Linguistic perspectives of Saussure and A R Rajarajavarma
Prof. M Sreenathan
Saussure and A R Rajarajavarma were contemporaries who studied languages in different countries. So far no one has attempted to compare Saussure, who is known as the father of modern linguistics, and AR Rajarajavarma, who was a Malayalam grammarian. Although they did not know each other during their lifetime, this is the first study to investigate whether there was anything similar in their language studies, especially in terms of linguistic perspective or approaches to linguistic study. Present study clearly display the prominence of diachronic approach, taken the examples mixed from speech and scripted texts, favored by Rajarajavarma is no less than the celebrated synchronic approach projected by Saussure based on grammaticalisation, diachronic phonology and diachronic syntax. Considering the criticism that Saussure received from later scholars, starting with Roman Jacobsen, one has to admit that AR’s positions are more scientific in the academic context of that time and especially in the context of grammar studies. If AR is approached with more caution and without the prejudgment of Western structural linguistics, it becomes clear that AR is a linguist worth considering alongside or even more than Saussure.
Keywords: A R Rajarajavarma, Ferdinad De Saussure, Synchronic, Diachronic, Grammar, Inducation, Deduction, Malayalam, Grammaticalization.
References:
Blevins J. (2004). Evolutionary phonology: The emergence of sound patterns. Cambridge: Cambridge University Press
Gopinathapilla, N R .(1986). Malayalavyakaranasidhanthangal. Bhashasahiti. October December Book 10 Issue 4
Greenberg JH. (1963). Some universals of grammar with particular reference to the order of meaningful elements. In Universals of Language, ed. JH Greenberg. Cambridge, MA: MIT Press, 73–112
Joseph H. Greenberg. (1996). Synchronic and Diachronic Universals in Phonology. Language. Apr. - Jun.Vol. 42. No. 2 pp. 508-517.Linguistic Society of America
Kiparsky P. (2008). Universals constrain change; change results in typological generalizations. In Linguistic Universals and Language Change, ed. J Good. Oxford: Oxford University Press, 23–53
Kuteva, Tania, and Bernd Heine. (2008). On the explanatory value of grammaticalization. In Linguistic universals and language change. Edited by Jeff Good, 215–230. Oxford and New York: Oxford Univ. Press.
Namboothiri, E V N. (1977). Kerala Panineeyavum Adhunika Bhashasastravum. Bhashasahiti. April June, Book 1 Issue 2
Prabhakaravarrier, K M. (1994). Kerala Paniniyude Vyakarana Sangalpam. Bhashasahiti. April June Book 18 Issue 2
Shanmugam, S V. (2012). Keralapanineeyathile Vyakarana Sidhanatham: Kerala Panineeya Peetikapadanam Bhashasastra Veekshanathil in Sreenathan M, Saidalavi, C .2017, Kerala Paniniya Vijnanam II (ed), Tirur: Tunchath Ezhuthachan Malayalam University
Srinathan M, Saidalavi, C .(2017), Kerala Paniniya Vijnanam II (ed), Tirur: Tunchath Ezhuthachan Malayalam University
Stephen R. Anderson. (2016). Synchronic vs. Diachronic Explanation and the Nature of the Language Faculty. Annual Review of Linguistcs. Vol 2. Issue . pp 11-31
ഭാഷാവീക്ഷണം സസ്യുറിലും ഏ ആറിലും
പ്രൊഫ. എം ശ്രീനാഥന്‍
സമകാലികരായി വ്യത്യസ്ത ദേശങ്ങളില്‍ ഭാഷാപഠനം നടത്തിയവരായിരുന്നു സസ്യൂറും ഏ ആറും. ആധുനിക ഭാഷാശാസ്ത്രത്തിന്‍റെ പിതാവായറിയപ്പെടുന്ന സസ്യൂറിനെയും മലയാളവൈയാകരണനായിരുന്ന ഏ ആറിനെയും താരതമ്യം ചെയ്യാന്‍ ആരും ഇതുവരെ ശ്രമിച്ചിട്ടില്ല. ജീവിച്ചിരുന്ന കാലത്ത് തമ്മില്‍ പരിചയമില്ലായിരുന്നുവെങ്കിലും ഇരുവരുടെയും ഭാഷാപഠനങ്ങളില്‍, സവിശേഷമായി ഭാഷാദര്‍ശനത്തിലോ പഠനസമീപനത്തിലോ, സമാനമായതെന്തെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചറിയുന്ന ആദ്യ പഠനമാണിത്. സസ്യുറിന്‍റെ ഏകകാലികപഠനരീതിക്കാണ് ഭാഷാശാസ്ത്ര വൃത്തങ്ങളില്‍ മുന്‍തൂക്കം ലഭിച്ചതെങ്കിലും ഏ ആര്‍ മുന്നോട്ടുവച്ച ആഗമിക സമീപനം ആധുനികകാലത്തും പ്രസക്തമാണെന്ന് ഈ പഠനം വിലയിരുത്തുന്നു.
താക്കോല്‍ വാക്കുകള്‍: ഏ ആര്‍ രാജരാജവര്‍മ, ഫെര്‍ഡിനന്‍റ് ഡി സസ്യൂര്‍, ഏകകാലികം, ബഹുകാലികം, വ്യാകരണം, ആഗമികം, ആഭ്യൂഹികം, മലയാളവ്യാകരണം
സസ്യുറും ഏ ആറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യം പ്രത്യക്ഷത്തില്‍ അപ്രസക്തമാണ്. ഇരു ദേശങ്ങളില്‍ വസിച്ച ഇവര്‍ ഒരേകാലത്തു ഭാഷാപഠനം നടത്തിയെന്നതൊഴിച്ചാല്‍ ഘടനവാദത്തിന്‍റെ സ്ഥാപകനും കേരളപാണിനീയ കര്‍ത്താവും താരതമ്യത്തിനപ്പുറമാണ് എന്ന വിശ്വാസംകൊണ്ടാകാം ഇതുവരെ ആരും അത്തരമൊരു സാഹസത്തിനു മുതിരാതിരുന്നത്. ആധുനിക ഭാഷാശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്ന സസ്യുറും മലയാള വൈയാകരണനായ ഏ ആറും തമ്മില്‍ പ്രത്യക്ഷത്തില്‍ ഭാഷാപഠിതാക്കള്‍ എന്ന നിലയിലല്ലാതെ മറ്റെന്തു സാമ്യമാണുള്ളതെന്ന സംശയം സ്വാഭാവികമാണ്. പാശ്ചാത്യ പൗരസ്ത്യ പ്രതിനിധികളായ ഇവര്‍ സമകാലികരും ഭാഷാപഠിതാക്കളുമായിരുന്നുവെന്നതാണ് താരതമ്യത്തിന് അടിസ്ഥാനം. ഇരുവരുടെയും ഭാഷാവീക്ഷണത്തിലും പഠനസമീപനത്തിലും ഏതെങ്കിലും തരത്തിലുള്ള പാരമ്പര്യതുടര്‍ച്ചയോ വിച്ഛേദമോ കാണാനാകുന്നുണ്ടോ എന്നും സാമ്യതയോ ഭിന്നതയോ പങ്കിടുന്നുണ്ടോ എന്നും പരിശോധിച്ചറിയുകയാണ് ഈ പ്രബന്ധത്തിന്‍റെ ഉദ്ദേശ്യം.
സസ്യുറും ഏ ആറും ഭാഷാപഠിതാക്കള്‍ ആയിരുന്നുവെന്നതില്‍ സംശയത്തിനു വകയില്ല. എന്നാല്‍ എന്തുതരം ഭാഷാപഠനമാണ് ഇരുവരും നടത്തിയതെന്ന അലോചനയില്‍ സമീപന ഭിന്നത പ്രകടമാണ്. സ്വിസ് ഭാഷാശാസ്ത്രജ്ഞനായിരുന്ന സസ്യുര്‍ ചിഹ്നവിജ്ഞാനി എന്ന നിലയിലും തത്വചിന്തകന്‍ എന്ന നിലയിലും ഏറെ പ്രശസ്തനാണ്. ബഹുവിഷയങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ലോക പ്രശസ്തന്‍. ആഗോളീയ സ്ഥാനമൊന്നും ഏ ആറിന് ഇതുവരെയും കല്പിച്ചുകിട്ടിയിട്ടില്ലെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഭാഷാസാഹിത്യ സാര്‍വഭൗമനും ഭാഷയുടെ ആസൂത്രിതവികസനരംഗത്തു നിര്‍ണായക സംഭാവന നല്‍കിയ പണ്ഡിതനുമാണ് ഏ.ആര്‍. ഭാഷയെ സംബന്ധിച്ചുള്ള സാര്‍വലൗകിക വീക്ഷണം സസ്യുര്‍ പങ്കിടുമ്പോള്‍ മലയാളഭാഷാവീക്ഷണമാണ് ഏ ആറിന് അവകാശപ്പെടാനുള്ളത്. എങ്കിലും ഇരുവരുടെയും ഭാഷാപഠനസമീപനങ്ങളിലെ ഭിന്നതയും സാമ്യതയും പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്.
