Swarggadapi Gareeyassi-The Philosophy of Vishnunarayanan Namboothiri: A Study Based on Adamum Daivavum, Urvasinrutham And Swarggarohanam
Dr. Sreeranjini G
The Vedas Ithihasas -Puranas and works of Kalidasa read from the childhood molded the perspective of Vishnunarayanan Namboothiri regarding the philosophy of life. His concept focused on an equilibrium between sacrifice and experiencing the life, where he believed it non-essential to walk away from physical world for spirituality. Every poet imbibes the cultural intricacies of societies to which they belong. And he or she accumulates knowledge which include science and spirituality through experience through out life. One may say poetic philosophy to be the essence of all that he or she processes from the integrated culture, which includes perspective on life, love, nature, universe and so on. It adds to the poetic prowess which is in turn accumulated over the continuous confrontation with his or her society. Poetic philosophy is thus the definition attributed to life by poet. Each poetic imagination has its natural charm, which is nourished by knowledge and experience. The aegis of poetic imagination and sense of direction in life achieved through experience and education constitutes philosophy or darshanam, which in other words is the poet’s approach towards life. The poetic philosophy does not mean the message he or she gives in the poem, rather it is the sensation of feel of the truth transpired through verse. In short, the poetic tremor of truth is emanated and not ascribed. The poet’s affinity towards nature is well known, and his perspective towards life in axial with his love for nature. The article here tried to analyze the perspective of Vishnunarayanan Namboothiri in light of his poem Adamum Daivavum, Urvaseenrutham and Swarggarohanam. The post considers the physical life with mixture of joy and sadness better than any professed promises of heavenly abode.
Keywords: Tradition, Modernism, Philosophy, Affinity towards Nature
References:
Kumaranasan N. (1975). Asante Padya krithikal. Kottayam: SPCS
Leelavathy M(1985). Kavithadhwani. Kottayam: SPCS
Leelavathy M.(1989) Varnaraji. Kottayam: SPCS
Namboothri KR. (1974) Ente Vaidika Sahithya Samanbayam. (1974) Shornur: Vallathole Samithi.
Parameswara Iyer Ullur(1977). Ullurinte Padyakrithikal. Kottayam:SPCS
Radhakrishnan S (1996) Bharatheeya Darsanam Vol 1. Kozhikode: Mathrubhumi Printing & Publishing Company.
Unnikrishnan Nair V.(1964) Kalidasahridayam. Kozhikode: Mathrubhumi Printing & Publishing Company.
Vishnunarayanan Namboothiri. (2012). Vaishnavam. Kozhikode: Mathrubhumi Printing & Publishing Company
സ്വര്‍ഗ്ഗാദപി ഗരീയസീ: വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഐഹികജീവിതദര്‍ശനം
ഡോ.ശ്രീരഞ്ജിനി ജി
താന്‍ ചെറുപ്പം മുതല്‍ ശീലിച്ചിരുന്ന വേദേതിഹാസപുരാണാദികളും കാളിദാസകൃതികളും വിഷ്ണുനാരായണന്‍നമ്പൂതിരിയുടെ ജീവിതത്തെ സംബന്ധിച്ചുള്ള ദര്‍ശനം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ത്യാഗഭോഗസന്തുലനത്തിന്‍റേതായിരുന്നു.ആത്മീയതയ്ക്ക് വേണ്ടി ലൗകികതയെ നിരാകരിക്കേണ്ടതില്ല എന്നദ്ദേഹം കരുതുന്നു.
താക്കോല്‍ വാക്കുകള്‍: പാരമ്പര്യം, ആധുനികത, ദര്‍ശനം, ഭൂരതി
ആമുഖം
ഏതൊരുകവിയും താനുള്‍പ്പെടുന്ന സമൂഹത്തിന്‍റെ സാംസ്കാരികാന്തര്‍ദ്ധാരകളെ ആവാഹിക്കുന്നു.കവി ജീവിതകാലം മുഴുവനും തന്‍റെ അനുഭവത്തിലൂടെയും മറ്റും അറിവ് സംഭരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ അറിവില്‍ മതവും ശാസ്ത്രവുമൊക്കെ അടങ്ങിയിരിക്കും.ഒരുകവി താനാര്‍ജ്ജിച്ച സംസ്കാരത്തില്‍ നിന്നും അരിച്ചെടുത്ത് ശുദ്ധീകരിച്ച് കാത്തുപോരുന്ന കാഴ്ചപ്പാടാണ് ദര്‍ശനം എന്നുപറയാം. ജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെയുള്ള കവിയുടെ വീക്ഷണം തന്നെയാണിത്. കവിയുടെ ജീവിതദര്‍ശനമാണല്ലോ കവിതയെ മഹത്വവല്‍ക്കരിക്കുന്നത്.തന്നോടും തന്‍റെ സമൂഹത്തോടുമുള്ള നിരന്തരമായ ഏറ്റുമുട്ടലിലൂടെ കവിയാര്‍ജ്ജിക്കുന്ന ജീവിതാവബോധമാണിത്. ജീവിതത്തിന് കവിനല്‍കുന്ന വ്യാഖ്യാനമാണ് കവിദര്‍ശനം. ഓരോ കവിഭാവനയ്ക്കും സഹജമായ ഓജസ്സുണ്ട്. വിജ്ഞാനവും അനുഭവവും അതിനെ പുഷ്ടിപ്പെടുത്തുന്നു. കവിഭാവനയുടെ ആഭിമുഖ്യവും അനുഭവം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ക്കൂടി സിദ്ധിക്കുന്ന ദിശാബോധവുമാണ് ദര്‍ശനത്തിനാധാരം.ജീവിതത്തോടുള്ള കവിയുടെ മനോഭാവമെന്നും ഇതിനെ വിളിക്കാം.ഒരു കവിയൂടെ ദര്‍ശനം എന്നുപറയുമ്പോള്‍ കൃതികളിലൂടെ കവി നല്‍കുന്ന സന്ദേശമല്ല, മറിച്ച് കൃതികളിലൂടെ അഭിസംക്രമിക്കുന്ന അനുഭൂതിയുടെ വെളിച്ചത്തില്‍ കാണാന്‍ കഴിയുന്ന സത്യമെന്നാണ് മനസ്സിലാക്കേണ്ടത്.അനുഭൂതിയുടെ വെളിച്ചത്തില്‍ കാണുന്ന സത്യം കൃതികളില്‍നിന്നുരുത്തിരിയേണ്ടതാണ്.അത് ആരോപിതമാകരുതെന്ന് സാരം.
