Weaving Tradition in Kerala: Myth and References
Haritha N. S
The way of judging a person according to the nature and style of the clothes worn still exists to some extent. In the present era of rapid social mobility, clothing also signifies a person's behavior, socio-cultural-economic-political identity. The different clothing traditions of the nations of the world give each region its unique identity. Kerala's unique sartorial tradition is mainly associated with handloom. It can be seen that the unique regional style of weaving and the creative charm it reveals depends on the skills and endurance of manpower. Through this study, an attempt is made to characterize the artisan weavers who were a part of the caste society formed by hierarchical social structure and tradition.
Keywords: Clothing, Weaving, Chaliyar, Devangar, Migration, Occupation, Weaver Caste, Myth.
Reference:
Logan, William., 2000 Malabar manual, vol I, Kerala State Gazetteer Department, KSA Thiruvananthapuram.
Mathilakam Records, KSA.
Report on Rep Settlement in the Malabar District, MacpEwen, A. R.,1930, R/324.
Kurup, K, K, N., 2008.Traditional Handloom Industry of Kerala, Indian Journal of Traditional Knowledge 7(1).
Parthasarathy, Prassannan. 1992. Weavers, Merchants and States: The South Indian Textile Industry 1680-1800, Harvard University press.
Ramaswamy. 2013. Vijaya, Song of the Loom, Primus Books, Dehli
Ramaswamy, Vijaya. 1985. Textiles and Weavers in Medieval south India, Delhi.
Thurston, Edgar. 1901. Castes and Tribes of Southern India. Vol. 2 of 7, USA.
കേരളത്തിലെ നെയ്ത്തുപാരമ്പര്യം: മിത്തും പരാമര്‍ശങ്ങളും
ഹരിത എന്‍. എസ്
ധരിക്കുന്ന വസ്ത്രത്തിന്‍റെ സ്വഭാവവും ശൈലിയുമനുസരിച്ച് വ്യക്തിയെ വിലയിരുത്തുന്ന രീതി ഒരുപരിധിവരെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ദ്രുതഗതിയില്‍ സാമൂഹികചലനം സംഭവിക്കു ന്ന വര്‍ത്തമാന കാലഘട്ടത്തിലും ഒരു മനുഷ്യന്‍റെ പെരുമാറ്റം, സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ സ്വത്വം എന്നിവയെ വസ്ത്രം സൂചിപ്പിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളിലെ വിവിധ വസ്ത്രപാരമ്പര്യങ്ങള്‍ ഓരോ പ്രദേശത്തിനും തനത് സ്വത്വം നല്‍കുന്നു. കേരളത്തിന്‍റെ സവിശേഷമായ സാര്‍ട്ടോറിയല്‍ പാരമ്പര്യം പ്രധാനമായും കൈത്തറിയുമായാണ് ബന്ധപ്പെട്ടിരി ക്കുന്നത്. സമാനതകളില്ലാത്ത പ്രാദേശിക നെയ്ത്തുരീതിയിയും അത് വെളിപ്പെടുത്തുന്ന സര്‍ഗാത്മക ചാരുതയും മനുഷ്യശക്തി യുടെ കഴിവുകളെയും സഹിഷ്ണുതയെയും ആശ്രയിച്ചിരിക്കുന്നതാ യി കാണാം. ശ്രേണീകൃത ബന്ധങ്ങളും പാരമ്പര്യവും ചേര്‍ന്ന് രൂപ പ്പെടുത്തുന്ന ജാതി സമൂഹത്തിന്‍റെ ഭാഗമായിരുന്ന കരകൗശല വിദഗ്ധരായ (ARTISIANS) നെയ്ത്തുസമൂഹത്തെ അടയാളപ്പെടു ത്താന്‍ ശ്രമിക്കുകയാണ് ഈ പഠനത്തിലൂടെ.
താക്കോല്‍ വാക്കുകള്‍: വസ്ത്രം, നെയ്ത്ത്, ചാലിയര്‍, ദേവാംഗര്‍, കുടിയേറ്റം, തൊഴില്‍, നെയ്ത്തുജാതി, മിത്ത്.