സസ്യൂറും ഏ ആറും (1863-1918) പശ്ചാത്തല പരിശോധന
സസ്യൂര്‍ (1857-1913)
ജനനംകൊണ്ട് സസ്യുറിനു ഏ ആറിനെക്കാള്‍ ആറുവയസ്സ് മൂപ്പുണ്ട് . സസ്യുര്‍ 56 വയസ് വരെയും ഏ ആര്‍ 55 വയസ് വരെയും ജീവിച്ചിരുന്നു. സസ്യുര്‍ നിര്യാതനായി അഞ്ചുവര്‍ഷം കഴിഞ്ഞായിരുന്നു ഏ ആറിന്‍റെ വിയോഗം. ഇരുവരുടെയും പഠന പശ്ചാത്തലത്തിലും ചില സാമ്യത കാണാം. ഭാഷാപഠിതാവായ സസ്യൂര്‍ സൈദ്ധാന്തികന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. അദ്ദേഹത്തിന് സംസ്കൃതപരിചയം, ചരിത്രാത്മക-താരതമ്യഭാഷാപഠനപരിചയം, നവവൈയാകരണ ശിക്ഷണം എന്നിവ ലഭിച്ചിരുന്നു. അക്കാലത്തെ യൂറോപ്യന്‍ ഭാഷാപഠന പശ്ചാത്തലവും സംസ്കൃത പഠനവും സസ്യുറിനെ ഏറെ സ്വാധീനിച്ചിരുന്നുവെന്നത് അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യക്തമാണ്. പ്രധാനമായി രണ്ട് പ്രസിദ്ധീകരണങ്ങളാണ് സസ്യുറിന്‍റെതായി പുറത്തുവന്നിട്ടുള്ളത് (18781, 18812). മൂന്നാമത്തെതാണ് (1916)3 ഏറെ പ്രശസ്തമായത്. 1906 മുതല്‍ 1911 വരെയുള്ള കാലങ്ങളില്‍ ജനീവ സര്‍വകലാശാലയില്‍ പഠിപ്പിച്ചിരുന്ന കാലത്തെ ക്ലാസ് നോട്ടുകള്‍ സമാഹരിച്ച് ശിഷ്യര്‍ അദ്ദേഹത്തിന്‍റെ മരണശേഷം പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. വേഡ് ബാസ്കിന്‍ 1959 ല്‍ ഇംഗ്ലീഷിലേക്കു ഈ കൃതി വിവര്‍ത്തനം നടത്തിയതിനുശേഷമാണ് സസ്യൂറിന്‍റെ പ്രചാരം വര്‍ദ്ധിച്ചത്. 1989 ല്‍ റോയ് ഹാരീസും ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തിയിട്ടുണ്ട്.
ഏ ആര്‍ രാജരാജവര്‍മ്മ (1863-1918)
സസ്യുറിനെക്കാള്‍ ആറു വയസ്സ് ഇളയതായ ഏ.ആര്‍ ആയുര്‍ ദൈര്‍ഘ്യത്തില്‍ സസ്യൂറിനെക്കാള്‍ ഒരു വര്‍ഷം പിറകിലാണ്. ഭാഷാശാസ്ത്ര സൈദ്ധാന്തികപട്ടം കല്പിച്ചുകൊടുത്തില്ലെങ്കിലും ഏ ആര്‍ രാജരാജവര്‍മ്മയും സസ്യുറുമായി ചില പശ്ചാത്തല സമാനതകള്‍ നിലനിറുത്തുന്നുണ്ട്. ഇരുവരും അധ്യാപകരായിരുന്നു. സംസ്കൃതപരിചയം ഇരുവര്‍ക്കുമുണ്ടായിരുന്നു. യുറോപ്പിലല്ല ജീവിച്ചതെങ്കിലും കാല്‍ഡ്വെല്‍, ഹെര്‍മന്‍ഗുണ്ടര്‍ട് തുടങ്ങിയവരുടെ പഠനങ്ങളിലൂടെ ചരിത്രാത്മക-താരതമ്യ ഭാഷാപഠനപരിചയം ഏ ആറും നേടിയിരുന്നു. വൈയാകരണന്‍, വിവര്‍ത്തകന്‍, ഭാഷാസൂത്രകന്‍ എന്നീ നിലകളാണ് സസ്യുറില്‍നിന്നും ഭിന്നമായ സവിശേഷവ്യക്തിത്വമാക്കി ഏ ആറിനെ മാറ്റുന്നത്. രചനയുടെ കാര്യത്തില്‍ സസ്യുറിനെക്കാള്‍ ഏറെ മുന്നിലാണ് ഏ ആര്‍. 33 മലയാളകൃതികള്‍, 66 ലേഖനങ്ങളും അവതാരികകളും, 15 സംസ്കൃതരചനകള്‍ എന്നിവയുള്‍പ്പെടെ ആ പട്ടിക ഏറെ നീളുന്നു. അക്കൂട്ടത്തില്‍ കേരളപാണിനീയം (1896), കേരള പാണിനീയം (1917), ഭാഷാഭൂഷണം (1902), വൃത്തമഞ്ജരി (1907), ശബ്ദശോധിനി (1908), സാഹിത്യസാഹ്യം (1911) തുടങ്ങിയവ മലയാളഭാഷാസൂത്രണത്തിന്‍റെ ആരൂഢനിര്‍മിതികളായും കണക്കാക്കുന്നു.
സസ്യുറിന്‍റെയും ഏ ആറിന്‍റെയും ഭാഷാവീക്ഷണം
തത്വചിന്താപരവും നിര്‍ദ്ദേശാത്മകവും ചരിത്രാത്മകവും താരതമ്യാത്മകവുമായ ഭാഷാപഠനമായിരുന്നു സസ്യുറിന് മുമ്പ് പാശ്ചാത്യര്‍ക്കിടയില്‍ പരിചിതമായിരുന്നത്. സസ്യുര്‍ പരിശീലിച്ചതും ഇതേ പഠനമുറകള്‍തന്നെയായിരുന്നുവെങ്കിലും ആര്‍ജിച്ച സംസ്കൃതപരിചയവും ശാസ്ത്രപശ്ചാത്തലവും പാരമ്പര്യ വിച്ഛേദത്തിനു സമ്മര്‍ദ്ദമേകി. യൂറോപ്പില്‍ പരമ്പരാഗതമായി അക്കാലത്തു നിലനിന്ന ഭാഷാപഠനസംസ്കാരം ലിഖിതഭാഷയില്‍ അധിഷ്ഠിതമായിരുന്നു. ലിപിബാഹ്യഭാഷകളെ അത് പരിഗണിച്ചിരുന്നില്ല. ഭാഷാപഠനത്തിലും സമീപനത്തിലും ദൃഢമായിരുന്ന ലീപിനിഷ്ഠസമീപനത്തെ ഒരു പരിമിതിയായി തിരിച്ചറിയാന്‍ സസ്യുറിനെ പ്രാപ്തമാക്കിയത് യൂറോപ്പില്‍ നിലനിന്ന ശാസ്ത്രചിന്തയും ഭാഷാപഠനവും തമ്മിലുള്ള ദൃഢബന്ധമാണ്. ഭാഷകള്‍തമ്മില്‍ താരതമ്യപ്പെടുത്തി സമാനതകളുടെ അടിസ്ഥാനത്തില്‍ അടുപ്പം നിശ്ചയിച്ചു പൂര്‍വഭാഷാപുനഃസൃഷ്ടിയിലൂടെ കുടുംബവൃക്ഷം നിര്‍ണയിച്ചെടുക്കുന്ന രീതിയും ഭാഷകളുടെ കാലാന്തരത്തിലുള്ള പരിണാമം നിരീക്ഷിച്ചറിഞ്ഞു വിവരിക്കുന്ന ചരിത്രാത്മകരീതിയും അക്കാലത്തെ ശാസ്ത്രചിന്തയുടെ സ്വാധീനംകൊണ്ടു രൂപംകൊണ്ടതാണ്. Organize change with time, Common descent, Gradualism എന്നിവയായിരുന്നു അക്കാലത്തെ ശാസ്ത്രപ്രമേയങ്ങള്‍. ചാള്‍സ്ഡാര്‍വിന്‍റെ പരിണാമ ചിന്തയിലെ ഈ അടിസ്ഥാനാശയങ്ങള്‍ താരതമ്യാത്മക-ചരിത്രാത്മക ഭാഷാപഠനത്തെ രൂപപെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശാസ്ത്രത്തിന് കൈവന്ന സൂക്ഷ്മത സമാന്തരമായി സസ്യുറിനെയും സ്വാധീനിച്ചിരുന്നുവെന്ന് മനസിലാക്കാം. ശാസ്ത്രവും ഭാഷാപഠനവും തമ്മിലുള്ളബന്ധം അറിഞ്ഞുകൊണ്ടേ സസ്യുറിന്‍റെ ഭാഷാവീക്ഷണം മനസിലാക്കാനാവൂ. സസ്യുറിനെയും ഏ ആറിനെയും രൂപപ്പെടുത്തിയ അടിസ്ഥാനചിന്തകളെ മനസിലാക്കി, അവര്‍ ഭാഷാപഠനത്തില്‍ ശാസ്ത്രീയതയെ ഉള്‍കൊണ്ടതെങ്ങനെയെന്നു വിവരിക്കാനായി പഠനവസ്തു, ശാസ്ത്രീയത, ഘടന, ഭാഷാപഠനസമീപനം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള താരതമ്യത്തിനാണ് ഈ പഠനം പ്രാധാന്യം നല്‍കിയിരിക്കുന്നത്.
