Neo Humanism and Artificial Imagination in the Select Stories of Akbar Kakkattil.
Dr. Ragini EV
Cultural studies on Science and technology is a newly developed research area in the field of Cultural Studies. It is the relationship humans have with machines that will determine the cultural and political environments in the future. In the contemporary age, when information technologies have a deep influence on culture, cyber literature displays the anxieties and hopes about how the innovative potential of the digital technology formulates the post-humanist sociality. This study analyses the fears, desires and anxieties of people living in the digital age based on the short stories of Akbar Kakkattil. Human beings tend to become machines when human intelligence and power are replaced by artificial intelligence. The study explores how the unknown terrains of machine logic are brought to the readers by looking at the stories ‘2011ile Aankutti’ (The boy of 2011), ‘Puthiya Vathilukal (The New Doors) and ‘Facebook’.
Keywords: Mechine culture, Cyborg,Cyber space, Cyber culture,Network society
Reference:
Akbar kakkatil, (2011), 2011le aankutty, Kottayam: DC books.
Akbar kakkatil, (2009), puthiya vathilukal, Kottayam: DC books.
Anvar sadath K, (2010), Cyber kuttakriuthyangalum Indian cyber niyamangalum, Kottayam: DC books.
Adarsh VK, (2009), Eni vayana e vayana, Kottayam: DC books.
Adarsh VK, (2011), Vivarasankethika vidhya nithya jervithathil, Thiruvananthapuram: Kerala bhasha institute.
Basheer MM, (2002), Malayala cherukadhasahithya charithram, Thrissur: Kerala sahithya Academy.
Parameswaran pilla erumeli ,(1966), Malayala sahithyam kalaghattangalilude, Thrissur: Current books.
Madhusoodanan G, (2009), Bhavukathwam irupathonnam noottandil, Thrissur: Current books.
Ravikumar KS, (2002), Kadhayum bhavukathwa parinamavum, Thrissur: Current books.
Raveendran B ikbal, (2006), Internetum information viplavavumi, Kottayam: DC books.
Suneetha TV, (2009), Cyber malayalam, Thrissur: Current books.
Suneetha TV, (2012), Cyber kadhakalile sthree, Thiruvanandapuram: Keralabhasha Institute.
Prasad pannian, (2021), Are you human, manushyethara manavikathakku oramugham, Kottayam: DC books.
Thudi, 2016, January -March lakkam, Research journal, Kannur: Kannur University.
നവമാനവികതയും യന്ത്രഭാവനയും അക്ബര്‍ കക്കട്ടിലിന്‍റെ കഥകളില്‍
ഡോ. രാഗിണി ഇ.വി
സംസ്കാരപഠനമേഖലയില്‍ പുതിയതായി വികസിച്ചുവന്ന ഗവേഷണമേഖലയാണ് ശാസ്ത്രസാങ്കേതികവിദ്യകളുടെ സാംസ്കാരിക പഠനം. വിവരസാങ്കേതിക വിദ്യകള്‍ സാംസ്കാരികതയെ ആഴത്തില്‍ സ്വാധീനിക്കുന്ന ഇക്കാലത്ത് സാങ്കേതിക വിദ്യയുടെ നൂതനസാധ്യതകള്‍ മാനവികവാദാനന്തര സാമൂഹികതയെ രൂപപ്പെടുത്തുന്നത് എങ്ങനെ എന്നതിനെ കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും സൈബര്‍കഥകളില്‍ കാണാം. ശാസ്ത്രസാങ്കേതിക യുഗത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ഭീതികള്‍, തൃഷ്ണകള്‍, ഉത്കണ്ഠകള്‍ എന്നിവ അക്ബര്‍ കക്കട്ടിലിന്‍റെ ചെറുകഥകളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധം, യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍ വായനക്കാരിലേക്ക് എങ്ങനെ എത്തുന്നു എന്ന് 2011ലെ ആണ്‍കുട്ടി, പുതിയ വാതിലുകള്‍, ഫേസ്ബുക്ക് എന്നീ കഥകളെ മുന്‍നിര്‍ത്തി പരിശോധിക്കുന്നു.
താക്കോല്‍ വാക്കുകള്‍: യന്ത്രസംസ്കൃതി, സൈബോര്‍ഗ്, സൈബര്‍സ്പേസ്, സൈബര്‍സംസ്കാരം, ശൃംഖലാ സമൂഹം.
മനുഷ്യപുരോഗതിയുടെ കാതലായി നിലനില്‍ക്കുന്ന ഒന്നാണ് ശാസ്ത്രം. മനുഷ്യന്‍റെ നിലനില്പിന്‍റെ നൂറ്റാണ്ടുകളെ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം, വ്യാവസായികയുഗം: ബഹിരാകാശയുഗം, ഡിജിറ്റല്‍യുഗം എന്നിങ്ങനെ വിഭജിക്കാം. ഡിജിറ്റല്‍ യുഗത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിക്കുന്ന മനുഷ്യരാണ് ഇന്നത്തെ യുഗത്തിലുള്ളത്. ഇനി വരാന്‍ പോകുന്ന കാലം റോബോട്ടിക്സിന്‍റെയും നിര്‍മ്മിതബുദ്ധിയുടെയും കാലഘട്ടമായിരിക്കും. മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായികൊണ്ടിരിക്കുന്ന കാഴ്ചയാണ് 'സോഫിയ' പോലുള്ള റോബോട്ടുകള്‍ കാഴ്ചവെക്കുന്നത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് നീങ്ങുന്ന മനുഷ്യനാണ് റോബോട്ടിക് യുഗത്തില്‍ ഉണ്ടാവുക. റോബോട്ടുകളെയും നിര്‍മിതബുദ്ധിയെയും ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുകയല്ല മറിച്ച് യന്ത്രമനുഷ്യരുടെ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചാണ് മനുഷ്യന്‍ സഞ്ചരിക്കുക. മനുഷ്യന്‍റെ ബുദ്ധിയും ശക്തിയും പ്രവര്‍ത്തിക്കേണ്ട സ്ഥാനത്ത് യന്ത്രം പ്രവര്‍ത്തിക്കുന്ന ആധുനിക സമൂഹത്തില്‍ മനുഷ്യന്‍ യന്ത്രമായി മാറുന്നു.