സാധാരണനിലയില്‍ തത്ത്വജ്ഞാനമെന്നാണ് ദര്‍ശനമെന്നതുകൊണ്ട് അര്‍ത്ഥമാക്കുക. എന്നാല്‍ ഈ അര്‍ത്ഥത്തില്‍ ഒരുകവിയും സ്വകൃതികളിലൂടെ തത്ത്വജ്ഞാനം പ്രക്ഷേപണം ചെയ്യുന്നില്ല.തത്ത്വചിന്തയില്‍ സത്തയെ കണ്ടുപിടിച്ച് യുക്തിപൂര്‍വ്വം വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യാനായിരിക്കും തത്ത്വജ്ഞാനികള്‍ ശ്രമിക്കുക.ഇത്തരത്തിലുള്ള തത്ത്വജ്ഞാനമല്ല,കവിത.പക്ഷേ കവിയും തെരയുന്നത് സത്തയെത്തന്നെ . സത്തയുടെ അഖണ്ഡരൂപത്തേയാണ് കവിതേടുന്നത് എന്നൊരു വ്യത്യാസമേയുള്ളൂ.വിഷ്ണുനാരായണന്‍നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം കവിതയും ജീവിതവും പരസ്പരപൂരകങ്ങളാണ്.
ദര്‍ശനം-നിര്‍വ്വചനം
"കാണുക എന്നര്‍ത്ഥമുള്ള 'ദൃശ്' ധാതുവില്‍ നിന്നാണ് ദര്‍ശനമെന്ന വാക്കുണ്ടായത്.ഈ കാണല്‍ ചാക്ഷുഷപ്രത്യക്ഷമാവാം,മാനസികപ്രത്യക്ഷമാകാം, അന്തര്‍ദ്ദര്‍ശനാനുഭൂതിയുമാകാം.വസ്തുതകളുടെ നിരീക്ഷണമോ യുക്തിപരമായ അന്വേഷണമോ ആത്മാവിന്‍റെ ഉള്‍ക്കാഴ്ചയോ ആവാം അത് "-എസ്.രാധാകൃഷ്ണന്‍, 'പ്രവേശകം', ഭാരതീയദര്‍ശനം, പുറം 23- യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച മനുഷ്യമനസ്സിന്‍റെ എല്ലാവീക്ഷണങ്ങളേയും ദര്‍ശനമെന്നു വിളിക്കാനാവും. ദര്‍ശനത്തില്‍ ഏറ്റവും പ്രധാനം സത്തയാണ്. ഭൗതികവും മാനസികവും മാനുഷികവും പ്രാപഞ്ചികവും ഐശ്വരവുമായ സത്തകളെപ്പറ്റി അടിസ്ഥാനപരമായ വിചിന്തനങ്ങള്‍ നടത്തുന്നവനാണ് ദാര്‍ശനികന്‍. മനുഷ്യന്‍, പ്രപഞ്ചം, ശാസ്ത്രം, മതം, സമൂഹം, കല തുടങ്ങിയവയെല്ലാം ദര്‍ശനത്തിന്‍റെ പരിധിയില്‍വരും. "കവിയുടെ കാലഘട്ടത്തില്‍ വ്യാപരിച്ചിരുന്ന സാമൂഹ്യപ്രവണതകള്‍ അദ്ദേഹത്തെ സ്വാധീനിക്കുന്നു" എന്ന് ടേന്‍ അഭിപ്രായപ്പെടുന്നു." കവിയുടെ കുടുംബം, സുഹൃദ്വൃത്തം, കാവ്യസൃഷ്ടിക്ക് മുതിരുന്ന മുഹൂര്‍ത്തം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്‍റെ കൃതിപ്രണയനത്തെ നിയന്ത്രിക്കുന്നു "എന്നാണ് ദര്‍ശനം രൂപപ്പെടുന്നതിനെക്കുറിച്ച് സാങ്ബോയുടെ പക്ഷം. കവിയുടെ രചനകളെ പാകപ്പെടുത്തുന്നതില്‍ സ്ഥലകാലസമൂഹങ്ങളും ആര്‍ജ്ജിതജ്ഞാനവിജ്ഞാനങ്ങളും അനുഭവങ്ങളുമെല്ലാം നിര്‍ണ്ണായക പങ്കുവഹിക്കുന്നു എന്ന് വ്യക്തമാണ്. വിഷ്ണുനാരായണന്‍നമ്പൂതിരിയുടെ കവിതകളിലെ ദര്‍ശനത്തിന്‍റെ സവിശേഷതകളെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ അത് സ്വാഭാവികമായും കവി ശീലിച്ച വേദേതിഹാസപുരാണോപനിഷത്തുക്കളുടേയും കാളിദാസാദി പൂര്‍വ്വസൂരികളുടേയും സ്വാധീനത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഇവയില്‍നിന്നൊക്ക ഊര്‍ജ്ജംവലിച്ചെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ദര്‍ശനം രൂപപ്പെടുന്നതെന്നുകാണാം.