പഠനവസ്തു (Object of study)
ഭാഷാശാസ്ത്രത്തിനു ഇതര ശാസ്ത്രത്തെ പോലെ കൃത്യമായ പഠനവസ്തു ഇല്ലെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് സസ്യുര്‍ പഠനവസ്തു നിശ്ചയിച്ചത്. ലിഖിതഭാഷയെ ഭാഷയെന്ന യാഥാര്‍ഥ്യമായി കാണാനോ പഠനവസ്തുവായി പരിഗണിക്കാനോ സസ്യുര്‍ തയ്യാറായില്ല. പകരം ഭാഷയെന്ന പ്രതിഭാസത്തെ മനസിലാക്കി അതിനെ ഇരുതലങ്ങളില്‍ നിര്‍ണയിച്ചെടുക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനായി ഭാഷയെ ഒരു അമൂര്‍ത്തഘടനയായി കണ്ട് അതിന്‍റെ പ്രവര്‍ത്തന സവിശേഷതകള്‍ അദ്ദേഹം അനാവരണംചെയ്തു. ഭാഷയെന്ന പ്രതിഭാസത്തിന് പരസ്പരപൂരകവും പരസ്പരാശ്രിതവുമായ രണ്ടു വശങ്ങളുണ്ട്. ഭാഷയ്ക്ക് ഒരേസമയം വൈയക്തികവും സാമൂഹികവുമായ തലങ്ങളുണ്ട് .അവയില്‍ ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കുക വിഷമമാണ്. ഭാഷ ചരിത്രോല്‍പ്പന്നവും വര്‍ത്തമാനകാലത്തെ ഒരു വ്യവസ്ഥയുമാണ്. ലാങ് ഭാഷണത്തിന്‍റെ അമൂര്‍ത്തവും അദൃശ്യവുമായ തലമായും പരോള്‍ അതിന്‍റെ പ്രത്യക്ഷതലമായും സസ്യൂര്‍ വീക്ഷിച്ചു. ചിഹ്നങ്ങളുടെ സാമുഹ്യതയാണ് ലാങ്. വ്യക്തിഭാഷയാണ് പരോള്‍. ലാങ് സാമൂഹികമാണ് വ്യാകരണവ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ ലാങ്ങിന് പ്രാധാന്യം നല്‍കി ഘടനയെയാണ് പഠനവിധേയമാക്കേണ്ടത് എന്ന് സസ്യൂര്‍ നിശ്ചയിച്ചു. ഭാഷയെ ചിഹ്നവ്യവസ്ഥയായും ഭാഷകസമൂഹത്തിന്‍റെ ഉല്‍പ്പന്നമായ സാമൂഹ്യ പ്രതിഭാസമായും വീക്ഷിച്ചു. ഒരു ഭാഷാസമൂഹം നിരന്തരമായ ഭാഷോപയോഗത്തിലൂടെ ആര്‍ജിക്കുന്ന സഞ്ചിതാനുഭവമാണ് ഭാഷാസംസ്കാരം. എല്ലാവ്യക്തികളുടെയും തലച്ചോറില്‍ കുടികൊള്ളുന്ന ഭാഷാധാരണകളുടെ സമുച്ചയമാണിത്. വ്യാകരണവ്യവസ്ഥയെന്ന നിലയില്‍ ഭാഷാപഠനത്തെ ലാങ് എന്ന വ്യവസ്ഥയുടെ പഠനമാക്കി മാറ്റുകയായിരുന്നു സസ്യൂര്‍.
ഭാഷയെ ചിഹ്നവ്യവസ്ഥയായിക്കണ്ട് പദത്തെ ബാഹ്യരൂപമായ ശാബ്ദികബിംബവും ആശയസങ്കല്പവും ചേര്‍ന്ന സൂചക സൂചിത ബന്ധവ്യവസ്ഥയായി നിര്‍വചിച്ചു. ഭാഷണരൂപത്തെ പ്രാഥമികമായും ലിഖിത രൂപത്തെ ദ്വിതീയമായും കണ്ടു. സൂചക സുചിതബന്ധം ആരോപിതമാണ്. സമ്പ്രദായികവും ദേശാചാരവുമാണ്. ഓരോചിഹ്നത്തിനും ചിഹ്നവ്യവസ്ഥയിലെ സ്ഥാനമനുസരിച്ചും മറ്റുള്ള ചിഹ്നങ്ങളുമായുള്ള ബന്ധമനുസരിച്ചുമാണ് മൂല്യം കൈവരുന്നത.് ചിഹ്നബന്ധത്തെ വിന്യാസാത്മകവും ഗണാത്മകവുമായും ഭാഷാപഠന സമീപനത്തെ ഏകകാലികമായും ബഹുകാലികമായും വ്യതിരിക്തമായി തിരിച്ചറിഞ്ഞു. സസ്യുര്‍ നിര്‍വചിച്ച എല്ലാ സൈദ്ധാന്തിക ഘടകങ്ങളെയും ഇവിടെ വിവരിക്കുന്നില്ല. ഭാഷാശാസ്ത്രത്തിന്‍റെ പഠനവസ്തു എന്താണെന്നു തീരുമാനിച്ച് ഭാഷാപഠനത്തെ ശാസ്ത്രീയവത്കരിക്കാന്‍ ഏകകാലികമാക്കി. ഭാഷയും ഭാഷണവും സാമൂഹികവും ചരിത്രാത്മകവുമാണെന്ന യാഥാര്‍ഥ്യം സസ്യുര്‍ നിഷേധിക്കുന്നില്ല. ഭാഷാപഠനം ഏകകാലികവും ബഹുകാലികവുമായി നടത്താവുന്നതാണെങ്കിലും ഇവതമ്മില്‍ കലരരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു സസ്യൂറിന്. ഭാഷാപഠനം ഏകകലികമായിരിക്കണമെന്നും സസ്യുര്‍ വാദിച്ചിട്ടുണ്ട്. സൈദ്ധാന്തികമായ ഈ നിലപാട് സ്വീകരിച്ചുകൊണ്ട് ഭാഷാപഠനത്തിനു ഏകകാലിക മുഖം ശാസ്ത്രീയമായി അവതരിപ്പിച്ചു. ലാങ്ങിനെ പൂര്‍ണവ്യവസ്ഥയായി കണ്ട സസ്യൂര്‍ നിയത സ്ഥിതി വ്യാകരണം നിര്‍ണയിക്കുവാനാണ് ശ്രമിച്ചത്. പഠനവസ്തുവായി ഘടന നിര്‍ണയിച്ചതോടെ ശാസ്ത്രീയത കൈവന്നുവെന്നാണ് സസ്യുര്‍ വിശ്വസിച്ചത്. ശാസ്ത്രീയമായ ഒരു അമൂര്‍ത്തവത്കരണത്തിലേക്കുള്ള വ്യവസ്ഥാപഠനമാക്കിചുരുക്കുകയാണ് സസ്യുര്‍ ചെയ്തതെന്നു പല വിമര്‍ശങ്ങളും പിിറപകാലത്തുണ്ടായി.വാക്കും വസ്തുവും തമ്മിലുള്ള യാഥാര്‍ഥ്യ ബന്ധമല്ല മറിച്ചു ഭാഷയാഥാര്‍ഥ്യത്തെ കുറിച്ചാണ് സസ്യുര്‍ പറഞ്ഞത്. ഭാഷണത്തെയും ഭാഷയെയും വ്യത്യസ്തമായി മനസിലാക്കുകയും വൈയക്തികവും സാമൂഹികവുമായ തലങ്ങളില്‍ സാമൂഹികമായ ലാങ്ങിനു മുന്‍ഗണന നല്‍കുകയും ചെയ്തു.