യന്ത്രങ്ങളുമായുള്ള മനുഷ്യബന്ധമാണ് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ പരിസരങ്ങളെ ഇനിയുള്ള കാലം നിര്‍ണ്ണയിക്കുക. ശാസ്ത്ര സാങ്കേതികവിദ്യകള്‍ സാംസ്കാരികതയെ ആഴത്തില്‍ സ്വാധീനിക്കുന്ന ഇക്കാലത്ത് ശാസ്ത്ര സാങ്കേതിക വികാസം മാനവികവാദാനന്തര സാമൂഹികതയെ രൂപപ്പെടുത്തുന്നതെങ്ങനെ എന്നതിനെ കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും സയന്‍സ് ഫിക്ഷന്‍ പാഠങ്ങളില്‍ കാണാം. ശാസ്ത്ര കല്പിതാഖ്യാനങ്ങളുടെ വിശകലനം പോസ്റ്റ് ഹ്യൂമനിസത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് പ്രധാനമാകുന്നത് ഇത് കൊണ്ടാണ്.1
മനുഷ്യാനന്തരചിന്ത വിവരസാങ്കേതികതയുടെയും സൈബര്‍നെറ്റിക്സിന്‍റെയും കാലത്താണ് വികസിച്ചത്. മനുഷ്യജീവിയെ കൃത്രിമമായി പുനഃസൃഷ്ടിക്കാനുള്ള തയ്യാറെടുപ്പി ലാണ് വിവരസാങ്കേതികലോകം. "നമ്മുടെ ജീവിതം ഡിജിറ്റലൈസേഷന് വിധേയമാകുകയും മനുഷ്യന്‍റെ തലച്ചോറിനെ ഡിജിറ്റല്‍ യന്ത്രസംവിധാനവുമായി നേരിട്ട് ബന്ധപ്പെടുത്താനുള്ള സാധ്യതകള്‍ രൂപപ്പെട്ട് വരികയും ചെയ്തതോടെ നാം മാനവാനന്തരം എന്ന് വിളിക്കാവുന്ന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.2 അതായത് മനുഷ്യനെ 'സൈബോര്‍ഗു'കളായി കാണാമെന്ന് 'ഹാരവെ'യെ ഉദ്ധരിച്ചുകൊണ്ട് ഡോ.കെ.എം. അനില്‍ ആര്‍ യു ഹ്യൂമന്‍ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.3 യന്ത്രത്തിന്‍റെയും ജീവിയുടെയും ഒരു കലര്‍പ്പ്. മാംസവും രക്തവും സ്റ്റീലും ചേര്‍ന്ന് പാതി മനുഷ്യനും പാതി യന്ത്രവുമായ സൂപ്പര്‍ മനുഷ്യന്‍ ഇനി യാഥാര്‍ത്ഥ്യമാവാം. ശരീരത്തില്‍ ഘടിപ്പിച്ച യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യന് സാധാരണനിലയില്‍ ചെയ്യാനാകാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. മനുഷ്യ മസ്തിഷ്ക്കത്തില്‍ പിടിപ്പിക്കുന്ന ചിപ്പുകളും മറ്റും സൈബോര്‍ഗുകളുടെ ചിന്തകളെയും പ്രവര്‍ത്തികളെയും സ്വാധീനിക്കും. വിദൂരത്ത് നിന്ന് സൈബോര്‍ഗുകളെ നമുക്ക് നിയന്ത്രിക്കാനാവും.
പ്രകൃതിയും മനുഷ്യനും മനുഷ്യനിര്‍മ്മിതമായ യന്ത്രലോകവും സഹവര്‍ത്തിത്വത്തിലൂടെ പുലരുന്നതിനനുസൃതമായി കലയിലും പരീക്ഷണാത്മകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും തത്വചിന്തയിലും മര്‍ത്ത്യതയെ അന്വേഷിച്ച ഒരു കാലമുണ്ടായിരുന്നു. മര്‍ത്ത്യതയെ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച മുതലാളിത്തഉല്പാദനം, കമ്പോളസമ്പദ്വ്യവസ്ഥ, യന്ത്രസംസ്കൃതി എന്നിവയെ വരാനിരിക്കുന്ന കാലത്തിന്‍റെ പ്രതിസന്ധികളായി അക്കാലത്ത് ചിലര്‍ കണ്ടു. മനുഷ്യന്‍റെ വിപരീതമായി യന്ത്രം സ്ഥാപിക്കപ്പെട്ടു.
പുതിയകാലം പുതിയ മനുഷ്യന്‍ എന്ന സങ്കല്പങ്ങള്‍ ഉണ്ടാവുമ്പോഴേക്കും ആശങ്കകളും അതിന് പിന്നാലെ വലയം ചെയ്ത് കുതിച്ചെത്തി. അത്തരത്തിലുള്ള ആശങ്കകള്‍, ഭാവുകത്വങ്ങള്‍ ചര്‍ച്ചചെയ്യുന്ന ധാരാളം കൃതികള്‍ മലയാളസാഹിത്യത്തിലുണ്ട്. ആധുനികാനന്തര സമൂഹത്തിന്‍റെ ഭാവുകത്വത്തിലും സംസ്കാരത്തിലും വന്നുചേര്‍ന്ന വ്യതിയാനം മനസ്സിലാക്കാന്‍ ഇത്തരം സാഹിത്യ വ്യവഹാരങ്ങളെ അപഗ്രഥിക്കേണ്ടതുണ്ട്.