ഇന്ത്യന്‍ വൈജ്ഞാനികപാരമ്പര്യത്തില്‍ ഒഴിച്ചു കൂടാനാവാ ത്ത ഒരു വിഭാഗമാണ് നെയ്ത്തുകാര്‍. കലാവൈദഗ്ധ്യം കൊണ്ടും ക്രിയാത്മകമായ ഇടപെടലുകള്‍ കൊണ്ടും ഇന്ത്യന്‍ നെയ്ത്തുകാര്‍ ഒരുപിടി മുന്നിലാണ്. മനുഷ്യപരിണാമത്തിന്‍റെ കാലത്തോളം തന്നെ പഴക്കം വസ്ത്രനിര്‍മ്മാണമേഖലയ്ക്കും ഉണ്ടെന്നു പറയാം. പ്രാചീന കാലം മുതല്‍ക്കേ ലോകത്താകമാനമുള്ള വസ്ത്രനിര്‍മ്മാ ണരീതികള്‍ ഒന്നു തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കാലദേശാടിസ്ഥാനത്തില്‍ ഉണ്ടാകുന്ന വ്യത്യാസം കൊണ്ടും ലഭ്യമാ ക്കുന്ന അസംസ്കൃതവസ്തുക്കളുടെ വൈവിധ്യം കൊണ്ടും നെയ്ത്തുകാരുടെ ഭാവനാത്മകമായ ഇടപെടലുകള്‍ കൊണ്ടും വസ്ത്രങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഉദാഹരണമായി വസ്ത്രം എന്ന സങ്കല്‍പനം ബൗദ്ധികതലത്തില്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനായി ഇലകളും തോലും മരവുരിയും മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങി. ഇതു ലോകത്താക മാനം ഒരു പോലെയായിരുന്നു എന്ന് കാണാം. നാരുകള്‍ ചേര്‍ത്ത് തുണി എന്ന പുതിയൊരു രൂപത്തിലേക്ക് പരിവര്‍ത്തനം സാധ്യമായത് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. അതത് സ്ഥലങ്ങളിലെ ഭൂമിശാസ്ര്തപരമായ സവിശേഷതകളും കാലാവ സ്ഥാവ്യതിയാനങ്ങളും തനതു വസ്ത്രനിര്‍മ്മാണ രീതികളെ സ്വാധീനിച്ചിരിക്കുന്നതായി കാണാം. പൗരസ്ത്യ- പാശ്ചാത്യ രീതികളിലുള്ള വസ്ത്രങ്ങള്‍ ഇതിനുദാഹരണമാണ്. വസ്ത്രധാര ണരീതികളിലും നെയ്ത്തുരീതികളിലും നിറത്തിലും ഗുണത്തിലും വര്‍ഗത്തിലും ഇത്തരം വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും.
കേരളത്തില്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചു കാലങ്ങളേ ആയിട്ടുള്ളൂ. വളരെകുറച്ച് എന്നതിനര്‍ത്ഥം അതുവരെ വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നില്ല എന്നല്ല, പകരം വസ്ത്രങ്ങളുടെ ആവശ്യവും ഉപയോഗവും കൂടുതലായി ഉണ്ടായിരുന്നില്ല എന്നാണ്. ഇത്തരം ആവശ്യമില്ലായ്മകള്‍ ഒരു കാലംവരെ എല്ലാവരിലും ഒരുപോലെയായിരുന്നു. എന്നാല്‍ ആര്യാധിനിവേശത്തോടെ ഈ അവസ്ഥയില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. ബ്രാഹ്മണ്യത്തിന്‍റെ കടന്നുവരവ് ജാതിവ്യവസ്ഥയ്ക്ക് കാരണമായി. ഇത് എല്ലാ രൂപത്തിലും പ്രകടമായി. നിറത്തിലും വസ്ത്രത്തിലും അതു പ്രകടമാകാനും പ്രബലമാകാനും തുടങ്ങി. പിന്നീടങ്ങോട്ട് വസ്ത്രം ധരിക്കാനുള്ള അവകാശം സവര്‍ണ്ണര്‍ക്ക് മാത്രമായി. കാലങ്ങള്‍ കഴിയുംതോറും അതില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ഈ മാറ്റങ്ങള്‍ നെയ്ത്തുകാരിലും അവരുടെ ജീവിത സാഹചര്യങ്ങളിലും വസ്ത്രനിര്‍മ്മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പ്രകടമായി. കേരളം പണ്ടത്തെ തമിഴകത്തിന്‍റെ ഭാഗമായതുകൊണ്ടുത്തന്നെ ആദ്യകാലങ്ങളിലുടനീളം കേരളത്തിലേ ക്കുള്ള വസ്ത്രങ്ങള്‍ നെയ്തിരുന്നത് തമിഴ്നാടിന്‍റെ പ്രാന്തപ്രദേശ ങ്ങളിലായിരിക്കണം. പിന്നീടു കുടിയേറി വന്ന നെയ്ത്തുസമൂഹങ്ങ ളാണ് കേരളത്തിന്‍റെ നെയ്ത്തുകാരായി മാറിയത്. څڅകേരളത്തിന്‍റെ നെയ്ത്തു പാരമ്പര്യം ആരംഭിക്കുന്നത് രാജഭരണവുമായി ബന്ധപ്പെ ട്ടാണ്. രാജകുടുംബത്തിനാവശ്യമായ വസ്ത്രങ്ങളും ക്ഷേത്രത്തിലേ ക്കുവേണ്ട കൊടിക്കൂറകളും മറ്റു വസ്ത്രങ്ങളും നെയ്യുന്നതിനു വേണ്ടിയായിരുന്നു ആദ്യകാലങ്ങളില്‍ നെയ്തുസംഘങ്ങള്‍ വരുന്നത്. കേരളത്തില്‍ അവര്‍ 'ചാലിയര്‍' എന്നാണ് അറിയപ്പെടു ന്നത്ڈ (കെ.കെ.എന്‍ കുറുപ്പ്: 2008:51).