ഏ ആര്‍ ഒരു സൈദ്ധാന്തിക ഭാഷാശാസ്ത്രജ്ഞനല്ല. സാര്‍വ്വഭാഷിക യാഥാര്‍ഥ്യത്തെ കുറിച്ചല്ല ഏ ആര്‍ പഠനം നടത്തിയത്. കൃത്യമായ ഒരു ഭാഷയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഭാരതീയ ഭാഷാപഠന പാരമ്പര്യത്തില്‍ നിലനിന്ന ലിഖിതഭാഷാ കേന്ദ്രീതമായ നിലപാടാണ് മുഖ്യമായി സ്വീകരിച്ചത്. എന്നാല്‍ പാരമ്പര്യത്തോടൊപ്പം വാമൊഴിഭേദങ്ങളെയും ലിഖിതവ്യവഹാര രൂപങ്ങളെയും പഠനവസ്തുവായിക്കണ്ടു. സംസ്കൃതപാരമ്പര്യം ഉള്‍കൊള്ളുമ്പോള്‍ത്തന്നെ സംസ്കൃതഭാഷ മാറ്റങ്ങള്‍ക്കുവിധേയമല്ല എന്ന വരേണ്യബോധത്തെയും ഇതരഭാഷകള്‍ അപഭ്രംശങ്ങളായ ഭാഷാഭേദങ്ങളാണെന്ന മനോഭാവത്തെയും അദ്ദേഹം പിന്താങ്ങിയില്ല. മലയാളഭാഷയുടെ ദ്രാവിഡ വഴിയറിഞ്ഞു സ്വത്വപരിണാമത്തെ തെളിയിച്ചെടുത്ത ഏ.ആര്‍ അതിനുള്ള ആരൂഢനിര്‍മിതിയായി വ്യാകരണരചന നടത്തി. ഇതാകട്ടെ അക്കാലത്തു പ്രചാരം നേടിയിരുന്ന സംസ്കൃത ദ്രാവിഡ പാശ്ചാത്യ പഠനരീതികളെ സ്വാംശീകരിച്ചെടുത്തുകൊണ്ടായിരുന്നു.
സസ്യുറിന്‍റെ മുന്നില്‍ ലിപിബാഹ്യമായ ഭാഷകളുള്‍പ്പടെയുള്ള ഭാഷാപ്രതിഭാസം വിഷയമായപ്പോള്‍ സ്വഭാഷാസ്വത്വമായിരുന്നു ഏ.ആറിനു മുന്‍ഗണന. ആരൂഢനിര്‍മിതിയിലുടെ ഭാഷാസ്വത്വം സാക്ഷാത്കരിക്കാനുള്ള ഭാഷാസൂത്രകനായി മാറാനാണ് ഏ ആര്‍ ശ്രമിച്ചത്.
ഘടന (structure)
ആധുനിക ചിന്തയിലെ പ്രമുഖ താക്കോല്‍ പദങ്ങളിലൊന്നാണ് ഘടന. പ്രക്രിയാനാമമായി 15 നൂറ്റാണ്ടു മുതലേ ഈ പദം നിലനില്‍ക്കുന്നു. പതിനേഴാം നൂറ്റാണ്ടുമുതല്‍ നിര്‍മിതികളെയും നിര്‍മാണപ്രക്രിയകളെയും അത് ഉള്‍ക്കൊണ്ടു. തുടര്‍ന്ന് ഘടകങ്ങളുടെ ബന്ധമാണ് അതിന്‍റെസ്വഭാവം നിര്‍ണയിക്കുന്നതെന്നും ആന്തരിക ഘടനയെന്നും പ്രയോഗിച്ചു വന്നു. അതിനൊപ്പം രൂപമെന്നുമുള്ള വിവക്ഷയും വന്നു. പതിനേഴാം നൂറ്റാണ്ടില്‍ അനാട്ടമിയില്‍കൈയുടെ ഘടനയെകുറിച്ചുള്ള പഠനങ്ങളുണ്ടായി. സമാന്തരമായി ധര്‍മത്തെകുറിച്ചുള്ള ചിന്തയും വികസിച്ചു. ഒരുഅവയവത്തിന്‍റെ ധര്‍മം ആ ജീവിയുടെ ഘടനാനിരീക്ഷണത്തില്‍നിന്നും വ്യക്തമാകുമെന്ന നിരീക്ഷണം പ്രബലമായി. പതിനെട്ടാംനൂറ്റാണ്ടില്‍ ആന്തരികഘടന എന്ന പ്രയോഗം സാധാരണമായി. പത്തൊമ്പതാം നുറ്റാണ്ടുമതലാണ് ഘടനാത്മകം (structural) ഉപയോഗത്തില്‍ വന്നത്. 1835 മുതല്‍ പുതിയ വിജ്ഞാന ശാഖകള്‍ രൂപംകൊണ്ടു.structural botany (1835) structural geology (1882), structural chemistry (1907 ) structural engineering (1908 ).. ഭാഷാശാസ്ത്രം (1916), നരവംശശാസ്ത്രം (1958). 1870 മുതല്‍ ഘടനാത്മക തെളിവുകള്‍, ഘടനാത്മക ബന്ധങ്ങള്‍ എന്നിവയ്ക്ക് ശാസ്ത്രത്തില്‍ പ്രാധാന്യം വന്നു. څഘടന' ചില പ്രക്രിയകളെയും സംബന്ധിച്ചുള്ളതാണ് എന്ന ചിന്തക്കൊപ്പം ആഭ്യന്തരമായ സങ്കീര്‍ണബന്ധങ്ങള്‍ക്കും പ്രാധാന്യംകൈവന്നു.
ഘടന, പൊതുവില്‍ ഉപയോഗംകൊണ്ടുതന്നെ സ്ഥിരമായ വ്യവസ്ഥ എന്ന സ്ഥാനം ഉറപ്പിച്ചു എന്നാല്‍ ഊര്‍ജ്ജതന്ത്രത്തില്‍ സ്ഥിരവും ചലനത്മകവുമായ ഘടനയെയും വ്യക്തമാക്കിയതോടെ ആഭ്യന്തരവും അഗാധവുമായ ബന്ധങ്ങളെ കൂടുതല്‍ നിരീക്ഷണാത്മകവും അപഗ്രഥനാത്മകവുമാക്കുന്ന പ്രവണത ശക്തമായി. ഉദാഹരണമായി ഘടനാത്മക ഭാഷാശാസ്ത്രം. ഒരുഭാഷയുടെ ഘടനാവിശദീകരണം, ഭാഷാ പ്രതിഭാസത്തിന്‍റെ അപഗ്രഥനം, വ്യവസ്ഥയും പ്രയോഗവും അടങ്ങുന്ന വ്യവസ്ഥാവിശകലനം എന്നിവയെല്ലാം ഘടനാത്മക ഭാഷാശാസ്ത്രത്തില്‍പെടും.