മലയാളകവിതയിലെ ദാര്‍ശനികത
പ്രപഞ്ചത്തെയും അതിന്‍റെ നിഗൂഢതകളേയും പറ്റി എത്രയോ മുമ്പുതന്നെ ഭാരതീയ ഋഷീശ്വരന്മാര്‍ ചിന്തിച്ചിരുന്നു. ഈചിന്ത വേദങ്ങളില്‍ ആരംഭിക്കുന്നു. ഉപനിഷത്തുക്കളിലൂടെയും ഷഡ്ദര്‍ശനാദി വിവിധശാഖകളിലൂടെയും വികസിച്ച ഈ ദര്‍ശനചിന്താഗതി സാഹിത്യത്തിലേക്കും സംക്രമിച്ചു. എഴുതപ്പെട്ട സാഹിത്യകൃതികളുമായി മലയാളസാഹിത്യം സജീവമാകുന്നത് ഏതാണ്ട് 11ാം നൂറ്റാണ്ടോടുകൂടിയാണ്. ഈ കാലത്ത് സംസ്കൃതഭാഷയില്‍ ഷഡ്ദര്‍ശനങ്ങള്‍ രൂപം കൊള്ളുകമാത്രമല്ല, ശങ്കരാചാര്യരെപ്പോലെയുള്ള കേരളീയരായ ദാര്‍ശനികര്‍ക്ക് വിശദമായ വ്യാഖ്യാനമെഴുതാന്‍ തക്കവണ്ണം അവയില്‍ പ്രാവീണ്യമുണ്ടാവുകയും ചെയ്തു. എന്നാല്‍ അതേസമയം മലയാളസാഹിത്യം ദാര്‍ശനികശൂന്യമായിരുന്നു. ഒരുപക്ഷേ അന്നത്തെ രാഷ്ട്രീയസാമൂഹികപരിതസ്ഥിതിയാവാം അതിനുകാരണം. ആദ്യകാലമണിപ്രവാളകൃതികളിലും മറ്റും ക്ഷേത്രസംസ്കാരം കാണാമെന്നല്ലാതെ ഒരു ജീവിതദര്‍ശനവും കണ്ടെത്താനാവില്ല. അന്വേഷണപരതയുടെ യാതൊരംശവും അവയിലില്ല.
മലയാളത്തിലെ ആദ്യത്തെ ദാര്‍ശനികകൃതി ഭാഷാഭഗവദ്ഗീതയാണ്. അതിനുശേഷം ഒരുപാട് കൃതികള്‍ മലയാളത്തിലുണ്ടായെങ്കിലും ഉറച്ച ഒരു ജീവിതദര്‍ശനവുമായി മലയാളത്തില്‍ എത്തിയത് എഴുത്തച്ഛനാണ്. ബ്രഹ്മത്തെക്കുറിച്ചും മറ്റും ചര്‍ച്ചചെയ്യുന്ന വേദാന്തചിന്തകളെ അദ്ദേഹം അംഗീകരിച്ചുവെങ്കിലും സര്‍വ്വകര്‍മ്മപരിത്യാഗവും യോഗമുറകളിലൂടെയുള്ള ബ്രഹ്മൈക്യവും അദ്ദേഹം അംഗീകരിച്ചില്ല.
എഴുത്തച്ഛനുശേഷം ഉണ്ണായിവാര്യരും കുഞ്ചന്‍നമ്പ്യാരും രാമപുരത്തുവാര്യരും എല്ലാം മനുഷ്യന്‍ ഈശ്വരോന്മുഖനാവണം എന്ന സിദ്ധാന്തത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും പ്രാപഞ്ചികജീവിതത്തെ നിഷേധിച്ചുകൊണ്ട് നാമജപവുമായി കഴിച്ചുകൂട്ടണം എന്ന അഭിപ്രായക്കാരല്ല. എഴുത്തച്ഛനുശേഷം മലയാളകവികളുടെ ജീവിതദര്‍ശനം കൂടുതല്‍ പ്രപഞ്ചോന്മുഖമായിത്തീരുന്നത് നാം കാണുന്നു. ജീവിതത്തിലെ അപ്രധാനമായ ചടങ്ങായി ഈശ്വരാരാധന തരംതാഴുകയും ബാഹ്യപരിതഃസ്ഥിതികളെ മെച്ചപ്പെടുത്തുകയും നല്ലൊരു ഭൗതികജീവിതം സാദ്ധ്യമാക്കണമെന്ന ബോധം ഉണ്ടായിവരികയും ചെയ്തു എന്നതാണ് ഈ കാലഘട്ടത്തിന്‍റെ സവിശേഷത.
