാണ്. എന്നാല്‍ മറ്റേതൊരു മൂലധനത്തെയുംപോലെ അധികാരവും രാഷ്ട്രീയവും ഉള്‍ച്ചേര്‍ന്നതാണ് ഈ മൂലധനവും. അതിനാല്‍ ഈ മൂലധനത്തെ സ്ഫുടം ചെയ്തെടുക്കുകയെന്നത് സാമൂഹ്യമണ്ഡലത്തിലെ മറ്റു പ്രവര്‍ത്തനങ്ങളൊടൊപ്പം ഭാഷയിലും നടക്കേണ്ടുന്ന ഒരു പ്രവര്‍ത്തനമാണ്.5 ലോകത്തു നടക്കുന്ന ഭാഷായുദ്ധങ്ങളുടെ മണ്ഡലം തൊഴിലാളി സംഘടനകള്‍ താരതമ്യേന അവഗണിച്ചി ട്ടുള്ള സന്ദര്‍ഭമാണെന്നും ഇതില്‍ എപ്പോഴും ജയിക്കുന്നത് വര്‍ഗശത്രുക്കളാണെന്നും ജീന്‍ ജാക്വസ് ലിസര്‍ക്ക്ള്‍ അഭിപ്രായപ്പെടു ന്നുണ്ട്. സമീപകാലത്തുനടന്ന ലോകത്തിലെ തൊഴിലാളി മുന്നേറ്റങ്ങള്‍ പരാജയപ്പെട്ടതില്‍ ഇതൊരു പ്രധാനകാരണമാണെ ന്നും ഉള്ള അദ്ദേഹത്തിന്‍റെ നീരീക്ഷണവും ഇവിടെ ചേര്‍ത്തുവെക്കാ വുന്നതാണ്.6
വസ്തുവും വസ്തുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബി.സി.നാലാം നൂറ്റാണ്ടു മുതലെങ്കിലും ഗ്രീക്കിലും ഇന്ത്യയിലുമുണ്ടായ ചിന്തകളില്‍ കാണാന്‍ കഴിയും. ബോധപൂര്‍വ്വമായ സംവാദത്തിന്‍റെ ഭാഗമായി പരിസ്ഥിതി മാറുന്നതും ഒരു പ്രത്യേക ജ്ഞാനവിഷയമായി പരിസ്ഥിതി ശാസ്ത്രം ഉയര്‍ന്നുവരുന്നതും 18-19 നൂറ്റാണ്ടോടെയാണ്. എന്നാല്‍ അതൊരു ജനകീയജ്ഞാനവിഷയമായി മാറുന്നതും പൊതു സംവാദമണ്ഡലത്തിന്‍റെ ഭാഗമായിത്തീരുന്നതും ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്. ഇതാകട്ടെ ലോകം ആഗോളവല്കരണത്തിന്‍റെ പടിവാതില്‍ക്കലെത്തി നില്ക്കുന്ന പില്‍ക്കാല ആധുനികതയുടെയും വികസിത മുതലാളിത്തത്തിന്‍റെ യും സന്ദര്‍ഭം കൂടിയാണ്.
ആധുനികതയെ സാധ്യമാക്കിയ ഏറ്റവും പ്രധാനഘടകമായി നാം ഉയര്‍ത്തിക്കാണിക്കാറുള്ളത് മനുഷ്യകേന്ദ്രിതമായ അഥവാ മാനവകേന്ദ്രിതമായ ദര്‍ശനങ്ങളെയാണ്. ആധുനിതകതയുടെ മുന്നേറ്റത്തിനിടയില്‍ ഈ ദര്‍ശനങ്ങള്‍ക്കുണ്ടായ പരിണാമത്തെയും പരിശോധിക്കേണ്ടിയിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ വിമോചി പ്പിക്കപ്പെട്ട മനുഷ്യര്‍ പൗരസമൂഹമായും ദേശരാഷ്ട്രമായും ഉയര്‍ന്നുവരുന്നതാണ് ആധുനികതയുടെ ആദ്യഘട്ടത്തില്‍ കണ്ടത്. മുതലാളിത്ത വികാസത്തോടെ രാഷ്ട്രാധികാരമെന്നത് മൂലധനാധി കാരമായി മാറുകയും സാഹോദര്യംപോലുള്ള മൂല്യങ്ങള്‍ ദുര്‍ബലമാവുകയും ചൂഷണം പ്രധാനമാകുകയും ചെയ്തു. ആഗോളീകരണം യാഥാര്‍ഥ്യമാകുന്നതോടെ ദേശരാഷ്ട്രങ്ങളുടെ അധികാരം കോര്‍പ്പറേറ്റ് മൂലധനത്തിന്‍റെ അധികാരത്താല്‍ ആദേശം ചെയ്യപ്പെട്ടു. ലോകത്ത് നിലനില്‍ക്കുന്ന അധികാര ഘടനയുടെയും സമ്പദ്ഘടനയുടെയും സാമൂഹ്യഘടനയുടെയും സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. സാങ്കേതികവിദ്യയി ലും ആശയവിനിമയമേഖലയിലും വിപണി ശൃംഖലയിലും ഉണ്ടായ മുന്നേറ്റവും ഇതിന്‍റെയെല്ലാം പരസ്പരബന്ധിതത്വവും പുതുലോക ക്രമത്തിന്‍റെ ഉദയത്തിന് ആക്കം കൂട്ടി. ഇതിന്‍റെയെല്ലാം ഫലമായി വിഛേദത്തിനുസമാനമായ വ്യതിയാനം പല രാജ്യങ്ങളുടേയും സാമൂഹ്യപരിസ്ഥിതിയിലുണ്ടായി. 