ശാലിയസമൂഹത്തിന്‍റെ ഉത്ഭവം: മിത്തും പരാമര്‍ശങ്ങളും
കേരളം ഒഴിച്ചുള്ള മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളി ലെല്ലാം തന്നെ ശാലിയസമൂഹത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള മിത്തുകള്‍ തമ്മില്‍ സാദൃശ്യമുള്ളതായി കാണാം. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ശാലിയരെ പൊതുവെ രണ്ടായി തിരിക്കാറുണ്ട്. പട്ടുശാലിയെന്നും പത്മശാലിയെന്നും. കേരളത്തില്‍ ഈ തരംതിരിവ് കാണാന്‍ സാധിക്കില്ല. പകരം ഇടങ്കൈ എന്നും വലങ്കൈ എന്നുമാണ് ശാലിയരെ തിരിച്ചിട്ടുള്ളത് (കെ.കെ.എന്‍ കുറുപ്പ്: 2008:51). കേരളത്തിലെ ശാലിയര്‍ക്കു (ചാലിയര്‍ക്ക്) പറയാനുള്ളത് ഒരു ശാപത്തിന്‍റെ കഥയാണ്. ശാലിയരുടെ വിശ്വാസ പ്രകാരം അവര്‍ ശാല്യ മഹര്‍ഷിയുടെ പിന്‍മുറക്കാരാണ്. മാര്‍ക്കണ്ഡേയമുനിയെ കുലഗുരുവുമായി കാണുന്നു. ശാല്യ മഹഷി തന്‍റെ കുലത്തൊഴില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനുവേണ്ടി ബ്രഹ്മാവിനെ ധ്യാനിക്കുകയും പുത്രന്മാര്‍ക്കു വേണ്ടിയുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മഹര്‍ഷിയില്‍ പ്രീതനായ ബ്രഹ്മാവ് നാല്‍പ്പത്തിയെട്ട് പുത്രന്മാര്‍ക്കു ജന്മം നല്‍കി അനുഗ്രഹിച്ചു. ബ്രഹ്മാവിന്‍റെ വലതുകൈയ്യില്‍ നിന്നും ഇടതുകൈ യ്യില്‍ നിന്നുമായി ജനിച്ച ഇവര്‍, യഥാക്രമം വലംങ്കൈയ്യും ഇടങ്കൈ യ്യുമായി മാറി. ദൈവിക ജന്മമായതിനാല്‍ ഇവര്‍ സസ്യഭോജികളും പൂണൂല്‍ ധരിച്ചവരുമായിരുന്നു. കൂടാതെ വൈദികധര്‍മ്മം അനുഷ്ഠിച്ചിരുന്ന ഈ സമൂഹത്തെ കേരളം ഭരിച്ചിരുന്ന നാടുവാഴിക ളെല്ലാം തന്നെ സംരക്ഷിച്ചു പരിപോഷിപ്പിച്ചു പോന്നിരുന്നു. ഒരിക്കല്‍ കേരളം ഭരിച്ചിരുന്ന നാടുവാഴി ശാലിയരോടുള്ള ആദരസൂ ചകമായി സല്‍ക്കാരം നടത്തുകയും ഭക്ഷണ ശേഷം ഒന്നും പറയാ തെ പോയ ഇവരെ കണ്ട് രാജാവ് തന്‍റെ അസംതൃപ്തി കൊട്ടാരം പാചകക്കാരെ അറിയിക്കുകയും ചെയ്തു. പാചകപ്രമാണി തങ്ങള്‍ ക്ക് ഒരു അവസരം കൂടി തരണമെന്ന് പറയുകയും നാടുവാഴി മറ്റൊരു അവസരം കണ്ടെത്തി അവരെ ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഭക്ഷണത്തിനു ശേഷം ശാലിയരെല്ലാ വരും തന്നെ രാജാവിനെ വാനോളം പുകഴ്ത്തുകയും അഭിനന്ദിക്കു കയും ചെയ്തു. അതിനുള്ള കാരണം അറിയാന്‍ കൊട്ടാരം പാചക പ്രമാണിയെ സദസ്സിലേക്ക് വിളിപ്പിച്ചു. ഭക്ഷണത്തില്‍ താന്‍ മാംസം ചേര്‍ത്തതുക്കൊണ്ടാണ് രുചികരമായി മാറിയതെന്ന പാചകക്കാ രന്‍റെ മറുപടി കേട്ട് ശാലിയ പ്രമുഖര്‍ ക്ഷോഭിക്കുകയും തങ്ങളുടെ ദൈവികമായ പൂണൂല്‍ നഷ്ടമായേക്കുമെന്ന ഭയത്താല്‍ അവര്‍ കൊട്ടാരത്തില്‍ വച്ച് അഗ്നിയിലേക്കു എടുത്തുച്ചാടി ആത്മഹൂതി ചെയ്യുകയും