പ്രപഞ്ചോന്മുഖത തികച്ചും ബാലിശമായിരിക്കുന്ന അവസ്ഥയിലാണ് കൊടുങ്ങല്ലൂര്‍ക്കളരി രൂപം കൊള്ളുന്നത്. വര്‍ത്തമാനത്തേയോ ഭാവിയേയോ പറ്റി ചിന്തിക്കാന്‍ തയ്യാറാവാതെ, ഇഹലോകത്തേയോ പരലോകത്തേയോ പറ്റി തലപുകയ്ക്കാതെ, ഉല്ലാസപൂര്‍ണ്ണമായി, പ്രപഞ്ചോന്മുഖമായി മനുഷ്യന്‍റെ സ്ഥൂലഭാവത്തെ ലക്ഷ്യംവച്ച് രചിക്കപ്പെട്ട കവിതകളാണ് ഇക്കാലത്തുണ്ടായത്. ഒരുതരത്തിലുമള്ള ജീവിതദര്‍ശനവും ഇവയില്‍ക്കാണാനാവില്ല.യഥാര്‍ത്ഥത്തില്‍എഴുത്തച്ഛനുശേഷം മനുഷ്യജീവിതത്തെപ്പറ്റി ഗാഢമായിചിന്തിച്ചത് കുമാരനാശാനായിരുന്നു. പ്രാപഞ്ചികജീവിതം അദ്ദേഹത്തിന്‍റെ കണ്ണില്‍ മോഹനിദ്രയായിരുന്നു. (കുമാരനാശാന്‍, 1975,59) കുമാരനാശാനെപ്പോലെ വള്ളത്തോളും ഉള്ളൂരും വ്യക്തമായ ജീവിതദര്‍ശനമുള്ളവരായിരുന്നു. ഏതാണ് ഉത്തമജീവിതമെന്നും മനുഷ്യന് ഈ ജീവിതം കൊണ്ട് എന്താണ് സാദ്ധ്യമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യജന്മം ബന്ധനമാണെന്ന് ഇവരാരും കരുതുന്നില്ല.ദുര്‍ല്ലഭമായ മനുഷ്യജന്മത്തെ സേവനത്താല്‍ മധുരമാക്കി ഈശ്വരപ്രീതിനേടി മോക്ഷം കൈവരിക്കുക എന്ന തത്ത്വത്തില്‍ ഉള്ളൂര്‍ വിശ്വസിച്ചു. (ഉള്ളൂര്‍, 1977,690) പരാര്‍ത്ഥമില്ലാത്ത തപോനിധിയുടെ ജീവിതം ചരിതാര്‍ത്ഥമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭൗതികജീവിത്തെ അംഗീകരിക്കുകയും അതിന് പ്രാമാണികമായ സ്ഥാനം നല്‍കുകയും ചെയ്തു വള്ളത്തോള്‍.
വള്ളത്തോളിനുശേഷം ആസ്തികതയുടേതായ ദര്‍ശനം വിളംബരം ചെയ്യുന്ന കവിതകള്‍ ജി.ശങ്കരക്കുറുപ്പിന്‍റേതായിരുന്നു. ഈശ്വരോന്മുഖമായ ഭൗതികവാദമാണ് അദ്ദേഹത്തിന്‍റെ ദര്‍ശനം.സര്‍വ്വവ്യാപിയായ ഒരു ചൈതന്യത്തിന് വിധേയരാണ് നാമെല്ലാവരും എന്നദ്ദേഹം കരുതുന്നു. മനുഷ്യനില്‍ നന്മ ചൊരിയുന്ന, അവനെ പ്രവര്‍ത്തനോന്മുഖനും ഉല്‍കൃഷ്ടനുമാക്കുന്ന ഒരു ശക്തിയായാണ് കവി ഈശ്വരനെക്കാണുന്നത്. ജീവിതം മിഥ്യയാണെന്നോ ബന്ധനമാണെന്നോ അദ്ദേഹവും കരുതുന്നില്ല. അതുകൊണ്ടാണ് ജീവിതത്തോടുള്ള അദ്ദേഹത്തിന്‍റെ ആഭിമുഖ്യം സേശ്വരമായ ഭൗതികവാദത്തിന്‍റേതാണ് എന്ന് പറഞ്ഞത്. പ്രാപഞ്ചികജീവിതത്തെ നിഷേധിച്ചുപോന്ന ജീവിതദര്‍ശനങ്ങളുടെ സ്ഥാനത്ത് സാവധാനം അതിനെ നിഷേധിക്കാതിരിക്കുക ഭാഗികമായി ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന ദര്‍ശനം രൂപപ്പെട്ടുതുടങ്ങി. വെണ്ണിക്കുളവും മറ്റും ഈവിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ ചങ്ങമ്പുഴയ്ക്ക് ജീവിതം ക്ഷണികമാണെന്നും അത് സുഖിക്കലാണെന്നുമുള്ള പക്ഷമായിരുന്നു. പ്രാപഞ്ചികജീവിത നിഷേധത്തില്‍ത്തുടങ്ങി അതിനെ അംഗീകരിക്കുന്നതില്‍ എത്തിച്ചേര്‍ന്ന ജീവിതദര്‍ശനം മലയാളത്തിലുണ്ടായി. എന്നാല്‍ നവീനകവിതയുടെ കാലത്ത് മനുഷ്യന്‍ തന്നെയാണ് ദൈവം എന്നചിന്തയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. വൈലോപ്പിള്ളി, എന്‍.വി., ഇടശ്ശേരി, ഓ.എന്‍.വി തുടങ്ങിയവര്‍ ഉദാഹരണം. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ ഈ രണ്ടുദര്‍ശനങ്ങളുടേയും സമന്വയം കാണാം.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളിലെ ദര്‍ശനം
ആത്മീയതയുടെ അനന്തമായ ആകാശത്തില്‍ പാറിനടക്കുന്ന ഒരു മനസ്സാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ക്കാണുക.എന്നാല്‍ ആകാശമാര്‍ഗ്ഗേണ ചരിക്കുമ്പോഴും ആ കവിത മണ്ണില്‍ നിന്നുതന്നെയാണ് തന്‍റെ വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം സംഭരിക്കുന്നത്. ഭൂമിയെ നിഷേധിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തെപ്പുണരുന്ന നിലപാടിനെ അദ്ദേഹം എതിര്‍ക്കുന്നു.ധര്‍മ്മനിയമങ്ങളും വിധിനിഷേധങ്ങളുമെല്ലാം ജീവിതഭദ്രതയ്ക്ക് വേണ്ടിയുള്ളതാവണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
ബന്ധമതല്ലെന്നാകില്‍
വിരചിക്കട്ടേ പുതിയൊരു നിയമം
വിധികളെ വെന്ന നിഷേധം
പഴകിയതെറ്റുകള്‍ മായിക്കട്ടെ.പുതു-
ശരിയുടെ വിധി പുലരട്ടേ
എന്ന് പഴയതെറ്റുകളോട് കലഹിക്കാന്‍ കവിയ്ക്ക് കവിയുന്നത് ഈ ചിന്താഗതികൊണ്ടാണ്. കവിയ്ക്ക് ഭൂമിയോടുള്ള പ്രണയവും ഭൗതികജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രകടമാകുന്ന കവിതകളാണ് ആദമും ദൈവവും, ഉര്‍വ്വശീനൃത്തം, സ്വര്‍ഗ്ഗാരോഹണം എന്നിവ.