ഇതില്‍ പ്രധാനപ്പെട്ട ചില വ്യതിയാനങ്ങള്‍ ഭാഷാപരിസ്ഥി തിയെ എങ്ങനെയാണ് സ്വാധീനച്ചതെന്ന് നമുക്കു പരിശോധിക്കാം. അതില്‍ ഒന്ന് ദേശീയതയാണ്. നൂറുകണക്കിനു ഭാഷകളും സംസ് കാരങ്ങളുമുള്ള ഇന്ത്യ ഏക ദേശീയതയുള്ള ഒരു രാഷ്ട്ര സംവിധാന മായി മാറിയപ്പോള്‍ څഒറ്റരാഷ്ട്രം ഒറ്റ ഭാഷچഎന്ന മുദ്രാവാക്യത്തിലൂടെ അതിനെ ഭാഷയില്‍ ഏകീകരിക്കാനുള്ള ശ്രമവും ഉണ്ടായി. കൊളോണിയല്‍ ഇന്ത്യയില്‍ ഇംഗ്ലീഷിനെ മുന്‍നിര്‍ത്തിയാണ് ഈ ഏകീകരണശ്രമമുണ്ടായത്. സ്വാതന്ത്ര്യാനന്തരം ഹിന്ദിയെ ഏക ഭാഷയും രാഷ്ട്രഭാഷയും ആക്കുവാനുള്ള ശ്രമുണ്ടായി. എന്നാല്‍ ഭാഷാ സംസ്ഥാന രൂപീകരണത്തിനുവേണ്ടി ആന്ധ്രയില്‍ നടന്ന സമരങ്ങളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിലും മറ്റും നടന്ന സമരങ്ങളും ഈ അവസ്ഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കു വഴി തെളിയിച്ചു. ഇന്നിപ്പോള്‍ ഇംഗ്ലീഷോ ഹിന്ദിയോ, പട്ടികപ്പെടുത്തിയിട്ടുള്ള 22 ഭാഷകളില്‍ ഒന്നോ ഇന്ത്യയില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. മുതലാളിത്ത വികാസവും വിപണിയുടെ ശൃംഖലത്വവും മൂലധനകേന്ദ്രിതത്വവും ഇംഗ്ലീഷിലേക്കുള്ള കേന്ദ്രീകരണത്തിലേ ക്കാണ് പതുക്കെപ്പതുക്കെ നമ്മെ നയിച്ചത്. വിദ്യാഭ്യാസം, ഭരണം, കോടതി എന്നീ ആവശ്യങ്ങള്‍ക്കുപയോഗിച്ച ഭാഷകള്‍ക്ക് പുതിയ പദവി ഉണ്ടായി. ആധുനിക രാഷ്ട്രത്തിന്‍റെ ഔദ്യോഗിക സന്ദര്‍ഭങ്ങ ളിലും ആധുനിക ജീവിതത്തിന്‍റെ പുത്തന്‍സന്ദര്‍ഭങ്ങളിലും ഇംഗ്ലീഷ് ഇതര ഭാഷകള്‍ പ്രയോഗക്ഷമമല്ലെന്ന ചിന്ത വ്യാപകമായി. അതോടെ അത്തരം പ്രാദേശിക ഭാഷകളില്‍ ആവിഷ്കരിക്കപ്പെട്ട ജനതകളുടെ പാരിസ്ഥിതികവും സാമൂഹ്യവും സാംസ്കാരികവു മായ ഓര്‍മ്മകള്‍ തുടര്‍ച്ച നഷ്ടപ്പെട്ട് വിസ്മൃതമാകാന്‍ തുടങ്ങി. വിദ്യാ ഭ്യാസത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ഭാഷ ഇംഗ്ലീഷാണെന്നു വന്നതോടെ മലയാളത്തിന് വൈജ്ഞാനിക ഭാഷയെന്നതിനിലയില്‍ ഇടിവുതട്ടി. പുതുവൈജ്ഞാനികതയുടെ കാര്യത്തില്‍ ആവിഷ്കര ണക്ഷമത കുറഞ്ഞ ഭാഷയായി മലയാളം മാറി. വിപണി ശൃംഖല യും മൂലധനശൃംഖലയും പ്രവാസത്തിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. അകത്തേക്കും പുറത്തേക്കും ഏറ്റവുമധികം പ്രവാസികളുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇംഗ്ലീഷിലും ഹിന്ദിയിലു മൊക്കെയാണ് ഇനി മലയാളിയുടെ ഭാവിയെന്ന ആശയം ബലപ്പെടു ത്താന്‍ ഇതും ഒരു കാരണമായി മാറി. രാഷ്ട്രത്തിന്‍റെ അയവുള്ള ഫെഡറല്‍ ഘടനയെ മുതലാളിത്ത കേന്ദ്രീകരണം കൂടുതല്‍ ഏകമുഖവും ഏകശിലാത്മകവുമാക്കി മാറ്റി. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അവശേഷിക്കുന്ന മാതൃഭാഷാമാധ്യമക്ലാ സുകളെക്കൂടി ഇംഗ്ലീഷ് മാധ്യമത്തിലേക്കുമാറ്റുകയെന്നത് അതിജീവനവഴിയായി കണ്ട അധ്യാപകസംഘടനകള്‍ വിദ്യാ ലയങ്ങള്‍ക്കകത്തുനിന്നുകൊണ്ടു ഈ മാറ്റത്തിനു വേഗം കൂട്ടി.