ലിഖിതപാരമ്പര്യത്തില്‍ രൂപംകൊണ്ട ഫിലോളജി (ഭാഷാവിജ്ഞാനം) ലിഖിതഭാഷകളെ മാത്രമേ ഉള്‍ക്കൊണ്ടിരുന്നുള്ളു ലിപിബാഹ്യമായ ഭാഷകളെ ഉള്‍ക്കൊള്ളാനുതകുന്ന ഒരു രീതി വികസിപ്പിക്കണമായിരുന്നു സസ്യുറിന്. ഭാഷകളുടെ ആന്തരികഘടനാപഠനത്തോടൊപ്പം വസ്തുനിഷ്ഠമായ ഭാഷാപഠനവും പ്രോത്സാഹിപ്പിക്കണമായിരുന്നതുകൊണ്ടു ഘടനാത്മകഭാഷാശാസ്ത്രം, ശാസ്ത്രീയതാ മാനദണ്ഡങ്ങളായിരുന്ന Demonstrative proof of an argument ഉം Methodological rigour ഉം സ്വീകരിച്ചു നടപ്പാക്കി. ലിപിബാഹ്യഭാഷകള്‍ക്കൊരു സാധ്യതയായി സസ്യുറിയന്‍ മാതൃകയെ കണ്ടു. ഘടനാവിവരണത്തിനായി ബ്ലൂംഫീല്‍ഡ് വിവരണാത്മക ഭാഷാശാസ്ത്ര രീതിശാസ്ത്രവും രൂപപ്പെടുത്തി.
സസ്യുര്‍ സൂചിപ്പിച്ച ലാങ് ഒരേസമയം സാര്‍വഭാഷികവും ഏകഭാഷികവുമാണ്. ഏ ആര്‍ ആകട്ടെ ഏകഭാഷികം മാത്രമാണ് പരിഗണിച്ചത്. അതുകൊണ്ടുതന്നെ ഘടനാവിവരണത്തിനായി സംസ്കൃത തമിഴ് പാശ്ചാത്യ പാരമ്പര്യത്തെ ഏ. ആര്‍ പ്രയോജനപ്പെടുത്തി പൂര്‍ണമായും ഭാഷാഘടനയ്ക്കു പ്രാധാന്യം നല്‍കി. വര്‍ണതലം പദതലം എന്നിവയ്ക്കൊപ്പം വാക്യതലം വിശകലനംചെയ്യാത്തത് പോരായ്മയായി കെ എം പ്രഭാകരവാരിയര്‍ നിരീക്ഷിച്ചിട്ടുണ്ട്. പൊതുവില്‍ ഇരുവരും ഘടനാ വിശ്ലേഷണത്തിനു തന്നെയാണ് പ്രാധാന്യം നല്‍കിയത് എന്ന് കാണാം. അടിസ്ഥാന ഘടകങ്ങള്‍ തിരിച്ചറിഞ്ഞു അവ തമ്മില്‍ പുലര്‍ത്തുന്ന പൊരുത്തബന്ധങ്ങള്‍ക്കനുസരിച്ചു ഘടന നിര്‍ണയിക്കുന്ന രീതിയും വസ്തുനിഷ്ഠവിവരണവും പ്രക്രിയകള്‍ മനസിലാക്കിയുള്ള നയങ്ങള്‍ രൂപീകരിക്കലുമൊക്കെ സമാനമായി കാണാം
ശാസ്ത്രീയത
ഭാഷാപഠനത്തിലെ ശാസ്ത്രീയതയെ കുറിച്ചുള്ള ഇരുവരുടെയും വീക്ഷണം പരിശോധിക്കുമ്പോള്‍, ഭാഷാദര്‍ശനത്തില്‍ നല്‍കുന്ന ഭിന്നമായ ഊന്നലുകള്‍ തെളിഞ്ഞുവരുന്നു. ശാസ്ത്രത്തിന് ഒരു ബാഹ്യാപഠനവസ്തു ഉണ്ടാകുന്നു. അതേക്കുറിച്ചു രീതിശാസ്ത്രപരമായ നിരീക്ഷണത്തിലൂടെയുള്ള യുക്ത്യധിഷ്ഠിതമായ സത്യാന്വേഷണമായാണ് ശാസ്ത്രീയത നിലകൊള്ളുന്നത്. വസ്തുനിഷ്ഠതക്കാണ് പ്രാധാന്യം. ഇരുവരും ശാസ്ത്രീയത നിശ്ചയിക്കുന്നതില്‍ കാലപ്രമാണം കൂട്ടുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടുവരെ ശക്തമായിരുന്ന ചരിത്രാധിഷ്ഠിതവീക്ഷണങ്ങളില്‍ നിന്നും വിച്ഛേദിച്ചു നില്‍ക്കുകയും ഭാഷയെ ഏകകാലികമായും ബഹുകാലികമായും വെവ്വേറെ കാണുകയും അതില്‍ ഏകകാലികമാണ് ശാസ്ത്രീയമെന്നു പറഞ്ഞുറപ്പിക്കുകയും ചെയ്യാന്‍ സസ്യുറിനാകുന്നുണ്ട്. ചരിത്രാത്മകതയെ തള്ളിക്കളയുന്നതിലൂടെയാണ് ശാസ്ത്രീയത ഉണ്ടാകുന്നതെന്നു വിശ്വസിക്കേണ്ടിവരുന്നത് പാരമ്പര്യ വിഛേദമായിതന്നെ കാണാം. ഏ ആര്‍ പാരമ്പര്യ വിഛേദം നടത്തുന്നത് നിഷേധത്തിലൂടെയല്ല സമീകരണത്തിലൂടെയും നവീകരണത്തിലൂടെയുമാണ്. അതുകൊണ്ടുതന്നെയാണ് ഇരുപതാംനൂറ്റാണ്ടിലും ഭാഷാപഠനം ചരിത്രാത്മകമായാലെ ശാസ്ത്രീയമാകൂ വെന്ന നിലപാടിലുറക്കുന്നത്.
ഭാഷാപഠനസമീപനങ്ങള്‍
ഇരുവരും ഈരണ്ടു ഭാഷാപഠനസമീപനങ്ങള്‍ അവതരിപ്പിച്ചു. സസ്യുര്‍ ഏകകാലികം, ബഹുകാലികം (diachronic) എന്നും ഏ ആര്‍ അഭ്യൂഹികം, ആഗമികം എന്നുമാണ് അവയ്ക്ക് പേരുനല്‍കിയത്. ഭാഷാവിശകലനം തന്നെയാണ് ഇരുവരുടെയും ലക്ഷ്യമെന്നതുകൊണ്ടു ഇരുവരുടെയും പഠനസമീപനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആരായുന്നത് നന്നായിരിക്കും.