ചെയ്തു. നാല്‍പ്പത്തിയെട്ടാമത്തെ ശാലിയ പ്രമുഖന്‍ അഗ്നിയിലേക്ക് ചാടുന്നതിന് മുന്‍പ് പരമശിവന്‍ പ്രത്യക്ഷപ്പെടുകയും അവസാനത്തെ ശാലിയനെ തടയുകയും ശേഷം പുണ്യാഹത്തില്‍ മുക്കിയ കറുകയെടുത്ത് ശിവന്‍ അഗ്നിക്ക് സമര്‍പ്പിക്കുകയും ചെയ്തു. തീ അണയുകയും അതോടൊപ്പം ആത്മഹൂതി ചെയ്ത 47 ശാലിയര്‍ തിരിച്ചു വരികയും ഉണ്ടായി. തങ്ങളറിയാതെ ചെയ്ത പാപത്തില്‍ നിന്നും രക്ഷിക്കണമെന്ന് അവര്‍ ശിവനോട് അപേക്ഷിച്ചു. ശാലിയരെ അനുഗ്രഹിച്ച് നെയ്ത്തിനെ കുലത്തൊഴിലായി സ്വീകരിക്കാന്‍ പറഞ്ഞുകൊണ്ടു ശിവന്‍ അപ്രത്യക്ഷനായി. അങ്ങനെയാണ് കേരളത്തില്‍ നെയ്ത്തു ജാതിയായി ശാലിയര്‍ മാറിയെന്നതാണ് അവരുടെ വിശ്വാസം. കൂടാതെ തങ്ങള്‍ കുടിയേറിയവരല്ലെന്നും കേരളത്തില്‍ തന്നെ ജീവിച്ചവരാണെന്നും ഈ മിത്തിനെ മുന്‍ നിര്‍ത്തി അവകാശപ്പെടു ന്നവരുമുണ്ട്. (ഒ.കൃഷ്ണന്‍ പാട്ട്യം: 1997:19, മഹീെ രശലേറ ശി ഢശഷമ്യമ ഞമാമംമൊ്യ, ഠവല ടീിഴ ീള വേല ഘീീാ, ുു. 30.) എന്നാല്‍ ചരിത്രപരമായി ഈ വാദത്തെ അംഗീകരിക്കാന്‍ സാധിക്കില്ല.
ശാല്യമഹര്‍ഷി, തന്‍റെ വാര്‍ദ്ധക്യത്തില്‍ മോക്ഷമാഗ്രഹിക്കു കയും പരമ്പര നിലനിര്‍ത്തുന്നതിനായി ശിവനെ പ്രത്യക്ഷപ്പെടുത്തു കയും ചെയ്തു. ശിവന്‍ തന്‍റെ വലം കൈയ്യില്‍നിന്നു പുരുഷനെയും ഇടം കൈയ്യില്‍നിന്നു സ്ത്രീയെയും ജനിപ്പിച്ചു. ഇടംകൈ ദേവിയേ യും വലംകൈ ഗണപതിയേയും തക്കതായ പൂജാവിധികളിലൂടെ ആരാധിച്ചുവന്നു. ഇരു വിഭാഗത്തിലും ക്ഷേത്രാദികര്‍മ്മങ്ങളും പൂജകളും ചെയ്യുവാനുള്ള അധികാരം മാര്‍ക്കണ്ഡേയമുനി നല്‍കുകയുണ്ടായി എന്നാണ് പ്രചാരത്തിലുള്ള മറ്റൊരു ഐതീഹ്യം (ഒ.കൃഷ്ണന്‍ പാട്ട്യം: 1997:28).
ശാലിയരെ സംബന്ധിച്ച മറ്റൊരു മിത്ത് ഇങ്ങനെയാണ്, കോലത്തിരിയുടെ ആവശ്യാര്‍ത്ഥം തമിഴ് നാട്ടിലെ പാണ്ഡ്യരാജാവ് പട്ടുനെയ്ത്തുകാരായ ആളുകളെ തമിഴ്നാട്ടില്‍നിന്നും അയച്ചു കൊടുക്കുകയുണ്ടായി. രാജകുടുംബത്തിനുവേണ്ട വസ്ത്രം നിര്‍മ്മി ക്കുകയായിരുന്നു പ്രധാനോദ്ദേശ്യം. എന്നാല്‍ അധികമുള്ള വസ്ത്രം അവര്‍ക്കു വേറെ വില്‍ക്കുകയുമാവാമായിരുന്നു. രാജാവ് അവര്‍ക്ക് കുടിയിരിപ്പുകള്‍ അനുവദിച്ചു. ജീവിതം സന്തോഷത്തോടെ മുന്നോട്ടുനീങ്ങി. നൂലിനു മുറുക്കം കൊടുക്കാന്‍ തയ്യാറാക്കിയ കഞ്ഞി ഒരുനാള്‍ ഒരു നായ കുടിക്കാനിടയായി. കെട്ടഴിഞ്ഞു പുറത്തുവന്ന കോവിലകത്തെ നായയായി രുന്നു അത്. നായ നെയ്ത്തുകാരാല്‍ കൊല്ലപ്പെടാനിടയായി. തല്‍ക്കാലത്തെ അരിശത്തിനു പറ്റിയ ആ അബദ്ധം രാജകുടുംബത്തെ പ്രകോപിപ്പിക്കാന്‍ ധാരാളമായിരുന്നു. രാജാവ് അവരെ രാജസന്നിധിയിലേക്ക് വിളിച്ചു. വിറപൂണ്ടുനിന്ന ശാലിയരോട് രാജാവ് വിചിത്രമായൊരു ആവശ്യം