വിവരസാങ്കേതിക വിദ്യയുടെ വ്യാപനം സൃഷ്ടിച്ച പ്രതീതി യാഥാര്‍ത്ഥ്യവും (്ശൃൗമേഹ ൃലമഹശ്യേ) അവ രൂപപ്പെടുത്തിയ അനുഭവലോകത്തിന്‍റെ സൃഷ്ടിയും മലയാളചെറുകഥാ സാഹിത്യത്തില്‍ വിന്യസിക്കപ്പെടുന്നു. ആഗോള സംസ്കാരം നമ്മുടെ ജീവിതക്രമങ്ങളുടെ സ്വഭാവം തന്നെ മാറ്റി. "ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത എത്രയോ അനുഭവ മേഖലകളും വ്യാഖ്യാനിച്ചിട്ടില്ലാത്ത യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ ജീവിതത്തെ തന്നെ ചൂഴ്ന്ന് നില്‍ക്കുന്നുവെന്ന് ഓരോ നല്ല പുതിയ കഥയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.4 പൊതു സമൂഹത്തോട് എക്കാലത്തും ആഴമേറിയ സംവാദങ്ങള്‍ നടത്തിയിട്ടുള്ള സാഹിത്യരൂപം എന്ന നിലയില്‍ ഏത് പുതിയ പ്രത്യയശാസ്ത്രത്തെയും സാങ്കേതികതയെയും ഉള്‍ക്കൊള്ളുന്ന വ്യവഹാര രൂപമായി ചെറുകഥ മാറിയിട്ടുണ്ട് എന്നതിന് അക്ബര്‍ കക്കട്ടിലിന്‍റെ കഥകള്‍ ഉദാഹരണങ്ങളാണ്. നവമാധ്യമങ്ങളെ ഉള്ളടക്കപരമായി സാഹിത്യവ്യവഹാരങ്ങള്‍ സ്വീകരിച്ചപ്പോള്‍ ആധുനികാനന്തര സമൂഹത്തിന്‍റെ ഭാവുകത്വത്തിലും സംസ്കാരത്തിലും വന്നുചേര്‍ന്ന മാറ്റത്തെ 2011 ലെ ആണ്‍കുട്ടി, പുതിയ വാതിലുകള്‍, ഫേസ്ബുക്ക് എന്നീ അക്ബര്‍ കക്കട്ടിലിന്‍റെ കഥകളെ മുന്‍നിര്‍ത്തി പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.
രചനാതന്ത്രങ്ങളിലും ഭാഷാശൈലിയിലും തനതായ രീതി നിലനിര്‍ത്തുന്ന കഥാകാരനാണ് അക്ബര്‍ കക്കട്ടില്‍. വടക്കെ മലബാറിന്‍റെ ജീവിതവും ഗ്രാമത്തിന്‍റെ നിഷ്കളങ്കതയും മാനുഷിക മൂല്യങ്ങളുടെ പ്രസക്തിയും അക്ബര്‍ കക്കട്ടിലിന്‍റെ രചനകളില്‍ സ്വാഭാവികതയോടെ കടന്നുവരുന്നു. സമൂഹത്തിലെ കാപട്യങ്ങള്‍ വിളിച്ചോതുന്ന കഥകള്‍ വളരെ നര്‍മ്മരസത്തോടെയാണ് കക്കട്ടില്‍ അവതരിപ്പിക്കുന്നത്. യുവത്വത്തോട് സംവദിക്കുന്ന അദ്ദേഹത്തിന്‍റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാണ്. മോഡേണിറ്റിയും ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്തവിശാലമായ സാധ്യതകളും ഉപയോഗങ്ങളും അദ്ദേഹത്തിന്‍റെ കഥകളില്‍ അനാവൃതമാകുന്നു.
"കഥാംശത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള സംഭവ പ്രധാനമായ പഴയ രചനാ സങ്കേതങ്ങള്‍ നിഷേധിച്ചുകൊണ്ട് മാനസികമായ സങ്കീര്‍ണ്ണ ഭാവങ്ങള്‍ വ്യഞ്ജിപ്പിക്കാനുള്ള കലാമാധ്യമമാക്കി കഥയെ ആധുനിക കഥാകൃത്തുക്കള്‍'5 എന്ന പ്രസ്താവന അക്ബര്‍ കക്കട്ടിലിന്‍റെ കഥകള്‍ ശരിവെക്കുന്നുണ്ട്. ആധുനികതയുടെ ഭാഗമായ ഓര്‍ക്കൂട്ട്, ഫേസ്ബുക്ക്, പ്രൈഫല്‍ സ്ക്രാപ്പ്ചാറ്റ്, ഫ്രണ്ട് റിക്വസ്റ്റ് തുടങ്ങിയ പുത്തന്‍ പദങ്ങളും അവ ഉപയോഗിക്കുന്ന യുവതലമുറയുടെ സംഘര്‍ഷങ്ങളും അദ്ദേഹം കഥയ്ക്ക് വിഷയമാക്കുന്നു.
പുതിയ കാലത്തിന്‍റെ അതിജീവന തന്ത്രങ്ങളാണ് പുതിയ വാതിലുകള്‍ എന്ന കഥയില്‍ ആവിഷ്ക്കരിക്കുന്നത്. അയുക്തികമെന്ന് തോന്നിപ്പിക്കുന്ന ഒരു ഭ്രമാത്മക അന്തരീക്ഷം ഈ കഥയെ വലയം ചെയ്ത് നില്ക്കുന്നുണ്ട്. കമ്പ്യൂട്ടറും മൊബൈല്‍ഫോണും ഇന്‍റര്‍നെറ്റും സോഷ്യല്‍മീഡിയയും ആധുനിക സൈബര്‍ ഉപകരണങ്ങളുടെ ദുരുപയോഗവും വേര്‍തിരിച്ചറിയാനുള്ള സാമാന്യവിജ്ഞാനം ഇല്ലാത്തതിനാല്‍ കുരുക്കിലകപ്പെടുന്ന യുവത്വത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും മലയാളത്തില്‍ ധാരാളം കഥകള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് അവ യഥാര്‍ത്ഥ ഭൗതിക ജീവിതത്തിന്‍റെ മറുപുറമായി സൈബര്‍ കഥകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
അക്ബര്‍ കക്കട്ടിലിന്‍റെ കഥകളെല്ലാം കാലത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞവയാണ് എന്ന് പുതിയ വാതിലുകള്‍ എന്ന കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നാം ജീവിക്കുന്ന കാലവും ജീവിത വിധങ്ങളും അദ്ദേഹത്തിന്‍റെ കഥകളില്‍ പലരൂപത്തില്‍ കടന്നുവരുന്നുണ്ട്. ഒരു പെണ്‍കുട്ടി മാത്രമുള്ള വീട്ടില്‍ മോഷണത്തിനായി എത്തുന്ന പുതിയതരം കള്ളനും പ്രത്യേകതരം വീട്ടുടമസ്ഥയായ പെണ്‍കുട്ടിയുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍, കഥാനായികയായ റനിത ബോള്‍ഡായ പെണ്‍കുട്ടിയാണ്. ജീവിത ശൈലിയിലും വസ്ത്രധാരണരീതിയിലും ചിന്താരീതിയിലും പുരോഗമനപരമായി ചിന്തിക്കുന്നവള്‍. അവളുടെ പപ്പയും മമ്മിയും കമ്പനി വക ടൂറിലാണ്. ഓര്‍ക്കൂട്ടില്‍ ചാറ്റിംഗ്, പുതിയ ഫ്രണ്ട് റിക്വസ്റ്റുകള്‍, പ്രൊഫൈലിലൂടെയുള്ള കറക്കം, അനേകം ലവലുകളുള്ള ഗെയിമുകളില്‍ കൂടിയുള്ള കയറിയിറക്കം എന്നിവയില്‍ മനം മടുത്ത അവള്‍ ഉറക്കത്തിലേക്ക് വീണ സമയത്താണ് ആരോഗ്യദൃഢഗാത്രനും ചെറുപ്പക്കാരനുമായ ഒരാള്‍ മോഷണത്തിനായി അവളുടെ മുറിയില്‍ കയറിയത്. ലോകത്തെ ആഗോള മാന്ദ്യത്തിന്‍റെ ഭാഗമായുണ്ടായ തൊഴിലില്ലായ്മ അനുഭവിക്കുന്നവനാണ് നായകനായ കള്ളന്‍. ജീവിത നിലവാരം വീണ്ടെടുക്കാന്‍ മോഷണം തൊഴിലാക്കിയതാണ്.