ആഭ്യൂഹികമാണോ ഏകകാലികം, ബഹുകാലികമോ ആഗമികം
ഏ ആര്‍ വ്യാകരണം രണ്ടുവിധം ഉണ്ടെന്നു ഉറപ്പിച്ചു. ڇഒരു ഭാഷയ്ക്കു വ്യാകരണം ചെയ്യുന്നത് രണ്ടുവിധമാകാം. ആ ഭാഷയിലെ രൂപസിദ്ധിക്രമം, അന്വയസമ്പ്രദായം മുതലായത് താല്‍ക്കാലത്തെ നടപ്പനുസരിച്ച് പരീക്ഷിച്ച് നോക്കിയിട്ട് അതിനെല്ലാം ഉപപത്തി ഉണ്ടാക്കത്തക്കവിധം ചില സിദ്ധാന്തങ്ങളെ കല്പിച്ചുകൊള്ളുക. ഇത് അഭ്യൂഹം എന്നു പറയുന്ന കേവലയുക്തിയെ അടിസ്ഥാനമാക്കി പുറപ്പെടുന്ന മാര്‍ഗമാകയാല്‍ ഇതിനു ആഭ്യൂഹിക പ്രസ്ഥാനമെന്ന് പേര്‍. ഇങ്ങനെ അല്ലെങ്കില്‍ വ്യാകരിക്കേണ്ടുന്ന ഭാഷയുടെ ഉല്പത്തിമുതല്‍ നാളതുവരെയുള്ള ചരിത്രം ആരാഞ്ഞറിഞ്ഞു പല പതനങ്ങളിലും ഉണ്ടായിട്ടുള്ള വ്യത്യാസങ്ങളെ കണ്ടുപിടിച്ച് അതുകളുടെ പോക്കിന് ചേര്‍ന്ന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക, ഇത് ആഗമത്തെ (ചരിത്രത്തെ) ആസ്പദമാക്കിയിട്ടുള്ള പുറപ്പാടാകയാല്‍ ഇതിന് ആഗമികപ്രസ്ഥാനമെന്നു പേര്‍ڈ. എളുപ്പത്തില്‍ എഴുതിയുണ്ടാക്കാവുന്നത് അഭ്യുഹികവ്യാകരണമായിരിക്കും. എന്നാല്‍ ഉപയോഗമധികം ആഗമിക വ്യാകരണം കൊണ്ടാണ്. വ്യാകരണത്തെ ശാസ്ത്രങ്ങളുടെ കൂട്ടത്തില്‍ ഗണിക്കണമെങ്കില്‍ തന്നെ അത് ആഗമിക മാര്‍ഗത്തിലുള്ളതായിരിക്കണം എന്നുള്ള ദൃഢമായ വീക്ഷണമാണ് ഏ.ആര്‍ മുന്നോട്ടുവച്ചത്. മരം, സ്ഥലം മുതലായവയിലെ അന്ത്യമായ അനുസ്വാരം നപുംസകലിംഗ പ്രത്യയമാണെന്നും അതിന് പ്രത്യയസ്വരം പരമാകുമ്പോള്‍ മരത്തില്‍, സ്ഥലത്തിന്‍റെ മുതലായവയില്‍ കാണുന്നപോലെ -ത്ത് ആദേശം വരുമെന്നും കേരളപാണിനി പറഞ്ഞു. അനുസ്വാരം അംഗപ്രത്യയമാണെന്നും അത് വിഭക്തി പ്രത്യയങ്ങള്‍ ചേരുമ്പോള്‍ മാഞ്ഞുപോകുമെന്നും അത്ത് എന്ന് വേറൊരു പ്രത്യയം വരുമെന്നും പറഞ്ഞ കാള്‍ഡ്വെലിന്‍റെ നിലപാടിലെ അനൗചിത്യം ഏ ആര്‍ വ്യക്തമാക്കുകയാണെന്നു ഇ വി എന്‍ (1977)നിരീക്ഷിക്കുന്നു. കൂട്ടത്തില്‍ ആഗമികനിലപാടിന്‍റെ സവിശേഷതക്കു തൊണ്ണൂറ്, തൊള്ളായിരം തുടങ്ങിയ സംഖ്യാവാചകശബ്ദങ്ങളുടെ ഉല്പത്തിയും തെളിവായി നല്‍കി കേരളപാണിനിയുടെ നിലപാടാണ് ശരി എന്നും സ്ഥാപിക്കുന്നു. വ്യാകരണം എഴുതുന്നതിനു ഭാഷാചരിത്രം സംബന്ധിച്ച അറിവ് ഒട്ടും ആവശ്യമില്ലെന്ന് മാത്രമല്ല ചരിത്രം അറിയുന്നവര്‍ കൂടി വ്യാകരണരചനയ്ക്കു തങ്ങളുടെ ചരിത്രവിജ്ഞാനം പ്രയോജനപ്പെടുത്തുന്നത് സാധുകരിക്കാവുന്നതല്ലെന്ന് ബ്ലൂംഫീല്‍ഡും (1933), വിവാരണാത്മകവ്യാകരണം ഭാഷയുടെ ചരിത്രത്തെയോ താരതമ്യപഠനത്തെയോ ആശ്രയിച്ചുകൊണ്ടല്ല നിര്‍മിക്കുന്നതെന്നും മറിച്ച് ഭാഷാചരിത്രവും താരതമ്യപഠനവും വിവരണാത്മക വ്യാകരണങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നും നൈഡയും (1946) വാദിക്കുന്നുണ്ട്. സസ്യുര്‍ ഇത് രണ്ടും രണ്ടാണെന്നും രണ്ടായിത്തന്നെ പഠിക്കണമെന്നും സമീപനങ്ങള്‍തമ്മില്‍ കൂടി കലരാനനുവദിക്കരുതെന്നുമുള്ള നിലപാടാണ് മുന്നോട്ടുവച്ചത.് ഭാഷയെ കാലനിരപേക്ഷമായി ഒരു കാലത്തെ മൊത്തം ഭാഷാഘടകങ്ങളുടെ പരസ്പരബന്ധമായി കാണുന്നതാണ് ഏകകാലികം. ഭാഷാഘടകങ്ങളിലലെ കാലാനുസൃതമായ മാറ്റങ്ങളെയും പരിഗണിച്ചുള്ള പരിശോധന ബഹുകാലികമാണ്. ചരിത്രപരിണാമങ്ങള്‍ ഉള്‍കൊള്ളുന്ന സമീപനമാണിത്. ഒരേസമയം കാലനിരപേക്ഷവും ചാരിത്രാത്മകവുമായി ഭാഷയെ കാണാനാവില്ല. അതുകൊണ്ടുതന്നെ ഇവയെ രണ്ടായികാണണമെന്നും ഏകകലികമാണ് ശാസ്ത്രീയമെന്നും തീര്‍പ്പുകല്പിച്ചു. ബഹുകാലിക വീക്ഷണത്തിലൂടെ ഉരുത്തിരിയുന്ന ശബ്ദപരിണാമത്തിനു സ്വാതന്ത്രാസ്തിത്വമാണുള്ളത്; ഭാഷയുടെ ഇതരഘടകങ്ങളുമായി ബന്ധമൊന്നുമില്ല. മാറ്റങ്ങള്‍ പ്രാദേശികമാണ്. വ്യവസ്ഥകള്‍ക്കല്ലമാറ്റം അവയുടെ മുലകങ്ങള്‍ക്കാണ്. ചിലപ്രയോജനകളൊക്കെ ഉണ്ടെങ്കിലും ബഹുകാലികവീക്ഷണം ഭാഷാപഠനത്തില്‍ ലക്ഷ്യമാകരുതെന്ന നിര്‍ബന്ധം പ്രകടമാണ്. സസ്യുറിനുമുമ്പ് ഇത്തരം പഠനരീതികള്‍ വേര്‍തിരിഞ്ഞിരുന്നില്ല. ചരിത്രത്തെ അഥവാ ഭാഷയിലെ ചലനാത്മകതയെ ബാഹ്യമാക്കിയെന്നത് ഒരു ന്യുനതയായിത്തന്നെയാണ് പില്‍കാലപഠിതാക്കള്‍ വിലയിരുത്തുന്നത്. ഭാഷ ഒരു ഘടനയില്‍ നിന്നുള്ള മാറ്റമാണെന്ന ചിന്ത ഉള്‍ക്കൊണ്ടുകൊണ്ട് ആഗാമികത്തിനായി വാദിച്ച ഏ ആര്‍ തെറ്റല്ല ചെയ്തത് എന്ന വീക്ഷണം പില്‍ക്കാലത്തു ശക്തിപ്രാപിച്ചു.
ഏ ആറിന്‍റെ ആഗമികസമീപനത്തെ, സസ്യുറിന്‍റെ ഏകകാലികതയെ അടിസ്ഥാനപ്പെടുത്തി പലരും വിമര്‍ശിച്ചിട്ടുണ്ട്. ആഗമിക രീതിയില്‍ നിന്നുള്ള അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത് ഭാഷാപരിണാമ ചിത്രമാണെന്ന് അദ്ദേഹം ഓര്‍മിക്കുന്നില്ല. അം ലിംഗപ്രത്യയ മാണെന്ന ചര്‍ച്ച, ലിംഗവചനവിഭക്തി പ്രത്യയങ്ങളുടെയും കാലപ്രത്യയങ്ങളുടെയും ആഗമനത്തെക്കുറിച്ചുള്ള അവലോകനം ഇങ്ങനെ പലേടത്തും വ്യാകരണപരിധിവിട്ട് ഭാഷാചരിത്രത്തിലേക്ക് ഏ.ആര്‍ കടക്കുന്നു. ചില വ്യാകരണസ്വഭാവങ്ങള്‍ക്കും അപവാദരൂപങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ ചരിത്രപരാമര്‍ശം ആവശ്യമായിവന്നേക്കാം. സമകാലിക ഭാഷയ്ക്കുള്ള വ്യാകരണത്തില്‍ ചരിത്രവസ്തുതകളെക്കൂടി ചേര്‍ക്കുന്നത് വ്യാകരണ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കേരളപാണിനീയത്തില്‍ ചരിത്രാംശത്തിനു യുക്തിവിചാരത്തേക്കാള്‍ മുന്‍തൂക്കമുണ്ട് എന്ന പി.കെ.നാരായണപിള്ള യുടെ നിരീക്ഷണത്തെ ചുവടുപിടിച്ചുകൊണ്ടു വ്യാകരണരചനയ്ക്കു ഭാഷാ ചരിത്രാവബോധം വേണം, പക്ഷേ ചരിത്രമല്ല വ്യവസ്ഥയാണ് വ്യാകരണവിഷയം എന്ന് ഓര്‍മിക്കണം എന്ന് കെ എം പ്രഭാകരവാരിയര്‍ അഭിപ്രായപ്പെട്ടുണ്ട് (1994).