പുറപ്പെടുവിച്ചു. നാലുദിവസത്തിനകം കൊല്ലപ്പെട്ട നായയ്ക്കുപകരം സ്വര്‍ണ്ണം കൊണ്ട് ഒരു നായയെ നിര്‍മ്മിച്ചു കൊടുക്കണമെന്നും അത് കുരയ്ക്കുകയും ചോറ് കൊടുക്കുമ്പോള്‍ തുള്ളിപ്പിടിക്കുകയും വേണമെന്നും കല്‍പിച്ചുവത്രെ. ഇല്ലെങ്കില്‍ തെരുവ് ഇടിച്ചുനിരത്തി ഇല്ലാതാക്കുമെന്നും കല്‍പനയുണ്ടായി. രാജശാസനത്തില്‍ ഭയംപൂണ്ട ശാലി യര്‍ ഊണുമുറക്കവുമുപേക്ഷിച്ച് ചിന്തയിലാണ്ടു. ആരാധനാമൂര്‍ത്തിയായ കീഴൂര്‍ ധര്‍മ്മശാസ്താവ് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നും രാജാവ് ആവശ്യപ്പെട്ട പ്രകാരം ചെയ്തു കൊടുക്കാന്‍ കല്‍പിച്ചുവെന്നുമാണ് ഐതിഹ്യം. പിറ്റേ ദിവസം അവര്‍ സ്വര്‍ണ്ണം കൊണ്ടുള്ള നായയെ നിര്‍മ്മിച്ചു രാജസന്നിധിയില്‍ കൊണ്ടു ചെന്നു. രാജാവ് പുച്ഛത്തോടെയും പ്രതികാരഭാവ ത്തോടെയും ചോറുരുള ഉരുട്ടി നായയുടെ നേരെ നീട്ടി. പ്രതീക്ഷയ്ക്ക് വിപരീതമായി അത് കുരയ്ക്കുകയും മുകളിലോട്ട് ചാടുകയും മാത്രമല്ല ചെയ്തത് ഉരുളയോടൊപ്പം രാജാവിന്‍റെ കൈയും കടിച്ചുവത്രെ. ഇതില്‍ അപമാനിതനായ രാജാവ് അവരെ അവിടെ നിന്നും പറഞ്ഞയച്ചു. ശാലിയര്‍ പതിനാലു നഗരങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കാനിടയായത് ഇങ്ങനെയാണെന്നാണ് കരുതുന്നത് (ഒ.കൃഷ്ണന്‍ പാട്ട്യം: 1997:20-21).
ചേല നെയ്യുന്നവര്‍ എന്ന അര്‍ഥത്തിലാണ് ഇവരെ 'ചാലിയര്‍' എന്ന പേര് വിളിക്കുന്നത് (കെ. കെ. എന്‍ കുറുപ്പ്: 2008: 51). ചാലിയര്‍ എന്നും 'ശാലിയര്‍' എന്നും വിളിച്ചുവരുന്ന ഈ ജനവിഭാഗത്തിന്‍റെ വര്‍ഗനാമോത്ഭവത്തെക്കുറിച്ച് വിവധ അഭിപ്രായ ങ്ങള്‍ നിലനില്‍ക്കുന്നു. 'ശാലികന്‍' , 'ജാലികന്‍', 'നെയ് ത്തുകാരന്‍', 'കുവിന്ദന്‍', 'തന്തുവായന്‍' എന്നിങ്ങനെയാണ് ശബ്ദതാരാവലിക്കാ രന്‍ വിവരിക്കുന്നത് (ജി. ശ്രീകണ്ഠേശ്വരന്‍ പത്മനാഭപിള്ള: 1939:789). കേരളത്തിലെ ഒരു ജാതി, ആ ജാതിയില്‍ പ്പെട്ടവന്‍ എന്നിങ്ങനെ മലയാള മഹാനിഘണ്ടുവില്‍ അര്‍ത്ഥം കാണു ന്നുണ്ട് (ബി. സി. ബാലകൃഷ്ണന്‍: 1985: 5; 343). തമിഴില്‍ 'ചാലിയന്‍', 'ചാലികന്‍', എന്നും കന്നഡയില്‍ 'സാലികന്‍', 'സാലിക' എന്നും തുളുവില്‍ 'സാലിയന്‍', 'ജാഡെ', 'ജേഡ', 'ജേഡാര' എന്നും തെലു ങ്കില്‍ 'സാലൈ വാഡു' എന്നും സംസ്കൃതത്തില്‍ 'തന്തുവായന്‍', 'ശാലിക', 'കൗലിക' എന്നുമാണ് പറയുന്നത് (അതേ പുറം) 'നെയ് ത്തുകാരന്‍' എന്നാണ് ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ അര്‍ത്ഥം (ഗുണ്ടര്‍ട്ട്: 1872:355). ബെയ്ലിയും ഇതേ അര്‍ത്ഥം തന്നെയാണ് കൊടുത്തിട്ടുള്ള ത് (ബെയ്ലി: 1849:357). അമരകോശത്തില്‍ ശൂദ്രവര്‍ഗത്തില്‍പ്പെട്ട വിവിധ സമൂഹങ്ങളെപ്പറ്റി പറയുന്ന സന്ദര്‍ഭത്തില്‍ ഇവരുടെ പേരും 'തന്തുവായന്‍', ' കുവിന്ദന്‍' എന്നു പരാമര്‍ശിക്കുന്നുണ്ട് (ടി. സി. പരമേശ്വരന്‍ മൂസ്സത്: 2013:651). ദക്ഷിണേന്ത്യയിലെ ജാതികളെ ക്കുറിച്ചും വര്‍ഗങ്ങളെക്കുറിച്ചും വിശദമായി പഠിച്ചിട്ടുള്ള എഡ്ഗര്‍ തസ്റ്റേണ്‍ തന്‍റെ കാസ്റ്റ് ആന്‍റ് ട്രൈബ്സ് ഓഫ് സതേണ്‍ ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ ചാലിയരെക്കുറിച്ചും അവരുടെ വിഭാഗങ്ങളെ ക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് (തസ്റ്റേണ്‍ : 1901: 2;154). 'ചാലിയന്‍', 'ശാലി', 'ദേവാംഗ', 'പട്ടുനൂല്‍കാരന്‍', 'കൂര്‍ണി', 'സമയമൂവവരു', 'റജൂ', 'തൊഗഡ', 'സാട്ടെ', 'കൈക്കോളര്‍', 'മുതലിയാര്‍', 'പട്ടാര്യര്‍' എന്നീ വിഭാഗങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. (അതേ പുറം).
ജീവിതരീതിയിലെ വ്യതിയാനത്തിനനുസരിച്ച് ഇടംകൈ, വലംകൈ വ്യത്യാസം ദക്ഷിണേന്ത്യയിലെ പല ജാതിസമൂഹ ങ്ങളിലും കാണപ്പെടുന്നുണ്ട്. നെയ്ത്തു സമൂഹത്തിലും നമുക്ക് ഇടംകൈ, വലം കൈ വ്യത്യാസം കാണാന്‍ സാധിക്കുന്നു. വിജയ രാമസ്വാമി ഇതു വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ശാലിയര്‍ വലംകൈ നെയ്ത്തു കാരും ദേവാംഗര്‍മാറും കൈക്കൊള്ളക്കാരും ഇടംകൈ നെയ്ത്തു കാരുമാണ് (വിജയരാമസ്വാമി: 2013:21). എന്നാല്‍ കേരളത്തില്‍ ചാലിയ സമുദായത്തിലെ രണ്ടു വിഭാഗങ്ങളായിട്ടാണ് ഇടംകൈയും വലംകൈയും നില്‍ക്കുന്നത്. ഇത് തേസ്റ്റണ്‍ തന്‍റെ പുസ്തകത്തില്‍ വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട് (തസ്റ്റേണ്‍: 1901: 2;154). സി. എ. ഇന്നസിനും ഇതേ അഭിപ്രായം തന്നെയാണുള്ളത് (സി. എ. ഇന്നസ്: 1997:122). ആരാധനയിലുള്ള വ്യത്യാസമാണ് കേരളത്തില്‍ ഇങ്ങനെ രണ്ടു വിഭാഗമായി പിരിയാന്‍ കാരണം എന്ന് ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നുണ്ട് (ഗുണ്ടര്‍ട്ട്: 1992:13).
ഗണപതിയെ ആരാധിക്കുന്നവരാണ് വലംകൈ വിഭാഗക്കാര്‍. ഇടംകൈ വിഭാഗം ഭഗവതിയെ ആരാധിക്കുന്നവരും. ഇടംകൈ വിഭാഗം ഉത്തര കേരളത്തിന്‍റെ വടക്കുഭാഗത്തും വലംകൈ വിഭാഗം തെക്കുഭാഗത്തുമാണുള്ളത്. ഭൂമിശാസ്ര്തപരമായ ഈ വേര്‍ത്തിരിവും മറ്റൊരു കാരണമാണ്. തെരുവ് സമ്പ്രദായം തുടര്‍ന്നുകൊണ്ടുപോകുന്ന വിഭാഗമാണ് ഇവര്‍. തെരുവ് സമ്പ്രദായം കേരളീയമല്ല. തമിഴകത്തിന്‍റെയും തെലുങ്ക് ദേശത്തിലെയും രീതിയാണ്. തമിഴ്നാട്ടില്‍നിന്നും ആന്ധ്രപ്രദേശില്‍നിന്നും കുടിയേറിയവരായതുകൊണ്ടുതന്നെ കേരളത്തിലും ചാലിയര്‍ ഇതു തുടര്‍ന്നു. തെരുവിലുള്ള കൂട്ടമായ ഇത്തരം അധിവാസം അവരുടെ തൊഴിലുമായും ഗോത്രസംസ്കാരമായും ബന്ധപ്പെട്ടുകിടക്കുന്നു. ഓരോ തെരുവും