റിവോള്‍വര്‍ ചൂണ്ടിനില്ക്കുന്ന കള്ളനില്‍ നിന്ന് രക്ഷനേടാന്‍ റനിത പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കാന്‍ കള്ളനെ സഹായിക്കുന്നു. എല്ലാ വീട്ടുകാരും ഇങ്ങനെ സഹകരിച്ചാല്‍ ഞങ്ങള്‍ കള്ളന്മാര്‍ക്ക് പണി എളുപ്പമാണെന്ന് കള്ളന്‍ പറയുന്നു. 'സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനാണ് ഞങ്ങള്‍ പുതിയ പെണ്‍കുട്ടികള്‍ക്കിഷ്ടം. ഇനി എന്താണ് ഞാന്‍ ചെയ്ത് തരേണ്ടത്? എന്നാണ് റനിതയുടെ ചോദ്യം. ഭവനഭേദനവും ബലാല്‍സംഗവുമാണ് തന്‍റെ ഉദ്ദേശ്യമെന്ന് തുറന്ന് പറയുന്ന ആ കള്ളനും അതിനെ സ്വാഭാവികമായി ഉള്‍ക്കൊണ്ടു പ്രതികരിക്കുന്ന പെണ്‍കുട്ടിയും പുതിയ കാലത്തിന്‍റെ പെരുമാറ്റ തന്ത്രമായിട്ടാണ് കഥാകൃത്ത് കാണുന്നത്. ഭവനഭേദനവും ബലാല്‍സംഗവും അത്രമേല്‍ സ്വാഭാവികമായി നേരിടുന്ന ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. കഥാവസാനത്തില്‍ താന്‍ തന്നെ ഒരുക്കിയ ഡിജിറ്റല്‍ കെണിയിലൂടെ കള്ളനെ കാറില്‍ കുരുക്കി എന്ന് പെണ്‍കുട്ടിയും വായനക്കാരും വിശ്വസിക്കുന്നു. ഇതിന് അവളെ പ്രാപ്തയാക്കുന്നത് അവളിലെ ഡിജിറ്റല്‍ വിജ്ഞാനമാണ്. എന്നാല്‍ ഈ ധാരണകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാകുന്നത്. എല്ലാ സ്വകാര്യതകളും നമ്പര്‍ ലോക്കില്‍ ഭദ്രമാണെന്ന് കരുതുന്നവര്‍ക്കും എന്നാല്‍ ആധുനികാനന്തര സമൂഹം ശൃംഖലാസമൂഹമായി മാറിയ നമ്മുടെ ലോകത്ത് ആരുടെ സ്വകാര്യതയിലേക്കും ആര്‍ക്കും നുഴഞ്ഞ് കയറാന്‍ സാധിക്കുമെന്ന് അറിയാതെ പോകുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് പുതിയ വാതിലുകള്‍. ചെറുപ്പക്കാരന്‍ എല്ലാ ലോക്കുകളെയും മറികടന്ന് പുറത്ത് കടന്ന് അവളെ പൊക്കിയെടുത്ത് അടുത്ത വാതിലിനടുത്തേക്ക് ചെല്ലുന്നിടത്ത് കഥ അവസാനിക്കുകയും ചെയ്യുന്നു.
മനുഷ്യവര്‍ഗ്ഗം കേവലം യന്ത്രമായല്ല ഇന്ന് കമ്പ്യൂട്ടറിനെ പരിഗണിക്കുന്നത്. മനുഷ്യപ്രയത്നത്തിന്‍റെ കൂട്ടാളിയും സഹപ്രവര്‍ത്തകയുമായാണ്. റനിതയ്ക്ക് കള്ളനെ ആദ്യം തന്‍റെ കെണിയിലാക്കാന്‍ അവളിലെ സാങ്കേതിക ജ്ഞാനമാണ് സഹായകമാവുന്നത്. രക്ഷപ്പെട്ട് എന്ന് കരുതി ആശ്വസിച്ച റനിതയെ കള്ളന്‍ തന്‍റെ കെണിയില്‍ വീഴ്ത്തുന്നതും അതേ യന്ത്രയുക്തിയുടെ സഹായത്തോടെയാണ്. ഉത്തരാധുനിക കാലത്തെ മനുഷ്യാവസ്ഥയെക്കുറിച്ചും മനുഷ്യാനന്തരകാലത്തെ കുറിച്ചുമുള്ള സങ്കല്പങ്ങള്‍ ഈ കഥ മുന്നോട്ട് വെക്കുന്നുണ്ട്. സൈബോര്‍ഗ് സംസ്കാരത്തിന്‍റെ മുഖമുദ്രയായ ഭീതിയും വൈകാരിക വൈരുദ്ധ്യങ്ങളും ഈ കഥയിലെ റനിതയെയും കള്ളനെയും ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. മനുഷ്യസ്വത്വങ്ങള്‍ സാങ്കേതികതയുടെ ഘടകങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന ഒന്നല്ല. മനുഷ്യനിയന്ത്രണത്തില്‍ അല്ല മറിച്ച് ശൃഖംലാ സമൂഹത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവികത മാത്രമാണ്. മനുഷ്യന്‍ അതിന്‍റെ ഒരു ഭാഗം മാത്രമാണ്. സാങ്കേതികതയുടെ ഘടകങ്ങള്‍ മനുഷ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണെങ്കിലും മനുഷ്യന്‍റെ പരിധിയില്‍ നില്‍ക്കുന്ന ഒന്നല്ല സാങ്കേതികതയുടെ പ്രഹേളിക എന്നതും ഈ കഥയില്‍ കക്കട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു. യന്ത്രത്തെ മനുഷ്യാഹങ്കാരത്തിന്‍റെ പൂര്‍ണ്ണതയായും മനുഷ്യന്‍റെ അന്തിമവിധിയായും കല്പിക്കുന്ന ഒരു കഥയാണ് പുതിയ വാതിലുകള്‍.