ആദമുംദൈവവും
ഭൂമിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള കവിദര്‍ശനം പ്രകടമാകുന്ന കവിതയാണ് څആദമും ദൈവവവും,' വിണ്ണിനേക്കാളും മീതെയാണ് മണ്ണെന്നും മണ്ണിന്‍റെ ഉല്‍കൃഷ്ടതയും അജയ്യതയും ഒക്കെ സ്വര്‍ഗ്ഗത്തിന് സങ്കല്പാതീതമാണെന്നുമൊക്കെയുള്ള കവിയുടെ ദര്‍ശനം ഇവിടെക്കാണാം. അപ്രിയമായതു പ്രവര്‍ത്തിച്ചതിന് ആദത്തെ ഏദനില്‍നിന്ന് അടിച്ചിറക്കിയ ദൈവം തന്നെക്കാളും ശക്തനും അജയ്യനുമായി ആദത്തെക്കാണാനും അവന്‍റെ മുന്നില്‍ താന്‍ എത്ര നിസ്സാരനാണെന്നുമുള്ള തിരിച്ചറിവ് നേടാനും നിര്‍ബന്ധിതനാകുകയാണിവിടെ.
വേദിയില്‍ക്കാണ്‍കേ ചൂളിപ്പോയിതെന്‍ വെന്നിക്കൊടി
തിന്നു നീയറിവിന്‍റെ മധുരക്കനി; ഞാനോ
തിന്നുകയാണിന്നതിന്‍തിക്തമാം പുറന്തൊലി
എന്ന് ദൈവം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടിവരുന്നു. എന്നിട്ടും ആദം എളിമയിലൂടെ തന്‍റെ വളര്‍ച്ച ദൈവത്തിന് വെളിപ്പെടുത്തുകയും ഒരിക്കല്‍ക്കൂടി ദൈവത്തെ തോല്പിക്കുകയുമാണ് ചെയ്യുന്നത്.
അങ്ങേയ്ക്കുശിഷ്ടായുസ്സില്‍ കേവലമനഃശാന്തി"
എന്ന് ദൈവത്തിന് ആശംസനേരത്തക്കവണ്ണം അനശ്വരതയും അജയ്യതയും കൈവരിച്ച മനുഷ്യനായിട്ടാണ് ആദത്തെ കവി അവതരിപ്പിക്കുന്നത്. അവിടെ സ്വര്‍ഗ്ഗത്തെ ജയിക്കുന്ന ആദം സുഖദുഃഖ സമ്മിശ്രമായ ഭൂമിയിലെ ജീവിതമാണ് ഗരീയസ്സി എന്ന് വിശ്വസിച്ച കവിയുടെ കാഴ്ചപ്പാടിന്‍റെ പ്രതിനിധാനമാണ്. കവിയുടെ ത്യാഗഭോഗസന്തുലനത്തിലധിഷ്ഠിതമായ ദര്‍ശനമാണ് ഈകവിതയെ അനുഭൂതിധന്യമാക്കുന്നത്. ഈ ഒരു ദര്‍ശനം രൂപപ്പെടുന്നതില്‍ കാളിദാസകൃതികള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഭൂമിഗീതങ്ങള്‍ എന്ന സമാഹാരത്തിന്‍റെ മുഖവാക്യമായി കവി ഉദ്ധരിച്ചിരിക്കുന്നത് 'അഹോ ഉദഗ്രരമണീയ പ്രിഥിവിچ എന്ന കാളിദാസ വാക്യമാണ്. കവിയ്ക്ക് ഭൂമിയോടുള്ള പ്രണയം ഇതില്‍നിന്നും സ്പ്ഷ്ടമാകുന്നു.തന്‍റെ ജനനിയായ ജന്മഭൂമി സ്വര്‍ഗ്ഗത്തേക്കാള്‍ ഗരീയസ്സിയാണെന്ന് കവി തിരിച്ചറിയുന്നു ഇഹപരസുഖദുഃഖ സന്തുലനത്തിലൂടെ മാത്രമേ പൂര്‍ണ്ണതകൈവരിക്കാനാവൂ എന്നാണ് കവി വിശ്വസിക്കുന്നത്.
ഭൗതികജീവിതത്തെക്കുറിച്ചുള്ള കവിയുടെ ദര്‍ശനമാണ് ഈ കവിതയെ അനുഭൂതിധന്യമാക്കുന്നത്. 'തേനത്യക്തേനഭുഞ്ജീഥാഃچ എന്ന ഉപനിഷല്‍വാചകം കവിചേതനയില്‍ ആഴ്ന്നുകിടക്കുന്നതിനാല്‍ കര്‍മ്മം ചെയ്തുകൊണ്ട് നൂറുവര്‍ഷം ജീവിക്കുവാനിച്ഛിക്കുന്ന തന്‍റെ പൂര്‍വ്വപരമ്പരയിലെ ഋഷിമാരേപ്പോലെ അതിന് ഏറ്റവും ഉചിതമായത് ഭൂമിതന്നെ എന്ന് തിരിച്ചറിയുന്നു.