ഭാഷാ പരിസ്ഥിതിയെ ഏറ്റവുമധികം സ്വാധീനിച്ച മറ്റൊരു ഘടകം സാങ്കേതിക വിദ്യയുടെ വികാസമാണ്. ഭാഷയുടെ കാര്യത്തില്‍ അത് അച്ചടിമുതല്‍ ആരംഭിക്കുന്നു. എഴുത്തിനേക്കാള്‍ വേഗതയും പ്രാപ്യതയും കൂടിയ അച്ചടി അതുകൊണ്ടുതന്നെ എഴുത്തിനേക്കാള്‍ വലിയ അധികാരപദവി കൈവരിച്ചു. ദേശീയത എപ്രകാരമാണോ ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയത്തെ നടപ്പി ലാക്കാന്‍ ശ്രമിച്ചത്, അതേ പ്രകാരത്തില്‍ അതത് ഭാഷകള്‍ക്കകത്തെ പ്രാദേശിക മുദ്രകളെ മായ്ച്ചും പ്രാദേശിക ഭേദങ്ങളെ മുഴുവന്‍ ഏകീകരിച്ചും മാനകഭാഷയില്‍ ലയിപ്പിക്കാന്‍ ആണ് ഒരു ഘട്ടം വരെ അച്ചടിയും ശ്രമിച്ചത്. ജാതി-ദേശ-വംശ വ്യത്യാസങ്ങള്‍ക്കനുസ രിച്ചുള്ള മലയാളത്തിന്‍റെ നിരവധി ഭാഷാഭേദങ്ങള്‍ക്കുമേല്‍ മാനകമലയാളത്തെ ഉറപ്പിച്ചെടുത്തത് അച്ചടിയും അനുബന്ധ വ്യവസാ യങ്ങളും ഉള്‍പ്പെട്ട ഭാഷാപരിസ്ഥിതി കൂടിയാണ്. നാട്ടിന്‍പുറത്തെ പറമ്പുകള്‍ക്കും വീടുകള്‍ക്കുമെല്ലാം പേരിടുന്ന പഴയൊരു രീതിയുണ്ടായിരുന്നു മലയാളത്തില്‍. അത് മിക്കവാറും പാരിസ്ഥിതിക സൂചനകളുമായോ മറ്റേതെങ്കിലും നിര്‍മ്മിതികളു മായോ ബന്ധപ്പെട്ട പേരുകളായിരിക്കും. കുന്നുംപുറത്ത്, പാറേമ്മല്‍, കുളത്തിന്‍റവിട, മാവുള്ളതില്‍, തെങ്ങുള്ളതില്‍, പനയുള്ളതില്‍, താനിയുള്ളതില്‍ എന്നിങ്ങനെയുള്ള നിരവധി വീട്ടുപേരുകളും സ്ഥലപ്പേരുകളും ഉദാഹരണങ്ങളാണ്. ഇത്തരം പേരുകള്‍ ഇന്ന് മലയാളത്തില്‍ അപൂര്‍വ്വമാണ്. ആധാരങ്ങളിലും മറ്റുമാണ് ഇന്ന് ഇവ കൂടുതലും നിലനില്‍ക്കുന്നത്. ഇത്തരം പേരുകള്‍ക്കുപകരം പുതിയ പേരുകള്‍ നിലവില്‍വന്നു. പരിസ്ഥിതിയോടും ദേശത്തോടും ചരിത്രത്തോടും എന്നതിനേക്കാള്‍ ദേശീയതയോടും സാര്‍വലൗ കികതയോടും ആധുനികമായ ആശയാവലികളോടും ചേര്‍ന്നു നില്കുന്നവയാണവ. കൈലാസം, മിഥില, മധുര, അമ്പാടി, അറഫ, ബഥനി, നെസ്റ്റ്, നീഡം, കൃഷ്ണ നിവാസ് തുടങ്ങിയവ ഇത്തരത്തില്‍ രൂപംകൊണ്ട വീട്ടുപേരുകളാണ്. ഒരുകൂട്ടം പേരുകള്‍ മാറി മറ്റൊരുകൂട്ടം നിലവില്‍ വരുന്നതരത്തിലുള്ള മാറ്റമല്ലിത്. പേരുകള്‍ക്കുപിറകില്‍ പ്രവര്‍ത്തിക്കുന്ന സവിശേഷബോധരൂപങ്ങള്‍ ആദേശം ചെയ്യപ്പെടുകയും പകരം മറ്റൊന്ന് സ്ഥാപിതമാവുക യുമാണ്. സാര്‍വ ലൗകികവും ദേശീയവും മതാത്മകവുമായ ബോധരൂപങ്ങളെ ഭാഷയ്ക്കകത്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്ന ഭാഷാപരിസ്ഥിതിയാണ് ഈ മാറ്റത്തിനെ സാധ്യമാക്കി ത്തീര്‍ത്തത്.
സാങ്കേതിക വിദ്യാവികാസമാണ് ഭാഷാപരിസ്ഥിതിയിലെ മറ്റൊരു നിര്‍ണായകമാറ്റം. സാങ്കേതികവിദ്യാവികാസത്തിലൂടെ കൈവരിച്ച വിനിമയ ശൃംഖലയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇതാകട്ടെ വിപണി ശൃംഖലയുമായി ചേര്‍ന്നാണ് ഇന്ന് മിക്കവാറും പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യവസ്തുക്കളുടെ ഉല്പാദനം കൊണ്ടുമാത്രമല്ല, അത്ര അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഉല്പാദനം കൊണ്ടുകൂടിയാണ് വിപണി നിലനില്ക്കുന്നത്. അത്രയ്ക്ക് അത്യാവശ്യമല്ലാത്ത ഈ വസ്തുക്കളെ അത്യാവശ്യ വസ്തുവാണെന്ന് ബോധ്യപ്പെടുത്തിയെടുക്കലാണ് സംസ്കാരവും ഭാഷയും ഉള്‍പ്പെടുന്ന വിനിമയശൃംഖലയുടെ പുതിയ ധര്‍മ്മം. അതുകൊണ്ടാണ് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കലയായി പരസ്യകല മാറിത്തീരുന്നത്. ആശയവിനിമയത്തെ വികസിത മുതലാളിത്തത്തിന്‍റെ തന്ത്രപ്രധാന മണ്ഡലമായി വിശേഷിപ്പിച്ചിരി ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. മാറിത്തീര്‍ന്ന ഭാഷാ പരിസ്ഥിതിയില്‍ അര്‍ത്ഥോല്‍പാദനവും ആശയവിനിമയവും കൂടുതല്‍ സങ്കീര്‍ണമാണ്. ആശയവിനിമയമെന്നാല്‍ സമ്മത നിര്‍മ്മിതിയാണെന്ന അല്‍ത്തൂസറുടെയും ഗ്രാംഷിയുടെയും നിരീക്ഷണങ്ങള്‍ ഇതിനെ ശരിവെക്കുന്നുണ്ട്. അര്‍ത്ഥം എന്നാല്‍ ഭാഷാസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണയാണ് (കരാറാണ്/എഗ്രിമെന്‍റ്) എന്നതായിരുന്നു അര്‍ത്ഥത്തെക്കുറിച്ചുള്ള പഴയ ധാരണ. ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന കരാര്‍ അഥവാ പരസ്പര ധാരണ എന്നതില്‍നിന്നും ഏകപക്ഷീയമായ സമ്മത നിര്‍മ്മിതി എന്ന നിലയിലേക്ക് ഭാഷയിലെ അര്‍ത്ഥോല്പാദന ത്തെയും ആശയവിനിമയത്തെയും സംബന്ധിച്ച ധാരണകള്‍ മാറി വരുന്നത് ഭാഷാപരിസ്ഥിയിലെ മാറ്റത്തെക്കൂടി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ്. വിശേഷിച്ചും സാങ്കേതികവിദ്യയുടെയും ആശയവിനിമയ ശൃംഖലയുടെയും കാര്യത്തിലുണ്ടായ വികാസത്തെ മുന്‍നിര്‍ത്തി യുള്ള മാറ്റങ്ങള്‍. ഒരു സമൂഹത്തെയും അതില്‍ പ്രവര്‍ത്തനക്ഷമമാ യിത്തീരുന്ന അധികാരത്തെയും രൂപപ്പെടുത്തുന്നതില്‍ ഭാഷയ്ക്കും അതുവഴിയുള്ള ആശയവിനിമയത്തിനും നിര്‍ണായകമായ ചില പങ്കുകളുണ്ട്. അതുകൊണ്ടാണ് വികസിതമുതലാളിത്തത്തിന്‍റെ തന്ത്രപ്രധാനമണ്ഡലമായി ഭാഷ മാറുന്നത്. മനുഷ്യനെ കേന്ദ്രമാ ക്കിയുള്ള വികസനസങ്കല്പമാണ് വികസിത മുതലാളിത്തത്തിന്‍റേത്. എല്ലാ വിഭവങ്ങളുടേയും മേല്‍ അധികാരവും ഉപഭോഗശേഷിയും ഉറപ്പിക്കുന്നതാണ് ഇത്. പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെ രൂക്ഷമാക്കിക്കൊണ്ട് ശതകോടീശ്വരന്മാരായ ന്യൂനപക്ഷത്തിന്‍റെ സുഖവും ജീവിതഭദ്രതയും ഉറപ്പുവരുത്തുന്ന വികസനമാണത്. ഈ വികസനം മറ്റുള്ളവര്‍ക്ക്കൂടി പ്രാപ്യമായി ത്തീരുമെന്ന വ്യാമോഹനിര്‍മ്മിതിയും കപട പ്രതീതിയുമാണ് മുതലാ ളിത്ത വികസനത്തിന്‍റെ ബലം. ഇതൊരു സാര്‍വലൗകിക വികസനമാണെന്നും ഇതിന്‍റെ ഭാഷ ഇംഗ്ലീഷാണെന്നും ഇതിലേക്ക് പ്രവേശിക്കാനുള്ള ആദ്യപടി അതിന്‍റെ ഭാഷ സ്വായത്തമാക്കലാ ണെന്നും ഉള്ള പ്രതീതിയും ഇന്ന് വളരെ പ്രബലമാണ്.
ഈ ധാരണ ഏതെല്ലാം തരത്തില്‍ പ്രവര്‍ത്തിക്കാമെന്നതി നുള്ളചില ദൃഷ്ടാന്തങ്ങള്‍ ദേശീയ വിദ്യാഭ്യാസനയ പരിഷ്കാര ത്തിന്‍റെ സന്ദര്‍ഭത്തിലും നമുക്ക് കാണാന്‍ കവിയും. ഫെഡറല്‍ സ്വഭാവമുള്ള ഒരു ഭരണ സംവിധാനത്തില്‍ കേന്ദ്രീകൃത അധികാര ത്തിന് എപ്പോഴും ഒരു സംയോജക സ്വഭാവമാണുണ്ടാവുക. എന്നാല്‍ അത് സര്‍വ്വാധികാര കേന്ദ്രീകരണം ആകുന്നുവോ എന്ന ആശങ്കയും അനുബന്ധ ചര്‍ച്ചകളില്‍ ഇന്ത്യന്‍ പൊതു മണ്ഡലത്തില്‍ ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. അത്തരമൊരവസ്ഥയില്‍ പാഠ്യപദ്ധതി രൂപീകരണത്തിലുള്‍പ്പെടെയുള്ള പ്രാദേശികസ്വാതന്ത്ര്യവും അതുവഴി പാഠ്യ പദ്ധതികളിലെ ഉള്ളടക്കപരമായ വൈവിധ്യങ്ങളും പരിമിതപ്പെടുന്നത് ആശങ്കകളെ വര്‍ദ്ധിപ്പിക്കും. ഉന്നതവിദ്യാഭ്യാസ മേഖല ആഗോള മൂലധനത്തിനുമുന്നില്‍ പൂര്‍ണമായും തുറന്നുവെക്ക പ്പെടുമ്പോള്‍ ഇന്ത്യന്‍ വിദ്യാഭ്യാസം ഇതുവരെയുണ്ടാക്കിയ വിദ്യാഭ്യാസമുന്നേറ്റത്തെ അതെങ്ങനെയെല്ലാം ബാധിക്കുമെന്ന ഉത്കണ്ഠകളും വളരെയധികമാണ്. എന്നാല്‍ ഇതിനെക്കാളേറെ ചിലരെ വേവലാതിപ്പെടുത്തുന്നത് അഞ്ചാം ക്ലാസുവരെയോ എട്ടാം ക്ലാസുവരെയോ മാതൃഭാഷയോ പ്രാദേശിക ഭാഷയോ ആയിരിക്കണം വിദ്യാഭ്യാസത്തിന്‍റെ മാധ്യമം എന്ന നിര്‍ദ്ദേശമാണ്. കഴിവുണ്ടായിട്ടും ഭാഷാവിവേചനം ഒന്നുകൊണ്ടുമാത്രം വിദ്യാഭ്യാസത്തിന്‍റെ പല തലങ്ങളില്‍വെച്ച് ഒഴിവാക്കപ്പെടുന്ന മലയോര, തീരദേശ, ദളിത് മേഖലകളില്‍ നിന്നുള്ള എത്രയോ വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ പകരുന്ന നിര്‍ദ്ദേശമാണിത്. മുതലാളി