സാങ്കേതിക വികാസവും അനുബന്ധിയായ സാംസ്കാരിക പരിണതികളും നിര്‍ണ്ണയിക്കുന്ന ആധുനികാനന്തര ജീവിത പരിസരത്തിലെ വ്യക്തിയുടെ വിചിന്തനങ്ങളാണ് 2011 ലെ ആണ്‍കുട്ടി എന്ന കഥ മുന്നോട്ട് വെക്കുന്നത്. ജോലിയില്‍ നിന്ന് വിരമിച്ച അച്ഛന് നേരം പോക്കാന്‍ വിദേശത്തുള്ള മകന്‍ വാങ്ങികൊടുത്തതാണ് ഒരു കമ്പ്യൂട്ടര്‍, പ്രായക്കൂടുതലിന്‍റെ ഓര്‍മ്മക്കുറവും സംശയങ്ങളും വേവലാതികളും അലട്ടുന്ന വ്യക്തിയാണ് ജനാര്‍ദ്ദനന്‍ നായര്‍. പ്ലഗ് പിന്‍ ഊരിയിട്ടിരുന്നോ, കേബിളുമായുള്ള കണക്ഷന്‍ ഒഴിവാക്കിയിരുന്നോ, നെറ്റ് കണക്ഷന്‍ ഒഴിവാക്കിയിരുന്നോ എന്നെല്ലാമുള്ള സംശയങ്ങളാണ് അയാള്‍ക്ക് എപ്പോഴും. കമ്പ്യൂട്ടറില്‍ അത്യാവശ്യം മെയില്‍ ചെക്ക് ചെയ്യാനും അയക്കാനും മാത്രമേ അദ്ദേഹം പഠിച്ചിരുന്നുള്ളൂ. കമ്പ്യൂട്ടറില്‍ ചിലതെല്ലാം പഠിക്കാന്‍ അയാള്‍ക്ക് താല്പര്യമോ മോഹമോ ഇല്ലായിരുന്നു. വീട്ടില്‍ ഭാര്യ സുധര്‍മ്മയും അയാളും മാത്രമായിരുന്നു. എപ്പോഴും വീട്ടില്‍ നില്ക്കാന്‍ താല്പര്യമില്ലാത്ത അയാള്‍ മറ്റ് പല ജോലിക്കും പോകാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സ്നേഹം ഉള്ളില്‍ ഒതുക്കി തന്‍റെ എല്ലാ പ്രവര്‍ത്തികളിലും കുറ്റം കണ്ടെത്തുന്ന സുധര്‍മ്മയുടെ അടുത്ത് നിന്ന് മാറി നില്ക്കാന്‍ ജനാര്‍ദ്ദനന്‍ നായര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനടുത്ത ആല്‍ത്തറയില്‍ പോയിരിക്കും. അവിടെ ഒത്തു കൂടുന്ന മൂസമാഷോടും രാഹുലനോടും ലോകകാര്യങ്ങള്‍ പറഞ്ഞ് വീട്ടിലേക്ക് മടങ്ങും. ആയിടക്കാണ് രാഹുലന്‍റെ മരുമകനായ ന്യൂജെന്‍ വിദ്യാര്‍ത്ഥി ദീപേഷ് ജനാര്‍ദ്ദനന്‍നായരുടെ വീട്ടിലെത്തുന്നത്. "അപ്പൂപ്പന്‍ പലപ്പോഴും ഒറ്റയ്ക്കിരുന്ന് മുഷിയുന്നുണ്ടെന്ന് എനിക്കറിയാം. ഈ യന്ത്രം എല്ലാ മുഷിച്ചിലും മാറ്റിത്തരും'6 എന്ന് കമ്പ്യൂട്ടറിനെ നോക്കി ദീപേഷ് പറയും. യൂട്യൂബ് എടുത്ത് പഠിച്ചപ്പോഴാണ് ജനാര്‍ദ്ദനന്‍ നായര്‍ക്ക് ഹരം കേറിയത്. അതിന് അയാളെ സഹായിച്ചത് ദീപേഷും ആയിരുന്നു. യൂട്യൂബിലെ മായകാഴ്ചകളില്‍ അഭിരമിച്ച് അയാള്‍ ചുറ്റുപാടുകള്‍ പോലും മറന്നു. ഭാര്യ സുധര്‍മ്മയുടെ മുറുമുറുപ്പുകളെ പോലും അയാള്‍ വകവെച്ചില്ല. ദീപേഷ് യാത്ര പറയാന്‍ വന്ന ദിനത്തിലെ അവന്‍റെ പ്രവര്‍ത്തികളില്‍ പോലും ജനാര്‍ദ്ദനന്‍ നായര്‍ക്ക് സംശയമായിരുന്നു.