തപസ്സിനും ത്യാഗത്തിനും ഒപ്പം തന്നെ ഐന്ദ്രിയാനുഭൂതികള്‍ക്കും കവി പ്രാധാന്യം നല്‍കുന്നു.അതായത് ഐഹികസുഖത്തെ നിഷേധിച്ചുകൊണ്ട് സ്വര്‍ഗ്ഗീയസുഖം കെട്ടിപ്പടുക്കാന്‍ കവി തയ്യാറല്ല എന്നര്‍ത്ഥം. ആരണ്യകം എന്ന സമാഹാരത്തിലെ ചരിത്രവല്ലിക്കവിതകള്‍ ഈ ദര്‍ശനത്തെ സാധൂകരിക്കുന്നു. സര്‍വ്വോപകാരക്ഷമമാം ആശ്രമം എന്ന് കവി ഗൃഹസ്ഥാശ്രമധര്‍മ്മത്തെ വാഴ്ത്തുന്നു.
ലൗകികജീവിതത്തോടുള്ള ആഭിമുഖ്യം പാപമാണെന്ന് ഭാരതത്തിലെ ഋഷീശ്വരന്മാരോ കാളിദാസാദി പ്രാചീനകവികളോ കരുതിയിട്ടില്ല.കവിയും അങ്ങനെത്തന്നെയാണ് ചിന്തിക്കുന്നത്. ഭൂമി സ്വര്‍ഗ്ഗത്തേക്കാള്‍ ഗരീയസ്സിയാണ് എന്ന കാളിദാസ ദര്‍ശനം തന്നെയാണ് കവിയ്ക്കുമുള്ളത്. അദ്ദേഹത്തിന്‍റെ ഭൂമിയോടുള്ള അഭിരതി ദര്‍ശനത്തെ വെളിവാക്കുന്നു. ആദമും ദൈവവും എന്ന കവിത
ഉര്‍വ്വശീനൃത്തം
കാളിദാസന്‍റെ ഉര്‍വ്വശിയില്‍നിന്നും അല്പസ്വല്പമാറ്റങ്ങളോടെയാണ് കവി ഈ കവിതയില്‍ ഉര്‍വ്വശിയെ അവതരിപ്പിക്കുന്നത്.വ്യത്യസ്തമായ ഭാവതലങ്ങള്‍ ഈ കവിതയ്ക്കുണ്ട്. പ്രപഞ്ചോല്പത്തി വികാസപരിണാമരംഗങ്ങളെ ഇന്ദ്രനുമുന്നില്‍ നൃത്തരൂപത്തില്‍ ഉര്‍വ്വശി അവതരിപ്പിക്കുന്നതാണ് ഈ കവിതയിലെ വര്‍ണ്ണ്യം.ആദമും ദൈവവും എന്ന കവിതയിലെന്നപോലെ ഒരു ശാപകഥ ഇതിലുമുണ്ട്. ശാപത്തെപ്പോലും വരമാക്കുന്ന കവിയുടെ ധനാത്മകകാഴ്ചപ്പാട് ഈ കവിതയെ വ്യത്യസ്തമാക്കുന്നു.
യിറങ്ങിവരുമ്പൊഴുതോര്‍പ്പേനുണ്ടാ-
മങ്ങൊരു ചിരിതന്‍ തിരിയും കണ്ണീര്‍-
മണിയും പിന്നെപ്പുരുഷോത്തമനും
എന്നതാണ് ഉര്‍വ്വശിയെ സ്വര്‍ഗ്ഗത്തേക്കാള്‍ ഭൂമി സുന്ദരമാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നിഴലും നിലാവും നിറഞ്ഞ പച്ചക്കമ്പളമണിഞ്ഞ ഭൂമിയില്‍ നന്ദനകല്പകപീയൂഷങ്ങള്‍ ഉണ്ടാവില്ലെങ്കിലും തന്നെമാത്രം സ്നേഹിക്കുന്ന ഒരു കാമുകന്‍ ഉണ്ട് എന്ന ചിന്ത അവളെ ഭൂമിയിലേക്ക് ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുന്നു. ശാപം അനുഗ്രഹമായി മാറുന്നു.
സ്വര്‍ഗ്ഗസദസ്സിനുപോലും സ്വര്‍ഗ്ഗീയാനന്ദം പകരുന്ന ഒന്നായിരുന്നു,ഉര്‍വ്വശിയുടെ നൃത്തം. ഈ പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിയും വികാസവും പടിപടിയായി അവതരിപ്പിച്ചുകൊണ്ട് ഒരു തൊഴുകയ്യായി ഇന്ദ്രിയമാറും നിറുകയില്‍ കൂമ്പിയുണര്‍ന്ന മട്ടില്‍ ഉര്‍വ്വശി നിന്നപ്പോള്‍, ആര്യേ നിര്‍ത്തരുത് രതിയുടെ നിത്യനവോജ്ജ്വലസര്‍ഗ്ഗവിലാസം കൂടി ഒന്ന് ആടിക്കാണണമെന്ന് ഇന്ദ്രന്‍ കല്പനയായി.അജാഗരിതാന്ധതമിശ്രം തൊട്ടുള്ള രംഗങ്ങളോരോന്നും ഉര്‍വ്വശിയുടെ അംഗചലനങ്ങളിലൂടെ പുനര്‍ജ്ജനിച്ചു. തേജോമയമായ സ്വര്‍ഗ്ഗകാമന അനന്തനീലിമയുടെ ആഴങ്ങളില്‍ കാലുകുടഞ്ഞും കൈനുണഞ്ഞും ഉണര്‍ന്നത്, ആയിരമാദിത്യന്മാര്‍ ശാപം പോലെ തന്നെച്ചുറ്റിയ വന്ധ്യതയുടെ ശൃംഖല നീള്‍ക്കണ്ണികളെ നിശിതതപസ്സിന്‍റെ ദര്‍ഭാഗ്രംകൊണ്ട് രാകിയറുത്തിട്ടത്, ഇങ്ങനെ വിവിധരംഗങ്ങള്‍ അവിടെ പ്രത്യക്ഷമായി.