ത്ത വികസനത്തിന്‍റെ ഗുണഭോക്താക്കളും നഗര-ഉപനഗരവാസി കളുമായ ന്യൂനപക്ഷത്തിന്‍റെ താല്പര്യം പിന്നോക്ക ദളിത് വിഭാഗങ്ങളുടെകൂടി ചെലവില്‍ എങ്ങനെ നടപ്പിലാക്കാമെന്ന പരീക്ഷണവും വിദ്യാഭ്യാസനയപരിഷ്കരണ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതുകൊണ്ടല്ല, ഇംഗ്ലീഷ് മാധ്യമവിദ്യാലയങ്ങളില്‍ പഠിക്കുമ്പോള്‍ മാത്രമാണ് ദളിതര്‍ക്ക് സമൂഹശാസ്ത്രം പറയുന്ന ഉയര്‍ച്ചയിലേക്കുള്ള ചലനാത്മകത (Upward mobility) കൈവരിക്കാനാകുന്നതെന്ന വാദം നവമാധ്യമങ്ങളി ലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. സജീവ സമ്പര്‍ക്കങ്ങളിലൂടെ പുലരുന്ന ബഹുഭാഷാ ലോകവ്യവസ്ഥയാണിന്ന് നമുക്കുള്ളത്. അവിടെ ഒരു ഇണക്കുഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനു വലിയ സാധ്യതകളാണുള്ളത്. എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പരിജ്ഞാനമുള്ള (അതിന് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പഠിക്കണമെന്ന് നിര്‍ബന്ധമില്ല) ഒരാള്‍ക്കില്ലാത്ത എന്ത് മേന്മയാണ് ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിലൂടെ ഒരാള്‍ക്ക് ലഭിക്കുന്നത്? അത് ചില വിദ്യാലയ ങ്ങളില്‍നിന്നു ലഭിക്കുന്ന പെരുമാറ്റ രീതിയുള്‍പ്പെടെയുള്ള പാശ്ചാ ത്യ-മുതലാളിത്ത സംസ്കാരമല്ലാതെ മറ്റെന്താണ്? ഇവിടെ ഉയര്‍ച്ച യിലേക്കുള്ള ചലനാത്മകത എന്നതിനര്‍ത്ഥം ദളിതര്‍ അവരുടെ സംസ്കാരത്തെയും അതിന്‍റെ തുടര്‍ച്ചകളെയും ഉപേക്ഷിച്ച് പാശ്ചാത്യമുതലാളിത്ത സംസ്കാരത്തെ പിന്തുടരുക എന്നതു കൂടിയാണ്.  അവരവരുടെ സംസ്കാരത്തെ മെച്ചപ്പെട്ട നിലയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ പ്രാപ്തിയുണ്ടാക്കുന്നതായിരിക്കണം വിദ്യാഭ്യാസം. അതിനര്‍ത്ഥം ഒരു ജനത സ്വന്തം സംസ്കാരത്തെ ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് ആദേശം ചെയ്യപ്പെടുക എന്നല്ല. അതിനാല്‍ ഈ ഉന്നതചലനാത്മകത മുതലാളിത്ത അധികാര ത്തിന്‍റെ അനുകൂല വ്യവസ്ഥകളിലേക്ക് ആളുകളെ പരിവര്‍ത്തിപ്പിച്ചെ ടുക്കുന്ന ഒന്നാണ്. ഈ പരിവര്‍ത്തനത്തിന്‍റെ/ഉന്നതചലനാത്മകത യുടെ-ഇന്ത്യന്‍/കേരള യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണോടിക്കുമ്പോ ഴാണ് ഈ തട്ടിപ്പുവാദത്തിലെ വൈരുധ്യവും അതിന്‍റെ യാഥാര്‍ഥ്യവും മറനീക്കി പുറത്തു വരിക. ആരാണ് ദളിതര്‍? ഇപ്പോഴും പല ദേശങ്ങളിലും പൊതു ഇടങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരായി, മനുഷ്യാവകാശങ്ങളും പൗരാവകാ ശങ്ങളും നിഷേധിക്കപ്പെട്ടവരായി തൊഴില്‍-ലൈംഗിക- സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരായി പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നവരായി, നിശ്ശബ്ദരാക്കപ്പെടുന്നവരായി കുടിവെള്ളത്തിനു നാഴികകള്‍ സഞ്ചരിക്കുന്നവരായി, തൊഴിലിനും ഭക്ഷണത്തിനുംവേണ്ടി നടന്നു തളര്‍ന്ന് വഴി വക്കില്‍ വീണു മരിക്കു ന്നവരായി നമുക്കൊപ്പം ജീവിക്കുന്ന ഒരു ജനതയുടെ പേരാണ് ദളിതര്‍ എന്നത്. അവര്‍ക്കാണോ ഇംഗ്ളീഷ് മാധ്യമവിദ്യാഭ്യാസ ത്തിലൂടെ ഉന്നതചലനാത്മകതയുണ്ടാക്കാമെന്ന വാദവുമായി ചിലര്‍ ഇറങ്ങിയിരിക്കുന്നത്? അല്ലെന്നു മനസ്സിലാക്കാന്‍ ഈ പറഞ്ഞ ഇന്ത്യന്‍ ദളിത് യാഥാര്‍ഥ്യത്തിനു നേര്‍ക്ക് ഒറ്റത്തവണ നോക്കിയാല്‍ മതിയാകും. അടിസ്ഥാനവിദ്യാഭ്യാസം ലഭിച്ചവരും കോളജുകള്‍ സര്‍വകലാശാലകള്‍ തുടങ്ങിയ മെച്ചപ്പെട്ട തൊഴില്‍ മേഖലകളില്‍ ജോലി ലഭിച്ചവരും പാശ്ചാത്യ മുതലാളിത്ത വികസനത്തിലേക്കും അതിന്‍റെ സംസ്കാരത്തിലേക്കും പ്രവേശിക്കാന്‍ വെമ്പിനില്‍ക്കുന്ന