അവസാനിക്കുന്നിടത്ത് വ്യാപാരസ്ഥാപനങ്ങളോ ചെറിയ പാണ്ടികശാലകളോ ഉണ്ടാവും. മാത്രമല്ല, വീടുകളോടു ചേര്‍ന്നുള്ള നെയ്ത്തുശാലകളും കാണാം. കേരളത്തിലെ സ്ഥലനാമങ്ങളില്‍ 'തെരു' ചേര്‍ത്തിട്ടുള്ള പേരുകള്‍ ഈ സമുദായ ത്തിന്‍റെതാണ്. ഗുണ്ടര്‍ട്ട് തന്‍റെ മലയാളരാജ്യത്തില്‍ ചാലിയതെരുവു കളുടെ പ്രത്യേകതകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് (ഒ.കൃഷ്ണന്‍ പാട്ട്യം: 1997 :10). വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കേരളത്തിലേക്ക് ഇത്തരം തൊഴില്‍ വിഭാഗങ്ങളുടെ കുടിയേറ്റം നടന്നിട്ടുള്ളതെന്ന് പറയാം. ഇവര്‍ കിഴക്കന്‍ തീരത്തുനിന്നും വന്നവരാണെന്ന് തേസ്റ്റണ്‍ പറയുന്നത് (തേസ്റ്റണ്‍: 1901:154). കിഴക്കന്‍ തീരമെന്നാല്‍ തമിഴ്നാടോ ആന്ധ്രപ്രദേശോ ആകാം. ചാലിയര്‍ കോയമ്പത്തൂര്‍ ഭാഗത്തുനിന്നും വന്നവരാകാമെന്നും ഇവര്‍ക്ക് ചാലൂക്യരുമായി ബന്ധമുണ്ടാകാ മെന്നും എം. എന്‍. നമ്പൂതിരി പറയുന്നു (എം. എന്‍. നമ്പൂതിരി: 1987:81). വിജയനഗര സാമ്രാജ്യത്തിന്‍റെ വിപുലീകരണവും ശൈവ -വൈഷ്ണവ പ്രസ്ഥാനങ്ങളുടെ വ്യാപനവും നെയ്ത്തുകാരുടെ പലായനത്തിന് കാരണമായിട്ടുണ്ടെന്ന് വിജയരാമസ്വാമി പറയുന്നു (വിജയരാമസ്വാമി: 1985:23).
ശാലിയരുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒരു വിഭാഗമാണ് ദേവാംഗര്‍. കര്‍ണാടകയില്‍നിന്നും കേരളത്തിലെ ത്തിയ ഇവരുടെ പ്രധാന സങ്കേതമാണ് മധ്യകേരളം. ദേവാംഗസമു ദായം കേരളത്തില്‍ വന്നുചേര്‍ന്നതിനെപറ്റി ചരിത്രരേഖകളൊന്നും ലഭ്യമല്ല. എന്നാല്‍ രണ്ടു പുരാവൃത്തങ്ങള്‍ പ്രചാരത്തിലുണ്ട്. അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തൃപ്പൂണിത്തുറയിലെ രാജകുടുംബം വിശിഷ്ടമായ പട്ടുടയാടകള്‍ നെയ്യാന്‍ ദേവാംഗരെ കര്‍ണ്ണാടകയില്‍ നിന്നും ക്ഷണിച്ചു വരുത്തിയെന്നാണ് അവയിലൊന്ന് (ഒ.കൃഷ്ണന്‍ പാട്ട്യം: 1997:31). അടുത്തത് ടിപ്പുവിന്‍റെ പടയോട്ടത്തില്‍പ്പെട്ട് കേരളത്തിലേക്ക് പലായനം ചെയ്തവരാണ് ഇവര്‍ എന്നാണ് (അതേ പുറം). ഈ പുരാവൃത്തങ്ങളില്‍നിന്നും ദേവാംഗ സമുദായ ത്തിന്‍റെ ആദിമ താവളം കര്‍ണ്ണാടകയാണെന്നു മനസിലാക്കാം.
ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് പാണ്ടിനാട്ടില്‍നിന്നും കൊണ്ടുവന്ന ഒമ്പതുകുടുംബങ്ങളാണ് ഇന്നത്തെ നിലയില്‍ പടര്‍ന്നുപന്തലിച്ചതെന്ന് ഒരഭിപ്രായമുണ്ട് (ഒ.കൃഷ്ണന്‍ പാട്ട്യം: 1997 :32). മൂന്നു കുടുംബങ്ങളെ തിരുവിതാംകൂറിലും മൂന്നുകുടുംബങ്ങളെ കൊച്ചി രാജാവിനെയും മൂന്നുകുടുംബങ്ങളെ സാമൂതിരിയെയും ഏല്‍പിക്കുകയാണ് ഉണ്ടായത്. ഇത് ഇരിഞ്ഞാലക്കുടയിലെ പട്ടാര്യന്മാരുടെ നിഗമനമാണ് (ഒ.കൃഷ്ണന്‍ പാട്ട്യം: 1997:26).