പ്രകൃതിയിലുണ്ടായ ആദ്യത്തെ സ്ത്രീപുരുഷന്മാരെ അവതരിപ്പിക്കുമ്പോള്‍ ഉര്‍വ്വശി സ്ത്രീയില്‍ തന്നെയും പുരുഷനില്‍ പണ്ട് തന്നെ അസുരന്മാരില്‍ നിന്നും രക്ഷിച്ച പൂരൂരവസ്സിനേയും ദര്‍ശിക്കുന്നു. ആ പുരുഷോത്തമന്‍റെ ഗന്ധോഷ്മളനിശ്വാസം പ്രാണനില്‍ പതിഞ്ഞപ്പോള്‍ ആ മാറിലേക്ക് തേനില്‍ നനഞ്ഞോരു ഇളംപൂവായി താനേ ചാഞ്ഞു. സ്മൃതിയുടെ ആലക്തികചലനത്തില്‍ പൊടുന്നനെ മനസ്സിന്‍റെ താളംതെറ്റി, ഒപ്പം ചുവടുകളും. ദേവരാജനായ ഇന്ദ്രന്‍റെ പ്രതികരണമെന്താവും എന്നോര്‍ത്ത് ഉര്‍വ്വശി വിറകൊണ്ടു. ഉള്ളിലുണര്‍ന്ന കാമം ഉര്‍വ്വശിയെ ഗ്രസിച്ചു. തൊട്ടുപിറകെ ശാപവും എത്തി. ജരയും നരയും രുജയും മൃതിയും ചേര്‍ന്ന ഭൂമിയില്‍ വന്നു പിറക്കുക. എന്നാല്‍ ഈ ശാപം ഇവളെ അലട്ടിയതേയില്ല. നഷ്ടസ്വര്‍ഗ്ഗത്തെപ്പറ്റി ഒട്ടും അവള്‍ ആകുലപ്പെട്ടതുമില്ല.
പൂരൂരവസ്സിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഉര്‍വ്വശി യഥാര്‍ത്ഥത്തില്‍ ഭൂമിയിലേക്കിറങ്ങിവരുന്ന സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമാണ്. സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കുമുള്ള പരസ്പരപ്രണയത്തിന്‍റെ കഥ കൂടിയാണ് ഉര്‍വ്വശിയുടേയും പുരൂരവസ്സിന്‍റേയും പ്രണയം. അതോടൊപ്പം ഭൂമിയോടുള്ള കവിയുടെ ഒടുങ്ങാത്ത അഭിവാഞ്ചയുടേയും. കാളിദാസനേപ്പോലെ വിഷ്ണുനാരായണന്‍ നമ്പൂതിരിയും സ്നേഹത്തിന്‍റെ അചഞ്ചലതയേയും അജയ്യതയേയും വാഴ്ത്തിപ്പാടുന്നു. ലൗകികജീവിത്തിന് അതിന്‍റേതായ പ്രാധാന്യമുണ്ടെന്നും അത് നിഷേധിക്കപ്പെടേണ്ടതല്ലെന്നും ഊന്നിപ്പറയുന്ന കവിതയാണ് ഉര്‍വ്വശീനൃത്തം.
സ്വര്‍ഗ്ഗാരോഹണം
ഇതേ വകുപ്പില്‍പ്പെടുത്താവുന്ന മറ്റൊരുകവിതയാണ് സ്വര്‍ഗ്ഗാരോഹണം. നിഷാദന്‍റെ അമ്പേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ഭഗവാന്‍പോലും ഒരു ഘട്ടത്തില്‍ സ്വര്‍ഗ്ഗത്തിലെ ജീവിതം വിരസമാണെന്ന് തുറന്ന് പറയുന്നു. വിളറിയ വിസ്മയമെന്നാണ് ഋഷിമാര്‍ പണ്ട് നാകമെന്ന് വിശേഷിപ്പിച്ച ആ സ്വര്‍ഗ്ഗത്തെ ശ്രീകൃഷ്ണന്‍ വിശേഷിപ്പിക്കുന്നത്. രാപ്പകലുകളും കുളിരും ചൂടും അശാന്തികളുമൊന്നുമിവിടെയില്ല. പക്ഷേ അവിടെ മറ്റൊരുകുറവുണ്ട്., മനുഷ്യന്‍റെ
മഹിയിലേക്കുതന്നെ ഞാന്‍
വിരസമല്ലീനാകവും
മനുജനെന്നിയേ തുലോം
എന്നുള്ള കൃഷ്ണന്‍റെ വാക്കുകളില്‍, താന്‍ ഏറെക്കാലം ചെലവഴിച്ച ഭൂമിയിലെ ജീവിതം തന്നെയാണ് സുഖകരം എന്നുള്ള വികാരമാണ് തെളിയുന്നത്. ദുഃഖങ്ങളും വേദനകളും നിറഞ്ഞ, അപൂര്‍ണ്ണമായ ഐഹികജീവിതം തന്നെയാണ് സ്വര്‍ഗ്ഗത്തേക്കാള്‍ ഭഗവാന്‍ വിലമതിക്കുന്നത്. നിറം കെട്ട സ്വര്‍ഗ്ഗത്തേക്കാള്‍ ഏഴുനിറങ്ങളും വിടര്‍ന്നുനില്‍ക്കുന്ന ഭൂമിതന്നെ ഗരീയസ്സി. എന്തുകൊണ്ടാണ് സുഖം മാത്രമുള്ള സ്വര്‍ഗ്ഗത്തോട് വിരക്തി വരുന്നത്? ദുഃഖത്തിന്‍റെ കേദാരമായ ഭൂമി പ്രിയതരമാകുന്നത്? മനുഷ്യനില്ലാത്ത സ്വര്‍ഗ്ഗത്തേക്കുറിച്ച് ഓര്‍ക്കാന്‍ കൂടിസാധിക്കാത്തത്? അത് മനുഷ്യന്‍ പരിപൂര്‍ണ്ണനായതുകൊണ്ടല്ല, മറിച്ച്