വരുമായ വരേണ്യ ദളിതര്‍ക്കുവേണ്ടിയാണ് ഈ വാദം മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്ത്യയിലെ ബഹുഭൂരിഭാഗം ദളിതരും ആഗ്രഹിക്കുന്നത് തങ്ങളുടെ ചരിത്രത്തെയും സംസ്കാരത്തെയും അംഗീകരിക്കുന്ന, അതിന്‍റെ തുടര്‍ച്ചയിനിന്നുകൊണ്ട് തങ്ങള്‍ക്ക് സാമൂഹ്യതുല്യതയും സാംസ്കാരികതുല്യതയും അവസരസമത്വ വും ലഭിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ്. അത്തരമൊരു സാമൂഹ്യപരിസ്ഥിതി മാതൃഭാഷയെയും പ്രാദേശിക ഭാഷകളെയും ദളിത് ഭാഷകളെയും അംഗീകരിക്കുന്ന ഒന്നുകൂടിയായിരിക്കും.
സാമൂഹ്യപരിസ്ഥിതിയിലെ എല്ലാ അധികാര രൂപങ്ങളും അവ തമ്മിലുള്ള സംഘര്‍ഷവും ഭാഷയ്ക്കകത്തു പ്രവര്‍ത്തിക്കുന്നു ണ്ട്. എന്നാല്‍ അതിനെ വേണ്ട വിധത്തില്‍ മനസ്സിലാക്കാനും അതില്‍ ഇടപെടാനും  ജനകീയതലത്തില്‍ വേണ്ടത്ര കഴിയാറില്ല. സാമൂഹ്യാധികാരങ്ങളുടെ സംഘര്‍ഷം നിര്‍ണായകരൂപം കൈവരിക്കുന്ന ഒരു മണ്ഡലമായി ഭാഷയെ കാണാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും കഴിയേണ്ടതുണ്ട്. അതേപോലെ ഭാഷയിലെ പരിവര്‍ത്തനങ്ങള്‍ക്കു നിയാമകമായി പ്രവര്‍ത്തിക്കുന്ന ഭാഷാപരി സ്ഥിതിയായി സാമൂഹ്യപരിസ്ഥിതിയെ മനസ്സിലാക്കാന്‍ ഭാഷാ പ്രവര്‍ത്തകര്‍ക്കും കഴിയേണ്ടതുണ്ട്. അതോടൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടേയും ഇടപെടല്‍ ആവശ്യപ്പെടുന്ന മണ്ഡലം കൂടിയാണ് ഭാഷ.
കുന്നിടിക്കുക, വയല്‍നികത്തുക എന്നീ വാക്കുകളെ ഒറ്റയടിക്ക് റദ്ദാക്കിക്കൊണ്ട് മലയാളത്തിലേക്കു കടന്നുവന്ന ഒരു വാക്കാണ് മണ്ണടിക്കല്‍. കുന്നിടിക്കുന്നിടത്തും വയല്‍ നികത്തുന്നിട ത്തും ഒരുപോലെ ചോദിക്കാവുന്ന ചോദ്യമാണ്. എത്ര ലോഡ് മണ്ണടിച്ചു?  എന്നുള്ളത്. വന്‍കിട നിര്‍മ്മിതികളും അന്താരാഷ്ട്ര കമ്പനികളും കണ്‍സള്‍ട്ടന്‍സികളുമെല്ലാം ഉള്‍പ്പെട്ട മുതലാളിത്ത വികസനം സജീവമായിത്തീര്‍ന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പദം മലയാളത്തില്‍ പ്രചാരം നേടുന്നത്. മണ്ണടിക്കുക എന്ന പ്രയോഗത്തിലെ ബോധം കൂട്ടിച്ചേര്‍ക്കപ്പെടുന്നത് അടിച്ചുനിരപ്പാ ക്കുക, വെള്ളമടിക്കുക തുടങ്ങിയ ഒട്ടേറെ പദങ്ങളുടെ ശൃംഖലാബന്ധത്തിലേക്കാണ്. കുന്നിടിക്കലിലും വയല്‍ നികത്തലിലുമെല്ലാമുള്ള പരിസ്ഥിതി ബോധവും പരിസ്ഥിതി രാഷ്ട്രീയവും റദ്ദായിപ്പോകുന്ന-റദ്ദായിത്തീരേണ്ടുന്ന- ഒരു സന്ദര്‍ഭം കൂടിയായി മാറുന്നു ഇത്. മൂലധനമെന്ന വാക്ക് നിക്ഷേപമെന്ന വാക്കിനാല്‍ പകരം വെക്കപ്പെട്ടതും ഇതേ വിധത്തില്‍ തന്നെയാണ്. മൂലധനമെന്നാല്‍ മുടക്കുമുതല്‍കൂടിയാണെന്നും മുടക്കുമുതലിനു ലാഭമുണ്ടാകാമെന്നും ലാഭമുള്ളിടത്ത് ചൂഷണമുണ്ടാകുമെന്നുമുള്ള പരസ്പരബന്ധിതത്വം കൊണ്ടുള്ള ശൃംഖലാബലം മൂലധനത്തിന്‍റെ അര്‍ത്ഥച്ഛായയായി പ്രവര്‍ത്തിക്കുന്നുണ്ട്. നിക്ഷേപത്തില്‍ അങ്ങനെ യൊരു ശൃംഖലാബന്ധം പ്രത്യക്ഷത്തില്‍ നമുക്കനുഭവപ്പെടുകയില്ല. അതിനാല്‍ ലോകവ്യവസായികളെ ക്ഷണിച്ചു വരുത്തി പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി ക്കൊടുക്കുന്ന സമ്മേളനത്തിന്‍റെ ഇക്കാലത്തെ ഓമനപ്പേര്‍ ആഗോള നിക്ഷേപകയോഗം (ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റ്) എന്നാണ്. ഒരു വാക്കിനെ അതിന്‍റെ ചരിത്രത്തില്‍നിന്ന്, സാംസ്കാരിക-രാഷ്ട്രീയ വിവക്ഷകളില്‍നിന്ന് അടര്‍ത്തിമാറ്റി പകരം വക്കും മുനയും തേച്ചുമിനുക്കി സുന്ദരമാക്കിയ പുതിയ വാക്കുകള്‍ നല്കി ഭാഷയെ വൃത്തിവല്ക്ക രിച്ചെടുക്കുന്ന പുതിയ സംസ്കാര വ്യവസായം ഭാഷയിലും പ്രവര്‍ത്തിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.