ഏതു നിലയിലും പ്രാചീനകാലത്തുതന്നെ ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചു കിടന്ന ഒരു തൊഴില്‍ വിഭാഗവും കരകൗശല വിദഗ്ദ്ധരുമാണ് നെയ്തുകാര്‍. ഇവര്‍ പ്രത്യേകം തെരുവുകളിലാ യിട്ടാണ് കേരള ത്തിലും താമസിച്ചുവന്നത്. ഇവിടെ താമസിച്ചു വരുന്ന വിവിധ ജാതി വിഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു ആവാസരീതിയാണ് തെരുവുകളായി താമസിച്ചുകൊണ്ട് ഈ വിഭാഗം സ്വീകരിച്ചത്. ക്ഷേത്രങ്ങളുടെയും രാജകുടുംബങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി കുടിയേറിപ്പാര്‍ത്ത സമൂഹമാണ് നെയ്ത്തുകാരുടേത്. ആഭ്യന്തര ആവശ്യപൂരണത്തില്‍നിന്നുയര്‍ന്ന് മിച്ചോല്‍പ്പന്നം വഴി വ്യാപാരമെന്ന രീതിയിലേക്ക് നെയ്ത്തു വികസിച്ചത് ഗുണ മേന്മയുള്ള വസ്ത്രോത്പാദനത്തിലൂടെയായി രുന്നു. പരുത്തിത്തുണികളായിരുന്നു പ്രധാനമായും നെയ്തിരുന്നത്. അതാതു കാലഘട്ടങ്ങളിലെ ഭരണകൂടത്തെയും ആഭ്യന്തര- അന്താരാഷ്ട്ര വ്യാപാരത്തെയും തൃപ്തിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പരിമിത വ്യാപാരത്തില്‍നിന്നും സമ്പൂര്‍ണ്ണ കുത്തക വ്യാപാരത്തിലേക്കും വ്യവസായമെന്ന രീതിയിലേക്കും വസ്ത്രോത്പാദനരംഗം മാറിയത് യൂറോപ്യന്മാരുടെ വരവോടെ യാണ് എന്നുകാണാം. ഈ കാലഘട്ടം നെയ്ത്തുകാരുടെ ആഭ്യന്തര പലായനത്തിന് വഴിയൊരുക്കി. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ അവരെ കേരളമൊട്ടാകെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ യാണ് നെയ്ത്തുകാരുടെ കുടിയേറ്റം കേരളത്തില്‍ സാധ്യമായത്. യഥാര്‍ത്ഥത്തില്‍ അതത് കാലഘട്ടങ്ങളുടെ കൂടി ആവശ്യമായിരുന്നു ഈ സമൂഹത്തിന്‍റെ വ്യാപനം.
ഗ്രന്ഥസൂചി
Logan, William., 2000 Malabar manual, vol I, Kerala State Gazetteer Department, KSA Thiruvananthapuram.
Mathilakam Records, KSA.
Report on Rep Settlement in the Malabar District, MacpEwen, A. R.,1930, R/324.
Kurup, K, K, N., 2008.Traditional Handloom Industry of Kerala, Indian Journal of Traditional Knowledge 7(1).
Parthasarathy, Prassannan. 1992. Weavers, Merchants and States: The South Indian Textile Industry 1680-1800, Harvard University press.
Ramaswamy. 2013. Vijaya, Song of the Loom, Primus Books, Dehli
Ramaswamy, Vijaya. 1985. Textiles and Weavers in Medieval south India, Delhi.
Thurston, Edgar. 1901. Castes and Tribes of Southern India. Vol. 2 of 7, USA.
കൃഷ്ണന്‍ പാട്ട്യം, ഒ., 1997. കേരളീയ പത്മശാലിയ സമൂഹം. തിരുവനന്തപുരം: ചിന്ത പബ്ലീക്കേഷന്‍സ്
ഗുണ്ടര്‍ട്ട്, ഹെര്‍മന്‍. 1992. കേരളോല്‍പത്തിയും മറ്റും, കോട്ടയം: ഡി. സി.
ഗുണ്ടര്‍ട്ട്, ഹെര്‍മന്‍. 1872. മലയാളം-ഇംഗ്ലീഷ് നിഘണ്ടു, മംഗലാപുരം
നമ്പൂതിരി, എന്‍. എം. 1987. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം,
പരമേശ്വരന്‍ മൂസ്സത്, ടി. സി. 2013. അമരകോശം. കോട്ടയം: എന്‍.ബി.എസ്
ബാലകൃഷ്ണന്‍, ബി. സി. (എഡി.). 1985. മലയാള മഹാനിഘണ്ടു. തിരുവനന്തപുരം: കേരള സര്‍വ്വകലാശാല
ബെയ്ലി, ബെഞ്ചമിന്‍. 1849.. മലയാളം- ഇംഗ്ലീഷ് ഡിക്ഷണറി. കോട്ടയം: സി. എം. എസ്. പ്രസ്സ്
ശ്രീകണ്ഠേശ്വരന്‍ പത്മനാഭപിള്ള, ജി. 1939. ശബ്ദതാരാവലി. തൃശൂര്‍: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.