ഇണയൊടൊത്ത് ഗദ്ഗദം പകരുമാറുയര്‍ന്നവന്‍
അപരനായി നെഞ്ചിടര്‍ന്നലഘുപുണ്യമാര്‍ന്നവന്‍
എവിടെ നിത്യസത്യധര്‍മ്മപഥിക വിശ്വമാനവന്‍
അവിടെ വസിക്കാനാണ് തനിക്കിഷ്ടം എന്നാണ് ഭഗവാന്‍റെ കാഴ്ചപ്പാട്. കൃഷ്ണന്‍റെ വാക്കുകളിലും തെളിയുന്നത് കവിയില്‍ നിലീനമായിട്ടുള്ള കാളിദാസദത്തമായിട്ടുള്ള ഭൂമിയോടുള്ള പ്രണയം തന്നെയാണ്. ഭൂമിയോടുള്ള അഗാധമായ ഇഷ്ടം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളുടെ സവിശേഷതയാണ്. ഹരിതാഭമായ പ്രകൃതി അദ്ദേഹത്തിന്‍റെ ചിന്തകളെ എന്നും ഉദ്ദീപിപ്പിച്ചിരുന്നു.
ആത്മീയവും ഭൗതികവുമായ ചിന്താധാരകളുടെ സമന്വയമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളും ദര്‍ശനവും. തന്‍റെ പൈതൃകത്തോടും ആശയാവലികളോടും തികഞ്ഞപ്രതിബദ്ധത പുലര്‍ത്തിയിരുന്ന കവി തത്വചിന്താപരമായ ഒരു ലോകത്തിലാണ് ജീവിച്ചത്. എന്നാല്‍ ആത്മീയതയുടെ മഹോന്നതങ്ങളില്‍ വിരാജിക്കുമ്പോഴും ലൗകികജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ അദ്ദേഹം തമസ്കരിച്ചില്ല ത്യാഗവുംഭോഗവും ഇഴയടുപ്പത്തോടെ വര്‍ത്തിക്കുന്ന ഭൂമിയിലെ ജീവിതമാണ് അഭികാമ്യം എന്നദ്ദേഹം വിശ്വസിച്ചു. അവിടെ ദുഃഖമുണ്ടാകാം,വേദനയുണ്ടാകാം,അപൂര്‍ണ്ണതയുണ്ടാകാം. എന്നിരിക്കിലും നിറംകെട്ട സ്വര്‍ഗ്ഗത്തേക്കാള്‍ വര്‍ണ്ണാഭമായ ഭൂമിതന്നെയാണ് എന്തുകൊണ്ടും ശ്രേഷ്ഠം എന്ന കവിദര്‍ശനത്തിനുദാഹരണമാണ് മുകളില്‍ വിശദീകരിച്ച കവിതകള്‍.
ഗ്രന്ഥസൂചി:
ഉണ്ണികൃഷ്ണന്‍നായര്‍ വി., (1964) കാളിദാസഹൃദയം,കോഴിക്കോട്: മാതൃഭൂമി പ്രിന്‍റിങ് & പബ്ലിഷിങ് കമ്പനി.
കുമാരനാശാന്‍ എന്‍. (1975) ആശാന്‍റെ പദ്യകൃതികള്‍, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍.
നമ്പൂതിരി കെ.ആര്‍., (1974) എന്‍റെ വൈദികസാഹിത്യസമന്വയം, വള്ളത്തോള്‍ സമിതി, ഷൊര്‍ണ്ണൂര്‍.
പരമേശ്വരയ്യര്‍ ഉള്ളൂര്‍, (1977) ഉള്ളൂരിന്‍റെ പദ്യകൃതികള്‍ 1ാംഭാഗം, കോട്ടയം: സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍.
രാധാകൃഷ്ണന്‍ എസ്.ഡോ., (1966) ഭാരതീയദര്‍ശനം ഭാഗം 1, നാരായണന്‍ നമ്പീശന്‍ ടി(വിവ.), കോഴിക്കോട്: മാതൃഭൂമി പ്രിന്‍റിങ് & പബ്ലിഷിങ് കമ്പനി.
ലീലാവതി എം.ഡോ., (1985) കവിതാധ്വനി, കോട്ടയം: സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍.
ലീലാവതി എം.ഡോ., (1989) വര്‍ണ്ണരാജി, കോട്ടയം: സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍.
വിഷ്ണുനാരായണന്‍ നമ്പൂതിരി, (2012) വൈഷ്ണവം, കോഴിക്കോട്: മാതൃഭൂമി പ്രിന്‍റിങ് & പബ്ലിഷിങ് കമ്പനി.