മാനുഷിക വികാരങ്ങളെ വാണിജ്യവല്‍ക്കരിക്കുക എന്നതാണ് യന്ത്ര സംസ്കാരത്തിന്‍റെ പ്രത്യേകത. യന്ത്രങ്ങളുമായും സാങ്കേതികവിദ്യകളുമായും സഹവര്‍ത്തിത്തത്തോടെ കഴിയുന്ന കാലത്താണ് മനുഷ്യന്‍ വസിക്കുന്നത്. സത്യമേത് മിഥ്യയേത് എന്നറിയാത്തവിധം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങളും നിയമങ്ങളും അറിയാതെ അതിന്‍റെ മാന്ത്രികവലയത്തില്‍പ്പെട്ടുപോയ വ്യക്തിയാണ് ജനാര്‍ദ്ദനന്‍ നായര്‍, ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ള വ്യക്തിയാണ് ദീപേഷ്. ടിവിയും കമ്പ്യൂട്ടറും നിര്‍ണ്ണയിച്ച ഒരു യാന്ത്രിക ജീവിതരീതിയില്‍ അകപ്പെട്ട് പോവുന്ന ജനാര്‍ദ്ദനന്‍ നായരുടെ അന്തഃസംഘര്‍ഷങ്ങള്‍ കഥയുടെ അന്ത്യത്തില്‍ അധികരിക്കുന്നുണ്ട്. സ്ഥലത്തെ കുറിച്ചോ പരിസരത്തെക്കുറിച്ചോ യാതൊരു ബോധവുമില്ലാതെ അതിരുകളില്ലാത്ത ഒരു ഗ്ലോബല്‍ വില്ലേജില്‍ താമസിക്കുന്നവരായി നമ്മെ മാറ്റാന്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യയ്ക്ക് കഴിയുന്നുണ്ട്. കാരണം ആധുനികാനന്തര സമൂഹം ശൃംഖലാസമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദീപേഷ് നല്കിയ പുതിയ അറിവിടം ജനാര്‍ദ്ദനന്‍ നായരുടെ ശരീരത്തിലും മനസ്സിലും തീക്കാറ്റ് ഉയര്‍ത്തുന്നുണ്ട്. സ്ക്രീനില്‍ തെളിഞ്ഞ നഗ്നശരീരങ്ങളുടെ കാഴ്ചകള്‍ ഒരു കൊച്ചുപയ്യന്‍റെ കൂടെ ഇരുന്നു കാണുന്നു എന്ന തിരിച്ചറിവ് അയാളെ അസ്വസ്ഥനാക്കുന്നു. ന്യൂജന്‍ തലമുറയുടെ ഇത്തരം പ്രവര്‍ത്തികളോട് പൊരുത്തപ്പെടാനാവാത്ത വ്യക്തിയാണ് താനെന്ന തിരിച്ചറിവ് കഥാന്ത്യത്തില്‍ അയാള്‍ക്ക് ഉണ്ടാവുന്നുണ്ട്. യാത്രചോദിക്കുന്ന സമയത്ത് ദീപേഷ് സുധര്‍മ്മയെ ചേര്‍ത്ത് പിടിക്കുന്നതും അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ദീപേഷിനെ ഒരു കൊച്ചുപയ്യനായി കാണാന്‍ ജനാര്‍ദ്ദനന്‍ നായരുടെ മനസ്സ് സമ്മതിക്കുന്നില്ല. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വാഹനങ്ങള്‍, നിത്യോപയോഗ ഉപകരണങ്ങള്‍ തുടങ്ങിയ യന്ത്രസംവിധാനങ്ങളുമായി വേര്‍പെടുത്താനാകാത്തവിധം സങ്കീര്‍ണ്ണ അവസ്ഥയിലാണ് മനുഷ്യന്‍ ഇപ്പോള്‍ വസിക്കുന്നത്. യന്ത്രങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ച് നിര്‍ത്തുന്ന അതിരുകള്‍ തന്നെ ഇല്ലാതായിരിക്കുന്നു. യാന്ത്രികതയുടെയും ജൈവികതയുടെയും സങ്കരമായ ഒരു സൈബര്‍ നെറ്റിക് ജീവജാലമായാണ് സൈബോര്‍ഗിനെ ഹാരവെ നിര്‍വ്വചിക്കുന്നത്.7 മനുഷ്യന്‍റെ ചിന്തയെ ഡിജിറ്റല്‍ യന്ത്ര സംവിധാനവുമായി ബന്ധപ്പെടുത്തുമ്പോള്‍ അവന്‍റെ സ്വത്വത്തില്‍ വന്നുചേരുന്ന വ്യതിയാനങ്ങളെ ഈ കഥ മുന്നോട്ട് വെക്കുന്നു. മാനാവാനന്തര ഘട്ടത്തിലും സംഭവിക്കുന്നത്. ഈ സ്വത്വനഷ്ടം തന്നെയാണ്.