എന്‍ ആര്‍ ഗോപിനാഥപിള്ള (1986) കേരളപാണിനീയത്തിന്‍റെ കോട്ടങ്ങളിലൊന്നായി സിദ്ധാന്തങ്ങളുടെ പ്രതിദ്വന്ദിത ചൂണ്ടികാണിച്ചിട്ടുണ്ട്. ڇആഗമിക പ്രസ്ഥാനത്തില്‍ എഴുതപ്പെട്ട കേരളപാണിനീയത്തില്‍ അഭ്യുഹിക പ്രസ്ഥാനത്തിന്‍റെ സിദ്ധാന്തങ്ങള്‍ കടന്നുകയറി പ്രധാനനിഗമനങ്ങള്‍ സങ്കീര്‍ണങ്ങളും വ്യാമിശ്രങ്ങളുമാക്കുന്നു. ചിലത് അര്‍ത്ഥത്തെ അനുവദിക്കുന്നു, ചിലത് രൂപത്തെ അനുസരിക്കുന്നു. ഏതെങ്കിലും ഒരു സമ്പ്രദായത്തിന്‍റെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കുന്നില്ല എന്നത് സൈദ്ധാന്തികമായി സ്വീകാര്യമായ നിലപാടല്ല.ڈڈഈ വിമര്‍ശങ്ങളൊക്കെ ഏ ആര്‍ പ്രാവര്‍ത്തികമാക്കിയ ഭാഷാപഠന സമീപനത്തിന്‍റെ തനതു മുറ അറിയാന്‍ ശ്രമിക്കാത്തതുകൊണ്ടും ഘടനാത്മക ഭാഷാശാസ്ത്രത്തിന്‍റെ സ്വാധീനംകൊണ്ടും പറഞ്ഞുവെച്ചതാണ്. മറിച്ചു ഏ ആറിന്‍റെ സമീപനം അറിഞ്ഞുള്ള നിരീക്ഷണമല്ല. സസ്യുറിനെക്കാളും ഒട്ടും കുറഞ്ഞ ഭാഷാശാസ്ത്രജ്ഞനല്ല ഏ ആര്‍. എന്നു വാദിക്കേണ്ടിവരുന്നത് ഏ ആറിന്‍റെ വ്യാകരണസങ്കല്പത്തെക്കുറിച്ചുള്ള സ്പഷ്ടത അറിയുന്നതുകൊണ്ടാണ്. ഏകകാലികമേ ശാസ്ത്രീയമാകൂ എന്ന നിലപാട് അല്ല ആഗമികമേ ശാസ്ത്രീയമാകൂവെന്നാണ് ഏ ആര്‍ മുന്നോട്ടുവച്ച നയം. അതാകട്ടെ, അഭ്യൂഹിക സമീപനത്തിന്‍റെ പരിമിതി തിരിച്ചറിഞ്ഞിട്ടുമാണ്. ആഗമികം തെറ്റാണ് ഏകകാലികതയാണ് വേണ്ടത് എന്ന പാശ്ചാത്യ സമീപനം മുറുകെപിടിച്ചുകൊണ്ടു ഏ ആറിനെ വീക്ഷിച്ചതിലെ പിശകാണ് മേല്‍ സൂചിപ്പിച്ച വിമര്‍ശനങ്ങളത്രയും എന്ന് ബോധ്യപ്പെടുന്നുണ്ട്.
സസ്യുറില്‍ നിന്നും വ്യത്യസ്തമായതും സ്വതന്ത്രവുമായ നിലപാടാണ് ഏ ആറിനുണ്ടായിരുന്നത്. ڇവാമൊഴിയിലധികം വരമൊഴിയിലാണ് വ്യാകരണത്തിന്‍റെ ആവശ്യം. പ്രായേണ വീടുകളില്‍ സംസാരിക്കുമ്പോള്‍ ചെറിയ തുണ്ടു വാചകങ്ങളേ ഉപയോഗിക്കാറുള്ളൂ. അവയെ സംബന്ധിച്ചിടത്തോളം ഉള്ള വ്യാകരണനിബന്ധനകളെല്ലാം ബാലന്മാര്‍ക്ക് വിശേഷാഭ്യാസം കൂടാതെ തനിയെ മനസ്സിലാവുകയും ചെയ്യും. അതിനുപുറമെ, നേരെ സംസാരിക്കുമ്പോള്‍ ശ്രോതാവിനു സംഗതി ബോധ്യപെട്ടില്ലെങ്കില്‍ ആംഗ്യങ്ങളുടെയും മറ്റും സഹായം കൊണ്ടും വ്യാഖ്യാനിച്ചുകൊടുത്തും അവനെ കാര്യം ഗ്രഹിപ്പിക്കാം. ഗ്രന്ഥമെഴുതുമ്പോഴാകട്ടെ ഈ വക സൗകര്യങ്ങളില്ലാത്തതിനാല്‍ വായനക്കാര്‍ക്കു വിവക്ഷിതം മനസ്സിലാകാതെ പോകയോ അന്യഥാഗ്രഹണം വരികയോ ചെയ്യാന്‍ ഇടയുണ്ട്. അതിനാല്‍ വരമൊഴിയില്‍ വ്യാകരണ നിബന്ധനകളെ അവശ്യം അനുഷ്ഠിച്ചേ തീരു. വൈയാകരണന് ലിഖിതഭാഷയെ അവഗണിക്കാനാവില്ലڈ (ശബ്ദശോധിനി). ڇഒരു നാമത്തിന് ലിംഗ വിഭക്തികളിലോ ഒരു ധാതുവിന് കാലപ്രകാരാദികളിലോ രൂപം ഇന്ന വിധം എന്ന് ഉപദേശിക്കുകയല്ല വ്യാകരണത്തിന്‍റെ ശരിയായ പ്രവൃത്തി. നാട്ടുഭാഷകളെ സംബന്ധിച്ചിടത്തോളം ആവക സംഗതികളില്‍ അതാത് നാട്ടുകാര്‍ക്ക് വ്യാകരണാപേക്ഷ വരുന്നത് അപൂര്‍വമാണ്.അക്ഷരം ഉച്ചരിക്കാറായ ദിവസം മുതല്‍ പെരുമാറിക്കൊണ്ടുവരുന്ന മാതൃഭാഷയിലെ രൂപഭേദങ്ങളെല്ലാം തന്നെ പരിചയംകൊണ്ട് സ്വയമേവ കൈവശപ്പെട്ടുകൊള്ളും. വാസനയുണ്ടെങ്കില്‍ സ്വല്പമായ പ്രയോഗ പരിജ്ഞാനം കൊണ്ട് കവിത ചെയ്യാന്‍ കൂടി സാധിച്ചുവെന്നു വരാം. എന്നാല്‍ ഇന്നതു തെറ്റ്, ഇന്നത് ശരി എന്ന് വിധിക്ക, പുതിയ ആശയങ്ങളെ ആവശ്യംപോലെ ആവിഷ്കരിക്കുന്നതിന് മാര്‍ഗമുണ്ടാക്കുക, പഴയ മാമൂലുകളും തറവാട്ടുസ്വത്തുക്കളും രക്ഷിച്ചുപോരുക, പരപരിഭവം കൊണ്ട് കെടുതല്‍ തട്ടാതെ സൂക്ഷിക്കുക, ദുസ്വാതന്ത്ര്യത്താല്‍ ഉണ്ടാകുന്ന നിയമലംഘനങ്ങള്‍ നിമിത്തം വ്യാകുലീഭാവം വരാതിരിപ്പാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക, ഇതെല്ലാം വ്യാകരണം കൊണ്ടല്ലാതെ സാധിക്കയില്ല. എന്നുവേണ്ട. വ്യാകരണമില്ലാത്ത ഭാഷ, രാജാവില്ലാത്ത രാജ്യം പോലെയാകുന്നു. ഭരണത്തിലും തന്ത്രഭേദമുള്ളതുപോലെ അഭ്യൂഹിക വ്യാകരണം രാജാധിപത്യത്തിന്‍റെയും, ആഗമികവ്യകരണം പൗരാധിപത്യത്തിന്‍റെയും സ്ഥാനം വഹിക്കുംڈ. ഇത്രയ്ക്കു സ്പഷ്ടമായി വ്യാകരണ സങ്കല്‍പം അവതരിപ്പിക്കുന്ന ഏ ആര്‍ ഭാഷാസൂത്രനാണെന്നതില്‍ സംശയത്തിനു വകയില്ല. ഇന്നത് ശരി ഇന്നത് തെറ്റ് എന്ന് വിധിക്ക എന്നതുകൊണ്ട് Pedagogic Grammar ധര്‍മവും പുതിയ ആശയങ്ങളെ ആവശ്യംപോലെ ആവിഷ്കരിക്കുന്നതിനു മാര്‍ഗമുണ്ടാക്കുകയിലൂടെ Reference Grammar ധര്‍മവും പഴയമാമൂലുകളും തറവാട്ടു സ്വത്തുക്കളും രക്ഷിച്ചു പോകുക വഴി Historical Grammar ധര്‍മവും പരപരിഭവം കൊണ്ട് കെടുതല്‍ തട്ടാതെ സൂക്ഷിക്കുക, ദുസ്വാതന്ത്ര്യത്താലുണ്ടാകുന്ന നിയമലംഘനങ്ങള്‍ നിമിത്തം വ്യാകുലീഭാവം വരാതിരിപ്പാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക എന്നതിലൂടെ ഭാഷാസൂത്രണവ്യാകര്‍ണധര്‍മവും നിര്‍വഹിക്കാന്‍ കേരളപാണിനീയത്തിനു കഴിയുന്നുണ്ടെന്ന് എസ് വി ഷണ്‍മുഖം (2012) തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാകരണലക്ഷ്യങ്ങളില്‍ പ്രഥമസ്ഥാനം തെറ്റും ശരിയും നിര്‍ണയിക്കുകയാണ് എന്ന ഏ ആര്‍ നിലപാടിനോട് ചോംസ്കിയും പക്ഷംചേരുന്നതായികാണാം. ഒരുഭാഷയുടെ അപഗ്രഥനത്തിന്‍റെ പരമമായ ലക്ഷ്യം ആ ഭാഷയിലെ വ്യാകരണസാധുക്കളും അല്ലാത്തവയുമായ വാക്യങ്ങളെ വേര്‍തിരിച്ചറിയുകയും അവയില്‍ വ്യാകരണ സാധുക്കളായവയുടെ ഘടന വിവരിക്കുകയുമാണ് എന്ന് ചോംസ്കി പ്രസ്താവിച്ചിട്ടുണ്ട് (1957). പദങ്ങളുടെയും വാക്യങ്ങളുടെയും ഘടനയിലടങ്ങിയിരിക്കുന്ന ആന്തരികമായ പൊതുനയങ്ങള്‍ വിവരിക്കുകയാണ് കേരളപാണിനീയം ചെയ്തത്. കൂടാതെ ലിഖിതരൂപങ്ങളെയും വാമൊഴിരൂപങ്ങളെയും പരിഗണിച്ചു. അതു കൊണ്ടുതന്നെ, അക്കാലത്തെ ഭാഷാപഠനസന്ദര്‍ഭത്തില്‍ ഏ ആര്‍ വ്യത്യസ്തമായ ഭാഷാപഠനസമീപനം അവതരിപ്പിച്ചിരുന്നുവെന്നു അംഗീകരിച്ചേമതിയാകൂ.
ഏ ആര്‍ കാലനിഷ്ഠമായി ഭാഷയെകാണുകയും ചലനാത്മകതക്കു ഊന്നല്‍നല്‍കി കൊണ്ടുള്ള ആഗമികസമീപനം ഭാഷാപഠനസമീപനമാക്കിയുയര്‍ത്തുകയും ചെയ്തു. ഇതിലൂടെ ഏകകാലിക ബഹുകാലിക സമന്വയമാണ് ലക്ഷ്യംവച്ചതെന്നു കേരളപാണിനീയത്തിലെ ഉദാഹരണങ്ങള്‍ ശരിവയ്ക്കുന്നുണ്ട്. റോമന്‍ യാക്കൂബ്സനില്‍ നിന്നു തുടങ്ങി പില്കാലപപഠിതാക്കളില്‍ നിന്നും സസ്യുര്‍ ഏറ്റുവാങ്ങിയ വിമര്‍ശനം പരിഗണിക്കുമ്പോള്‍ അന്നത്തെ അക്കാദമിക സാഹചര്യത്തിലും ഇന്നും സവിശേഷമായി വ്യാകരണീകരണപഠന സന്ദര്‍ഭത്തില്‍ ഏ ആര്‍ നിലപാടുകള്‍ കൂടുതല്‍ ശാസ്ത്രീയമാണെന്ന് സമ്മതിക്കേണ്ടിവരും. ഏ ആറിനെ കൂടുതല്‍ ആര്‍ജവത്തോടുകൂടിയും പാശ്ചാത്യ ഘടനാത്മക ഭാഷാശാസ്ത്രത്തിന്‍റെ മുന്‍ വിധിയില്‍ നിന്നുമല്ലാതെ സമീപിച്ചാല്‍ ഏ ആര്‍ സസ്യുറിനൊപ്പമോ അതിലുപരിയോ പരിഗണന അര്‍ഹിക്കുന്ന ഭാഷാശാസ്ത്രജ്ഞനെന്നു വ്യക്തമാകും.
Endnotes:
2. (1881) De l'emploi du génitifabsolu en Sanscrit: Thèse pour le doctoratprésentéeà la Faculté de Philosophie de l'Université de Leipzig [= On the Use of the Genitive Absolute in Sanskrit: Doctoral thesis presented to the Philosophy Department of Leipzig University]. Geneva: Jules-Guillamaume Fick.
3. (1916) Cours de linguistiquegénérale, eds. Charles Bally & Alert Sechehaye, with the assistance of Albert Riedlinger. Lausanne – Paris: Payot.
ഗ്രന്ഥ-ലേഖനസൂചി
നമ്പൂതിരി ഇ വി എന്‍. (1977). കേരളപാണിനീയവും ആധുനികഭാഷാശാസ്ത്രവും., ഭാഷാസാഹിതി. ഏപ്രില്‍ ജൂണ്‍, പുസ്തകം1 ലക്കം2.
പ്രഭാകരവാരിയര്‍ കെ എം.(1994). കേരളപാണിനിയുടെ വ്യാകരണസങ്കല്പം. ഭാഷാസാഹിതി. ഏപ്രില്‍ ജൂണ്‍ പുസ്തകം 18 ലക്കം 2.
ശ്രീനാഥന്‍ എം, സൈതലവി സി. (2017). കേരളപാണിനീയവിജ്ഞാനം കക, തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ പ്രസിദ്ധീകരണം.
ഷണ്‍മുഖം. എസ് വി. (2012). കേരളപാണിനീയത്തിന്‍റെ വ്യാകരണസിദ്ധാന്തം. കേരളപാണിനിയ പീഠികാപഠനം ഭാഷാശാസ്ത്രവീക്ഷണത്തില്‍. ശ്രീനാഥന്‍ എം, സൈതലവി സി. 2017 കേരളപാണിനീയവിജ്ഞാനം കക. തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ പ്രസിദ്ധീകരണം.
Andersen, Henning. (2008). Grammaticalization in a speaker-oriented theory of change. In Grammatical change and linguistic theory. Edited by Thórhallur Eythórsson, 11–44. Amsterdam: John Benjamins.
Blevins J. (2004). Evolutionary phonology: The emergence of sound patterns. Cambridge: Cambridge University Press
Greenberg JH. (1963). Some universals of grammar with particular reference to the order of meaningful elements. In Universals of Language, ed. JH Greenberg. Cambridge, MA: MIT Press, 73–112
Joseph H. Greenberg. (1996). Synchronic and Diachronic Universals in Phonology. Language, Apr.-Jun., Vol. 42, No. 2 pp. 508-517. Linguistic Society of America
Kiparsky P. (2008). Universals constrain change; change results in typological generalizations. In Linguistic Universals and Language Change, ed. J Good. Oxford: Oxford University Press, 23–53
Kuteva, Tania, and Bernd Heine. (2008). On the explanatory value of grammaticalization. In Linguistic universals and language change. Edited by Jeff Good, 215–230. Oxford and New York: Oxford Univ. Press.
Stephen R. Anderson. (2016). Synchronic vs. Diachronic Explanation and the Nature of the Language Faculty. Annual Review of Linguistcs. Vol 2. Issue . pp 11-31.