കൊച്ചി മരട് പ്രദേശത്തെ പഴയ വീടുകളുടെ പേരുകള്‍ നെടുംപിള്ളില്‍, കണിയാമ്പിള്ളില്‍, കടേക്കുഴി എന്നെല്ലാമാണെന്ന് ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ കാണുകയുണ്ടായി.7 എന്നാല്‍ അവിടെ ഉയര്‍ന്നുവന്ന പുതിയ ഫ്ളാറ്റുകള്‍ ആധുനിക മുതലാളിത്ത വികസനത്തിന്‍റെ ഭാഗമാണ്. അത് താമസക്കാര്‍ക്ക് ഉയര്‍ച്ചയി ലേക്കുള്ള ചലനാത്മകത പകരുന്നതുമാണ്. അതിനാല്‍ അതിന്‍റെ പേര് മലയാളത്തിലായാല്‍ പോരാ, ഇംഗ്ലീഷില്‍ തന്നെയാകണ മെന്നത് അധികാരവ്യവഹാരങ്ങള്‍ നിര്‍മ്മിച്ച പൊതുബോധമാണ്. (അവിടെ എത്ര ദളിതര്‍ ഉണ്ടായിരുന്നോ ആവോ?) അതിനാല്‍ അവയുടെ പേര് ആല്‍ഫ സെറീന്‍, ഹോളി ഫെയ്ത്ത് എച്ച്2ഒ എന്നിങ്ങനെയായിരുന്നു. മറ്റു മനുഷ്യരെക്കാളും പരിസ്ഥിതിയെക്കാളും വിപണി മൂല്യവും വില്പന സാധ്യതയും ലാഭവും ആണ് പ്രധാനമെന്നു കരുതുന്ന ഒരു വ്യവസ്ഥയുടെ ഭാഷ കൂടിയാണത്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ കോടതി വിധിയിലേക്കും ഫ്ളാറ്റില്‍ താമസിച്ച കുറേ മനുഷ്യരുടെ ദുര്‍വിധിയിലേക്കും എത്തിച്ചേര്‍ന്ന തോടെ അവരുടെ ഭാഷയിലും ചില മാറ്റങ്ങള്‍ വന്നു. ഒരു കോടതി വിധിയോടെ വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ ഫ്ളാറ്റുകള്‍ നഷ്ടമാകുമെന്നു വന്നതോടെ അതിലെ താമസക്കാര്‍ക്ക് സംഭവിച്ച പുതിയൊരു ചലനാത്മകതയുണ്ട്. സമൂഹശാസ്ത്രം കുത്തനെയുള്ള (താഴോട്ടേക്കുള്ള) ചലനാത്മകത (Vertical Descending Mobility)  എന്നാണതിനെ വിശേഷിപ്പിക്കുക. അതോടെ തൊട്ടടുത്ത നെടുംപിള്ളില്‍ക്കാരോടും കണിയാമ്പിള്ളില്‍ക്കാരോടും കേരളത്തിലെ സാധാരണമനുഷ്യരോടും സംവദിക്കാനുള്ള ഭാഷയില്‍ അവര്‍ തങ്ങളെ സ്വയം കണ്ടെത്തി. അങ്ങനെ ആല്‍ഫാ സെറീനും, ഹോളി ഫെയ്ത്ത് ഒ2 വും സംരക്ഷിക്കുന്നതിനുവേണ്ടി മരട് ഭവന സംരക്ഷണസമിതി എന്ന ഒരു പുതിയ സമിതി രൂപം കൊണ്ടു. ഭാഷാപരിസ്ഥിതിയും അതിനുള്ളില്‍ ഒരാളുടെ ശൃംഖലാ ബന്ധങ്ങളും ആണ് അയാളുടെ ഭാഷയെയും അതിന്‍റെ സ്വഭാവത്തെ യും തീരുമാനിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു.
ഭാഷ, എത്രത്തോളം മനുഷ്യരെ ഉള്‍ക്കൊണ്ടിട്ടുണ്ടോ അത്രത്തോളം മനുഷ്യരും ഭാഷയെ ഉള്ളില്‍ വഹിക്കുന്നുണ്ട്. എന്നാല്‍ എപ്പോള്‍, എങ്ങനെ മനുഷ്യര്‍ ഭാഷയില്‍ സ്വയം ആവിഷ്ക രിക്കപ്പെടണം എന്നെല്ലാം തീരുമാനിക്കുന്നത് ഭാഷാപരിസ്ഥിതി യാണ്. ഓരോ ജനതയുടേയും പരിസ്ഥിതി, സംസ്കാരം, സാമൂഹ്യസംഘര്‍ഷങ്ങള്‍ തുടങ്ങിയവ അവരുടെ ഭാഷകളില്‍ മുദ്രണം ചെയ്യപ്പെടുന്നുണ്ട്. ഒരു ജനതയുടെ പരിസ്ഥിതി, സംസ്കാ രം, ചരിത്രം തുടങ്ങിയ അനുഭവയാഥാര്‍ഥ്യങ്ങളോട് ഏറ്റവും അടുത്തു നില്ക്കുന്ന ഭാഷ അവരുടെ മാതൃഭാഷയാണ്. എന്നാല്‍ മാതൃഭാഷതന്നെ നിലനില്‍ക്കണോ വേണ്ടയോ എന്നും നിലനില്‍ക്കുന്ന മാതൃഭാഷയുടെ സ്വഭാവം എന്തായിരിക്കണ മെന്നുമെല്ലാം തീരുമാനിക്കുന്നത് ഭാഷാപരിസ്ഥിതിയാണ്. അതിനാല്‍ സാമൂഹ്യപരിസ്ഥിതി തന്നെയാണ് ഭാഷാപരിസ്ഥിതി യെന്ന് തിരിച്ചറിയാനും സാമൂഹ്യസംഘര്‍ഷങ്ങളെയും ഭാഷാ പ്രശ്നങ്ങളെയും പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാക്കാനും നമുക്കു കഴിയേണ്ടതുണ്ട്.

കുറിപ്പുകള്‍

1. ഉള്ളുകെട്ടത് 
2. ഉള്ളുശൂന്യം
3. മുളച്ചത്
4. ഇംഗ്ലീഷുകാരന്‍റെ കാക്കകരച്ചിലില്‍ അനുസ്വാരം ചേര്‍ത്താല്‍ അത് നമ്മുടെ തവളക്കരച്ചിലാകും (ക്രോം... ക്രോം....). ഈ പേക്രോം കരച്ചിലിനെയാകണം മലയാളത്തിന്‍റെ ചില പ്രാദേശികഭേദങ്ങള്‍ പേക്കന്‍ ആക്കിയത്. തവളയുടെ ഭാഷാഭേദമാണ് പേക്കന്‍.
5. അംബികാസുതന്‍ മങ്ങാടിന്‍റെ എന്‍മകജെ എന്ന നോവലിലെ ഒരു കഥാപാത്രം ഒരു സന്ദര്‍ഭത്തില്‍ ഏതാണ്ട് ഇപ്രകാരം പറയുന്നുണ്ട്. എല്ലാവര്‍ക്കും പൊതുവായ ഒരുവീട് ഞങ്ങളുടെ ഭാഷയില്‍ ഇല്ല. നായ്ക്കന് പൊര, ബണ്ടന്മാര്‍ക്ക് ഗുത്തു, പൂജാരിമാര്‍ക്ക്(തീയ്യ) കൊട്ട്യാ, മൊഗര്‍/കോപ്പാളര്‍ എന്നിവര്‍ക്ക് ദട്ടിനെ, കൊറഗര്‍ക്ക് കൊപ്പ, മാദിഗര്‍ക്ക് മാട, മാവിലര്‍ക്ക് ചേര, ജൈനര്‍ക്ക് ബസ്തി, ബ്രാഹ്മണര്‍ക്ക് മനെ എന്നിങ്ങനെയാണവര്‍ക്ക് വീടുകള്‍. ഇത്തരം വേര്‍തിരിവുകള്‍ ഭാഷയില്‍ ഇല്ലാതായെങ്കിലും സവര്‍ണഭാഷ, ദളിത് ഭാഷ എന്നെല്ലാമുള്ള വിവേചനങ്ങള്‍ ഇപ്പോഴുമുണ്ട്. പുതിയ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ പഴയ ഭാഷാധികാരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
6. "It can said that the recent spectacular defeats of the workers movement on world scale have in no small measure been due to the fact that the class enemy has always won the battle of language and that the workers movement has always neglected this terrain" (Jean Jacques Lecercle: 12-13).  
7. മരട് ഫ്ലാറ്റുകള്‍ പൊളിച്ച സമയത്ത് കേടുപാടുകള്‍ പറ്റിയതായും കഷ്ടതകള്‍ നേരിട്ടതായും പറയുന്ന തൊട്ടടുത്തുള്ള വീടുകള്‍. ഫ്ലാറ്റ് പൊളിച്ചതിന്‍റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഈ പേരുകള്‍ മാധ്യമങ്ങളില്‍ വരികയുണ്ടായി.

ഗ്രന്ഥസൂചി

കെ.സേതുരാമന്‍ 2011 മലയാളത്തിന്‍റെ ഭാവി, മാതൃഭൂമി ബുക്സ് കോഴിക്കോട്
പി.പവിത്രന്‍ 2014 മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം, മലയാള ഐക്യവേദി, ചെറുതുരുത്തി.
ലിജിഷ എ.ടി. 2020 ചോലനായ്ക്ക ഭാഷ-പരിസ്ഥിതിഭാഷാശാസ്ത്രപഠനം (അപ്രകാശിത പിഎച്ച്. ഡി പ്രബന്ധം)
Alan Berube 2019 Jan 15, Three things that matter or upward mobility in the labour market: https:///www.brookings.edu>blog.
Edward Sapir, 1921: Language An Introduction to the study of speech, Harcourt Brace: New York
Jean Lacques Lecercle, 1994: A Marxist philosophy of Language, Routledge: London
Martin Heidegger, /trabs, 1996 Being and time, State University of Newyork Press.
ഡോ.കെ.എം.ഭരതന്‍
പ്രൊഫസര്‍
സംസ്കാര പൈതൃകപഠനം
മലയാള സര്‍വ്വകലാശാല
തിരൂര്‍
പിന്‍: 676502
email: drkmbharathan@gmail.com
Ph: +91 9388934140
ORCID: 0000-0003-1752-4241