ലോകത്തിലെ പരസ്പരബന്ധിതമായ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ സൃഷ്ടിച്ച് നിലനിര്‍ത്തുന്ന സമാന്തരവും അയഥാര്‍ത്ഥവുമായ ആഗോള സ്ഥലമാണ് സൈബര്‍സ്പേസ്. 'വില്ല്യം ഗിബ്സണ്‍ എഴുതിയ ബ്രോണിംഗ് ക്രോം' എന്ന കഥയിലാണ് സൈബര്‍ (ര്യയലൃ) എന്ന പദം ആദ്യമായി ഉപയോഗിച്ചത്.8 സൈബര്‍ സ്പേസിലാണ് നവമാധ്യമം സാധ്യമാകുന്നത്. നിത്യജീവിതത്തേക്കാള്‍ ഏഴ് മടങ്ങ് വേഗതയില്‍ പൗരന്മാര്‍ സൈബര്‍ വര്‍ഷങ്ങളില്‍ ജീവിക്കുന്നു. സാമൂഹിക നവമാധ്യമ പരിസരത്തെ മൂര്‍ത്തമായി ആഗിരണം ചെയ്യുന്ന അക്ബര്‍ കക്കട്ടിലിന്‍റെ കഥയാണ് ഫേസ്ബുക്ക്. വിവരസാങ്കേതികവിദ്യയിലൂടെ കുതിച്ചുചാട്ടം നടത്തിയ കാലങ്ങളുടെ ഗുണദോഷങ്ങളെ ഭാവാത്മകമായി ഈ കഥ ആവിഷ്കരിക്കുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് ഫേസ്ബുക്ക് എന്ന കഥ ആരംഭിക്കുന്നത്. ഡമോക്ലീസിന്‍റെ വാളുപോലെ തലയ്ക്കുമുകളില്‍ സംഘര്‍ഷഭരിതമായ സന്ദര്‍ഭങ്ങള്‍ തൂങ്ങിനില്‍ക്കുന്നുണ്ടെങ്കിലും ഹേമന്ദ് സുന്ദര്‍ രാഷട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാന്‍ മടി കാണിക്കാത്ത വ്യക്തിയാണ്. പക്ഷെ എഴുത്തുകാരനായ തനിക്ക് പ്രതികരിക്കാന്‍ പറ്റാത്തവിധം സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഹേമന്ത് തിരിച്ചറിയുന്നുണ്ട്. ഈ പിരിമുറുക്കത്തില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് ഹേമന്ദ് സുന്ദര്‍ ഫേസ്ബുക്കില്‍ അഭയം പ്രാപിക്കുന്നത്. എന്നാല്‍ ഈ പ്രത്യേക രാഷ്ട്രീയത്തോട് പ്രതികരിക്കാന്‍ സുഹൃത്തായ സുഭാഷ് മെസേജിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഒന്നും പ്രതികരിക്കാതെ അസ്വസ്ഥമായ മനസുമായി ഉറങ്ങാന്‍ കിടന്ന ആ രാത്രിയിലാണ് സുചിത്രാ വാരിയര്‍ എന്ന ഫേസ്ബുക്ക് സുഹൃത്ത് അയാളുടെ വീട്ടിലേക്ക് കയറി വരുന്നത്. ബാംഗ്ലൂരില്‍ നിന്നുള്ള യാത്രയില്‍ ബസ് ബ്രേക്ക് ഡൗണ്‍ ആയപ്പോള്‍ വഴിയറിയാതെ പെരുവഴിയില്‍ അകപ്പെട്ടു. പരിഭ്രാന്തിയില്‍ നിന്നപ്പോഴാണ് സാറിനെ ഓര്‍ത്തത്. അങ്ങനെയാണ് സാറിന്‍റെ വീട് കണ്ടുപിടിച്ച് ഇവിടേക്ക് വന്നത് എന്ന് സുചിത്ര പറയുന്നു. എന്നാല്‍ ഒരു സുഹൃത്തിനോട് കാണിക്കേണ്ട മര്യാദപോലും ഹേമന്ദ് അവളോട് കാണിച്ചില്ല. ഭാര്യ ഇവിടെയില്ല ഞാനൊറ്റയ്ക്കാണ് എന്ന് ഹേമന്ദ് നിരന്തരം അവളോട് പറയുന്നുണ്ട്. അതിരാവിലെ അവള്‍പോയി കഴിഞ്ഞ് ഒന്ന് നിശ്വസിക്കുമ്പോഴേക്കും പോലീസ് വീട്ടിലെത്തിയിരുന്നു. തലേന്ന് നടന്ന കൊലപാതകത്തിന്‍റെ ആസൂത്രകരിലൊരാളുടെ കാമുകിയായിരുന്നു അവളെന്ന് അപ്പോഴാണ് അയാളറിയുന്നത്. സുചിത്രയുടെ മെസേജില്‍ എഴുത്തുകാരന്‍റെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചും ഹേമന്ദിന്‍റെ തലേനാളത്തെ പെരുമാറ്റത്തെക്കുറിച്ചും കുറ്റപ്പെടുത്തലുകളുണ്ട്. എന്നാല്‍ ഒരു എഴുത്തുകാരനായ ഹേമന്ദിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു 'കാറ്റും കോളുമൊഴിഞ്ഞ് നന്മയുടെ ശാന്തിതീരത്തേക്ക് ഈ നാട് തുഴഞ്ഞെത്തുമെന്നാണെന്‍റെ പ്രതീക്ഷ.'
സാങ്കേതികവിദ്യയുടെ മുന്നേറ്റം മനുഷ്യ ജീവിതത്തെ എത്രത്തോളം സരളവും സ്വച്ഛലളിതവുമാക്കുന്നു എന്ന നിഷ്കളങ്കതയില്‍ നിന്ന് മാറി സ്വത്വം നഷ്ടപ്പെടുന്ന വര്‍ത്തമാനകാല സ്വകാര്യതയെ ഈ കഥ പ്രശ്നവല്‍ക്കരിക്കുന്നു. സൈബര്‍ മനുഷ്യന്‍റെ പ്രതിനിധികളാണ് ഹേമന്ദ് സുന്ദറും സുചിത്രാ വാരിയരും. എന്നാല്‍ ഫേസ്ബുക്ക് സുഹൃത്ത് മാത്രമായ സുചിത്രയെക്കുറച്ച് ആമശരെ ശിളീയില്‍ എലാമഹല എന്ന് മാത്രമേ ഹേമന്ദിന് അറിയാവുന്നതുള്ളൂ. സുചിത്രയടങ്ങുന്ന തലമുറയെ മനസ്സിലാക്കാന്‍ ഹേമന്ദിന് കഴിയുന്നില്ല. ഈ അവിശ്വസനീയതയും ഭയപ്പാടും ന്യായീകരിക്കുന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. ഭൗതിക സാങ്കേതിക സുരക്ഷിത ഇടങ്ങളില്‍ ഹേമന്ദ് അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. എങ്കിലും വൈരുദ്ധ്യങ്ങളില്‍ നില്ക്കുന്ന എഴുത്തുകാരനായാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ചിലര്‍ തങ്ങളുടെ യഥാര്‍ത്ഥസ്വത്വവും വിഭിന്ന സ്വത്വവും സ്ഥാപിക്കാന്‍ സൈബറിടം ഉപയോഗിക്കുന്നുണ്ട്. സ്വത്വത്തെ ശിഥിലീകരിക്കുന്ന വിധത്തിലുള്ള വാക്യങ്ങളും വാചകങ്ങളുമാണ് മനുഷ്യന്‍ സൈബറിടത്തില്‍ ഉപയോഗിക്കുന്നത്. നവ മാധ്യമങ്ങളെന്ന അതിവേഗ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തന്നവരുടെ അശ്രദ്ധയും അജ്ഞതയും ധാരാളം പ്രശ്നങ്ങള്‍ മനുഷ്യര്‍ക്ക് വരുത്തുന്നുണ്ട്. സ്വയം നിയന്ത്രണത്തിലല്ലാതാവുന്ന പുതുകാല വ്യക്തിജീവിതം നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളും പതനവും കൂടി ഈ കഥ മുന്നോട്ട് വെക്കുന്നുണ്ട്.
കാലത്തോടുള്ള പലതരം പ്രതികരണങ്ങളായി, സമകാല സാമൂഹ്യരാഷ്ട്രീയ അവസ്ഥകളെ വിശാലമായ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നു ചെറുകഥകള്‍. ആഗോളീകരണകാലത്തെ ശാസ്ത്രസാങ്കേതിക വിസ്ഫോടനം മനുഷ്യനൈതികതയെ കൊണ്ടെത്തിക്കുന്ന സംഘര്‍ഷാത്മകതലത്തെയാണ് അക്ബര്‍ കക്കട്ടിലിന്‍റെ ഈ മൂന്ന് കഥകളും ആവിഷ്ക്കരിക്കുന്നത്. കൂടാതെ ഡിജിറ്റല്‍ സാങ്കേതികത, സൈബര്‍ സംസ്ക്കാരം ഭൗതികലോകത്തോടൊപ്പം സൃഷ്ടിക്കുന്ന പ്രതീതി യാഥാര്‍ത്ഥ്യം മനുഷ്യജീവിതത്തെ ബന്ധങ്ങളെ സങ്കീര്‍ണ്ണമാക്കുന്നതിന്‍റെ ഉത്കണ്ഠകള്‍ ആകുലതകള്‍ എന്നിവകൂടി ഈ കഥകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. മാനവവാദത്തിന്‍റെ അനന്തരകാലത്ത് ടെക്നോഹ്യൂമന്‍ സങ്കല്പനങ്ങളുടെ ഇടങ്ങളിലാണ് ഈ കഥകള്‍ ചരിക്കുന്നത്. മാത്രമല്ല വര്‍ത്തമാനത്തിലെയും സമീപസ്ഥമായ ഭാവികാലത്തിലെയും മനുഷ്യനെതികതയുടെ പ്രശ്നങ്ങളെ, മാനവവാദാനന്തരലോകത്തിന്‍റെ സ്വത്വസംഘര്‍ഷങ്ങളെ സാങ്കേതിക ശാസ്ത്ര ലോകത്തിന്‍റെ ഇടങ്ങളില്‍ രൂപപ്പെടുത്തുന്നു അക്ബര്‍ കക്കട്ടിലിന്‍റെ ഈ മൂന്ന് കഥകളും.
കുറിപ്പുകള്‍:
2. പ്രസാദ് പന്ന്യന്‍, ഡോ.കെ.എം. അനില്‍, 2021, യന്ത്രക്കിടാങ്ങളും എണ്ണപ്പുഴുക്കളും, നവമാനവികതയുടെ നക്ഷത്രകാന്തി, പുറം 355
3. അതേ പുസ്തകം, പുറം 348
4. കെ.എസ്. രവികുമാര്‍, 2002, കഥയും ഭാവുകത്വ പരിണാമവും, പുറം 129
5. എരുമേലി പരമേശ്വരന്‍പിള്ള, 1966, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പുറം 481
6. അക്ബര്‍ കക്കട്ടില്‍, 2011, 2011 ലെ ആണ്‍കുട്ടി, പുറം 16
7. പ്രസാദ് പന്ന്യന്‍, 2021, ആര്‍ യു ഹ്യൂമന്‍, പുറം 41
8. വി.കെ. ആദര്‍ശ്, 2009, ഇനി വായന ഇ വായന, പുറം 32
ഗ്രന്ഥസൂചി:
അക്ബര്‍ കക്കട്ടില്‍, (2011), 2011ലെ ആണ്‍കുട്ടി, കോട്ടയം: ഡി.സി. ബുക്സ്.
അക്ബര്‍ കക്കട്ടില്‍, (2009), പുതിയ വാതിലുകള്‍, കോട്ടയം: ഡി.സി. ബുക്സ്.
അന്‍വര്‍ സാദത്ത് കെ, (2010), സൈബര്‍ കുറ്റ കൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമങ്ങളും, കോട്ടയം: ഡി.സി. ബുക്സ്.
ആദര്‍ശ് വി.കെ, (2009), ഇനി വായന ഇ വായന, കോട്ടയം: ഡി.സി. ബുക്സ്.
ആദര്‍ശ് വി.കെ, (2011), വിവരസാങ്കേതികവിദ്യ നിത്യജീവിതത്തില്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ബഷീര്‍ എം.എം, (2002), മലയാള ചെറുകഥാസാഹിത്യ ചരിത്രം, തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി.
പരമേശ്വരന്‍ പിള്ള എരുമേലി, (1966), മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ, തൃശ്ശൂര്‍: കറന്‍റ് ബുക്സ്.
മധുസൂദനന്‍ ജി, (2009), ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, തൃശ്ശൂര്‍: കറന്‍റ് ബുക്സ്.
രവികുമാര്‍ കെ.എസ്, (2002), കഥയും ഭാവുകത്വപരിണാമവും, കോട്ടയം: കറന്‍റ് ബുക്സ്.
രവീന്ദ്രന്‍ ബി. ഇക്ബാല്‍, (2006), ഇന്‍റര്‍നെറ്റും ഇന്‍ഫര്‍മേഷന്‍ വിപ്ലവവും, കോട്ടയം: ഡി.സി. ബുക്സ്.
സുനിത ടി.വി, (2009), സൈബര്‍ മലയാളം, തൃശ്ശൂര്‍: കറന്‍റ് ബുക്സ്.
സുനിത ടി.വി, (2012), സൈബര്‍ കഥകളിലെ സ്ത്രീ, തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
പ്രസാദ് പന്ന്യന്‍, (2021), ആര്‍ യു ഹ്യൂമന്‍, മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം, കോട്ടയം: ഡി.സി. ബുക്സ്.
തുടി റിസര്‍ച്ച് ജേണല്‍, (2016), ജനുവരി-മാര്‍ച്ച് ലക്കം, കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല.